അൽജീരിയയിലെ ഒന്നാമത്തെ മനുഷ്യൻ

ആൽബേർ കാമുവിന്റെ അപൂർണമായ നോവൽ 'ഒന്നാമത്തെ മനുഷ്യനെ' ആധാരമാക്കി ഇറ്റാലിയൻ സംവിധായകൻ ജിയാന്നി അമിലിയൊ അതേപേരിലെടുത്ത സിനിമ, കാമുവിനുള്ള നല്ലൊരു ശ്രദ്ധാഞ്ജലിയാണ്. കാറപകടത്തിൽ കാമു മരിക്കുമ്പോൾ ഈ നോവൽ പൂർത്തിയാക്കപ്പെടാത്ത രൂപത്തിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അപൂർണനോവലിന്റെ ചലച്ചിത്രാവിഷ്‌കാരം അപൂർണമാണെന്ന പ്രതീതി ജനിപ്പിക്കുന്നില്ല

ന്താണ് ഓർമകൾ?

മുറിച്ചെടുക്കുകയും ഒട്ടിച്ചുചേർക്കുകയും സ്വന്തം ആശയലോകം കൊണ്ടു വ്യാഖ്യാനിക്കുകയും ചെയ്യുന്ന ജീവിതത്തിലെ ഏടുകളത്രേ അത്. ഓർമകളിൽ നാം ശുദ്ധീകരിക്കപ്പെടുന്നുണ്ട്. സ്വയം വിമർശിക്കുന്നുണ്ട്. പശ്ചാത്തപിക്കുന്നുണ്ട്. ഉള്ളിലെവിടെയോ തിളയ്ക്കുന്ന സ്വയം നിർമലീകരിക്കാനുള്ള അഭിവാഞ്ഛ ഓർമകളിൽ ശക്തമായി പ്രവർത്തിക്കുന്നു.

ഓർമകൾ ബാല്യത്തെ കുറിച്ചാകുമ്പോൾ കൂടുതൽ തരളമാകുന്നു.

നിങ്ങൾക്കൊരു ബാല്യമില്ലേ എന്ന മഹാകവിയുടെ ചോദ്യത്തിൽ ബാല്യത്തിന്റെ മഹത്വം ധ്വനിക്കുന്നുണ്ടായിരുന്നുവല്ലോ. നമ്മെ രൂപപ്പെടുത്തുന്നതിൽ ബാല്യ-കൗമാരാനുഭവങ്ങൾക്കുള്ള പങ്ക് ഇപ്പോൾ മനഃശാസ്ത്രപഠനങ്ങളുടെ കാലത്ത് സുവിദിതമായിരിക്കുന്നു.

കാമുവിന്റെ അപൂർണനോവലിനെ അധികരിച്ച് ജിയാന്നി അമിലിയൊ സംവിധാനം ചെയ്ത ഒന്നാമത്തെ മനുഷ്യൻ എന്ന ചലച്ചിത്രം ഓർമകളുടെ ഒരു രേഖയാണ്. ചലച്ചിത്രത്തിലെ കഥാപുരുഷനെ രൂപപ്പെടുത്തിയ ബാല്യ-കൗമാരജീവിതം ഓർമകളിലൂടെ ആവിഷ്‌കൃതമാകുന്നു. മതാത്മകമല്ലാത്തതും ഉയർന്ന മൂല്യസംവാഹിയുമായ മാനവികാത്മീയതയുടെ അത്രമേൽ പരിചിതമല്ലാത്ത ലോകങ്ങളിലേക്ക് ഈ ചലച്ചിത്രം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. അനന്യവും സരളവും പ്രശാന്തവുമായ സ്നേഹാനുഭവങ്ങളെ ചലച്ചിത്രം പ്രദാനം ചെയ്യുന്നു.

എന്താണ് ഒരു എഴുത്തുകാരന്റെ കടമ?

ഴാക് കൊർമേരി എന്ന എഴുത്തുകാരൻ സ്വന്തം നാടായ അൽജീരിയയിലേക്കു വരികയാണ്. അൽജീരിയയിലെ അധിനിവേശവിരുദ്ധ പ്രക്ഷോഭത്തിന്റെ നാളുകളാണത്. തന്റെ അച്ഛനെ അടക്കം ചെയ്ത സ്ഥലം അദ്ദേഹം കണ്ടെത്തുന്നു. അവിടെ നിശബ്ദനായിരിക്കുന്നു. പിന്നെ, കാറിലെ യാത്ര. അദ്ദേഹത്തോടൊപ്പം രണ്ടു വിദ്യാർത്ഥികളുമുണ്ട്. അവർ സർവകലാശാലയിലേക്കാണു പോകുന്നത്.

വർഷങ്ങൾക്കു മുന്നേ കൊർമേരി അവിടെ പഠിച്ചിരുന്നു. അദ്ദേഹം അവിടെ ഇപ്പോൾ ക്ഷണിക്കപ്പെട്ട അതിഥിയായി എത്തുകയാണെന്നു തോന്നുന്നു. വിദ്യാർത്ഥികളോടൊപ്പം അദ്ദേഹം സർവ്വകലാശാലയിലേക്കു കയറുമ്പോൾ എല്ലാവരും അദ്ദേഹത്തെ ശ്രദ്ധിക്കുന്നു. ഒരു പ്രതിഷേധമുദ്രാവാക്യം മുഴങ്ങുന്നുണ്ട്. എല്ലാവർക്കും അദ്ദേഹത്തെ അറിയാം. നാടിന്റെ പ്രശസ്തനായ എഴുത്തുകാരനാണ്, അദ്ദേഹം.

ആൽബേർ കാമു

ഒരു കാലത്ത് താൻ പഠിക്കാനായി ഇരുന്ന ക്ലാസ്മുറിയിൽ തിങ്ങിക്കൂടിയിരിക്കുന്ന വിദ്യാർത്ഥികളോട് അദ്ദേഹം സംസാരിക്കുന്നു - ഒരു എഴുത്തുകാരന്റെ കടമ ചരിത്രം നിർമ്മിക്കുന്നവരെ സേവിക്കുകയെന്നതല്ല; മറിച്ച്, അതിൽ സഹിക്കുന്നവരെ സഹായിക്കുകയെന്നതാണ്. അൽജീരിയയിലെ അറബികളും ഫ്രഞ്ചുകാരും കൂട്ടുചേർന്നു നിലനിൽക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നു.

തുല്യരും സ്വതന്ത്രരുമായ ജനങ്ങളുടെ സഹഅസ്തിത്വം മാത്രമാണ് ഏക പരിഹാരമാർഗ്ഗം. അൽജീരിയ ഫ്രഞ്ചാണ്. അവസാനത്തെ വാക്യം അദ്ദേഹം പറയുമ്പോൾ സദസ്സിലെ ഒരു വിഭാഗം പ്രക്ഷുബ്ധമാകുന്നു. ഈ ദൃശ്യങ്ങളോടെയാണ്, ജിയാന്നി അമിലിയൊയുടെ ചലച്ചിത്രം ആരംഭിക്കുന്നത്. ഴാക് കൊർമേരിയുടെ പ്രാഗ്രൂപം ആൽബേർ കാമു തന്നെയാണെന്നു കരുതപ്പെടുന്നു.

കാതലിൽ അർജീരിയക്കാരനായിരുന്ന കാമു

ഴാക് കൊർമേരിയുടെ അൽജീരിയയോടുള്ള സമീപനം അദ്ദേഹത്തിന്റെ പ്രഭാഷണത്തിലെ വാക്കുകളിലുണ്ട്. അത് ആൽബേർ കാമുവിന്റെ അൽജീരിയയോടുള്ള സമീപനം തന്നെയാണ്. അദ്ദേഹം അറബികളുടെ രാഷ്ട്രീയഅവകാശങ്ങൾക്കു വേണ്ടി വാദിച്ചുവെങ്കിലും സ്വതന്ത്രമായ അൽജീരിയയെ വിഭാവനം ചെയ്യാൻ വിസമ്മതിച്ചു. ഫ്രഞ്ച് അൽജീരിയയെ കുറിച്ചുള്ള കാമുവിന്റെ സമീപനം അൽജീരിയയിലെ ഭൂരിപക്ഷത്തിനും സ്വീകാര്യമായിരുന്നില്ല.

മറ്റൊരു രീതിയിൽ, അത് വർണവിവേചനത്തിന്റെ ദക്ഷിണാഫ്രിക്കയെ പോലെയായിരുന്നു. അത് രണ്ടു ലോകങ്ങളായി പിളർന്നിരുന്നു - അറബിലോകവും യൂറോപ്യന്മാരുടെ ലോകവും. കാമു അസാധാരണമെന്നോണം കാതലിൽ അൽജീരിയക്കാരനായിരുന്നു. അൽജീരിയക്കാർ അദ്ദേഹത്തെ മഹാനായി കണ്ടിരുന്നിരിക്കണം. എന്നാൽ, അദ്ദേഹം അന്യനായിരുന്നു.

ജിയാന്നി അമിലിയൊയുടെ ഴാക് കൊർമേരിയും ഇങ്ങനെ തന്നെയാണെന്നു തോന്നുന്നു. ഈ നായകനെ അത്ഭുതാദരങ്ങളോടെ നോക്കുന്ന നാട്ടുകാരെ ചലച്ചിത്രകാരൻ പല പ്രാവശ്യം കാണിക്കുന്നുണ്ട്. നായകനാകട്ടെ, വളരെ പ്രതിജ്ഞാബദ്ധതയോടെ ചില ദൗത്യങ്ങൾ ഏറ്റെടുക്കുന്നു. എങ്കിലും ആ പിളർപ്പ് നാം അനുഭവിക്കുന്നു. അൽജീരിയയുടെ കലുഷമായ രാഷ്ട്രീയാന്തരീക്ഷം ചലച്ചിത്രത്തിൽ കടന്നുവരുന്നുണ്ട്.

സൈനികപരിശോധനകൾ, തോക്കുമേന്തി കാവൽ നിൽക്കുന്ന പട്ടാളക്കാർ, സ്ഫോടനത്തിന്റെയോ തീവയ്പ്പിന്റെയോ ദൃശ്യങ്ങൾ ഇവയെല്ലാം. ഇതിന്നപ്പുറത്ത് നായകന്റെ ബാല്യ-കൗമാരകാലജീവിതത്തിലേക്കുള്ള പ്രവേശികയായി ഈ സന്ദർശനം മാറുന്നു. അതീവ ഹൃദ്യമായ ആഖ്യാനമാണിത്.

ഓർമകളില്ലായിരുന്നെങ്കിൽ എല്ലാം നിരർത്ഥകം

ഴാക് കൊർമേരിയുടെ ബാല്യകാലം സംഘർഷഭരിതമായിരുന്നു. പിതാവിനെ കണ്ട ഓർമകൾ അവനുണ്ടാകില്ല. സ്നേഹനിധിയായ അമ്മ ഒരു അലക്കുതൊഴിലാളിയായി പണിയെടുത്തു. അവർ ഒരു പാവം സ്ത്രീ. മകനെ എന്തെന്നില്ലാതെ സ്നേഹിക്കുന്നവൾ. ദാരിദ്ര്യത്തിന്റെ നാളുകളായിരുന്നു അത്. മുത്തശ്ശിയുടെ കഠിനമായ ശിക്ഷണത്തിലാണ് അവൻ വളർന്നത്.

ചെറിയ കുസൃതികൾക്ക് മുത്തശ്ശി അവനെ പ്രഹരിക്കുമ്പോൾ നുറുങ്ങുന്ന ഹൃദയവുമായി അവളിരിക്കുന്നതു നാം കാണുന്നു. എന്നാൽ, തന്റെ വീഴ്ചയിൽ തനിക്കു വേണ്ടി കശാപ്പുകാരനോടു മാപ്പു പറയാൻ ഴാക്കിനെ പറഞ്ഞയയ്ക്കുന്ന മുത്തശ്ശിയെ നാം കാണുന്നുണ്ട്. കാണാതായ പണത്തിനു വേണ്ടി പ്രാർത്ഥനകളോടെ തിരയുന്ന മുത്തശ്ശി ഴാക്കിനെ എന്തെല്ലാം പഠിപ്പിക്കുന്നില്ല? ആ രണ്ടു സ്ത്രീകളാണ് അയാളെ നിർമ്മിച്ചെടുത്തതെന്ന് ഴാക്കിന്റെ പ്രിയപ്പെട്ട അദ്ധ്യാപകൻ പറയുന്നത് പിന്നീടു നാം കേൾക്കുന്നുണ്ട്.

എന്നാൽ, ഒരു ദിവസം ശിക്ഷയേറ്റുവാങ്ങാനുള്ള മുത്തശ്ശിയുടെ വിളി ഴാക് കേൾക്കുന്നില്ല. ബാല്യം എങ്ങനെയാണ് ഒരു മനുഷ്യനെ രൂപപ്പെടുത്തുന്നതെന്ന് എത്രയും ഹൃദയാവർജ്ജകമായി ജിയാന്നി അമിലിയൊ ദൃശ്യവൽക്കരിക്കുന്നു.
ഴാക് കൊർമേരിയുടെ അൽജീരിയൻ സന്ദർശനകാലവും ബാല്യകാലജീവിതവും മാറി മാറിവരുന്ന ഫ്ളാഷ്ബാക്കുകളിലൂടെയാണ് ചലച്ചിത്രം മുന്നോട്ടു നീങ്ങുന്നത്. നേർരേഖീയമല്ലാത്ത ഈ അവതരണരീതി സംവേദനത്തിന് സഹായകമായി തീരുന്നതാണ്.

ഒരിക്കൽ ജീവിച്ച സ്ഥലങ്ങൾ കാണുമ്പോൾ, അന്ന് ഒരുമിച്ചു ജീവിച്ചിരുന്നവരെ കാണുമ്പോൾ ബാല്യകാലത്തിലേക്കു കൊർമേരി സഞ്ചരിക്കുന്നു. അയാളിൽ ഓർമ്മകൾ ഉണരുന്നു. ഓർമ്മകൾ ഈ ചലച്ചിത്രത്തിന്റെ വലിയൊരു ഭാഗമായിരിക്കുന്നു. ഓർമകളില്ലായിരുന്നെങ്കിൽ എല്ലാം നിരർത്ഥകമായിപ്പോകുമായിരുന്നെന്നു പ്രേക്ഷകനു തോന്നുന്ന വിധത്തിൽ അവയുടെ സഫലമായ ആവിഷ്‌ക്കാരമാണ് ചലച്ചിത്രം നിർവ്വഹിക്കുന്നത്.

ആരാണ് പാവങ്ങളെന്നു ഴാക് അമ്മയോടു ചോദിക്കുന്ന ഒരു പ്രകരണത്തെ ചലച്ചിത്രകാരൻ ചലച്ചിത്രത്തിൽ ഉൾച്ചേർക്കുന്നുണ്ട്. നമ്മളാണ്, മുത്തശ്ശിയും ഞാനും അമ്മാവനുമെല്ലാം ദരിദ്രരാണെന്ന് അമ്മ മറുപടി പറയുന്നു. നമ്മളാണ് പാവങ്ങളെങ്കിൽ എല്ലാം നല്ലതാണെന്നു പ്രതികരിക്കുന്ന ബാലനെ നാം കാണുന്നു. ഇപ്പോൾ, അവന്റെ അമ്മയുടെ മുഖത്തു വിരിയുന്ന ചിരി മകന്റെ സ്വഭാവത്തിനു നൽകുന്ന പാരിതോഷികമാണ്. സഹനത്തിനുള്ള ശേഷിയെ, യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാനുള്ള കഴിവിനെ ഴാക്കിൽ നാം കാണുന്നു.

അവൻ നിഷേധങ്ങളിലൂടെയല്ല വളരുന്നത്, യാഥാർത്ഥ്യത്തിന്റെ കഠിനമുഖത്തെ നേരിട്ടുകൊണ്ടും മനസ്സിലാക്കലിലൂടെയും ഒത്തുതീർപ്പുകളിലൂടെയുമാണ്. ഫ്രഞ്ചും അറബികളും ഒരുമിച്ചു ജീവിക്കണമെന്ന ഴാക്കിന്റെ ആഗ്രഹത്തിനു പിന്നിൽ അവനിൽ പ്രവർത്തിക്കുന്ന സഹനത്തിന്റെ ചിന്തക്ക് പങ്കുണ്ടെന്നു തോന്നാവുന്നതാണ്.

ഴാക്കിന്റെ അദ്ധ്യാപകൻ അവന്റെ ജീവിതത്തിലെ വഴികാട്ടിയായിത്തീരുന്നു. കുടുംബത്തെ സഹായിക്കാൻ പുറത്തു തൊഴിലെടുക്കാൻ പോയിത്തുടങ്ങിയിരുന്ന ഴാക്കിനെ വിദ്യാഭ്യാസത്തിലേക്കു തിരിച്ചു കൊണ്ടുവരുന്നത് അവന്റെ അദ്ധ്യാപകനാണ്. ഈ അൽജീരിയ സന്ദർശനവേളയിൽ ആ അദ്ധ്യാപകനു സമർപ്പിച്ച പുസ്തകവുമായി ഴാക് കൊർമേരി അദ്ദേഹത്തെ കാണുന്നുണ്ട്. മറക്കാനാവാത്ത ഒരു കൂടിക്കാഴ്ചയേയാണ് ദൃശ്യങ്ങളിലൂടെ ചലച്ചിത്രകാരൻ ഒരുക്കുന്നത്. അവരുടെ സംസാരത്തിൽ സ്നേഹവും ചരിത്രവും മൂല്യസംഘർഷങ്ങളും കൂടിക്കുഴയുന്നതു നാം കാണുന്നു.

തങ്ങളെ കുറിച്ച്, തങ്ങളുടെ ദുരന്തത്തെ കുറിച്ച് ഒരു നോവലെഴുതാൻ ആ അദ്ധ്യാപകൻ തന്റെ ലോകപ്രശസ്തനായ ശിഷ്യനോടു പറയുന്നു. നോവലുകളിലാണ് സത്യമുള്ളത്. റഷ്യ അതിന്റെ ചരിത്രപുസ്തകങ്ങളിലല്ല, ഡോസ്റ്റോവ്സ്‌ക്കിയുടേയും ടോൾസ്റ്റോയിയുടേയും കൃതികളിലാണ്. ക്ലാസ്മുറിയിൽ സ്വയം തന്റെ പ്രതിയോഗി ചമഞ്ഞ് ആക്രമിച്ചിരുന്ന സഹപാഠിയെ ഴാക് കൊർമേരി പോയിക്കാണുന്നുണ്ട്. ബോംബ് സ്ഫോടനക്കേസിൽ കുറ്റവാളിയായി ജയിലിൽ കഴിയുന്ന മകനെ കാണാൻ ഴാക് അയാൾക്ക് അവസരമുണ്ടാക്കുന്നു.

ഫ്രാൻസ്- അൽജീരിയ വൈരുധ്യം

ഴാക്കിന്റെ അൽജീരിയ സന്ദർശനത്തിലുടനീളം ഫ്രാൻസും അൽജീരിയയും തമ്മിലുള്ള വൈരുധ്യങ്ങൾ കടന്നു വരുന്നുണ്ട്. തന്റെ സഹപാഠിയെ ഴാക് കാണുന്ന സന്ദർഭത്തിലും താൻ ജനിച്ച ആടു വളർത്തൽ കേന്ദ്രം കാണാൻ അദ്ദേഹം എത്തിച്ചേരുന്ന സന്ദർഭത്തിലും ഈ വൈരുദ്ധ്യത്തെ സംഭാഷണങ്ങളിലൂടെ നാം കേൾക്കുന്നു. ഴാക് നടത്തുന്ന റേഡിയോ പ്രഭാഷണത്തിൽ അയാളുടെ വ്യാകുലതകൾ റേഖപ്പെടുന്നുണ്ട്.

അമ്മയും മകനും തമ്മിലുള്ള സംഭാഷണരംഗങ്ങൾ ചലച്ചിത്രത്തിലെ ശക്തമായ ചില ദൃശ്യങ്ങളാണ്. എന്തുകൊണ്ടാണ് ഒറ്റയ്ക്ക് ഇവിടെ അൽജീരിയയിൽ തന്നെ കഴിയാൻ ആഗ്രഹിക്കുന്നതെന്ന് ഴാക് കൊർമേരി അമ്മയോടു ചോദിക്കുന്നുണ്ട്. ഫ്രാൻസ് സുന്ദരിയാണ്, എന്നാൽ അവിടെ അറബികളില്ല എന്ന് അവർ മറുപടി നൽകുന്നു. തന്റെ ജീവിതത്തിലുടനീളം ഒരുമിച്ചുണ്ടായിരുന്നവർ ഇനിയും ഒരുമിച്ചുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന തന്റെ അമ്മയെ അയാൾക്കു മനസ്സിലാകും.

ജിയാന്നി അമിലിയൊ

ഐക്യത്തിനും സമാധാനത്തിനും രണ്ടു ജനതകളുടേയും ഒരുമിച്ചുള്ള ജീവിതത്തിനും വേണ്ടിയാണ് അമ്മയെ പോലെ തന്നെ മകനും ആഗ്രഹിക്കുന്നത്. മനുഷ്യരാശി നിരാശയിലും സഹനത്തിലും പെട്ട് തെറ്റായ കാര്യങ്ങൾക്കു വേണ്ടിയാണോ മല്ലടിക്കുന്നതെന്ന ഖേദം അയാളിലുണ്ട്. എന്നാൽ, ഈ മനോഭാവം ഫ്രഞ്ച് അധിനിവേശത്തിനുള്ള ന്യായീകരണമായി തീരുന്നുണ്ടോയെന്ന സന്ദേഹം പ്രേക്ഷകരിൽ ഉണരാതിരിക്കുന്നില്ല.

ആൽബേർ കാമുവിന്റെ അപൂർണമായ നോവലാണ് ജിയാന്നി അമിലിയൊ ചലച്ചിത്രമാക്കിയത്. കാർ അപകടത്തിൽ പെട്ട് കാമു മരിക്കുമ്പോൾ ഈ നോവൽ പൂർത്തിയാക്കപ്പെടാത്ത രൂപത്തിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അപൂർണനോവലിന്റെ ചലച്ചിത്രാവിഷ്‌കാരം അപൂർണ്ണമാണെന്ന പ്രതീതി ജനിപ്പിക്കുന്നില്ല. വർഷങ്ങൾക്കു മുന്നേ തന്നെ കാനിലെ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ജിയാന്നി അമിലിയൊയുടെ ഈ ചിത്രം ആൽബേർ കാമുവിനുള്ള നല്ലൊരു ശ്രദ്ധാഞ്ജലിയായിരുന്നു.

Directed by Gianni Amelio, Screenplay by Gianni Amelio, Based on Le Premier Homme by Albert Camus, Starring: Jacques Gamblin, Catherine Sola, Maya Sansa, Denis Podalydès, Cinematography Yves Cape, Running time: 100 minutes,
Country: France -Italy, Language: French


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments