ഖത്തർ വേൾഡ്​കപ്പ്​ വീണ്ടെടുത്ത കാസർകോടൻ രാത്രിജീവിതം

പതിനൊന്നു മണിയോടടുത്ത് കാസർകോട്ടു നിന്ന് കുമ്പള വഴി അംഗഡി മുഗറിലേക്കു പോകുന്ന സയ്യിദ് മദനി ബസ്സിൽ തിക്കും തിരക്കുമായിരിക്കും. നഗരത്തിലെ ഉത്സവങ്ങൾക്കും ഉറൂസുകൾക്കും കുമ്പള വെടി ഉത്സവത്തിനും രാപ്പകലില്ലാതെ ആളുകൂടും. ആ ഡിസംബർ മാസം വരെ കാസർകോട് നഗരത്തിന്റെ രാത്രിജീവിതം ഇങ്ങനെയൊക്കെയായിരുന്നു.

കാസർകോടുപോലെ ഏറ്റവും നേരത്തെ ഉറങ്ങുകയും വൈകി ഉണരുകയും ചെയ്യുന്ന മറ്റൊരു പട്ടണം കേരളത്തിലുണ്ടാവില്ല. ഒമ്പതരയോടെ നഗരത്തിൽ നിന്നുള്ള ബസ്സുകളെല്ലാം ഓട്ടം നിർത്തും. നഗരത്തിലേക്കും പിന്നെ അധികം ബസ്സുകൾ വരാനില്ല. കടകളെല്ലാം അതിനു മുമ്പേ അടയും. നഗര ഭാഗങ്ങളെല്ലാം ഇരുളിലേക്ക് മറയും.

കുറച്ചു കാലമായി ഇതാണ് സ്ഥിതി. കൃത്യമായി പറഞ്ഞാൽ 92 ഡിസംബർ 6 നു ശേഷം. ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് ദിവസങ്ങളോളം കാസർകോട് സംഘർഷ ഭീതിയിലായിരുന്നു. അന്നു വീണ ഭയത്തിന്റെ വിത്ത് മുളച്ചു ചെടിയും മരവുമായി. ആളുകൾ പരസ്പരം അവിശ്വസിക്കാൻ നിർബന്ധിതരായി. ഇനിയൊരിക്കലും മോചനം കിട്ടാത്ത വിധം ആളുകൾ തങ്ങളിലേക്കു മാത്രം ഉൾവലിഞ്ഞു. നഗരത്തിലെത്തുന്നവർ ഇരുട്ടു വീഴും മുമ്പെ മടങ്ങാൻ മനസ്സുവെച്ചു. കാസർകോട് നഗരത്തെ അത് വല്ലാതെ തകർത്തുകളഞ്ഞു. രാത്രി വൈകിയും നിറയെ ആളുകളുണ്ടായിരുന്ന കടകളും സിനിമാശാലകളും ആൾപ്പെരുമാറ്റമില്ലാതെ നഷ്ടത്തിലായി. ആളുകളില്ലാത്തതിനാൽ ബസ്സുകൾ നേരത്തേ ഓട്ടം നിർത്തി. നൂറു കണക്കിന് ടാക്സി ഡ്രൈവർമാർ പണി മതിയാക്കി.

അതിനു മുമ്പ് ഇതായിരുന്നില്ല അവസ്ഥ. പല സ്ഥലങ്ങളിൽ കച്ചവടവും മറ്റു ജോലികളും ചെയ്യുന്ന കാസർകോട്ടുകാർ രാത്രിയിലാണ് ടൗണിലേക്കിറങ്ങുക. രാത്രി മുഴുവൻ നഗരം സജീവമാകും. ഒരിക്കലും അടയ്ക്കാത്ത ബദരിയ ഹോട്ടലിൽ രാത്രി കച്ചവടം പൊടിപൊടിക്കും. സെക്കന്റ്‌ ഷോ സിനിമ കണ്ടു വരുന്നവർ നഗരത്തിലെ ഭക്ഷണശാലകളിൽ നിന്ന് നിറയെ കഴിച്ച് ലോറിക്ക് കൈകാണിച്ച് വീടെത്താൻ റോഡുവക്കിൽ കാത്തുനിൽക്കും. ചെർക്കളയിലേക്കും കുമ്പളയിലേക്കും നടന്നു പോകുന്ന ആൾക്കൂട്ടവും ആ അർധരാത്രികളിൽ സാധാരണമായിരുന്നു.

പതിനൊന്നു മണിയോടടുത്ത് കാസർകോട്ടു നിന്ന് കുമ്പള വഴി അംഗഡി മുഗറിലേക്കു പോകുന്ന സയ്യിദ് മദനി ബസ്സിൽ തിക്കും തിരക്കുമായിരിക്കും. നഗരത്തിലെ ഉത്സവങ്ങൾക്കും ഉറൂസുകൾക്കും കുമ്പള വെടി ഉത്സവത്തിനും രാപ്പകലില്ലാതെ ആളുകൂടും. ആ ഡിസംബർ മാസം വരെ കാസർകോട് നഗരത്തിന്റെ രാത്രിജീവിതം ഇങ്ങനെയൊക്കെയായിരുന്നു.

ഖത്തർ വേൾഡ് കപ്പിന് കിക്കോഫ് ആരംഭിച്ച ദിവസം മുതൽ ഫൈനൽ മത്സരം വരെയുള്ള ദിവസങ്ങൾ ആ സങ്കടക്കഥ തിരുത്തിയെഴുതി. 64 മത്സരങ്ങൾ നടന്ന ദിവസങ്ങളിലും അതിനിടയിൽ കളിയില്ലാത്ത ദിവസങ്ങളിലും കാസർകോട് പുലിക്കുന്നിലെ സന്ധ്യാരാഗം ഓപ്പൺ ഓഡിറ്റോറിയത്തിൽ രാത്രി വൈകിയിട്ടും ആയിരങ്ങൾ ഒത്തു കൂടി. നാടൻ പാട്ടും മാപ്പിളപ്പാട്ടും ഗസലും ലൈവ് മ്യുസിക്കുമടക്കം ഏഴു കലാസന്ധ്യകൾ, അവതരണങ്ങൾ.

കാസർകോടിനിത് പുതുജീവനായി. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ആയിരക്കണക്കിന് കാണികൾ നഗരത്തെ ആഹ്ലാദാരവത്തിൽ മുക്കി. കൂട്ടം കൂടി, സ്നേഹസ്മരണകൾ പങ്കുവെച്ച് അവർ തങ്ങളുടെ പോയ കാല നഷ്ടങ്ങൾക്ക് പകരം വീട്ടി. ഉച്ചയ്ക്ക് 3.30 മുതൽ പാതിരാത്രി 2.30 വരെ നീളുന്ന ലൈവ് സ്ട്രീമിംഗ് എടുത്തു പറയേണ്ടതു തന്നെ. കേരളത്തിലെ തന്നെ ഏറ്റവും വലിയ സ്ക്രീൻ എന്നു കരുതാവുന്ന 600 സ്ക്വയർ ഫീറ്റ് ഡിജിറ്റൽ സ്ക്രീൻ കാണികളെ യഥാർഥ കളിക്കളത്തിനു മുമ്പിലാണ് തങ്ങളെന്ന പ്രതീതിയിലേക്കു നയിച്ചു.

കാസർകോട് മർച്ചന്റ്‌സ് അസോസിയേഷനും കാസർകോട് മുൻസിപ്പാലിറ്റിയും ചേർന്നൊരുക്കിയ ഈ ദൃശ്യ വിരുന്ന് ഏകോപിച്ചത് അപ്-ഷോട്ട് ക്രിയേറ്റീവ് എൿസേർട്ടാണ്.

ഫുട്ബോളാണ് ഇതെല്ലാം സാധ്യമാക്കിയത്. നമ്മൾ ഒന്ന് എന്ന വികാരത്തോടെ സംഘബോധത്തിന്റെ പുത്തൻ അധ്യായം തീർക്കുകയായിരുന്നു കാസർകോട്ട്കാർ. ഏതാണ്ട് എല്ലാ ടീമുകൾക്കും ഫാൻസുകാരുള്ള ഇവിടെ ആവേശപ്രകടനങ്ങൾക്കു കുറവു വരാതെ തന്നെ ബ്രസീൽ ആരാധകരും അർജന്റീന ആരാധകരും തോളോട്തോൾ ചേർന്നിരുന്ന് കളികണ്ടു.

കളിയില്ലാത്ത ദിനങ്ങളിലെ കലാ സന്ധ്യകളിൽ സിയാഹുൽ ഹഖിന്റെ സൂഫി ഖവാലി നൈറ്റ്, നിഹാൽ ആൻഡ് ടീം സിനോവ് രാജ് എന്നിവർ ഒരുക്കിയ മ്യുസിക് ഫ്യൂഷൻ, സജീർ കൊപ്പം ഷമീർ ശർവാനി എന്നിവർ ചേർന്നൊരുക്കിയ മാപ്പിളപ്പാട്ട്, കാസർകോട്ടെ പ്രതിഭകൾക്ക് അവസരം നൽകിയ ടാലന്റ് ഹണ്ട്, പത്മകുമാറും സംഘവും അവതരിപ്പിച്ച ഗസൽ, അതുൽ നറുകര ആൻഡ് ടീമിന്റെ നാടൻപാട്ട്, അവസാന ദിവസത്തെ അരുൺ ഏളാട്ട്, ലിബിൻ സ്കറിയ, ശ്വേത മോഹൻ, ജോബി പാല എന്നിവർ ചേർന്നൊരുക്കുന്ന മെഗാ ഇവന്റ് എന്നിവ ബിഗ് മാച്ച് ബിഗ് സ്ക്രീൻ എന്നു പേരിട്ട വേൾഡ് കപ്പ് സ്ട്രീമിംഗിന് മാറ്റ് കൂട്ടി.

കാസർകോട് മർച്ചന്റ്സ് അസോസിയേഷൻ ഒരുക്കിയ പ്രദർശനം കാണാൻ എത്തിയ കാണികളുടെ എണ്ണം കണ്ടു രാജ്യത്ത് കളി സംപ്രേക്ഷണം ചെയ്യുന്ന സ്പോർട്സ് 18 ചാനൽ പ്രതിനിധികൾ കാസർകോട് എത്തി കളിയാരവം പകർത്തി ആ ദൃശ്യങ്ങൾ സംപ്രേഷണത്തിനിടയിൽ കാണിക്കുകയും ചെയ്തു.

കേരളത്തിലെ ദൃശ്യ മാധ്യമങ്ങളുടെയും കളി ചർച്ചയുടെ പ്രധാന കേന്ദ്രം കാസർകോട്ടെ ഈ ബിഗ് മാച്ച് ബിഗ് സ്ക്രീൻ തന്നെയായിരുന്നു. അതേസമയം ഇത് ഖത്തറല്ല കേരളം എന്ന ഹാഷ് ടാഗിലും കാസർകോട്ടെ കാണികൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഏതാണ്ട് 12,000 ത്തോളം കാണികൾ ഫൈനൽ കാണാൻ എത്തി എന്നാണ് സംഘാടകർ കണക്കാക്കുന്നത്.

"പുതിയൊരു കാസർകോട് സാധ്യമാണ് ' എന്ന പ്രതീക്ഷയുടെ പ്രകടനമായിട്ടു വേണം ഈ സന്ദർഭത്തെ വായിക്കാൻ എന്നു തോന്നുന്നു. ഈ ഉണർവിനു തുടർച്ചയുണ്ടാവണം. രാത്രി വൈകിയും നഗരത്തിലെത്താനും ഏറെ നേരം ചെലവഴിക്കാനും പറ്റുന്ന സാഹചര്യം ഒരുങ്ങണം. അതിനു വേണ്ടത് ഇപ്പോഴുണ്ടായ പുത്തനുണർവിനെ മുഖവിലയ്ക്കെടുത്തു കൊണ്ടുള്ള തുടരാലോചനകളാണ്. ഇച്ഛാശക്തി കൂടി ചേർന്ന പ്രവർത്തനങ്ങളാണ്. ജില്ലാ ഭരണകൂടവും നഗരസഭയും പൊതു സമൂഹവും ആ ദിശയിൽ മുന്നോട്ടു വരേണ്ടതുണ്ട്. തീർച്ചയായും ഇനിയൊരു പിൻമടക്കം ആശാവഹമല്ല.

Comments