ഓപ്പണ്‍ഹീമറുടെ ജീവിതം ചലച്ചിത്രമാകുമ്പോള്‍

ഈ ചലച്ചിത്രം കണ്ടു കഴിയുമ്പോള്‍, എന്തുകൊണ്ടാണ് നമ്മുടെ ബുദ്ധിജീവിതത്തിലെ ആന്തരികവൈരുദ്ധ്യങ്ങളേയും ധാര്‍മ്മികസങ്കടങ്ങളേയും ആവിഷ്‌ക്കരിക്കാന്‍ നമ്മുടെ എഴുത്തുകാര്‍ക്കും ചലച്ചിത്രകാരന്മാര്‍ക്കും കഴിയാതിരിക്കുന്നതെന്ന ചിന്തയിലേക്കു നാം നയിക്കപ്പെട്ടേക്കാം.

ണുബോംബിന്റെ പിതാവ് എന്ന ദുഷിച്ച പ്രശംസയിലൂടെ പരോക്ഷമായ കുറ്റാരോപണങ്ങള്‍ക്കു വിധേയമാകുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്നു, പ്രശംസിക്കുന്ന ഭരണകൂടത്താല്‍ തന്നെ നിരന്തരം സംശയിക്കപ്പെടുന്നു, കുറ്റവിചാരണകള്‍ക്കു വിധേയമാക്കപ്പെടുന്നു, അതേസമയം തന്റെ ജീവിതത്തിലുടനീളം ധാര്‍മ്മികസംഘര്‍ഷങ്ങളില്‍ പെട്ടുഴലുകയും പാപബോധത്തെ പേറുകയും ചെയ്യുന്നു, എന്നിട്ടും അന്വേഷണതൃഷ്ണയിലും ഉത്തരവാദിത്തപൂര്‍ണ്ണവും പ്രതിജ്ഞാബദ്ധവുമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നു - ഇങ്ങനെ തന്റെ ബുദ്ധിജീവിതത്തിലുടനീളം നിരവധി പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുപോയ ഇരുപതാം നൂറ്റാണ്ടിലെ ഒരു മഹത് ശാസ്ത്രജ്ഞന്റെ ജീവിതമാണ് ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹീമര്‍ എന്ന ചലച്ചിത്രം പറയുന്നത്. ശാസ്ത്രവും അധികാരവും / അറിവും അധികാരവും തമ്മിലുള്ള വലിയ പ്രശ്‌നീകരണങ്ങളെ പ്രത്യക്ഷത്തില്‍ തന്റെ ജീവിതത്തിലുടനീളം അഭിമുഖീകരിച്ച ഒരു ശാസ്ത്രജ്ഞന്റെ ജീവിതകഥാദൃശ്യങ്ങള്‍ സഹൃദയമനസ്സുകള്‍ക്കു ഗ്രഹിക്കാനുതകും വിധം സാക്ഷാത്ക്കരിക്കുന്നു, ക്രിസ്റ്റഫര്‍ നോളന്‍ എന്ന ചലച്ചിത്രകാരന്‍.

മനുഷ്യര്‍ക്കു വേണ്ടി സ്വര്‍ഗ്ഗത്തില്‍ നിന്നും തീ കൊണ്ടുവരികയും അതിനാല്‍ ദൈവത്തിന്റെ ശിക്ഷകള്‍ക്കു വിധേയമാകുകയും ചെയ്ത ഗ്രീക്കു പുരാണനായകനായ പ്രൊമിത്ത്യൂസിനെ കുറിച്ചുള്ള പരാമര്‍ശങ്ങളിലൂടെയാണ് ഈ ചലച്ചിത്രം ആരംഭിക്കുന്നത്. അമേരിക്കന്‍ പ്രൊമിത്ത്യൂസ് എന്ന പേരില്‍ എഴുതപ്പെട്ടിട്ടുള്ള ഓപ്പണ്‍ഹീമറുടെ ജീവചരിത്രം ഈ ചലച്ചിത്രത്തിന്റെ പ്രധാന പ്രേരണയുമാണ്. നേര്‍രേഖീയമല്ലാത്ത അവതരണരീതിയാണ് ചലച്ചിത്രകാരന്‍ സ്വീകരിക്കുന്നത്. ചലച്ചിത്രം പകരാന്‍ ആഗ്രഹിക്കുന്ന ധൈഷണികവും വൈകാരികവുമായ ഭാവപ്രപഞ്ചങ്ങളുടെ ശരിയായ സംവേദനത്തിന് ഈ അവതരണരീതി ശക്തി നല്‍കുന്നു. ജിജ്ഞാസയുടെയും ധൈഷണികാവേശത്തിന്റെയും തള്ളിച്ചയില്‍ പരീക്ഷണശാലയിലെ ഫ്‌ളാസ്‌ക് താഴെയിട്ടുടയ്ക്കുകയും ഇതിന്റെ അനിഷ്ടത്തിലും നീരസത്തിലും നില്‍ക്കുന്ന അദ്ധ്യാപകനോട് ധൈഷണികാവേശം അടക്കാനാവാതെ അധിക താല്‍പ്പര്യത്തോടെ നീല്‍സ് ബോറിന്റെ പ്രസംഗം തുടങ്ങാറായി എന്നു പറയുകയും ചെയ്യുന്ന റോബര്‍ട്ട് ഓപ്പണ്‍ഹീമറെന്ന വിദ്യാര്‍ത്ഥിയെ ക്രിസ്റ്റഫര്‍ നോളന്‍ തുടക്കത്തിലേ അവതരിപ്പിക്കുന്നുണ്ട്. തന്നോട് ബോറിന്റെ പ്രസംഗത്തിനു വരേണ്ടെന്നു പറയുന്ന അദ്ധ്യാപകന്റെ പ്രവൃത്തിയില്‍ ക്രുദ്ധനായി ഒരു ആപ്പിളില്‍ പൊട്ടാസ്യം സയനൈഡ് കുത്തിവച്ച് അത് തന്റെ അദ്ധ്യാപകനു വേണ്ടി കരുതിവെയ്ക്കുന്നു, അയാള്‍. പിന്നീട് തന്നോട് സംസാരിച്ചു നില്‍ക്കെ ആ ആപ്പിള്‍ തിന്നാനൊരുങ്ങുന്ന (വിദ്യാര്‍ത്ഥിയുടെ കണ്ണ് എപ്പോഴും ബോര്‍ വിഷം നിറച്ച ആപ്പിള്‍ കൈയ്യിലെടുക്കുന്നുണ്ടോ എന്നതിലായിരുന്നു) ബോറിന്റെ കൈയില്‍ നിന്നും അതു തട്ടിമാറ്റി കളയുന്നു. ഈ ദൃശ്യം ഓപ്പണ്‍ഹീമറുടെ പിന്നീടുള്ള ജീവിതത്തിലെ ധൈഷണികാവേശങ്ങളുടേയും അതു മൂലം നയിക്കേണ്ടി വരുന്ന 'തെറ്റു'കളുടേയും ധര്‍മ്മസങ്കടങ്ങളുടേയും ലോകത്തേക്കുള്ള ഒരു പ്രവേശികയാകുന്നുണ്ട്.

റോബര്‍ട്ട് ഓപ്പണ്‍ഹീമര്‍

ഇംഗ്ലണ്ടിലെ ഡോക്ടറല്‍ ഗവേഷണത്തിനു ശേഷം അമേരിക്കയില്‍ മടങ്ങിയെത്തുന്ന ഓപ്പണ്‍ഹീമര്‍ ക്വാണ്ടം ഭൗതികത്തിന്റെ അമേരിക്കയിലെ ശബ്ദമായി മാറുന്നുണ്ട്. ക്വാണ്ടം വിദ്യുത്ഗതികം ഉള്‍പ്പെടെയുള്ള സൈദ്ധാന്തികമേഖലകളില്‍ അദ്ദേഹം വ്യാപരിക്കുന്നു. ഒരു ഇലക്‌ട്രോണ്‍ ഫോട്ടോണിനെ ഉത്സര്‍ജ്ജിക്കുകയും അതിനെ തന്നെ ആഗിരണം നടത്തുകയും ചെയ്യുന്ന പ്രക്രിയ കളെ ക്വാണ്ടം വിദ്യുത്ഗതികം അംഗീകരിക്കുന്നതായി റോബര്‍ട്ട് ഓപ്പണ്‍ഹീമര്‍ ഊഹിച്ചെടുക്കുന്നുണ്ട്. ഈ സങ്കല്പനത്തിന്റെ അടിസ്ഥാനത്തില്‍ ഓപ്പണ്‍ഹീമര്‍ നടത്തിയ കലനങ്ങളുടെ ഫലങ്ങളും അനന്തത്തിലേക്കു നീളുന്നതായിരുന്നു. ഇങ്ങനെയെങ്കില്‍ ഹൈഡ്രജന്റെ വര്‍ണ്ണരാജി അപരിമിതമായ അളവിലുള്ള ഊര്‍ജ്ജ ഉത്സര്‍ജ്ജനത്താല്‍ സ്വയം നശിക്കുമെന്ന ഫലത്തിലേക്കാണ് ഓപ്പണ്‍ഹീമര്‍ എത്തിച്ചേര്‍ന്നത്. ക്വാണ്ടം വിദ്യുത്ഗതികം ഉപയോഗമില്ലാത്തതായിരിക്കുവെന്ന്, ഭൗതികശാസ്ത്രം അവസാനിപ്പിച്ച് നോവലുകളെഴുതാന്‍ തുടങ്ങുകയാണെന്ന് ഡിറാക്കിന് പോളിയെഴുതിയത് നിരാശാപൂര്‍ണ്ണമായ ഈ സന്ദര്‍ഭത്തിലായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളെ കുറിച്ച് ചലച്ചിത്രം നിശബ്ദമാണെങ്കിലും ഭൗതികശാസ്ത്രസിദ്ധാന്തങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ആകാംക്ഷകളേയും അന്വേഷണങ്ങളേയും ചലച്ചിത്രം ദൃശ്യവല്‍ക്കരിക്കുന്നുണ്ട്. നക്ഷത്രങ്ങളുടെ മരണത്തേയും ഗുരുത്വാകര്‍ഷണച്ചുരുങ്ങലുകളേയും തമോഗര്‍ത്തങ്ങളേയും കുറിച്ച് സംസാരിക്കുന്ന റോബര്‍ട്ടിനെ നാം ചലച്ചിത്രത്തില്‍ കാണുന്നു. ഓട്ടോ ഹാനും സ്ട്രാസ്മാനും ചേര്‍ന്ന് അണുകേന്ദ്രവിഘടനം കണ്ടെത്തിയെന്ന വാര്‍ത്ത അമേരിക്കയില്‍ എത്തുമ്പോള്‍ ആദ്യം അതില്‍ സന്ദേഹം പ്രകടിപ്പിക്കുന്ന ഓപ്പണ്‍ഹീമര്‍ പിന്നീട് സൈദ്ധാന്തികമായി അതു സാദ്ധ്യമാണെന്ന് മനസ്സിലാക്കുന്നതായി ചലച്ചിത്രം പറയുന്നു. രണ്ടാം ലോകയുദ്ധത്തിന്റെ സങ്കീര്‍ണ്ണസ്ഥിതിയില്‍ നാസികള്‍ പുതിയ കണ്ടെത്തലിനെ ഉപയോഗിച്ച് ആയുധം നിര്‍മ്മിച്ചേക്കാമെന്ന ഭീതി ശാസ്ത്രജ്ഞന്മാരിലുമുണ്ട്. ജൂതശാസ്ത്രമെന്ന പേരില്‍ ക്വാണ്ടം ഭൗതികത്തില്‍ ഹിറ്റ്‌ലര്‍ക്കു വിശ്വാസമുണ്ടായിരിക്കില്ലെന്ന പരാമര്‍ശങ്ങള്‍ നാം കേള്‍ക്കുന്നു. എന്നാല്‍, ക്വാണ്ടം ഭൗതികത്തിലെ അത്യുന്നതപ്രതിഭകളായ ഹൈസണ്‍ബര്‍ഗിനെ പോലുള്ളവര്‍ ജര്‍മ്മനിയിലുണ്ടെന്ന കാര്യവും സൂചിക്കപ്പെടുന്നു. അണുബോംബ് നിര്‍മ്മിക്കുകയെന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെ തീരുമാനവും മാന്‍ഹാട്ടന്‍ പദ്ധതിയുടെ രൂപീകരണവും നടക്കുന്നു. മാന്‍ഹാട്ടന്‍ പദ്ധതിയുടെ തലവനായി ഓപ്പണ്‍ഹീമര്‍ നിയമിക്കപ്പെടുന്നു.

ഒരിക്കലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാര്‍ഡ് സ്വീകരിച്ചിട്ടില്ലെങ്കിലും കമ്മ്യൂണിസ്റ്റുകളുമായുള്ള ഓപ്പണ്‍ഹീമറുടെ ബന്ധം ചലച്ചിത്രത്തിന്റെ തുടക്കം മുതല്‍ സൂചിപ്പിക്കപ്പെടേണ്ടി വരുന്ന സാഹചര്യങ്ങളുണ്ട്. മനുഷ്യരാശിയിലെ മഹാപ്രതിഭകളോടൊപ്പം മാര്‍ക്‌സിനെ കുറിച്ചു പറയുന്ന ഓപ്പണ്‍ഹീമറെ നാം കാണുന്നു. കമ്മ്യൂണിസ്റ്റുകളും പുരോഗമനകാരികളും എല്ലാം ഉള്‍പ്പെടുന്ന സൗഹൃദസംഘത്തിന്റെയും അവരുടെ സംഘടനയുടേയും കൂടിച്ചേരലുകള്‍ പരീക്ഷണശാലയില്‍ നടക്കുന്നതിനെ സഹശാസ്ത്രജ്ഞനായ ലോറന്‍സ് വിമര്‍ശിക്കുന്നതിന്റേയും എതിര്‍ക്കുന്നതിന്റേയും ദൃശ്യങ്ങളുമുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാര്‍ഡുള്ളവളും മന:ശാസ്ത്രജ്ഞയുമായ ജീനുമായുള്ള അടുപ്പവും പ്രണയവും വിശദമായി ചിത്രണം ചെയ്യപ്പെടുന്നു. ഓപ്പണ്‍ഹീമറുടെ ധൈഷണികാവേശങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന ടി എസ് എലിയറ്റിന്റെ കൃതിയും സംസ്‌കൃതവും ഭഗവത്ഗീതയും ചലച്ചിത്രത്തില്‍ കടന്നുവരുന്നു. ജീന്‍ ഭഗവത്ഗീതയിലെ ശ്ലോകത്തെ കുറിച്ചു ചോദിക്കുന്ന ഭാഗം നിലനിര്‍ത്തുമ്പോള്‍ തന്നെ അവളുടെ പ്രതികരണവും തുടര്‍ന്നുള്ള ലൈംഗികബന്ധദൃശ്യങ്ങളുടെ കുറേ ഭാഗങ്ങളും ഇന്ത്യയിലെ പ്രദര്‍ശനങ്ങളില്‍ നീക്കം ചെയ്യപ്പെട്ടതായ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ജീനിന്റെ ആത്മഹത്യയും ഓപ്പണ്‍ഹീമറുടെ ദാമ്പത്യത്തിലെ പ്രശ്‌നസംഘര്‍ഷങ്ങളും കൂടി ചലച്ചിത്രത്തിന്റെ പ്രധാനഭാഗമാണ്.

ബോംബു നിര്‍മ്മാണത്തിനുള്ള സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ അളവ് വര്‍ദ്ധിക്കുന്നതും ലോസ് അലമോസിലെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ ഓപ്പണ്‍ഹീമറുടെ നേതൃത്വത്തില്‍ മുന്നോട്ടു പോകുന്നതും ഉള്‍പ്പെടെ കഥാനായകനായ ശാസ്ത്രജ്ഞന്റെ ജീവിതത്തിലും ഗവേഷണത്തിലുമുള്ള നിരവധി ഘട്ടങ്ങളേയും അദ്ദേഹം അഭിമുഖീകരിക്കുന്ന പലേ പ്രശ്‌നങ്ങളേയും ചെറിയ ദൃശ്യങ്ങളിലൂടെയെങ്കിലും ചലച്ചിത്രത്തില്‍ സൂചിപ്പിക്കപ്പെടുന്നുണ്ട്. ഐന്‍സ്റ്റൈനുമായും ആണവോര്‍ജ്ജ ചെയര്‍മാന്‍ സ്ട്രൗസുമായും സേനാനായകനായ ലെസ്ലി ഗ്രോവ്‌സുമായും ഓപ്പണ്‍ഹീമര്‍ക്കുള്ള ബന്ധത്തിന്റെ സ്വഭാവവ്യത്യാസങ്ങളില്‍ കണിശമായി ഊന്നിക്കൊണ്ടാണ് ചലച്ചിത്രകാരന്‍ തന്റെ ചലച്ചിത്രദൃശ്യങ്ങളെ സാക്ഷാത്ക്കരിച്ചിരിക്കുന്നത്. സ്ട്രൗസിന് മുഖം നല്‍കാത്ത ഐന്‍സ്റ്റൈന്‍ ഓപ്പണ്‍ഹീമറോട് കരുണയോടെയും സഹശാസ്ത്രജ്ഞനോടുള്ള ആദരവോടെയുമാണ് ഇടപെടുന്നത്. കുര്‍ട് ഗോഡലുമൊത്ത് നടക്കാനിറങ്ങിയിരിക്കുന്ന ഐന്‍സ്റ്റൈനെ ആല്‍ബര്‍ട്ട് എന്നു പിന്നില്‍ നിന്നും വിളിച്ചുകൊണ്ട് ഹാനിന്റേയും സ്ട്രാസ്മാന്റേയും കണ്ടെത്തലുകളെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവയ്ക്കുന്ന സന്ദര്‍ഭം -ലോകത്തിലെ അത്യുന്നതരായ മൂന്നു ബുദ്ധിജീവിതങ്ങളുടെ കൂടിച്ചേരലിന്റെ ദൃശ്യം - വളരെ സവിശേഷമായി ക്രിസ്റ്റഫര്‍ നോളന്‍ ആവിഷ്‌ക്കരിക്കുന്നു. ആ ഒറ്റ ദൃശ്യത്തിലെ ഒറ്റ സംഭാഷണത്തിലൂടെ കുര്‍ട് ഗോഡല്‍ എന്ന വിശ്രുത ഗണിതശാസ്ത്രജ്ഞന്റെ ആന്തരികലോകങ്ങളിലേക്കു കൂടി മറ്റാര്‍ക്കും കഴിയില്ലല്ലോയെന്ന പ്രതീതിയുണ്ടാക്കി കൊണ്ട് സംവിധായകന്‍ വെളിച്ചം നല്‍കുന്നു.

ഫ്‌ളോറന്‍സ് പ്യു അവതരിപ്പിച്ച ജീന്‍ റ്റട്‌ലോക്ക്

ബോംബ് നിര്‍മ്മാണം പൂര്‍ത്തിയാകുകയും പരീക്ഷണസ്‌ഫോടനത്തിനായി ഒരുങ്ങുകയും ചെയ്യുന്ന സന്ദര്‍ഭത്തെ വിജയപ്രതീക്ഷ, ഭയം, അപകടസാദ്ധ്യതകള്‍, ഉല്‍ക്കണ്ഠകള്‍ എല്ലാം നിറഞ്ഞ, ശാസ്ത്രജ്ഞന്മാരുടെ പ്രവര്‍ത്തനപദ്ധതികളുടെ തന്നെ വലിയ പരീക്ഷണഘട്ടമായി ദൃശ്യവല്‍ക്കരിക്കാന്‍ നോളനു കഴിഞ്ഞിരിക്കുന്നു. പരീക്ഷണബോംബ് പൊട്ടിത്തെറിക്കുമ്പോള്‍ ആയിരം സൂര്യന്മാര്‍ ഒന്നിച്ചു ജ്വലിക്കുന്ന വെളിച്ചത്തില്‍ ഓപ്പണ്‍ഹീമറുടെ മുഖം വിളറി വെളുത്തു വിവര്‍ണ്ണമാകുന്നു. അഗ്നിജ്വാലകളും പുകയും സ്‌ഫോടനശബ്ദങ്ങളും കൊണ്ട് വെള്ളിത്തിരയും തീയേറ്റര്‍ ഹാളും അന്യാദൃശമായ അനുഭവലോകത്തെ സൃഷ്ടിക്കുന്നു. വിജയത്തിന്റെ സന്തോഷപ്രകടനങ്ങളുടെ തുടര്‍ച്ചയില്‍ അധികാരത്തിന്റെ തനിനിറം വ്യക്തമാക്കുന്ന ഇടപെടലുകള്‍ മിക്കവാറും എല്ലാ ശാസ്ത്രജ്ഞന്മാരേയും വലിയ ആപത്ശങ്കകളിലേക്കു നയിക്കുന്നു. ഓപ്പണ്‍ഹീമറുടെ വലിയ ധര്‍മ്മപരീക്ഷണങ്ങളുടെയും മാനസികസംഘര്‍ഷങ്ങളുടെയും കാലം ആഗതമാകുന്നു.

ഐന്‍സ്റ്റൈനും ഓപ്പണ്‍ഹീമറും ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞന്മാര്‍ മാന്‍ഹാട്ടന്‍ പദ്ധതിയെ പിന്തുണയ്ക്കുകയോ അതില്‍ പങ്കാളികളാകുകയോ ചെയ്യുന്നത് നാസികള്‍ ബോംബുണ്ടാക്കുമെന്ന ഭീതിയിലും അതു ലോകത്തിനു വരുത്തിയേക്കാവുന്ന ദുരന്തത്തെ കുറിച്ചുള്ള ദീര്‍ഘദര്‍ശിത്വത്തിലുമാണ്. എന്നാല്‍, അമേരിക്കന്‍ ഭരണകൂടാധികാരത്തിന്റെ ലക്ഷ്യങ്ങള്‍ മറ്റൊന്നായിരുന്നു. അണുബോംബിന്റെ പരീക്ഷണവിജയം നടക്കുന്ന സമയത്തു തന്നെ ഒന്നരക്കോടിയിലേറെ സേനാംഗങ്ങളെ യുദ്ധഭൂമിയിലെ പോരാട്ടത്തിനായി നഷ്ടപ്പെടുത്തിയ സോവിയറ്റ് യൂണിയന്റെ സേന ബര്‍ലിനില്‍ പ്രവേശിക്കുകയും ജര്‍മ്മനി കീഴടങ്ങുകയും ഹിറ്റ്‌ലര്‍ ആത്മഹത്യയിലേക്കു നയിക്കപ്പെടുകയും ചെയ്തിരുന്നു. നാസി ശക്തികളുടെ പരാജയം ഉറപ്പായിരുന്നു. സോവിയറ്റ് സേന ജപ്പാനിലേക്കു മാര്‍ച്ച് ചെയ്യുകയായിരുന്നു. ആഗസ്റ്റിലെ രണ്ടാം വാരത്തില്‍ അവര്‍ അങ്ങോട്ടെത്തി ചേരുമെന്നുള്ള വിശ്വാസ്യകരമായ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജപ്പാന്‍ ഔപചാരികമായി കീഴടങ്ങാന്‍ സന്നദ്ധമായിരുന്നു. രാജാധികാരം നിലനിര്‍ത്താനുള്ള അവകാശം സംരക്ഷിച്ചു കൊണ്ട് കീഴടങ്ങാമെന്ന ജപ്പാന്റെ നിര്‍ദ്ദേശത്തെ അമേരിക്ക നിരാകരിക്കുകയായിരുന്നു. അണുബോംബ് പ്രയോഗിക്കുകയെന്നത് ലോകത്തിലെ ആയുധശക്തി തങ്ങളാണെന്നു തെളിയിക്കാനും രണ്ടാം ലോകയുദ്ധത്തിന്റെ വിജയം സോവിയറ്റ് യൂണിയന്റെ മാത്രം വിജയമായി ഘോഷിക്കപ്പെടാതിരിക്കാനും തങ്ങളാണ് ലോകയുദ്ധം വിജയിപ്പിച്ചതെന്നു വരുത്തി തീര്‍ക്കാനും അമേരിക്കന്‍ ഭരണകൂടത്തിന് ആവശ്യമായിരുന്നു. താല്‍പ്പര്യരഹിതരായും അര്‍ദ്ധമനസ്സോടെയും ഹിരോഷിമയിലും നാഗസാക്കിയിലും ബോംബിടാനുള്ള പദ്ധതികളെ അവര്‍ക്കു പിന്തുണക്കേണ്ടി വരുന്നു. അറിവും അധികാരവും തമ്മിലുള്ള ബന്ധത്തിന്റെ ഏറെ പ്രശ്‌നവല്‍ക്കരിക്കപ്പെടേണ്ടുന്ന ഒരു സന്ദര്‍ഭത്തെ ലോകമന:സാക്ഷി അഭൂതപൂര്‍വ്വമായ തോതില്‍ അഭിമുഖീകരിക്കുകയായിരുന്നു. രണ്ടരലക്ഷത്തോളം സാധാരണജനങ്ങളുടെ കൂട്ടക്കൊലക്കാണ്, ജപ്പാനിലെ രണ്ടു വലിയ നഗരങ്ങളിലെ അവശേഷിച്ച മനുഷ്യര്‍ ആണവമാലിന്യങ്ങളുടെ വികിരണം കൊണ്ട് ചത്തും ചാകാതെ ചത്തും വര്‍ഷങ്ങളോളം ജീവിക്കേണ്ടി വരുന്ന നൃശംസമായ അവസ്ഥയെ സൃഷ്ടിക്കുന്നതിനാണ് അമേരിക്കന്‍ ഭരണകൂടം ശ്രമിച്ചത്. അത് സംഭവിച്ചു. അതു രണ്ടാം ലോകയുദ്ധത്തിന്റെ അന്ത്യവും ലോകമെമ്പാടും ഭീതി വിതച്ച മറ്റൊരു ആയുധമത്സരത്തിന്റെയും ശീതയുദ്ധത്തിന്റെയും തുടക്കവുമായിരുന്നു.

ടോം കോന്റി അവതരിപ്പിച്ച ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

ജപ്പാനിലെ ഹിരോഷിമയിലേയും നാഗസാക്കിയിലേയും അണുബോംബുസ്‌ഫോടനങ്ങള്‍ ശാസ്ത്രത്തെ കുറിച്ചുളള തങ്ങളുടെ നിലപാടുകളെ പുനര്‍വിചാരണകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമാക്കാന്‍ ബുദ്ധിജീവികളെ പ്രേരിപ്പിക്കുന്നുണ്ട്. ബെര്‍തോള്‍ഡ് ബ്രെഹ്റ്റിന്റെ ഗലീലിയോ എന്ന നാടകത്തിന്റെ കഥ ഇതു നന്നായി വെളിപ്പെടുത്തുന്നുണ്ടല്ലോ? ആ നാടകത്തിന്റെ ആദ്യരൂപം ബ്രെഹ്റ്റ് പിന്നീട് വീണ്ടും വീണ്ടും വായിക്കുകയുണ്ടായി. ഈ പുനര്‍പാരായണങ്ങള്‍ പുനര്‍രചനകളായി മാറി. ചുരുങ്ങിയത് രണ്ടു പ്രാവശ്യമെങ്കിലും ഗലീലിയോ നാടകം പുതുക്കിയെഴുതപ്പെട്ടു. ശാസ്ത്രം കൊണ്ടുവരുന്ന ആധുനികയുഗത്തിന്റെ തുടക്കത്തെ കുറിച്ചുളള ആദ്യകാല ധാരണകളെ അദ്ദേഹം ഉപേക്ഷിക്കുന്നു. ഗലീലിയോ തുടക്കം കുറിച്ച ശാസ്ത്രയുഗത്തെ പുതിയ യുഗം, നിറഞ്ഞ അന്ധകാരത്തിലേക്ക് വെളിച്ചത്തിന്റെ പ്രവാഹം... എന്നിങ്ങനെയൊക്കെ വിശേഷിപ്പിച്ചിരുന്ന ഭാഗങ്ങള്‍ മറ്റു ചില ഭാഗങ്ങളോടൊപ്പം നാടകത്തില്‍ നിന്നും നീക്കം ചെയ്യപ്പെടുന്നു. സ്വയംതന്നെ പുരോയാനത്തിന്റെ ഉപകരണമായ ശാസ്ത്രം അധീശത്വത്തിന്റെ കൈകളില്‍ അടിച്ചമര്‍ത്തലിനുളള ഉപകരണമായി പരിവര്‍ത്തിക്കപ്പെടുന്നത് ബ്രഹ്റ്റ് കാണുന്നു. ഏതു ശക്തിക്കു മുമ്പിലാണോ ഗലീലിയോയ്ക്ക് കീഴടങ്ങേണ്ടി വന്നത് അതേ ദുരധികാരത്തിന്റെ ശക്തികള്‍ പുതിയ വേഷമണിഞ്ഞ് അദ്ദേഹം ഉദ്ഘാടനം ചെയ്ത ശാസ്ത്രത്തെ തങ്ങളുടെ താല്പര്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതായി ചിത്രണം ചെയ്യുന്ന ഭാഗങ്ങള്‍ എഴുതപ്പെടുന്നു. ഇവിടെ, ഈ ചലച്ചിത്രത്തില്‍, ഹിരോഷിമയിലേയും നാഗസാക്കിയിലേയും കൂട്ടക്കൊലകള്‍ തന്റെ ചലച്ചിത്രനായകനെ എങ്ങനെയെല്ലാം കീഴ്‌പ്പെടുത്തിയെന്ന് അതീവ ഹൃദ്യവും എന്നാല്‍ വേദനാജനകവുമായ ദൃശ്യങ്ങളിലൂടെ നോളന്‍ ആവിഷ്‌ക്കരിക്കുന്നു. ആനന്ദഹര്‍ഷങ്ങളില്‍ ഇരമ്പുന്ന അമേരിക്കന്‍ പൗരജനങ്ങളുടെ വലിയ കൈയ്യടികള്‍ക്കും ശബ്ദഘോഷങ്ങള്‍ക്കുമിടയിലേക്ക് അത്യന്തം വ്യഥിതമനസ്‌ക്കനായി ഇടറിയ കാല്‍വെയ്പുകളോടെ വരികയും യാന്ത്രികമായി മനസ്സില്ലാതെ വിജയത്തിന്റെ വാക്കുകള്‍ ദ്വയാര്‍ത്ഥത്തില്‍ ഉരുവിടുകയും പ്രസിഡന്റ് ട്രൂമാന്റെയും സെക്രട്ടറി ജനറലിന്റെയും മുന്നില്‍ സങ്കടചിത്തനായി പ്രത്യക്ഷനായി അവരുടെ അവഹേളനവാക്കുകള്‍ കേള്‍ക്കുകയും ടൈം മാസികയുടെ മുഖചിത്രമായി അണുബോംബിന്റെ പിതാവ് എന്ന അക്ഷരങ്ങളോടൊപ്പം തന്റെ ചിത്രം കണ്ട് മുഖം വിവര്‍ണ്ണമാകുകയും ചെയ്യുന്ന ഓപ്പണ്‍ഹീമറെയാണ് ചലച്ചിത്രകാരന്‍ കാണിക്കുന്നത്. പശ്ചാത്താപഭരിതവും വേദനമുറ്റിയതുമായ ഈ ജീവിതസന്ദര്‍ഭങ്ങളുടെ സഹനത്തിന് അദ്ദേഹത്തിന്റെ ഭാര്യ കിറ്റി കൂട്ടായി നില്‍ക്കുന്നുണ്ടെങ്കിലും പിന്നീട് കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടുന്ന മക്കാര്‍ത്തിയന്‍ യുഗത്തിന്റെ വിചാരണകളിലൂടെ അദ്ദേഹത്തിനു കടന്നു പോകേണ്ടിവരികയും തുടര്‍ന്നും വലിയ മാനസികപീഡനങ്ങള്‍ക്കു വധേയമാകുകയും ചെയ്യുന്നു.

അമേരിക്കയിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ മക്കാര്‍ത്തിയന്‍ ഘട്ടം അത്യന്തം പാപപങ്കിലമായ വിചാരണകളുടെ ഘട്ടമാണ്. സോവിയറ്റ് യൂണിയന് ആണവശാസ്ത്രരഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കുറ്റം ആരോപിച്ച് ജൂലിയസ് റോസണ്‍ബര്‍ഗ്, ഈഥല്‍ റോസണ്‍ബര്‍ഗ് എന്നീ ശാസ്ത്രജ്ഞദമ്പതികളെ അമേരിക്ക വൈദ്യുതിക്കസേരയിലിരുത്തി കൊല്ലുന്നുണ്ട്. തിയോഡര്‍ ഹാള്‍ എന്ന ശാസ്ത്രജ്ഞന്‍ തന്റെ ചാരവൃത്തിയെ തുറന്നു പറയുകയും ലോകത്തില്‍ ഏക ആണവായുധശക്തി എന്ന ഭീതിജനകമായ സ്ഥിതിയെ തടയാനാണ് അതു ചെയ്തതെന്നു പ്രഖ്യാപിക്കുകയും പിടി കൊടുക്കാതെ രക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. ജോണ്‍ കെയ്ന്‍ക്രോസ് എന്ന ശാസ്ത്രജ്ഞനാണ് ഏറ്റവും വലിയ സഹായം സോവിയറ്റ് ശക്തികള്‍ക്ക് നല്‍കിയതെന്നാണ് കരുതപ്പെടുന്നത്. ചാരപ്രവര്‍ത്തനത്തില്‍ ഇടപെട്ടുവെന്ന് നോളന്റെ ചലച്ചിത്രത്തില്‍ ചരാമര്‍ശിക്കപ്പെടുന്ന, ഓപ്പണ്‍ഹീമറുടെ സംഘത്തിലുണ്ടായിരുന്ന ക്ലൗസ് ഫ്യൂക്‌സ് പിന്നീട് പതിന്നാലു വര്‍ഷത്തെ ജയില്‍ ശിക്ഷക്കു വിധേയനാകുന്നുണ്ട്. റോബര്‍ട്ട് ഓപ്പണ്‍ഹീമറും സെക്യൂരിറ്റി പ്രശ്‌നത്തില്‍ വലിയ വിചാരണകള്‍ക്കും കമ്മ്യൂണിസ്റ്റു ചാരവൃത്തിയെ കുറിച്ചുള്ള ആരോപണങ്ങള്‍ക്കും വിധേയനാകുന്നു.

ആണവോര്‍ജ്ജ കമ്മീഷണറായിരുന്ന സ്ട്രൗസിന്റെ മാന്യതയുടെ മുഖംമൂടികളെ നോളന്‍ വലിച്ചു കീറുന്നു. ലെസ്ലി ഗ്രോവ്‌സ് എന്ന സേനാനായകന്‍ ഓപ്പണ്‍ഹീമറുടെ വിശ്വസ്തമായ പ്രവര്‍ത്തനത്തിന് സാക്ഷ്യം പറയുന്നു. ബോറിസ് പാഷ് എന്ന ഇന്റലിജന്‍സ് ഓഫീസര്‍ പോലും നമ്മുടെ നായകന് അനുകൂലമായ നിലപാടെടുക്കുമ്പോള്‍ എഡ്വേര്‍ഡ് ടെല്ലര്‍ എന്ന ശാസ്ത്രജ്ഞന്‍ എന്തോ പകയോടെന്ന വണ്ണം ഓപ്പണ്‍ഹീമര്‍ ചാരനാണെന്ന് മൊഴി നല്‍കുന്നു. അയാള്‍ക്ക് കൈ നല്‍കാന്‍ സന്നദ്ധയാകാതെ വെറുപ്പോടെ നോക്കുന്ന കിറ്റിയെ നോളന്‍ കാണിച്ചു തരുന്നു. അയാള്‍ക്കു ഹസ്തദാനം നല്‍കിയ റോബര്‍ട്ടിനോടു ആ മുഖത്തു തുപ്പാമായിരുന്നില്ലേയെന്നു ചോദിക്കുന്ന കിറ്റിയേയും നാം കാണുന്നുണ്ട്.

ഓപ്പണ്‍ഹീമറായി ക്ലിയന്‍ മര്‍ഫിയും സ്ട്രൗസായി റോബര്‍ട്ട് ഡ്രൗണിയും അതിഗംഭീരമായ അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നത്. എമിലി ബ്ലന്റിന്റെ കിറ്റിയും ബെന്നി സഫ്ദിയുടെ എഡ്വേര്‍ഡ് ടെല്ലറും ജാസണ്‍ ക്ലാര്‍ക്കിന്റെ റോജര്‍ റോബ് എന്ന പ്രോസിക്യൂട്ടറും ഫ്‌ളോറന്‍സ് പ്യൂഹിന്റെ ജീനും മാറ്റ് ഡാമന്‍ അവതരിപ്പിച്ച ലെസ്ലി ഗ്രോവ്‌സും വളരെ നന്നായിരിക്കുന്നു. സത്യാന്വേഷിയും പ്രതിജ്ഞാബദ്ധനുമായ ശാസ്ത്രജ്ഞന്റെ ബുദ്ധിജീവിതത്തിലെ ധാര്‍മ്മികസംഘര്‍ഷങ്ങളെ സാക്ഷാത്കരിക്കുന്ന ഈ ചലച്ചിത്രം ആ തലത്തില്‍ അനന്യമായ ഒരു കലാസൃഷ്ടിയാണ്.

ക്രിസ്റ്റഫര്‍ നോളന്‍

ഈ ചലച്ചിത്രം കണ്ടു കഴിയുമ്പോള്‍, എന്തുകൊണ്ടാണ് നമ്മുടെ ബുദ്ധിജീവിതത്തിലെ ആന്തരികവൈരുദ്ധ്യങ്ങളേയും ധാര്‍മ്മികസങ്കടങ്ങളേയും ആവിഷ്‌ക്കരിക്കാന്‍ നമ്മുടെ എഴുത്തുകാര്‍ക്കും ചലച്ചിത്രകാരന്മാര്‍ക്കും കഴിയാതിരിക്കുന്നതെന്ന ചിന്തയിലേക്കു നാം നയിക്കപ്പെട്ടേക്കാം. കെ. ദാമോദരന്‍, എകെജി, ഇ സി ജി സുദര്‍ശന്‍, സാഹ, വിജയന്‍ എന്നിങ്ങനെ നമ്മുടെ കാലത്തെ വലിയ ജീവിതങ്ങളെ ആവിഷ്‌ക്കരിക്കാന്‍ നമ്മുടെ കലാകാരന്മാര്‍ക്കു കഴിയുന്നില്ലല്ലോ? ഗാന്ധിജിയേയും രാമാനുജനേയുംനന്നായി ചലച്ചിത്രവല്‍ക്കരിക്കാന്‍ വിദേശികള്‍ തന്നെ വരേണ്ടി വന്നു. വൈദേശികനോട്ടത്തിന്റെ പരിമിതികളോടെയും പ്രത്യയശാസ്ത്ര മുന്‍വിധികളോടെയുമാണ് ആ ജീവിതങ്ങള്‍ ചലച്ചിത്രവല്‍ക്കരിക്കപ്പെട്ടത്. മാധവിക്കുട്ടിയുടേയും ചിത്രകാരിയായ പദ്മിനിയുടേയും ജീവിതത്തെ കുറിച്ചു വന്ന ചലച്ചിത്രങ്ങള്‍ എത്രമാത്രം യാന്ത്രികമായ സൃഷ്ടികളായിരുന്നു?


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments