മലയാളത്തിന്റെ "പരിയേറും പെരുമാൾ 'എന്നാണ് ഇന്നലെ മുതൽ കളയെ വിശേഷിപ്പിച്ച് കേൾക്കുന്നത്. പരിയേറും പെരുമാളിലേതുപോലെ ലൗഡ് ആയി പൊളിറ്റിക്‌സ് പറയുന്നില്ലെങ്കിൽ പോലും രണ്ട് സിനിമകളും പറഞ്ഞു വെക്കുന്ന രാഷ്ട്രീയം ഒന്ന് തന്നെയാണ്.
ആക്ഷൻ സീനുകളാൽ ഒട്ടും മടുപ്പ് തോന്നാതെ കണ്ടുകൊണ്ടിരിക്കാൻ കഴിയുന്ന സിനിമയാണ് കള. ഇത്ര ദൈർഘ്യമുള്ള ഫൈറ്റ് സീനുകൾ ഉണ്ടായതുകൊണ്ട് ആവണം എ സർട്ടിഫിക്കറ്റ് ലഭിച്ചത്. പക്ഷേ നിങ്ങൾ ഒരു ആക്ഷൻ സിനിമ പ്രേമി ആണെങ്കിൽ കളയുടെ മനോഹരമായ തീയേറ്റർ എക്‌സ്പീരിയൻസാണ് നിങ്ങളെ കാത്തിരിക്കുന്നത്.
ജാതീയതയും പ്രതികാരവും മൃഗീയതയും മാറിമാറി സിനിമയിൽ വരുന്നുണ്ട്. രണ്ടുപേർ തമ്മിലുള്ള പ്രതികാരവും അടിയും ഇടിയും ഒക്കെ അയ്യപ്പനും കോശിയും, ഡ്രൈവിംഗ് ലൈസൻസ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ സിനിമകളിൽ കണ്ടതാണെങ്കിലും ഇത്ര ദൈർഘ്യമേറിയതും വയലന്റുമായ ഫൈറ്റ് സീനുകൾ കളയുടെ മാത്രം പ്രത്യേകതയാണ്.
സിനിമയുടെ തുടക്കം തന്നെ ആൺകുട്ടികൾ കരയാൻ പാടില്ല എന്ന് ഷാജി (ടൊവിനോ)തന്റെ കുഞ്ഞു മകനോട് പറയുന്നുണ്ട്. ആണെന്നാൽ അധികാരത്തിന്റെയും ശക്തിയുടെയും പ്രതീകങ്ങളാണെന്ന് അയാൾ പറയാതെ പറയുകയാണ്. അയാളുടെ ഈ പിടിവാശി തന്നെയാണ് ഒഴിവാക്കാമായിരുന്ന പല സന്ദർഭങ്ങളിലേക്കും അയാളെ കൊണ്ടെത്തിക്കുന്നത്. അത്തരത്തിൽ തന്റെ കരുത്ത് തെളിയിക്കാൻ അയാൾ ശ്രമിച്ച ഒരു അവസരത്തിലാണ് സുമേഷ് നൂർ അവതരിപ്പിച്ച ദളിതനായ കഥാപത്രത്തിന് അവന്റെ നായയെ നഷ്ടമാകുന്നത്. ഇവിടെ പരിയേറും പെരുമാളിലേത് പോലെ കറുപ്പിന്റെയും വെളുപ്പിന്റെയും രാഷ്ട്രീയം കടന്നു വരുന്നുണ്ട്. കറുപ്പിയുടെ പ്രശ്‌നം അവളുടെ ശരീരത്തിന്റെ നിറം ആയിരുന്നെങ്കിൽ, സവർണ്ണനായ ഷാജിയുടെയും ദളിതനായ മൂറിന്റെയും നായകൾ കറുത്തതാണ്. ഇവിടെ നിറത്തിനപ്പുറം മൂറിന്റെ നായ കൊല്ലപ്പെടാൻ കാരണം ഒരു നാടൻ ഇനത്തിൽ പെട്ട നായ മാത്രം ആയിരുന്നു നൂറിന്റേത് എന്നതാണ്. ഷാജിയുടേത് ഒരു ലക്ഷത്തിനടുത്ത് വിലവരുന്ന നായയും.
തന്റെ നായയെ ഇല്ലാതാക്കിയ ഷാജിയോട് പ്രതികാരം ചെയ്യാൻ പോവുന്ന ദളിതനായ നൂറിന്റെ ശ്രമങ്ങളും ഷാജിക്കും നൂറിനും ഇടയിൽ ഉണ്ടാകുന്ന അക്രമാസക്തമായ രംഗങ്ങളുമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്.
സിനിമയിൽ മണി എന്ന കഥാപാത്രം ഷാജിയുടെ വീടും നിലവും നോക്കി പണ്ട് ഇത് തങ്ങളുടെ പൂർവ്വികരുടേതായിരുന്നു എന്ന് പറയുന്നുണ്ട്. തങ്ങളുടെ നിലങ്ങളും മണ്ണും കയ്യടക്കി വെച്ചിരിക്കുന്നവരുടെ മുന്നിൽ അവർക്ക് ഇന്നും പുറം പണിക്കാരായി നിൽക്കേണ്ടിവരുന്നു. പണ്ട് എന്നയാൾ പറയുമ്പോൾ കൂടെയുള്ള തമിഴൻ എത്ര പണ്ട് എന്ന് ചോദിക്കുന്നുണ്ട് കാരണം അന്നും ഇന്നും അവരുടെ ജീവിതങ്ങൾ മാറ്റമില്ലാതെ തുടരുകയാണ്.
എന്നാൽ ഇതേ മണി തന്നെയാണ് ആണ് അട്ടപ്പാടി കേരളത്തിലാണോ തമിഴ്‌നാട്ടിലോണോ എന്ന് ചോദിക്കുന്നത്. അട്ടപ്പാടിയിലെ ജനങ്ങൾ തങ്ങളിൽ ഉൾപ്പെടുന്നവരല്ല എന്ന മലയാളിയുടെ പൊതുബോധമാണത്. ഇവിടെ "കള' എന്നത് തങ്ങളുടെ പൂർവ്വികരുടെ മണ്ണും നിലങ്ങളും കൈവശപ്പെടുത്തിയ സവർണ്ണർ തന്നെയാണ്.
പരിയേറും പെരുമാളിലേത് പോലെ പാൽ ചായയും കട്ടൻചായയും ഇവിടെയും കടന്നുവരുന്നുണ്ട്. അകത്തെ മേശപ്പുറത്ത് ടോവിനോയ്ക്ക് കിട്ടുന്ന പാൽ ചായയും പുറത്ത് തിണ്ണയിൽ ദളിതരായ പണിക്കാർക്ക് കൊടുക്കുന്ന കട്ടൻചായയും കാണാം. അവരുടെ നിറം കറുപ്പ് ആയതു കൊണ്ടും അവർ ദളിതരായത് കൊണ്ടും അവർക്ക് കള്ള ലക്ഷണങ്ങളുണ്ടെന്നും തൊട്ടടുത്ത നിമിഷമവർ മോശമായി പെരുമാറുമെന്നുമുള്ള മുൻവിധിയോടുകൂടി ആണ് വീട്ടിലെ ഒരേ ഒരു സ്ത്രീയും അവരോട് പെരുമാറുന്നത്.
സിനിമയുടെ തുടക്കത്തിലെ അനാവശ്യമായ ആയ ബിൽഡപ്പ് സീനുകളും ലോജിക് ഇല്ലാത്ത ചില സീനുകളും ഒഴിച്ചുനിർത്തിയാൽ പിന്നീട് വന്ന ഫൈറ്റ് സീനുകൾ കണ്ണിമവെട്ടാതെ നോക്കിയിരിക്കാൻ പ്രേരിപ്പിക്കുന്നവയാണ്.
സുമേഷ് മൂറിന്റെ പ്രകടനവും ടൊവിനോയുടെ ഡെഡിക്കേഷനും പ്രത്യേകം എടുത്തു പറയേണ്ടവയാണ്. അഖിൽ ജോർജ്ജിന്റെ ഛായാഗ്രഹണവും ചമൻ ചാക്കോയുടെ എഡിറ്റിങ്ങും അത്ഭുതപ്പെടുത്തി എന്ന് തന്നെ പറയാം. ഏറ്റവും അൽഭുതപ്പെടുത്തിയത് സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്ത ഫിനിക്‌സ് പ്രഭുവാണ്.
ആക്ഷൻ സീനുകൾക്കും പ്രതികാരത്തിനുമൊക്കെ ഇടയിൽ രാഷ്ട്രീയം കൂടി പറഞ്ഞുവെച്ച സംവിധായകൻ രോഹിത്തിന് അഭിനന്ദനങ്ങൾ. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനിൽ നിന്നും ഇബിലീസിൽ നിന്നും കളയിൽ എത്തിയ നിങ്ങൾ ഇനിയും ഒരുപാട് ഉയരേണ്ടതുണ്ട്. മലയാള സിനിമക്ക് നിങ്ങളെ ആവശ്യമുണ്ട്. ഇവിടെ ഇനിയും കളകൾ ഉണ്ടാവട്ടെ. സവർണ്ണ നായകൻമാർ ഇനി ഒരൽപ്പം റെസ്റ്റ് എടുക്കട്ടെ