ഫുട്ബോൾ മൂന്നാറുകാർക്ക് ഒരു വികാരമാണ്.
ദൈനംദിന ജീവിതത്തിൽ, മനസ്സിൽ, ശരീരത്തിൽ, കാഴ്ചയിൽ പ്രവർത്തിക്കുന്ന ഏതോ ഒരു വികാരം. ആ വാക്ക് അവരുടെ മനസ്സിൽ അളവില്ലാത്ത ഉത്സാഹം നിറയ്ക്കും.
പരിമിതികളാൽ ചുറ്റപ്പെട്ട ജീവിതം നയിക്കുന്ന, ഭൂമിയുടെ സമതലത്തിൽ നിന്ന്2000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മൂന്നാറിന്റെ ജീവിതത്തിൽ ഫുട്ബോളിന് വലിയ പ്രാധാന്യമുണ്ടെന്ന കാര്യം പലരും അറിയാനിടയില്ല. കേരളത്തിൽ ഫുട്ബോൾ എന്ന് കേൾക്കുമ്പോൾ പെട്ടെന്ന്ഓർക്കുന്നത് മലപ്പുറം, കോഴിക്കോട് പ്രദേശങ്ങളെയാണ്, ഇന്ത്യൻ ഫുട്ബോൾ എന്ന് കേൾക്കുമ്പോൾ ബംഗാളിനെയെന്നപോലെ. പക്ഷേ മൂന്നാർ മലനിരകളിലെ തേയിലത്തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കായികയിനം ഫുട്ബോളാണ്.
തൊഴിലാളികൾ മുതലാളിമാരിൽനിന്ന് പഠിച്ച രഹസ്യം
മൂന്നാറിലെ കാൽപന്തുകളിക്ക് 50 വർഷത്തിലേറെ പഴക്കമുണ്ട്. ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിൽ, എല്ലാ എസ്റ്റേറ്റുകളിലും കളിക്കളത്തിന് സ്ഥലം അനുവദിച്ചിരുന്നു. ആ കാലഘട്ടത്തിലായിരിക്കും മൂന്നാറിലും ഫുട്ബോൾ കുടിയേറിയത്. പിന്നീട് തൊഴിലാളികൾ മുതലാളിമാരിൽനിന്ന്ഫുട്ബോളിന്റെ രഹസ്യം പഠിച്ചെടുത്തു. അധ്വാനം മാത്രമറിയാവുന്ന അവർ പുതിയൊരു അറിവു കൂടി നേടി, ഫുട്ബോൾ. ആ അറിവിലേക്ക് അവർ ലയിച്ചു. അധ്വാനം കഴിഞ്ഞാൽ അവർക്കേറ്റവും പ്രിയം, കളിക്കുക അല്ലെങ്കിൽ കളി ആസ്വദിക്കുക എന്നതാണ്.
ഇപ്പോഴും മൂന്നാറിലെ ഗ്രൗണ്ടുകളിൽ ഈ കാഴ്ച കാണാം. ഉച്ചയ്ക്ക് പണി കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിനെത്തുന്ന തൊഴിലാളി മൂന്നു മണിയാവുമ്പോൾ കുളി കഴിഞ്ഞ് ആംഗിൾ കാർഡും ബൂട്ടും ട്രൗസറും ബനിയനുമൊക്കെ ഒരു കവറിലാക്കി കളിക്കളത്തിലേക്കിറങ്ങും. അപ്പോൾ അതിനുമുമ്പ് അവിടെയെത്തിയ ഒരുപാടുപേർ ക്യൂവിലുണ്ടാകും. ആദ്യത്തെ കളിയുടെ ഒന്നര മണിക്കൂർ കഴിയുന്നവരെ അവർ കാണികളാവും. അതിനു ശേഷം അവർ കളിക്കാരാവും. ഇതാണ് തൊണ്ണൂറുകളിലെ മൂന്നാർ.
ക്രിക്കറ്റിന്റെ കടന്നുവരവോടെ, 2000-നുശേഷം ഫുട്ബോൾ മോഹം മൂന്നാറിൽ നിന്നകന്നുതുടങ്ങി. പക്ഷേ, ആ ആവേശം പൂർണമായും മാഞ്ഞില്ല. ആദ്യ തലമുറക്കാർ അപ്പോഴും ഫുട്ബോളുമായി കളിക്കളങ്ങളെ പിടിച്ചടക്കി. പിള്ളേർക്ക് പണിയൊന്നുമില്ലാത്തതുകൊണ്ട് അവർ നാലുമണിവരെ ക്രിക്കറ്റ് കളിക്കും. അതിനുശേഷം യുവാക്കൾ, മധ്യവയസ്കർ തുടങ്ങിയവർ ഏറ്റുമുട്ടുന്ന ഫുട്ബോളിന്റെ അങ്കമാണ്. ശനിയും ഞായറും കളിക്കളങ്ങൾക്ക് ഒഴിവുണ്ടാവില്ല. എല്ലാ ആഘോഷദിവസങ്ങളിലും ഫുട്ബോൾ മത്സരം അവരുടെ ശീലമാണ്.
ബീഫു പോലെ, മട്ടൻ പോലെ ഫുട്ബോൾ
ഓഗസ്റ്റ് 15, ജനുവരി 26, മെയ് 1 തുടങ്ങിയ ദിവസങ്ങളിൽ എല്ലാ എസ്റ്റേറ്റുകളും ഉത്സവലഹരിയിലായിരിക്കും. ആ ദിവസങ്ങളിൽ ഫുട്ബോൾ മത്സരങ്ങൾ തീപാറും. ആ ദിവസങ്ങളിൽ തൊഴിലാളി വീടുകളിൽ ബീഫും മട്ടനും ചിക്കനും എത്ര നിർബന്ധമാണോ അത്ര നിർബന്ധമാണ് ഫുട്ബോളും. കാലാവസ്ഥയെ വെല്ലുവിളിച്ച് മഴയത്തും വെയിലത്തും അവർ കളിക്കും. ഒരുപക്ഷേ ഓഗസ്റ്റ് 15ന് നടക്കുന്ന ചില ഫൈനലുകൾ മിക്കവാറും മഴയിൽ മുങ്ങും. കളിക്കളം മൊത്തം ചെളിയിൽ നിറയും. പക്ഷേ കളിക്കാർ ഒരിക്കലും പിൻവാങ്ങില്ല. കൊടുംമഴയിൽ കൊടുമുടി കേറി പണിയെടുക്കുന്ന തൊഴിലാളിക്ക് മഴകൊണ്ട് ഫുട്ബോൾ കളിക്കാൻ ഒരു മടിയുമില്ല.
തൊണ്ണൂറുകളിൽ ടാറ്റാ ടിയുടെ കൈവശം 36 എസ്റ്റേറ്റുകളാണുണ്ടായിരുന്നത്. ഇവ കുറഞ്ഞത് നാല് ഡിവിഷനുകളടങ്ങുന്നതാണ്. ടാറ്റാ ടീ ഫുട്ബോൾ റോളിങ് കപ്പ് നവംബറിലാണ് തുടങ്ങുക. 36 ടീമുകളാണ് കളിക്കാനിറങ്ങുക. മൂന്നാറിലെ ‘ഫിഫ വേൾഡ് കപ്പ്’ ആണത്. ഡിസംബറിൽ രണ്ടാം റൗണ്ടും കഴിഞ്ഞാൽ മൂന്നാർ ഫുട്ബോൾ ലഹരിയിലാകും. സെമി കളിക്കാൻ പോകുന്നത് ഏതൊക്കെ എസ്റ്റേറ്റ് ആണെന്ന ചർച്ചകളാൽ തേയിലക്കാട്ചൂടുപിടിക്കും. എല്ലാ എസ്റ്റേറ്റുകളിലും ഫുട്ബോൾ എന്ന സംസാരമല്ലാതെ മറ്റൊന്നുമുണ്ടാകില്ല.
ആധുനിക സംവിധാനങ്ങൾ എത്തിപ്പെടാത്ത മൂന്നാറിൽ, കളി കണ്ടശേഷം ജീപ്പിൽ തിരിച്ചുവരുന്നവർക്കായി എസ്റ്റേറ്റുകളിലെ ജനങ്ങൾ കണ്ണുംനട്ടിരിക്കും. ആരാണ് ജയിച്ചത് എന്നറിയാൻ. എസ്റ്റേറ്റുകളിലെ ബൂത്തുകളിൽ ടെലിഫോൺ കോളുകൾക്കുവേണ്ടി ചിലർ കാതോർത്തിരിക്കും. തൊണ്ണൂറുകളിൽ മൂന്നാർ ഇങ്ങനെയായിരുന്നു. ഫെബ്രുവരിയിലെ ഫൈനലിനുവേണ്ടി മൂന്നാറിലെ ജനം കാതോർത്ത് നിൽക്കും. വാഹന സൗകര്യം പരിമിതമായതുകൊണ്ട് വളരെ ചുരുക്കം പേരാണ്ആ ഫുട്ബോൾ മാമാങ്കം കാണാൻ മൂന്നാറിലെത്തുക. അവരിൽ മൂന്നിലൊരുഭാഗത്തെ മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന ഗ്രൗണ്ട് തിങ്ങിനിറയും.
ചില സമയം അപ്രതീക്ഷിത ടീമുകളായിരിക്കും ഫൈനലിലെത്തുക. ആര് ഫൈനലിലെത്തിയാലും സ്വന്തം ടീം ആദ്യ റൗണ്ടിൽ പരാജയപ്പെട്ടാലും എല്ലാ ആരാധകരും ഫൈനൽ കാണും. 36 എസ്റ്റേറ്റുകളിൽ നിന്നുമുള്ള ഫുട്ബോൾ പ്രേമികൾ ഗ്രൗണ്ടിനുചുറ്റുമുണ്ടാവും.
ഇത്രത്തോളം ഫുട്ബോളിനെ ആരാധിക്കുന്ന, ആ കളിയെ ജീവനായി കൊണ്ടുനടക്കുന്ന മൂന്നാറിനെ കുറിച്ച് ആർക്കെങ്കിലും അറിയാമോ? മൂന്നാറുകാർ ചായ രുചിക്കുന്നതുപോലെയാണ് ഫുട്ബോളിനെ ആസ്വദിക്കുന്നത്. ലോക കപ്പിന്റെ വരവിന് കാത്തിരിക്കുന്ന ഇന്ത്യൻ ആരാധകരുടെ മനസ്സിൽ മറ്റു രാജ്യങ്ങളിലെ ടീമുകളോട് എത്ര ആരാധന ഉണ്ടോ, ആ ടീമുകളിലെ കളിക്കാരിൽ എത്ര ആവേശമുണ്ടോ, അതേ സ്പിരിറ്റാണ് മൂന്നാറിലെ ചില പേരറിയാത്ത കളിക്കാരോടും പേരറിയുന്ന എസ്റ്റേറ്റ് ടീമുകളോടും ഇവിടത്തെ കാണികൾക്കുള്ളത്.
മൂന്നാറിലുണ്ട്, താരങ്ങൾ
ചിട്ടിവര എസ്റ്റേറ്റ് സൗത്ത് ഡിവിഷനിൽ ഒരുപാട് കളികൾക്ക് സാക്ഷിയായിട്ടുണ്ട്. ആ ഗ്രൗണ്ടിൽ ചെറിയവർ മുതൽ വലിയവർവരെ അങ്ങോളമിങ്ങോളം ഫുട്ബോൾ കളിക്കുന്ന കാഴ്ച മനസ്സിൽ നിന്ന് മായുന്നില്ല. ചെറിയ പിള്ളാർക്ക് പുഴയുടെ ഇക്കരയിൽ നിന്ന് ഫുട്ബോൾ കളിക്കാം. നടുത്തരക്കാർക്ക് ഗ്രൗണ്ടിന്റെ ഒരു ഭാഗത്ത് കളിക്കാം. യുവാക്കൾ അവരുടെ കളി കഴിയുന്നതുവരെ കാത്തിരിക്കേണ്ടിവരും. ചെറുപ്പത്തിൽ നാലുമണിക്ക് ശേഷം മൂന്നാറിലെ എല്ലാ ഗ്രൗണ്ടുകളിലും സമാന കാഴ്ചകൾ തന്നെയായിരുന്നു. ലോക ഫുട്ബോളിന്റെ ആവേശം അങ്ങനെയാണ് മനസ്സിലേക്ക് കയറിയത്. ഇപ്പോഴും ചിറ്റിവരയിൽ സൗത്ത് ഡിവിഷനിലെ ആ ഗ്രൗണ്ടിൽ കളി കാണുന്നത് ഒരു സ്റ്റേഡിയത്തിൽ കളി കാണുന്നതിന് തുല്യമാണ്. നല്ലതണ്ണി, ചൊക്കനാട്, മാട്ടുപ്പെട്ടി, ശിവൻമല, ലക്ഷ്മി എസ്റ്റേറ്റ്, ചെണ്ടുവര എസ്റ്റേറ്റ് ടീമുകളായിരുന്നു പ്രമുഖർ. ഇവിടങ്ങളിൽ നിന്ന് ഇന്ത്യൻ ഫുട്ബോളിലേക്കോ ലോക ഫുട്ബോളിലേക്കോ ഒരാൾ പോലും എന്തുകൊണ്ട് ഉയർന്നുവന്നില്ല എന്ന ചോദ്യം ഇപ്പോഴും എന്റെ മനസ്സിൽ അവശേഷിക്കുന്നു. നന്നായി കളിക്കാനറിഞ്ഞിട്ടും മൂന്നാർ വിട്ട് കളിയുടെ വിശാലലോകത്തേക്ക് ഓടിയെത്താൻ അവർക്കാകാതെപോയി. കളിക്കളങ്ങളിൽനിന്നേറ്റ പരിക്കും മനസ് നിറയെ പ്രതീക്ഷകളുമായി ഒതുങ്ങി ജീവിക്കുന്ന എത്രയെത്ര കളിക്കാരുടെ മുഖം മനസ്സിലുണ്ട്, ആ മുഖങ്ങളെല്ലാം ബ്രസീലിയൻ ഫുട്ബോൾ താരം റിച്ചാലിസന്റെ മുഖമായി തോന്നുന്നു.
ലോകകപ്പ് ആരാധകരുടെ മനസ് കീഴടക്കിയ റിച്ചാലിസൻ ബ്രസീലിയൻ ചേരികളിൽ നിന്ന് ഉയിർത്തെഴുന്നേറ്റ പ്രതിഭയാണ്. ഫുട്ബോളിനെ ജീവിതമായി കൊണ്ടുനടന്നവൻ. സ്വന്തമായി ഒരു ഫുട്ബോൾ വാങ്ങണമെന്ന് അവൻ കുഞ്ഞുനാളിൽ ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ, പത്താം വയസ്സിലാണ് അത് സാധിച്ചത്. ഫുട്ബോൾ കൈയിൽ കിട്ടിയ ആ നിമിഷം തൊട്ട് അവന്റെ ചിന്ത ബ്രസീലിയൻ ടീമിന് കളിക്കണം എന്നതായിരുന്നു. അരങ്ങേറ്റ ലോകകപ്പിൽ തന്നെ അവൻ രണ്ടു ഗോൾ നേടി ആ സ്വപ്നം സാക്ഷാത്കരിച്ചു.
"മയക്കുമരുന്നുകാരുടെ താവളമായിരുന്നു എന്റെ നാട്. ദാരിദ്ര്യവും പട്ടിണിയുമായിരുന്നു കുഞ്ഞുനാൾ മുതൽ എന്നെ അലട്ടിയിരുന്നത്. കുഞ്ഞുനാൾ മുതൽ ദാരിദ്ര്യമായിരുന്നു ശീലം. ഞാൻ അച്ഛന്റെ കൂടെ ബ്രസീലിയൻ തെരുവുകളിൽ ഐസ്ക്രീമും മിഠായിയും വിറ്റാണ് കഴിഞ്ഞിരുന്നത്. ഒരിക്കൽ മയക്കുമരുന്ന് സംഘത്തലവൻ എനിക്കെതിരെ തോക്ക് ചൂണ്ടി. കാണാതെപോയ മയക്കുമരുന്ന് ഞാനാണെടുത്തത് എന്ന് തെറ്റിദ്ധരിച്ചായിരുന്നു അത് ചെയ്തത്. ഞാൻ പറഞ്ഞു, കളിക്കാൻ വേണ്ടി ഇവിടെ കയറിയതാണ്. എനിക്കൊന്നും അറിയില്ല. എന്നെ വിട്ടേക്കണം. അങ്ങനെ അയാൾ എന്നെ ഷൂട്ട് ചെയ്യാതെ വിടുകയായിരുന്നു. അതുകൊണ്ട് മാത്രമാണ് ജീവൻ തിരിച്ചുകിട്ടിയത്. തിരിച്ചുകിട്ടിയ ജീവനെ ഞാൻ ഫുട്ബോളിന് സമർപ്പിച്ചു. അങ്ങനെ ഫുട്ബോളിൽ മാത്രമായി എന്റെ ജീവിതം ചുരുങ്ങി’ എന്നാണ് റിച്ചാലിസൺ നിറകണ്ണുകളോടെ പറഞ്ഞത്.
മൂന്നാറിൽനിന്ന് ഒരു ലോകോത്തര കളിക്കാരനെ കാണണം എന്ന് മനസ് എപ്പോഴും ആഗ്രഹിക്കുന്നു. ബ്രസീലിയൻ താരങ്ങളിൽ മിക്കവരും ദാരിദ്ര്യം അതിജീവിച്ച് ലോകം കീഴടക്കിയവരാണ്. അതുകൊണ്ട് പെലെ, റൊണാൾഡോ, റൊണാൾഡീഞ്ഞോ, നിക്കോലസ് കാർലോസ്, നെയ്മർ, കുട്ടിഞ്ഞോ, വിനീസിയസ്, റിച്ചാലിസൺ തുടങ്ങിയ പ്രതിഭകൾക്ക് പഞ്ഞമില്ലാത്ത ‘ടീം ബ്രസീലി’നോടാണ് എനിക്കിഷ്ടം. ബ്രസീലിയൻ ചേരികളിൽ നിന്നുയർന്നുവന്ന ആ താരകങ്ങളെ പോലെ മൂന്നാറിലെ ലയങ്ങളിൽ നിന്ന് ഒരുനാൾ ഇന്ത്യൻ ഫുട്ബോളിലേക്കും ലോക ഫുട്ബോളിലേക്കും ഒരു കളിക്കാരനെങ്കിലും ഉയർന്നുവരും.
പ്രതിഭകൾക്ക് ദാരിദ്ര്യം ഒരു പരിമിതിയല്ല. പരിമിതികളെ കാൽപ്പന്തിനെയെന്നപോലെ അടിച്ചുനീക്കാൻ അവർക്കുകഴിയും. മൂന്നാറിലെ ഫുട്ബോൾ താരങ്ങൾ റിച്ചാലിസന്റെ കരുത്ത് മാതൃകയാക്കണം. ലോകഫുട്ബോളിന്റെ നെറുകയിൽ നമുക്കും ഉമ്മ വക്കാനാകണം. ഫുട്ബോൾ വേഗം മൂന്നാർ ജനതയുടെ ചോരയിലുണ്ട്. അവരിലൊരാൾ ഒരുനാൾ, റിച്ചാലിസനെപ്പോലെ ആ ചോരയുടെ ഊർജം സാക്ഷാൽക്കരിക്കുകതന്നെ ചെയ്യും.