Photo: Agasthya Surya

പുല്ലുവിളയിലും​ ​പൊഴിയൂരിലും
​ഞങ്ങളെങ്ങനെ പന്തുകളിക്കും?

പൂന്തുറയിലും തോപ്പിലും കടപ്പുറത്തെ ചുറ്റിപ്പറ്റിയുള്ള ഫുട്‌ബോൾ സംസ്‌ക്കാരം തന്നെ ഏതാണ്ട് അവസാനിച്ച മട്ടാണ്. പൊഴിയൂരാവട്ടെ, തീരം പതിയെ പതിയെ കടലെടുത്ത് പോവുമ്പോഴും പന്തുകളിയെ ഉപേക്ഷിക്കാനാവാതെ മുറുകെപ്പിടിക്കാനുള്ള ശ്രമത്തിലുമാണ്.

കോഴിക്കോട് പുല്ലാവൂരിലെ കുറുങ്ങാട്ട് കടവിൽ അർജന്റീനിയൻ ഫുട്‌ബോൾ താരം ലയണൽ മെസ്സിയുടെ വലിയ കട്ടൗട്ട് സ്ഥാപിച്ച ആരാധകരുടെ ആവേശം കണ്ടപ്പോൾ ഞങ്ങളുടെ നാട്ടിലെ, കടപ്പുറത്തെ ഫുട്‌ബോളു കളിക്കാരെയാണ് ഓർമ വന്നത്. മെസ്സിയെയും റൊണാൾഡോയേയും നെയ്​മറിനെയുമെല്ലാം സ്വന്തം നാട്ടുകാരെപ്പോലെ സ്‌നേഹിക്കുന്ന മനുഷ്യർക്ക് ആ സ്‌നേഹമപ്പാടെ പ്രകടിപ്പിക്കാൻ കിട്ടുന്ന അവസരമാണല്ലോ ലോകകപ്പ് ഫുട്‌ബോൾ.

പൊതുവേ ഫുട്‌ബോളെന്നും ലോകകപ്പെന്നുമൊക്കെ പറയുമ്പോൾ അതിന്റെ ആവേശം ഒപ്പിയെടുക്കാൻ വാർത്തക്കാരും മറ്റും ആദ്യമോടുന്നത് മലബാറിലേക്കാണ്. കോഴിക്കോട്ടെയും മലപ്പുറത്തെയും കളിക്കളങ്ങളിലും തെരുവോരങ്ങളിലും ഫുട്‌ബോൾ ആവേശം പതഞ്ഞു പൊന്തുന്നത്​ എല്ലാ ലോകകപ്പ് കാലത്തെയും സ്ഥിരം കാഴ്ചയാണ്. ഇത്തവണയും കുറുങ്ങാട്ട് കടവിലെ മെസ്സി ആരാധകരുടെ ഫ്ലെക്‌സുകളിലൂടെ മലബാറിന്റെ ഫുട്‌ബോൾ പ്രാന്ത് ‘ഫിഫ’ ഉൾപ്പെടെയുള്ള വേദികളിൽ വരെ ചർച്ചയായി കഴിഞ്ഞു. മലബാറിലേതുപോലെ തന്നെ ഫുട്‌ബോളിനെ വളരെ വൈകാരികമായി കാണുന്ന മനുഷ്യരാണ് തിരുവനന്തപുരത്തെ തീരദേശ ഗ്രാമങ്ങളിലുള്ളവരും. അവർക്ക് ലോക ഫുട്‌ബോൾ കൈവള്ളയിലെ വരകൾ പോലെ സുപരിചിതമാണ്. അർജന്റീനയിലെയും ഫ്രാൻസിലെയും ജർമനിയിലെയും ബ്രസീലിലെയുമെല്ലാം കളിക്കാർ തൊട്ടയൽപക്കത്തുള്ളവരെ പോലെ വേണ്ടെപ്പെട്ടവരുമാണ്.

മലബാറിലേതുപോലെ തന്നെ ഫുട്‌ബോളിനെ വളരെ വൈകാരികമായി കാണുന്ന മനുഷ്യരാണ് തിരുവനന്തപുരത്തെ തീരദേശ ഗ്രാമങ്ങളിലുള്ളവരും / Photo: FIFA Documentary Screen Scrape

പുല്ലുവിളയിലെ താരങ്ങൾ

തിരുവനന്തപുരത്തിന്റെ ഏതാണ്ട് തെക്കേയറ്റത്തുള്ള പുല്ലുവിള എന്ന മത്സ്യബന്ധന ഗ്രാമത്തിലാണ് ഞാൻ ജനിച്ചു വളർന്നത്. ചെറുപ്പത്തിലെ ഏറ്റവും രസമുള്ള ഓർമ്മകളിൽ പലതിലും ഫുട്‌ബോളിന്റെ കയ്യൊപ്പുണ്ട്. അന്നും ഇന്നും തീരശോഷണത്തിന്റെ ദുരിതങ്ങൾ കാര്യമായി അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത ഒരു തീരദേശ ഗ്രാമമാണ് പുല്ലുവിള. അതുകൊണ്ടുതന്നെ നാട്ടിലെ വിശാലമായ കടപ്പുറങ്ങൾ യുവാക്കളുടെയും മറ്റും ഫുട്‌ബോൾ കമ്പം ഊട്ടി വളർത്തുന്ന ഇടങ്ങളായിരുന്നു. നിങ്ങൾ എപ്പോഴൊക്കെ പന്തു കളിക്കും എന്ന് ഇന്നാട്ടിലെ പിള്ളേരോട് ചോദിച്ചാൽ, ‘മഴയുള്ളപ്പോഴും മഴയില്ലാത്തപ്പോഴും' എന്ന മറുപടിയായിരിക്കും അവർ നിങ്ങൾക്ക് തരിക. വൈകുന്നേരം സ്‌കൂളിൽ നിന്ന് വീട്ടിലെത്തുന്ന നിമിഷം തന്നെ യൂണിഫോം അഴിച്ചുവച്ച് പന്തുമെടുത്ത് കടപ്പുറത്തേക്ക് ഓടുന്നവരാണ് തീരദേശ ഗ്രാമങ്ങളിലെ ആൺകുട്ടികൾ. നോമ്പുകാലത്തോടനുബന്ധിച്ച് ഈസ്റ്ററിന് തൊട്ടു മുൻപുള്ള ഞായറാഴ്ചകളിൽ കടപ്പുറത്തുകൂടി നടത്തുന്ന ‘ശിലുവപാത' എന്നുഞങ്ങൾ വിളിക്കുന്ന കുരിശിന്റെ വഴി ഉള്ള വൈകുന്നേരങ്ങൾ മാത്രമാണ് വർഷത്തിൽ ഫുട്‌ബോൾ കളിയില്ലാത്ത ഒരേയൊരു സമയം.

വൈകുന്നേരമാവുമ്പോൾ കൂട്ടുകാർക്കൊപ്പമോ വീട്ടുകാർക്കൊപ്പമോ കാറ്റ് കൊള്ളാൻ എന്ന പേരിൽ കടപ്പുറത്തുപോയി ഇരിക്കുന്ന പതിവ് കടപ്പുറത്തുകാർക്കുണ്ട്. ആ പതിവ് വൈകുന്നേരങ്ങളിൽ കണ്ടുകണ്ടാണ് ഫുട്‌ബോൾ എനിക്കും ശീലമായത്. ഏതാണ്ട് അഞ്ച് മണി സമയം ആവുമ്പോഴേക്കും വിശാലമായ കടപ്പുറത്തിന്റെ നല്ലൊരു ഭാഗവും പന്തുകളിക്കാരെക്കൊണ്ട് നിറയും. അധികവും യുവാക്കളാണെങ്കിലും നാലും അഞ്ചും ക്ലാസുകളിൽ പഠിക്കുന്ന ചെറിയ കുട്ടികളും ഗ്രൂപ്പുകളായി തിരിഞ്ഞ് പന്ത് തട്ടുന്ന കാഴ്ച പുല്ലുവിളയും പുതിയതുറയുമൊക്കെ പോലുള്ള തീരദേശ ഗ്രാമങ്ങളിലെത്തിയാൽ കാണാം. കടപ്പുറത്ത് മാത്രമല്ല, സ്‌കൂളിനോട് ചേർന്ന ചെറിയ മൈതാനത്തിലും ക്രിക്കറ്റുൾപ്പെടെയുള്ള മറ്റ് കായിക ഇനങ്ങളെക്കാൾ കൂടുതൽ പ്രാതിനിധ്യം കാണാനാവുക ഫുട്‌ബോളിലാണ്. രാവിലത്തെ കുർബാന കഴിഞ്ഞ് പള്ളിയിൽ നിന്നിറങ്ങുമ്പോൾ ബൂട്ട്‌സ് ധരിച്ച് നിരനിരയായി പോവുന്ന കൊച്ചു പിള്ളേരെ ഇഷ്ടം പോലെ കാണാം. രാവിലെ ആറ് മണിക്ക് തുടങ്ങുന്ന ഈ പന്തുകളിക്ക് പിന്നീട് സ്‌കൂളിലെ പി.ടി പിരീഡും വൈകുന്നേരത്തെ കടപ്പുറത്തെ കളിയും കഴിഞ്ഞാണ് ഒരവസാനമുണ്ടാവുക. ഇതിനിടയിൽ എത്ര ജോഡി ജഴ്‌സിയും നിക്കറുകളുമാണ് വിയർപ്പിൽ നനയുന്നതെന്ന് എണ്ണിയെടുക്കാനാവില്ല.

നാട്ടിലെ വിശാലമായ കടപ്പുറങ്ങൾ യുവാക്കളുടെയും മറ്റും ഫുട്‌ബോൾ കമ്പം ഊട്ടി വളർത്തുന്ന ഇടങ്ങളായിരുന്നു / Photo: FIFA Documentary Screen Scrape

പൊഴിയൂരിലെ താരങ്ങൾ

കളിക്കാൻ മാത്രമല്ല, കളിയുമായി ബന്ധപ്പെട്ട സാംസ്‌ക്കാരിക പരിസരം ഉണ്ടാക്കിയെടുക്കുന്ന രീതിയും തീരദേശ ഗ്രാമങ്ങളിലുണ്ട്. ഓരോ 50 മീറ്ററിലും ഒരു ക്ലബ്ബെങ്കിലുമുള്ള ഞങ്ങളുടെ നാടുകളിൽ ഈ ക്ലബ്ബുകാരുടെ വകയായി കൊല്ലത്തിലൊരിക്കൽ ബീച്ച് ടൂർണമെന്റുകൾ സംഘടിപ്പിക്കാറുണ്ട്. ‘സുഡാനി ഫ്രം നൈജീരിയ' സിനിമയിൽ കാണിക്കുന്നതുപോലെ ഫുട്‌ബോൾ എന്ന ഒറ്റ വികാരത്തിന്റെ പേരിൽ മാത്രം തന്റെ ക്ലബ്ബിലെ പിള്ളേരുമായി ഒരു ടൂർണമെന്റിൽ നിന്ന് അടുത്തതിലേക്ക് നിരന്തരം പങ്കെടുക്കുന്ന മനുഷ്യന്മാർ ഏറെയുള്ള നാടാണിത്. ഇത്തരം ക്ലബ്ബുകളിൽ നിന്ന് വളർന്നു വരുന്ന ചില കളിക്കാർ പിന്നീട് പ്രൊഫഷണൽ ക്ലബ്ബുകളിലേക്ക് പോവാറുണ്ട്. സന്തോഷ് ട്രോഫി കളിക്കാനും ഐ ലീഗിലും ഇന്നിപ്പോൾ ഐ എസ് എല്ലിലും പൊഴിയൂർ പോലുള്ള തീരദേശ ഗ്രാമങ്ങളിൽ നിന്ന് ഒട്ടനവധി ചെറുപ്പക്കാർ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പൊഴിയൂരിൽ നിന്ന് സന്തോഷ് ട്രോഫി കളിച്ച സീസൻ സെൽവനും ബ്രിട്ടോ പി.എമ്മും പുല്ലുവിളയിൽ നിന്ന് കഴിഞ്ഞ വർഷം കേരള ബ്ലാസ്റ്റേഴ്‌സിനുവേണ്ടി ഐ എസ്.എൽ കളിച്ച ബിജോയ് വർഗീസുമെല്ലാം അടുത്ത കാലത്ത് കളിയുടെ വർണവലയത്തിൽ ഇടംപിടിച്ച ചുരുക്കം ചിലർക്ക് ഉദാഹരണമാണ്.

ഇവരെപ്പോലെ ചിലർ ഇത്തരം പ്രമുഖ ടൂർണമെന്റുകളിലൂടെയോ പൊതുമേഖല സ്ഥാപനങ്ങളുടെയോ സർക്കാർ സ്ഥാപനങ്ങളുടെയോ ഫുട്‌ബോൾ ടീമുകളിലെത്തപ്പെട്ടോ ജീവിതം സുരക്ഷിതമാക്കുമ്പോൾ പലർക്കും പാതിവഴിയിൽ കളി ഉപേക്ഷിച്ച് പോവേണ്ട സാഹചര്യമാണ്​ അധികവും. വളരെ ചെറിയ പ്രായത്തിൽത്തന്നെ ലഭിക്കുന്ന പരിശീലനവും കളിയോടുള്ള അടങ്ങാത്ത അഭിനിവേശവും കാരണം അത്യുഗ്രൻ ഫുട്‌ബോളർമാരായി മാറേണ്ടിയിരുന്ന എത്രയോ പേരാണ് പിന്നീടൊരിക്കൽ പോലും ഫുട്‌ബോൾ കൈ കൊണ്ടുപോലും തൊടാനാവാതെ ജീവിതത്തിന്റെ നിലയില്ലാക്കയത്തിലേക്ക് എടുത്തെറിയപ്പെട്ടതെന്ന് അടുത്തുനിന്ന് കണ്ടിട്ടുണ്ട്.

പുല്ലുവിളയിൽ വെച്ച ഫുട്‌ബോൾ ആരാധകരുടെ കട്ടൗട്ട്‌

സ്‌കൂളും കോളേജും ഒന്നുമില്ലാതെ, 24 മണിക്കൂറും ഫുട്‌ബോൾ കളിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഇടയ്ക്കിടയ്ക്ക് പറയുമായിരുന്ന ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു. അവനിപ്പോൾ ഗൾഫിലെ ഏതോ ലേബർ ക്യാംപിൽ രാപ്പകലോളം പണിയെടുത്ത് കുടുംബം പോറ്റാനുള്ള തത്രപ്പാടിലാണ്. ഞങ്ങളുടെയൊക്കെ നാട്ടിൽ നിന്ന് ഫുട്‌ബോൾ കളിച്ച് ജീവിതം പച്ച പിടിപ്പിച്ചവരെക്കാൾ കൂടുതൽ എനിക്കറിയാവുന്നത്, ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ കളി ഉപേക്ഷിച്ച് പ്രാരാബ്ധങ്ങളിലേക്ക് തിരിഞ്ഞവരെയാണ്. കഴിവുണ്ടാവുമെങ്കിലും ഈ കളിയിലൂടെ വരുമാനമുള്ളൊരു ജോലിയിലേക്ക് എത്താനോ നല്ല കളിക്കാരനെന്ന് പേരെടുക്കാൻ സഹായിക്കുന്ന വലിയ വേദികളിലേക്ക് എത്താനോ ആവാതെ പോവുന്നവരാണ് ഒട്ടുമിക്കവരും. മറ്റെല്ലാ മേഖലകളിലും പോലെ ഇവിടെയും ഗോഡ്ഫാദേഴ്‌സ് ഇല്ലാത്തത്, കളിയിൽ വൈദഗ്ധ്യം ഉണ്ടായിട്ടും ഒരിടത്തും എത്തിപ്പെടാനാവാതെ പോവുന്ന സ്ഥിതി ഉണ്ടാക്കാറുണ്ട്. കാര്യം ഇതൊക്കെയാണെങ്കിലും കളിയോടുള്ള ആവേശം അടുത്ത തലമുറയിലൂടെ പിന്നെയും അവർ തുടരും.

കടപ്പുറത്തെ പെൺകളിക്കാർ

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഞങ്ങളുടെ തീര ഗ്രാമങ്ങളിൽ ജനിച്ച പല കുട്ടികളുടെയും പേരുകളിൽപ്പോലും ഫുട്‌ബോൾ മയമുണ്ട്. ഇഷ്ടം പോലെ ലയണൽമാരെയും റൊണാൾഡോമാരെയും നിങ്ങൾക്കിവിടെ കാണാൻ സാധിക്കും. ടി.വിയിലും ഫോണിലൂടെയും ഉറക്കമിളച്ചിരുന്ന് ഫുട്‌ബോൾ കാണുന്നതും തലേന്നത്തെ കളിയിലെ ഹൈലൈറ്റ്‌സ് പിറ്റേന്ന് സ്‌കൂളിൽ കൂട്ടം കൂടിയിരുന്ന് ചർച്ച ചെയ്യുന്നതും ആൺകുട്ടികൾക്കിടയിലെ സ്ഥിരം കാഴ്ചയായി ഇപ്പോഴും ഓർക്കാനാവുന്നുണ്ട്. നാലോ അഞ്ചോ കൊല്ലങ്ങൾക്കുമുൻപു വരെ ഇതൊക്കെ ആണുങ്ങളുടെ മാത്രം സന്തോഷം ആയിരുന്നെങ്കിൽ ഇന്ന് അവിടേക്ക് പെൺകുട്ടികളും എത്തപ്പെടുന്നുണ്ട് എന്നത് വ്യക്തിപരമായി ഈ ലോകകപ്പിനെ കൂടുതൽ ആവേശത്തോടെ കാത്തിരിക്കാൻ എന്നെ പ്രേരിപ്പിക്കുന്നുണ്ട്.

ഫോട്ടോ: പ്രസൂൺ കിരൺ

സ്‌കൂളിലും കോളേജിലുമൊക്കെ പഠിക്കുന്ന നാട്ടിൽ നിന്നുള്ള പെൺകുട്ടികൾ ആണുങ്ങളെക്കാൾ ആവേശത്തിൽ ഇൻസ്റ്റഗ്രാം പോലുള്ള സാമൂഹിക മാധ്യമങ്ങളിൽ ഫുട്‌ബോൾ ചർച്ച ചെയ്യുന്നത്, അവരുടെ പ്രിയപ്പെട്ട താരങ്ങളപ്പറ്റിയും ടീമുകളെപ്പറ്റിയുമൊക്കെ ചർച്ച ചെയ്യുന്നത് ഈയിടെയായി ധാരാളം കാണാറുണ്ട്. കളിയുടെ വളരെ സാങ്കേതികമായ ധാരണകൾ പോലും മനസിലാക്കി സംസാരിക്കുന്ന ഫുട്‌ബോൾ പ്രേമികളായ പെൺകുട്ടികൾ തീരദേശ ഗ്രാമങ്ങളിലുണ്ട്. കളി കാണാനും കയ്യടിക്കാനും മാത്രമല്ല, കേരള വിമൻസ് ലീഗ് പോലുള്ള പ്രൊഫഷണൽ ഫുട്‌ബോളിൽ കളിക്കാനായും അടുത്തിടെ തിരുവനന്തപുരത്തെ തീരദേശ ഗ്രാമങ്ങളിൽ നിന്ന് നിരവധി പെൺകുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്നിപ്പോൾ തീരമേഖലയിലെ കടപ്പുറത്തും മൈതാനങ്ങളിലും ആണുങ്ങളെപ്പോലെ തന്നെ പെൺകുട്ടികളും പരിശീലിക്കുന്നത് വളരെ സാധാരണമായ കാഴ്ചയായിക്കഴിഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളിൽ പെൺകുട്ടികൾക്കായുള്ള ക്ലബ്ബുകളും തീരദേശത്ത് ധാരാളമായി ഉണ്ടായിവരും എന്നതിലും സംശയമില്ല.

മണ്ണിനൊപ്പം ഒലിച്ചുപോകുന്ന ഫുട്​ബോൾ

മതവും ജാതിയും ഭാഷയും മാത്രമല്ല, ജൻഡറിന്റെ അതിർവരമ്പുകൾ ഉൾപ്പെടെ ഭേദിച്ചാണ് ഇത്തവണ ഖത്തർ ലോകകപ്പിനായി തീരദേശത്തുകാർ ഒരുങ്ങുന്നത്. മിക്ക തീരദേശ ഗ്രാമങ്ങളിലെയും പ്രധാന കവലകളിലും ബീച്ച് റോഡുകളിലും ഇതിനോടകം മെസ്സിയുടെയും റൊണാൾഡോയുടെയും നെയ്മറുടെയുമെല്ലാം പടുകൂറ്റൻ കട്ടൗട്ടുകൾ പൊങ്ങിക്കഴിഞ്ഞു. മെസ്സിയ്ക്കും റൊണാൾഡോയ്ക്കുമാണ് ഈ മേഖലയിൽ നിന്ന് പ്രധാനമായും ആരാധകരുള്ളത്. ഈ രണ്ട് താരങ്ങളുടെയും അവസാന ലോകകപ്പ് ആയിരിക്കും ഇത്തവണത്തേത് എന്നതുകൊണ്ടു തന്നെ കപ്പ് അർജന്റീനയിലേക്കോ പോർച്ചുഗലിലേക്കോ പോവണമെന്ന് വാദിക്കുന്ന, ഇരു രാജ്യങ്ങളുടെയും വിജയ സാധ്യത വിശകലനം ചെയ്യുന്ന തിരക്കുകളിലാണ് ആരാധകർ. ക്ലബ്ബുകളാവട്ടെ കടപ്പുറത്ത് കളി വലിയ സ്‌ക്രീനിൽ പ്രദർശിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളിലുമാണ്.

ഫോട്ടോ: പ്രസൂൺ കിരൺ

ഇനിയും തീരം ബാക്കിയായ ഇടങ്ങളിൽ ഈ ഫുട്‌ബോൾ ആവേശം പൂർവ്വാധികം ശക്തിയോടെ മുന്നേറുമ്പോൾ എന്നെന്നേക്കുമായി തീരം നഷ്ടപ്പെട്ട, കടപ്പുറത്തെ കളിയും ഒന്നിച്ചിരുന്നുള്ള കളി കാണലുമൊക്കെ പോയ കാലത്തെ ഓർമകൾ മാത്രമായി മാറിയ നിരവധി പേർ തിരുവനന്തപുരത്തെ ചില തീരദേശ ഗ്രാമങ്ങളിൽ അവശേഷിക്കുന്നുണ്ട്. പൂന്തുറയിലും തോപ്പിലും കടപ്പുറത്തെ ചുറ്റിപ്പറ്റിയുള്ള ഫുട്‌ബോൾ സംസ്‌ക്കാരം തന്നെ ഏതാണ്ട് അവസാനിച്ച മട്ടാണ്. പൊഴിയൂരാവട്ടെ, തീരം പതിയെ പതിയെ കടലെടുത്ത് പോവുമ്പോഴും പന്തുകളിയെ ഉപേക്ഷിക്കാനാവാതെ മുറുകെപ്പിടിക്കാനുള്ള ശ്രമത്തിലുമാണ്. വിഴിഞ്ഞത്ത് നിർമ്മാണം പുരോഗമിക്കുന്ന അദാനി പോർട്ട് കേരളത്തിനെ സിങ്കപ്പൂരിനെപ്പോലൊരു തുറമുഖ നഗരമാക്കുന്നതും കാത്ത് കഴിയുന്നവരാണ് നമ്മുടെ നാട്ടിലെ വികസനവാദികളിൽ അധികം പേരും. എന്നാൽ, ഫുട്‌ബോളിന്റെ കാര്യത്തിൽ ദക്ഷിണേന്ത്യയിലെ ലാറ്റിനമേരിക്ക ആവാൻ കാത്തിരുന്ന ഈ തീരദേശ ഗ്രാമങ്ങൾക്ക് ഇന്ന് പറയാൻ നഷ്ടക്കണക്കുകൾ മാത്രമാണ് ബാക്കി. ഇനിയെത്ര കാലമാണ് ഇവിടങ്ങളിൽ നിന്ന് നല്ല ഫുട്‌ബോൾ താരങ്ങൾ ഉയർന്നു വരിക എന്ന് ആർക്കും നിശ്ചയമില്ല. സന്തോഷ് ട്രോഫി കളിക്കാൻ സ്ഥിരമായി ഒരു പൊഴിയൂരുകാരൻ എങ്കിലും പോവുന്ന കാലമൊക്കെ ഇനിയെത്ര നാൾ കൂടിയുണ്ടാവുമെന്ന് കാത്തിരുന്ന് കാണേണ്ട അവസ്ഥയാണിന്ന്.

പൊഴിയൂരുൾപ്പെടെയുള്ള ഒരു പിടി തീരദേശ ഗ്രാമങ്ങളുടെ തന്നെ നിലനിൽപ്​ ചോദ്യചിഹ്നത്തിലായിരിക്കുന്ന അനിശ്ചിതാവസ്ഥകളുടെ കാലത്താണ് ഖത്തറിൽ ലോകകപ്പ് എത്തിയിരിക്കുന്നത്. എല്ലാ അതിരുകളും ഭേദിക്കുന്ന, എല്ലാ വേദനകളെയും മറന്ന് കളി ആസ്വദിക്കാൻ മനുഷ്യരെ പ്രാപ്തരാക്കുന്ന കുറച്ച് ദിവസങ്ങൾക്കായാണ് ഇനിയുള്ള കാത്തിരിപ്പ്. ▮


സിന്ധു മരിയ നെപ്പോളിയൻ

തീരദേശ- മത്സ്യബന്ധന ​മേഖലയുമായി ബന്ധപ്പെട്ട് പഠനവും അന്വേഷണവും നടത്തുന്നു. സ്വതന്ത്ര മാധ്യമപ്രവർത്തക. യൂണിവേഴ്​സിറ്റി ഓഫ്​ സസ്സക്​സിൽ റിസർച്ച്​ അസിസ്​റ്റൻറ്​. തിരുവനന്തപുരം ജില്ലയിലെ മത്സ്യബന്ധന ഗ്രാമമായ പുല്ലുവിളയാണ് സ്വദേശം.

Comments