ഫുട്ബോൾ കാണിയെന്ന നിലയിലുള്ള ജീവിതം
എൺപതുകളിൽ മധ്യകേരളത്തിന്റെ നാട്ടിൻപുറങ്ങളിൽ വളർന്ന മറ്റേത് ആൺപിള്ളേരേയും പോലെ, വീടിനുപുറത്തുള്ള കളികൾ നിർണയിച്ച ബാല്യമായിരുന്നു എന്റേതും. വീട്ടിൽനിന്ന് കഴിയുന്നത്ര അംഗങ്ങൾ പുറത്തായിരിക്കുന്നത് വീട്ടിൽ തളച്ചിടപ്പെട്ട മനുഷ്യർക്ക് സമാധാനം നൽകിയിരുന്ന പകലുകളിൽ ക്രിക്കറ്റ്, ബാറ്റ്മിൻഡൺ, നീന്തൽ എന്നീ നിത്യജീവിതോത്സാഹങ്ങളിൽ ഞങ്ങൾ മുഴുകി. പക്ഷേ, ഫണാറ്റിസത്തോളം വരുന്ന ആവേശമുൾച്ചേർന്ന ഫുട്ബോൾ മൈതാനത്തിന്റെ ചതുരത്തിന് പുറത്തായിരുന്നു ഞാൻ. മോശമില്ലാത്ത ഗോളിയായി സഖാക്കൾ പരിഗണിച്ചിരുന്നുവെങ്കിലും യാതൊരു നിയന്ത്രണവുമില്ലാതെ ഓടുകയും സ്വന്തം ടീമംഗങ്ങളെ പോലും തിരിച്ചറിയാത്ത വിധം കുഴങ്ങുകയും ഗോൾമുഖത്തിന് മുന്നിലെത്തിയാൽ പോലും എന്തുചെയ്യണമെന്ന് പകയ്ക്കുകയും ചെയ്തിരുന്ന എന്നെ ഏതേലും ഗോൾപോസ്റ്റിന്റെ പുറകെ ‘ഔട്ട് പെറുക്കി' എന്ന സ്ഥാനപ്പേരോടുകൂടി പ്രതിഷ്ഠിക്കാനേ അവർക്ക് സാധിക്കുമായിരുന്നുള്ളൂ.
മുതിർന്നവർക്കുമാത്രമല്ല, സമപ്രായക്കാർക്കും, ഇളയതുകൾക്കും.
പക്ഷേ, അവിടെ നിന്ന് കളി കാണാമായിരുന്നു.
കളി, കളിയ്ക്കലല്ല, കാണലായി പിന്നീട്. അതുകൊണ്ടുതന്നെ, ഇപ്പോഴും ഒരു വീടുമുറ്റത്തെ ഇത്തിരിമുറ്റത്തൊരു കുടുംബ ഷട്ടിൽകളിയിൽ മുതൽ വഴിയോരത്ത് ഓൺ ചെയ്ത് വച്ച ഒരു ടി.വിയിലെ ഗോൾഫ് കളിയിൽ വരെ കണ്ണുടക്കി, കാലുറച്ച് നിന്നുപോകും. യാത്രകൾ, ഡെഡ്ലൈനുകൾ, മീറ്റിങ്ങുകൾ... സർവ്വവും മറന്ന്.
കാണിയെന്നതാണ് എന്റെ അസ്തിത്വം.
മുപ്പത്തിയഞ്ചാം വയസിലാണ് ആദ്യമായി ഒരു ടെന്നീസ് റാക്കറ്റ് സ്പർശിക്കുന്നതെങ്കിലും അതിനും രണ്ട് പതിറ്റാണ്ടുമുമ്പ് മുതൽ ആ ലോകത്തെ കുറിച്ച് ആധികാരിക അറിവുള്ള കാണിയായിരുന്നു ഞാൻ. പതിമൂന്ന്, പതിന്നാല്, വയസിലേ, ജോൺ മക്കന്റോ- മാറ്റ്സ് വിലാണ്ടർ മത്സരം കണ്ട് തുടങ്ങി, സെറീന വില്യംസ് ലോകത്തിന്നേവരെയുണ്ടായിട്ടുള്ള ഏറ്റവും വലിയ കായിക പ്രതിഭയാണ് എന്നുറപ്പിക്കുന്നതിലേയ്ക്ക് എത്തിച്ചേരുന്ന വിധത്തിൽ ഈ കാണി മാറിയിട്ടുണ്ടെങ്കിലും ആ മുപ്പത്തിയഞ്ചാം വയസിൽ ഒരിക്കലല്ലാതെ ടെന്നീസ് റാക്കറ്റ് ഇന്നേ വരെ അടുത്തുപോലും കണ്ടിട്ടില്ല.
മറഡോണയെന്നാണോ മാറഡാണയെന്നാണോ കേട്ടിരുന്നത് എന്ന് ഉറപ്പില്ല. പക്ഷേ ഓടുന്നതിനും നീന്തുന്നതിനും വീണ് വീണ് കാൽമുട്ടുകൾ പൊട്ടുന്നതിനും ഇടയിൽ കേട്ടത് അത് മാത്രമായിരുന്നു.
1986-ൽ, ആറാം ക്ലാസിൽ പഠിക്കുമ്പോഴായിരിക്കണം, മെക്സിക്കോ എന്ന ആർക്കുമറിയാത്ത ഏതോ സ്ഥലത്ത് നടക്കുന്ന ഫുട്ബോൾ മത്സരത്തെ കുറിച്ച് തുടരെ തുടരെ പത്രത്തിൽ വാർത്തകൾ വന്നിരുന്നത്.
മറഡോണയെന്നാണോ മാറഡാണയെന്നാണോ കേട്ടിരുന്നത് എന്ന് ഉറപ്പില്ല. പക്ഷേ ഓടുന്നതിനും നീന്തുന്നതിനും വീണ് വീണ് കാൽമുട്ടുകൾ പൊട്ടുന്നതിനും ഇടയിൽ കേട്ടത് അത് മാത്രമായിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് ആണെങ്കിലും നമ്മുടെ നാട്ടിലും ഒരു വീട്ടിൽ ടി.വി ഉണ്ടായിരുന്നു. അച്ഛന് ആ വീട്ടുകാരുമായി നല്ല ബന്ധവും ഉണ്ടായിരുന്നു. ഫൈനൽ മത്സരം കാണേണ്ടത് അഭിമാന പ്രശ്നമായിരുന്നു. പക്ഷേ പാതിരാത്രിക്കെപ്പോഴോ ആണ് മത്സരം. വിളിച്ചുണർത്താമെന്നും, കളി കാണാൻ ആ വീട്ടിൽ ഉറപ്പായും കൊണ്ടു പോകാമെന്നും അച്ഛന്റെ വാക്കുണ്ടായിരുന്നു. പിറ്റേന്ന് നിറവെളിച്ചത്തിൽ ഉണർന്നത് കരച്ചിലിലേയ്ക്കായിരുന്നു. ‘കരണ്ടു പോയേക്കാർന്നെടാ, അതാ അച്ഛൻ വിളിക്കാഞ്ഞേ' എന്നുള്ള അമ്മയുടെ സമാധാനം ആശ്വസിപ്പിക്കാനുള്ള വെറും വാക്കായിരുന്നുവെന്നാണ് ഞാൻ കുറേ കാലം വരെ കരുതിയത്. പക്ഷേ, ആ പശ്ചിമ ജർമനി- അർജന്റീന ഫൈനൽ രാത്രിയിൽ മധ്യകേരളത്തിൽ പലയിടത്തും വൈദ്യുതി തടസപ്പെട്ടിരുന്നുവെന്ന് പിന്നീട് വായിച്ചറിഞ്ഞു.
അതിനുമടുത്തുള്ള ദിവസത്തെ പത്രവാർത്തയിലാണ് അർജന്റീനയും മറഡോണയും വിജയിച്ച വാർത്തയറിയുന്നത്. അതോടെ കാണി എന്ന എന്റെ നില ഫുട്ബോൾ വായനക്കാരൻ എന്നത് കൂടിയായി. പിന്നെ ഫുട്ബോളിനെ കുറിച്ചുള്ള വാർത്തകളും അറിവുകളും തേടിപ്പിടിച്ചു. ഇംഗ്ലീഷ് വായിക്കാനറിയില്ലെങ്കിലും, സ്പോർട്സ് സ്റ്റാർ വരുത്തുന്ന ഒരു ചങ്ങാതിയുടെ വീട്ടിൽ പോയി, പഴയ ലക്കങ്ങൾ ശേഖരിച്ചു. പടങ്ങൾ കണ്ട് അതിശയിച്ചു. മൈതാനങ്ങളുടെ പച്ചപ്പ് അമ്പരിപ്പിക്കുന്നതായിരുന്നു. പിന്നീടും ഇന്ത്യയിലെ ഒരു ഫുട്ബോൾ മൈതാനത്തും ആ പച്ചപ്പ് കണ്ടിട്ടില്ല. പക്ഷേ കഴിഞ്ഞ ദിവസം ഒരു സ്മാർട്ട് റ്റി.വിയിലെ ‘ഡയറക്ടേഴ്സ് മോഡ്' സുഹൃത്ത് ഓൺ ചെയ്ത് കാണിച്ചപ്പോൾ, അതേ പച്ചപ്പ് കണ്ടു. പതിറ്റാണ്ടുകൾക്ക് മുമ്പ് സ്പോർട്സ് സ്റ്റാറിൽ കണ്ടതിശയിച്ച അതേ പച്ചപ്പ്, മെൽബണിലെ ക്രിക്കറ്റ് ഗ്രൗണ്ടിൽ- എം.സി.ജിയിൽ.
മലബാറിലേതുപോലുള്ള ഫുട്ബോൾ ജ്വരമൊന്നും ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നില്ല. ക്രിക്കറ്റായിരുന്നു ഭൂരിപക്ഷം കുട്ടികളുടേയും കളി. മൂന്ന് പൂവ് കൃഷിയുണ്ടായിരുന്ന പാടങ്ങളും കപ്പ മുതൽ സർവ്വതും വിളയുന്ന പറമ്പുകളും ആയിരുന്നു പൊതുവിടങ്ങൾ എന്നതുമാകാം കാരണം
ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ മലബാറിലേതുപോലുള്ള ഫുട്ബോൾ ജ്വരമൊന്നും ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നില്ല. ക്രിക്കറ്റായിരുന്നു ഭൂരിപക്ഷം കുട്ടികളുടേയും കളി. മൂന്ന് പൂവ് കൃഷിയുണ്ടായിരുന്ന പാടങ്ങളും കപ്പ മുതൽ സർവ്വതും വിളയുന്ന പറമ്പുകളും ആയിരുന്നു പൊതുവിടങ്ങൾ എന്നതുമാകാം കാരണം. സ്‌കൂൾ ഗ്രൗണ്ടുകളോ നിരപ്പുള്ള ഇടങ്ങളോ എളുപ്പമെത്തുന്നിടത്തുണ്ടായിരുന്നില്ല. സെവൻസ് എന്നൊക്കെ കേൾക്കുന്നത്, ക്ലബ്ബ് ഫുട്ബോളുകൾ ഭ്രാന്തുപോലെ പിന്തുടരുന്ന പൊതുജനങ്ങളുണ്ടെന്ന അറിവ്, എല്ലാം പിന്നീടുള്ള കാലത്തുണ്ടായതാണ്. പക്ഷേ എങ്കിലും അപ്പോഴേയ്ക്കും കാണിയെന്നതായി അടിസ്ഥാന അസ്ത്വിത്വമെന്നുള്ളതുകൊണ്ട് സന്തോഷ് ട്രോഫിയും നെഹ്രു ട്രോഫിയും മുതൽ ലോകകപ്പ് വരെയുള്ള സകല ഫുട്ബോൾ കമന്ററികൾക്കും കാഴ്ചകൾക്കും വാർത്തകൾക്കും ഞാൻ കണ്ണും കാതും വിട്ടു നൽകി. മോഹൻബഗാൻ, ഈസ്റ്റ് ബംഗാൾ, കുരികേശ് മാത്യു, സിവി പാപ്പച്ചൻ, ഷറഫലി മുതൽ സത്യനും വിജയനും ശിശിർ ഘോഷും ചീമ ഒക്കേരിയും സുബ്രതഭട്ടാചാര്യയും എല്ലാം പാഠപുസ്തകങ്ങളേക്കാൾ പരിചതമായിരുന്നു.
കൗമാരകാലത്ത്, പെലെയായിരുന്നു ഫുട്ബോൾ ലോകത്തെ അതിശയപ്പിറവിയെന്ന് വായിച്ച് തീരുമാനിച്ചു. പെലെയുടെ കളികൾ കാണാൻ വഴിയൊന്നുമില്ലായിരുന്നു. പിന്നീടാണ് ദൂരദർശനിൽ സ്പോർട്സ് ദിസ് വീക്കും അതിൽ ഗാന്ധിയെ പോലെ വേഗത്തിൽ നടന്നും ഓടിയും പെലെയും വന്നത്. അക്ഷരങ്ങളെ വിശ്വസിച്ച, കളിക്കാരനല്ലാത്ത, കാണിയും വായനക്കാരനുമായ ഒരു ഫുട്ബോൾ പ്രേമി, ചരിത്രവും രാഷ്ട്രീയവും കൂട്ടിക്കലർത്തി, ഒരു മത്സരം പോലും അവർ കളിക്കുന്നത് കാണുന്നതിനുമുമ്പ്, ബ്രസീൽ പക്ഷപാതിയായി മാറി. ഒരു സ്വാധീനമില്ല, ഒരു കളിപോലുമില്ല റഫറൻസിന്. പക്ഷേ, 1990-ൽ ഇറ്റലിയിൽ ലോകകപ്പ് എത്തുമ്പോൾ, അപ്പോഴേയ്ക്കും പത്താം ക്ലാസ് പരീക്ഷ എഴുതി കഴിഞ്ഞിരുന്ന, മുതിർന്നെന്ന് സ്വയം തീരുമാനിച്ച, ഞാൻ എന്റെ ആദ്യത്തെ ഫുട്ബോൾ ലോകകപ്പിന് തയ്യാറായി. അഥവാ മറഡോണ ഹീറോ ആയി നിലനിൽക്കുന്നുണ്ടെങ്കിലും പെലെ എന്ന മനുഷ്യനെ കുറിച്ചുള്ള കഥകളിലൂടെ ബ്രസീൽ എന്ന രാജ്യം ഫുട്‌ബോൾ എന്നതിന്റെ പര്യായമായി.
രാത്രികളിലായിരുന്നു മത്സരങ്ങൾ. ഉണ്ണിയുടേയും ബാലുവിന്റേയും വീട്ടിലായിരുന്നു ഞങ്ങൾ കൂട്ടുകാരെല്ലാം കളി കണ്ടത്. രാത്രി ഭക്ഷണം കഴിഞ്ഞ് അവിടേയ്ക്ക്. ചില ദിവസം രണ്ട്, അപൂവ്വം ദിവസം മൂന്ന് കളികൾ. ഇടവേളകളിൽ ബാലു കട്ടൻ കാപ്പിയിട്ട് തന്നു. ഞങ്ങൾ ചീട്ട് കളിച്ചു. സിഗരറ്റ് വലിക്കാൻ തക്കം മുതിർന്നവർ അത് ചെയ്തു. മാതൃഭൂമി പത്രത്തിൽ നിന്ന് ഫിക്ചർ പകർത്തിയ ഞാൻ എന്റെ ആദ്യ ജേണലിസ്റ്റ് അടിസ്ഥാന പാഠം സൃഷ്ടിച്ചു. ഒരു ഇരുന്നൂറ് പേജ് ബുക്കിന്റെ ഇടത് താൾ ഒരോ ദിവസത്തെ മത്സരങ്ങൾക്ക് നീക്കി വച്ചു. റിസൾട്ടും വിവരങ്ങളും എഴുതാൻ സ്ഥലം വിട്ടു. വലത് താൾ ചിത്രമൊട്ടിക്കാനുള്ളതാണ്. പ്രധാന കളിക്കാൻ, കളിനടക്കുന്ന ഇടം, സമയം എല്ലാം എഴുതി. ആ ബുക്ക് ഒരു നിധി പോലെ കയ്യിൽ വച്ചു. പിന്നെ ഒരോ ദിവസത്തേയും റിസൾട്ടിനൊപ്പം പത്രത്തിൽ വരുന്ന ചിത്രത്തിൽ പ്രിയപ്പെട്ടത് വെട്ടി ഈ ഒരോ കളിക്കും സമർപ്പിച്ച പേജിന്റെ വലത്തുള്ള താളിൽ ചോറ്റുവറ്റ് ചേർത്ത് ഒട്ടിച്ചു. അങ്ങനെ എന്റെ ഹാൻഡ് ബുക്ക് തയ്യാറായി. ഇടയ്ക്ക് റഫൻസിനായി സുഹൃത്തുക്കൾ അത് ചോദിക്കും. ഗമയോടെ പേജ് മറിച്ച് ഞാൻ പറയും. സ്വീഡനെതിരെ ഗോളടിച്ചത് കരേക്ക, ആ ഒമ്പതാം നമ്പർ. രണ്ടു ഗോളും അവൻ തന്നെ. ആദ്യത്തേത് 40-ാം മിനുട്ടിൽ, രണ്ടാമത്തേത് സെക്കൻഡ് ഹാഫിൽ. 63-ാം മിനുട്ടിൽ. ഡേറ്റ്, സ്റ്റേഡിയം എല്ലാം ഉണ്ട്.
ബ്രസീൽ ആദ്യത്തെ ടീം ആയി മനസിലുറപ്പിച്ച എനിക്ക് അർജന്റീനയെ രണ്ടാം തത്പരകക്ഷിയായി പരിഗണിക്കാനേ സാധിച്ചുള്ളൂ. ബ്രസീൽ ഫുട്ബോൾ പ്രേമി കണിശമായും അർജന്റീനയെ വെറുത്തിരിക്കണം എന്ന തത്വം മനസിലാക്കുന്നതിനും മുന്നേയുള്ള കാലമാകണം അത്
മറഡോണ നിമിത്തം അർജന്റീനയോട് ഭയങ്കര സ്നേഹമുണ്ടായിരുന്നുവെങ്കിലും ബ്രസീൽ ആദ്യത്തെ ടീം ആയി മനസിലുറപ്പിച്ച എനിക്ക് അർജന്റീനയെ രണ്ടാം തത്പരകക്ഷിയായി പരിഗണിക്കാനേ സാധിച്ചുള്ളൂ. ബ്രസീൽ ഫുട്ബോൾ പ്രേമി കണിശമായും അർജന്റീനയെ വെറുത്തിരിക്കണം എന്ന തത്വം മനസിലാക്കുന്നതിനും മുന്നേയുള്ള കാലമാകണം അത്. ക്രിക്കറ്റും ഞങ്ങൾക്ക് അങ്ങനെയായിരുന്നു. പാകിസ്താൻ ശത്രുരാജ്യമല്ലായിരുന്നു. മറിച്ച് പ്രിയപ്പെട്ട രണ്ടാമത്തെ രാജ്യമായിരുന്നു. മിയാൻദാദും ഇംറാൻ ഖാനും വസീം അക്രവും അബ്ദുൾ ഖാദറും ഏറ്റവും പ്രിയപ്പെട്ട കളിക്കാരായിരുന്നു. കപിൽദേവും ഗവാസ്‌കറും അസ്ഹറുദ്ദീനും മണീന്ദർ സിങ്ങും പോലെ പ്രിയപ്പെട്ടവർ.
1992 ലോകകപ്പ് കാലത്ത് ഗുജറാത്തിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള അനുഭവം, പിന്നീട് ഗുജറാത്ത് വംശഹത്യയിൽ പങ്കെടുത്ത ഒരാൾ, വിവരിക്കുന്നത് രേവതി ലോൾ എഴുതിയ ‘അനാട്ടമി ഓഫ് ഹേറ്റി'ൽ ഉണ്ട്. ഗുജറാത്തിൽ പോലും, ബാബറി പള്ളി പൊളിക്കുന്നതിനായി പ്രചാരണം നടത്തുന്ന വേളയിൽ പോലും, ഹിന്ദുക്കൾ മാത്രം നിറഞ്ഞ ഒരു സമൂഹത്തിലെ പഞ്ചായത്ത് ടി.വിയിൽ കളികാണുന്ന നാട്ടുകാർ ഇന്ത്യ പരാജയപ്പെട്ടതിനുശേഷം പാകിസ്താനെ ഫൈനലിൽ ആർപ്പ് വിളിച്ച് പിന്തുണച്ചതിനെ കുറിച്ചാണ് അത്. അവരിൽ ചിലർ ഇഷ്ടികയുമായി പള്ളി പൊളിക്കാൻ അയോധ്യയിലേയ്ക്ക് പോയതാണ്. പക്ഷേ, സുപരിചിത്വങ്ങളുടെ പുറത്ത്, കളി കണ്ടിഷ്ടപ്പെടുന്നതിന്റെ പുറത്ത്, ഇന്ത്യയുടെ അഭാവത്തിൽ പാകിസ്താനെ പിന്തുണയ്ക്കാതിരിക്കാൻ അവർക്കൊരും കാരണവും ഇല്ലായിരുന്നു.
പ്രീ ക്വാർട്ടറിൽ കൊളംബിയൻ ഗോൾ മുഖത്തുനിന്ന് പതിവുപോലെ പാഞ്ഞു പോയപ്പോൾ തക്കം പാർത്തിരുന്ന കാമറൂണിന്റെ റോജർ മില്ല ഗോളടിച്ചത് കണ്ട് തല താഴ്ത്തി തിരിച്ചു ഗോൾപോസ്റ്റിലേയ്ക്ക് നടക്കുന്ന ഹിഗ്വിറ്റ, അയാളുടെ സഹകളിക്കാരൻ വാൾഡറമ എന്നിവരെ അന്നു മുതലിന്നുവരെ മറന്നില്ല.
ആദ്യമത്സരത്തിൽ കാമറൂണിനോട് അർജന്റീന തോറ്റത് ലോകകപ്പിന്റെ ഗ്ലാമറിന് ലേശം മങ്ങലുണ്ടാക്കിയെങ്കിലും തുടർന്നുള്ള മത്സരങ്ങളിൽ ജീവിതത്തിൽ ആദ്യം കളികണ്ട് ആരാധന തോന്നിയ താരങ്ങളുണ്ടായി. കാമറൂണിന്റെ സർപ്രെസ് താരമായ റോജർ മില്ലയോ ടൂർണമെന്റിലെ താരമായിരുന്ന ഇറ്റലിയുടെ സ്‌കില്ലാച്ചിയോ ആയിരുന്നില്ല എന്റെ പ്രിയപ്പെട്ടവർ. അർജന്റീനയുടെ കനീജിയ, ബ്രസീലിന്റെ ദുംഗ, കൊളംബിയയുടെ ഹിഗ്വിറ്റ, ജർമനിയുടെ ബ്രെഹ്മേ, വോളർ, ക്ലിൻസ്മാൻ, മത്തേയൂസ്, നെതർലാൻഡ്സിന്റെ വാൻബാസ്റ്റൻ, ഗുള്ളിറ്റ്, റൈക്കാഡ്. ഗ്രൂപ്പുകളിലെ മൂന്നാം സ്ഥാനക്കാരിൽ ഒന്നാം സ്ഥാനക്കാർ എന്ന പരിഗണനമാത്രം വച്ച് നോക്ക് ഔട്ടിലെത്തിയ അർജന്റീനയോട് അത് വരെ ഇല്ലാത്ത സ്നേഹം മുഴുവൻ ഫൈനലിൽ ഉണ്ടായി. ബ്രസീലിനെയായിരുന്നു അവർ അന്ന് പ്രീ ക്വാർട്ടറിൽ തോൽപ്പിച്ചത്. മറഡോണയേക്കാൾ ആ ടൂർണമെന്റിലുടനീളം തിളങ്ങിയ കനീജിയയാണ് ബ്രസീലിനെ പൂട്ടിയ ഗോളടിച്ചത്. (ബ്രാങ്കോയ്ക്ക് ഹാഫ്‌റ്റൈമിൽ എന്തോ മരുന്നു ചേർന്ന വെള്ളം മറഡോണ കൊടുത്തുവെന്നും അതോടെ ലെഫ്റ്റ് ഡിഫൻസിൽ ബ്രാങ്കോയ്ക്കുണ്ടായ മന്ദിപ്പാണ് ഗോളിന് കാരണമെന്നൊക്കെയുള്ള കഥകൾ പിന്നീട് വായിച്ചു അർജന്റീനയോട് ദേഷ്യം പിടിച്ചു). പക്ഷേ അതുവരെ ടൂർണമെന്റിൽ പുറത്തിറക്കാതെ വച്ചിരുന്ന മുഴുവൻ കളിയും ഫൈനലിൽ മറഡോണ പുറത്തെടുത്തു. എന്നിട്ടും ജർമനിയോട് പിടിച്ചുനിൽക്കാൻ വയ്യാതെ കളി കയ്യാങ്കളിയായി. ക്ലിൻസ്മാനെ ഫൗൾ ചെയ്ത് പെഡ്രോമാൻസൻ റെഡ് കാർഡ് കിട്ടി പുറത്തുപോയി. അവസാന നിമിഷം റൂഡി വോളറെ ഫൗൾ ചെയ്തതിന് ഒരു പെനാൽറ്റി കൂടി വഴങ്ങിയതോടെ അർജന്റീനയുടെ കാര്യങ്ങളിൽ തീരുമാനമായി. ആന്ദ്രേ ബ്രഹ്മ ആ കൃത്യം നിർവ്വഹിച്ചു. മത്തേയൂസ് നയിച്ച, ബെക്കൻ ബോവർ മനേജർ ആയിരുന്ന, ആ പടിഞ്ഞാറൻ ജർമനി ടീം അങ്ങനെ എന്റെ ആദ്യത്തെ വേൾഡ് കപ്പ് സ്വന്തമാക്കി.
ആ ടൂർണമെന്റിന്റെ അത്ഭുതം ജർമനി തന്നെ ആയിരുന്നു. ഗോൾപോസ്റ്റിന് കീഴിൽ ഉറച്ച് നിൽക്കാതെ സാഹസികനീക്കങ്ങളിൽ തത്പരനായിരുന്ന ഹിഗ്വിറ്റയെ എൻ.എസ്. മാധവൻ വർഷങ്ങൾക്കുശേഷം കഥയെഴുതുന്നതിനുമുമ്പേ തന്നെ ഞങ്ങൾക്കറിയാമായിരുന്നു. പ്രീ ക്വാർട്ടറിൽ കൊളംബിയൻ ഗോൾ മുഖത്തുനിന്ന് പതിവുപോലെ പാഞ്ഞു പോയപ്പോൾ തക്കം പാർത്തിരുന്ന കാമറൂണിന്റെ റോജർ മില്ല ഗോളടിച്ചത് കണ്ട് തല താഴ്ത്തി തിരിച്ചു ഗോൾപോസ്റ്റിലേയ്ക്ക് നടക്കുന്ന ഹിഗ്വിറ്റ, അയാളുടെ സഹകളിക്കാരൻ വാൾഡറമ എന്നിവരെ അന്നു മുതലിന്നുവരെ മറന്നില്ല. കളിക്കാലം കഴിഞ്ഞിട്ടും കണ്ണിൽ നിന്ന് ഹോളണ്ടിന്റെ കടും ഓറഞ്ചു നിറവും പോയില്ല. റൂഡ് ഗള്ളിറ്റ്, മാർക്കോ വാൻബാസ്റ്റൻ, ഫ്രാങ് റൈകാർഡ് എന്നീ പേരുകൾ ഓറഞ്ചു നിറം കാണുമ്പോഴെല്ലാം ഓർത്തു. ഒരു മത്സരവും ഒരു മിനുട്ടുപോലും നഷ്ടപ്പെടുത്താതെ ആവാഹിച്ച മറ്റൊരു ലോകകപ്പുണ്ടായിരുന്നോ എന്നറിയില്ല. ആത്യന്തികമായി കണ്ണീരുമായി നിൽക്കുന്ന മറഡോണയോടുള്ള അതി ഭീകരമായ സ്‌നേഹത്തിലാണ് ആദ്യ ലോകപ്പ് അവസാനിച്ചത്.
മറ്റെന്തായിരുന്നാലും ദൈവമായിരുന്നില്ല അയാൾ.
മരിച്ചപ്പോൾ മറഡോണ ഫുട്ബോളിന്റെ ദൈവമാണെന്ന് സർവ്വരും പറഞ്ഞുവെങ്കിലും അടിമുടി മനുഷ്യനായിരുന്നു. മനുഷ്യർക്ക് മാത്രം സാധ്യമാകുന്ന ആനന്ദങ്ങളിലും ദുഃഖങ്ങളിലും പെട്ടയാളായിരുന്നു. ദൈവത്തിന് നാം കേട്ടിട്ടുള്ള യാന്ത്രികതയോ ധാർമികതയോ പരിപൂർണതയോ അസാധ്യമായ കഴിവുകളോ ഇല്ലായിരുന്നു. മനുഷ്യർക്കുമാത്രം സൃഷ്ടിക്കാൻ സാധ്യമാകുന്ന സൗന്ദര്യമായിരുന്നു അയാളുടെ ശക്തി.
Genius! Genius! Genius! There, there, there, there, there, there! Goaaaaaaaal! Goaaaaaaal! I want to cry, oh holy God, long live football! What a goal! Die goal! Maradona! It's to cry, excuse me! Maradona, in a memorable run, in the best play of all times! Little cosmic comet, which planet did you come from, to leave so many Englishmen behind, so that the country becomes a clenched fist crying for Argentina? Argentina 2, England 0! Diegoal, Diegoal, Diego Armando Maradona! Thank you, God, for football, for Maradona, for these tears, for this Argentina 2, England 0...
1986-ലെ ചരിത്രഗോളിന്റെ ദൃക്‌സാക്ഷി വിവരണം കേൾക്കൂ. ഫുട്‌ബോളിന്റെ ചരിത്രത്തിലെ തന്റെ ഏറ്റവും മനോഹരമായ ഒരു മിനുട്ടിന്റെ വർണ്ണന. Víctor Hugo Morales ന്റെ സ്പാനിഷ് കേൾക്കുമ്പോൾ തന്നെ നമുക്കെല്ലാം മനസിലാകും. മഹനീയതയിലേയ്ക്ക് ഉയരുന്ന മനുഷ്യന്റെ സാധ്യതകളോടുള്ള പ്രണാമമാണ്. പ്രാർത്ഥിക്കുന്ന മനുഷ്യർക്ക് പറയാം.
താങ്ക്യൂ ഗോഡ്! ദൈവമേ നന്ദി.
ഫുട്‌ബോളിന്, മറഡോണയ്ക്ക്,
(ഈ മനോഹര നിമിഷങ്ങൾക്ക് സാക്ഷിയായതിന്റെ നന്ദിയായി) തൂകിക്കൊണ്ടിരിക്കുന്ന ഈ കണ്ണുനീരിന്.
അതേ ലോകകപ്പിൽ തന്നെ കൈകൊണ്ട് പന്ത് തട്ടി ഗോളാക്കി.
മാന്യനായി ഏറ്റു പറഞ്ഞ് പശ്ചാത്തപിച്ചില്ല. ഒരു ദൈവവുമായില്ല. ഒരിക്കലും. പക്ഷേ പന്ത് പോകുന്ന വഴിയിൽ കണ്ണു നട്ട് ഗാലറിയിലിരിക്കുന്ന, ആവേശഭരിതനും ആനന്ദതുന്തിലനും നിരാശിതനും ആക്രോശിതനും കണ്ണീരിൽ ലയിക്കുന്നവുമായ കാണിയിൽ ദിയാഗോ, ദിയാഗോ, ദിയാഗോ അമാൻഡ മറഡോണ എന്ന മൊറോലെസിന്റെ കമന്ററിയുടെ ഹൃദയമിടപ്പ് നമുക്ക് കേൾക്കാം.
മനുഷ്യർക്കുമാത്രം സാധിക്കുന്ന ധൂർത്തജീവിതത്തിന്റെ പിറകെ പോയി. ആനന്ദങ്ങളിൽ അഭിരമിച്ചു. തിരിച്ച് വന്നു. ഇനി പരാജിതനാകില്ല എന്ന് പ്രിയപ്പെട്ടവർക്കും സ്വയവും വാക്കുകൊടുത്തു. വീണ്ടും പടുകുഴികളിലേയ്ക്ക് ഇറങ്ങിപ്പോയി. ദൈവമേ അല്ലായിരുന്നു.
മനുഷ്യനായിരുന്നു. അമേരിക്കയുടെ യുദ്ധവെറിക്കെതിരെ നിന്നു. കാസ്ട്രോയെയും ഷാവെസിനേയും ആരാധിച്ചു. ചെ ഗുവേരയേ തോളിലും ഹൃദയത്തിലും പ്രതിഷ്ഠിച്ചു. കാപിറ്റലിസത്തിന്റെ പ്രചാരകനാവാമായിരുന്നു. പക്ഷേ മനുഷ്യർക്ക് അഭിമുഖമായി നിന്നു. പലസ്തീനുവേണ്ടി നിലകൊണ്ടു. ഇറാനുവേണ്ടി വാദിച്ചു. കാസ്‌ട്രോ മരിച്ചപ്പോൾ തന്റെ അമരനായ ഏകദൈവം മരിക്കില്ല എന്ന് പ്രഖ്യാപിച്ചു. സൗത്ത് അമേരിക്കയിൽ ബോകോ ജൂനിയേഴ്സ്, സ്പെയിനിൽ ബാഴ്സ, ഇറ്റലിയിൽ നാപോളി .. ക്ലബ്ബുകളെ തിരഞ്ഞെടുക്കതിൽ വരെ രാഷ്ട്രീയം ഉണ്ടായിരുന്നു.
മനുഷ്യർക്കുമാത്രം സാധിക്കുന്ന ധൂർത്തജീവിതത്തിന്റെ പിറകെ പോയി. ആനന്ദങ്ങളിൽ അഭിരമിച്ചു. തിരിച്ച് വന്നു. ഇനി പരാജിതനാകില്ല എന്ന് പ്രിയപ്പെട്ടവർക്കും സ്വയവും വാക്കുകൊടുത്തു. വീണ്ടും പടുകുഴികളിലേയ്ക്ക് ഇറങ്ങിപ്പോയി. ദൈവമേ അല്ലായിരുന്നു. ഫുട്‌ബോളിനും അർജന്റീനയ്ക്കും തെക്കേ അമേരിക്കയ്ക്കും കായിക ലോകത്തിനും അപ്പുറത്തുള്ള വലിയ വലിയ മനുഷ്യനായിരുന്നു.
ഫുട്‌ബോളും മനുഷ്യരും ഉള്ളിടത്തോളം കാലം മറഡോണ അമരനായിരിക്കും. ദൈവമായിട്ടല്ല. മഹാനായ ഫുട്‌ബോളറും മനുഷ്യനുമായിട്ട്. തലമുറകളെ ആനന്ദിപ്പിച്ചതിന്റെ പേരിൽ. ഗോളടിക്കുന്ന യന്ത്രമോ, പാളിച്ചകളില്ലാത്ത പ്ലേയറോ, കാപിലറ്റലിസത്തിന്റെ പോസ്റ്റർ ബോയിയോ ആകാത്തതിന്റെ പേരിൽ. മനുഷ്യനായതിന്റെ പേരിൽ.
സൗഹൃദങ്ങൾ, ഓർമകൾ, അടയാളങ്ങൾ, വർഷങ്ങൾ, മൂഹൂർത്തങ്ങൾ, സ്നേഹങ്ങൾ, നിരാസങ്ങൾ, നിരാശകൾ, ശൂന്യതകൾ എല്ലാം ഫുട്ബോളുമായി ബന്ധപ്പെട്ടു. നാട്ടിൽ പിന്നെ ഒരു ലോകകപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1994-ൽ. 1994 ആയപ്പോഴേയ്ക്കും കോളേജ് വിദ്യാർത്ഥിയും കറകളഞ്ഞ ബ്രസീൽ ഫാനുമായിരുന്നു. വീടിനടുത്തു തന്നെയുള്ള മറ്റൊരു ചങ്ങാതിയുടെ വീടായിരുന്നു ആ ഫുട്‌ബോൾ സീസണിലെ താവളം. ദുംഗ,റൊമാരിയോ,ബബെറ്റോ, കഫു എന്നിങ്ങനെ പ്രിയപ്പെട്ട കളിക്കാർ. പിന്നീടുള്ള രണ്ട് ലോകകപ്പിലേയും ശ്രദ്ധേയ താരമായിരുന്ന റൊണാൾഡോ റിസർവ് ബഞ്ചിലുണ്ടായിരുന്നുവെന്ന് അറിയിരുന്നത് അടുത്ത ലോകകപ്പ് ആകുമ്പോഴാണ്. ജർമനി അപ്പോഴേയ്ക്കും ഒറ്റ രാജ്യമായിരുന്നു. ബാറ്റിസ്റ്റ്യൂട്ട എന്ന സുന്ദരനായിരുന്നു അർജന്റീനയുടെ താരം. കളിക്കളത്തിൽ മറഡോണ തകരുന്ന കാലമായിരുന്നു. എസ്‌കോബാറിന്റെ കൊലപാതകം, ബെബറ്റോയുടെ താരാട്ട്, റോബർട്ടോ ബാജിയോ എന്ന നീലകണ്ണുകാരന്റെ പുറത്തേയ്ക്കുള്ള പെനാൽറ്റി ഷോട്ട്.
1994 അവസാനിച്ചു.
1998-ൽ തിരുവനന്തപുരത്തായിരുന്നു. ഷെജിയായിരുന്നു കൂട്ട്. ആരുടെയൊക്കെയോ വീടുകളിലിരുന്ന് കളി കണ്ട വൈകുന്നേരങ്ങളിൽ ബ്രസീലിന് വേണ്ടി ഫൈനൽ വരെ ഞങ്ങൾ ഒരുമിച്ച് ആർപ്പ് വിളിച്ചു. സിദാൻ എന്ന പ്രതിഭാസത്തെ ആദ്യം വെറുത്തുപോയത് ബ്രീസീലിനെ ഫൈനലിൽ അരുക്കാക്കി കളഞ്ഞതിലായിരുന്നു. അടുത്ത ലോകകപ്പിൽ ആദ്യ കളിയിൽ സെനഗലിനോട് ഫ്രാൻസ് തോൽക്കുന്നത് കണ്ട് ആനന്ദിച്ചത് ആ ഒറ്റക്കാരണം കൊണ്ടാണ്. അപ്പോഴേയ്ക്കും ജേർണലിസ്റ്റ് ആയിരുന്നു. ആരതിക്കൊപ്പം താമസവും തുടങ്ങിയിരുന്നു. ഓഫീസിലും വീട്ടിലുമായി കളി കണ്ടു. ഷെജിയുടെ കൂടെ ബ്രസീൽ ജയങ്ങളിൽ അർമ്മാദിച്ചു. അക്ഷരാർത്ഥത്തിൽ ബ്രസീലിന്റെ ലോകകപ്പായിരുന്നു. ഒപ്പം റൊണാൾഡോയുടേയും. കൂടെ റിവാൾഡോ, റൊണാൾഡീഞ്ഞ്യോ, റോബർട്ടോ കാർലോസ്. ക്യാപ്റ്റൻ കഫു. അതൊന്നൊന്നര ലോകകപ്പായിരുന്നു. 2006-ൽ ഡൽഹിയിലായിരുന്നു.യൂറോപ്യൻ വേൾഡ് കപ്. നടന്നത് ജർമ്മനിയിൽ. ജയിച്ചത് ഇറ്റലി. ക്വാർട്ടർ വരെ എത്തിയ യൂറോപ്പ് ഇതര ടീമുകൾ ബ്രസീലും അർജന്റീനയും മാത്രം. ഇരു കൂട്ടരും ക്വാർട്ടറിൽ പോയി. റിക്വൽമിയുടെ അർജന്റീന അത്യുഗ്രനായിരുന്ന വർഷമായിരുന്നിട്ടും ഹിമാലയൻ മണ്ടത്തരത്തിന്റെ തോൽവി. ഫ്രാൻസായിരുന്നു ബ്രസീലിനെ തോൽപ്പിച്ചത്. വീണ്ടും സിനദൻ സിദാൻ കാലമായിരുന്നു. പക്ഷേ അക്കാലമായപ്പോഴേയ്ക്കും സിദാനെ പെരുത്തിഷ്ടമായിരുന്നു. മറ്റേരാസിയുടേും ഇറ്റലിയുടേയും മുഖത്ത് തുപ്പി എഴുന്നേറ്റ് പോയ ഫൈനൽ. ഷെജിയെ വിളിച്ച് സങ്കടം പറഞ്ഞ് തീർത്തു.
2010-ലെ ഫുട്‌ബോൾ സീസൺ ഡൽഹിയിലെ മഹാനദി വീട്ടിലായിരുന്നു. എന്തൊരാഘോഷകാലമായിരുന്നു. ഷക്കീറ, ദിസ് റ്റൈം ഫോർ ആഫ്രിക്ക! മുഴുവൻ സമയവും അത് കേട്ടുകൊണ്ടിരുന്നു. കാതടപ്പിക്കുന്ന വുവുസേല ശബ്ദം ഗാലറിയിൽ നിന്ന്. അപ്പോഴേയ്ക്കും ക്ലബ്ബ് മത്സരങ്ങൾ ഫോളോ ചെയ്യാൻ തുടങ്ങുകയും ബാഴ്‌സ സ്വന്തം ടീമായി ഉറപ്പിക്കുകയും ചെയ്തിരുന്നു. ബ്രസീലും അർജന്റീനയും ക്വാർട്ടറിൽ വീണുപോയപ്പോൾ സ്‌പെയ്‌നിനൊപ്പം നിന്നു. ആദ്യ റൗണ്ടിൽ ഇറ്റലി പുറത്തായതായിരുന്നു മറ്റൊരു സന്തോഷം.
പിന്നെ 2014, തൃശൂർ. അഗർത്തലയ്ക്കുശേഷം ഡൽഹിയിലിരുന്ന് സ്വന്തം ബ്രസീലിൽ നടക്കുന്ന കളി കണ്ടു. സ്വന്തം നാട്ടിൽ ബ്രസീലിന്റെ ഏഴു ഗോളിന്റെ സെമി ദുരന്തം കണ്ടു. കൂടെ കരയാൻ ഷെജി ഇല്ലായിരുന്നു. അവൻ സകല കളിയും അവസാനിപ്പിച്ച് പോയിരുന്നു. ഫൈനലിൽ അർജന്റീന ജയിക്കാൻ കാത്തിരുന്നു. ബാഴ്‌സയുടെ സ്വന്തം മെസിയ്ക്ക് വേണ്ടി. നാൽപത്തിയാറാം മിനുട്ടിൽ മെസിയുടെ കിക്ക് പോസ്റ്റിലുരുമ്മി പുറത്തേയ്ക്ക്. ആ ഫൈനലും അങ്ങനെ തീർന്നു. തിരിച്ച് നാട്ടിൽ ഞാനും ലോകകപ്പുമെത്തിയപ്പോൾ, ജർമ്മനിയെ പറ്റിയും മറഡോണയെ കുറിച്ചുമെന്നല്ല, ഒന്നിനെ കുറിച്ച് സംസാരിക്കാനും ഉണ്ണിയില്ല, ബ്രസീൽ ടീമിന്റെ മഞ്ഞ നിറത്തിനൊപ്പം ചുവപ്പും സിനിമയും രാഷ്ട്രീയവും കലർന്ന വഴിയേ ഒപ്പമുണ്ടായിരുന്ന ഷെജിയില്ല.
ഇപ്പോൾ സുരേഷും രാജീവുമാണ് നിരന്തരം ഫുട്ബോളിനെ കുറിച്ച് സംസാരിക്കുക. രാജീവ് സിദ്ധാന്തപരവും ചരിത്രപരവുമായി അർജന്റീനിയൻ പക്ഷക്കാരനാണ്. മറഡോണയിൽ നിന്ന് മെസ്സിയിലേയ്ക്ക് വികസിച്ച, അഭൗമികമായ പന്തടക്ക, കൈമാറ്റ, കണക്കുകൂട്ടൽശേഷിയുടെ ആരാധകൻ. ഞാനിന്നേവരെ വായിച്ചിട്ടുള്ള ഏറ്റവും മികച്ച ഫുട്ബോൾ എഴുത്തുകളുടെ രചയിതാവ്. മെസിയുടെ കളികാണുക, റഹ്മാന്റെ സംഗീതം കേൾക്കുക, അവർക്കൊപ്പം ഭൂമിയിൽ ജീവിക്കുക എന്നതെല്ലാം മറ്റെല്ലാ കുറവുകൾക്കിടയിലും നമ്മുടെ ജീവിതത്തെ മനോഹരമാക്കുന്നുവെന്ന് സുരേഷ് പറഞ്ഞു. ഞങ്ങൾ ഫുട്ബോൾ കളി കണ്ട് തുടങ്ങുന്ന, എൺപതുകളുടെ ഒടുക്കവും തൊണ്ണൂറുകളുടെ ആദ്യവും യോഹാൻ ക്രൈഫ് എന്ന മാന്ത്രികൻ ബാഴ്സയിൽ തിരിച്ചെത്തി എങ്ങനെയാണ് സ്വപ്നസമാനമായ ഒരു ടീമിനെ പടുത്തുയർത്തിയത് എന്ന് അവൻ വിവരിച്ചു. എഴുപതുകളിൽ ഡച്ച് ഫുട്ബോളിനെ ഐതിഹാസികമാക്കിയ യോഹാൻ ക്രൈഫിന് കീഴിൽ ബാഴ്സ തൊണ്ണൂറുകളിൽ നടത്തിയ വിജയങ്ങളുടെ സുവർണകാലം ഞാൻ ക്ലബ്ബ് ഫുട്ബോൾ ശ്രദ്ധിച്ച് തുടങ്ങുമ്പോഴേയ്ക്കും അവസാനിച്ചിരുന്നു. എട്ട് വർഷം, പതിനൊന്ന് ട്രോഫികൾ എന്നിവയ്ക്ക് ശേഷം യോഹാൻ ക്രൈഫ് ബാഴ്സ വിട്ടു. തുടർ വിജയങ്ങളുടെ ആ കാലം കഴിഞ്ഞു.
2003-ലോ മറ്റോ ബ്രസീൽ ഫുട്ബോളിലെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾക്കുള്ളിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ റൊണാൾഡീഞ്ഞ്യോ ബാഴ്സയിൽ ചേരുമ്പോഴാണ് ഞാൻ ക്ലബ്ബ് ഫുട്ബോളിലേയ്ക്കും ബാഴ്സയിലേയ്ക്കും എത്തുന്നത്. തുടർന്ന് എന്റെ ആദ്യ വേൾഡ് കപിലെ സുന്ദര സാന്നിധ്യമായിരുന്ന ഡച്ച് താരം ഫ്രാങ്ക് റൈക്കാർഡ് ബാഴ്സയെ പരിശീലിപ്പിക്കാനെത്തി. 2008-ൽ പെപ് ഗാർഡിയോള എന്ന ക്രൈഫ് ശിഷ്യൻ ബാഴ്സയുടെ മാനേജറായി വന്നപ്പോഴാണ് സുരേഷും ഞാനും വീണ്ടും ഫുട്ബോൾ ചർച്ചകൾ ആരംഭിച്ചത്. ക്രൈഫ് ബാഴ്സയെ വിജയത്തിൽ നിന്ന് വിജയത്തിലേയ്ക്ക് നയിക്കുമ്പോൾ മുഖ്യപടയാളിയായിരുന്നു പെപ് എന്നറിയപ്പെട്ട ജോസെപ് ഗാർഡിയോള. സുരേഷ് എല്ലാക്കാലത്തും ഗാർഡിയോളയുടെ ആരാധകനായിരുന്നു. സാവി, ഇനിയസ്റ്റ എന്നിവർക്കും തുടർന്നുള്ള കാലത്തിന്റെ ഫുട്ബോൾ മിശിഹായി വാഴ്ത്തപ്പെട്ട ലയണൽ മെസിക്കുമൊപ്പം ബാഴ്സയെ ഗാർഡിയോള തന്റെ ആശാൻ ക്രൈഫിന്റെ ഇതിഹാസ കാലത്തിലേയ്ക്ക് തിരിച്ച് കൊണ്ടുപോകുന്നത് കണ്ടതും അതിമനോഹരമായ കാലമായിരുന്നു. ഹീ ഹാസ് ആൾറെഡി ബിൽറ്റ് എ കത്തീഡ്രൽ, വീ ജസ്റ്റ് നീഡ് റ്റു മെയ്ന്റെയ്ൻ ഇറ്റ് എന്നർത്ഥം വരുന്ന ഒരു വാചകമായിരുന്നു ക്രൈഫിനെ കുറിച്ച് ബാഴ്സയുടെ സഹപ്രവർത്തകരോട് പെപ് പറഞ്ഞിരുന്നതത്രേ!
മരുമക്കൾ, കൂട്ടുകാർ, പിൻതലമുറയിൽ വന്ന സഹപ്രവർത്തകർ എന്നിങ്ങനെ ഫുട്ബോളും ടെന്നീസും നൈഷ്ഠികമായി പിന്തുടരുന്ന ഒറ്റനവധി ചങ്ങായിച്ചിമാരുണ്ട് ഇപ്പോൾ. കാണി എന്ന നിലയിൽ ആധികാരമായി അറിവുള്ളവർ. കളി രക്തത്തിലുള്ളവർ.
എൺപതുകളിൽ, എനിക്ക് എട്ടൊമ്പത് വയസുള്ള കാലത്ത്, വീട്ടിൽ അവധിക്കാലത്ത് വന്ന എന്റെ എന്റെ കസിൻ, സമപ്രായക്കാരി, ചങ്ങാതിമാർക്കിടയിൽ ഫുട്ബോൾ അത്ഭുതമായിരുന്നു. വീടിനടുത്തുള്ള ഇടവഴിയിൽ നാട്ടുകാരുടെ യാത്രകൾ തടസപ്പെടുത്തി ഞങ്ങൾ ഗൗരവപൂർവ്വം ഫുട്ബോൾ കളിക്കുകയായിരുന്നു. ഗോളി പ്ലസ് ഔട്ടുപറക്കി എന്ന നീച നില തന്നെയായിരുന്നു എന്റേത്. പക്ഷേ എന്റെ കസിൻ ദീപ പെട്ടന്ന് തന്നെ താരമായി. സർവ്വരേയും കബളിപ്പിച്ച്, അസാധ്യവേഗതയിൽ പന്തുമായി മുന്നോട്ട് പോയ അവളെ, കൂട്ടുകാർ ‘അപാരം' എന്ന് വിശേഷിപ്പിച്ചു. പിന്നീടുള്ള അവധി കാലങ്ങളിൽ ‘അപാരം' വരില്ലേ എന്ന് അവർ ചോദിക്കും, പക്ഷേ ആ അവധി ദിവസങ്ങളിലെ അത്ഭുത പ്രകടനം ആവർത്തിച്ച ഓർമ്മയില്ല. പിന്നെ അവൾ ഫുട്ബോൾ കളിച്ചിട്ടുണ്ടോ എന്നും കണ്ടിട്ടുണ്ടോ എന്നും എനിക്കറിയില്ല. എല്ലാകാലത്തും ചുറ്റുമുള്ള ചങ്ങാതിമാരിൽ ആണുങ്ങളേ പോലെ കളിഭ്രാന്തുള്ള പെണ്ണുങ്ങളുടെ എണ്ണം കുറവായിരുന്നു. പക്ഷേ എല്ലാ കുറവും തീർത്ത് വരും തലമുറ കളി കാണികളായി കൂട്ട് നിന്നു.
നിർണായക മത്സരങ്ങളിൽ ഫെഡറർ കളിക്കുന്ന ദിവസങ്ങളിൽ പെട്ടെന്ന് ചങ്ങാതി വെങ്കിടേഷിന്റെ മകൾ കുഞ്ചുവെന്ന് ഞങ്ങൾ വിളിക്കുന്ന ലക്ഷ്മിയുടെ ഒറ്റ വാക്ക് മെസേജ് വരും. ‘വാച്ചിങ്?'. യെസ് ഫിംഗർ ക്രോസ്ഡ്. എന്ന് പരസ്പരം പറയും. ഏതെങ്കിലും തോൽവിക്ക് ശേഷമുള്ള ദിവസങ്ങളിലാണ് കാണുന്നതെങ്കിൽ, വീ ഡോണ്ട് വാണ്ട് റ്റു ഡിസ്‌കസ് എബൗട്ട് ഇറ്റ് എന്ന് മുഖമുരയോടെ ആരംഭിക്കും. അത് മാത്രം ചർച്ച ചെയ്യും. മരുമക്കൾ, കൂട്ടുകാർ, പിൻതലമുറയിൽ വന്ന സഹപ്രവർത്തകർ എന്നിങ്ങനെ ഫുട്ബോളും ടെന്നീസും നൈഷ്ഠികമായി പിന്തുടരുന്ന ഒറ്റനവധി ചങ്ങായിച്ചിമാരുണ്ട് ഇപ്പോൾ. കാണി എന്ന നിലയിൽ ആധികാരമായി അറിവുള്ളവർ. കളി രക്തത്തിലുള്ളവർ.
ഒരേ ഭാഷയിൽ ഫുട്ബോളിനേയും ക്രിക്കറ്റിനേയും ടെന്നീസിനേയും കുറിച്ചെഴുതിയിരുന്ന, ട്രാക്ക് ആൻഡ് ഫീൽഡിനെ കുറിച്ച് ഒരു ധാരണമുമില്ലാതിരുന്ന തലമുറകളിൽ നിന്ന് കളിയെഴുത്തും വിവരണങ്ങളും മാറി. ലോകമാവശ്യപ്പെടുന്ന ജനാധിപത്യക്രമങ്ങൾ കളിയെഴുത്തിലും വിവരണത്തിലും വന്നു തുടങ്ങി.
ചക്ദേ ഇന്ത്യ എന്ന സിനിമയെ കുറിച്ചുള്ള പഠനങ്ങളിൽ ഒന്ന് ഇന്ത്യാ മഹാരാജ്യത്ത് ഒരു പോലെ അരുക്കാക്കപ്പെട്ട മൂന്ന് സമൂഹങ്ങളെ ആ സിനിമ ഒരുമിച്ച് അഭിമുഖീകരിക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹോക്കി, മുസ്ലിം, സ്ത്രീ. കളിക്കാൻ പോകുന്ന സ്ത്രീകളോട് അടുക്കളയിൽ പണിയില്ലേ എന്ന് ചോദിക്കുന്ന, സ്പോർട്സ് ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന സ്ത്രീകൾ അത്ഭതങ്ങളാണ് എന്ന് വിചാരിക്കുന്ന കാലത്ത് നിന്ന് ലോകമെത്രയോ മുന്നോട്ട് പോയി. കളികളെ യുദ്ധമാക്കി അവതരിപ്പിച്ച മുൻ തലമുറ ആണുങ്ങളിൽ നിന്ന് പെണ്ണുങ്ങൾ കായിക വാർത്തകൾ കൈകാര്യം ചെയ്യുമ്പോൾ വ്യത്യസ്തമാകും. മത്സരങ്ങളുടെ ദൃഷ്ടികോൺ മാറും. ജയിച്ചവരുടെ ലോകം മാത്രമല്ല, തോറ്റവരും ശ്രമിച്ചവരും ആസ്വദിച്ച് കളിച്ചവരും നന്നായി കളിച്ചവരും മാന്യരായി കളിച്ചവരും എല്ലാം ചേർന്ന ലോകമാകും കളിക്കളം. ഒരേ ഭാഷയിൽ ഫുട്ബോളിനേയും ക്രിക്കറ്റിനേയും ടെന്നീസിനേയും കുറിച്ചെഴുതിയിരുന്ന, ട്രാക്ക് ആൻഡ് ഫീൽഡിനെ കുറിച്ച് ഒരു ധാരണമുമില്ലാതിരുന്ന തലമുറകളിൽ നിന്ന് കളിയെഴുത്തും വിവരണങ്ങളും മാറി. ലോകമാവശ്യപ്പെടുന്ന ജനാധിപത്യക്രമങ്ങൾ കളിയെഴുത്തിലും വിവരണത്തിലും വന്നു തുടങ്ങി.
ജവഹർലാൽ നെഹ്രു സ്റ്റേഡിയം ഉദ്ഘാടനം ചെയ്തതിനുശേഷമുള്ള ആദ്യത്തെ സുപ്രധാന ടൂർണമെൻറ് ആകണം, 1997-ൽ കൊച്ചയിൽ നടന്ന നെഹ്രു ട്രോഫി മത്സരം. സമനിലകളിൽ പിടിച്ചാണെങ്കിലും സെമി ഫൈനലിൽ ഇന്ത്യയെത്തി. കലൂർ സ്റ്റേഡിയത്തിൽ അസാധാരണമാം വിധം കാണികൾ തടിച്ച് കൂടി. അന്ന് മഹാരാജാസിനെ വിദ്യാർത്ഥിയെന്ന നിലയിൽ പരിസരങ്ങളിലുണ്ടെങ്കിലും സ്റ്റേഡിയത്തിൽ കടന്നു കൂടാനായില്ല. ഒരു ലക്ഷം പേർ കളികണ്ടുവെന്നാണ് ഔദ്യോഗിക കണക്കെങ്കിലും അതിൽ കൂടുതലും കാൽ ലക്ഷം പേരെങ്കിലും അധികമുണ്ടായി കാണണം. ഈ ഒന്നേകാൽ ലക്ഷം തൊണ്ടകളും അവരുടെ രണ്ടരലക്ഷം കൈകളും ഏത് ആദ്യത്തെ തൊണ്ണൂറുമിനുട്ടും തുടർന്ന് അധികമനുവദിച്ച അരമണിക്കൂറും പെനാൽട്ടി കിക്കുകളുടെ സമയത്തും ഇന്ത്യക്ക് വേണ്ടി ആർത്ത് വിളിച്ചു. ഇത്രയും ഏകപക്ഷീയമായി ഒരു ടീമിന് വേണ്ടി ഇത്രയും വലിയ ജനക്കൂട്ടം അലറുന്ന അനുഭവം ഇംഗ്ലീഷ് ക്ലബ്ബുകളിൽ പോലും ഉണ്ടാകില്ല.
മിക്കവാറും ടി.വി അപ്രസക്തമാകുന്ന ആദ്യത്തെ ഫുട്ബോൾ ലോകകപ്പാകും ഇത്. ഇപ്പോൾ തന്നെ ടി ട്വന്റി ലോകകപ്പ് കാഴ്ച റ്റിവിയിലല്ല, നെറ്റ് ബേസ്ഡ് പ്ലാറ്റ്ഫോമുകളിലാണ്. റ്റെലിവിഷൻ സ്‌ക്രീൻ മാത്രമാണ് ഇപ്പോൾ.
ആദ്യ തൊണ്ണൂറുമിനുട്ടിൽ ഇറാഖുമായി സമനിലയ്ക്ക് വേണ്ട ഒരു ഗോൾ ചാപ്മാൻ നേടിയതിന്റെ കരുത്തിൽ കൂടുതൽ ദുരന്തങ്ങളുണ്ടാകാതെ പെനാൽറ്റി കിക്ക് വരെ പിടിച്ച് നിന്നത് വലിയ കരുത്ത്. പക്ഷേ ഈ ശബ്ദഘോഷങ്ങളെല്ലാം തോറ്റു. 4-2ന് പെനാൽറ്റിയിൽ ഇന്ത്യ തോറ്റു. പിറ്റേ ദിവസത്തെ ദേശാഭിമാനിയുടെ ബാനർ ഹെഡിങ് ‘ആവേശം ഗോളടിക്കില്ല, നെഞ്ചുയർത്തി ഇറാഖ്' എന്നായിരുന്നു. തൊണ്ണൂറുകളിലും ജേണലിസം തുടങ്ങിയ കാലത്തുമെല്ലാം സ്പോട്സ് പേജുകളിൽ അസാധാരണമായ നിസ്തുലതയോടെ ദേശാഭിമാനിയെ നിലനിർത്തിയത് രവീന്ദ്രദാസ് എന്ന ജേണലിസ്റ്റാണ് എന്നറിയാമായിരുന്നു. കളിയുടെ ഭാഷയെ അദ്ദേഹം ആസാദ്യകരമാക്കി. ഏവരും റ്റി.വിയിൽ കണ്ട കളികളെ ഡാറ്റകൾ കൊണ്ട് വ്യാഖ്യാനിച്ചു. മുഹൂർത്തങ്ങളെ ചിരസ്മരണകളാക്കി. പിന്നീട് സബ് ജില്ലാ കായികോത്സവത്തിന് വരെ ‘പച്ചപ്പുല്ലിന് തീപിടിക്കും' എന്നെഴുതി അനുകരിച്ച പലരും വികൃതമാക്കിയെങ്കിലും രവീന്ദ്ര ദാസ് സൃഷ്ടിച്ച ഫുട്ബോൾ ജേണലിസത്തിന്റെ ലാവണ്യതയിൽ ഊന്നിയാണ് നമ്മുടെ കളിയെഴുത്ത് പുതുകാലത്തെ കണ്ടെത്തിയത്.
പുതിയ ലോകകപ്പ് വരുമ്പോൾ കാണി വീണ്ടുമൊരുങ്ങുന്നുണ്ട്. റിസർച്ച് കുറച്ച് എളുപ്പമാണ്. ഇരുന്നൂറ് പേജിന്റെ പുസ്തകം വേണ്ട, ഫോൺ മതി റെഫറൻസിന്. ഏത് പണിയും ഇടയ്ക്ക് നിർത്തിയും വിയർത്തും ചീത്ത കേട്ടും ടി.വിയുടെ മുന്നിലേയ്ക്ക് പായേണ്ടതില്ല. അറ്റ കൈയ്ക്ക് ഫോണിൽ പോലും കളി കാണാം. നേരത്തേ ചാർജ്ജ് ചെയ്തിട്ടാൽ കരണ്ടില്ലേലും കളി കാണാം. റേഞ്ചിലാണെന്ന് ഉറപ്പിച്ചാൽ മതി. ഓരോ ടീമിനേ കുറിച്ചും കളിക്കാരേയും കുറിച്ചും ധാരണയുണ്ട്. അത് പത്രറിപ്പോർട്ടുകളെ അടിസ്ഥാനപ്പെടുത്തിയതല്ല. കളി കണ്ടും ഡാറ്റ നോക്കിയും റാങ്കിങ് നോക്കിയും അവരവരുടെ മാതൃരാജ്യങ്ങളിലെ ഫുട്ബോൾ പണ്ഡിതരുടെ അഭിപ്രായത്തിലൂന്നിയുമാണ് ഉറപ്പിച്ചത്. മിക്കവാറും ടി.വി അപ്രസക്തമാകുന്ന ആദ്യത്തെ ഫുട്ബോൾ ലോകകപ്പാകും ഇത്. ഇപ്പോൾ തന്നെ ടി ട്വന്റി ലോകകപ്പ് കാഴ്ച റ്റിവിയിലല്ല, നെറ്റ് ബേസ്ഡ് പ്ലാറ്റ്ഫോമുകളിലാണ്. റ്റെലിവിഷൻ സ്‌ക്രീൻ മാത്രമാണ് ഇപ്പോൾ.
മതവും ദൈവങ്ങളുമില്ലാത്ത മനുഷ്യർക്ക് ലോകത്തോട് മുഴുവൻ പരസ്പരം ബന്ധിപ്പിക്കാനാവുന്ന വൈകാരികതകൾ ഫുട്ബോളും സിനിമയും കമ്യൂണിസവുമാണെന്നാണ് എന്റെ തോന്നൽ.
മുപ്പത്തിരണ്ട് കൊല്ലത്തിനിപ്പുറം ബ്രസീലിനെ ആരാധിക്കുമ്പോൾ തന്നെ, മെസ്സിയുടെ കരിയറിനെ ഒരു ലോകകപ്പ് കിരീടം പൂർണമാക്കുമെങ്കിൽ, അയാളത് അർഹിക്കുന്നുവെന്ന് കരുതുന്ന ഫുട്ബോൾ കാണി കാത്തിരിപ്പിലാണ്. ഈ ദിവസങ്ങളിൽ വന്നുചേരുന്ന പണികളെ, തിരക്കുകളെ എങ്ങനെയൊക്കെ ഒഴിവാക്കി, മുഴുവൻ സമയ ഫുട്ബോൾ പ്രേമിയായി ഒരു മാസമെങ്ങനെ ജീവിക്കാം എന്നുള്ളതടക്കമുള്ള പദ്ധതികളോടെ. പഴയ സോളിഡയർ ടി.വിയിൽ തെളിഞ്ഞുകണ്ട അത്ഭുത വേഗങ്ങളെ, അസാധ്യമെന്ന് എങ്ങനെയും ഉറപ്പിക്കാവുന്ന നീക്കങ്ങളെ, അന്നത്തെ അതുല്യമായ അനുഭൂതിയെ വീണ്ടും വീണ്ടും അനുഭവിക്കാനായി. മതവും ദൈവങ്ങളുമില്ലാത്ത മനുഷ്യർക്ക് ലോകത്തോട് മുഴുവൻ പരസ്പരം ബന്ധിപ്പിക്കാനാവുന്ന വൈകാരികതകൾ ഫുട്ബോളും സിനിമയും കമ്യൂണിസവുമാണെന്നാണ് എന്റെ തോന്നൽ. നിരാശകൾക്കും ഉന്മാദങ്ങൾക്കുമിടക്ക് ആനന്ദത്തിന്റെ തൊണ്ണൂറുമിനുട്ടുകളുടെ ആവർത്തനങ്ങളുടെ കാത്തിരിപ്പാണ് ഇനി. ▮