കഴിഞ്ഞ ലോകകപ്പ് കാലത്ത് ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവ്' എന്ന പേരിൽ ഞാൻ ഒരു കഥ എഴുതിയിരുന്നു. പത്രാധിപരായിരുന്ന കമൽറാം സജീവ് അന്നത് അത്യാവേശത്തോടെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. ഡി സി പ്രസിദ്ധീകരിച്ച ‘പുളിനെല്ലി സ്റ്റേഷൻ' എന്ന സമാഹാരത്തിൽ അത് ഉൾപ്പെടുത്തിയിട്ടുണ്ട്. ഫുട്‌ബോളും രാഷ്ട്രീയവും പ്രണയവും ചാലിച്ചുചേർത്ത് അങ്ങനെയൊരു കഥ എഴുതാൻ കഴിഞ്ഞതിനെക്കുറിച്ച് ഇപ്പോഴും എനിക്ക് അഭിമാനമുണ്ട്. കുറച്ചൊരു അത്ഭുതവുമുണ്ട്. കാരണം അതെഴുതുന്ന കാലമായപ്പോഴേക്കും കുട്ടിക്കാലത്ത് എന്നെ പിടികൂടിയ ഫുട്‌ബോൾ കമ്പമെല്ലാം ഏതാണ്ട് തീർന്നിരുന്നു. ജീവിതം എന്നെ മറ്റു പല വഴികളിലേക്കും ഉന്മാദങ്ങളിലേക്കും കൊണ്ടുപോയിക്കഴിഞ്ഞിരുന്നു.
പക്ഷേ, എഴുതാനിരിക്കുമ്പോൾ ബാല്യവും കൗമാരവും ഉൾപ്പടെ ചില കാലങ്ങളും ലോകങ്ങളും നമ്മളറിയാതെ മനസ്സിലേക്ക് ഇരച്ചെത്തും. ‘അർജന്റീനാ ഫാൻസ് ...' കഥയുടെ രചനയിലും അതാണ് സംഭവിച്ചത്. 2018ലെ ലോകകപ്പ് പനിയിലേക്ക് ലോകം കടന്നുകഴിഞ്ഞ സമയത്താണ് അതെഴുതിയത്.
കഥ ഇങ്ങനെ തുടങ്ങുന്നു: ‘ഇവിടെ പറയുന്ന സംഗതികൾ ഒട്ടുമിക്കവാറും നടന്നത് 2014ലെ ഫിഫ വേൾഡ് കപ്പിന്റെ കാലത്താണ്. ഞാൻ ഇത് രേഖപ്പെടുത്തുന്നതാകട്ടെ 2018 ലെ കപ്പിന് തൊട്ടുമുമ്പ്. മോസ്‌കോയിലെ ലക്ഷ്‌നിക്കി സ്റ്റേഡിയം ഗ്രൂപ്പ് മത്സരങ്ങൾക്കു വേണ്ടി ഉണരാൻ ഇനി രണ്ടുദിവസങ്ങൾ മാത്രമേ ഉള്ളു. പ്രവചനങ്ങൾ വന്നു തുടങ്ങി. ഗോൾഡ്മാൻ സാക്‌സ് പറയുന്നത് ബ്രസീൽ ജയിക്കുമെന്നാണ്. അർജന്റിന ക്വാർട്ടർ ഫൈനൽ കടക്കില്ലെന്നും. പ്രശസ്ത സാഹിത്യകാരൻ എൻ.എസ്.മാധവൻ ഫ്രാൻസ് ജയിക്കുമെന്ന് എഴുതിക്കണ്ടു. ഞങ്ങൾ അർജന്റിന ഫാൻസിനെ ആശങ്കപ്പെടുത്തുന്ന സംഗതികളാണ് എല്ലാം...'
അടുത്ത കാലത്ത് ഞാൻ ജർമനിയിൽ പോയിരുന്നു. രണ്ടു മാസം അവിടെ താമസിച്ചു. ഫിലോസഫിയുടേയും ടെക്‌നോളജിയുടെ കേന്ദ്രമായി പരിഗണിക്കുന്ന ജർമനിയുടെ യഥാർത്ഥ ആഹ്ലാദം ഫുട്‌ബോളിലാണ് എന്നു ഞാൻ തിരിച്ചറിഞ്ഞു.
കൂട്ടത്തിൽ പറയട്ടെ: പ്രിയപ്പെട്ട എൻ.എസ്. മാധവന്റെ പ്രവചനമാണ് പിന്നീട് ഫലവത്തായത്. ഫ്രാൻസ് ജയിച്ചു. അത് ‘ഹിഗ്വിറ്റ' എഴുതിയ മഹാപ്രതിഭ കഥയിലും രാഷ്ട്രീയത്തിലും എന്ന പോലെ ഫുട്‌ബോളിലും പുലർത്തുന്ന സൂക്ഷ്മനിരീക്ഷണത്തിന്റെ ദൃഷ്ടാന്തമായി. എൻ.എസ്. മാധവന്റെ നൂറിലൊരംശം നിരീക്ഷണവൈഭവം ഇതെഴുന്നയാൾക്കില്ല. എങ്കിലും ഞാൻ എഴുതുന്നു.
‘അർജന്റിനാ ഫാൻസ്... ' എഴുതുന്നതിന് തൊട്ടുമുമ്പ് മറ്റു ചില കാര്യങ്ങൾക്കായി മലപ്പുറം ജില്ലയിലൂടെ ഞാൻ സഞ്ചരിച്ചിരുന്നു. ഏറനാടും വള്ളുവനാടും ഉൾപ്പടെയുള്ള മലബാർ എന്നും എനിക്കു പ്രിയപ്പെട്ട ദേശമാണ്. ഉറൂബിന്റെയും എം.ടിയുടേയും ചെറുകാടിന്റെയും നോവലുകൾ വായിച്ച് കഥാപാത്രങ്ങളെ അന്വേഷിച്ച് ഒരു കാലത്ത് ഞാൻ അവിടെയെല്ലാം അലഞ്ഞുനടന്നിട്ടുണ്ട്. പക്ഷേ ഇപ്പോൾ മായനും കൊച്ചു കൊണ്ടോരനും പള്ളിയാലുകളിൽ പന്തുകളിക്കുന്ന കാഴ്ചയാണ് കണ്ടത്. അബ്ദുള്ളയായി മാറിയ ഗോവിന്ദൻകുട്ടിയുടെ മതം ഇപ്പോൾ ഫൂട്‌ബോളാണ്. ഉമ്മാച്ചുവിന്റെ ആവേശം സഹപാഠികൾ തമ്മിലെ അടിപിടിയിലല്ല; ലോകകപ്പിലാണ്. അവൾ അർജന്റീനയുടെ ഫാൻസാണെന്ന് ഞാൻ തിരിച്ചറിയുന്നു.
മലപ്പുറം ജില്ല ഒന്നാകെ നിറം മാറിയിരുന്നു. ഒരിടത്ത് മഞ്ഞ. മറ്റൊരിടത്ത് വെള്ളയും നീലയും വരകൾ. ബ്രസീലിൽ ചെന്നാൽ ഇത്രയധികം സജീവമായ ഒരു വർണ്ണക്കാഴ്ചയായി ബ്രസീലിനെ കാണാൻ കഴിയുമോ എന്ന് സംശയമാണ്. ഏതെങ്കിലും ഒരു അർജന്റീനക്കാരൻ ആ സമയത്ത് അതുവഴി കടന്നു പോയിരുന്നെങ്കിൽ വിസ്മയം കൊണ്ട് തലചുറ്റി വീഴുമായിരുന്നു. അത്രമാത്രം തോരണങ്ങൾ. കമാനങ്ങൾ. ഭീമാകാരമായ കട്ടൗട്ടുകൾ. കൊയ്തു കഴിഞ്ഞ വയലുകളിൽ നിന്നുള്ള ആഹ്ലാദാരവങ്ങൾ എന്നെ പിന്തുടർന്നു.
ലോകകപ്പു വന്നാൽ കാട്ടൂരങ്ങാടിയിലും സ്‌കൂൾ പരിസരത്തുമായി നാലോ അഞ്ചോ ചെറിയ ഫ്ലക്‌സുകൾ കാണും. കുറച്ച് തോരണങ്ങളും. അതു ഞങ്ങളുടെ നാടിന്റെ സ്ഥായിയായ ഒരു സ്വഭാവമാണ്. എല്ലാം അറിയാം. താൽപ്പര്യമുണ്ട്. എന്നാൽ ഒന്നിലും അമിതാവേശമില്ല. കളിയുണ്ട്. എന്നാൽ കാര്യത്തിൽ വിട്ടില്ല.
എല്ലാത്തരം വിഭജനങ്ങൾക്കും വിദ്വേഷങ്ങൾക്കുമെതിരെ മനുഷ്യനെ ഐക്യപ്പെടുത്തുന്നുണ്ട് ഫുട്‌ബോൾ എന്ന മാന്ത്രിക കല. സാധാരണ മട്ടിലുള്ള വിരോധവും വഴക്കും കേസും കൂട്ടവും മലബാറിലെ ഗ്രാമങ്ങളിലുമുണ്ട്. എന്നാൽ ലോകകപ്പ് ഫുട്‌ബോളിന്റെ കാലത്ത് അവിടങ്ങളിൽ അടിപിടിക്കേസുകൾ പത്തിലൊന്നായി കുറയുന്നുണ്ട് എന്ന് പൊലീസിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് എന്നോടു പറഞ്ഞു. മനുഷ്യൻ തന്റെ അവലംബമായ സമൂഹത്തെ തിരിച്ചറിയുന്നതിന്റെ ഭാഗമായിട്ടാണ് ദൈവവും മതങ്ങളുമെല്ലാം ഉണ്ടായത്. ഇന്നവ അധികാര ഭ്രാന്തന്മാരുടെ കയ്യിലെ ഉപകരണമായി മാറി വെറുപ്പും വിദ്വേഷവും ഉൽപ്പാദിപ്പിക്കുന്നു. മനുഷ്യഭാവനയുടെ മഹാ സംഭാവനയായ ദൈവത്തിന് കാൽപ്പന്തുകളിയുടെ രൂപത്തിലും പ്രത്യക്ഷപ്പെടാനാവും. ലോകം അത് തിരിച്ചറിയുന്നുണ്ട്.
അടുത്ത കാലത്ത് മക്കളെ കാണാനായി ഞാൻ ജർമനിയിൽ പോയിരുന്നു. രണ്ടു മാസം അവിടെ താമസിച്ചു. ഫിലോസഫിയുടേയും ടെക്‌നോളജിയുടെ കേന്ദ്രമായി പരിഗണിക്കുന്ന ജർമനിയുടെ യഥാർത്ഥ ആഹ്ലാദം ഫുട്‌ബോളിലാണ് എന്നു ഞാൻ തിരിച്ചറിഞ്ഞു. ജർമൻ ജനതക്ക് ഒരു പൊതുവിഷയമുണ്ടെങ്കിൽ അത് ടൂർണമെന്റുകളാണ്. എല്ലായിടത്തും അങ്ങേയറ്റം ആധുനിക സൗകര്യങ്ങളുള്ള കളിമൈതാനങ്ങൾ. ഫൂട്‌ബോൾ പരിശീലന കേന്ദങ്ങൾ. ആൺകുട്ടികളും പെൺകുട്ടികളും ജഴ്‌സിയും ബൂട്ടുമണിഞ്ഞ് പരിശീലനത്തിനെത്തുന്നു. എന്റെ മരുമകൾ ജർമൻ പൗര നാദിയയുടെ വീട് ഡോർട്ട്മുണ്ട് എന്ന സ്ഥലത്താണ്. നോർത്ത് റൈൻ -വെസ്റ്റ്ഫാലിയ സംസ്ഥാനത്തെ ഒരു നഗരം. നഗരപ്രാന്തത്തിലെ കൃഷിയിടങ്ങൾക്കിടയിൽ ചെറിയൊരു വീടാണ്. അവിടെ താമസിക്കുമ്പോൾ വയലുകൾക്കിടയിലൂടെ നടന്നതും സ്‌ടോബറി വിളവെടുപ്പിൽ പങ്കുചേർന്നതും ഫേസ് ബുക്കിൽ ഞാൻ കുറിച്ചിരുന്നു. ഫൂട്‌ബോൾ ലഹരി ബാധിച്ച ഒരു നഗരമാണ് ഡോർട്ട്മുണ്ട്. ബൊറൂസിയ ഡോർട്ട്മുണ്ട് എന്ന ടീമാണ് ഇവിടത്തെ ജനതയുടെ ആവേശം.
തൃശ്ശൂരിൽ പതിവായിരുന്ന ചാക്കോള ട്രോഫി ടൂർണമെന്റാണ് നാട്ടിലെ ഫുട്‌ബോൾ കമ്പത്തെ നിർണയിച്ചിരുന്നത്. പിന്നീട് ഇരിഞ്ഞാലക്കുടയിൽ കണ്ടംകുളത്തി ട്രോഫി വന്നു. ടൂർണമെന്റുകൾ നേരിൽ പോയി കാണാനുള്ള സൗഭാഗ്യങ്ങൾ കുറവായിരുന്നു.
എല്ലാ യാത്രകളുടേയും അവസാനം കാട്ടൂർക്കടവിലേക്ക് (കാട്ടൂർ) ആണല്ലോ ഞാൻ വരേണ്ടത്. ഫുട്‌ബോളായാലും തെരഞ്ഞെടുപ്പുകളായാലും പള്ളിപെരുന്നാൾ / ക്ഷേത്ര മഹോത്സവങ്ങളായാലും. അവിടെ അങ്ങനെ സാഹിത്യഭാഷയിൽ പറയുന്ന തരത്തിൽ ആവേശം അലയടിക്കാറില്ല. ലോകകപ്പു വന്നാൽ കാട്ടൂരങ്ങാടിയിലും സ്‌കൂൾ പരിസരത്തുമായി നാലോ അഞ്ചോ ചെറിയ ഫ്ലക്‌സുകൾ കാണും. കുറച്ച് തോരണങ്ങളും. അതു ഞങ്ങളുടെ നാടിന്റെ സ്ഥായിയായ ഒരു സ്വഭാവമാണ്. എല്ലാം അറിയാം. താൽപ്പര്യമുണ്ട്. എന്നാൽ ഒന്നിലും അമിതാവേശമില്ല. കളിയുണ്ട്. എന്നാൽ കാര്യത്തിൽ വിട്ടില്ല. കഥ വായിച്ച ശേഷം കാട്ടൂർ, അർജന്റീന ഫാൻസുകാരുടെ കോട്ടയാണോ എന്നു ചില സുഹൃത്തുക്കൾ അന്വേഷിച്ചിരുന്നു. അങ്ങനെയൊന്നുമില്ല എന്ന് ഞാൻ മറുപടി പറഞ്ഞു.
പക്ഷേ ഏതൊരു ഗ്രാമത്തിനും എന്ന പോലെ കാട്ടൂർകടവിനും ഫുട്‌ബോൾ ആവേശം ഉണ്ട്. അത് മനസ്സിലാക്കാൻ തോരണങ്ങളുടെ ആവശ്യമില്ല. പണ്ട് എന്റെ കുട്ടിക്കാലത്ത് അത് ഏറെ തെളിഞ്ഞു കണ്ടിരുന്നു. എന്റെ വീടിനടുത്തുള്ള പൊഞ്ഞനം ക്ഷേത്രമൈതാനം അക്കാലത്ത് ഫൂട്‌ബോളിന്റെ കേന്ദ്രമായിരുന്നു. മഴയൊഴിഞ്ഞു കഴിഞ്ഞാൽ നിത്യേന പന്തുകളി ഉണ്ടാവും. നിരവധി ടൂർണമെന്റുകൾ അവിടെ നടന്നിരുന്നു. പൊഞ്ഞനം ചലഞ്ചേഴ്‌സ് എന്ന ടീം അവിടെ രൂപപ്പെട്ടു. അവർ ദൂരദേശങ്ങളിൽ പോയി കളിച്ചു വിജയിച്ചു വരുന്നതിനായി ഞങ്ങൾ കാത്തിരുന്നു. പരാജയപ്പെട്ടു മടങ്ങിയപ്പോഴെല്ലാം സഹതപിച്ചു.
എന്റെ രാഷ്ടീയവും ജീവിതവീക്ഷണവും എന്ന പോലെ ഫുട്‌ബോൾ കമ്പവും രൂപപ്പെടുത്തിയത് ആ മൈതാനമാണ്. വീടിന് തൊട്ടടുത്തായതുകൊണ്ട് അവിടേക്കു പോകാൻ കുട്ടിക്കാലത്തുതന്നെ സ്വാതന്ത്ര്യവുണ്ടായിരുന്നു. സുരക്ഷിതമായ ഒരു പൊതുഇടം. ഒഴിവുകിട്ടിയാൽ അവിടെ പോകാനാണ് കാട്ടൂരിലെ കുട്ടികൾ ആഗ്രഹിച്ചിരുന്നത്. ഇടക്ക് രാഷ്ട്രീയ പാർട്ടികളുടെ പൊതുയോഗങ്ങളുണ്ടാവും. വായനശാല, കലാസമിതി വാർഷികാഘോഷങ്ങൾ. നാടകാവതരണം. ഈയിടെ എഴുതിയ ‘കാട്ടൂർകടവ്' നോവലിൽ ആ മൈതാനം കേന്ദ്രമായി വരുന്നുണ്ട്.
ഫുട്‌ബോളിനൊപ്പം വോളിബോളും ബാറ്റ്മിന്റനും ഉണ്ടായിരുന്നു. മുതിർന്നവർ പ്രധാന സ്ഥലം കയ്യടക്കുമ്പോൾ കുട്ടികൾ മറ്റൊരിടത്ത് കളിക്കും. ഒരു ടൂർണമെൻറ് കഴിഞ്ഞാൽ ഏറെകാലം അതിന്റെ ഇരമ്പം നിലനിൽക്കും. കുളക്കടവിലും പീടികത്തിണ്ണയിലും നടക്കുന്ന വർത്തമാനമെല്ലാം അതിനെക്കുറിച്ചാവും. തൃശ്ശൂരിൽ പതിവായിരുന്ന ചാക്കോള ട്രോഫി ടൂർണമെന്റാണ് നാട്ടിലെ ഫുട്‌ബോൾ കമ്പത്തെ നിർണയിച്ചിരുന്നത്. പിന്നീട് ഇരിഞ്ഞാലക്കുടയിൽ കണ്ടംകുളത്തി ട്രോഫി വന്നു. ടൂർണമെന്റുകൾ നേരിൽ പോയി കാണാനുള്ള സൗഭാഗ്യങ്ങൾ കുറവായിരുന്നു. പക്ഷേ എന്തിന് കാണണം? റേഡിയോയിലെ കമന്ററി മതിയല്ലോ. പൊഞ്ഞനത്ത് കൊച്ചുനായരുടെ പീടികയിൽ പഞ്ചായത്ത് റേഡിയോ ഉണ്ട്. ഒരുപക്ഷേ റേഡിയോ കമന്ററിയേക്കാൾ ആവേശം തന്നിരുന്നത് പിറ്റേന്നുവരുന്ന (തൃശൂർ) എക്സ്പ്രസ്പത്രമായിരുന്നു. പാഞ്ചിയാണ് കളിയെഴുത്ത്. എൻ.ജി.ഒ.യൂണിയൻ നേതാവായ കെ.വി. ഫ്രാൻസിസാണ് പാഞ്ചി. അക്കാലത്ത് അച്ഛന് പത്രം വായിച്ചു കൊടുക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ടായിരുന്നു. പാഞ്ചിയുടെ കോളം വായിക്കുമ്പോൾ ഞാൻ ആവേശഭരിതനാവാറുണ്ട്.
‘അർജന്റീന ഫാൻസ് കാട്ടൂർക്കടവ്' എന്ന കഥ പിന്നീട് മിഥുൻ മാനുവൽ ജോസ് സിനിമയാക്കി. മിഥുൻ വലിയ ഫുട്‌ബോൾ കമ്പക്കാരനാണ്. കടുത്ത അർജന്റീന പക്ഷക്കാരനുമാണ്. ക്ലൈമാക്‌സിൽ കാര്യമായ മാറ്റം വരുത്തിയാണ് അദ്ദേഹം അത് ചെയ്തത്. എന്റെ കഥയിൽ പ്രതിനായകനാണ് യഥാർത്ഥ നായകൻ. മിഥുൻ അതിൽ മാറ്റം വരുത്തി. സിനിമയെ വിലയിരുത്താൻ ഞാൻ ഒരുമ്പെടുന്നില്ല. അത് മറ്റൊരു ആവിഷ്‌ക്കാരമാണ്. അതെങ്ങനെ ചെയ്യണമെന്നത് സംവിധായകന്റെ സ്വാതന്ത്ര്യമാണ്. പക്ഷേ ഒരു കാര്യം പറയാം. ‘അർജന്റീന ഫാൻസ്...' എന്ന കഥയിലെ ഫുട്‌ബോൾ ആണ് മിഥുനെ ആകർഷിച്ചത്. അതിനെ കേന്ദ്രീകരിച്ചാണ് സിനിമയെടുത്തത്. പക്ഷേ കഥയിൽ ഫുട്‌ബോൾ എന്ന മാധ്യമത്തിലൂടെ പറയാൻ ശ്രമിച്ചത് പ്രണയവും അതിന്റെ രാഷ്ട്രീയവുമാണ്. നിർഭാഗ്യവശാൽ സംവിധായകന്റെ ശ്രദ്ധ ആ വഴി പോയില്ല. ▮