ലോകകപ്പ് ​കേരളത്തിന്
'നേടിത്തന്ന'ആ നാലു പേർ

മലയാളത്തിലെ നാല്​ പ്രമുഖ സ്​പോർട്​സ്​ ലേഖകരുടെ എഴുത്തും കളിയും നിറഞ്ഞ ജീവിതത്തിലൂടെ...

നീണ്ട സ്വർണത്തലമുടി കാറ്റിൽ പറത്തി നൃത്തച്ചുവടുകളോടെ പന്തുമായി ബോക്‌സിലേക്ക് ഒഴുകിനീങ്ങുന്ന യോഹാൻ ക്രൈഫിനെയും ഈറ്റപ്പുലിയുടെ ശൗര്യത്തോടെ എതിർ പ്രതിരോധനിര പിച്ചിച്ചീന്തുന്ന ഗെർഡ് മുള്ളറെയുമൊക്കെ ഏതോ കൗബോയ് ചിത്രത്തിലെ വീരശൂരപരാക്രമികളായ നായകരെ പോലെ എന്നെന്നേക്കുമായി മനസ്സിൽ കുടിയിരുത്തിയത് വിംസിയുടെ റിപ്പോർട്ടുകളാണ്. ജീവൻ തുടിക്കുന്ന ആ അക്ഷരങ്ങൾക്കും വാക്കുകൾക്കും വേണ്ടി, അവ കൂടിച്ചേർന്നുരസുമ്പോൾ ചിതറുന്ന തീപ്പൊരികൾക്കുവേണ്ടി അക്ഷമനായി കാത്തിരുന്ന കാലമുണ്ട് എന്റെ ജീവിതത്തിൽ.

ബൂട്ടിൽ നിന്ന് ചീറിപ്പായുന്ന പന്തിന്റെ മൂളക്കമാണ് ലോകത്തെ ഏറ്റവും ഉദാത്തമായ സംഗീതമെന്ന് വിശ്വസിച്ചിരുന്ന കാലം.

വാതിലിന് തൊട്ടുപുറത്തുനിന്ന്, കണ്ണാടിച്ചില്ലു കൊണ്ട് മറച്ച കൊച്ചുമുറിയിലേക്ക് ചൂണ്ടി അയാൾ പറഞ്ഞു, ‘ദാ കണ്ടോളൂ, ആ ഇരിക്കുന്ന ആളാണ് വിംസി. ഇപ്പൊ തിരക്കിലാണ്. സംസാരിക്കാൻ പറ്റില്ല. കണ്ടിട്ട് പൊയ്‌ക്കോളൂ.’

മറ്റൊരു ലോകകപ്പിന് ഖത്തറിൽ പന്തുരുളുമ്പോൾ, അറിയാതെ വിംസിയെ ഓർത്തുപോകുന്നു വീണ്ടും. വിംസിയെ മാത്രമല്ല, മുഷ്താഖിനെയും അബുവിനേയും കെ. കോയയെയുമെല്ലാം. മലയാളിയെ ലോക ഫുട്ബാളിന്റെ ചൂടും പുകയും വീറും വാശിയും ഉന്മാദവും ലഹരിയും നിറഞ്ഞ വഴികളിലൂടെ ആദ്യമായി കൈപിടിച്ചുനടത്തിയ കളിയെഴുത്തുകാർ അവരൊക്കെയല്ലേ?

മ്യൂണിക്കിലെ (1974) ആ ചരിത്രപ്രസിദ്ധമായ ഫൈനലിൽ ഏരീ ഹാനിന്റെ ശക്തമായ മാർക്കിംഗിൽനിന്ന് കുതറിമാറി ബോക്‌സിനു തൊട്ടുള്ളിൽനിന്ന് ജർമൻ സ്ട്രൈക്കർ മുള്ളർ തൊടുത്ത വെടിയുണ്ട തകർത്തുകളഞ്ഞത് ഡച്ചുകാരുടെ സ്വപ്നങ്ങൾ മാത്രമല്ല; അവരുടെ വിജയത്തിനുവേണ്ടി സ്‌കൂളിലെ പള്ളിയിൽ മെഴുകുതിരി കത്തിച്ച് ഉള്ളുരുകി പ്രാർത്ഥിച്ച ഒരു പത്തുവയസുകാരന്റെ ഹൃദയം കൂടിയാണ്.

1974 ലെ ലോകകപ്പ് നേടിയതിന് ശേഷം മുള്ളർ

‘രവിയുടെ സങ്കടം എനിക്ക് മനസ്സിലാകും. ആ റിപ്പോർട്ടുകളൊക്കെ എഴുതുമ്പോൾ ഞാൻ ആഗ്രഹിച്ചതും ഹോളണ്ട് ജയിച്ചുകാണാനാണ്’, വർഷങ്ങൾക്കു ശേഷമൊരുനാൾ ആ കാലത്തേക്ക് മനസ്സുകൊണ്ട് തിരിച്ചുനടക്കേ വിംസി പറഞ്ഞ വാക്കുകൾ ഓർമ വരുന്നു.

വിംസിയെ ആദ്യം കണ്ടത് എന്നായിരുന്നു? 1975 ലാവണം.

പഠനയാത്രയുടെ ഭാഗമായി വയനാടൻ ചുരമിറങ്ങി കോഴിക്കോട് നഗരത്തിലെത്തിയതായിരുന്നു ഞങ്ങൾ, സ്‌കൂൾ കുട്ടികൾ. മെഡിക്കൽ കോളേജിലെ ആരോഗ്യവിദ്യാഭ്യാസ പ്രദർശനം കാണുകയാണ് പ്രധാന ലക്ഷ്യം. തിരിച്ചുപോകുംവഴി റോബിൻസൺ റോഡിലെ (ഇന്ന് കേശവമേനോൻ റോഡ്) മാതൃഭൂമിയിലും ചെന്നു; പ്രിൻറിംഗ്​ കാണാൻ. സിലിണ്ടർ പ്രസിന്റെ പൊള്ളുന്ന ചൂട് ഏറ്റുവാങ്ങി സഹപാഠികൾക്കൊപ്പം വിയർപ്പിൽ കുളിച്ചുനിൽക്കേ, അടുത്തുണ്ടായിരുന്ന അറ്റൻഡറോട് വെറുതെ ഒരു ചോദ്യം: ‘ഈ വിംസീന്ന് പറഞ്ഞ ആൾ ഇവിടെയല്ലേ? മൂപ്പരെ കാണാൻ പറ്റ്വോ?'

അത്ഭുതത്തോടെ എന്നെ നോക്കി ആ മനുഷ്യൻ; വയനാട്ടുകാരനായ ഈ പീറപ്പയ്യന് വിംസിയുമായി എന്തുബന്ധം എന്ന് അന്തംവിട്ടിരിക്കണം അയാൾ. തിരിച്ചുപോകും വഴി മുകളിലെ നിലയിലെ എഡിറ്റോറിയൽ ഹാളിലേക്ക് കൂട്ടിക്കൊണ്ടുപോയത് ആ അറ്റൻഡറാണ്.

വിംസിക്കുമുൻപ് ഫുട്ബാളിനെ കുറിച്ച് മലയാളത്തിൽ എഴുതിയവരുണ്ടാകാം. പക്ഷേ, വിംസി എഴുതിയത് കളിയെ കുറിച്ച് മാത്രമായിരുന്നില്ല. കളിയ്ക്കുള്ളിലെ കളിയെക്കുറിച്ചു കൂടിയാണ്.

വാതിലിന് തൊട്ടു പുറത്തുനിന്ന്, കണ്ണാടിച്ചില്ലു കൊണ്ട് മറച്ച കൊച്ചുമുറിയിലേക്ക് ചൂണ്ടി അയാൾ പറഞ്ഞു, ‘ദാ കണ്ടോളൂ, ആ ഇരിക്കുന്ന ആളാണ് വിംസി. ഇപ്പൊ തിരക്കിലാണ്. സംസാരിക്കാൻ പറ്റില്ല. കണ്ടിട്ട് പൊയ്‌ക്കോളൂ.’

ഉച്ചത്തിൽ മിടിക്കുന്ന ഹൃദയത്തോടെ ഹാഫ് ഡോർ മെല്ലെ തള്ളി അകത്തേക്കുനോക്കി. മേശപ്പുറത്തെ ഫയലുകളുടെയും പത്രക്കെട്ടുകളുടെയും കൂമ്പാരത്തിൽ തലപൂഴ്​ത്തി ഒരു മെലിഞ്ഞ മനുഷ്യനിരിക്കുന്നു. കട്ടിഫ്രെയിമുള്ള കണ്ണടയാണ് ആദ്യം മനസ്സിൽ തങ്ങിയത്. പിന്നെ മേശയുടെ ഒരു മൂലയ്ക്ക് ഇടതടവില്ലാതെ ശബ്ദിച്ചുകൊണ്ടിരുന്ന ട്രാൻസിസ്റ്റർ റേഡിയോയും.

ഒച്ചയുണ്ടാക്കാതെ മടങ്ങുമ്പോൾ വെറുതെ ഒന്നുകൂടി തിരിഞ്ഞുനോക്കി. എഴുത്തു നിർത്തി പേന താഴെവെച്ച് ഒരു സിഗരറ്റിന് തിരികൊളുത്തുകയാണ് എന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ. നിമിഷനേരത്തെ വിശ്രമം മാത്രം. എരിയുന്ന സിഗരറ്റ് വിരലുകൾക്കിടയിൽ തിരുകി ചുറ്റുമുള്ള കോലാഹലമൊന്നും ശ്രദ്ധിക്കാതെ വീണ്ടും എഴുത്തിന്റെ തിരക്കിലേക്ക് തിരിച്ചുപോകുന്നു അദ്ദേഹം.

കൗതുകം തോന്നി, എന്തായിരിക്കും വിംസി ഇപ്പോൾ എഴുതുന്നുണ്ടാകുക? നാളത്തേക്കുള്ള ‘വാൽക്കഷ്ണം' ആയിരിക്കുമോ? ഓരോ ലേഖനത്തിന്റെയും ഒടുവിൽ ആക്ഷേപഹാസ്യം കലർത്തി വിംസി എഴുതിച്ചേർത്തിരുന്ന രസികൻ ‘വാൽക്കഷ്ണ'ങ്ങൾ പലയാവർത്തി വായിച്ച്​ തലതല്ലി ചിരിച്ചിട്ടുണ്ട് അന്നൊക്കെ. കുറിക്കുകൊള്ളുന്ന ആ മൊഴിമുത്തുകൾ നോട്ട് ബുക്കിൽ പകർത്തിവെക്കുന്നതായിരുന്നു അക്കാലത്തെ പ്രധാന ഹോബികളിൽ ഒന്ന്. ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘ടിറ്റ്ബിറ്റ്സ്' വാരികയിലെ ഒരു പംക്തികാരനോടാണ് ‘വാൽക്കഷ്ണം' എന്ന പ്രയോഗത്തിന് കടപ്പാടെന്ന് വിംസി പിന്നീടൊരിക്കൽ പറഞ്ഞു.

വിംസി എന്ന വി.എം ബാലചന്ദ്രൻ

വിംസിക്കുമുൻപ് ഫുട്ബാളിനെ കുറിച്ച് മലയാളത്തിൽ എഴുതിയവരുണ്ടാകാം. പക്ഷേ, വിംസി എഴുതിയത് കളിയെ കുറിച്ച് മാത്രമായിരുന്നില്ല. കളിയ്ക്കുള്ളിലെ കളിയെക്കുറിച്ചു കൂടിയാണ്. ഇരുതലമൂർച്ചയുള്ള ശൈലിയിൽ, തൊട്ടാൽ പൊള്ളുന്ന വാക്കുകൾ ശ്രദ്ധാപൂർവം ഒരു മാലയിലെന്നോണം കൊരുത്ത് വിംസി എഴുതിയ കുറിപ്പുകൾ ഏതു സസ്‌പെൻസ് ത്രില്ലറിനോടും കിടപിടിക്കുമായിരുന്നു. ടെലിവിഷനും ഇന്റർനെറ്റും ഗൂഗിളും വിക്കിപ്പീഡിയയും ഒന്നും ആരും സ്വപ്നം കണ്ടുതുടങ്ങിയിട്ടു പോലും ഇല്ലാതിരുന്ന കാലമാണെന്നോർക്കണം. വിദേശ വാർത്താ ഏജൻസികളെയും ബി.ബി.സിയുടെ സ്‌പോർട്​സ് പ്രക്ഷേപണങ്ങളെയും വല്ലപ്പോഴും വന്നുകിട്ടുന്ന വേൾഡ് സോക്കർ പോലുള്ള മാസികകളെയും മാത്രം ആശ്രയിച്ച് 1960 കളിലും 70 കളിലും അദ്ദേഹം എഴുതിക്കൂട്ടിയ ലേഖനങ്ങൾ എത്രമാത്രം ആസ്വാദ്യകരവും ആവേശകരവുമായിരുന്നു എന്നോർത്തുപോകും, ആധുനിക മലയാള കായിക സാഹിത്യങ്ങളിൽ ചിലത് വായിക്കുമ്പോൾ.

2010 ജനുവരി ഒമ്പതിനാണ് വിംസി ഓർമയായത്. മറ്റൊരു പന്തുകളിയുത്സവത്തിന്റെ ആവേശലഹരിയിൽ കേരളം മതിമറക്കുമ്പോൾ ലോക ഫുട്ബാളിന്റെ മാസ്മരലോകത്തേക്ക്, അക്ഷരങ്ങളുടെ ‘കളിക്കള'ത്തിലേക്കും, ആദ്യമായി എന്നെ കൂട്ടിക്കൊണ്ടുപോയ മനുഷ്യനെ മറക്കുവതെങ്ങിനെ?

ഒറ്റപ്പൊളിയുടെ അലർച്ച

കോഴിക്കോടൻ ഫുട്‌ബോളിലെ യഥാർത്ഥ സൂപ്പർ താരങ്ങൾ സാഹു മേവലാലും ഖയൂമലി ചെങ്കാസിയും ഇന്ദർ സിംഗും മഗൻ സിംഗും സുഭാഷ് ഭൗമിക്കുമൊന്നുമല്ല, ഒറ്റപ്പൊളി മമ്മദ്ക്കമാരും ഓട്ടോ ചന്ദ്രൻമാരുമാണ് എന്ന് ആദ്യം പറഞ്ഞുതന്നത് മുഷ്താഖാണ്. കോർപറേഷൻ സ്റ്റേഡിയത്തിലെ പ്രസ് ഗാലറിയിൽ കളിയെഴുത്തിലെ കുലപതിയുടെ വാക്കുകൾക്ക് കൗതുകത്തോടെ കാതോർത്തിരുന്ന ട്രെയിനി പത്രലേഖകന് അന്ന് പ്രായം ഇരുപത്തിമൂന്നോ ഇരുപതിനാലോ.

ഇസ്തിരി ചുളിയാത്ത പാൻറ്​സും ടക്ക് ഇൻ ചെയ്ത മുഴുക്കയ്യൻ ഷർട്ടും ഭംഗിയായി ചീകിയൊതുക്കി വെച്ച എണ്ണമയമുള്ള മുടിയും കട്ടി ഫ്രെയിമുള്ള കണ്ണടക്കപ്പുറത്ത് സദാ ചിരിക്കുന്ന കണ്ണുകളുമുള്ള ഒരാൾ. പി.എ. മുഹമ്മദ് കോയ എന്ന മുഷ്താഖ്.

നാഗ്ജി ട്രോഫിയിൽ ഇഷ്ട ടീമായ ജെ.സി.ടി മിൽസിന്റെ കളി കാണാൻ ചെന്നതായിരുന്നു ഞാൻ. കൗമുദിക്കുവേണ്ടി മത്സരം റിപ്പോർട്ട് ചെയ്യുന്നത് പി.എൻ. ശ്രീധരൻ എന്ന ശ്രീധരൻ മാഷ്. തുടക്കക്കാരനായ എനിക്ക് കാഴ്ചക്കാരന്റെ റോൾ മാത്രം. കളി തുടങ്ങുന്നതിന് തൊട്ടുമുൻപാണ് അടുത്ത സീറ്റിൽ ആളെത്തിയത്. ഇസ്തിരി ചുളിയാത്ത പാൻറ്​സും ടക്ക് ഇൻ ചെയ്ത മുഴുക്കയ്യൻ ഷർട്ടും ഭംഗിയായി ചീകിയൊതുക്കി വെച്ച എണ്ണമയമുള്ള മുടിയും കട്ടി ഫ്രെയിമുള്ള കണ്ണടക്കപ്പുറത്ത് സദാ ചിരിക്കുന്ന കണ്ണുകളുമുള്ള ഒരാൾ. പത്രക്കാരനാണെന്നു പറയില്ല. ഏതോ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ എക്‌സിക്യൂട്ടീവിന്റെ രൂപവും ഭാവവും.

ഈശ്വരാ, എവിടെയോ കണ്ടിട്ടുണ്ടല്ലോ ഈ മുഖം?

പെട്ടെന്ന് ഓർമ വന്നു; പി.എ. മുഹമ്മദ് കോയ എന്ന മുഷ്താഖ്.
സാഹിത്യ സവ്യസാചി. പത്രപ്രവർത്തകൻ, കഥാകൃത്ത്, നോവലിസ്റ്റ്.

പന്തുകളിയുടെ വീറും വാശിയും ഒപ്പിയെടുത്തു പകർത്തുന്ന അതേ മൊഞ്ചോടെ തെക്കേപ്പുറത്തേയും സുൽത്താൻവീട്ടിലെയും സുറുമയിട്ട സുന്ദരിമാരെ മലയാളി വായനക്കാരുടെ വിളിപ്പുറത്തെത്തിച്ച എഴുത്തുകാരൻ. എത്രയോ പ്രസിദ്ധീകരണങ്ങളിൽ സ്‌പോർട്സ്​ ലേഖനങ്ങൾക്കൊപ്പം കണ്ടു പരിചയിച്ചിരിക്കുന്നു ഈ മുഖം. പുഷ്‌കാസിനെയും ഗരിഞ്ചയെയും പെലെയെയും ഗോർഡൻ ബാങ്ക്‌സിനെയും ലെവ് യാഷിനെയുമൊക്കെ മലയാളി ആദ്യം കണ്ടുമുട്ടിയത് ആ റിപ്പോർട്ടുകളിലാണല്ലോ.

ഫ്രാങ്ക് പുഷ്കാസ്, മാനെ ഗരിഞ്ച, പെലെ, ലെവ് യാഷിൻ

പരിചയപ്പെടാൻ വാക്കുകൾ പരതവേ, തീർത്തും അപ്രതീക്ഷിതമായി തിരിഞ്ഞ് എന്റെ മുഖത്തുനോക്കി പി.എ. സ്വയം പറയുന്നു​; ‘ഉശിരും പുളിയും ഇല്ലാത്ത കളി കണ്ടു മടുത്തു, ഇന്നെന്താണ് സ്ഥിതി ആവോ?’ മറുപടിയൊന്നും പറയാതെ ചിരിച്ചിരുന്നപ്പോൾ, വീണ്ടുമൊരു ചോദ്യം; ‘ഏത് പേപ്പറിൽ നിന്നാണ്? ആദ്യായിട്ടാ?'

അതായിരുന്നു തുടക്കം. കളി കഴിഞ്ഞ്​ ഓഫീസിലേക്ക് തിരിച്ചുപോകവേ കയ്യിലൊരു ഫയലുമായി മാനാഞ്ചിറ വരെ കൂടെയുണ്ടായിരുന്നു പി എ.
സംസാരം മുഴുവൻ കോഴിക്കോടിന്റെ കളിക്കമ്പത്തെ കുറിച്ച്. തലമുറകളുടെ വിടവ് അന്തരീക്ഷത്തിൽ അലിഞ്ഞ്​ അപ്രത്യക്ഷമാകുന്ന മാജിക് അനുഭവിച്ചറിഞ്ഞ ആ നടത്തത്തിനിടയിലാണ് ഒറ്റപ്പൊളിയും അണ വിശ്വവും ഓട്ടോ ചന്ദ്രനും ഹാജിയാരുമൊക്കെ പി.എയുടെ വാക്കുകളിലൂടെ വരിവരിയായി മനസ്സിൽ കയറിവന്നത്.

ചലഞ്ചേഴ്സിന്റെ റോവിംഗ് സെന്റർ ഹാഫ് കോട്ടായി അച്ചുവിന്റെ മാരകമായ പെനാൽട്ടി കിക്ക്, വാശിയ്ക്ക് തടുക്കാനൊരുങ്ങി ഒടുവിൽ ചോര ഛർദ്ദിച്ചു വീണ് രോഗാതുരനായി മരണത്തിനുകീഴടങ്ങിയ യൂണിവേഴ്‌സൽ ക്ലബ്ബിന്റെ ഗോൾകീപ്പർ രാരന്റെ വീരകഥ ആദ്യം കേട്ടത് പി.എയിൽ നിന്നാണ്.

കോഴിക്കോടിന്റെ ആദ്യ ഗ്ലാമർ ക്ലബായ ചലഞ്ചേഴ്സിന്റെ അടിയുറച്ച ഫാൻ ആയിരുന്നു, ഒരു കാൽ ഏന്തിവലിച്ചു നടന്നിരുന്ന ഒറ്റപ്പൊളി മമ്മദ്ക്ക. ഇടതു പാർശ്വത്തിലൂടെ ചലഞ്ചേഴ്സിന്റെ സൂപ്പർതാരം ശേഖർ ബെഞ്ചമിൻ ലേബൻ പന്തുമായി കുതികുതിക്കുമ്പോൾ ഗാലറിയിൽനിന്ന് ഒരു പ്രത്യേക ഈണത്തിൽ, താളത്തിൽ ഒറ്റപ്പൊളിയുടെ ഗർജ്ജനം കേൾക്കാം: ‘അപ്പ് ഡയമൻ.’ 1950 കളിലെ കോഴിക്കോടൻ പന്തുകളിക്കമ്പക്കാർക്ക് സുപരിചിതമായ ശബ്ദം. വോളിബാൾ കോർട്ടിലായിരുന്നു അഹമ്മദ് കുട്ടി ഹാജി എന്ന ഹാജിയാരുടെ വിളയാട്ടം. വോളിബാൾ എവിടെയുണ്ട്, അവിടെയെല്ലാമുണ്ടാകും ആരവങ്ങളുമായി ഹാജിയാരും. മലബാറിലെങ്ങുമുള്ള വോളിബാൾ മൈതാനങ്ങളിൽ വി.ഐ.പി പരിഗണനയായിരുന്നത്രേ കെ.എസ്.ആർ.ടി.സി ഡ്രൈവറായ ഹാജിയാർക്ക്; സൗജന്യ പ്രവേശവും.

അങ്ങനെ എത്രയെത്ര രസികൻ കഥകൾ.

ചലഞ്ചേഴ്സിന്റെ റോവിംഗ് സെന്റർ ഹാഫ് കോട്ടായി അച്ചുവിന്റെ മാരകമായ പെനാൽട്ടി കിക്ക്, വാശിയ്ക്ക് തടുക്കാനൊരുങ്ങി ഒടുവിൽ ചോര ഛർദ്ദിച്ചു വീണ് രോഗാതുരനായി മരണത്തിനുകീഴടങ്ങിയ യൂണിവേഴ്‌സൽ ക്ലബ്ബിന്റെ ഗോൾകീപ്പർ രാരന്റെ വീരകഥ ആദ്യം കേട്ടത് പി.എയിൽ നിന്നാണ്. കറാച്ചി കിക്കേഴ്സിനെയും കീമാരി യൂണിയനേയും കറാച്ചി മക്രാൻസിനെയും പോലുള്ള പാകിസ്ഥാൻ ടീമുകളുടെ ഇതിഹാസകഥകൾ ഓർമയിൽ നിന്ന് ആവേശപൂർവം വിവരിച്ചുതന്നതും പി.എ തന്നെ.

പി.എ. മുഹമ്മദ്‌കോയ എന്ന മുഷ്താഖ്

പിന്നീടുമുണ്ടായി പി.എയുമായുള്ള കൂടിക്കാഴ്ചകളും ഒരുമിച്ചുള്ള സായാഹ്ന സവാരികളും. ഓരോ കൂടിക്കാഴ്ചയും സമ്മാനിച്ചത് വിലമതിക്കാനാവാത്ത അനുഭവങ്ങൾ; വിജ്ഞാന ശകലങ്ങൾ. ചരിത്രത്തിലൂടെയുള്ള അപൂർവ സുന്ദര സ്മൃതിയാത്രകളായിരുന്നു അവയോരോന്നും. എന്നിലെ കളിയെഴുത്തുകാരന്റെ ഗവേഷണതൃഷ്ണയെ എത്രകണ്ട് ജ്വലിപ്പിച്ചു അത്തരം യാത്രകൾ എന്ന് വിവരിക്കുക വയ്യ. ഇന്ദർ സിംഗിന്റെ കണ്ണഞ്ചിക്കുന്ന ഡ്രിബ്ലിംഗ് പോലെ, മഗൻ സിംഗിന്റെ കിണ്ണം കാച്ചിയ ഹെഡ്ഡറുകൾ പോലെ, ഐ.എം. വിജയന്റെ കിടിലോൽക്കിടിലൻ ബൈസിക്കിൾ കിക്കുകൾ പോലെ, ഓർമകളിൽ സുഗന്ധം ചൊരിയുന്നു, വാക്കുകൾകൊണ്ട് മുഷ്ത്താഖ് വരച്ചിട്ട കളിക്കളത്തിലെ ദീപ്തചിത്രങ്ങളും.

പ്രസാദാത്മകമായ ‘അബു ശൈലി'

കളിയെഴുത്തിലെ കപിൽദേവായിരുന്നു വിംസിയെങ്കിൽ സുനിൽ ഗാവസ്‌കറായിരുന്നു അബു സാർ.

ആക്രമണമാണ് വിംസിയൻ ശൈലി. മുഖം നോക്കാതെയുള്ള ആക്രമണത്തിൽ കാവ്യാത്മകതയ്ക്ക് ഇടമില്ല. തലങ്ങും വിലങ്ങും പറക്കുന്ന, കോപ്പിബുക്കിലില്ലാത്ത ഷോട്ടുകൾക്കുമുന്നിൽ പകച്ചുനിൽക്കും ബൗളർ.

മറിച്ചാണ് ഗാവസ്‌കർ. ക്ഷമയുടെ ആൾരൂപം. ഷോട്ടുകൾ തിരഞ്ഞെടുത്താണ് കളിക്കുക. അതും സൗന്ദര്യബോധത്തോടെ.

സുഭാഷ് ഭൗമിക്കിനെയും നജീമുദ്ദീനെയും സേവ്യർ പയസ്സിനെയും ഉലഗനാഥനെയും ഗൗതം സർക്കാരിനേയുമൊക്കെ ജേഴ്സിയും ബൂട്ടുമണിയിച്ച് വയനാട്ടിലെ എന്റെ ഏകാന്തതയിലേക്ക് ആഘോഷപൂർവം അഴിച്ചു വിടുകയായിരുന്നു വിംസിയും അബുവും.

രണ്ടു ശൈലിക്കും പൊതുവായി ഒന്നുണ്ട്: മായം കലരാത്ത കൃത്യത; സുതാര്യത. റൺസ് വാരിക്കൂട്ടാനും ടീമിനെ ജയിപ്പിക്കാനും അവ രണ്ടും ധാരാളം. എന്നെപ്പോലുള്ള കളിപ്രാന്തന്മാർക്ക് ഗാലറിയിലിരുന്ന് ആസ്വദിച്ച് കൈയടിക്കാനും.

സ്‌കൂൾ ജീവിതകാലം തൊട്ട് ഒപ്പമുണ്ട് അബു സാർ; 1975 ലെ കോഴിക്കോട് സന്തോഷ് ട്രോഫി മുതൽ. സുഭാഷ് ഭൗമിക്കിനെയും നജീമുദ്ദീനെയും സേവ്യർ പയസ്സിനെയും ഉലഗനാഥനെയും ഗൗതം സർക്കാരിനേയുമൊക്കെ ജേഴ്സിയും ബൂട്ടുമണിയിച്ച് വയനാട്ടിലെ എന്റെ ഏകാന്തതയിലേക്ക് ആഘോഷപൂർവം അഴിച്ചു വിടുകയായിരുന്നു വിംസിയും അബുവും. മാതൃഭൂമിയാണ് അന്ന് വീട്ടിൽ വരുത്തിയിരുന്ന പത്രം. അബു സാറിന്റെ രസികൻ കുറിപ്പുകൾ വായിക്കണമെങ്കിൽ സ്‌കൂളിൽ ചെല്ലണം. കൂട്ടുകാരിൽ ആരെങ്കിലും വീട്ടിൽ നിന്ന് ചുളുവിൽ ‘കടത്തിക്കൊണ്ടു’വരുന്ന മനോരമ പത്രമായിരുന്നു അതിനുള്ള ആശ്രയം.

കെ അബൂബക്കർ എന്ന അബു

മാൻഡ്രേക്കും ഫാന്റവും അബുവുമാണ് അന്നത്തെ ഏഴാം ക്ലാസുകാരന് മനോരമയിലെ മുഖ്യ ആകർഷണങ്ങൾ. മത്സരങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ക്രിസ് തോമസെങ്കിലും ദിവസവും അബു സാർ എഴുതിയിരുന്ന പാർശ്വലേഖനങ്ങൾ റിപ്പോർട്ടുകളെ പോലെത്തന്നെ രസകരം, വിജ്ഞാനപ്രദം, പ്രസാദാത്മകം.
ഈ പ്രസാദാത്മകത തന്നെയായിരുന്നു എന്നും അബു സാറിന്റെ എഴുത്തിന്റെ മുഖമുദ്ര. വലിയ ശബ്ദഘോഷമില്ല; ആരോടും കലഹവും. ലളിതവും സുന്ദരവുമായ സമീപനം. പഴയൊരു പ്രയോഗം കടമെടുത്താൽ ‘കുറിയ’ പാസുകളിലൂടെയുള്ള മുന്നേറ്റം. ഫൗളുകളില്ലാത്ത നീക്കങ്ങൾ. ഇടയ്ക്കിടെ നർമമധുരമായ ചില ‘ഇൻഡയറക്റ്റ്' ഫ്രീ കിക്കുകൾ. വാക്കുകളും വാചകങ്ങളും ഖണ്ഡികകളും വിദഗ്ധമായി ഇണക്കിച്ചേർക്കുന്നതിൽ പോലുമുണ്ട് വേറിട്ട ഒരു അബു സ്‌റ്റൈൽ.

1970 കളിലെ ഡച്ച് ടീമിന്റെ ശൈലി അനുസ്മരിപ്പിച്ച്​, എല്ലാ പൊസിഷനിലും എപ്പോഴും കയറിയിറങ്ങിക്കളിക്കും അബുവിലെ കളിയെഴുത്തുകാരൻ. തരം കിട്ടിയാൽ എതിരാളിയുടെ വലകുലുക്കുകയും ചെയ്യും. ശരിക്കും ഒരു ടോട്ടൽ ഫുട്‌ബോളർ.

‘കീപ്പർ' എന്ന പേരിലും എഴുതിയിരുന്നു അബു സാർ. നൂറു ശതമാനവും അബുവിയൻ ശൈലിക്കിണങ്ങുന്ന തൂലികാനാമം. കളിക്കളത്തിലെ ചരിത്രമുഹൂർത്തങ്ങളുടെ ‘കീപ്പറാ'യിരുന്നല്ലോ എന്നും അദ്ദേഹം. ഇന്നുമതേ. ഏതെങ്കിലുമൊരു പഴയ ഇഷ്ടതാരം ഓർമയായാൽ, അല്ലെങ്കിൽ കളിക്കളത്തിലെ റെക്കോർഡുകളിലൊന്ന് പഴങ്കഥയായാൽ അബു എന്ന ബൈലൈനിനുവേണ്ടി പത്രത്താളുകളിൽ പരതാറുണ്ട് ഇന്നും എന്റെ കണ്ണുകൾ. ഗൂഗിളും വിക്കിപ്പീഡിയയുമെല്ലാം സ്വന്തം തലച്ചോറിലെ ഓർമയറകളാണ് അബു സാറിന്. അതുകൊണ്ടുതന്നെ അബദ്ധപഞ്ചാംഗങ്ങളായ ഇന്റർനെറ്റിലെ സ്ഥിതിവിവരക്കണക്കുകൾ ആശ്രയിക്കേണ്ടിവരാറില്ല ഈ പ്രായത്തിലും അദ്ദേഹത്തിന്. എല്ലാ ചരിത്രവും വിരൽത്തുമ്പിൽ. മനോരമയുടെ കോഴിക്കോട് എഡിഷനിലെ റസിഡൻറ്​ എഡിറ്ററായി വിരമിച്ചിട്ട് വർഷങ്ങളായെങ്കിലും അബുവിന്റെ രചനാശൈലിയുടെ പുതുമ ഇന്നും പഴയ പോലെ തന്നെ. റിട്ടയർമെൻറില്ല അബുവിലെ എഴുത്തുകാരന്.

കോയക്ക എന്ന ഓൾറൗണ്ടർ

കൺമുന്നിൽ പൊട്ടിവിരിഞ്ഞ ഗോൾ കണ്ടില്ല കോയക്ക.
ഗാലറികളുടെ ‘പൊട്ടിത്തെറി' കേട്ടതുമില്ല.

എങ്ങനെ കാണാൻ? ഭൂമിയിലല്ലല്ലോ കണ്ണുകൾ; ആകാശത്തല്ലേ? കൃത്യമായി പറഞ്ഞാൽ ‘കുമുലോനിംബസ്' മേഘങ്ങളുടെ പിറകെ.

‘കോയക്കാ ഇങ്ങളെന്താ മേപ്പട്ട് നോക്കി ഇരിക്ക്യാ? ഗോള് അടിച്ചതാരാന്ന് നോക്കണ്ടേ?', പ്രസ് ബോക്‌സിൽ തൊട്ടടുത്തിരുന്ന ചന്ദ്രിക റിപ്പോർട്ടറുടെ ചോദ്യം.

പൊടുന്നനെ കണ്ണുകൾ മാനത്തുനിന്ന് പിൻവലിച്ച്​ ചോദ്യകർത്താവിനെ നോക്കി കോയക്ക. പിന്നെ, കയ്യിലെ പഴയ ഹെൻറി സാൻഡോസ് വാച്ചിൽ ചൂണ്ടി നിസ്സംഗനായി പറഞ്ഞു, ‘ഇപ്പൊ കളി തുടങ്ങി 15 മിനിറ്റ്. ഇനിയൊരു പത്തു മിനിറ്റ് കൂടി കഴിഞ്ഞാൽ മഴ പെയ്യും. പെരുമഴ. നാല് ഗോൾ കൂടി വീണാലും കാര്യമില്ല. ആരും ജയിക്കാൻ പോണില്ല. കളി മുപ്പതാം മിനിറ്റിൽ നിർത്തിവെക്കും. നാളെ റീപ്ലേ നടക്കും. അപ്പോ കണ്ടോളാം ഗോളൊക്കെ.’

ഒരു നിമിഷത്തെ മൗനത്തിനുശേഷം യുവ റിപ്പോർട്ടറെ ചുഴിഞ്ഞുനോക്കി ഒന്നുകൂടി പറഞ്ഞു കോയക്ക, ‘നിങ്ങള് കൊട എടുത്തിട്ടില്ല അല്ലേ? മഴ പെയ്യുന്നെന്റെ മുൻപേ വീട് പിടിക്കാൻ നോക്കിക്കോളീ.’

​​​​​​​ട്രെയിനി ജേർണലിസ്​റ്റായി 400 രൂപ ശമ്പളത്തിൽ ഞാൻ കൗമുദിയിൽ ചെന്നുകയറുമ്പോൾ കോയക്കയുണ്ട് അവിടെ. ‘ഫുട്‌ബോൾ ഫ്രണ്ട്' മാസികയിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകളിൽ കണ്ട് പരിചയിച്ച കോയക്കയല്ല.

ഒറ്റ ശ്വാസത്തിൽ പറഞ്ഞുനിർത്തിയ ശേഷം സന്തതസഹചാരിയായ വളഞ്ഞ കാലൻ കുടയെടുത്തു കക്ഷത്തിൽ തിരുകി, മേശപ്പുറത്തെ കടലാസ് മുഴുവൻ വാരിക്കൂട്ടി ചുരുട്ടിപ്പിടിച്ച് മന്ദം മന്ദം സ്റ്റേഡിയത്തിനു പുറത്തേക്ക് നടന്നു തുടങ്ങുന്നു കോയക്ക. കളി തീരാൻ 75 മിനിറ്റ് ബാക്കിയുണ്ടെങ്കിലെന്ത്? അവസാന വിസിൽ മുഴക്കി മൈതാനം വിട്ടുകഴിഞ്ഞു, കോയക്കയിലെ റഫറി. ഇനി കളി നാളെ.
രണ്ടും കല്പിച്ചുള്ള ആ ഇറങ്ങിപ്പോക്ക് അന്തം വിട്ട് നോക്കിയിരിക്കുകയാണ് പ്രസ് ഗാലറിയിൽ ഒപ്പമിരുന്നവർ. അന്ധാളിപ്പ് പതുക്കെ ചിരിയ്ക്കും പൊട്ടിച്ചിരിയ്ക്കും വഴിമാറുന്നു. എങ്ങനെ ചിരിക്കാതിരിക്കും? പൊരിവെയിലത്താണ് കളി. മാനത്തെങ്ങും കാർമേഘങ്ങളുടെ മിന്നലാട്ടം പോലുമില്ല. മാസമാണെങ്കിൽ മാർച്ച് ആണുതാനും. മഴയെന്നല്ല തണുത്ത കാറ്റ് പോലും കണികാണാൻ കിട്ടാത്ത കാലം.

‘ഇയാൾക്കിതെന്തിന്റെ കൊഴപ്പാണ്?', സഹലേഖകരിൽ ഒരാൾ ചോദിച്ചു; ‘പറയണത് കേട്ടാൽ തോന്നും മൂപ്പരാണ് ദേവേന്ദ്രൻ ന്ന്.’

കോയക്ക നേരത്തെ സ്ഥലംവിട്ട സ്ഥിതിക്ക് കേരളകൗമുദിക്കുവേണ്ടി അന്നത്തെ മാച്ച് റിപ്പോർട്ട് ആരെഴുതും എന്നോർത്തായിരുന്നു മറ്റൊരാൾക്ക് വേവലാതി.
പക്ഷേ പത്തു മിനിറ്റ് നേരം നടന്ന് കോയക്ക താമസസ്ഥലമായ എം.ഇ.എസ് ഹോസ്റ്റലിൽ ചെന്നുകയറുമ്പോഴേക്കും മഴ പൊടിഞ്ഞുതുടങ്ങിയിരുന്നു. പതുക്കെ അതൊരു പേമാരിയായി മാറി. മണിക്കൂറുകളോളം നീണ്ട മഴപ്പെയ്ത്ത്. മേമ്പൊടിക്ക് ഇടിയും മിന്നലും. 30 മിനിറ്റ് കഴിഞ്ഞ്​ കളി ഉപേക്ഷിക്കപ്പെട്ടതായി സ്റ്റേഡിയത്തിലെ മൈക്കുകളിലൂടെ പ്രഖ്യാപനം വന്നപ്പോൾ, തലയ്ക്ക് കൈവച്ചുപോയിരിക്കണം പ്രസ്​ ഗാലറിയൊന്നടങ്കം, കളിയെഴുത്തിലെ കാലാവസ്ഥാ വിദഗ്ദ്ധനായ കോയക്കയുടെ പ്രവചനം അവഗണിച്ചതിൽ പശ്ചാത്തപിച്ചുകൊണ്ട്.

അതായിരുന്നു കോയക്ക എന്ന കെ. കോയ.

മലയാള സ്‌പോർട്‌സ് പത്രപ്രവർത്തനലോകത്തെ ആദ്യകാല താരങ്ങളിൽ ഒരാൾ. ദേശാഭിമാനിയുടെയും കൗമുദിയുടെയും പഴയ സ്‌പോർട്‌സ് എഡിറ്റർ.

ട്രെയിനി ജേർണലിസ്​റ്റായി 400 രൂപ ശമ്പളത്തിൽ ഞാൻ കൗമുദിയിൽ ചെന്നുകയറുമ്പോൾ കോയക്കയുണ്ട് അവിടെ. ‘ഫുട്‌ബോൾ ഫ്രണ്ട്' മാസികയിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകളിൽ കണ്ട് പരിചയിച്ച കോയക്കയല്ല. വെട്ടിത്തിളങ്ങുന്ന കഷണ്ടിയിൽനിന്ന് അലസമായി പറന്നുകളിക്കുന്ന വെൺമേഘ സദൃശമായ മുടിയിതളുകളും സുന്ദരമായ നീലക്കണ്ണുകളുമുള്ള കോയക്ക.

‘ഇങ്ങള് ഇബടെ ജനിക്കണ്ട ആളല്ല കോയക്കാ’, ഫോട്ടോഗ്രാഫർ മുസ്തഫ ഇടക്ക് കോയക്കയോട് പറയും. ‘അസ്സല് സായ്​വാണ്​ ഇങ്ങള്. പെണ്ണുങ്ങള് കണ്ടാ ഇങ്ങളെ ഇപ്പഴും ബിടൂല, സൂക്ഷിച്ചോളീ’, ആ പ്രശംസക്കുമുന്നിൽ ലജ്ജാവിവശനാകും കോയക്ക. സ്വതേ വെളുത്ത മുഖം ചുവന്നു തുടുക്കും.

‘ക' ആയിരുന്നു കോയക്കയുടെ ഭാഗ്യാക്ഷരം. കെ. കോയ എന്ന പേരിൽത്തന്നെയുണ്ട് രണ്ടു ക. സ്‌പെഷ്യലൈസ് ചെയ്ത മേഖലകളും ‘ക' മയം- കളി, കാശ്, പിന്നെ കാലാവസ്ഥ.

കോയക്ക

കളികളിൽ ഫുട്ബാളിനോടും അത്‌ലറ്റിക്‌സിനോടും വോളിബാളിനോടുമാണ് കമ്പം. കാശിന്റെ കളിക്കളമായ സാമ്പത്തികശാസ്ത്രം മറ്റൊരു ഇഷ്ടമേഖല. പുറമെ, കാലാവസ്ഥാ നിരീക്ഷണത്തിലും പ്രവചനത്തിലും കേമൻ. കുമുലോനിംബസ് എന്ന പേരൊക്കെ കോയക്ക പറഞ്ഞാണ് എനിക്കറിയുക. ഇടിമിന്നലോടു കൂടിയുള്ള മഴ കൊണ്ടുവരുന്ന മേഘമാണത്. സാധാരണക്കാർ അത് കണ്ടാൽ തിരിച്ചറിയണം എന്നില്ല. പക്ഷേ കോയക്ക മുറ്റത്തിറങ്ങി ആകാശത്തേക്ക് നോക്കിയാൽ മേഘജാലം നമ്രശീർഷരാകും. മഴയെ കുറിച്ചുള്ള പ്രവചനമൊക്കെ ആ നിരീക്ഷണ പാടവത്തിന്റെ ബലത്തിലാണ്. അപൂർവമായേ അത് തെറ്റാറുള്ളൂ താനും.

ആക്രമണാത്മക ജേണലിസത്തിന്റെ ആളല്ല മൂപ്പർ. ഭാഷയുടെ അമിതമായ പൊലിപ്പിക്കലിലും പൊടിപ്പ്, തൊങ്ങൽ തുടങ്ങിയ ആഡംബരങ്ങളിലും തെല്ലുമില്ല വിശ്വാസം. ‘കണ്ടത് കണ്ടതുപോലെ എഴുതുകയാണ് ചെയ്യേണ്ടത് റിപ്പോർട്ടർ; അല്ലാതെ കോപ്പിയിൽ കവിത കോരിയൊഴിക്കുകയല്ല', കോയക്ക പറയും.

‘അസ്തമയ സൂര്യനെ സാക്ഷിയാക്കി കൃഷ്ണൻ തളികയിലെന്നവണ്ണം വെച്ചുകൊടുത്ത പാസുമായി എതിർ പെനാൽറ്റി ഏരിയയിൽ നുഴഞ്ഞുകയറി മുന്നിൽ കണ്ട പ്രതിരോധ ഭടന്മാരെ മുഴുവൻ വെട്ടിനുറുക്കി ഇടം കാലിൽ പന്തുകൊരുത്ത് വലം കാൽ കൊണ്ട് ലോനപ്പൻ നിറയൊഴിച്ചപ്പോൾ ഗോളി പകച്ചുനിന്നുപോയി’ എന്നൊന്നും എഴുതിവെക്കില്ല കോയക്ക.

കൃഷ്ണന്റെ പാസിൽ നിന്ന് ലോനപ്പൻ ഗോളടിച്ചു ടീമിനെ മുന്നിലെത്തിച്ചു. അത്രമാത്രം. ജനത്തിന് അറിയേണ്ട കാര്യം ആ ചെറു വാചകത്തിലുണ്ട്. പിന്നെന്തിന് കാടു കയറണം എന്നാണ് കോയക്കയുടെ ചോദ്യം.

13 വർഷം മുൻപ് ജീവിതത്തിന്റെ കളിക്കളത്തോട് വിടപറഞ്ഞ കോയക്കയെ കുറിച്ചോർക്കുമ്പോൾ കട്ടി ഫ്രെയിമുള്ള കണ്ണടയ്ക്കപ്പുറത്ത് തിളങ്ങുന്ന ആ നീലക്കണ്ണുകളും നിഷ്‌കളങ്കമായ ചിരിയും രവീ എന്ന വിളിയുമാണ് ഓർമയിൽ.

ചില്ലറക്കാരനല്ല കോയക്ക. കാഴ്ചയിൽ സൗമ്യനെങ്കിലും കാഴ്ചപ്പാടുകളിൽ വിപ്ലവകാരി. പൂർവ്വാശ്രമത്തിൽ സിംഗപ്പൂർ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളിൽ ഒരാളായിരുന്നു കെ. കോയ എന്നറിയുന്നവർ ചുരുങ്ങും. വിദേശ മലയാളി, കേരളബന്ധു, ലൈറ്റ്നിംഗ് തുടങ്ങിയ പത്രങ്ങളിൽ പ്രവർത്തിക്കുന്ന കാലത്ത് ദേവൻ നായർക്കൊപ്പം സമരമുഖത്തുണ്ടായിരുന്ന കോയക്കയെക്കൊണ്ട് പൊറുതിമുട്ടി സിംഗപ്പൂർ ഭരണാധികാരികൾ അദ്ദേഹത്തെ ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നുവത്രേ. കോയക്ക തന്നെ വിസ്തരിച്ചു പറഞ്ഞുകേട്ടിട്ടുള്ള കഥ.

1965 ൽ നാട്ടിൽ തിരിച്ചെത്തിയശേഷം ദേശാഭിമാനിയിൽ ചേർന്നു മൂപ്പർ. കമ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാക്കളുടെ ആത്മമിത്രമായി.

1983 ൽ സ്‌പോർട്‌സിന്റെ കൂടി ചുമതലയുള്ള ന്യൂസ് എഡിറ്ററായി ദേശാഭിമാനിയിൽ നിന്ന് വിരമിച്ച ശേഷമായിരുന്നു കൗമുദി കോഴിക്കോട് എഡിഷനിലേക്കുള്ള കൂടുമാറ്റം. അവിടെ വെച്ചാണ് കോയക്കയോടൊപ്പം സ്‌പോർട്‌സ് ഡെസ്‌കിൽ പ്രവർത്തിക്കാൻ ട്രെയിനിയായ എനിക്ക് അവസരം കൈവരുന്നത്. മറക്കാനാവാത്ത ഒരു ഇന്നിംഗ്സിന്റെ തുടക്കം. ഡെസ്‌കിലെ ഏറ്റവും പ്രസാദാത്മക വ്യക്തിത്വമായിരുന്നു കോയക്ക. ആകാശത്തിന് കീഴെയുള്ള സമസ്ത വിഷയങ്ങളെ കുറിച്ചും അഭിപ്രായം പ്രകടിപ്പിക്കാൻ മടിക്കാത്ത ആൾ.

13 വർഷം മുൻപ് ജീവിതത്തിന്റെ കളിക്കളത്തോട് വിടപറഞ്ഞ കോയക്കയെ കുറിച്ചോർക്കുമ്പോൾ കട്ടി ഫ്രെയിമുള്ള കണ്ണടയ്ക്കപ്പുറത്ത് തിളങ്ങുന്ന ആ നീലക്കണ്ണുകളും നിഷ്‌കളങ്കമായ ചിരിയും രവീ എന്ന വിളിയുമാണ് ഓർമയിൽ. ആരോടും പരിഭവിക്കാതെ, ആരെയും വേദനിപ്പിക്കാതെ നടന്നുമറഞ്ഞ ഒരാൾ. കോയക്കയുടെ തന്നെ ശൈലി കടമെടുത്താൽ, ‘അത്ര സഫലമല്ലെങ്കിലും വിഫലമാകാതെ പോയ ഒരു കൊച്ചുജീവിതം.' ▮


രവി മേനോൻ

മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ. ​​​​​​​കഭീ കഭീ മേരേ ദിൽ മേം, ഇവിടെ പാട്ടിന് സുഗന്ധം, പാട്ടുവഴിയോരത്ത്, യാദ് ന ജായേ, മധുരമായ് പാടി വിളിക്കുന്നൂ തുടങ്ങിയ പ്രധാന പുസ്തകങ്ങൾ.

Comments