ജാതിഭൂതകാലത്തിന്റെ ചരമഗീതങ്ങൾ; വരവേല്പിന്റെ ഗൾഫ്- തൊഴിലാളി പാഠങ്ങൾ

ഴുപതുകളിൽ തുടങ്ങുന്ന ഗൾഫ് കുടിയേറ്റം കേരളസമൂഹത്തിൽ സാമ്പത്തിക പരിവർത്തനം സൃഷ്ടിക്കുന്നതിന്റെ അടിയൊഴുക്ക് ശക്തമായി എൺപതുകളിലെ സിനിമകൾ ചിത്രീകരിക്കുന്നുണ്ട്. ആ പരിവർത്തനം ശക്തമായി ചിത്രീകരിക്കുന്ന സിനിമയാണ് 1989 ൽ പുത്തിറങ്ങിയ വരവേല്പ്. കേരളത്തിന്റെ തൊഴിൽമേഖലയും തൊഴിലാളികളും എങ്ങനൊക്കെ മാറിയെന്നും നഗരവത്കരണപ്രവണതകളും വീടുകളുടെ പരിവർത്തനങ്ങളും എങ്ങനൊക്കെ സംഭവിക്കുന്നുവെന്നും കൃത്യമായി ഈ സിനിമ പറയുന്നു. സംഘടിതരായ തൊഴിലാളിവർഗ്ഗം ഇവിടുത്തെ തൊഴിൽസംരംഭങ്ങളുടെയും വ്യവസായങ്ങളെയും എങ്ങനൊക്കെ നശിപ്പക്കുന്നുവെന്ന വലതുപക്ഷപാഠമായി ആഘോഷിക്കപ്പെട്ട ഈ സിനിമയിലെ ഗൾഫ് തരംഗത്തിന്റെ വായന മറ്റുചില പാഠങ്ങളിലേക്ക് തുറക്കുന്നുവെന്നു കാണാം.

ഒരു ബസ് സർവ്വീസിന്റെ കഥ കെ റെയിലിലെത്തിനില്ക്കുന്ന കേരളത്തിന്റെ വികസനചർച്ചകളിലേക്കും വെളിച്ചംവീശുന്നുണ്ടെന്നു പറയാം. ഏഴുവർഷം ദുബായിൽ കഴിഞ്ഞശേഷം നാട്ടിൽവരുന്ന മുരളീധരന്റെ ജീവിതമാണ് സിനിമയുടെ വിഷയം. പക്കാ ഗ്രാമമായ നാട്ടിലെ ഉയർന്ന കുടുംബത്തിൽപെടുന്ന മുരളീധരൻ ഗൾഫിലേക്ക് തിരിച്ചുപോകുന്ന പദ്ധതി ഒഴിവാക്കി നാട്ടിൽ ബിസിനസ് ചെയ്തു ജീവിക്കാൻ ശ്രമിക്കുന്നു. അതിനായി ഒരു ബസ് വാങ്ങുന്നു. ബസിലെ തൊഴിലാളികൾ പലതരം പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ഇത് നാട്ടിലെ തൊഴിലാളിപ്രസ്ഥാനം ഏറ്റെടുക്കകയും ചെയ്യുന്നതോടെ മുരളീധരൻ കടത്തിലാകുകയും ഒടുവിൽ ബസ് ഉപേക്ഷിച്ച് അയാൾ ബോംബെയിലേക്ക് പൊവുകയും ചെയ്യുന്നതാണ് ഇതിവൃത്തം.

നിരന്തരസമരത്തിലൂടെതന്റെ ബസ് സംരംഭത്തെ ഇല്ലാതാക്കിയത് ചുവന്നകൊടിപിടിച്ച തൊഴിലാളി പ്രസ്ഥാനമാണെന്നും അവരാണ് ഈ നാട്ടിലെ വ്യവസായങ്ങളെ ഇല്ലാതാക്കുന്നതെന്നുമുള്ള ശക്തമായ സന്ദേശം സിനിമയുടെ അവസാനഭാഗങ്ങളിൽ നല്കിയാണ് സിനിമ അവസാനിക്കുന്നതെന്നു കാണാം. സിനിമയിലെ ബസ് സർവ്വീസുകൾ ശ്രദ്ധിച്ചാൽ ധാരാളം ബസുകൾ ഓടുന്നതും വലിയ ആൾത്തിരക്കും കാണാൻകഴിയും. കേരളത്തിൽ നഗരവത്കരണപ്രവണതകൾ ശക്തിപ്പെടുന്നതും ഉൾഗ്രാമങ്ങളിൽവരെ ടാറിട്ട റോഡുകളും ബസ് സർവ്വീസും ഉണ്ടാകുന്നതുമാണ് ഇത് സൂചിപ്പിക്കുന്നത്. മുരളിയുടെ ഗൾഫ് മോട്ടോർസിന്റെ കഥ ഫ്യൂഡൽകേരളീയതയുടെ യാത്രാഭൂപടം മാറുന്നുവെന്ന പ്രശ്‌നമാണ് അവതരിപ്പിക്കുന്നത്.

ഗൾഫിന്റെ വാതിലുകൾ

ഗൾഫ് എങ്ങനെ കേരളത്തെ മാറ്റിത്തീർത്തുവെന്ന ദൃശ്യവത്കരണത്തിലൂടെയാണ് സിനിമയുടെ ഓരോ ഷോട്ടും സഞ്ചരിക്കുന്നത്. മുരളീധരന്റെ വീടാണ് സിനിമയുടെ ആദ്യഭാഗങ്ങൾ ഏറെയും കാണുന്നത്. കടത്തിലായിരുന്ന ആ വീട് മുരളീധരന്റെ ഗൾഫ് പണമാണ് വീണ്ടെടുത്ത് നവീകരിച്ചതെന്ന് തുടക്കത്തിലേ പറയുന്നുണ്ട്. ആ വീട്ടിൽ ആധുനികമായ സൗകര്യങ്ങൾ പലതുണ്ട്. മിക്‌സിയടക്കം പലതരം ഉപകരണങ്ങളുണ്ട്. അവിടുത്തെ കുട്ടികളെല്ലാം മുന്തിയ ഇംഗ്ലീഷുമീഡിയത്തിലാണ് പഠിക്കുന്നത്. ഗൾഫ് തരംഗത്തോടെ കേരളത്തിൽ പ്രത്യക്ഷപ്പെടുന്ന വീടുകളുടെ ഛായയാണ് പ്രധാന റോഡിനോടു ചേർന്ന അതിനുള്ളത്. മുരളീയുടെ അച്ഛന്റെ ചേട്ടനും അനിയനുമൊപ്പമാണ് അവിടെ താമസിക്കുന്നത്. അവർ രണ്ടുപേരും ബിസിനസ് ചെയ്യുന്നവരാണ്. അനിയൻ ഹോട്ടലും ചേട്ടൻ അബ്കാരിബിസിനസും ചെയ്യുന്നു. തൊഴിലില്ലാതിരുന്ന അവർക്ക് ബിസിനസ് ശരിയാക്കിയത് മുരളിയുടെ പണമാണ്. മുരളിയുടെ അമ്മാവന്റെ മകളുടെ വിവാഹം നടത്തിയത് മുരളി നല്കിയ പണത്തിലാണ്. ഈയർഥത്തിൽ ഗൾഫ് പണം കേരളത്തിലെ ഓരോ വീടനെയും എങ്ങനൊക്കെ സാമ്പത്തികമായും സാമൂഹകമായും വളർത്തി എന്നതിന്റെ ചിത്രീകരണമാണ് ഈ സിനിമയെന്നു കാണാം. ഗൾഫിനെ എങ്ങനെ മലയാളി വരവേറ്റു എന്ന ചരിത്രപാഠത്തിലൂടെ സിനിമയുടെ ഫ്രെയ്മുകൾ സഞ്ചരിക്കുന്നത്. ഗൾഫുകാരനെന്ന പ്രയോഗം മാന്യതയുടെയും സാമൂഹികാംഗീകാരത്തിന്റെയും അടയാളമായി എങ്ങനൊക്കെ മാറുന്നുവെന്നും ആ പദവിയൊക്കെ നിരന്തരം നിലനിർത്താനുള്ള വ്യഗ്രതയായി മലയാളിയുടെ ബോധം എങ്ങനെ മാറുന്നുവെന്നും പറയുന്നു. പരമ്പരാഗമായ സാമൂഹികാംഗീകാരത്തിനെക്കാൾ വിലയുള്ളതായി ഗൾഫെന്ന വില മാറുന്നു. ഈ മാറ്റം ഇതുവരെ ലഭ്യമല്ലാതിരുന്ന ആധുനികജീവിതത്തിലേക്ക് മലയാളിക്ക് ഇടംകൊടുത്തതാണ്. രുചികരമായ ചായയും ഭക്ഷണവും മലയാളിയുടെ സാമ്പത്തികമായി മോശമായിരുന്ന വീടുകളിലെത്തിയത് ഗൾഫു കാരണമാണെന്ന് അർഥശങ്കയ്ക്കിടയില്ലാത്തവിധം സിനിമ പറയുന്നു. അങ്ങനെ സാമ്പത്തികവളർച്ചയ്ക്ക കാരണമായ ഗൾഫിനെ നായകൻ ഉപേക്ഷിക്കുന്നതാണ് സിനിമയുടെ വഴിത്തിരിവെന്നു പറയുന്നത്.

മുരളിയുടെ സാമ്പത്തികവളർച്ചയുടെ ആഖ്യാനംകൂടി നോക്കേണ്ടതുണ്ട്. ഏഴുവർഷമാണ് അയാൾ ദുബായിയിൽ പണിയെടുത്തത്. എന്തെങ്കിലും വിദഗ്ദ്ധതൊഴിൽ മേഖലയില്ല അയാൾ പണിയെടുത്തുന്നതെന്ന് വ്യക്തം. കല്ലുചുമക്കൽപോലെയുള്ള പണികളിൽ വ്യാപൃതനായ അയാൾ തറവാടിന്റെ കടമെല്ലാം വീട്ടുന്നുണ്ട്. ബന്ധുക്കളിൽ പലർക്കും കച്ചവടം ചെയ്യാനുള്ള പണം മുരളി നല്കുന്നു. അമ്മാവന്റെ മകളുടെ കല്യാണം ആർഭാടമായി നടത്തുന്നു. ഏഴുവർഷംകൊണ്ട് സാധാരണ ജോലിചെയ്ത് ഇതെല്ലാം സാധ്യമാക്കി എന്നാണ് സിനിമ പറയുന്നത്. കൂടാതെ എൻ ആർ ഐ അക്കൗണ്ടിൽ ധാരാളം പണമുണ്ടത്രേ. അതുകൊണ്ടാണ് അയാൾ ബസ് വാങ്ങുന്നത്. ലക്ഷക്കണക്കിന് രൂപ മുരളി സമ്പാദിച്ചുവെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ഇതല്പം അതിശയോക്തിപരമാണെന്നു വ്യക്തം. ഗൾഫ് എന്ന വ്യവഹാരം പെട്ടന്നു സമ്പന്നനാകാമെന്ന മട്ടിലൊരു അതിശയോക്തിയായിട്ടാണ് കേരളത്തിൽ പ്രവർത്തിച്ചിരുന്നത്. എന്നാൽ ഈ അതിശയോക്തി രൂപപ്പെട്ടത് സമ്പത്തും പുരുഷനും തമ്മിലുള്ള ലിംഗപദവിബന്ധത്തിന്റെ രാഷ്ട്രീയത്തിനകത്താണെന്നും വ്യക്തമായി കാണാം. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളുടെ കഥയിൽ പുരുഷന് ജോലികിട്ടിക്കഴിഞ്ഞാൽ വളരെ വേഗം ആ കുടുംബത്തിലെ സാമ്പത്തികപ്രശ്‌നം പരിഹരിക്കുന്നതായി കാണാം. എന്നാൽ സ്ത്രീയാകട്ടെ എത്ര അധ്വാനിച്ചാലും ഒരു നേട്ടവും ഉണ്ടാക്കുന്നില്ലെന്നായിരിക്കും ആഖ്യാനം.

അതായത് പുരുഷന്റെ മിടുക്കിലാണ് സാമ്പത്തികനേട്ടങ്ങളുണ്ടാകുന്നതെന്നർഥം. അവനാണ് ശരിയായ അന്നദാതാവെന്നും ഇവ പറയുന്നു. ഇത്തരം ആഖ്യാനങ്ങളെ പൊലിപ്പിക്കുകയാണ് ഗൾഫ് കഥകളെന്നു കാണാം.

ഗൾഫിൽ നിന്ന് മുരളി വരുന്നത് ഗൾഫിലേക്ക മടക്കമില്ല എന്നു നിശ്ചയിച്ചാണ്. അയാളുടെ തീരുമാനം കേട്ട് വീട്ടുകാർ ഞെട്ടുന്നുണ്ട്. ഇതിന് മൂന്നുകാരണങ്ങളാണ് മുരളി പറയുന്നത്.
1. ഗൾഫിലെ ചൂടുള്ള കാലാവസ്ഥ ഭയങ്കരമായി അസ്വസ്ഥത ജനിപ്പിക്കുന്നു.
2. കേരളത്തിലുള്ള ഒന്നും അവിടില്ല. ഓണവും വിഷുവും പാടവും അവിടില്ല.
3. വിസയുടെ കാലാവധി തീർന്നു. ഇതിൽ ആദ്യത്തെ രണ്ടിനും അമിതപ്രധാന്യം നല്കി ഗൾഫ് ജീവിക്കാൻ കഴിയാത്ത പ്രദേശമാണെന്നു സ്ഥാപിക്കുന്നതിനൊപ്പം കേരളത്തിലെ സംസ്‌കാരം എന്ന ഘടകത്തിന് നല്കുന്ന പ്രധാന്യമാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. കേരളത്തിലെ ഗ്രാമീണസംസ്‌കാരം ലേകത്തിലെ അമൂല്യമായ ഒന്നാണെന്നു പറയുന്നതിലൂടെ മറ്റുദേശങ്ങളെയൊക്കെ അപരമാക്കി കാണുന്ന സവിശേഷ കേരളീയത ജനിക്കുകയാണ്. അങ്ങനെയാണ് ഗൾഫിലെ ചൂടും എണ്ണപ്പാടവും വലിയ അപരാധമോ മോശമോ ആയി പ്രത്യക്ഷപ്പെടുന്നത്. ഗൾഫിലേക്ക് മടക്കമില്ല എന്നു തീരുമാനിച്ച ശേഷം മുരളി ഇവിടെ വന്നിട്ട് ചെയ്യുന്ന കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഉമിക്കരിയിട്ടു പല്ലുതേക്കുന്നു, അതിനുശേഷം അമ്പലക്കുളത്തിൽ കുളിക്കാൻ പോകുന്നു, കുളക്കടവിൽ വർത്തമാനം പറഞ്ഞിരിക്കുന്നു. ഈ ജീവിതശൈലി നഷ്ടമാകുന്നതാണ് മുരളീയുടെ വേവലാതിയെന്നു വ്യക്തം. അമ്പലക്കുളത്തിൽ കുളിക്കുമ്പോൾ പപ്പൻ പറയുന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഇപ്പോളാരും അമ്പലക്കുളത്തിൽ കുളിക്കുന്നില്ലെന്നും എല്ലാരും വീടിനോടു ചേർന്ന് കുളിമുറിയുണ്ടാക്കി അതിലാണ് കുളിക്കന്നതെന്നുമാണ് അയാൾ പറയുന്നത്. ഗൾഫ് കൊണ്ടുവന്ന വലിയമാറ്റങ്ങളിലൊന്ന് കക്കൂസും കുളിമുറിയും വീടിനകത്താകുന്നതാണ്. അതിനൊപ്പം അതിനെ ആധുനികീകരിക്കുകയും ചെയ്യുന്നു.

ഉമിക്കരിയൊക്കെ ഇട്ടു പാരമ്പര്യബോധത്തോടെ പല്ലുതേച്ച് അമ്പലക്കുളത്തിലൊക്കെ പോയി വിശാലമായി കുളിച്ച് വർത്തമാനം പറഞ്ഞിരിക്കാനുള്ള കേരളീയ ഹിന്ദുബോധമാണ് മുരളിക്കു വേണ്ടതെന്നാണ് കാണുന്നത്. പേസ്റ്റിട്ടു പല്ലുതേച്ചുകൂടേ എന്നു ചെറിയമ്മ ചോദിക്കുമ്പോൾ പേസ്റ്റൊക്കെ മടുത്തു എന്നാണയാൾ പറയുന്നത്. കുളികഴിഞ്ഞ് പ്രഭാതഭക്ഷണമായി പുട്ടും കടലയും കഴിക്കാനുള്ള ആഗ്രഹവും ശ്രദ്ധിക്കേണ്ടതാണ്. പുട്ടും കടലയും കഴിക്കാൻമാത്രം വിമാനംപിടിച്ച് പോന്നാലോ എന്നയാൾ ചിന്തിച്ചതായി പറയുന്നുണ്ട്. ഇത്തരം പറച്ചിലുകൾ കേവലം അതിശയോക്തിയായിട്ടല്ല കാണേണ്ടത്, മറിച്ച് അയാളുടെ ഉള്ളിൽ വേരൂന്നിയിരിക്കുന്ന പാരമ്പര്യത്തിന്റെ തള്ളലായിട്ടാണ് കാണേണ്ടത്. കേരളീയതയെന്നു ആഘോഷിക്കുന്നപ്പെടുന്ന ചില ജാതിബോധമാണ് മുരളിയുടെ മൂലധനമെന്നു വ്യക്തം. പാരമ്പര്യത്തെ പുതിയകാലത്ത് ആവിഷ്‌കരിക്കുന്ന നവവരേണ്യതയായി ഇതിനെ വായിക്കാം. ഗൾഫിനെ വെറുക്കാനുള്ള കാരണം അയാളുടെ ഉള്ളിൽ പച്ചപിടിച്ചു നില്ക്കുന്ന ഈ ജാതിഹിന്ദുഭൂതകാലമാണ്. കേരളത്തിലെ സവർണചെറുപ്പക്കാരുടെ സ്വത്വത്തെ രൂപപ്പെടുത്തിയ ജാതിഭൂതകാലത്തെ വീണ്ടെക്കാനുള്ള ത്വരയാണ് ഗൾഫിനെ നിഷേധിക്കുന്ന ബോധമായും നാട്ടിലെ തന്നെ ആധുനികതയെ തിരിച്ചറിയാത്ത ബോധമായും മാറുന്നതെന്നു വ്യക്തം. ഗൾഫിൽ പോകുന്നതിനുമുമ്പ് മുരളി അവകാശമായി അനുഭവിച്ച ചില അധികാരങ്ങൾ ഇപ്പോഴും ലഭിക്കേണ്ടതുണ്ടെന്ന ചിന്തയിലാണ് അയാൾ നാടിനെ സ്‌നേഹിക്കുന്നതും ഗൾഫിനെ മറക്കുന്നതും. കണ്ണിനു കുളിർമ്മയുള്ളതൊന്നും ഗൾഫിലില്ലെന്നുള്ള അയാളുടെ പറച്ചിൽ നാടിനെക്കുറിച്ചുള്ള ബോധം ഉറപ്പിക്കുന്നു. ഇവിടുത്തെ പാടവും പ്രകൃതിയുമാണ് അയാളുടെ കണ്ണിന്റെ കുളിർമ്മ. ആ കുളിർമ്മയിൽ ജീവിക്കുകയെന്നാൽ ഭൂതകാലത്തെ കണ്ടെടുക്കുകയെന്നാണർഥം. നവവരേണ്യതയെ പുണരാനാണ് അയാൾ ഇവിടെ നില്ക്കുന്നത്.

ഗൾഫിനെക്കുറിച്ചള്ള അയാളുടെ ഓർമ്മകളും ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. കഠിനമായ ചുടിലാണ് അവിടെ പണിയെടുക്കുന്നതെന്നും അയാൾ ആദ്യത്തെ വർഷങ്ങളിൽ ചെയ്ത പണി കല്ലുചുമക്കലാണെന്നും പറയുന്നുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ ഒന്നും പറയാൻ കഴിയല്ലെന്നും പ്രശ്‌നമായാൽ അവിടെനിന്ന് പറഞ്ഞുവിടുമെന്നും അയാൾ പറയുന്നു. ചുരുക്കത്തിൽ ഗൾഫിലെ തൊഴിൽസംസ്‌കാരത്തിലെ അടിമത്ത സ്വഭാവത്തെക്കുറിച്ചാണ് ഈ പരാമർശമെങ്കിലും ഇവിടെ സവർണനായി പലതരം അവകാശങ്ങൾ അനുഭവിച്ച ഒരാൾക്ക് മറ്റൊരാളടെ കീഴിൽ കഠിനമായി അധ്വാനിച്ച് ജീവിക്കുന്നതിലെ അസ്വസ്ഥതയാണ് പരാമർശത്തിൽ കാണുന്നതെന്നു വ്യക്തം.

കല്ലുചുമക്കലായിരുന്നു പണിയെന്നു പറയുമ്പോൾ വീട്ടുകാർ ഞെട്ടുന്നുണ്ട്. ഇവിടെ മാന്യരായി അറിയപ്പെടുന്നവർ കല്ലുചുമന്നു തൊഴിലെടുത്തു എന്നു കേട്ടാൽ കുറച്ചിലാകും എന്ന് കുമാരേട്ടനും മറ്റും പറയുന്നുണ്ട്. അതിലൂടെ കേരളത്തിലെ ജാതിപരമായ മാന്യതയും പാരമ്പര്യവും ആധുനികതൊഴിലിടങ്ങൾ ഇല്ലാതാക്കുന്നു എന്ന സൂചനയ്‌ക്കൊപ്പം ഗൾഫ് വലിയതോതിൽ തൊഴിലിന്റെ മേഖലയിലെ പാരമ്പര്യങ്ങളെയും ജാതിമഹിമകളെയും തകർക്കുന്നുണ്ട് എന്നും വ്യക്തമാകുന്നു. ഇവിടുത്തെ ജാതിപദവികളെ തകർത്ത് ഗൾഫ് പുതിയ തൊഴിൽസംസ്‌കാരം സൃഷ്ടിക്കുന്നതാണ് പ്രധാനപ്രശ്‌നമെന്നു വ്യക്തം. പാരമ്പര്യമായ മാന്യതയെ ഉല്പാദിപ്പിക്കുന്ന തൊഴിലുകൾ കിട്ടാനുള്ള സവർണരുടെ വ്യഗ്രതയാണ് സിനിമ പറയുന്നതെന്നും കാണാം. എന്നാൽ ആ വ്യഗ്ര്യതയെ കേരളത്തിന്റെ വർത്തമാനകാലം ചോദ്യംചെയ്യുകയാണ്. നാട്ടിൽ കീഴാളർ ചെയ്യുന്ന കല്ലുചുമക്കലെന്ന ജോലി സവർണനെക്കൊണ്ട് ചെയ്യാൻ നിർബന്ധിപ്പിക്കുന്ന ഗൾഫ് എന്ന തൊഴിലിടം കേരളത്തിന്റെ ആധുനികതയെ മുന്നോട്ടുനയിച്ചുകൊണ്ട് ജാതിഭൂതങ്ങളെ ഭയപ്പെടുത്തുകയാണ്. ജാതിയധികാരംകൊണ്ട് കീഴാളരെ അടിമപ്പണിചെയ്യിച്ചിരുന്ന മേലാളർക്ക് ഒന്നും മിണ്ടാതെ ഗൾഫിൽ അടിമപ്പണിക്കുതുല്യമായ പണി ചെയ്യേണ്ടിവരുന്നു. ഇവിടെയാണ് ഗൾഫ് "ശരി'യെല്ലെന്ന ബോധം മാന്യരിൽ ഉടലെടുക്കുന്നത്. ആ മാന്യരാണ് നാട്ടിലേക്കു മടങ്ങാനാഗ്രഹിക്കുന്നത്, ഇവിടെ വല്ല സംരംഭവും ചെയ്തുജീവിക്കാൻ തത്രപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് വരവേല്പിന്റെ പാഠങ്ങൾ അട്ടിമറിക്കപ്പെടുന്നത്.

തൊഴിലാളിയിൽനിന്ന് ഉടമയിലേക്ക്

മുരളിയെന്ന കഥാപാത്രത്തെ സിനിമ നിർമിക്കുന്നവിധം ശ്രദ്ധിക്കണം. ഒരു ഹിന്ദുയുവാവെന്ന നിലയിൽ അയാളുടെ സ്വത്വത്തെ പരിചരിക്കുന്നത് നാട്ടുപാരമ്പര്യത്തിന്റെ തുടർച്ചയെന്ന നിലയിലാണ്. നാടുമായി നല്ല ബന്ധം പുലർത്തിയിരുന്ന അയാൾ ഗൾഫിലെ ഏഴുവർഷത്തെ ജീവിതത്തിലൂടെ നാട്ടിൽനടന്ന പലകാര്യങ്ങളും അറിയാതെയാണ് തിരികെവന്നിരിക്കുന്നത്. കത്തുകളിലൂടെ പലരോടും ബന്ധം പുലർത്തിയിരുന്നതായി സൂചനയുണ്ടെങ്കിലും നാട്ടിലെ സാമൂഹികതയുടെ പരിണാമം വ്യക്തമാകാൻ അതുപോരാ. കഴിഞ്ഞ ഏഴുവർഷക്കാലം നാട്ടിൽനടന്ന മാറ്റങ്ങൾ പലതും താനറിഞ്ഞില്ലെന്ന് അയാൾ ഇടയ്ക്കു പറയുന്നുണ്ട്. അയാളറിയാതെ പോയ പരിണാമമാണ് സിനിമയുടെ രാഷ്ട്രീയമായി മാറുന്നത്. ഗൾഫിലേക്കു തിരികെ പോകുന്നില്ലെന്ന തീരുമാനം പ്രഖ്യാപിക്കുന്നതോടെ ചെറിയച്ചൻ കുമാരേട്ടൻ അബ്കാരി ബിസിനസിലേക്കു ക്ഷണിക്കുന്നു, മുരളി അതിനു വഴങ്ങുന്നു. അതിനയാളെ പ്രലോഭിപ്പിക്കുന്ന കാര്യം മന്ത്രിസഭയെവരെ നിയന്ത്രിക്കുന്നത് അബ്കാരികളാണെന്ന ആശയമാണ്. മന്ത്രിയെ വരെ നിയന്ത്രിക്കുന്ന വ്യക്തിയാകുക എന്നത് അയാളെ പ്രലോഭിപ്പിക്കുന്നത് അധികാരം വേണമെന്ന ചിന്തയിലാണ്. എന്നാൽ വലിയച്ഛൻ അതിനെ എതിർത്തപ്പോൾ അയാൾ പറയുന്ന പോലെ എ സി റസ്റ്റോറന്റ് പണിയാം എന്നു സമ്മതിക്കുന്നു. പിന്നീടാണ് പത്രത്തിൽ ബസ് വില്പനയ്ക്ക് എന്ന പരസ്യംകണ്ട് അതിലേക്കു പോകുന്നത്. ഇതിൽനിന്നും സ്വന്തമായ എന്തെങ്കിലും കാഴ്ചപ്പാടോ, സംരംഭത്തെക്കുറിച്ച് എന്തെങ്കിലും തിരിച്ചറിവോ അയാൾക്കില്ലെന്നു വ്യക്തം. മറ്റുള്ളവർ പറയുന്നിടതെല്ലാം സമ്മതിക്കുന്ന മനോഭാവമാണ് അയാൾക്കുള്ളത്. ഈ സ്വഭാവമാണ് ബസ് വാങ്ങിക്കുന്നതിലും തുടർന്നുണ്ടാകുന്ന സംഭവങ്ങളിലും കാണുന്നത്. ഒരു സംരംഭത്തെക്കുറിച്ച് പഠിച്ച് അതുനടപ്പാക്കി കരിയർ മെച്ചപ്പെടുത്തുന്ന ചിന്തയൊന്നും മുരളിക്കില്ല. മറിച്ച് മറ്റുള്ളവർ ചെയ്യുന്നപോലെ എന്തേലും ചെയ്ത് ലാഭമുണ്ടാക്കി പത്തുകാശ് ഒപ്പിക്കുകയാണയാളുടെ ലക്ഷ്യമെന്നു വ്യക്തം. ബസ് വാങ്ങാനുള്ള ചർച്ച വീട്ടിൽ നടക്കുന്ന സമയത്ത് ഒരു രംഗം ശ്രദ്ധേയമാണ്. ബസ് വാങ്ങുന്നതിനെ ന്യായീകരിച്ചുകൊണ്ട് മുരളി ഇങ്ങനെ പറയുന്നുണ്ട്, നമ്മുടെ വീട്ടിലേക്ക് ഒരു കല്യാണ ആലോചന വന്നാൽ നാട്ടുകാർ പറയുക ബസ് മുതലാളിയായ ആളിന്റെ എന്നല്ലേ എന്ന്. ബസ് മുതലാളിയാകുന്നതോടെ സമൂഹത്തിൽ കിട്ടുന്ന സവിശേഷമായ പദവിയാണ് അയാളെ പ്രലോഭിപ്പിക്കുന്നതെന്നു വ്യക്തം. നിലവിലുള്ള പാരമ്പര്യപദവിക്കപ്പുറം മറ്റുപദവികൾ കിട്ടുന്നതിനുള്ള വഴിയാണ് അയാൾക്ക് ബസ് സർവ്വീസെന്നു കാണാം.

ബസ് വാങ്ങുമ്പോഴും വേണ്ടത്ര ശ്രദ്ധയൊന്നും അയാൾ കൊടുക്കുന്നില്ല. പഴയബസായിട്ടും അതിന്റെ സാങ്കേതികവശങ്ങളൊ നിയമപരമായ കാര്യങ്ങളോ അയാൾ ശ്രദ്ധിച്ചിട്ടില്ല. ഓരോ കാര്യങ്ങളും അതാത് സമയത്ത് പ്രശ്‌നമായി വരുമ്പോൾ നേരിടുകയാണ് അയാൾ ചെയ്യുന്നത്. ബസ് ആദ്യത്തെ ഓട്ടം കഴിഞ്ഞപ്പോൾ എത്തുന്ന മുരളിയോട് ബസിന് ചില പ്രശ്‌നങ്ങളുണ്ടെന്നു ഡ്രൈവർ പറഞ്ഞപ്പോൾ "അതൊക്കെ പോകട്ടെ...പുതിയ ബസ് വാങ്ങുന്നുണ്ട് ' എന്നാണ് അയാൾ മറുപടി പറയുന്നത്. അതായത് ഓട്ടത്തിനു പറ്റിയ ബസായിരുന്നില്ല വലിയ തുകകൊടുത്ത് മുരളി വാങ്ങിയത്. പകരം പെട്ടെന്ന് മുതലാളിയാകാനുള്ള ശ്രമത്തിൽ എന്തെങ്കിലും കാട്ടിക്കൂട്ടുകയായിരുന്നു അയാളെന്നു വ്യക്തം. ബസിന്റെ ഫസ്റ്റ് എയ്ഡ് ബോക്‌സിൽ മരുന്നുവയ്ക്കണം എന്നുപോലുമറിയാത്ത ആളായിരുന്നു അയാളെന്നു ആർ ടി ഒ യുടെ പരിശോധനാസമയത്ത് കാണാം. എന്നല്ല ആദ്യസമയത്തെ യാത്രയിൽതന്നെ ടയർ പൊട്ടി ബസ് അപകടത്തിൽപെടുന്നുണ്ട്. വേണ്ടത്ര ശ്രദ്ധകൊടുക്കാഞ്ഞ് ബസ് വാങ്ങി നാട്ടിലെ ബസ് മുതലാളിയാകാൻ ശ്രമിച്ച ഒരാളുടെ പതനമാണ് ഇവിടെ കാണുന്നത്. ഇങ്ങനെ നോക്കുമ്പോൾ ഒരു സംരംഭം തുടങ്ങിയ ഒരു ഗൾഫുകാരനെ ചിലർ തങ്ങളുടെ സംഘടിതശക്തികൊണ്ട് ഓടിച്ചു എന്ന പരമ്പരാഗത കാഴ്ച ഇവിടെ പോറലേല്ക്കുന്നു. പകരം ഓരോ സംരംഭത്തിനുപിന്നിലും കഠിനമായ അധ്വാനവും പഠനവും വേണമെന്നും പെട്ടെന്നു ലാഭമുണ്ടാക്കാനായി ഇറങ്ങിയാൽ തകരുമെന്നുമുള്ള പാഠം ജനിക്കുന്നു.

മുരളിയുടെ സ്വഭാവം വ്യക്തമാകുന്ന ഒരു സംഭവം ബസ് ആദ്യമായി ഓടിയസമയത്തു കാണാം. ഗൾഫ് മോട്ടോർസിന്റെ ഓഫീസിലേക്ക് വന്ന രമ താൻ പാവപ്പെട്ട വിദ്യാർഥിയാണെന്നും തനിക്ക് കൺസഷൻ തരണമെന്നും ആദ്യത്തെ ബസ് മുതലാളി അതുതന്നിരുന്നുവെന്നും പറയുന്നു. അപ്പോൾ അതുപറ്റില്ല എന്നു മറുപടി പറയുന്നത് മുരളിക്കൊപ്പമുള്ള ആളാണ്. ആ മറുപടി മുരളി അംഗീകരിക്കുന്നു. രമ പലവട്ടം പറഞ്ഞിട്ടും അയാൾ വഴങ്ങിയില്ല. സ്വന്തമായി ഒരഭിപ്രായവും നിലപാടും ഇല്ലാത്ത ആളാണ് മുരളിയെന്നും ഒരുകാര്യം മനസ്സിലാക്കി പ്രവർത്തിക്കാനയൾക്ക് ശേഷിയില്ലെന്നും ഈ സംഭവം വ്യക്തമാക്കുന്നു. പിന്നീട് അപകടത്തിൽപെടുന്ന രമ തന്റെ ജീവിതച്ചെലവുകൂടി അയാളെക്കൊണ്ട് വഹിപ്പിക്കുന്നുണ്ട്. എന്താണ് നടന്നതെന്നുപോലും മനസിലാക്കാതെ രമയുടെ എല്ലാ ചെലവും അയാൾ ഏറ്റ് അതിനുവേണ്ടി കാശ് കളയുന്നു. നിലവിലെ നിയമ - സമൂഹവ്യവസ്ഥ എന്താന്നു മനസ്സിലാക്കാതെ മറ്റുള്ളവർ പറയുന്നതുകേട്ട് മണ്ടത്തരങ്ങൾ ചെയ്തുകൂട്ടുന്ന ഒരാൾ മാത്രമാണ് അയാളെന്നു വ്യക്തം. തൊഴിലാളിസംഘടനയോടും അയാൾ ഇങ്ങനെയാണ് പെരുമാറുന്നത്.

ബസ് വാങ്ങിയശേഷം മുരളി തന്റെ സംരംഭം നടത്തിക്കൊണ്ടുപോയതിന്റെ ഏതാനും ഏടുകൾ ഇതൊക്കെയാണ്:
1. വേണ്ടത്ര പരിശോധനയില്ലാതെ കൂടിയവിലയ്ക്ക് പഴയ ബസ് വാങ്ങുന്നു. ബസിന്റെ ഫിറ്റ്‌നസോ മറ്റോ അയാൾ ശ്രദ്ധിക്കുന്നില്ല. പാട്ടവണ്ടിയെന്നാണ് കുട്ടികൾ ആ ബസിനെ വിളിച്ചതെന്നോർക്കണം.
2. ബസ് സർവ്വീസ് സംബന്ധിച്ച് നിയമപരമായ കാര്യങ്ങൾ അയാൾ നോക്കുന്നില്ല. ബസ് ഉടമാസംഘത്തിൽ അംഗമാകുന്നില്ല. മറിച്ച് നിയമവും സംഘടനയും മറ്റും തനിക്കു ബാധകമല്ലെന്നു പറഞ്ഞു ജീവിക്കുന്നു. കണ്ടക്ടർക്ക് കാക്കി യൂണിഫോം വേണമെന്നുപോലും അയാൾക്കറിയില്ലത്രേ.
3. ബസിന്റെ അതാതുദിവസത്തെ വരുമാനം വാങ്ങിക്കുകയോ വേണ്ടത്ര മാനേജ്‌മെന്റ് നയം പുലർത്തുകയോ ചെയ്യുന്നില്ല. ഇത്തരം കാര്യങ്ങളിൽ തികഞ്ഞ ഉദാസീനത കാണിക്കുന്നു.
4. കണ്ടക്ടർ വത്സൻ കളക്ഷൻ തുകയുമായി നാടുവിടുമ്പോൾ പോലീസിൽ പരാതിപ്പെടാൻ അയാൾ ശ്രമിക്കുന്നില്ല. അതേസമയം വത്സനെ കായികമായി മുരളി അക്രമിക്കുകയും ചെയ്യുന്നു.
4. തൊഴിലാളിസംഘടന പ്രശ്‌നമുണ്ടാകുമ്പോൾ അയാളെ കേൾക്കാനും ഒത്തുതീർപ്പിനും ശ്രമിക്കുമ്പോൾ അയാൾ അവരോടു തട്ടിക്കയറി എല്ലാം കുളമാക്കുന്നു. ലേബർ ഓഫീസർ വിളിച്ച ചർച്ചയിൽ തനിക്ക് ചർച്ച വേണ്ടെന്നു പറയുന്നു.
5. പൊലീസിനെ ഉപയോഗിച്ച് തൊഴിലാളികളെ നേരിടുന്നു.

ചുരുക്കത്തിൽ സമൂഹത്തിലെ നിയമ- സംസ്‌കാരവ്യവസ്ഥകൾ തനിക്കു ബാധകമല്ലെന്നു പറഞ്ഞ് മറ്റുള്ളവർ തന്നെ ഉപദ്രവിക്കുകയാണെന്നു വിശ്വസിച്ചു ജീവിക്കുന്ന ആൾ മാത്രമാണയാൾ. അയാളെ ആ ബോധത്തിൽ കെട്ടിയിടുന്നത് പാരമ്പര്യമായി അയാളാർജിച്ച ജാതിബോധമാണെന്നു പറയാം. അത്തരത്തിലുള്ള നിരവധി ആഖ്യാനങ്ങൾ മലയാളസാഹിത്യത്തിലും മറ്റും കാണാൻകഴിയും. ആധുനികതയിലൂടെ നിലവിലെ ജാതിപാരമ്പര്യത്തെ ചോദ്യം ചെയ്ത് കീഴാളരും മറ്റും വളരുമ്പോൾ അതിലസ്വസ്ഥതകാണിച്ച് തങ്ങളെ ലോകം തള്ളിക്കയുകയാണെന്നു വിലപിക്കുന്ന ആഖ്യാനങ്ങൾ ചങ്ങമ്പുഴക്കവിതകളിലും മറ്റും കാണാം. സമൂഹം തന്നെ എതിർക്കന്ന ശക്തിയാണെന്നു പറഞ്ഞ് അതിനെ പുച്ഛിച്ചുനടക്കുന്ന "കാല്പനികനായകന്മാർ' ഈ പശ്ചാത്തലത്തിലാണ് ഉണ്ടാകുന്നത്. പാരമ്പര്യമായി സമൂഹത്തിൽ അധീശപദവി നേടിക്കഴിഞ്ഞവർക്ക് അതു നഷ്ടമായപ്പോഴാണ് ആധുനികസമൂഹത്തോടു പുച്ഛംതോന്നിയതെന്ന് കാണാം. അത്തരമുള്ള പുച്ഛത്തിന്റെ ചരിത്രപരതയാണ് മുരളിയിലും കാണുന്നത്.

പത്തൊമ്പതാംനൂറ്റാണ്ടുമുതൽ ആധുനികത ശക്തിപ്പെടുമ്പോൾ കേരളത്തിൽ അക്കാലത്ത് ആധിപത്യം പുലർത്തിയിരുന്ന നായർജാതി കീഴാളരുടെ വളർച്ചയോടെ സമൂഹത്തിന്റെ മേധാവിത്വവർഗ്ഗമെന്ന നിലയിൽനിന്ന് താഴേക്കു പോകുന്നതായി റോബിൻ ജെഫ്രി നിരീക്ഷിക്കുന്നുണ്ട് (നായർമേധാവിത്വത്തിന്റെ പതനം). പരമ്പരാഗത മേധാവിത്വം ഇല്ലാതായവർ പുതുതായി വളരുന്നവരെ പുച്ഛത്തോടു കാണുകയും അസ്വസ്ഥതപ്രകടിപ്പിക്കുകയും ഭൂതകാലമാണ് നല്ലതെന്നു പറയുകയും ചെയ്യുന്നു. ചരിത്രപരമായ ഈ പ്രക്രിയ ഗൾഫ് പണം വരുന്നതോടെ മറ്റൊരുരൂപത്തിലാകുന്നുണ്ട്. ഗൾഫിലൂടെ പുത്തൻപണക്കാരായാവരോടുള്ള പരമ്പരാഗത പണക്കാരുടെ അസ്വസ്ഥതയാണത്.

തൊഴിലാളിവർഗ്ഗത്തിന്റെ ആധുനികത

ഇവിടെയാണ് മുരളിയെ എതിർക്കുന്ന തൊഴിലാളി സംഘടന പ്രവർത്തിക്കുന്ന രീതി മനസ്സിലാക്കേണ്ടത്. തൊഴിലാളിസംഘടന മുരളിയുടെ മുന്നിൽ ആദ്യം വരുന്നത് മുരളി തന്റെ തൊഴിലാളിയെ കണ്ണുപൊട്ടൻ എന്നൊക്കെ വിളിച്ചു എന്നു പറഞ്ഞപ്പോഴാണ്. തൊഴിലാളി നേതാവായ പ്രഭാകരൻ മുരളിയോടു ഇക്കാര്യത്തിൽ ശക്തമായി പറയുന്ന രംഗമുണ്ട്. ഇവിടുത്തെ തൊഴിലാളി വർഗ്ഗം പഴയ അടിമകളല്ലെന്നും ഉയിർത്തെഴുന്നേറ്റ വർഗ്ഗമാണെന്നും അവരെ ആക്ഷേപിക്കുന്ന വിധത്തിലുള്ള പദപ്രയോഗങ്ങൾ പാടില്ലെന്നും പറയുന്ന രംഗം മലയാളസിനിമയിലെ എണ്ണപ്പെട്ട രംഗമാണെന്നു പറയണം. തൊഴിലാളികളെ, മനുഷ്യരെ മനുഷ്യത്വപരമായ പദങ്ങൾ ഉപയോഗിച്ചേ സംബോധന ചെയ്യാവൂ എന്ന ബോധം കേരളീയാധുനികതയുടെ വളർച്ചയാണ് അടയാളപ്പെടുത്തുന്നത്.

തുടർന്ന് തൊഴിലാളിസംഘടനകൾ മുരളിയുടെ ബസിലെ തൊഴിൽപ്രശ്‌നങ്ങൾ ഗൗരവമായി കാണുന്നു. പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ സംഘടനയായി ഉടമയെ കേൾക്കാനവർ തയാറാകുന്നുണ്ട്. ഏകപക്ഷീയമായ തീരുമാനങ്ങൾ അവരെടുക്കുന്നില്ലെന്നർഥം. എന്നാൽ മുരളിയാകട്ടെ അതിനെ നിഷേധിക്കുന്നു. തൊഴിലാളി സംഘടനകൾ ഒത്തുതീർപ്പു ചർച്ചകൾക്ക് പലവട്ടം തയാറാകുന്നുണ്ട്. എന്നാലതിനൊന്നും മുരളി തയാറാകുന്നില്ല. ലേബർ ഓഫീസർ വളരെ ത്യാഗമനോഭാവത്തോടെ കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചിട്ടും മുരളി വഴങ്ങുന്നില്ല എന്ന് ശ്രദ്ധിക്കണം. ഒരു പാവപ്പെട്ട പെൺകുട്ടിക്ക് കൺസെഷൻ അനുവദിക്കാതിരുന്ന മുരളിയാണ് ഇവിടെ തൊഴിലാളികളെ തന്റെ ചോരകുടിക്കുന്ന അട്ടയായിക്കണ്ട് പോരടിക്കുന്ന നായകനായി വളരുന്നതെന്നു ശ്രദ്ധിക്കണം. ആദ്യം മറ്റുള്ളവർ പറയുന്നതുമാത്രം കേട്ടിരുന്ന മുരളിയെന്ന കഥാപാത്രം വളർച്ചയിൽ മറ്റുള്ളവർ പറയുന്നതൊന്നും കേൾക്കാത്ത കഥാപാത്രമായി മാറുന്ന പരിണാമമാണ് ശ്രദ്ധിക്കേണ്ടത്. ഈ പരിണാമം കേവലമായി ഒരു കഥാപാത്രത്തിന്റെ പരിണാമമല്ല മറിച്ച് ചരിത്രപരമായി കീഴാളവർഗ്ഗത്തിന്റെ വളർച്ചയിൽ അസ്വസ്ഥത തോന്നുന്ന, ജാതിഭൂതകാലത്തിൽ വിശ്വസിക്കുന്നവരുടെ പ്രകടനമായിട്ടാണ് കാണേണ്ടത്.

ഇവിടുത്തെ തൊഴിലാളി വർഗ്ഗം പഴയ അടിമകളല്ലെന്നും ഉയിർത്തെഴുന്നേറ്റ വർഗ്ഗമാണെന്നും അവരെ ആക്ഷേപിക്കുന്ന വിധത്തിലുള്ള പദപ്രയോഗങ്ങൾ പാടില്ലെന്നും പറയുന്ന രംഗം മലയാളസിനിമയിലെ എണ്ണപ്പെട്ട രംഗമാണെന്നു പറയണം

ബസ്സുടമയായതോടെ ഓരോകാര്യത്തിലും തൊഴിലാളികൾ പ്രശ്‌നമുണ്ടാക്കി ആ ബസിനെ തകർക്കുകയാണെന്ന മട്ടിലാണ് ആഖ്യാനത്തിന്റെ ഒരു ദിശ പോകുന്നതെന്നു കാണാം. എന്നാൽ ബസ് സർവ്വീസിന്റെ ദൃശ്യവത്കരണം മറ്റൊരു ദിശയിലേക്കാണ് പോകുന്നത്. ആദ്യത്തെ യാത്രമുതൽ ബസിൽ നിറച്ചാളുകളാണെന്നു കാണാം. പലപ്പോഴും കുത്തിനിറച്ചാണ് ആളുകളെ കൊണ്ടുപോകുന്നത്. എന്നാൽ അതിന്റെ വരുമാനമൊന്നും കിട്ടുന്നതായി കാണിക്കുന്നില്ല. ആദ്യത്തെ യാത്ര കഴിഞ്ഞപ്പോൾ കളക്ഷനെക്കുറിച്ച് ഒരു സംസാരം ഉണ്ടാകുന്നുണ്ട്. അപ്പോൾ കണ്ടക്ടർ, കളക്ഷൻ മോശമില്ലെന്നും എന്നാൽ കൂടുതലും കുട്ടികളൊക്കെയായിരുന്നുവെന്നും പറയുന്നുണ്ട്. എന്നാൽ തുടർന്നുള്ള രംഗങ്ങളിലൊക്കെ ബസിൽ വലിയ തിരക്കാണ് കാണിക്കുന്നത്. അമ്പലക്കടവിലേക്കുള്ള ഏക സർവ്വീസാണിത്. അപ്പോൾ നല്ല വരുമാനം കിട്ടുന്നുവെന്നാണ് സൂചന. എന്നാൽ ഓരോ പ്രശ്‌നത്തിൽപെട്ട് മുരളി കടത്തിലേക്കു പോകുന്നുവെന്ന് ആവർത്തിച്ചു പറയുന്നുമുണ്ട്.

ഗൾഫിൽ ചെറിയ ജോലിചെയ്ത് വലിയതോതിൽ വരുമാനം കണ്ടെത്തിയ മുരളിക്ക് ഇവിടെ ബസ് നടത്തി നഷ്ടമില്ലാതെ കൊണ്ടുപോകാൻ പറ്റുന്നില്ലെന്നാണ് ആഖ്യാനം പറയുന്നത്. വളരെവേഗം മാറുന്ന കേരളസമൂഹത്തിലെ പരമ്പരാഗതസാമൂഹികബന്ധങ്ങൾ ശിഥിലമാവുകയാണെന്നും അതിനാൽ നവോത്ഥാനപരമായ മാറ്റങ്ങളെ മനസ്സിലാക്കി അധ്വാനിച്ചെങ്കിലേ സംരംഭങ്ങൾ വിജയിപ്പിക്കാനാകൂ എന്നുമാണ് വരവേല്പ് പറയുന്നത്. പരമ്പരാഗതമായ ജാതിഭൂതകാലത്തിന്റെ സാമൂഹികപദവിയുടെ പേരിൽ സമ്പന്നനാകാമെന്ന ചിന്ത കേരളസമൂഹത്തിലെ ആധുനികത ചോദ്യംചെയ്യുന്നുണ്ടെന്ന തിരിച്ചറിവാണ് സിനിമ മുന്നോട്ടുവയ്ക്കുന്നത്. അതുകൊണ്ടാണ് മുരളി നാടുവിട്ട് വീണ്ടും ബോംബെയിലേക്ക് പോകുന്നത്. മുരളിയുടെ മനസ്സിലെ ഭൂതകാലവുമായി ഇവിടെ ജീവിക്കുക അസാധ്യമായിരിക്കുന്നുവെന്ന തിരിച്ചറിവിലാണ് അയാൾ നാടുവിടുന്നത്. ജാതിഭൂതകാലത്തിന്റെ ശേഷിപ്പുകളെ ഇല്ലാതാക്കുന്ന ശക്തിയായിട്ടാണ് തൊഴിലാളിപ്രസ്ഥാനങ്ങൾ ചരിത്രത്തിലിടംപിടിക്കുന്നത്. ആധുനികത ജാതിഭൂതകാലത്തെ ഇല്ലാതാക്കുന്നുവെന്ന കാഴ്ചയാണ് മലയാളസിനിമ എൺപതുകളിൽ അടിസ്ഥാനപാഠമായി മുന്നോട്ടുവച്ചതെന്നു കാണാം. ഈ പാഠത്തെ പ്രശ്‌നവത്കരിക്കുന്ന കാഴ്ചയായിട്ടാണ് ഗൾഫെന്ന വ്യവഹാരം കടന്നുവരുന്നത്.

Comments