ഗോളുകൾ പൂത്തുലഞ്ഞ താഴ്വരയിൽ അതാ, ജ്വലിച്ചുനിൽക്കുന്നു, ഒരു കറുത്ത നക്ഷത്രം.
പന്താട്ടത്തിന്റെ സുന്ദരനാളുകൾക്കൊടുവിൽ അവനും വിശ്വജേതാവാകുന്നു. ഗ്യാലറിയിലും മൈതാനത്തും ഉന്മാദികളായി ഫ്രാൻസിന്റെ നീലക്കടൽ.
ആവേശക്കാഴ്ചകൾക്കിടയിലും അവൻ ഒരാളെ ചേർത്തുപിടിച്ചു, ഫുട്ബാളിന്റെ രാപ്പനി പിടിച്ച് മൂന്നു മക്കളെ പോറ്റിയ ഒരമ്മയെ.
ഫൈനലിൽ ഗോൾ നേടിയ തന്റെ മകനെ ചേർത്തുപിടിച്ച് അവൾ ഈ ലോകത്തോട് പറയാതെ പറഞ്ഞു, ഫുട്ബാൾ പെണ്ണിന്റേതുകൂടിയാണ്. അവളുടെ സ്വപ്നങ്ങളും ത്യാഗങ്ങളും ഊതിക്കാച്ചിയാണ് പലപ്പോഴും പന്താട്ടത്തിന്റെ സുന്ദരരാഗങ്ങൾ പെയ്യുന്നതെന്നും. ആ ത്യാഗത്തിന്റെ ഊഷ്മളസ്‌നേഹങ്ങൾ ഇന്നും പൊതിയുന്നതുകൊണ്ടാണ് ആ മകൻ അമ്മയ്ക്കരികിലേക്ക് ഓടിയെത്തിയത്. കഴിഞ്ഞ ലോകകപ്പിലെ സുന്ദരക്കാഴ്ചകളിലൊന്ന്.
ഒരു നീരാളിയെ പോലെ എതിരാളിയുടെ കാലിൽനിന്ന് പന്തുകൾ ചുഴറ്റിയെടുക്കുന്ന പോൾ പോഗ്ബയാണ് ആ മകൻ.
ഫൈനലിൽ ക്രൊയേഷ്യയുമായി ഫ്രാൻസ് 2 - 1 നു മുന്നിട്ടു നിൽക്കുമ്പോഴാണ് പോഗ്ബയുടെ കാലിൽനിന്ന് മൂന്നാമത്തെ ഗോൾ പിറക്കുന്നത്. രണ്ടിനെതിരെ നാല് ഗോളുകൾക്ക് ക്രൊയേഷ്യയെ തകർത്ത് ഫ്രാൻസ് കനകകിരീടം സ്വന്തമാക്കി.
പുൽമൈതാനങ്ങളുടെ പച്ചയിൽ ഫ്രഞ്ച് പടയ്ക്കൊപ്പം പോഗ്ബ സ്വർണക്കപ്പുയർത്തുമ്പോൾ അമ്മ യോ മൊറീബയുടെ സഹനത്തിന്റെയും ത്യാഗത്തിന്റെയും കഥയുണ്ട് ആ വളർച്ചക്കുപിന്നിൽ.
ആഫ്രിക്കൻ വേരുള്ള പോൾ പോഗ്ബയ്ക്ക് രണ്ടു വയസുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു. മൂത്തവർ ഇരട്ടകളായ മത്യാസും ഫ്ലോറൻറീനോയും. മൂന്നു മക്കളെയും കൂട്ടി അമ്മ പാരീസിലേക്ക് കുടിയേറി. അവർക്ക് ഫുട്ബാൾ എന്നും ജീവനായിരുന്നു. കുട്ടിക്കാലത്ത് ഫുട്ബാൾ കളിച്ചു. സ്‌കൂൾ ടീം ക്യാപ്റ്റനായി. എന്നാൽ ഫുട്ബാൾ സ്വപ്നങ്ങൾക്ക് ജീവിതം വഴിയടച്ചു. മക്കളിലൂടെ ആ സ്വപ്നം പൂവിടണമെന്ന് അവർ കൊതിച്ചു.
മൂവരെയും ചെറുപ്പത്തിലേ ഫുട്ബാൾ പരിശീലനത്തിനുവിട്ടു. അല്പം കൂടി മുതിർന്നപ്പോൾ രണ്ടു അക്കാദമികളിലായിരുന്നു പരിശീലനം. ഒരാഴ്ച്ച ഇരട്ടപെറ്റ മക്കളെ കാണാൻപോകും. തൊട്ടടുത്ത ആഴ്ച ഇളയവൻ പോളിനെയും. അവർ മക്കളോട് പറഞ്ഞു; ‘നിങ്ങൾ രാജ്യം വിട്ടുനിൽക്കുന്നത് ഒരു ലക്ഷ്യം നേടാനാണ്. ആ ലക്ഷ്യം പൂർത്തിയാവാൻ നിങ്ങൾ മികച്ചത് കാഴ്ചവെക്കണം.'
ചിലർ കണ്ണീരിന്റെ ഉപ്പു നുകർന്ന് മക്കളെ പോറ്റി. മറ്റു ചിലർ ആത്മവിശ്വാസത്തിന്റെ ഉൾക്കരുത്തേകി. അവർ തെളിച്ച വഴിയിലൂടെ ഒരു പന്തിനുപിറകെ അവർ പായും. ലോകം ഒരാളെ മിശിഹാ എന്ന് വിളിക്കും. ചിലരെ നീരാളിയെന്നും. മറ്റു ചിലപ്പോൾ സി ആർ സെവനാകും.
അമ്മയുടെ വാക്കുകൾ മക്കൾ ഏറ്റെടുത്തു. ഒടുവിൽ ഇളയവൻ പോഗ്ബയുടെ നീരാളിക്കാലുകളുടെ വിസ്മയം ഫ്രാൻസിന്റെ ദേശീയടീമിലെത്തിച്ചു. കഴിഞ്ഞ ലോകകപ്പിൽ അവൻ തീർത്ത മിന്നലാട്ടങ്ങൾ ചരിത്രം.
ഒരു സ്വപ്നം പൂക്കുന്നതിനുവേണ്ടി ആ അമ്മ കഠിനതയുടെ വെയിൽ കാഞ്ഞ നീണ്ട വർഷങ്ങളുണ്ട് ആ ലോകകപ്പിനുപിന്നിൽ. ഓരോ അമ്മമാർക്കും, ഓരോ മക്കൾക്കും പ്രചോദനമേകുന്നു ജീവിതം.
അങ്ങനെ എത്രയെത്ര ത്യാഗജീവിതങ്ങളുണ്ട് കളിക്കാരന്റെ പന്താട്ടങ്ങൾക്കുപിന്നിൽ. മൈതാനങ്ങൾ ആണിന്റേതെന്നു വാഴ്ത്തപ്പെടുമ്പോഴും അതിനുപിന്നിലെ പെണ്ണിന്റെ സഹനപാതകൾ അത്രയേറെ വലുതാണ്.
ചിലർ കണ്ണീരിന്റെ ഉപ്പു നുകർന്ന് മക്കളെ പോറ്റി. മറ്റു ചിലർ ആത്മവിശ്വാസത്തിന്റെ ഉൾക്കരുത്തേകി. അവർ തെളിച്ച വഴിയിലൂടെ ഒരു പന്തിനുപിറകെ അവർ പായും. ലോകം ഒരാളെ മിശിഹാ എന്ന് വിളിക്കും. ചിലരെ നീരാളിയെന്നും. മറ്റു ചിലപ്പോൾ സി ആർ സെവനാകും.
ഗ്യാലറികൾക്കപ്പുറത്ത് ആരും കാണാതെ ആ നേട്ടങ്ങൾ കണ്ട്, അവരെ വാർത്തെടുത്ത ആ സ്ത്രീജീവിതങ്ങൾ ആഹ്ലാദക്കണ്ണീർ പൊഴിക്കും.
മുത്തശിക്ക് ഗോൾ
മൈതാനത്ത് അടരാടിയ അനർഘനിമിഷങ്ങൾക്കൊടുവിൽ ഗോൾ നേടുമ്പോൾ ആകാശത്ത് വിരലുയർത്തുന്ന ഒരു ലയണൽ മെസ്സിയുണ്ട്. മാന്ത്രിക കാലുകളുടെ വശ്യത കണ്ട ഗ്യാലറികൾ ഇളകിമറിയുമ്പോഴും മെസ്സി ഓർമിക്കുന്നത് തന്റെ മുത്തശ്ശിയെയാണ്. ആകാശത്തേക്ക് വിരലുകളുയർത്തി തന്റെ മുത്തശ്ശിക്കാണ് മെസ്സി ഗോളുകൾ സമർപ്പിക്കുന്നത്. കുഞ്ഞു ലിയോ ഒരു ഫുട്ബാൾ താരമാകണമെന്ന് ഏറ്റവും കൊതിച്ചത് മുത്തശ്ശി ഒളിവേര കുറ്റിച്ചിയാണ്. അവനിൽ ഒരു ഫുട്ബാൾ താരമുണ്ടെന്ന് ആദ്യം കണ്ടെത്തിയതും മുത്തശ്ശി തന്നെ.
മെസ്സിക്ക് ആദ്യം പന്ത് തട്ടിക്കൊടുത്തത് അവരാണ്. ചേട്ടന്മാർ സ്‌കൂളിൽ പോകുമ്പോൾ മുത്തശ്ശി അവനൊപ്പം ഫുട്ബാൾ കളിക്കും. ആ സ്‌നേഹവായ്പിന്റെ ഊഷ്മളതയുമായാണ് മുത്തശ്ശിയുടെ വിരലിൽ തൂങ്ങി മെസ്സി ആദ്യമായി ഫുട്ബാൾ പരിശീലനത്തിന് പോകുന്നത്. അത് തീരുന്നതുവരെ അവർ അതും നോക്കി അവനെ കാത്തിരിക്കും. അന്ന് മെസ്സിക്കു പ്രായം അഞ്ചു വയസ്.
യോഹാൻ ക്രൈഫിന്റെ ജീവിതം നോക്കൂ. അച്ഛൻ മരിച്ചതോടെ സ്റ്റേഡിയത്തിലെ തൂപ്പുകാരിയായി മകനെ പോറ്റിയ പെട്രോനല്ല എന്ന അമ്മ. ആ സ്റ്റേഡിയം മകന്റെ പേരിൽ പിന്നീട് അറിയപ്പെടുമെന്നുപോലും അവർ കരുതിയില്ല.
അന്നൊക്കെ മുത്തശ്ശി അവനോട് പറയും; ‘ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബാൾ താരം നീയാകും' എന്ന്. പക്ഷെ, മെസ്സിക്ക് പത്തു വയസുള്ളപ്പോൾ മുത്തശ്ശി മരിച്ചു. താങ്ങാൻ കഴിയാതെ എത്രയോനാൾ അവൻ വീടിനുള്ളിൽ കരഞ്ഞുതീർത്തു. പിന്നെ അച്ഛൻ നിർബന്ധിച്ചു പരിശീലനം തുടങ്ങി. മെസ്സിക്ക് പിന്നീട് വളർച്ചാ കുറവുണ്ടെന്ന് തിരിച്ചറിഞ്ഞതും, ചികിത്സാ ചെലവ് ഏറ്റെടുത്തതും ചരിത്രം. കാൽപ്പന്തിന്റെ ലോകം അവനു ചുറ്റും കറങ്ങാൻ തുടങ്ങി. പിടിച്ചുകെട്ടാൻ വെമ്പുന്ന എതിരാളികളെ വെട്ടിയൊഴിഞ്ഞ് ഗോൾ നേടുമ്പോഴെല്ലാം ഇന്നും മുത്തശ്ശിയെ ഓർക്കുന്നു, ലയണൽ മെസ്സി.
സ്റ്റേഡിയത്തിലെ തൂപ്പുകാരി
ഓറഞ്ചു കുപ്പായത്തിൽ സുന്ദര ഫുട്ബാൾ കളിച്ച് മനം കവർന്ന യോഹാൻ ക്രൈഫിന്റെ ജീവിതം നോക്കൂ. അച്ഛൻ മരിച്ചതോടെ സ്റ്റേഡിയത്തിലെ തൂപ്പുകാരിയായി മകനെ പോറ്റിയ പെട്രോനല്ല എന്ന അമ്മ. ആ സ്റ്റേഡിയം മകന്റെ പേരിൽ പിന്നീട് അറിയപ്പെടുമെന്നുപോലും അവർ കരുതിയില്ല. മകന് മൂന്നുനേരം ഭക്ഷണം നൽകി വളർത്തണം എന്ന ചിന്തയായിരുന്നു അന്നവർക്ക്. ആംസ്റ്റർഡാമിലെ ആ സ്റ്റേഡിയത്തിൽനിന്ന് അഞ്ചു മിനുട്ട് മാത്രമുള്ള തെരുവിലാണ് ക്രൈഫ് പന്ത് തട്ടി തുടങ്ങിയത്. അമ്മ തൂത്തു വാരിയ സ്റ്റേഡിയം പിന്നെ അവന്റെ പേരിൽ അറിയപ്പെട്ടതും ലോകം വാഴ്ത്തുന്ന താരമായതും ചരിത്രം.
ഖനിയിൽ പുകഞ്ഞ ജീവിതങ്ങൾ
ദുരിതം പുകഞ്ഞ ബാല്യത്തിൽനിന്ന് അർജന്റീനയുടെ നീലക്കുപ്പായത്തിൽ തിളങ്ങുമ്പോഴും എയ്ഞ്ചൽ ഡി മരിയ ഓർക്കുന്ന ത്യാഗജീവിതങ്ങളുണ്ട്. സഹോദരിമാർ സഹനത്തിന്റെ മുള്ളുകൾ തറച്ചുനടന്നതാണ് ഡി മരിയയുടെ ഇന്നത്തെ ജീവിതവിജയത്തിന് പിന്നിലെ കണ്ണീർ കഥ. അത്രയേറെ ദുരിതപാതകൾ കടന്നാണ് ഫുട്ബാൾ ലോകത്തേക്കുള്ള അയാളുടെ പടയോട്ടം.
അർജന്റീനയിലെ ഖനിത്തൊഴിലാളികൾ ആയിരുന്നു ഡി മരിയയുടെ മാതാപിതാക്കൾ. ഫുട്ബാൾ താരമായില്ലെങ്കിൽ താൻ ഒരു ഖനിത്തൊഴിലാളിയാവുമായിരുന്നു എന്ന് പല അഭിമുഖങ്ങളിലും അയാൾ പറഞ്ഞിട്ടുണ്ട്. ഡി മരിയക്ക് പന്ത് തട്ടാൻ ഇഷ്ടമായിരുന്നു. ഒരു വയസുള്ളപ്പോൾ കിണറ്റിൽ വീണ് അത്ഭുതകരമായി രക്ഷപ്പെട്ടവനാണ് ഡി മരിയ.
കുട്ടിക്കാലത്ത് പടുവികൃതി. വീട്ടിലെ സാധങ്ങളെല്ലാം എറിഞ്ഞു പൊട്ടിക്കും. ഒടുവിൽ ഡോക്ടറുടെ മുന്നിലെത്തി. അമ്മയോട് ഡോക്ടർ പറഞ്ഞത്, അവനെ കായിക താരമാക്കാനാണ്. പത്തു വയസു മുതൽ ഖനിത്തൊഴിലാളിയായി ജോലി ചെയ്തു തുടങ്ങിയിരുന്നു ഡി മരിയ. സഹോദരിമാർ വനെസയും എവ്‌ലിനും. അവധി ദിനങ്ങളിൽ അവർ മൂവരുമൊരുമിച്ച് ഖനിയിൽ ജോലിക്കുപോകും.
സുവാരസ് തെരുവിലെ തൂപ്പുകാരനായി. അതിനിടെ ഫുട്‌ബോളിനെ സ്‌നേഹിച്ചു, അത് ജീവതാളമായി. ആയിടയ്ക്കാണ്, 15ാം വയസിൽ സോഫിയ ബേബിയെ കണ്ടുമുട്ടുന്നത്. അവളാണ്, ഫുട്ബാളാണ് അവന്റെ ജീവിതവഴിയെന്ന് ആദ്യം പറഞ്ഞു കൊടുത്തത്.
എന്നാൽ ഡി മരിയക്ക് പന്തിനോട് അടങ്ങാത്ത പ്രണയം തുടങ്ങി. എന്നാൽ അവനു ബൂട്ടുകളില്ലായിരുന്നു കളിക്കാൻ. സങ്കടത്തിൽ വെന്തുനിൽക്കുന്ന മകനുവേണ്ടി അച്ഛൻ ഒരു പോംവഴി കണ്ടു. സഹോദരിമാർക്ക് സ്‌കൂളിൽ പോകാൻ ചെരിപ്പ് നൽകിയില്ല. പകരം, ഡി മരിയക്ക് ബൂട്ട് വാങ്ങി. ചെരിപ്പിടാതെ ആ സഹോദരിമാർ സ്‌കൂളിൽ പോയി. അവരുടെ ത്യാഗത്തിന്റെ, സഹനത്തിന്റെ ഫലമായി അവൻ ലോകമറിയുന്ന ഫുട്ബാൾ താരമായി. പല അഭിമുഖങ്ങളിലും അയാൾ തന്റെ സഹോദരിമാരെ ഓർത്തു. ഇന്നും സ്‌നേഹവായ്പിന്റെ ഊഷ്മളതയിലാണ് അവരുടെ ജീവിതം.
അമ്മയ്ക്ക് ഒരു ഫോൺ
പെലെയുടെ നാട്ടിൽ നിന്ന് സാംബയുടെ താളവുമായി വന്നവനാണ് ഗബ്രിയേൽ ജീസസ്. തെരുവിൽ പന്ത് തട്ടി വളർന്നവൻ. വേഗതയോടെ പന്ത് തട്ടുന്നവൻ. ജീസസിനെ തീരെ കുഞ്ഞായിരിക്കുമ്പോഴേ അച്ഛൻ ഉപേക്ഷിച്ചുപോയതാണ്. പിന്നെ അവനെ വളർത്തിയതും ഫുട്ബാൾ കളിക്കാൻ പ്രേരിപ്പിച്ചതുമെല്ലാം അമ്മയാണ്. തന്റെ കയ്യിൽ അമ്മയുടെ മുഖവും ജീസസ് പച്ച കുത്തിയിരുന്നു. കളി തുടങ്ങുംമുമ്പ് അമ്മയെ ഫോൺ ചെയ്യുന്ന താരം, ഗോൾ നേടിയാൽ ഓർക്കുന്നതും ആ സ്‌നേഹമന്ത്രത്തെ തന്നെ. അമ്മയെ ഫോൺ വിളിക്കുന്ന സ്‌റ്റൈലിലാണ് ജീസസിന്റെ ഗോൾ ആഘോഷം. മൈതാനങ്ങളിൽ ആരുമല്ലെങ്കിലും ഈ സഹന ജീവിതങ്ങളെ ഓർത്തെടുക്കുന്നു, ഈ മക്കൾ മതിയല്ലോ അമ്മമാർക്ക് സന്തോഷം പൊഴിക്കാൻ.
ഉറുഗ്വേയുടെ ലൂയി സുവാരസിന്റെ കഥയും വ്യത്യസ്തമല്ല. ദാരിദ്ര്യം പൊള്ളിച്ച ബാല്യത്തിൽ ഏഴു മക്കളിൽ ഒരുവനായിരുന്നു സുവാരസ്. കുട്ടിക്കാലത്തു തന്നെ അച്ഛൻ ഉപേക്ഷിച്ചുപോയി. ഏഴു മക്കളെ പോറ്റാൻ ഒരമ്മ സഹിച്ച ത്യാഗം എത്ര വലുതായിരിക്കും. അതിനിടെ സുവാരസും തെരുവിലെ തൂപ്പുകാരനായി. അതിനിടെ ഫുട്‌ബോളിനെ സ്‌നേഹിച്ചു, അത് ജീവതാളമായി. ആയിടയ്ക്കാണ്, 15ാം വയസിൽ സോഫിയ ബേബിയെ കണ്ടുമുട്ടുന്നത്. അവളാണ്, ഫുട്ബാളാണ് അവന്റെ ജീവിതവഴിയെന്ന് ആദ്യം പറഞ്ഞു കൊടുത്തത്. അവൾ പിന്നെ ജീവിത സഖിയായി. ഈ രണ്ടു സ്ത്രീജീവിതങ്ങളാണ് സുവാറസിന്റെ കുടുംബം സ്‌നേഹസമ്പന്നമാക്കിയത്.
അർജന്റീനയുടെ ക്ലാസിക് പ്ലേ മേക്കറായിരുന്ന യുവാൻ റോമൻ റിക്വൽമിയ്ക്കുമുണ്ട് അമ്മയുമായുള്ള അപാരസ്‌നേഹത്തിന്റെ കഥ. പതിനൊന്നു മക്കളിൽ മൂത്തവനായിരുന്നു റോമൻ. ദാരിദ്ര്യം നിറഞ്ഞ വീട്ടിൽ മാതാപിതാക്കൾ ഏറെ കഷ്ടപ്പെട്ട് അവനെ വളർത്തി. റോമൻ ലോകം വാഴ്ത്തുന്ന താരമാകുമ്പോഴും അവഗണയുടെ പടുകുഴിയിൽ ഇടയ്ക്കിടെ വീഴുമ്പോഴും ഏറ്റവും നൊന്തത് ആ അമ്മയ്ക്കാണ്. അതവരെ മാനസികമായി തന്നെ തളർത്തി. അമ്മ വിഷാദ രോഗിയായി മാറിയപ്പോൾ പൊടുന്നനെ മൈതാനം ഉപേക്ഷിച്ചവനാണ് റിക്വൽമി. ‘എന്റെ അമ്മ എന്റേതുമാത്രമാണ്, അവർക്കിപ്പോൾ എന്റെ സാമീപ്യം വേണം’ എന്നായിരുന്നു അന്ന് റിക്വൽമി പറഞ്ഞത്. കളിക്കളത്തിൽ എല്ലാമായിട്ടും ആരുമില്ലാതെ പോകുന്ന മകനെയോർത്ത് അവർ എത്രയോ നോവുതിന്നു. അതിന്റെ ആഴപ്പരപ്പ് തിരിച്ചറിഞ്ഞ്പൊടുന്നനെ ഒരു നിമിഷം കളിക്കളം പോലും അവൻ ഉപേക്ഷിച്ചു.
അർജന്റീനയുടെ സെർജിയോ അഗ്യൂറോ, ബ്രസീലിന്റെ നെയ്മർ, ഇംഗ്ലണ്ടിന്റെ മർകസ് രാഷ്ഫോർഡ് തുടങ്ങിയവർക്കെല്ലാമുണ്ട് ഫുട്ബാളിലേക്ക് വഴിതെളിയിച്ച അമ്മമാരുടെ ത്യാഗങ്ങൾ.
ബെൽജിയത്തിന്റെ സുവർണനിരയിലെ ഈഡൻ ഹസാർഡിന്റെ അമ്മയുടെ കഥ മറ്റൊന്നാണ്. ഫുട്‌ബോളിനെ അത്രയേറെ സ്‌നേഹിക്കുന്ന ഒരു കുടുംബത്തിലാണ് ഹസാർഡിന്റെ ജനനം. എല്ലാവരും ഫുട്ബാൾ താരങ്ങൾ. അമ്മ കറിയാൻ ഹസാഡ് കിടയറ്റ സ്ട്രൈക്കർ ആയിരുന്നു. ഈഡനെ മൂന്നു മാസം ഗർഭം ധരിച്ചപ്പോഴും അവർ ഫുട്ബാൾ കളിച്ചു. പിന്നീട് മകൻ പിറന്നപ്പോൾ അവർ കളിക്കളം ഉപേക്ഷിച്ചെങ്കിലും അവന്റെ ഫുട്ബാൾ വളർച്ചയിൽ ഊടും പാവും നെയ്തത് അമ്മ തന്നെയാണ്. ആ വീട്ടിൽ എല്ലാവരും ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരെങ്കിലും അമ്മയാണ് ഹസാർഡിന്റെ കഴിവുകൾ കൂടുതൽ തിരിച്ചറിഞ്ഞത്.
കഠിനാദ്ധ്വാനത്തിന്റെ മറുപേരായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറുന്നതിനു മുൻപ് ഹൃദയം തകരുന്ന ഒരു ജീവിതമുണ്ടായിരുന്നു. 15-ാം വയസിൽ മരണം മാടി വിളിച്ചു. ഹൃദയശസ്ത്രക്രിയക്ക് വിധേയനായപ്പോൾ ഉരുകിയുരുകി അമ്മ നാളുകൾ നീക്കി. അവൻ ജീവിതത്തിലേക്ക് മടങ്ങിവന്നു. ദാരിദ്ര്യത്തോട് മല്ലടിച്ച്, ഒരു പാചകക്കാരി ആയിട്ടായിരുന്നു ആ അമ്മയുടെ ജീവിതം. മരിയ എന്ന ആ അമ്മയുടെ ഉൾക്കരുത്തിന്റെ പിൻബലത്തിലാണ് പിന്നെയവൻ ഫുട്ബാൾ താരമാകുന്നത്. മകന്റെ കളിമികവുകണ്ട് പണ്ടുമുതലേ അവർ ആഗ്രഹിച്ചത്, അവൻ റയൽ മാഡ്രിഡിനുവേണ്ടി പന്ത് തട്ടാനാണ്. അമ്മയുടെ ആഗ്രഹം അവൻ പൂർത്തീകരിച്ചതും ആരാധകരുടെ സി ആർ സെവൻ ആയി മാറിയതും ചരിത്രം. ഒരമ്മ മാത്രമായിരുന്നില്ല, ഫുട്ബാളിൽ അവന്റെ കരുത്തുകൂടിയായിരുന്നു അവർ.
അർജന്റീനയുടെ സെർജിയോ അഗ്യൂറോ, ബ്രസീലിന്റെ നെയ്മർ, ഇംഗ്ലണ്ടിന്റെ മർകസ് രാഷ്ഫോർഡ് തുടങ്ങിയവർക്കെല്ലാമുണ്ട് ഇതുപോലെ ഫുട്ബാളിലേക്ക് വഴിതെളിയിച്ച അമ്മമാരുടെ ത്യാഗങ്ങൾ. കളിക്കളങ്ങളിൽ തീ പടർത്തിയും കളിവിരുതിന്റെ കലാവൈഭവം നെയ്തുമെല്ലാം എത്രയെത്ര താരങ്ങളാണ് ആവേശം പകരുന്നത്. കാൽപ്പന്തിനെ തഴുകുന്ന വിസ്മയനീക്കങ്ങളുമായി അവർ കളിക്കളം വാഴുമ്പോഴും തിരശീലയ്ക്കുപിന്നിൽ സൂര്യശോഭയോടെ നിൽക്കുകയാണ് ഒരുപിടി സ്ത്രീജീവിതങ്ങൾ. അതുകൊണ്ടുതന്നെ ഈ ഫുട്ബാൾ പെണ്ണിന്റേതു കൂടിയാണ്. ▮