Photo: Shyju Khalid

കുമ്പളങ്ങിരാത്രികളിലെ ഒറിജിനല്‍ മനുഷ്യര്‍

ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മധു. സി. നാരായണന്‍ സംവിധാനം ചെയ്ത ''കുമ്പളങ്ങി നൈറ്റ്‌സ്'' എന്ന റിയലിസ്റ്റിക് സിനിമ മലയാളിയുടെ പൊതുബോധത്തെയും ലാവണ്യസങ്കല്‍പ്പങ്ങളെയും എങ്ങനെ അഭിസംബോധന ചെയ്യുന്നുവെന്നത് പരിശോധിക്കുന്നു.

ആണ്‍കോയ്മയുടെ ഉന്മാദനൃത്തങ്ങള്‍

അഥവാ കുമ്പളങ്ങിയിലെ ഷമ്മി

കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മി/ഫഹദ് ഫാസില്‍, ചോദ്യംചെയ്യല്‍ഇഷ്ടപ്പെടാത്ത, ചോദ്യംചെയ്യാന്‍ അരുതാത്ത ആണ ധികാരവ്യവസ്ഥയുടെ മൂര്‍ത്തരൂപമാണ്. മാടമ്പള്ളിയിലെ മനോരോഗിയായ ഗംഗയല്ല കുമ്പളങ്ങിയിലെ മനോരോഗിയായ ഷമ്മി. പ്രത്യക്ഷത്തില്‍ മനോരോഗത്തിന്റെ ലക്ഷണങ്ങളൊന്നും (നാം കണ്ടും കേട്ടും പരിചയിച്ചതുമായ മനോരോഗത്തിന്റെ ലക്ഷണങ്ങള്‍) അയാള്‍ പ്രകടിപ്പിക്കുന്നില്ല. അതുകൊണ്ടാണ് പ്രേക്ഷകര്‍ ഇയാള്‍ മനോരോഗിയാണോയെന്ന് സംശയിക്കുന്നത്. അല്ലെങ്കില്‍ ഇയാളുടെ മനോരോഗമെന്തെന്ന് നമുക്ക് മനസ്സിലാകാതെ പോകുന്നതും.

കുടുംബത്തിന്റെ കര്‍തൃസ്ഥാനത്ത് എന്നും പ്രതിഷ്ഠിക്കപ്പെടേണ്ടത്, പ്രതിഷ്ഠിക്കപ്പെടുന്നത് പുരുഷനാണ്. അത് ഭര്‍ത്താവാകാം, അച്ഛനാകാം, ചേട്ടനാകാം, പെണ്‍മക്കളുടെ ഭര്‍ത്താക്കന്‍മാരുമാകാം (കസ്തൂരിമാന്‍ എന്ന സിനിമയിലെ മീരാ ജാസ്മിന്‍ അവതരിപ്പിച്ച കഥാപാത്രവും ഷമ്മി തിലകന്റെ കഥാപാത്രവും ഓര്‍ക്കുക). അവരുടെ വാക്കായിരിക്കും അവസാനത്തെ വാക്ക്. അവരാണ് സംരക്ഷകര്‍. അവര്‍ തന്നെയായിരിക്കും പീഡകരും. നിലവില്‍ പുരുഷകേന്ദ്രീകൃതമായ എല്ലാ പിന്തിരിപ്പൻ വ്യവസ്ഥയേയും കുടുംബത്തിനകത്ത് അരക്കിട്ടുറപ്പിച്ചു നിര്‍ത്തുകയെന്നത് അവരുടെ കര്‍ത്തവ്യമാണ്.

കുമ്പളങ്ങിയില്‍, സിമിയുടെ ഭര്‍ത്താവായി എത്തുന്ന ഷമ്മി ആ വീടിന്റെ കര്‍തൃത്വം ഏറ്റെടുക്കുകയാണ്. അവിടെ സിമിയുടെ അനുജത്തി ബേബി മോളും വിധവയായ അമ്മയുമാണുള്ളത്. ആണധികാരവ്യവസ്ഥ ഉറപ്പിക്കാന്‍ അത്രമാത്രം സൗകര്യപ്പെട്ട മറ്റൊരിടവും ഇല്ല. ഇത്തരമൊരു വീടിന്റെ തെരഞ്ഞെടുപ്പില്‍ തിരക്കഥാകൃത്ത് പുലര്‍ത്തിയ അവധാനത ശ്രദ്ധിക്കപ്പെടേണ്ടതാണ്. സിമിയുടെയും ബേബിമോളുടെയും മരിച്ചുപോയ അച്ഛന്റെ ഫോട്ടോ ഒന്നുരണ്ടുതവണ പ്രേക്ഷകരിലേക്ക് വരുന്നുണ്ട്. പക്ഷേ, അതിനെ പിതൃ ബിംബമായി അവരോധിക്കാന്‍ കഴിയുന്നില്ല. അതിനു ശ്രമിച്ചാല്‍ ഷമ്മിയുടെ കര്‍തൃസ്ഥാനം നഷ്ടപ്പെടുകയും ഈ സിനിമ മറ്റൊരു സിനിമയായിത്തീരുകയും ചെയ്യും.

ഭാര്യവീട്ടില്‍ താമസിക്കുന്ന എല്ലാ പുരുഷന്മാരും അനുഭവിക്കുന്ന ഒരുതരം വല്ലാത്ത അസ്വസ്ഥത ഷമ്മി അനുഭവിക്കുന്നുണ്ട്. തന്റെ മാന്യമായ തൊഴിലിനെപ്പറ്റിയുള്ള സംസാരത്തിലൂടെയാണ് അയാള്‍ അതിനെ മറികടക്കാന്‍ ശ്രമിക്കുന്നത്. അതുകൂടാതെ താന്‍ സുന്ദരനാണ് എന്ന് തന്നെത്തന്നെ ബോധ്യപ്പെടുത്തിക്കൊണ്ടും (അയാളൊരു നാര്‍സിസസ് ആണെന്ന് വേണമെങ്കില്‍ പറയാം. കുളിമുറിയില്‍ അര്‍ദ്ധനഗ്‌നനായി നിന്ന് സ്വന്തം സൗന്ദര്യം ആസ്വദിച്ച് , ദി കംപ്ലീറ്റ് മാന്‍ എന്ന പരസ്യവാചകമുരുവിട്ട് താനൊരു കംപ്ലീറ്റ് മാന്‍ ആണെന്ന് അയാള്‍ സ്വയം വിശ്വസിപ്പിക്കുന്ന രംഗം).

തൊഴിലില്ലാത്ത, ഭാര്യമാരാണെങ്കില്‍ തന്റെയുള്ളിലുള്ള അധികാരത്തെ മുഴുവന്‍ യാതൊരു പ്രതിരോധവുമില്ലാതെ അവരിലേക്ക് അടിച്ചേല്‍പ്പിക്കാമെന്ന ഉത്തമവിശ്വാസം അയാള്‍ക്കുണ്ട് (അത്തരം ഭാര്യമാര്‍ക്ക് ഭര്‍ത്താവിന്റെ ചെറിയ ഒച്ച പോലും വലിയ ഒച്ചയായി തോന്നുകയും അവര്‍ ഭയപ്പെടുകയും ചെയ്യുന്നു. ഇവിടെ ഷമ്മിയുടെ ബുള്ളറ്റിന്റെ ശബ്ദം കേട്ട് പേടിക്കുന്ന സിമിയെ കാണാം. ബുള്ളറ്റ് ആണധികാരത്തിന്റെ, പുരുഷ സൗന്ദര്യത്തിന്റെ ബിംബമാണ്. മറിച്ച് ഷമ്മി ഒരു സ്‌കൂട്ടിയാണ് ഉപയോഗിക്കുന്നത് എന്ന് വിചാരിക്കുക. അതോടുകൂടി ആ കഥാപാത്രത്തില്‍ ആരോപിച്ചിരിക്കുന്ന എല്ലാ ആണത്ത ബിംബങ്ങളും തകര്‍ന്നുപോകും) ആ വിശ്വാസത്തിന്റെ തകര്‍ച്ച അയാളുടെ തകര്‍ച്ച തന്നെയായി മാറുകയാണ് കഥാന്ത്യത്തില്‍.

തൊഴില്‍പരമായി അയാളൊരു ബാര്‍ബറാണ്. ആ തൊഴിലിന്റെ തെരഞ്ഞെടുപ്പിലും സൂക്ഷ്മതയുണ്ട്. ബാര്‍ബര്‍ഷോപ്പ് പ്രതിബിംബങ്ങളുടെ ലോകമാണ്. തന്റെതന്നെ അനേകം രൂപങ്ങളുടെ ലോകം. ആ ലോകത്ത് താന്‍ മാത്രമേയുള്ളൂ. പക്ഷേ അത് താനല്ല, തന്റെ പ്രതിബിംബം മാത്രമാണെന്ന് തിരിച്ചറിയുമ്പോഴാണ് അയാള്‍ തകരുന്നത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഇവിടെ കണ്ണാടി സൃഷ്ടിക്കുന്ന പ്രതിബിംബങ്ങളുടെ ലോകം ഓരോ പുരുഷനിലും ജനനം മുതല്‍ തന്നെ പൊതുബോധം സൃഷ്ടിക്കുന്ന ആണധികാരത്തിന്റെ പ്രതിബിംബങ്ങളുടെ ലോകമാണ് (കുളിമുറിയിലെ കണ്ണാടിയും ബാര്‍ബര്‍ ഷോപ്പിലെ കണ്ണാടികളും ഇവിടെ വിനിമയം ചെയ്യുന്ന മൂല്യങ്ങള്‍ ഒന്നുതന്നെ) നീ ആണ്‍കുട്ടിയാണ്, പുരുഷനാണ്, കരയാന്‍ പാടില്ലാത്തവനാണ്, ശക്തനാണ്, സംരക്ഷകനാണ്, ഭരിക്കേണ്ടവനാണ് തുടങ്ങി കുടുംബം, മതം, വ്യവസ്ഥിതി എന്നിങ്ങനെ ആണധികാരം സുരക്ഷിതമായി ഉല്പാദിപ്പിക്കുന്ന പ്രതിബിംബങ്ങളുടെ ലോകം.

ആ ലോകം പ്രതിബിംബങ്ങളുടേതല്ലെന്നും യഥാര്‍ത്ഥമാണെന്നും ധരിക്കുന്ന ഓരോ പുരുഷനിലും ആണധികാരവ്യവസ്ഥ ഉന്മാദമായി പരിണമിക്കുന്നു. ഒരു ചെറിയ ഏറു കൊണ്ടാല്‍ തകരുന്ന ഈ പ്രതിബിംബങ്ങള്‍ പുരുഷന് സഹിക്കുവാന്‍ കഴിയില്ല. അപ്പോഴാണ് അവന്‍ കായികമായി അക്രമണോത്സുകനാകുന്നത്. സിനിമയിലും ജീവിതത്തിലും. ഇവിടെ ഷമ്മിയുടെ ആണ്‍കോയ്മയെ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ഭാര്യയും ഭാര്യയുടെ അനുജത്തിയും ചോദ്യം ചെയ്യുന്നു. അതയാള്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ല. അതാണ് അയാളെ പതിനഞ്ചുമിനിട്ടോളം നിശ്ചലനാക്കുന്നത്. അതില്‍ നിന്നുള്ള മോചനത്തിനു വേണ്ടിയാണ് സിമി തകര്‍ത്ത ബാറ്റെടുത്ത് അയാള്‍ കത്തിക്കുന്നത്. സിമി തകര്‍ത്ത ആണ്‍കോയ്മ, അയാളുടെ ഉള്ളില്‍ പ്രതികാരമായി ജ്വലിക്കുകയാണ്. ഈ ജ്വലനമാണ് പിന്നീട് കായികമായ ആക്രമണമായി പരിണമിക്കുന്നത്.

ചുരുക്കിപ്പറഞ്ഞാല്‍ ഓരോ പുരുഷന്റെയുമുള്ളിലുള്ള സ്ത്രീയുടെ മേലുള്ള അധികാരം, ആണധികാര വ്യവസ്ഥ ഉന്മാദമായി ഉപബോധമനസ്സില്‍ അടിഞ്ഞുകൂടി കിടപ്പുണ്ട്. അത് ചോദ്യം ചെയ്യപ്പെടാത്തിടത്തോളം കാലം അവിടെത്തന്നെ കിടക്കും. ചോദ്യം ചെയ്യപ്പെടുമ്പോള്‍ അയാള്‍ ആക്രമണോത്സുകനാകും. അതായത് കുമ്പളങ്ങിയിലെ ഉന്മാദിയായ ഷമ്മി നാം ഓരോരുത്തരും തന്നെയാണ്. കീഴടങ്ങേണ്ടവളും കീഴടക്കപ്പെടേണ്ടവളും ഭരിക്കപ്പെടേണ്ടവളുമാണ് സ്ത്രീ എന്നു വിശ്വസിക്കുന്ന, ആണധികാരം ഊട്ടിയുറപ്പിക്കാന്‍ വേണ്ടി എന്തും ചെയ്യുന്ന, ചെയ്യാന്‍ മടിക്കാത്ത നാം ഓരോരുത്തരും. അപ്പോള്‍ ഷമ്മി കുമ്പളങ്ങിയുടെ അതിരുകള്‍ക്കപ്പുറത്തേക്ക് വളരുകയും നാമോരോരുത്തരും ഷമ്മിമാരായി പരിണമിക്കുകയും ചെയ്യുന്നു

കുമ്പളങ്ങിയിലെ സ്ത്രീകള്‍

പ്രധാനമായും ആറ് സ്ത്രീകഥാപാത്രങ്ങളാണ് കുമ്പളങ്ങി നൈറ്റ്‌സില്‍ ഉള്ളത്.

സിമി/ഗ്രേസ് ആന്റണി

അച്ഛന്റെ മരണം ഏല്‍പ്പിച്ച ശൂന്യതയെ ഭര്‍ത്താവന്റെ/ഷമ്മിയുടെ സാന്നിധ്യം കൊണ്ട് തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നവള്‍. നിലവിലെ ഒരു നവവധുവിന്റെ വാര്‍പ്പുമാതൃക. നെറ്റിയിലെ സീമന്ത സിന്ദൂരം. ഭയഭക്തിബഹുമാനങ്ങളോടെ ഭര്‍ത്താവിനെ സമീപിക്കുന്നവള്‍. ജോലിക്കുപോകുന്ന ഭര്‍ത്താവിനെ യാത്ര അയക്കുന്നവള്‍. ഷമ്മിയുമായി ബന്ധമുള്ള ചെറിയ ഒച്ചകളെ പോലും പേടിക്കുന്നവള്‍. ഭര്‍ത്താവിന്റെ മുന്നില്‍ തമാശ പറയാത്തവള്‍. ഭര്‍ത്താവുമായി താരതമ്യം ചെയ്യുമ്പോള്‍ സൗന്ദര്യവും ഉയരവും കുറഞ്ഞവള്‍ (ശ്രദ്ധിക്കുക, ഈ കഥാപാത്രനിര്‍മ്മിതിയില്‍ സ്ത്രീ എങ്ങനെയായിരിക്കണമെന്ന പുരുഷ പൊതുബോധം ആദ്യഘട്ടത്തില്‍ ശരിക്കും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് പ്രേക്ഷകരുടെ പൊതുബോധം കൂടിയാണ്. അതുകൊണ്ട് ഈ കഥാപാത്രത്തില്‍ നിന്ന് കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ട എന്നൊരു സന്ദേശം വിനിമയം ചെയ്യപ്പെടുന്നു).

പക്ഷേ, ഇത്തരമൊരു വാര്‍പ്പുമാതൃകയായ സ്ത്രീയെ, നവവധുവായ സ്ത്രീയെ കഥാന്ത്യത്തില്‍ പൊടുന്നനെ തലയുയര്‍ത്തിപ്പിടിച്ച് ഭര്‍ത്താവിനെ ചോദ്യം ചെയ്യുന്നവളായി, ആണ്‍കോയ്മയെ ധിക്കരിക്കുന്നവളായി അവതരിപ്പിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. കാരണം അത്തരമൊരു പ്രതികരണത്തിന്റെ ഒരു സൂചനയും കഥയിലുടനീളം നമുക്ക് ലഭിക്കുന്നില്ല. തന്റെ അനുജത്തിയായ ബേബിമോളുടെ പ്രണയത്തില്‍ ഭര്‍ത്താവായ ഷമ്മി ഇടപെടുകയും അനിയത്തിയെ എടീ പോടീ എന്ന് വിളിക്കുന്നതുമായ രംഗത്തിലാണ് അവള്‍ ബാറ്റ് തല്ലിപ്പൊട്ടിക്കുകയും ഭര്‍ത്താവിനോട് കയര്‍ക്കുകയും ചെയ്യുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം അവള്‍ തന്നെയാണ് രാത്രിയില്‍ ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി അടുത്ത പ്രഭാതത്തില്‍ ബേബി മോളും ബോബിയും ഒളിച്ചോടാന്‍ പരിപാടിയിട്ടിട്ടുണ്ട് എന്നുപറയുന്നത്. ബേബി മോളുടെ ആ ഒരു തീരുമാനം അവളിലുണ്ടാകുന്ന സംഘര്‍ഷം ഇറക്കിവെക്കാന്‍ വേണ്ടിയാണ് അവള്‍ ഷമ്മിയെ വിളിച്ചുണര്‍ത്തി കാര്യം പറയുന്നത്. ആ ഒളിച്ചോട്ടത്തിനെ പ്രതിരോധിക്കുക എന്നത് സിമിയുടെയും ലക്ഷ്യമായിരുന്നു. ഈ പ്രശ്‌നത്തില്‍ ഷമ്മിയുടെ ഇടപെടലിലാണ് കാര്യങ്ങള്‍ തകിടം മറിയുന്നത്.

പൊതുവേ ശാന്തയായ സിമി പ്രകോപിതയാവാനുള്ള കാരണം എന്താണ്? അനിയത്തിയെ തന്റെ ഭര്‍ത്താവ് എടീ പോടീ വിളിച്ചാല്‍ അത്രമാത്രം പ്രകോപിതയാ വേണ്ടതുണ്ടോ? നവവധുവായ അവളുടെ ഉള്ളില്‍ അടിഞ്ഞുകൂടിയ തീവ്രമായ നിരാശാബോധം, അത് ലൈംഗികതയുമായി ബന്ധപ്പെട്ടതാകാം, സൗന്ദര്യവുമായി ബന്ധപ്പെട്ടതാകാം, മറ്റെന്തെങ്കിലും ആവാം പുറത്തുവരുന്നു എന്ന് കരുതണം (അവരുടെ കിടപ്പുമുറിയില്‍ പരസ്പരം തൊടാതെ കിടക്കുന്ന സിമിയും ഷമ്മിയും. കല്യാണത്തിന്റെ പുതുമോടിയില്‍ അവര്‍ പുറത്തെങ്ങും പോകുന്നില്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.ആകെ പോകുന്നത് അപ്പുറത്തെ ചിറ്റപ്പന്റെ വീട്ടില്‍ രാത്രി വിരുന്നിന്). എങ്ങനെയായാലും സ്വതവേ ദുര്‍ബലയായ ആ കഥാപാത്രം പൊടുന്നനെ ആണധികാരത്തെ ചോദ്യം ചെയ്യുന്നവളായി പരിണമിക്കുന്നു. ഈ ചോദ്യം ചെയ്യല്‍ തന്റെ ഭര്‍ത്താവില്‍ ഉണ്ടാക്കുന്ന വികാരവിക്ഷോഭം കണ്ട്, അവള്‍ പരിഭ്രമിക്കുകയും ചെയ്യുന്നുണ്ട് തൊട്ടടുത്ത നിമിഷത്തില്‍ത്തന്നെ. പതിനഞ്ചുമിനിട്ടോളം ഷമ്മി ഈ സംഭവത്തിനുശേഷം അനക്കമില്ലാതെ നില്‍ക്കുമ്പോള്‍ അയാളുടെ സുഹൃത്തിനെ അവള്‍ ഫോണ്‍ ചെയ്ത് കാര്യങ്ങള്‍ ധരിപ്പിക്കുന്നത് ശ്രദ്ധിക്കുക. എങ്ങനെയായാലും കഥാന്ത്യത്തില്‍ സിമിക്കുണ്ടാകുന്ന ഈ പരിണാമം പ്രേക്ഷകരെ ആഹ്ലാദിപ്പിക്കുന്നു.

ബേബി മോള്‍/അന്ന ബെന്‍

സിമിയുടെ അനുജത്തി. ബോബിയുടെ കാമുകി. ഹോംസ്റ്റേയുമായി ബന്ധപ്പെട്ട ടൂറിസ്റ്റ് ഗൈഡ്. എടുക്കുന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നവള്‍. നട്ടെല്ലുള്ളവള്‍. പുരുഷന്റെ മുഖത്തുനോക്കി ഉള്ളത് ഉള്ളതുപോലെ പറയുന്നവള്‍. ലൈംഗികാഗ്രഹത്തെ ഉറക്കെ പറയുന്നവള്‍. താന്‍ സ്‌നേഹിക്കുന്ന പുരുഷന്‍ നഷ്ടപ്പെടരുതെന്ന് ആഗ്രഹിക്കുന്നവള്‍.

ബോബി എന്ന ക്രിസ്ത്യന്‍ യുവാവുമായി പ്രണയത്തില്‍ വീഴുമ്പോള്‍ അയാള്‍ ക്രിസ്ത്യാനി ആണല്ലോ എന്ന പ്രസ്താവന കൊണ്ട് ഈ പ്രണയത്തെ പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ വേണ്ടി സിമി ബേബി മോളെ പ്രേരിപ്പിക്കുന്നു. യേശുവുമായി ബന്ധപ്പെട്ട ഒരു തമാശയിലൂടെ ബേബി മോള്‍ അതിനെ മറികടക്കുന്നു. ഇതേ പ്രശ്‌നവുമായി ബന്ധപ്പെട്ട് ബോബി ഒറ്റ തന്തയ്ക്കു പിറന്നവന്‍ അല്ലെന്ന് ഷമ്മി പറയുമ്പോള്‍ ആരും ഒറ്റ തന്തക്കേ പിറക്കൂയെന്ന് ബേബിമോള്‍ തിരിച്ചടിക്കുന്നു. ആദ്യം തമാശ പറഞ്ഞ് പ്രതിരോധിച്ച ബേബിമോളെ നമുക്കിവിടെ കാണാന്‍ കഴിയില്ല. മാത്രമല്ല തിയറ്ററില്‍ വച്ച് അവളെ ചുംബിക്കാന്‍ ശ്രമിക്കുന്ന കാമുകനായ ബോബിയോടുള്ള അവളുടെ പ്രതികരണവും ശ്രദ്ധിക്കപ്പെടേണ്ടതാണ്. തന്റെ പ്രണയം തുറന്നു പറയുന്ന അവള്‍ കഥയിലുടനീളം തന്റെ സ്വത്വം നിലനിര്‍ത്തുന്നു.

Nylah/Jasmine Metiver

അമേരിക്കന്‍ ടൂറിസ്റ്റ്. ബോണിയുടെ കാമുകി. തനിക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങളോട് ശക്തമായി പ്രതികരിക്കുന്നവള്‍. ഒറ്റയ്ക്കു ജീവിക്കുന്നവള്‍. ലൈംഗികത പരസ്യമായി പ്രകടിപ്പിക്കുന്നവര്‍.

ബോണിയുമായുള്ള ചുംബനരംഗം, കിടപ്പറരംഗം ഓര്‍ക്കുക. പടിഞ്ഞാറന്‍ സംസ്‌കാരത്തിന്റെ പ്രതിനിധിയായി കടന്നുവരുന്നതുകൊണ്ടുതന്നെ നമ്മുടെ സാംസ്‌കാരിക പശ്ചാത്തലത്തില്‍ നിന്നുള്ള വിലയിരുത്തല്‍ അപ്രാപ്യം. ഈ കഥാപാത്രം മുഖ്യ ധാരയിലേക്ക് വരുന്നുണ്ടെങ്കിലും അതിന് കൂടിയ മാനങ്ങള്‍ ഒന്നും തന്നെയില്ല.

ബേബി മോളുടെ കൂട്ടുകാരി സുമിഷ/റിയ സൈറ.

മലയാളികളുടെ നിലവിലുള്ള ലാവണ്യബോധത്തെ തച്ചുടയ്ക്കുന്നവള്‍. ഹോംസ്റ്റേയിലെ ജോലിക്കാരി. പ്രേമിക്കുന്ന പുരുഷന്റെസൗന്ദര്യമോ സോഷ്യല്‍ സ്റ്റാറ്റസോ പരിഗണിക്കാത്തവള്‍. അവനെത്തന്നെ വിവാഹം ചെയ്യണമെന്ന് ആഗ്രഹിക്കുന്നവള്‍. ബോബിയുടെ കൂട്ടുകാരനെ അവള്‍പ്രണയിക്കുന്നു. വിവാഹം ചെയ്യുന്നു. കൂട്ടുകാരന്റെ സൗന്ദര്യമില്ലായ്മ ബോബി തന്നെ തുറന്നു കാണിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഈ കഥാപാത്രത്തിന് കഴിയുന്നുണ്ട്.

തന്റെ കാമുകന്‍ കൂളിംഗ് ഗ്ലാസ് വെച്ചാല്‍ വിനായകനെ പോലെയുണ്ട് എന്ന പ്രതിരോധത്തില്‍ ബോബി തളര്‍ന്നുപോകുന്നു. കുറച്ചു സീനുകളില്‍ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂ എങ്കിലും കൃത്യമായ വ്യക്തിത്വം ഈ കഥാപാത്രത്തന് ഉണ്ട്.

സതി/ഷീല രാജ്കുമാര്‍

സജിയുടെ കൂട്ടുകാരനായ മുരുകന്റെ ഗര്‍ഭിണിയായ ഭാര്യ. മുരുകനെ പ്രേമിച്ച് ഒളിച്ചോടിപ്പോന്ന അവള്‍ മുരുകന്റെ മരണത്തിനുശേഷം പ്രസവിക്കുന്നു (മുരുകനെ പ്രേമിച്ച്, അച്ഛനമ്മമാരുടെ ആശിര്‍വാദത്തോടെ വിവാഹം കഴിഞ്ഞ് ജീവിക്കുന്നവളല്ല. വീട് വിട്ടുപോന്നവളാണ് . തിരിച്ച് വീട്ടിലേക്ക് പോകുന്നവളല്ല). യൂറോപ്യന്‍ ക്ലോസറ്റ് ഉള്ളതിനാല്‍ സജിയുടെ വീട്ടിലാണ് താല്‍ക്കാലിക വാസം.(അല്ലാതെ സജി അവളുടെ സുരക്ഷിതത്വം ഏറ്റെടുക്കുകയല്ല). മുരുകന്റെ മരണത്തിന് അറിയാതെയെങ്കിലും കാരണക്കാരനായ സജി കുറ്റബോധംകൊണ്ട് നീറി അവളുടെ കാല്‍ക്കല്‍ വീണ് കരയുന്ന രംഗം ഓര്‍ക്കുക.

ഭര്‍ത്താവിന്റെ മരണത്തിനുശേഷം മറ്റൊരാളുടെ കൂടെ ഇറങ്ങി പോയവള്‍ എന്ന ദുഷ്‌പേര് നാട്ടുകാര്‍ ചാര്‍ത്തിക്കൊടുത്തിട്ടുണ്ടെന്ന് സിമി, ബേബി മോളോട് പറയുന്നുണ്ട്. തെറ്റിദ്ധരിക്കപ്പെട്ട ഈ കഥാപാത്രം സജിയുടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, ഈ വീടു പോലെ മറ്റൊരു നരകം ഇല്ലെന്ന് ബോബി പറയുമ്പോള്‍ അവള്‍ അവിടെത്തന്നെ നില്‍ക്കാന്‍ ഉറപ്പിക്കുന്നു. നിലനില്‍ക്കുന്ന വാര്‍പ്പു മാതൃകയില്‍ ഉണ്ടാക്കിയ കഥാപാത്രമല്ല ഇത്. ഭര്‍ത്താവിന്റെ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് ഉത്തരവാദിത്തങ്ങളിലേക്ക് നടന്നടുക്കുന്ന ശക്തമായ സ്ത്രീകഥാപാത്രമാണിത്.

ബേബി മോളുടെ അമ്മ/അംബികാ റാവു

ഭര്‍ത്താവിന്റെ മരണത്തിനുശേഷം മകളുടെ ഭര്‍ത്താവിനെ കര്‍തൃ സ്ഥാനത്തേക്ക് പ്രതിഷ്ഠിക്കുന്നവള്‍. പ്രത്യേകിച്ച് അഭിപ്രായങ്ങള്‍ ഒന്നും തന്നെയില്ല. നിശ്ശബ്ദ, ഭക്ത. ഓരോ ചലനത്തിലും മരുമകനോടു ള്ള സ്‌നേഹവും ആദരവും ഉണ്ട്. വെച്ചുവിളമ്പുന്നതില്‍ ശ്രദ്ധാലു. ഒരു പരമ്പരാഗത അമ്മ. സജി, ബോബിക്കുവേണ്ടി പെണ്ണന്വേഷിച്ച് ചെല്ലുമ്പോള്‍ അവരുമായുള്ള ബന്ധത്തിന് താല്പര്യമില്ലെന്ന് ഷമ്മിയുടെ നാവായി പറയുന്നവള്‍. പക്ഷേ കഥാന്ത്യത്തില്‍ ഷമ്മിക്ക് ഭ്രാന്താണ് എന്ന് അവരാണ് ഉറക്കെ വിളിച്ചുപറയുന്നത്. അതുവരെ അടക്കിവച്ചതെല്ലാം ആ ഒരൊറ്റ വാക്യത്തില്‍ കടന്നുവരുന്നു.

നിലനില്‍ക്കുന്ന സ്ത്രീ വാര്‍പ്പുമാതൃകകളെ മുഴുവനായില്ലെങ്കിലും ഒരു പരിധിവരെയെങ്കിലും ലംഘിക്കാനും പ്രതിരോധിക്കാനും കഴിയുന്നുണ്ട് കുമ്പളങ്ങി നൈറ്റ്‌സിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക്. മുഴുവനായി ആര്‍ക്കും സാധ്യമല്ലെന്ന് അടിവരയിട്ടു തന്നെ പറയണം.

കുമ്പളങ്ങിയിലെ വീടുകള്‍

സിനിമയില്‍ പ്രധാനമായും കടന്നുവരുന്നത് രണ്ടു വീടുകളാണ്. മരിച്ചുപോയ നെപ്പോളിയന്റെ നാല് ആണ്‍മക്കള്‍ ജീവിക്കുന്ന, മുന്‍വാതിലില്ലാത്ത, പുകയില്ലാത്ത അടുപ്പില്ലാത്ത, കര്‍ത്തൃ സ്ഥാനം ഏറ്റെടുക്കാന്‍ പുരുഷ ബിംബങ്ങളില്ലാത്ത വീടാണ് ആദ്യത്തേത്. ഈ സഹോദരന്മാര്‍ ആരുംതന്നെ കുടുംബനാഥന്‍മാരല്ല. പരസ്പരം പേരു വിളിക്കുന്ന അവരില്‍ മൂത്തവനായ സജി കുടുംബത്തിലെ കര്‍തൃസ്ഥാനം സ്ഥാനം ഏറ്റെടുക്കുന്നുമില്ല. തീട്ടപ്പറമ്പ് കോളനിയില്‍ അസ്പൃശ്യത മുഖമുദ്രയാക്കിയ വീട്ടിലേക്ക് ആര്‍ക്കും എപ്പോഴും കയറിവരാം. എപ്പോള്‍ വേണമെങ്കിലും പോകാം. പക്ഷേ പുറത്തുനിന്ന് ആരും കയറി വരികയില്ല.

സജിയുടെയും ബോബിയുടെയും സുഹൃത്തുക്കള്‍ വരെ. കഥാന്ത്യത്തില്‍ കടന്നുവരുന്നവരാകട്ടെ ഈ വീട്ടിലെ പുരുഷന്‍മാരുമായി ഏതെങ്കിലും വിധത്തില്‍ ബന്ധമുള്ളവരാണ്. കായലിനോടുചേര്‍ന്നുള്ള ഈ വീട്ടില്‍ മദ്യപിച്ചും പരസ്പരം വഴക്കടിച്ചും അവര്‍ നാലുപേര്‍ ജീവിക്കുന്നു. ആ കോളനിയിലേക്ക് മുമ്പ് വഴിയുണ്ടായിരുന്നില്ല. ഇപ്പോള്‍ ഒരു മോട്ടര്‍സൈക്കിള്‍ വരാനുള്ള വഴിയുണ്ടെന്ന് സജി തന്നെ പറയുന്നുണ്ട്. ആ വീടിന്റെ മുറ്റത്ത് എപ്പോഴും ഒരു പട്ടിയെയും പട്ടിക്കുട്ടിയെ കാണാം. തീര്‍ത്തും അരാജകം എന്ന് നമ്മുടെ പൊതുബോധം വിലയിരുത്തുന്ന ഒരു വീട്. ഇത് പഞ്ചായത്തിലെ ഏറ്റവും മോശപ്പെട്ട വീടെന്ന് ഈ സഹോദരന്മാരില്‍ ഇളയവനായ ഫ്രാങ്കി ഇടയ്ക്കു പറയുന്നുണ്ട്. പ്രേക്ഷകരും അങ്ങനെതന്നെയാണ് ഈ വീടിനെ വിലയിരുത്തുന്നതും.

രണ്ടാമത്തെ വീട് സാധാരണ നാം കാണുന്ന, നമുക്കു പരിചിതമായ അടച്ചുറപ്പുള്ള ഒന്നാണ്. ഷമ്മിയുടെ ഭാര്യവീട്. കയറിവരാന്‍ മുന്നില്‍ വഴിയുള്ള, അടച്ചിടാന്‍ മുന്‍വാതിലുള്ള, വീടിനു തൊട്ടു മുന്നില്‍ കളിസ്ഥലമുള്ള, ഗ്യാസ ടുപ്പുള്ള, മദ്യപിക്കാത്ത അംഗങ്ങളുള്ള, പുറത്തേക്ക് എപ്പോഴും ശാന്തമെന്നു കരുതുന്ന നമ്മുടെ നിത്യ പരിചയത്തിലുള്ള വീട്. വലിയ ഒച്ചകളൊന്നും അവിടെ നിന്ന് ഒരിക്കലും കേള്‍ക്കില്ല. മൂന്ന് സ്ത്രീകളാണ് അവിടത്തെ അന്തേവാസികള്‍. വിധവയായ അമ്മയും രണ്ടു പെണ്‍മക്കളും. അതില്‍ മൂത്തവളായ സിമിയുടെ ഭര്‍ത്താവ് ഷമ്മിയാണ് അവിടുത്തെ കുടുംബനാഥന്‍.

അയാള്‍ ഭരിക്കുന്നവനും മറ്റുള്ളവര്‍ ഭരിക്കപ്പെടുന്നവരുമാണ്. നമ്മുടെ നാട്ടിലെപ്പോലെ ഏതൊരു വീടിനേയും പോലെ ആണധികാരം ഊട്ടി ഉറപ്പിക്കപ്പെട്ട ഒരു വീട്. ആ വീടിനോടു ചേര്‍ന്നുള്ള മൈതാനം കളി സ്ഥലമാണ്. അവിടെ കുട്ടികള്‍ പന്തുകളിക്കുന്നു. പന്തുകളിക്കുമ്പോള്‍ വീടിന്റെ മുറ്റത്തേക്ക് തെറിച്ചുവീഴുന്ന പന്തിനു പോലും ഷമ്മിയെ പേടിയാണ്. പന്ത്, വീട്ടുമുറ്റത്തേക്ക് തെറിച്ചു വീഴാതിരിക്കാന്‍ വല കെട്ടണമെന്ന് ഷമ്മി കുട്ടികളോട് പറയുന്നുണ്ട്. അങ്ങനെ പുരുഷാ ധികാരത്തിന്റെ അദൃശ്യമായ വലകളാല്‍ ആ വീട് ചുറ്റപ്പെട്ടിരിക്കുന്നു.

ആദ്യത്തെ വീട്ടിലേക്ക് മൂന്നു സ്ത്രീകള്‍, അവിടുത്തെ പുരുഷന്മാരുമായി ബന്ധമുള്ള മൂന്നു സ്ത്രീകള്‍-ഒരു തമിഴത്തി, ആഫ്രിക്കക്കാരി, മലയാളി കയറി വരുന്നു. അവര്‍ കയറി വരുന്നതോടെ ആ വീട് അതിന്റെ പഴയ സ്വഭാവം കൈവിടുന്നൊന്നുമില്ല. കാരണം മുന്‍വാതിലുകളില്ലാത്ത ആ വീട്ടിലേക്ക് കയറി വന്നതുപോലെ ഇറങ്ങി പോകാനുമുള്ള സ്വാതന്ത്ര്യം അപ്പോഴും അവശേഷിക്കുന്നു. നേരെമറിച്ച് ആ സ്ത്രീകളുടെ കടന്നുവരവോടെ ആ വീടിന് ഒരു പുറംവാതില്‍ നിര്‍മ്മിക്കുന്ന ദൃശ്യത്തിലാണ് സിനിമ അവസാനിക്കുന്നതെങ്കില്‍ അത് നിലനില്‍ക്കുന്ന എല്ലാ വ്യവസ്ഥകളെയും തിരിച്ചു പിടിക്കാനുള്ള ശ്രമമായിരിക്കും.

പക്ഷേ അങ്ങനെ സംഭവിക്കുന്നില്ല. എന്നാല്‍ ഈ സ്ത്രീകളുടെ വരവോടെ ആ വീട് വിശ്വമാനവികതയുടെ മഹത്വം തിരിച്ചറിയുകയും പഞ്ചായത്തിലെ തന്നെ നല്ല വീടായി മാറുകയും ചെയ്യുന്നു. ഒരു മോട്ടോര്‍സൈക്കിള്‍ മാത്രം പോകാന്‍ വഴിയുള്ള ആ വീട് വിശ്വത്തിലേക്കുള്ള കൈവഴികളായിമാറുന്നു.

എന്നാല്‍ തീര്‍ത്തും വ്യത്യസ്തമാണ് ഷമ്മിയുടെ ഭാര്യവീട്. ശാന്തമെന്ന് പ്രേക്ഷകര്‍ കരുതുന്ന ആ വീട് കഥാന്ത്യത്തില്‍ അരാജകമായിത്തീരുന്നു. ആ അരാജകത്തം സിനിമയുടെ ആദ്യം മുതലേ ഈ വീട്ടില്‍ ഇഴചേര്‍ന്നു കിടപ്പുണ്ട്. നാം അത് തിരിച്ചറിയുന്നില്ല. വീടിന്റെ ഉള്ളിലുള്ള ശബ്ദങ്ങള്‍, ആക്രോശങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ അടച്ചുറപ്പുള്ള വാതില്‍ സഹായിക്കുന്നുവെന്നേയുള്ളൂ. അതിനര്‍ത്ഥം വീട് ശാന്തമാണ് എന്നല്ല. തന്റെ ആണധികാരത്തെ സിമി ചോദ്യം ചെയ്തപ്പോള്‍ അത് തിരിച്ചുപിടിക്കാന്‍ വേണ്ടി ആ വീട്ടിലെ സ്ത്രീകളെ കായികമായി നേരിടുകയാണ് ഷമ്മി. അത് വന്യമാണ്. സ്ത്രീകളുടെ മുമ്പില്‍ ജയിക്കാന്‍ വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത അയാള്‍ പക്ഷേ തോറ്റുപോകുന്നു. അത് ആണത്തത്തിന്റെ തോല്‍വികൂടിയാണ്.

അതായത് ഈ രണ്ടു വീടുകളെ പറ്റിയുമുള്ള പ്രേക്ഷകരുടെ മുന്‍വിധികളെ, നല്ല വീടുകളെ കുറിച്ചുള്ള നമ്മുടെ ധാരണകളെ സിനിമ കഥാന്ത്യത്തില്‍ അട്ടിമറിക്കുന്നു. ഈ അട്ടിമറി സിനിമ മൊത്തത്തില്‍ പരിശോധിച്ചാല്‍ പ്രേക്ഷകരുടെ, സമൂഹത്തിന്റെ പൊതുബോധത്തിന്റെഅട്ടിമറി തന്നെയാണ്. അതില്‍ സിനിമ വിജയിച്ചിരിക്കുന്നു.


Summary: character study of malayalam movie kumbalangi nights shyam pushkaran madhu c narayanan by p r reghunath


പി.ആർ. രഘുനാഥ്

മലപ്പുറം ജില്ലയിലെ ഊരകം കീഴുമുറി സ്വദേശി.

മലപ്പുറം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം മലയാളം അദ്ധ്യാപകൻ.

Comments