അവിശ്വാസിയായ നായകനും
വിശ്വാസികളുടെ ആൾക്കൂട്ടവും;
‘പൈതൃകം’ മുതൽ ‘മഞ്ഞുമ്മൽ’ വരെ

ജയരാജ് സംവിധാനം ചെയ്ത ‘പൈതൃക’വും രാജീവ് അഞ്ചലിൻെറ ‘ഗുരു’വും ചിദംബരത്തിൻെറ ‘മഞ്ഞുമ്മൽ ബോയ്സും’ യുക്തിവാദ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവയാണ്. കഥാപാത്രങ്ങൾ അവിശ്വാസിയായിരിക്കുന്ന കാലത്തെ പരിഹസിക്കുകയും വിശ്വാസിയായുള്ള പരിണാമത്തെ കയ്യടിക്കുകയുമാണ് ഈ ചിത്രങ്ങൾ. യുക്തിവാദ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുമ്പോൾ ആൾക്കൂട്ടത്തിനു വേണ്ടി പാത്രസൃഷ്ടി നടത്തുന്ന മലയാള സിനിമയുടെ ‘നടപ്പുശീല’ത്തെ വിമർശനാത്മകമായി വിലയിരുത്തുന്നു, മനോജ് തച്ചാനി.

മൂഹത്തെ ചലനാത്മകമാക്കുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് സോഷ്യൽ ഗ്രൂപ്പുകൾ. ഓരോ മനുഷ്യനും അവരവരുടെ വ്യക്തിത്വനിർമാണത്തിന്റെ മുഖ്യമായൊരംശം സ്വീകരിക്കുന്നത് ഇത്തരം ഗ്രൂപ്പുകളിൽ നിന്നുമാണ്. അതുകൊണ്ടു തന്നെ വ്യക്തിയായിരിക്കുക എന്നതിലും ആൾക്കൂട്ടത്തിലെ ഒരംഗമായിരിക്കുക എന്നതാണ് മനുഷ്യനെ സംബന്ധിച്ച് താരതമ്യേന എളുപ്പം. സമൂഹശാസ്ത്ര സിദ്ധാന്തമായ ‘Contagion theory’ അനുസരിച്ച് സമൂഹത്തിന്റെ മറ്റൊരു രൂപമായ ആൾക്കൂട്ടത്തിന്റെ വികാരങ്ങളെയും ചിന്തകളെയും പിന്തുടരുക എന്ന പ്രവണത മനുഷ്യനിൽ അന്തർലീനമാണ്. സംഘത്തിന്റെ നിയമങ്ങളെയും ആദർശങ്ങളെയും അനുസരിക്കുക എന്ന സാമാന്യം ലളിതമായ കർത്തവ്യം ഏറ്റെടുക്കുന്ന മനുഷ്യന് സമൂഹത്തിൽ ഉയർന്നുവരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ സ്വയം കണ്ടെത്തുക എന്ന ശ്രമകരമായ ജോലിയിൽനിന്ന് ഓടിയൊളിക്കാനുള്ള താവളം കൂടിയാണ് ആൾക്കൂട്ടങ്ങൾ.

യുക്തിപരമായി ചിന്തിക്കാനുള്ള അവസരങ്ങൾ പലപ്പോഴും നിഷേധിക്കുന്ന ആൾക്കൂട്ടങ്ങൾ മനുഷ്യനെ ‘മൃഗീയ സ്വഭാവം’ പ്രകടിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഇടമാകുന്നു എന്നാണ് emergent Norm തിയറി പ്രസ്താവിക്കുന്നത്. ജെല്ലിക്കെട്ട് എന്ന സിനിമ ആൾക്കൂട്ടത്തിന്റെ മനോവ്യാപാരത്തെയും ‘മൃഗീയ സ്വഭാവ’ത്തെയും പ്രമേയമായി നിർമിക്കപ്പെട്ടതാണ്. സിനിമയുടെ ആഖ്യാനത്തിനുള്ളിൽ രൂപപ്പെടുന്ന ആൾക്കൂട്ടത്തോടൊപ്പം പ്രധാനമാണ് തിയേറ്ററിനുള്ളിൽ പ്രേക്ഷകർക്കിടയിൽ രൂപപ്പെടുന്ന ആൾക്കൂട്ടം. അവർ വലിയൊരു മുറിയിലെ ഇരുട്ടിൽ വിഭജിപ്പിക്കപ്പെട്ടിരിക്കുന്ന മനുഷ്യരാണെങ്കിലും ഒരേ വികാരങ്ങളുടെ അദൃശ്യമായ ചങ്ങലയിൽ പരസ്പരം ബന്ധിതരാണ്. വെള്ളിത്തിരയിലെ ആൾക്കൂട്ടത്തോടൊപ്പം ആവേശത്തോടെ യാത്രചെയ്യുന്ന ഓരോ പ്രേക്ഷകരും വെളിച്ചം വീഴുന്നതോടെ സ്വതന്ത്ര വ്യക്തികളാകുന്നു. തിയേറ്ററിനുള്ളിൽ രൂപപ്പെടുന്ന ഈ ആൾക്കൂട്ടത്തെ ഒപ്പം കൂട്ടുകയും തൃപ്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് സിനിമ സ്വാഭാവികമായും ചെയ്യുന്നത്.

ജെല്ലിക്കെട്ട് സിനിമയിലെ ഒരു രംഗം
ജെല്ലിക്കെട്ട് സിനിമയിലെ ഒരു രംഗം

ഡീവിയന്റ് ബിഹേവിയർ

ആൾക്കൂട്ടത്തിന്റെ എതിർദിശയിൽ യാത്ര ചെയ്യുന്ന വ്യക്തിയെ സോഷ്യോളജിസ്റ്റുകൾ ഡീവിയന്റ് വ്യക്തിത്വം എന്നാണ് വിളിക്കുന്നത്. അവർ സംഘത്തിന്റെ ആശയങ്ങളെ നിരാകരിക്കുന്നവരും ചോദ്യം ചെയ്യുന്നവരും ആയിരിക്കും. മത / ആത്മീയ വിശ്വാസങ്ങൾക്ക് പുറംതിരിഞ്ഞുനിൽക്കുന്ന അവിശ്വാസികളെയും അജ്ഞേയവാദികളെയും ഡീവിയന്റ് വ്യക്തികളായാണ് സമൂഹം പരിഗണിക്കുന്നത്. (Godless Americans - How non-religious persons are labelled as deviant in a religious society/ Damian M. Bramlett)

മലയാള സിനിമയും അവിശ്വാസിയായ കഥാപാത്രത്തെ ഡീവിയന്റ് വ്യക്തിയായി പരിഗണിച്ച് മാറ്റിനിർത്തുന്നതും സദാചാരധ്വംസനം ആരോപിച്ച് ശിക്ഷാനടപടികൾക്ക് തുനിയുന്നതും നിരീക്ഷിക്കാൻ സാധിക്കും. ജയരാജ് സംവിധാനം ചെയ്ത 'പൈതൃകം' (1993), രാജീവ് അഞ്ചൽ സംവിധാനം ചെയ്ത 'ഗുരു’ (1997) ലാൽജോസ് സംവിധാനം ചെയ്ത 'നാൽപത്തിയൊന്ന്' (2019), ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമൽ ബോയ്സ്' (2024) എന്നീ ചിത്രങ്ങൾ അവിശ്വാസികളായ നായകശരീരങ്ങളെ തിരശീലയിൽ അവതരിപ്പിക്കുന്നവയാണ്.

ജയരാജ്
ജയരാജ്

'വിശ്വാസമില്ലായ്മ' എന്നത് രാജ്യത്തിന്റെ നിയമത്തിനുള്ളിൽ കുറ്റമല്ല എങ്കിൽപ്പോലും അവിശ്വാസി വിചാരണയ്ക്ക് വിധേയനാകുന്നു എന്നതാണ് ചിത്രങ്ങളുടെ പൊതുസ്വഭാവം. ഗ്രാമത്തിന്റെ കേന്ദ്രം ക്ഷേത്രമാകുന്ന ഭൂമികയാണ് കഥകളുടെ പൊതുവായ ആഖ്യാനപരിസരം. ജയരാജ് സംവിധാനം ചെയ്ത പൈതൃകവും രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ഗുരുവും ക്ഷേത്രം എന്ന സ്ഥാപനത്തിനെ ആത്മീയ വ്യവഹാരത്തിന്റെ കേന്ദ്രം എന്നതിനപ്പുറം നാനാജാതി മതസ്ഥരുടെയും ജീവിതത്തിൽ സ്വാഭാവികമായും ഇടപെടുന്ന ബഹുസ്വരതയുടെ ആണിക്കല്ലായാണ് ചിത്രീകരിച്ചിരിക്കുന്നത്. സിനിമയിലെ അവിശ്വാസിയായ നായകൻ ക്ഷേത്രത്തിനെതിരെ പ്രവർത്തനം ആരംഭിക്കുമ്പോൾ ഗ്രാമത്തിലെ സമാധാനപരമായ അന്തരീക്ഷത്തിന് വിഘാതം സംഭവിക്കുന്നു.

സിനിമയുടെ പകർപ്പുമാതൃകക്കുള്ളിൽ ആദർശവാനും ധീരനും ശക്തനുമായ നായകൻ ആൾക്കൂട്ടത്തെ മുന്നിൽനിന്ന് നയിക്കുന്നവനാണ്. അവൻ പ്രശ്നങ്ങളെ നേരിടുകയും പരിഹാരം കണ്ടെത്തുകയും മുന്നോട്ട് കുതിക്കുകയും ചെയ്യും. ആഖ്യാനത്തിന്റെ ആദ്യന്തം പ്രേക്ഷകൻ നായകനൊപ്പം നിലനിൽക്കും. നായകൻ നേരിടുന്ന വെല്ലുവിളികൾ പ്രേക്ഷകന്റേതുകൂടിയാണ്. പക്ഷെ നായക ശരീരത്തിന്റെ യുക്തിവാദി അവതാരം കാലാകാലമായി സിനിമ പിന്തുടർന്നുപോരുന്ന ഹീറോ ജേർണി എന്ന നരേറ്റിവിന് എതിരായാണ് പ്രവർത്തിക്കുന്നത്. അവിശ്വാസിയായ നായകൻ ആൾക്കൂട്ടത്തെ നയിക്കാൻ അയോഗ്യനാവുകയും സോഷ്യൽ ഗ്രൂപ്പിൽനിന്നും പുറത്താവുകയും ചെയ്യുന്നു. മറ്റെല്ലാ ഗുണങ്ങളും സമ്മേളിക്കുന്ന ശരീരമാണ് നായകന്റേതെങ്കിലും വിശ്വാസരാഹിത്യം അയാളെ കഥയിലെ പ്രതിനായകനാക്കുന്നു. നായകനെതിരെ സംഘടിക്കാൻ തയ്യാറാവുന്ന സിനിമയിലെ ആൾക്കൂട്ടത്തോടൊപ്പം പ്രേക്ഷകരും ചേരുന്നതോടെ അസ്വാഭാവികമായ സംഭവവികാസങ്ങളാണ് ഉണ്ടാകുന്നത്. നായകനെ എതിർ പക്ഷത്ത് നിർത്തിക്കൊണ്ടാണ് ഇത്തരം സിനിമകളുടെ ആഖ്യാനം വികസിക്കുന്നതും മുന്നോട്ടുപോകുന്നതും.

ഗുരു എന്ന സിനിമയിൽ മോഹൻലാൽ
ഗുരു എന്ന സിനിമയിൽ മോഹൻലാൽ

അവിശ്വാസിയെ ഡീവിയന്റ് വ്യക്തിത്വമായി ചിത്രീകരിക്കുമ്പോൾ അയാളുടെ ആദർശങ്ങൾ തെറ്റാണെന്ന് തെളിയിക്കാനും സിനിമ പ്രവർത്തിച്ചുകൊണ്ടിരിക്കും. മഞ്ഞുമൽ ബോയ്സ് എന്ന ചിത്രത്തിൽ സ്വന്തമായി ബാക്‌ സ്റ്റോറിയുള്ള രണ്ട്‌ കഥാപാത്രങ്ങളിൽ ഒന്ന് ഗുണാ കേവിലെ അപകടത്തിൽപ്പെടുന്ന സുഭാഷും മറ്റൊന്ന് അയാളെ രക്ഷപ്പെടുത്തുന്ന കുട്ടനുമാണ്. സുഭാഷ് നിരീശ്വരവാദിയാണ്. കൊടൈക്കനാലിലേക്കുള്ള യാത്രയിൽ പഴനി ക്ഷേത്രം സന്ദർശിക്കാൻ പോകുന്ന കൂട്ടുകാരുടെ സംഘത്തിൽ നിന്ന് അയാൾ ഒഴിഞ്ഞുമാറുന്നു. മറ്റൊരാളുമായി വിശ്വാസത്തെ സംബന്ധിച്ച് സംസാരിക്കേണ്ടിവരുമ്പോൾ, അയാൾ ദൈവം എന്ന സങ്കൽപ്പത്തിന്റെ നിലനിൽപ്പിനെത്തന്നെ ശക്തമായി ചോദ്യം ചെയ്യുന്നുമുണ്ട്. ഈ സംഭാഷണം നടക്കുമ്പോൾ സുഭാഷ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണ്. ബാക്ക്ഗ്രൗണ്ടിൽ പഴനി ക്ഷേത്രവും. ഒരുപക്ഷെ പഴനി മലയുടെ പരിസരത്ത് അതേസമയം ഒത്തുകൂടിയ അസംഖ്യം മനുഷ്യരിൽ സുഭാഷ് ഒറ്റയാണ്‌. അയാൾ ആൾക്കൂട്ടത്തിന്റെ വിശ്വാസമാനദണ്ഡങ്ങൾ കൊണ്ട് പരിശോധിച്ചാൽ തിരുത്തപ്പെടേണ്ട വ്യക്തിയാണ്.

ഗുണാകേവിൽ നിന്ന് മൃതപ്രായനായി പുറത്തുവന്ന സുഭാഷ് തിരികെയുള്ള യാത്രയിൽ വീണ്ടും പഴനിമലയിൽ എത്തുന്നുണ്ട്. ഇപ്പോൾ സുഭാഷ് കൂട്ടുകാർ കൊണ്ടുവന്ന ഭക്ഷണം കഴിക്കാൻ പോലും കഴിയാത്തവിധം ക്ഷീണിതനും കുമ്പിട്ട ശിരസോടെ ഇരിക്കുന്ന പരാജിതനുമാണ്.

മഞ്ഞുമൽ ബോയ്സ് എന്ന ചിത്രത്തിൽ സ്വന്തമായി ബാക്‌ സ്റ്റോറിയുള്ള രണ്ട്‌ കഥാപാത്രങ്ങളിൽ ഒന്ന് ഗുണാ കേവിലെ അപകടത്തിൽപ്പെടുന്ന സുഭാഷും മറ്റൊന്ന് അയാളെ രക്ഷപ്പെടുത്തുന്ന കുട്ടനുമാണ്.  സുഭാഷ് നിരീശ്വരവാദിയാണ്.
മഞ്ഞുമൽ ബോയ്സ് എന്ന ചിത്രത്തിൽ സ്വന്തമായി ബാക്‌ സ്റ്റോറിയുള്ള രണ്ട്‌ കഥാപാത്രങ്ങളിൽ ഒന്ന് ഗുണാ കേവിലെ അപകടത്തിൽപ്പെടുന്ന സുഭാഷും മറ്റൊന്ന് അയാളെ രക്ഷപ്പെടുത്തുന്ന കുട്ടനുമാണ്. സുഭാഷ് നിരീശ്വരവാദിയാണ്.

അപകടത്തിനുമുമ്പും ശേഷവും എന്ന് അടയാളപ്പെടുത്താവുന്നത്രയും സംഭവബഹുലമാണ് സുഭാഷിന്റെ ജീവിതം. അയാളുടെ സ്വഭാവസവിഷേതകളെ പരാമർശിക്കുമ്പോൾ മറ്റ് ധാരാളം കാര്യങ്ങൾ ഉൾപ്പെടുത്താനുണ്ടാവും എന്നിരിക്കെ പറയുന്നതത്രയും അയാളുടെ അവിശ്വാസത്തെ ഊന്നിനിൽക്കണം എന്നത് സിനിമയുടെ തിരഞ്ഞെടുപ്പാണ്. സുഭാഷ് പലകാര്യങ്ങളോടും ഭയമുള്ള വ്യക്തിയാണ് എന്ന് സിനിമ പലപ്പോഴായി കാണിച്ചുതരുന്നുണ്ട്. ഉയരത്തോടും ആഴത്തോടും ഒഴുക്കിനോടുമൊക്കെ ഭയമുണ്ടെങ്കിലും അയാൾക്ക് ദൈവഭയം ഇല്ല എന്നത് ആഖ്യാനത്തിലെ പ്രധാനപ്പെട്ട ഭാഗമാകുന്നു. അയാളുടെ പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്തണം എന്നതും സിനിമയുടെ തിരഞ്ഞെടുപ്പാണ്. സിനിമയിൽ ആത്യന്തികമായി ഉരുത്തിരിഞ്ഞുവരുന്ന ആത്മീയപരിസരം സുഭാഷിന്റെ ചിന്താധാരയെ പരാജയപ്പെടുത്തുമ്പോൾ മറുവശത്ത് ഉണ്ടായിവരുന്നതാണ്. സുഭാഷും കുട്ടനും ഒരുമിച്ചുള്ള യാത്ര തുടങ്ങുന്നത് സുഭാഷിന്റെ വീട്ടിൽ അയാൾ വായിച്ചുമടക്കിയ 'മതവും മനുഷ്യനും' എന്ന പുസ്തകത്തിൽനിന്നുമാണ്, സിനിമ അവസാനിക്കുന്നത് കുട്ടന്റെ വീട്ടിലെ 'ക്രിസ്തു ഈ വീടിന്റെ രക്ഷകൻ' എന്ന ബോർഡിലും.

ക്രിട്ടിക്കൽ ഔട്ട്സൈഡർ

നായകശരീരത്തിന്റെ യുക്തിവാദം ഒരു വിമോചന ഉപാധിയാണ്. സദാചാരബദ്ധമായ വിശ്വാസികളുടെ ലോകത്തേക്ക് ചില പൊളിച്ചെഴുത്തുകളും അപനിർമ്മാണവും ലക്ഷ്യമിട്ടുകൊണ്ടാണ് യുക്തിവാദി തിരശീലയിൽ പ്രത്യക്ഷപ്പെടുന്നത്. നിരന്തരം രൂപാന്തരപ്പെടുകയും നവീകരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന യുക്തിവാദത്തിന്റെ മറുപുറത്തുനിൽക്കുന്നത് ഉത്ഭവകാലം മുതൽ യാഥാസ്ഥിതികമായി നിലനിൽക്കുന്ന മതമാണ്. മതത്തിനുള്ളിലെ ക്രിട്ടിക്കൽ ഇൻസൈഡേഷ്സിനെ മലയാള സിനിമ എക്കാലവും സ്വീകരിച്ചിട്ടുണ്ട്.

നാരായം എന്ന ചിത്രത്തിലെ ശേഖരൻ എന്ന കഥാപാത്രം മതത്തിനുള്ളിൽ നിന്നുതന്നെ അതിനെ നവീകരിക്കാൻ ശ്രമിക്കുന്ന ഒരാളാണ്. അയാളെ മലയാളി പ്രേക്ഷകസമൂഹം പുരോഗമനവാദിയായി സ്വീകരിച്ചിട്ടുമുണ്ട്. മതത്തിന് പുറത്തുനിന്ന് പുരോഗമന ആശയവുമായി എത്തുന്ന വ്യക്തിയെ, വിശിഷ്യാ യുക്തിവാദിയെ, സാമൂഹിക ഭീഷണിയായി മാത്രമേ സിനിമ പരിഗണിക്കുന്നുള്ളു. ‘ഗുരു’, ‘പൈതൃകം’ എന്നീ സിനിമകളിലെ യുക്തിവാദിയായ നായകൻ പൂജാരിയായ ബ്രാഹ്മണന്റെ അപകടകാരിയായ മകനാണ്. അയാളുടെ ധാർമികരോഷം അമ്പലത്തോട് മാത്രമല്ല ബ്രാഹ്മണ്യത്തോടും അത് കയ്യാളുന്ന അധികാരത്തോടും അത് ഉൽപാദിപ്പിക്കുന്ന സാമൂഹിക വ്യവസ്ഥിതികൾക്കും നേരെയാണ്.

നാരായം എന്ന സിനിമയിലെ ശേഖരൻ എന്ന കഥാപാത്രം മതത്തിനുള്ളിൽ നിന്നുതന്നെ അതിനെ നവീകരിക്കാൻ ശ്രമിക്കുന്ന ഒരാളാണ്.
നാരായം എന്ന സിനിമയിലെ ശേഖരൻ എന്ന കഥാപാത്രം മതത്തിനുള്ളിൽ നിന്നുതന്നെ അതിനെ നവീകരിക്കാൻ ശ്രമിക്കുന്ന ഒരാളാണ്.

നായകനെ അസഹിഷ്ണുതയുടെ ഉടൽരൂപമായി ചിത്രീകരിക്കാൻ സിനിമ സ്വീകരിക്കുന്ന മാർഗം ബ്രാഹ്മണ്യത്തെ ലാളിത്യത്തിന്റെയും കരുണയുടെയും ആകെത്തുകയായി അവതരിപ്പിക്കുക എന്നതാണ്. സാധുവും മൃദുഭാഷിയുമായ അച്ഛൻ കഥാപാത്രം ബ്രാഹ്മണ്യത്തിന്റെ അനുകമ്പയായിട്ടാണ് ചിത്രീകരിക്കപ്പെടുന്നത്. തകർന്നടിഞ്ഞ് പ്രതാപം നഷ്ടപ്പെട്ട ഇല്ലങ്ങളും ക്ഷേത്രങ്ങളും ഭൂപരിഷകരണത്തിന്റെ വിനാശകരമായ അടയാളമായി കഥകളിലും സിനിമകളിലും പലപ്പോഴായി ആവിഷ്കരിക്കപ്പെട്ടിട്ടുമുണ്ട്. ഇത്തരം ദയനീയതകൾക്ക് നേരെയാണ് നായകൻ യുക്തിവാദം എന്ന മാരകായുധം ഉപയോഗിക്കുന്നത്. മതം ദേശീയതയുടെ ഭാഗവും ബ്രാഹ്മണ്യം അതിന്റെ മൂല്യവുമായി പരിഗണിക്കുന്ന ഇന്ത്യയിൽ യുക്തിവാദിയുടെ ഉടൽ ദേശവിരുദ്ധമായി മാറുന്നു. അയാൾ ആൾക്കൂട്ട വിചാരണയ്ക്ക് യോഗ്യനായ ഒരാളായി പരിണമിക്കുന്നു. അതുകൊണ്ടുതന്നെ അയാൾക്കെതിരെയുള്ള ഏത് ആക്രമണവും ന്യായീകരിക്കപ്പെടാവുന്ന നടപടിയായി സമൂഹം കരുതുന്നു.

‘ഗുരു’വും ‘പൈതൃക’വും ബ്രാഹ്മണ്യവും

1997-ൽ രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ‘ഗുരു’ യുക്തിവാദിയെ ദേശവിരുദ്ധനായാണ് ചിത്രീകരിക്കുന്നത്. എം എ പൊളിറ്റിക്കൽ സയൻസ് ഫസ്റ്റ് ക്ലാസ്സിൽ പാസായ രഘുരാമൻ ബ്രാഹ്മണ്യവിരോധിയാണ്. ബ്രാഹ്മണ്യം സാമൂഹിക അനീതിയുടെ ഉറവിടമാണ് എന്ന് തിരിച്ചറിഞ്ഞ രഘുരാമൻ പൂണൂൽ പൊട്ടിച്ചെറിഞ്ഞ ബ്രാഹ്മണനാണ്. അവിശ്വാസിയായിരിക്കുമ്പോഴും അയാൾ അസ്തിത്വപ്രശ്നങ്ങളുടെ കടുത്ത സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. ജാതിയെയും മതത്തെയും തള്ളിപ്പറയുന്ന രഘുരാമൻ നാട്ടിലുണ്ടാകുന്ന ഹിന്ദു - മുസ്‌ലിം ലഹളയുടെ തുടക്കത്തിൽ നിഷ്പക്ഷ നിലാട് സ്വീകരിക്കുകയും തുടർന്ന് തീവ്രവർഗീയവാദിയായി പരിണമിക്കുകയും ചെയ്യുന്നു. ഈ പരിണാമം അയാൾ ആന്തരീകമായി പേറുന്ന സമ്മർദ്ദത്തിന്റെ ബാഹ്യാവിഷ്കാരമായി കരുതാം.

രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ‘ഗുരു’ യുക്തിവാദിയെ ദേശവിരുദ്ധനായാണ് ചിത്രീകരിക്കുന്നത്.
രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ‘ഗുരു’ യുക്തിവാദിയെ ദേശവിരുദ്ധനായാണ് ചിത്രീകരിക്കുന്നത്.

വർഗീയവാദിയായ രഘുരാമനേക്കാൾ അപകടകാരിയായിട്ടാണ് സിനിമ യുക്തിവാദിയായ രഘുരാമനെ ചിത്രീകരിച്ചിരിക്കുന്നത്. യുക്തിവാദിയായ രഘുരാമൻ വിദേശികൾക്കൊപ്പം ചേർന്ന് രാജ്യത്തിന്റെ സംസ്കാരത്തെ തള്ളിപ്പറയുന്നവനാണ്. പാശ്ചാത്യ മൂല്യങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന അയാളുടെ ഒപ്പം ചേരാൻ സ്വദേശികളായ ആളുകൾ വിസമ്മതിക്കുന്നു. നായകനായ രഘുരാമനെ തിരുത്തേണ്ടത് നാടിന്റെയും നാട്ടുകാരുടെയും ആവശ്യമാകുന്നതിനോടൊപ്പം അത് സിനിമ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകരുടെയും ആവശ്യമായി മാറുന്നു. വർഗീയ കലാപത്തിനൊടുവിൽ യുക്തിവാദിയായ നായകൻ ആത്മീയതയിലേക്ക് കടക്കുകയും സംഘത്തിന്റെ നേതാവായി മാറുകയും ചെയുന്ന സന്ദർഭത്തിലാണ് ആൾക്കൂട്ടം അയാൾക്കൊപ്പം ചേരുന്നത്. യുക്തിവാദം എന്ന കളങ്കത്തിന് പരിഹാരമായാണ് സിനിമ ആത്മീയതയിലേക്കുള്ള പ്രവേശനത്തെ സൂചിപ്പിക്കുന്നത്. “ബ്രാഹ്മണനാകണ്ട മനുഷ്യനായാൽ മതി” എന്ന യുക്തിവാദിയായ നായകന്റെ പ്രസംഗത്തേക്കാൾ സ്വീകാര്യമാണ് ആത്മീയ ഗുരുവിനെ പിന്തുടർന്ന് വെളിച്ചത്തിലേക്ക് എത്തുക എന്ന അയാളുടെ പരിവർത്തനാനന്തരമുള്ള ആഹ്വാനം.

‘ഗുരു’വിലെ യുക്തിവാദിയായ രഘുരാമൻ ഏകാന്തപഥികനായ യുക്തിവാദിയാണെങ്കിൽ ജയരാജ് സംവിധാനം ചെയ്ത ‘പൈതൃക’ത്തിൽ നായകനും നായികയും ഉൾപ്പെടെ ഒരുകൂട്ടം യുക്തിവാദികൾ ആഖ്യാനത്തിന്റെ ആദ്യാവസാനം നിറഞ്ഞുനിൽക്കുന്നു. അമ്പലവാസിയും വയോധികനുമായ ദേവദത്തൻ നമ്പൂതിരി എന്ന അച്ഛൻ നയിക്കുന്ന ആൾക്കൂട്ടവും യുക്തിവാദിയും പാരമ്പര്യനിഷേധിയുമായ സോമദത്തൻ നയിക്കുന്ന ആൾക്കൂട്ടവും തമ്മിലുള്ള സംഘർഷങ്ങളാണ് സിനിമയുടെ കഥാതന്തു.

പരസ്പരമുള്ള ആശയ സംഘർഷത്തിൽ സോമദത്തനും അയാൾ നയിക്കുന്ന യുക്തിവാദികളും ദയനീയമായി പരാജയപ്പെടുകയാണ്. വിശ്വാസികളുടെ കൂട്ടം അവർക്കെതിരെ കല്ലെറിഞ്ഞും അട്ടഹസിച്ചും ആക്രമണം അഴിച്ചുവിടുന്നു. അക്രമികളായ ഈ ആൾക്കൂട്ടം സമൂഹത്തിലെ വലിയൊരു വിഭാഗത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.

‘പൈതൃക’ത്തിലെ സാധുവും മൃദുഭാഷിയുമായ അച്ഛൻ കഥാപാത്രം ബ്രാഹ്മണ്യത്തിന്റെ അനുകമ്പയായിട്ടാണ് ചിത്രീകരിക്കപ്പെടുന്നത്.
‘പൈതൃക’ത്തിലെ സാധുവും മൃദുഭാഷിയുമായ അച്ഛൻ കഥാപാത്രം ബ്രാഹ്മണ്യത്തിന്റെ അനുകമ്പയായിട്ടാണ് ചിത്രീകരിക്കപ്പെടുന്നത്.

സിനിമയിലെ ആൾക്കൂട്ടത്തോട് തിയേറ്ററിനുള്ളിലെ പ്രേക്ഷകരായ ആൾക്കൂട്ടത്തിന് ഐക്യപ്പെടാൻ സാധിക്കുന്നതും സിസ്റ്റത്തിന്റെ സ്വസ്ഥതയെ തകർക്കാൻ ശ്രമിക്കുന്ന അവിശ്വാസിയോടുള്ള ചെറുത്തുനിൽപ്പ് സമൂഹത്തിന്റെ പൊതുവായ സ്വഭാവമായതുകൊണ്ടാണ്. ഇവിടെ അവിശ്വാസി ഒരു ഡീവിയന്റ് സ്വഭാവമുള്ള വ്യക്തിയും സമൂഹം അയാളെ ചികിത്സിക്കാൻ ശ്രമിക്കുന്ന സ്ഥാപനവുമാണ്. സോമദത്തനെ കേൾക്കാനും അയാൾ നയിക്കുന്ന സ്റ്റഡി ക്ലാസ്സിൽ പങ്കെടുക്കാനും, സമരങ്ങളിൽ പങ്കെടുക്കാനും എത്തുന്ന ഒരുപറ്റം ആളുകൾക്ക് എന്തുസംഭവിച്ചു എന്ന് സിനിമയിൽ വ്യക്തമല്ല. നേതാവ് തോറ്റോടുന്ന കഥാവസാനത്തിൽ അണികൾക്ക് എന്തുസംഭവിക്കുന്നു എന്നത് പ്രാധാന്യമർഹിക്കാത്ത ചോദ്യമായി അവശേഷിക്കുന്നു.

സ്ത്രീ എളുപ്പമുള്ള ലക്ഷ്യമാവുമ്പോൾ...

സ്ത്രീയുടെ സ്വതന്ത്രചിന്തയെ വളരെ പരിമിതവും ശിഥിലവുമായാണ് സിനിമ അവതരിപ്പിക്കുന്നത്. അവിശ്വാസികളായ പുരുഷന്മാരിൽനിന്ന് വ്യത്യസ്തമായി അവിശ്വാസിയായ സ്ത്രീ പ്രത്യയശാസ്ത്രത്തിന്റെ വേവും ചൂടും അറിയുന്നില്ല. അവളുടെ വ്യവഹാരങ്ങളിൽ പ്രണയവും വിരഹവും പരിഭവവും കുടുംബവും പോലുള്ള വികാരങ്ങളാണ് സ്ഥായിയായി നിൽക്കുന്നത്. സോമദത്തന്റെ കൂട്ടുകാരിയും പിന്നീട് ഭാര്യയുമാകുന്ന ഗായത്രി സിനിമയുടെ (പൈതൃകം) തുടക്കം അവിശ്വാസിയാണ്.

എം മുകുന്ദന്റെ ‘ദൽഹി ഗാഥകൾ’ എന്ന നോവലിലെ ദേവി എന്ന അവിശ്വാസിയായ കഥാപാത്രവും കാലക്രമത്തിൽ വിശ്വാസിയായി പരിണമിക്കുന്നുണ്ട്.
എം മുകുന്ദന്റെ ‘ദൽഹി ഗാഥകൾ’ എന്ന നോവലിലെ ദേവി എന്ന അവിശ്വാസിയായ കഥാപാത്രവും കാലക്രമത്തിൽ വിശ്വാസിയായി പരിണമിക്കുന്നുണ്ട്.

യുക്തിജീവിതത്തിന്റെ ഭാരം ഇറക്കിവെച്ചുകൊണ്ട് ആദ്യം ആൾക്കൂട്ടത്തിന് കീഴടങ്ങുന്നതും ഗായത്രിയാണ്. യുക്തിവാദികൾ ചേർന്ന് തകർത്ത നാഗരാജാവിന്റെ പ്രതിഷ്ഠക്കുമുന്നിൽ തിരി കൊളുത്തിക്കൊണ്ടാണ് ഗായത്രി പ്രായശ്ചിത്തം ചെയ്യുന്നത്. തികഞ്ഞൊരു അന്തർജ്ജനമായി ഗായത്രി പരിണമിക്കുന്നതാണ് കഥാന്ത്യത്തെ സവിശേഷമാക്കുന്നത്. എം മുകുന്ദന്റെ ‘ദൽഹി ഗാഥകൾ’ എന്ന നോവലിലെ ദേവി എന്ന അവിശ്വാസിയായ കഥാപാത്രവും കാലക്രമത്തിൽ വിശ്വാസിയായി പരിണമിക്കുന്നുണ്ട്. വൈധവ്യവും തുടർന്നുണ്ടാകുന്ന ദാരിദ്ര്യവും സദാചാര സമൂഹവും ചേർന്ന് ദേവിയുടെ ജീവിതത്തിലുണ്ടാകുന്ന സമ്മർദ്ദം അവരെ വിശ്വാസിയായി പരിണമിപ്പിക്കുന്നു. പുരുഷന്റെ യുക്തിവാദത്തെ സാഹിത്യലോകം പ്രത്യയശാസ്ത്രപരമായി നേരിടുമ്പോൾ സ്ത്രീയെ കീഴടക്കാൻ കുടുംബവും ദാരിദ്ര്യവും ദു:സ്വപ്നങ്ങളും മതിയെന്ന ചിന്തയാണ് ഇവിടെ പ്രയോഗിക്കപ്പെടുന്നത്.

നാൽപത്തിയൊന്ന്

നായകന്റെ യുക്തിവാദ ഇടപെടലുകളെ ചിരിയുണർത്തുന്ന പ്രവർത്തികളായി അവതരിപ്പിക്കുന്ന സിനിമയാണ് ലാൽജോസ് സംവിധാനം ചെയ്ത ‘നാൽപത്തിയൊന്ന്’.ഗുരു’, ‘പൈതൃകം’ എന്നീ സിനിമകളെ അപേക്ഷിച്ച് അവിശ്വാസിയായ ‘നാല്പത്തിയൊന്നി’ലെ നായകന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിൻബലമുണ്ട്. ഇന്ത്യൻ യുക്തിവാദ പ്രസ്ഥാനത്തിൽ പ്രൊഫ. എ.ടി കോവൂർ നടത്തിയ ഇടപെടലുകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള അന്ധവിശ്വാസ നിർമാർജന പ്രവർത്തനങ്ങളാണ് നായകനായ ഉല്ലാസ് നടത്തുന്നത്. നായകന്റെ സാമൂഹിക പ്രതിബദ്ധതയെ ആക്ഷേപഹാസ്യമായാണ് സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളത്. യുക്തിവാദി എന്ന നിലയിലും കമ്മ്യൂണിസ്റ്റ് എന്ന നിലയിലും നായകനെ ചിരിച്ചുതള്ളുന്ന പ്രദേശവാസികൾ ഒരാൾക്കൂട്ടമാണ്. പാർട്ടിക്കുവേണ്ടി നാൽപത്തിയൊന്ന് ദിവസം വൃതമെടുത്ത്‌ ശബരിമലയ്ക്ക് പോകേണ്ടിവരുന്ന നായകന്റെ അവസ്ഥ മുൻകാല യുക്തിവാദി കഥാപാത്രങ്ങൾക്ക് ആൾക്കൂട്ടം വിധിക്കുന്ന ശിക്ഷയുടെ തുടർച്ചയായി കരുതാം. സ്വന്തം വിവാഹത്തിലും മറ്റ് ജീവിതസന്ദർഭങ്ങളിലും മതപരമായ ആചാരങ്ങൾ വേണ്ടെന്ന് വാശിപിടിക്കുന്ന ഉല്ലാസ് കോമാളിയായി മാറുന്നു. ശബരിമലയിലുണ്ടാകുന്ന അപകടത്തിൽപെട്ടവർക്ക് വേണ്ടി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടാണ് ഉല്ലാസ് തന്റെമേൽ ചൊരിയുന്ന പരിഹാസങ്ങളെ ഇല്ലാതാക്കുന്നത്. നായകന് അനുയായികൾ ഉണ്ടാകുന്നതും ഈ ഇടപെടലോടെയാണ്. മുൻ ചിത്രങ്ങളിൽനിന്നും വ്യത്യസ്തമായി നായകന്റെ യുക്തിവാദ പ്രവർത്തനം ക്ഷേത്രങ്ങൾക്കെതിരെയല്ല, പകരം വിശ്വാസത്തിന്റെ ഇടത്തിൽ ശാസ്ത്രത്തെ പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് ഉല്ലാസ് നടത്തുന്നത്.

നായകന്റെ സാമൂഹിക പ്രതിബദ്ധതയെ ആക്ഷേപഹാസ്യമായാണ് സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളത്.
നായകന്റെ സാമൂഹിക പ്രതിബദ്ധതയെ ആക്ഷേപഹാസ്യമായാണ് സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളത്.

ഹോമം നടത്തി മഴ പെയ്യിക്കാൻ കഴിയുമെന്ന വിശ്വാസത്തെ ദേവദത്തൻ സമരത്തിലൂടെയും ബോധവത്കരണത്തിലൂടെയും മറികടക്കാൻ ശ്രമിക്കുമ്പോഴും, ശൂന്യതയിൽ നിന്നും ഭസ്മം ഉണ്ടാക്കാൻ ശാസ്ത്രത്തിന് നിഷ്പ്രയാസം കഴിയുമെന്ന് ഉല്ലാസ് തെരുവിൽ ഒത്തുകൂടിയ ജനങ്ങൾക്കുമുന്നിൽ തെളിയിക്കാൻ ശ്രമിക്കുമ്പോഴും ആൾക്കൂട്ടം നൽകുന്ന ശിക്ഷ വ്യത്യസ്തമാണ്. ദേവദത്തൻ ശാരീരിക ആക്രമണത്തിന് വിധേയനാകുമ്പോൾ ഉല്ലാസിന് പരിഹാസമാണ് ശിക്ഷ. ദേവദത്തൻ ക്ഷേത്രത്തിനെതിരെയാണ് പ്രവർത്തിച്ചത് എന്നതാണ് ശിക്ഷയുടെ കാഠിന്യം കൂടുവാനുള്ള കാരണം.

സിനിമയുടെ പരമ്പരാഗത ലോകത്ത്‌ നായകൻ എന്ന ധാർമിക ശരീരത്തെ ആഘോഷിച്ചും അയാളുടെ ആർപ്പുവിളികൾ പിന്തുടർന്നും ശീലിച്ച പ്രേക്ഷകന് എതിർവശത്തുനിൽക്കുന്ന മതനിഷേധിയായ നായകശരീരം അമ്പരപ്പും എതിർപ്പുമാണ് സമ്മാനിക്കുന്നത്. തിയേറ്ററിലെ ഇരുട്ടിലും നായകനെതിരെ പ്രേക്ഷകരുടെ ആൾക്കൂട്ടം സംഘട്ടനത്തിൽ ഏർപ്പെടുന്നുണ്ട്. ഒടുക്കം അവിശ്വാസിയായ നായകൻ വിശ്വാസിയാകുന്ന ക്ലൈമാക്സ് രംഗത്തിലാണ് പ്രേക്ഷകൻ നായകനൊപ്പം ചേരുന്നത്. പഴനി ക്ഷേത്രത്തിനുമുന്നിൽ തലകുനിച്ചിരിക്കേണ്ടിവന്ന സുഭാഷും ദൈവങ്ങളോട് മാപ്പുപറഞ്ഞ് ആത്മീയതയെ പുൽകേണ്ടി വരുന്ന ദേവദത്തനും വൃതമെടുത്ത്‌ ക്ഷേത്രദർശനം നടത്തുന്ന ഉല്ലാസും പ്രേക്ഷകന് സ്വീകാര്യമാണ്. നായകന്റെ പോരായ്മയെ പരിഹരിച്ചു എന്ന ചാരിതാർഥ്യത്തിലാണ് പ്രേക്ഷകർ തിയേറ്റർ വിടുന്നത്

Comments