പൃഥ്വിരാജിനോടൊരു ചോദ്യം; നിങ്ങൾ ശരിക്കും പാട്രിയാർക്കിയുടെ ആളല്ലേ?

മലയാളിയുടെ "daddy's കൾച്ചർ' വൃത്തിയായി മറമാറ്റി തുറന്നു കാണിച്ചെന്ന നിലയിൽ ഈ സിനിമ വേറിട്ട് നിൽക്കുന്നുവെന്ന് പറയാം. അതിനപ്പുറം, പരമ്പരാഗത പുരുഷാധികാരത്തിന് മറ്റൊരു മുതൽക്കൂട്ടെന്നേ, പുതിയ തലമുറയെ വേണമെങ്കിൽ പ്രതിനിധീകരിക്കാവുന്ന, പ്രിഥ്വിരാജെന്ന സംവിധായകൻ സിനിമയിലൂടെ കാട്ടി തരുന്നുള്ളൂ.

ഒന്ന്

പിതൃ ബിംബങ്ങൾ മലയാളസിനിമയിൽ അനിഷേധ്യമായ സാന്നിധ്യമാണ്. കണ്ടു ശീലിച്ച പിതൃ രൂപ കഥാപാത്രങ്ങൾക്കപ്പുറം, ബ്രോ ഡാഡി എന്ന സിനിമ കണ്ടപ്പോൾ സ്വവർഗാനുരാഗികളുടെ (gays) ഇടയിൽ സാധാരണമായി നിലനിൽക്കുന്ന ഡാഡി ട്രൈബ് എന്ന പദമാണ് ഓർമ വന്നത്. മലയാള സിനിമാ പ്രമേയങ്ങളുടെ പശ്ചാത്തലത്തിൽ, കുറച്ചധികം ആഴത്തിൽ പഠിക്കപ്പെടേണ്ട ഒന്നാണ് ഈ ബന്ധം.

അച്ഛനും മകനുമെന്ന അധികാര ശ്രേണിയിൽ നിന്ന് കൊണ്ട് തന്നെ, തന്നെക്കാളും വളരെ പ്രായം കുറഞ്ഞ ഒരാണിനോട് തോന്നുന്ന ലൈംഗിക താല്പര്യവും പരിഗണനയും സംരക്ഷണയുമൊക്കെയാണ് ഡാഡി ട്രൈബിന്റെ പ്രത്യേകത. സിനിമയുടെ മൂലകഥയും തിരക്കഥയും ഈ ഒരു വിഷയത്തെ അറിഞ്ഞു കൊണ്ട് തന്നെയാണോ തയ്യാറാക്കപ്പെട്ടതെന്ന്, സിനിമയിൽ, മോഹൻലാൽ- പൃഥ്വിരാജ് ഇടപെടുന്ന ഓരോ നിമിഷങ്ങളിലും തോന്നിക്കൊണ്ടിരുന്നു. അച്ഛന്റേയും അമ്മയുടെയും പ്രണയ നിമിഷങ്ങൾക്ക് നിരന്തരം സാക്ഷിയാകുന്ന മകൻ, ഇത്തരം "സ്വത സിദ്ധമായ' നിരീക്ഷണങ്ങളിലൂടെ, അച്ഛനിൽ നിന്നും മാർഗ ദർശനം ലഭിക്കുകയും അത് വഴി അച്ഛന്റെ മൂല്യമാണ് ഈക്കാര്യങ്ങളിൽ തന്റെയുമെന്നു തിരിച്ഛറിയുകയും ചെയ്യുന്നു. മല്ലികാ സുകുമാരന്റെ മുത്തശ്ശി കഥാപാത്രത്തിന്റെ ഭാഷയിൽ, അച്ഛനും മകനും "ആണെന്ന' നിലയിൽ "കഴിവ് തെളിയിച്ഛവരാണ്'. സ്വന്തം ഭാര്യയെയോ, ഭാര്യയാകാൻ അച്ഛനും അമ്മയും അംഗീകരിച്ഛ പെണ്ണിനെയോ ഗർഭിണിയാക്കുമ്പോഴാണ് ആണത്തമെന്ന ടോക്‌സിക് പ്രയോഗമാണത്. ഇങ്ങനെയാണ് ആദ്യം മുതൽ അവസാനം വരെ കഥയുടെ പോക്ക്.

അത് കൊണ്ട് ഇവിടെ മോഹൽലാൽ എന്ന ഹോട്ട് ഡാഡിയാണ് എല്ലാത്തിന്റെയും ചരട് വലിക്കുന്ന വ്യക്തി. അയാളുടെ മൂല്യങ്ങളും ശരി തെറ്റുകളുമാണ് സിനിമ നോർമലൈസ് ചെയ്യുന്നത്. അയാൾക്ക് സ്വന്തം മകനോടുള്ള അഗാധ ബന്ധം ഏതു തരത്തിലുമുള്ള അയാളുടെ "തെറ്റുകളെയും' ക്ഷമിക്കാനും തിരുത്താനും കാരണമാവുന്നു. ദയാലുവും ഉദാരമതിയുമായ ഈ ഡാഡിയുടെ ഇടപെടലാണ് അവിവാഹിതരായ രണ്ടു പേരുടെ നാല് വർഷത്തോളം രഹസ്യമായ ഇണചേരലും ഗർഭവും അംഗീകരിക്കപ്പെടാൻ വഴി തെളിക്കുന്നത്. ഗർഭ വാർത്ത അറിയും മുന്നേ വിവാഹം കഴിക്കാൻ പോലും തയ്യാറാവാത്ത "ഈശോക്ക്' ഈ ഹോട്ട് ഡാഡി അല്ല ഉണ്ടായിരുന്നതെങ്കിൽ, പകരം അന്നക്കു ഹോട്ട് ഡാഡി ആയിരുന്നെങ്കിൽ ഈ ഗർഭത്തിന് എന്ത് സംഭവിച്ചേനേയെന്ന് ആലോചിക്കാതിരുന്നില്ല.

മീന, മോഹൻലാൽ ബ്രോ ഡാഡിയിലെ രംഗം

പുരുഷന്റെ ലൈംഗിക സ്വാതന്ത്ര്യത്തിനു പിതൃ പരിഗണനയും സംരക്ഷണവും കൊടുക്കുകവഴി പുരുഷന്റെ ലൈംഗികാന്വേഷണത്തെ പരസ്യമായി പിന്തുണക്കുക കൂടെയാണ് ഈ സിനിമ. വാസ്തവത്തിൽ, ലാലേട്ടനെ ഇഷ്ടപ്പെടുന്ന പല ആണുങ്ങളും അദ്ദേഹത്തിന്റെ ലൈംഗിക സ്വാതന്ത്ര്യ നിലപാടിന്റെ കടുത്ത ആരാധകരാണ്. പിതാവെന്നത് ഇവിടെ ലൈംഗികാധികാരവും അനുവാദവും കൊടുക്കുന്ന ആളാണ്, ഇണ ചേരലിലെ ശരി-തെറ്റുകളെ ന്യായം വിധിക്കുന്നയാളാണ്.

ആ രണ്ടു വീടുകളിലെയും അമ്മമാരുടെ കഥാപാത്രങ്ങൾ ഗർഭവാർത്ത അറിഞ്ഞത് മുതൽ പരിപൂർണ പിന്തുണ നൽകുന്നെങ്കിലും മോഹൻലാലിന്റെ പിതാവെന്ന കഥാപാത്രത്തിലൂടെ മാത്രമേ "ഈശോയുടെ' ഗർഭം ചുരുളഴിയുന്നുള്ളൂ. ഒടുവിൽ പൊതുസദസ്സിൽ അത് അവതരിപ്പിക്കപ്പെടുന്നതും അച്ഛനിലൂടെയാണ്. മലയാളിയുടെ "daddy's കൾച്ചർ' വൃത്തിയായി മറമാറ്റി തുറന്നു കാണിച്ചെന്ന നിലയിൽ ഈ സിനിമ വേറിട്ട് നിൽക്കുന്നുവെന്ന് പറയാം. അതിനപ്പുറം, പരമ്പരാഗത പുരുഷാധികാരത്തിന് മറ്റൊരു മുതൽക്കൂട്ടെന്നേ, പുതിയ തലമുറയെ വേണമെങ്കിൽ പ്രതിനിധീകരിക്കാവുന്ന, പ്രിഥ്വിരാജെന്ന സംവിധായകൻ സിനിമയിലൂടെ കാട്ടി തരുന്നുള്ളൂ.

അതോടൊപ്പം, നടിയെ ക്രൂരമായി ലൈംഗിക ചൂഷണം ചെയ്ത കേസ് പ്രശസ്ത നടനെതിരെ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയും അതിനെതിരെ മുന്നോട്ടു വരികയും ചെയ്ത ഒരു പുരുഷനും കൂടെയാണ് പൃഥിരാജെന്നു നമുക്ക് മറക്കാനാവില്ലല്ലോ.

ഒറ്റ കാഴ്ച്ചയിൽ പെട്ടെന്ന് മനസ്സിലാവാത്തതും, അത്രയും സൂക്ഷ്മമാകയാൽ പിടികിട്ടാത്തതും, എന്നാൽ സർവത്ര, പുരുഷന്റെ പ്രതാപമൂല്യങ്ങൾ നിറഞ്ഞതുമായ മുഹൂർത്തങ്ങളാണ് സിനിമയുടെ പ്രമേയം. ചുരുക്കത്തിൽ, പുരുഷനെന്ന മകനും അച്ഛനും നിയന്ത്രിക്കുന്ന രണ്ടു കുടുംബങ്ങളുടെയും ഒരു "അവിഹിത' ഗർഭ പ്രശ്‌നപരിഹാരത്തിന്റെയും കഥ മാത്രമാണ് ബ്രോ ഡാഡി. "ഇത്രേം നിസ്സാരമായ ഒരു കാര്യം പറയാനാണോ ഈ ഷോ ഓഫൊക്കെ നടത്തിയത് അങ്കിളേ' എന്ന പൃഥിരാജിന്റെ ഡയലോഗ് തന്നെയാണ് സിനിമ കണ്ടു തീർന്നപ്പോ അനുയോജ്യമായി തോന്നിയത്.

രണ്ട്

ഒരു സ്ത്രീയുടെ ഗർഭം പൊതുസമൂഹത്തിൽ അംഗീകരിക്കപ്പെടുന്നത് എപ്പോഴാണ്? കുഞ്ഞുങ്ങളെ ഉപേക്ഷിക്കലും കാണാതാവലും കേരളത്തിൽ കൂടിക്കൊണ്ടിരിക്കുമ്പോൾ യഥാർത്ഥ ലോകത്തെ പിതൃ രൂപങ്ങൾ ഏതു തരത്തിലുള്ള മാതൃകകളാണ് നൽകുന്നത്? അനുപമയുടെ കുഞ്ഞിന്റെ തിരോധനം തികച്ചും അപൂർവമായ ഒരു സംഭവമായി കേരളത്തിൽ അനുഭവപ്പെട്ടത് അവിവാഹിതയായ അമ്മയും വിവാഹിതനായ അച്ഛനും പൊതു സമൂഹത്തിൽ മുഖം മറക്കാതെ പ്രത്യക്ഷപ്പെട്ടത് കൊണ്ടാണ്.

മാതാപിതാക്കളുടെ മാനം രക്ഷിക്കാൻ കമിതാക്കളെ പല തരത്തിൽ കൊലപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന സംഭവങ്ങൾ മാത്രമേ നമ്മൾ വായിച്ചിട്ടുള്ളു. മാതാപിതാക്കളെ വിശ്വസിച്ചു, സ്വന്തം കുഞ്ഞിനെ അവർക്കു കൈമാറുകയും, പിന്നീട് കുഞ്ഞിനെ നഷ്ടപ്പെടുകയും, കുഞ്ഞിന് വേണ്ടി എല്ലാ സദാചാര നിരോധങ്ങളും അവഗണിച്ചു പൊതു സമൂഹത്തിലേക്കിറങ്ങി വരികയും ചെയ്ത അനുപമയെ നിലനിൽക്കുന്ന പിതൃരൂപമാതൃകയ്ക്കുപരിയായി കാണേണ്ടതുണ്ട്.

അനുപമയുടെ കുഞ്ഞിന്റെ തിരിച്ചു വരലിനു കൂട്ടുനിക്കണോ അതോ അവളുടെ "തോന്ന്യാസത്തിനു' പ്രാകണോ എന്നറിയാത്ത പിതൃ-മാതൃ രൂപങ്ങൾ നമ്മുടെ വീടകങ്ങളിലുണ്ട്. "ഒന്നുമില്ലേലും ആ കുഞ്ഞൊരു ജീവനല്ലേ, അവളൊരു അമ്മയല്ലേ, ഇങ്ങനേം അച്ഛനും അമ്മേമുണ്ടോ, അപ്പോ അജിത്തിന്റെ ഭാര്യേം കൂടെ അറിഞ്ഞോണ്ടാണോ, അനുപമയെ സമ്മതിക്കണം, എന്തൊരു തന്റേടിയാ' എന്നിങ്ങനെ അഭിപ്രായ പ്രകടനങ്ങളും വികാര വിക്ഷോഭങ്ങളും പൊടി പിടിക്കുകയായിരുന്നു അന്ന്. പൊതു മാധ്യമങ്ങളുടെ മുൻ പേജുകളിൽ സ്ഥാനം നേടിയ അനുപമയും കുഞ്ഞും നമ്മുടെ പിതൃ കേന്ദ്രീകൃതമായ സദാചാര വിചാരങ്ങളെ അടിമുടി ചിന്തിപ്പിച്ചു കളഞ്ഞു.

സിനിമാ ലോകത്തു മമ്മൂട്ടി ആയാലും മോഹൻലാലായാലും, അവർ ഒരേ സമയം അച്ഛനും, യൗവന തുടിപ്പോടെ കാമുക മോഹമുള്ള ഭർത്താവായുമൊക്കെ പ്രേക്ഷകരെ പുളകം കൊള്ളിച്ചാലും, ഗർഭവും പ്രസവവും വിവാഹവും കുടുംബങ്ങളിൽ അംഗീകരിക്കപ്പെട്ടതാണെങ്കിൽ ശുഭ പര്യവസായിയാകാനുള്ള സ്‌കോപ്പ് ഉണ്ടെന്ന് ബ്രോ ഡാഡി എന്തിനാണാവോ ഈ കാലത്തും പറഞ്ഞോണ്ടിരിക്കുന്നത്!? സിനിമയിൽ, ഈശോ എന്ന മകന്റെയും ഈശോ എന്ന കർത്താവിന്റേയും ജന്മചരിത്രം സൗകര്യപൂർവം പ്രേക്ഷകരുടെ ഭാവനക്ക് വിട്ടിട്ടുണ്ട്. പരിശുദ്ധാത്മാവിനാൽ ജനിച്ച കർത്താവീശോയും മോഹൻലാലിന്റെ മകനീശോയും തമ്മിലുള്ള സാമ്യങ്ങൾ പ്രേക്ഷകരെ ചിന്തിപ്പിക്കാൻ ശ്രമിക്കുന്നത് ഈ ഗർഭ ചരിത്രത്തെ പ്രതിയാണോ? ഫലിത നിർമ്മിതിയെ ലളിതമാക്കാൻ ശ്രമിക്കുമ്പോഴും, സങ്കീർണ്ണമായ ശൈലിയിലാണ് കഥാപാത്രങ്ങൾ പെരുമാറുന്നത്. സിനിമയുടെ പ്രൊമോഷൻ പോലെ അത്ര കൊച്ചു സിനിമയല്ല ഇതെന്നാണ് മനസ്സിലാവുന്നത്.

കാലഹരണപ്പെട്ട എല്ലാത്തരം കോയ്മകളുടെയും പൊളിച്ചെഴുത്തിനുള്ള സംഭവ പരമ്പരകൾ ചുറ്റും അരങ്ങേറുമ്പോഴും, നിർമ്മിത കാഴ്ചകൾ വീണ്ടും പറഞ്ഞു പഴകിയ അധികാര നിർവ്വഹണത്തിലേക്കാണ് സിനിമ നിർമാണം പണം മുടക്കുന്നത്. ഉദാഹരണത്തിന്, "നോമ്പ് കഴിഞ്ഞു കല്യാണം നടത്തിയാൽ .. അപ്പോഴേക്കും നാല് മാസമാവും.. അന്നേരം വയറൊക്കെ കുറച്ചു സ്വർണമൊക്കെ ഇട്ടു അഡ്ജസ്റ് ചെയ്യാം.'

മോഹൻലാലിന്റെ അച്ഛൻ കഥാപാത്രത്തിന്റെ ഈ ഡയലോഗ് മതി ഹോട്ട് ആൻഡ് ട്രെൻഡി ഡാഡിയുടെ പുറം പൂച്ചു പൊളിയാൻ. സ്ത്രീധന- സ്വർണസമ്മാനങ്ങൾ വിവാഹ സമയത്തു കൊടുക്കുന്നത് നിയമപരമായി നിരോധിക്കണമെന്ന ഇപ്പോഴുള്ള ചർച്ചകൾക്കും മേലെയാണ് അവ കൊണ്ട്, ഗർഭമെന്ന, വാസ്തവത്തിൽ തികച്ചും ജീവശാസ്ത്രപരമായ "തെറ്റിനെ' മറയ്ക്കാൻ ശ്രമിക്കുന്നത്. സ്വർണം അഭിമതവും ഒരു ജീവൻ അനഭിമതവുമാകുന്നുവെന്നുള്ള പരസ്യ പ്രസ്താവന അത്ര നിസ്സരമായി കണക്കാക്കാനാവില്ല! കുടുംബ ജീവിതത്തിനു തയ്യാറാവാത്ത മകനെയും അഭിമാനത്തിന്റെ പേരിൽ വിട്ടു വീഴ്ച ചെയ്യാൻ പ്രേരിപ്പിക്കുകയാണ് ഈ ഡാഡി. ജീവിതത്തെ പറ്റി ഒന്നുമറിയാത്ത മകനും എല്ലാമറിയാവുന്ന അച്ഛനും തമ്മിൽ അധികാരത്തിന്റെ വലിയൊരു അന്തരമുണ്ട്.

ഇത്രയും പറഞ്ഞത് നമ്മുടെ തുല്യതയില്ലാത്ത ഡാഡി സംസ്‌കാരം 2022 മഹാമാരിയുടെ ഓ.ടി.ടി കാലത്തും അടിപൊളിയായി പോകുന്നു എന്ന വളരെ ചെറിയ ഒരു കാര്യം കാണാതെ പോകരുതെന്ന് ഓർമിപ്പിക്കാനാണ്.

ഒടുവിൽ പൃഥ്വിരാജിനോടൊരു ചോദ്യം

നിങ്ങൾ നടൻ മാത്രമല്ല, ആക്രമിക്കപ്പെട്ട നടിയോടൊപ്പം നിന്ന് ശക്തമായ നിലപാടെടുത്ത, അവർക്ക് പൂർണ്ണ പിന്തുണ നൽകിയ മനുഷ്യൻ കൂടെയാണ്. ഈ സിനിമ കണ്ടപ്പോഴുണ്ടായ ആശയപരമായ വൈരുദ്ധ്യം കാരണമാണ് ചോദിക്കുന്നത്, നിങ്ങൾ ശരിക്കും പിന്തുണക്കുന്നത് പാട്രിയാർക്കിയെയും അതിന്റെ ചെറിയ-വലിയ രൂപങ്ങളേയുമല്ലേ?

Comments