‘കാതൽ’ എന്ന സിനിമയിൽ ജ്യോതിക, മമ്മൂട്ടി

ഉയിരിൽ തൊടും കാതൽ

മലയാള സിനിമയിൽ ഇതാദ്യമായല്ല പുരുഷസ്വവർഗാനുരാഗം / സ്വവർഗലൈംഗികത മുഖ്യപ്രമേയമായി ഒരു ചലച്ചിത്രം വരുന്നത്. മുംബൈ പോലീസ് (2013), മൈ ലൈഫ് പാർട്ണർ (2014), കബോഡിസ്‌കേപ്സ് (2016), മൂത്തോൻ (2019) എന്നീ ചിത്രങ്ങൾക്കുശേഷം ജിയോ ബേബിയുടെ സംവിധാന മികവിൽ പ്രദർശനത്തിനെത്തിയിരിക്കുന്ന ‘കാതൽ’ എന്ന സിനിമയെ മലയാളി സാംസ്കാരിക വീക്ഷണകോണിൽ നിന്നും ആൺ-സ്വവർഗലൈംഗികതയുടെ ദർശനത്തിൽ കൂടിയും അവലോകനം ചെയ്യുകയാണ്.

‘ഭൂമിയെ സംബന്ധിച്ച് തിളച്ചുരുകി കിടക്കുന്ന കാതൽ (core of the earth) ആണുളളത്, 
ഒരു വൃക്ഷത്തെ സംബന്ധിച്ചാണെങ്കിൽ അതിജീവനത്തിന്റെ കാതൽവളയങ്ങൾ അതിനലങ്കാരമാവുന്നു,
ഒരു വ്യക്തിയെ പരിഗണിക്കുകയാണെങ്കിൽ അയാളുടെ കാതൽ അയാളുടെ സ്വത്വം തന്നെയാണ്’

സിനിമ ചിലപ്പോഴൊക്കെ ഒരു വിപ്ലവമാവാം. സാംസ്കാരിക അടയാളപ്പെടുത്തൽ എന്ന രീതിക്കോ, സ്വത്വപരമായ നൂതനാവതരണം എന്ന നിലക്കോ, മനുഷ്യപ്രകൃതത്തിന്റെ ഇതുവരെ പറയാത്ത കാര്യമവതരിപ്പിക്കുന്ന നിലക്കോ ഒക്കെയാവാം ഈ ദൃശ്യമാധ്യമ വിപ്ലവം നമ്മുടെ തലച്ചോറുകളിലേക്ക് പാഞ്ഞെത്തുന്നത്. ഒരു സിനിമ മുന്നോട്ടുവെയ്ക്കുന്ന പ്രമേയം ഇഴ കീറി വിശകലനം ചെയ്യുക, സിനിമാസ്വാദന / വിമർശനക്കുറിപ്പുകൾ ഇറക്കുക തുടങ്ങി സിനിമയോടുള്ള പ്രതികരണരീതികൾ മുമ്പത്തേക്കാളധികമായി സിനിമയുടെ പ്രദർശനകാല ദൈർഘ്യത്തെവരെ ബാധിക്കുന്ന തരത്തിൽ വന്നു കാണുന്നു, ഈ കാലഘട്ടത്തിൽ. എന്നാൽ, സ്വത്വസംബന്ധിയായ ചില വിഷയങ്ങൾ സിനിമയിലൂടെ അവതരിപ്പിക്കപ്പെടുമ്പോൾ ആ സ്വത്വത്തെ പ്രതിനിധീകരിക്കുന്ന മനുഷ്യരുടെ പ്രതികരണത്തിന് രാഷ്ട്രീയപ്രാധാന്യമുണ്ടെന്ന് ഉറച്ച വിശ്വാസമുളളതു കൊണ്ടുകൂടിയാണ് ഒരു മലയാളി സ്വവർഗാനുരാഗിയായ ഞാൻ ഈ ലേഖനത്തിലേക്ക് കടക്കുന്നത്.

ദി ഡിക്‌സൺ എക്സ്പിരിമെന്റൽ സൗണ്ട് ഫിലിം'

ഒരു ദൃശ്യവിന്യാസ സംവിധാനം വഴിയായി ആൺ-ആൺ ഇഴയടുപ്പം ലോകത്താദ്യമായി അവതരിപ്പിച്ച 'ദി ഡിക്‌സൺ എക്സ്പിരിമെന്റൽ സൗണ്ട് ഫിലിം' (1894) മുതൽ ഴാങ് ഷെനെയുടെ 'Un chant d'amour' (1950) എന്ന സ്വത്വപരമായ സിനിമ വരെയും തുടർന്നിങ്ങോട്ടും ഒട്ടനേകം ക്വിയർ സിനിമകൾ ലോകത്ത് പലയിടത്തും ക്വിയർ ജീവിതങ്ങളുടെ വിവിധ മാനങ്ങൾ അവതരിപ്പിച്ചുവരുന്നു. ഒ.ടി.ടി വേദികളുടെ വരവോടെ സിനിമാപരമ്പരകൾ കൂടുതലായി ക്വിയർ വിഷയങ്ങൾ ഉൾപ്പെടുത്തി പുത്തൻ അദ്ധ്യായങ്ങൾ പ്രദർശനത്തിനെത്തിച്ചുകൊണ്ടേയിരിക്കുന്നു. നെറ്റ്ഫ്ലിക്സ് പരമ്പരകളായ ‘സെക്സ് എഡ്യുക്കേഷൻ’, ‘സെൻസ് എയിറ്റ് ‘ തുടങ്ങിയവ ക്വിയർ ജീവിത / സംസ്കാര- സംബന്ധിയായ വിശാലാവബോധം തന്നെയാണ് സൃഷ്ടിച്ചത്. ഭൂരിഭാഗ ചിന്താഗതി സാംസ്കാരിക നിയന്ത്രണം പുലർത്തുന്ന സമൂഹങ്ങളിൽ ലൈംഗിക- ലിംഗഭേദ-ന്യൂനപക്ഷ ജനങ്ങളുടെ ജീവിതസവിശേഷതകളും അതിജീവന വിഷണ്ണതകളും സിനിമകൾ മുഖേന ഭാവുകത്വപരമായി എങ്ങനെ വരച്ചിടാം എന്നതിന്റെ മികച്ച ഉദാഹരണം കൂടിയാവുന്നു മേൽ സൂചിപ്പിച്ച പരമ്പരകൾ. 

മലയാളി സമൂഹത്തിൽ തുടർന്നും സ്വവർഗാനുരാഗികളായ മനുഷ്യരെക്കുറിച്ചും, LGBTIQ വ്യക്തികളെക്കുറിച്ചും കൂടുതൽ വിഷയാനുകൂല- അവതരണങ്ങൾ ഉണ്ടാവട്ടെ എന്ന് കാതലിന്റെ ആദ്യ ദിന-ആദ്യ പ്രദർശനം കണ്ടിട്ട് നിർത്താതെ കരഞ്ഞ ഞാൻ പ്രതീക്ഷിക്കുന്നു. 

സ്വാതന്ത്ര്യലബ്ധിക്കുമുന്നേ ഇന്ത്യയിലെ വിവിധ ഭാഷകളിൽ സാഹിത്യകൃതികളിലും മറ്റും ഭിന്നവർഗ ലൈംഗിക (ഹെറ്ററോ സെക്ഷ്വൽ) പരമല്ലാത്ത അനുരാഗാവതരണങ്ങൾ വന്നിരുന്നു എങ്കിലും ദൃശ്യമാധ്യമമായ സിനിമയിൽ സ്വവർഗലൈംഗികത അവതരിപ്പിക്കപ്പെടുന്നത് 1971-ൽ പുറത്തുവന്ന ബദനാം മസ്തി എന്ന ഹിന്ദി ചലച്ചിത്രത്തിൽ കൂടിയായിരുന്നു. ഒരു ബണ്ടിറ്റ് പ്രവർത്തകനും ബസ് ഡ്രൈവറുമായ സർണാം, ബസ് തൊഴിലാളിയായ ശിവ് രാജ് എന്നീ രണ്ടുപേർ തമ്മിലുടലെടുക്കുന്ന വൈകാരിക- ശാരീരിക അടുപ്പം സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. 1957-ൽ ഇതേ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട കമലേശ്വർ പ്രസാദിന്റെ നോവലിന്റെ ദൃശ്യാവിഷ്കാരമായിരുന്നു ഈ ചലച്ചിത്രം. ക്വിയർ കഥാപാത്രങ്ങളുടെ അവതരണനിരയിലെ ആദ്യ കണ്ണി എന്ന നിലക്ക് ഈ സിനിമ ഒരു മുന്നോടിയാവുന്നുണ്ട്.

A Song of Love / Un chant d'amour

ലോകസിനിമയിലെ സ്വവർഗപ്രണയാഖ്യാനങ്ങൾ ഒരു ചലച്ചിത്ര ഭൂപടത്തിലേക്കാകുകയാണെങ്കിൽ മലയാളനാടിന്റെ ഭാഗത്തും കുറച്ച് മഴവിൽ ബിന്ദുക്കൾ അടയാളപ്പെടുത്താൻ സാധിക്കും. മലയാളത്തിൽ ചില ചലച്ചിത്രങ്ങളിൽ പുരുഷ സ്വവർഗ ലൈംഗികതയെക്കുറിച്ച് വ്യംഗ്യമായും വാച്യമായും പരാമർശങ്ങൾ വന്നിട്ടുമുണ്ട്.

ബാലു മഹേന്ദ്രയുടെ സംവിധാനത്തിൽ 1985-ൽ പ്രദർശനത്തിനെത്തിയ യാത്ര എന്ന സിനിമയിലെ "എടാ റഷീദേ, തങ്കക്കുടമേ, നേരത്തെ കിടന്നുറങ്ങിയേക്കല്ലേടാ" എന്ന് ചെറുപ്പക്കാരനായ ജയിൽസഹവാസിയോട് പറയുന്ന രാഘവൻ എന്ന മുതിർന്ന ഒരാണിന്റെ സംഭാഷണമാണ് മലയാള സിനിമയിൽ വിഷയസംബന്ധിയായി വന്നിട്ടുള്ള ആദ്യ വാച്യ പരാമർശങ്ങളിലൊന്ന്. ജയിൽമുറിയിലെ ഏകാന്തതയിൽ നർമസല്ലാപങ്ങളിൽ മുഴുകുന്ന ഇവരുടെ ഇഴയടുപ്പം ഒരുപക്ഷെ നേരമ്പോക്കായിട്ടായിരിക്കാം സിനിമാസ്വാദകർ വിലയിരുത്തുന്നത്. എന്നാൽ, ഒരവസരത്തിൽ ജയിലങ്കണത്തിലെ ജലസംഭരണിക്കുമുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കുകയും താഴേക്ക് ചാടി ജീവനൊടുക്കുകയും ചെയ്യുന്ന രാഘവനെക്കുറിച്ച് സങ്കടപ്പെടുന്ന ജയിൽസഹവാസികൾക്കിടയിൽ “രാഘവേട്ടാ” എന്ന് നൊമ്പരത്തോടെ നിലവിളിക്കുന്ന റഷീദിന്റെ രംഗം /മുഖം. ഇവരുടേത് കേവലയടുപ്പം മാത്രമായിരുന്നില്ല എന്ന് മനസിലാക്കിത്തരുന്നു; ഒരുപക്ഷെ സ്വവർഗാനുരാഗികളായ ആണുങ്ങൾക്കുമാത്രം മനസ്സിലാവുന്ന ഒരു തീവ്ര വൈകാരിക രംഗമാണിത്. ഈ സിനിമയിലെ നായകകഥാപാത്രം ചെയ്തിരിക്കുന്നത് മമ്മൂക്ക ആണെന്നുള്ളത് വേറൊരു കൗതുകം.

സിനിമയിൽ സ്വവർഗ ലൈംഗികത അവതരിപ്പിക്കപ്പെടുന്നത് 1971-ൽ പുറത്തുവന്ന ബദനാം മസ്തി എന്ന ഹിന്ദി ചലച്ചിത്രത്തിൽ കൂടിയായിരുന്നു.

ഹിന്ദി സിനിമയിൽ കൂടുതലായി ഗേ / ലെസ്ബിയൻ സ്വത്വാവതരണങ്ങൾ നടക്കുന്നുണ്ട്, ഒ.ടി.ടി വേദികകൾ വഴിയായി. കേവല പരാമർശമായും, മുഖ്യ കഥാതന്തുവായും, ഇതര സാമൂഹിക സ്വത്വങ്ങളുമായി ബന്ധപ്പെട്ടും ഇത്തരം അവതരണങ്ങളിലേക്കെത്താൻ സഹായകമായ സാഹചര്യം 2018-ലെ ഐ പി സി 377-ാം വകുപ്പ് സംബന്ധിയായ വിധിയാണെന്ന് മനസിലാക്കാം. ഇന്ത്യയിലെ സ്വവർഗാനുരാഗികളെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ കാര്യം സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റം അല്ലാതെയാവുന്നതായിരുന്നോ എന്നുള്ള തർക്കം പല തരത്തിൽ ക്വിയർ ആളുകൾക്കിടയിൽ ഇപ്പോഴുമുണ്ടെങ്കിലും ഈ ചരിത്രവിധിമൂലം ഇന്ത്യയിലെ വിവിധയിടങ്ങളിൽ വിഷയസംബന്ധിയായ പുത്തൻ ഇടപെടലുകൽ സംഭവിക്കാൻ പ്രേരകമായി എന്ന് മനസ്സിലാക്കാൻ സാധിക്കും. വിദ്യ ബാലൻ ഒരു കുറ്റാന്വേഷണ ഉദ്യോഗസ്ഥയായി എത്തിയ 'നീയത്ത്' എന്ന നെറ്റ്ഫ്ലിക്സ് സിനിമയിൽ, വിദ്യ ഒരു ലെസ്ബിയൻ ആണെന്ന് കാണിക്കുന്നുണ്ട്, സിനിമയുടെ അവസാനഭാഗത്ത്. ഈ സിനിമയിൽ അവരുടെ സ്വത്വം കേവലപരാമർശമായാണ് കടന്നുവരുന്നത്. അതായത്, സിനിമയുടെ പ്രധാനപ്രമേയം അതല്ല.

ആണത്തം പേറി, ആണഹന്ത പ്രകടിപ്പിച്ച്, ആണധികാരം ചുമന്നുനടക്കുന്ന നായക-കഥാപാത്രങ്ങളെ ആരാധിക്കുന്ന ആൺവൃന്ദങ്ങളുടെ സിനിമാസ്വാദനാഘോഷങ്ങൾ സദാചാര സംസ്കാരത്തിന്റെ തുടർച്ച മാത്രമാണ്.

എന്നാൽ ഡിസ്നി ഹോട്ട്സ്റ്റാറിൽ വന്ന 'ഗുൽമോഹർ' എന്ന സിനിമയിൽ ശർമിള ടാഗോർ അവതരിപ്പിച്ച 'കുസും' എന്ന പ്രധാന കഥാപാത്രത്തിന്റെ രഹസ്യസ്വഭാവത്തിലേക്ക് സിനിമ സഞ്ചരിക്കുന്നുണ്ട്. അവരുടെ വാർദ്ധക്യത്തിൽ ഗാർഹിക- കുടുംബ ഉത്തരവാദിത്വത്തിൽ നിന്നെല്ലാം ഒഴിഞ്ഞ് തന്റെ സ്ത്രീസ്നേഹിതയോടൊപ്പം ജീവിക്കാനിറങ്ങുന്ന കുസും എന്ന മുതിർന്ന പൗരയുടെ കഥാപാത്രം ഇന്ത്യൻ സിനിമക്ക് മുൻപരിചയമില്ലാത്തതാവുന്നു. ഇതേ സിനിമയിൽ ഇവരുടെ ചെറുമകൾ ലെസ്ബിയൻ ആണെന്നറിയുമ്പോൾ ഈ പെൺകുട്ടിയെ വൈകാരികമായി പിന്തുണക്കുന്നുണ്ട് കുസും. സമാനമായ ഒരു മുഖ്യകഥാപാത്രം നടി ലക്ഷ്മി സ്വീറ്റ് കാരം കോഫി എന്ന തമിഴ് ആമസോൺ പ്രൈം പരമ്പരയിൽ അവതരിപ്പിക്കുന്നു. സുന്ദരി എന്ന ലക്ഷ്മിയുടെ കഥാപാത്രം തന്റെ യൗവനകാലത്തെ സുഹൃത്തായ ദേവയെ അന്വേഷിച്ച് (ഈ കാര്യം മറ്റാരോടും പറയാതെ) മരുമകൾ, ചെറുമകൾ എന്നിവരോടൊപ്പം ഒരു ദീർഘയാത്ര പോകുന്ന കഥ പറയുന്ന പരമ്പരയിൽ സുന്ദരിയുടെ സുഹൃത് ദേവ ഒരു സ്ത്രീയാണെന്ന് വെളിപ്പെടുന്നനേരം അതൊരു വിഷയപുതുമയായി മാറുന്നു. വൈവാഹികപങ്കാളി മരിച്ചുപോയശേഷം വാർദ്ധക്യത്തിലെ ഏകാന്തതയെ അതിജീവിക്കാൻ മനുഷ്യർ നടത്തുന്ന അന്വേഷണങ്ങളിലേക്കു കൂടി സ്വവർഗപ്രണയം / അടുപ്പം കരുതിവെയ്ക്കുന്ന കഥാപാത്രങ്ങളായി വിഷയം ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്. ‘ചെറുപ്പക്കാർക്കിടയിൽ മാത്രം കണ്ടുവരുന്ന ജീവിതരീതി’ എന്ന തെറ്റായ വാദത്തിനു മറുപടിയാവുന്നു കുസും, സുന്ദരി എന്നീ സ്ത്രീകഥാപാത്രങ്ങൾ.

ബാലു മഹേന്ദ്രയുടെ സംവിധാനത്തിൽ 1985-ൽ പ്രദർശനത്തിനെത്തിയ യാത്ര എന്ന സിനിമയിലെ "എടാ റഷീദേ, തങ്കക്കുടമേ, നേരത്തെ കിടന്നുറങ്ങിയേക്കല്ലേടാ" എന്ന് ചെറുപ്പക്കാരനായ ജയിൽസഹവാസിയോട് പറയുന്ന രാഘവൻ എന്ന മുതിർന്ന ഒരാണിന്റെ സംഭാഷണമാണ് മലയാള സിനിമയിൽ വിഷയസംബന്ധിയായി വന്നിട്ടുള്ള ആദ്യ വാച്യ പരാമർശങ്ങളിൽ ഒന്ന്.

കാർഗിൽ യുദ്ധാനന്തര ഇന്ത്യയിലെ നയതന്ത്രപശ്ചാത്തലം പ്രമേയമാക്കി വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത 'ഖൂഫിയ' എന്ന ഹിന്ദി സിനിമയിയിൽ തബു ലെസ്ബിയൻ ഓഫീസറുടെ വേഷമാണ് ചെയ്തിരിക്കുന്നത്. തന്റെ മകനോട് അവന്റെ പിതാവിൽനിന്ന് താൻ വിവാഹമോചനം നേടിയത്, താനൊരു ലെസ്ബിയനായതുകൊണ്ടാണെന്ന് തുറന്നുപറയുന്നുണ്ട് തബു അവതരിപ്പിച്ച 'കൃഷ്ണ' എന്ന കഥാപാത്രം. അതേപോലെ, 'മാജാ മാ' എന്ന ഹിന്ദി സിനിമയിൽ (ആമസോൺ പ്രൈം) മാധുരി ദിക്ഷീത് പല്ലവി എന്ന ലെസ്ബിയൻ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. കുസും, സുന്ദരി, കൃഷ്ണ, പല്ലവി എന്നീ നാല് കഥാപാത്രങ്ങളും വളരെ വ്യത്യസ്ത സാമൂഹിക- ഗാർഹിക സാഹചര്യത്തിൽ പെടുന്നവരാണ്. എന്നാൽ ഇവരുടെ സ്വത്വം, ഏതൊരു സാമൂഹികയിടത്തിലും, ഏതൊരു ഗാർഹികയിടത്തിലും, ഏതൊരു സുഹൃദ്‍വലയത്തിലും കാണാം / ഉണ്ടാവാം  എന്ന സ്വാഭാവികതയാണ് ഈ സിനിമകളിൽ കൂടി അവതരിപ്പിച്ചിരിക്കുന്നത്.

ഇത്തരമൊരു സ്വാഭാവികതയിലേക്കുകൂടിയാണ് മമ്മൂക്കയുടെ കാതൽ കാറ്റുവീശുന്നത്.

വിദ്യ ബാലൻ കുറ്റാന്വേഷണ ഉദ്യോഗസ്ഥയായി എത്തിയ 'നീയത്ത്' എന്ന സിനിമയിൽ, വിദ്യ ഒരു ലെസ്ബിയനാണെന്ന് കാണിക്കുന്നുണ്ട്

ഒരു ക്വിയർ സിനിമാസ്വാദകൻ എന്ന നിലക്ക് എന്നെ അടുത്തിടെ ഏറ്റവും സ്വാധീനിച്ച ചലച്ചിത്രാംശം ഇതൊന്നുമല്ല, അജീബ് ദാസ്താൻ (വിചിത്ര ഗാഥകൾ) എന്ന നെറ്റ്ഫ്ലിക്സ് കഥാസമാഹാരമാണ്. നാല് കഥകളുള്ള സിനിമയിലെ 'ഗീലി പുച്ഛി'  എന്ന ഭാഗം സ്ത്രീസ്വവർഗപ്രണയവും ജാതിയും വിഷയമാക്കിയുള്ളതാണ്. ഇവിടെ ഒരു വ്യവസായശാലയിലെ വർക്കിംഗ് ക്ലാസ് വിഭാഗത്തിൽ തൊഴിലെടുക്കുന്ന ഭാരതി മൊണ്ടാൽ (കോങ്കോണ സെൻ) എന്ന സ്ത്രീയും ആ സ്ഥാപനത്തിൽ ഡാറ്റാ ഓപ്പറേറ്റർ സ്ഥാനത്തേക്ക് ജോലിക്കെത്തുന്ന പ്രിയ ശർമ (അദിതി റാവു) എന്ന സവർണസ്ത്രീയും തമ്മിലുടലെടുക്കുന്ന ആത്മബന്ധം വിഷയമാക്കുന്നു. വിദ്യാഭ്യാസയോഗ്യതയുണ്ടായിട്ടും തനിക്കർഹമായ സ്ഥാനത്തേക്ക് മറ്റൊരാളെ നിയമിക്കുന്നതിന് കാരണം ആ ആളിന്റെ സവർണ ജാതിപശ്ചാത്തലമാണെന്നു മനസ്സിലാക്കുന്ന ഭാരതി, പ്രിയ അവരുടെ വീട്ടിലേക്ക് തന്നെ ക്ഷണിക്കുമ്പോൾ പ്രകടിപ്പിക്കുന്ന കൃത്യമായ ജാതിവിവേചനം മനസ്സിലാക്കുന്നിടത്ത് ക്വിയർ ജീവിതങ്ങളുടെ ഇന്റർസെക്ഷണൽ ഘടകം കൂടി പ്രകടമാവുന്നു. ഈ കാര്യം മുൻപറഞ്ഞ സിനിമകളിലൊന്നും കാണാനാവില്ല എന്നത് ഈ കഥയെ ക്വിയർ സിനിമാസംബന്ധിയായ അവതരണങ്ങൾ ഏതൊക്കെ സാമൂഹികതലങ്ങളിൽ കൂടി അവതരിപ്പിക്കപ്പെടേണ്ടതുണ്ട് എന്ന ചിന്ത പകരുന്നു.

മലയാളി സദാചാരത്തിന്റെ നെടുന്തൂണുകളിലൊന്നായ ആണത്തബോധം എങ്ങനെയാണ് കുടുംബകേന്ദ്രീകൃത വ്യവഹാരങ്ങളെ നിർണയിച്ച് നിലനിർത്തുന്നത് എന്നതിന്റെ നിദർശനങ്ങൾ മലയാള സിനിമയിലുടനീളം കാണാം.

ക്വിയർ വ്യക്തികളുടെ മാനുഷികവശം, അവരുടെ വികാരവിചാരങ്ങൾ എന്നിവ തീരെ പരിഗണിക്കാതെ അവരെ കേവലം ഹാസ്യമേമ്പൊടികളായോ, അമിത രതിവികാരങ്ങളുള്ള ജീവികളായോ അവതരിപ്പിക്കുന്ന ഇന്ത്യൻ സിനിമാപ്രവണതയുടെ കടക്കൽ കത്തിവെച്ചുകൊണ്ട് 2005-ൽ പ്രദർശത്തിനെത്തിയ മൈ ബ്രദർ നിഖിൽ എന്ന ഹിന്ദി സിനിമ, അതുവരെ പുരുഷ സ്വവർഗ ലൈംഗികതയുമായി ബന്ധപ്പെട്ട ദൃശ്യ- സിനിമാ-വാർപ്പ് മാതൃകകളെ ഉടയ്ക്കുന്നതായി മാറി. സംവിധായകനായ ഒനിർ ഒരു സ്വവർഗാനുരാഗിയാണെന്നുള്ളത് സിനിമയുടെ പ്രാധാന്യം അമിതമായി വർദ്ധിപ്പിച്ചു. ഒനിറിന്റെ തന്നെ സംവിധാനത്തിൽ 2010-ലിറങ്ങിയ 'ഐ ആം' എന്ന ആന്തോളജി സിനിമയിലെ ഒരു ഭാഗം പുരുഷസ്വവർഗപ്രണയം പ്രമേയമാക്കുന്നതായിരുന്നു. ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം 'പൈൻ കോൺ' പ്രതിപാദിക്കുന്ന വിഷയവും മറ്റൊന്നല്ല. എന്തുകൊണ്ടാണ് എല്ലാ സിനിമകളിലും ഒരേവിഷയം തന്നെ അവതരിപ്പിക്കുന്നത് എന്ന കൗതുകചോദ്യത്തിന് ഒരഭിമുഖത്തിൽ  ഒനിർ ഇപ്രകാരം പ്രതികരിച്ചിരുന്നു: "ഹെറ്ററോസെക്ഷ്വൽ മനുഷ്യർ അവരുടെ പ്രണയം മാത്രമല്ലേ കാലാകാലങ്ങളായി കലാരൂപേണ അവതരിപ്പിച്ചിട്ടുള്ളത്. എന്നെ സംബന്ധിച്ച് എന്റെ സ്വത്വം എനിക്ക് കലാപ്രോത്സാഹനം പകരുന്ന ഒരു പ്രധാന ഘടകമാണ്, കല എനിക്ക് പ്രതിരോധം കൂടിയാണ് ".
കലാഭിരുചിയുള്ള എല്ലാ ക്വിയർ വ്യക്തികൾക്കും ഒനിറിന്റെ വാക്കുകൾ പ്രോത്സാഹനപരം തന്നെ.

നെറ്റ്ഫ്ലിക്സിൽ വന്ന, അജീബ് ദാസ്താൻ എന്ന നാല് കഥകളുള്ള സിനിമയിലെ 'ഗീലി പുച്ഛി'  എന്ന ഭാഗം സ്ത്രീസ്വവർഗപ്രണയവും ജാതിയും വിഷയമാക്കിയുള്ളതാണ്.

കാതൽ സിനിമയുടെ പ്രചരണാർത്ഥം നടന്ന ഒരു മാധ്യമസമ്മേളത്തിൽ, മാധ്യമപ്രവർത്തകർ ആവർത്തിച്ചുചോദിച്ചത്, 'കുടുംബസമേതം /കുടുംബങ്ങൾക്ക് പറ്റിയ / കുടുംബമൂല്യങ്ങൾ വിതറുന്ന സിനിമ' മുതലായ കാര്യമായിരുന്നു. കുടുംബനിർമാണത്തിൽ ആണത്തത്തിന്റെ പങ്ക് സാമൂഹികാധികാരരൂപത്തിൽ എങ്ങനെ വർത്തിക്കുന്നു എന്ന് അനേകം സിനിമകളിലെ രംഗ /കഥാപാത്രപഠനം വിഷയമാക്കി, ‘പുല്ലിംഗത്തിന്റെ നോട്ടങ്ങൾ’ എന്ന പുസ്തത്തിൽ യാക്കോബ് തോമസ് എന്ന മലയാളഭാഷാധ്യാപകൻ കൃത്യമായി കുറിച്ചിട്ടുണ്ട്. "ഉത്തമഗീതം എന്ന പ്രണയപുസ്തകം ക്രിസ്ത്യാനികൾക്കുണ്ടായിരിക്കേതന്നെ കാമം എങ്ങനെ ഒരു കുറ്റമായി ക്രിസ്തുവിശ്വാസകൂട്ടങ്ങൾ കണക്കാക്കി വരുന്നു" എന്ന് ക്രിസ്ത്യൻ കുടുംബങ്ങൾ പശ്ചാത്തലമാക്കി വന്നിട്ടുള്ള മലയാളസിനിമകളിലെ സ്ത്രീശരീരങ്ങളുടെ അവതരണങ്ങളെ നിരീക്ഷിച്ച് യാക്കോബ് തന്റെ പുസ്തകത്തിൽ പരാമർശിക്കുന്നു. സ്ത്രീകൾക്കെതിരായി ആണധികാരഇടങ്ങൾ വെച്ച് പുലർത്തുന്ന സദാചാരനിയന്ത്രണങ്ങളുടെ ഒരു തുടർച്ച തന്നെയാണ് സ്വവർഗഭീതി (ഹോമോഫോബിയ) യുടെ രൂപത്തിൽ കേരളത്തിൽ ഇപ്പോഴും വെറുപ്പിന്റെ വിഷം ചീറ്റുന്നത്. ഒരാളുടെ വീടോ / ആവാസയിടമോ / കുടുബമോ ആണ് അയാളുടെ ആദ്യ സാമൂഹികയിടം. ഗാർഹിക ഇടത്തിൽ ഓരോ വ്യക്തിക്കും അവരവരായി ജീവിക്കാൻ സാധിക്കുക എന്നത് ഒരു വലിയ വ്യക്തിവിമോചനഘടകമായി ഞാൻ കരുതുന്നു. മലയാളി സദാചാരത്തിന്റെ നെടുന്തൂണുകളിലൊന്നായ ആണത്തബോധം എങ്ങനെയാണ് കുടുംബകേന്ദ്രീകൃത (രക്ഷകർത്തത്വ- സന്താന മാതൃക അടിസ്ഥാനമാക്കിയുള്ള) വ്യവഹാരങ്ങളെ നിർണയിച്ച് നിലനിർത്തുന്നത് എന്നതിന്റെ നിദർശനങ്ങൾ മലയാള സിനിമയിലുടനീളം കാണാം. ആണത്തം പേറി, ആണഹന്ത പ്രകടിപ്പിച്ച്, ആണധികാരം ചുമന്നുനടക്കുന്ന നായക-കഥാപാത്രങ്ങളെ ആരാധിക്കുന്ന ആൺവൃന്ദങ്ങളുടെ സിനിമാസ്വാദനാഘോഷങ്ങൾ ഈ സദാചാര സംസ്കാരത്തിന്റെ തുടർച്ച മാത്രമാണ്.

2005-ൽ പ്രദർശത്തിനെത്തിയ മൈ ബ്രദർ നിഖിൽ എന്ന ഹിന്ദി സിനിമ അതുവരെ പുരുഷ സ്വവർഗ ലൈംഗികതയുമായി ബന്ധപ്പെട്ട ദൃശ്യ- സിനിമാ-വാർപ്പ് മാതൃകകളെ ഉടയ്ക്കുന്നതായിരുന്നു.

ആണധികാരവ്യവസ്ഥിതികൾക്കും അനുബന്ധ സദാചാരസംവിധാനങ്ങൾക്കും ഭീഷണിയായി വരുന്ന സ്വവർഗാനുരാഗവർണനകൾ കൂടുതൽ സ്വവർഗഭീതിയെ മാളത്തിൽ നിന്ന് ചാടിക്കുന്നുണ്ട് കേരളത്തിൽ. ലിംഗഭേദപരമായ കടുത്ത വേർതിരിവ് തുടരുന്ന സാമൂഹികയിടങ്ങളിലേക്ക് ലിംഗാധികാരത്തെ ചോദ്യം ചെയ്ത് ദൃശ്യരായി ജീവിക്കുന്ന ക്വിയർ വ്യക്തികളും / സ്വവർഗാനുരാഗികളും കൂടുതൽ സ്വവർഗഭീതി നേരിടേണ്ടി വരുന്നുണ്ട്, സാമൂഹികമാധ്യമങ്ങളിലും പൊതുഇടങ്ങളിലും. ലോകചരിത്രത്തിലുടനീളം ഈ ഭീതി സ്വവർഗാനുരാഗികളെ കൊന്നൊടുക്കുന്ന രീതിയിലായിരുന്നു പ്രവർത്തിച്ചതെങ്കിൽ ആനുകാലിക കേരളത്തിൽ അത് ക്വിയർ വ്യക്തികളെ ആത്മഹത്യയിലേക്ക് നയിക്കുക, വെർബൽ അബ്യൂസ്, ഭീഷണി എന്നീ രൂപങ്ങളിലാണ് വർത്തിക്കുന്നത് എന്നു കാണാം. ഇങ്ങനെ ഒട്ടനേകം അശുഭകാര്യങ്ങൾക്കു നടുവിലേക്കാണ് ദൈവത്തിന്റെ സമ്മാനം എന്നർത്ഥം വരുന്ന പേരുള്ള കുടുംബസ്ഥനായ മാത്യു മുണ്ടുമുടുത്ത് കടന്നുവരുന്നത്; നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യത്തിൽ നമുക്കൊരു നിയന്ത്രണവും ഇല്ലാതായിപ്പോകുമ്പോഴുള്ള നിസ്സഹായതയുടെ പര്യായമായി.

ഒനിർ, ‘മൈ ബ്രദർ നിഖിൽ’ സംവിധായകൻ

‘കൂടുമ്പോൾ ഇമ്പമുള്ളത് കുടുബം’ എന്ന നിർവചനം പക്ഷെ മിക്കപ്പോഴും പുരുഷ- സ്ത്രീ വൈവാഹിക ജീവിതം, അതിൽ സൃഷ്ടിക്കപ്പെടുന്ന മക്കൾ എന്നീ ഘടകങ്ങളെ ചുറ്റിപ്പറ്റി മാത്രമായി പോവുന്നതും, സ്റ്റേറ്റിന്റെ ജനക്ഷേമപദ്ധതികളിൽ കുടുംബം എന്നാൽ, മേൽപ്പറഞ്ഞ, കാലാനുസൃതമായി പരിണമിക്കാത്ത നിർവചനത്തിലൂന്നിയതായതുകൊണ്ടും ക്വിയർ കുടുംബരീതികൾ നമുക്കിപ്പോഴും അദൃശ്യമായി തുടരുന്നു. ഇന്ത്യൻ കുടുംബ- സംസ്കാര മൂല്യങ്ങൾക്ക് വിരുദ്ധമാവും വിവാഹതുല്യത എന്ന നിയമ ഇടപെടൽ എന്നു പറഞ്ഞ കേന്ദ്രസർക്കാർ പ്രതിനിധികളുടെ ചിന്തയും ഈ ഹെറ്ററോനോർമേറ്റീവ് സദാചാരപരിസരങ്ങളെ നിലനിർത്തുന്നതാണ്. വിവാഹതുല്യതാഹർജി തള്ളിയ സുപ്രീംകോടതിയുടെ പ്രസ്താവനയെ വളരെ ഹാർദ്ദമായി സ്വാഗതം ചെയ്ത കത്തോലിക്ക ബിഷപ്പ് കൗൺസിൽ ഊന്നിയത്, വിവാഹമെന്നാൽ സ്ത്രീയും- പുരുഷനും തമ്മിൽ മാത്രമുള്ളതായിരിക്കണം എന്നുള്ളതാണ്. സഭയെയും സമൂഹത്തെയും സേവിക്കാനെന്നോണം വിവാഹജീവിതം വേണ്ടെന്നുവെച്ച് ജീവിക്കുന്ന കുറേ മനുഷ്യർ ചേർന്ന് സ്വവർഗാനുരാഗികളുടെ മനുഷ്യാവകാശകാര്യങ്ങളിൽ യുക്തി-നീതിരഹിതമായ പ്രസ്‌താവനകൾ ഇറക്കാൻ കാണിക്കുന്ന സാമർത്ഥ്യം തന്നെയാണ് പല നാടുകളിലും ഇപ്പോഴും ഈ വിഷയത്തിൽ പ്രധാന വെല്ലുവിളിയായി നിലനിൽക്കുന്നത്. ഇവരുടെയൊക്കെ സങ്കുചിത കാഴ്ചപ്പാടിൽ പ്രണയമെന്നാൽ ആൺ- പെൺ ഒത്തുചേരലും, കുടുംബമെന്നാൽ ഹെറ്ററോസെക്ഷ്വൽ കുടുംബം മാത്രവുമാണ്. ഇവിടെ ശാസ്ത്രമെന്ത് പറയുന്നു എന്നോ, ഭരണഘടന ഉറപ്പുനൽകുന്ന തുല്യനീതിയുടെ യുക്തിയോ, അവരവരർ ജീവിതങ്ങളെക്കുറിച്ച് അവരവർക്കെടുക്കാൻ സാധിക്കുന്ന തീരുമാനങ്ങളെക്കുറിച്ചോ ചിന്ത വരുന്നതേയില്ല. സാമ്പ്രദായിക സഹജീവന-വൈവാഹിക- പ്രതുല്പാദന മാതൃകക്കുപുറത്ത് നിൽക്കുന്ന ഈശോ- മറിയം- ഔസേപ്പ് വൃന്ദത്തെ തിരുകുടുംബമായി കണക്കാക്കുന്ന കത്തോലിക്കാ സമൂഹമുൾപ്പെടെയുള്ള വിശ്വാസസംരക്ഷണ സംഘങ്ങൾ സ്വവർഗാനുരാഗികളോട് കാണിച്ച മരണദണ്ഡനമുൾപ്പെടെയുള്ള കൊടുംക്രൂരതകൾ ഹോമോഫോബിയ- എ ഹിസ്റ്ററി എന്ന പുസ്തകത്തിൽ സമഗ്രമായി പഠിക്കാം. ഈ കാര്യം സംബന്ധിച്ചു ചിന്തിക്കുകയാണെങ്കിൽ, ഒരു കത്തോലിക്കാ ക്രിസ്ത്യൻ കുടുംബപശ്ചാത്തലത്തിൽ നിന്നുകൊണ്ട് കഥ പറയുന്ന കാതലിന്റെ സാമൂഹിക- സാംസ്കാരിക-രാഷ്ട്രീയ പ്രാധാന്യം വർധിക്കുന്നു. 

സ്വവർഗാനുരാഗികൾ ഉൾപ്പെടുന്ന ക്വിയർ സമുദായത്തിൽപെട്ടവർക്ക് കരുതലോ സുരക്ഷയോ ഉറപ്പുവരുത്തുന്ന യാതൊരു വിധ നിയമസാമൂഹികസംവിധാനങ്ങളും മലയാള നാട്ടിലില്ല. (ക്വിയർ വ്യക്തികൾ അവരുടെ ഒത്തുചേരലിനും, സ്വീകാര്യതയ്ക്കും മറ്റുമായി അവർ തന്നെ രൂപപ്പെടുത്തിയ സംഘടനകളും, ട്രാൻസ്‌ജെൻഡർ വ്യക്തുകളുടെ ക്ഷേമത്തിനായി സർക്കാർ തലത്തിൽ പ്രവർത്തിക്കുന്ന ടിജി സെല്ലും ഒഴിച്ചാൽ). എന്നാൽ ഇത്തരം സംഘടനാപരമായ ഇടപെടലോ, സ്വത്വപരമായോ ദൃശ്യതയോ വരുന്നതിനുമുന്നേയും ഇവിടെയൊക്കെ സ്വവർഗാനുരാഗികൾ ഉണ്ടായിരുന്നിരിക്കില്ലേ? അഥവാ, ഇപ്പോൾ നമ്മൾ നേടിയെടുത്ത ഈ ദൃശ്യതയുടെ അലകൾ ചെന്നെത്താത്ത തുരുത്തുകളിൽ ജീവിക്കുന്ന ക്വിയർ ആളുകളുണ്ടാവില്ലേ? അവരിലേക്കൊക്കെ എത്താൻ സഹായകമാവുന്ന ഒരു മാധ്യമമെന്ന നിലക്ക് സിനിമാമേഖല ചെലുത്തുന്ന സ്വാധീനം ചെറുതല്ല. എന്നാൽ സ്വവർഗാനുരാഗം പ്രമേയമായി സിനിമ മുതലായ ദൃശ്യഭാഷ്യങ്ങൾ വരുമ്പോൾ പ്രണയം, കാമം, അതിജീവനം, സാമൂഹിക സ്വീകാര്യത ഇവയിലേതിന്റെ ഓരം പറ്റിവേണം അടയാളപ്പെടുത്തലുകൾ നടത്താൻ? ഇതിനുള്ള ഉത്തരം സിനിമ സൃഷ്ടിക്കുന്ന ആളിന്റെ /ആളുകളുടെ വിഷയത്തോടുള്ള സമീപനം അനുസരിച്ചിരിക്കുമെന്നതിന്റെ ഉദാഹരണങ്ങൾ മലയാളത്തിൽ പുരുഷ- സ്വവർഗാനുരാഗം മുഖ്യപ്രമേയമായി വന്ന സിനിമകളിൽ നിന്ന് മനസ്സിലാക്കാം.

ഒരു പുരുഷൻ സ്വവർഗാനുരാഗിയാണ് എന്നറിഞ്ഞാൽ അയാൾ 'ആൺ' അല്ല എന്ന് ആൺമികവുകളുടെ അളവും കോലും കൊണ്ടുനടക്കുന്ന പലരും കരുതാം. ഇതിനൊരപവാദമാവുകയാണ് മമ്മൂക്കയുടെ മാത്യു.

മുംബൈ പോലീസ് (സംവിധാനം-റോഷൻ ആൻഡ്രൂസ്, 2013), മൈ ലൈഫ് പാർട്ണർ (സംവിധാനം- എം.ബി. പദ്മകുമാർ, 2014), ക-ബോഡിസ്കേപ്സ് (സംവിധാനം- ജയൻ ചെറിയാൻ, 2016), മൂത്തോൻ (സംവിധാനം- ഗീതുമോഹൻദാസ്, 2019) എന്നീ സിനിമകൾ വഴിയായി പരിണമിച്ചുവന്ന പുരുഷസ്വവർഗാനുരാഗത്തിന്റെ അടയാളപ്പെടുത്തൽ കാതലിൽ എത്തിനിൽക്കുമ്പോൾ ജിയോ ബേബിയുടെ സിനിമായാത്ര കൂടി സ്മരിക്കേണ്ടതുണ്ട്. സിനിമാരംഗത്തെ ജിയോ ബേബിയുടെ ആദ്യ സംരംഭമായ സീക്രട്ട് മൈൻഡ്‌സ് (2007) എന്ന ഹ്രസ്വചിത്രം സ്വവർഗപ്രണയത്തെക്കുറിച്ചുള്ളതായിരുന്നു എന്ന വസ്തുതത നിർബന്ധമായും സിനിമാസ്വാദകർ അറിയേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. ആ ചിത്രം സൃഷ്ടിക്കപ്പെട്ടപ്പോൾ അതിന്റെ പേരിൽ കോട്ടയത്തുള്ള ഒരു കലാലയത്തിലെ (ജിയോ അന്ന് പഠിച്ചിരുന്ന സ്ഥാപനം) കത്തോലിക്കാ ഭാരവാഹികൾക്ക് സദാചാരാരിശം അണപൊട്ടിയിരുന്നു. ഒന്നര പതിറ്റാണ്ടിനിപ്പുറം അതേ വിഷയം പ്രമേയമാക്കി കോട്ടയം പരിസരങ്ങൾ തന്നെ പശ്ചാത്തലമാക്കി ഒരു മലയാള സിനിമ സൃഷ്‌ടിച്ചത് ഊഷ്മളപ്രതികാരം തന്നെയായി എനിക്കുതോന്നുന്നു. ജിയോയുടെ തന്നെ സംവിധാനത്തിൽ 2016-ൽ പ്രദർശനത്തിനെത്തിയ ‘രണ്ടു പെൺകുട്ടികൾ' എന്ന സിനിമ അച്ചു (അമല പോൾ), അനഘ (അഞ്ജു കുര്യൻ) എന്നീ  പെൺസുഹൃത്തുക്കളുടെ സവിശേഷ സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു. സ്വവർഗപ്രണയമെന്നോ, സ്ത്രീകൾ തമ്മിലുള്ള അഗാധ അടുപ്പമെന്നോ നിർണയിക്കാനുള്ള സൂചകചിന്തകൾ പ്രേക്ഷകർക്ക് വിട്ടുകൊടുക്കുന്ന തരത്തിലുള്ള ആഖ്യാനശൈലിയാണ് സിനിമയിൽ സംവിധായകൻ അവതരിപ്പിച്ചത്. എന്നാൽ കാതലിൽ സബ്ട്ടിലിറ്റി അല്ല സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്; തീക്ഷ്‌ണമായ അടയാളപ്പെടുത്തലാണ്.

മൈ ലൈഫ് പാർട്ണർ, മുംബൈ പോലീസ്, ക-ബോഡിസ്കേപ്സ്, മൂത്തോൻ

ഒരു പുരുഷൻ സ്വവർഗാനുരാഗിയാണെന്നറിഞ്ഞാൽ അയാൾ 'ആൺ' അല്ല എന്ന് ആൺമികവുകളുടെ അളവും കോലും കൊണ്ടുനടക്കുന്ന പലരും കരുതാം. ഇതിനൊരപവാദമാവുകയാണ് മമ്മൂക്കയുടെ മാത്യു. 1980-കൾ മുതലിങ്ങോട്ട് മലയാളി പുരുഷതന്മയുടെ ഉദാത്തമാതൃകകളിലൊന്നായി വാഴ്ത്തപ്പെടുന്ന ഒരു നടനാണ് മമ്മൂക്ക. ആൾടെ ‘പ്രായമേൽക്കാത്ത’ എന്ന് വർണിക്കപ്പെടുന്ന താരഭാവങ്ങളും കഥാപാത്ര വൈവിധ്യങ്ങളും മലയാളി പൊതുസമൂഹത്തിൽ പ്രകീർത്തിക്കപ്പെട്ടുവന്നിരുന്നത് ആണത്തമാതൃകയുടെ സാംസ്‌കാരിക സങ്കേതമായിട്ടുകൂടിയായിരുന്നു. ചന്തു മുതൽ പഴശ്ശി വരെയും, ബൽറാം മുതൽ ബിലാൽ വരെയും, കുഞ്ഞച്ചൻ മുതൽ മൈക്കളപ്പൻ വരെയും ഭാസ്‌കരപട്ടേലർ മുതൽ അംബേദ്‌കർ വരെയും അഞ്ച് പതിറ്റാണ്ടുകളായി ജ്വലിച്ചുനിൽക്കുന്ന മമ്മൂക്ക എന്ന അഭിനയഅച്ചിൽനിന്ന് ഊറിവന്നിരുന്ന ആൺമകളുടെ ജാലത്തിലേക്ക് ഒരു പുത്തൻ ഋതുഭേദമാവുകയാണ് മാത്യു ദേവസ്സി. സ്വവർഗാനുരാഗികളായ ആണുങ്ങൾ നാനാതരത്തിലുള്ള അവരവതരണങ്ങൾ പ്രകടിപ്പിക്കുമെങ്കിലും ഇവയെല്ലാം ആൺ-ഭാവത്തിന്റെ ന്യൂനതയെന്നോണം മാത്രം തെറ്റായി മനസ്സിലാക്കിവെച്ചിരിക്കുന്ന ഹെറ്ററോനോർമെറ്റീവ് വാദികൾ സ്വവർഗാനുരാഗികളെ അടയാളപ്പെടുത്താൻ ഇപ്പോഴും ‘ചാന്തുപൊട്ടി’ന്റെ നാനാർത്ഥങ്ങൾ മാത്രം നിരത്താറുണ്ട്. ഓരോ വ്യക്തിയുടെയും പ്രാഥമിക സ്വത്വം അയാളുടെ നിർണയം മാത്രം മുൻനിർത്തിയുള്ളതായിരിക്കും.

ഉദാഹരണത്തിന്, രണ്ടു പതിറ്റാണ്ടോളം മുന്നേ സ്വവർഗാനുരാഗി എന്ന തന്മ കേരളാപൊതുസമൂഹത്തിൽ വെളിപ്പെടുത്താൻ ധൈര്യം കാണിച്ച കിഷോർകുമാർ എന്ന വ്യക്തി 'രണ്ടു പുരുഷന്മാർ ചുംബിക്കുമ്പോൾ' എന്ന അദ്ദേഹത്തിന്റെ ആദ്യ പുസ്തകത്തിന് അടിക്കുറിപ്പ് നൽകിയത് 'മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും' എന്നാണ്. എന്റെ അടുത്ത സുഹൃത്തു കൂടിയായ കിഷോറേട്ടനെ പോലെ തന്നെ ഞാനും മലയാളി എന്ന ഭാഷാപരമായ സ്വത്വത്തിലാണ് പ്രാഥമികമായി അറിയപ്പെടാനാഗ്രഹിക്കുന്നത്. അതിനുശേഷം മാത്രമാണ് ഞാൻ ഒരു സ്വവർഗാനുരാഗിയാണെന്ന സ്വത്വം എനിക്ക് പ്രിയപ്പെട്ടതും അഭിമാനകാരവുമാവുന്നത്.

കിഷോർകുമാർ എന്ന വ്യക്തി 'രണ്ടു പുരുഷന്മാർ ചുംബിക്കുമ്പോൾ' എന്ന അദ്ദേഹത്തിന്റെ ആദ്യ പുസ്തകത്തിന് അടിക്കുറിപ്പ് നൽകിയത് 'മലയാളി ഗേ-യുടെ ആത്മകഥയും എഴുത്തുകളും' എന്നാണ്

ഈ നിലക്ക് മനസ്സിലാക്കുമ്പോൾ മാത്യു എന്ന വ്യക്തിയുടെ സ്വത്വം ഒരു പ്രണയിയുടെയും, ജീവിതപങ്കാളിയുടെയും, രക്ഷകർത്താവിന്റെയും ഒക്കെ ആവുന്നതിനുമപ്പുറം അയാൾ ഒരു മലയാളി ആണെന്നുള്ളതും, അയാൾ ഹെറ്ററോസെക്ഷ്വൽ ആയ മലയാളി അല്ല എന്നുള്ളതും വെളിവാവുന്നതുവഴിയായി, മലയാളി ആൺ-ഭേദത്തിന്റെ ഒരു നൂതനോദാഹരണമാവുന്നു മമ്മൂക്കയുടെ കഥാപാത്രം. ഹെറ്ററോസെക്ഷ്വൽ ആണത്തിന്റെ ഗൂഢാനുകരണം പുലർത്താത്ത പുരുഷന്മാരെ പൊതുവെ മലയാളി സമൂഹം നോക്കിക്കാണുന്ന രീതി ഭയന്ന് സ്വവർഗാനുരാഗികൾ ഭൂരിഭാഗം പേരും അവരവരുടെ സ്വത്വം വെളിപ്പെടുത്താനാവാതെ ഉൾവലിഞ്ഞു ജീവിച്ചുപോരുമ്പോൾ മാത്യുവിനെപ്പോലെയുള്ളവരുടെ കഥ ചിലർക്കെങ്കിലും പ്രേരണയാവട്ടെ.

തന്റെ ഭർത്താവിന് സ്വവർഗപ്രണയബന്ധമുണ്ടെന്നു തിരിച്ചറിയുന്ന മലയാള സിനിമയിലെ ആദ്യ സ്ത്രീകഥാപാത്രമല്ല ഓമന.

മനുഷ്യരുടെ ആവാസയിടങ്ങൾ അവരുടെ ലൈംഗികചായ്‌വിനെ ചുറ്റിപ്പറ്റിയുള്ള നൂതന സംസ്കാരപഥങ്ങൾ സൃഷ്‌ടിക്കുന്നതിൽ നല്ലൊരു പങ്കു വഹിക്കാമെങ്കിലും ലോകത്തെല്ലായിടത്തും മനുഷ്യർ അവർക്കുവേണ്ട തരത്തിലുള്ള പ്രണയം തിരിച്ചറിയുന്നതും അനുഭവിക്കുന്നതും തികച്ചും ജൈവികചോദനയുടെ അടിസ്ഥാനത്തിലാണ്. ഈ ചോദന എല്ലാപേർക്കും ഭിന്നവർഗ ലൈംഗികതാ (hetero sexuality) പരമായിരിക്കണമെന്നില്ല. എന്നാൽ നഗര- ഗ്രാമ തിരിവുകൾ ഗേ/ക്വിയർ മനുഷ്യരുടെ ദൃശ്യതയെ സ്വാധീനിക്കുമോ എന്ന സംശയം മെട്രോനഗരത്തിലെ അതിവേഗ ജീവിതസംസ്കാരത്തിനനുസരിച്ചു തെളിഞ്ഞു നിൽക്കാം എന്ന വാദത്തിന് വഴിയൊരുക്കുന്നു. മാത്യുവിന്റെ കാര്യത്തിലാവട്ടെ നഗരജീവിതത്തോടുള്ള അടുപ്പമോ, നാഗരിക സംസ്കാരത്തോടുള്ള സാമീപ്യമോ ഒന്നുമല്ല അയാളിലെ സ്വവർഗാനുരാഗിയെ ഉണർത്തിയതും പ്രണയം കണ്ടെത്താൻ പ്രേരകമായതും. മാത്യു ഉൾവലിഞ്ഞു ജീവിക്കാൻ നിർബന്ധിതരായ, കർശനമായും വൈവാഹിക- കുടുംബസ്ഥ-വ്യക്തിത്വത്തിലൂന്നി ശ്വാസം മുട്ടാൻ നിർബന്ധിക്കപ്പെട്ട ഗേ മനുഷ്യരുടെ പ്രതീകമാണ്. സമൂഹത്തിന്റെ ഏതു പരിച്ഛേദമെടുത്താലും അഥവാ ഏതൊരു മനുഷ്യാവാസമേഖലയിലും ഹെറ്ററോസെക്ഷ്വൽ മനുഷ്യരുള്ളതുപോലെ തന്നെ ഹോമോസെക്ഷ്വൽ മനുഷ്യരുമുണ്ടാവാം എന്ന് കാതൽ നമുക്ക് കാട്ടിത്തരുന്നു. എന്നാൽ ശരാശരി മലയാളി പുരുഷസ്വവർഗാനുരാഗി ഇപ്പോഴും വിവാഹം എന്ന തിരഞ്ഞെടുപ്പ് നടത്തുന്നയാളാണ്. ഈ തിരഞ്ഞെടുപ്പിലേക്ക് നയിക്കുന്ന ഒട്ടനേകം സാമൂഹിക- സാമുദായിക- സമ്മർദ്ദ ഘടകങ്ങളുണ്ടുതാനും (മാത്യുവിന്റെ കാര്യത്തിലാണെങ്കിൽ അയാളുടെ അപ്പന്റെ നിർബന്ധം). സാമൂഹിക- കുടുംബ 'പ്രതീക്ഷകൾക്കൊത്തവണ്ണം ജീവിക്കേണ്ട ഒരു പുരുഷൻ' എന്ന ഘടകം അതിൽ പ്രധാനിയാവുമ്പോൾ കഷ്ടത്തിലാവുന്നത് വിവാഹത്തിലേക്ക് ക്ഷണിക്കപ്പെടുന്ന സ്ത്രീ കൂടിയാണ്. തങ്ങൾ വിവാഹം ചെയ്ത ആണുങ്ങൾ സ്വവർഗാനുരാഗികളായതുകൊണ്ട് വിവാഹമോചനം തേടേണ്ടിവരുന്ന സ്ത്രീകളുടെ അവസ്ഥ പരിഗണിക്കുമ്പോൾ അവർ കടന്നുപോവുന്ന മാനസിക സംഘർഷം കൂടി പഠിക്കേണ്ടതുണ്ടെന്ന് ഓമനയിൽ (ജ്യോതിക) നിന്ന് മനസ്സിലാക്കാം. വിവാഹമോചനം മുഖ്യപ്രമേയമായ ഒഴിമുറി (2012), ഹരം (2015)  എന്നീ മലയാള ചലച്ചിത്രങ്ങൾ വൈവാഹികജീവിതത്തിൽ സ്ത്രീ നേരിടുന്ന പൊരുത്തക്കേടുകൾ മൂലം അവർ വിവാഹബന്ധം വേർപ്പെടുന്ന അവസ്ഥ ചിത്രീകരിച്ചിരുന്നു. എന്നാൽ, ഇവ മാത്രമല്ല വിവാഹമോചനത്തിലേക്ക് നയിക്കുന്ന ഹേതു എന്ന് കരുതിന്നിടത്താണ് കാതൽ പ്രസക്തമാവുന്നത്. ഇതുമായി ബന്ധപ്പെട്ട്, ഇത്തരം വിവാഹമോചന കേസുകൾ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ധ്യമുള്ള അഡ്വ. മായ കൃഷ്ണനുമായി

അഡ്വ. മായ കൃഷ്ണൻ

(ഹൈകോർട്ട് അഭിഭാഷകയും മനുഷ്യാവകാശ പ്രവർത്തകയുമാണ് മായ), സിനിമ കൈകാര്യം ചെയ്യുന്ന വിഷയം സംസാരിച്ചപ്പോൾ അവർ നൽകിയ പ്രതികരണം ഇവിടെ ചേർക്കുന്നു: "സാമ്പ്രദായിക വിവാഹജീവിതത്തിൽ ഉൾപ്പെട്ടു നിൽക്കുന്ന പങ്കാളികൾ തമ്മിൽ പ്രണയം പങ്കുവെക്കപ്പെടുന്നുണ്ടോ എന്ന് ഗൗരവമായി ആലോചിക്കേണ്ടിയിരിക്കുന്നു. പുരുഷപങ്കാളിയിൽ നിന്ന് നേരിടുന്ന ഗാർഹികപീഡനം മൂലമോ, വൈകാരിക ബുദ്ധിമുട്ടുകൾ കൊണ്ടോ അല്ലാതെ വിവാഹമോചനം തേടുന്ന സ്ത്രീകളോട് സംസാരിക്കുമ്പോൾ ചിലരുടെയെങ്കിലും ഭർത്താക്കന്മാർ സ്വവർഗാനുരാഗികളാണെന്നുള്ളതു കൊണ്ടുമാത്രം വിവാഹമോചനം നേടുന്ന ആളുകളുണ്ടെന്ന് മനസ്സിലാവുന്നു. നിശ്ചയമായും ഈയൊരു ജീവിതസാഹചര്യത്തിൽ കൂടി കടന്നു പോകേണ്ടവരല്ല നമ്മുടെ നാട്ടിലെ സ്ത്രീകൾ. എന്നാൽ അവരുടെ ഭർത്താക്കന്മാരായിരുന്ന ആളുകൾ എന്തുകൊണ്ട് നിർബന്ധിത വിവാഹം എന്ന തിരഞ്ഞെടുപ്പിലേക്കെത്തി എന്നാലോചിക്കുമ്പോഴാണ് ഹെറ്ററോനോമേറ്റിവിറ്റിയുടെ അധികാരഘടനാ പ്രഭാവം എങ്ങനെ മനുഷ്യരെ വലയ്ക്കുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കുക". 

ഗേ ആയിട്ടുള്ള ഒരാളെ(ആ വിവരം അറിയാതെ) വിവാഹം കഴിക്കേണ്ടി വരികയും പിന്നീട് അതറിഞ്ഞശേഷം വിവാഹമോചനം തേടുകയും ചെയ്‌ത ചില സ്ത്രീകളെ എനിക്കറിയാം. അവരിലൊരാൾ കാതൽ കണ്ടിട്ട് എന്നോട് വിളിച്ചു സംസാരിച്ചപ്പോൾ ഒരു കാര്യം സൂചിപ്പിച്ചു.

" ഞാൻ വിവാഹമോചിതയപ്പോൾ എന്റെ വീട്ടുകാർ ഉൾപ്പെടെയുള്ളവർ എന്നെ കുറ്റപ്പെടുത്തി. വിവാഹബന്ധം വേർപ്പെടുത്തിയതിന്റെ യഥാർത്ഥകാരണം ഞാൻ അധികമാരോടു അതുകൊണ്ട് തന്നെ സൂചിപ്പിച്ചിട്ടില്ല. ഞാൻ വിവാഹം കഴിക്കുകയും കുറച്ച് നാളെങ്കിലും മനസ്സ് കൊണ്ട് ഇഷ്ടപ്പെട്ട എന്റെ മുൻഭർത്താവിനോടുള്ള ബഹുമാനം കാരണം അയാളുടെ ഐഡന്റിറ്റി ഞാൻ ആയിട്ട് അധികമാരോടും പറയാതിരുന്നിട്ടും ചുറ്റുമുള്ളവർ എന്നെ പഴി ചാരിയപ്പോൾ അയാൾ മൗനം പാലിക്കുകയാണുണ്ടായത്.. ഈ കുറ്റപ്പെടുത്താൽ ഞാൻ അർഹിക്കുന്നതല്ല സുഹൃത്തേ".

ഇവർ സൂചിപ്പിച്ച ഈ ഒരു വാസ്തവം കൊണ്ട് തന്നെ കാതൽ ഓമനമാരുടെയും കൂടെ സിനിമയാവുന്നു.

അതേ, വിവാഹം ഒരു തിരഞ്ഞെടുപ്പാണ്, അതിൽ നിന്ന് പുറത്തുവരുന്നതും. മാത്യുവിന് അതിൽ നിന്ന് മോചനം നേടാൻ ഓമന സഹായകമായി.
തന്റെ ഭർത്താവിന് സ്വവർഗപ്രണയബന്ധമുണ്ടെന്നു തിരിച്ചറിയുന്ന മലയാള സിനിമയിലെ ആദ്യ സ്ത്രീകഥാപാത്രമല്ല ഓമന. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഇംഗ്ലീഷ് (2013) എന്ന സിനിമയിൽ നദിയ മൊയ്ദു അവതരിപ്പിച്ച സരസ്വതി എന്ന കഥാപാത്രം അവരുടെ ഭർത്താവായ ഡോ. റാം (മുരളി മേനോൻ) സ്വവർഗാനുരാഗിയാണെന്നു കണ്ടെത്തുന്നുണ്ട്. സി.എസ്. ചന്ദ്രികയുടെ 'കനി' എന്ന കൃതിയിൽ കഥാകാരി അവതരിപ്പിച്ചിരിക്കുന്നത് തന്റെ ഭർത്താവ് (അഭിജിത് എന്ന കഥാപാത്രം) സ്വാവർഗാനുരാഗിയാണെന്ന് മനസ്സിലാക്കുന്ന ജയന്തി എന്ന പെണ്ണിന്റെ കഥയാണ്. ഇതിനൊക്കെ സമാന്തരമായാണ് ഒരു ക്രിസ്ത്യൻ കുടുംബപശ്ചാലത്തിൽ ആദർശ് സുകുമാരന്റെയും പോൾസൺ സ്കറിയയുടെയും എഴുത്തിൽ ഓമനയും മാത്യുവും കോടതിമുറിയിലെത്തുന്നത്.  മനുഷ്യരുടെ ലൈംഗിക ചായ്‌വ് (സെക്ഷ്വൽ ഓറിയെന്റേഷൻ), മനുഷ്യർ ഏർപ്പെടുന്ന ലൈംഗിക പ്രവർത്തികൾ (സെക്ഷ്വൽ ആക്ട്സ്)- ഇവ രണ്ടും രണ്ടു കാര്യങ്ങളാണെന്നും ലൈംഗിക ചായ്‌വ് ഓപ്പോസിറ്റ് സെക്സിനോടല്ലെങ്കിൽ പിന്നെങ്ങനെ വിവാഹിതനായ ഒരു സ്വവഗാർഗാനുരാഗിക്ക് കുട്ടികളുണ്ടാവും, സ്വവർഗാനുരാഗിയായ ഒരാൾ സദാ സ്വവർഗരതിയിൽ ഏർപ്പെട്ടു ജീവിക്കുമോ, എന്നുള്ളതിനൊക്കെയുള്ള വളരെ യുക്തിപരമായ പ്രതികരണം സിനിമയിലെ കോടതിമുറി രംഗങ്ങൾ പകരുന്നു.

സ്വവർഗാനുരാഗവുമായി ബന്ധപ്പെട്ട ന്യായവാദങ്ങൾ ഇതിനു മുന്നേ ഒരു ഇന്ത്യൻ സിനിമയിൽ കണ്ടത് 'അലിഗർ'(സംവിധാനം- ഹൻസൽ മെഹ്ത, വർഷം 2015)ഇൽ ആയിരുന്നു. കാതലിലും കോടതിമുറിയിൽ വിഷയസംബന്ധിയ യുക്തിഭരിത  സംഭാഷണങ്ങൾ കാണാം. അലിഗറിലെ കോടതി മുറി സംഭാഷണങ്ങളിൽ സ്വവർഗാനുരാഗത്തെ സാധൂകരിക്കാൻ ഹിന്ദു പുരാണ/സംഹിതകളെ കൂട്ട് പിടിക്കുന്നുണ്ട്. എന്നാൽ കാതലിൽ അതില്ല എന്നുള്ളത് നല്ല കാര്യമാണ് (ബ്രാഹ്മിണിക്കൽ പുരാണങ്ങളിൽ പറഞ്ഞിട്ടില്ലെങ്കിലും ഇവിടെ ക്വിയർ മനുഷ്യർക്ക് ജീവിക്കണമല്ലോ).

കുറെ വർഷങ്ങൾ ഒരുമിച്ച് ജീവിച്ചിട്ടും ഇതുവരെ എന്തേ വിവാഹമോചനത്തെക്കുറിച്ച് ചിന്തിച്ചില്ല എന്ന അഭിഭാഷകയുടെ ചോദ്യത്തിന്, എതിർഭാഗം അഭിഭാഷക നൽകുന്ന മറുപടി വളരെ വളരെ പ്രസക്തമാണ്.

വിവാഹമോചനം മുഖ്യപ്രമേയമായ ഒഴിമുറി (2012), ഹരം (2015)  എന്നീ സിനിമകൾ, വൈവാഹിക ജീവിതത്തിൽ സ്ത്രീ നേരിടുന്ന പൊരുത്തക്കേടുകൾ മൂലം അവർ വിവാഹബന്ധം വേർപെടുന്ന അവസ്ഥ ചിത്രീകരിച്ചിരുന്നു.

ഹോമോസെക്ഷ്വലായ മനുഷ്യർ ഹെറ്ററോസെക്ഷ്വൽ വിവാഹങ്ങളിൽ കുടുങ്ങികിടക്കുന്നതിന്റെ സാമൂഹിക സമ്മർദ്ദവശവും, ഹെറ്ററോസെക്ഷ്വൽ വിവാഹിതരാവുന്ന എല്ലാവരും ഹെറ്ററോസെക്ഷ്വൽ ആയിരിക്കണമെന്നില്ല എന്ന നിജസ്ഥിതിയും ഇതേ അഭിഭാഷക അടിവരയിട്ടു പറയുന്നു. 2018-ൽ ഐ പി സി 377 ഭേദഗതി വഴിയായി ഹോമോസെക്ഷ്വാലിറ്റി ക്രിമിനൽ കുറ്റമല്ലാതാക്കിയതുകൊണ്ടാണ് ഓമന അങ്ങനെ ഒരു തീരുമാനത്തിലെത്തിയത് എന്ന് അഭിഭാഷക സൂചിപ്പിക്കുന്നു. അല്ലാത്തപക്ഷം തന്റെ ഭർത്താവിനെ ഒരു ക്രിമിനലായി സമൂഹം കാണുമോ എന്ന ഓമനയുടെ ആകുലത എത്ര അഭിനന്ദിച്ചാലാണ് മതിയാവുക. ഓമനയായി അഭിനയിച്ച ജ്യോതികയോട് കൂടുതൽ സ്നേഹം.

സ്വത്വം വെളിപ്പെടുത്തുന്ന ഓരോ സ്വവർഗാനുരാഗിയും, വെളിപ്പെടുത്തിയശേഷം ജീവിതത്തിൽ പരിചയപ്പെടുന്ന മിക്കവരോടും, അതുമല്ലെങ്കിൽ  ഇതുമായി ബന്ധപ്പെട്ട് ബോധവൽക്കരണപരിപാടികളിലൊക്കെ സംസാരിക്കുമ്പോൾ കേൾക്കുന്ന സ്ഥിരം ചോദ്യങ്ങളും ഇതൊക്കെ തന്നെ.

വിവാഹശേഷം സ്ത്രീപങ്കാളിയോടും കുടുബത്തോടും താൻ സ്വവർഗാനുരാഗിയാണെന്ന് തുറന്നുപറഞ്ഞ് ഈയടുത്ത് വിവാഹമോചനം നേടിയ ഒരു മലയാളി ആൺ സുഹൃത്ത് അയാൾ നേരിട്ട മാനസികസംഘർഷങ്ങളെക്കുറിച്ച് പങ്കുവെച്ച ചില കാര്യങ്ങളും ഇവിടെ കുറിക്കുന്നു: "ഞാൻ വിവാഹിതനാവേണ്ടിയിരുന്നില്ല എന്ന് പൂർണമായും മനസ്സിലാക്കാൻ ഞാൻ വിവാഹിതനാവേണ്ടിവന്നു. ഞാൻ തുറന്ന് സംസാരിച്ചതുകൊണ്ട്  എന്റെ ലൈംഗികചായ്‌വ് എന്റെ അമ്മയപ്പന്മാർ മനസ്സിലാക്കിയപ്പോൾ അതിനെ യുക്തിപരമായി ഉൾക്കൊള്ളാൻ അവർക്ക് സാധിച്ചു. ഞാൻ ഒരു പ്രിവിലേജ്ഡ് വ്യക്തിയായതുകൊണ്ടു കൂടിയാണ് ആ തുറന്നുപറച്ചിലേക്കെത്താൻ എനിക്ക് കഴിഞ്ഞതെന്ന് ഞാൻ  മനസിലാക്കുന്നു. ഈ കാര്യം തുറന്നുപറഞ്ഞശേഷം എനിക്ക് ഞാനായി തന്നെ ജീവിക്കാൻ കഴിയുന്നുണ്ട്. ഞാൻ ഇപ്പോൾ ജീവനോടെയിരിക്കുന്നു എന്നുളളതുതന്നെയാണ് എന്നെ സംബന്ധിച്ച് ഏറ്റവും സന്തോഷം നൽകുന്ന കാര്യം, ഞാൻ കാരണം ഒരു പെണ്ണിന് അവളുടെ ജീവിതത്തിലെ ഒന്നുരണ്ടു വർഷം നഷ്ടമായല്ലോ എന്ന കുറ്റബോധം മാത്രമാണെനിക്കുളളത് ".

ഗേ മനുഷ്യരോട് ഒട്ടുമേ സാമൂഹികാനുകമ്പയില്ലാതിരുന്ന സമയത്തുനിന്ന് കാതൽ പ്രദർശനത്തിനെത്തിയ 2023 വരേക്കും ഇരുപത്തിയഞ്ചോളം മലയാളി ഗേ സുഹൃത്തുക്കൾ ആത്മഹത്യ ചെയ്തു എന്ന സങ്കടകരമായ വസ്തുതയും ഈയവസരത്തിൽ കുറിക്കുന്നു.

സ്വവർഗാനുരാഗിയായ എന്റെ കാര്യത്തിലാണെങ്കിൽ 2013 -ൽ, മുപ്പതാം വയസ്സിൽ, ഒരു പെൺകുട്ടിയുമായുള്ള വിവാഹനിശ്ചയശേഷമാണ് സ്വവർഗാനുരാഗിയാണെന്ന് ഞാൻ എന്റെ വീട്ടിൽ വെളിപ്പെടുത്തിയത്. ഗേ മനുഷ്യരോട് ഒട്ടുമേ സാമൂഹികാനുകമ്പയില്ലാതിരുന്ന സമയത്തുനിന്ന് കാതൽ പ്രദർശനത്തിനെത്തിയ 2023 വരേക്കും എനിക്ക് പരിചയമുള്ള ഇരുപത്തിയഞ്ചോളം മലയാളി ഗേ സുഹൃത്തുക്കൾ ആത്മഹത്യ ചെയ്തു എന്ന സങ്കടകരമായ വസ്തുതയും ഈയവസരത്തിൽ കുറിക്കുന്നു. ഇവരൊക്കെയും ജീവിച്ചിരിക്കേണ്ടവർ തന്നെയായിരുന്നു. സ്വത്വപ്രതിസന്ധിയുമായി ബന്ധപ്പെട്ട സ്വീകാര്യമായ സാമൂഹിക സംവിധാനങ്ങൾ ഇല്ലാത്തതും, സ്വാവർഗാനുരാഗിയാണെങ്കിലും വേണ്ടില്ല, കുടുംബത്തിന് നാണക്കേട് വരുത്താതിരിക്കാൻ വിവാഹമെന്ന സ്വാർത്ഥപരിഹാരം നിർദ്ദേശിക്കുന്ന വീട്ടുകാരോടൊക്കെ വൈകാരികമായി മല്ലിടാൻ നിൽക്കാതെ ജീവൻ വെടിയാൻ തീരുമാനിച്ച മലയാളി ഗേ സുഹൃത്തുക്കളെ ഓർക്കാതെ വിഷയവുമായി ബന്ധപ്പെട്ട ഒരെഴുത്തും പൂർണമാവില്ല. തങ്ങൾ ജീവിക്കുന്ന സാമൂഹിക ചുറ്റുപാടുകൾക്ക് സ്വവർഗലൈംഗികതയോടുള്ള തീവ്ര അസഹിഷ്ണുത കാരണം ജീവനൊടുക്കേണ്ടി വരുന്ന കഥാപാത്രങ്ങളായി പല മലയാള കഥകളിലും സിനിമകളിലും പുരുഷ സ്വവർഗാനുരാഗികൾ കടന്നുവന്നിട്ടുണ്ട്, മലയാളത്തിൽ.
മൈ ലൈഫ് പാർട്ണറിലെ കിരൺ (സുദേവ്), മൂത്തോനിലെ അമീർ (റോഷൻ മാത്യൂസ്) തുടങ്ങിയവരും എഡ്വിൻ പോൾ (സി.വി ബാലകൃഷ്ണന്റെ കൃതി) എന്ന കഥയിലെ പോൾ എന്നിവരും ചില ഉദാഹരണങ്ങൾ. സ്വവർഗാനുരാഗികളായ മനുഷ്യരുടെ ആത്മഹത്യ ഒരു വാസ്തവമാണെന്നിരിക്കെ ജീവിച്ചിരിക്കാൻ അർഹതയുള്ള, ജീവിച്ചിരിക്കുന്ന മനുഷ്യരായി തന്നെ ഞങ്ങളെ അടയാളപ്പെടുത്തിക്കാണാനാണ് എനിക്കാഗ്രഹം. ഈ ആഗ്രഹം കാതൽ സഫലമാക്കി.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഇംഗ്ലീഷ് എന്ന സിനിമയിൽ നദിയ മൊയ്ദു അവതരിപ്പിച്ച സരസ്വതി എന്ന കഥാപാത്രം അവരുടെ ഭർത്താവായ ഡോ. റാം (മുരളി മേനോൻ) സ്വവർഗാനുരാഗിയാണെന്നു കണ്ടെത്തുന്നുണ്ട്.

ഞാൻ സിനിമ കണ്ടത് ഒരു മലയാളി ലെസ്ബിയൻ സ്ത്രീക്കൊപ്പമാണ്. അവരും ഞാനും കുറേ കരഞ്ഞു, സിനിമാകാഴ്ചക്കിടയിൽ. സിനിമ കണ്ടിറങ്ങിയപ്പോൾ അവർ സൂചിപ്പിക്കുണ്ടായിരുന്നു, ജ്യോതികയുടെ കഥാപാത്രം ലെസ്ബിയനും അത് മനസ്സിലാക്കി അവരെ പിന്തുണക്കുന്ന ഭർത്താവുമായി മാത്യുവിനെ കാണാനാണ് അവർ ആഗ്രഹിക്കുന്നത് എന്ന്. കേരളത്തിൽ പുരുഷ സ്വവർഗാനുരാഗികൾക്കുള്ള അൽപമെങ്കിലും ദൃശ്യത സ്ത്രീസ്വവർഗാനുരാഗികൾക്കില്ലലോ എന്നു കൂടി പറഞ്ഞ് അവർ വിതുമ്പിയപ്പോൾ എന്തു പറയണമെന്നറിയാതെ ഞാനിരുന്നു. സാറാ ജോസഫിന്റെ ആളോഹരി ആനന്ദം (കറന്റ് ബുക്ക്സ്, 2013) എന്ന നോവൽ അത്തരത്തിലൊരു വിഷയം പ്രതിപാദിക്കുന്നതുകൊണ്ട് അതാരെങ്കിലും സിനിമയാക്കട്ടെ എന്നുമാത്രം ഞാൻ വിചാരിച്ചു.

ആധുനിക വിജ്ഞാശാഖകൾ വഴിയായി ക്വിയർ സ്വത്വങ്ങളോടുള്ള അനുഭാവജാലകങ്ങൾ തുറക്കുന്നതിനും മുന്നേ; ചില മനുഷ്യർ സ്വവർഗാനുരാഗികളാണെന്നുള്ള ജൈവിക-ധിഷണാപരമായ വസ്തുതയുടെ ശാസ്ത്രീയ നിഗമനങ്ങൾ വരുന്നതിനും വളരേ മുന്നേ; സ്വവർഗാനുരാഗികളായ മനുഷ്യർ അവരുടെ സ്വത്വം വെളിപ്പെടുത്തി അവരവർ- പ്രതിനിധാനങ്ങളിലേക്ക് കടക്കുന്നതിനും മുന്നേ; തന്നെ ലോകത്തിലെ വിവിധ സംസ്കാരങ്ങളിൽ സ്വവർഗാനുരാഗത്തെക്കുറിച്ചുള്ള പരാമർശങ്ങൾ നിലനിന്നിരുന്നു, കാലാനുചിതമായി ശാസ്ത്രവും സാമൂഹികസിദ്ധാന്തങ്ങളും അവക്ക് യുക്തിപരമായ വിശദീകരണം നൽകി എന്നുമാത്രം. പ്രാദേശിക സംസ്കാരങ്ങളിൽ ഇത്തരം അടയാളപ്പെടുത്തലുകൾ തിരയുന്നത് മനുഷ്യരുടെ വൈവിധ്യമാർന്ന തൃഷ്ണാപരമായ ഇച്ഛകളെ മനസിലാക്കാൻ കൂടുതൽ സഹായിക്കുന്നു. ഒരാളുടെ ജനന / ഭ്രൂണാവസ്ഥയിൽ തന്നെ നിർണയിക്കപ്പെടുന്നു എന്ന ശാസ്ത്രം ചൂണ്ടിക്കാണിച്ച സ്വവർഗാനുരാഗം എന്ന സ്വത്വത്തെ ചൊല്ലി പല സാമൂഹിക സിദ്ധാന്തങ്ങളും അന്നും ഇന്നും നിലവിലുണ്ട്. എന്നാൽ ഇവയ്‌ക്കെല്ലാമുപരിയായി ഒരു വ്യക്തി ഈ സ്വത്വത്തെ എങ്ങനെ സ്വയംപ്രേരിതമായി ഉൾക്കൊള്ളുന്നു എന്നുള്ളതും, അത് പ്രകാശിപ്പിക്കാൻ തയ്യാറെടുക്കുന്നു എന്നുള്ളതും, പൗരസ്വാതന്ത്രമുള്ള ഓരോ ദേശത്തും ഈ സ്വത്വവുമായി ബന്ധപ്പെട്ട് അവകാശപ്രശ്നങ്ങൾ എങ്ങനെ നേരിടുന്നു എന്നുള്ളതും, സമൂഹത്തിലെ ഇതര സ്വത്വഘടകങ്ങളുമായി ലൈംഗികചായ്‌വ് എങ്ങനെ ഇഴപിണഞ്ഞുകിടക്കുന്നു എന്നുള്ളതും മനസ്സിലാക്കുന്നിടത്താണ് ഇതൊരു മനുഷ്യാവകാശ /രാഷ്ട്രീയ വിഷയമായി മാറുന്നത്. 
(ഉദാ: മധ്യവയസ്സിനോടടുക്കുന്ന മാത്യു അയാൾ സ്വവർഗാനുരാഗിയാണെന്ന് ചെറുപ്പത്തിലേ തന്നെ അയാളുടെ അപ്പനോട് പറഞ്ഞിരുന്നു എന്ന് സിനിമയിൽ സൂചിപ്പിക്കുണ്ട്. അതയാൾ എങ്ങനെ മനസ്സിലാക്കി എന്നൊരു മറുചോദ്യത്തിന്റെ ആവശ്യമേയില്ല എന്നുളളതാണ് ഈ സ്വത്വത്തിന്റെ സവിശേഷത) അതുകൊണ്ടൊക്കെ തന്നെ സിനിമയിൽ മാത്യുവിന്റെ സ്വത്വം അയാളുടെ സ്വകാര്യതയല്ലേ, ഇതൊരു രാഷ്ട്രീയ വിഷയമാണ് എന്നുള്ള പരാമർശങ്ങൾ കേട്ടപ്പോൾ ശരിക്കും സന്തോഷം തോന്നി.

നമ്മുടെ സമൂഹം മനുഷ്യരെ സദാ മികവും മേന്മയുമുള്ള ആളുകളായി കാണാനും ആ മേന്മകൾ ഉള്ളവർക്ക് കൂടുതൽ സ്വീകാര്യത നൽകാനും തക്ക സാംസ്‌കാരിക നിർമിതികൾ നിലനിർത്തിപ്പോരുന്നുമുണ്ട്. പ്രണയ-സഹജീവനത്തിന്റെ കാര്യത്തിലാണെങ്കിൽ ഈ മേന്മ (മതം, ജാതി എന്നീ കാര്യങ്ങളിലെന്ന പോലെ) ഒരു വ്യക്തി ഹെറ്ററോസെക്ഷ്വൽ ആണോ എന്നതിനെ കൂടി ചുറ്റിപ്പറ്റിയാണ് സ്വീകാര്യകരമാവുന്നത്. അല്ലാത്തപക്ഷം ആ വ്യക്തി സാമൂഹിക പരിഗണന അർഹിക്കുന്നില്ല എന്ന് തെളിയിക്കുന്ന തരത്തിലാണ് മിക്കപ്പോഴും സ്വവർഗാനുരാഗത്തെ നോക്കിക്കാണാൻ നാം നിർബന്ധിതരാവുന്നത്. തങ്ങളുടെ സ്വത്വം എന്തുകൊണ്ട്, എങ്ങനെ, എന്നു മുതൽ എന്നീ ചോദ്യങ്ങളേക്കാൾ ഈ സ്വത്വം അന്തർലീനമായുണ്ടെന്ന ധാരണ (ഗിഫ്റ്റ് ഓഫ് ക്നോയിങ്) ഓരോ ക്വിയർ വ്യക്തിയ്ക്കുമുണ്ടെകിലും സ്വത്വം മറ്റുള്ളവർ അറിയുമോ എന്ന ഭയത്തിൽ ജീവിതത്തിൽ ഒട്ടനേകം തവണ മറ്റുള്ളവർക്കു മുന്നിൽ ഇല്ല / അല്ല / അറിയില്ല എന്നെ കള്ളങ്ങൾ പറയാൻ കൂടി നിർബന്ധിതരാകും.

മാത്യുവിന്റെ കാര്യത്തിലാണെകിൽ ചുറ്റുമുള്ള എല്ലാവരും അതറഞ്ഞിട്ടും അത് സമ്മതിക്കാൻ അതുവരെയുണ്ടായിരുന്ന ഭീതി മൂലം മാത്യുവിന് കഴിയാതെ പോവുന്നുണ്ട്. കഥാവസാനം മാത്യു തന്റെ സ്വത്വം ഉൾക്കൊള്ളുന്നുവെന്നതും വിവാഹമോചനകൾ സന്തോഷകരമായി ഭവിക്കാം എന്നുള്ളതുമായ ചിന്താവിഷയങ്ങൾ സിനിമ സമ്മാനിക്കുന്നു. അന്തർമുഖഃപ്രകൃതമുള്ള മാത്യു സദാവിഷാദം നിഴലിക്കുന്ന ഒരാളായിട്ടാണ് കാണപ്പെടുന്നത്, ആ വിഷാദഭാരമത്രവും അയാളുടെ കണ്ണുകളിലും കവിളുകളിലും പേറിയാണ് ജീവിച്ചതും. ചിലയവസരത്തിൽ അടിമുടി ആ വിഷാദം പേറി മുറിയിലെ കതകരികെ നിന്ന് വിഷണ്ണനാവുന്നുണ്ട് മാത്യു. യൗവനത്തിൽ തന്നെ തന്റെ സ്വന്തം അറിയിച്ചിട്ടും, ഒരു മാനസികാരോഗ്യവിദഗ്ദ്ധ അത് ആൾടെ അപ്പനോട് കൃത്യമായി പണ്ട് അറിയിച്ചിട്ടും മാത്യുവിനെ ഒരു സ്ത്രീയുമായുള്ള വിവാഹത്തിന് നിർബന്ധിച്ച അപ്പനോട് മാത്യു നാളുകളായി മുഖാമുഖം സംസാരിക്കുന്നുണ്ടായിരുന്നില്ല. എന്നാൽ കോടതിമുറിയിൽ വിവാഹമോചനക്കാര്യം ജഡ്ജിയുടെ മുൻപാകെ ഹർജിയായെത്തിയപ്പോൾ തന്റെ മകൻ സ്വവർഗാനുയാണെന്ന് കോടതിയിൽ വെച്ച് പറയുന്ന ഒരു മലയാളി അപ്പൻ നമുക്ക് അത്യപൂർവമായ വ്യക്തിയായി തോന്നാം. തന്റെ ഭർത്താവിനെ മറ്റുള്ളവർക്കുമുന്നിൽ നാണം കെടുത്താൻ ഇഷ്ടമില്ലാഞ്ഞ ഓമന (ജ്യോതിക) വിവാഹമോചന പെറ്റീഷനുമായി മുന്നോട്ടുപോവുമ്പോൾ പലവുരു മാത്യു ആ തീരുമാനം മാറ്റിക്കൂടേ എന്ന് ഓമനയോട് ആരായുന്നുണ്ട്. സ്വന്തം സ്വത്വം മാത്യു ഉൾക്കൊള്ളണം എന്ന് മറ്റാരേക്കാളും ഓമന ആഗ്രഹിച്ചിരുന്നു എന്നുള്ളതുതന്നെയായിരുന്നു ഓമനയുടെ മൗനപ്രതികരണം.

നഗരകേന്ദ്രീകൃത- മെട്രോസെക്ഷ്വൽ മനുഷ്യരുടെ ജീവിതത്തിൽ കൂടി മാത്രം ക്വിയർ വിഷയങ്ങൾ അവതരിപ്പിക്കപ്പെടുമ്പോൾ ക്വിയർ സ്വത്വങ്ങളുടെ പ്രാദേശികപ്രത്യേകതകൾ പാടേ അവഗണിക്കപ്പെടും.

ഒരു മലയാളി വ്യക്തി സ്വവർഗാനുരാഗിയാണെന്ന് അടുപ്പമുള്ളവരറിഞ്ഞാൽ സ്ഥിരം കേൾക്കാറുള്ള 'മറ്റുള്ളവരുടെ മുഖത്തിനി എങ്ങനെ നോക്കും', 'കുടുംബത്തിലേക്ക് ഇനി നല്ലൊരാലോചന വരുമോ', 'മറ്റവൻ' വിളി തുടങ്ങിയ കാര്യങ്ങൾ സിനിമയിൽ കണ്ടത് യഥാർത്ഥ കാര്യങ്ങളായിത്തന്നെ തോന്നി. മാത്യുവിന്റെ പ്രണയപങ്കാളിയായ തങ്കനോട്, അയാളും ഈ തരത്തിലുള്ള ആളാണെന്ന് ഗ്രാമവാസികളറിയുമ്പോൾ, കൗമാരക്കാരായ ആൺകുട്ടികളോട് ലൈംഗികാഭിനിവേശം പുലർത്തുമോ എന്ന സൂചനാഭാഷ്യത്തിൽ സംസാരിക്കുന്നുണ്ട്. പുരുഷസ്വവർഗാനുരാഗം എന്നാൽ മുതിർന്ന പുരുഷന്മാർക്ക് പ്രായപൂർത്തിയാവാത്ത ആൺകുട്ടികളോട് തോന്നുന്ന വെറും ലൈംഗികാവേശം മാത്രവുമെന്ന് ചിലർക്കെങ്കിലുമുള്ള അബദ്ധധാരണയെ ചൂണ്ടിക്കാണിക്കുന്നു, ഈ രംഗം. ഡ്രൈവിങ് സ്കൂൾ നടത്തുന്ന തങ്കന്റെ അടുത്തേക്ക് പെണ്മക്കളെ രക്ഷിതാക്കൾ അയക്കുന്നു എന്ന് തന്റെ ഒരു സുഹൃത്തിനോട് തങ്കൻ നർമരൂപേണ പറയുന്നത് സ്വവർഗാനുരാഗികളായ ആണുങ്ങളും ഹെറ്ററോസെക്ഷ്വൽ സ്ത്രീകളും തമ്മിലുള്ള സൗഹൃദോഷ്മളതയെ സൂചിപ്പിക്കുന്നു. ഈ അവതരണങ്ങളൊന്നും ഏച്ചുകെട്ടായി അനുഭവപ്പെടാഞ്ഞത് തിരക്കഥയുടെ സന്തുലിതാവസ്ഥ കൊണ്ടുകൂടിയാണ്. (തിരക്കഥാകൃത്തുക്കളായ ആദർശ് സുകുമാരനും പോൾസൺ സ്കറിയായ്ക്കും അഭിനന്ദനങ്ങൾ) സിനിമയുടെ രണ്ടാം പകുതിയിൽ കോടതിമുറിയിൽ വെച്ചുള്ള വ്യക്തിസ്വാതന്ത്ര്യസംബന്ധിയായ നിയമസംഭാഷണങ്ങൾ ശ്രദ്ധിച്ചാൽ തിരക്കഥാകൃത്തുക്കൾ വിഷയസംബന്ധിയായി ആഴത്തിൽ നടത്തിയ പഠനം മനസ്സിലാവും. 

കാതൽ സിനിമയുടെ തിരക്കഥാകൃത്തുക്കളായ പോൾസൺ സ്കറിയയും ആദർശ് സുകുമാരനും ജിയോ ബേബിയ്ക്കൊപ്പം

ഐ പി സി 377-നെ ക്കുറിച്ചുള്ള പരാമർശം, ഹോമോസെക്സ്വലിറ്റി, ഗേ എന്നീ പദങ്ങളുടെ ആവശ്യാനുസരണമുള്ള പ്രയോഗം, ഒപ്പം സ്വവർഗാനുരാഗം എന്ന മനോഹര മലയാള പദവും- ഒരുപക്ഷെ മലയാള സിനിമയിൽ ആദ്യമായിട്ടായിരിക്കും ഈ പദം ഉപയോഗിക്കപ്പെട്ടുന്നത്. ഗേ എന്ന വാക്ക് ഋതു, മൈ ലൈഫ് പാർട്ണർ, നീന എന്നീ സിനിമകളിൽ ഉപയോഗിച്ചിട്ടുണ്ട്. എങ്കിലും മലയാളഭാഷയുടെ ഭംഗി പേറുന്ന സ്വവർഗാനുരാഗം എന്ന പദം ഉപയോഗിച്ചതുവഴി പ്രകൃതിവിരുദ്ധർ, സ്വവർഗരതിക്കാർ എന്നീ അടയാളങ്ങളിൽനിന്ന് മുക്തി നേടാൻ നാളുകളായി മലയാളി സ്വവർഗാനുരാഗികളും ഫെമിനിസ്റ്റ് മനുഷ്യരും നടത്തിയ സാംസ്‌കാരിക ഇടപെടലുകളുടെ പരിണിതഫലമെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു.

സ്വത്വസംബന്ധിയായ അവരവതരണമായിരിക്കാം ഓരോ ക്വിയർ വ്യക്തിക്കും ഏറ്റവും കഠിനമായ ജീവിതകടമ്പ എന്ന് മാത്യു നമ്മളെ ഓർമിപ്പിക്കുന്നു.

രേഷ്മ ഭരദ്വാജിന്റെ 'മിഥ്യകൾക്കപ്പുറം സ്വവർഗലൈംഗികത കേരളത്തിൽ' എന്ന പുസ്തകം (2004-ൽ പ്രസിദ്ധീകരിക്കപ്പെട്ടത് ) സ്വവർഗലൈംഗികത കേരളീയർക്ക് പരിചപ്പെടുത്തിയെങ്കിലും പിന്നീട്, കുറെ വർഷങ്ങൾക്കുശേഷം മാത്രമാണ് സ്വവർഗാനുരാഗം എന്ന വാക്ക് പ്രചാരത്തിലാവുന്നത്. മലയാള അച്ചടി / ദൃശ്യ മാധ്യമങ്ങളും ഓൺലൈൻ എഴുത്തുകാരും മറ്റും ഈ പദം തന്നെ ഉപയോഗിച്ച് ശീലിക്കണം എന്ന നിർബന്ധചിന്തയിൽ മലയാളി സ്വവർഗാനുരാഗികൾ ഉൾപ്പെടുന്ന ഒരു കൂട്ടായ്മയായ ‘ക്വിയറള’ 2014-ൽ വിക്കിപീഡിയയുടെ ഇന്ത്യ ഘടകവുമായി സഹകരിച്ച്, എറണാകുളം കളമശ്ശേരി സ്റ്റാർട്ട് അപ്പ് വില്ലേജിൽ 'വിക്കി ലവ്‌സ് പ്രൈഡ്' എന്ന ശില്പശാല സംഘടിപ്പിച്ചിരുന്നു. മലയാളം വിക്കിപീഡിയാ താളുകളിൽ LGBTIQ സംബന്ധിയായ പദങ്ങളും, ചരിത്ര, സാംസ്‌കാരിക പരാമർശങ്ങളും ഉൾക്കൊള്ളിക്കാൻ നടന്ന ആ ഉദ്യമത്തിനുശേഷം വിക്കി- താളുകളിൽ ചേർക്കപ്പെട്ട  'സ്വവർഗാനുരാഗം' എന്ന പദം സ്ഥിരം അവലംബമായി സ്വവർഗാനുരാഗികൾ ഉപയോഗിച്ച് പ്രചരിപ്പിച്ചത് പ്രധാനപ്പെട്ട ഒരു ഭാഷാ- ഇടപെടലായി കണക്കാക്കാം. സിനിമയിൽ ക്വിയറളയെ ക്കുറിച്ചുള്ള പരാമർശം എനിക്ക് ആനന്ദവും അഭിമാനവും നൽകി, ക്വിയറളയുടെ സ്ഥാപകാംഗം എന്ന നിലക്ക് (നിലവിൽ ഞാൻ ഈ കൂട്ടായ്മയുടെ ഭാഗമല്ല എന്ന് കുറിക്കുന്നു).

രേഷ്മ ഭരദ്വാജിന്റെ 'മിഥ്യകൾക്കപ്പുറം സ്വവർഗലൈംഗികത കേരളത്തിൽ' എന്ന പുസ്തകം സ്വവർഗലൈംഗികത കേരളീയർക്ക് പരിചപ്പെടുത്തിയെങ്കിലും പിന്നീടും കുറെ വർഷങ്ങൾക്കുശേഷം മാത്രമാണ് സ്വവർഗാനുരാഗം എന്ന വാക്ക് പ്രചാരത്തിലാവുന്നത്.

നഗരകേന്ദ്രീകൃത- മെട്രോസെക്ഷ്വൽ മനുഷ്യരുടെ ജീവിതത്തിൽ കൂടി മാത്രം ക്വിയർ വിഷയങ്ങൾ അവതരിപ്പിക്കപ്പെടുമ്പോൾ ക്വിയർ സ്വത്വങ്ങളുടെ പ്രാദേശികപ്രത്യേകതകൾ പാടേ അവഗണിക്കപ്പെടും.
ഉദാരണത്തിന്‌, ബാംഗ്ലൂർ പോലെയുള്ള വിശാല- മെട്രോ നഗരത്തിൽ ജീവിക്കുന്ന ഒരു മലയാളി സ്വവർഗാനുരാഗി ഒരു നിശാപാർട്ടിയിൽ പോവുകയും അവിടെ ഏതെങ്കിലും വിദേശ പോപ്പ് ഗായികയുടെ ഗേ- അനുകൂല-ഗാനത്തിന് ചുവടുവെക്കുന്നതും ഒരു തരത്തിലുള്ള ക്വിയർ പ്രതിനിധാനമായി / അനുഭവമായി കണക്കാക്കാം. അതേപക്ഷം, ആകാശവാണി-ഗാനാസ്വാദനലോകത്തിൽ ഗൃഹാതുരത്വം തേടുന്ന ആൺ-സ്വവർഗാനുരാഗികൾ ഒരിക്കലും നേരിൽ കാണാത്ത അവതാരകരുടെ ശബ്ദത്തോട് മമത പ്രകടിപ്പിക്കുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. കേരളത്തിൽ തന്നെ ജീവിതം തുടരുന്ന എന്റെ സമപ്രായത്തിലുളളതോ ഞങ്ങളെക്കാളും മുതിർന്നതോ ആയ മലയാളി പുരുഷ-സ്വവർഗാനുരാഗികളോ മൊബൈൽ ഫോൺ, ഡേറ്റിംഗ് ആപ്പുകൾ, സാമൂഹികമാധ്യമങ്ങൾ എന്നിവ വരുന്നതിന് മുന്നേ, ഞങ്ങൾ ഈ തരത്തിലുള്ള ലൈംഗികചായ്‌വുള്ളവരാണെന്ന് എങ്ങനെ സ്വയം മനസിലാക്കി എന്നുള്ളതിൽ നിറയുന്നു ഇത്തരം പ്രാദേശിക സവിശേഷതകൾ. ഈ തിരിച്ചറിവ് ലൈംഗികപ്രവർത്തിയിൽ / ലൈംഗിക അനുഭവം വഴി മാത്രമാണെന്നു കരുതുന്നവരോട് ഒന്നേ ചോദിക്കാനുള്ളൂ: ഇവിടെ ഹെറ്ററോസെക്ഷ്വൽ മനുഷ്യർ കൗമാരത്തിലോ പിന്നീടോ രതിയിൽ ഏർപ്പെട്ടതുകൊണ്ടാണോ അവരൊക്കെ ഹെറ്ററോസെക്ഷ്വലാണെന്ന് തിരിച്ചറിഞ്ഞത്?  അപ്പോൾ അത് സ്വാഭാവികമല്ലേ എന്ന് മറുചോദ്യം വരും.

നമ്മുടെ ഗാർഹിക -തൊഴിൽ ചുറ്റുപാടുകളിൽ  നമ്മുടെ ചങ്ങാതിക്കൂട്ടങ്ങളിലൊക്കെയും മാത്യുമാരുണ്ടാവാം. അവരെ നമ്മൾ അറിയുന്നില്ല എന്നതുകൊണ്ടുമാത്രം ഈ ഒരു സ്വത്വം നിലവിലില്ല എന്ന് കരുതാനാവില്ല.

ഇതേ സ്വാഭാവികത സ്വവർഗാനുരാഗത്തിന്റെ കാര്യത്തിലും ബാധകമാണെന്ന് മനസിലാക്കുന്നിടത്ത് ആരംഭിക്കുന്നു സ്വീകാര്യതയുടെ പുത്തൻ പാതകൾ. പ്രാദേശിക പ്രത്യേകതകൾ കൂടി ഉൾക്കൊളിച്ചുള്ള വിവിധ വിദേശ സിനിമകൾ പഠിക്കുമ്പോൾ ക്വിയർ സ്വത്വങ്ങൾ എന്നാൽ കേവലം ലൈംഗികാഭിമുഖ്യം എന്നതിനപ്പുറത്തേയ്ക്ക് ഓരോ മനുഷ്യനിലും അന്തർലീനമായിരിക്കുന്ന സ്വത്വമാണെന്ന് ആഴത്തിൽ തിരിച്ചറിയാൻ സാധിക്കും (ഉദാ: നുവോ ഒളിമ്പോ എന്ന ഇറ്റാലിയൻ സിനിമ). ഓരോ ക്വിയർ വ്യക്തിക്കും ഈ തിരിച്ചറിവ് ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിലുണ്ടാവാം, ഉണ്ടാവാതിരിക്കാം. ഉണ്ടായാൽ തന്നെ അത് അയാൾ സാമൂഹികഭീതി കാരണം സ്വീകരിക്കാതിരിക്കാം, അല്ലെങ്കിൽ വ്യക്തിവിപ്ലവമെന്നോണം ചുറ്റുമുള്ളവരോട് അവതരിപ്പിക്കാം. സ്വത്വസംബന്ധിയായ അവരവതരണമായിരിക്കാം ഓരോ ക്വിയർ വ്യക്തിക്കും ഏറ്റവും കഠിനമായ ജീവിതകടമ്പ എന്ന് മാത്യു നമ്മളെ ഓർമിപ്പിക്കുന്നു. നമ്മുടെ ഗാർഹിക -തൊഴിൽ ചുറ്റുപാടുകളിൽ  നമ്മുടെ ചങ്ങാതിക്കൂട്ടങ്ങളിലൊക്കെയും മാത്യുമാരുണ്ടാവാം. അവരെ നമ്മൾ അറിയുന്നില്ല എന്നതുകൊണ്ടുമാത്രം ഈ ഒരു സ്വത്വം നിലവിലില്ല എന്ന് കരുതാനാവില്ല. മറിച്ച്, ഭിന്നവർഗ ലൈംഗികതാ മാതൃകയിലേക്ക് തങ്ങളെ തന്നെ കുടിയിരുത്താൻ നിർബന്ധിതരായി മലയാളി സദാചാരബോധത്തിന്റെ ഇരകളായി അദൃശ്യരായി അവർ ജീവിക്കുന്നു എന്നുമാത്രം.

ഇറ്റാലിയൻ സിനിമയായ ‘നുവോ ഒളിമ്പോ

ഓമനയുടെ നെഞ്ചു ചേർന്ന് മാത്യു വിങ്ങിപ്പൊട്ടുന്ന ഒരു രംഗമുണ്ട്. ചങ്ക് തകർന്നല്ലാതെ ഒരു സ്വവർഗാനുരാഗിയായ വ്യക്തിക്ക് ആ രംഗം പേറാൻ കഴിയുമെന്നുതോന്നുന്നില്ല. താൻ കാരണം ഓമനയുടെ ജീവിതം ഗതിമാറിപ്പോവുമല്ലോ എന്ന വ്യഥയോ, തനിക്ക് താനായി ജീവിക്കാൻ നേരത്തെ സാധിച്ചില്ലല്ലോ എന്ന നഷ്ടബോധമോ ഒക്കെയൊരുമിച്ച് കണ്ണീർച്ചാൽപ്പൊട്ടിയൊലിപ്പിച്ച മാത്യുവിന്റെ കരച്ചിൽ രംഗം മമ്മൂക്കയുടെ നടനമികവിന്റെ ഏറ്റവുമൊടുവിലത്തെ തൂവലായി മാറുന്നു. തന്റെ സുഹൃത്തായ ബാലനെക്കുറിച്ചോർത്ത് നെടുവീർപ്പെടുന്ന അശോക് രാജിന്റെ കരച്ചിൽ (കഥ പറയുമ്പോൾ, 2007), ഡിസേബ്ൾഡ് ആയിട്ടുള്ള തന്റെ മകളെകുറിച്ചോർത്തു വാതിൽപുറകിൽ നിന്നും കരയുന്ന അമുദവന്റെ കരച്ചിൽ (പേരമ്പ്‌, 2018) - ഈ രംഗങ്ങളുടെ കണ്ണീരൊഴുക്കിലേക്ക് കാതലിലെ മാത്യുവും വികാരതീവ്രതയോടെ ചേരുന്നു. ഓമന തികച്ചും ആത്മാർഥതയോടെ കരുതലോടെ മാത്യുവിനെ നെഞ്ചോരം ചേർക്കുമ്പോൾ, അത്തരമൊരു ചേർത്തുപിടിക്കലാണ് തങ്ങളുടെ പ്രിയപ്പെട്ടവരിൽ നിന്നും ഒരു ക്വിയർ വ്യക്തിയും ആഗ്രഹിക്കുന്നതും അർഹിക്കുന്നതും. കരച്ചിൽ 'ആൺ' എന്ന മനുഷ്യസ്വത്വത്തിന് ഒരു കുറവ് വരുത്തുന്നില്ല എന്നും മാത്യു നമ്മെ പഠിപ്പിക്കുന്നു. പ്രച്ഛന്നജീവിതങ്ങൾ നയിക്കുന്ന അനേകം പേർക്ക് മാത്യു ഒരു പ്രചോദനമാവട്ടെ, അവരുടെ ഓമനമാർക്കും.

മാത്യു തിരഞ്ഞെടുപ്പ് പ്രചാരണലേഖ തങ്കന് കൊടുക്കുന്ന ഒരു രംഗമുണ്ട്. അത്രമേൽ പ്രിയപ്പെട്ടവനായിട്ട് കൂടി അയാളെ വിരലുകൾ കൊണ്ട് പോലും തൊടാനാവാതെ നിസ്സഹായാനായി പോവുന്നുണ്ട് മാത്യു. ഇവിടെ മമ്മൂട്ടിയുടെ വിരലുകൾ ആണ് അഭിനയിക്കുന്നതെന്ന് തോന്നിപ്പോവും. കിടപ്പറയിൽ ഓമനയുമായി ഒരൽപം അകലം പാലിച്ചു മാത്രം കിടന്നിരുന്ന മാത്യുവിനോട് ഒടുവിൽ ഓമന ഇന്നെന്നോടൊപ്പം കിടക്കാമോ എന്ന് ചോദിക്കുമ്പോൾ ചങ്കുപൊട്ടി മാത്യു കരയുന്നുണ്ട്. 'ദി ഫീൽ ഓഫ് ബിലോങ്ങിങ്നെസ്' -ഇന്റെ രണ്ടു ധ്രുവഭാവങ്ങൾ.  ഏതൊരു വ്യക്തിയും ഏതൊരു ബന്ധത്തിലും ആഗ്രഹിക്കുന്ന ഈ സെൻസ് ഓഫ് ബിലോങ്ങിങ്നെസ് ഓമനയ്ക്കായി നൽകാൻ തനിക്കാവുന്നില്ല എന്ന് കൂടി മാത്യു ഒടുവിൽ മനസ്സാൽ സമ്മതിക്കുന്നു. 

ഫിക്ഷൻ കഥകളിലും സിനിമകളിലും സ്ത്രീപ്രാതിനിധ്യം എത്രത്തോളമുണ്ടെന്നും അവ സ്ത്രീപക്ഷപരമായ അവതരണങ്ങളാണോ എന്നും പരിശോധിക്കാൻ സഹായകമാവുന്ന 'ബെക്ഡെൽ ടെസ്റ്റ്' എന്നൊരു പഠന സംവിധാനം നിലവിലുണ്ട്. ഏകദേശം ഇതേപോലെ തന്നെ, സിനിമകളിലെ ക്വിയർ കഥാപാത്ര അടയാളപ്പെടുത്തലുകൾ എത്ര കണ്ട് ക്വിയർപക്ഷം സാധൂകരിക്കുന്നതാണ് എന്ന് നിരൂപണരൂപേണ കണക്കാക്കുന്ന 'വിറ്റോ റൂസ്സോ ടെസ്റ്റ്' GLAAD (ഗെയ്‌സ് ആൻഡ് ലെസ്ബിയൻസ് എഗൈൻസ്റ്റ് ഡിഫമേഷൻ) എന്ന അമേരിക്കൻ ക്വിയർ സംഘടന രൂപീകരിച്ചിട്ടുണ്ട്.
താഴെ പറയുന്ന ഘടകങ്ങളാണ് പ്രധാനമായും ഒരു സിനിമ ക്വിയർപക്ഷം അവതരിപ്പിക്കുന്നതാണോ എന്ന് നിർണയിക്കാൻ വിറ്റോ റൂസ്സോ ടെസ്റ്റ് വഴിയായി പരിശോധിക്കുന്നത്.

തന്റെ സുഹൃത്തായ ബാലനെക്കുറിച്ചോർത്ത് നെടുവീർപ്പെടുന്ന അശോക് രാജിന്റെ കരച്ചിൽ, ഡിസേബ്ൾഡ് ആയിട്ടുള്ള തന്റെ മകളെകുറിച്ചോർത്തു വാതിൽപുറകിൽ നിന്നും കരയുന്ന അമുദവന്റെ കരച്ചിൽ - ഈ രംഗങ്ങളുടെ കണ്ണീരൊഴുക്കിലേക്ക് കാതലിലെ മാത്യുവും വികാരതീവ്രതയോടെ ചേരുന്നു.

1) ഒരു സിനിമയിലെ ഒരു കഥാപാത്രമെങ്കിലും ഗേ, ലെസ്ബിയൻ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ (ട്രാൻസ്- സ്ത്രീ, ട്രാൻസ് പുരുഷൻ) വ്യക്തി, ജെൻഡർ ക്വിയർ വ്യക്തി, നോൺബൈനറി വ്യക്തി, ഇന്റർസെക്സ് വ്യക്തി, എസെക്ഷ്വൽ വ്യക്തി തുടങ്ങിയവരിലേതെങ്കിലുമൊന്നാണോ?  

2) ഈ കഥാപാത്രത്തിന്റെ / കഥാപാത്രങ്ങളുടെ ക്വിയർ വശം (സെക്ഷ്വൽ ഓറിയന്റേഷൻ, ജെന്റർ ഐഡൻറിറ്റി മുതലായ) മാത്രമല്ലാതെ അവരുടെ വ്യക്തിത്വത്തിന്റെ ഭാഗമായ പ്രായം, മതം, വർഗം, വർണം, ദേശസവിശേഷത, ശരീരപ്രകൃതം, തൊഴിൽ തുടങ്ങിയയൊക്കെ കൂടി ആ കഥാപാത്രത്തിന്റെ പ്രത്യേകതകളായി അവതരിപ്പിച്ചിട്ടുണ്ടോ?

3) മേൽപറഞ്ഞ കഥാപാത്രം / കഥാപാത്രങ്ങളുടെ അസാന്നിദ്ധ്യം സിനിമയുടെ ഗതിയെ നിർണയിക്കുമോ?

ഈ കാര്യങ്ങൾ പരിഗണിക്കുമ്പോൾ, ആസ്വാദനയോഗ്യമായ ഒരു മലയാള സിനിമ എന്നതിനപ്പുറത്തേയ്ക്ക്, GLAAD നിർദേശിക്കുന്ന ക്വിയർ പ്രതിനിധാന മാനദണ്ഡങ്ങൾ മൂന്നും ചേർന്നുവരുന്ന അതീവ സാമൂഹികപ്രസക്തിയുള്ള  ഒരു മലയാളസിനിമ കൂടിയാവുന്നു കാതൽ. സിനിമയിൽ ക്വിയർ മനുഷ്യാവകാശപ്രവർത്തകനും ഗവേഷകനുമായ അനഘ് എന്ന വ്യക്തിയെ കാണിച്ചതും ഒരു തരത്തിലുള്ള ഹ്രസ്വ- ക്വിയർ പ്രതിനിധാനം തന്നെ.

നികേഷ്- സോനു ഗേ ദമ്പതികൾ

സിനിമയിൽ വളരെ പ്രിവിലേജ്ഡ് ആയിട്ടുള്ള കുടുംബപശ്ചാത്തലമാണ് മാത്യുവിനുള്ളത്. ആളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുത്തിരുന്ന ഒരപ്പൻ, വസ്തുവകകൾ എന്നിവ അയാളുടെ പ്രിവിലേജിനെ തെളിയിക്കുന്നുണ്ട്. ഇത്രയും പ്രിവിലേജുള്ള ഒരാളെ തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി ക്ഷണിക്കുന്ന പുരോഗമന പാർട്ടി പ്രവർത്തകരിരൊരാൾ, വ്യക്തിസ്വാതന്ത്ര്യത്തെയും സ്വത്വത്തെയും അംഗീകരിക്കുന്ന നിലപാടാണ് നമുക്കുള്ളത് എന്ന് പറയുന്നുണ്ട്. ഈ പരാമർശമൊന്നും കേരളത്തിലെ ആനുകാലിക രാഷ്ട്രീയ ചുറ്റുപാടിൽ ശരിയായി എനിക്ക് തോന്നിയില്ല.
ഉദാ: നികേഷ്- സോനു ഗേ ദമ്പതികൾ അവരുടെ ബന്ധം നിയമപരമായി രജിസ്റ്റർ ചെയ്തു (വിവാഹതുല്യതക്കുവേണ്ടി) കിട്ടാനുള്ള നിയമസാധ്യതയാരാഞ്ഞ് ഒരു ഹർജി കേരള ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു (2020-ൽ). അവർ മുഖ്യമന്ത്രിക്കും അന്നത്തെ സാമൂഹ്യനീതിവകുപ്പ് മന്ത്രിക്കും കത്തുകളും അയച്ചിരുന്നു. എന്നാൽ കേരള സ്‌റ്റേറ്റ് / നിലവിലെ ഭരണകക്ഷി അവരുടെ ആവശ്യത്തോട് പ്രതികരിച്ചിരുന്നില്ല. വിവാഹതുല്യതയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ, വാദശേഷം സുപ്രീം കോടതി കഴിഞ്ഞമാസം തള്ളിയപ്പോൾ അതു സംബന്ധിച്ച് നമ്മുടെ ജനപ്രതിനിധികൾ ആരും നിലപാട് അറിയിച്ചതുമില്ല. മാത്രമല്ല, നമ്മുടെ നാടിന്റെ പ്രധാന സമ്പാദ്യങ്ങളായ യുവാക്കൾ അവരുടെ ജീവിതത്തിലെ പ്രധാന സമയം ചെലവിടുന്ന കലാലയങ്ങളിൽ (നിലവിലെ ഭരണകക്ഷിയുടെ വിദ്യാർത്ഥി ഘടകങ്ങൾ നേതൃത്വം കൊടുക്കുന്ന സംഘടനകൾ സജീവമായുള്ള കലാലയങ്ങളിൽ / വളരെ ചുരുക്കം ചില ഇടങ്ങൾ ഒഴിച്ചുനിർത്തിയാൽ) പോലും സ്വവർഗാനുരാഗികളായ ചെറുപ്പക്കാർക്ക് അവരുടെ സ്വത്വം അവതരിപ്പിക്കാനാവാതെ തീർത്തും ഭീതിയിലാണ് ജീവിക്കുന്നത്. എന്തായാലും കഥയവസാനിക്കുന്നത് സ്വവർഗാനുരാഗിയായ മാത്യു തിരഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ പോസ്റ്റർ അവതരിപ്പിച്ചുകൊണ്ടാണ്. സ്വവർഗാനുരാഗികളായ മനുഷ്യരെ ചേർത്തുപിടിച്ച ചരിത്രമൊന്നും കേരളത്തിൽ നിലവിൽ ഒരു രാഷ്‌ട്രീയപാർട്ടിക്കും അവകാശപ്പെടാനാവില്ല എന്ന് പറയേണ്ടിയിരിക്കുന്നു. 

മമ്മുക്ക എന്ന മഹാനടൻ ചെയ്തതുകൊണ്ടുമാത്രം ഈ സിനിമ മുന്നോട്ട് വെക്കുന്ന സാമൂഹിക വിഷയം മലയാളികൾ എത്രമാത്രം വികാരതീവ്രതയോടെയാണ് സ്വീകരിക്കുന്നത് എന്ന് പ്രതികരണങ്ങൾ തെളിയിക്കുന്നു.

മാത്യു സ്വവർഗാനുരാഗിയെന്നറിയുന്ന ബന്ധുമിത്രാദികൾ  തുടക്കത്തിൽ സംശയ-സന്ദേഹത്തോടെയാണ് വിഷയത്തെ സമീപിച്ചതെങ്കിലും ഒടുക്കം അയാളുടെ സ്വത്വം ഉൾക്കൊണ്ടുകൊണ്ടുതന്നെ അയാളെ സ്വീകരിക്കുന്നുണ്ട്. ആനുകാലിക കേരളത്തിൽ ഒരു സ്ത്രീയെ വിവാഹം കഴിക്കേണ്ടിവന്ന നിലവിൽ നാല്പത്തഞ്ചോ അമ്പതോ വയസ്സുളള പുരുഷ സ്വവർഗാനുരാഗിയെ സംബന്ധിച്ച് തികച്ചും അസംഭവ്യമെന്ന് തോന്നാവുന്ന ഒരു സ്ഥിതി. എന്നാൽ ഈ സ്ഥിതി അയാൾ അർഹിക്കുന്നു എന്നുതന്നെ നമ്മൾ മനസിലാക്കുന്നു സിനിമയിൽക്കൂടി. തന്റെ കാരണം കൊണ്ട് വിവാഹമോചനം നേടിയ ഓമനയ്‌ക്കൊപ്പം അവൾക്ക് പുതിയൊരു ആലോചന വരുമ്പോൾ മാത്യു തുണക്കുന്നുണ്ട്. മാത്യുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഓമനയും കൂടുന്നു. വിവാഹമോചനം ചിലർക്കെങ്കിലും സാന്ത്വനവും സന്തോഷവും നൽകുന്നു എന്ന് മനസ്സിലാക്കിത്തരുന്ന രംഗങ്ങൾ. മറുവശത്ത്, സിനിമയിൽ ഒരിടത്തുപോലും മാത്യുവും തങ്കനും നേരിൽ സംസാരിക്കുന്നില്ല എങ്കിൽ കൂടി അവർ എത്രയോ വർഷങ്ങളായി ആത്മബന്ധത്തിലാണെന്ന് നമുക്ക് മനസ്സിലാവുന്നുണ്ട്.

സിനിമയിൽ ക്വിയർ മനുഷ്യാവകാശപ്രവർത്തകനും ഗവേഷകനുമായ അനഘ് എന്ന വ്യക്തിയെ കാണിച്ചതും ഒരു തരത്തിലുള്ള ഹ്രസ്വ- ക്വിയർ പ്രതിനിധാനം തന്നെ.

സിനിമയിൽ ആവർത്തിച്ചുകാണിക്കുന്ന ഒരു ഗാർഹിക ഘടകമാണ് വാതിൽ. ഓരോ തവണയും വാതിലിനരികെനിന്ന് ഓമനയോട് മിണ്ടാനാവാതെ നിൽക്കുന്ന മാത്യു, തന്റെ സ്വത്വം ഉൾക്കൊണ്ടശേഷം മുൻവാതിലിനു പുറത്തുനിന്ന് തന്റെ സ്ഥാനാർത്ഥിത്വത്തിന്റെ പ്രചരണാർത്ഥം സംസാരിക്കുന്നുണ്ട്. തുറന്നുപറച്ചിൽ / ആത്മപ്രകാശനം എന്നൊക്കെ ഗേ / ക്വിയർ മനുഷ്യർ സംസാരിക്കുന്ന 'കമിങ് ഔട്ട്' വാതിൽ എന്ന രൂപകം വഴിയായി അങ്ങനെ അവതരിപ്പിച്ചിരിക്കുന്നു. സിനിമയിലെ 'നീറും മുൾപ്പടർപ്പായെൻ മനം' എന്ന ഗാനവരികൾ കഥയുടെ കാതലിനോട് ചേർന്നുതന്നെ നിൽക്കുന്നുമുണ്ട്. മമ്മുക്ക എന്ന മഹാനടൻ ചെയ്തതുകൊണ്ടുമാത്രം ഈ സിനിമ മുന്നോട്ട് വെക്കുന്ന സാമൂഹിക വിഷയം മലയാളികൾ എത്രമാത്രം വികാരതീവ്രതയോടെയാണ് സ്വീകരിക്കുന്നത് എന്ന് സിനിമയുടെ ആദ്യ പ്രദർശനത്തിനുശേഷം വന്നുകൊണ്ടിരിക്കുന്ന യൂട്യൂബ് പ്രതികരണങ്ങൾ തെളിയിക്കുന്നു.

ഒരു പറ്റം നർത്തകർ 'ലവ് യുവർ സെൽഫ്' എന്ന കാർഡ് പിടിച്ചു നൃത്തം ചെയ്യുന്ന ഒരു രംഗമുണ്ട് സിനിമയിൽ. ഈ ജ്ഞാനം എത്രപേർക്ക് പ്രവർത്തികമാവും എന്ന് നമുക്കലോചിക്കേണ്ടതുമുണ്ട്. കാലത്തിന് മുന്നേ സഞ്ചരിക്കാൻ സാധിച്ചില്ലെങ്കിലും കാലത്തിനൊത്ത് വന്ന ഒരു സിനിമയാവുന്നു കാതൽ. മാനവവൈവിധ്യത്തെക്കുറിച്ച് എവിടെയൊക്കെ പരാമർശമുണ്ടോ അവിടെയൊക്കെ വൈവിധ്യത്തെക്കുറിക്കുന്ന ഘടകങ്ങൾക്കൊപ്പം ലൈംഗികചായ്‌വും ജന്റർ ഐഡന്റിറ്റിയും നിശ്ചയമായും വരേണ്ട സ്വത്വപരാമർശങ്ങളായി പരിണമിച്ചുകൊണ്ടേയിരിക്കുമ്പോൾ മതന്യൂനപക്ഷങ്ങൾക്ക് സ്വവർഗ ലൈംഗികത എന്ന വിഷയത്തോടുള്ള തിരസ്കരണം കാരണം ചില മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ കാതൽ സിനിമക്ക് പ്രദർശനാനുമതി നിരസിച്ചത് സ്വവർഗാനുരാഗത്തോട് അബ്രഹാമിക് മതങ്ങൾ ഇപ്പോഴും പുലർത്തുന്ന നിന്ദയുടെ ഒരുദാഹരണം മാത്രം.

ജിയോ ബേബിയുടെ നിർമാണ കമ്പനി നിർമിച്ച 'കാതൽ എൻപത് പൊതൂടമെയ്' എന്ന തമിഴ് സിനിമ ഇത്തവണത്തെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്.

രൂക്ഷ ആണത്തത്തിന്റെ വിതാനങ്ങളൊന്നുമില്ലാതെ, പല തലമുറകളിൽപെട്ടവർക്ക് പരിചിതനായ മമ്മൂക്ക മാത്യുവായി രംഗത്തെത്തുമ്പോൾ ഇങ്ങനെയും ആണുങ്ങളുണ്ടാകാം എന്ന ലളിതസത്യം കൂടുതൽ പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിച്ചാൽ, അത് തന്നെയാണ് കാതലിന്റെ വിജയം. ഒപ്പം, നമ്മൾ മലയാളികളുടെ തൊട്ടടുത്തിരിക്കുന്ന ആരും ഇങ്ങനെയുള്ള ഒരാളാവാം എന്ന തിരിച്ചറിവും.

കഥാപാത്രങ്ങൾ മുന്നോട്ട് വെയ്ക്കുന്ന മാനസികാരോഗ്യപരമായ ഒരു കാര്യം കൂടിയുണ്ട്. അവരോരോത്തരും അനുഭവിച്ചു വന്നിരുന്ന ഉൾസംഘർഷങ്ങൾക്കുമപ്പുറം അവർ അർഹിക്കുന്ന സമാധാനവും സന്തോഷവും. തന്റെ മകനെ അംഗീകരിക്കുന്ന മാത്യുവിന്റെ അപ്പൻ,  കഥാവസാനം മാത്യുവിനെ കാത്ത് കാറിലിരിക്കുന്ന   മാത്യുവിന്റെ അനുരാഗപങ്കാളിയായ തങ്കൻ, അമ്മയുമായുള്ള പിണക്കം മാറി അമ്മയോടൊപ്പം വീട്ടിലേക്ക് പോവുന്ന കൗമാരക്കാരനായ കുട്ടായി, വിവാഹമോചനശേഷം പുതിയൊരു പങ്കാളിയെ പരിചയപ്പെടാൻ ഒരു കഫേയിൽ വന്നിരിക്കുന്ന ഓമന,  പിന്നെ നമ്മടെ മാത്യുവും; ഇവരൊക്കെയും നമ്മളും സന്തോഷം അർഹിക്കുന്നവരാണെന്ന് നമ്മളെ ഓർമ്മപ്പെടുത്തുന്നു.

ജിയോ ബേബിയുടെ നിർമാണ കമ്പനി നിർമിച്ച 'കാതൽ എൻപത് പൊതൂടമെയ്' (സംവിധാനം- ജയപ്രകാശ് രാധാകൃഷ്‌ണൻ) എന്ന തമിഴ് സിനിമ ഇത്തവണത്തെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഒരു ലെസ്ബിയൻ പെൺകുട്ടിയുടെ വീട്ടിൽ, അവളുടെ സ്വത്വത്തെ അവളവതരിപ്പിക്കുമ്പോഴുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഈ സിനിമയും മലയാളത്തിൽ നിന്നുള്ള കാതലും ഒരുമിച്ചെത്തുമ്പോൾ ദക്ഷിണേന്ത്യയിൽ നിന്നുള്ള ശക്തമായ ക്വിയർ അവതരണങ്ങളായി ഈ ചിത്രങ്ങൾ മാറും. മനുഷ്യരുടെ ജീവിതപ്രത്യേകതകളിൽ നിന്ന് പ്രേരിതമായ സന്ദർഭങ്ങൾ കഥകളായും, നാടകങ്ങളായും, സിനിമകളായും സൃഷ്ടിക്കപ്പെട്ടുവരുന്ന മലയാളി സമൂഹത്തിൽ തുടർന്നും സ്വവർഗാനുരാഗികളായ മനുഷ്യരെക്കുറിച്ചും, LGBTIQ വ്യക്തികളെക്കുറിച്ചും കൂടുതൽ വിഷയാനുകൂല- അവതരണങ്ങൾ ഉണ്ടാവട്ടെ എന്ന് സിനിമയുടെ ആദ്യ ദിന-ആദ്യ പ്രദർശനം കണ്ടിട്ട് നിർത്താതെ കരഞ്ഞ ഞാൻ പ്രതീക്ഷിക്കുന്നു. 

അവലംബം:

1) 'രണ്ടു പുരുഷന്മാർ ചുംബിക്കുമ്പോൾ'- കിഷോർ കുമാർ, ഡി സി ബുക്സ്, 2017.
2) 'പുല്ലിംഗത്തിന്റെ നോട്ടങ്ങൾ- ചലച്ചിത്രം, സ്ത്രീ, ആഗോളീകരണം' - യാക്കോബ് തോമസ്, വിദ്യാർത്ഥി പുബ്ലിക്കേഷൻസ്, 2011. 
3 'ഹോമോഫോബിയ- എ ഹിസ്റ്ററി': ബൈൻ ഫോൺ , USA- 2000. 
4) 'ഹോമോഫോബിയ- എ വെപ്പണ് ഓഫ് സെക്സിസം'- സുസൈൻ ഫാർ, കാർഡാൻ പ്രസ് USA- 1988.
5) 'വിറ്റോ റൂസ്സോ ടെസ്‌റ്റ്'- https://glaad.org/sri/2014/vitorusso/
6) 'ഐ.പി.സി 377 ഭേദഗതി സംബന്ധിച്ച സുപ്രീം കോടതി വിധി'- 06 സെപ്റ്റംബർ 2018 https://main.sci.gov.in/supremecourt/2016/14961/14961_2016_Judgement_06-Sep-2018.pdf
7) https://en.wikipedia.org/wiki/The_Dickson_Experimental_Sound_Film
8) 'മിഥ്യകൾക്കപ്പുറം സ്വവർഗലൈംഗികത കേരളത്തിൽ'-രേഷ്മ ഭരദ്വാജ്, ഡി സി ബുക്ക്സ് 2004.
9) https://commons.wikimedia.org/wiki/File:Wiki_Loves_Pride,_Kochi.png

11)https://timesofindia.indiatimes.com/city/kochi/we-are-sure-court-will-protect-our-rights-nikesh-usha-pushkaran-and-sonu-ms-gay-couple/articleshow/81231251.cms


ജിജോ കുര്യാക്കോസ്

ചിത്രകാരൻ, ഫോട്ടോഗ്രാഫർ. ഒരു ദശകത്തിലേറെയായി സ്വവർഗാനുരാഗവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ- ഇടപെടലുകൾ നടത്തിവരുന്നു. സ്വവർഗാനുരാഗവുമായി ബന്ധപ്പെട്ട്, സിനിമ- സാഹിത്യ- കലാചരിത്ര വിഷയങ്ങളിൽ ലേഖനങ്ങൾ, കഥകൾ, ഡോക്യൂമെന്ററികൾ എന്നിവ ചെയ്തുവരുന്നു.

Comments