അംബിയും അന്യനും ലാൽകൃഷ്ണയും; ഹിന്ദുത്വ സിനിമകളുടെ ഭാവുകത്വ പരിണാമം

‘2014 ന് ശേഷം ഹിന്ദുത്വ കൂടുതൽ ഉഗ്രരൂപം നേടുമ്പോൾ മറ്റ് മതവിഭാഗങ്ങളെ നേരിട്ട് ആക്രമിച്ചു കൊണ്ടുള്ള സിനിമകൾ പിറവിയെടുക്കുന്നു. ഈ മാറ്റം ഹിന്ദുത്വ രാഷ്ട്രീയം പറയുന്ന സിനിമയുടെ സ്വാഭാവിക പരിണാമമാണ്. കാശ്മീർ ഫയല്‍സ്‌, ആർ ആർ ആർ, പത്മാവത് തുടങ്ങിയ സിനിമകളുടെ കണ്ണിയിലേക്ക് പുതിയ പ്രൊപ്പഗാണ്ട സിനിമകൾ എത്തിക്കൊണ്ടിരിക്കുന്നു എന്നതാണ് അവസാന കാഴ്ച.’

യാഥാർത്ഥ്യത്തെക്കാൾ വലുതായൊരു നായക ശരീരത്തെ സൃഷ്ടിച്ചുകൊണ്ടാണ് ഇന്ത്യൻ വാണിജ്യ സിനിമകൾ നിലനിന്നുപോകുന്നത്. നായകൻ ആദർശവാദിയും നീതിമാനും ധൈര്യശാലിയുമായിരിക്കും. അയാൾ കുടുംബം എന്ന സൂക്ഷ്മ സമൂഹത്തിന് വേണ്ടിയോ രാജ്യം എന്ന ബൃഹത് സമൂഹത്തിനു വേണ്ടിയോ പോരാടുന്നവനായിരിക്കും. കുടുംബത്തിന്റെയോ രാജ്യത്തിന്റെയോ നേർക്കുവരുന്ന വിനാശ ശക്തികളെ ഇല്ലാതാക്കുക എന്നതാണ് നായക ശരീരത്തിന്റെ കർത്തവ്യം. ചുറ്റുപാടുകളെ ഒറ്റയ്ക്ക് നിയന്ത്രിക്കാൻ കഴിയുന്ന ശക്തി നായകനിൽ ചേർത്തുവെക്കുമ്പോഴും അയാൾ രാജ്യത്തിന്റെ നിയമ സംവിധാനങ്ങൾക്കുള്ളിലെ മറ്റൊരു പൗരൻ മാത്രമാണെന്ന യാഥാർത്ഥ്യം സിനിമ തള്ളിക്കളയുന്നില്ല. നായകനെ സിനിമ പലപ്പോഴും വിചാരണയ്ക്ക് വിധേയനാകുന്നുണ്ട്. ചിലപ്പോഴൊക്കെ നായകനെ കോടതി ശിക്ഷിക്കുന്നു മറ്റുചിലപ്പോൾ വെറുതെ വിടുന്നു. അതീതവ്യക്തിത്വം പ്രകടിപ്പിച്ച നായകൻ സാധാരണ മനുഷ്യനായി മാറുന്നതാണ് കഥയിലെ ഇത്തരം കോടതി ദൃശ്യങ്ങളിലൂടെ ആവിഷ്കരിക്കുന്നത്.

രാജ്യത്തിന്റെ നിയമ സംവിധാനങ്ങളെ മറികടക്കണമെങ്കിൽ നായകൻ അവതാര പുരുഷനോ അല്ലെങ്കിൽ പ്രപഞ്ചത്തിനും അപ്പുറമുള്ള ലോകത്തിന്റെ (കോസ്മിക് വേൾഡ്) കാവൽക്കാരനോ ആകേണ്ടതുണ്ട്. ഇന്ത്യൻ സിനിമകളിലെ കോസ്മിക് ലോകം ഹിന്ദു പുരാണ ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്ന പരലോക സങ്കല്പമാണ്.

അമീഷ് ത്രിപാഠി

ബാബറി മസ്ജിദ് സംഭവത്തിനുശേഷം ഹിന്ദുത്വം അതിന്റെ ഏറ്റവും ഭീകരമായ മുഖം പുറത്തെടുക്കുന്നത് 2002ലെ ഗുജറാത്ത് കലാപത്തിലൂടെയാണ്. കലാപത്തിനുശേഷം ഹിന്ദുത്വ രാഷ്ട്രീയത്തിന് ലഭിക്കുന്ന സ്വീകാര്യത സിനിമയും സാഹിത്യവും ഉൾപ്പെടെയുള്ള മേഖലകളിൽ നിരീക്ഷിക്കാൻ കഴിയും. അമീഷ് ത്രിപാഠിയുടെ ‘ശിവ ട്രിലജി’ നേടിയെടുക്കുന്ന സാമൂഹിക സ്വീകാര്യത ഇതിന് ഉദാഹരണമാണ്. അതിശക്തനായ ശിവൻ എന്ന ദൈവ സങ്കല്പം ജൈവികമായ ഇന്ത്യൻ പരിസരങ്ങളിൽ ജീവിക്കുന്നു എന്ന ആഖ്യാനം സ്വീകാര്യമാകുന്നതിൽ, മാറിയ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യവും വലിയ പങ്കുവഹിക്കുന്നുണ്ട്.

ഗുജറാത്ത് കലാപത്തോടനുബന്ധിച്ച് ലഭ്യമാകുന്ന അനുകൂല സാഹചര്യങ്ങളെ മുതലെടുത്തുകൊണ്ട് സിനിമയിലേക്ക് അധിനിവേശിപ്പിച്ച ഹിന്ദുത്വ അജണ്ടകളെ കണ്ടെടുക്കുകയാണ് ഈ ലേഖനം. 2002 നുശേഷം പുറത്തിറങ്ങിയ മൂന്നു സിനിമകളെയാണ് ഇതിലൂടെ പരിശോധിക്കുന്നത്. ആധുനിക മതനിരപേക്ഷ ജനാധിപത്യ രാജ്യം പുറന്തള്ളിയ ഹിന്ദു പുരാണങ്ങളിൽ അധിഷ്ഠിതമായ നിയമങ്ങളെ പുനസ്ഥാപിക്കുവാനുള്ള ശ്രമങ്ങളാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത ചിന്താമണി കൊലക്കേസ് (2006), ശങ്കർ സംവിധാനം ചെയ്ത അന്യൻ (2005), ബാല സംവിധാനം ചെയ്ത നാൻ കടവുൾ (2009) എന്നീ ചിത്രങ്ങളിലൂടെ പ്രകടമാകുന്നത്.

ചിന്താമണി കൊലക്കേസ്

പരാജയപ്പെടുന്ന നിയമ സംവിധാനങ്ങളാണ് രണ്ടായിരങ്ങളിലെ രാഷ്ട്രീയ സിനിമകളുടെ പൊതുവായ ഉള്ളടക്കം. അഴിമതിയിൽ മുങ്ങിപ്പോകുന്ന സർക്കാർ സ്ഥാപനങ്ങൾ, കൈക്കൂലിക്കാരായ രാഷ്ട്രീയ നേതാക്കൾ, സാധാരണക്കാർക്ക് അപ്രാപ്യമാകുന്ന കോടതികൾ എന്നിവ അക്കാലത്തെ പോപ്പുലർ തമിഴ്/മലയാളം സിനിമകളുടെ സ്ഥിരം ചേരുവകളാണ്. സാധാരണ മനുഷ്യരുടെ രക്ഷകനായി അവതരിക്കുന്ന നായകശരീരം നടത്തുന്ന ഒറ്റയാൾ പോരാട്ടങ്ങളാണ് ഇത്തരം സിനിമകളുടെ ഇതിവൃത്തം.

സർക്കാർ തലപ്പത്തും ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തും നടക്കുന്ന അഴിമതിയും ചൂഷണ വിധേയരാകുന്ന ജനങ്ങളും നോക്കുകുത്തികളായി മാറുന്ന ജുഡീഷ്യറിയുമാണ് രണ്ടായിരങ്ങളിലെ സിനിമകളുടെ പൊതുവായ കഥാപരിസരം. തൊണ്ണൂറുകളുടെ ആദ്യ പകുതി മുതൽ സിനിമകളിൽ എത്തുന്ന സവർണ മാടമ്പി കഥാപാത്രങ്ങൾ സൃഷ്ടിച്ച ആക്രമണോൽസുക അന്തരീക്ഷത്തിൽനിന്നും ഒരുപടി മുന്നോട്ടുപോകുന്ന കലാപാനന്തര സിനിമകൾ ഇന്ത്യൻ ജുഡീഷ്യറിയുടെ സമാന്തരമായി ഹിന്ദു നിയമങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് ശ്രദ്ധേയമാകുന്നത്. അന്യൻ, ചിന്താമണി കൊലക്കേസ്, നാൻ കടവുൾ എന്നീ ചിത്രങ്ങളെ വ്യത്യസ്തമാക്കുന്നത് ഹിന്ദു ആത്മീയ പരിസരങ്ങളിൽ ഊന്നിനിന്നുകൊണ്ടുള്ള നായക ശരീരത്തിന്റെ നീതി നിർവഹണമാണ്. പ്രസ്തുത നിയമങ്ങൾ കണ്ടെടുക്കുന്നത് ഹിന്ദു പുരാണ ഗ്രന്ഥങ്ങളിൽ നിന്നുമാണ്.

അന്യൻ

ചിന്താമണി കൊലക്കേസിലെ നായകനായ അഡ്വക്കേറ്റ് ലാല്‍ കൃഷ്ണ എന്ന തമിഴ്ബ്രാഹ്മണ കഥാപാത്രം അയാളെ സ്വയം വിശേഷിപ്പിക്കുന്നത് പേരിന്റെ ചുരുക്കെഴുത്തായ എൽ കെ എന്നാണ്. എൽ കെ എന്നാൽ ‘ലൈസൻസ് ടു കിൽ’ (കൊല്ലുവാൻ അധികാരമുള്ള ആൾ) എന്നുകൂടി അർത്ഥമുണ്ടെന്ന് നായകൻ സ്വയം പ്രഖ്യാപിക്കുന്നു. കോടതിയുടെ നീതി നിർവഹണത്തിൽ വിശ്വാസമില്ലാത്ത ലാൽ കൃഷ്ണ ‘കോസ്മിക് ലോ’യിലാണ് വിശ്വസിക്കുന്നത്.

“നീതിയെ താങ്ങി നിർത്തുന്ന നിയമങ്ങൾക്ക് ശേഷി നഷ്ടപ്പെടുമ്പോൾ ഭൂമിയിൽ അവതാരങ്ങൾ പിറവിയെടുക്കും” എന്ന ആത്മഭാഷണം നടത്തുന്ന ലാൽ കൃഷ്ണ അയാളുടെ വീട്ടിനുള്ളിൽ തികഞ്ഞ സാത്വികനും പുറത്ത്‌ കുറ്റവാളികളുടെ ജീവനെടുത്ത്‌ ‘കോസ്മിക് ലോ’ പുനർസ്ഥാപിക്കുന്ന നിയമത്തിന്റെ പടയാളിയുമാണ്. മുസ്ലിമായ ഇസ്രാ ഖുറേഷിക്കും ക്രിസ്ത്യാനിയായ ഡേവിഡ് രാജരത്നത്തിനും ലാൽ കൃഷ്ണ മരണ ശിക്ഷ വിധിക്കുമ്പോൾ ‘ബൃഹദാരണ്യക ഉപനിഷത്തിലെ’ ശാന്തി മന്ത്രമായ ‘അസതോമ സദ്ഗമയ’ എന്ന ശ്ലോകമാണ് ഉരുവിടുന്നത്. ശാന്തി മന്ത്രത്തെ ലാൽ കൃഷ്ണ നീതിയുടെ സ്വരം എന്നാണ് വിശേഷിപ്പിക്കുന്നത്. മനുവും ബൃഹസ്പതിയും ജനിച്ച ഭാരത മണ്ണിന്റെ പവിത്രതയെ സംരക്ഷിക്കും എന്ന് ശപഥമെടുത്ത നായകൻ ഭഗവത്ഗീതയിലും ഗരുഡപുരാണത്തിലും അഗാധമായ പാണ്ഡിത്യം നേടുകയും ‘കോസ്മിക് ലോ’യുടെ നടത്തിപ്പിനായി ഇവയിൽ നിന്നുള്ള ആഹ്വാനങ്ങൾ കർശനമായി പാലിക്കുകയും ചെയ്യുന്നു.

നാൻ കടവുൾ

ശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘അന്യൻ’ ഒളിച്ചു കടത്തിയ ഹിന്ദുത്വ നിയമങ്ങൾ ചിന്താമണി കൊലക്കേസിന് സമാനമാണ്. ബൈപോളാർ വ്യക്തിത്വം എന്ന മാനസികാസുഖത്തിൽ ജീവിക്കുന്ന അംബി എന്ന തമിഴ് ബ്രാഹ്മണ യുവാവിന്റെ കഥ പറഞ്ഞ അന്യൻ പുറത്തിറങ്ങുന്നത് 2005ലാണ്. അഴിമതി നിറഞ്ഞ സർക്കാർ ഓഫീസുകളെ ധാരാളമായി ചിത്രീകരിക്കുന്ന സിനിമ നിഷ്കളങ്കനായ അംബിയുടെ ജീവിതം ദുർഘടമാകുന്നതെങ്ങനെയെന്ന് പ്രേക്ഷകരെ അനുഭവിപ്പിക്കുന്നു. കൈക്കൂലിക്കാരായ, ഉത്തരവാദിത്വമില്ലാത്ത സർക്കാർ ഉദ്യോഗസ്ഥരെ അംബി രാജ്യദ്രോഹികളായാണ് കരുതുന്നത്. രാജ്യദ്രോഹികൾക്കായുള്ള കഠിന ശിക്ഷയായ മരണം വിധിക്കുന്നതും നടപ്പിലാക്കുന്നതും അമ്പിയുടെ അപര വ്യക്തിത്വമായ അന്യനാണ്.

ലാൽകൃഷ്ണയെ പോലെ അംബിയും അഭിഭാഷകനാണ്. ഫ്യൂഡൽ കാലത്തിന്റെ പതനത്തിനുശേഷം പഴയകാല പ്രതാപങ്ങളെ ചേർത്തുവെക്കാൻ ലാൽ കൃഷ്ണക്കും അംബിക്കും കഴിയുന്നത് വക്കീൽ പണിയാലും പുരാണങ്ങളിലുള്ള അറിവാലുമാണ്. കോടതിയിൽ നിന്ന് ലഭ്യമാകാത്ത നീതി ഇവർ കണ്ടെത്തുന്നത് ഗരുഡപുരാണം എന്ന ഗ്രന്ഥത്തിൽനിന്നുമാണ്. ഇരുളറകളിൽ പൂട്ടിയിട്ട കുറ്റവാളികളെ മൃഗങ്ങളെ ഉപയോഗിച്ചുകൊണ്ട് കൊല്ലുന്ന ചിത്രവധമായ അന്ധകൂപം കൊലയാളികൾക്കുള്ള ശിക്ഷയാണ്. മനുഷ്യരെ തിളച്ച എണ്ണയിലിട്ട് കൊല്ലുന്ന കുമ്പിവാഗം സ്വാർത്ഥരായ കുറ്റവാളികൾക്കുള്ള ശിക്ഷയും കുളയട്ടകളെ ഉപയോഗിച്ച് രക്തംകുടിപ്പിച്ചു കൊല്ലുന്ന കൃമിഭോജനം അഴിമതിക്കാർക്കുള്ള ശിക്ഷയുമാണ്. സംസ്കൃതത്തിലും വേദങ്ങളിലും പുരാണങ്ങളിലും അഗാധ പാണ്ഡിത്യമുള്ള ബ്രാഹ്മണ കുടുംബത്തിലെ അംഗം എന്ന നിലയ്ക്ക് അംബി കുറ്റത്തിന് ആനുപാതികമായി ലഭിക്കേണ്ട ശിക്ഷകകളെക്കുറിച്ചുള്ള ഇത്തരം അറിവുകൾ നേടിയിട്ടുണ്ട്. ജനാധിപത്യ ഇന്ത്യയിൽ നരകത്തിലെ ശിക്ഷാനടപടികൾ സാധ്യമല്ല എന്നു മനസ്സിലാക്കുന്ന അംബി അയാളുടെ അപരവ്യക്തിത്വമായ അന്യനെ ഉപയോഗിച്ചുകൊണ്ടാണ് ‘ഗരുഡപുരാണ നീതി’ നടപ്പിലാക്കുന്നത്. സാധാരണ സ്കൂൾ-കോളേജ് വിദ്യാഭ്യാസം മാത്രം നേടിയ ശരാശരി ഇന്ത്യൻ പ്രേക്ഷകർക്ക് ബ്രാഹ്മണ്യത്തിന്റെ നീക്കുപോക്കുകളെ അത്ഭുതത്തോടെ കണ്ട് സ്വീകരിക്കാൻ മാത്രമേ കഴിയു.

കുളയട്ടകളെ ഉപയോഗിച്ച് രക്തംകുടിപ്പിച്ചു കൊല്ലുന്ന കൃമിഭോജനം അഴിമതിക്കാര്‍ക്കുള്ള ശിക്ഷയാണ് (അന്യന്‍ സിനിമയില്‍ നിന്ന്‌)

പ്രശസ്ത തമിഴ് എഴുത്തുകാരനായ ജയമോഹന്റെ ഏഴാം ഉലകം എന്ന തമിഴ് നോവലിന്റെ സിനിമാറ്റിക് ആവിഷ്കാരമാണ് 2009 ൽ പുറത്തിറങ്ങിയ, ബാല സംവിധാനം ചെയ്ത ‘നാൻ കടവുൾ’ എന്ന ചിത്രം. മികച്ച സംവിധായകനുൾപ്പെടെയുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ചലച്ചിത്രത്തിലെ നായകൻ ശിവന്റെ പ്രതിപുരുഷനായ അഘോരി സന്യാസിയാണ്. മനുഷ്യർക്ക് മോക്ഷവും പുനർജന്മത്തിൽ നിന്നുള്ള മുക്തിയും നൽകാൻ കഴിയുന്ന അഘോരികളുടെ ജീവിതത്തിനോടൊപ്പം തമിഴ്നാട്ടിലെ ഭിക്ഷാടന മാഫിയയുടെ അധോലോകത്തെക്കൂടി ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. ഇഹലോകത്തോടും ഇവിടത്തെ നിയമ സംവിധാനങ്ങളോടും തികഞ്ഞ നിസംഗത പുലർത്തുന്ന രുദ്രൻ എന്ന അഘോരി സന്യാസി സ്വയം ദൈവമായി തന്നെയാണ് സങ്കൽപ്പിക്കുന്നത്.

മുമ്പ് സൂചിപ്പിച്ച രണ്ട് സിനിമകളിലെയും പോലെ നിലനിൽക്കുന്ന നിയമസംവിധാനങ്ങൾ പരാജയപ്പെടുന്ന ഇടമാണ് ഇവിടെയും കഥയുടെ ഭൂമിക. ഭിക്ഷാടന മാഫിയയുടെ വിശാലമായ നെറ്റ്‌വർക്കും, മനുഷ്യ കച്ചവടവും, നോക്കുകുത്തികളായി മാറിയപ്പോകുന്ന പോലീസും നിറഞ്ഞ ലോകത്തേക്കാണ് രുദ്രൻ കടന്നുവരുന്നത്. സന്യാസിയായ അയാൾ ചെയ്യുന്ന മൂന്ന് കൊലപാതകങ്ങളെയും ചിത്രത്തിൽ മഹത്വവൽക്കരിക്കുന്നുണ്ട്. കൊല്ലുവാൻ അധികാരമുള്ള സന്യാസി ഹിന്ദു പുരാണങ്ങളുടെ സൃഷ്ടിയാണ്. വിശ്വാമിത്രന്റെയും പരശുരാമന്റെയും ദുർവാസാവിന്റെയും കഥകൾ കേട്ടുവളർന്ന ശരാശരി ഇന്ത്യൻ സമൂഹത്തിന് സിനിമയിലെ സന്യാസി ശരീരത്തിന്റെ താണ്ഡവ നൃത്തവും രൗദ്ര ഭാവവും ഹിംസാത്മക സ്വഭാവവും നടുക്കം ഉണ്ടാക്കുന്നില്ല. രുദ്രനെ ചോദ്യം ചെയ്യാൻ കഴിയാതെ ഭയഭക്തിയോടെ വിട്ടയക്കുന്ന പോലീസുകാർ ഹിന്ദു വേദാന്ത നിയമങ്ങളോട് സമരസപ്പെടുന്ന പ്രേക്ഷകരുടെ പ്രതിരൂപങ്ങളാണ്. ഭിക്ഷാടന മാഫിയയുടെ കയ്യിലകപ്പെട്ട് ക്രൂരപീഡനങ്ങൾ അനുഭവിക്കുന്ന ഹംസവല്ലി എന്ന അന്ധഗായികയുടെ കഴുത്തറുത്ത് ജീവിതത്തിൽ നിന്ന് മോക്ഷം നൽകുന്ന രുദ്രനെ പ്രേക്ഷകർ സ്വീകരിക്കാൻ കാരണം അയാൾ ശിവന്റെ പ്രതിരൂപമായതാണ്.

ചിന്താമണി കൊലക്കേസ്, അന്യന്‍ സിനിമകളിലെ ബാല്യകാല രംഗങ്ങള്‍

അക്രമാസക്തരായ നായകർക്കുവേണ്ടി നീതീകരിക്കപ്പെടാവുന്ന ഫ്ലാഷ്ബാക്കുകൾ സിനിമ എപ്പോഴും കരുതിവെച്ചതിട്ടുണ്ടാവും. മൂന്നു ചിത്രങ്ങളിലെയും നായകർ നീതിനിഷേധത്തിന്റെയും അരാജകത്വത്തിന്റെയും ഇരകളാണ്. അധ്യാപകനെ ഒരുകൂട്ടം അക്രമികൾ വെട്ടിക്കൊല്ലുന്നത് കാണേണ്ടിവരുന്ന ബാല്യമാണ് ലാൽ കൃഷ്ണയുടേത്. അയാളുടെ മുഖത്ത്‌ തെറിച്ചുവീണ ചോരതുള്ളികൾ ഭരണകൂടം ഏൽപ്പിക്കുന്ന ഉണങ്ങാത്ത മുറിവാണ്.

സഹോദരിയുടെ അപകടമരണത്തിന്റെ ഉത്തരവാദിയായ സ്റ്റേറ്റിനെതിരെ കേസുവാദിച്ചു തോറ്റ അച്ഛന്റെ ദുഃഖം അറിയുന്ന അമ്പിയും, ചെറുപ്പത്തിൽതന്നെ അന്യസംസ്ഥാനത്ത് ഉപേക്ഷിക്കപ്പെട്ട രുദ്രനും സ്റ്റേറ്റിനോട് സ്വാഭാവികമായും പകയുള്ളവരാകുന്നു. സ്റ്റേറ്റ് അവരുടെ ബാല്യകൗമാര യൗവനങ്ങളിൽ ഇടപെടുന്നത് ക്രൂരമായാണ് എന്നത് നിയമം കയ്യിലെടുക്കാനും സ്റ്റേറ്റിനെതിരെ ഇവർ ചെയ്യുന്ന കുറ്റകൃത്യങ്ങളെ ന്യായീകരിക്കാനുമുള്ള കാരണമാകുന്നുണ്ട്.

അനീതിക്കെതിരെ നിയമം കയ്യിലെടുക്കുമ്പോൾ ഈ നായകർ ബ്രാഹ്മണരോ സന്യാസിമാരോ ആകേണ്ടതുണ്ട്. കൊല്ലുവാനും നിയമങ്ങൾ ഉണ്ടാക്കുവാനും അത് നടപ്പിലാക്കുവാനുമുള്ള അധികാരം ഹിന്ദുമതം ഇവർക്ക് മാത്രമേ നൽകുന്നുള്ളു. ഹിന്ദു പുരാണ ഗ്രന്ഥങ്ങൾ സൂചിപ്പിക്കുന്ന ഇരുപത്തെട്ട് നരകങ്ങളാണ് ഈ സിനിമകൾ പങ്കുവയ്ക്കുന്ന മറ്റൊരു പ്രധാന ആശയം. ഇന്ത്യൻ ജയിലുകളിൽ നൽകുന്ന ശിക്ഷകൾ അപര്യാപ്തമാണ് എന്ന സൂചന നൽകിക്കൊണ്ടാണ് നരകങ്ങളിലെ ക്രൂര പീഡനങ്ങൾ സിനിമയിലൂടെ കാട്ടിത്തരുന്നത്.

സ്ത്രീധനം നൽകാൻ വേണ്ടി ഭൂമി വിൽക്കാൻ തയ്യാറാവുന്ന കാമുകിയെ അംബിക്ക് സഹായിക്കേണ്ടിവരുമ്പോഴും രജിസ്ട്രേഷനിലുള്ള അഴിമതിക്കെതിരെ അയാൾ 'ഗരുഡപുരാണ' ശിക്ഷ നടപ്പിലാക്കാൻ തയ്യാറാവുന്നു.

കാലഘട്ടത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളോട് തികഞ്ഞ വിപ്രതിപത്തി പുലർത്തുന്ന സംവിധായകർ സിനിമ ലക്ഷ്യംവെക്കുന്ന സമൂഹത്തിന്റെ ആചാരങ്ങളെ മുറിവേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല. സ്ത്രീധനം എന്നത് ഹിന്ദു ആചാരങ്ങളുടെ ഭാഗമാണ്. കുറഞ്ഞപക്ഷം അതൊരു കീഴ്വഴക്കമെങ്കിലുമാണ്. ഇക്കാരണം കൊണ്ടാണ് നിയമംമൂലം നിരോധിച്ച സ്ത്രീധന സമ്പ്രദായത്തെ അംബിക്ക് അംഗീകരിക്കേണ്ടിവരുന്നത്. സ്ത്രീധനം നൽകാൻ വേണ്ടി ഭൂമി വിൽക്കാൻ തയ്യാറാവുന്ന കാമുകിയെ അംബിക്ക് സഹായിക്കേണ്ടിവരുമ്പോഴും രജിസ്ട്രേഷനിലുള്ള അഴിമതിക്കെതിരെ അയാൾ 'ഗരുഡപുരാണ' ശിക്ഷ നടപ്പിലാക്കാൻ തയ്യാറാവുന്നു.

ഭിക്ഷ വാങ്ങുന്നതും കൊടുക്കുന്നതും ഹിന്ദു ധർമത്തിന്റെ ഭാഗമാണ്. ഭിക്ഷാടന നിരോധന നിയമം ശക്തമാക്കുന്നതുവരെ ക്ഷേത്ര പരിസരങ്ങളിൽ കണ്ടുകൊണ്ടിരുന്ന ഹിന്ദുദൈവ പ്രച്ഛന്ന വേഷക്കാരായ ഭിക്ഷാടകർ ഈയൊരു പാരമ്പര്യത്തിന്റെ തുടർച്ചയാണ്. 'നാൻ കടവുളിലെ ' രുദ്രൻ ഭിക്ഷാടനത്തിന് എതിരല്ല. ഭിക്ഷാടകരുടെ ദുഖവും യാതനകളും മതത്തിന്റെ ആത്മീയതയുടെ ഭാഗമായിത്തന്നെ അയാൾ മനസിലാക്കുന്നു.

കാശ്മീർ ഫയല്‍സ്‌, ആർ.ആർ.ആർ, പത്മാവത്

യഥാർത്ഥമായ ജീവിത പരിസരങ്ങളിൽ യുക്തിപരമല്ലാത്ത സാങ്കല്പിക ലോകത്തെ അധിനിവേശിപ്പിച്ചുകൊണ്ട് തീർപ്പ് കൽപ്പിക്കുകയാണ് ഈ ചിത്രങ്ങൾ. അഴിമതിയിൽ മുങ്ങി നിൽക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തെയും അതിനോട് പ്രതികരിക്കാൻ കഴിയാത്ത വിധം തളർന്നുപോയ ഇന്ത്യൻ യുവത്വത്തെയുമാണ് ഈ സിനിമകൾ ലക്ഷ്യം വയ്ക്കുന്നത്. ആർഎസ്എസ് നേതാവും സൈദ്ധാന്തികനുമായ ഗോൾവാൾക്കറിന്റെ ‘രാജ്യം’ എന്നുള്ള ആശയത്തെ അടിവരയിടുന്നതാണ് ഈ ചിത്രങ്ങൾ. ഇതിലെ നായകർ ഇന്ത്യൻ ദേശീയതയുടെ വക്താക്കളാണ്. അവർ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്ന മൂല്യങ്ങൾ രാജ്യത്തിന്റെ നഷ്ടപ്പെട്ടുപോയ സംസ്കാരത്തിന്റെ ഭാഗമാണെന്ന് സിനിമ പ്രേക്ഷരെ തെറ്റിദ്ധരിപ്പിക്കുന്നു. ഇന്ത്യയുടെ ബഹുസ്വരതയെ നിഷേധിച്ചുകൊണ്ട് ഏക ശിലാത്മകമായ ഒരു നിയമ സംവിധാനം (hindu code) നിലവിൽ വരണം എന്ന ആശയമാണ് ചിത്രം പങ്കുവെക്കുന്നത്. ഈ കാലഘട്ടത്തിൽ ആവർത്തിച്ചു വരുന്ന ഇത്തരം കഥാപാത്രങ്ങൾ ഇന്ത്യൻ ജനത നേരിട്ട അസ്തിത്വ പ്രശ്നം കൂടിയാണ്. അംബി നിസ്സഹായരായ ഇന്ത്യൻ മധ്യവർഗ യുവത്വത്തിന്റെ പ്രതീകവും, അന്യനും ലാൽകൃഷ്ണയും രുദ്രനും നീതിക്കുവേണ്ടിയുള്ള അവശേഷിക്കുന്ന പ്രതീക്ഷയുമാണ്. ആത്മീയ അന്വേഷണത്തിലേക്ക് ഇറങ്ങി പുറപ്പെടുന്ന തൊണ്ണൂറുകളിലെ ആറാം തമ്പുരാൻ കഥാപാത്രങ്ങളെ പുതുക്കിപ്പണിയുന്ന കാലഘട്ടം കൂടിയാണ് രണ്ടായിരത്തിന്റെ ആദ്യ പകുതി. ഹിന്ദു ആത്മീയതയുടെ അന്വേഷണങ്ങൾക്കൊടുവിൽ രണ്ടായിരങ്ങളിലെ നായകൻ എത്തുന്നത് തീവ്ര ആത്മീയ ആശയ ലോകത്താണ്. മൂന്ന് സിനിമയിലെ നായകരും ഇനിയും അവതാരങ്ങളായി ഭൂമിയിൽ ഉണ്ടാകുമെന്നും കോസ്മിക് ലോ നിലനിർത്താൻ ഇനിയും ഇടപെടലുകൾ നടത്തുമെന്നുമുള്ള സൂചന നൽകിയാണ് സിനിമകൾ അവസാനിക്കുന്നത്. ഈ മൂന്ന് സിനിമകളും സാമ്പത്തിക വിജയം നേടുന്നത് അവതാരങ്ങൾ ഇനിയും പുനർജനിക്കും എന്ന പ്രതീക്ഷയുടെ പിൻബലത്തിലാണ്.

2014 ന് ശേഷം ഹിന്ദുത്വ കൂടുതൽ ഉഗ്രരൂപം നേടുമ്പോൾ മറ്റ് മതവിഭാഗങ്ങളെ നേരിട്ട് ആക്രമിച്ചു കൊണ്ടുള്ള സിനിമകൾ പിറവിയെടുക്കുന്നു. ഈ മാറ്റം ഹിന്ദുത്വ രാഷ്ട്രീയം പറയുന്ന സിനിമയുടെ സ്വാഭാവിക പരിണാമമാണ്. കാശ്മീർ ഫയല്‍സ്‌, ആർ ആർ ആർ, പത്മാവത് തുടങ്ങിയ സിനിമകളുടെ കണ്ണിയിലേക്ക് പുതിയ പ്രൊപ്പഗാണ്ട സിനിമകൾ എത്തിക്കൊണ്ടിരിക്കുന്നു എന്നതാണ് അവസാന കാഴ്ച . ഹിന്ദുത്വ സിനിമകൾ പരിണാമ ഘട്ടത്തിലൂടെയാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. ദേശീയതയെ പുനർനിർവചിച്ചുകൊണ്ട് അവ ഓരോ കാലത്തും എത്തികൊണ്ടിരിക്കും. സിനിമയുടെ ചരിത്രം നമ്മെ കാണിച്ചുതരുന്നത് അതാണ്.

Comments