മാറ്റിനി എന്ന സിനിമയില്‍ മൈഥിലി

കലർപ്പുകളുടെ ഐറ്റം ഡാൻസ്,
തകരുന്ന നൃത്തശരീരശുദ്ധി

കാബറേയിൽ നിന്ന് ഐറ്റം ഡാൻസിലേക്കെത്തുമ്പോൾ സ്വന്തം ശരീരത്തിന്റെ കർതൃത്വം ഏറ്റെടുക്കുകയും സദാചാരധ്വംസനങ്ങളെ അപലപിക്കുകയും ചെയ്യുന്നു. കാബറേ നൃത്തം ചെയ്യുന്ന ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് നായികമാരിലേക്കും പുരുഷൻമാരിലേക്കും ലിംഗഭേദമില്ലാതെ ഈ ശൈലിയെ വിപുലീകരിക്കുന്നു. സിനിമക്കു പുറത്ത് ലിംഗഭേദങ്ങളെ അതിർലംഘിച്ച് എല്ലാവരും ഇതേ നൃത്തം ചെയ്യുന്നു.

ഉന്മാദിനികൾ
ആടിത്തിമിർത്ത
തിരശ്ശീലകൾ: ഭാഗം രണ്ട്

ദ്യകാല മലയാള സിനിമകളിലെ സ്ക്രീൻ ഡാൻസിൽ ശാസ്ത്രീയനൃത്തത്തിനോടുള്ള ആഭിമുഖ്യം കൂടുതലായി കാണാം. അന്നത്തെ പ്രധാന നൃത്തസംവിധായകർ ക്ലാസിക്കൽ നൃത്തരംഗങ്ങളിൽ നിന്ന് വന്നവരായിരുന്നു. മുടിയനായ പുത്രൻ എന്ന സിനിമയിൽ പിറന്നാൾ ദിവസം അമ്പലത്തിൽ പോയി വരുന്ന രാധമ്മയോട് പിറന്നാളായിട്ട് നൃത്തമുണ്ടാവുമല്ലോ എന്ന് ചെല്ലമ്മ ചോദിക്കുന്നു. “എനിക്ക് പണക്കാരനായ ഒരു ഭർത്താവുണ്ട്, ഇഷ്ടംപോലെ സാരിയും ബ്ലൗസും എല്ലാ സുഖസൗകര്യങ്ങളും ഉണ്ട്, എന്നിട്ടും ഞാൻ ജീവിക്കുന്നില്ല എന്നു പറഞ്ഞാൽ നീ വിശ്വസിക്കുമോ” എന്ന് ചെല്ലമ്മയോട് രാധ പറയുന്നു.
എട്ടു വയസു മുതൽ നൃത്തം ചെയ്യുന്ന നായികയ്ക്ക് കല്യാണത്തിനുശേഷം നൃത്തം ചെയ്യാൻ അനുമതിയില്ല. ചെല്ലമ്മയെ അവൾ വീട്ടിലേക്ക് ക്ഷണിക്കുന്നു. ചെല്ലമ്മയുടെ മുന്നിൽ വച്ച് അവൾ നൃത്തം ചെയ്യുന്നു. ഈ രംഗം കാണുമ്പോൾ നമുക്കറിയാം, നൃത്തം എന്നത് കുടുംബ സദാചാര ബോധ്യങ്ങൾക്ക് പുറത്താണെന്ന്. നർത്തകിയെ ആട്ടക്കാരിയായി സിനിമ ചിത്രീകരിക്കുന്നു. ആട്ടക്കാരിക്ക് സിനിമ ചില അർത്ഥങ്ങൾ നൽകുന്നുമുണ്ട്.

മുടിയനായ പുത്രന്‍ എന്ന സിനിമയില്‍ അംബിക
മുടിയനായ പുത്രന്‍ എന്ന സിനിമയില്‍ അംബിക

മുടിയനായ പുത്രനിൽ നിന്ന് ‘രംഗം’ (ഐ.വി. ശശി / 1985) എന്ന സിനിമയിലെത്തുമ്പോൾ, നൃത്തത്തെ പ്രൊഫഷണലായി സ്വീകരിക്കുന്ന സ്ത്രീയെ കാണാം. അവൾ മോശക്കാരിയാവുകയും അവൾ സ്നേഹിക്കുന്ന പുരുഷനെ ചതിക്കുകയും ചെയ്യുന്നു. സ്വന്തം താല്പര്യങ്ങൾക്കായി സ്നേഹിച്ചവരെ മറക്കാൻ മടിയില്ലാത്തവളുമാകുന്നു. നർത്തകി / ആട്ടക്കാരി ആകുന്നതു വഴി കുടുംബം മറന്ന് ജീവിക്കാൻ തുടങ്ങുന്നവളായി സിനിമ അവളെ മുദ്ര കുത്തുന്നുണ്ട്. സിനിമയിൽ കുടുംബം എന്ന സ്ഥാപത്തിനു പുറത്താണ് സ്ത്രീയുടെ കല. നല്ല കുടുംബിനി ആകണമെങ്കിൽ വിവാഹത്തോടെ കലാജീവിതം ഉപേക്ഷിക്കേണ്ടിവരുന്നു. കാമുകനോ, ഭർത്താവിനോ വേണ്ടി, പ്രണയസ്വപ്നങ്ങളിൽ അവൾ നൃത്തം ചെയ്യുന്നു. പൊതുവേദികൾ അവൾക്ക് നിഷിദ്ധമാകുന്നു. എന്നാൽ ഈ നിഷിദ്ധ ഇടങ്ങളിലാണ് കാബറേ അവതരിപ്പിക്കപ്പെട്ടത്.

1964 -ൽ ഇറങ്ങിയ 'അന്ന' എന്ന സിനിമയിലെ ഈ ഗാനമാണ് മലയാളത്തിലെ ആദ്യ കാബറേ ചുവടുകൾ. വയലാറും ദേവരാജനും ചേർന്ന് ഒരുക്കിയ ഗാനത്തിന് എൽ. ആർ. ഈശ്വരിയുടെ ശബ്ദം കൂടി ചേരുമ്പോൾ അത് തുടർച്ചകളുള്ള ഒന്നാവുന്നു.

ആദ്യകാല വടക്കൻപാട്ട് സിനിമകളിൽ അധികവും ശാസ്ത്രീയനൃത്തങ്ങൾ ആയിരുന്നു. വടക്കൻപാട്ട് സിനിമകളിൽ കുളപ്പടവുകളിലുള്ള നൃത്തം സ്ഥിരം കാഴ്ചയാണ്. ഇത്തരം നൃത്തച്ചുവടുകൾ കാബറയിലേക്ക് വഴുതിവീഴാൻ തുടങ്ങിയതോടെ കാഴ്ചയുടെ കേന്ദ്രമായി സ്ത്രീശരീരം മാറി. 70- കളിൽ ഇറങ്ങിയ വടക്കൻപാട്ട് സിനിമകളിലെ ശാസ്ത്രീയനൃത്തത്തിന്റെ ചുവടുകൾ കാബറേയിൽ നിന്ന് വേർതിരിച്ചെടുക്കാൻ കഴിയാത്തവിധം വിളക്കിച്ചേർക്കപ്പെട്ടു. ഉദാഹരണത്തിന് പൊന്നാപുരം കോട്ട എന്ന സിനിമയിൽ ഒരു നൃത്ത മത്സരമുണ്ട്. "ആദിപരാശക്തി അമൃതവർഷിണി അനുഗ്രഹിക്കൂ ദേവി" എന്ന ഗാനരംഗത്ത് മയിലാട്ടം പോലെ ചെയ്യുന്നത് കാണാം. കാബേറേ നൃത്തത്തിൽ കാണുന്നതുപോലെ ശരീരം മൊത്തം കുലുക്കുന്ന ചുവടുകളും അതിലാസ്യ പ്രകടനങ്ങളും സിനിമയുടെ വിപണനമൂല്യം കൂട്ടി.

ആട്ടക്കലാശം എന്ന സിനിമയിൽ സിൽക്ക് സ്മിത, മോഹൻലാൽ
ആട്ടക്കലാശം എന്ന സിനിമയിൽ സിൽക്ക് സ്മിത, മോഹൻലാൽ

ആട്ടക്കലാശം (ശശികുമാർ / 1983) എന്ന സിനിമയിൽ കാബേറേ കണ്ടത് ഒരു കുടുംബത്തിന്റെ നാശത്തിനുതന്നെ കാരണമാകുന്നുണ്ട്. ബാലൻ എന്ന പോലീസ് ഇൻസ്പെക്ടറുടെ അനിയൻ ബാബു, ബാറിലിരുന്ന് മദ്യപിക്കുമ്പോൾ കാണുന്ന കാബറേ നൃത്തമുണ്ട്.

ഞാൻ രജനിതൻ കുസുമം
ഞാൻ മധുപനു ചഷകം
തേൻ‌കൂമ്പുകൾ തേനല്ലികൾ
നിൻ ചുണ്ടിനായ് എൻ ചുണ്ടുകൾ
വസന്ത് കുമാർ സംവിധാനം ചെയ്ത ഈ നൃത്തം അവതരിപ്പിക്കുന്നത് സിൽക്ക് സ്മിതയാണ്. വശ്യചലനങ്ങളും വശ്യഭാവങ്ങളും ചേർന്നതാണ് നൃത്തം. കുടിച്ച് മദോന്മത്തനായ ബാബു അവളുടെ നൃത്തത്തിൽ പ്രലോഭിതനാകുന്നു. നൃത്താവസാനം മദ്യലഹരിയിൽ അയാൾ അവളെ കയറിപ്പിടിക്കുന്നു. നർത്തകി അയാളെ തള്ളിമാറ്റുന്നു. മദ്യലഹരിയിൽ വീട്ടിലെത്തുന്ന അയാൾ ബാറിലെ നർത്തകിയാണെന്ന് തെറ്റിദ്ധരിച്ച് അയാളുടെ ചേട്ടത്തിയമ്മയെ കയറിപ്പിടിക്കുന്നു. ആ സമയത്ത് വീട്ടിലേക്ക് കയറിവരുന്ന ബാലൻ (ചേട്ടൻ) ശരിയല്ലാത്ത സാഹചര്യത്തിൽ ഭാര്യയെയും അനിയനെയും കണ്ട് സംശയിക്കുന്നു. അത് കുടുംബത്തിന്റെ തകർച്ചക്ക് വഴിയൊരുക്കുകയും ബാബുവിന്റെ മരണത്തിൽ അവസാനിക്കുകയും ചെയ്യുന്നു. ഒരു കാബേറേ നൃത്തം കുടുംബം തകർത്ത കഥയാണ് ഈ സിനിമയുടെ പ്രതിപാദ്യം. കാബറേയുടെ വശ്യതയാണ് അയാളെ വഴിതെറ്റിക്കുന്നത്. സിനിമയുടെ സദാചാരമൂല്യങ്ങൾ കുടുംബത്തെ കേന്ദ്രസ്ഥാനത്ത് നിർത്തിയാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ കാബറേ നർത്തകികൾ കുടുംബത്തിൽ നിന്ന് പുറത്താക്കപ്പെടുന്നു.

പൊന്നണിഞ്ഞ രാത്രി
പൂത്തുലഞ്ഞ രാത്രി
പൊന്മുത്തു കൊലുസുകള്‍ കെട്ടി
പൊട്ടിച്ചിരിയ്ക്കും രാത്രി -
1964 -ൽ ഇറങ്ങിയ 'അന്ന' എന്ന സിനിമയിലെ ഈ ഗാനമാണ് മലയാളത്തിലെ ആദ്യ കാബറേ ചുവടുകൾ. വയലാർ രാമവർമ്മയും ദേവരാജനും ചേർന്ന് ഒരുക്കിയ ഗാനത്തിന് എൽ.ആർ. ഈശ്വരി യുടെ ശബ്ദം കൂടി ചേരുമ്പോൾ അത് തുടർച്ചകളുള്ള ഒന്നാവുന്നു. തുടർന്നു എത്രയോ ഗാനങ്ങൾ ഈ ശബ്ദത്തിലൂടെ പുറത്തുവന്നു.

ദേവദാസിയല്ല ഞാൻ
ദേവയാനിയല്ല ഞാൻ
ആയിരത്തിലായിരത്തിലൊ-
രാരാധികയാണു ഞാൻ
1970- കളിൽ ഇറങ്ങിയ നിഴലാട്ടം എന്ന സിനിമയിലെ വയലാർ, ദേവരാജൻ, എൽ.ആർ. ഈശ്വരി കൂട്ടുകെട്ടിൽ പിറന്ന ഗാനമാണിത്. ബഹുമുഖമായ ചരിത്രജീവിതമുള്ളവരാണ് ദേവദാസികൾ. ആധുനികത കൊട്ടാരദാസി എന്ന സാമൂഹിക സന്ദർഭത്തിൽ തളച്ചിടുന്നുണ്ട് ഇവരെ. പെൺകുട്ടികളെ ക്ഷേത്രങ്ങളിൽ ദേവദാസിയായി സമർപ്പിക്കുന്ന പാരമ്പര്യം നിലനിന്നിരുന്നു. ഗണികകളായി ഇവരെ പരിമിതപ്പെടുത്തിയിട്ടുണ്ട് ഒരു കാലം. ഇത്തരത്തിലുള്ള എല്ലാ ചരിത്രജീവിതത്തെയും നിരാകരിച്ച് വരുന്നവളാണ് കാബറേ നർത്തകി എന്ന് ഗാനത്തിന്റെ വരികൾ സൂചന തരുന്നു. ദേവയാനി കഥയിലെ ചതികപ്പെട്ട, കാമുകിയായ ദേവയാനി അല്ല എന്നും നർത്തകി പാടി നൃത്തം ചെയ്യുന്നു. ഇത് പരമ്പര്യത്തിനും മാമൂലുകൾക്കും പുറത്താണ് കാബറേ നർത്തകി എന്ന അർഥം നല്കുന്നുണ്ട്.

അറേബിയാ അറേബിയാ
അന്ധകാരങ്ങള്‍ക്കായിരത്തൊന്നു-
ചന്ദ്രദലങ്ങള്‍ വിടര്‍ത്തും അറേബിയാ
ഞാനൊരു വിഷകന്യകാ,
മരുഭൂമിയിലെ വിഷകന്യക…
അറേബ്യൻ നാടോടിക്കഥയെ ആസ്പദമാക്കി നിർമ്മിച്ച ആലിബാബയും 41 കള്ളന്മാരും (ജെ. ശശികുമാർ / 1975) എന്ന സിനിമയിൽ ബിച്ചു തിരുമലയുടെ വരികൾക്ക് കെ.ജെ. ജോയ് സംഗീതം നൽകി എസ്. ജാനകി പാടിയ ഗാനമാണിത്. ഗാനരംഗത്ത് കാബറേ അവതരിപ്പിക്കുന്നുണ്ട്. ആലിബാബയുടെ സഹോദരൻ ആലിബാബയ്ക്ക് കൊടുക്കുന്ന വിരുന്നിലെ നൃത്തമാണിത്. അറേബ്യൻ സ്റ്റൈലിൽ അവതരിപ്പിക്കുന്ന ഈ നൃത്തത്തിൽ കാബറെ നൃത്തത്തിന്റെ ശൈലികൾ ചേർത്തുവച്ചിരിക്കുന്നു. കഥ ആവശ്യപ്പെടുന്ന നൃത്തരൂപങ്ങൾക്കിടയിൽ കാബറയുടെ ശൈലിയെ ചേർത്തുവയ്ക്കുകയാണ് ജനപ്രിയ സിനിമകളുടെ രീതി.

തെന്നലേ തൂമണം തൂകിവാ
തെന്നലേ തൂമണം തൂകിവാ
തിങ്കളേ വീഞ്ഞുമായ്‌ കൂടെവാ
കന്നിയിളം മേനിയിൽ ഇന്നു നിങ്ങൾ തഴുകും അംഗരാഗം കൊണ്ടുവാ
പൂങ്കുമ്പിളിൽ.....തൂരുരുരു...
കനകതളികയിൽ.....തൂരുരുരു...
ആ... ഹാഹാഹാ...
കല്ലിൽ പൂത്തുലഞ്ഞു കാളരാത്രികളിൽ ഞാൻ
കണ്ണിൽ കാമസൂത്രം പീലിവീശിയുണർന്നു
ശയ്യയിൽ പുളകമേകും വീണപൂവായി ഞാൻ പൂമേടയിൽ... തൂരുരുരുരു…
മദനലഹരിയിൽ... തൂരുരുരുരു...

ശക്തി ( (വിജയാനന്ദ് / 1980) എന്ന സിനിമയിലേതാണ് ഈ പാട്ട്. ഇതേ സിനിമയിലെ മറ്റൊരു പാട്ട്:

ചന്ദനശിലകളിൽ അമ്പിളി തഴുകിയ തീരം
സുന്ദരസുരഭില മാരുതനൊഴുകിയ നേരം
എന്നുമീ മണ്ണിലെ പുഷ്പകാലം വരൂ
എന്നുമീ മണ്ണിലെ സ്വപ്നജാലം വരൂ
യൗവനലഹരികൾ പൂക്കളമെഴുതിയ പ്രായം
ചുംബനരസലയ സംഗമ രതിസുഖജാലം
മണ്ണിലീ ജീവിതം നമ്മൾ പന്താടണം…

കള്ളക്കടത്ത് സംഘത്തിലെ തലവനായ വിജയൻ (ജയൻ) ക്ലബ്ബിലേക്ക് നടന്നു വരുമ്പോൾ അവിടെ നടക്കുന്ന കാബറെ നൃത്തമാണ് ആദ്യ ഗാനരംഗം. ചുണ്ടുകൊണ്ടും കണ്ണുകൊണ്ടും ശബ്ദം കൊണ്ടുമുള്ള മാദകനൃത്തത്തിൽ ആളുകൾ മുഴുകിയിരിക്കുമ്പോഴാണ് നായകനും വില്ലനും പരസ്പരം കാണുന്നത്.

അതേ ക്ലബ്ബിൽ മറ്റൊരു സന്ദർഭത്തിൽ നടക്കുന്ന കാമുകീകാമുകന്മാരുടെ ആനന്ദനൃത്തമാണ് ആണ് “ചന്ദന ശിലകളിൽ” എന്ന ഗാനം. കാബറേ നൃത്തത്തിന്റെ ചുവടുകൾ കാണാമെങ്കിലും കാബറെ നൃത്തത്തിന്റെ ലാസ്യാഭിനയം ഇതിലില്ല. പകരം കാബറെ നൃത്തത്തെ സ്വതന്ത്ര നൃത്തമായി ആവിഷ്കരിക്കുന്നു. കാമുകിയും കാമുകനും സ്നേഹത്തോടെ ചെയ്യുന്ന ആനന്ദനൃത്തമായി ഇത് അവതരിപ്പിക്കപ്പെടുന്നു.

ശക്തി എന്ന സിനിമയിലെ “ചന്ദനശിലകളിൽ” എന്ന ഗാനരംഗം. കാബറേ നൃത്തത്തിന്റെ ചുവടുകൾ  കാണാമെങ്കിലും കാബറെ നൃത്തത്തിന്റെ ലാസ്യാഭിനയം ഇതിലില്ല.
ശക്തി എന്ന സിനിമയിലെ “ചന്ദനശിലകളിൽ” എന്ന ഗാനരംഗം. കാബറേ നൃത്തത്തിന്റെ ചുവടുകൾ കാണാമെങ്കിലും കാബറെ നൃത്തത്തിന്റെ ലാസ്യാഭിനയം ഇതിലില്ല.

“പാ പാ പാ നിശാ മനോഹരി
മാ മാ മാ വികാരമഞ്ജരി ദേവസുന്ദരി”
1983-ൽ പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത പിൻനിലാവ് എന്ന സിനിമയിലെ ഗാനമാണിത്. മെഡിക്കൽ കോളേജ് വിദ്യാർത്ഥിയായ ഗോവിന്ദനുണ്ണി എന്ന ചെറുപ്പക്കാരനിലുണ്ടാകുന്ന മാറ്റങ്ങളാണ് പ്രമേയം. സമ്പന്ന കുടുംബങ്ങളിലെ ചീത്ത കൂട്ടുകെട്ടിൽ കുടുങ്ങി ഉണ്ണി ലഹരിക്കടിമപ്പെടുന്നു. കുടുംബത്തിന് കൊള്ളാത്തവനാകുന്നു. അവന്റെ തെമ്മാടികളായ കൂട്ടുകാർ കോളേജിനടുത്തായി വാടകക്കെടുത്ത വീട്ടിൽ വെച്ച് കുടിച്ച് കൂത്താടുന്നത് ചിത്രീകരിക്കുന്ന ഗാനമാണിത്. ‘മദ്യവും കാമവും ചെറുപ്പക്കാരെ നശിപ്പിക്കുന്നു എന്നതിന്റെ സൂചിതമാണ് ഇവിടെ കാബറേ നൃത്തം.

ഹ ഹ ഹ ഹ ഹ
മദാലസേ മനോഹരീ
മദാലസേ മനോഹരീ
കവിളിൽ തന്നത് മധുവാണോ
കമലപ്പൂവിൻ ദളമാണോ (2)
കളഭക്കുളിരാണോ
മദാലസ (ജെ. വില്യംസ് / 1978) എന്ന സിനിമയിലെ ഗാനമാണിത്. മദ്യലഹരിയുടെ മതിഭ്രമത്തിൽ നായകന് ഷാപ്പിലെ സ്ത്രീയെ കാബറേ നർത്തകിയായി തോന്നുന്നു. ചുവന്ന പ്രകാശം പരക്കുകയും തിളങ്ങുന്ന അൽപ വസ്ത്രങ്ങൾ ധരിച്ച് ശരീരം ഇളക്കി അവൾ നൃത്തം ചെയ്യുന്നു. മദ്യലഹരിയിൽ അയാൾ അവളെ പലതായി കാണുകയും ചെയ്യുന്നു. ഇങ്ങനെ കാബറെ രംഗങ്ങൾക്ക് മാത്രമായി സിനിമയിലുണ്ടാകുന്ന സന്ദർഭങ്ങൾ പലതാണ്.

മദാലസ എന്ന സിനിമയിൽനിന്ന്. മദ്യലഹരിയുടെ മതിഭ്രമത്തിൽ നായകന് ഷാപ്പിലെ സ്ത്രീയെ കാബറേ നർത്തകിയായി തോന്നുന്നു.
മദാലസ എന്ന സിനിമയിൽനിന്ന്. മദ്യലഹരിയുടെ മതിഭ്രമത്തിൽ നായകന് ഷാപ്പിലെ സ്ത്രീയെ കാബറേ നർത്തകിയായി തോന്നുന്നു.

‘‘മലരിടും ദേഹം മദമെഴും
പ്രായം പോരൂ എന്നെ വാരിച്ചൂടാൻ,
നീ പോരൂ…”
റെയ്ഡ് (1991) എന്ന സിനിമയിലെ പാട്ടാണിത്. ഈ വരികളുടെ യഥാർത്ഥ അർത്ഥത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് നർത്തകിമാരുടെ ഭാവാഭിനയം. ഈ ഗാനരംഗത്ത് രണ്ടു പുരുഷന്മാർ ഇവരോടൊപ്പം നൃത്തം ചെയ്യുന്നുണ്ട്.

ലോ ആംഗിളിൽ നിന്ന് ഏറ്റവും കൂടുതൽ ഷോട്ടുകളുള്ള പാട്ടാണ് ചന്ദ്രഹാസം (1980) എന്ന സിനിമയിലെ ‘‘പുതുയുഗങ്ങളിൽ സുഖം”. കാലുകളുടെ സമീപദൃശ്യത്തിൽ നിന്നാണ് ഗാനം ആരംഭിക്കുന്നത്.
“പുതുയുഗങ്ങളിൽ സുഖം
ഇണകളിൽ ഇളം ലഹരിയിൽ
ശയ്യാതലങ്ങളിൽ’’
ജോസ് പ്രകാശ് പ്രതിനായകവേഷത്തിൽ വരുന്ന സിനിമകളിൽ അയാളുടെ കൊള്ളസങ്കേതങ്ങളെ കാണിക്കുന്നത് കാബറെ നൃത്തത്തിലൂടെയാണ്. നൃത്തത്തിന്റെ മാദകത്വത്തോടൊപ്പം കൊള്ളസംഘത്തിന്റെ വന്യതയും ദൃശ്യസംയോജനത്തിലൂടെ ചേർത്തുവെക്കുന്നു. കാബറേ നൃത്തങ്ങളിൽ പ്രോപ്പർട്ടീസ് വളരെ പ്രധാനമാണ്. ഈ പാട്ടിന്റെ രംഗത്ത് കറങ്ങുന്ന വട്ടത്തിലുള്ള ഒരു പ്ലാറ്റ്ഫോമുണ്ട്. അതിൽ മലർന്നു കിടന്ന് കറങ്ങുന്നത് കാണാം. മലർന്നു കിടന്ന് കാലുകൾ പിരിച്ച് വെച്ചു നൃത്തം ചെയ്യുന്നു. പിരിയൻ കോവണികളും കാബറെ രംഗത്ത് കണ്ടുവരുന്ന മറ്റൊരു പ്രോപ്പർട്ടിയാണ്.

ലോ ആംഗിളിൽ നിന്ന് ഏറ്റവും കൂടുതൽ ഷോട്ടുകളുള്ള പാട്ടാണ് ചന്ദ്രഹാസം എന്ന സിനിമയിലെ ‘‘പുതുയുഗങ്ങളിൽ സുഖം”.
ലോ ആംഗിളിൽ നിന്ന് ഏറ്റവും കൂടുതൽ ഷോട്ടുകളുള്ള പാട്ടാണ് ചന്ദ്രഹാസം എന്ന സിനിമയിലെ ‘‘പുതുയുഗങ്ങളിൽ സുഖം”.

“തേനാരി കാട്ടിൽ തേൻമാവ് പൂത്തു.
തേൻമുളം കൂട്ടിൽ പൂങ്കിളി പാടി…"
ബ്ലാക്ക്മെയിൽ (ക്രോസ് ബെൽറ്റ് മണി / 1985) എന്ന സിനിമയിലെ ഈ ഗാനം, ആദിവാസി നൃത്തത്തിലെ ചുവടുകളെ കാബറയോട് ചേർത്തുവയ്ക്കുന്നു. സ്ത്രീയെയും പുരുഷനെയും തട്ടിക്കൊണ്ടുവരുന്ന സംഘം അവരെ കാട്ടിൽ പാർപ്പിക്കുന്നു. അവിടെവച്ച് ആദിവാസികളെ കാണുകയും അവരുടെ ആഘോഷത്തിൽ പങ്കെടുക്കുകയും ചെയ്യുന്ന ഭാഗത്താണ് ഈ ഗാനം. ബാറിലും കൊള്ളസംഘങ്ങളിലും വെച്ച് നടക്കാറുള്ള കാബറേ നൃത്തത്തെ മറ്റ് ഭൂപ്രദേശങ്ങളിലേക്ക് മാറ്റി പാർപ്പിക്കാറുണ്ട് സിനിമ.

“ഭൂകമ്പം മനസ്സിൽ ഭൂകമ്പം
കനവുകളിൽ സുഗന്ധം
നിനവുകളിൽ മരന്ദം’’
ഭൂകമ്പം എന്ന സിനിമയിൽ, ഈ ഗാനരംഗത്ത് നർത്തകി നൃത്തം ചെയ്യുന്നത് ഒരു സ്വിമ്മിങ് പൂളിന്റെ പരിസരത്താണ്. ഗോവണിക്കു സമാനമായ മറ്റൊരു പരിസരമാണിത്.

കൊൽക്കത്തയിലെ കാബറെ രാജ്ഞിയായി ആളുകൾ മിസ് ഷെഫാലിയെ വാഴ്ത്തി. അവർ നൃത്തരംഗത്ത് പുതിയ പദാവലികൾ നെയ്തു. അവളുടെ ആരാധകർ സ്വകാര്യമായി അവളെ "രാത്രികളുടെ രാജ്ഞി" എന്നു വിളിച്ചു.

കാബറേ നിർമ്മിക്കുന്ന ചുവടുകളും
അവ നിർമിക്കുന്ന ഷോട്ടുകളും

കാബറേ നൃത്തത്തിൽ ഏറ്റവും പ്രധാനമായി കാണുന്നത് ലോ ആംഗിൾ ഷോട്ട് ആണ്. താഴെ പൊസിഷൻ ചെയ്യുമ്പോൾ ശരീരത്തിന് കൂടുതൽ മാദകത്വം അനുഭവപ്പെടും. ലൈംഗിക പ്രകോപനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ക്യാമറയുടെ മുന്നിൽ വന്ന് കുനിഞ്ഞ് മാറിടം ഇളക്കുന്നു. മാറിടത്തിന്റെയും അരക്കെട്ടിന്റെയും വയറിന്റെയും ക്ലോസപ്പുകളും നിറയെ കാണാം. ഇടയ്ക്ക് ക്ലോസപ്പുകൾക്ക് ഇൻറർ കട്ട് ആയി ഉപയോഗിക്കുന്നത് വില്ലന്റെ നോട്ടമാണ്. ഇതിലൂടെ വില്ലൻ അവളുടെ ശരീരത്തിലേക്ക് നോക്കുന്നതായി പ്രേക്ഷകർക്ക് അനുഭവപ്പെടുന്നു.

ശാസ്ത്രീയനൃത്തം, നാടോടി നൃത്തം, കഥക്, ബെല്ലി ഡാൻസ് തുടങ്ങി എല്ലാ നൃത്തങ്ങളുടെയും ചുവടുകൾ കാബറാ ഡാൻസ് ഉൾപ്പെടുത്താറുണ്ട്. ശരീരം വിറപ്പിക്കുക, മാറിടവും അരക്കെട്ടും ചലിപ്പിക്കുക, അതീവലാസ്യ നടനം, ചുണ്ടുകൾ വക്രിക്കുകയും കടിക്കുകയും ചെയ്യുക, വശ്യമായ നോട്ടങ്ങൾ, മലർന്നു കിടന്ന് കാലുകൾ പിണച്ച ചുവടകൾ, അരക്കെട്ട് മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുക എന്നിവയാണ് കാബറേയുടെ സവിശേഷ ചുവടുകൾ. ശരീരവടിവുകൾ എടുത്തു കാണിക്കുന്ന ഇറുങ്ങിയ അല്പവസ്ത്രങ്ങൾ നൃത്ത രംഗത്ത് ഉപയോഗിക്കുന്നു.

ശരീരം വിറപ്പിക്കുക, മാറിടവും അരക്കെട്ടും ചലിപ്പിക്കുക, അതീവലാസ്യ നടനം, ചുണ്ടുകൾ വക്രിക്കുകയും കടിക്കുകയും ചെയ്യുക, വശ്യമായ നോട്ടങ്ങൾ, മലർന്നു കിടന്ന് കാലുകൾ പിണച്ച ചുവടകൾ, അരക്കെട്ട് മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുക എന്നിവയാണ് കാബറേയുടെ സവിശേഷ ചുവടുകൾ.
ശരീരം വിറപ്പിക്കുക, മാറിടവും അരക്കെട്ടും ചലിപ്പിക്കുക, അതീവലാസ്യ നടനം, ചുണ്ടുകൾ വക്രിക്കുകയും കടിക്കുകയും ചെയ്യുക, വശ്യമായ നോട്ടങ്ങൾ, മലർന്നു കിടന്ന് കാലുകൾ പിണച്ച ചുവടകൾ, അരക്കെട്ട് മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുക എന്നിവയാണ് കാബറേയുടെ സവിശേഷ ചുവടുകൾ.

നൃത്തരംഗത്ത് അതുവരെയുണ്ടായിരുന്ന പ്രകാശവിതാനങ്ങൾ മാറുന്നു. ചുവപ്പും പച്ചയും മഞ്ഞയും ആയ പലതരം വെളിച്ചങ്ങൾ പരക്കുന്ന വർണങ്ങളുടെ പ്രഹേളികയാകുന്നു നൃത്ത ഇടം. മോഹങ്ങളുടെ, ആഗ്രഹങ്ങളുടെ, കാമത്തിന്റെ നിറമായി പലതരം നിറങ്ങളിൽ തിളങ്ങുന്ന വസ്ത്രങ്ങളണിഞ്ഞ് മദനമോഹങ്ങൾ നിറഞ്ഞാടുന്നു.

മിന്നിമറയുന്ന വെളിച്ചവിതാനങ്ങളുടെ അകമ്പടി സേവിച്ചുകൊണ്ടാണ് നർത്തകി ഗോവണിയിറങ്ങി കാണികൾക്കിടയിലേക്ക് വരുന്നത്. മദ്യപിക്കുന്ന പുരുഷന്മാരുടെ അടുത്തേക്ക് ലാസ്യമായി നടന്നുവന്ന് അവരിലേക്ക് ശരീരം ചലിപ്പിച്ചുകൊണ്ട് ചായുന്ന നർത്തകിമാരെ കാണാം. കൊള്ളസങ്കേതം, ബാർ തുടങ്ങി സദാചാരവിരുദ്ധമാക്കപ്പെട്ട ഇടങ്ങളാണ് കാബറേ നൃത്തത്തിന് വേദിയൊരുക്കുന്നത്. നഗരം, ചീത്ത സ്ത്രീ, സംഘർഷം തുടങ്ങിയ രൂപകങ്ങളാണ് കാബറേ നൃത്തത്തിലൂടെ ആവിഷ്കരിക്കുന്നത്.

സമകാല സിനിമയിലും മാധ്യമങ്ങളിലും കാബറേ നൃത്തത്തെ ഐറ്റം ഡാൻസ് എന്ന നിലയിൽ വില്പനമൂല്യം കൂട്ടുന്ന ഘടകമായി ഉപയോഗിക്കുന്നു.

ഒരു ട്രാക്ക് ഷോട്ടിലൂടെ വർണാഭമായ ഡാൻസ് ഫ്ലോറിലേക്ക് ക്യാമറ പ്രവേശിക്കുമ്പോൾ പ്രൗഢമായ ഗോവണിപ്പടികളിറങ്ങിഒരു ട്രാക്ക് ഷോട്ടിലൂടെ വർണാഭമായ ഡാൻസ് ഫ്ലോറിലേക്ക് ക്യാമറ പ്രവേശിക്കുമ്പോൾ ഈ വരവ് രണ്ടുതരം കാണികളെ ഉദ്ദേശിച്ചാണ്. ബാറിലിരിക്കുന്ന കാണികളേയും തിയേറ്ററിൽ സിനിമ കാണുന്ന നമ്മൾ എന്ന കാണികളേയും. രണ്ട് കാണികളിലും കാമോദ്ദീപനം ഉണ്ടാക്കുകയാണ് ലക്ഷ്യം. ആദ്യം ശരീരഭാഗങ്ങളുടെ ക്ലോസപ്പു കാണിച്ച് നർത്തകിയെ കാണിക്കുന്ന രീതിയുമുണ്ട്. പാരലൽ എഡിറ്റിംഗിൽ കൊള്ളസങ്കേതത്തിലെ പ്രവൃത്തികൾ കാണാം. ഇന്റർ കട്ടുകളിൽ വില്ലന്റെ നോട്ടം അവളിൽ പതിക്കുന്നു. ലഹരിയിലാണ്ടു പോകുന്ന പുരുഷൻ നർത്തകിയെ പലതായി കാണുന്നത് സ്ഥിരം ദൃശ്യമാണ്. നൃത്തം എന്നത് സ്ഥലസംബന്ധിയായ കലയാണ്. നൃത്തം ചെയ്യുന്ന മുഴുവൻ ഇടത്തെയും നർത്തകി നോട്ടം കൊണ്ടും ഭാവം കൊണ്ടും പ്രകടനം കൊണ്ടും വരുതിയിൽ വരുത്തുന്നു. ശരീരം എന്നത് ഉപഭോഗവസ്തുവാകുമ്പോഴും നൃത്തം ചെയ്യാനും ആ സ്ഥലത്തേക്ക് സ്വയം ആലേഖനം ചെയ്യാനും കഴിയുന്നുണ്ട് അവൾക്ക്.

ഒരു ട്രാക്ക് ഷോട്ടിലൂടെ വർണാഭമായ ഡാൻസ് ഫ്ലോറിലേക്ക് ക്യാമറ പ്രവേശിക്കുമ്പോൾ
ഒരു ട്രാക്ക് ഷോട്ടിലൂടെ വർണാഭമായ ഡാൻസ് ഫ്ലോറിലേക്ക് ക്യാമറ പ്രവേശിക്കുമ്പോൾ

70- കളിൽ കൊൽക്കത്തയിൽ ‘സ്വപ്നങ്ങൾ നെയ്ത’ കാബറെ നർത്തകിയായിരുന്നു മിസ് ഷെഫാലി. കൊൽക്കത്തയിലെ കാബറെ രാജ്ഞിയായി ആളുകൾ അവരെ വാഴ്ത്തി. മിസ് ഷെഫാലി നൃത്തരംഗത്ത് പുതിയ പദാവലികൾ നെയ്തു. അവളുടെ ആരാധകർ സ്വകാര്യമായി അവളെ "രാത്രികളുടെ രാജ്ഞി" എന്നു വിളിച്ചു. എന്നാൽ പരസ്യമായി ഇടപഴകുന്നതിന് അവർ ഭയന്നു. പലർക്കും അവൾ ആഗ്രഹത്തിന്റെ ഒരു രൂപകമായിരുന്നു. സാമൂഹികമായ മാമൂലുകളെ ധിക്കരിച്ച് നൃത്തലോകത്ത് വിഹരിച്ച ഷെഫാലി സത്യജിത്ത്റേയുടെ സീമ ബദ്ധ (1971) പോലുള്ള സിനിമകളിൽ അഭിനയിച്ചു. ധീരയും, സ്വന്തം കഴിവിൽ ആത്മവിശ്വാസമുള്ളവും, ഭയമില്ലാത്തവളും ആയിരുന്നു മിസ്സ് ഷെഫാലി. ‘ഇന്ത്യ കാബറെ’ എന്ന ഡോക്യുമെൻററിയിൽ ഷെഫാലിയെ പോലുള്ള കാബറെ നർത്തകിമാരുടെ പിന്നാമ്പുറ ജീവിതം കാണാം.

കാബറേ നർത്തകികളുടെ പിന്നാമ്പുറ ജീവിതം പ്രമേയമാക്കിയ സിനിമയാണ് നൃത്തശാല (എ. ബി. രാജ് / 1972). സിനിമ തുടങ്ങുന്നത് ദരിദ്രമായ ഒരു കുടുംബം കാണിച്ചു കൊണ്ടാണ്. ഫീസ് കൊടുക്കേണ്ട അവസാന ദിവസമായതിനാൽ വലിയ വീട്ടിൽ നൃത്തം പഠിപ്പിക്കാൻ പോയ ചേച്ചി പ്രിയംവദയെ (ജയഭാരതി) അനിയത്തി കാത്തുനിൽക്കുന്നു. ചേച്ചിയെ ആശ്രയിച്ചു കഴിയുകയാണ് ആ കുടുംബം. ആ നാട്ടിലേക്ക് ഒരു കാർണിവൽ വരുന്നു. അതിലേക്ക് 1000 രൂപ പ്രതിഫലത്തിന് കലാകാരൻമാരെ ക്ഷണിക്കുന്ന പരസ്യം കണ്ട് നർത്തകിയായ മകളേയും കൂട്ടി അച്ഛൻ കാർണിവൽ കൂടാരത്തിലെത്തുന്നു. അങ്ങനെ പ്രിയംവദ കാർണിവൽ നർത്തകിയാവുന്നു. അവിടെ തുടങ്ങുന്നു കാബറേ നർത്തകിമാരുടെ ജീവിതകഥ. ഒരു വയസ്സുള്ള കുഞ്ഞും രോഗിയായ ഭർത്താവുമുള്ള മറ്റൊരു നർത്തകിയെ പ്രിയംവദ കാണുന്നുണ്ട്. നൃത്തം കഴിഞ്ഞുവന്ന് മുല കൊടുക്കുന്ന സ്ത്രീയെ നമുക്കവിടെ കാണാം.

70- കളിൽ കൊൽക്കത്തയിൽ ‘സ്വപ്നങ്ങൾ നെയ്ത’ കാബറെ നർത്തകിയായിരുന്നു  മിസ് ഷെഫാലി.
70- കളിൽ കൊൽക്കത്തയിൽ ‘സ്വപ്നങ്ങൾ നെയ്ത’ കാബറെ നർത്തകിയായിരുന്നു മിസ് ഷെഫാലി.

“മഞ്ഞണിഞ്ഞ മധുമാസനഭസ്സിൽ
കഞ്ജബാണൻ കളിയാടും സരസ്സിൽ കഞ്ചുകമില്ലാതെ കാഞ്ചനമില്ലാതെ
ഇന്ദുലേഖ ജലകേളിക്കിറങ്ങി ഇവളിറങ്ങി”

“ചിരിച്ചതു ചിലങ്കയല്ല
ചിലമ്പുമെൻ പൂവനം
വിളിച്ചതെൻ ഗാനമല്ല
തുളുമ്പുമെൻ യൗവനം
യൗവനം - യൗവനം - യൗവനം”

കാർണിവൽ സ്റ്റേജിൽ നടക്കുന്ന കാബറേ നൃത്തമാണ് രണ്ടും. നാടോടിനൃത്ത ശൈലിയിലുള്ള ഈ നൃത്തം ചെയ്യുന്നത് നായികയായ ജയഭാരതിയാണ്. അതിനാലാവണം കാർണവലിൽ എത്തിച്ചേരേണ്ടിവരുന്ന കഥ സിനിമയുടെ ആദ്യ ഭാഗത്തുതന്നെ അവതരിപ്പിച്ചത്. പരമ്പര്യത്തെയും സദാചാര മൂല്യങ്ങളെയും ചോദ്യം ചെയ്യാനും വെല്ലുവിളിക്കാനുമുള്ള തന്റേടവും കഴിവും കാബറേ നർത്തകിമാർക്കുള്ളതായി അവരുടെ യഥാർഥ ജീവിതത്തിന്റെ പല സന്ദർഭങ്ങളിലും കാണാം. എന്നാൽ സിനിമയിലേക്ക് വരുമ്പോൾ സ്വന്തം നിയോഗങ്ങളുടെ ഗതി മാറ്റാനാകാതെ, നിസ്സഹായ സ്ത്രീയായി അവരെ കാണാം.

സിനിമയുടെ കഥാതന്തു ഒട്ടും ആവശ്യപ്പെട്ടില്ലെങ്കിലും കൂൺ മുളക്കുന്നതുപോലെ ഐറ്റം ഡാൻസ് എന്ന പേരിൽ ഇപ്പോഴും കാബറെ നൃത്തങ്ങൾ സിനിമയിൽ കാണാറുണ്ട്.

ക്ലാസിക്കൽ നൃത്തത്തിൽ തുടങ്ങിയ മലയാളസിനിമ അറുപതുകളെത്തുമ്പോഴേക്കും കാബറേയിലേക്കും അതിൽനിന്ന് ഡിസ്കോ ഡാൻസിലേക്കും പിന്നീട് ബ്രേക്ക് ഡാൻസിലേക്കും തമിഴിൽ നിന്നു വന്ന ഡപ്പാംകുത്തിലും കാലുറപ്പിക്കുന്നു. സമകാല സിനിമയിലും മാധ്യമങ്ങളിലും കാബറേ നൃത്തത്തെ ഐറ്റം ഡാൻസ് എന്ന നിലയിൽ വില്പനമൂല്യം കൂട്ടുന്ന ഘടകമായി ഉപയോഗിക്കുന്നു. സിനിമയുടെ കഥാതന്തു ഒട്ടും ആവശ്യപ്പെട്ടില്ലെങ്കിലും കൂൺ മുളക്കുന്നതുപോലെ ഐറ്റം ഡാൻസ് എന്ന പേരിൽ ഇപ്പോഴും കാബറെ നൃത്തങ്ങൾ സിനിമയിൽ കാണാറുണ്ട്. ഇന്ത്യൻ സിനിമയുടെ മുഖമുദ്രയായി ഐറ്റം ഡാൻസ് മാറിയിട്ടുണ്ട്. സ്ത്രീയെ ഒരു വസ്തു എന്നർഥമുള്ള ഐറ്റമായി കാണുന്നു. മദാലസയായ സ്ത്രീശരീരം എന്ന അർത്ഥത്തിൽ ഐറ്റം, ചരക്ക്, പീസ്, മൊതല്, തുടങ്ങി പല പദപ്രയോഗങ്ങളും സിനിമ നിർമ്മിച്ചിട്ടുണ്ട്. എന്നാൽ ഈ വാക്കുകൾക്കുള്ളിലൂടെ ശരീരത്തിന്റെ ഏജൻസി അവൾ വീണ്ടെടുക്കുകയാണ്. ഐറ്റം ഡാൻസിന് അവൾ പറയുന്ന പ്രതിഫലമാണ്. കാബറേ നൃത്തം സ്വന്തം ജോലിയുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പിന്റെ ഭാഗമായി, തങ്ങളുടെ പ്രകടങ്ങളിൽ സ്വന്തം കർതൃത്വം വെളിപ്പെടുത്തി. സ്ത്രീലൈംഗികതയെ ചുറ്റിപ്പറ്റിയുള്ള പരമ്പരാഗത സ്റ്റീരിയോടൈപ്പുകളെ വെല്ലുവിളിക്കുന്ന രീതിയിൽ ഐറ്റം ഡാൻസ് വികസിച്ചു. “എന്റെ ശരീരം എന്റെ തിരഞ്ഞെടുപ്പ്” എന്ന ആശയം സ്ത്രീ ജീവിതത്തിലുണ്ടാക്കിയ സ്വാധീനമാണിത്. ഇത് നൃത്തത്തിലെ പുരുഷാധിപത്യം, അധികാരം, സ്റ്റീരിയോ ടൈപ്പുകൾ എന്നിവയെ പുനർനിർമിക്കുന്നുണ്ട്. ശരീരത്തെ മുൻനിർത്തിയുള്ള സദാചാര വിലക്കുകളെ ചോദ്യം ചെയ്യുന്നു.

കാബറേ നൃത്തത്തിന് ശക്തമായ രാഷ്ട്രീയതലങ്ങളുണ്ട്.
1952- ൽ പുറത്തിറങ്ങിയ മൗളിംഗ് റൂഷ് എന്ന സിനിമയിലെ നായകൻ ക്രിസ്ത്യൻ ബൂർഷ്വാസിയായ അച്ഛനെ വിട്ട് ഫ്രഞ്ച് ബാലെ ഗ്രൂപ്പിലെത്തുന്നു. സ്വന്തം ജീവിതം മോണ്ട് മാർട്ടിയിലെ ബൊഹീമിയൻ അണ്ടർവേൾഡിൽ ചേരുന്നു. പാരീസിലെ കാബറേ നൈറ്റ് ക്ലബായ മൗളിംഗ് റൂഷിന്റെയും കാബറേ പാട്ടുകരുടെയും കഥ പറയുന്ന ആദ്യത്തെ സിനിമയാണ് ജോൺ ഹസ്റ്റൺ സംവിധാനം ചെയ്ത ബയോപിക്, മൗളിംഗ് റൂഷ്.

സ്ഥിരം മ്യൂസിക്കൽസിൽനിന്ന് വ്യത്യസ്തമായ സിനിമയാണ് 1972- ൽ പുറത്തിറങ്ങിയ കാബറെ (ബോബ് ഫോസ്). 1930-കളാണ് സിനിമയുടെ പ്രമേയകാലം. ഹിറ്റ്ലറുടെ ഭരണത്തിൻ കീഴിലുള്ള ബർലിൻ. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി ബ്രയിൻ റോബർട്‌സും സാലി ബൗൾസ് എന്ന കിറ്റ്കാറ്റ് നൈറ്റ്ക്ലബിലെ പാട്ടുകാരിയും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണിത്.

1952- ൽ പുറത്തിറങ്ങിയ മൗളിംഗ് റൂഷ് എന്ന സിനിമയിൽനിന്ന്
1952- ൽ പുറത്തിറങ്ങിയ മൗളിംഗ് റൂഷ് എന്ന സിനിമയിൽനിന്ന്

Life is a Cabaret..
So come to the Cabaret..
എന്ന നൃത്തരംഗത്ത് ശരീരചലനങ്ങൾ സിനിമയുടെ ഭാഷയ്ക്കകത്ത് സംഗീതത്തിന്റെ അകമ്പടിയോടെ നൃത്തമായി വികസിക്കുന്നത് മ്യൂസിക്കൽസിലൂടെ കാണാം. കാബറയിലെ നൃത്തസംഗീതം സന്തോഷകരമായ ഒന്നല്ല. അത്യന്തം നിരാശാജനകമായ ഒരു സംഗീതമാണ് അവതരണത്തിന്റെ അടിത്തട്ടിൽനിന്നുണരുന്നത്. സാലി എന്ന നായികയുടെ ജീവിതം ഒരു തമാശ പോലെയാണ്. ജീവിതത്തെ തമാശപോലെയാണവൾ കണ്ടിരുന്നത്. ഗൗരവത്തോടുകൂടിയല്ലാതെ ജീവിതത്തെ സ്വീകരിക്കുമ്പോഴും നാസിഭരണത്തിനു കീഴിലുള്ള ഒരു ജനതയുടെ നിരാശ അവരുടെ കലയിൽ അന്തർലീനമായിരുന്നു. ഈ സിനിമ നാസിസത്തിന്റെ ദുഷിച്ച പ്രകടനങ്ങളെ പ്രതീകപ്പെടുത്തുന്നു, കാഴ്ചക്കാരിലെ രാഷ്ട്രീയ നിഷ്ക്രിയത്വം ഭയാനകമായ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾക്ക് വഴിയൊരുക്കുമെന്ന് സൂചിപ്പിക്കുന്നു. കാബറേ നൃത്തം എന്നത്, കാണികൾക്കനുസരിച്ചുള്ള തൽസമയ പ്രകടനവും അതിൽ ഒളിഞ്ഞിരിക്കുന്ന ആക്ഷേപഹാസ്യത്തിന്റെ പൂരകവുമാകുന്നു, ഇത്തരം സിനിമകളിൽ.

ശരീരം വെളിപ്പെട്ടതിന്റെ പേരിൽ ജീവിതം ഹോമിക്കേണ്ടിവന്ന നടികളിൽ നിന്ന് വ്യത്യസ്തരായി, കാബറേ നൃത്തം ചെയ്തതിന്റെ പേരിൽ മറഞ്ഞിരിക്കാതെ, പൊതുഇടത്തിൽ പ്രത്യക്ഷപ്പെടാനും തന്റെ ശരീരത്തെ കുറിച്ചും, താൻ ചെയ്യുന്ന ജോലിയെ കുറിച്ചും സംസാരിക്കാൻ ഇന്നവർക്ക് കഴിയുന്നു. ലൈംഗികശരീരത്തിന്റെ ചരക്കുവൽക്കരണത്തെ ചുറ്റിപ്പറ്റിയുള്ള സമകാലിക വ്യവഹാരങ്ങൾ, നൃത്തത്തിൽ ശരീരത്തിന്റെ ദൈനംദിന നിലനിൽപ്പുമായി ബന്ധപ്പെട്ട അധ്വാനം, വിശ്രമം, എന്നിവയെ ചുറ്റിപ്പറ്റി കൂടി ഇന്ന് മനസിലാക്കാൻ തുടങ്ങി.

കാബറേ നൃത്തം ചെയ്യുന്ന ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് നായികമാരിലേക്കും പുരുഷൻമാരിലേക്കും ലിംഗഭേദമില്ലാതെ ഐറ്റം ഡാൻസിന്റെ പുത്തൻ ശൈലി വിപുലീകരിക്കുന്നു.
കാബറേ നൃത്തം ചെയ്യുന്ന ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് നായികമാരിലേക്കും പുരുഷൻമാരിലേക്കും ലിംഗഭേദമില്ലാതെ ഐറ്റം ഡാൻസിന്റെ പുത്തൻ ശൈലി വിപുലീകരിക്കുന്നു.

സിനിമയിലെ സംഘർഷങ്ങളും, കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങളും അവതരിപ്പിക്കുന്നത്തിൽ ചലനങ്ങൾക്ക് വലിയ പ്രാധാന്യം ഉണ്ട്. നിൽപ്പ് ഘടനയെ ചോദ്യം ചെയ്യുന്ന സ്ഥുരണങ്ങൾ ഇതിൽ കാണാം. നടനശരീരത്തിന്റെ ഏജൻസിയെ പറ്റിയുള്ള ആലോചനകൾ ആധുനിക നൃത്തശരീരത്തെ പുനർനിർണയിക്കുന്നു. നമ്മുടെ ആത്മബോധത്തിന്റെ അടിസ്ഥാനത്തിൽ നമ്മൾ നടത്തുന്ന തിരഞ്ഞെടുപ്പും അതിന്റെ നിയന്ത്രണവുമാണ്, ഈ ഏജൻസിഷിപ്പ്.

കാബറേയിൽ നിന്ന് ഐറ്റം ഡാൻസിലേക്കെത്തുമ്പോൾ സ്വന്തം ശരീരത്തിന്റെ കർതൃത്വം ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. കാബറേ നൃത്തം ചെയ്യുന്ന ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് നായികമാരിലേക്കും പുരുഷൻമാരിലേക്കും ലിംഗഭേദമില്ലാതെ ഈ ശൈലി വിപുലീകരിക്കുന്നു. സിനിമക്കുപുറത്ത് ലിംഗഭേദങ്ങളെ അതിർലംഘിച്ച് എല്ലാവരും ഇതേ നൃത്തം ചെയ്യുന്നു. നൃത്തത്തിന്റെ ‘പ്യൂരിറ്റൻ’ ധാർമികതയെ ഉടയ്ക്കുകയും പല നൃത്തരൂപങ്ങളുമായി കലരുകയും എല്ലാതരം ഘടനകളെയും പൊളിക്കുകയും ചെയ്യുന്നു, അങ്ങനെ കാബറേ.

Reference:
-ഗാർഗി ഹരിതകം (2020), കാബറേ നർത്തകരുടെ അളക്കാനാവാത്ത ജീവിതങ്ങൾ, സംഘടിത, https://www.sanghaditha.com/cabere-narthakar/
-Devika J(2021), Cabaret Dancing and the Malayali Feminists’ Moral Burden – K R Gouri Amma from the 1970s, Swatantryavaadini, https://swatantryavaadini.in/tag/first-generation-feminists-kerala
-Malnig, J. (1997). Two-Stepping to Glory: Social Dance and the Rhetoric of Social Mobility (Vol. 10, Issue 1). MUZIEK & DANS. https://www.jstor.org/stable/25757912
Cabaret Dancers: “Settle Down in order to Stay Mobile?” Bridging Theoretical Orientations within Transnational Migration Studies. (n.d.).
-Nair, M. (n.d.). India Cabaret: Reflections and Reactions (Vol. 8).
-Gordon, T. J. (2008). Film in the Second Degree: “Cabaret” and the Dark Side of Laughter (Vol. 152, Issue 4).
-Mills, D. (2016). The dancing woman is the woman who dances into the future: Rancière, dance, politics. Philosophy and Rhetoric, 49(4), 482–499. https://doi.org/10.5325/philrhet.49.4.0482
-Priyanka Dasgupta (2020), Of love, lust and Miss Shefali: Why did Ray’s Bengal find it difficult to accept its Queen of Cabaret? The Times of -India.ttps://timesofindia.indiatimes.com/blogs/priyanka-dasgupta-blog/of-love-lust-and-miss-shefali-why-did-rays-bengal-find-it-difficult-to-accept-its-queen-of-cabaret/

(2019- ൽ കേരള ചലച്ചിത്ര അക്കാദമിയുടെ നവതി ഫെല്ലോഷിപ്പിന്റെ ഭാഗമായി തയ്യാറാക്കിയ ഗവേഷണ പ്രബന്ധത്തെ അധികരിച്ച് തയ്യാറാക്കിയ ലേഖനം.)

(അവസാനിച്ചു)


Summary: about cabaret dance in cinema by sreedevi p aravind


ശ്രീദേവി പി. അരവിന്ദ്

തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിലെ ചലച്ചിത്ര പഠന സ്‌കൂളിൽ അസിസ്​റ്റൻറ്​ പ്രൊഫസര്‍. ഋത്വിക് കുമാര്‍ ഘട്ടക്, താരതമ്യസാഹിത്യം ചില കാഴ്ചപ്പാടുകള്‍ എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments