‘ഒരു വടക്കൻ വീരഗാഥ’യിൽ മമ്മൂട്ടി

Remastered വീരഗാഥ എന്ന ചരിത്ര മ്യൂസിയം,
മമ്മൂട്ടിയുടെ ചരിത്ര താരശരീരം

ഒരു വടക്കൻ വീരഗാഥ എങ്ങനെയാണ് ഒരു ചരിത്ര സിനിമയാകുന്നത്, ഈ സിനിമ എങ്ങനെയാണ് മലയാളിയുടെ ചലച്ചിത്ര ആർക്കൈവ്സ് / മ്യൂസിയമാകുന്നത്, റീമാസ്റ്റേർഡ് വീരഗാഥയുടെ വർത്തമാനകാല പ്രസക്തി എന്താണ്?- ഡോ. സെബാസ്റ്റ്യൻ ജോസഫ് എഴുതുന്ന ഒരു വടക്കൻ വീരഗാഥ പഠനം.

1989 ഏപ്രിലിൽ സുഹൃത്ത് അഷറഫുമൊത്ത് തിരുവനന്തപുരം കൃപ തിയേറ്ററിലാണ് എം.ടി. -ഹരിഹരൻ - മമ്മൂട്ടി ടീമിന്റെ ഒരു വടക്കൻ വീരഗാഥ എന്ന ചലച്ചിത്രം കണ്ടത്. എം.എ പരീക്ഷ ജയിച്ച് ഏതാണ്ട് ആറു മാസം കഴിഞ്ഞാണ് ഈ ചരിത്രവിസ്മയം ഞങ്ങൾ കാണുന്നത്.

കേരളത്തിന്റെ പൊതു ചരിത്രജ്ഞാനത്തെയും ബോധത്തെയും ചരിത്ര രചനാപരമായി ഭാവിയിലേക്ക് സ്വാധീനിക്കുന്ന ഒരു ചലച്ചിത്ര ചരിത്രാവിഷ്ക്കാരമാണ് ഞങ്ങൾ കണ്ടെതെന്ന് അന്ന് തോന്നിയിരുന്നില്ലെങ്കിലും, കേട്ടുപഴകിയ ചരിത്രാഖ്യാനങ്ങളുടെ ഒരു കെട്ടഴിക്കൽ ഞങ്ങളുടെ മനസ്സിൽ / ഹൃദയത്തിൽ സംഭവിച്ചിരുന്നു. ഈ ആദ്യാനുഭവത്തിനു ശേഷം എത്രയോ തവണ ഈ ചരിത്ര സിനിമ ഞാൻ കണ്ടിരുന്നു എന്നതിനു കൃത്യം കണക്കില്ലെങ്കിലും, വർഷത്തിൽ ഒന്നെങ്കിലും വച്ചു കൂട്ടിയാൽ അത് 36 ലെത്തി നിൽക്കും, 2025 ൽ. കഴിഞ്ഞ ദിവസം വീണ്ടും വീരഗാഥയുടെ ദൃശ്യ ശബ്ദത്തിന്റെ 4K അറ്റ്മോസ് പതിപ്പും കണ്ടു കഴിഞ്ഞിരിക്കുന്നു.

1989 മുതൽ എന്റെ ചരിത്ര പഠന / ഗവേഷണ / അധ്യാപന രീതിശാസ്ത്രത്തെ ഈ ചലച്ചിത്രം സ്വാധീനിച്ചതിന് കൈയ്യും കണക്കുമില്ല. ചരിത്ര പഠനത്തെ സമീപിക്കേണ്ട രീതിശാസ്ത്രങ്ങളുടെടെ പൊളിച്ചെഴുത്തിൽ ഈ ചലച്ചിത്രം എന്നും ഒരു റഫറൻസ് പോയിന്റായി, പിന്നീട്.

2025- ലെ റീമാസ്റ്റേർഡ് പതിപ്പ് കണ്ടതിനുശേഷം മുപ്പത്താറിന്റെ ആസ്വാദന, അനുഭവ നിറവിൽ ഈ മഹാ ചലച്ചിത്ര ചരിത്രാഖ്യാനത്തെ ഒന്നുകൂടി നോക്കി കാണേണ്ടിയിരിക്കുന്നു എന്നു തീർച്ചപ്പെടുത്തി. റിച്ചാർ ഗ്രൗവിന്റെ ഗ്രീൻ ഇംപീരിയലസിത്തിനും റോമീളാ ഥാപ്പറുടെ ഇന്ത്യാ ചരിത്രത്തിനും ഇർഫാൻ ഹബീബിന്റെ മുഗൾ ഇന്ത്യയ്ക്കും ബിപൻ ചന്ദ്രയുടെ ആധുനിക ചരിത്ര ഗ്രന്ഥങ്ങൾക്കുമൊപ്പം, എനിക്ക് ചരിത്ര പഠനത്തിൽ വഴികാട്ടിയായി നിൽക്കുന്ന ചരിത്രാവിഷ്ക്കാരമാണ് ഈ ചലച്ചിത്രം.

റിച്ചാർ ഗ്രൗവിന്റെ ഗ്രീൻ ഇംപീരിയലസിത്തിനും റോമീളാ ഥാപ്പറുടെ ഇന്ത്യാ ചരിത്രത്തിനും ഇർഫാൻ ഹബീബിന്റെ മുഗൾ ഇന്ത്യയ്ക്കും ബിപൻ ചന്ദ്രയുടെ ആധുനിക ചരിത്ര ഗ്രന്ഥങ്ങൾക്കുമൊപ്പം, എനിക്ക് ചരിത്ര പഠനത്തിൽ വഴികാട്ടിയായി നിൽക്കുന്ന ചരിത്രാവിഷ്ക്കാരമാണ് ഒരു വടക്കൻ വീരഗാഥ.
റിച്ചാർ ഗ്രൗവിന്റെ ഗ്രീൻ ഇംപീരിയലസിത്തിനും റോമീളാ ഥാപ്പറുടെ ഇന്ത്യാ ചരിത്രത്തിനും ഇർഫാൻ ഹബീബിന്റെ മുഗൾ ഇന്ത്യയ്ക്കും ബിപൻ ചന്ദ്രയുടെ ആധുനിക ചരിത്ര ഗ്രന്ഥങ്ങൾക്കുമൊപ്പം, എനിക്ക് ചരിത്ര പഠനത്തിൽ വഴികാട്ടിയായി നിൽക്കുന്ന ചരിത്രാവിഷ്ക്കാരമാണ് ഒരു വടക്കൻ വീരഗാഥ.

മൂന്നു ചോദ്യങ്ങളാണ് ഇവിടെ ഉന്നയിക്കുന്നത്:

  1. ഒരു ചരിത്ര സിനിമയെന്നാൽ എന്താണ്? വടക്കൻ വീരഗാഥ എങ്ങനെയാണ് ഒരു ചരിത്ര സിനിമ ആകുന്നത്?

  2. എങ്ങനെയാണ് ഒരു വടക്കൻ വീരഗാഥ മലയാളിയുടെ ചലച്ചിത്ര ആർക്കൈവ്സ് / മ്യൂസിയമാകുന്നത്?

  3. റീമാസ്റ്റേർഡ് വീരഗാഥയുടെ വർത്തമാന കാല പ്രസക്തി എന്താണ്?

ഈ മൂന്നു ചോദ്യങ്ങളിലൂടെ, ഒരുപക്ഷേ ഇതിൽ നിന്നുയർന്നു വന്നേക്കാവുന്ന ഉപചോദ്യങ്ങളിലൂടെ, 2025- ൽ പുറത്തിറങ്ങിയ റീമാസ്റ്റേർഡ് വീരഗാഥയിലൂടെ ഒരു റീമാസ്റ്റേർഡ് ചരിത്രബോധം സൃഷ്ടിക്കപ്പെടുന്നുണ്ടോ എന്നും പരിശോധിക്കാം.

വടക്കൻ വീരഗാഥ എങ്ങനെയാണ്
ചരിത്ര സിനിമ ആകുന്നത്?

ഏതൊരു ചലച്ചിത്രവും ഒരു ചരിത്ര സിനിമ എന്ന നിർവചനത്തിനകത്ത് വന്നു ഭവിച്ചേക്കാം. അല്ലെങ്കിൽ, ഒരു ചലച്ചിത്രം ചരിത്ര നിർമ്മാണത്തിനുതകുന്ന ആധാരമായേക്കാം. കേരള സമൂഹത്തിന്റെ, പരിസ്ഥിതിയുടെ, ആശയനിലപാടുകളുടെ, ദൈനം ദിന ജീവിതത്തിന്റെയൊക്കെ നിഴലാട്ടങ്ങൾ ചലച്ചിത്രങ്ങളിൽ നിന്ന് പഠനവിഷയമാക്കാം. പക്ഷേ, ചരിത്രസിനിമയെന്ന കൃത്യതയാർന്ന നിർവചനത്തിൽ വരുന്നത് പഴയ കാല സംഭവങ്ങളുടെ, വ്യക്തികളുടെ, കാലഘട്ടത്തിന്റെ പുനരാവിഷ്ക്കാരമെന്ന (Re- enactment) താണ്.

ചരിത്ര വക്രീകരണത്തിന്റെ തീവ്രത മനസ്സിലാക്കുന്ന കാലത്ത്, ഒരു വടക്കൻ വീരഗാഥ പോലുള്ള ചരിത്ര സിനിമകൾ, സ്കൂൾ / സർവകലാശാല പാഠ്യപദ്ധതികളിലേക്ക് വരേണ്ടതായുണ്ട്.

ആധാരങ്ങളുടെ പിൻബലത്തിലൂടെയും, ചരിത്രാപഗ്രഥനത്തിലൂടെയും രചിക്കുന്ന കഥ / തിരക്കഥയിലൂടെയാണ് ചരിത്ര സിനിമ അതിന്റെ ദൃശ്യ ശബ്ദാവിഷ്ക്കാരത്തിന്റെ തട്ടിലേക്ക് കയറുന്നത്. ചരിത്രകാരരുടെ വസ്തുനിഷ്ഠ പഠന രീതികൾത്തന്നെ പിൻതുടരുന്ന ചലച്ചിത്ര ചരിത്ര സങ്കേതം, അതിൽ നിന്ന് വ്യത്യസ്ത ഭാവന / അനുഭവ ആഖ്യാനത്തിലേക്കാണ് മാറി ചുവടുറപ്പിക്കുന്നത്. ഇതിനർത്ഥം എഴുതപ്പെടുന്ന ചരിത്രത്തിൽ ഭാവനയില്ല എന്നല്ല, അവിടെയും ചരിത്രകാരരുടെ ഭാവന തന്നെയാണ് സംഭവങ്ങൾ, കാലഘട്ടം, വ്യക്തികൾ എന്നിവയെ കാരണങ്ങളും, ഫലങ്ങളും, സിദ്ധാന്തങ്ങളുമൊക്കെ ആക്കി മാറ്റുന്നത്. ഇതിന്റെ അടിത്തട്ടിലും പച്ചയായ ജീവിതങ്ങൾ തന്നെയാണ് അടിസ്ഥാനപ്പെട്ടിരിക്കുന്നത്.

ചരിത്രത്തിൽ അന്തർലീനമായതും മനുഷ്യ വികാരങ്ങൾത്തന്നെയാണ്. ലിഖിത ചരിത്രം ഈ ജീവിതങ്ങളെ അക്ഷരങ്ങളാൽ കോർത്തെടുക്കുമ്പോൾ, ചലച്ചിത്രം ഇവിയെ വീണ്ടും ദൃശ്യ ശബ്ദ രംഗസംവിധാനങ്ങളിലൂടെ ചലിപ്പിക്കുന്നു. രണ്ടിന്റെയും ആഖ്യാനഘടനയും ശൈലിയും വ്യത്യസ്തപ്പെട്ടിരിക്കുമ്പോഴും, ഇതിലെ ആഖ്യാന- വാഖ്യാന രീതിശാസ്ത്രത്തിലെ നങ്കൂരം ഭാവന തന്നെയാണ്. ഐഡിയ ഓഫ് ഹിസ്റ്ററി എന്ന ഗ്രന്ഥത്തിൽ ആർ.ജി. കോളിംഗ് വുഡ് ഇതിനെ വിശദീകരിക്കുന്നത്, ചരിത്രത്തിന്റെ പുനരാവിഷ്ക്കാരത്തിലെ ചരിത്ര ഭാവനയെന്നാണ്. അതിനർത്ഥം, ഭാവന, ചരിത്ര രചന / ചലച്ചിത്ര ചരിത്രാവിഷ്ക്കാര ഭാവനയാകണമെന്ന് അർത്ഥം. അത് കഴിഞ്ഞ കാലത്തെ വിഷലിബ്ദമായി വക്രീകരിക്കുവാനുള്ളതല്ല, മറിച്ച് പല സ്വരങ്ങളെയും, നിലപാടുകളെയും ശാസ്ത്രീയമായി ചരിത്രത്തിന്റെ ആർക്കൈവുകളിൽ നിന്നിറക്കി കൊണ്ടുവരേണ്ടതിനായുള്ള ഭാവനയാണ്.

ആർ.ജി. കോളിംഗ് വുഡ്
ആർ.ജി. കോളിംഗ് വുഡ്

കേട്ടത് ശരിയാണ്, തെറ്റുമാണ്

എഴുതപ്പെട്ട എല്ലാ ചരിത്രങ്ങളും വർത്തമാന കാലത്തിൽ നിന്നുള്ള വ്യത്യസ്ത വീക്ഷണങ്ങളാണ്. പാണർ പാടി നടന്നിരുന്ന പാട്ടുകളിൽ നിന്നു തന്നെ വീരഗാഥയുടെ ഭാവന ഇതൾ വിരിയുകയാണ്. വാമൊഴി പാരമ്പ്യരത്തിന്റെ എല്ലാ കൂട്ടി ചേർക്കലുകളും, കുറയ്ക്കലുകളും മൂലം ഉണ്ടായി വന്ന ഒരു വഴുക്കൽത്തന്നെയാണ് ചരിത്രത്തിൽ അന്നേ വരെ പറയാതിരുന്ന, അല്ലെങ്കിൽ ഒളിപ്പിച്ചു വച്ചിരുന്ന തെറ്റുകളും, കുറവുകളും, പക്ഷേ നന്മയും, നിസ്സഹായതയും ഒത്തു ചേർന്ന ചന്തുവിന്റെ വ്യക്തിത്വത്തെ എം.ടി തെളിച്ചെടുക്കാൻ കാരണമായത്.

സത്യനും, പ്രേംനസീറും ആരോമൽ ചേകവരും, കണ്ണപ്പനുണ്ണിയുമൊക്കെയായി വന്ന്, മലയാളി മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങള കൂടി നിരാകരിക്കുകയാണ് വടക്കൻ വീരഗാഥ. ഇതു വഴി ഒരു രീതിയിൽ പറഞ്ഞാൽ പരമ്പരാഗത സിനിമാറ്റിക് മെമ്മറിയേയും നിരാകരിക്കുന്നു.

ഈ ചലച്ചിത്രത്തിന്റെ തുടക്കഭാഗത്തു തന്നെ ചന്തുവിലൂടെ ഒരു ചരിത്രകാരന്റെ വാക്കുകളെന്നോണം എം.ടി നമ്മോടു സംസാരിക്കുന്നുണ്ട്; “നിങ്ങൾ കേട്ടതൊക്കെ ശരിയാണ്, തെറ്റുമാണ്”.
ഒരു ചരിത്ര പ്രബന്ധത്തിന്റെ തുടക്കത്തിൽത്തന്നെ കാണുന്ന പ്രശ്നവൽക്കരണമാണ് ഇവിടെ ചലച്ചിത്രം നടത്തുന്നത്. കേരളീയ സമൂഹത്തിനോടു ചന്തുവിന്റെ ചരിത്ര ജീവിതത്തിന്റെ വേറിട്ട വീക്ഷണം തന്നെയാണ് ഇവിടെ ചലച്ചിത്രത്തിന്റെ ലക്ഷ്യമെന്ന് കൃത്യമാക്കുന്ന ചരിത്ര സിനിമ.

വാസ്തവത്തിൽ, ഒരു ആർക്കൈവിൽ നിന്നോ, മ്യൂസിയത്തിൽ നിന്നോ തുടങ്ങുന്ന ചരിത്രം പോലെയാണ് വീരഗാഥയും സ്ക്രീനിൽ തെളിഞ്ഞു വരുന്നത്. ആരോമലിന്റെ രക്തക്കറ പുരണ്ട വസ്ത്രം, അരിങ്ങോടരുമായുള്ള അങ്കത്തിൽ മുറിഞ്ഞുപോയ ചുരിക, ഓലയിൽ എഴുതപ്പെട്ട അവസാന വാക്കുകൾ - ചന്തുവാണ് ചതിച്ചതെന്നതിന് ന്യായീകരണം കൊടുക്കേണ്ട പ്രമാണങ്ങളെല്ലാം തന്നെ അയാളെ പ്രതിക്കൂട്ടിൽ നിറുത്തുന്ന സിനിമാറ്റിക് ആമുഖമാക്കി വീരഗാഥ. കണ്ണപ്പ ചേകവരോടും, ഉണ്ണിയാർച്ചയോടും ചന്തു ചതിച്ച ചതിയാണെന്ന് ഉറപ്പിച്ചു പറയുന്ന, കരളലിയിപ്പിക്കുന്ന ഗാനവും വീരഗാഥയുടെ തുടക്കത്തിൽ ചന്തുവിനെ പ്രതിസ്ഥാനത്തു തന്നെ നിറുത്തി.

ചന്തുവാണ് ചതിച്ചതെന്നതിന് ന്യായീകരണം കൊടുക്കേണ്ട പ്രമാണങ്ങളെല്ലാം തന്നെ അയാളെ പ്രതിക്കൂട്ടിൽ നിറുത്തുന്ന സിനിമാറ്റിക് ആമുഖമാക്കി വീരഗാഥ.
ചന്തുവാണ് ചതിച്ചതെന്നതിന് ന്യായീകരണം കൊടുക്കേണ്ട പ്രമാണങ്ങളെല്ലാം തന്നെ അയാളെ പ്രതിക്കൂട്ടിൽ നിറുത്തുന്ന സിനിമാറ്റിക് ആമുഖമാക്കി വീരഗാഥ.

ഇതിലൂടെ നിലനിൽക്കുന്ന പരമ്പരാഗത ചരിത്ര വീക്ഷണത്തെത്തന്നെയാണ് ഇവിടെ ചലച്ചിത്രം പ്രസ്താവിക്കുന്നത്. ഈ ആധാരങ്ങളെയെല്ലാം വച്ചുകൊണ്ട്, ചന്തുവിനെ, മുൻപ് പറഞ്ഞു വച്ചിരുന്ന ചരിത്രത്തിൽ നിന്ന് മോചിപ്പിക്കുന്ന ചരിത്രാഖ്യാനം തന്നെയാണ് വീരഗാഥയെ ചരിത്ര സിനിമയാക്കുന്ന ജ്ഞാന നിർമ്മിതിയുടെ ഭാവനാശാസ്ത്രം, ചരിത്രഭാവനാശാസ്ത്രം. ഇവിടെ നിന്ന് വീരഗാഥ ഒരു യു ടേൺ എടുക്കുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടു തുടങ്ങുന്നത്.

ഡിജിറ്റൽ ഇടങ്ങളിലും, മറ്റു സാമൂഹ്യ നവമാധ്യമങ്ങളിലും ഈ ചലച്ചിത്ര ആർക്കൈവ്സ് / മ്യൂസിയം വിപൂലി കരിക്കപ്പെട്ട് ഒരു ഡിഫ്യൂസ്ഡ് മ്യൂസിയമായി വീരഗാഥ മാറിയിരിക്കുന്നു.

രണ്ടാമതായി, ഈ ചേകവർ ചരിത്ര സിനിമ, ഇതിനു മുമ്പിറങ്ങിയിട്ടുള്ളവയെ, അതിലെ ചരിത്രാഖ്യാനത്തെ വടക്കൻ പാട്ടുകളുടെ പാഠാപഗ്രഥനത്തിലൂടെ തള്ളിക്കളയുന്നുണ്ട്. ഒരു ചരിത്രഗ്രന്ഥം എങ്ങനെയാണോ, നിലനിൽക്കുന്ന വാദഗതികളെ പൊളിച്ചെഴുതുന്നത്, അതുതന്നെ വീരഗാഥയും പിന്തുടരുന്നു. ഇവിടെ, സത്യനും, പ്രേംനസീറും ആരോമൽ ചേകവരും, കണ്ണപ്പനുണ്ണിയുമൊക്കെയായി വന്ന്, മലയാളി മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങള കൂടി നിരാകരിക്കുകയാണ് വടക്കൻ വീരഗാഥ. ഇതു വഴി ഒരു രീതിയിൽ പറഞ്ഞാൽ പരമ്പരാഗത സിനിമാറ്റിക് മെമ്മറിയേയും നിരാകരിക്കുന്നു.

മലയാളി, ആരോമലിനെയും, ഉണ്ണിയാർച്ചയേയും, ചന്തുവിനെയും ഒക്കെ അടുത്ത് അറിയുന്നത്, വടക്കൻ പാട്ടുകളിലൂടെയല്ല, ചലച്ചിത്രങ്ങളിലൂടെയാണ്. ഉദയ സ്റ്റുഡിയോ, ഒരു കാലത്ത് വടക്കൻ പാട്ട് സിനിമകളുടെ ഫാക്ടറി തന്നെയായിരുന്നു. കേരളത്തിന്റെ പൊതുബോധത്തിലേക്ക് 1989- ൽ ശക്തമായി വന്ന ഒരു വേറിട്ട ചരിത്ര വീക്ഷണമായി മാറി ഒരു വടക്കൻ വീരഗാഥ. 1989- ൽ നിന്ന് 36 വർഷങ്ങൾക്കുശേഷം വന്ന റീമാസ്റ്റേർഡ് വീരഗാഥ, ഇത്രയും കാലം ഈ ചലച്ചിത്രം നിർമ്മിച്ച പൊതുചരിത്രബോധത്തെ ഒന്നു കൂടി ഉറപ്പിക്കുകയാണ്.

വീരശരീങ്ങളിലൂടെയും, ശാരീരങ്ങളിലൂടെയും, മലയാളി സ്വയം ചന്തുവും, ആർച്ചയുമൊക്കെയായി മാറുന്നു. എം.ടി യുടെ സംഭാഷണങ്ങളുടെ മൂർച്ചയും സൗന്ദര്യവും, ആനയെപ്പോലും  മയക്കുന്ന ചേകവ വിദ്യയായി പരിണമിച്ചിരിക്കുന്നു.
വീരശരീങ്ങളിലൂടെയും, ശാരീരങ്ങളിലൂടെയും, മലയാളി സ്വയം ചന്തുവും, ആർച്ചയുമൊക്കെയായി മാറുന്നു. എം.ടി യുടെ സംഭാഷണങ്ങളുടെ മൂർച്ചയും സൗന്ദര്യവും, ആനയെപ്പോലും മയക്കുന്ന ചേകവ വിദ്യയായി പരിണമിച്ചിരിക്കുന്നു.

“ചന്തുവിനെ തോൽപ്പിക്കാനാവില്ല മക്കളേ’’ എന്ന സംഭാഷണം മലയാളിയുടെ വീരബോധത്തിന്റെ അടയാളമായി മാറിയിരിക്കുന്നു. ഓട്ടോറിക്ഷകളുടെയും, മറ്റു വാഹനങ്ങളുടെയുമൊക്കെ പിന്നിൽ ഈ വാക്കുകൾ കാണാൻ തുടങ്ങിയിട്ടു കാലമേറെയായി. അതിപ്പോൾ വീണ്ടും ശക്തമായി പുനർജനിക്കുമെന്നതിൽ സംശയമില്ല. റീലുകളായും, ചാനൽ ക്ലിപ്പുകളുമൊക്കെയായി ഡിജിറ്റൽ കേരളത്തിലേക്ക് ചന്തു വീണ്ടും വന്നിരിക്കുന്നു. പഴയ / പുതിയ തലമുറകൾ റീ മാസ്റ്റേർഡ് വീരഗാഥയെക്കുറിപ്പുള്ള വീഡിയോകളിൽ മത്സരിച്ചു കമന്റുകൾ പോസ്റ്റ് ചെയ്യുന്നു. ജനപ്രിയ ചരിത്ര നിർമ്മിതിയുടെ ഒരു സാംസ്കാരിക പ്രവർത്തനമാണിതൊക്കെ. വീരഗാഥയിലെ നടീനടന്മാരും സാങ്കേതികവിദഗ്ധരും വീണ്ടും 1989- ലെ ചലച്ചിത്ര ക്യാമ്പിലേക്ക് തിരികെ പോവുന്നു. ഈ പ്രവർത്തനങ്ങളിലൂടെയെല്ലാം ഒരു വടക്കൻ വീരഗാഥ മുന്നോട്ടുവച്ച ചരിത്ര വാദം വീണ്ടും ചർച്ചയ്ക്ക് വിധേയമാകുക കൂടി ചെയ്യുന്നു. അതു കൂടി കണക്കിലെടുത്തു വേണം ഈ ചലച്ചിത്രത്തിന്റെ ചരിത്രപരതയെ മനസ്സിലാക്കാൻ.

വീരഗാഥ, ഒരു ചലച്ചിത്രമെന്നതിലുപരി ഒരു മ്യൂസിയമോ, ആർക്കൈവ്‌സോ ഒക്കെ ആയി മാറിയിരിക്കുന്നു. 36 വർഷക്കാലം ഈ ആർക്കൈവ്സിൽ, മ്യൂസിയത്തിൽ മലയാളികൾ കയറി ഇറങ്ങുന്നു.

എങ്ങനെയാണ് ‘ഒരു വടക്കൻ വീരഗാഥ’ മലയാളിയുടെ ചലച്ചിത്ര ആർക്കൈവ്സ് / മ്യൂസിയമായി മാറുന്നത്?

ചരിത്ര സിനിമ ചലിക്കുന്ന ചരിത്രമാണ്. ഒരു മ്യൂസിയത്തിനോ, ആർക്കൈവ്‌സിനോ നൽകാൻ പറ്റാത്ത അനുഭവചരിത്രത്തിന്റെ ഒരു തരം വിഭ്രാന്തിയിലാണ് ഗൗരവമേറിയ ചരിത്ര സിനിമകൾ നമ്മെ എത്തിക്കുന്നത്. ഒരു തരത്തിൽ പറഞ്ഞാൽ റോളാങ്ങ് ബാർത്ത് പറഞ്ഞതു പോലെ ചരിത്ര സംഭവങ്ങളിൽ സാക്ഷികളാവുന്ന അനുഭവരസം.

16/17 നൂറ്റാണ്ടിലെ അങ്കത്തട്ടിലും, കൂട്ടങ്ങൾക്കിടയിലും പ്രേക്ഷകർ അകപ്പെട്ട അവസ്ഥയാണ് വീരഗാഥ സൃഷ്ടിക്കുന്നത്. 89- ൽ നിന്ന് 36 വർഷം ഈ അനുഭവരസത്തെ സൃഷ്ടിച്ചു പോന്ന വീരഗാഥ ശബ്ദ ദൃശ്യ സാങ്കേതികമികവിൽ ഈ ചലച്ചിത്ര മ്യൂസിയത്തെ, ആർകൈവ്സിനെ പുതുക്കിപണിയാനാണ് 2025- ൽ ശ്രമിച്ചിരിക്കുന്നത്. ഡിജിറ്റൽ ഇടങ്ങളിലും, മറ്റു സാമൂഹ്യ നവമാധ്യമങ്ങളിലും ഈ ചലച്ചിത്ര ആർക്കൈവ്സ് / മ്യൂസിയം വിപൂലി കരിക്കപ്പെട്ട് ഒരു ഡിഫ്യൂസ്ഡ് മ്യൂസിയമായി വീരഗാഥ മാറിയിരിക്കുന്നു.

ഒരു എം.ടിയൻ ചലച്ചിത്ര ആർക്കെവ്സ് / മ്യൂസിയം

വീരഗാഥ, ഒരു ചലച്ചിത്രമെന്നതിലുപരി ഒരു മ്യൂസിയമോ, ആർക്കൈവ്‌സോ ഒക്കെ ആയി മാറിയിരിക്കുന്നു. 36 വർഷക്കാലം ഈ ആർക്കൈവ്സിൽ, മ്യൂസിയത്തിൽ മലയാളികൾ കയറി ഇറങ്ങുന്നു. വീറും വാശിയും നിറഞ്ഞു നിൽക്കുന്ന വികാരലോകത്തിലൂടെ, അവർ, പ്രതിബിംബങ്ങളിലൂടെ സൃഷ്ടിക്കുന്ന വിപുലീകരിക്കപ്പെടുന്ന സിനിമാറ്റിക് രതി സുഖത്തിലെത്തുന്നു.

ചന്ദനലേപ സുഗന്ധവും, ഇന്ദുലേഖയും, കളരിവിളക്കു തെളിഞ്ഞ പോലെയുമെല്ലാം മലയാളിയുടെ കാമനകള നിരന്തരം ഉണർത്തുന്ന ചലിക്കുന്ന മ്യൂസിയമായി വീരഗാഥ മാറിയിരിക്കുന്നു. വീരശരീങ്ങളിലൂടെയും, ശാരീരങ്ങളിലൂടെയും, മലയാളി സ്വയം ചന്തുവും, ആർച്ചയുമൊക്കെയായി മാറുന്നു. എം.ടി യുടെ സംഭാഷണങ്ങളുടെ മൂർച്ചയും സൗന്ദര്യവും, ആനയെപ്പോലും മയക്കുന്ന ചേകവ വിദ്യയായി പരിണമിച്ചിരിക്കുന്നു. പ്രണയം, ചതി, ദുരന്തം, മോഹം, മോഹഭംഗം എന്നീ വികാരങ്ങളുടെ ചലച്ചിത്രം, 16/17 നൂറ്റാണ്ടിന്റെ കേരള സാമൂഹികതയുടെയും, സ്വകാര്യ മനോഭാവങ്ങളുടെയും ആർക്കൈവ്സ് കൂടിയായി മാറിയിരിക്കുന്നു (Filmic Archives of Mentalities History).

ഒരു വടക്കൻ വീരഗാഥ എന്ന ചലച്ചിത്രത്തിന്റെ തുടക്കഭാഗത്തു തന്നെ ചന്തുവിലൂടെ ഒരു ചരിത്രകാരന്റെ വാക്കുകളെന്നോണം എം.ടി നമ്മോടു സംസാരിക്കുന്നുണ്ട്; “നിങ്ങൾ കേട്ടതൊക്കെ ശരിയാണ്, തെറ്റുമാണ്”. ഒരു ചരിത്ര പ്രബന്ധത്തിന്റെ തുടക്കത്തിൽത്തന്നെ കാണുന്ന പ്രശ്നവൽക്കരണമാണ് ഇവിടെ ചലച്ചിത്രം നടത്തുന്നത്.
ഒരു വടക്കൻ വീരഗാഥ എന്ന ചലച്ചിത്രത്തിന്റെ തുടക്കഭാഗത്തു തന്നെ ചന്തുവിലൂടെ ഒരു ചരിത്രകാരന്റെ വാക്കുകളെന്നോണം എം.ടി നമ്മോടു സംസാരിക്കുന്നുണ്ട്; “നിങ്ങൾ കേട്ടതൊക്കെ ശരിയാണ്, തെറ്റുമാണ്”. ഒരു ചരിത്ര പ്രബന്ധത്തിന്റെ തുടക്കത്തിൽത്തന്നെ കാണുന്ന പ്രശ്നവൽക്കരണമാണ് ഇവിടെ ചലച്ചിത്രം നടത്തുന്നത്.

സിനിമയിലെ ചരിത്ര ശരീരവും, മമ്മൂട്ടിയും

മൂന്നു പതിറ്റാണ്ടുകൾ കഴിയുമ്പോൾ, ഈ ചലച്ചിത്രം വിളിച്ചോതുന്ന മറ്റൊരു ചരിത്രസത്യമാണ്, ചന്തുവെന്ന കഥാപാത്രത്തിലൂടെ വീരചരിത്ര പുരുഷ പദവിയിലെത്തിയ മമ്മൂട്ടിയുടെ താരശരീരം. വീരഗാഥയ്ക്കുശേഷം ഇറങ്ങിയ ചില വടക്കൻപാട്ട് ചലച്ചിത്രങ്ങളിൽ ചന്തു വീണ്ടും ചതിയനായി വന്നിരുന്നു. അതു മമ്മൂട്ടിയായിരുന്നില്ല എന്നു മാത്രമല്ല, ഇതിനകം 89- ലെ ചന്തു മലയാളിയുടെ പൊതുബോധത്തിൽ ചിരപ്രതിഷ്ഠ നേടിയിരുന്നതിനാൽ പിന്നീടു വന്ന ചതിയനായ ചന്തുവിന് പ്രേക്ഷക ഓർമ്മയുടെ പിന്തുണ ലഭിച്ചുമില്ല.

ഇതിനുശേഷം, മമ്മൂട്ടിയുടെ ചരിത്ര താരശരീരം തന്നെ ഒരു ചരിത്ര മ്യൂസിയമായി മാറുന്ന കാഴ്ച നാം കാണുന്നുണ്ട്. ഡോ. ബാബാ സാഹിബ് അംബേദ്കറിലൂടെയും, പഴശിരാജയിലൂടെയും, ആധുനിക ഇന്ത്യാ ചരിത്രത്തിന്റെ വീരപരിവേഷം മമ്മൂട്ടി സ്വന്തമാക്കി. ചരിത്ര സിനിമയെങ്കിൽ, ചരിത്ര പുരുഷൻ മമ്മൂട്ടിയായിരക്കണമെന്ന് പ്രേക്ഷകർ ഉറപ്പിച്ച നാളുകളായി വീരഗാഥയ്ക്കു ശേഷം.

ഇതിഹാസ ചരിത്ര നായകനായും, ആധുനിക ചരിത്ര നായകനായും, അദ്ദേഹത്തിന്റെ സ്വർഗ്ഗീയ താരശരീരത്തിൽ (celestial star body) ചരിത്രം തന്നെ അടയാളപ്പെടാൻ തുടങ്ങി. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഒരു റഫറൻസ് സിനിമയായി വീരഗാഥ മാറി എന്നു മാത്രമല്ല, ഈ ചരിത്ര താരശരീരത്തിന് പകരക്കാരനായി ആർക്കും തന്നെ ഇന്ത്യയിൽ തിളങ്ങാൻ സാധിക്കാത്ത സ്ഥിതിവിശേഷവുമായി. ആകാര സൗന്ദര്യത്തിന്റെയും, ശബ്ദഗാംഭീര്യത്തിന്റെയും, അകമ്പടിയിൽ ഇന്ത്യൻ ചലച്ചിത്രചരിത്ര വിഭാഗത്തിലെ നായകനായി മമ്മൂട്ടിയെന്ന താര മ്യൂസിയം (Star Museum).

മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഒരു റഫറൻസ് സിനിമയായി വീരഗാഥ മാറി എന്നു മാത്രമല്ല, ഈ ചരിത്ര താരശരീരത്തിന് പകരക്കാരനായി ആർക്കും തന്നെ ഇന്ത്യയിൽ തിളങ്ങാൻ സാധിക്കാത്ത സ്ഥിതിവിശേഷവുമായി.
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഒരു റഫറൻസ് സിനിമയായി വീരഗാഥ മാറി എന്നു മാത്രമല്ല, ഈ ചരിത്ര താരശരീരത്തിന് പകരക്കാരനായി ആർക്കും തന്നെ ഇന്ത്യയിൽ തിളങ്ങാൻ സാധിക്കാത്ത സ്ഥിതിവിശേഷവുമായി.

റീമാസ്റ്റേർഡ് വീരഗാഥയുടെ വർത്തമാനകാല പ്രസക്തി എന്താണ്?

റീമാസ്റ്റേർഡ് വീരഗാഥയുടെ വർത്തമാന കാല പ്രസക്തി എന്താണെന്ന ചോദ്യം ഇവിടെ പ്രസക്തമായി തോന്നുന്നു. 1989- ൽ കണ്ട്, മലയാളിയുടെ എക്കാലത്തെയും വീരചരിത്ര സിനിമ എന്തിനു വീണ്ടും റിലീസ് ചെയ്യുന്നു? വാണിജ്യ ലക്ഷ്യങ്ങൾക്കപ്പുറമുള്ള, ഇതിന്റെ മൂല്യം അല്ലെങ്കിൽ സാമൂഹിക പ്രയോജനമെന്താണ്? ചരിത്ര സിനിമകളെന്നവകാശപ്പെട്ട് ഈ അടുത്ത കാലത്ത് റിലീസ് ചെയ്യപ്പെട്ട മിക്ക ചലച്ചിത്രങ്ങളുടെയും ലക്ഷ്യം ചരിത്രത്തിന്റെ വർഗ്ഗീയ / വിഭാഗീയവൽക്കരണം തന്നെയായിരുന്നു.

ചരിത്രത്തെ വർഗ്ഗീയവൽക്കരിക്കുന്ന ചലച്ചിത്ര വ്യവസായത്തിലെ, ബാഹുബലൈസേഷൻ എന്നു വിളിക്കപ്പെടാവുന്ന വ്യവസായ രാഷ്ട്രീയ തന്ത്രങ്ങൾക്കും, കൂട്ടുകെട്ടുകൾക്കുമിടയിലേക്കാണ്, ചരിത്ര ഗവേഷണത്തിലൂടെ, കൃത്യതയാർന്ന പാഠാപഗ്രഥനത്തിലൂടെ ഒരു കീഴാള വീരത്വത്തെ(subaltern masculinity ) മലയാള ചലച്ചിത്രം 1989- ൽ അടയാളപ്പെടുത്തിയത്. നാടുവാഴികളുടെയും, പ്രമാണിമാരുടെയും ദ്രവ്യമോഹങ്ങൾക്കുവേണ്ടി അങ്കത്തട്ടിൽ ജീവിതം ത്യജിക്കേണ്ടി വന്ന ചേകവന്മാരുടെ വികാരലോകത്തിന്റെ ചരിത്രം, കേരള ചരിത്ര പുനഃപരിശോധനയ്ക്ക് സാധ്യത വരുത്തിയ ചലച്ചിത്രമാണ് വീരഗാഥ (കാര്യമായ പഠനങ്ങൾ വന്നില്ലെങ്കിലും).

വിമർശാവബോധത്തോടെ ചരിത്ര ആധാരങ്ങളെ പഠിക്കുമ്പോൾ, തെറ്റുകാരും, വഞ്ചകരുമെന്നു മുദ്രകുത്തിയ ഒരു മനുഷ്യഗണം, അവരുടെ വീക്ഷണത്തിൽ നല്ലവരായിരുന്നു എന്നു കണ്ടെത്തുന്നു. ഇത് ചരിത്രത്തിന്റെ വളച്ചൊടിക്കലല്ല, ഗൗരവമേറിയ പഠന മാതൃക തന്നെയാണ്. അടിസ്ഥാനപരമായി ചന്തുവും, അരിങ്ങോടരുമെല്ലാം ചരിത്ര സന്ദർഭത്തിലെ വെറും കരുക്കൾ മാത്രമായി മാറുന്നു. പണത്തിന്റെയും മറ്റു ദ്രവ്യബലത്തിന്റെയും പിൻബലി ത്തിലാകാം പുത്തൂരം ചരിത്രം ആരോമലിനെയും കണ്ണപ്പനുണ്ണിയേയുമൊക്കെ മഹത്വവൽക്കരിച്ചിരുന്നത്.

പാടിപ്പാടി നടന്ന പാണരുടെ പാട്ടുകളിലെ ചില സാന്ദർഭിക പരാമർശങ്ങളും പിന്നീടു വന്ന കഥാവൽക്കരണത്തിലുമൊകെ ഉണ്ടായിരുന്ന ചില വഴുക്കലുകളിൽ നിന്നുമാണ് വീരഗാഥയുടെ ചരിത്രപരമായ മാറി നടത്തം സാധ്യമായത്. അങ്കത്തട്ടിൽനിന്ന്, രോഷാകുലരായ ജനക്കൂട്ടത്തിൽ നിന്ന് ചതിനായ ചന്തു എങ്ങിനെ രക്ഷപെടു എന്ന ചോദ്യത്തിനു മുൻപിൽ നിന്നാണ് എം.ടിയൻ ചരിത്രത്തിന്റെ പുനഃസംഘാടനം നടക്കുന്നത്.

ആത്യന്തികമായി, ചന്തുവും, അരിങ്ങോടരുമൊക്കെ വികാരങ്ങളും, അഭിലാഷങ്ങളുമുള്ള മനുഷ്യരായിരുന്നുവെന്ന വാദമാണ് ഈ ചരിത്രചലച്ചിത്രം മുന്നോട്ടുവയ്ക്കുന്നത്. ചരിത്ര വക്രീകരണത്തിന്റെ തീവ്രത മനസ്സിലാക്കുന്ന കാലത്ത്, ഒരു വടക്കൻ വീരഗാഥ പോലുള്ള ചരിത്ര സിനിമകൾ, സ്കൂൾ / സർവകലാശാല പാഠ്യപദ്ധതികളിലേക്ക് വരേണ്ടതായുണ്ട്. ചരിത്ര പഠനത്തിന്റെ ക്യാമറ ചരിത്ര സിനിമകളിലേക്ക് തിരിച്ചു വയ്ക്കേണ്ട കാലമെന്നേ വന്നു കഴിഞ്ഞിരിക്കുന്നു. 2025- ൽ നിന്ന് 1989- ലേക്കുള്ള തിരിച്ചു നടത്തത്തിൽ ഇതു വ്യക്തമാകും.

References:
- Oru Vadakkan Veeragatha(1989). Hariharan ( Dir). 2h 48m.
- Oru Vadakkan Veeragatha (2025. February 7)Hariharan ( Dir). Remastered.
- Barthes, R. (1980). Camera Lucida: Reflections on Photography. Hill and Wang.
- Sobchack, V. (1992). The Address of the Eye: A Phenomenology of Film Experience. Princeton University Press.
- White, H. (1973). Metahistory: The Historical Imagination in Nineteenth-Century Europe. Johns Hopkins University Press.

Comments