എം.ബി. രാ​ജേഷ്​

എന്റെ ഹൃദയത്തിന് വെള്ളയിൽ നീല വരകളാണുള്ളത്

ഞാനൊരു അന്ധനായ അർജന്റീനിയൻ ആരാധകനല്ല. പക്ഷേ ഭ്രാന്തമായ ഒരു അർജന്റീനിയൻ പക്ഷപാതിയാണ്. ആരാധകരിൽ മഹാഭൂരിപക്ഷത്തിനും അർജന്റീനയെന്നാൽ മനുഷ്യന്റെ അതിരുകളില്ലാത്ത വിമോചനാഭിവാഞ്ഛകളുടെ ചരിത്രത്തെയാകെ ചുരുക്കിയെഴുതാവുന്ന ഒരു പദമാണ്. അവർ കളിക്കുന്ന മൈതാനങ്ങളെല്ലാം നീതിക്കും അതിജീവനത്തിനുമുള്ള പടനിലങ്ങളായിട്ടും കൂടിയാണ് ഞാൻ വിഭാവനം ചെയ്യുന്നത്.

ദ്യമായി നേരിട്ടുകണ്ട കളി ഫുട്​ബോളല്ല, ഹോക്കി ആയിരുന്നു.

തീരെ ചെറിയ കുട്ടിയായിരുന്ന കാലത്ത് ജലന്ധറിലെ ഹോക്കി മൈതാനങ്ങളിലേക്ക് അച്ഛന്റെ കൈപിടിച്ച് കളി കാണാൻ പോയതും തലയ്ക്കു മുകളിലേക്ക് ചുരുട്ടിവെച്ച മുടി ഒരു വെളുത്ത തുണികൊണ്ട് ഉണ്ടയാക്കി പൊതിഞ്ഞുകെട്ടി കളിക്കുന്ന സർദാർജിമാരുടെ കൗതുകക്കാഴ്ചയും മങ്ങിയതെങ്കിലും മായാതെ മനസ്സിലിപ്പോഴുമുണ്ട്. അന്നു കണ്ട കളികളെല്ലാം ജലന്ധർ ഇ.എം.ഇ, എ.എസ്.സി, ബി.എസ്.എഫ് തുടങ്ങിയ അക്കാലത്തെ ഇന്ത്യയിലെ മുൻനിര ഹോക്കി ടീമുകളുടേതായിരുന്നുവെന്ന് മനസ്സിലാക്കിയതൊക്കെ പിൽക്കാലത്തായിരുന്നു.

ജലന്ധറിൽ നിന്ന് അച്ഛന് സ്ഥലംമാറ്റമായപ്പോൾ നാട്ടിലെത്തിയതോടെ കളി നേരിട്ട് കാണുന്നതവസാനിച്ചു. പിന്നെ കളി കേൾക്കലും വായിക്കലുമായിരുന്നു ശീലം. ആദ്യം കേട്ടാസ്വദിച്ചതും ഹോക്കി തന്നെ.

1980 ലെ മോസ്‌കോ ഒളിമ്പിക്‌സ്.

ഇന്ത്യയുടെ ഏക പ്രതീക്ഷയായ ഹോക്കിയിൽ മത്സരങ്ങളുടെയെല്ലാം ദൃക്​സാക്ഷി വിവരണം വീട്ടിലെ മർഫി റേഡിയോക്കു മുന്നിൽ കാതുകൂർപ്പിച്ചിരുന്ന് കേട്ട കുട്ടിക്കാലം തെളിഞ്ഞ ഓർമയാണ്. ഞാനന്ന് നാലിലോ അഞ്ചിലോ ആണ്. ഇംഗ്ലീഷ്, ഹിന്ദി അക്ഷരമാലകൾ പഠിച്ചുതുടങ്ങിയിട്ടേയുള്ളൂ. കമന്ററി മുഴുവൻ ഇംഗ്ലീഷിലും ഹിന്ദിയിലുമാണ്. സംഗീതത്തിന് ഭാഷ തടസമല്ല എന്ന് പറയുന്നതുപോലെ കമന്ററി കേട്ട് മനസ്സിലാക്കാനും കളി ആസ്വദിക്കാനും ഭാഷ പ്രശ്‌നമല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞത് അന്നാണ് . റേഡിയോ കമന്ററിയും പിറ്റേന്നത്തെ മാതൃഭൂമി പത്രത്തിലെ വി. രാജഗോപാലിന്റെ മോസ്‌കോയിൽ നിന്നു നേരിട്ടുള്ള കളിയെഴുത്തും കളിയാവേശം ഒട്ടും ചോരാതെ എന്നിൽ നിറച്ചു. ടാൻസാനിയക്കെതിരായ ആദ്യ മത്സരത്തിലെ 18 ഗോൾ വിജയവും സെന്റർ ഫോർവേഡ് സുരീന്ദർസിംഗ് സോധിയുടെ ഡബിൾ ഹാട്രിക്കും മുതൽ സ്‌പെയിനെതിരായ വാശിയേറിയ ഫൈനൽ മത്സരത്തിലെ 3 -2 വിജയവുമെല്ലാം ഇപ്പോഴും ഒളിമങ്ങാത്ത ഓർമയായിരിക്കുന്നത് കേട്ടും വായിച്ചുമാണ്. ആ ടീമിലെ താരങ്ങളുടെയെല്ലാം പേരും പൊസിഷനും വരെ ഉറക്കത്തിൽ വിളിച്ചുചോദിച്ചാലും 42 വർഷത്തിനിപ്പുറവും പറയാനാവും.

 1980ലെ മോസ്‌കോ ഒളിമ്പിക്സിൽ സ്വർണ്ണം നേടിയ ഇന്ത്യൻ ഹോക്കി ടീം
1980ലെ മോസ്‌കോ ഒളിമ്പിക്സിൽ സ്വർണ്ണം നേടിയ ഇന്ത്യൻ ഹോക്കി ടീം

കമന്ററിയിലൂടെ പിന്നെ എന്നെ ആവേശിച്ചത് ക്രിക്കറ്റാണ്. 1981 ലെ ഓസ്ട്രേലിയൻ പര്യടനത്തിൽ അഡലെയ്ഡിലെ തകർപ്പൻ സെഞ്ചുറി പ്രകടനം പുലർച്ചെ കേട്ട കമന്ററിയിലൂടെ അനുഭവിച്ചറിഞ്ഞ നാൾ മുതൽ സന്ദീപ് പാട്ടീൽ എന്റെ ഹൃദയത്തിൽ ഹീറോ പരിവേഷം നേടിയതാണ്. ടി.വിയിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ബുൾഗാനിൻ താടി വെച്ച തകർപ്പനടിക്കാരന്റെ ബാറ്റിങ് എന്റെ ഹൃദയം കീഴടക്കിയത് കാതുകളിലൂടെയായിരുന്നു. ഇംഗ്ലീഷ് ഫാസ്റ്റ് ബൗളർ ബോബ് വില്ലീസിനെ ഓരോവർ മുഴുവൻ സന്ദീപ് പാട്ടീൽ ബൗണ്ടറിയടിച്ചതും കേട്ട് ഹരംകൊള്ളാൻ എനിക്ക് ഭാഗ്യമുണ്ടായി. ഇംഗ്ലീഷിനോടും ഹിന്ദിയോടും അക്കാലത്തെ ഒരു മലയാളി വിദ്യാർത്ഥിക്ക് ഉണ്ടായിരുന്ന അപരിചിതത്വവും ഭീതിയും അകറ്റാൻ സഹായിച്ചുവെന്ന പ്രയോജനവും കമന്ററി കൊണ്ടുണ്ടായി.

ഇതിനും ശേഷമാണ് ഫുട്‌ബോൾ എന്നെ തേടിവരുന്നത്. അത് കണ്ണും കാതും വഴിയല്ല, കാലിലൂടെ തന്നെയായിരുന്നു. ബന്ധുവും അയൽവാസിയും നല്ല കളിക്കാരനുമായ ബാബുവേട്ടനാണ് ആദ്യ ഗുരു എന്നുപറയാം. 20 പൈസയുടെ റബ്ബർ പന്തിൽ തുടക്കം. പിന്നെ രണ്ടു രൂപയുടെ, കുറേക്കൂടി വലിയ പന്തിലേക്ക് വളർച്ച. ലീവിൽ നാട്ടിലെത്തിയ അച്ഛൻ ഇതുകണ്ട് 20 രൂപക്ക് ഫുട്‌ബോൾ വാങ്ങിത്തന്നപ്പോൾ ലോകകപ്പ് നേടിയ സന്തോഷമാണുണ്ടായത്. നാട്ടിലെ കുട്ടികൾക്കെല്ലാം കളിക്കാൻ ആ പന്ത് മാത്രമായിരുന്നു. മിക്കവാറും പാവപ്പെട്ടവരും പാർശ്വവൽകൃതരും. പറയത്തക്ക സാമൂഹിക ബന്ധങ്ങളില്ലാത്ത, ഒട്ടൊക്കെ യാഥാസ്ഥിതികമായ കുടുംബ സാഹചര്യത്തിൽനിന്ന് എന്നെ ആ പന്ത്, കളിപ്പറമ്പിന്റെ തുറസ്സിലേക്ക് മാത്രമല്ല, വിപുലമായ സാമൂഹിക ബന്ധങ്ങളുടെ വിശാലമായ പൊതുവിടത്തിലേക്ക് കൂടിയാണ് കൊണ്ടുപോയത്. എല്ലാവരുമായും ഇടപഴകാനും അക്കൂട്ടത്തിലൊരാളായി അലിയാനും ആ പന്തും അതിനെ ചുറ്റിപ്പറ്റിയുള്ള കളിക്കൂട്ടവും കാരണമായി. ചരൽപ്പറമ്പിലെ കളി മുറിവുണങ്ങാത്ത കാൽമുട്ടുകളും പാദങ്ങളും സമ്മാനിച്ചുവെങ്കിലും ചോരയിറ്റുന്ന ആ മുറിവുകളെല്ലാം കളിയുടെയും കൂട്ടായ്മയുടെയും ആഹ്ലാദത്തിന്റെ വറ്റാത്ത ഉറവകളായിട്ടാണ് അനുഭവപ്പെട്ടത്.

ആഹ്ലാദപ്പൂത്തിരി കത്തുന്ന ആ വൈകുന്നേരങ്ങൾക്കുള്ള കാത്തിരിപ്പുകളായിരുന്നു ഓരോ പകലും. കളിച്ചുതേഞ്ഞ് നിറം മങ്ങുകയും തുന്നലുവിട്ട് ബ്ലാഡർ പുറത്തേക്ക് തെറിക്കുകയും പഞ്ചറാവുകയും ചെയ്തപ്പോഴെല്ലാം തള്ളവിരൽ കൊണ്ട് ബ്ലാഡർ അകത്തേക്ക് തള്ളിയും പഞ്ചറൊട്ടിച്ചും ഏറെക്കാലം ആ പന്ത് കൊണ്ടുനടന്നു. ഒടുവിൽ ഞങ്ങളെല്ലാം കൂടി പിരിവിട്ട് പുതിയൊരു പന്ത് വാങ്ങി. പഞ്ചമി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് ഉണ്ടാക്കി. ഞാൻ ക്ലബ്​ സെക്രട്ടറിയും ടീമിന്റെ ഗോളിയുമായി. (പിന്നീട് ക്രിക്കറ്റ് ടീമുണ്ടാക്കി. അതുമായി ബന്ധപ്പെട്ട പ്രത്യയശാസ്ത്ര സംഘർഷങ്ങളുടെ കഥ പിന്നീടൊരിക്കലാവാം). ആദ്യത്തെ സംഘാടനം ഫുട്ബോളിനെ മുൻനിർത്തിയാണ്. അവിടെ നിന്ന് ക്ലബ്ബിന്റെ വാർഷികവും നാടകാവതരണവും വായനശാലാ പ്രവർത്തനവുമൊക്കെയായി മുന്നോട്ടുപോയി. എല്ലാം തുടങ്ങിയത് ഫുട്‌ബോളിൽ നിന്നായിരുന്നു.

യാഥാസ്ഥിതികമായ കുടുംബ സാഹചര്യത്തിൽനിന്ന് എന്നെ ആ പന്ത്, കളിപ്പറമ്പിന്റെ തുറസ്സിലേക്ക് മാത്രമല്ല, വിപുലമായ സാമൂഹിക ബന്ധങ്ങളുടെ വിശാലമായ പൊതുവിടത്തിലേക്ക് കൂടിയാണ് കൊണ്ടുപോയത്
യാഥാസ്ഥിതികമായ കുടുംബ സാഹചര്യത്തിൽനിന്ന് എന്നെ ആ പന്ത്, കളിപ്പറമ്പിന്റെ തുറസ്സിലേക്ക് മാത്രമല്ല, വിപുലമായ സാമൂഹിക ബന്ധങ്ങളുടെ വിശാലമായ പൊതുവിടത്തിലേക്ക് കൂടിയാണ് കൊണ്ടുപോയത്

അക്കാലത്ത് കേരളത്തിൽ ധാരാളം ടൂർണമെന്റുകളുണ്ടായിരുന്നു. കോഴിക്കോട് സേട്ട് നാഗ്ജി, തൃശൂരിൽ ചാക്കോളാസ് സ്വർണക്കപ്പ്, തിരുവനന്തപുരത്ത് ജി.വി രാജാ ട്രോഫി എന്നിങ്ങനെ. നേരിട്ട് കളി കാണാൻ പോകാനൊന്നും വീട്ടിൽ നിന്ന് അനുവാദമില്ല. കമന്ററി തന്നെ ആശ്രയം. തൃശൂരിൽ, സന്തോഷ് ട്രോഫി ക്വാർട്ടറിൽ റെയിൽവെയുടെ ബികാസ് പാഞ്ചിയുടെ ഗോൾ കേരളത്തിന്റെ വലയിൽ വീണ ഹൃദയഭേദകമായ നിമിഷങ്ങളൊക്കെ ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നുണ്ട്. കൽക്കത്ത ക്ലബുകൾക്ക് കളിക്കുന്ന സേവിയർ പയസും പ്രേംനാഥ് ഫിലിപ്പും സി. ഡി. ഫ്രാൻസിസും എന്റെ മനസ്സിൽ വീരപരിവേഷമുള്ളവരാണ്. മെർദേക കപ്പും നെഹ്റു ട്രോഫിയുമൊക്കെയുള്ള കാലമാണ്. കൊച്ചിയിലെ നെഹ്റു ട്രോഫിക്കെത്തിയ സോവിയറ്റ് യൂണിയന്റെ ഇതിഹാസ താരം ഗോളി റെനെറ്റ് ദാസയേവും ലോക കപ്പ് താരം ഇഗോർ ഡോബ്രോവോൾസ്‌കിയുമെല്ലാം കളിച്ചതോർക്കുന്നു. കമന്ററിക്ക് പുറമേ ഗംഭീരന്മാരായ കളിയെഴുത്തുകാരിലൂടെയുമാണ് അവരുടെയൊക്കെ മാസ്മരിക പ്രകടനങ്ങൾ അനുഭവിച്ചറിഞ്ഞത്.

അന്ന് പത്രം വായന തുടങ്ങുന്നത് പിന്നിലെ സ്‌പോർട്‌സ് പേജിൽ നിന്ന് മുൻ പേജിലേക്കാണ്. വിംസീയും രാജഗോപാലും ഭാസി മലാപ്പറമ്പും രവി മേനോനും എ. എൻ. രവീന്ദ്രദാസുമെല്ലാം കളിയെഴുത്തിനെ താള-വൃത്ത നിബദ്ധമായ ഗദ്യ കവിതയാക്കിയ കാലമാണ്. കളിയഴകും കളത്തിലെ ത്രസിപ്പും ദ്രുതചലനങ്ങളുമെല്ലാം വായനക്കാരന്റെ മനസ്സിൽ കോരിനിറച്ചവരാണ് അവരൊക്കെ. ആയിടെയാണ് പഠിക്കുമ്പോഴാണ് നെഹ്റു കപ്പിലെ ജേതാവ്, റണ്ണറപ്പ്, ടോപ് സ്‌കോറർ എന്നീ പേരുകൾ ശരിയായി പ്രവചിച്ച് മാതൃഭൂമി പ്രവചന മത്സരത്തിൽ വിജയിയായി പത്രത്തിൽ ആദ്യമായി പേരടിച്ചു വന്നത്. എന്റെ പേരിൽ ആദ്യം അച്ചടി മഷി പുരളുന്നത് ഫുട്‌ബോൾ നിമിത്തമാണ്. പതിനായിരക്കണക്കിന് പേരിൽ 42 പേരാണ് എല്ലാം ശരിയായി പ്രവചിച്ചത്. 42 പേരിൽ നിന്ന് നറുക്കെടുത്തപ്പോൾ സമ്മാനമൊന്നും കിട്ടിയില്ല. വാസിൽ ഡ്രാഗലോവ് എന്ന ബൾഗേറിയൻ താരം ടോപ് സ്‌കോററാകുമെന്ന് കൃത്യമായി പ്രവചിക്കാനായത് ഇന്നും എനിക്ക് ഒരു അത്ഭുതമാണ്.

ഏഴാം ക്ലാസ് കഴിഞ്ഞ് ഹൈസ്‌കൂളിൽ ചേരാൻ ബസിൽ പോകാവുന്ന ഷൊർണൂർ പട്ടണം ഒഴിവാക്കി അങ്ങോട്ടുമിങ്ങോട്ടും ദിവസം 10 കിലോമീറ്റർ നടക്കേണ്ടിയിരുന്ന ചളവറയാണ് തെരഞ്ഞെടുത്തത്. നിറയെ ചുവന്ന ഗുൽമോഹർ പൂക്കൾ വീണുകിടക്കുന്ന ചളവറ സ്‌കൂളിന്റെ മുറ്റം സൃഷ്ടിച്ച പ്രലോഭനം മാത്രമായിരുന്നു കാരണം. (പിന്നീടങ്ങോട്ട് ചുവന്ന പാതയിലൂടെ നടക്കാൻ കാരണമായതും അന്ന് ചളവറ തെരഞ്ഞെടുത്തതു തന്നെ). എന്റെ ആരാധനാപാത്രമായിരുന്ന പി.സി. വാസു ചളവറയിലെ വിദ്യാർഥിയാണ്. യു.പി സ്‌കൂൾ കാലത്തുതന്നെ വാസുവിനെക്കുറിച്ച് പത്രത്തിൽ വായിച്ചിട്ടുണ്ട്. ചളവറ പോലൊരു തനി നാട്ടിൻപുറത്തുനിന്ന് നഗ്‌നപാദനായി ഓടി സംസ്ഥാന സ്‌കൂൾ മീറ്റിൽ വെള്ളി നേടിയ ഗ്രാമീണ പ്രതിഭയായിരുന്നു വാസു. ചളവറ സ്‌കൂളിലെത്തിയ ഞാൻ ആരാധനയോടെ, നിർന്നിമേഷനായി വാസു നടന്നുപോകുന്നത് എത്രയോ വട്ടം നോക്കി നിന്നിട്ടുണ്ട്. വാസുവിന്റെ കണ്ണിൽപ്പെടാൻ ആഗ്രഹിച്ചിട്ടുണ്ട്.

അന്ന്  പത്രം വായന തുടങ്ങുന്നത് പിന്നിലെ  സ്‌പോർട്‌സ് പേജിൽ നിന്ന് മുൻ പേജിലേക്കാണ്
അന്ന് പത്രം വായന തുടങ്ങുന്നത് പിന്നിലെ സ്‌പോർട്‌സ് പേജിൽ നിന്ന് മുൻ പേജിലേക്കാണ്

ഒരിക്കൽ ഞാനും വാസുവും അഭിമുഖമായി വന്നു. സൗമ്യമായ ഒരു പുഞ്ചിരി വാസു എനിക്ക് സമ്മാനിച്ചു. ഞാൻ ആഹ്‌ളാദത്തിന്റെ കൊടുമുടി കയറി. അന്ന് വൈകുന്നേരം വീട്ടിലെത്തിയ ഞാൻ അടക്കാനാവാത്ത ആഹ്ലാദത്തോടെ അമ്മയോട് പറഞ്ഞു, ‘ഇന്ന് എന്നെ നോക്കി വാസു ചിരിച്ചു'. വീട്ടിൽ അമ്മയ്ക്കും അച്ഛനുമൊക്കെ ഞാൻ പറഞ്ഞുപറഞ്ഞ് വാസു സുപരിചിതനാണ്. ഒരു ചിരി മനുഷ്യരിൽ എത്ര അത്ഭുതകരമായി പ്രവർത്തിക്കുമെന്ന് അന്ന് തിരിച്ചറിഞ്ഞത്
ഇന്നും ഞാൻ ആളുകളുമായി ഇടപെടുമ്പോൾ ഓർക്കാറുണ്ട്. അമ്മ ഇപ്പോഴും അത് ഓർമിപ്പിച്ച് ചിരിക്കാറുണ്ട്. വാസുവും സഹോദരൻ ഉണ്ണിക്കൃഷ്ണനും മികച്ച സ്​പ്രിൻറർമാരും ഫുട്‌ബോളർമാരുമാണ്. ഉണ്ണിക്കൃഷ്ണൻ പാർട്ടിയിൽ പിന്നീട് സഹപ്രവർത്തകനായി മാറി. സ്‌കൂളിലെത്തിയ കാലത്ത് ഞാൻ എസ്.എഫ്. ഐയല്ല. എട്ടാം ക്ലാസിൽ എസ്.എഫ്.ഐ സ്ഥാനാർഥിക്കെതിരെ മത്സരിച്ച് തോറ്റ ഞാൻ ഒമ്പതിൽ എസ്.എഫ്.ഐയുടെ ഔദ്യോഗിക സ്ഥാനാർഥിയെ തോൽപ്പിച്ചു. സ്‌കൂൾ ലീഡർ തെരഞ്ഞെടുപ്പ് വന്നപ്പോൾ വാസുവാണ് എസ്.എഫ്.ഐ സ്ഥാനാർഥി. ഞാൻ വാസുവിനല്ലാതെ വേറെയാർക്ക് വോട്ടുചെയ്യാൻ? പത്തിലെത്തിയപ്പോഴേക്ക് ഞാൻ അസ്ഥിയിൽ പിടിച്ച എസ്.എഫ്.ഐക്കാരനായി. വാസു ഇപ്പോൾ പ്രായമായി കൂലിപ്പണിയുമൊക്കെയായി ചളവറയിൽ തന്നെയുണ്ട്. ഐ.എം. വിജയനെ കാണുമ്പോഴൊക്കെ ഞാൻ വാസുവിനെ ഓർക്കും. ജീവിതത്തിൽ വിജയിക്കാൻ കഴിയാതെ പോയ വിജയനാണ് വാസു എന്നാണ് എനിക്ക് എപ്പോഴും തോന്നാറുള്ളത്.

എനിക്ക് എസ്.എഫ്.ഐ തലയ്ക്കു പിടിച്ചു തുടങ്ങിയ കാലത്താണ് 86 ലെ മെക്‌സിക്കോ ലോകകപ്പ് വരുന്നത്. മെമ്പർഷിപ്പ്, ക്യാമ്പ് ഒക്കെയായി എസ്.എഫ്.ഐക്കും തിരക്ക്. അന്നാദ്യമായി നാട്ടിൽ ടി.വി എത്തി. സ്‌പോർട്‌സ് പ്രേമികളായ അച്ഛനുമമ്മയും ടി.വി വാങ്ങാൻ സമ്മതിച്ചു. വീട്ടിലെത്തിച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ടി.വിയുടെ ആന്റിന ഉയർത്താൻ നാട്ടിലെ ഫുട്‌ബോൾ പ്രേമികളെല്ലാം വീട്ടുവളപ്പിലും തട്ടിൻപുറത്തുമൊക്കെയായി തടിച്ചുകൂടി. ഒരു ദിവസത്തെ കൂട്ടായ ജനകീയ അധ്വാനമായിരുന്നു. ആന്റിന ഉയർന്ന് ദൃശ്യങ്ങൾ കിട്ടിത്തുടങ്ങിയപ്പോൾ പൂമുഖം കയ്യടക്കിയ ആൾക്കൂട്ടം ആവേശത്തോടെ വരവേറ്റു. അച്ഛന്റെ പട്ടാള കാർക്കശ്യവും നാട്ടിലെ സാമൂഹികബന്ധങ്ങളുടെ കുറവുമൊക്കെ മാഞ്ഞുതുടങ്ങിയത് അതോടെയാണ്. വീട്ടുകാർക്ക് നാട്ടുകാരുമായും നാട്ടുകാർക്ക് വീട്ടുകാരുമായും ഉണ്ടായിരുന്ന ബന്ധം കൂടുതൽ ഊഷ്മളമായി.

ഐ.എം. വിജയനെ കാണുമ്പോഴൊക്കെ ഞാൻ വാസുവിനെ ഓർക്കും. ജീവിതത്തിൽ വിജയിക്കാൻ കഴിയാതെ പോയ വിജയനാണ് വാസു എന്നാണ് എനിക്ക് എപ്പോഴും തോന്നാറുള്ളത്
ഐ.എം. വിജയനെ കാണുമ്പോഴൊക്കെ ഞാൻ വാസുവിനെ ഓർക്കും. ജീവിതത്തിൽ വിജയിക്കാൻ കഴിയാതെ പോയ വിജയനാണ് വാസു എന്നാണ് എനിക്ക് എപ്പോഴും തോന്നാറുള്ളത്

കളി നടക്കുമ്പോൾ വീടിന്റെ പൂമുഖവും കോലായയും മുഴുവൻ നിറഞ്ഞു. പരിചിതരും അപരിചിതരുമെല്ലാം സ്വാതന്ത്ര്യത്തോടെ കടന്നുവന്നു. മെക്‌സിക്കോയിൽ പന്തുരുളുമ്പോൾ എന്റെ വീട്ടിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ടി.വിക്കുചുറ്റും ഒരു സ്റ്റേഡിയം രൂപം കൊണ്ടു. മെക്‌സിക്കൻ മൈതാനത്തിലെ മുന്നേറ്റങ്ങൾക്കൊപ്പം ആരവമുയർന്നു. അവിടത്തെ ഗാലറിയിലെ തിരകൾ വീട്ടിലെ പൂമുഖത്തുമുയർന്നു. ഗോൾ വീണപ്പോൾ വീട്ടിലെ ആൾക്കൂട്ടം പൊട്ടിത്തെറിച്ചു. അച്ഛനുമമ്മയും ഞങ്ങൾ മൂന്ന് സഹോദരങ്ങളും അടങ്ങുന്ന കുടുംബവും അക്കൂട്ടത്തിലലിഞ്ഞ് കളികണ്ടു. പുലർച്ചെയുള്ള രണ്ടാം മത്സരം വരെ ആൾക്കൂട്ടം കോലായയിലും പരിസരത്തുമായി തങ്ങും. വാതിലുകൾ അടച്ചിട്ടില്ല. രണ്ടാമത്തെ മത്സരത്തിന് അലാറം വെച്ചുണർന്ന് വീട്ടുകാരും അണിനിരക്കും. ബ്രസീൽ - ഫ്രാൻസ് ക്വാർട്ടർ ഫൈനൽ നടക്കുന്നു. പ്ലാറ്റീനിയും സീക്കോയും സോക്രട്ടീസും പോലെയുള്ള മഹാരഥൻമാരുടെ പോരാട്ടം. എനിക്കന്ന് എസ്.എഫ്.ഐ ക്യാമ്പാണ്. രണ്ടു ദിവസം തങ്ങണമെന്നാണ് ചട്ടം. ക്യാമ്പ് നടക്കുന്നതിനു പരിസരത്ത് കളി കാണാനാകുമോ എന്നുറപ്പില്ല. അന്ന് ആദ്യമായി സംഘടനാ അച്ചടക്കം ലംഘിക്കാൻ ഞാൻ നിശ്ചയിച്ചു. രാത്രി 9 മണിയോടെ പുറത്തുചാടി. കൂരാക്കൂരിരുട്ടത്ത് അഞ്ച് കിലോമീറ്റർ അകലെ കയിലിയാട്ടെ വീട്ടിലേക്ക് വെച്ചു പിടിച്ചു. സുകുമാരനടക്കം ഏതാനും ചിലരെക്കൂടി കിട്ടി. ഐതിഹാസിക മത്സരം കണ്ടു. പ്ലാറ്റീനിയും സീക്കോയും പെനാൽറ്റി പാഴാക്കുന്നതിനും ബ്രസീലിന്റെ പരാജയത്തിനും സാക്ഷിയായി. ദുഃഖഭാരത്തോടെ രാവിലെ ക്യാമ്പിലെത്തി. മുങ്ങിയതിന് ഭയന്നിരുന്ന വിമർശനങ്ങൾ നേരിടേണ്ടിവരുമെന്ന് ഭയന്നിരുന്നുവെങ്കിലും അതൊന്നുമുണ്ടായില്ല. ഫുട്‌ബോളിന് നന്ദി.

ജൂണിലെ കാലവർഷത്തിൽ വൈദ്യുതി മുടങ്ങുന്നത് പ്രധാന ഭീഷണിയായിരുന്നു. ആൾക്കൂട്ടത്തിലാരെങ്കിലും ഫ്യൂസ് കെട്ടാൻ തയാറായി സൈക്കിളിൽ കുതിയ്ക്കും. ചിലർ കറണ്ട് പോകാതിരിക്കാൻ ഉള്ളുരുകി പ്രാർഥിക്കും. വീട്ടുമുറ്റത്ത് പന്തയവും പോർവിളിയും ഉയരും. ഞങ്ങളുടെയെല്ലാം മനസ്സിൽ മറഡോണ എന്ന കുറിയ മനുഷ്യൻ കയറിപ്പറ്റിയത് ആ ജൂണിലെ മഴ നനഞ്ഞ രാത്രിയിലായിരുന്നു. ഫോക് ലാൻഡിൽ ഇംഗ്ലീഷ് ബോംബർ വിമാനങ്ങൾ വർഷിച്ച നാശത്തിന് പതിൻമടങ്ങ് പ്രത്യാക്രമണമായിത്തീർന്ന, ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിയതടക്കമുള്ള അമാനുഷിക ഗോളുകൾ ഇംഗ്ലണ്ടിന്റെ വലയിലേക്കും ശവപേടകത്തിലേക്കും അടിച്ചു കയറ്റിയ മറഡോണ മൈതാനത്തുനിന്നും നേരേ ഓടിക്കയറിയത് കയിലിയാട്ടുകാരുടെ ഹൃദയത്തിലേക്കായിരുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പക്ഷേ മറഡോണ കപ്പുയർത്തുന്നതു കാണാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടായില്ല. ഫൈനൽ ദിവസം കറണ്ട് തീർത്തും ചതിച്ചു.

മെക്‌സിക്കോയിൽ പന്തുരുളുമ്പോൾ എന്റെ വീട്ടിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ടി.വിക്കുചുറ്റും ഒരു സ്റ്റേഡിയം രൂപം കൊണ്ടു. മെക്‌സിക്കൻ മൈതാനത്തിലെ മുന്നേറ്റങ്ങൾക്കൊപ്പം ആരവമുയർന്നു.
മെക്‌സിക്കോയിൽ പന്തുരുളുമ്പോൾ എന്റെ വീട്ടിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ടി.വിക്കുചുറ്റും ഒരു സ്റ്റേഡിയം രൂപം കൊണ്ടു. മെക്‌സിക്കൻ മൈതാനത്തിലെ മുന്നേറ്റങ്ങൾക്കൊപ്പം ആരവമുയർന്നു.

ആദ്യമായി ടെലിവിഷനിൽ ലോക നിലവാരമുള്ള കളി കണ്ടതോടെ ഞങ്ങളുടെ ഫുട്‌ബോൾ സങ്കൽപ്പങ്ങൾ വിപ്ലവകരമായി മാറിമറിഞ്ഞു. സന്തോഷ് ട്രോഫിയ ടക്കുള്ള ആഭ്യന്തര ഫുട്‌ബോൾ മത്സരങ്ങൾ കാണാനുള്ള താൽപര്യം കുറഞ്ഞു. താരതമ്യം മുഴുവൻ ലോകോത്തര കളിക്കാരും ടീമുമായിട്ടായി. ലോകോത്തര താരങ്ങളെല്ലാം വീട്ടുകാരെയും നാട്ടുകാരെയും പോലെ ദൈനംദിന സംഭാഷണ വിഷയങ്ങളായി. അവരുടെ വിശേഷങ്ങൾ ഞങ്ങളുടെയും വിശേഷങ്ങളായി. എന്റെയും അനിയൻ ബ്രിജേഷിന്റെയും നോട്ടുബുക്കുകൾ മുഴുവൻ അവരുടെ പേരും കളിക്കുന്ന പൊസിഷനും മറ്റ് വിവരങ്ങളും കൊണ്ട് നിറഞ്ഞു. ഞങ്ങൾ സ്വന്തം നിലയ്ക്ക് ഡ്രീം ഇലവനുകളുണ്ടാക്കി. ആ സ്വപ്നടീമുകൾ തമ്മിൽ കളിച്ചാൽ എങ്ങനെയിരിക്കുമെന്ന് സ്വപ്നം കണ്ടു.

ലോകകപ്പ് കഴിഞ്ഞപ്പോഴേക്കും വീട്ടിലെ സാമൂഹിക വിനിമയങ്ങൾ അഭൂതപൂർവമാംവിധം മാറിക്കഴിഞ്ഞിരുന്നു. അച്ഛന്റെ പട്ടാള കാർക്കശ്യവും ഏറെക്കാലം പുറത്തായിരുന്നതിനാലുള്ള അപരിചിതത്വവും അമ്മ ജനിച്ചുവളർന്ന സാഹചര്യങ്ങളുടെ ഫലമായ യാഥാസ്ഥിതിക ചിന്തകളും തീർത്ത അദൃശ്യ മതിലുകൾ അപ്രത്യക്ഷമായിത്തുടങ്ങി. ആ മാറ്റം 1989 ലെ ലോക്​സഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി അവരിരുവരും അരിവാൾ ചുറ്റികയിൽ വോട്ടുചെയ്യുന്നതിൽ വരെയെത്തി. പിന്നെയും കുറച്ചു കാലം കഴിഞ്ഞപ്പോൾ ദേശാഭിമാനിയും വരുത്താൻ അനുമതിയായി. കുറേക്കാലം കൂടി കഴിഞ്ഞപ്പോൾ അവർക്ക് ദേശാഭിമാനി വായിച്ചില്ലെങ്കിൽ ദിവസം അപൂർണമാകുമെന്ന സ്ഥിതിയായി. ഒടുവിൽ എന്റെയും അനിയൻ ബ്രിജേഷിന്റെയും വിവാഹം കൂടിയായപ്പോഴേക്കും വീട്ടിലെ ജനാധിപത്യ വിപ്ലവം സംഘർഷരഹിതമായി പൂർത്തിയായി എന്നു പറയാം.

വളരെ അവികസിതമായിരുന്ന ഞങ്ങളുടെ നാട്ടിൻപുറത്തും ടെലിവിഷനിൽ കണ്ട ലോകകപ്പ് മാറ്റങ്ങൾ കൊണ്ടുവന്നു. ഇത്ര ചടുലമായും മാന്ത്രിക വൈദഗ്ധ്യത്തോടെയും വശ്യതയോടെയും പന്തു കളിക്കാമോ എന്ന് ഗ്രാമീണ കായികപ്രേമികൾ അന്തംവിട്ടു. ഗോളടിച്ചാലും ജയിച്ചാലുമൊക്കെ പല രാജ്യക്കാരും ഭൂഖണ്ഡക്കാരും നടത്തുന്ന സവിശേഷ ആഘോഷങ്ങൾ ഞങ്ങളുടെ കളിപ്പറമ്പുകളിൽ അനുകരിക്കപ്പെട്ടു. റോജർമില്ലയെന്നും സ്‌കിലാച്ചിയെന്നും ഡോണാ ഡോണിയെന്നുമൊക്കെ പലർക്കും വിളിപ്പേര് വീണു. (മറഡോണയെന്നു മാത്രം ചെല്ലപ്പേര് ആർക്കും നൽകാൻ ധൈര്യമുണ്ടായില്ല. ഒരേയൊരു മറഡോണ മാത്രം!) ചുരുക്കിപ്പറഞ്ഞാൽ ഞങ്ങളുടെ കയിലിയാടും ഒരു ഫുട്‌ബോൾ സാർവദേശീയതയുടെ ഭാഗമായിക്കഴിഞ്ഞു. ലോകകപ്പുകൾ ഓരോന്നും പിന്നിടുമ്പോഴും ആ ഫുട്‌ബോൾ സാർവദേശീയത ശക്തിപ്പെട്ടു. കേരളത്തിലാകെ പ്രകടമായ മാറ്റങ്ങൾ തന്നെയാണിവ. ജാതിക്കും മതത്തിനുമെല്ലാം അതീതമായ ഒരു ഫുട്‌ബോൾ സാഹോദര്യവും വളർന്നു വന്നു. ദേശാതിർത്തികളെ ഉല്ലംഘിക്കുന്ന ഇഷ്ടാനിഷ്ടങ്ങളും ആരാധക സംഘങ്ങളും സൗഹാർദ്ദപൂർണമായ സഹവർത്തിത്വം പുലർത്തി. ആ ഫുട്‌ബോൾ സാർവദേശീയത കേരളത്തെ സംബന്ധിച്ച് സാമ്രാജ്യത്വ വിരുദ്ധവും മതനിരപേക്ഷവുമാണ്. മറഡോണയേയും മെസ്സിയേയും റൊണാൾഡോയേയും എംബാപ്പെയേയും സിദാനെയുമെല്ലാം മലയാളി ആരാധകർ ഭ്രാന്തമായി ഇഷ്ടപ്പെട്ടത് അവരുടെ മതമോ നിറമോ സ്വത്വത്തിന്റെ ഏതെങ്കിലും അടയാളമോ നോക്കിയിട്ടല്ല. കളി മാത്രമായിരുന്നു ഘടകം.

അർജന്റീനിയൻ ആരാധകർക്ക് കഴിയുന്നതിനുപിന്നിൽ ജയിക്കുന്നവർക്കൊപ്പം നിൽക്കുക എന്നതിനപ്പുറം തോൽക്കുന്നവർക്കും നിന്ദിതർക്കും മർദ്ദിതർക്കുമൊപ്പം ഐക്യപ്പെടുന്നതിന്റെ വിമോചനപരമായ ഒരു രാഷ്ട്രീയം ബോധാബോധതലങ്ങളിൽ ഒരു പോലെ പ്രവർത്തിക്കുന്നുണ്ട്
അർജന്റീനിയൻ ആരാധകർക്ക് കഴിയുന്നതിനുപിന്നിൽ ജയിക്കുന്നവർക്കൊപ്പം നിൽക്കുക എന്നതിനപ്പുറം തോൽക്കുന്നവർക്കും നിന്ദിതർക്കും മർദ്ദിതർക്കുമൊപ്പം ഐക്യപ്പെടുന്നതിന്റെ വിമോചനപരമായ ഒരു രാഷ്ട്രീയം ബോധാബോധതലങ്ങളിൽ ഒരു പോലെ പ്രവർത്തിക്കുന്നുണ്ട്

കേരളത്തിൽ കളർ ടെലിവിഷൻ വന്ന ശേഷം ഒരിക്കലും ജയിച്ചിട്ടില്ലാത്ത ടീം എന്ന് പരിഹസിക്കപ്പെടുന്ന അർജന്റീനക്ക് കേരളത്തിൽ ഇത്രമേൽ ആരാധകരുണ്ടാവാനുള്ള കാരണമോ? ലാറ്റിനമേരിക്കൻ ഫുട്‌ബോളിന്റെ ചന്തമോലുന്ന ഗംബീത്തയുടെ പ്രയോക്താക്കളെന്നതിനൊപ്പം തികച്ചും വൈകാരികവും ആത്മനിഷ്ഠവുമായ കാരണങ്ങൾ കൂടിയാണുള്ളത്. 86 മുതൽ അടിയുറച്ച അർജന്റീന ആരാധകരായി തുടരുന്ന എന്നെപ്പോലുള്ള പതിനായിരങ്ങൾ ജയസാധ്യതയുടെ അടിസ്ഥാനത്തിലേയല്ല അർജന്റീനയോട് ഉലയാത്ത പ്രതിബദ്ധത പുലർത്തുന്നത്. ‘ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖം എനിക്കെന്താനന്ദമാണോമനേ' എന്ന് ചുള്ളിക്കാട് എഴുതിയതുപോലെ അർജന്റീനക്കൊപ്പംനിന്ന് തോൽക്കുന്നതിൽ സങ്കടപ്പെടുന്നതിലും ഒരാനന്ദം കണ്ടെത്താൻ ഞങ്ങൾ, അർജന്റീനിയൻ ആരാധകർക്ക് കഴിയുന്നതിനുപിന്നിൽ ജയിക്കുന്നവർക്കൊപ്പം നിൽക്കുക എന്നതിനപ്പുറം തോൽക്കുന്നവർക്കും നിന്ദിതർക്കും മർദ്ദിതർക്കുമൊപ്പം ഐക്യപ്പെടുന്നതിന്റെ വിമോചനപരമായ ഒരു രാഷ്ട്രീയം ബോധാബോധതലങ്ങളിൽ ഒരു പോലെ പ്രവർത്തിക്കുന്നുണ്ട്. രാജീവ് രാമചന്ദ്രൻ എഴുതുന്നതു പോലെ ആ ഐക്യപ്പെടലിൽ ചെ ഗുവേരയുടെ രക്ത സാക്ഷിത്വവും മറഡോണയുടെ കളത്തിനകത്തും പുറത്തുമുള്ള ജീവിതവും നിലപാടുകളും പോരാട്ടങ്ങളും റൊസാരിയോയും മെസ്സിയുമെല്ലാമുണ്ട്.

കളിമികവിലും ജയപ്രവചനങ്ങളിലും മുന്നിൽ നിൽക്കുന്ന യൂറോപ്യൻ ടീമുകൾക്കുള്ളതിനേക്കാൾ ആരാധകർ അർജന്റീന, ബ്രസീൽ തുടങ്ങിയ ലാറ്റിനമേരിക്കൻ ടീമുകൾക്ക് ഉണ്ടാകുന്നതിന്റെ കാരണം ഫുട്‌ബോളിനേക്കാൾ ചരിത്രപരവും രാഷ്ട്രീയവുമാണ്. അവിടത്തെ ടീമുകളെയും താരങ്ങളെയും മുൻനിർത്തി കേരളത്തിലെ ആരാധകർ യഥാർഥത്തിൽ ഐക്യപ്പെടുന്നത് അവിടത്തെ ചൂഷിത ജനതയോടാണ്. ആ ചൂഷിത ജനതയുടെ ആഗ്രഹാഭിലാഷങ്ങളെയും ആഹ്ലാദങ്ങളെയും പ്രതിനിധീകരിക്കുന്ന ടീമിനൊപ്പം നിൽക്കുമ്പോൾ ഇവിടത്തെ മനുഷ്യർ അറിഞ്ഞോ അറിയാതെയോ വൻകരകൾക്കപ്പുറമുള്ള ആ മനുഷ്യരുടെ വിമോചനകാംക്ഷക്കൊപ്പം അണിനിരക്കുകയാണ്. അറിയപ്പെടാത്ത മനുഷ്യരുമായി അതെനിക്ക് സാഹോദര്യം നൽകിയെന്ന് വിശ്വമഹാകവി പാബ്ലോ നെരൂദ കമ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ച് പറഞ്ഞത് ഫുട്‌ബോളിനെക്കുറിച്ചും പറയാം. അതുകൊണ്ടൊക്കെയാണ് യൂറോപ്യൻ ടീമുകളേക്കാൾ ലാറ്റിനമേരിക്കൻ ടീമുകൾ കേരളത്തിൽ ജനപ്രിയമാകുന്നത്.

മഹമൂദ് അബ്ബാസ്
മഹമൂദ് അബ്ബാസ്

പലസ്തീൻ നേതാവ് മഹമൂദ് അബ്ബാസിനെ കണ്ടുമുട്ടിയപ്പോൾ ‘ഹൃദയം കൊണ്ട് ഞാനൊരു പലസ്തീൻകാരനാ'ണെന്നും ഇറാഖിലെ കൂട്ടക്കുരുതിയുടെ പേരിൽ ബുഷ് ചോരക്കൊതിയനാണെന്നും ധീരമായി പ്രഖ്യാപിക്കുന്ന, ശരീരത്തിൽ ചെയേയും ഫിദലിനെയും പച്ചകുത്തിയ മറഡോണയെ മലയാളി തങ്ങളെപ്പോലെ ചിന്തിക്കുന്ന, ഏറ്റവും പ്രിയപ്പെട്ട ആളായും അയാളുടെ രാജ്യത്തെ സഹോദര രാജ്യവും ടീമുമായും കാണുകയും ആ ടീം തോറ്റുപോകരുതെന്ന് ആഗ്രഹിക്കുകയും അഥവാ തോറ്റുപോയാലും തോൽവിയിലും ഉപേക്ഷിക്കില്ലെന്ന് നിശ്ചയിച്ചുറപ്പിക്കുകയും ചെയ്യുന്നതിന്റെ മാനദണ്ഡം കളിമൈതാനങ്ങൾക്കുമപ്പുറം ചരിത്രത്തിന്റെ ആഴങ്ങളിലേക്ക് നീളുന്നതാണ്. യഥാർഥത്തിൽ അർജന്റീന തോൽക്കുമ്പോഴും ഒപ്പം നിൽക്കുന്ന ആരാധകർ ഒരു ടീമിനെ മാത്രമല്ല ഉപേക്ഷിക്കാൻ വിസമ്മതിക്കുന്നത്; നിലപാടുകളെക്കൂടിയാണ്. ഒരുപക്ഷേ, പ്രത്യക്ഷത്തിൽ അവർ പോലും അത് തിരിച്ചറിയുന്നുണ്ടാവണമെന്നില്ല.

ഞാനെന്നും അർജന്റീനക്കൊപ്പമാണ്. അവർ ജയിക്കില്ലെന്ന് ഉറപ്പുള്ളപ്പോൾ പോലും അവർക്കൊപ്പമേ നിന്നിട്ടുള്ളൂ. ഇനിയും അങ്ങനെ മാത്രമേ നിൽക്കുകയുള്ളൂ. ബുദ്ധി മറ്റ് ടീമുകൾക്കൊപ്പം പോകുമ്പോൾപ്പോലും എന്റെ ഹൃദയത്തിന് വെള്ളയിൽ നീല വരകളാണുള്ളത്. അർജന്റീനയേക്കാൾ നന്നായി കളിക്കുന്ന ടീമുകളുടെ പ്രകടനത്തെ അംഗീകരിക്കാനും മാനിക്കാനും മടിയൊട്ടുമില്ല. അത് ആസ്വദിക്കാൻ തടസ്സവുമില്ല. ഞാനൊരു അന്ധനായ അർജന്റീനിയൻ ആരാധകനല്ല. പക്ഷേ ഭ്രാന്തമായ ഒരു അർജന്റീനിയൻ പക്ഷപാതിയാണ്. ആരാധകരിൽ മഹാഭൂരിപക്ഷത്തിനും അർജന്റീനയെന്നാൽ ഒരു രാഷ്ട്രമോ അതിരുകളോ അതിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു ഫുട്‌ബോൾ ടീമോ ഒന്നുമല്ല. മനുഷ്യന്റെ അതിരുകളില്ലാത്ത വിമോചനാഭിവാഞ്ഛകളുടെ ചരിത്രത്തെയാകെ ചുരുക്കിയെഴുതാവുന്ന ഒരു പദമാണ്. അവർ കളിക്കുന്ന മൈതാനങ്ങളെല്ലാം നീതിക്കും അതിജീവനത്തിനുമുള്ള പടനിലങ്ങളായിട്ടും കൂടിയാണ് ഞാൻ വിഭാവനം ചെയ്യുന്നത്. തിരിച്ചടികളിൽ തകരാതെയും തളരാതെയും അന്തിമ വിജയം സ്വപ്നം കണ്ടു കൊണ്ട് അടിയുറച്ചു നിൽക്കുന്നത് മനുഷ്യ വംശത്തിന്റെ അണമുറിയാത്ത ചരിത്രത്തിനൊപ്പമാണെന്ന ഭാവനയാണെന്നെ നയിക്കുന്നത്. ഫുട്‌ബോൾ വെറുമൊരു കളിയല്ല. അണമുറിയാത്ത ആ ചരിത്രത്തിന്റെ തീവ്രാവിഷ്‌കാരമാണ്. ▮


എം.ബി. രാജേഷ്

സംസ്​ഥാന തദ്ദേശ സ്വയംഭരണ- എക്​സൈസ്​ വകുപ്പുമന്ത്രി. രണ്ടു തവണ ലോക്​സഭാ അംഗമായിരുന്നു. സി.പി.എം സംസ്​ഥാന കമ്മിറ്റി അംഗം. ചരിത്രം അവരെ കുറ്റക്കാരെന്ന് വിളിക്കും, ആഗോളവൽക്കരണത്തിന്റെ വിരുദ്ധലോകങ്ങൾ, മതം, മൂലധനം, രാഷ്ട്രീയം എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments