ഉണ്ണി ആർ.

ആണത്തത്തിന്റെ ലിംഗഛേദന ഭയങ്ങൾ

ഉണ്ണി ആർ. എഴുതിയ സിനിമകളുടെ മനഃശാസ്ത്ര വായന

വ്യവസ്ഥാപിത മൂല്യങ്ങളെയും സന്മാർഗ ബോധത്തെയും ചോദ്യം ചെയ്തത് ഉത്തരാധുനിക കഥാപരിസരമാണ്. സമൂഹത്തിന്റെ അന്ധമായ നിയമങ്ങളും കപടസദാചാരവും വിമർശനാത്മകമായി ഉത്തരാധുനികതയിൽ അവതരിപ്പിക്കപ്പെട്ടു. മലയാള സിനിമയിൽ "ന്യൂജനറേഷൻ' എന്ന നിലയിൽ വിശേഷിക്കപ്പെട്ട കുറച്ചു സിനിമകൾ പ്രമേയത്തിലെ നവീനത, അവതരണത്തിലെ വ്യത്യസ്തത, പാത്രസൃഷ്ടിയിലെ സൂക്ഷ്മ​ത, സംഭാഷണശൈലിയിലെ ചാരുത, അതിനാടകീയത എന്നിവ കൊണ്ട് സവിശേഷമായിരുന്നു. അത്തരത്തിൽ "ന്യൂജനറേഷൻ' എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട ചില സിനിമകളുടെ പിന്നണിയിൽ ഉണ്ണി ആർ. എന്ന എഴുത്തുകാരൻ പ്രവർത്തിച്ചു. ഉണ്ണി ആറിന്റെ സിനിമകൾ മനഃശാസ്ത്രദൃഷ്ടിയിൽ സമീപിക്കാൻ ശ്രമിക്കുകയാണിവിടെ.

കാരൻ ഹോണി

സമീർ താഹിർ സംവിധാനം ചെയ്​ത്​ 2011ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ചാപ്പാ കുരിശ്. സമീർ താഹിറിനോടൊപ്പം ഉണ്ണി ആറും പങ്കാളിയായ ഈ ചലച്ചിത്രം തിരക്കഥാ അവതരണത്തിൽ വ്യത്യസ്ത ശൈലി പുലർത്തി. ഈ സിനിമയുടെ മനഃശാസ്ത്ര വായനയ്ക്ക് കാരൻ ഹോർണിയുടെ മനോവിജ്ഞാനീയ ചിന്തകൾ പ്രയോജനപ്പെടുത്താൻ കഴിയും. നവഫ്രോയിഡിയൻ തരംഗത്തിലെ പ്രമുഖരിൽ ശ്രദ്ധേയയായ കാരൻ ഹോണി സ്ത്രീവാദമനഃശാസ്ത്രത്തിന്റെ (Feminist psychology) വക്താവായിരുന്നു. അവരുടെ ചിന്തകൾ ഫ്രോയിഡിയനിസത്തെ ചോദ്യം ചെയ്തവയായിരുന്നു. രതിവിചാരത്തിന്റെയും ആന്തരികചോദനയുടെയും (Instinct) വിഷയങ്ങളെ ഹോണി വിമർശിച്ചു. ജീവശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി സ്ത്രീ പുരുഷന്മാരുടെ മനഃശാസ്ത്രത്തിൽ വ്യത്യാസമുണ്ടെന്ന ഫ്രോയിഡിയൻ വാദത്തോട് ഹോണി വിയോജിച്ചു. മനുഷ്യന്റെ ആവശ്യങ്ങൾ ജീവിതപ്രശ്‌നങ്ങളെ അഭിമുഖീകരിക്കുവാനുള്ള തന്ത്രങ്ങളാണെന്ന് (Coping strategies) ഹോണി അഭിപ്രായപ്പെട്ടു.

ദളിത് ജീവിതത്തിന്റെ ഒരു വശം അവതരിപ്പിക്കാൻ ഉണ്ണിയുടെ കഥകൾക്ക് കഴിയുന്നുണ്ട്. സമുദായ- സാമൂഹിക- രാഷ്ട്രീയ വായനകൾക്ക് ഇവ ഇടം നൽകുന്നുമുണ്ട്.

മനുഷ്യന്റെ മൂന്നു പ്രവർത്തന ശൈലികളെ ഹോണി വിശദമാക്കി. ഹോണിയുടെ ഈ സൈദ്ധാന്തികത ചാപ്പാ കുരിശ് ചലച്ചിത്രത്തിൽ പ്രയോഗമായി വരുന്നു. മറ്റുള്ളവരുടെ അടുത്തേക്കുള്ള നീക്കം (Moving towards people), മറ്റുള്ളവർക്ക് എതിരെയുള്ള നീക്കം (Moving against people), മറ്റുള്ളവരിൽ നിന്നുള്ള അകന്നുപോകൽ (Moving away from people) എന്നിവയാണവ. സ്‌നേഹമെന്ന പരിഗണയ്ക്കു വേണ്ടിയുള്ള ആവശ്യം, മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും അവരാൽ ഇഷ്ടപ്പെടാൻ ആഗ്രഹിക്കുകയും ചെയ്യുക, സ്‌നേഹിക്കാൻ പറ്റിയ പങ്കാളിയെ കണ്ടെത്തുകയും വ്യക്തിപരമായ കാര്യങ്ങൾ പങ്കാളിയിൽ നിറവേറ്റുകയും ചെയ്യുന്നതിന്​ മറ്റുള്ളവരിലേക്കുള്ള നീക്കം, അധികാരമോഹം, മറ്റുള്ളവരെ നിയന്ത്രിക്കുവാനുള്ള ബുദ്ധിസാമർത്ഥ്യം, സ്വാധീനശേഷി, ആജ്ഞാശക്തി, അധികാരവാഞ്​ഛ, പ്രഭുത്വം, കേമത്തം കാണിക്കാനുള്ള വ്യഗ്രത, മറ്റുള്ളവരെ ചൂഷണം ചെയ്യൽ, ഉപഭോഗ ബോധം, സാമൂഹികമായി അംഗീകരിക്കുവാനുള്ള ത്വര, പ്രസിദ്ധി, പരിഗണനക്കുവേണ്ടിയുള്ള ത്വര, മറ്റുള്ളവരിൽ നിന്ന്​ പ്രശംസ ലഭിക്കാനുള്ള ആഗ്രഹം, ബഹുമതി, വ്യക്തിപരമായ നേട്ടം, സ്വാതന്ത്ര്യബോധം, പരിപൂർണത, ആഗ്രഹങ്ങൾ എന്നിവയാണ് മാനുഷിക ആവശ്യങ്ങളായി പരിഗണിക്കപ്പെടുന്നത്.

നവമനോവിശകലനത്തിൽ വളരെയധികം ശ്രദ്ധനേടിയ വ്യക്തിയാണ് എറിക്ക് ഫ്രോം. ലൈംഗികവാസനയ്ക്ക് അമിത പ്രധാന്യം നൽകിയതിന്റെ പേരിൽ ഫ്രോയിഡിയൻ സിദ്ധാന്തങ്ങളെ വിമർശിക്കുകയും അതിനോട് വിയോജിക്കുകയും ചെയ്ത മനഃശാസ്ത്രജ്ഞരിൽ പ്രമുഖനായിരുന്നു എറിക്ക് ഫ്രോം. മനുഷ്യസ്വഭാവത്തിന്റെ തന്നെ ഭാഗമായ സ്വാതന്ത്ര്യത്തെ വിശദീകരിക്കുന്ന മനഃശാസ്ത്ര സമീപനമായിരുന്നു എറിക്കിന്റെത്. സ്വാതന്ത്ര്യം അസ്തിത്വ വ്യക്തിത്വത്തിന് ആവശ്യമാണെന്ന് അദ്ദേഹം സമർത്ഥിച്ചു. സ്വാതന്ത്ര്യത്തിൽ നിന്നുള്ള പലായനമാണ് മനുഷ്യന്റെ മനോജന്യ തകരാറുകൾക്ക് കാരണമാകുന്നതെന്ന് എറിക്ക് വാദിച്ചു. എറിക്കിന്റെ സമ്പൂർണ സമരൂപത (Automation conformity), അധീശത്വം /അധികാരം (Authoritarianism), നശീകരണം (Destructiveness) എന്നിവ ഒഴിവുദിവസത്തെ കളിയുമായി ചേർത്തു വായിക്കാം. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത്​ 2015 ൽ മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം നേടിയ ചലച്ചിത്രമാണ് ഒഴിവുദിവസത്തെ കളി. ഉണ്ണി ആറിന്റെ ഇതേ പേരിലുള്ള ചെറുകഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് ചിത്രം. സമൂഹത്തിൽ വ്യക്തി പൂർണമായി അലിഞ്ഞു ചേരുന്ന സമ്പൂർണ സമരൂപത, വ്യക്തി സ്വയം ഏറ്റെടുക്കുന്ന നിയന്ത്രണാധികാരം, അതുവഴി സ്വയം നിലനിൽപ്പിനുവേണ്ടി മറ്റുള്ളവരെ ചൂഷണം ചെയ്യാനുള്ള പ്രവണതയും അധീശത്വഭാവവും, മറ്റുള്ളവരെ മുമ്പോട്ടു പോകുവാൻ അനുവദിക്കാതിരിക്കുകയും അവരെപ്പറ്റി അപവാദങ്ങൾ പറയുകയും ചെയ്യുന്ന നശീകരണ സ്വഭാവം തുടങ്ങിയവ ഇവിടെ പ്രയോഗവത്കരിക്കുന്നു.
ദളിത് ജീവിതത്തിന്റെ ഒരു വശം അവതരിപ്പിക്കാൻ ഉണ്ണിയുടെ ഈ കഥകൾക്ക് കഴിയുന്നുണ്ട്. സമുദായ- സാമൂഹിക- രാഷ്ട്രീയ വായനകൾക്ക് ഇവ ഇടം നൽകുന്നുമുണ്ട്.

എറിക് ഫ്രോം / Photo: Wikimedia Commons

മാർക്‌സിസത്തിലെ വർഗ്ഗസമൂഹത്തിന് സമാനമായ സവിശേഷ പ്രയോഗമാതൃകയാണ് ദളിത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മുഖ്യധാരയുടെ അധികാരവ്യവഹാരങ്ങൾ മുഴച്ചുനിൽക്കുകയും പിന്തള്ളപ്പെട്ടവർ എന്ന നിലയിൽ കീഴാളനെ (ദളിതനെ) കുറിച്ചുള്ള അന്വേഷണം ഉത്തരാധുനിക ഘട്ടത്തിലേക്ക്​ പ്രവേശിക്കുകയുമാണ്​. ഉത്തരാധുനികതയിൽ അസ്തിത്വത്തെ സംബന്ധിച്ച ചോദ്യങ്ങളുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട കഥയാണ് ഒഴിവുദിവസത്തെ കളി . ഈ കഥയുടെ സ്വതന്ത്രാവിഷ്‌കാരമാണ് സിനിമ. തിരക്കഥ എഴുതിയിരിക്കുന്നത് ഉണ്ണിയാണ്.

'ഒഴിവു ദിവസത്തെ കളി'യിലെ ഒരു രംഗം

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ദിവസം നഗരത്തിലെ ചെറുപ്പക്കാരായ അഞ്ച് സുഹൃത്തുക്കൾ തിരക്കുകളിൽ നിന്നു മാറി ഉല്ലാസത്തിന്​ വനത്തിലേക്ക് യാത്രയാകുന്നു. തങ്ങളുടെ സൗഹൃദ നിമിഷങ്ങളെ ആഘോഷമാക്കി മാറ്റിയ സുഹൃത്തുക്കൾ മദ്യലഹരിയിലാകുകയും പല പ്രശ്‌നങ്ങൾ അവരിൽ ഉടലെടുക്കുകയും ചെയ്യുന്നു. ഇത് അവസാനം കൂട്ടത്തിലൊരാളുടെ മരണത്തിനിടയാക്കുന്നു. മദ്യപസംഘം സമയം കളയാൻ കള്ളനും പൊലീസും കളിക്കുകയും കൂട്ടത്തിൽ കള്ളനാകുന്ന ദാസൻ എന്ന ദളിത് യുവാവിനെ തൂക്കിലേറ്റി ശിക്ഷ നടപ്പാക്കുന്നതുമാണ് ചിത്രം. ബുദ്ധിജീവി വർത്തമാനം പറയുന്നവരുടെ മനസ്സിൽ എത്രത്തോളം സ്ത്രീവിരുദ്ധതയും ദളിത് വിരുദ്ധതയും ഉണ്ടെന്ന് ചിത്രം വ്യക്തമാക്കുന്നു.

സവർണ വിഭാഗം ദളിതനെ അടിച്ചമർത്തുന്ന സംഭവങ്ങളെ ഉൾചേർത്ത് അവതരിപ്പിക്കുകയാണ് കഥ. കഥയിൽ രാജാവായവൻ മാനസികമായി അധികാരമോഹിയായ രാജാവായി മാറുകയും തന്റെ പ്രജയായി കളിക്കുന്നവനെ കൊന്നുകളയുകയും ചെയ്യുന്നു. കളിയും കാര്യവും തിരിച്ചറിയാനാവാത്തവിധം, കുറ്റകൃത്യങ്ങളോട് ബന്ധപ്പെട്ട വൈകാരികാവസ്ഥയുടെ വ്യത്യസ്ത വീക്ഷണങ്ങളും ഛായങ്ങളും കഥയിൽ അതിസമർത്ഥമായി അവതരിപ്പിക്കാൻ കഥാകാരന് കഴിഞ്ഞു.

ജീവിതത്തിൽ അസ്തിത്വപരമായ ദ്വിവിഭജനങ്ങൾ (Existential dichotomies) ഉണ്ടെന്നും ഇവയെ നേരിടണമെങ്കിൽ വ്യക്തി തന്നിൽ അന്തർഭവിച്ച ആവശ്യങ്ങളെ ബഹിർഗമിപ്പിച്ച് ഉപയോഗപ്പെടുത്തുകയും വേണമെന്ന എറിക്കിന്റെ കാഴ്ചപ്പാടിനോട് ചേർന്നു നിൽക്കുന്ന കഥാപാത്രമാണ് 'ചാർളി'

മനുഷ്യസ്വഭാവത്തിന്റെ ഭാഗമായ സ്വാതന്ത്ര്യത്തെ വിശദമാക്കുവാൻ എറിക്ക് ഫ്രോം ശ്രമിക്കുന്നുണ്ട്. മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണെന്നും പ്രകൃതിയുടെ നിയമങ്ങൾക്കും ശക്തിയ്ക്കും മുമ്പിൽ മനുഷ്യൻ നിസ്സാരനാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ജീവിതത്തിൽ അസ്തിത്വപരമായ ദ്വിവിഭജനങ്ങൾ (Existential dichotomies) ഉണ്ടെന്നും ഇവയെ നേരിടണമെങ്കിൽ വ്യക്തി തന്നിൽ അന്തർഭവിച്ച ആവശ്യങ്ങളെ ബഹിർഗമിപ്പിച്ച് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം സമർത്ഥിച്ചു. അപ്രകാരം ചെയ്യുന്ന വ്യക്തി അമിതാനന്ദം അനുഭവിക്കുമെന്ന് എറിക്ക് ഉദ്‌ഘോഷിച്ചു. 2015ലെ മാർട്ടിൻ പ്രക്കാട്ട് ചിത്രമായ ചാർളിയിലെ നായക കഥാപാത്രം ഈ സിദ്ധാന്തത്തിന്റെ അനുരൂപമാണ്.

സിഗ്മണ്ട് ഫ്രോയിഡ് തന്റെ സിദ്ധാന്തങ്ങൾ ആവിഷ്‌കരിക്കുന്നത് മനോരതി വികസനത്തിൽ ഊന്നിയാണ്. സാമൂഹിക രംഗങ്ങളിൽ ഉയർന്നുവരണമെന്ന ആഗ്രഹം ചിലർക്ക് ഉണ്ടാകാറുണ്ടല്ലൊ. മതം, രാഷ്ട്രീയം, കലാസാഹിത്യം തുടങ്ങിയ പല തുറകളിലേക്കും മനുഷ്യനെ തള്ളിവിടുന്നത് ഒരുവനിലേക്കുള്ള ഏറ്റവും ശക്തിയാർജ്ജിച്ചതും സ്ഥായിയായതുമായ ആഗ്രഹമാണ്. ഫ്രോയിഡിന്റെ ഭാഷയിൽ ഒരു വ്യക്തിയുടെ ഊർജ്ജത്തിന്റെ ഉറവിടവും നിലനിൽപ്പും ആ വ്യക്തിയുടെ രതിവിചാരത്തിൽ അധിഷ്ഠിതമാണ്. "ലിബിഡോ' എന്ന സങ്കൽപനത്തിലാണ് ഇക്കാര്യം ഫ്രോയിഡ് വ്യക്തമാക്കുന്നത്. ഉണ്ണി ആറിന്റെ തിരക്കഥയിൽ രഞ്ജിത്ത് സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ലീല എന്ന ചലച്ചിത്രത്തിലെ കുട്ടിയപ്പനെ ഫ്രോയിഡിയൻ സിദ്ധാന്തങ്ങളുടെ ആൾരൂപമായി കാണാം. തീർച്ചയായും ഫ്രോയിഡിയനിസത്തിന്റെ ഒരു മാതൃകയാണ് കുട്ടിയപ്പൻ.

ആണിന്റെ ഭ്രാന്തും പെണ്ണിന്റെ നിസ്സഹായതയും അവതരിപ്പിക്കുന്ന ഒരു ആഖ്യാനശൈലിയാണ് ലീലയെന്ന കഥയ്ക്കുള്ളത്. നിലവിലുള്ള സദാചാര തത്വങ്ങളെ പൊളിച്ചെഴുതുന്ന സമീപനം ഉണ്ണി ഈ കഥയിൽ സ്വീകരിക്കുന്നു.

ചുരുക്കെഴുത്തിലേക്ക് കഥ ഒതുക്കുമ്പോഴും വായനക്കാരെ മതിഭ്രമത്തിൽ ആറാടിക്കുവാൻ കഥാകാരന് കഴിയും. അത്തരത്തിൽ ധാരാളം ചർച്ചകളും നിരൂപകപ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങിയ ഉണ്ണിയുടെ കഥയാണ് ലീല. ഈ കഥയിലെ ലീല നവകാലഘട്ടത്തിൽ ഉപഭോഗവസ്തുവായി മാത്രം കരുതപ്പെടുന്ന പെൺവർഗ്ഗത്തിന്റെ മൊത്തം പ്രതീകമാണ്. പ്രതികരണശേഷിയോ സ്വന്തം തീരുമാനങ്ങളോ ഇല്ലാത്ത, ചൂണ്ടപ്പെടുന്ന വിരലിന്റെ ചലനത്തിനനുസരിച്ച് പാവക്കൂത്ത് നടത്തുന്ന പെൺജന്മങ്ങളുടെ പ്രതീകമാണ് ലീല. സംരക്ഷിക്കപ്പെടേണ്ടവർതന്നെ നിയന്ത്രണോപാധികൾ ആകുമ്പോൾ നിർവ്വികാരമായി ജീവിതത്തെ സമീപിക്കുന്നവളാകേണ്ടി വരുന്നു. അതുകൊണ്ട് തന്നെ കഥയിൽ ലീലയ്ക്ക് സംഭാഷണങ്ങൾ ഒന്നുമില്ല. ദയനീയ നോട്ടങ്ങളും നിർവ്വികാര ചലനങ്ങളും അനുസരണാപൂർവ്വമായ പെരുമാറ്റവും ലീലയിൽ ചാർത്തപ്പെടുന്നു. ഒരു അടിമയെ പോലെയാണ് ലീല പെരുമാറുന്നത്. സത്യത്തിൽ ആ പെൺകുട്ടിയുടെ പേര് കഥയിൽ പറയുന്നില്ല. ലീല എന്നത് കുട്ടിയപ്പൻ അവളെ വിളിച്ച പേര് മാത്രമാണ്. ലീല എന്ന വാക്കിന് പലവിധ അർത്ഥങ്ങളുണ്ട്. കളി, ക്രീഡ, വിനോദം, ഉല്ലാസം എന്നിങ്ങനെ ബഹുവിധ അർത്ഥങ്ങളാണ് അത്. ഇതേ അർത്ഥങ്ങൾ തന്നെയാണ് ലീലയെന്ന പെണ്ണിനും കുട്ടിയപ്പൻ നൽകുന്നത്.

ആണിന്റെ ഭ്രാന്തും പെണ്ണിന്റെ നിസ്സഹായതയും അവതരിപ്പിക്കുന്ന ഒരു ആഖ്യാനശൈലിയാണ് ലീലയെന്ന കഥയ്ക്കുള്ളത്. നിലവിലുള്ള സദാചാര തത്വങ്ങളെ പൊളിച്ചെഴുതുന്ന സമീപനം ഉണ്ണി ഈ കഥയിൽ സ്വീകരിക്കുന്നു. ഡാർക്ക് ഹ്യൂമർ എന്ന ആഖ്യാന തന്ത്രം കഥയിൽ ഉണ്ണി പ്രയോഗിക്കുന്നതായി കാണാം. സമൂഹത്തിലെ സദാചാരചിന്തകളും അവയെ പിന്തുണക്കുന്ന അധികാര വ്യവസ്ഥയും ലീലയിൽ വിമർശിക്കപ്പെടുന്നുണ്ട്.

ഫ്രോയിഡിയൻ സിദ്ധാന്തങ്ങളുടെ ആൾരൂപമാണ് ലീലയിലെ കുട്ടിയപ്പൻ

വായനയിലും പുനർവായനയിലും അനേകം അർത്ഥതലങ്ങൾ കണ്ടെത്തുവാൻ കഴിയുന്ന കഥയാണിത്. അനിവാര്യ ദുരന്തം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവളാണ് ഇതിലെ സ്ത്രീ കഥാപാത്രം. ജനിപ്പിച്ചവനെന്നോ കൂടെ ജനിച്ചവനെന്നോ കൂട്ടുകാരനെന്നോ രക്തബന്ധമെന്നോ വേർതിരിവില്ലാത്ത ശരീരം എന്ന രീതിയിൽ മാത്രം പെണ്ണിനെ നോക്കിക്കാണുന്ന പുരുഷന്മാർക്ക് ഇരയാകാൻ വിധിക്കപ്പെട്ട പെൺജീവിതങ്ങളുടെ നേർചിത്രണമാണ് ഈ കഥ.
ഈ കഥയിലെ കേന്ദ്രകഥാപാത്രം ലീലയാണോ കുട്ടിയപ്പനാണോ എന്ന് തീർച്ചപ്പെടുത്തുക വയ്യ. ഇരുകഥാപാത്രത്തിനും ഒരുപോലെ പ്രാധാന്യം കഥയിൽ എഴുത്തുകാരൻ നൽകുന്നുണ്ട്. വിചിത്രകാമനകൾ വെച്ചുപുലർത്തുന്ന ഒരാളാണ് കുട്ടിയപ്പൻ. അദ്ദേഹത്തിന്റെ ചിന്തകളും പ്രവൃത്തികളും ആരിലും അത്ഭുതം ജനിപ്പിക്കുന്നവയാണ്. ദിവസവും കോണിപ്പടി കയറി ചായയും കൊണ്ടുവരുന്ന ഏലിയാമ്മ ചേട്ടത്തിയോട് നാളെ മുതൽ പുറത്ത്​ ജനലരികിൽ കോണിചാരിവെച്ച്, അതുവഴി കയറി ചായ കൊണ്ടുവന്നു തന്നാൽ മതിയെന്ന് (കുട്ടിയപ്പൻ) പറയുന്നു. കുട്ടിയപ്പന്റെ ആജ്ഞയെ തുടർന്ന് കോണി കയറുവാൻ ശ്രമിക്കുന്ന ഏലിയാമ്മ ചേട്ടത്തി നടുവും തല്ലി വീണ് ഒടിവും ചതവുമായി കിടക്കുന്നത് കഥയിൽ കാണാം. ""ഏലിയാമ്മച്ചേടത്തി ശമ്പളത്തോടുകൂടി ബെഡ്‌റെസ്റ്റിലാണ്'' എന്നാണ് കുട്ടിയപ്പന്റെ പക്ഷം. ഇത്തരത്തിൽ പലതരം വിചിത്രകാഴ്ചകൾ കുട്ടിയപ്പൻ നൽകുന്നുണ്ട്. സ്ത്രീകൾ കുട്ടിയപ്പന്റെ ദൗർബ്ബല്യമായിരുന്നു. സ്ത്രീകളോടുള്ള കുട്ടിയപ്പന്റെ പല സമീപനവും വിചിത്ര രീതിയിലായിരുന്നു. പല സ്ത്രീകളോടും പല സമീപന രീതികളിലാണ് കുട്ടിയപ്പൻ പുലർത്തിയിരുന്നത്.

ഒരു ദിവസം ഒരു പെണ്ണിനെ കൊണ്ടുവന്ന് തുണിയഴിപ്പിച്ച് ശരീരമാകെ എണ്ണ തേപ്പിച്ച ശേഷം പുലർച്ച വരെ അവളെ അയാൾ നൃത്തം ചെയ്യിച്ചു. മറ്റൊരിക്കൽ കൊണ്ടുവന്ന പെണ്ണിന്റെ മുമ്പിൽ വെള്ള പുതച്ചു നിവർന്നു കിടക്കുകയും തലയ്ക്കൽ വിളക്ക് കത്തിച്ചുവെച്ച് താൻ മരിച്ചുവെന്നും തന്റെ സമീപത്തിരുന്ന് കരയണമെന്നും കുട്ടിയപ്പൻ ആവശ്യപ്പെടുന്നു. കുട്ടിയപ്പൻ പറഞ്ഞതുകേട്ട്​ പെൺകുട്ടി കരയുന്നു. ഇത്തരത്തിൽ കുട്ടിയപ്പന്റെ ഭ്രാന്തൻ ചിന്തകളെ പൂർത്തീകരിക്കുന്ന പെണ്ണുങ്ങൾക്ക് അദ്ദേഹം കൈനിറയെ കാശ് നൽകുന്നുണ്ട്. ഭ്രാന്തൻചിന്തകളുമായി നടക്കുന്ന കുട്ടിയപ്പന് ഒരു രാത്രി പൊട്ടിമുളച്ച ചിന്താഗതിയായിരുന്നു കൊമ്പനാനയുടെ തുമ്പിക്കൈയോട് ചേർത്തുവെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്‌നയായി ഭോഗിക്കണമെന്നത്.

ആണിനെക്കാളും കൂടുതൽ ശമ്പളം വാങ്ങിക്കുന്നവൾ, കൂടുതൽ അധികാരമുള്ള ജോലി ചെയ്യുന്നവൾ, കൂടുതൽ വിദ്യാഭ്യാസമുള്ളവൾ എന്നിങ്ങനെ ഒരുപടി മുമ്പിൽ നിൽക്കുന്ന പെണ്ണിനെ തൃപ്തിപ്പെടുത്തുവാൻ തനിക്ക് സാധിക്കുമോയെന്ന ആശങ്ക പുരുഷനെ സദാ പിന്തുടരുന്നുണ്ട്.

കുട്ടിയപ്പന്റെ മനസിലുണർന്ന വന്യകാമനയുടെ പൂർത്തീകരണത്തിന്​ അദ്ദേഹം തിരഞ്ഞെടുത്ത പെൺകുട്ടിയായിരുന്നു ലീല. കുട്ടിയപ്പന്റെ സഹചാരിയായ പിള്ളേച്ചനും കഥയിലുടനീളമുണ്ട്. കുടുംബ ബന്ധങ്ങൾക്കും മതബോധത്തിനുമുള്ളിൽ കഴിയുന്ന പിള്ളേച്ചൻ കുട്ടിയപ്പന്റെ രതിവൈകൃതങ്ങൾക്ക് കൂട്ടുനിൽക്കുന്നുണ്ട്. ലീലയുടെ അതേ പ്രായത്തിലുള്ള മകൾ തനിക്കുണ്ടെന്ന് ഇടയ്‌ക്കൊക്ക പിള്ളേച്ചൻ ഓർക്കുന്നുണ്ട്. എങ്കിലും കുട്ടിയപ്പനെ അദ്ദേഹത്തിന്റെ ആഗ്രഹത്തിൽ നിന്ന്​ പിന്തിരിപ്പിക്കാതെ അയാളുടെ കൂടെ സഹായത്തിനായി സദാ നിൽക്കുകയാണ് ചെയ്തത്.

പെണ്ണിനെ തൃപ്തിപ്പെടുത്തുവാൻ പറ്റുമോയെന്ന ആശങ്ക ആണിനുണ്ടെന്നത് മനഃശാസ്ത്രപരമായ വസ്തുതയാണ്. തന്നെക്കാളും (ആണിനെക്കാളും) കൂടുതൽ ശമ്പളം വാങ്ങിക്കുന്നവൾ, കൂടുതൽ അധികാരമുള്ള ജോലി ചെയ്യുന്നവൾ, കൂടുതൽ വിദ്യാഭ്യാസമുള്ളവൾ എന്നിങ്ങനെ ഒരുപടി മുമ്പിൽ നിൽക്കുന്ന പെണ്ണിനെ തൃപ്തിപ്പെടുത്തുവാൻ തനിക്ക് സാധിക്കുമോയെന്ന ആശങ്ക പുരുഷനെ സദാ പിന്തുടരുന്നുണ്ട്. കഥയിൽ പ്രകടമാകുന്ന ആണാധിപത്യപ്രവണതകൾ ഈ വസ്തുതയെ നിഗൂഢവത്കരിക്കുന്നു. കുട്ടിയപ്പന്റെ ഭ്രമകല്പനകളും പുരുഷാധിപത്യത്തെയും ലിംഗബോധത്തെയും ചുറ്റിപ്പറ്റിയുള്ളതാണെന്ന് കാണാം.

ഉണ്ണി ആറിന്റെ തന്നെ തിരക്കഥയിൽ രഞ്ജിത്ത് വികസിപ്പിച്ചെടുത്ത ചലച്ചിത്രമാണ്​ ലീല. കഥയിലെക്കാളും സങ്കീർണമായ മനോനിലയാണ് കുട്ടിയപ്പൻ സിനിമയിൽ അവതരിപ്പിക്കുന്നത്. ആനുകാലിക സംഭവങ്ങളും അവയുടെ രാഷ്ട്രീയവും മതപരവുമായ വായനകളും കറുത്ത ഹാസ്യവും സിനിമയിൽ ഭാഷയാകുന്നുണ്ട്. തീർത്തും ഭ്രമകല്പന (ഫാന്റസി ടൈപ്പ്) സിനിമയാണ് ലീല.

കഥ പിള്ളേച്ചന്റെ കാഴ്ചപ്പാടിലാണ് അവതരിപ്പിച്ചതെങ്കിൽ സിനിമ കാഴ്ചക്കാരുടെ തലത്തിൽ നിന്നുമാണ് വികാസം പ്രാപിക്കുന്നത്. കഥ ആരംഭിക്കുന്നത് പിള്ളേച്ചൻ കാണുന്ന സ്വപ്നത്തിൽ നിന്നുമാണ്, അതുകൊണ്ട് തന്നെ കഥാഗതിയിൽ ഭാവനയുടെ അലൗകികതയുണ്ട്. സാമൂഹികവും മാനസികവുമായ ഭൂനിലങ്ങൾ വെളിപാടാകുന്ന കഥയാണിത്.

'ലീല'യിലെ രംഗം

ധ്വജഭംഗം (Erectile dysfunction) സംഭവിച്ചയാളാണ് കുട്ടിയപ്പനെന്ന് കഥ വ്യക്തമാക്കുന്നുണ്ട്. എന്നാൽ അയാൾക്ക് സ്ത്രീകളുമായി ബന്ധം വേണം താനും. സി.കെ. ബിന്ദു എന്ന വേശ്യയെ മകളായി കാണുന്ന സ്ഥിതിവിശേഷത്തിലാണ് അയാളുടെ രതിവൈകൃതം ചെന്നെത്തുന്നത്. ഉഷ എന്ന മറ്റൊരു ലൈംഗിക തൊഴിലാളിക്കും അദ്ദേഹത്തിന്റെ വേഴ്​ചയെപ്പറ്റി ഒന്നും പറയാനില്ല. വിവസ്ത്രയാക്കി എണ്ണ തേപ്പിച്ചു നൃത്തം ചെയ്യിപ്പിക്കുകയാണ് കുട്ടിയപ്പൻ അവളോട് ചെയ്തത്. തുണിക്കടയിൽ ജോലി ചെയ്യുന്ന പെൺകുട്ടിയെ ഉഷ തന്നെ കുട്ടിയപ്പന്റെ മുമ്പിൽ എത്തിച്ചെങ്കിലും അവളോട് വേഴ്ചപ്പെടാതെ കാശു കൊടുത്ത് പറഞ്ഞയക്കുന്നു. എന്നാലും ലൈംഗിക ആഗ്രഹം നിറവേറ്റാൻ അത്യാകുലനായ (Sexual performance anxiety) അയാൾ പല വൈകൃതങ്ങളും ചെയ്തുകൂട്ടുന്നു.

പെണ്ണിന് അധികാരവും മേൽക്കോയ്മയും ഉന്നത വിദ്യാഭ്യാസവും ലഭിക്കു​മ്പോൾ തകർക്കപ്പെടുന്നത്​ അധികാരമാണ്​. മുപ്പത്തിനുമേൽ പ്രായമുള്ള ഉഷ കുട്ടിയപ്പനോട് "ഞാൻ മതിയോ' എന്നു ചോദിക്കുന്നതിന്, "എന്റെ ഉഷേ, ഇത് കൊച്ചുപെൺപിള്ളേര് വേണ്ട ഏർപ്പാടാ' എന്നു മറുപടി പറയുന്ന കുട്ടിയപ്പൻ, ഇവിടെ സംഭവിച്ച പീഡന കേസുകളിലേക്ക്​ വിരൽ ചൂണ്ടുന്നു. സൂര്യനെല്ലി, കിളിരൂർ, കവിയൂർ, പൂവരണി കേസുകളിലെല്ലാം ഇരുപതിൽ താഴെ വയസ്സുള്ള കുട്ടികളാണ് പുല്ലിംഗ സംഭ്രാന്തിക്ക് ഇരയായത്.

സ്ഖലനത്തോടെ തളരുന്ന ആണിന് ബദലായി ബഹുഭോഗത്തിനൊരുങ്ങുന്ന പെണ്ണ് ശരീരശാസ്ത്രപരമായി ആധിപത്യം സ്ഥാപിക്കുന്നവളാണ്.

ഭോഗാസക്തിക്ക് ശമനം നൽകുന്നവരോട് കുട്ടിയപ്പന് ബഹുമാനമാണ്. ലൈംഗിക തൊഴിലിൽ നിന്ന്​ വിരമിച്ചവരെ വിളിച്ചുകൂട്ടി പൊന്നാടായണിയിക്കുന്ന ചടങ്ങ് ഇതിൽ നടക്കുന്നുണ്ട്. ചെങ്ങളം ഓമന, കുമരകം നളിനി എന്നിങ്ങനെയുള്ള റിട്ടയർ ലൈംഗികത്തൊഴിലാളികളെ "സേവനത്തിൽ നിന്ന്​ വിരമിച്ചവർ' എന്നാണ് കുട്ടിയപ്പൻ അഭിസംബോധന ചെയ്യുന്നത്. ലൈംഗിക പരീക്ഷണങ്ങൾ നടത്തുന്നതിനും അതിൽ തൃപ്തി കണ്ടെത്തുവാൻ ശ്രമിക്കുന്നതിനും കുട്ടിയപ്പൻ പൊതുജനത്തെ കൂട്ടുപിടിക്കുന്നു. ലീലയെക്കുറിച്ച് ദാസപ്പാപ്പി തങ്കപ്പൻ നായരോട് ചോദിക്കുന്നത്, ‘ഓടാൻ വിടാൻ താത്പര്യമുണ്ടോ' എന്നാണ്.
ഉപഭോഗവുമായി ബന്ധപ്പെട്ട പദങ്ങളാണ് ഉണ്ണി ഈ കഥയിൽ ബോധപൂർവ്വം പ്രയോഗിച്ചിരിക്കുന്നത്. ആക്ഷേപഹാസ്യ രീതിയിലാണെങ്കിലും ലൈംഗികത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങ്, സമൂഹത്തിന്റെ ലൈംഗിക ദാരിദ്ര്യം വെളിപ്പെടുത്തുന്നു. "ഒന്നു പോയാൽ തീരുന്നതേയുള്ളു നിങ്ങടെ വീറും പരാക്രമവും' എന്ന് ചെങ്ങളം ഓമന കുട്ടിയപ്പനെ ബോധ്യപ്പെടുത്തുന്നുണ്ട്. സ്ഖലനത്തോടെ തളരുന്ന ആണിന് ബദലായി ബഹുഭോഗത്തിനൊരുങ്ങുന്ന പെണ്ണ് ശരീരശാസ്ത്രപരമായി ആധിപത്യം സ്ഥാപിക്കുന്നവളാണ്. "നിങ്ങൾ തന്നെ പണ്ട് തുണി അഴിച്ചു മാറ്റി, ഇപ്പോൾ നിങ്ങൾ തന്നെ തുണിയുടുപ്പിക്കുന്നു' എന്ന് പറയുന്നതിലൂടെ ഈ ചടങ്ങ് വെറും പ്രഹസനമാണെന്ന് കുമരകം നളിനിയും കുട്ടിയപ്പനെ ബോധ്യപ്പെടുത്തുന്നു. ലൈംഗികത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിനെ എതിർക്കുന്ന പൊലീസും രാഷ്ട്രീയക്കാരും ചടങ്ങ് നിർത്തിവെപ്പിക്കുന്നു. കുറിയേടത്ത് താത്രിയുടെ വിചാരണ അവസാനിക്കും മുമ്പ് അത് നിർത്തിവെയ്ക്കാൻ നിർദ്ദേശം നൽകിയ നാടുവാഴിയുടെ യുക്തിയും ന്യായവും തന്നെയാണ് ഇവർക്കുമുള്ളത്.

ലിംഗപേടിയുള്ളവർക്ക് ആരാധിക്കാൻ അനുഗുണമിയെന്ന പ്രതീകമാണ് ആന. എന്തെന്നാൽ മൃഗങ്ങളിൽ ഏറ്റവും ലിംഗ വലിപ്പമുള്ള ജീവിയാണ് ആന. അവയുടെ ഉയർന്ന കൊമ്പുകൾക്കും ലിംഗപ്രതീതിയുണ്ട്. ജനനേന്ദ്രിയങ്ങളെക്കുറിച്ച് ഉൽക്കണ്ഠയുള്ളവർ ആനയുടെ ആണത്തത്തിൽ അസൂയപ്പെടുന്നുണ്ട്. കുട്ടിയപ്പന്റെ മാനസികപ്രശ്‌നങ്ങളായിരിക്കണം അദ്ദേഹത്തിന്റെ ധ്വജഭംഗത്തിന് കാരണം. ലിംഗച്ഛേദനഭയം അയാളിൽ വളർന്നിട്ടുണ്ടാകണം.

ലീലയുടെ മരണത്തിലാണ് കഥ അവസാനിക്കുന്നത്. മരണത്തെക്കുറിച്ച് ലഘുവും ലളിതവുമായ ധാരണകളാണ് കുട്ടിയപ്പനുള്ളത്. അതിന്റെ ആപേക്ഷികത കഥയിൽ പലയിടത്തും അവതരിപ്പിക്കുന്നുണ്ട്. സി.കെ. ബിന്ദുവിന്റെ മുമ്പിൽ മരിച്ചു കിടന്ന് നടിക്കുന്നതും അടക്കാൻ കൊണ്ടുപോയ ചേട്ടൻ കള്ളുഷാപ്പിൽ വന്നിരിക്കുന്നതും മരിച്ചുപോയ കുഞ്ഞമ്മ മാലാഖയായി വന്ന് സംവേദിക്കുന്നതും ഒക്കെ ഭ്രമകല്പനകൾക്കപ്പുറം മരണഭയത്തെ അകറ്റുവാൻ അദ്ദേഹത്തെ പ്രാപ്തനാക്കുകയാണ്. കഥാവസാനത്തിൽ ലീലയെ വാത്സല്യപൂർവ്വം കാണുന്ന കുട്ടിയപ്പൻ അവളുടെ നെറുകയിൽ ഉമ്മവെച്ച് മടങ്ങുന്നു. രതിയുടെ പൂർത്തീകരണവും അവരിൽ സംഭവിക്കുന്നില്ല. എന്നാൽ കുട്ടിയപ്പന്റെ ഭ്രമകല്പനകൾക്ക് വിപരീതഫലം സംഭവിച്ചു. ആണത്തത്തിന്റെ വന്യത അനുഭവിച്ചു കഴിഞ്ഞ പെൺകുട്ടിയെ സൂചിപ്പിക്കുവാൻ "ഉപരിസുരതത്തിന് എന്ന പോലെ ലീലയിലേക്ക് തന്റെ ഭാരത്തെ (ആന) ഇറക്കിവെച്ചു' എന്ന വരികൾ കഥാന്ത്യത്തിൽ ചേർത്തിരിക്കുന്നു.

മനഃശാസ്ത്ര രംഗത്ത് ഫെമിനിസത്തിന് പ്രാധാന്യം നൽകിയ (Feminist psychology) ചിന്തകനായിരുന്നു ആൽഫ്രെഡ് ആഡ്‌ലർ. ഉൽക്കർഷതാബോധം (Superiority complex) പുരുഷന്മാരുടെതാണെന്നും അപകർഷതാബോധം (Inferiority complex) സ്ത്രീയുടെതാണെന്നുമുള്ള വാദഗതി മാനസികാരോഗ്യത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് ആഡ്‌ലർ അഭിപ്രായപ്പെട്ടു. അപകർഷതാബോധം വ്യക്തിയുടെ വ്യക്തിത്വത്തെ പുഷ്ടിപ്പെടുത്തുവൻ സഹായിക്കുന്നതാകുമെന്ന് ആഡ്‌ലർ വിശദമാക്കി. വിരൂപിയായവർ, അംഗഭംഗം വന്നവർ, പൊക്കം കുറഞ്ഞവർ എന്നിങ്ങനെയുള്ള അപാകതകളും ന്യൂനതകളും പരിഹരിക്കുവാൻ മനുഷ്യൻ നടത്തുന്ന ശ്രമങ്ങൾ മറ്റുള്ളവരോടൊപ്പം എത്തിക്കുവാൻ സാധ്യമാക്കുന്നു.

ഉണ്ണി ആറിന്റെ കഥയിൽ കാവ്യാ പ്രകാശ് സംവിധാനം ചെയ്ത 2021ൽ പുറത്തിറങ്ങിയ വാങ്ക് എന്ന മലയാള സിനിമ സ്ത്രീപക്ഷ മനോവിജ്ഞാനീയ നിലപാടുകൾ പ്രകടിപ്പിക്കുന്നു. റസിയ ഉറച്ച നിലപാടുകളിലൂടെ ശക്തമായ സ്ത്രീപക്ഷ നിലപാടുകൾ വ്യക്തമാക്കുന്നു.

ഉണ്ണി ആറിന്റെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സങ്കടം എന്ന ചെറുകഥയുടെ അനുരൂപണമായ പ്രതിപൂവൻ കോഴി എന്ന ചലച്ചിത്രവും തീവ്ര സ്ത്രീപക്ഷ നിലപാട്​ പ്രകടിപ്പിക്കുന്നു.ഒരു പെണ്ണിന്റെ പ്രതികാരകഥയാണ് ഉണ്ണി ആറിന്റെ സങ്കടം എന്ന ചെറുകഥ. റോഷൻ ആൻ​ഡ്രൂസ്​ 2019ൽ സംവിധാനം ചെയ്ത പ്രതി പൂവൻകോഴി എന്ന സിനിമയ്ക്ക് മൂലകഥയായതും ഈ ചെറുകഥയാണ്. ഉണ്ണിയുടെ തന്നെയൊരു നോവലിന്റെ പേരാണ് പ്രതി പൂവൻകോഴി, എങ്കിലും ഈ നോവലും സിനിമയും തമ്മിൽ യാതൊരു ബന്ധവുമില്ല.

കോട്ടയം പ്രദേശവും അവിടുത്തെ നഗരഭാഷയും ഉണ്ണിയുടെ മിക്ക കഥകളിലും ഭാഗമാകുന്നുണ്ട്. ഈ കഥ നടക്കുന്നതും കോട്ടയം പ്രദേശത്താണ്. ഒരു ബസ് യാത്രയ്ക്കിടയിൽ, ഇറങ്ങുന്നതിന് മുൻപായി രാധയുടെ (മാധുരി എന്നാണ് സിനിമയിലെ കഥാപാത്രത്തിന്റെ പേര്) ചന്തിയ്ക്ക് പിടിച്ച രമേശനോട് പ്രതികാരം ചെയ്യുവാൻ പുറപ്പെടുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് കഥയിൽ അവതരിപ്പിക്കുന്നത്. രാധയും സുഹൃത്ത് സുമതിയും നഗരത്തിലെ തുണിക്കടയിലാണ് ജോലി ചെയ്യുന്നത്. അവിടെ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങളും കഥയിൽ അവതരിപ്പിക്കുന്നുണ്ട്. രമേശന്റെ കരണത്ത് അടി കൊടുക്കാൻ നിശ്ചയിച്ച് പുറപ്പെട്ട രാധ, അപകടത്തിൽപ്പെട്ട രമേശനെ ആശുപത്രിയിൽ എത്തിക്കുന്നുണ്ട്. മനുഷത്വം മൂലമാണെന്നും രാധയുടെ ദേഷ്യം കെട്ടടങ്ങിയെന്നും വായനക്കാരൻ വിചാരിക്കുന്നു. ആശുപത്രിയിൽ നിന്നിറങ്ങിയശേഷം അടി കൊടുക്കണമെന്ന് രാധ പിന്നീട് പറയുന്നത് കഥാസൗന്ദര്യം വർധിപ്പിക്കുന്നു.

"സങ്കടം' എന്ന കഥ അവസാനിക്കുന്നത് രമേശന്റെ മരണത്തോടെയാണ്. എന്നാൽ സിനിമയിൽ അങ്ങനെയല്ല. ഒന്നും മിണ്ടാതെ പ്രതികാരം ഉള്ളിൽ അടക്കി തിരിച്ചു പോകുന്ന രാധയെയാണ് കഥയിൽ കാണുവാൻ ആകുന്നതെങ്കിൽ, ബസിൽ വെച്ച് ഒരു പെൺകുട്ടിയുടെ മുലയിൽ ഞെക്കിയ യുവാവിന്റെ കരണത്തടിക്കുന്ന മാധുരിയുടെ ചിത്രമാണ് സിനിമയിൽ കാണുവാനാകുന്നത്. പെണ്ണ് തീക്ഷ്​ണമായി പ്രതികരിക്കാൻ ശേഷി കൂടിയുള്ളവളാണെന്ന്​ പറഞ്ഞുവെച്ച് ഈ സിനിമ സ്ത്രീപക്ഷ നിലപാട് പുലർത്തുന്നു. ▮


ലിപിൻ പൗലോസ്

എഴുത്തുകാരൻ. ഉണ്ണി ആറിന്റെ കഥകളെക്കുറിച്ച്​ കഥാപരിസരങ്ങൾ എന്ന പഠനഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments