ജീവിതത്തിന്റെ വ്യത്യസ്ത സന്ദർഭങ്ങളിൽ ഒരു സ്ത്രീ അഭിമുഖീകരിക്കുന്ന ഒന്നാണ് നന്നായി വസ്ത്രം ധരിക്കുക എന്ന ആശയം. ഒരു സ്ത്രീ ധരിക്കാൻ എന്താണ് തിരഞ്ഞെടുക്കുന്നത് എന്നത് അവളുടെ സ്വാതന്ത്ര്യമാണ്. മറ്റുള്ളവർക്കുമുന്നിൽ സ്വയം എങ്ങനെ അവതരിപ്പിക്കണം എന്ന ആഗ്രഹം, അവളുടെ വ്യക്തിത്വത്തെയാണ് കാണിക്കുന്നത്. ഏതൊരു വ്യക്തിയുടെയും സ്വാതന്ത്ര്യം വീട്ടിൽ നിന്നാണ് തുടങ്ങുന്നത് എന്നാണ് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. ഉറ്റവരിൽ നിന്ന് ഒരു വ്യക്തിക്ക് ലഭിക്കുന്ന സ്വീകാര്യതയും അംഗീകാരവും അവളുടെ ആത്മവിശ്വാസം വളരുന്നതിന് സഹായകരമാകുന്നു. സ്വാതന്ത്ര്യം എന്ന ആശയത്തിന് ഒരുപാട് മാനങ്ങളുണ്ട്. ചില വസ്ത്രധാരണരീതികൾ ഉചിതമെന്നും ഭംഗിയുള്ളതെന്നും സ്റ്റീരിയോടൈപ്പ് ചെയ്യുന്നത് കൂടുതൽ പരിശോധന ആവശ്യപ്പെടുന്ന ഒന്നാണ്.
മഹാമാരിക്കുശേഷം പ്രത്യേകിച്ച്, ജോലിക്കുവേണ്ടിയുള്ളതും പുറത്തിറങ്ങാനുള്ളതുമായ വസ്ത്രധാരണരീതിയിൽ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ഓൺലൈൻ ക്ലാസുകളും ‘വർക്ക് ഫ്രം ഹോം’ സംസ്‌കാരവും ഒരു വ്യക്തി അവളുടെ വസ്ത്രങ്ങൾ എങ്ങനെ തിരഞ്ഞെടുക്കുന്നു എന്നതിനെക്കുറിച്ചുള്ള മനോഭാവത്തിൽ വലിയ മാറ്റമുണ്ടാക്കി. ജോലിക്കും മീറ്റിങ്ങുകൾക്കുമായി സുഖപ്രദമായ വസ്ത്രം തിരഞ്ഞെടുക്കുക എന്നത് സാധാരണമായി. കാഷ്വൽ വസ്ത്രങ്ങളിലൂടെ ജോലിസ്ഥലങ്ങൾ കൂടുതൽ സൗഹൃദപരമാകുകയാണ്, അതിലൂടെ ഒരു വ്യക്തിക്ക് അവളുടെ മേലുള്ള നിയന്ത്രണങ്ങളിൽ നിന്ന് വിടുതൽ നേടാനാകുന്നു. എന്നാൽ അവർ ധരിക്കുന്നത് മറ്റുള്ളവർക്ക് സ്വീകാര്യമാകണമെന്നില്ല, കാരണം ഒരു സ്ത്രീയുടെ വസ്ത്രധാരണം ലൈംഗികാക്രമണത്തിലേക്കും മറ്റു ശാരീരിക ഉപദ്രവങ്ങളിലേക്കും വഴിവെക്കുമെന്ന് വിശ്വസിക്കുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഒട്ടുമിക്ക കേസുകളിലും ലൈംഗികാതിക്രമങ്ങൾക്കും സ്വഭാവഹത്യകൾക്കും ഇരകളാകുന്നത് സ്ത്രീകളുമാണ്.
കേരളത്തിലെ സ്ത്രീസാക്ഷരതയും സ്ത്രീവികാസവും ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്നു, അപ്പോഴും ധരിക്കുന്ന വസ്ത്രം സംബന്ധിച്ച് കേരളത്തിലെ സ്ത്രീകൾക്കുള്ള സ്വാതന്ത്ര്യം ചർച്ചാവിഷയമാകുന്നു.
ട്രെൻഡിങ് ഡ്രസ്‌കോഡുകൾ
ഫാഷനും സ്റ്റൈലും ആഘോഷിക്കുന്ന മറ്റൊരു വിഭാഗമുണ്ട്, അവർ ചെറുപ്പക്കാരെ സ്വാധീനിക്കുന്നു. കാൻ ഫെസ്റ്റിവലിലെത്തുന്ന സെലിബ്രിറ്റികളുടെ ‘ലുക്ക്' സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആവുകയും അത് ഫാഷനുമായി ബന്ധപ്പെട്ട ബോധത്തെ വളരെ സ്വാധീനിക്കുകയും ചെയ്യുന്നു. സോഷ്യൽ മീഡിയയിൽ കാണുന്ന കാര്യങ്ങൾ യുവതലമുറയുടെ പ്രതീക്ഷ വർധിപ്പിക്കുകയും അവർ ഒരു വെർച്വൽ ലോകത്ത് ജീവിക്കുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ സന്ദർഭങ്ങൾ ആഘോഷിക്കപ്പെടുന്നു, ഡ്രസ്‌കോഡുകൾ അവിടെയും ബാധകമാണ്. ഇൻഫ്ളുവൻസേഴ്സും സെലിബ്രിറ്റികളും ബേബി ഷവർ, ജന്മദിനങ്ങൾ, വിവാഹം പോലുള്ള, അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾക്ക് വ്യത്യസ്ത ട്രെൻഡിങ് ഡ്രസ്‌കോഡുകളാണ് അവതരിപ്പിക്കുന്നത്. ഹൽദി പോലുള്ള ആഘോഷങ്ങൾ മലയാളി സംസ്‌കാരത്തിന്റെ ഭാഗമല്ല, എന്നാൽ ഇപ്പോൾ അത്തരം സംഭവങ്ങൾ മഞ്ഞ വസ്ത്രങ്ങളണിഞ്ഞാണ് ആഘോഷിക്കുന്നത്. അത്തരത്തിലുള്ള എല്ലാ ഒത്തുചേരലുകൾക്കും ഇപ്പോൾ ഡ്രസ് കോഡുണ്ട്.
ഇത്തരം പ്രവണതകൾ ജനങ്ങളിൽ സാമൂഹികാവബോധം വളർത്തുന്നു. ഇത്തരത്തിലുള്ള ട്രെന്റുകൾ നമ്മുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാണെന്നും ഉത്സവങ്ങൾക്കും സാമൂഹിക പരിപാടികൾക്കും അതിനനുസരിച്ചുള്ള ഡ്രസ്‌കോഡുകൾ ഉണ്ടായിരിക്കണമെന്നും വിശ്വസിപ്പിക്കപ്പെടുന്നു. ഇത് ഒരേ നാണയത്തിന്റെ മറ്റൊരു വശമാണ്. വസ്ത്രധാരണം സംബന്ധിച്ച ഒരു ബോധം നമുക്കുണ്ട്. നമ്മുടെ സംസ്‌കാരവും പാരമ്പര്യവും നമ്മുടെ ചിന്തകളുടെയും ശൈലികളുടെയും മുകളിൽ ചില മാനദണ്ഡങ്ങൾ അടിച്ചേൽപ്പിക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് എല്ലാം സ്ത്രീ സൗഹൃദമായിക്കൊണ്ടിരിക്കുകയാണ്, എന്നിട്ടും എന്തുകൊണ്ട് സമൂഹത്തിൽ ഒരു സ്ത്രീസൗഹൃദ ഡ്രസ്‌കോഡ് ഉണ്ടായില്ല?
പ്രകോപിപ്പിക്കുന്നത്, ശരീരം വെളിപ്പെടുത്തുന്നത് എന്നിങ്ങനെ ചില ഡ്രസ്‌കോഡുകളെ ലൈംഗികവത്കരിക്കുന്നത് യുവതലമുറയുടെ മനസ്സിൽ മോശം ധാരണ ഉണ്ടാക്കുകയാണ് ചെയ്യുന്നത്.
വിവാഹത്തിന് സാരിയുടുക്കുന്നത് സമൂഹത്തിൽ സ്വീകാര്യമായ കാര്യമാണ്, എന്നാൽ ജീൻസും ടോപ്പും ധരിക്കുന്നത് അങ്ങനെയല്ല. കോഴിക്കോട് ബാലുശ്ശേരിയിലെ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം കൊണ്ടുവന്നപ്പോൾ അതിന് വ്യാപക മാധ്യമശ്രദ്ധ ലഭിച്ചു; ആ തീരുമാനത്തിനെതിരെ ഒരു വിഭാഗം ഉണ്ടായിരുന്നെങ്കിൽക്കൂടി. എന്തുകൊണ്ടാണ് കുറച്ചുപേർ അത്തരമൊരു മാറ്റത്തിന് എതിരായി നിൽക്കുന്നത്?
ഇത്തരമൊരു സംഭവം യുവതലമുറയ്ക്ക് നല്ല സന്ദേശം നൽകാനാണ് ശ്രമിക്കുന്നത്. എന്നാൽ സമൂഹത്തിന് സ്വീകാര്യമായതും അംഗീകരിക്കപ്പെട്ടതുമായ ചില രീതികളിൽ മാത്രമായിരിക്കണം പെൺകുട്ടികൾ വസ്ത്രം ധരിക്കേണ്ടത് എന്ന്വിശ്വസിക്കുന്ന ആളുകളാണ് മറുവശത്ത്. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ അത് വിമർശനാത്മകമായി നിരീക്ഷിക്കേണ്ടതുണ്ട്. കേരളത്തിലെ സ്ത്രീസാക്ഷരതയും സ്ത്രീവികാസവും ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്നു, അപ്പോഴും ധരിക്കുന്ന വസ്ത്രം സംബന്ധിച്ച് കേരളത്തിലെ സ്ത്രീകൾക്കുള്ള സ്വാതന്ത്ര്യം ചർച്ചാവിഷയമാകുന്നു. ഒരു സ്ത്രീയുടെ വസ്ത്രധാരണരീതി ഇന്നും സമൂഹത്തിലെ മറ്റുള്ളവരാണ് തീരുമാനിക്കുന്നത്. ഇതിനർഥം, ഇന്നും ഒരു വലിയ വിഭാഗം ആളുകൾക്കിടയിൽ പരമ്പരാഗത ചിന്താരീതി നിലനിൽക്കുന്നുണ്ടെന്നാണ്.
പുറത്തിറങ്ങുമ്പോൾ, സ്ത്രീകളിൽ ഭൂരിഭാഗം പേരും ചുരിദാർ, ജീൻസ്, ടോപ്പ്, കുർത്ത, ഫ്രോക്ക് തുടങ്ങിയ കാഷ്വൽ വസ്ത്രങ്ങൾ ധരിക്കുന്നതായാണ് കാണാൻ കഴിയുക. കേരളത്തിലെ കോളേജുകളിൽ അധ്യാപികമാർ സാരി ധരിക്കണമെന്ന ഡ്രസ്‌കോഡ് എടുത്തുകളഞ്ഞു, ഇഷ്ടപ്പെടുന്ന വസ്ത്രം ധരിക്കുവാൻ കൂടുതൽ സാധ്യതകൾ തുറന്നുകൊടുക്കുകയും ചെയ്തു. ഒരു അക്കാദമിക് അന്തരീക്ഷത്തിൽ അത്തരം മാറ്റങ്ങൾ സാധ്യമാണെന്ന ശുഭകരമായ സൂചനയാണ് അത് നൽകുന്നത്. സാമൂഹികമാറ്റങ്ങൾ പ്രാരംഭഘട്ടത്തിൽ തന്നെ തുടങ്ങണമെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്. സ്‌കൂളുകളിലും കോളേജുകളിലും ജോലിസ്ഥലങ്ങളിലും മാത്രമല്ല; പൊതുഇടങ്ങളിലും മതപരമായ ഇടങ്ങളിൽ പോലും ഡ്രസ്‌കോഡുകൾ നടപ്പിലാക്കപ്പെടുന്നുണ്ട്.
പൊതുസ്ഥലങ്ങളിൽ, തങ്ങളെ വസ്തുവത്കരിക്കുകയും ലക്ഷ്യംവെക്കുകയും ചെയ്യുന്ന ‘പുരുഷനോട്ട'ങ്ങളെ സ്ത്രീകൾക്ക് കൈകാര്യം ചെയ്യേണ്ടിവരും. അനുദിനമെന്നോണം ഒരു സ്ത്രീയുടെ ജീവിതത്തിൽ ഇത്തരം സംഭവങ്ങൾ വളരെ സാധാരണമാണ്. ഇത് വ്യക്തിസ്വാതന്ത്ര്യത്തെയും ആത്മാവിഷ്‌കാരത്തെയും തടസ്സപ്പെടുത്തുന്നു. ചിലപ്പോൾ തോന്നാറുള്ളത്, ആരുടെയെങ്കിലും വ്യക്തിത്വത്തെ നിയന്ത്രിക്കുന്ന തരത്തിലുള്ള നിയമങ്ങൾ നടപ്പിലാക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നാണ്. ഇത്തരം നിയമങ്ങൾ അനുസരണയിലേക്കല്ല നയിക്കുക, മറിച്ച് അത്തരം നിയന്ത്രണങ്ങൾ തകർക്കാനുള്ള വികാരം സൃഷ്ടിക്കുകയാണ് ചെയ്യുക.
ഒരു വ്യക്തി അവളുടെ ഇഷ്ടത്തിനും സൗകര്യത്തിനുമനുസരിച്ച് എന്ത് ധരിക്കണമെന്ന് തീരുമാനിക്കുമ്പോൾ, അത് സ്വയം പ്രകാശനത്തിന് സഹായിക്കുകയും അവരിലെ വ്യക്തിത്വത്തെ പുറത്തുകൊണ്ടുവരികയും ചെയ്യുന്നു.
ഡ്രസ്‌കോഡും ലൈംഗികതയും
പ്രകോപിപ്പിക്കുന്നത്, ശരീരം വെളിപ്പെടുത്തുന്നത് എന്നിങ്ങനെ ചില ഡ്രസ്‌കോഡുകളെ ലൈംഗികവത്കരിക്കുന്നത് യുവതലമുറയുടെ മനസ്സിൽ മോശം ധാരണ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അത്തരം വാർപ്പുമാതൃകകൾ സ്ഥാപിക്കുന്നതിൽ സമൂഹം വലിയ പങ്കുവഹിക്കുന്നു. ഡ്രസ്‌കോഡുകൾ അവതരിപ്പിക്കുമ്പോൾ അത് ആളുകളിൽ തെറ്റായ മാനദണ്ഡം അടിച്ചേൽപ്പിക്കുന്നു. അത് ഒരു വ്യക്തിയുടെ ആത്മാവിഷ്‌കാരത്തെ തടസ്സപ്പെടുത്തിയേക്കാം. ഒരു വ്യക്തി അവളുടെ ഇഷ്ടത്തിനും സൗകര്യത്തിനുമനുസരിച്ച് എന്ത് ധരിക്കണമെന്ന് തീരുമാനിക്കുമ്പോൾ, അത് സ്വയം പ്രകാശനത്തിന് സഹായിക്കുകയും അവരിലെ വ്യക്തിത്വത്തെ പുറത്തുകൊണ്ടുവരികയും ചെയ്യുന്നു. ഡ്രസ്‌കോഡുകൾ അവളുടെ സ്വഭാവത്തിന്റെ കൂടി ഭാഗമാണ്. ഇന്ദിരാഗാന്ധി സാരി ധരിക്കുന്ന രീതിയും ഡയാന രാജകുമാരിയുടെ ഹെയർകട്ടും അവരുടെ സൗന്ദര്യത്തിലൂടെയും ആകർഷണീയതയിലൂടെയും ഒരു കൈയൊപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ബാഹ്യരൂപം മറ്റുള്ളവരുടെ മനസ്സിൽ ഒരു പ്രതിച്ഛായ സൃഷ്ടിക്കുന്നു, എന്നാൽ, എന്തുതരം തോന്നലാണ് അതുണ്ടാക്കിയത് എന്നത് നമ്മൾ എങ്ങനെയാണ് നമ്മുടെ മനസ്സിനെ ക്രമീകരിച്ചിരിക്കുന്നത് എന്നതിനെ അനുസരിച്ചാണിരിക്കുന്നത്.
ചില ഡ്രസ് കോഡുകൾ ലിംഗപദവിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഷർട്ടും പാന്റും മലയാളിയുടെ സംസ്‌കാരത്തിൽ ‘പൗരുഷ'ത്തിന്റെ പ്രതീകമാണ്. ഒരു സ്ത്രീ ഷർട്ടും പാന്റും ധരിച്ച് മുടി ക്രോപ്പ് ചെയ്യുകയാണെങ്കിൽ ഇന്നും അത് പരിഹസിക്കപ്പെടും. വളകൾ, ചെയിൻ, നീളമുള്ള കമ്മലുകൾ പോലുള്ള ആഭരണങ്ങൾ എന്നിവ ഒരു സ്ത്രീ വേണ്ടെന്നുവെക്കുമ്പോൾ അവളുടെ ഡ്രസ്‌കോഡ് അപൂർണവും അസാധാരണവുമാകുന്നു. അത്തരം സാഹചര്യങ്ങളിൽ ജെൻഡർ ന്യൂട്രലായ ഡ്രസ്‌കോഡ് ഉണ്ടാകേണ്ടത് പ്രധാനമാണ്.
വസ്ത്രധാരണത്തിലെ തിരഞ്ഞെടുപ്പുകൾ ലിംഗപരമായ സ്വത്വം പ്രതിഫലിപ്പിക്കുന്നതാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇത് ലിംഗപരമായ വിവേചനത്തിലും കലാശിക്കുന്നുണ്ട്. നമ്മുടെ സമൂഹം മുന്നേറുകയാണ്, അതുകൊണ്ടുതന്നെ, അത് ജെൻഡർ ന്യൂട്രൽ സമീപനം ഉൾക്കൊള്ളുകയും വേണം. ലിംഗപരമായ വാർപ്പുമാതൃകകളെ അടിസ്ഥാനമാക്കിയുള്ള ഡ്രസ്‌കോഡുകൾക്ക് നിയമപരമായ പിന്തുണ ലഭിക്കുകയാണെങ്കിൽ; അത് എൽ.ജി.ബി.ടി. സമൂഹത്തെ പരിഗണിക്കാതെയുള്ളതായിരിക്കും. ജനങ്ങളിൽ ഒരു പ്രത്യേക വിഭാഗത്തിന് ഇഷ്ടമുള്ളത് ധരിക്കാനുള്ള സ്വാതന്ത്ര്യം ചില നിയമങ്ങളിലൂടെ പരിമിതപ്പെടുന്നതും തടയപ്പെടുന്നതും, അവരുടെ സ്വത്വം, ആവിഷ്‌കാരം, സമത്വം എന്നീ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന വിഷയമായി മാറുന്നു.
ഒരു പെൺകുട്ടി എന്ത് വസ്ത്രമാണ് ധരിക്കേണ്ടതെന്നതിനെക്കുറിച്ച് നിർബന്ധം പിടിക്കാൻ പാടില്ല. അങ്ങനെ ചെയ്യുന്നത്, ചെറിയ പ്രായത്തിൽ തന്നെ അവർക്ക് വ്യക്തിത്വം ഉണ്ടായിവരുന്നതിന് സഹായിക്കും. ആർക്കും അവരുടെ സ്വത്വത്തെ ചോദ്യം ചെയ്യാൻ കഴിയില്ല.
ഡ്രസ്‌കോഡിന്റെ സദാചാര ആശങ്കകൾ
ഒരു വ്യക്തിയുടെ, പ്രത്യേകിച്ച് ഒരു സ്ത്രീയുടെ സദാചാരമൂല്യങ്ങൾ നിർണയിക്കുന്നത് അവരുടെ വസ്ത്രധാരണമാണെന്നാണ് എല്ലായ്പ്പോഴും കണക്കാക്കപ്പെടുന്നത്. ബ്രായുടെ വള്ളി പുറത്തുകാണുമ്പോഴോ ചെറിയ ട്രൗസറോ പാവാടയോ ധരിച്ച് കാൽമുട്ട് വെളിപ്പെടുമ്പോഴോ സ്ലീവ്ലെസ്ധരിക്കുമ്പോഴോ അവളുടെ സദാചാരമൂല്യങ്ങൾ ചോദ്യംചെയ്യപ്പെടുന്നു. എന്തുകൊണ്ടാണ്, ഒരാളുടെ വസ്ത്രധാരണം മറ്റുള്ളവരെ അലോസരപ്പെടുത്തുന്നത്. ഇത്തരം ലൈംഗിക, സദാചാരബോധം സമൂഹം സ്ത്രീകളുടെമേൽ മനഃപ്പൂർവമല്ലാതെതന്നെ അടിച്ചേൽപ്പിച്ചിട്ടുണ്ട്. ആരാണ് നിങ്ങളുടെ വസ്ത്രത്തിന് അത്തരം അർഥം നൽകുന്നത്? ചെറിയ പ്രായത്തിൽ തന്നെ, കുട്ടികൾ അവർക്കാവശ്യമുള്ള തരത്തിലുള്ള വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നതിനെ നമ്മൾ അനുവദിക്കണം. ഒരു പെൺകുട്ടി എന്ത് വസ്ത്രമാണ് ധരിക്കേണ്ടതെന്നതിനെക്കുറിച്ച് നിർബന്ധം പിടിക്കാൻ പാടില്ല. അങ്ങനെ ചെയ്യുന്നത്, ചെറിയ പ്രായത്തിൽ തന്നെ അവർക്ക് വ്യക്തിത്വം ഉണ്ടായിവരുന്നതിന് സഹായിക്കും. ആർക്കും അവരുടെ സ്വത്വത്തെ ചോദ്യംചെയ്യാൻ കഴിയില്ല. ലൈംഗികച്ചുവയോടെയുള്ള കമന്റുകൾ അവരെ അസ്വസ്ഥരാക്കുകയും ആത്മാവിഷ്‌കാരത്തിൽ നിന്ന് പിന്മാറാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തേക്കാം. പ്രാരംഭഘട്ടത്തിൽ തന്നെ ഈ പ്രശ്നങ്ങളും ആശങ്കകളും പരിഹരിക്കേണ്ടത് പ്രധാനമാണ്. പരിഷ്‌കരണമുന്നേറ്റങ്ങൾ കൊണ്ടുവരുന്നത് എളുപ്പമല്ല, എന്നാൽ ക്രിയാത്മക സമീപനവും സ്വയം തിരിച്ചറിയലുകളും ഇതിന് സഹായിക്കും. ആത്മാഭിമാനമുണ്ടാക്കുന്നതും മറ്റുള്ളവരുടെ തെരഞ്ഞെടുപ്പുകളെ ആദരിക്കാൻ പഠിപ്പിക്കുന്നതും അവരുടെ വീക്ഷണത്തിൽ വലിയ വ്യത്യാസമുണ്ടാക്കും.
എന്നാൽ, ഇതെല്ലാം ഇത്തരം മാറ്റങ്ങളോടുള്ള സമൂഹത്തിന്റെ മനോഭാവവുമായും എല്ലാവരും അതിനെ എങ്ങനെയാണ് സ്വീകരിക്കുന്നത് എന്നതുമായും ബന്ധപ്പെട്ട കാര്യങ്ങളാണ്. നമ്മുടെ ശരീരത്തെക്കുറിച്ചും അതിന്റെ പരമാധികാരത്തെക്കുറിച്ചും നാം എത്രത്തോളം പഠിക്കുന്നുവോ അത്രയധികം അതിനെ സംരക്ഷിക്കാനും അതുവഴിയുള്ള സ്വാതന്ത്ര്യം ആസ്വദിക്കുവാനും നമ്മൾ പഠിക്കുന്നു. നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാനുള്ള നമ്മുടെ സ്വാതന്ത്ര്യം നിർണയിക്കേണ്ടത് മറ്റുള്ളവരല്ല. നാം ധരിക്കുന്ന വസ്ത്രങ്ങളിലും നമ്മുടെ പെരുമാറ്റങ്ങളിലും പ്രകടമാകുന്നത് നമ്മുടെ ആത്മവിശ്വാസമാണ്.
ലൈംഗികതയുമായി ബന്ധപ്പെട്ട് ഡ്രസ്‌കോഡിനെ അടയാളപ്പെടുത്തുന്നതും അതുമായി ബന്ധപ്പെട്ട് സൃഷ്ടിക്കപ്പെടുന്ന സദാചാരവും ഒരു രാത്രി കൊണ്ട് ഉണ്ടായിവന്നതല്ല. സ്ത്രീകൾ സ്വന്തം ശരീരം സ്വന്തമാക്കാനും അവരുടെ ആവശ്യങ്ങളെ ഒരു ലജ്ജയുമില്ലാതെ പ്രകടിപ്പിക്കാനുമുള്ള പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. അതേ, ഭാവിയിൽ മാറ്റങ്ങളുണ്ടാകുമെന്ന് സ്ത്രീകൾ പ്രതീക്ഷിക്കുന്നു. അതിന് നിരവധി പോരാട്ടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. നിങ്ങളെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നവരുണ്ടാകും, പക്ഷേ ആത്യന്തികമായി വ്യക്തിസ്വാതന്ത്ര്യമാണ് മൗലികമായത്. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.