അതേ കഠിനകഠോര ജീവിതം തന്നെയായിരുന്നു, എന്റേതും…

ഠിനകഠോരമീ അണ്ഡകടാഹം എന്ന സിനിമയെ ഒരു പ്രവാസി സ്വന്തം അനുഭവങ്ങളുമായി ചേർത്തുപിടിച്ച്​ കാണുന്നു.

ഠിനകഠോരമീ അണ്ഡകടാഹം എന്ന സിനിമ കണ്ടപ്പോൾ ഒരു പാട് കരഞ്ഞു. മക്കൾ ഉറങ്ങിയശേഷം വീണ്ടും ഒന്ന് കൂടി  ഫോണിൽ കാണാൻ ശ്രമിച്ചു. വീണ്ടും കണ്ണ് നിറഞ്ഞു. ആ കണ്ണീർ നനച്ചിട്ടാണോ എന്നറിയില്ല മോന്റെ കൈകൾ എന്റെ കണ്ണ് തുടച്ചു, എന്നെ നോക്കി ചിരിച്ചു. അവന്റെ കുഞ്ഞുകൈകൾ എന്റെ കഴുത്തിലൂടെയിട്ട്​ ചേർത്തുപിടിച്ചു, പിന്നെ ഒന്ന് ഉമ്മ വെച്ചു.

എന്റെ വാപ്പ, സമപ്രായക്കാരായ പലരുടെയും വാപ്പമാരെ പോലെ ഗൾഫ് പ്രവാസിയായിരുന്നില്ല. അതുകൊണ്ടുതന്നെ പഴയ മദ്രാസിലും ബോംബെയിലും ഒക്കെയായിരുന്ന വാപ്പ രണ്ടുമൂന്നു മാസം കൂടുമ്പോൾ നാട്ടിൽ വരും. അതുകൊണ്ട്​ പ്രവാസം ഒരു പ്രയാസമായി തോന്നിയിരുന്നില്ല, അഥവാ മനസിലായിരുന്നില്ല. മലപ്പുറത്തെ മിക്കവാറും എല്ലാ കുടുംബങ്ങളിലും ഉള്ളതുപോലെ ഗൾഫിൽ എന്റെ അടുത്ത കുടുംബത്തിൽ ആദ്യ കാലത്ത് അധികമാരുമുണ്ടായിരുന്നില്ല, രണ്ട്​ മാമന്മാരൊഴിച്ച്. വാപ്പയുടെ ഒരു ജ്യേഷ്​ഠൻ കുവൈറ്റിലുണ്ടായിരുന്നെങ്കിലും മൂപ്പരും, ഞാനൊക്കെ ചെറുതായപ്പോൾ തന്നെ നാട്ടിൽ മടങ്ങിവന്നിരുന്നു. ഇടക്ക് വീണ്ടും പോയെങ്കിലും പിന്നീട്​ മടങ്ങി.

ബേസിൽ ജോസഫ്​
ബേസിൽ ജോസഫ്​

ഒരു പാട് വർഷങ്ങൾക്കുമുൻപ് വല്ല്യപ്പ തുടങ്ങിയ, വലിമ്മയുടെ നിയന്ത്രണത്തിൽ കാലങ്ങളായി നടത്തിയിരുന്ന  കച്ചവടങ്ങൾ വലിയ മെച്ചമില്ലാതായി തുടങ്ങിയതിൽ പിന്നെ രണ്ടാം തലമുറയിൽ പെട്ട കസിൻസ് ഓരോരുത്തരായി 90-കളുടെ  അവസാനത്തിലും  2000- ത്തിന്റെ ആദ്യത്തിലും  പ്രവാസിക്കുപ്പായമിട്ടു തുടങ്ങി. അങ്ങനെ 2008- ൽ ഡിഗ്രി കഴിഞ്ഞപ്പോൾ ഞാനും പാസ്പോർട്ട്‌ എടുത്തു. അവിടെന്ന് 2013- വരെ ജീവിതത്തിൽ പലപ്പോഴും പല തരത്തിലും പല സാഹചര്യത്തിലും നാട്ടിൽ പിടിച്ചുനിൽക്കാൻ നോക്കിയെങ്കിലും ഒരു രക്ഷയുമുണ്ടായിരുന്നില്ല. അവസാനം 2013 സെപ്റ്റംബറിൽ ഗൾഫിലേക്ക്.

കുടുംബബന്ധങ്ങളും പരിചയവും ഉപയോഗപ്പെടുത്തിയായിരുന്നു ആ യാത്ര. ആ യാത്ര പുറപ്പെടുന്നതുവരെ, സിനിമയിലെ ബച്ചുവിൽ (ബേസിൽ ജോസഫ്​) ഞാൻ  കണ്ടത് എന്നെത്തന്നെയാണ്. കാരണം, അതിൽ രാഷ്ട്രീയവും പ്രണയവും വിരഹവും അനുഭവിച്ച്​, നാട്ടിലെ പൊതുവിഷയങ്ങളിലിടപെട്ട്​, എങ്ങനെയെങ്കിലും നാട്ടിൽ തന്നെ നിൽക്കാൻ ശ്രമിച്ച ഞാനും ഉണ്ടായിരുന്നു. ജീവിതത്തോട്  മല്ലിക്കെട്ടി അവസാനം തോറ്റുപോവുമെന്ന് തോന്നിയപ്പോൾ  പ്രവാസിയുടെ കുപ്പായം എടുത്തിട്ടു.

അപ്പോഴും മലബാറിൽ നിന്ന് വിമാനം കേറുന്ന 99% ആളുകളെയും പോലെ രണ്ടു വർഷത്തേക്ക് കേറിയതായിരുന്നു. അപ്പോൾ ഞാൻ കണ്ടത് ഫോണിലെ ശബ്ദം മാത്രമായി മാറിയ കമറുവിനെയായിരുന്നു. യു.എ.ഇയിലെ അബുദാബിയിലായിരുന്നു ജോലി. താമസം കമ്പനി വക താമസസ്ഥലത്തും. അവിടെ എത്തിയ കാലത്ത് ആകാശത്ത് ഓരോ വിമാനങ്ങളും കണ്ട് വേദനയോടെയും ആധിയോടെയും ഓർത്തിട്ടുണ്ട്, ഇനിയൊരു മടക്കമുണ്ടാവില്ലേ എന്ന്. റൂമിലും ജോലിസ്ഥലത്തും അല്ലാതെയും പരിചയപ്പെട്ടവർക്കൊക്കെയും ഓരോ കഥകളുണ്ടായിരുന്നു. അവരൊക്കെ ഓരോ കഥകൾ തന്നെയായിരുന്നു. അവരിൽ മിക്കവാറും ആളുകളും ഓരോ കമറുവോ അല്ലെങ്കിൽ, ബച്ചുവിന്റെ ഗൾഫ് വേർഷനോ തന്നെയായിരുന്നു. രണ്ടു വർഷത്തേക്ക് വന്ന ഞാൻ ആദ്യമായി ഒന്ന് നാട്ടിൽ പോയത് മൂന്നു വർഷം കഴിഞ്ഞാണ്. ഒന്നര വർഷം കഴിഞ്ഞയുടൻ പോകാനെടുത്ത ടിക്കറ്റ് പലതവണ  മാറ്റിയും പുതുക്കിയും എടുക്കേണ്ടിവന്നു.  അങ്ങനെ ഞാനും, ഒരേസമയം കമറുവും ബച്ചുവുമായി ജീവിതം മുൻപോട്ട് പോയി.

സിനിമയിൽ ഒരുപാട് ഘട്ടത്തിൽ  ബച്ചു വാപ്പയോട് പറയുന്നുണ്ട്, ‘‘വേണ്ട സമയത്തൊന്നും  എനിക്ക് വാപ്പാനെ കിട്ടിയിട്ടില്ല, ഒരു തോറ്റ പ്രവാസിയാവാൻ പറ്റില്ല’’ എന്ന്​. അത്‌ കേൾക്കേണ്ടിവരുന്നത്  വല്ലാത്തൊരു എടങ്ങാറാണ്. പക്ഷേ മറ്റെല്ലാ മുൻ തലമുറ പ്രവാസികളെയും പോലെ കമറുവും ഇതൊക്കെ എന്നും എപ്പോഴും മനസിലിട്ട് ഉരുക്കിയിട്ടുണ്ടാവും. ആ വാക്കുകൾ ബച്ചുവിൽ നിന്ന് കേട്ടപ്പോൾ ചങ്ക് പൊട്ടിയിട്ടുണ്ടാവും. ആ പതർച്ചയുടെ ഒരു അംശം മാത്രമാണ് നമ്മൾ  കേട്ട ‘എന്നാ ഇജ്ജ് വെച്ചോ, നാട്ടിൽ വന്നിട്ട് സംസാരിക്കാം’ എന്ന മറുപടി. കാരണം പ്രവാസികളെക്കാൾ നല്ല നടന്മാർ കുടുംബത്തിൽ വേറെ കാണില്ല.

പലതരം പരീക്ഷണങ്ങൾ, മറന്നതുപോലെ നടിച്ച പ്രിയപ്പെട്ടവരുടെ കല്യാണങ്ങൾ, സ്വന്തക്കാരുടെയും അതിലേറെ പ്രിയപ്പെട്ടവരുടെയും മരണങ്ങൾ. അതിലേറെ ഓരോ തവണയും സ്വന്തം വീട്ടിലേക്കും നാട്ടിലേക്കും വിരുന്നുകാരനെ പോലെയുള്ള വരവുകൾ. ജീവിത്തിൽ തുടർച്ചയായി പരീക്ഷണങ്ങളും പ്രശ്നങ്ങളും തുടർന്നു കൊണ്ടിരുന്നു. പതുക്കെ ഗൾഫിലെ, വിശിഷ്യ അബുദാബിയിലെ ചില കൂട്ടായ്മകളുടെ ഭാഗമായി, ഒരുപാട് സൗഹൃദങ്ങളുമായി. നാട്ടിലെ വേരിൽ നിന്ന് അറ്റുപോകുന്നവർ കണ്ടെത്തുന്ന പുതിയ വേരുകൾ, അഥവാ അതിജീവനത്തിന്റെ പുതുവഴികൾ.

 2020 ജനുവരി അവസാന വാരം ദുബായിൽ വെച്ച് ഗൾഫ് മേഖലയിൽ നടക്കുന്ന ഏറ്റവും വലിയ എക്സിബിഷനായ അറബ്​ ഹെൽത്ത്​ വേദിയിൽ വെച്ചാണ് യു.എ.ഇയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചതറിയുന്നത്​. ആദ്യമൊക്കെ സോഷ്യൽ ഡിസ്റ്റൻസിങ് പാലിച്ച്​ ഓഫീസിൽ തന്നെയിരുന്ന് ജോലി ചെയ്​തു. ഏപ്രിൽ പാതിയിലോ അവസാനമോ ഭാര്യയുടെ പ്രസവം  പ്രതീക്ഷിച്ചിരുന്നതുകൊണ്ട്​ നാട്ടിലേക്ക് പോവാൻ ടിക്കറ്റ് നോക്കിക്കൊണ്ടിരുന്നു.

പക്ഷേ, മാർച്ചിൽ യു.എ.ഇയിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട്‌ ചെയ്തു. ജോലി ചെയ്യുന്നത് ആരോഗ്യമേഖലയിലായിരുന്നതിനാൽ ഓരോരുത്തർ രോഗികളാവുന്നത് നേരിൽ കണ്ടു. പിന്നീട് കണ്ടത് തുടർച്ചയായി ഓരോരുത്തരെ കോവിഡ് കീഴ്പ്പെടുത്തുന്നതാണ്. തുടർന്ന്, work from home ദിവസങ്ങളായിരുന്നു എങ്ങനെ നാട്ടിലെത്തുമെന്ന ആധിയും കൂടി. ഇന്ത്യ സർക്കാർ ഫ്ലൈറ്റുകൾ നിർത്തി. ഒറ്റ യുദ്ധം പോലുമില്ലെങ്കിലും ഏറ്റവും വലിയ പോരാട്ടത്തിന്, മാനവരാശിയുടെ നിലനിൽപ്പിന്​ രാജ്യങ്ങളെല്ലാം അതിർത്തികളടച്ചു. അപ്പോഴേക്കും, ഭാര്യയുടെ പ്രസവസമയത്ത് നാട്ടിലെത്താം എന്ന പ്രതീക്ഷ നഷ്​ടമായിരുന്നു. അങ്ങനെ ഏപ്രിലിൽ 22- ന് വൈകുന്നേരം പ്രസവം കഴിഞ്ഞു. കുഞ്ഞും അമ്മയും അവളുടെ വീടിനടുത്തുള്ള ആശുപത്രിയിൽ.  അവിടെ നിന്ന് കൃത്യം മൂന്നാം ദിവസം, വർക്ക്​ ഫ്രം ഹോമിന്റെ ഇടക്ക് കടുത്ത തലവേദന. ഇടക്ക് വരാറുള്ള മൈഗ്രൻ ആണോ എന്ന് സംശയിച്ചെങ്കിലും ഉറങ്ങി എണീറ്റിട്ടും കുറയാത്തതുകാരണം ആശുപത്രിയിൽ പോയി. അടുത്ത ദിവസം കോവിഡ് ടെസ്റ്റ്‌ ചെയ്തു. റിസൾട്ട്‌ പോസിറ്റീവ്. ടാബ്ലൂവിന്റെയും ലോകാരോഗ്യസംഘടനയുടെയും ഡാറ്റകളിൽ മരണനിരക്ക് ഭയാനകമായി കൂടിവരുന്നത് കണ്ട് പകച്ചുനിൽക്കുന്ന സമയം.

സീരിയസ് ആയില്ലെങ്കിലും പത്ത് ദിവസത്തോളം ആശുപത്രിയിൽ. ചുമയും നടുവേദനയും കുറഞ്ഞില്ലെങ്കിലും ആ വർഷത്തെ റമദാനിന്റെ അവസാന നാളുകളിൽ നെഗറ്റീവായി, ഡിസ്ചാർജായി. ലക്ഷണങ്ങളിൽ വലിയ വ്യത്യാസം കാണാത്തതുകൊണ്ട് വീണ്ടും ടെസ്റ്റ്‌. അതുവരെ, ഒപ്പമുള്ളവരോടും അറിയുന്നവരോടുമെക്കെ സേഫ് ആയി ഇരിക്കാൻ പറഞ്ഞ ഞാൻ 10 ദിവസങ്ങൾക്കിപ്പുറം വീണ്ടും പോസിറ്റീവ് എന്നറിഞ്ഞ്​ ആകെ തകർന്നു.

തിരക്കഥാകൃത്ത് ഹര്‍ഷദ്, ബേസില്‍, സംവിധായകന്‍ മുഹസിന്‍
തിരക്കഥാകൃത്ത് ഹര്‍ഷദ്, ബേസില്‍, സംവിധായകന്‍ മുഹസിന്‍

എന്നാൽ അത്​ പുറത്ത് കാണിച്ചില്ല. കാരണം, ഒരു പ്രവാസിയുടെ മുഖം വാടുമ്പോൾ കൂടെ വാടുന്നത്​ നാട്ടിൽ അവരെ കാത്തിരിക്കുന്ന ഉറ്റവരുടേതു കൂടിയാണല്ലോ. ചിരിച്ചും പറഞ്ഞും വീണ്ടും ഹോസ്പിറ്റലിൽ. പക്ഷേ, എക്​സ്​റേയിൽ സംശയം തോന്നി സി.ടി സ്​കാനും മറ്റു ടെസ്റ്റുകളും ചെയ്തപ്പോൾ ന്യുമോണിയ സ്ഥിരീകരിച്ചു. അതുവരെ കിടന്ന ആശുപത്രിയിൽ നിന്ന്​ മറ്റൊരിടത്തേക്ക് മാറ്റി. പൂർണമായ ഐ​സോലേഷൻ. ഒറ്റക്കൊരു മുറി. വായിക്കാൻ കൈയിലെടുത്ത രണ്ടു മൂന്നു പുസ്​തകങ്ങൾ മാത്രം കൂട്ട്​. ഡോക്ടർ വരുന്നത് വാതിൽ വരേ മാത്രം. രണ്ടുമൂന്നാഴ്​ച അവിടെ തന്നെ. കടുത്ത ഏകാന്തതയിൽ ഒരു ഫോണിനപ്പുറം കൂട്ടിരുന്ന, കേട്ടിരുന്ന ഒരുപാട് ആളുകൾ. വിവരങ്ങൾ അന്വേഷിക്കുന്നവർ. അവർക്കും ദൈവത്തിനും നന്ദി! വീണുപോവാതെ ചേർത്തുനിർത്തിയതിന്. തകർന്നുപോവാതെ പിടിച്ചുനിൽക്കാൻ സഹായിച്ചതിന്.

സിനിമയ്ക്കുശേഷവും ഹൃദയം തുടിക്കുന്ന ഒരു കൂട്ടം പാട്ടുകൾ. മുഹ്സിൻ പരാരി എഴുതി ജഹാൻ പാടിയ പ്രേമക്കത്ത് പാട്ടിലെ വരികൾ. എസ്​.എ. ജമീൽ എഴുതിയ കത്തുപാട്ടിനുശേഷം മറ്റൊരു കത്തുപാട്ടിലൂടെയുള്ള വേദനയുടെ അടയാളപ്പെടുത്തൽ തന്നെയായിരുന്നു. 

ആശുപത്രിയിൽ കിടക്കുമ്പോഴാണ്, പ്രസവിച്ചു ദിവസങ്ങൾ പ്രായമുള്ള മകനെക്കുറിച്ചോർത്തത്. ഒപ്പം, എന്റെ വാപ്പ ജനിച്ച്​ നാലു മാസം തികയുന്നതിനു മുൻപേ കടന്നുപോയ വലിയുപ്പയെ ഓർത്തു. എവിടെ വെച്ച് മരിച്ചാലും അവിടെ മയ്യത്ത് മറവുചെയ്യണം എന്ന് വസിയ്യത്തോടെ മദ്രാസിൽ വച്ചു മരിച്ച വലിയുപ്പയെ കുറിച്ച്. മയ്യത്ത് പോലും കാണാതെ ആ മരണവുമായി പൊരുത്തപ്പെടേണ്ടി വന്ന വലിയുമ്മയെ കുറിച്ച്. ഹൈസ്​കൂളിലോ മറ്റോ ചേർന്ന് പഠിച്ചുതുടയിട്ടുണ്ടായിരുന്ന മൂത്ത മകളെയും നാലു മാസം പ്രായമുള്ള ഏറ്റവും ചെറിയ മകനായ എന്റെ വാപ്പയും അടക്കം ആറു മക്കളെ ചേർത്തുപിടിച്ച്​ ജീവിതത്തോട് പടപൊരുതിയ വലിയുമ്മയെ ഓർത്തു.

അല്ലെങ്കിലും, ജീവിതയാത്രയിൽ നിന്ന്​ വിട്ടുപിരിഞ്ഞവരെല്ലാവരും ജീവിച്ചു മതിയായിട്ടല്ലല്ലോ ഇറങ്ങിപ്പോകുന്നത്​. ഭൂമിയിൽ ബാക്കിയായവർക്കായി, മുറിപ്പെട്ട ഒരുപാട് ഹൃദയങ്ങൾക്കുവേണ്ടി, പരസ്പരം മുറിവുണക്കാനുള്ള ചെറിയ കെട്ടിപ്പിടുത്തങ്ങൾ കൊണ്ടുള്ള വലിയ ചേർത്തുപിടിക്കലുകളുണ്ടല്ലോ…

റഫീഖ് ഉമ്പാച്ചി, ഗോവിന്ദ് വസന്ത, മുഹ്‌സിന്‍ പരാരി
റഫീഖ് ഉമ്പാച്ചി, ഗോവിന്ദ് വസന്ത, മുഹ്‌സിന്‍ പരാരി

ഒടുവിൽ പരിചിതരായ പലരെയും കൊഴിച്ചുകളഞ്ഞ്​ കോവിഡിന്റെ പിടി പതുക്കെ അഴിഞ്ഞു. നെഞ്ചിലെ വേദന മാറി ചുമയും വിട്ട്​, 20-ലധികം ദിവസങ്ങൾക്കുശേഷം ഡിസ്ചാർജ്. കോവിഡ് കാരണം മനസ്സ് പലപ്പോഴും കൈവിട്ടുപോയി എന്നുറപ്പിച്ച ദിവസങ്ങളിൽ വീഡിയോ കാളിലും അല്ലാതെയും വിട്ടുകൊടുക്കില്ലെന്നുറപ്പിച്ച കുറേ കൂട്ടുകാർ, അതിലേറെ എന്റെ ഹൃദയത്തോട് ചേർന്നവർ. നന്ദി, പ്രിയപ്പെട്ടവരേ, ചേർത്തുപിടിച്ച്​ ഒരുപാടുമ്മകൾ.

കുടുംബബന്ധങ്ങളെയും പ്രണയത്തെയും പ്രതീക്ഷയെയും കുറിച്ചുള്ള ഹൃദയസ്പർശിയായ സിനിമയാണിത്​. ബേസിൽ ജോസഫ് ബാച്ചുവായി ജീവിക്കുകയായിരുന്നു എന്നുതോന്നി. അതുപോലെ എടുത്തു പറയേണ്ടതാണ് ഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നിവരുടെ കഥാപാത്രങ്ങൾ.

പിന്നീട് അധികം വൈകാതെ മരുഭൂമിയിലെ പ്രവാസം തത്കാലം നിർത്തി നാട്ടിലേക്ക്. പക്ഷേ മണ്ണിനും പ്രണയങ്ങൾക്കും ഒരു സ്വഭാവമുണ്ടല്ലോ, ഒരിക്കൽ ഉപേക്ഷിച്ചാൽ തിരികെ സ്വീകരിക്കാൻ ഇത്തിരി പ്രയാസമാണ്. ഒരു വർഷം കഴിഞ്ഞ്​  വീണ്ടും പ്രവാസത്തിലേക്ക്. കൊച്ചി എയർപോർട്ടിൽ നിന്ന് വിമാനം കേറി നേരെ യു.കെയിലേക്ക്, രണ്ടാം പ്രവാസം തണുപ്പിലേക്കാണ്​. പ്രവാസത്തിന്റെ രീതികളിൽ കാര്യമായ മാറ്റമില്ല. പക്ഷേ, മൂന്നു പേരുണ്ടായിരുന്ന പ്രവാസത്തിന്റെ അവസാന കാലം ഇപ്പോൾ നാലു പേരായി മാറിയിരിക്കുന്നു. ദൂരെ കാത്തിരിക്കുന്നവരുടെ വേദനയും ആധിയും എന്നെക്കുറിച്ചുമാത്രം എന്നത്​ മാറി. അതിലേറെ, രണ്ട്​ കുഞ്ഞുങ്ങളുടെ കാര്യത്തിലേക്കു കൂടെ  കൂടി.

ഓരോ പ്രവാസിയുടെയും തിരികെയുള്ള യാത്ര പോലെ, സീറ്റിലിരുന്നാണോ, കാർഗോകൾക്കിടയിലെ തന്റെ കനത്തിനനുസരിച്ച്​ നീണ്ട പെട്ടിയിൽ എംബാം ചെയ്യപ്പിട്ടിട്ടാണോ എന്നറിയാത്ത പ്രവാസം. ഇതെല്ലാമാണ് കണ്ണ് നിറച്ചത്. മകൻ  കണ്ണ് തുടക്കുമ്പോൾ അവനും അറിയാമോ എന്നറിയില്ല, അവനും ഒരു കുഞ്ഞ് പ്രവാസിയാണ് എന്ന്, അല്ലെങ്കിൽ ഒരു പ്രവാസിയോടൊപ്പം അവനെ പറിച്ചു നട്ടിരിക്കുകയാണ് എന്ന്.

 മേന മേലത്ത്‌, ഫാത്തിമ ജഹാന്‍
മേന മേലത്ത്‌, ഫാത്തിമ ജഹാന്‍

സിനിമയ്ക്കുശേഷവും ഹൃദയം തുടിക്കുന്ന ഒരു കൂട്ടം പാട്ടുകൾ. മുഹ്സിൻ പരാരി എഴുതി ജഹാൻ പാടിയ പ്രേമക്കത്ത് പാട്ടിലെ വരികൾ. എസ്​.എ. ജമീൽ എഴുതിയ കത്തുപാട്ടിനുശേഷം മറ്റൊരു കത്തുപാട്ടിലൂടെയുള്ള വേദനയുടെ അടയാളപ്പെടുത്തൽ തന്നെയായിരുന്നു. ഉമ്പാച്ചി എഴുതി സംഗീത സംവിധായകൻ ഗോവിന്ദ് തന്നെ പാടിയ സ്വർഗ്ഗത്തു പാട്ട്. അതിലെ,

വേർപെട്ട് മറഞ്ഞേരം
ഒരു പാട് കരഞ്ഞോളെ
പുതുനാരി വരും പോലെ
നീയുള്ളു ചമഞ്ഞെത്തും
ദിനമോളം ഇരിക്കാം ഞാൻ
സർവ്വം നീയായവനെന്
സ്വർഗ്ഗ കനി നീ തന്നെ
വ്യാസനിതനീ മാരന്റെ
ജന്നത്തിലെ വധുവാക്കൂ…

ശ്രീജ രവി, പാര്‍വ്വതി ആര്‍. കൃഷ്ണന്‍, ഷിബില ഫറ
ശ്രീജ രവി, പാര്‍വ്വതി ആര്‍. കൃഷ്ണന്‍, ഷിബില ഫറ

എന്ന വരികൾ അബുദാബിയിലെ പ്രവാസകാലത്ത്​ മരിച്ചുപോയ ഒരുപാട് സുഹൃത്തുക്കളെ ഓർമപ്പെടുത്തി, അവരുടെ  കുടുംബങ്ങളെ അടയാളപ്പെടുത്തി.

ഉമ്പാച്ചിയുടെ തന്നെ വരികളായ, ‘യാ റബ്ബേ’… മേന മേലത്ത്‌ ഇങ്ങനെ പാടിപ്പോകുമ്പോഴേക്കും ചങ്ക് തകർന്നുപോയി. കുറച്ചു പോസിറ്റീവ് വൈബ് തന്നതാണ് ഷറഫൂന്റെ ഇൻശാ അല്ലാഹ്‌ എന്ന കപിൽ പാടിയ പാട്ട്. പിന്നെ കോവിഡിനെ കുറിച്ച് ഷറഫു എഴുതി ഗോവിന്ദ തന്നെ പാടിയ മറ്റൊരു പാട്ട്.

കുടുംബബന്ധങ്ങളെയും പ്രണയത്തെയും പ്രതീക്ഷയെയും കുറിച്ചുള്ള ഹൃദയസ്പർശിയായ സിനിമയാണിത്​. ബേസിൽ ജോസഫ് ബാച്ചുവായി ജീവിക്കുകയായിരുന്നു എന്നുതോന്നി. അതുപോലെ എടുത്തു പറയേണ്ടതാണ് ഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നിവരുടെ കഥാപാത്രങ്ങൾ. ശ്രീജ രവി അവതരിപ്പിച്ച ഉമ്മ ബുഷ്‌റയുടെ കഥാപാത്രം, ബിനു പപ്പു അവതരിപ്പിച്ച അളിയൻ എന്നിവരും തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കി.

ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ബിനു പപ്പു
ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ബിനു പപ്പു

ചില സമയങ്ങളിൽ സിനിമ ഹൃദയഭേദകവും നമ്മളെ അതിലേക്ക് ഒരാളായി ഇറക്കിനിർത്തി നമ്മോട് സംവദിക്കുകയും ചെയ്യും. ദാരിദ്ര്യം, തൊഴിലില്ലായ്മ, മഹാമാരിയുടെ ആഘാതം തുടങ്ങിയ  അതികഠിനമായ ജീവിതയാഥാർത്ഥ്യങ്ങളെ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും, സിനിമ ഒരിക്കലും പ്രതീക്ഷ കൈവിടുന്നില്ല. 

അവസാനം കാണിക്കുന്ന തിരെഞ്ഞെടുപ്പ് രംഗം നമ്മൾ നേരിട്ട് കണ്ടതാണ്. ആ സമയത്ത് ബച്ചുവിനെ പോലെ, അതേ കാലഘട്ടത്തിൽ പ്രയാസപ്പെട്ടവരുടെ മുഖത്തെ പുച്ഛം തന്നെയായിരുന്നു വേദന കടിച്ചിറക്കിയ ആ ചിരി. ആ ചിരിയിലൂടെ, ഈ നിയമങ്ങളൊക്കെയും തോന്നുമ്പോൾ പാലിക്കാനും പിൻവലിക്കാനും കണ്ണടക്കാനുമുള്ളതാണോ എന്നു ചോദിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്.

സ്നേഹത്തിന്റെയും കുടുംബത്തിന്റെയും സൗഹൃദത്തിന്റെയും ശക്തിയിലൂടെ ഏത്​ തടസങ്ങളെയും അതിജീവിക്കാം എന്നാണ് പറഞ്ഞു വെക്കുന്നത്. നന്ദി; മുഹ്സിൻ, ഹർഷാദ്, ഗോവിന്ദ് വസന്ത- സിനിമക്കും കഥക്കും സംഗീതത്തിനും ഈ അടയാളപ്പെടുത്തലിനും.


Summary: Kadina Kadoramee Andakadaham review


കെ.സി. മാസിന്‍

വിദേശത്ത്​ ഡിജിറ്റൽ മാർക്കറ്റിംഗ്​ മേഖലയിൽ ജോലി ​​ചെയ്യുന്നു. സാമൂഹ്യമാധ്യമങ്ങളിൽ എഴുതാറുണ്ട്​. ‘മലയാളി-Mallukuripukal’ എന്ന ഇ- ബുക്ക്​ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments