മലയാള സിനിമയില്‍ 'തുറമുഖം' തുറന്നുവയ്ക്കുന്ന സമരചരിത്രത്തെക്കുറിച്ച് രാജീവ് രവിയുമായി കൈരളി യു.കെ ഫിലിം സൊസൈറ്റി നടത്തിയ സായാഹ്ന ചര്‍ച്ച ജൂലൈ എട്ടിനായിരുന്നു. കലാമൂല്യമുള്ളതും സാമൂഹ്യപ്രതിബദ്ധതയുള്ളതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും അണിയറ പ്രവര്‍ത്തകരുമായി ചര്‍ച്ച സംഘടിപ്പിക്കുകയും, അതിലൂടെ മലയാള സിനിമയെ ജനകീയമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കൈരളി ഫിലിം സൊസൈറ്റി പ്രവര്‍ത്തിച്ചുവരുന്നത്. ഷെറി ഗോവിന്ദന്‍ സംവിധാനം ചെയ്ത് സന്തോഷ് കീഴാറ്റൂര്‍ പ്രധാന വേഷം ചെയ്ത 'അവനോവിലോന', ഡോ. ബിജു സംവിധാനം ചെയ്ത്, സൂരാജ് വെഞ്ഞാറമൂട് അഭിനയിച്ച 'പേരറിയാത്തവര്‍' തുടങ്ങിയ സിനിമകളാണ് മുമ്പ് ചർച്ച ചെയ്തത്.
രാജീവ് രവി സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ച 'തുറമുഖം' എന്ന സിനിമയെക്കുറിച്ചായിരുന്നു, ഒടുവിൽ നടന്ന ചർച്ച.
തുറമുഖം: മട്ടാഞ്ചേരിയുടെ
തുറമുഖ തൊഴിലാളി ചരിത്രം
1953 സെപ്റ്റംബര്‍ 15ന് മട്ടാഞ്ചേരിയിലെ തുറമുഖ തൊഴിലാളികള്‍ക്കുനേരെ നടന്ന പോലീസ് വെടിവെപ്പിനെ ആധാരമാക്കിയാണ് തുറമുഖം എന്ന സിനിമ ചിത്രീകരിച്ചിരിക്കുന്നത്. മനുഷ്യത്വരഹിതമായ ചാപ്പ സംവിധാനത്തില്‍ ദുരിതമനുഭവിക്കേണ്ടിവരുന്ന തൊഴിലാളികളുടെയും അവരുടെ സാമൂഹിക പശ്ചാത്തലത്തിലൂടെയും വ്യത്യസ്ത കാലഘട്ടങ്ങളിലേക്ക് പ്രേക്ഷകരെ സഞ്ചരിപ്പിക്കുന്നു പ്രമേയം. മലബാറില്‍ നിന്ന് തുറമുഖത്ത് ചരക്കിറക്കിനെത്തിയ മൈമുവിന്റെയും കുടുംബത്തിന്റെയും ജീവിതത്തിലൂടെയാണ് കഥ പറഞ്ഞുതുടങ്ങുന്നത്. മൈമുവിന്റെ ഭാര്യയും, മക്കളായ മൊയ്തു, ഹംസ, ഖദീജ എന്നിവരുടെ ജീവിതവുമാണ് പിന്നീട് സിനിമയില്‍ കാണുന്നത്. കങ്കാണിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ മൈമു ഈ കഥയുടെ ബാക്സ്റ്റോറി പറയുമ്പോള്‍ തന്നെ അപ്രത്യക്ഷമാകുന്നുണ്ട്. എന്നാല്‍ മനുഷ്യത്വരഹിതമായ 'ചാപ്പ സമ്പ്രദായം' തുറമുഖത്ത് തുടരുന്നു. തടിമിടുക്ക് കൊണ്ട് മൈമുവിന്റെ മൂത്തമകനായ മൊയ്തു കങ്കാണിയുടെ ആളായി മാറുന്നു, തൊഴിലാളികള്‍ക്കുവേണ്ടി ശബ്ദിക്കുന്നവര്‍ക്കൊപ്പം ചേര്‍ന്ന് രണ്ടാമത്തെ മകന്‍ ഹംസ സമരം ചെയ്യുന്നവനായി മാറുകയും ചെയ്യുന്നു. ഉമ്മയുടെയെയും ഖദീജയുടെയും ഉമ്മാനിയുടെയും മറ്റും ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ തുറമുഖത്തിന്റെ സാമൂഹിക പശ്ചാത്തലത്തെയും ഘടനയെയും സംവിധായകന്‍ വരച്ചു കാണിക്കുന്നുണ്ട്. തൊഴിലാളികള്‍ അവകാശങ്ങള്‍ക്കുവേണ്ടി സംഘടിക്കുന്നതും ചൂഷണത്തിനെതിരെ മുദ്രാവാക്യം മുഴക്കി മുന്നേറുന്നതും ഈ സിനിമയുടെ സുപ്രധാനമായൊരു പ്രമേയമാണ്. തൊഴിലാളി സമൂഹം അനുഭവിക്കേണ്ടിവന്ന ദൈനംദിന വെല്ലുവിളികളും നീതിക്കായുള്ള പ്രതിരോധവുമെല്ലാം കാലഘട്ടത്തിനോട് നീതി പുലര്‍ത്തുന്ന കഥാപാത്രങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നു. മട്ടാഞ്ചേരിയുടെ തുറമുഖ തൊഴിലാളി ചരിത്രം പ്രേഷകരിലേക്കു പകര്‍ന്നുകൊണ്ടാണ് 2.53 മണിക്കൂർ ദൈര്‍ഘ്യമുള്ള സിനിമ അവസാനിക്കുന്നത്.
ഇതില്‍ കൃത്യമായ ഒരു നായക കഥാപാത്രത്തെ കണ്ടെടുക്കുക പ്രയാസമാണെങ്കില്‍ കൂടിയും ജോജു അവതരിപ്പിച്ച മൈമുവും പൂര്‍ണിമയുടെ ഉമ്മ റോളും ജോജുവിന്റെ സുഹൃത്തായി വേഷമിട്ടു സിനിമയുടെ രണ്ടാം പകുതിയിലും കയറി വരുന്ന മണികണ്ഠന്‍ ആചാരിയുടെ വേഷവും (ഉമ്പൂച്ച), മൊയ്തുവായി അഭിനയിച്ച നിവിന്‍ പോളിയും ഹംസയെ അതിതീവ്രമായി അവതരിപ്പിച്ച അര്‍ജുന്‍ അശോകനുമെല്ലാം പ്രത്യേക പ്രശംസ അര്‍ഹിക്കുന്നുണ്ട്. സിനിമയിലുടനീളമുള്ള 'പച്ചീക്ക്' എന്ന കഥാപാത്രത്തെ വിവിധ കാലഘട്ടങ്ങളിലൂടെ വിരസത തോന്നാത്ത വിധം ഗംഭീരമാക്കിയിരിക്കുകയാണ് സുദേവ് നായര്‍.
വിഖ്യാതനായ ഫ്രഞ്ച് ചലച്ചിത്രകാരന്‍ അലെന്‍ റെനെ സിനിമ എന്ന മാധ്യമത്തെ വിശേഷിപ്പിച്ചത് 'ചിത്രങ്ങളിലൂടെയും ശബ്ദത്തിലൂടെയുമുള്ള യാഥാര്‍ഥ്യത്തിന്റെ കൃത്രിമത്വം' എന്നാണ്. ചരിത്ര പശ്ചാത്തലത്തെ പ്രമേയമായി ചിത്രീകരിക്കുന്ന ചലച്ചിത്രങ്ങളില്‍ കച്ചവടസിനിമയുടെ അതിഭാവുകത്വം ചേര്‍ക്കുമ്പോള്‍ പലപ്പോഴും ചരിത്രത്തോടുള്ള നീതിനിഷേധമാണ് സംഭവിക്കുക. എന്നാല്‍ ഈ സിനിമാ വ്യവസ്ഥിതിക്ക് ഒരു 'anti thesis' എന്ന പോലെ രാജീവ് രവി സിനിമകള്‍ ശ്രദ്ധേയമാകുന്നുണ്ട്. മലയാള സിനിമയില്‍ 90-കളിലൂടെയും മറ്റും പറഞ്ഞുപതിപ്പിച്ച അരാഷ്ട്രീയവാദത്തിന്റെയും സംഘടിത തൊഴിലാളി മുന്നേറ്റത്തിനെതിരെയുള്ള വെറുപ്പിന്റെയും പൊതുപരിസരത്തിന്റെ ഒത്ത നടുവില്‍ നിന്നാണ് 'തുറമുഖം' ചരിത്രം തുറന്നുപറയുന്നത്. ഒഴിവാക്കലുകളുടെ, നിലനില്‍പ്പിന്റെ, മണ്ണിന്റെ, വിയര്‍പ്പിന്റെ, വിശപ്പിന്റെ രാഷ്ട്രീയവീക്ഷണമാണ് അന്നയും റസ്സൂലിലും തുടങ്ങി കമ്മട്ടിപ്പാടത്തിലൂടെ അഞ്ചാമത്തെ സിനിമയായ തുറമുഖത്തില്‍ എത്തിനില്‍ക്കുമ്പോള്‍ രാജീവ് രവി എന്ന ഛായാഗ്രഹകന്‍ കൂടിയായ സംവിധായകന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് പകര്‍ത്തിവയ്ക്കുന്നത്. പ്രാതിനിധ്യമില്ലാത്തവരുടെ ശബ്ദം പ്രതിനിധീകരിച്ച് പ്രേക്ഷകരിൽ ചോദ്യങ്ങളും പുനര്‍ചിന്തനങ്ങളും ഉളവാക്കുന്ന ശൈലിയാണ് സംവിധായകന്‍ എന്ന നിലയില്‍ രാജീവ് രവി മുന്നോട്ടു വയ്ക്കുന്നത് എന്ന് കൈരളി ഫിലിം സൊസൈറ്റിയുടെ ചര്‍ച്ചയില്‍ വിലയിരുത്തി.
നാടകത്തില്‍ നിന്ന് സിനിമയിലേക്കുള്ള
മട്ടാഞ്ചേരി സമരത്തിന്റെ ദൂരം
കൈരളി ഫിലിം സൊസൈറ്റിയുമായുള്ള ചര്‍ച്ചയില്‍ ആവേശകരമായിട്ടാണ് തുറമുഖം എന്ന സിനിമയിലേക്ക് എത്തിയ നാള്‍വഴികളെക്കുറിച്ച് രാജീവ് രവി മനസുതുറന്നത്. ചിദംബരന്‍ മാഷ് 1968-ല്‍ എഴുതിയ നാടകം, പുനരാവിഷ്‌കരിച്ചപ്പോള്‍ അത് കാണാന്‍ വന്ന മട്ടാഞ്ചേരിയിലെ മനുഷ്യരുടെ ആവേശകരമായ പ്രതികരണമാണ് തുറമുഖം എന്ന സിനിമയിലേക്ക് സംവിധായകനെ എത്തിച്ചത്. പൊതുബോധത്തിന്റെ ഒരു കോണിലും രേഖപ്പെടുത്താതെപോയ ചാപ്പ സംവിധാനത്തിന്റെ കഥ- മട്ടാഞ്ചേരിയില്‍ മരിച്ചുവീണ സൈദ്, സൈദാലി, ആന്റണിയുടെയും അറിയപ്പെടാത്ത നിരവധി തൊഴിലാളികളുടെയും ചരിത്രവുമായിട്ടുകൂടിയാണ് തുറമുഖം എന്ന സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. സാധാരണ മനുഷ്യരുടെ, തൊഴിലാളികളുടെ കഥകള്‍ പറയുന്നത് ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ തന്റെ സാമൂഹിക ഉത്തരവാദിത്തമാണെന്ന് രാജീവ് രവി ഫിലിം സൊസൈറ്റിയോട് പങ്കുവെച്ചു. മട്ടാഞ്ചേരിയിലെ മനുഷ്യരുടെ 'Collective Memory' ഈ ചിത്രത്തില്‍ പ്രതിഫലിക്കുന്നതായി കാഴ്ചക്കാര്‍ക്ക് അനുഭവപ്പെടുന്നത് അതിനാല്‍ യാദൃച്ഛികമല്ല. 'മറവിക്കെതിരായ ഓര്‍മയുടെ സമരമാണ് അധികാരത്തിനെതിരായ മനുഷ്യന്റെ ചെറുത്തുനില്‍പ്പ്' എന്ന വിഖ്യാത എഴുത്തുകാരന്‍ മിലന്‍ കുന്ദേരയുടെ വരികളെ ഓര്‍മിപ്പിക്കുന്ന ശൈലിയില്‍ കഥാസന്ദര്‍ഭങ്ങളെ മികച്ച രീതിയില്‍ അതിലളിതമായി ഈ സിനിമയില്‍ ചേര്‍ത്തിരിക്കുന്നത് കാണാം.
നാടകത്തില്‍ നിന്ന് സിനിമയിലേക്ക് എത്തിയപ്പോള്‍ വൈകാരികമായതും നിസ്സഹായമായതുമായ സീനുകള്‍ തന്മയത്തത്തോടെ ദൃശ്യവല്‍ക്കരിക്കാന്‍ സാധിച്ചതായി സംവിധായകന്‍ പറയുന്നു. ഭാവമികവാര്‍ന്ന മുഖങ്ങളെയും കണ്ണുകളെയും close-up ഷോട്ടുകളില്‍ ചേര്‍ത്തത് തുറമുഖത്തിലെ കഥാപാത്രങ്ങളുടെ സത്വത്തെ മറ്റൊരു തലത്തില്‍ എത്തിച്ചു എന്നുപറയാം. നാടകത്തില്‍ മൊയ്തുവിന്റെ മരണം ഉമ്മ കേള്‍ക്കുക മാത്രമാണ് ചെയ്യുന്നതെങ്കില്‍ സിനിമയില്‍ അത് വൈകാരികമായി യാഥാര്‍ഥ്യതനിമയോടുകൂടി ദൃശ്യവല്‍ക്കരിക്കാന്‍ സാധിച്ചതായി സംവിധായകന്‍ അഭിപ്രായപ്പെട്ടു. മുദ്രാവാക്യങ്ങള്‍ കുറഞ്ഞ നാടകത്തില്‍ നിന്ന് വിഭിന്നമായി സിനിമയിലുടനീളം ചേര്‍ത്ത മുദ്രാവാക്യങ്ങള്‍ പ്രേക്ഷകരുടെ ശ്രദ്ധയെ പൂര്‍ണമായി സമര ചരിത്രത്തിലേക്ക് പിടിച്ചടുപ്പിക്കുന്നുണ്ട്. എന്നാല്‍, നാടകത്തിലെ ഉള്ളടക്കം അതേരീതിയില്‍ തന്നെയാണ് സിനിമയിലും നിലനിര്‍ത്തിയത് എന്നാണ് രാജീവ് രവി കൈരളി ഫിലിം സൊസൈറ്റിയോട് സൂചിപ്പിച്ചത്.
കാലങ്ങളെ അടയാളപ്പെടുത്തുന്ന ദൃശ്യഭംഗി
വളരെ മികവാര്‍ന്ന 'Narrative Technique' തുറമുഖത്തിന്റെ കഥാപാത്രങ്ങളെയും അവര്‍ പ്രതിനിധാനം ചെയ്യുന്ന ചരിത്രപശ്ചാത്തലത്തെയും നീതീകരിക്കുന്നുണ്ട്. 'Monochrome' (black and white) ശൈലിയിലെ അക്കാലഘട്ടത്തിലെ ദൃശ്യങ്ങള്‍ ജോജു ജോര്‍ജ് അവതരിപ്പിച്ച മൈമു എന്ന കഥാപാത്രത്തിന്റെ പ്രകടനത്തിന് ആക്കം കൂട്ടിയതോടൊപ്പം അവതരണത്തിന്റെ ഇരു ഘട്ടങ്ങളെയും വ്യത്യസ്തമാക്കുന്നുമുണ്ട്. 40- കളില്‍ ഓവര്‍കാസ്റ്റും 50-കളില്‍ കളര്‍ (sunlight) ദൃശ്യങ്ങളും അവലംബിച്ചിരിക്കുന്നു. തുറമുഖത്തിന്റെ ചരിത്ര പശ്ചാത്തലത്തെ രേഖപ്പെടുത്തിയിരിക്കുന്നത് പച്ചപ്പിലൂടെയും ഓലക്കുടിലിലൂടെയും പതിഞ്ഞ കാഴ്ചകളിലൂടെയാണെങ്കില്‍, പശ്ചാത്തലസംഗീതം സന്ദര്‍ഭത്തോട് ഇഴചേര്‍ന്നു പോകുന്നു. രാജീവ് രവി തന്നെ ഛായാഗ്രഹണത്തെക്കുറിച്ച് പറഞ്ഞുവക്കുന്നത് 'its an art of narration' എന്നാണ്. അതിന്റെ പ്രതിഫലനങ്ങള്‍ തുറമുഖത്തിന്റെ ദൃശ്യങ്ങളില്‍ കാണാം.
കഥാപാത്രങ്ങളുടെ ആഴം
കഥാപാത്രങ്ങളിലേക്ക് സൂക്ഷ്മമായ ഒരു വായനയ്ക്ക് സാധ്യത നല്‍കുന്നതാണ് രാജീവ് രവി സിനിമയുടെ ഭംഗി. കമ്മട്ടിപ്പാടത്തില്‍ എങ്ങനെയാണോ നടന്‍ വിനായകന്‍ ആയതരിപ്പിച്ച 'ഗംഗ' എന്ന കഥാപാത്രം കാഴ്ചക്കാരുടെ കണ്ണ് തുളക്കുന്നത്, അത്രമേല്‍ അഗാധമായി തന്നെ സ്പർശിക്കുന്നുണ്ട് തുറമുഖത്തിലെ കഥാപാത്രങ്ങളായ മൊയ്തുവും, ഹംസയും, മൈമുവും, ഉമ്മയും, ഉമ്മാനിയും, ഖദീജയും, ഉമ്പൂച്ചയുമെല്ലാം. തുറമുഖത്തില്‍ സ്ത്രീ കഥാപാത്രങ്ങളെ എഴുതി അവതരിപ്പിച്ചിരിക്കുന്നത് അത്രമേല്‍ തീവ്രമായിട്ടാണ് എന്ന് തന്നെ പറയേണ്ടിവരും. ചരിത്രത്തിന്റെ സാമൂഹിക യാഥാര്‍ഥ്യങ്ങളില്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളാണ് തുറമുഖത്തില്‍ സ്ത്രീകള്‍. പൂര്‍ണിമ ഇന്ദ്രജിത് അവതരിപ്പിച്ച ഉമ്മയുടെ കഥാപാത്രം ആഴം കൊണ്ടും അവതരണം കൊണ്ടും മികച്ചു നില്‍ക്കുന്നുണ്ട്. ഒരു നോവല്‍ വായിക്കുന്ന ആയാസത്തോടെ ഈ കഥാപാത്രം നമ്മളെ കഥയിലുടനീളം കൂടെകൂട്ടുന്നു.
1906- ല്‍ മാക്‌സിം ഗോര്‍ക്കി രചിച്ച 'അമ്മ’ (Mother) എന്ന റഷ്യന്‍ പശ്ചാത്തലത്തിലെ തൊഴിലാളി മുന്നേറ്റത്തിന്റെ കഥ പറഞ്ഞ നോവലിലെ 'Nilovna' എന്ന അമ്മയെത്തന്നെയാണ് പൂര്‍ണിമ എന്ന നടിയിലൂടെ തുറമുഖത്തില്‍ ഉമ്മയായി നമ്മള്‍ കാണുന്നത്. Nilvona യുടെ ജീവിതഗതിയെ മട്ടാഞ്ചേരിയിലെ ചൂഷണവ്യവസ്ഥയില്‍ പറിച്ചുനട്ടതില്‍ തിരക്കഥ സത്യസന്ധത പുലര്‍ത്തി എന്ന് തന്നെ പറയാം. ഹംസ എന്ന ഉമ്മയുടെ ഇളയ മകന്‍ പട്ടിണിമൂലം സംഘടിത തൊഴിലാളി മുന്നേറ്റത്തിനായിറങ്ങുന്ന കാഴ്ച 'Nilovna' യുടെ മകനായ Pavel Vlasov- യിലൂടെ മാക്‌സിം ഗോര്‍ക്കിയുടെ അമ്മയിലും നമുക്ക് കാണാം- ഇരുവശത്തും പുതുമ ചോരാതെതന്നെ.
സിനിമ എന്ന രാഷ്ട്രീയ നിരീക്ഷണ പ്രക്രിയ
തുറമുഖം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തേണ്ട സുപ്രധാനമായ ഒരു വിഷയമാണ് കൈകാര്യം ചെയ്തതെങ്കിലും, പൊതുവെ സിനിമയുടെ ദൈര്‍ഘ്യം അതിനു വിലങ്ങുതടിയായോ എന്ന സംശയം ഫിലിം സൊസൈറ്റിയുടെ ചര്‍ച്ചയിലും ഉയര്‍ന്നു വന്നു. തൊഴിലാളി മുന്നേറ്റത്തിന്റെ ബില്‍ഡിംഗ് പ്രോസസ്സ് കുറച്ചുകൂടി വെളിപ്പെടുത്താമായിരുന്നില്ലേ എന്നും അഭിപ്രായമുണ്ടായി. എന്നാല്‍ സിനിമയുടെ ഈ ശൈലി പല രംഗങ്ങളിലും അവര്‍ അനുഭവിച്ച തീക്ഷ്ണമായ ജീവിതാനുഭവങ്ങളെ പ്രകടിപ്പിക്കുന്നതില്‍ കഥാപാത്രങ്ങളെ സഹായിച്ചിട്ടുമുണ്ട്. ആത്യന്തികമായി തന്നെ തൊഴിലാളി പക്ഷ രാഷ്ട്രീയം തുറന്നു പറയുന്ന തുറമുഖം, കൈരളി ഫിലിം സൊസൈറ്റി പ്രവര്‍ത്തിക്കുന്ന U.K യിലെ 1990 കളില്‍ നടന്ന 'Pay no poll tax -dont collect dont pay' എന്ന മുദ്രാവാക്യത്തില്‍ മുന്നേറിയ സമരത്തെയും ഓര്‍മ്മിപ്പിക്കുന്നുണ്ട്. Commercial സിനിമയുടെ കണക്കുകൂട്ടലുകളില്‍ മാത്രം വീണുപോകാതെ പ്രത്യക്ഷമായി ഗവേഷണാത്മകത നിലനിര്‍ത്തിയാണ് കഥ പറഞ്ഞിരിക്കുന്നത്.
സിനിമ മാത്രമല്ല മനുഷ്യന്റെ ഓരോ പ്രവര്‍ത്തിയും, ഓരോ ശ്വാസവും പൊളിറ്റിക്കല്‍ ആണെന്ന് താന്‍ വിശ്വസിക്കുന്നു എന്നും ഫിലിം സൊസൈറ്റികള്‍ സംഘടിപ്പിക്കുന്ന ഇത്തരം ചര്‍ച്ചകളാണ് തന്റെ സിനിമക്കുള്ള യഥാര്‍ത്ഥ അംഗീകാരമെന്നും രാജീവ് രവി അഭിപ്രായപ്പെട്ടു.