നാണയം എന്ന സിനിമയിൽ നിന്ന്.

'പെൺ തമാശ'കളി​ലെ കൊലച്ചിരികൾ

സ്ത്രീയെ പുരുഷന്റെ അപരയും, അവനോളം പോരാത്തവളും, പല പോരായ്മകളുടെയും പര്യായവുമായി കാണുന്ന വ്യവഹാരം ഏതാണ്ടെല്ലാ സമൂഹങ്ങളിലും ശക്തമായി നിലനിൽക്കുന്നു​. നവമാധ്യമ കാലത്തും ഭാഷയിലൂടെയും ഭാഷണങ്ങളിലൂടെയും അത് നിരന്തരം സ്ത്രീയെ അപരവൽക്കരിച്ചുകൊണ്ടിരിക്കുന്നു. ‘സ്ത്രീ ഫലിത’ങ്ങളുടെ സാമൂഹികശാസ്ത്രം വിമർശനാത്മകമായി വിലയിരുത്തപ്പെടുന്നു.

രും പെണ്ണായല്ല ജനിക്കുന്നത്; പക്ഷെ, ജനനാനന്തരം ചിലർ സ്വയം പെണ്ണായി മാറുന്നുവെന്ന് സിമോൺ ദ ബൊവെ പറഞ്ഞപ്പോൾ, ലിംഗവ്യത്യാസത്തിന്റെ അപചയരേഖയ്ക്കപ്പുറം പിറന്നുവീഴുന്നവരെ, പുരുഷകേന്ദ്രിത സമൂഹം എങ്ങനെ ‘പെൺവൽക്കരിക്കുന്നു' എന്നതിനെക്കുറിച്ച് അവർ വേണ്ടത്ര ആലോചിച്ചുവോ എന്നത് സംശയമാണ്. ആലോചിച്ചിരുന്നുവെങ്കിൽ, ചിലർ സ്ത്രീയായി മാറുന്നു എന്നതിനുപകരം, ചിലരെ സ്ത്രീയായി സമൂഹം മാറ്റുകയും പരുവപ്പെടുത്തിയെടുക്കുകയും ചെയ്യുന്നുവെന്നായിരിക്കും അവരെഴുതുക.

സ്ത്രൈണത ജീവശാസ്ത്രപരിണതിയല്ല, മറിച്ച് സാമൂഹിക നിർമിതിയാണെന്ന വാദത്തിന്റെ യുക്തിയോ, അയുക്തിയോ എത്രയും വിശകലനം ചെയ്യാം; പക്ഷെ, സ്ത്രീയെ പുരുഷന്റെ അപരയും, അവനോളം പോരാത്തവളും, പല പോരായ്മകളുടെയും പര്യായവുമായി കാണുന്ന ഒരു വ്യവഹാരം ഏതാണ്ടെല്ലാ സമൂഹങ്ങളിലും ശക്തമായി നിലനിൽക്കുന്നുണ്ടെന്നതും ഭാഷയിലൂടെയും ഭാഷണങ്ങളിലൂടെയും അത് നിരന്തരം സ്ത്രീയെ അപരവൽക്കരിച്ചുകൊണ്ടിരിക്കുന്നുവെന്നതും നിഷേധിക്കാനാകാത്ത വസ്തുതയാണ്. Language അഥവാ ഭാഷയെന്നർഥം വരുന്ന ഇംഗ്ലീഷ് വാക്ക് തന്നെ ‘ലിംഗം' എന്നർഥം വരുന്ന ഇൻഡോ യൂറോപ്യൻ പദത്തിൽ നിന്നാണ് നിഷ്പദിച്ചതെന്ന് വരുമ്പോൾ, ഭാഷാവ്യവഹാരത്തിന് മേലുള്ള ആൺകോയ്മയുടെ വ്യാപ്തി എത്രത്തോളമാണെന്ന് വ്യക്തമാകും.

ഴാക് ലകാൻ / Photo: Wikipedia

ഫുക്കോയടക്കമുളള വ്യവഹാര സൈദ്ധാന്തികർ വ്യക്തമാക്കുന്നതുപോലെ ഭാഷയെന്നത് ആശയങ്ങളുടെ വെറും ഒരാവിഷ്‌കാര ഉപാധിയോ സന്ദേശങ്ങളുടെ വിനിമയചാലകമോ അല്ല; മറിച്ച് അത് നമ്മുടെ ചിന്തയെയും അഭിപ്രായങ്ങളെയും അഭിരുചികളെയും സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്ന, സ്വന്തമായ കാർമികത്വമുള്ള ഒരു ജൈവവ്യവസ്ഥയാണ്. അതിനാൽ തന്നെ ഭാഷാ - ഭാഷണ പ്രയോഗങ്ങൾ നമ്മുടെ ചിന്തയെ സജീവമായി സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നു. ഴാക് ലകാൻ, It is not the subject speaking language but it is the language speaking subject എന്ന് പറയുമ്പോൾ സൂചിപ്പിക്കുന്നത് ഭാഷയ്ക്ക് അതിന്റെ പ്രയോക്താക്കളുടെ മേലുളള ഈ നിർവാഹകശേഷി (Agency) യാണ്. Saturnine, star-crossed തുടങ്ങിയ ഇംഗ്ലീഷ് വാക്കുകളും ശനിദോഷം, ചൊവ്വാദോഷം തുടങ്ങിയ മലയാളപ്രയോഗങ്ങളും ജ്യോതിഷം പോലുളള അന്ധവിശ്വാസങ്ങൾ മനുഷ്യപ്രജ്ഞയിൽ ചെലുത്തിയ സ്വാധീനത്തെ സൂചിപ്പിക്കുക മാത്രമല്ല, മറിച്ച് ജ്യോതിഷത്തെ ശാസ്ത്രീയ കാരണങ്ങളാൽ തള്ളിക്കളയുന്നവരുടെ അബോധമണ്ഡലത്തിൽ പോലും ചില മുൻബോധങ്ങളും സമീപനങ്ങളും ഉത്പ്പാദിപ്പിക്കുവാൻ പര്യാപ്തമാണ്. വാക്കുകളും അധികാരബന്ധങ്ങളും പരുവം ചെയ്യുന്ന വ്യവഹാരമണ്ഡലം നമ്മുടെ ചിന്തയെയും സമീപനങ്ങളെയും എത്രത്തോളം സ്വാധീനിക്കുന്നുവെന്നതിന് നിദർശനമായി സാപിർ - വോർഫ് സിദ്ധാന്തങ്ങൾ മുതൽ സോഷ്യൽ എൻജിനിയറിങ്ങിലെ എത്രയെങ്കിലും പരീക്ഷണങ്ങൾ വരെ നമ്മുടെ മുമ്പിലുണ്ട്. ഈ പ്രക്രിയയിൽ സ്ത്രീഫലിതങ്ങൾ വഹിക്കുന്ന പങ്ക് വിമർശനാത്മകമായി വിലയിരുത്തപ്പെടേണ്ടതുണ്ട്.

ലാഭമോഹവുമായി വാർത്തയെയും വിജ്ഞാനത്തെയും വിപണിയ്ക്കുതകുന്ന ഇൻഫോടെയ്ൻമെൻറ്​ ഉരുപ്പടികളായി മാത്രം കാണുന്ന മാധ്യമ ഭീമൻമാരും ഇന്റർനെറ്റ്​ അധിഷ്ഠിത സാമൂഹ്യമാധ്യമങ്ങളും അരങ്ങുവാഴുന്ന വർത്തമാന ഭാഷണം നിരന്തരമായ ഒരശ്ലീലവൽക്കരണത്തിനാണ് വിധേയമായിക്കൊണ്ടിരിക്കുന്നത്. All that is solid melts into air, all that is sacred is profaned എന്ന് പറഞ്ഞപ്പോൾ മാർക്സ് ശുഭാപ്തിയിലായിരുന്നുവെങ്കിൽ, ഉത്തരാധുനിക പരിസരത്ത് ഇതിന് ഒരു വിപരീത പരിണതിയാണുണ്ടായത്. ഉത്തരാധുനികത ഒരുതരം ഉപരിപ്ലവതയിലും ആഴമില്ലായ്മയിലും അഭിരമിക്കുന്നുവെന്ന് ഫെഡറിക് ജെയിംസൺ എന്നോ പറഞ്ഞതാണ്. പവിത്രം, പാവനം, അഗമ്യം തുടങ്ങിയ എല്ലാം ഉപരിപ്ലവതയുടെ ഇന്നത്തെ കുലം കുത്തിയൊഴുക്കിൽ കടപുഴകി വീണിരിക്കുന്നു. ഇവിടെ ഒന്നും പവിത്രമല്ല; എന്തിനെയും കടന്നുപിടിക്കുകയും പിച്ചിച്ചീന്തുകയും ചെയ്യാം. ഹാസ്യം, ഫലിതം തുടങ്ങിയ പേരുകളിൽ സമൂഹത്തിൽ ചർവിത ചംക്രമണം ചെയ്യുന്ന അഴുകിയതും പുഴുവരിക്കുന്നതുമായ അലസഭാഷണങ്ങൾ ഇത്തരമൊരു സാംസ്‌കാരിക അപചയത്തിന്റെ ചില്ലുകണ്ണാടികളായി വേണം കാണാൻ.

എന്താണ് ഫലിതം? ആർക്കാണ് അത് തമാശയായി തോന്നാത്തത്?

ആളുകളെ ചിരിപ്പിക്കുന്ന ഹാസ്യാത്മകമായ വാഗ്പ്രയോഗങ്ങളെയും പ്രസ്താവങ്ങളെയും മൊത്തമായി ഫലിതമെന്ന് നിർവചിക്കാം. പക്ഷേ, ഈ നിർവചനം പ്രശ്നബദ്ധമാണെന്ന് സമ്മതിക്കേണ്ടിവരും. ഒരാൾക്ക് ചിരിക്ക് വക നൽകുന്ന ‘ഫലിതം' മറ്റൊരാളിന് നോവും വേദനയുമായാണ് അനുഭവപ്പെടുക. വംശീയ ഫലിതങ്ങളെ കുറിച്ച് ശ്രദ്ധേയമായ പഠനങ്ങൾ നടത്തിയ ലിയോൺ റാപ്പോപോർട്ട് (2005) പറഞ്ഞതുപോലെ, ഫലിതങ്ങൾ ഒരേ സമയം കഠാരയും പരിചയുമായി ഉപയോഗിക്കാവുന്നതാണ്. എന്നാൽ മിക്കപ്പോഴും, മർദിതർക്കും പാർശ്വവൽകൃതർക്കും അത് സ്വഗാത്രത്തിൽ പരുക്കേൽപ്പിക്കുന്ന കഠാരയായാണ് അനുഭവപ്പെടാറുള്ളതാമെന്നതാണ് വസ്തുത. കറുത്തവർ, ജൂതന്മാർ, അമരിന്ത്യക്കാർ, കമ്യൂണിസ്​റ്റുകൾ, അറബികൾ തുടങ്ങി ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ, യാങ്കീ വംശീയത അതിന്റെ ശത്രുക്കളായി കണ്ടവരെക്കുറിച്ച് ഹോളിവുഡ് അടക്കമുളള അമേരിക്കൻ സാംസ്‌കാരിക വ്യവസായങ്ങൾ പടച്ചുവിട്ട വാർപ്പുമാതൃകകളും നർമോക്തികളും ഇതിന് തെളിവാണ്.

The only good Indian is a dead Indian എന്ന പ്രസ്താവം എടുക്കുക. ഈ പ്രയോഗം നാം ഇന്ത്യക്കാരെ കുറിച്ചല്ല, മറിച്ച്, ചുവന്ന ഇന്ത്യക്കാർ എന്ന് സായിപ്പ് തെറ്റായി നാമകരണം ചെയ്ത തദ്ദേശീയ അമേരിക്കക്കാരെ കുറിച്ചാണ്. ആദിമ അമേരിക്കക്കാരും വെള്ളക്കാരും തമ്മിലുളള വിനിമയചരിത്രം നിതാന്ത സംഘർഷത്തിന്റെയും പകയുടേതുമായിരുന്നു. തോക്കുധാരികളായ യൂറോപ്യൻമാരുമായി നൂറ്റാണ്ടുകളിലൂടെ നീണ്ട സംഘർഷങ്ങളിൽ ദശലക്ഷക്കണക്കിന് അമരിന്ത്യക്കാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ചതിയിലൂടെയും ഭൗതിക ധ്വംസനങ്ങളിലൂടെയും തദ്ദേശീയരെ യൂറോപ്യർ പൂർണമായും കൊള്ളയടിക്കുകയും നിരാലംബരാക്കുകയും ചെയ്തു. ഒരു നല്ല ഇന്ത്യക്കാരനെന്നത് ചത്ത ഇന്ത്യക്കാരനെന്ന മേൽപ്രസ്താവം അതിനാൽ, രക്തക്കൊതിയിൽ ആർമാദിച്ച യൂറോപ്യർക്കും, അവരുടെ വംശീയ വൈരം താവഴിയായി ലഭിച്ചവർക്കും ഫലിതോക്തിയായി തോന്നിയേക്കാം, പക്ഷെ, ഇരകൾ അതിൽ ദർശിക്കുക ചരിത്രാനുഭവങ്ങളുടെ നോവും നീറലുമായിരിക്കും. ജൂതൻമാരെ ആക്ഷേപിച്ചുളള ‘കൈക്ക്' ഫലിതങ്ങളുടെയും കറുത്തവരെ പരിഹസിച്ചുളള ‘നിഗ്ഗർ' ഫലിതങ്ങളുടെയും ഭൂമിശാസ്ത്രം ഇതേ വിദ്വേഷ പരിസരമാണ്. കറുത്തവരുടെ കോലവും തൊലിനിറവുമാണ് ഇങ്ങിനെ സ്ഥിരം ഹാസ്യത്തിന് വിധേയമാകാറുളളതെങ്കിൽ, ജൂതരുടെ മൂക്കിന്റെ വക്രതയും അവരിൽ ആരോപിക്കപ്പെട്ട തീരാത്ത ധനാർത്തിയുമായിരുന്നു ശകാരങ്ങളുടെയും നർമങ്ങളുടെയും സ്ഥിരം ഉന്നം.

പല ഇന്ത്യൻ ഭാഷകളിലുമുള്ള ജാതിഫലിതങ്ങളും ഇത്തരം അപരവൽക്കരണത്തിന് മികച്ച ഉദാഹരണങ്ങളാണ്. ‘തിയ്യൻ മൂത്താൽ തെയ്യം', ‘ചണ്ഡാലൻ തീണ്ടിയ പിണ്ഡം പോലെ,' ‘ജാത്യാലുളളത് തൂത്താൽ പോകുമോ?' തുടങ്ങിയ മലയാള പ്രയോഗങ്ങൾ ചില ഉദാഹരണങ്ങൾ മാത്രം. കേൾക്കുന്ന ചിലർക്ക് അവ ഫലിതമായി തോന്നുമെങ്കിലും അവയിലടങ്ങിയിരിക്കുന്ന ബൗദ്ധികഹിംസ (epistemic violence) പാർശ്വവൽക്കൃതർക്ക് നൊമ്പരമായനുഭവപ്പെടാതിരിക്കണമെങ്കിൽ, അവർ അധീശമൂല്യങ്ങളെ പൂർണമായും സ്വാംശീകരിച്ച, അസ്തിത്വം അടിമപ്പെടുത്തിയവരായിരിക്കണം. ഫലിതങ്ങൾ ജനിതകപരമായി തന്നെ സന്ദിഗ്ദ്ധസ്വഭാവമുളളവയാണെന്ന് പറയാൻ ഇതാണ് കാരണം.

സ്ത്രീ ഫലിതങ്ങളുടെ ശരീരശാസ്ത്രവും സാമൂഹ്യശാസ്ത്രവും

പാർശ്വവൽകൃത വിഭാഗങ്ങളുടെമേൽ അധീശത്വവർഗം നടത്തുന്ന ഒരു ഭാഷാ-ബൗദ്ധിക ധ്വംസനമാണ് ഫലിതങ്ങളെന്നതിന് തെളിവാണ് സ്ത്രീകളെക്കുറിച്ച് മിക്ക സമൂഹങ്ങളിലും നിലനിൽക്കുന്ന ‘തമാശകൾ.' സ്ത്രീയുടെ അടി മുതൽ മുടി വരെയുളള ഒരവയവമോ, അടുക്കള മുതൽ അങ്ങാടി വരെയുള്ള ഒരു വിനിമയ മേഖലയോ, പുരുഷദൃഷ്ടിയുടെയും കാമത്തിന്റെയും ഹിംസാത്മകത കലർന്ന, വിഷലിപ്ത ഫലിതങ്ങളുടെ ദൂഷിതവലയത്തിൽ നിന്ന് മുക്തമല്ല. അത് പഴഞ്ചൊല്ലുകളിലും ഉൽപത്തിപ്പുരാണങ്ങളിലും തുടങ്ങി, ഇന്റർനെറ്റ്​സാമൂഹ്യമേഖലകളെ മൊത്തം ഗ്രസിച്ച്, ബഹിരാകാശ സാങ്കേതികവിദ്യകളിലുപയോഗിക്കുന്ന രൂപകങ്ങളെ പോലും പരിണയിച്ച് നിൽക്കുന്നു. സെക്സിസ്റ്റ്​ ഫലിതത്തിന്നുദാഹരണമായി മേഗൻ സട്രെയ്ൻ ഉദ്ധരിക്കുന്ന ഫലിതങ്ങളിലൊന്ന് ഇങ്ങനെ: ‘ചന്ദ്രനിലേക്ക് ഇതുവരെയായും സ്ത്രീകളെ അയക്കാത്തതെന്തേ? ഉത്തരം: "അവിടെ ഇതുവരെ തൂത്ത് വാരേണ്ട ആവശ്യം വന്നിട്ടില്ല.' സ്ത്രീയെന്നത് എപ്പോഴും തൂത്തുവാരേണ്ടവളും പുരുഷൻ ജൻമനാ തന്റെ ജീവസ്ഥലി വൃത്തികേടാക്കാൻ അവകാശമുള്ളവനുമെന്ന അത്യന്തം അപകടകരമായ അർഥമാണ് ഈ ചൊല്ലിലുളളത്.

നമുക്ക്​ ഭൂമിയിലേക്കും മനുഷ്യോൽപത്തിയിലേക്കും വരാം. ബൈബിൾ പ്രകാരം സ്ത്രീ സൃഷ്ടിക്കപ്പെട്ടത് പുരുഷന്റെ വാരിയെല്ലിൽ നിന്നാണ്. ആദിപുരുഷനായ ആദം സ്വർഗത്തിൽ നിന്ന് പുറത്താക്കപ്പെടാൻ തന്നെ കാരണം വിലക്കപ്പെട്ട കനി ഭുജിക്കുവാനുളള ഹവ്വയുടെ സ്ത്രീസഹജമായ അഭിനിവേശമായിരുന്നു. ചില പുരോഹിതർ ഒന്നുകൂടി കടന്ന് ആ സമയത്ത് ഹവ്വ ഗർഭിണിയായിരുന്നുവെന്നു വരെ തട്ടിവിടുന്നു. പ്രശസ്ത ഖുർആൻ പണ്ഡിതയും ഇസ്​ലാമിക്​ ഫെമിനിസ്​റ്റുമായ ആമിനാ വദൂദിന്റെ അഭിപ്രായത്തിൽ ഉൽപത്തി സംബന്ധമായ ഖുർആൻ വിവരണ പ്രകാരം ഹവ്വയെ സൃഷ്ടിച്ചത് ആദാമിന്റെ വാരിയെല്ലിൽ നിന്നല്ലെന്ന് മാത്രമല്ല, സ്വർഗത്തിൽ നിന്ന് ആദിമമനുഷ്യരെ പുറത്താക്കാനുളള കാരണം ആദിമാതാവിന്റെ മാത്രം ആർത്തിയായിരുന്നില്ല. ഈ വ്യാഖ്യാനത്തിന്റെ സാധുത എന്തായാലും, ലോകത്തിന്റെ വലിയൊരു വിഭാഗം ജനങ്ങളുടെ പ്രജ്ഞയെ നിയന്ത്രിക്കുന്ന സെമിറ്റിക് മതധാരണകളനുസരിച്ച് മനുഷ്യന്റെ പതനത്തിനും, ദുരിതത്തിനും സ്ഥിര ഉത്തരവാദി സ്ത്രീയാണ്. ഉൽപ്പത്തി മിത്തിന് പല സമൂഹങ്ങളിലും നിലനിൽക്കുന്ന പ്രാദേശികഭേദങ്ങളാകട്ടെ, സ്ത്രീയെ കൂടുതൽ അപരവൽക്കരിക്കാനും യക്ഷിവൽക്കരിക്കാനും പര്യാപ്തമാണ്.

ആമിനാ വദൂദ്

Never Marry a Woman with Big Feet എന്ന ഗ്രന്ഥമെഴുതിയ മിനേക്കെ ഷിപ്പർ കോംഗോയിൽ വെച്ച് കേട്ട ഒരു ഉൽപ്പത്തി മിത്ത് ഇങ്ങനെ സംഗ്രഹിക്കുന്നു: ഹവ്വയെ സൃഷ്ടിക്കാൻ, ഭൂമിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന, ആദാമിന്റെ വാരിയെല്ല് കൊണ്ടുവരാനായി ദൈവം, ഗബ്രിയേൽ മാലാഖയെ ചുമതലപ്പെടുത്തുന്നു. അനുസരണശീലനായ മാലാഖ ഭൂമിയിൽനിന്ന് സ്വർഗലോകത്തിലേക്ക് പറക്കുന്നതിനിടെ പഴയ സുഹൃത്തായ പിശാചിനെ കണ്ടുമുട്ടുന്നു. കയ്യിലുളള സാധനമെന്തെന്ന് അയാൾ തിരക്കുന്നു. പിശാചിന്റെ കയ്യിലിരിപ്പിനെ പറ്റി നല്ല ബോധ്യമുളളതിനാൽ, താൻ അധികം കാര്യം അന്വേഷിക്കേണ്ടെന്ന് പറഞ്ഞ് ഗബ്രിയേൽ അവനെ തട്ടിമാറ്റുന്നു. പക്ഷെ പിശാച് ചുളുവിൽ അത് കൈക്കലാക്കി. ദൈവത്തിന്റെ അടുത്തേക്ക് വെറും കയ്യോടെ പോയാലുളള ഭവിഷ്യത്തോർത്ത് ഗബ്രിയേൽ പിശാചുമായി ഘോരമായ മൽപിടുത്തം നടത്തി. ആദാമിന്റെ വാരിയെല്ലുമായി പിശാച് ഓടിരക്ഷപ്പെട്ടുവെങ്കിലും അവന്റ വാല് മൽപ്പിടുത്തത്തിൽ ഭാഗികമായി മുറിഞ്ഞു. വെറും കയ്യോടെ പോകുന്നതിലെ ലജ്ജയോർത്ത് ആ വാലുമായി ഗബ്രിയേൽ ദൈവത്തിന്റ അടുത്ത് പോയി. അറിഞ്ഞോ അറിയാതെയോ ആ വാലെടുത്താണ് ദൈവം ആദി വനിതയെ സൃഷ്ടിക്കുന്നത്.

പെണ്ണിന്റെ നാക്ക് പിശാചിന്റെ ചൂലാ’ണെന്ന ചെക്കോവിന്റെ On the High Road എന്ന നാടകത്തിലെ പ്രസ്താവനയുടെ വിഷലിപ്തമായ അതേ ജനിതകഘടനയാണ് ഈ ആഫ്രിക്കൻ ഉൽപത്തി മിത്തിനുളളത്. ഫലിതത്തിന്റെ പ്രഛന്നരൂപത്തിൽ ഉൽപ്പത്തി കഥകളിൽ തുടങ്ങുന്ന ഇത്തരം വാങ്മയങ്ങൾ, അവയുടെ ഡിജിറ്റൈസ് ചെയ്യപ്പെട്ട വിവിധ രൂപങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും പ്രചുരപ്രചാരം നേടുന്നു. ഷിപ്പറിന്റെ അഭിപ്രായത്തിൽ, ലോകത്തിലെ ഏറ്റവും ചെറിയ സാഹിത്യരൂപമാണ് പഴഞ്ചൊല്ലുകൾ. പരമ്പരാഗത യുക്തി ആവാഹിക്കുന്ന നർമോക്തികളായാണ് അവ കണക്കാക്കപ്പെടുന്നത്. അവ വിയോജിപ്പുകൾ വിധിതീർപ്പാക്കാനും തെറ്റിദ്ധാരണകൾ ദൂരീകരിക്കുന്നതിനും അറിവില്ലായ്മകളെ മൂടിവെക്കാനും, എന്തിന് മോശമായ ലക്ഷ്യങ്ങൾക്ക് മോഹനമായ കവചങ്ങൾ തീർക്കാനും ഉപയോഗിക്കാം, ഷിപ്പർ പറയുന്നു.

പഴമൊഴികൾ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം വലുതാണ്. പഴയ വാമൊഴി സമൂഹങ്ങളെ അപേക്ഷിച്ച് ഇന്നത്തെ ഡിജിറ്റൽ സമൂഹത്തിൽ അവയുടെ സ്വാധീനം കുറവാണെങ്കിലും, ഡിജിറ്റൽ ആധുനികതയിലും അവ പുതിയ വേഷപ്പകർച്ചകളോടെ, സമൂഹബോധത്തെ സ്വാധീനിക്കാൻ പോന്ന ഉരുപ്പടികളായി നിലനിൽക്കുന്നുവെന്നതാണ് വസ്തുത. സോപ്പ് ഓപെറേകളിലും രാഷ്ട്രീയ ആക്ഷേപ ഹാസ്യങ്ങളിലും മുഖ്യധാരാ സിനിമകളിലും അവ യഥേഷ്ടം ഉപയോഗിക്കപ്പെടുകയും സമൂഹപ്രജ്ഞയെ പാരമ്പര്യത്തിന്റെ തൊഴുത്തിൽ തളയ്ക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുകയും ചെയ്യുന്നു. പഴമൊഴികൾ സംഭാഷണങ്ങളിലെ കുതിരകളാണെന്ന യൊറൂബൻ ചൊല്ല് ഈയർത്ഥത്തിൽ അന്വർഥമാണ്. സംഭാഷണങ്ങളെ മുന്നോട്ടുനയിക്കാനും അവയ്ക്ക് നങ്കൂരം തീർക്കാനും ഈ കാലഘട്ടത്തിലും പഴമൊഴികൾ എങ്ങനെ പ്രയോജനപ്പെടുന്നുവെന്നതിന്, മലയാളത്തിൽ ഏറെക്കാലമായി തുടരുന്ന പ്രമുഖ രാഷ്ട്രീയ ഹാസ്യപരിപാടി സ്ഥിരമായവസാനിക്കാറുളളത് പഴഞ്ചൊല്ലോടെയാണെന്ന വസ്തുത തന്നെ തെളിവായി മതി.

‘കെട്ട്യോളാണെന്റെ മാലാഖ’ എന്ന സിനിമയിൽ നിന്ന്‌

സ്ത്രീ അവയവങ്ങളെയും ചേഷ്ടകളെയും പരിഹസിക്കുക മാത്രമല്ല, സ്ത്രീകളെ പുരുഷകേന്ദ്രിത സമൂഹം ആഗ്രഹിക്കുന്നവിധം പരുവപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുന്നതാണ് മിക്ക പഴഞ്ചൊല്ലുകളും. സ്ത്രീകളെ പീഡിപ്പിച്ചും, ദേഹോപദ്രവമേൽപ്പിച്ചും വരുതിയിൽ നിർത്തേണ്ടതിന്റെ പ്രാധാന്യം അവ ആവർത്തിക്കുന്നു. ഏറെ കൗതുകകരമായ കാര്യം, ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും തീർത്തും ഭിന്നമായ പ്രദേശങ്ങളിൽ നിലനിൽക്കുന്ന പഴഞ്ചൊല്ലുകളുടെ പ്രമേയത്തിൽ കാണുന്ന അനന്യസാദൃശ്യമാണ്. ഷിപ്പർ എഴുതുന്നു: ഭാര്യമാരെ ഒതുക്കാനും അനുസരണയുള്ളവരായി നിലനിർത്താനുമുള്ള മാർഗമായി, ദേഹദണ്ഡനം നിർദേശിക്കുന്ന പഴഞ്ചൊല്ലുകൾ ലോകത്തിന്റെ എല്ലാ ഭാഗത്തുമുണ്ടെങ്കിലും, അവയുടെ ബാഹുല്യം ഒരു പോലെയല്ല. മധ്യധരണിയോടടുത്തുളള പ്രദേശങ്ങളിലാണ് അവ ഏറ്റവും പ്രചാരത്തിലുളളത്. അടിക്കടിയുളള ഗർഭങ്ങളും, ശാരീരിക പീഡനങ്ങളും സ്ത്രീയെ നിയന്ത്രിക്കാനുളള മാർഗങ്ങളായി നിർദേശിക്കുന്നവയാണ് ഇവയിൽ മിക്കതും. തുർക്കിക്കാക്കാരനായ ഒരു റെസ്റ്റോറൻറ്​ ഉടമ തെല്ലുനാണത്തോടെ അയാളുടെ അച്ഛ​ൻ സ്ഥിരമായുദ്ധരിക്കാറുണ്ടായിരുന്ന ‘പിറകിൽ തിരുകിയ വടിയും വയറ്റിലെ കുഞ്ഞും' എന്ന പഴമൊഴി എന്നോട് പങ്കിട്ടു.

പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു പഴമൊഴി ഇങ്ങനെ: കെട്ടിയ പെണ്ണിന് സ്ഥിരം കണക്കിന് കൊടുക്കുക; അതിന്റെ കാരണമെന്തന്ന് നിനക്ക് മനസ്സിലായില്ലെങ്കിലും അവൾക്ക് മനസ്സിലാകും. ഒരറബി പഴഞ്ചൊല്ല് നവവധുവിനെ കാണെ, വളർത്തുപൂച്ചയെ തല്ലേണ്ടതിന്റ പ്രാധാന്യം എടുത്തുപറയുന്നു: മിണ്ടാപ്രാണിയോട് കാട്ടുന്നത്, കെട്ടിയവൾക്ക് ഒരു മുന്നറിയിപ്പാകുമെന്നാണ് ആപ്തവാക്യത്തിന്റെ സാരം. മൊറോക്കോയിൽ പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ല് കാര്യം ഭംഗ്യന്തരേണ പറയുന്നു: ആടിനെ അറക്കാനോ, കെട്ടിയവളെ തല്ലാനോ കഴിയാതെ ആണായി ജീവിക്കുന്നതിനെക്കാൾ നല്ലത് മരിക്കുകയാണ്. ഒരു പോർട്ടോറിക്കൻ പഴഞ്ചൊല്ല് പെണ്ണിനെ വഴി പിഴക്കാതെ നോക്കാനും അഥവാ പിഴച്ചാൽ നേരെയാക്കാനും തല്ല് തന്നെ മാർഗമെന്നുപദേശിക്കുന്നു. നേരത്തെ സൂചിപ്പിച്ച പോലെ മധ്യധരണ്യാഴിയാഴിയോട് ചുറ്റുമുളള പ്രദേശങ്ങളിലാണ് ഇത്തരം പഴഞ്ചൊല്ലുകൾ ഏറെ പ്രചാരത്തിലുള്ളതെങ്കിലും മറ്റ്​ ഭൂഭാഗങ്ങളിലും അവയുടെ സാന്നിധ്യം തുഛമല്ലെന്ന് ഷിപ്പർ വിലയിരുത്തുന്നു. ചേങ്ങില പോലെ കെട്ടിയവളെ തല്ലണമെന്ന് നിർദേശിക്കുന്ന അമേരിക്കൻ പ്രയോഗവും, നല്ല പെണ്ണിനും ചീത്ത പെണ്ണിനും ഒരുപോലെ വടിവേണമെന്ന സ്പാനിഷ് ചൊല്ലും നല്ല കുതിരയെയും ചീത്ത കുതിരയെയും അനുസരണയുള്ള പെണ്ണിനെയും അനുസരണയില്ലാത്ത പെണ്ണിനെയും ഒരുപോലെ തല്ലണമെന്ന യൂറോപ്യൻ ചൊല്ലും ഇതിന് തെളിവായി അവർ ഉദ്ധരിക്കുന്നു.

'വാത്സല്യം' സിനിമയിൽ നിന്നും

മലയാളത്തിലേക്ക് വരുമ്പോഴും ഇത്തരം ചൊല്ലുകൾക്കും പ്രയോഗങ്ങൾക്കും പഞ്ഞമില്ലെന്ന് കാണാം:‘കെട്ടിയ പെണ്ണിനെ കിട്ടിയ വടി കൊണ്ടൊന്ന് പെടച്ചു' എന്ന കുഞ്ചൻ നമ്പ്യാർ വരികളും, ‘കഥകളി കലാകാരൻമാർ ഓരോരുത്തരും, കുന്തിയായി അഭിനയിച്ച കോമളരൂപിയായ നർത്തകനടക്കം അവരുടെ വേഷവും ചമയവും, അഴിച്ച് ഭാര്യമാരെ തല്ലാനായ് വീട്ടിലേക്ക് തിരിച്ചുവെന്ന' റോയ് വിവരണവും ഭർതൃപീഡനം കേരളീയ സാമൂഹിക ഭൂമികയിൽ എത്ര സാധാരണമായിരുന്നുവെന്നതിന് സാക്ഷ്യം വഹിക്കുന്നു. "അടികൊണ്ട് വളർന്ന പെണ്ണും അടച്ച് വേവിച്ച കഷായവും', "ഇഞ്ചയും പെണ്ണും ചതക്കുന്നേടുത്തോളം നന്നാകും', തുടങ്ങിയ ഭാഷാപ്രയോഗങ്ങൾ ഇത്തരം പീഡനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മലയാളി പൊതുധാരണയെ അടിവരയിടുന്നു.

കാല - സംസ്‌കാരാതിർത്തികളെ അതിവർത്തിച്ച് വർത്തമാന വ്യവഹാരങ്ങളിലും സൈബർ ഇടങ്ങളിലും തിടംവെക്കുന്ന ഇത്തരം പ്രയോഗങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന വിഷവികിരണങ്ങൾ ചെറുതായി കാണാനാകില്ല. സ്ത്രീകളെ ശാരീരിക പീഡനത്തിന് വിധേയമാക്കുകയെന്നത് അഭിനവ സമൂഹത്തിൽ പോലും ശൗര്യതയുടെയും മാച്ചോയിസത്തിന്റെയും പ്രതീകമായാണ് പലപ്പോഴും വിലയിരുത്തപ്പെടുന്നത്. താൻ ഇതുവരെ നടത്തിയതിൽ വെച്ച് ഏറ്റവും വലിയ അങ്കം ആദ്യ ഭാര്യയോടായിരുന്നുവെന്ന് മുഹമ്മദലി ക്ലേയും, ജീവിതത്തിൽ ഇടിച്ച ഏറ്റവും നല്ല ഇടി ബോക്സിങ് റിംഗിലായിരുന്നില്ല, മറിച്ച് അത് മുൻ ഭാര്യക്ക്​ കൊടുത്തതായിരുന്നുവെന്നും, അതിന്റെ ആഘാതത്തിൽ അവർ കറങ്ങി ചുമരിലടിച്ച് വീണുവെന്ന് മൈക് ടൈസനും പറഞ്ഞത് മാധ്യമങ്ങൾ അവയുടെ സ്വകീയമായ തൊങ്ങലോടെ അവതരിച്ചപ്പോൾ, അവർ അറിഞ്ഞോ അറിയാതെയോ ഇത്തരം പീഡനങ്ങൾക്ക് മാച്ചോയിസത്തിന്റെ വീരപരിവേഷം നൽകുകയായിരുന്നു. പ്രസിദ്ധ കായികതാരങ്ങളായിരുന്ന ഒ.ജെ. സിംപ്സണും ഒസ്‌കർ പിസ്റ്റോറിയസും പെൺകൂട്ടാളികളെ വധിച്ച പ്രമാദങ്ങളായ കേസുകളും പുരുഷഗർവ് ദ്യോതിപ്പിക്കുന്ന ശൈലിയിൽ അനുവാചക ആസ്വാദനത്തിന് ഉതകുന്ന ഉരുപ്പടികളായാണ് പല മാധ്യമങ്ങളും അവതരിപ്പിച്ചത്. അമേരിക്കൻ പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റൺ തന്റെ കീഴിലുളള ഇന്റേണിനെ ലൈംഗികചൂഷണത്തിന് ഇരയാക്കിയപ്പേഴും മാധ്യമങ്ങൾക്ക് അത് ഒരു മനുഷ്യാവകാശ പ്രശ്നമെന്നതിനേക്കാൾ, ഒരുഹാസ്യേതിവൃത്തത്തിന്റെ (comic plot) ചേരുവകളടങ്ങിയ ആഘോഷസന്ദർഭമായിരുന്നു. സംഭവത്തെ ആസ്പദിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഫലിതങ്ങൾ അത്യന്തം വിഷലിപ്തമായിരുന്നു. അതിലൊന്ന് ഇങ്ങനെ:Question: What is the difference between Bill Clinton and a screwdriver?Ans: A screw driver turns in screws and Bill screws interns.

മുഹമ്മദ് അലി, മൈക് ടൈസൻ.

ഇരപക്ഷത്തുനിന്ന് നോക്കുമ്പോൾ, ഇത്തരം ഫലിതങ്ങൾ ഉണ്ടാക്കുന്നത് ചിരിക്ക് പകരം ചോര കലർന്ന കണ്ണീരാണെന്നത് പറയേണ്ടതില്ല. അവയുടെ പ്രജനന പരിസരം പുരുഷമേധാവിത്ത സമൂഹം കാലാകാലങ്ങളായി പരിലാളിച്ച് വളർത്തിയ സ്ത്രീവിദ്വേഷ കാഴ്ചപ്പാടുകളാണെന്നത് നിസ്സംശയം. യഥാർഥത്തിൽ സാധാരണക്കാരുടെ ദൈനംദിന ഭാഷണങ്ങളിലോ അവർ ഉപയോഗിക്കുന്ന വാമൊഴി പ്രയോഗങ്ങളിലോ മാത്രമല്ല, ഇത്തരം സ്ത്രീവിരുദ്ധത പ്രകടമാകുന്നത്. മഹദ് വചനങ്ങളായി നാം ഉൽഘോഷിക്കുന്നവരുടെ ചൊല്ലുകളും പലപ്പോഴും വിഷലിപ്തമായ സ്ത്രീവിരോധം വമിക്കുന്നവയാണ്: പുരുഷനെ സൃഷ്ടിക്കാൻ തുടങ്ങിയപ്പോൾ ദൈവത്തിന് പറ്റിയ അമളിയാണ് സ്ത്രീയെന്ന് അരിസ്റ്റോട്ടിലും, സ്ത്രീ പൂർണ വളർച്ചയെത്തിയ പിശാചാണെന്ന് ഹ്യുഗോയും പറയുമ്പോൾ സ്ത്രീ വ്യക്തമായ അപമാനവീകരണത്തിനും പിശാച് വൽക്കരണത്തിനുമാണ്‌ വിധേയമാകുന്നത്.

ബുദ്ധിജീവികളുടെ ഇത്തരത്തിലുളള ചില ഉദ്ദീരണങ്ങൾ കാണുമ്പോൾ, വിഡ്ഢിത്തം പറയാൻ വിഡ്ഢികളേക്കാൾ കഴിവ് അവർക്കാണെന്ന് അംഗീകരിച്ച് കൊടുക്കേണ്ടിവരും. സ്ത്രീ വിഷയത്തിൽ ബുദ്ധിജീവികൾ പടച്ചുവിട്ട വങ്കത്തങ്ങൾ അരിസ്‌റ്റോട്ടിൽ മുതൽ നീത്ഷെ വരെയും, അവിടന്ന് ഉത്തരാധുനികതയുടെ Anything goes അഥവാ ‘എന്തുമാകാ' ചിന്തയുടെ വിശുദ്ധപരിസരങ്ങൾ വരെയും അഭംഗുരം നീളുന്നു. പക്ഷെ, കറുത്തവരെയും അമരിന്ത്യക്കാരെയും ദലിതരെയും വംശീയ ന്യൂനപക്ഷങ്ങളെയും പോലുളള, ഇതര പാർശ്വവൽക്കൃതരുടെ കാര്യത്തിൽ സംഭവിക്കുന്ന ബൗദ്ധികഹിംസ (epistemic violence)യുടെ അതേ ബലതന്ത്രമാണ് ഇവിടെയും പ്രയോഗിക്കപ്പെടുന്നതെന്നതാണ് വസ്തുത. ഇത്തരം വിഭാഗങ്ങൾക്ക് പരമ്പരാഗതമായി, ബൗദ്ധിക, ഭൗതിക, പ്രതീക മൂലധനം നിഷേധിക്കുന്ന അധീശവർഗം തന്നെ അവരെ ഇത്തരം വിഭവരാഹിത്യങ്ങളുടെ പേരിൽ പരിഹാസ്യരായി ചിത്രീകരിക്കുന്നു. വിജ്ഞാന - ബൗദ്ധിക വിഭവങ്ങളുടെ നിഷേധം സ്വാഭാവികമായും പാർശ്വവൽക്കൃതരുടെ ബുദ്ധിപരവും ജൈവികവുമായ മുരടിപ്പിന് കാരണമാകുന്നു. ദ്രവ്യനിരാസം അവരുടെ ആവാസവ്യവസ്ഥയ്ക്ക് ഏൽപ്പിക്കുന്ന ആഘാതങ്ങൾ ശുചിരാഹിത്യവും, പ്രത്യക്ഷാജ്ഞതയുമായി രൂപാന്തരപ്പെടുന്നു. ഇത് അധീശവർഗത്തിന്ന് അവരുടെ ചെലവിൽ വീണ്ടും ബൗദ്ധിക-പ്രതീക ധ്വംസനത്തിന് വേണ്ട ഉരുപ്പടികളേകുന്നു.

പോളിഷ് അഭയാർഥികളെ കുറിച്ച് റാപോപോർട്ട് ഉദ്ധരിക്കുന്ന പല ഫലിതങ്ങളും ഈ പ്രതിഭാസത്തിന് തെളിവാണ്. കടൽ താണ്ടി അമേരിക്കയിലെത്താറുണ്ടായിരുന്ന പോളിഷ് അഭയാർഥികൾ മിക്കവരും അങ്ങേയറ്റത്തെ ദാരിദ്ര്യത്തിലാണ് കഴിഞ്ഞുകൂടിയത്. മാത്രമല്ല, ഇംഗ്ലീഷ് ഭാഷ വേണ്ടതുപോലെ വശമില്ലാത്തത് അവർക്ക് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി. ഭാഷ ആശയവിനിമയത്തിന് തടസ്സമായപ്പോൾ, പണ്ട് ഗ്രീക്കുകാർ അന്യഭാഷ സംസാരിക്കുന്ന അപരരെ ബുദ്ധിശൂന്യമായി പിറുപിറുക്കുന്നവരെന്ന അർഥത്തിൽ ‘barbarians' ആക്കിയതുപോലെ, അമേരിക്കാർ പോളണ്ടുകാരെ മസതിഷ്‌കവളർച്ചയെത്താത്ത അർധമനുഷ്യരായി ചിത്രീകരിച്ചു. പോളണ്ടുകാരുടെ ബുദ്ധിരാഹിത്യത്തെ പരിഹസിച്ച് അമേരിക്കയിൽ പ്രചാരത്തിലുളള ഫലിതങ്ങൾക്ക് കണക്കില്ല. അതിലൊന്ന്: ലോകത്ത് ഇതുവരെ രചിച്ചതിൽ ഏറ്റവും ചെറിയ പുസ്തകം ഏത്? ഉത്തരം: സംശയമെന്ത്? പോളണ്ടിന്റെ ബൗദ്ധികചരിത്രം തന്നെ. മറ്റൊന്ന്: ഒരു പോളണ്ടുകാരൻ വിവാഹമോചനമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നു. താൻ ബാത്ത്റൂമിൽ ഒരു പോളിഷ് റിമൂവർ (Polish Remover) കണ്ടുവെന്നും അത് തന്നെ കൊല്ലുവാനായി ഭാര്യ രഹസ്യമായി പദ്ധതിയിടുന്നതിന് തെളിവാണെന്നുമാണ് അയാൾ കോടതിയിൽ വാദിക്കുന്നത്.

അമേരിക്കക്കാരന് മറ്റുളളവരുടെ ഭാഷ മനസ്സിലായില്ലെങ്കിൽ അത് ആ ഭാഷകളുടെ കുഴപ്പമാണ്; സായിപ്പിന്റെ ഭാഷ മറ്റുളളവർക്ക് മനസ്സിലായില്ലെങ്കിലോ, അത് മനസ്സിലാകാത്തവരുടെ ബുദ്ധിക്കുറവ് കാരണമാണ് എന്ന ലളിതയുക്തിയാണ് ഈ ഫലിതത്തിന്റെ പിന്നിൽ കുടികൊള്ളുന്നത്. പോളണ്ടുകാരെക്കുറിച്ചുളള മറെറാരു ഫലിതം അവരുടെ ‘ബുദ്ധിമാന്ദ്യം' ഒന്നുകൂടി വ്യക്തമാക്കുന്നു: ഒരു പോളണ്ടുകാരനെയും ഗറില്ലയെയും ഇണചേർത്താൽ നിങ്ങൾക്ക് കിട്ടുന്ന സന്തതി എന്തായിരിക്കും? ഉത്തരം: ബുദ്ധിവൈകല്യമുള്ള ഒരു ഗറില്ല തന്നെ. എത്ര വിവരമുള്ളവരായാലും ഇംഗ്ലീഷ് അറിയാത്തവരെ വിദ്യാസമ്പന്നരായി കണക്കാക്കാൻ മടിക്കുന്ന ഒരു സമ്പ്രദായം സാമ്രാജ്യത്വത്തിന്റെ ശേഷിപ്പായി നമ്മുടെ നാട്ടിലുണ്ട്. ഇതിന്റെ അസ്സൽ രൂപമാണ് സായിപ്പ് പയറ്റുന്നതെന്ന് പറയാം.

കിഴക്കൻ യൂറോപ്പിൽ നിന്നുളള കുടിയേറ്റക്കാരായ പോളണ്ടുകാർക്ക്​, ഇംഗ്ലീഷ് അറിയാത്തതിനാൽ, ആ ഭാഷയിൽ വിനിമയം ചെയ്യപ്പെടുന്ന സംസ്‌കാരത്തിന്റെ ശീലങ്ങളും ശീലുകളും എളുപ്പം ഗ്രഹിക്കാൻ കഴിയുകയില്ല. അമേരിക്കക്കാരൻ ഉടനെ വിധിയെഴുതുകയായി: പോളണ്ടുകാർക്ക് ബുദ്ധിയില്ല. രണ്ട് നോബൽ പുരസ്‌കാരങ്ങൾ നേടി ആധുനിക ശാസ്ത്രത്തെ സമ്പന്നമാക്കിയ മേരി ക്യൂരിയും, മനുഷ്യ ഭാഷയുടെ അഗാധ - നിഗൂഢതകളുടെ ഉള്ളറകളിലേക്ക് ഊളിയിട്ട് ന്യൂറോ ലിംഗ്വിസ്​റ്റിക്സിന് അടിത്തറയിട്ട നോം ചോംസ്‌കിയും പോളണ്ടുകാരാണെന്ന കാര്യമൊന്നും അപ്പോൾ അമേരിക്കക്കാർ ഓർക്കാറില്ല. ഇതിനെക്കാൾ ക്രൂരമാണ്, കുടിയേറ്റക്കാരുടെ ദരിദ്ര പശ്ചാത്തലം പ്രമേയമാക്കിയുളള ഫലിതങ്ങൾ. അമേരിക്കയിലേക്ക് കുടിയേറിപ്പാർക്കുന്ന മിക്ക പോളണ്ടുകാർക്കും അങ്ങേയറ്റത്തെ ദരിദ്ര ചുറ്റുപാടുകളുമായും പടവെട്ടേണ്ടി വരുന്നു. മിനറൽ വാട്ടറിന് പകരം അവർ ബാത്ത്റൂം വെള്ളം കുടിച്ച് ദാഹമകറ്റുന്നു. ഇതിനെ ചുറ്റി പ്രചാരം നേടിയ ഒരു ഫലിതം ഇങ്ങനെ: ഒരു പോളണ്ടുകാരനെ കയ്യോടെ എങ്ങനെ പിടികൂടാം? ഉത്തരം: അവൻ ടോയ്​ലെറ്റിൽ നിന്ന് വെള്ളം കുടിക്കുമ്പോൾ ഒറ്റയടിക്ക് മൂടി അടച്ചുകളയുക.

അപരന്റെ ദാരിദ്ര്യം, ഭാഷാപരിജ്ഞാനത്തിന്റെ അഭാവത്തിലുണ്ടാകുന്ന ആശയവിനിമയത്തിലെ ബുദ്ധിമുട്ടുകൾ തുടങ്ങിയവയെ ഉപജീവിച്ചാണ് ഇത്തരം ഫലിതങ്ങൾ തിടംവെക്കുന്നതെന്ന് കാണാൻ പ്രയാസമില്ല. സ്ത്രീഫലിതങ്ങളുടെ കാര്യത്തിലും ഇതേ ബലതന്ത്രം തന്നെയാണ് പ്രവർത്തിക്കുന്നത്. ഈയടുത്ത കാലം വരെ സ്ത്രീകൾക്ക് ഭൗതിക - ബൗദ്ധിക മൂലധനം നിഷേധിക്കുന്നതിൽ പിതൃകേന്ദ്രസമൂഹങ്ങൾ വലിയതോതിൽ വിജയിച്ചുരുന്നുവെന്നത് അലംഘനീയമായ വസ്തുതയാണ്. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോലും ഓക്സ്ഫോർഡിലെയും കേംബ്രിഡ്ജിലെയും ഗ്രന്ഥാലയങ്ങൾ സ്ത്രീകൾക്ക് മുമ്പിൽ അടഞ്ഞുകിടക്കുന്നതിനെ പറ്റി വിർജീനിയാ വൂൾഫ് രോഷം പൂണ്ടിരുന്നു. മറ്റൊരർഥത്തിൽ പറഞ്ഞാൽ താലിബാനിസത്തിന്റെ അത്ര ചെറുതല്ലാത്ത രൂപങ്ങൾ ഈ വിശ്വവിദ്യാനികേതനങ്ങളിൽ പോലും അടുത്ത കാലം വരെയുണ്ടായിരുന്നുവെന്ന് സാരം.

ഇങ്ങനെ ബൗദ്ധികമണ്ഡലത്തിൽ നിന്ന് ബഹിഷ്‌കൃതരായ സ്ത്രീകൾക്ക് മറ്റ്​പാർശ്വവൽക്കൃതരെ പോലെ തന്നെ അധീശവിഭാഗങ്ങളുമായി പൊതുമണ്ഡലങ്ങളിൽ മൽസരിക്കുവാൻ പോന്ന ശേഷിയാർജിക്കാൻ കഴിഞ്ഞില്ലെന്നത് ഒരു വസ്തുത; ഈ ശേഷി നേടുവാൻ അവർക്കെപ്പോൾ അവസരമുണ്ടായോ, അവർ തങ്ങളുടെ നൈപുണ്യം തെളിയിച്ചുവെന്നത് മറ്റൊരു വസ്തുത. എന്നാൽ, ഇത് സ്ത്രീകളുടെയും മറ്റ്​ പാർശ്വവൽക്കൃതരുടെയും ജനിതക പരിമിതിയായാണ് അധീശവ്യവഹാരം അടയാളപ്പെടുത്തിയത്. മിക്ക ഫലിതങ്ങളിലും ഹിംസയുടെയും താൻപോരിമയുടേതുമായ അംശങ്ങൾ അടങ്ങിയിട്ടുണ്ടെന്നത് ബേർഗ്സൺ മുതൽ ഹോബ്സ് വരെ ചൂണ്ടിക്കാട്ടിയത് ഇവിടെ സംഗതമാണ്. ഒരേ ഇതിവൃത്ത പശ്ചാതലത്തിൽ, വ്യത്യസ്​ത വിഭാഗങ്ങളിൽ പെട്ട അപരരെ തളച്ചിട്ട് അവരുടെ ചെലവിൽ അധീശവർഗം അനുഭവിക്കുന്ന നർമാനന്ദം ഇതിന് ഏറ്റവും മികച്ച തെളിവാണ്. നേരത്തെ പോളണ്ടുകാരെ കുറിച്ച് പറഞ്ഞ ഗറില്ലാ - ടോയ്​ലെറ്റ്​ ഫലിതങ്ങളിൽ പലപ്പോഴും പോളണ്ടുകാർക്ക് പകരം ആഫ്രിക്കക്കാരും അറബികളും ജൂതൻമാരുമെല്ലാം കഥാപാത്രങ്ങളായി വരാറുണ്ടെന്നത് ഇതിന് ഉദാഹരണമാണ്.

സംഭാഷണങ്ങളെ മുന്നോട്ടുനയിക്കാനും അവയ്ക്ക് നങ്കൂരം തീർക്കാനും ഈ കാലഘട്ടത്തിലും പഴമൊഴികൾ എങ്ങനെ പ്രയോജനപ്പെടുന്നുവെന്നതിന്, മലയാളത്തിൽ ഏറെക്കാലമായി തുടരുന്ന പ്രമുഖ രാഷ്ട്രീയ ഹാസ്യപരിപാടി സ്ഥിരമായവസാനിക്കാറുളളത് പഴഞ്ചൊല്ലോടെയാണെന്ന വസ്തുത തന്നെ തെളിവായി മതി.

അമേരിക്കയിൽ പ്രചാരത്തിലുളള ഒരു ഫലിതം: ഒരാഫ്രിക്കൻ വംശജൻ സംസാരിക്കുന്ന ഒരു തത്തയെ തോളിലേറ്റി റസ്റ്റോറൻറിലെത്തുന്നു. തത്തയുടെ സംസാരമികവ് കണ്ട് അത്ഭുതം കൂറുന്ന റസ്​റ്റോറൻറ്​ ഉടമ ഇങ്ങനത്തെ ഒരു ജീവിയെ എവിടെ നിന്ന് കിട്ടുമെന്ന് തിരക്കുന്നു. ചോദ്യത്തിന് ഉത്തരം കൊടുക്കുന്നത് തത്ത: ആഫ്രിക്കയിലെ കാട്ടിൽ നിന്നല്ലാതെ എവിടന്ന് കിട്ടാനാ ഇമ്മാതിരി ഒന്നിനെ?

ഇതേ ഇതിവൃത്തമുളള മറ്റൊരു കഥയിൽ തത്തയ്ക്ക് പകരം വാഗ്സാമർഥ്യമുള്ള പന്നിയാണ് കഥാപാത്രം. പന്നി സുവർണ മുടിയോടുകൂടിയ ഒരു സുന്ദരിയോടൊപ്പം മദ്യശാലയിലെത്തുന്നു. പതിവുപോലെ അവിടെ കൂടിയവർ സംസാരിക്കുന്ന ജന്തുവിനെ എവിടെ നിന്ന് കിട്ടിയെന്ന് ചോദിക്കുന്നു. സൂകരന്റെ ഉത്തരം അതിശീഘ്രം: ഇതിനെ ഞാൻ ലോട്ടറിയടിച്ചതാണ്.

സുവർണ മുടിയോടുകൂടിയ വെള്ളക്കാരികളെ ബ്ലോണ്ട് എന്നും കറുത്ത മുടിയുളളവരെ ബ്രൂണറ്റ്​ എന്നുമാണ് ഇംഗ്ലീഷിൽ വിളിക്കുക. ഇവരെ രണ്ട് പേരെയും അധികരിച്ചുളള ഫലിതങ്ങൾ ധാരാളം. അധികവും ബ്ലോണ്ടുകളെ വിഡ്ഢികളായി ചിത്രീകരിക്കുന്നവയാണെങ്കിലും കറുപ്പ് മുടിയുളളവരും ഒട്ടും സമർഥരായല്ല ഇവയിൽ പ്രത്യക്ഷപ്പെടാറുളളത്. ഒരുദാഹരണം:
ചോദ്യം- വെള്ളത്തിൽ തീ പൂട്ടാൻ നോക്കുന്ന കറുപ്പിയെക്കാൾ വലിയ മണ്ടിയെ കണ്ടിട്ടുണ്ടോ?
ഉത്തരം: തീർച്ചയായും, അവൾ തീ പൂട്ടിയാൽ അത് കെടുത്താൻ കാത്തിരിക്കുന്ന സ്വർണമുടിക്കാരി.

ഒരു മെറ്റോണിമിക് മെക്കാനിസത്തിലുടെ സ്ത്രീകളെ മൊത്തം ഇകഴ്​ത്തുകയാണ് ഇത്തരം ഫലിതങ്ങൾ ചെയ്യുന്നതെന്ന കാര്യത്തിൽ സംശയമില്ല. ഇക്കാര്യത്തിൽ മറ്റ്​അധഃസ്ഥിത വിഭാഗങ്ങളുടെ അതേ അവസ്ഥയാണ് സ്ത്രീകളും നേരിടുന്നത്. കറുത്തവരെയും, അമരിന്ത്യക്കാരെയും ശരീര - മാത്ര, ആമാശയ - മാത്ര മസ്തിഷ്‌ക വിഹീന ജീവികളായി, ചിത്രീകരിക്കുന്ന ഫലിതങ്ങളുടെ അതേ ഭാവനാഭൂമികയിൽ നിന്ന് തന്നെയാണ് സ്ത്രീഫലിതങ്ങളും ഉറവുകൊള്ളുന്നത്. 1956-ൽ വിഖ്യാത എഴുത്തുകാരനായ ആർതർ മില്ലർ ഹോളിവുഡ് നടി മർലിൻ മോൺറോയെ വിവാഹം കഴിച്ചപ്പോൾ അമേരിക്കൻ വാരിക വറൈറ്റി നൽകിയ തലവാചകം: Egghead weds hourglass എന്നായിരുന്നു. egghead എന്നത് കൊണ്ടുദ്ദേശിക്കുന്നത് ബുദ്ധിജീവി എന്നും ധിഷണാശാലിയെന്നുമൊക്കെയാണെങ്കിൽ hourglass എന്നത് ചൊരിമണൽ ഘടികാരം പോലെ അരക്കെട്ടുള്ളവരെ സൂചിപ്പിക്കുന്നു. മറ്റ്​ആകൃതികളിലുളള സ്ത്രീ ശരീരങ്ങൾ വിവരിക്കുവാൻ rectangular, inverted triangle, spoon തുടങ്ങി അനവധി വാക്കുകൾ പുരുഷ വ്യവഹാരം ഉപയോഗിക്കുന്നു. ഇത്തരം മിക്ക പ്രയോഗങ്ങളും സ്ത്രീയുടെ ബുദ്ധിവിഹീനതയിലും ശരീരപരതയിലും ഊന്നുന്നവയും പുരുഷന്റെ കാമത്വരയെ ദ്യോതിപ്പിക്കുന്നവയുമാണെന്ന് പറയേണ്ടതില്ല.

പ്രശസ്ത നാടകകൃത്ത് ജോർജ് ബർണാഡ് ഷായും നടിയായ ഐസഡോറ ഡൻങ്കണും തമ്മിൽ നടന്നുവെന്ന് പറയുന്ന ഒരു സംഭാഷണം നേരത്തെ ഉദ്ധരിച്ച ആർതർ മില്ലർ ഫലിതത്തിന്റെ തനിയാവർത്തനമാണ്. ഷായോട് വിവാഹാഭ്യർഥന നടത്തിയ ഡങ്കൻ തന്റെ സൗന്ദര്യവും ഷായുടെ ബുദ്ധിയോടും കുടി ഒരു കുട്ടി ജനിച്ചാൽ അവൻ എത്ര കേമനാകുമെന്ന് അത്ഭുതം കൂറിയെത്രെ. ഷായുടെ മറുപടി ഉടനെയായിരുന്നു: ഉണ്ടാകുന്ന കുട്ടിക്ക് തന്റെ സൗന്ദര്യവും ഡങ്കന്റെ ബുദ്ധിയുമാണ് ലഭിക്കുന്നതെങ്കിൽ അവസ്ഥ എന്തായിരിക്കും?
ഇതേ കഥ ആർതർ മില്ലറിലേക്കും മോൺറോയിലേക്കും ഐൻസ്റ്റൈനിലേക്കും ഒരു പാട്ടുകാരിയിലേക്കും മറ്റു പല ധിഷണാശാലികളിലേക്കും നർത്തകികളിലേക്കും ഒക്കെ ചേർത്ത് പറയപ്പെടുന്നുണ്ട്​. പക്ഷെ, അവയിലെല്ലാം തന്നെ ധിഷണ പുരുഷനും ശരീരസൗന്ദര്യം സ്ത്രീക്കും അവകാശപ്പെട്ടതുമാണ്.

സ്ത്രീ ബുദ്ധിപരമായി പുരുഷനോളം പോരാത്തവളും ഗഹനമായ ശാസ്ത്രവിഷയങ്ങൾ കൈകാര്യം ചെയ്യാൻ കഴിയാത്തവളും ആണെന്ന ധാരണ ഉന്നതരായ ആളുകളിൽ പോലും സൃഷ്ടിക്കുവാൻ ഇത്തരം പ്രതിനിധാനങ്ങൾ കാരണമാകുന്നില്ലേ എന്ന് ന്യായമായും സംശയിക്കേണ്ടതുണ്ട്. ഫിസിക്സ് എന്നത് പുരുഷൻമാർ പടുത്തുയർത്തിയ ഒരു ശാസ്ത്രശാഖയാണെന്നും ആ മേഖലയിൽ പലപ്പോഴും രാഷ്ടീയശരിയെന്ന വ്യാജകാരണത്താൽ (Political correctness) സ്ത്രീകൾ അനർഹമായ പരിഗണന നേടിയെടുക്കുന്നുവെന്നും ഇറ്റാലിയൻ ശാസ്ത്രജ്ഞനായ അലക്സാണ്ട്രോ സുമിയ 2018-ൽ പറഞ്ഞത് ഏറെ വിവാദത്തിന്നിടയാക്കിയിരുന്നു. CERNലെ (European Organization for Nuclear Research) ഒരുന്നത ശാസ്ത്രജ്ഞന് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പോലും ഇത്തരം ഒരു ധാരണ പരസ്യമായി വച്ചുപുലർത്താൻ കഴിയുന്നുവെന്നതിനർഥം, ഫലിതങ്ങളിലൂടെയും ഇതര വ്യവഹാരങ്ങളിലൂടെയും തലമുറകളായി പ്രസരിക്കപ്പെടുന്ന ധാരണകൾ അത്യന്തം രൂഢമൂലമാണെന്നാണ്.

സൈബർ ആധുനികതയെ പുണരുന്ന പരിഷ്‌കൃത സമൂഹവും ഇക്കാര്യത്തിൽ ഒട്ടും ഭിന്നമല്ല. ഫലിതമുത്പ്പാദിപ്പിക്കാൻ കഴിയുന്ന കംപ്യൂട്ടർ പ്രോഗ്രാമുകൾ ഉണ്ടാക്കാനുളള ശ്രമങ്ങൾ ഇതുവരെ വെറും ഫലിതങ്ങളായാണ് അവസാനിച്ചതെങ്കിലും സമൂഹമാധ്യമങ്ങൾ ഫലിതങ്ങളുടെ അതിദ്രുത വ്യാപനത്തിന് വഴിതെളിയിച്ചിരിക്കുന്നുവെന്നത് ഒരു വസ്തുതയാണ്. നേരത്തെ ക്ലിന്റന്റെ കാര്യത്തിൽ ചൂണ്ടിക്കാട്ടിയതുപോലെ മൈസോജനിസ്റ്റിക്, മിസോഗാമിക് ഫലിതങ്ങൾ ഇലക്​ട്രോണിക്​ ഇക്കോളജിയിൽ അതിതീവ്രം പ്രചരിക്കുന്ന ഉരുപ്പടികളാണ്. മിക്ക വാട്ട്സ്​ആപ്പ് ഗ്രൂപ്പുകളിലും ഇത്തരം ഫലിതങ്ങൾ ലിംഗഭേദമന്യേ അഭംഗുരം പ്രോത്സാപിപ്പിക്കപ്പെടുന്നു. റാപോപോർട്ട് അഭിപ്രായപ്പെട്ടതുപോലെ, ഫലിതത്തെകുറിച്ച് സർവഥാ അംഗീകരിക്കപ്പെട്ടിരിക്കുന്ന തത്വം അതിൽ എന്തുമാകാമെന്നതാണ്. 9/11നെയും ഇറാഖിലെ അമേരിക്കൻ പട്ടാളക്കാരെയും ഒഴിച്ച് എല്ലാറ്റിനെയും കുറിച്ച് ഇങ്ങനെ അമേരിക്കൻ പൊതുമണ്ഡലത്തിൽ ഫലിതങ്ങളുള്ളതായി അവരെഴുതുന്നു. യഥാർഥത്തിൽ ലോകത്തെല്ലാ സമൂഹങ്ങളിലും ചില കാര്യങ്ങൾ പാവനങ്ങളും അലംഘനീയങ്ങളുമായി കണക്കാക്കപ്പെടുന്നുവെന്നും അവയെക്കുറിച്ചുളള ഫലിതങ്ങൾക്ക് ലിഖിതങ്ങളോ അലിഖിതങ്ങളോ ആയ വിലക്കുകളുണ്ടെന്നതുമാണ്​ വസ്തുത.

മതചിഹ്നങ്ങൾക്ക് പുറമെ ദേശീയപതാക, ദേശീയഗാനം, രക്തസാക്ഷികൾ തുടങ്ങിയവ ഇങ്ങനെ അലംഘ്യങ്ങളായി മിക്ക സമൂഹങ്ങളും കണക്കാക്കുന്നു. പ്രതിഷേധങ്ങളുടെ ഭാഗമായി ദേശീയപതാക കത്തിക്കാൻ അനുമതിയുളള അമേരിക്കയിൽ പോലും 9/11നും, സൈനികർക്കും, ഇത്തരം ഒരലംഘനീയത നിലനിൽക്കുന്നുവെന്നാണ് റാപോപോർട്ടിന്റെ പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നത്. എന്നാൽ സ്ത്രീശരീരത്തിന്റെ ഒരു സ്വകാര്യതയ്ക്കും ഇത്തരം ഒരു പവിത്രത ഒരു സമൂഹവും വകവച്ച് കൊടുക്കുന്നില്ലെന്നതാണ് വസ്തുത. അമ്മയും പെങ്ങളുമായി ബന്ധിപ്പിച്ചുളള സഭ്യേതരപ്രയോഗങ്ങൾ ഹിന്ദിയടക്കമുളള ഉത്തരേന്ത്യൻ ഭാഷകളിലെ ഗാഢസൗഹൃദഭാഷണങ്ങളിലെ സ്ഥിരം പ്രയോഗങ്ങളാണ്.

ഇന്ത്യയിൽ ഏറ്റവും വിൽക്കപ്പെടുന്ന പുസ്തകങ്ങളിലൊന്ന് ഖുഷ്​വന്ത്സിങ്ങിന്റെ ഫലിതങ്ങളാണ്. അതിലൊന്ന് ഇങ്ങനെ: അറിയപ്പെടുന്ന ഒരെഴുത്തുകാരിക്ക് ഖുഷ്​വന്ത്​ സിങ്ങിന്റെ കൂടെ ഒരു പരിപാടിയിൽ പങ്കെടുക്കുവാൻ ക്ഷണം കിട്ടുന്നു. സർദാർജി ആള് കൊള്ളാത്തവനാണെന്നും അയാളൂടെ കൂടെ പരിപാടിയിൽ പങ്കെടുക്കുന്നത് നല്ലതിനല്ലെന്നും അവരെ കൂട്ടകാരികൾ ഉപദേശിക്കുന്നു. പക്ഷേ, തന്റെ ജീവിതം ഒരു തുറന്ന പുസ്തകമായതിനാൽ ആരെയും പേടിക്കേണ്ടതില്ലെന്ന് ആ സ്ത്രീ മറുപടി കൊടുക്കുന്നു. അപ്പോഴും കൂട്ടുകാരിക്ക് വിടാൻ ഭാവമില്ല. അയാൾ തന്റെ പ്രിയപ്പെട്ട പുസതകങ്ങൾ വായിക്കാറുള്ളത്​ കിടക്കയിൽ അമർന്ന് കിടന്നാണെന്ന കാര്യം അവർ ഉണർത്തുന്നു. അലസവായനയ്ക്ക്​ ആളുകൾ തെരഞ്ഞെടുക്കുന്ന ഫലിതശേഖരത്തിൽ ഇങ്ങനെ ആത്മപരിഹാസത്തിന് ഇടം നൽകുന്നത് ധിഷണാശാലിയായ ഒരെഴുത്തുകാരന്റെ നർമബോധത്തിന്റെ തെളിവായി കണക്കാക്കാമെന്ന് വാദിക്കാമെങ്കിലും ഇതിലൂടെ സാധാരണീകരിക്കപ്പെടുന്നത് സ്ത്രീത്വത്തെ ധ്വംസിക്കുവാൻ പുരുഷൻ സ്വയം കൽപ്പിച്ചുനൽകിയിരിക്കുന്ന അന്യായാവകാശമാണ്.

നമ്മുടെ ചലച്ചിത്രങ്ങളുടെ കാര്യം ഭിന്നമല്ല. അരുന്ധതി റോയ് നിരീക്ഷിച്ചു: ചെറുപ്പത്തിൽ കാണാറുണ്ടായിരുന്ന മിക്ക മലയാള ചലച്ചിത്രങ്ങളിലും നായികമാർ ലൈംഗികാക്രമണത്തിനിരയാകുന്ന രംഗങ്ങൾ ഉണ്ടായിരുന്നു. ലൈംഗികമായി ആക്രമിക്കപ്പെടാൻ കാത്തിരിക്കുക എന്നതാണ് ഒരു നായികയുടെ ജീവിത നിയോഗമെന്നാണ് ചെറുപ്പത്തിൽ ഞാൻ ധരിച്ചിരുന്നത്. സ്ത്രീശരീരത്തെ ധ്വംസിച്ച് വരുതിയിൽ നിർത്താൻ കഴിയുന്നതിന് ഒരുതരം മാച്ചോയിസത്തിന്റെ പരിവേഷം നൽകിയതിൽ നമ്മുടെ പ്രതീകവ്യവസായങ്ങൾ വഹിച്ച പങ്ക് നിസ്സാരമല്ല. സ്ത്രീശരീരത്തെ ഹിംസാത്മകമായി സമീപിക്കുന്നവരാണ് പല കഥകളിലെയും വില്ലൻമാരെങ്കിൽ, നിസ്സഹായയും ദുർബലയയുമായ അവളെ ദുഷ്ടകഥാപാത്രങ്ങളുടെ കരാളദംഷ്ട്രങ്ങളിൽ നിന്ന് സംരക്ഷിക്കുന്നവരാണ് കഥകളിലെ നായകർ. ഈ സമവാക്യങ്ങളിലെ ചേരുവകൾ എന്തായാലും, അവ ബലാത്സംഗത്തെ സാധാരണീകരിക്കുകയും സ്ത്രീശരീരമെന്നത് അത്യന്തം ധ്വംസനവിധേയമായ ഒരു സാന്നിധ്യമാണെന്ന ധാരണയെ ബലപ്പെടുത്തുന്നതുമാണ്.

ലൈംഗികാക്രമണവുമായി ബന്ധപ്പെട്ട ഫലിതങ്ങൾ ഇത്തരം ഒരു വ്യവഹാരത്തെ എങ്ങനെ ശക്തിപ്പെടുത്തുവെന്ന് പ്രത്യേകം പറയേണ്ടതില്ല. ബ്രിട്ടീഷ് മാധ്യമങ്ങളിലെ ലൈംഗികാക്രമണ ഫലിതങ്ങൾ അവലോകനം ചെയ്ത ഷാരൺ ലോക്കിയറും ഹെതർ സാവിഗ്‌നിയും ഇത്തരം ഫലിതങ്ങൾ നിലവിലിരിക്കുന്ന അസന്തുലിത ശാക്തിക ബലതന്ത്രങ്ങളെ എങ്ങനെ ശക്തിപ്പെടുത്തുന്നുവെന്നും, അവയുണ്ടാക്കുന്ന ‘വിമോചനാത്മക' (emancipatory) ഭാവമെന്നത് എത്ര മിഥ്യയും ഭ്രമാത്മകവുമാണെന്നും പറയുന്നു. Joke എന്ന ഇംഗ്ലീഷ് പദത്തിന്റെ ഉത്ഭവം, iocus അഥവാ ‘കളി' എന്നർഥം വരുന്ന ലാറ്റിൻ വാക്കിൽ നിന്നാണെന്ന് എഴുതുന്ന അവർ ഫലിതങ്ങൾ സാമൂഹ്യമനസ്സിൽ ഉൽപ്പാദിപ്പിക്കുന്ന പ്രത്യാഘാതങ്ങൾ കളിയായി തള്ളാനാകില്ലെന്നും അവ സഗൗരവമായ പരിഗണന അർഹിക്കുന്നുവെന്നും വിലയിരുത്തുന്നു (Jokes are no jokes എന്ന് ഖുഷ്​വന്ത് സിങ് പറഞ്ഞത് ഇവിടെ ശ്രദ്ധേയം). ലൈംഗികാക്രമണത്തെ അന്യന്റെ സ്വത്ത് ധ്വംസനമെന്ന (property crime) പരമ്പരാഗത ധാരണയിൽ നിന്ന് മാറി സ്ത്രീശരീരത്തിന് മേലുള്ള ഒരധിനിവശമായി കണക്കാക്കപ്പെടാൻ തുടങ്ങിയതുമുതലാണ് ആംഗലേയ സമൂഹങ്ങളിൽ ഇത്തരം ഫലിതങ്ങൾ പ്രചുരപ്രചാരം നേടാൻ തുടങ്ങിയതെന്ന് ലോക്കിയറും സാവിഗ്‌നിയും വിലയിരുത്തുന്നു. ഇത്തരം ഫലിതങ്ങൾ ഒരു സമൂഹത്തിന്റെ സാംസ്‌കാരിക തെർമോമീറ്ററുകളാണെന്ന് പറയുന്ന അവർ ശൃംഗാര ചൂളംവിളികളും (catcalls) സ്ത്രീവിരുദ്ധ ഫലിതങ്ങളും ലൈംഗികാക്രമണത്തിന്​ പ്രേരകമായ ഒരു സാഹചര്യം എങ്ങനെ സൃഷ്ടിക്കുന്നുവെന്ന് അവലോകനം ചെയ്യുന്നു. ഡെയ്ൻ കുക്കിനെയും റസ്സൽ ബ്രാൻഡിനെയും ഡാനിയേൽ ടോഷിനെയും പോലുളള ഹാസ്യാവതാരകരുടെ പരിപാടികളിൽ ഇത്തരം സ്ത്രീവിരുദ്ധ ഫലിതങ്ങൾ ധാരാളമായി കടന്നുവരുന്നു. ടോഷിന്റെ, ലൈംഗികാക്രമണവുമായി ബന്ധപ്പെട്ട ഒരു ഫലിതം സദസ്യരിൽ പ്രതിഷേധത്തിനിടയാക്കിയപ്പോൾ അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: പറയൂ, ഒരു പെൺകുട്ടിയെ അഞ്ചാൾ ചേർന്ന്, ഇപ്പോൾ, അതേ ഇപ്പോൾ ഇവിടെ ലൈംഗികാക്രമണത്തിനിരയാക്കിയാൽ അത് തമാശയാകില്ലയോ, ഇല്ലേ? ടോഷിന്റെ പ്രതികരണം ഒരു ട്വിറ്റർ കൊടുങ്കാറ്റിന് വഴിവെച്ചെങ്കിലും അപ്പോഴും ആളുകൾ രണ്ട് ചേരിയിലായിരുന്നു. ഒരു വിഭാഗം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രണേതാക്കളായി സ്വയം അവതരിച്ചു, മറുവിഭാഗമാകട്ടെ, ഫലിതബോധമില്ലാത്ത ഫെമിനിസ്റ്റുകളായി വിലയിരുത്തപ്പെട്ടു.

2012 ലൈംഗികാക്രമണങ്ങളുമായി ബന്ധ​പ്പെട്ട ഫലിതങ്ങളുടെ ‘മഹാ വർഷ’മായാണ് ലോക്കിയറും സാവിഗ്‌നിയും വിലയിരുത്തുന്നത്. 2013-ൽ ഇ ബേയിലൂടെ വിൽപ്പനയ്ത്ക്കെത്തിയ ഒരു ടി- ഷർട്ട് മുദ്രാവാക്യം I feel rapey എന്നായിരുന്നു. വൻ പ്രതിഷേധങ്ങളെ തുടർന്ന് ഓൺലൈൻ കമ്പനി അതിന്റെ വിൽപ്പന ഉടനെ നിർത്തിയെങ്കിലും സ്ത്രീവിരുദ്ധത ദ്യോതിപ്പിക്കുന്നതും ദ്വയാർഥങ്ങൾ കലർന്നതുമായ എത്രയെങ്കിലും ചൊല്ലുകൾ ഇപ്പോഴും ടി ഷർട്ടുകളിൽ വ്യാപകമാണ്. Sometimes No means Yes, You Provoked Me I was Drunk തുടങ്ങിയവ ഉദാഹരണങ്ങൾ. പുരുഷന്റെ വിധ്വംസക വാസനകളെ ഉണർത്താനും, സ്ത്രീശരീരത്തെ അതിക്രമിക്കാനുള്ള അവന്റെ വന്യചേതനയ്ക്ക് ആക്കം കൂട്ടുവാനും ഇത്തരം ഫലിതങ്ങൾ കാരണമാകുമെന്ന് പഠനങ്ങൾ ഉദ്ധരിച്ച് ലേഖകർ വാദിക്കുന്നു. ജോർജ് ഗേർബാനറുടെ അഭിപ്രായത്തിൽ, ഇവ ലൈംഗികാക്രമണങ്ങളെ ഒരു ‘സാദാ' സംഭവമായി കാണാൻ പ്രേരിപ്പിക്കുന്നുെവങ്കിൽ ഹെയ്ദി മീർസയുടെ അഭിപ്രായത്തിൽ ഇത് ധ്വംസനത്തിന്റെതായ ഒരു രതിസംസ്‌കൃതിയുടെ പ്രജനനത്തിന് വഴി തെളിയിക്കുന്നു.

Photo: Wikimedia Commons

മനുഷ്യൻ ഇന്ന് ഏറെ പരിഷ്‌കൃതനും നാഗരികനും എന്ന് അഭിമാനിക്കുന്നുവെങ്കിലും ഷേവിങ് ക്രീമിന്റെയോ, ജില്ലറ്റ്​ ബ്ലെയ്ഡിന്റെയോ പുറം തലോടലുകൾക്ക് മെരുക്കാൻ കഴിയുന്നതല്ല, അവന്റെ ‘അപരിഷ്​കൃത സ്വത്വ’മെന്ന് നരവംശ പഠിതാക്കൾ പറയുന്നു. ഹോമോസാപിയൻറ്​ അഥവാ ബുദ്ധിമാനായ ജീവി എന്ന് സ്വയം വിശേഷിപ്പിക്കുന്ന അവന്റെ തലച്ചോറിൽ മൂന്ന് മസ്തിഷ്‌കങ്ങളുണ്ടെന്നും അവയിലൊന്ന് ഉരഗപൂർവികരിൽ നിന്നും മറ്റൊന്ന് നായാടി സസ്തനി പാരമ്പര്യത്തിൽ നിന്നും താവഴിയായി കിട്ടിയതാണെന്നും കാരൺ ആംസ്ട്രോങ് സൂചിപ്പിക്കുന്നു. പരിഷ്‌കൃത വിദ്യാനികേതനങ്ങളിലും സംസ്‌കൃത കൂട്ടായ്മകളിലുമടക്കം നടക്കുന്ന സ്ത്രീധ്വംസ കഥകളിൽ വിദ്യാഭ്യാസത്തിനും യുക്തിബോധത്തിനും ഉടച്ചുകളയാൻ കഴിയാത്ത ഈ അപരിഷ്കൃത സ്വത്വമാണ്​ മറനീക്കി പുറത്തുവരുന്നത്. ഉന്നത ശാസ്ത്രജ്ഞരും, കലാകാരൻമാരും സാംസ്‌കാരിക നായകരുമടക്കം ഇത്തരം സംഭവങ്ങളിൽ പ്രതിപ്പട്ടികയിൽ വന്നതിന് കഴിഞ്ഞ "മീ റ്റൂ' കാമ്പയിൻ തെളിവാണ്.

എന്തിനധികം പറയണം, ഡി.എൻ.എ.യുടെ ഘടന അനാവരണം ചെയ്ത് ശാസ്ത്രചരിത്രത്തിൽ ശ്രദ്ധേയ യുഗപ്പിറവിക്ക് നാന്ദി കുറിച്ച ജെയിംസ്​ വാട്ട്സ​ന്റെയും ഫ്രാൻസിസ് ക്രിക്കിന്റെയും കൂടെ പ്രവർത്തിച്ച് മോളിക്യൂളർ ജീവശാസ്ത്രരംഗത്ത് മഹാസംഭാവനകളർപ്പിച്ച റോസലിൻഡ് ഫ്രാങ്ക്‌ലിനിന്‌ അവരുടെ സഹപ്രവർത്തകരിൽ നിന്നുണ്ടായ അനുഭവം എത്ര നിന്ദാവഹമായിരുന്നു? അസാധാരണ പ്രതിഭയായിരുന്ന ഫ്രാങ്ക്‌ലിന്റെ x-ray മോഡലുകളുടെ സഹായം കൂടാതെ വാട്‌സണും ക്രിക്കിനും ഒരിക്കലും ഡി.എൻ.എ. ഘടന അനാവരണം ചെയ്യാനാകില്ലായിരുന്നുവെന്ന് ശാസ്ത്ര ചരിത്രകാരൻമാർ പറയുന്നു. പക്ഷെ, ഫ്രാങ്ക്‌ലിന്റെ സമ്മതം പോലും തിരക്കാതെയായിരുന്നു ലണ്ടനിലെ കിങ്സ് കോളേജിലെ മോറിസ് വിൽകിൻസ് അവരുടെ ഗവേഷണഫലങ്ങൾ വാട്‌സണും ക്രിക്കിനും കൈമാറിയത്. കിങ്സ് കോളേജിലെ ഒരു പ്രൊജക്ട് മേധാവിയായിട്ടും വെറും ഒരസിസ്​റ്റൻറിനോടെന്ന പോലെയായിരുന്നു പിൽക്കാലത്ത് നൊബേൽ സമ്മാന ജേതാവായ വിൽക്കിൻസ് അവരോട് പെരുമാറിയത്. പിന്നീട് കേംബ്രിഡ്ജിലെത്തിയ അവരെക്കുറിച്ച് വാട്‌സണുണ്ടായിരുന്ന പരാതി കേട്ടാൽ നമുക്ക് കലിവരും. The Double Helix എന്ന വിഖ്യാതമായ ഓർമക്കുറിപ്പിൽ ഒട്ടും സഹകരണ മനോഭാവമില്ലാത്ത, വഴങ്ങാത്ത രഹസ്യഭാവക്കാരിയായാണ് വാട്സ​ൺ അവരെ ചിത്രീകരിക്കുന്നത്.

ഒട്ടും അനാകർഷകയായിരുന്നില്ലെങ്കിലും അവർ വാശിയോടെ ഒരുതരം രതിനിരാസം കൊണ്ടുനടന്നുവെന്നും വസ്ത്രത്തിലോ, നന്നേ ചുരുങ്ങിയത് ഒരു ലിപ്​സ്​റ്റിക് ഉപയോഗിക്കുന്നതിലോ അൽപം ജാഗ്രവത്തായിരുന്നുവെങ്കിൽ അവർ ശരിക്കും അമ്പരപ്പിക്കുന്ന സുന്ദരിയാകുമായിരുന്നുവെന്നുമാണ് വാട്‌സന്റെ വേവലാതി. ഫ്രാങ്ക്‌ലിനോട് ആ ശാസ്ത്ര ത്രിമൂർത്തികൾ പെരുമാറിയത് ഏറെ വിവാദമായപ്പോൾ, തങ്ങളുടെ പെരുമാറ്റം അൽപം അധികാരഭാവം കലർന്നതായിപ്പോയെന്ന് പിന്നീട് ജെയിംസ് ക്രിക്ക് കുറ്റസമ്മതം നടത്തുകയുണ്ടായി. ഫലിതങ്ങളും അലസഭാഷണങ്ങളുമടക്കം പരുവം ചെയ്യുന്ന വ്യവഹാര പരിസരം സ്ത്രീയെ എങ്ങനെ ഒരപരസ്വത്വമായും തന്നോളം പോരാത്തവളായും ചുരുക്കുന്നുവെന്നതിന്റെ അനവധി ഉദാഹരണങ്ങളിൽ ഒന്നുമാത്രമാണ് ഫ്രാങ്ക്‌ലിന്റെ അനുഭവം. അവരെക്കുറിച്ചുള്ള വാട്‌സന്റെ വാക്കുകളിൽ ഇന്നത്തെ സ്​റ്റാൻറപ്പ്​ കൊമേഡിയൻമാരുടെ ചില പ്രയോഗങ്ങളുടെ അനുരണനം അനുഭവപ്പെടുന്നത് യാദൃച്​ഛികമല്ല. മഹാനായ ഒരു ശാസ്ത്രജ്ഞൻ എന്നതിനുപുറമെ നല്ല ഹാസ്യബോധമുളള ഒരെഴുത്തുകാരൻ കൂടിയാണ് വാട്ട്​സൺ. Avoid Boring People എന്ന ദ്വയാർഥ പ്രയോഗം തലവാചകമായുപയോഗിക്കുന്ന അദ്ദേഹത്തിന്റെ ഓർമക്കുറിപ്പ് തന്നെ ഈ ഫലിതബോധത്തിന് നിദർശനമാണ്.

റോസലിൻഡ് ഫ്രാങ്ക്‌ലിൻ / Photo: Wikimedia Commons

ഫ്രാങ്ക്‌ലിൻ, കിങ്സ് കോളേജിൽ ജോലിചെയ്യുന്ന ഘട്ടത്തിൽ സ്ത്രീകൾക്ക് അവിടെ കോമൺ റൂമിലിരുന്ന് ഭക്ഷണം കഴിക്കാൻ പോലും അനുവാദമുണ്ടായിരുന്നില്ലെന്ന് ബിൽ ബ്രൈസൺ എഴുതുന്നു. എന്നാൽ താൻ നേരിട്ട അപമാനത്തിന് അവർ തന്റേതായ നിലയ്ക്ക് തിരിച്ചടി നൽകി എന്നതാണ് രസകരമായ കാര്യം. അവരുടെ പ്രതികരണവും ഫലിതം നിറഞ്ഞതായിരുന്നു. ഫ്രാങ്ക്‌ലിൻ വികസിപ്പിച്ച x-ray ചിത്രങ്ങളുടെ സഹായത്തോടെയാണ് വാട്‌സണും ക്രിക്കിനും ഡി.എൻ.എ.യുടെ ഹെലിക്സ് ഘടന അനാവരണം ചെയ്യാനും അതുവഴി നൊബേൽ സമ്മാനം നേടാനും കഴിഞ്ഞതെങ്കിലും, തന്റെ പുരുഷ സഹപ്രവർത്തകരുടെ ഹെലിക്സ് മാതൃകയെ പരസ്യമായി പിന്തുണയ്ക്കാൻ ആ ശാസ്ത്രജ്ഞ വിസമ്മതിച്ചു; മാത്രമല്ല, അവരെ ബോധപൂർവം പ്രകോപിക്കാൻ ഒരിക്കൽ അവർ കിങ്സ് കോളേജിലെ ബോർഡിൽ ഇങ്ങനെ ഒരു നോട്ടീസ് പതിച്ചു: അങ്ങേയറ്റത്തെ വ്യസനത്തോടെ ജുലൈ 18-ാംതീയതി സംഭവിച്ച ഡി.എൻ.എ. ഹെലിക്സിന്റെ മരണം അറിയിക്കുന്നു. അനുശോചന സൂചകമായി ഇന്ന് നടക്കുന്ന പരിപാടിയിൽ ഡോ. വിൽക്കിൻസ് പ്രസംഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തന്റെ കണ്ട്പിടുത്തങ്ങളെയും ശാസ്ത്രപ്രതിഭയെയും ഒട്ടും അംഗീകരിക്കാൻ തയ്യാറാകാതിരുന്ന പുരുഷമേലാളത്തത്തോട് ഒരു സ്ത്രീ നടത്തിയ ശക്തമായ പ്രതികരണമായി ഇതിനെ കണക്കാക്കാം.

ഫലിതം ഒരേയവസരം വാളും പരിചയുമായുപയോഗിക്കാമെന്ന റാപോപോർട്ടിന്റെ പ്രസ്താവനയെ അന്വർഥമാക്കുന്നതാണ് ഫ്രാങ്ക്‌ലിന്റെ ഈ പ്രതികരണം. ഫലിതത്തിന്റെ ഇരുതലമൂർച്ചയുളള ഈ കഴിവാണ് സ്ത്രീകളും കറുത്തവരും ഇതര പീഡിത ന്യൂനപക്ഷങ്ങളും ഇന്ന് അധീശവർഗങ്ങൾക്കെതിരായുളള സമരങ്ങളിൽ അതിനെ മുഖ്യ ആയുധമായി ഉപയോഗിക്കാൻ കാരണം. കറുത്തവരെ അപേക്ഷിച്ച് വെള്ളക്കാർക്ക് കായികക്ഷമത കുറവാണെന്ന ധാരണയും വെയിലത്ത് അവർ എളുപ്പത്തിൽ വാടിപ്പോകും തുടങ്ങിയ പരിഹാസോക്തികളും നൃത്തം ചെയ്യാനുളള അവരുടെ കഴിവുകേടുമെല്ലാം ഉരുപ്പടിയാക്കി കറുത്ത കൊമേഡിയൻമാർ ധാരാളം ഫലിതങ്ങൾ പടച്ചുവിട്ടിട്ടുണ്ട്. മറ്റുപലതും പോലെ ഫലിതങ്ങളുടെയും ഏറ്റവും വലിയ വിപണിയായ അമേരിക്കയിൽ തന്നെയാണ് പുരുഷൻമാരുടെ താൻപോരിമയെയും ഹുങ്കിനെയും പരിഹസിച്ചുള്ള സ്ത്രീപക്ഷ ഫലിതങ്ങൾ ധാരാളമായി പ്രചാരത്തിലുളളത്. ഫെയ്സ്ബുക്കിലെ സെക്സിസിറ്റ്​ ഫലിതങ്ങളെ കുറിച്ച് പഠനം നടത്തിയ മേഗൻ സ്ട്രെയ്ൻ ഉദ്ധരിക്കുന്ന അവയിൽ ചിലത് ഇങ്ങനെ:
ചോദ്യം: അമേരിക്കയിൽ ഒരു ബുദ്ധിയുളള പുരുഷനെ കണ്ടാൽ നിങ്ങൾ എന്ത് മനസ്സിലാക്കും?
ഉത്തരം: സംശയമെന്ത്... അയാൾ ഒരു വിദേശ ടൂറിസ്റ്റായിരിക്കും.
ചോദ്യം: ഒരു ചെറുപ്പക്കാരൻ ഭാവിയെ കുറിച്ച്​ ഗൗരവമായാലോചിക്കുകയാണെന്ന് നിങ്ങൾ എങ്ങിനെ മനസ്സിലാക്കും?
ഉത്തരം: അയാൾ ഒരു കുപ്പി കള്ളിനുപകരം മൂന്ന് കുപ്പി മോന്തുന്നുവെന്ന് കണ്ടാൽ അങ്ങനെ ഉറപ്പിക്കാം.

ഇതേരൂപത്തിലുളള ചിലത് ബാരി ബ്ലെയ്ക് തന്റെ Playing with Words എന്ന പുസ്തകത്തിൽ ഉദ്ധരിക്കുന്നുണ്ട്. ഇതിൽ ഒരു സ്ത്രീ താൻ മതപരമായ കാരണത്താലാണ് വിവാഹമോചനം തേടേണ്ടി വന്നതെന്ന് പറയുന്നു. അവർ വിശദീകരിക്കുന്നു: ഞങ്ങൾ രണ്ടുപേരും ഏകദൈവവിശ്വാസികളായിരുന്നു, പക്ഷെ, എന്റെ ഭർത്താവിന്റെ അഭിപ്രായത്തിൽ അങ്ങേർ തന്നെയായിരുന്നു ആ ദൈവം. അതംഗീകരിച്ച് കൊടുക്കാൻ എനിക്ക് നിർവാഹമുണ്ടായിരുന്നില്ല.

സ്ത്രീകളുടെ ‘ബുദ്ധിരാഹിത്യ'ത്തെ അപഹസിച്ചുളള പുരുഷൻമാരുടെ സ്ഥിരം ഫലിതങ്ങൾക്ക് തുല്യനാണയത്തിൽ തിരിച്ചടി നൽകിക്കൊണ്ടുള്ളവയാണ് മറ്റു രണ്ടെണ്ണം:
ഒന്ന്: ചോദ്യം: പുരുഷൻമാർ എന്തുകൊണ്ട് സമർഥരായ സ്ത്രീകളാൽ പെട്ടെന്ന് ആകർഷിക്കപ്പെടുന്നു?
ഉത്തരം: വിജാതീയ ധ്രുവങ്ങൾ എളുപ്പം ആകർഷിക്കപ്പെടുമെന്നതല്ലേ വസ്തുത. രണ്ട്: കുതിരസവാരി പരിശീലിക്കുക യുവതികൾക്ക് എന്തുകൊണ്ടും നല്ലതാണ്. കാരണം, ബുദ്ധിയില്ലാത്ത, മെരുക്കമുളള കൂറ്റൻ ജന്തുക്കളെ തെളിച്ചുളള പഠനം എന്തുകൊണ്ടും വിവാഹജീവിതത്തിനുള്ള മികച്ച പരിശീലനമായിരിക്കും.

ഫില്ലിസ് ഡില്ലർ / Photo: Wikimedia Commons

അറുപതുകളിൽ അമേരിക്കയിൽ നിരവധി സ്ത്രീകൾ സ്റ്റാൻഡ് അപ്പ്‌ കൊമേഡിയൻമാരായി അരങ്ങത്തെത്തിയതോടെ ഇത്തരം ഫലിതങ്ങൾക്ക് സ്വീകാര്യത വർധിച്ചു. ഇവരിൽ പ്രമുഖയായ ഫില്ലിസ് ഡില്ലറിന്റെ മിക്ക ഫലിതങ്ങളും ഫേംഗ് എന്ന് പേരായ അവരുടെ ഭർത്താവിനെ അധികരിച്ചായിരുന്നു:ഫേംഗിന്റ ഏമ്പക്കം മാറ്റാൻ അമ്മ എനിക്ക്​ ഒരു വഴി നിർദേശിച്ചിരിക്കുന്നു; ആളുടെ തല വെള്ളത്തിൽ മുക്കിപ്പിടിക്കുക തന്നെ... ഫേംഗ് ഇന്നലെ രാത്രി ഒരു ഡസൻ പൂക്കളുമായാണ് വീട്ടിൽ വന്നത്: ശരിക്കും പറഞ്ഞാൽ അത് മൂന്ന് കുപ്പി ഫോർ റോസ് വിസ്‌കിയായിരുന്നു. (റാപ്പോപോർട്ട്)

ഭർത്താവിനെ ഇങ്ങനെ മന്ദനും മദ്യപാനിയുമായി ചിത്രീകരിക്കുന്നതിലൂടെ സ്ത്രീകളെ പരിഹസിക്കുന്ന പുരുഷ ഫലിതങ്ങൾക്ക് ഉരുളയ്ക്കുപ്പേരി കണക്കേ തിരിച്ചടിക്കുക എന്ന ഉപായമാണ് ഈ അഭിനേത്രികൾ പയറ്റുന്നത്. തിരിച്ചടിയിലൂടെയുളള ആത്മസംതൃപ്തി ലഭിക്കുമെന്നതിനപ്പുറം ജോർജ് മൈക്സ് പറഞ്ഞപോലെ അപരനെ ഇകഴ്​ത്തുന്നതിൽ നിന്ന് ലഭിക്കുന്ന ആത്മോൽക്കർഷത്തിനും ഇത്തരം പ്രയോഗങ്ങൾ സഹായിക്കും. പക്ഷെ, മേലാളർക്ക് പലപ്പോഴും ഇത്തരം പ്രഹരങ്ങൾ ഒരു മസോകിസ്റ്റ്​ രതിയുടെ സുഖാനുഭൂതി മാത്രമായേ അനുഭവപ്പെടൂ എന്നതാണ് വസ്തുത. Porgnography എന്ന കഥയിൽ വിഖ്യാത ബ്രിട്ടീഷ് എഴുത്തുകാരനായ ഇയാൻ മാക്ഇവാൻ തങ്ങളെ വഞ്ചിച്ച കാമുകനെ ശാരീരികമായി നേരിടുന്ന യുവതികളുടെ കഥ പറയുന്നുണ്ട്. തങ്ങളുടെ മർദനവും ഭേദ്യവും അയാൾക്ക്​ പകരുന്ന രതിസുഖം കാമുകികളായ ചെറുപ്പക്കാരിലുണ്ടാക്കുന്ന അങ്കലാപ്പാണ് കഥയുടെ പ്രമേയം. മസോക്കിസത്തിൽ നിന്നുണ്ടാകുന്ന രതിസുഖമെന്ന ഈ പ്രമേയത്തിന്റെ സാധുതയെ സാമാന്യവൽക്കരിക്കാനാകില്ലെങ്കിലും, മേലാളസമൂഹത്തിന്ന് അവരുടെ വിഭവപരവും പ്രതീകപരവുമായ അധീശത്വം പതിച്ച് നൽകുന്ന എളുപ്പം ഭഞ്ജിക്കാനോ, ഭേദിക്കാനോ കഴിയാത്ത ഒരു സാമൂഹ്യസുരക്ഷാകവചമുണ്ടെന്നത് നിസ്തർക്കമായ വസ്തുതയാണ്.

അമേരിക്കൻ ‘ഇമിജോളജി'യിൽ ഏറ്റവും കേമൻമാരായി കണക്കാക്കപ്പെടുന്നത് അവിടത്തെ പ്രമാണിവർഗമായ വാസ്​പ്​കളാണല്ലോ (WASP: White Anglo-Saxon Protestant) വിശ്വസിച്ചാലും ഇല്ലെങ്കിലും, ഇപ്പോൾ വാസ്​പ്​ ഫലിതങ്ങളുമുണ്ട് എന്ന തലവാചകത്തിൽ ദശാബ്​ദങ്ങൾക്കുമുമ്പ് വാഷിങ്ടൺ പോസ്റ്റ്​ ഒരു റിപ്പോർട്ട് എഴുതിയിരുന്നു. തലവാചകത്തിൽ നിന്ന് വ്യക്തമാകുന്ന പോലെ, അധീശവിഭാഗങ്ങൾക്ക് അവരെക്കുറിച്ച് ഫലിതങ്ങൾ ഉണ്ടാകുന്നു എന്നത് ആശ്ചര്യത്തിന് ആസ്പദമാകുന്ന കാര്യമാണ്; കാരണം ഫലിതമെന്നത്​, സാധാരണ ഗതിയിൽ കീഴാളന്റെ ചെലവിൽ മേലാളൻ ചിരിക്കുന്ന ഏർപ്പാടാണ് (ആഘോഷവേളകളിൽ അടിമകളെ കൊണ്ട് കള്ളുകുടിപ്പിച്ചും, മൽപ്പിടുത്തം നടത്തിച്ചും ആർത്തുചിരിക്കുകയെന്നത് പുരാതന ഗ്രീസിൽ മാത്രമല്ല, അമേരിക്കയിലും വലിയ വിനോദമായിരുന്നല്ലോ) പക്ഷെ ‘വാസ്​പ്​' ഫലിതത്തിന് ഉദാഹരണമായി വാഷിങ്ടൺ പോസ്റ്റ്​ കൊടുത്തിരിക്കുന്ന മിക്ക ഫലിതങ്ങളും തീർത്തും നിർദോഷങ്ങളാണെന്ന് മാത്രമല്ല, ചിലതെങ്കിലും അവരുടെ ‘ഇഗോണമിയെ' താലോലിക്കുന്നവയുമാണ്. നമ്മുടെ നാട്ടിലെ നമ്പൂതിരി ഫലിതങ്ങൾ ഇതേ മൂശയിൽ വാർത്തെടുക്കപ്പെട്ടവയാണ്. എളുപ്പം കബളിപ്പിക്കപ്പെടാവുന്ന സാത്വിക നിഷ്‌കളങ്ക ബിംബമായി ഫലിതങ്ങളിൽ പ്രത്യക്ഷപ്പെടാറുളള നമ്പൂതിരി ഒരേ സമയം വരേണ്യന്റെ വ്യതിരക്തതയെയും വൈശിഷ്ട്യ​ത്തെയും അടയാളപ്പെടുത്തുന്നു. പഞ്ചതന്ത്ര കഥയിലെ ആടിനെ ചുമന്ന് പോകുന്ന ബ്രാഹ്മണനെ മൂന്ന് കള്ളൻമാർ തന്ത്രത്തിൽ പട്ടിയെയും ചുമന്ന് പോകുന്നതെങ്ങോട്ടെന്ന് ചോദിച്ച് കബളിപ്പിക്കുമ്പോൾ അനുവാചക മനസ്സിൽ കോറിയിടപ്പെടുന്ന ചിത്രം ഒരു ശുദ്ധ നിഷ്‌കളങ്കന്റെതാണ്. പക്ഷെ, അതിലൂടെ പ്രഛന്നവൽക്കരിക്കപ്പെടുന്നത് ജാതിക്കോയ്മക്ക് വേദവ്യവഹാരം പടച്ചുണ്ടാക്കിയ മഹാവക്രബുദ്ധിയാണെന്നത് നമ്മുടെ സ്വകീയ നിഷ്‌കളങ്കത എളുപ്പം വിസ്മരിക്കുന്ന വസ്തുതയാണ്.

സ്ത്രീവിരുദ്ധതയുടെ പേരിൽ കുപ്രസിദ്ധി നേടിയ ഫ്‌ലവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക്ക് പരിപാടിയിൽ നിന്ന്.

ഫലിതങ്ങൾ ഒരേ സമയം വാളും പരിചയുമാണെന്നതുപോലെ തന്നെ ശരിയാണ് അധീശ വർഗത്തിന്നെതിരാകുമ്പോൾ അതിന്റെ വാൾമുനക്ക് മൂർച്ച കുറയുമെന്നത്. താൻ ഒരു വെള്ളക്കാരൻ പുരുഷനാണെന്നും തന്റെ വികാരങ്ങളെപ്പോലും നിങ്ങൾക്ക് പരിക്കേൽപ്പിക്കാനാകില്ലെന്നും സി.കെ. ലൂയിസ് വീമ്പിളക്കുന്നത് മേലാളത്തം പതിച്ചുനൽകുന്ന ഈ സുരക്ഷാകവചത്തിന്നകത്തു നിന്നുകൊണ്ടാണ് (സ്ട്രെയ്ൻ). മേലാളരെ പറ്റിയുളള ഫലിതങ്ങളുടെ ഏറ്റവും വലിയ ആസ്വാദകർ മേലാളർ തന്നെയാകുന്നതിന്റെ യുക്തിയും അത്തരം ഫലിതങ്ങളുടെ നിരുപദ്രവപരതയിലും അവയരുളുന്ന മസോകിസ്റ്റ്​ സുഖത്തിലുമാണ്. പുരുഷൻമാർക്കെതിരെയുളള സ്ത്രീ ഫലിതങ്ങൾ കേട്ട് പുരുഷൻമാർ പൊട്ടിച്ചിരിക്കുമ്പോൾ പുരുഷൻമാരുടെ സ്ത്രീവിരുദ്ധ ഫലിതങ്ങളോട് അതേ സ്പോർട്ട്സ്​മാൻ സപിരിറ്റോടെ സ്ത്രീകൾക്ക് പ്രതികരിക്കാൻ കഴിയാത്തത് സാമൂഹ്യ സംവിധാനത്തിലുളള അവരുടെ അസന്തുലിതത്വം കാരണമാണ്.

ഫലിതങ്ങൾ പറയുന്നതിലും ആസ്വദിക്കുന്നതിലും സ്ത്രീ - പുരുഷന്മാർക്കിടയിൽ നിലനിൽക്കുന്നുവെന്ന് പറയുന്ന വ്യത്യാസങ്ങളെ ചില സ്യൂഡോ - ഡാർവീനിയൻ ധാരണകളുടെ സഹായത്തോടെ നടത്തുന്ന വിശദീകരണങ്ങൾ ഈ സന്ദർഭത്തിൽ പരാമർശിക്കേണ്ടതുണ്ട്. മനുഷ്യരുടെ ഫലിതബോധം ഉയിരെടുക്കുകയും പിച്ചവയ്ക്കുകയും ചെയ്തത് പഴയ നായാടി സമൂഹങ്ങളിലാണെന്നും, അത്തരം സമൂഹങ്ങളിൽ വേട്ടയാടുകയെന്നത് പുരുഷൻമാരുടെ ഉത്തരവാദിത്തമായിരുന്നുവെന്നും അതിനാൽ തന്നെ സ്ത്രീകളെ അപേക്ഷിച്ച്​അവരുടെ ഹ്യൂമർ കോഷൻറ്​ അഥവാ ഫലിതശേഷി കൂടുതലാണെന്നുമാണ് ഈ വാദത്തിന്റെ ആകെത്തുക (റാപോപോർട്ട്). ശതകങ്ങളായി സാമൂഹ്യശാസ്ത്രജ്​ഞർ ചേരിതിരിഞ്ഞ് പൊരുതിക്കൊണ്ടിരിക്കുന്ന പ്രകൃത - പരിപോഷണ (nature - nurture) വിവാദത്തിന്റെ തുടർച്ചയായ ഈ ചോദ്യത്തിന് നമ്മുടെ വർത്തമാന പരിജ്ഞാനം വച്ച് ഖണ്ഡിതമായ തീർപ്പിലെത്തുക എളുപ്പമല്ല. പക്ഷെ ഒന്നുണ്ട്, എല്ലാ ഫലിതങ്ങളും ഒരർഥത്തിലല്ലെങ്കിൽ മറ്റൊരർഥത്തിലുള്ള ഹിംസയാണെന്നിരിക്കെ, വിധ്വംസനത്തിന്റെ പതിവ് ഇരകളും സ്ഥിരം വേട്ടക്കാരും അതിനോട് ഒരേ ഭാവുകത്വത്തോടെ പ്രതികരിക്കുമെന്നോ, പ്രതികരിക്കണമെന്നോ കരുതുന്നത് മൗഢ്യമാണ്. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ. ഉമർ ഒ. തസ്​നീം

കാലിക്കറ്റ്​ സർവകലാശാല ഇംഗ്ലീഷ്​ വകുപ്പിൽ അസിസ്​റ്റൻറ്​ പ്രൊഫസർ. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. Orhan Pamuk and the Poetics of Fiction, The Soul Of The Desert എന്നീ പുസ്​തകങ്ങൾ പ്രസീദ്ധീകരിച്ചിട്ടുണ്ട്​.

Comments