‘എന്നിവർ’ എന്ന സിനിമയിൽ സർജാനോ ഖാലിദ്, ‘ചാവേറി’ൽ കുഞ്ചാക്കോ ബോബൻ, ‘പകർന്നാട്ട’ത്തിൽ ജയറാം, ‘ഈട’യിൽ ഷെയ്ൻ നിഗം.

ബലിമൃഗങ്ങൾ, ചാവേറുകൾ;
തമസ്‌കരിക്കപ്പെടുന്ന സിനിമകൾ

രാഷ്ട്രീയപ്രസ്ഥാനങ്ങളിലെ ജനാധിപത്യവിരുദ്ധമായ പ്രവണതകളേയും അധികാരശ്രേണീവ്യവസ്ഥയേയും വിവൃതമാക്കുന്ന ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ഹിറ്റ്‌ലറൈറ്റ് / സ്റ്റാലിനിസ്റ്റ് സാംസ്‌കാരിക സൈബർസംഘങ്ങൾ അനുവദിക്കുകയില്ലെന്ന സ്ഥിതി ഇന്ത്യയിലെ മറ്റിടങ്ങളിലെന്ന പോലെ കേരളത്തിലേക്കും വ്യാപിക്കുകയാണ്.

രാഷ്ട്രീയ സംഘടനകൾ ആന്തരികമായി ജനാധിപത്യവൽക്കരിക്കപ്പെടുകയെന്നത് ഏതൊരു ആധുനികസമൂഹത്തിലും ഏറെ പ്രാധാന്യമേറിയ കാര്യമാണ്. സുതാര്യവും തുറന്നതുമായ പ്രവർത്തനങ്ങളിലൂടെയേ ഇതു സാദ്ധ്യമാകൂ. ജനതയോട് സുതാര്യമായി സംവദിക്കാൻ രാഷ്ട്രീയസംഘടനകൾക്കു കഴിയണം. മതാത്മകവും യാന്ത്രികവും നിർണ്ണയവാദപരവും സ്വേച്ഛാധിപത്യപരവും അധികാരശ്രേണീപരവുമായ നിരവധി പ്രശ്‌നങ്ങൾ പുരോഗമനപരമെന്നും ജനതയുടെ പ്രതീക്ഷയെന്നും നിനയ്ക്കപ്പെടുന്ന രാഷ്ട്രീയസംഘടനകളെ പോലും ആന്തരികമായി കീഴ്‌പ്പെടുത്തുന്നുണ്ട്. ഇത് സംഘടനകൾക്കുള്ളിൽ മാത്രമായി നിലനിൽക്കുന്നതല്ല, പുറത്തേക്കു പ്രവഹിക്കുന്നതും ജനങ്ങൾക്ക് അനുഭവപ്പെടുന്നതുമാണ്. സംഘടനയ്ക്കുള്ളിൽ ഇത്തരം ഘടകങ്ങൾ കൊണ്ട് മെരുക്കപ്പെടുന്നവർ പുറത്ത് അവയെ പ്രകടിപ്പിക്കാതിരിക്കില്ല.

രാഷ്ട്രീയസംഘടനകളുടെ ജനാധിപത്യവൽക്കരണം സമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തിനു മുന്നുപാധിയായിരിക്കുന്നു. നമ്മുടെ രാഷ്ട്രീയ സംഘടനകളിൽ വലിയ തോതിൽ പ്രവർത്തനക്ഷമമായിരിക്കുന്ന അധികാരശ്രേണീപരവും മതാത്മകവും വിഭാഗീയവുമായ പ്രവണതകളെ വിവൃതമാക്കുന്ന ചില ചലച്ചിത്രങ്ങളെ കുറിച്ചു പറയാനാണ് ഈ ലേഖനം ശ്രമിക്കുന്നത്. രാഷ്ട്രീയസംഘടനകളിലെ അധികാരകേന്ദ്രങ്ങൾ ഇത്തരം ചലച്ചിത്രങ്ങളെ തന്നെ തമസ്‌കരിക്കാൻ ശ്രമിക്കുന്നുണ്ടെന്നു കരുതണം. ഇവിടെ, പരാമർശിക്കപ്പെടുന്ന നാലു ചലച്ചിത്രങ്ങളും ഏറിയും കുറഞ്ഞും തമസ്‌ക്കരണത്തിന് വിധേയമായിട്ടുണ്ടെന്ന് കേരളത്തിലെ ചലച്ചിത്രരംഗം ശ്രദ്ധിച്ചിട്ടുള്ളവർക്കു മനസ്സിലാകും.

‘എന്നിവർ’ എന്ന സിനിമയിൽ സുധീഷ്, സർജാനോ ഖാലിദ്, ബിനു പപ്പു എന്നിവർ

‘എന്നിവർ’; യന്ത്രസമാനമായ സിസ്റ്റം

സിദ്ധാർത്ഥ ശിവക്ക് മികച്ച സംവിധായകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ലഭിച്ച ചലച്ചിത്രമാണ് എന്നിവർ. പുരസ്‌കാരപ്രഖ്യാപനത്തിനുശേഷം ഒരു ജൂറി അംഗം നടത്തിയ പ്രസ്താവന ചില ഒച്ചപ്പാടുകൾ സൃഷ്ടിച്ചിരുന്നു. 2020- ലെ പുരസ്‌കാരങ്ങളുടെ കാര്യമാണിത്. പുരസ്‌കൃതമായതും വിവാദങ്ങൾക്കിടം നൽകിയതുമായ ഈ ചലച്ചിത്രം 2023 വരെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയില്ല. കേരളത്തിന്റെ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ശേഷം, പിന്നീട്, 2023-ൽ ഒ ടി ടിയിലൂടെയാണ് പുറത്തുവരുന്നത്. രാഷ്ട്രീയപ്രസ്ഥാനങ്ങളിലെ അധികാരശ്രേണീവ്യവസ്ഥയേയും ജനാധിപത്യവിരുദ്ധമായ പ്രവണതകളേയും രാഷ്ട്രീയവൈരത്തിന്റെ പേരിലുള്ള ഒരു കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ വിവൃതമാക്കുന്ന ചലച്ചിത്രമാണിത്. വളരെ ചെറിയ കഥാതന്തുവിനെ ദൃശ്യവൽക്കരണത്തിന്റെ ബൃഹത് സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി പ്രേക്ഷകമനസ്സുകളിൽ വലിയ ആഘാതമേൽപ്പിക്കുന്ന ചലച്ചിത്രാനുഭവമാക്കി മാറ്റാൻ സിദ്ധാർത്ഥ ശിവക്കു കഴിഞ്ഞിരുന്നു.


കേരളത്തിലെ ഒരു മുഖ്യ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ അംഗങ്ങളോ അനുഭാവികളോ എന്ന പ്രതീതി ജനിപ്പിക്കുന്ന കഥാപാത്രങ്ങളുടെ സവിശേഷവും വ്യത്യസ്തവുമായ സ്വഭാവവൽക്കരണങ്ങളിലൂടെയാണ് ചലച്ചിത്രകാരൻ പ്രധാനമായും തന്റെ ലക്ഷ്യം എത്തിപ്പിടിക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന സെറ്റുകളോ ആഘോഷങ്ങളോ ഒന്നുമില്ലാതെ, നഗരത്തിന്റെ ഉൾഭാഗത്തുള്ള തെരുവുകളുടേയും മലഞ്ചെരുവുകളുടേയും അങ്ങോട്ടുള്ള ദുർഘടം പിടിച്ച റോഡുകളുടേയും ചില പഴയ കെട്ടിടങ്ങളുടേയും കാഴ്ചകൾ കൊണ്ട് സംവിധായകന്റെ ഛായാഗ്രാഹി സംതൃപ്തമാകുന്നുണ്ട്. അത് പ്രകൃതിയെ കാണുന്നുണ്ട്. അതിലേറെ മനുഷ്യരെ കാണുന്നു, അവരുടെ ഉള്ളിനെ തുറക്കുന്നു.

പോലീസിനെയോ എതിർ രാഷ്ട്രീയക്കാരെയോ ഭയന്ന് ഏതോ ഒരു ചെറുനഗരത്തിന്റെ പ്രാന്തങ്ങളിലെ തെരുവുകളിലൂടെ ഓടുന്ന ഒരു കൂട്ടം യുവാക്കളെയാണ് നാം ആദ്യം കാണുന്നത്. അവരിൽ ചിലർ കോളേജിലെ വിദ്യാർത്ഥികളാണ്. കോളേജിൽ നടന്ന ഒരു കൂട്ടത്തല്ലിനു ശേഷമുള്ള ഓട്ടമാണത്. പലയിടങ്ങളിൽ എത്തിപ്പെടുകയോ ഒളിഞ്ഞിരിക്കുകയോ ചെയ്യുന്ന അവരെ പാർട്ടിക്കാർഏർപ്പെടുത്തുന്ന ഒരു കാറിൽ സുഹൃത്തായ സനലിന്റെ കടയിലെത്തിക്കുന്നു. അനന്തു, കുഞ്ഞിപ്പാൻ, ഷോബിത്, സാം, ജീവൻ - അഞ്ചു യുവാക്കളാണവർ. ഇവരിൽ രണ്ടു പേർ മാത്രമേ വിദ്യാർത്ഥികളുള്ളൂ. അനന്തുവും ഷോബിതും. മറ്റുള്ളവർ രാഷ്ട്രീയസംഘടനാ പ്രവർത്തകരാണ്. കോളേജിൽ നടന്ന സംഘട്ടനത്തിൽ രാഷ്ട്രീയസംഘടന പുറത്തുനിന്ന് ഇടപെട്ടുവെന്നും അവരുടെ നേതൃത്വത്തിലാണ് സംഘട്ടനം നടന്നതെന്നും ഇവരുടെ സംഭാഷണങ്ങളിൽ നിന്ന് ഗ്രഹിക്കാം.  ഇവരുടെ മർദ്ദനത്തിനു വിധേയനായ നിസാം എന്ന വിദ്യാർത്ഥി മരിച്ചതായി ഫോൺ സന്ദേശം വരികയും നേതാവായ ദാസേട്ടനൊപ്പം (കൃഷ്ണദാസ്) അഞ്ചുപേരും അട്ടപ്പാടിയിലെ വനമേഖലയിലേക്ക് ഒളിവിൽ പോകുകയും ചെയ്യുന്നു.

ജിയോ ബേബി

ബാഹ്യയാഥാർത്ഥ്യത്തെ ചലച്ചിത്രയാഥാർത്ഥ്യമായി പരിവർത്തിപ്പിക്കാനുള്ള ശ്രമത്തിലാണ് ചലച്ചിത്രകാരനെന്ന പ്രതീതി ഇപ്പോൾ, തുടക്കത്തിൽതന്നെ, പ്രേക്ഷകർക്കു ലഭ്യമാകുന്നുണ്ട്. നമ്മുടെ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഉള്ള് എത്രമാത്രം കരുണാരഹിതവും ധർമവിരുദ്ധവും ജനാധിപത്യമൂല്യങ്ങളിൽ നിന്നും അകലെ നിൽക്കുന്നതുമാണെന്നു തന്റെ പ്രേക്ഷകനോടു പറയാൻ ആഗ്രഹിക്കുന്ന ചലച്ചിത്രകാരൻ അതിനുള്ള അന്തരീക്ഷം ഒരുക്കിക്കഴിഞ്ഞു. സംഘട്ടനത്തിൽ പെട്ട രണ്ടു പേർ ഐ.സി.യുവിലാണെന്ന് അറിയുമ്പോൾ തന്നെ, അനന്തുവും കുഞ്ഞിപ്പാനും ആദ്യം പ്രതികരിക്കുന്നത്, അതിനുള്ള മർദ്ദനമൊന്നും അവിടെ സംഭവിച്ചിട്ടില്ലല്ലോയെന്നാണ്. അനന്തുവിൽ ഭയവും അത്ഭുതവും കലർന്ന മുഖഭാവമാണുണ്ടാകുന്നത്. താൻ സാമ്പാർ ബക്കറ്റു വച്ചു തല്ലിയെന്നു വീമ്പിളിക്കിയ ഷോബിതും തങ്ങളാൽ മർദ്ദിക്കപ്പെട്ടവർ ഗുരുതരാവസ്ഥയിലാണെന്നു കേൾക്കുമ്പോൾ ഭയത്തിലാകുന്നു.

കണ്ണൂരിൽ നിരന്തരം നടന്നിരുന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്കു ശേഷം മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റേയും മറ്റും കൊലകളുടെ പശ്ചാത്തലത്തിലാണ് ‘എന്നിവർ’ സാക്ഷാത്ക്കരിക്കപ്പെടുന്നത്.

സംഘർഷം തുടങ്ങുമ്പോൾ അതിന്റെ ഭാഗമായിരുന്ന സാം പെട്ടെന്ന് അപ്രത്യക്ഷമായതിനെ കുറിച്ച് അനന്തു അയാളോടു നേരത്തെ തന്നെ ചോദിക്കുന്നുണ്ട്. പിന്നീട്, ഒളിത്താവളത്തിൽ ഒരുമിച്ചിരിക്കുമ്പോൾ, അവിടെ എന്താണ് സംഭവിച്ചതെന്ന ചോദ്യം അനന്തു ആവർത്തിക്കുന്നു. ആന്തരികരക്തസ്രാവം മൂലമായിരിക്കാം മരിച്ചതെന്ന സാമിന്റെ മറുപടിയെ അതിനുള്ള തല്ലൊന്നും നമ്മൾ നടത്തിയിട്ടില്ലല്ലോയെന്ന ചോദ്യം കൊണ്ട് അനന്തു തടുക്കുന്നുണ്ട്. കുഞ്ഞിപ്പാൻ അനന്തുവിനെ പിന്തുണയ്ക്കുന്ന രീതിയിലാണ് ആദ്യം പ്രതികരിക്കുന്നത്. എന്നാൽ, സംഘർഷം കഴിഞ്ഞു പിരിയുമ്പോൾ അവർക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ലല്ലോയെന്ന് അനന്തു പറയുമ്പോൾ, അതു നീങ്ങുന്നത് കുഞ്ഞിപ്പാനുമായുള്ള വഴക്കിലേക്കാണ്. പിന്നെ, അവർ സൗഹൃദത്തിലാകുമ്പോൾ നിഷാദ് കൊണ്ടുവന്ന പത്രം കാണിച്ച് അവിടെ നാലു പേരാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതെന്നും നമ്മൾ മൂന്നു പേരെ മാത്രമേ മർദ്ദിച്ചിട്ടുള്ളുവല്ലോയെന്നും അനന്തു പറയുന്നുണ്ട്. തങ്ങളറിയാത്തതെന്തൊക്കെയോ അവിടെ നടന്നതായി അവൻ ഊഹിക്കുന്നു.

സൂരജ് എസ്. കുറുപ്പ്

ഒളിത്താമസക്കാർക്കിടയിൽ അഭിപ്രായഭേദങ്ങളോ സംഘർഷങ്ങളോ രൂപപ്പെടുമ്പോൾ തന്നെ  കൃഷ്ണദാസ് ഇടപെട്ട് അതിനെ ശമിപ്പിക്കുന്നുണ്ട്. എല്ലാം ഒരു സിസ്റ്റത്തിന്റെ ഭാഗമാണ് എന്ന അയാളുടെ വാക്കുകളിൽ വിധേയത്വം ആവശ്യപ്പെടുന്ന അധികാരത്തെ കേൾക്കാം. കീഴ്‌പ്പെടുത്തലിന്റെ വാക്കുകളാണത്. അയാൾ സൂചിപ്പിക്കുന്ന സിസ്റ്റം കരുണയോ മനുഷ്യത്വമോ കൊണ്ടു നിർമിക്കപ്പെട്ടതല്ലെന്ന് അയാളുടെ സ്വരത്തിന്റെ ഊന്നലുകളിൽ നിന്ന് പെട്ടെന്നു ബോദ്ധ്യപ്പെടും. യന്ത്രസമാനമാണത്. സിസ്റ്റം എന്ന വാക്കിൽ തന്നെ ആ സൂചനകളുണ്ട്. താൻ അനുസരണയും അച്ചടക്കവും ആവശ്യപ്പെടുന്നുണ്ടെന്ന് വ്യംഗ്യമായി പറയുന്ന വാക്കുകളാണ് അയാളുടേത്. കൃഷ്ണദാസ് ദാസേട്ടനാകുന്നതിലും ഏട്ടൻ മനോഭാവത്തിന്റെ യാഥാർത്ഥ്യമുണ്ട്. എല്ലാവരോടും അയാൾ ഇടപഴകുന്നുണ്ടെങ്കിലും ആ ഒളിത്താവളത്തിൽ അയാൾ കൂടുതൽ തുല്യനാണ്. അയാൾക്ക് കിടക്കാൻ കട്ടിലും കുടിക്കാൻ പ്രത്യേകം നിർമ്മിച്ച കാപ്പിയും കിട്ടുന്നുണ്ട്. നാട്ടിൽ എതിർസംഘം ആക്രമണം നടത്തുന്നുണ്ടെന്നു അറിയുമ്പോൾ, 'സുജയേം മോളേം ഞാൻ നേരത്തെ മാറ്റിയിരുന്നു'  എന്ന അയാളുടെ വാക്കുകൾ കേട്ടുനിൽക്കുന്ന എല്ലാവരിലും ആശ്ചര്യവും അമർഷവും ജനിപ്പിക്കുന്നുണ്ട്. ദാസേട്ടൻ തന്റെ കുടുംബത്തിന്റെ സുരക്ഷിതത്വം ഉറപ്പിച്ചിരിക്കുന്നു. മറ്റുള്ളവരുടെ കുടുംബങ്ങളുടെ സ്ഥിതിയെന്താണ്? അത് ആർക്കും അറിയില്ല. അയാൾ കാപ്പി കുടിച്ചു കൊണ്ടിരിക്കുന്ന വേളയിൽ ഒരു കാപ്പി കിട്ടുമോ എന്നന്വേഷിക്കുന്ന ഷോബിതിനോടു മുഖഭാവങ്ങളിലൂടെയും വാക്കുകളിലൂടെയും നടത്തുന്ന പ്രതികരണങ്ങൾ അധികാരകേന്ദ്രത്തോടുള്ള വിധേയത്വക്കുറവിന്റെയും വിനയരാഹിത്യത്തിന്റെയും പ്രവൃത്തിയായി അതു വിലയിരുത്തപ്പെടുന്നുവെന്നാണ് കാണിക്കുന്നത്. ഷോബിത്തിന്റെ വിഡ്ഢിത്തമായോ കുറ്റമായോ അതു പരിഗണിക്കപ്പെടുന്നു. ഒരു കാപ്പി ചോദിച്ചെന്നല്ലേയുള്ളൂയെന്ന ഷോബിത്തിന്റെ വാക്കുകളിലെ പൊട്ടത്തം കൃഷ്ണദാസ് സൂചിപ്പിക്കുന്ന സിസ്റ്റത്തിന്റെ ഉള്ളുകള്ളികളെ കുറിച്ച് ഒന്നും അറിയാത്ത ചിലരെ കൂടി പാർട്ടി നടത്തിയ കൊലയിൽ പങ്കാളികളാക്കിയിരിക്കുന്നുവെന്ന വ്യക്തമായ ധാരണ പ്രേക്ഷകർക്കു നൽകുന്നുണ്ട്. എന്നാൽ, സിസ്റ്റത്തോടുള്ള വിയോജിപ്പുകളും അമർഷവും ചില പ്രതികരണങ്ങളിലൂടെ പുറത്തേക്കു വരാതിരിക്കുന്നില്ല.
'കോണോത്തിലെ സമത്വം'  - ഷോബിത്ത് പറയുന്നു.
'ഇവിടുത്തെ വലിയ കൊണാണ്ടർ ആണെന്നു തോന്നുന്നു'  - കുഞ്ഞിപ്പാൻ പറയുന്നു.

‘എന്നിവർ’ എന്ന സിനിമയിൽനിന്ന്

അനന്തു പ്രസ്ഥാനവുമായി വലിയ ബന്ധങ്ങളുള്ള ആളല്ല. യൗവ്വനത്തിളപ്പിൽ ആവേശപൂർവ്വം പ്രതിജ്ഞാബദ്ധതയോടെ നിർവ്വഹിച്ച ചില കാര്യങ്ങളാണ് അവനെ ഈ ഒളിത്താവളത്തിലേക്കെത്തിക്കുന്നത്. അവന്റെ വാക്കുകളിൽ സ്‌നേഹവും പ്രതിജ്ഞാബദ്ധതയും യുക്തിയും വസ്തുതകളെ ശരിയായ രൂപത്തിൽ അറിയാനുള്ള മനസ്സുമുണ്ട്. പ്രണയത്തിനും വിപ്ലവത്തിനും വസിക്കാൻ കഴിയുന്ന കാൽപ്പനികമനസ്സാണത്. വിരോധങ്ങൾ മറന്ന് സഖാക്കളാകുന്നതിലൂടെ കുഞ്ഞിപ്പാനോടുള്ള അവന്റെ പെരുമാറ്റങ്ങളിലും അയാളോടു പ്രകടിപ്പിക്കുന്ന സ്‌നേഹത്തിലും അവന്റെ നല്ല ഹൃദയം കാണാം. കുഞ്ഞിപ്പാനിലും യുവത്വത്തിന്റെ എടുത്തുചാട്ടങ്ങളോടൊപ്പം സ്‌നേഹം നിറഞ്ഞ മനസ്സിനെ കണ്ടെത്താം. രാഷ്ട്രീയപ്രസ്ഥാനം അവന്റെ കുടുംബത്തിന് ചെയ്തിട്ടുള്ള കാര്യങ്ങളുടെ തുടർച്ചയിലാണ് ഈ പാർട്ടിപദ്ധതിയിൽ അവൻ ഉൾപ്പെടുന്നത്. അവനു പാർട്ടിയുടെ ഉന്നതകേന്ദ്രങ്ങളുമായി വലിയ ബന്ധങ്ങളില്ലെങ്കിലും അവന്റെ കുടുംബത്തിന് പാർട്ടിയുമായുള്ള ബന്ധുത്വം അവനു രക്ഷയായിരുന്നിട്ടുണ്ട്. 'സംഘടനക്കു നിന്നെ ആവശ്യമുണ്ട്. അവമ്മാര് കൊച്ചുപിള്ളേരല്ലേ?  നീ വേണം നോക്കീം കണ്ടും നിക്കാൻ' എന്ന കൃഷ്ണദാസിന്റെ വാക്കുകളിൽ അതു തെളിയുന്നുണ്ട്.

കൃഷ്ണദാസും സാമും ചേർന്നാണ് ഈ സിസ്റ്റത്തിന്റെ പദ്ധതികളെല്ലാം ഒരുക്കുന്നതെന്ന് നമുക്കു പെട്ടെന്നു തന്നെ ഗ്രഹിക്കാവുന്നതേയുള്ളൂ. ഒളിത്താവളത്തിലെത്തുന്നതിനു മുമ്പുള്ള ഫോൺ സംഭാഷണങ്ങളും ഒളിത്താവളത്തിനുള്ളിലെ രഹസ്യസംഭാഷണങ്ങളും അവർ തമ്മിലാണ്. അവർക്കിടയിൽ യഥാർത്ഥവസ്തുതകളുടെ പൂർണമായ വിനിമയമു!. തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുന്നത് കാണാമറയത്തിരിക്കുന്ന വലിയ നേതൃത്വവും അവരും ചേർന്നാണ്. നടപ്പാക്കുന്നതും അവരാണ്.  

‘എന്നിവർ’ എന്ന സിനിമയിൽനിന്ന്

രാഷ്ട്രീയപാർട്ടിനേതൃത്വം നൽകുന്ന പേരുകളനുസരിച്ച് പോലീസിനു കീഴടങ്ങാനുള്ള പദ്ധതി ആവിഷ്‌ക്കരിക്കപ്പെടുന്നു. പിന്നീട് മടക്കയാത്രയാണ്. പാർട്ടിയുമായി നേരിട്ടു ബന്ധമില്ലാത്ത ഒരാളാണ് പോലീസിനു മുമ്പിൽ കുറ്റക്കാരനായി കീഴടങ്ങാൻ പോകുന്നത്. അത് ആരാണെന്ന് നേരത്തെ പ്രഖ്യാപിക്കപ്പെടുന്നുണ്ട്. അയാൾ കീഴടങ്ങാനേ കഴിയൂ എന്ന അവസ്ഥയിലാണ്. പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന ദൃശ്യം വരാനിരിക്കുന്നതേയുള്ളൂ. എതിർസംഘവുമായുണ്ടാക്കിയ ഒത്തുതീർപ്പുവ്യവസ്ഥയിൽ മറ്റൊരാളെ കൊലക്കത്തിക്ക് കൊടുക്കുന്നതിന്റെ ദൃശ്യങ്ങൾ നാം കാണുന്നു. എതിർകൊലയാളി സംഘം എത്തിച്ചേരുന്നതുവരെ കൃഷ്ണദാസിന്റെ കാർ കാത്തുനിൽക്കുന്നുണ്ട്. യുവാവിന്റെ മൃതശരീരം വലയം ചെയ്തുനിൽക്കുന്ന കാറുകളിലൊന്നും അയാളുടേതായിരിക്കണം. ഒരാളെ ജയിലിനും മറ്റൊരാളെ എതിരാളികളുടെ കൊലക്കത്തികൾക്കും വിട്ടുകൊടുത്തതിനുശേഷം കൃഷ്ണദാസ് ഫോണിലൂടെ 'ഇതിന്റെ പേരിൽ ഇനി ഒരു പ്രശ്‌നമുണ്ടാക്കരുത്. ഇതോടെ തീരണം, എല്ലാം'  എന്നു എതിർസംഘത്തിൽ നിന്ന് ഉറപ്പു നേടുന്നുണ്ട്.

പുരോഗാമികളെന്ന് കരുതപ്പെടുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളിലെ നേതൃത്വത്തിൽ പോലും ജാതിപ്രശ്‌നം എത്രമാത്രം കനമാർന്നതാണെന്നു പറയുന്നു, ചാവേർ എന്ന സിനിമ.

കേരളത്തിൽ നടമാടിയിരുന്ന, ഇപ്പോഴും തുടരുന്ന, കൊലപാതകരാഷ്ട്രീയത്തിന്റെ ഉള്ളുകള്ളികളിലേക്കു കണ്ണു തുറക്കുന്ന ചലച്ചിത്രം മനുഷ്യരെ യന്ത്രസമാനരാക്കി മാറ്റുകയും അനുസരിപ്പിക്കുകയും അവരെ എന്തിനുവേണ്ടിയും ഉപയോഗിക്കുകയും ചെയ്യുന്ന അതീവ നികൃഷ്ടമായ ഒരു വ്യവസ്ഥയെയാണ് കാണിച്ചുതരുന്നത്. എതിർച്ചേരികളിൽ നിൽക്കുന്ന രാഷ്ട്രീയങ്ങൾ എന്ന പ്രതീതി പുറത്തു ജനിപ്പിക്കമ്പോഴും അവരുടെ നേതൃത്വങ്ങൾക്കിടയിലെ ഒത്തുതീർപ്പുകളും അടിയൊഴുക്കുകളും സ്വന്തം സഖാക്കളെ കരുക്കളാക്കുന്ന ഒറ്റും കൂട്ടികൊടുക്കലുുകളും എല്ലാം സിദ്ധാർത്ഥശിവ  ഈ ചിത്രത്തിന്റെ സവിശേഷമായ ദൃശ്യവൽക്കരണത്തിലൂടെ ധ്വനിപ്പിക്കുന്നുണ്ട്. കണ്ണൂരിൽ നിരന്തരം നടന്നിരുന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്കു ശേഷം മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റേയും മറ്റും കൊലകളുടെ പശ്ചാത്തലത്തിലാണ് ഈ ചലച്ചിത്രം സാക്ഷാത്ക്കരിക്കപ്പെടുന്നത്. ബാഹ്യയാഥാർത്ഥ്യങ്ങളേയും യഥാർത്ഥസംഭവങ്ങളേയും ചലച്ചിത്രവൽക്കരിക്കുകയെന്ന സമകാലലോകസിനിമകളിൽ കാണുന്ന പ്രവണതയെ ഈ ചലച്ചിത്രം പിന്തുടരുന്നു.

സിദ്ധാർത്ഥ ശിവ

‘ചാവേർ’; കരുണാരഹിതമായ പാർട്ടി

ടിനു പാപ്പച്ചൻ സാക്ഷാത്ക്കരിച്ച 'ചാവേർ' എന്ന ചലച്ചിത്രം ഇതേ പ്രമേയത്തിന്റെ മറ്റൊരു മാനത്തെ വളരെ വ്യത്യസ്തമായി പരിചരിക്കുന്നതാണ്. കണ്ണൂരിലെ രാഷ്ട്രീയക്കൊലകളാണ് പശ്ചാത്തലം. രാഷ്ട്രീയക്കൊലകളെന്നു വിളിക്കപ്പെടുമ്പോഴും പലപ്പോഴും അതിന്റെ യഥാർത്ഥ കാരണങ്ങൾ മറ്റൊന്നായിരിക്കും. അതിന് രാഷ്ട്രീയവുമായോ ജനജീവിതത്തിന്റെ പ്രശ്‌നങ്ങളുമായോ ബന്ധങ്ങളൊന്നും ഉണ്ടാകാറില്ല. ഒരു രാഷ്ട്രീയനേതാവിന്റെ മകളെ പ്രേമിക്കുന്ന മറ്റൊരു ജാതിയിൽപെട്ട പുരുഷനെ കൊല്ലാൻ പാർട്ടിയിലെ അംഗങ്ങളെ ഉപയോഗപ്പെടുത്തുന്ന നികൃഷ്ടതയെ ദൃശ്യവത്ക്കരിക്കുന്ന ചലച്ചിത്രമാണിത്. പാർട്ടി അംഗങ്ങളായിരിക്കുമ്പോഴും അതിന്റെ കൊലപാതക സ്‌ക്വാഡിൽ പെടുന്ന ചിലരാണ് കൃത്യത്തിനായി നിയോഗിക്കപ്പെടുന്നത്. ഗുണ്ടാസംഘങ്ങളെയെന്ന പോലെ അവർ പെരുമാറുന്നു.

അത്യന്തം സാങ്കേതികമികവുള്ള ചലച്ചിത്രത്തിൽ സൂക്ഷ്മമായി ആവിഷ്‌ക്കരിക്കപ്പെട്ടിരിരിക്കുന്ന ചില ദൃശ്യങ്ങൾ പ്രശ്‌നവൽക്കരിക്കേണ്ടതുണ്ടെന്നു തോന്നുന്നു. ഹിംസയുടെ സൂക്ഷ്മമായ ചിത്രണം അതിന്റെ ക്രൗര്യത്തെ പരമാവധിയിൽ പ്രതിനിധീകരിച്ചേക്കുമെങ്കിലും അത് പ്രേക്ഷകരിൽ സൃഷ്ടിക്കുന്ന ഭയവും ആഘാതവും ഒട്ടും ഗുണകരമോ ഔചിത്യം നിറഞ്ഞതോ അല്ല. ഹിംസയെ വിറ്റ് പണമുണ്ടാക്കുന്ന ഹോളിവുഡ് ചലച്ചിത്രങ്ങളുടെ പാത പിന്തുടരുന്നത് എത്ര വലിയ സാങ്കേതികമികവിന്റെ പേരിലായാലും ന്യായീകരിക്കേണ്ടതുമല്ല. ഇത്, ആ ചലച്ചിത്രത്തിലെ ഹിംസാദൃശ്യങ്ങളിലെ ധാർമ്മികതയുടെ പ്രശ്‌നമാണ്. മറിച്ച്, ഒട്ടും നിനച്ചിരിക്കാത്ത ഒരു സന്ദർഭത്തിൽ കൊലയാളികളുടെ ആക്രമണത്തിനിരയാകുന്ന മനുഷ്യന്റെ ഭയവും എന്തിനാണ് തന്നെ ആക്രമിക്കുന്നതെന്ന ചോദ്യവും ദീനമായ മുഖഭാവങ്ങളും ആർക്കും മറക്കാൻ കഴിയുന്നതല്ല. എന്നാൽ, മറവിലിരുന്നു കാര്യങ്ങൾ നിയന്ത്രിക്കുന്ന രാഷ്ട്രീയനേതാവിന്റെ ഇംഗിതങ്ങൾക്കനുസരിച്ച് കാര്യങ്ങൾ നടക്കുന്നില്ല. നേതാവിന്റെ മകൾ തന്നെ അയാളുടെ കണക്കുകൂട്ടലുകളെ തെറ്റിക്കുന്നു. താൻ പ്രണയിക്കുന്ന പുരുഷനെ ക്രൂരമായി കൊലപ്പെടുത്തിയതറിഞ്ഞ അവൾ ആത്മഹത്യ ചെയ്യുന്നു. മരണത്തിലൂടെ വിജയിക്കുന്ന പ്രണയം അക്രമരാഷ്ട്രീയത്തിന്റെ കുതന്ത്രങ്ങളെ തുറന്നുകാട്ടുന്നു. തങ്ങൾ നടത്താൻ പോകുന്നത് ദുരഭിമാനക്കൊലയാണെന്ന് അറിയാതെ രാഷ്ട്രീയനേതാവിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് കൊല ചെയ്യാൻ പോകുന്നവർ കൂടി കാര്യങ്ങളെ മറച്ചുവെയ്ക്കാനുള്ള നേതാവിന്റെ പുതിയ തന്ത്രത്തിൽ പെട്ടു പോകുന്നു.

‘ചാവേർ’ എന്ന സിനിമയിൽ കുഞ്ചാക്കോ​ ബോബൻ

പുരോഗാമികളെന്ന് കരുതപ്പെടുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളിലെ നേതൃത്വത്തിൽ പോലും ജാതിപ്രശ്‌നം എത്രമാത്രം കനമാർന്നതാണെന്നു പറയുന്നു, രാഷ്ട്രീയപാർട്ടികളിലെ അംഗങ്ങൾക്കിടയിലെ അധികാരത്തിന്റെ ശ്രേണീവൽക്കൃതമായ വിന്യാസം എത്രമാത്രം ജനാധിപത്യവിരുദ്ധമായ ഘടനയെയാണ് നിലനിർത്തുന്നതെന്നു പറയുന്നു, തങ്ങളുടെ സ്വാർത്ഥ താൽപ്പര്യങ്ങളെ നിവർത്തിപ്പിക്കുന്നതിന് കീഴ്ഘടകങ്ങളിലെ അംഗങ്ങളെ കരുക്കളെ പോലെ ഉപയോഗിക്കുന്നതിനെ കുറിച്ചു പറയുന്നു, കാര്യസാദ്ധ്യത്തിന് ഏതറ്റവും വരെയും പോകുന്ന ഹിംസാപ്രയോഗങ്ങളെ സ്വീകരിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളുടെ നൃശംസതയെ കുറിച്ചു പറയുന്നു - പുരോഗാമികളെന്നു കരുതപ്പെടുന്ന നമ്മുടെ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഉള്ള് എത്രമാത്രം കരുണാരഹിതവും ധർമ്മവിരുദ്ധവും ജനാധിപത്യമൂല്യങ്ങളിൽ നിന്നും അകലെ നിൽക്കുന്നതുമാണെന്ന് ടിനു പാപ്പച്ചന്റെ സിനിമയും; സിദ്ധാർത്ഥ ശിവയുടെ സിനിമയെന്ന പോലെ, ദൃശ്യവൽക്കരിക്കുന്നു. ടിനു പാപ്പച്ചനിൽ സർഗാത്മകത നിറഞ്ഞ, ചലച്ചിത്രമാദ്ധ്യമത്തിന്റെ അപാരസാദ്ധ്യതകളെ തിരിച്ചറിഞ്ഞ ഒരു ചലച്ചിത്രകാരനുണ്ടെന്ന് ഈ ചലച്ചിത്രത്തിന്റെ നിരവധി ദൃശ്യങ്ങൾ തെളിയിക്കുന്നുണ്ട്.

പ്രസംഗവേദികളിലും സാമൂഹികമാദ്ധ്യമങ്ങളിലും രാഷ്ട്രീയവിമർശനം നടത്തുന്ന ജോയ് മാത്യുവിനെതിരായ പരാമർശങ്ങളോടെയാണ് ‘ചാവേറി’നെതിരായ പ്രചാരണം കൊഴുത്തിരുന്നത്.

ഉയർന്ന സാങ്കേതികസംവിധാനങ്ങളുടെ ഉപയോഗം മൂലം വളരെയേറെ കൂടുതൽ ധനം ചെലവഴിച്ചു നിർമ്മിച്ച ഈ ചലച്ചിത്രം തിയേറ്ററിലെത്തുന്നതോടെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും മറ്റും ശക്തമായ എതിർപ്രചാരണമാരംഭിച്ചു. ചില രാഷ്ട്രീയപാർട്ടികളുടെ നിശ്ശബ്ദ പിന്തുണയോടെയാണ് ഇതു നടക്കുന്നതെന്നു മിക്കവാറും വ്യക്തമായിരുന്നു. പ്രസംഗവേദികളിലും സാമൂഹികമാദ്ധ്യമങ്ങളിലും രാഷ്ട്രീയവിമർശനം നടത്തുന്ന ജോയ് മാത്യുവിനെതിരായ പരാമർശങ്ങളോടെയാണ് ഈ പ്രചാരണം കൊഴുത്തിരുന്നത്. ജോയ് മാത്യു ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്തു മാത്രമായിരുന്നു. നിരവധി മികച്ച ചലച്ചിത്രങ്ങളുടെ സംവിധായകനായിരുന്ന ലിജോ ജോസ് പെല്ലിശേരിയുടെ കൂടെ പ്രവൃത്തിയെടുക്കുകയും തന്റേതായ ചലച്ചിത്രഭാവുകത്വത്തിന്റെ നിർമ്മിതിക്കായി ശ്രമിക്കുകയും ചെയ്യുന്ന ടിനു പാപ്പച്ചന്റെ നാമം തമസ്‌ക്കരിക്കപ്പെട്ടു. സാങ്കേതികത്വത്തിലും ദൃശ്യവൽക്കരണത്തിലും മികവു പുലർത്തിയ, നമ്മുടെ രാഷ്ട്രീയ സംസ്‌കാരത്തിലെ ഏറ്റവും നികൃഷ്ടമായ പ്രവണതകളെ വിമർശനവിധേയമാക്കുന്ന ഈ ചലച്ചിത്രത്തെ കുറിച്ചു പറയാനോ എഴുതാനോ പ്രഖ്യാത ചലച്ചിത്ര നിരൂപകരൊന്നും പ്രത്യക്ഷപ്പെട്ടില്ല. സിനിമയുടെ വാലിൽ പുരോഗമനം കണ്ടാൽ തലയാട്ടുകയും തരിമ്പും കലാമൂല്യമില്ലാത്ത പ്രചാരണസിനിമകൾക്കു പോലും പരസ്യവാക്യങ്ങൾ എഴുതുകയും ചെയ്യുന്നവരെയാണ് ഇവിടെ ഉദ്ദേശിച്ചത്. ഈ ചലച്ചിത്രനിരൂപകരിലേറെയും ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെ സാംസ്‌കാരിക ബഹുജനസംഘടനയിലെ അംഗങ്ങളോ അതിനോടു കൂറു പുലർത്തുന്നവരോ ആണ്. ഇവരിലാരെങ്കിലും ഈ ചലച്ചിത്രത്തെ കുറിച്ചു സംസാരിച്ചില്ലെന്നു മാത്രമല്ല, ചിലരെങ്കിലും എതിർ പ്രചാരണസംഘങ്ങളുടെ ഭാഗവുമായിരുന്നു. ഇവരുടെ ചലച്ചിത്രനിരൂപണത്തിലെ പുരോഗമനത്തിന്റെ മാനദണ്ഡങ്ങൾ വിവൃതമാക്കപ്പെട്ട സന്ദർഭമായി ഇതു മാറിയെന്നു കൂടി പറയണം.

ചലച്ചിത്രത്തിന്റെ സാങ്കേതികത്തികവിന്റെയോ കലാസൗന്ദര്യമൂല്യങ്ങളുടെയോ അതു നിർവ്വഹിക്കുന്ന സാമൂഹികവും സാംസ്‌കാരികവുമായ വിമർശത്തിന്റെയോ പരിശോധകരോ നിരൂപകരോ ആയിരിക്കുന്നതിലുപരി, രാഷ്ട്രീയപ്രസ്ഥാനനേതൃത്വത്തിന്റെ കീഴ്‌വേലക്കാരായ ബുദ്ധിജീവികളും ‘സാംസ്‌കാരിക’പ്രവർത്തകരുമാണു തങ്ങളെന്ന് ഇവർ നന്നായി തെളിയിച്ചു. ചലച്ചിത്രങ്ങളെ കൊണ്ട് പുതിയ പ്രയോജനങ്ങൾ.

‘പകർന്നാട്ടം’; രാഷ്ട്രീയ ക്രൗര്യം

ജയരാജിന്റെ  ‘പകർന്നാട്ടം’ എന്ന ചലച്ചിത്രത്തെ കുറിച്ചാണ് മൂന്നാമതായി പറയാനുള്ളത്. ഒരു ദശാബ്ദത്തിനു മുന്നേ പൂർത്തീകരിച്ച ചലച്ചിത്രമാണിത്. പല പ്രശസ്ത ചലച്ചിത്രങ്ങളുടേയും സംവിധായകനായ ജയരാജ് പകർന്നാട്ടം എന്നൊരു ചലച്ചിത്രം ഒരുക്കിയിട്ടുണ്ടെന്ന് പല ചലച്ചിത്രപ്രേമികൾക്കും അറിയില്ല. അത്രമേൽ തമസ്‌കരിക്കപ്പെട്ട ഒരു ചലച്ചിത്രമാണിത്. രാഷ്ട്രീയാധിപത്യത്തിനു വേണ്ടിയുള്ള കളികളിൽ നിരപരാധികളെ കൊലയ്ക്കു കൊടുക്കുന്ന രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ക്രൂരതയാണ് ഈ ചലച്ചിത്രത്തിലും നാം കാണുന്നത്.

കാസർകോട് ജില്ലയിൽ എൻഡോസൾഫാൻ എന്ന കീടനാശിനി ഉണ്ടാക്കിയ ദുരന്തങ്ങളിൽ ദുരിതമുനുഭവിക്കുന്നവരുടെ അവകാശങ്ങൾക്കായി പോരാടുന്ന തോമസ് തന്റെ നല്ല ആദർശബുദ്ധിയും പ്രതിജ്ഞാബദ്ധതയും കൊണ്ട് രാഷ്ട്രീയപ്രവർത്തനത്തിൽ ഏത്തിപ്പെടുന്നയാളാണെന്ന് ചലച്ചിത്രം പറയാതെ പറയുന്നുണ്ട്. അയാളുടെ പ്രസ്ഥാനത്തോടുള്ള പ്രതിജ്ഞാബദ്ധതയാണ് പാർട്ടി പറയുന്ന കേസിൽ പ്രതിയാകാൻ അദ്ദേഹത്തെ സന്നദ്ധനാക്കുന്നത്. എന്നാൽ, ആ കേസിൽ അയാൾ വധശിക്ഷയ്ക്കു വിധിക്കപ്പെടുന്നു. തന്റെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന പ്രത്യയശാസ്ത്രത്തിനുവേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറുള്ള വിശ്വസ്തനും സത്യസന്ധനും നിരപരാധിയുമായ രാഷ്ട്രീയപ്രവർത്തകനെ ഭരണകൂടത്തിന്റെ പരമശിക്ഷയ്ക്കു വിട്ടുനൽകുന്ന പ്രസ്ഥാനം ഇതിനോടു സ്വീകരിക്കുന്ന സമീപനം കരുണാരഹിതം മാത്രമല്ല, പാർട്ടിയിലെ  മേലാളരുടെ സ്വാർത്ഥതാൽപ്പര്യങ്ങളെ സംരക്ഷിക്കുന്നതുമാണെന്നു പിന്നീടു തെളിയുന്നു. മീരയുടെ പ്രണയകഥ കൂടിയാണിത്. തോമസുമായി മീര പ്രണയത്തിലായിരുന്നു. അവൾ സ്‌നേഹിക്കുന്ന പുരുഷനുവേണ്ടി സ്വന്തം കുടുംബത്തോടും സമൂഹത്തോടും നിരന്തരമായ പോരാട്ടത്തിലാണ്. മീരയെ സവർണ സമുദായത്തിലെ അംഗമാക്കുകയും അവൾ പ്രണയത്തിനുവേണ്ടി ക്ഷമയോടെ പോരാടുന്നതും സവർണതയെ പ്രോജ്ജ്വലിപ്പിക്കുന്ന പ്രത്യയശാസ്ത്രദൗത്യം നിറവേറ്റുന്നുണ്ടെന്നതു കാണാതിരിക്കേണ്ടതില്ല. ചലച്ചിത്രകാരന്റെ പ്രത്യയശാസ്ത്രതാൽപ്പര്യങ്ങൾ ചലച്ചിത്രത്തിന്റെ ഘടനയ്ക്കു വൈരൂപ്യമണയ്ക്കുകയും ചെയ്യുന്നു. എന്നാൽ, മീരയുടെ തോമസിനോടുള്ള പ്രണയവും അവളുടെ ക്ഷമയോടെയുള്ള പോരാട്ടവും ജയരാജ് അതിഭാവുകത്വങ്ങളില്ലാതെ അവതരിപ്പിക്കുന്നു. മീരയുടെ സംഘർഷങ്ങൾ നിറഞ്ഞ ക്ഷമയുള്ള മനസ്സിന്റെ ചലച്ചിത്രണം ലളിതമായി നിർവ്വഹിക്കാവുന്നതായിരുന്നില്ല.

‘പകർന്നാട്ട’ത്തിൽ ജയറാം

അപാരമായ ക്ഷമയുള്ള മീരയുടെ ഹൃദയം തോമസിന്റെ ജീവൻ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. യഥാർത്ഥ കൊലയാളിയെ അവൾ കണ്ടെത്തുന്നുണ്ട്. അതിന്നകം മനഃപരിവർത്തനത്തിനു വിധേയമായിക്കൊണ്ടിരുന്ന അയാളെ ഏറ്റുപറയലിനു പ്രേരിപ്പിക്കാൻ അവൾക്കു കഴിയുന്നുണ്ട്. തന്റെ പ്രണയം പൂവിടുമെന്നും തോമസ് ജയിൽമുക്തനാകുമെന്നും അവൾക്കു തോന്നുന്നുണ്ട്. ക്രൗര്യത്തിൽ നിന്നും മാറി കുറ്റവാളിയെന്നു വിധിക്കപ്പെട്ടിരിക്കുന്നവൻ നിരപരാധിയാണെന്ന് ഏറ്റുപറയാൻ സന്നദ്ധമാകുന്നതിലേക്കുള്ള പരിണാമം പ്രത്യാശ സൃഷ്ടിക്കുന്നുവെങ്കിലും അതു പെട്ടെന്നു തന്നെ അപ്രത്യക്ഷമാകുന്നു. മേലാളരായ രാഷ്ട്രീയനേതൃത്വത്തിന്റെ തീരുമാനം മറ്റൊന്നായിരുന്നു. കുറ്റം ഏറ്റുപറയാൻ സന്നദ്ധനാകുന്നവൻ വധിക്കപ്പെടുകയാണ്. ആരാണ് പിന്നിലെന്നു പ്രേക്ഷകർക്കു മനസ്സിലാക്കാവുന്നതേയുള്ളൂ. നമ്മുടെ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ മാനവികതയെ കുറിച്ചുള്ള  പുറത്തെ പ്രഘോഷണങ്ങൾക്കപ്പുറത്ത് അവയിൽ കരുണയും അനുകമ്പയും ന്യായബുദ്ധിയും നഷ്ടമായിരിക്കുന്നവെന്ന് ഈ ചലച്ചിത്രം വിളിച്ചു പറയുന്നുണ്ട്. അവ ജനാധിപത്യവിരുദ്ധമായിട്ടാണ് പെരുമാറുന്നത്. മീരയുടെ ദൗത്യം പരാജയപ്പെടുന്നുവെങ്കിലും അവൾ ഉയർത്തുന്ന ദർശനം പ്രേക്ഷകമനസ്സിൽ നിലനിൽക്കുന്നുണ്ട്. 2001-ൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ‘ശാന്തം' എന്ന തന്റെ ശ്രദ്ധേയമായ ചലച്ചിത്രം നിർമ്മിക്കപ്പെട്ട് ഒമ്പതു വർഷങ്ങൾക്കു ശേഷം രാഷ്ട്രീയ അക്രമങ്ങളുടെ അസ്വസ്ഥതയുളവാക്കുന്ന ലോകത്തേക്ക് സംവിധായകൻ ജയരാജ് വീണ്ടും തിരിച്ചെത്തിയ ചലച്ചിത്രമായിരുന്നു ‘പകർന്നാട്ടം'.  അപ്പോഴേക്കും നമ്മുടെ രാഷ്ട്രീയപ്രസ്ഥാനങ്ങളും ചലച്ചിത്രമേഖലയും തമസ്‌കരണത്തിന്റെ പാഠങ്ങൾ നന്നായി അഭ്യസിച്ചു കഴിഞ്ഞിരുന്നു.

‘ഈട’; ഹിംസയുടെ സർവാധിപത്യം

ചലച്ചിത്രസംവിധാനകലയിൽ നവാഗതനായ ബി. അജിത്കുമാർ സാക്ഷാത്ക്കരിച്ച ‘ഈട’ എന്ന ചലച്ചിത്രത്തെ കുറിച്ചാണ് ഇനി പറയാനുള്ളത്. ഈ ചലച്ചിത്രത്തിന്റെ സകലമാനങ്ങളേയും സ്പർശിക്കാൻ ശ്രമിക്കുന്ന പഠനം ഈ ലേഖകൻ മുന്നേ എഴുതിയിട്ടുള്ളതിനാൽ1 ഇവിടെ വിസ്തരിക്കുന്നില്ല. കണ്ണൂരിലെ കൂട്ടക്കൊലകളുടെ പശ്ചാത്തലത്തിൽ ഒരു പ്രണയത്തിന്റെ കഥ പറയുന്നതാണ് ഈ ചലച്ചിത്രം. പഴയതിനെ പുനരുൽപ്പാദിപ്പിക്കുന്ന ദൂഷിതവലയത്തിൽ കേരളസമൂഹത്തെ കുടുക്കിയിടുന്ന മതാത്മകബോധത്തിലേക്കാണ് പുരോഗാമികളെന്നു കൊട്ടിഘോഷിക്കപ്പെടുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങൾ പോലും നമ്മെ നയിക്കുന്നതെന്ന് സ്ഥാപിക്കാൻ അജിത്കുമാറിന്റെ ചലച്ചിത്രം ശ്രമിക്കുന്നു. വെള്ളിത്തിരയെ പ്രശ്‌നീകരണങ്ങളുടെ വേദിയാക്കുന്ന ഈ സൃഷ്ടി കേരളത്തിൽ പ്രവർത്തിക്കുന്ന രണ്ടു രാഷ്ട്രീയകക്ഷികളെ പ്രത്യക്ഷതലത്തിൽ തന്നെ ചലച്ചിത്രണം ചെയ്യുന്നുണ്ട്.

മറ്റൊരു രാഷ്ട്രീയകക്ഷിയും ചലച്ചിത്രത്തിൽ ഹാജരാകാതിരിക്കുന്നതിലൂടെ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളിലും ഈ ഹിംസയും ജനാധിപത്യവിരുദ്ധതയും ഏറിയും കുറഞ്ഞുമുള്ള അളവുകളിൽ നിലനിൽക്കുന്നതായി വ്യഞ്ജിപ്പിക്കുകയും ചെയ്യുന്നു. ചലച്ചിത്രത്തിൽ പ്രശ്‌നീകരണങ്ങൾക്കു വിധേയമാകുന്ന രണ്ടു രാഷ്ട്രീയകക്ഷികളും വ്യത്യസ്ത രൂപങ്ങളിലാണെങ്കിലും സ്ഥിതാവസ്ഥയിലും യാന്ത്രികതയിലും നിൽക്കുന്നവയാണെന്ന് ചലച്ചിത്രം നിരന്തരം അതിന്റെ ദൃശ്യങ്ങളിലൂടെ വ്യക്തമാക്കുന്നു. ഫാഷിസം വ്യത്യസ്തമാനങ്ങളിലാണെങ്കിലും അവയിൽ ശക്തമായി പ്രവർത്തനക്ഷമമാണ്. കൊലയുടെ കണക്കുകളും കണക്കുതീർക്കലുകളും മാത്രം പറയുന്ന രാഷ്ട്രീയകക്ഷികൾ രാഷ്ട്രീയമല്ല, അരാഷ്ട്രീയതയാണ് സംസാരിച്ചു കൊണ്ടിരിക്കുന്നതെന്ന് ചലച്ചിത്രകാരൻ പരോക്ഷമായി പറഞ്ഞു തരുന്നുമുണ്ട്. മനുഷ്യനിലെ ഉദാത്തവികാരമായ പ്രണയവും അധമവികാരമായ ക്രൗര്യവും ഈ ചലച്ചിത്രത്തിൽ പല തലങ്ങളിൽ താരതമ്യങ്ങൾക്കു വിധേയമാകുകയും പ്രണയത്തിന്റെ വിജയത്തെ ആശിക്കുകയും ചെയ്യുന്നു.

‘ഈട’യിൽ ഷെയ്ൻ നിഗം, നിമിഷ സജയൻ

അജിത്കുമാറിന്റെ ചലച്ചിത്രവും തമസ്‌കരണങ്ങൾക്കു വിധേയമായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ  ഈ ലേഖകൻ തമസ്‌കരണത്തെ കുറിച്ച് എഴുതിയപ്പോൾ കുതർക്കങ്ങളും ആക്രമണങ്ങളുമായി എത്തിയവരുമുണ്ട്. ഇപ്പോൾ, 'ചാവേർ' എന്ന ചലച്ചിത്രത്തിന്റെ ഘട്ടമെത്തുമ്പോഴേക്കും അത് ചെറിയ തോതിലല്ല, സംഘടിത ആക്രമണമായി മാറുന്നതാണ് നാം കാണുന്നത്. രാഷ്ട്രീയപ്രസ്ഥാനങ്ങളിലെ ജനാധിപത്യവിരുദ്ധമായ പ്രവണതകളേയും അധികാരശ്രേണീവ്യവസ്ഥയേയും വിവൃതമാക്കുന്ന ചലച്ചിത്രങ്ങളെ പ്രദർശിപ്പിക്കാൻ ഹിറ്റ്‌ലറൈറ്റ് / സ്റ്റാലിനിസ്റ്റ് സാംസ്‌കാരിക സൈബർസംഘങ്ങൾ അനുവദിക്കുകയില്ലെന്ന സ്ഥിതി ഇന്ത്യയിലെ മറ്റിടങ്ങളിലെന്ന പോലെ കേരളത്തിലേക്കും വ്യാപിക്കുകയാണ്. കലയോടും സാഹിത്യത്തോടും സംസ്‌കാരത്തോടും കേരളത്തിലെ പുരോഗമന സാംസ്‌കാരിക പ്രസ്ഥാനങ്ങളെന്നു ഗണിക്കപ്പെടുന്നവ പോലും അബോധത്തിലെങ്കിലും പേറുന്ന സ്റ്റാലിനിസ്റ്റ് സമീപനങ്ങളുടെ പ്രത്യക്ഷീകരണമായിരുന്നു, ടിനു പാപ്പച്ചന്റെ 'ചാവേർ' എന്ന സിനിമക്കെതിരെ നടന്ന സംഘടിതമായ ദുഷ്പ്രചാരണങ്ങളെന്നു നിസ്സംശയം പറയാം.  സവിശേഷശൈലിയിൽ, വ്യത്യസ്തമായി അതീവ പ്രസക്തമായ ഒരു പ്രമേയത്തെ അവതരിപ്പിക്കാനുള്ള യുവ ചലച്ചിത്രപ്രവർത്തകരുടെ ശ്രമത്തെ താറടിച്ചു കാണിക്കാനുള്ള ശ്രമം കലാപ്രവർത്തനത്തിനു നേരെയുള്ള കൈയ്യേറ്റം തന്നെയായിരുന്നു. എം.എഫ്. ഹുസൈന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അനുവദിക്കുകയില്ലെന്ന വർഗ്ഗീയവാദികളുടെ ആക്രോശങ്ങൾക്കു സമാനമായത്.

‘ഈട’യിൽനിന്ന്

യാന്ത്രികവും പ്രചാരണപരവുമായ മാനങ്ങൾ മാത്രമുള്ള ചലച്ചിത്രങ്ങളെ കൊട്ടിഘോഷിക്കുകയും ഫിലിം അക്കാദമിയിലെ ജനാധിപത്യവിരുദ്ധമായ ഇടപെടലുകളെ കുറിച്ചുള്ള  (പുരസ്‌കാരനിർണ്ണയത്തിൽ ഉൾപ്പെടെ) ആക്ഷേപങ്ങൾ ഉയർന്നപ്പോഴും ഫിലിം ഡവലപ്പ്‌മെന്റ് കോർപ്പറേഷനിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് പുതിയ ചലച്ചിത്രസംവിധായിക തുറന്നു പറഞ്ഞപ്പോഴും  നിശ്ശബ്ദമായിരിക്കുകയും ചെയ്തവർ ഇപ്പോൾ കലാവിരുദ്ധപ്രവർത്തനത്തിന് കൂട്ടുനിൽക്കുന്നുവെന്ന യാഥാർത്ഥ്യത്തെയാണ് നാം അഭിമുഖീകരിക്കുന്നത്. കാതലായ പ്രശ്‌നങ്ങളെ സംബോധന ചെയ്യാതിരിക്കുകയും പരസ്പരം പുകഴ്ത്തലുകളിലും പുറം ചൊറിയലുകളിലും രമിക്കുകയും വിമർശനമില്ലാത്ത സാംസ്‌കാരികസദസ്സുകളെ ഭരണകൂടം തന്നെ പണം മുടക്കി പ്രോത്സാഹിപ്പിക്കുകയും ഒക്കെ ചെയ്യുന്ന സമകാലസന്ദർഭം സാംസ്‌കാരികപ്രവർത്തകരിൽ പോലും ഭീതി ജനിപ്പിക്കുന്നില്ലെങ്കിൽ അപചയിച്ചു കൊണ്ടിരിക്കുകയാണെന്നതിനു മറ്റു തെളിവുകൾ വേണ്ടല്ലോ?

സൂചനകൾ:
1. കാഴ്ച: ചലച്ചിത്രവും ചരിത്രവും - വി.വിജയകുമാർ, ഐ ബുക്‌സ്, കോഴിക്കോട്. (രാഷ്ട്രീയം മതമാകുമ്പോൾ) എന്ന ലേഖനം. / ഈടയിലുണ്ട് ഇടതുപക്ഷജാഗ്രത - വി.വിജയകുമാർ, മാതൃഭൂമി ആഴ്ചപതിപ്പ്, 2018 ജനുവരി 28 - ഫെബ്രുവരി.

Comments