ഫുട്ബോളിൽ നിന്ന് പെലെയിലേക്കോ പെലെയിൽ നിന്ന് ഫുട്ബോളിലേക്കോ യാത്ര തുടരുകയാണെങ്കിൽ അവസാനിക്കുന്നത് പെലെയിലായിരിക്കും. Complete footballer in our time- അതാണ് പെലെ.
ബ്രസീലിയൻ ചേരികളിൽ നിന്നുയർന്നുവന്ന പ്രതിഭകളുടെ ഫുട്ബോൾ മുത്തപ്പനാണ് പെലെ എന്ന ഇതിഹാസം. കുട്ടിക്കാലത്ത് ഡിക്കോ എന്നും ‘malo’ എന്നും ഓമനപ്പേരുകളിൽ അറിയപ്പെട്ടിരുന്നു. ‘malo’ എന്നാൽ കരിമ്പൻ എന്നർത്ഥം. ബ്രിട്ടീഷുകാരിൽ നിന്ന് ബ്രസീലിയർ പഠിച്ചെടുത്ത വിനോദ തന്ത്രമാണ് ഫുട്ബോൾ. ഫുട്ബോളിനെ പുതിയ രീതിയിൽ ലോകത്തിന് സമ്മാനിച്ചത് ലാറ്റിനമേരിക്കൻ രാജ്യങ്ങളാണ്; പ്രത്യേകിച്ചും ബ്രസീലും അർജൻറീനയും. യൂറോപ്യൻ ആക്രമണ ഫുട്ബോളിനെ അനായാസം പരാജയപ്പെടുത്തിയത് പെലെയെ പോലുള്ള പ്രതിഭകളാണ്. അവർ ഫുട്ബോളിന് പുതിയ രീതി സമ്മാനിച്ചു. സിസർ കട്ട് എന്നറിയപ്പെടുന്ന ബൈസൈക്കിൾ കിക്ക് ഏറ്റവും ക്രിയാത്മകമായി പരീക്ഷിച്ചത് സാക്ഷാൽ പെലെയാണ്.
1957 വരെ, അല്ലെങ്കിൽ പെലെ കളത്തിലിറങ്ങുന്നതുവരെ യൂറോപ്യൻ ആക്രമണ ഫുട്ബോൾ ശൈലിയാണ് ലോകം ഏറ്റെടുത്തത്. 1965 കളിൽ ലാറ്റിനമേരിക്കൻ ശൈലി രൂപപ്പെട്ടു. റൈറ്റ് വിങ്ങിൽ നിന്ന് ലെഫ്റ്റ് വിങ്ങിലേക്കും ലെഫ്റ്റ് വിങ്ങിൽ നിന്ന് പെനാൽറ്റി ബോക്സിലേക്കും കൗണ്ടർ അറ്റാക്ക് ശൈലിയിലൂടെ ഗോൾ വരച്ചിടുന്നതായിരുന്നു ലാറ്റിനമേരിക്കൻ ശൈലി. പെലെ കളത്തിൽ ഇറങ്ങുന്നതിനു മുമ്പ് ഫുട്ബോൾ എന്നത് വെറും കളി മാത്രമായിരുന്നു. പക്ഷേ അതിനുശേഷം ഫുട്ബോൾ ഒരു വികാരമായി.
നടൻ മമ്മൂട്ടി പറഞ്ഞതുപോലെ, ഫുട്ബോളിനെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയവൻ പെലെയാണ്. ഫുട്ബോൾ ഇത്ര ജനകീയ കളിയായി മാറ്റിയതിൽ അദ്ദേഹത്തിന് നിർണായക പങ്കുണ്ട്. ഫുട്ബോൾ കളി സൗന്ദര്യമായി മാറ്റിത്തീർത്തത് പെലെയാണ്. 20 വർഷങ്ങൾ ലോകം കീഴടക്കിയ ഏക ഫുട്ബോളർ. നൈജീരിയ യുദ്ധം നിറുത്തിവെച്ച് അദ്ദേഹത്തിന്റെ കളി ആസ്വദിച്ചപ്പോൾ മെക്സിക്കോയിൽ തൊഴിലാളികൾ പണിക്കുപോകില്ല എന്ന് സമരം ചെയ്താണ് പെലെയുടെ കളി കാണാനെത്തിയത്. 1970 കളിൽ പെലെ മാത്രമായിരുന്നു ഫുട്ബോൾ. നെയ്മർ ട്വീറ്റ് ചെയ്തതുപോലെ, 10 എന്ന വെറും സംഖ്യക്ക് ഫുട്ബോളിൽ ഒരു നിർവചനം നൽകിയത് പെലെയാണ്.
ഏബ്രഹാം ലിങ്കന്റേതിനുസമാനമായ ഒരു ജീവചരിത്രം ഈ കളിക്കാരനുമുണ്ട്. ദാരിദ്ര്യത്തിന്റെ കൊടുമുടിയിലായിരുന്നു ജീവിതം. ആദ്യം ഷൂ പോളിഷ് ചെയ്യുന്ന ബാലനായി ബ്രസീലിയൻ തെരുവിൽ അലഞ്ഞു. ഏതു തൊഴിലും ചെയ്യുമ്പോഴും ഫുട്ബോളായിരുന്നു ഹൃദയത്തിൽ. ആ ഓർമകൾ പങ്കുവയ്ക്കുമ്പോൾ അദ്ദേഹം പറഞ്ഞിട്ടുണ്ട്; കടലാസും, ഓറഞ്ചുതൊലികളും ശേഖരിച്ച് ഫുട്ബോൾ തുന്നുന്ന കലയാണ് ഞങ്ങൾ ആദ്യം പഠിച്ചെടുത്തത്. പിന്നീട് അതുകൊണ്ടുള്ള കളി ശീലമാക്കി. ഞങ്ങളുടെ തെരുവുകളിൽ കളിക്കാരുടെ എണ്ണം കൂടുമ്പോൾ കടലാസുകളുടെ എണ്ണവും കൂടും. അങ്ങനെ ഫുട്ബോൾ ഭ്രാന്ത് പോലെ തലയിൽ കയറി. ആദ്യകാലങ്ങളിൽ ഭക്ഷണമായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പക്ഷേ ഫുട്ബോൾ ഹരമായശേഷം, ഭക്ഷണത്തേക്കാൾ വലുത് ഫുട്ബോളായി. പ്രേമവും ലഹരിയും ഇഷ്ടവും സന്തോഷവും ദുഃഖവും സമാധാനവും പോരാട്ടവും എല്ലാം ഫുട്ബോൾ. ഫുട്ബോളും ജീവിതവും തമ്മിൽ വേർതിരിക്കാൻ എനിക്കാവില്ല.
മൂന്നാറിലെ ആദ്യ കാല ഫുട്ബോൾ കളിക്കാർക്ക് പെലെ അവരിലൊരാളായിരുന്നു. പെലെയുടെ കളി കണ്ടിട്ടില്ലെങ്കിലും ആ പേര് ഒരു വികാരമായി അവർ കൊണ്ടുനടന്നു.
മുഹമ്മദലിയെ പോലെ, സ്പോർട്സിലെ ഒരു രാഷ്ട്രീയപ്രതീകം കൂടിയാണ് പെലെ. കറുത്തവരുടെ ഫുട്ബോൾ വസന്തവും സൗന്ദര്യവുമാണ് ഈ കളിക്കാരൻ. അതുകൊണ്ടുതന്നെ പെലെയുടെ ജീവിതം ഫുട്ബോളിന്റെ ചരിത്രം മാത്രമല്ല, കറുത്ത വർഗ്ഗക്കാരുടെ അതിജീവനത്തിന്റെ ചരിത്രവും കൂടിയാണ്. അതുകൊണ്ട് ഫുട്ബോളിൽ പെലെ ഒരിക്കലും അവസാനിക്കുന്നില്ല.