'അമ്മിണി' എന്ന ഹ്രസ്വചിത്രത്തിൽനിന്ന്​

ഡോൺ പാലത്തറയുടെ ‘അമ്മിണി’:
വളര്‍ത്തുമൃഗം തന്നെയായ മനുഷ്യൻ

ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത 'അമ്മിണി' എന്ന ഹ്രസ്വചലച്ചിത്രത്തിന്റെ കാഴ്​ച.

ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത 'അമ്മിണി' എന്ന ഹ്രസ്വചലച്ചിത്രം സാഹസികമെന്നു വിശേഷിപ്പിക്കാവുന്നിടത്തോളം പരീക്ഷണാത്മകവും അതുകൊണ്ടുതന്നെ അപ്രതീക്ഷിതവുമായ ഒരു പരിശ്രമമാണ്. 47 മിനുട്ടാണ് ചലച്ചിത്രത്തിന്റെ ദൈര്‍ഘ്യം. ഈ സമയം പൂര്‍ണ്ണമായും ചലച്ചിത്രകാരന്റെ ഛായാഗ്രാഹി ഒരു പശുവിനെയാണ് ഫോക്കസ് ചെയ്യുന്നത്. മദ്ധ്യകേരളത്തിലെ വീടുകളില്‍ വളര്‍ത്തപ്പെടുന്ന ഒരു പശുവിന്റെ ജീവിതദൃശ്യങ്ങളെന്നു സാമാന്യമായി പറയാവുന്നവയെ ചലച്ചിത്രകാരന്‍ തന്റെ ക്യാമറക്കണ്ണിലൂടെ കാണുകയാണ്. ചലച്ചിത്രത്തിന്റെ പേരില്‍ നിന്ന്​ ആ പശുവിന്റെ പേര് അമ്മിണി എന്നാണെന്ന് നാം അനുമാനിക്കുന്നു.

എവിടേക്കാണ് ഛായാഗ്രാഹി ചൂണ്ടുന്നതെന്നു പെട്ടെന്ന് ഊഹിക്കാന്‍ കഴിയാത്ത ഒരു ദീര്‍ഘസമയ ദൃശ്യത്തോടെയാണ് ചലച്ചിത്രം ആരംഭിക്കുന്നത്. അത് ഒരു പശുവിന്റെ മുതുകാണെന്ന്, അതിന്റെ തൊലിപ്പുറത്തു വന്നിരിക്കുന്ന ഈച്ചകളും അതിന്റെ അനക്കങ്ങളുമാണ് നാം കണ്ടു കൊണ്ടിരിക്കുന്നതെന്ന് പതുക്കെ മനസ്സിലാകുന്നു. ഈച്ചകളെ അകറ്റാന്‍ പശു തൊലി സവിശേഷമായി ചലിപ്പിക്കുന്നതു നമുക്കു കാണാം. പിന്നെ, പശുവിന്റെ മുതുകിലേക്ക് ഒരു പ്ലാസ്റ്റിക് കുഴലിലൂടെ വെള്ളം വീണു തുടങ്ങുന്നു. ആ വെള്ളക്കുഴലിനെ പിടിച്ചിരിക്കുന്ന മനുഷ്യന്റെ കൈകള്‍ മാത്രം കാണാം. അമ്മിണിയെ കുളിപ്പിക്കുകയാണ്. സോപ്പു തേച്ച ഒരു സ്‌ക്രബര്‍ ഉപയോഗിച്ച് പശുവിന്റെ മുതുക് ഉരച്ചു കഴുകുകയാണ്. അമ്മിണിയുടെ മുഖത്തു കൂടിയും ചാണകമോ അഴുക്കോ പുരണ്ടിരിക്കുന്നുണ്ട്. മൂക്കു തുളച്ചു കയറിട്ടു ബന്ധിതാവസ്ഥയിലാക്കിയിരിക്കുന്ന മൃഗമാണത്. മനുഷ്യന്റെ കൈകള്‍ അമ്മിണിയുടെ മുഖം കൂടി തേച്ചു കഴുകുന്നതോടെ ആ ദീര്‍ഘദൃശ്യം അവസാനിക്കുന്നു.

മനുഷ്യജീവിതപ്രശ്നങ്ങളുടെ സഫലമായ രൂപകമായി അമ്മിണി എന്ന പശു മാറിത്തീരുന്നു. അമ്മിണിയോടൊപ്പം കാലവും കൂടി ഈ ചലച്ചിത്രത്തിന്റെ പ്രധാന പ്രമേയമാണ്.

തുടര്‍ന്ന് പശുവിന്റെ അകിടിലേക്ക് ക്യാമറക്കണ്ണുകള്‍നീങ്ങുന്നു. മനുഷ്യന്റെ കൈകള്‍ അതിനെ പരിചരിക്കുകയാണ്. ഇപ്പോഴും ക്യാമറക്കണ്ണില്‍ മനുഷ്യന്റെ പൂര്‍ണ്ണരൂപം വരുന്നില്ല. കൈകള്‍ മാത്രം നാം കാണുന്നു. രണ്ടു കൈകള്‍ കൊണ്ടും പാല്‍ കറക്കുന്നതിന്റെ ദൃശ്യവും പാത്രത്തിലേക്കു പാല്‍വീഴുന്നതിന്റെ ശബ്ദവും നാം കേള്‍ക്കുന്നു. തൊഴുത്തില്‍ തൊട്ടടുത്തു നില്‍ക്കുന്ന പശുവിന്റെ മുഖഭാഗങ്ങള്‍ നക്കിത്തോര്‍ത്തിക്കൊണ്ട് അമ്മിണി സ്‌നേഹഭാവങ്ങള്‍പ്രകടിപ്പിക്കുന്നതിനെയും ഒരു പശു പിന്‍കാലുകള്‍ കൊണ്ട് കൊമ്പുകള്‍ക്കിടയില്‍ ചൊറിയുന്നതിന്റെയും കാഴ്ചകളും പ്രേക്ഷകര്‍ക്കു കാണാം. കറന്നു കഴിഞ്ഞതിനുശേഷം ഒരു പാത്രത്തില്‍ പിണ്ണാക്കോ കാലിത്തീറ്റയോ വെള്ളത്തില്‍ കലക്കുന്ന കൈകളുടെയും അമ്മിണി അതു കുടിക്കുന്നതിന്റെയും ദൃശ്യങ്ങളിലേക്കു ചലച്ചിത്രം പ്രവേശിക്കുന്നു. തുടര്‍ന്ന്, തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെ അവിടെ നിന്നും അഴിച്ചു പുറത്തേക്കു കൊണ്ടുപോകുന്നു.

ഇവിടെ ഒരു മനുഷ്യരൂപത്തെ ഏതാണ്ട് പൂര്‍ണ്ണമായി കാണാം. പറമ്പിലെവിടെയോ പുല്ലു തിന്നാനെന്നോണം കെട്ടിയിട്ടിരിക്കുന്ന അമ്മിണിയെയാണ് അടുത്ത ദൃശ്യത്തില്‍ നാം കാണുന്നത്. പശുവിനു തിന്നാനുള്ള പുല്ല് പരിസരത്തൊന്നും കാണാനില്ല. എങ്കിലും കുനിഞ്ഞു നിന്ന് മണ്ണിനോട് ചേര്‍ന്നു നില്‍ക്കുന്ന നാമ്പുകളെ തിന്നാന്‍ അമ്മിണി ശ്രമിക്കുന്നുണ്ട്. കെട്ടിയിരിക്കുന്ന കയറിന്റെ നീളത്തിനനുസരിച്ച് ഒരു പശുവിനു നടക്കാവുന്നയിടങ്ങളിലേക്കൊക്കെ അമ്മിണി പല പ്രാവശ്യം നടക്കുന്നുണ്ട്. കുറേ പ്രാവശ്യം ഉച്ചത്തില്‍ ‘ഉമ്പേ’ എന്നു വിളിക്കുകയോ കരയുകയോ ചെയ്യുന്നുണ്ട്.

ആളുകള്‍ വരുന്ന ദിശയിലേക്കു നോക്കി ഏറെ നേരം നില്‍ക്കുന്നുണ്ട്. ഇടയ്ക്ക് കലി പൂണ്ട മുഖവുമായി തുള്ളുന്നുണ്ട്. വല്ലാത്ത മടുപ്പില്‍ നിലത്ത് കുറച്ചു നേരം കിടക്കുന്നുണ്ട്. ആധി പൂണ്ട് പെട്ടെന്നു തന്നെ എഴുന്നേല്‍ക്കുന്നുണ്ട്. കാര്യമായി എന്തെങ്കിലും തിന്നതായി കാണുന്നില്ലെങ്കിലും അയവെട്ടുന്നുണ്ട്. വിശപ്പിന്റെയും മടുപ്പിന്റെയും വിരസതയുടെയും ബന്ധിതാവസ്ഥയുടെയും മുഴുവന്‍ അസ്വാസ്ഥ്യങ്ങളും ഭാരങ്ങളും ആ മൃഗത്തിന്റെ ശരീരഭാഷയിലുണ്ട്. ഈ വൈരസ്യത്തിന്റെ ദീര്‍ഘദൃശ്യചിത്രണങ്ങളെ കാണുന്ന പ്രേക്ഷകരിലേക്കും വൈരസ്യം സംക്രമിക്കുന്നു. വൈരസ്യത്തിന്റെ പിടിയില്‍ പ്രേക്ഷകര്‍ ബന്ധിതരാകുന്നു. വൈരസ്യത്തേയും മടുപ്പിനേയും വിശപ്പിനേയും ബന്ധനത്തേയും പാരതന്ത്ര്യത്തേയും കുറിച്ചു ചിന്തിക്കാന്‍ പ്രേക്ഷകര്‍ പ്രേരിതരാകുന്നു. മനുഷ്യജീവിതപ്രശ്നങ്ങളുടെ സഫലമായ രൂപകമായി അമ്മിണി എന്ന പശു മാറിത്തീരുന്നു. അമ്മിണിയോടൊപ്പം കാലവും (Time) കൂടി ഈ ചലച്ചിത്രത്തിന്റെ പ്രധാന പ്രമേയമാണ്. കാത്തുനില്‍പ്പിന്റെ വിരസതയും ബന്ധനം ഏറ്റുന്ന നിസ്സഹായാവസ്ഥയും ചലനമില്ലാത്ത, കെട്ടിക്കിടക്കുന്ന കാലത്തെയാണ് അനുഭവിപ്പിക്കുന്നത്.

ഒരേ ദൃശ്യത്തിന്റെ ദീര്‍ഘനേരത്തെ കാഴ്ചകള്‍ മടുപ്പിനെ മാത്രം വഹിക്കുന്ന കാലത്തെയാണ് ഉള്‍വഹിക്കുന്നത്. അമ്മിണി ഹോള്‍സ്‌റ്റൈന്‍ ഫ്രൈസൈന്‍ ഇനത്തില്‍ പെട്ട പശുവാണെന്ന് അതിന്റെ കറുപ്പും വെളുപ്പും കലര്‍ന്ന നിറത്തിലുള്ള ശരീരം കണ്ടാല്‍ അറിയാം. ഉയര്‍ന്ന ക്ഷീരോല്‍പ്പാദനം ലക്ഷ്യമാക്കി ഹോളണ്ടില്‍ നിന്നും ഇറക്കുമതി ചെയ്ത ജനുസ്സാണിത്. ഇതിന്റെ ശുദ്ധജനുസില്‍ പെട്ട പശുക്കളില്‍ നിന്നും ഒരു ദിവസം 30 ലിറ്റര്‍ പാല്‍ വരെയെങ്കിലും ലഭിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്.

വളരെ വലിയ ശരീരവും ഭാരവും ആനുപാതികമായി വലിയ അകിടുകളുമുള്ള ഈ ജനുസില്‍പെട്ട പശുക്കള്‍ക്ക് ശീതപ്രദേശങ്ങളില്‍മാത്രമേ വളരുന്നതിനും അതിജീവിക്കുന്നതിനുമുള്ള ശേഷിയേ ഉണ്ടായിരുന്നുള്ളൂ. ജേഴ്‌സി, സ്വിസ് ബ്രൗണ്‍ തുടങ്ങിയ ജനുസുകളില്‍പെട്ട കാളകളുടെ ബീജം ശേഖരിച്ച് ഇന്ത്യന്‍ ജനുസ്സുകളില്‍ പെട്ട പശുക്കളില്‍ കുത്തിവയ്ക്കുന്ന കൃത്രിമ ബീജസങ്കലന പരിപാടി നടപ്പിലാക്കപ്പെടുന്ന സന്ദര്‍ഭത്തില്‍ തന്നെയാണ് ഇതേ പ്രക്രിയ വഴി ഹോള്‍സ്‌റ്റൈന്‍ ഫ്രേസ്യന്‍ ഇനത്തില്‍ പെട്ട പശുക്കളും കേരളത്തില്‍ എത്തിച്ചേരുന്നത്.

കൃത്രിമ ബീജസങ്കലനം മൃഗങ്ങളുടെ ലൈംഗികജീവിതത്തിനു മേലെ മനുഷ്യര്‍ നടത്തിയ മറ്റൊരു വലിയ കടന്നുകയറ്റമായിരുന്നു. വളര്‍ത്തുമൃഗങ്ങളുടെ സുഖവും സ്വാതന്ത്ര്യവും പിന്നെയും പിന്നെയും നിഷേധിക്കപ്പെടുന്നു. നാടന്‍ ജനുസുകളുടെ വംശനാശത്തിനു തന്നെ ഈ പദ്ധതികള്‍ കാരണമായെന്ന് ചില പണ്ഡിതര്‍ വാദിക്കുന്നതും കാണണം. അമ്മിണിയുടെ ദിനചരിത്രം എഴുതുമ്പോള്‍, സ്വന്തം താല്പര്യങ്ങളാല്‍ മാത്രം പ്രേരിതരായി കൂടുതല്‍ ബുദ്ധിയുള്ള മനുഷ്യമൃഗങ്ങള്‍ ഇതരമൃഗങ്ങള്‍ക്കു നല്‍കുന്ന തടവറജീവിതമെന്ന പോലെ അവയുടെ ജനുസുകളില്‍സ്വതാല്‍പ്പര്യത്തെ മുന്‍നിര്‍ത്തി നടത്തിയ കൃത്രിമോപായങ്ങളെ കുറിച്ചു കൂടി പറയണമല്ലോ? അധികാരികളായ ഉന്നതശ്രേണിയില്‍പെട്ട മനുഷ്യര്‍ സാധാരണ മനുഷ്യരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന കൃത്രിമോപായങ്ങളേയും ബന്ധനത്തേയും കുറിച്ചു ചിന്താകുലമാകാനും ഡോണ്‍ പാലത്തറയുടെ സിനിമ പ്രേരകമാകും.

പശു വളര്‍ത്തല്‍ മുഖ്യ വരുമാനമാര്‍ഗ്ഗമായിരിക്കുകയും വീട്ടിലെ മുതിര്‍ന്നവര്‍ അതില്‍ മുഴുകി ജീവിക്കുകയും ചെയ്യുന്നതു കണ്ട്​ വളര്‍ന്നവനില്‍ നിന്ന്​, ഇതര ജീവികളുടെ സ്വാതന്ത്ര്യത്തെ കുറിച്ചു ധ്വനിപ്പിക്കുന്ന ഇങ്ങനെയൊരു ചലച്ചിത്രം കോവിഡിന്റെ കാലത്തു സംഭവിച്ചത് സ്വാഭാവികമാണ്.

ഹോള്‍സ്‌റ്റൈന്‍ ഫ്രേസ്യന്‍ ജനുസിലെ ആദ്യ തലമുറയില്‍ പെട്ട പശുക്കള്‍ കേരളത്തിലെത്തുമ്പോള്‍ നേരത്തെ സൂചിപ്പിച്ച അളവിലുള്ള ക്ഷീരോല്‍പ്പാദനം സാദ്ധ്യമായി എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, കേരളത്തിലെ പ്രകൃതി സാഹചര്യങ്ങളില്‍ ഇവയ്ക്ക് രോഗപ്രതിരോധശേഷി വളരെ കുറവായിരുന്നു. ഇവയുടെ ആദ്യതലമുറയില്‍ പെട്ട കാളകളുടെ ബീജം ഉപയോഗിച്ചു നടത്തിയ ബീജസങ്കലനത്തിലൂടെ ലഭിച്ച അടുത്ത തലമുറയിലെ പശുക്കള്‍ക്ക് ആനുപാതികമായ അളവില്‍ ക്ഷീരോല്‍പ്പാദനം കുറഞ്ഞു വരുന്നതായാണ് കണ്ടിരുന്നത്.

ഈ ചലച്ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന അമ്മിണിയിലെത്തുമ്പോഴേക്കും ശരീരത്തിലെ നിറം വിദേശ ജനുസിന്റെ ആയിരിക്കുമ്പോഴും വലിപ്പവും ഭാരവും ക്ഷീരോല്‍പ്പാദനക്ഷമതയും സാധാരണ ഇന്ത്യന്‍ ജനുസുകളെ പോലെ തന്നെയായി മാറിത്തീര്‍ന്നിട്ടുണ്ടന്നു കരുതണം. അമ്മിണിയുടെ ശരീരത്തിന്റെയും അകിടിന്റെയും വലിപ്പവും ഭാരവും സാധാരണ കേരളത്തില്‍ കാണുന്ന മറ്റു പശുക്കള്‍ക്കു സമാനമാണ്. അമ്മിണിയില്‍ നിന്നും ലഭിക്കുന്ന പാലിന്റെ അളവും കുറവാണ്.

ഡോണ്‍ പാലത്തറ

സാധാരണ വിദേശ ജനുസില്‍പെട്ട പശുക്കള്‍ക്കു നല്‍കുന്ന ശ്രദ്ധയും പരിചരണവും അമ്മിണിക്കു നല്‍കുന്നതായി കാണുന്നില്ല. കൃത്രിമ ബീജസങ്കലന പദ്ധതിയുടെ പരാജയപ്പെട്ട മുഖമാണിത്. ഡോണ്‍ പാലത്തറയുടെ 'വിത്ത്' എന്ന ചലച്ചിത്രത്തിലും ഒരു പശുവിന്റെ ജീവിതം ഉപകഥയെന്നോണം കടന്നു വരുന്നുണ്ട്. പശുവിന്റെ കാത്തുനില്‍പ്പിനേയും മടുപ്പിനേയും കാണിക്കുന്ന ഒരു ദീര്‍ഘദൃശ്യം ആ ചലച്ചിത്രത്തിലും കാണാം. ഒരു കാലത്ത് കേരളത്തില്‍ ഏറ്റവും വലിയ ക്ഷീരോല്‍പ്പാദനമേഖലയായിരുന്ന ഇടുക്കി ജില്ലയിലെ ഹൈറേഞ്ചില്‍ പെട്ട കരുണാപുരം പഞ്ചായത്തിലാണ് ഡോണ്‍ തന്റെ ബാല്യകൗമാരങ്ങള്‍ കഴിച്ചത്.

പശു വളര്‍ത്തല്‍ മുഖ്യവരുമാനമാര്‍ഗ്ഗമായിരിക്കുകയും വീട്ടിലെ മുതിര്‍ന്നവര്‍ അതില്‍ മുഴുകി ജീവിക്കുകയും ചെയ്യുന്നതു കണ്ട്​ വളര്‍ന്നവനില്‍ നിന്ന്​, ഇതര ജീവികളുടെ സ്വാതന്ത്ര്യത്തെ കുറിച്ചു ധ്വനിപ്പിക്കുന്ന ഇങ്ങനെയൊരു ചലച്ചിത്രം കോവിഡിന്റെ കാലത്തു സംഭവിച്ചത് സ്വാഭാവികമാണ്.


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments