പറഞ്ഞു പഴകിയതാണെങ്കിലും ലോകം വീണ്ടും ഒരു പന്തിലേക്ക് ചുരുങ്ങുകയാണ്. കേവലമൊരു വിനോദമെന്നതിൽ കവിഞ്ഞ് ഫുട്‌ബോൾ പ്രസരിപ്പിക്കുന്ന ഊർജ്ജവും സംവഹിക്കുന്ന രാഷ്ട്രീയവും ഏറ്റവും ശക്തിയിൽ നുരഞ്ഞുപൊങ്ങുന്ന കാലമാണ് സംജാതമായിട്ടുള്ളത്. കവലയിലെ ഒറ്റ ടെലിവിഷനിൽനിന്ന് മാറി, സ്വന്തം മുറിയിൽ സ്മാർട്ട് ഫോണിൽ ഒറ്റയ്ക്കിരുന്ന് കളി കാണാനുള്ള സാധ്യത സാങ്കേതികത നൽകുന്ന കാലത്തും ഫുട്‌ബോൾ അതിനെ അതിജയിക്കുന്നുണ്ട്. അങ്ങനെയുള്ള കാലത്ത് നടക്കുന്ന ലോകകപ്പ് എന്ന നിലയിൽ 2022 ലോകകപ്പിന് പ്രസക്തി ഏറെയുണ്ട്.
കലങ്ങിമറിയുന്ന അറബ് രാഷ്ട്രീയം
അറബ് രാജ്യങ്ങൾ ഈയടുത്തായി പ്രധാനമായും രണ്ട് നിലയിലാണ് വാർത്താപ്രാധാന്യം നേടുന്നത്. ഒന്ന്, അവർ ആതിഥ്യം വഹിക്കുന്ന ഫുട്‌ബോൾ ലോകകപ്പിന്റെ പേരിൽ. രണ്ട്, ആ രാജ്യങ്ങളിൽ അരങ്ങേറുന്ന ആഭ്യന്തര വിമോചനപോരാട്ടങ്ങളുടെ പേരിൽ.
ഒന്നാമത്തേത് മൂന്നാംലോകത്തിന് മേലുള്ള യൂറോകേന്ദ്രിതസമ്മർദ്ദങ്ങളെ സംബന്ധിക്കുന്ന യുക്തികൊണ്ട് നിർണയിക്കപ്പെടുന്നതാണെങ്കിൽ രണ്ട് മതാധികാരത്തിന് മേലുള്ള ആന്തരികപോരാട്ടം കൊണ്ട് സംഭവിക്കുന്നതാണ്.
പുറന്തള്ളലിന്റെ രാഷ്ട്രീയവും ഉൾക്കൊള്ളലിന്റെ രാഷ്ട്രീയവും തമ്മിലുള്ള ബലാബലങ്ങളാണ് ഈ സംഘർഷത്തെ നിലനിർത്തുന്ന അടിസ്ഥാനപരമായ കാരണം. അറബ് രാജ്യങ്ങൾ മതയുക്തിയിൽ അടിസ്ഥാനപ്പെടുത്തിയാണ് രാഷ്ട്രീയജീവിതം പോലും കെട്ടിയുയർത്തുന്നത്. അതുകൊണ്ടുതന്നെ മതാധികാരത്തിനുമേലുള്ള ആന്തരികപോരാട്ടം അറബ് ജനതയുടെ കർതൃബോധത്തിൽ നിന്നും രൂപപ്പെടുന്ന തദ്ദേശീയമായ അതിജീവനശ്രമമാണെന്ന് കാണാം. അത് ആ ജനതയെ അപവരത്കരിക്കുന്നതോ അവരുടെ കർതൃത്വത്തെ നിരാകരിക്കുന്നതോ അല്ല. നിരന്തരമായ ഇടപെടലുകളിലൂടെ പ്രശ്നവത്കരിക്കാനും പുരോഗമിക്കാനുമുള്ള സാധ്യത അത് മുന്നോട്ടുവെക്കുന്നുണ്ട്. ഹിജാബ് ധരിക്കാതിരുന്നതിന്റെ പേരിൽ ഇറാൻ ഭരണകൂടം അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിൽ മരണപ്പെടുകയും ചെയ്ത മഹ്സ അമിനിയോട് ഐക്യപ്പെടുന്ന ആന്തരപ്രക്ഷോഭങ്ങൾ വാസ്തവത്തിൽ മതത്തോടുള്ള കലഹം തന്നെയാണ്. അറബ് രാജ്യങ്ങളിലെ മതഭരണകൂടങ്ങൾക്കെതിരെ പൊട്ടിപ്പുറപ്പെട്ട ‘അറബ് വസന്ത'ത്തെയും ഈ നിരയിൽ സ്ഥാനപ്പെടുത്താം.
ഫുട്‌ബോളിന്റെ രാഷ്ട്രീയവും യൂറോപ്പിന്റെ രാഷ്ട്രീയവും
ഒരു കളിയെന്നതിനപ്പുറം ഫുട്‌ബോൾ രാഷ്ട്രീയപ്രകടനങ്ങളുടെ കൂടി വേദിയാണ്. പല കാലങ്ങളിൽ അത്തരം രാഷ്ട്രീയപ്രമേയങ്ങൾ കൊണ്ട് ഫുട്‌ബോൾ മത്സരങ്ങളും മൈതാനങ്ങളും ചൂടുപിടിച്ചിരുന്നതായി കാണാം. ചരിത്രപരമായ വൈരങ്ങളുടെ ഭാഗമായി പോലും ഫുട്‌ബോൾ മത്സരങ്ങൾ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഭരണകൂടങ്ങൾ പോലും ഫുട്‌ബോൾ മത്സരങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. ഫോക്ക്ലാൻറ് ദ്വീപുകളുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി അർജന്റീനയും ഇംഗ്ലണ്ടും തമ്മിലുണ്ടായ യുദ്ധം ഇന്നും നിലനിൽക്കുന്നത് ഇരുവരും തമ്മിൽ ഫുട്‌ബോളിൽ ഏറ്റുമുട്ടുമ്പോഴാണെന്ന് കാണാം.
ഖത്തർ ലോകകപ്പിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് ഖത്തറിനെതിരെയും അറബ് ജനതക്കെതിരെയുമുള്ള യൂറോപ്യൻ ക്യാമ്പയിനുകളിലും നിഷേധാത്മകമായ അപരയുക്തി പ്രകടമാണ്.
ഖത്തർ ലോകകപ്പും രാഷ്ട്രീയമായി ശ്രദ്ധ നേടാൻ ആഗ്രഹിക്കുന്ന ലോകകപ്പാണ്. ലൈംഗിക ന്യൂനപക്ഷങ്ങളോട് ഐക്യപ്പെട്ട് നെതർലന്റിൽ നിന്നാരംഭിച്ച "വൺ ലവ്' ക്യാമ്പയിന്റെ ഭാഗമായി, മഴവിൽ നിറത്തിലുള്ള ആം ബാൻഡ് അണിയാൻ പത്തോളം ടീമുകൾ ഫിഫയോട് അനുമതി ചോദിച്ചിട്ടുണ്ട്. ഈ സന്ദർഭത്തിലാണ് മുൻ ഖത്തർ ഫുട്‌ബോൾ താരവും ഖത്തർ ലോകകപ്പിന്റെ അംബാസിഡർമാരിൽ ഒരാളുമായ ഖാലിദ് സൽമാൻ ലോകകപ്പ് തുടങ്ങാൻ രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ ഒരു ജർമൻ ബ്രോഡ്കാസ്റ്റർക്ക് നൽകിയ അഭിമുഖത്തിൽ "സ്വവർഗലൈംഗികത മാനസികപ്രശ്നമാണ്' എന്ന അഭിപ്രായം മുന്നോട്ടുവെക്കുന്നത്. ഇത് വലിയ ചർച്ചകളിലേക്കാണ് നയിച്ചത്. ഫുട്‌ബോൾ, മതം, ലൈംഗികത, മനുഷ്യാവകാശം മുതലായവയെല്ലാം ഇവിടെ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നത് കാണാം. ചർച്ചകളിലെ തീവ്രപക്ഷം, സ്വവർഗലൈംഗികത കുറ്റമായി പ്രഖ്യാപിച്ചിട്ടുള്ള ഖത്തറിനെതിരെ "ബോയ്ക്കോട്ട് ഖത്തർ' ഉൾപ്പെടെയുള്ള കാമ്പയിനുകളും ഏറ്റെടുത്തുകഴിഞ്ഞു. ഉറവിടവും ഉള്ളടക്കവും യൂറോപ്പായ വിദ്വേഷപ്രചരണമാണ് ഇതെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.
ഖത്തറിനെതിരായ യൂറോപ്പിന്റെ വിമർശനങ്ങളെ പ്രശ്നവത്ക്കരിക്കേണ്ടിവരുന്നത് അതിലടങ്ങിയിട്ടുള്ള മൂന്നാംലോക ജനതയെ അപരവത്ക്കരിക്കുന്ന യൂറോകേന്ദ്രിത നോട്ടങ്ങൾ മൂലമാണ്. യൂറോപ്യൻ ആധുനികത നിർവ്വചിച്ച മാനുഷികമൂല്യങ്ങളുടെ അടിസ്ഥാനത്തിൽ കോളനീകൃത - മൂന്നാംലോകമനുഷ്യരെ അപമാനവീകരിക്കാനും അവരെ "മൃഗീയ'രും "പ്രാകൃതരു'മായി ചിത്രീകരിക്കാനും യൂറോപ്പ് എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. ഖത്തർ ലോകകപ്പിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് ഖത്തറിനെതിരെയും അറബ് ജനതക്കെതിരെയുമുള്ള യൂറോപ്യൻ ക്യാമ്പയിനുകളിലും നിഷേധാത്മകമായ ഈ അപരയുക്തി പ്രകടമാണ്.
അറബ് രാഷ്ട്രങ്ങളോടുള്ള യൂറോപ്യൻ വിമർശനങ്ങളിൽ പ്രഥമ സ്ഥാനത്തുള്ളത് ലോകകപ്പ് സംഘാടകരും അറബ് ജനതയും പ്രകടിപ്പിക്കുന്ന സ്വവർഗ്ഗഭീതിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. അറബ് ലോകത്തിന്റെ മതാത്മകജീവിതത്തിന്റെ "കാടത്ത'മാണ് ഈ സ്വവർഗഭീതിയെന്ന് ആരോപിച്ച് അറേബ്യൻ ജനതയുടെ കർതൃത്വത്തെ തന്നെ റദ്ദ് ചെയ്യുന്ന തരത്തിലുള്ള ഏകപക്ഷീയമായ വിമർശനങ്ങളാണ് ഇവയിൽ ഏറെയും.
എന്നാൽ, സ്വവർഗ്ഗഭീതി അറേബ്യൻ ലോകത്തിന്റെ മാത്രം പ്രശ്നമല്ല. യൂറോപ്യൻ ഫുട്ബോൾ സംസ്കാരം തന്നെ അടിമുടി ഹോമോഫോബിക്കാണ്. ക്വീർ സമൂഹത്തോട് ഐക്യപ്പെട്ട് മഴവിൽ ഫ്ളാഗ് പ്രദർശിപ്പിച്ച ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിനെതിരെ യൂറോപ്യൻ ആരാധകർ വലിയ രോഷമായിരുന്നു പ്രകടിപ്പിച്ചത്. മാനവികതയുടെ സ്വയം പ്രഖ്യാപിതകേന്ദ്രമായി നിലകൊള്ളുന്ന യൂറോപ്യൻ ഫുട്ബോൾ ടീമുകളുടെ ഡ്രസ്സിംഗ് റൂമുകൾ ഇന്നും ഒരു സ്വവർഗ്ഗാനുരാഗിക്ക് "come out' ചെയ്യാൻ മാത്രം മാനവികമല്ല.
യൂറോപ്പിലെ ഗാലറികളിൽ നിന്നും വെള്ളക്കാരല്ലാത്ത താരങ്ങൾ നേരിടേണ്ടി വരുന്ന വംശീയ അധിക്ഷേപങ്ങളും വിരളമല്ല. 2021ൽ അരങ്ങേറിയ യൂറോ കപ്പ് ഫൈനലിൽ പെനാൽറ്റി പാഴാക്കിയ സഞ്ചോ, റാഷ്ഫോർഡ്, സാക്ക എന്നിവർക്ക് നേരിടേണ്ടി വന്ന വംശീയ അധിക്ഷേപം, റയൽ മാഡ്രിഡ് ക്ലബ്ബിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ വിനീഷ്യസ് ജൂനിയർ 2022ൽ നേരിട്ട വംശീയാവഹേളനവുമൊക്കെ ഏറ്റവും അവസാനത്തെ ഉദാഹരണങ്ങൾ മാത്രമാണ്.
കാര്യങ്ങൾ ഇങ്ങനെയൊക്കെ നിലനിൽക്കെ തന്നെ യൂറോപ്പിനെയും അവിടുത്തെ ഫുട്ബോൾ സംസ്കാരത്തെയും ഖത്തറടക്കമുള്ള മൂന്നാംലോകത്തിന് സമാനമായി ആരും അപരവത്കരിക്കകയോ "കാടത്ത'വത്ക്കരിക്കുകയോ ചെയ്യാറില്ല. യൂറോകേന്ദ്രിതമായ ആഗോളവീക്ഷണത്തിന്റെ യുക്തി ആ നിലക്ക് മാത്രമേ പ്രവർത്തിക്കുകയുള്ളു. ഖത്തറിനെതിരായ യൂറോപ്യൻ വിമർശനത്തെ പ്രശ്നവത്കരിക്കേണ്ടി വരുന്നതിന്റെ പ്രഥമമായ കാരണം ഇതാണ്.
ഖത്തർ ലോകകപ്പിൽ "നിഷിദ്ധ'ങ്ങളായ കാര്യങ്ങളുടെ ഒരു ലിസ്റ്റ് ഈയടുത്ത് വലിയ പ്രചാരം നേടിയിരുന്നു. സ്വവർഗലൈംഗികത, ഡേറ്റിംഗ്, മദ്യം, "മാന്യത'യില്ലാത്ത വസ്ത്രം മുതലായ കാര്യങ്ങൾ ഖത്തറിൽ അനുവദിക്കില്ല എന്ന് ഉദ്‌ഘോഷിച്ച് ഭരണകൂടം പുറത്തിറക്കിയ വിജ്ഞാപനമെന്ന നിലയിലാണ് ആ ലിസ്റ്റ് കുപ്രസിദ്ധി നേടിയത്. പക്ഷേ, അത്തരം ഒരു വിജ്ഞാപനം തങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടില്ല എന്ന് ഖത്തർ ഭരണകൂടവും ഫിഫയും പറഞ്ഞതോടെ ആ പ്രചരണം കുബുദ്ധികളുടേതാണെന്ന് തെളിഞ്ഞു. മാത്രമല്ല, നിയന്ത്രങ്ങളുടേതായ ലോകമല്ല ഖത്തർ തുറന്നിടുന്നതെന്നും ആരാധകർക്ക് ഖത്തറിൽ സ്വാതന്ത്ര്യമുണ്ടാകുമെന്നും ഖത്തർ ഭരണകൂടം ഉറപ്പുനൽകുകയും ചെയ്തു. പക്ഷേ, ഈ വാർത്ത ഏറ്റവും പ്രചാരം നേടിയത് യൂറോപ്യൻ രാജ്യങ്ങളിലാണ്. ഒരു ലോകകപ്പിന് ആതിഥ്യം വഹിക്കാൻ ഖത്തറിന് കഴിയില്ലെന്നും ഖത്തറും മറ്റ് അറബ് രാഷ്ട്രങ്ങളും "അപരിഷ്‌കൃത'മാണെന്നും യൂറോപ്പ് വിധിച്ചു. മൂന്നാംലോകത്തെ അപരവത്കരിച്ച്, തങ്ങളുടെ "മാന്യമായ അപ്രമാദിത്വം' ഉറപ്പിക്കുന്ന യൂറോപ്യൻ യജമാനയുക്തിയാണ് ഇവിടെയും കാണുന്നത്. ഈ യുക്തി അപരവത്കരണത്തിന്റേതാണ്. തദ്ദേശീയമായ വിമർശനങ്ങളുടെയും വിമോചനപോരാട്ടങ്ങളുടെയും കർതൃബോധവും ക്രിയാത്മകതയും അതിനില്ല.
ലോകം തിരിയുമ്പോൾ അത് താനേ തിരിയുന്നതല്ല, തങ്ങൾ തിരിക്കുന്നതാണെന്നും ലോകത്തിന്റെ കടിഞ്ഞാൺ തങ്ങളുടെ കൈയിലാണെന്നുമാണ് യൂറോപ്പ് പറയുന്നത്.
2006ൽ പുറത്തിറങ്ങിയ "ഓഫ്‌സൈഡ്' എന്ന ഇറാനിയൻ ചിത്രത്തിൽ, ഫുട്‌ബോൾ മത്സരം കാണാൻ സ്റ്റേഡിയത്തിലേക്ക് പോകുന്ന സ്ത്രീകളെ കാണിക്കുന്നുണ്ട് പനാഹി. ആൺവേഷം കെട്ടിയും തലമുടി മറച്ചുവെച്ചുമൊക്കെ സ്ത്രീകൾ സ്റ്റേഡിയത്തിലേക്ക് കടക്കാൻ ശ്രമിച്ച് പരാജയപ്പെടുന്നുണ്ട്. ഈ നിലയ്ക്കൊരു സംഭവം ഇറാനിൽ 2019ൽ യാഥാർത്ഥ്യമാവുകയുമുണ്ടായി. വേഷം മാറി ഫുട്‌ബോൾ മത്സരം കാണാനെത്തിയ സഹർ കോദയാറി എന്ന വനിത ടെഹ്‌റാനിൽ വെച്ച് പോലീസ് പിടിയിലാവുകയും പിന്നീട് ഭരണകൂടശിക്ഷ ഭയന്ന് ആത്മഹത്യ ചെയ്യുകയും ചെയ്തു. എന്നാൽ, അതേ ഇറാനിലെ പുരുഷ ഫുട്‌ബോൾ ടീമിലെ കളിക്കാർ പോലും പൊരുതുന്ന ഇറാനിയൻ സ്ത്രീകളോട് ഐക്യപ്പെട്ട് നിലകൊള്ളുന്നുണ്ട്. മുന്നേറ്റനിരക്കാരനായ സർദാർ അസ്മോൺ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഒരു പോസ്റ്റ് ഇപ്രകാരമാണ്: "That is worth sacrificing for one strand of Iranian women's hair. Shame on you who kill people so easily. Long live Iranian women'. യാഥാസ്ഥിതികത്വത്തിനെതിരെ തദ്ദേശീയമായി തന്നെ പ്രതിരോധങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് സാരം. അതുകൊണ്ട് തന്നെ യൂറോപ്പെന്നാൽ പുരോഗമനപരമെന്നും കിഴക്കെന്നാൽ അപരിഷ്കൃതമെന്നുമുള്ള ദ്വന്ദബോധത്തിന് പ്രസക്തിയില്ല.
ലോകം തിരിയുമ്പോൾ അത് താനേ തിരിയുന്നതല്ല, തങ്ങൾ തിരിക്കുന്നതാണെന്നും ലോകത്തിന്റെ കടിഞ്ഞാൺ തങ്ങളുടെ കൈയിലാണെന്നുമാണ് യൂറോപ്പ് പറയുന്നത്. ഇതിന് നിന്നുകൊടുക്കാൻ തയ്യാറല്ലാത്ത ഒരു ലോകത്തെയാണ് ലോകവീക്ഷണത്തെയുമാണ് നമുക്ക് രൂപപ്പെടുത്തേണ്ടത്. വംശീയവെറിയുടെ, അപരവത്കരണത്തിന്റെ യൂറോപ്യൻപാഠങ്ങളെ തിരുത്തിയെഴുതി വേണം പ്രതിരോധം ഉയരേണ്ടത്. പടിഞ്ഞാറിന്റെ പരിഷ്കരണയുക്തിയിൽ നിന്നല്ല, തദ്ദേശീയമായ വൈരുദ്ധ്യങ്ങളുടെ സംവാദാത്മകതയിൽ നിന്നാവണം അത് രൂപപ്പെപ്പെടേണ്ടത്.
അതിന്റെ തുടക്കമാവാനാണ് ഖത്തർ തയ്യാറാകേണ്ടത്. ലോകകപ്പ് അത്തരമൊരു സംവാദസാധ്യതയായാണ് മാറേണ്ടതും. ▮