നിറങ്ങളോടും സൗന്ദര്യത്തോടും ശരീരത്തോടും ജീവിതത്തോടുമുള്ള സ്‌നേഹവും കൊതിയും ആർത്തിയും ഏറുന്നത് പ്രായമേറുന്നതിനൊപ്പമാണെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുള്ളത്, എന്റെ അമ്മയെ നോക്കിയിരിക്കുമ്പോഴാണ്. എന്നെക്കാൾ എത്രയോ പ്രായക്കൂടുതലുള്ള അമ്മ, അമ്മയെത്തന്നെ സ്‌നേഹിച്ചും ആസ്വദിച്ചും പ്രസൻറ് ചെയ്യുന്ന രീതി കണ്ട് എനിക്ക് വളരെ കൗതുകം തോന്നിയിട്ടുണ്ട്. അലസവേഷത്തിൽ അമ്മയെ ഞാൻ കാണാറില്ല. ഒരു കാര്യത്തിലും എന്റെ അമ്മയെ പോലെയല്ല ഞാൻ.
മാറുന്ന വസ്ത്രസങ്കല്പം എന്നത്, ജനറലൈസ് ചെയ്ത് എളുപ്പം പറയാവുന്ന ഒന്നാണെന്ന് ഞാൻ കരുതുന്നില്ല. ഓരോ കാലഘട്ടത്തിലും ഓരോ സമൂഹത്തിലും എന്നല്ല ഓരോ വ്യക്തിയിലും അതിന് വ്യത്യസ്ത കഥകളായിരിക്കും പറയാനുണ്ടാവുക. ഉദാഹരണത്തിന്, എന്റെ കൗമാരം തുടങ്ങുന്നത് 2000-മാണ്ടിന്റെ പകുതിയോടെയാണ്. കൗമാരക്കാരികളുടേത് എന്നുപറഞ്ഞ് 2000-ലെ ഒരു ഫാഷൻ ട്രെൻഡിനെ കുറിച്ച് സംസാരിക്കുമ്പോൾ, ആ ‘ഫാഷൻ ഇറ’യിൽ പെട്ട ഞാൻ എങ്ങനെയായിരുന്നു? ‘ചെറിയ കാര്യങ്ങളുടെ ഒടേതമ്പുരാനിൽ' അരുന്ധതി റോയ് പറഞ്ഞതുപോലെ, ആരാലും ശ്രദ്ധിക്കപ്പെടാതെ, a silent bubble floating on a sea of noise ആയി നിലകൊള്ളാനായിരുന്നു ഞാൻ ആഗ്രഹിച്ചത്. ഒരുപക്ഷേ അത്തരക്കാരുടെ സൗഹൃദമായിരുന്നിരിക്കും എനിക്ക് കൂടുതൽ കംഫർട്ടബിൾ ആയി തോന്നിയിട്ടുണ്ടാവുക. അങ്ങനെയായിരിക്കാം എല്ലാ കാലത്തും ഓരോ ഗ്രൂപ്പും കൗമാരക്കാർക്കിടയിൽ രൂപപ്പെടുക.
ഏത് ആൾക്കൂട്ടത്തിലും തിരിച്ചറിയപ്പെടാതെ ഇഴുകിച്ചേരാൻ പറ്റുന്നത് എന്തോ അതായിരുന്നു എക്കാലവും എന്റെ ഫാഷൻ. കൗമാരം കടന്ന് യൗവനത്തിലെത്തി. പക്ഷേ വസ്ത്രധാരണത്തിലെ എന്റെ അലസതയ്ക്ക് മാറ്റമുണ്ടായില്ല. ഞാൻ കുറച്ചുകൂടി ‘ഫാഷനബ്ൾ ' ആകണമെന്ന് അമ്മയാഗ്രഹിച്ചിരുന്നു. അത് അമ്മയുടെ ഫാഷൻ സങ്കൽപമാണെന്ന എന്റെ ഉദാസീനത മനസ്സിലാക്കിയിട്ടാകും, എന്റെ തുണിക്കട സന്ദർശനങ്ങളിൽ പാതിസമയമാകുമ്പോൾ ആവേശമൊക്കെ അടങ്ങി അമ്മ നിശ്ശബ്ദയായി ഒരു കസേരയിൽ മാറിയിരിക്കും.
വസ്ത്രങ്ങളും ഫാഷനുമൊക്കെ ഒരു എക്റ്റേണൽ ക്വാളിറ്റി എന്നതിനപ്പുറം ഓരോ വ്യക്തിയുടെയും രഹസ്യങ്ങളിലേക്കും ജീവിതത്തിലേക്കും തുറക്കുന്ന ട്രിക്കി ഡോർ കൂടിയാണ്.
വളർച്ചയുടെ കാലമാറ്റത്തിനനുസരിച്ച് എന്റെ വസ്ത്രസങ്കൽപ്പങ്ങളിലും മാറ്റം വന്നിട്ടുണ്ടെന്നു സമ്മതിക്കാതെ വയ്യ. സൗകര്യം എന്ന ഒറ്റനിയമം മാത്രമേയുള്ളൂ എന്റെ ഫാഷൻ റൂൾബുക്കിൽ. മുടി ഷോർട്ട് കട്ട് വെട്ടിയിരുന്നതും, പിന്നീട് ഒറ്റ ഹെയർബാൻഡിൽ ഒതുക്കിവെച്ചതും ഇപ്പോൾ അത് മാറ്റി സ്ട്രെയ്റ്റനിങ്ങിലേക്ക്കടന്നതും എല്ലാം ‘ഈസി മെയിൻറനൻസ്’ എന്ന ഒരൊറ്റ കാരണം കൊണ്ടു മാത്രമാണ്. ഏതു വസ്ത്രം തിരഞ്ഞെടുക്കുമ്പോഴും അതെന്റെ ദേഹത്തോടെങ്ങനെ എന്നല്ലാതെ കാലത്തിന്റെ പോക്കിനോടെങ്ങനെ എന്നുഞാൻ ചിന്തിക്കാറില്ല. വസ്ത്രത്തിനുള്ളിൽ ശരീരം ആയാസപ്പെടരുത്. അതാണെനിക്കു ഫാഷൻ.
ഇങ്ങനെയൊക്കെയാണെങ്കിൽ തന്നെയും ചില വസ്ത്രരീതികൾ, ചിലരുടെ വസ്ത്രശീലങ്ങൾ ഒക്കെ എന്നെ വല്ലാതെ ഭ്രമിപ്പിച്ചിട്ടുണ്ട്. മാറിനിന്ന് മറ്റുള്ളവരുടെ വേഷവിധാനങ്ങളും സൗന്ദര്യവും ആസ്വദിക്കാൻ ഏറെ ഇഷ്ടവുമാണ്. അങ്ങനെ കണ്ടിരുന്ന് മതിവരാത്ത ഒരു കഥാപാത്രമുണ്ട്. എന്റെ സൂര്യപുത്രിക്ക് എന്ന ചിത്രത്തിലെ അമല അവതരിപ്പിച്ച മായാവിനോദിനിയെപ്പോലെ എന്നെ കൊതിപ്പിച്ച ഒരു ഫാഷനിസ്റ്റ (Fashionista) ഇല്ല എന്നുതന്നെ പറയാം. റിലീസിങ്ങിന് എത്രയോ കാലം കഴിഞ്ഞാണ് ആ സിനിമ ഞാൻ കാണുന്നത്. ഫാഷൻ ട്രെൻഡുകൾ പെട്ടെന്ന് മാറുന്നതായതിനാൽ മായാവിനോദിനിയുടെ പിറവിക്കും എന്റെ കൗമാരത്തിനുമിടയിലെ കാലം അൽപം ദൈർഘ്യമുള്ളതു തന്നെയാണ്. എന്നിട്ടും അതാണെന്റെ ഫാഷൻ സങ്കൽപം.
‘എ ടോട്ടൽ ഫ്രീ ബേഡ്’ എന്ന് സ്വയം വിശേഷിപ്പിച്ച് അയഞ്ഞ ഒരു ഷർട്ടും പ്രിൻറഡ് മിഡിയും അണിഞ്ഞ് ക്ലാസുമുറിയുടെ ജനാലയിൽ നിന്ന് പക്ഷിയെ പോലെ കൈകൾ വീശി പറക്കുവാനൊരുങ്ങി താഴേക്കുവീഴുന്ന മായാവിനോദിനി. തനി താന്തോന്നിയായി ഒരു ചുവന്ന ഫ്രോക്കും ജാക്കറ്റുമണിണിഞ്ഞ്, ആ ജാക്കറ്റിൽ രണ്ടു കയ്യും ചേർത്തുപിടിച്ചും കൈകൾ വീശിയും പാതിരാവിൽ ‘രാക്കോലം വന്നതാണേ, കൂത്താടും കൂട്ടരാണേ' എന്നുപാടിയാടിത്തിമിർത്തപ്പോഴും മായാവിനോദിനി എന്നെ മോഹിപ്പിച്ചു. അമല എന്ന നടി വളരെ ഈസിയായി എടുത്തണിഞ്ഞ ആ ഗ്രെയ്സ് ആണ് എന്നെ ആകർഷിച്ചത്. തന്റെ വ്യക്തിത്വം, വിചാരങ്ങൾ, ഐഡിയോളജി ഒക്കെ ‘ഗ്രെയ്സ്ഫുള്ളി സട്ട്ൽ’ (gracefully subtle) ആയി പ്രൊജക്റ്റ് ചെയ്യാനുള്ള ഒരു ഉപാധിയാണ് വസ്ത്രധാരണം എന്നുഞാൻ വിശ്വസിക്കുന്നു. അതിന് അമലയുടെ മായാവിനോദിനിയേക്കാൾ മികച്ച ഒരുദാഹരണം എനിക്ക് കണ്ടെത്താനാകുന്നില്ല.
വസ്ത്രസങ്കല്പങ്ങൾ, ഫാഷൻ ട്രെൻഡുകൾ, വസ്ത്രവിൽപനാരീതികൾ ഒക്കെ ഒരുപാട് മാറിയെന്ന് പറയുമ്പോഴും, വസ്ത്രസ്വാതന്ത്ര്യം എന്ന വാക്കിന്റെ അർത്ഥത്തിലും വ്യാഖാനത്തിലും മലയാളിസമൂഹം ഇന്നും ഏറെ കൺഫ്യൂസ്ഡാണ് എന്നതാണനുഭവം. ‘മാന്യമായ വസ്ത്രധാരണം' എന്ന മിഥ്യാബോധത്തിൽ പെട്ട് കുഴഞ്ഞുമറിഞ്ഞുകിടക്കുകയാണ് നമ്മുടെ പൊതുബോധം ഇപ്പോഴും. ‘ഡീസൻസി’ (Decency) എന്ന വാക്ക് വസ്ത്രധാരണവുമായി ചേർത്തുവായിക്കുന്ന പ്രവണത ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. വസ്ത്രധാരണം ഒരിയ്ക്കലും ഒരു ചട്ടക്കൂട് ആകരുത്. വ്യക്തിയുടെ തോന്നലുകളുടേയും വിചാരങ്ങളുടെയും ആശയഗതികളുടെയും ‘മോഡ് ഓഫ് എക്സ്പ്രഷൻ’ ആവണം വസ്ത്രങ്ങൾ. നമ്മുടെ ചിന്താഗതിയാണ് നമ്മുടെ ഫാഷൻ.
അമ്മയുടെ അലമാരി ഒന്നിളക്കി മറിച്ചാൽ എന്റെ കുറേക്കാലത്തെ വേഷമായി. ഒരു ജോർജറ്റ് സാരി വെട്ടി മുട്ടിനുതാഴെ ഇറക്കത്തിൽ നിറയെ തട്ടുകളിട്ടു തയ്പിച്ച പച്ചയും നീലയും കലർന്ന ആ ഉടുപ്പ് ഇന്നും എന്റെ പ്രിയ വേഷം തന്നെ.
വളരെ ഇക്കണോമിക് ആയി മാത്രം ജീവിയ്ക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. ആ ജീവിതരീതി എന്റെ വസ്ത്രധാരണത്തിലും പ്രതിഫലിക്കും. വിലകുറഞ്ഞതും സൗകര്യപ്രദമായതും എന്നതാണ് എന്റെ ഫാഷൻ മാനദണ്ഡം. റീ യൂസിങ്ങും റീ സൈക്ലിംഗുമൊക്കെ എന്റെ തുണിയലമാരയെ നിത്യമായി കുഴച്ചുമറിക്കുന്നു. റെഡിമെയ്ഡ് വസ്ത്രങ്ങളോട് ഇഷ്ടമുള്ളപ്പോൾ തന്നെ, അമ്മയുടെ ഉടുത്തുപഴകിയ സാരികൾ എന്റെ ചുരിദാറായും പാവാടയായും ഉടുപ്പുകളായും പലപ്പോഴും ഇവോൾവ് ചെയ്യാറുണ്ട്. ഏറ്റവും മികച്ചതെന്ന് എനിക്ക് ബോധ്യപ്പെടുന്ന ചില തയ്യൽക്കടകളുണ്ട്. നന്നായി തയ്ക്കുന്ന ചില സ്ത്രീകൾക്ക് എത്ര പെട്ടെന്നാണ് എന്റെ അഭിരുചികൾ മനസ്സിലാകുന്നത്. അമ്മയുടെ അലമാരി ഒന്നിളക്കി മറിച്ചാൽ എന്റെ കുറേക്കാലത്തെ വേഷമായി. ഒരു ജോർജറ്റ് സാരി വെട്ടി മുട്ടിനുതാഴെ ഇറക്കത്തിൽ നിറയെ തട്ടുകളിട്ടു തയ്പിച്ച പച്ചയും നീലയും കലർന്ന ആ ഉടുപ്പ് ഇന്നും എന്റെ പ്രിയ വേഷം തന്നെ. കാരണം, അയഞ്ഞതും കനം കുറഞ്ഞതുമാണത്.
ഒന്നിനോടും വളരെ പെട്ടെന്ന് ബൈ പറയാൻ പറ്റാത്ത എന്റെ അടിസ്ഥാന സ്വഭാവം ആ തുണിയലമാര തുറന്നാൽ വ്യക്തമായി കാണാം. പഴയ തുണികളൊക്കെ എടുത്തുമാറ്റി അലമാരയിൽ കുറച്ചുസ്ഥലം ഒഴിച്ചുകൂടെ എന്നത് വീട്ടിൽ എന്നും കേൾക്കുന്ന പല്ലവിയാണ്. പഴയ തുണികളൊക്കെയും എന്റെ അലമാരയിൽ ഭദ്രമാണ്. പലതും സൂക്ഷിക്കാൻ എനിക്ക് കാരണങ്ങൾ പലതാണ്. ചിലത് ചില മനുഷ്യരേയും ചില സന്ദർഭങ്ങളേയും ചില കാലങ്ങളെയും ഒക്കെ ഓർമിപ്പിക്കും. അത്ര പെട്ടെന്ന് ഒഴിവാക്കാൻ പറ്റില്ല അതൊന്നും. അതൊരു വെറും തുണിയലമാരയല്ല. ഒരാളുടെ അലമാര തുറക്കുന്നത് അയാളുടെ വളരെ രഹസ്യമായ സ്വഭാവങ്ങളിലോക്കായിരിക്കില്ലേ എന്ന ചിന്ത പലപ്പോഴും ഉണ്ടാവാറുണ്ട്. ഒഴിഞ്ഞ ഡിയോഡറൻറ് ബോട്ടിലുകളും ഹോളി നിറങ്ങൾ പറ്റിയ ടീ-ഷർട്ടും കീറിത്തുടങ്ങിയ ഒരു ബാല്യകാല പെറ്റിക്കോട്ടും ഒക്കെ പറയുക എന്റെ ഇമോഷനൽ ഇൻറിമസിയുടെയും പിശുക്കിന്റേയും അലസതയുടെയും കഥകളായിരിക്കും.
എന്റെ അലമാര തുറന്നുനോക്കരുതേ എന്നുപറയുന്നത്, ആ അലമാര എന്റെ രഹസ്യങ്ങളും ജീവിതവും തുറന്നുകാട്ടും എന്ന ഭയം കൊണ്ടുതന്നെയാണ്. വസ്ത്രങ്ങളും ഫാഷനുമൊക്കെ ഒരു എക്റ്റേണൽ ക്വാളിറ്റി എന്നതിനപ്പുറം ഓരോ വ്യക്തിയുടെയും രഹസ്യങ്ങളിലേക്കും ജീവിതത്തിലേക്കും തുറക്കുന്ന ട്രിക്കി ഡോർ കൂടിയാണ്. അത് മറ്റൊരാൾ തുറക്കുന്നത് ഞാനിഷ്ടപ്പെടുന്നില്ല. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.