ശിവകാമി പ്രസന്ന

Gen Z

സോഷ്യൽ മീഡിയ Gen Z ന്റെ ഫാഷൻ സെൻസിബിലിറ്റികളെ മാറ്റിമറിച്ച രീതി അതിന്റെ നെഗറ്റീവുകളിൽ മാത്രം ഒതുങ്ങുന്നില്ല. സോഷ്യൽ മീഡിയ ഹാഷ് ടാഗുകളും ആക്റ്റിവിസവും സാമൂഹികബോധമുള്ള ഒരു ഉപഭോക്തൃ അടിത്തറ സാധ്യമാക്കിയിട്ടുണ്ട്.

ഫാഷൻ സാധ്യതകളെ പുനർനിർമിക്കുമ്പോൾ

സംസ്‌കാരത്തിന്റേയും, പാരമ്പര്യത്തിന്റേയും, അന്തസ്സിന്റേയും, ലജ്ജയുടേയും ഒരുപാട് കഥകൾ പറയാനുണ്ടാവും ഓരോ കീറ് വസ്ത്രത്തിനും. അന്നന്ന് ധരിക്കാൻ ഏറ്റവും അനുയോജ്യമായ വസ്ത്രം തെരഞ്ഞെടുക്കുന്നതിനായി അലമാരയ്ക്കുമുന്നിൽ മണിക്കൂറുകൾ നിന്നുതിരിയുന്നതിന്റെ കാരണം അത്ര ലളിതമോ ആത്മപ്രകാശനത്തിന്റെ മാത്രം വിഷയമോ മാത്രമല്ല. നമ്മുടെ വസ്ത്രങ്ങൾ ഒരു പാട് വർത്തമാനങ്ങൾ പറയാൻ ശ്രമിക്കുന്നുണ്ട്. ധരിക്കുന്ന ബ്രാൻഡും ട്രെൻഡും നിങ്ങൾ എങ്ങനെയുള്ള വ്യക്തികളാണ് അല്ലെങ്കിൽ എങ്ങനെനെയുള്ള വ്യക്തികളല്ല എന്നതിന്റെ സജീവമായ പ്രഖ്യാപനമാകും. ജെൻഡർ, പദവി, ജാതി, വർഗം തുടങ്ങിയയുടെയെല്ലാം രാഷ്ട്രീയം ഇതിനൊപ്പമുണ്ട്. നമ്മുടെ ഫാഷൻ തെരഞ്ഞെടുപ്പുകൾക്ക് ഒരേ സമയം നമ്മുടെ സ്വയംനിർണയാധികാരത്തെ നിയന്ത്രിക്കാനും അതേസമയം, സാമൂഹികഘടനയെയും ആചാരങ്ങളെയും വർഗശ്രേണികളെയും വെല്ലുവിളിക്കാനുമുള്ള ഫലപ്രദമായ ടൂളായി മാറാനുമുള്ള ശേഷിയുണ്ട്.

നമ്മുടെ ഫാഷൻ തെരഞ്ഞെടുപ്പുകൾ വ്യക്തിഗത ഇച്ഛാശക്തിയുടെ സ്വയം പ്രകാശനത്തിൽ നിന്ന് എത്രയോ അകലെയാണ്. നമ്മൾ നിലകൊള്ളുന്ന പ്രസ്ഥാനങ്ങളുടെയും നമ്മൾ ജീവിക്കുന്ന മൂല്യങ്ങളുടെയും പ്രതിധ്വനിയാണവ.

എന്റെ മൂത്ത സഹോദരിയുടെ കൈകൾ അഭിമാനത്തോടെ പ്രദർശിപ്പിക്കുന്നതുമുതൽ ഇൻസ്റ്റഗ്രാം ത്രിഫ്റ്റ് സ്റ്റോറുകളിലൂടെ ഭ്രാന്തമായി സ്‌ക്രോൾ ചെയ്യുന്നതുവരെ, എന്റെ ഫാഷൻ തെരഞ്ഞെടുപ്പുകൾ നിരന്തരം വികിസിച്ചുകൊണ്ടിരിക്കുന്നു. ഇനിയും ഉൾക്കൊള്ളാൻ സ്ഥലമില്ലെന്ന് തോന്നിപ്പിക്കും വിധം വിവരങ്ങൾ നിറഞ്ഞ സോഷ്യൽ മീഡിയ പ്രപഞ്ചത്തിൽ ജീവിക്കുന്ന ഒരു Gen Z എന്ന നിലയിൽ, നമ്മുടെ രാഷ്ട്രീയം, നമ്മുടെ ആത്മപ്രകാശനത്തോട് അഭിമുഖം നിന്ന് പല അടരുകളിൽ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുന്നുണ്ട്. ശരീരം, ലൈംഗികത, ഫെമിനിസം, മതം, പരിസ്ഥിതി, മുതലാളിത്തം- തുടങ്ങിയവയുടെ പ്രേരണയാൽ നമ്മുടെ ഫാഷൻ അഭിരുചികളെ, തെരഞ്ഞെടുപ്പുകളെ അനുശാസനങ്ങൾ പോലെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അതുകൊണ്ടുതന്നെ കുപ്പായങ്ങളെക്കുറിച്ചുള്ള ലേഖനത്തിന് നമ്മൾ കരുതുന്നതിനേക്കാൾ പ്രസക്തിയുണ്ട്.

അറിവ്, ഗാനാ ബി., സട്ടി സരത് ചേർന്ന് നിർമിച്ച് 'ചിക്കാം ബേട്ട' എന്ന മ്യൂസിക് ആൽബത്തിലെ രംഗം. അറിവ്.
അറിവ്, ഗാനാ ബി., സട്ടി സരത് ചേർന്ന് നിർമിച്ച് 'ചിക്കാം ബേട്ട' എന്ന മ്യൂസിക് ആൽബത്തിലെ രംഗം. അറിവ്.

സാമൂഹികാവബോധമുള്ള ഉപഭോക്തൃത്വം, കാലാവസ്ഥാനീതി, ലിംഗഭേദത്തെയും ലൈംഗികതയെയും കുറിച്ച് വികസിച്ചുകൊണ്ടിരിക്കുന്ന ധാരണകൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള സംഭാഷണങ്ങളാൽ നിറഞ്ഞിരിക്കുന്ന എന്റെ തലമുറ ജീവിക്കുന്ന കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ, വ്യക്തിഗത ഫാഷൻ തെരഞ്ഞെടുപ്പുകൾ നിങ്ങളുടെ സാമൂഹിക നിലപാടും രാഷ്ട്രീയ പ്രതിബദ്ധതകളും സൂചിപ്പിക്കുന്നതായി മാറുന്നു. സോഷ്യൽ മീഡിയ ആക്റ്റിവിസം, പ്രത്യേകിച്ച് "അവബോധം' എന്നതിലെ ഊന്നൽ, നിങ്ങളുടെ രാഷ്ട്രീയം നിങ്ങളുടെ സ്ലീവിൽ ധരിക്കാൻ അബോധപൂർവം പ്രേരിപ്പിക്കുന്നു. അതൊരു, വിസ്മയകരമായ വിശേഷണങ്ങളുള്ള ഒരു "ഓവർസൈസ്' ടീ ഷർട്ടാകട്ടെ, ഒരു എത്തിക്കൽ ബ്രാൻഡ് നിർമിച്ചതെന്ന് അവകാശപ്പെടുന്ന കൈത്തറി സാരിയാകട്ടെ- നമ്മുടെ ഫാഷൻ തെരഞ്ഞെടുപ്പുകൾ വ്യക്തിഗത ഇച്ഛാശക്തിയുടെ സ്വയം പ്രകാശനത്തിൽ നിന്ന് എത്രയോ അകലെയാണ്. നമ്മൾ നിലകൊള്ളുന്ന പ്രസ്ഥാനങ്ങളുടെയും നമ്മൾ ജീവിക്കുന്ന മൂല്യങ്ങളുടെയും പ്രതിധ്വനിയാണവ.

എന്നിരുന്നാലും, മുതലാളിത്തത്തിന്റെ ചൂഷണസ്വഭാവം കണക്കിലെടുക്കുമ്പോൾ, നിങ്ങളുടെ മൂല്യങ്ങളിൽ വേരൂന്നിയിരിക്കുന്ന നേരിയ അതിർവരമ്പുകൾ മറികടക്കുക എളുപ്പമല്ല, പ്രത്യേകിച്ച്, ലാഭത്തിനുവേണ്ടി സാമൂഹികനീതി പ്രസ്ഥാനങ്ങളെ ഏറ്റെടുക്കുന്ന കോർപറേറ്റിസത്തെ നിരസിക്കുമ്പോൾ. ഈ ആശയക്കുഴപ്പത്തിനൊപ്പം ജീവിക്കാൻ നാമെല്ലാവരും പഠിക്കേണ്ടിയിരിക്കുന്നു.

ശരീരം, ലൈംഗികത, ഫെമിനിസം, മതം, പരിസ്ഥിതി, മുതലാളിത്തം- തുടങ്ങിയവയുടെ പ്രേരണയാൽ നമ്മുടെ ഫാഷൻ അഭിരുചികളെ, തെരഞ്ഞെടുപ്പുകളെ അനുശാസനങ്ങൾ പോലെ സ്വാധീനിക്കുന്ന  നിരവധി ഘടകങ്ങളുണ്ട്. / Photo: huemn, Ig
ശരീരം, ലൈംഗികത, ഫെമിനിസം, മതം, പരിസ്ഥിതി, മുതലാളിത്തം- തുടങ്ങിയവയുടെ പ്രേരണയാൽ നമ്മുടെ ഫാഷൻ അഭിരുചികളെ, തെരഞ്ഞെടുപ്പുകളെ അനുശാസനങ്ങൾ പോലെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. / Photo: huemn, Ig

ഈ ആശയക്കുഴപ്പത്തിന്റെ ഒരു ജനപ്രിയ വശം, ഫെമിനിസ്റ്റ് പ്രസ്ഥാനവും ഫാഷൻ വ്യവസായവും തമ്മിലുള്ള ബന്ധമാണ്. പുരുഷാധിപത്യം, മതം, മുതലാളിത്തം, ആഗോളവത്കരണം തുടങ്ങിയ ശക്തികളാൽ നിർമിക്കപ്പെട്ടതായതിനാൽ സ്ത്രീകൾക്ക് അവരുടെ ശരീരം വ്യത്യസ്ത രീതികളിലാണ് അനുഭവവേദ്യമാകുന്നത്. വിവിധ സാമൂഹ്യ-സാമ്പത്തിക വിഭാഗങ്ങളിൽപെടുന്ന സ്ത്രീകളിൽ ഇത് വ്യത്യസ്തമായിരിക്കും. സ്ത്രീകളെ പരിമിതപ്പെടുത്തുന്നതിനുള്ള ഉപകരണമായാണ് പുരുഷാധിപത്യം പലപ്പോഴും വസ്ത്രത്തെ ഉപയോഗപ്പെടുത്തുന്നത്. "മാന്യമായി' വസ്ത്രം ധരിക്കുന്നത് അവളുടെ സ്ത്രീത്വത്തെ അടയാളപ്പെടുത്തുന്നതായി കാണിക്കപ്പെടുന്നു. പാവാടയുടെ നീളം ലൈംഗികാതിക്രമത്തെ ന്യായീകരിക്കുന്നതിന് കാരണമാകുമെന്ന്സ്ഥാപിക്കപ്പെടുന്നു. വസ്ത്രം പുറംലോകവുമായി സംവദിക്കുന്നതിനുള്ള അവളുടെ സ്വഭാവവിശേഷങ്ങളുടെ പ്രധാന സൂചനയായി മാറുന്നു. സ്ത്രീകളുടെ സ്വയംഭരണാവകാശം സദാ ലംഘിക്കുന്ന, ധാർമികതയുടെയും മാന്യതയുടെയും തെറ്റായ ബൈനറികൾ ആവർത്തിക്കുന്ന ഒരു നിയന്ത്രിത ഭാഷയിൽ വസ്ത്രങ്ങൾക്ക് സംസാരിക്കാൻ കഴിയുമെന്ന് നമ്മുടെ ദിനേനയുള്ള അനുഭവങ്ങൾ കാണിക്കുന്നു.

സ്ത്രീകളെ ശരീരത്തിന്റെയും രൂപത്തിന്റെയും പേരിൽ നിരന്തരം ഇകഴ്ത്തുന്ന, യാഥാർഥ്യബോധമില്ലാത്ത സൗന്ദര്യമാനദണ്ഡങ്ങൾ ശാശ്വതമാക്കുന്നതിലൂടെ ലാഭമുണ്ടാക്കുന്ന "കുപ്രസിദ്ധമായ' ഫാഷൻ വ്യവസായവുമായി സജീവമായി ഇടപെടുന്ന വ്യക്തിയെന്ന നിലയിൽ, നിർലജ്ജം ഒരു ഫെമിനിസ്റ്റാണെന്ന് അവകാശപ്പെടാൻ ബുദ്ധിമുട്ടാണ്. ശരീരവൈവിധ്യങ്ങളുടെയും എത്‌നിസിറ്റികളുടെയും കാര്യത്തിൽ ഫാഷൻ വ്യവസായം കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, ഉപഭോക്തൃ അടിത്തറയുടെ രാഷ്ട്രീയത്തിനിണങ്ങുന്ന വിധത്തിൽ ഉത്പന്നങ്ങൾക്കുപകരം മാർക്കറ്റിങ് തന്ത്രം മാറ്റുന്ന കോർപറേറ്റ് രീതികൾ പരിശോധിച്ചാൽ അവരുടെ ഉദ്ദേശ്യശുദ്ധിയിൽ സംശയം തോന്നാം.

ആയുഷ്മാൻ ഖുറാനയെയും രൺവീർ സിങ്ങിനെയും അവരുടെ ജെൻഡർ-ഫ്‌ളൂയിഡ് ഫാഷൻ ആവിഷ്‌കാരങ്ങളുടെ പേരിൽ അഭിനന്ദിക്കപ്പെടുമ്പോൾ, ശ്രേണിയുടെ അടിത്തട്ടിലുള്ള പലരും സമാനമായ അഭിരുചി പ്രകടിപ്പിച്ചതിന് അടിച്ചമർത്തപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.

ഒരു വശത്ത്, നിങ്ങളുടെ സവിശേഷതകളെ സാധൂകരിക്കാൻ ശ്രമിക്കുന്ന വിപുലമായ മാർക്കറ്റിങ് സ്‌കീമുകളിൽ നിന്ന്, അമിതവിലയുള്ള വസ്ത്രങ്ങൾ വാങ്ങുന്നതുവഴി ഒരു മോശം ഫെമിനിസ്റ്റാകുന്നതായി അനുഭവപ്പെടുന്നു. മറുവശത്ത്, ഏറ്റവും നവീനമായ ഒരു ഡ്രസ് മാനറിൽ ഉൾപ്പെടാൻ ആഗ്രഹിക്കുകയും ചെയ്യുന്നു, ഇത്തരമൊരു ആശയക്കുഴപ്പമുണ്ടാകാൻ എളുപ്പമാണ്. നമ്മുടെ ധാർമിക പ്രതിബദ്ധതകൾ, പ്രത്യേക സന്ദർഭങ്ങൾക്കുവേണ്ടി നാം അണിയുന്ന വസ്ത്രത്തിന്റെ കാര്യത്തിലേതുപോലെ കുഴപ്പത്തിലാകുന്നു. കൂടാതെ, ഫാഷൻ വ്യവസായം രാഷ്ട്രീയവും പ്രതി സാംസ്‌കാരികവുമായ പ്രസ്ഥാനങ്ങൾ സൃഷ്ടിക്കുകയോ സഹകരിച്ച് പ്രവർത്തിക്കുകയോ ചെയ്തിട്ടുണ്ടെങ്കിലും അത് പലപ്പോഴും ചില കമ്മ്യൂണിറ്റികളുടെ ഫെറ്റിഷൈസേഷനിലോ അല്ലേങ്കിൽ കേവലം പ്രകടനപരമായ ആക്റ്റിവസത്തിലോ കലാശിക്കുകയും അത് അതിന്റെ ആകർഷണം വർധിപ്പിക്കുയും നല്ല ലാഭമുണ്ടാക്കുകയും ചെയ്യുന്നു.

''ലിംഗഭേദം സ്‌പെക്ട്രത്തിനുള്ളിൽ നിലനിൽക്കുന്ന ഭാവവൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതിനായി വസ്ത്രസങ്കൽപങ്ങളിൽ നമ്മൾ കൊണ്ടുവരുന്ന വ്യത്യാസങ്ങൾ വൈവിധ്യങ്ങളുടെ ആഘോഷത്തിന്റെ പ്രതീകമാണ്. എന്നാൽ ഈ വസ്ത്രങ്ങൾ പ്രകടിപ്പിക്കാനുള്ള കഴിവ് ചിലർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു.'' / Photo: White Hot: The Rise & Fall of Abercrombie & Fitch, Netflix
''ലിംഗഭേദം സ്‌പെക്ട്രത്തിനുള്ളിൽ നിലനിൽക്കുന്ന ഭാവവൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതിനായി വസ്ത്രസങ്കൽപങ്ങളിൽ നമ്മൾ കൊണ്ടുവരുന്ന വ്യത്യാസങ്ങൾ വൈവിധ്യങ്ങളുടെ ആഘോഷത്തിന്റെ പ്രതീകമാണ്. എന്നാൽ ഈ വസ്ത്രങ്ങൾ പ്രകടിപ്പിക്കാനുള്ള കഴിവ് ചിലർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു.'' / Photo: White Hot: The Rise & Fall of Abercrombie & Fitch, Netflix

ഫാഷൻ വ്യവസായം നൽകുന്ന വൈവിധ്യങ്ങൾ ആഘോഷിക്കാനുള്ള അവസരം ചുരുക്കം ചിലരിലേക്ക് ഒതുക്കപ്പെടുന്നു. ജെൻ Z, അവരുടെ ഫാഷനിൽ കൂടുതൽ പരീക്ഷണം നടത്തുന്നവരും ഫാഷന്റെ ലിംഗ ശ്രേണിയെ വെല്ലുവിളിക്കാൻ താത്പര്യമുള്ളവരുമാണ്. ആൻഡ്രോജിനസ് വസ്ത്രങ്ങളും പുരുഷ-സ്ത്രീ ഭാവങ്ങളുടെ സൃഷ്ടിപരമായ സംയോജനവും സാധാരണമായിരിക്കുന്നു. ലിംഗഭേദ സ്‌പെക്ട്രത്തിനുള്ളിൽ നിലനിൽക്കുന്ന ഭാവവൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതിനായി വസ്ത്രസങ്കൽപങ്ങളിൽ നമ്മൾ കൊണ്ടുവരുന്ന വ്യത്യാസങ്ങൾ വൈവിധ്യങ്ങളുടെ ആഘോഷത്തിന്റെ പ്രതീകമാണ്. എന്നാൽ ഈ വസ്ത്രങ്ങൾ പ്രകടിപ്പിക്കാനുള്ള കഴിവ് ചിലർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു. ആയുഷ്മാൻ ഖുറാനയെയും രൺവീർ സിങ്ങിനെയും അവരുടെ ജെൻഡർ-ഫ്ളൂയിഡ് ഫാഷൻ ആവിഷ്‌കാരങ്ങളുടെ പേരിൽ അഭിനന്ദിക്കുമ്പോൾ, ശ്രേണിയുടെ അടിത്തട്ടിലുള്ള പലരും സമാനമായ അഭിരുചി പ്രകടിപ്പിച്ചതിന് അടിച്ചമർത്തപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.

ഫെമിനിസ്റ്റ് ആവുകയെന്നു പറഞ്ഞാൽ ഒരു പ്രത്യേക രീതിയിൽ ആയിരിക്കണമെന്നതാണ്. ഇത് തെറ്റായതും പ്രശ്നമുള്ളതുമായ അനുമാനമാണെങ്കിലും ഇത് വളരെയധികം പ്രചാരത്തിലുണ്ട്. ചില വസ്ത്രങ്ങൾ അടിച്ചമർത്തലും മറ്റുള്ളവ വിമോചനവുമായി കണക്കാക്കുന്നു.

ജെൻ Z ഫാഷൻ തെരഞ്ഞെടുപ്പുകളുടെ മറ്റൊരു പ്രധാന വശം വസ്ത്രത്തിന്റെ സ്‌റ്റൈൽ അവർക്ക് യോജിച്ചതാണോ എന്നതാണ്. ഞങ്ങൾ ഒന്നിലധികം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കിടയിൽ കളിക്കുന്നു, ഡിജിറ്റൽ ഇടങ്ങളിൽ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്ന ഞങ്ങളുടെ ഭാഗങ്ങൾ തെരഞ്ഞെടുക്കുന്നു. ഉപയോക്താക്കാൾ അവരുടെ പ്രൊഫൈൽ ശ്രദ്ധാപൂർവം ക്യൂറേറ്റ് ചെയ്ത് കാഴ്ചക്കാർക്കായുള്ള ഒരു ഇമേജ് അല്ലെങ്കിൽ ബ്രാൻഡ് സൃഷ്ടിക്കുന്നു, അങ്ങനെ ലഭിക്കുന്ന സോഷ്യൽ സ്റ്റാറ്റസ് പലപ്പോഴും ഈ ബ്രാൻഡിങ്ങുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ പ്രൊഫൈലിനുമുള്ള ബയോ പലപ്പോഴും സദ്ഗുണ സൂചനകൾക്കും പുരോഗമന രാഷ്ട്രീയത്തിനുമുള്ള ഇടവുമാണ്. ലുക്കിങ് ദി പാർട്ട് (Looking the part) എന്നത് അതുകൊണ്ടുതന്നെ നിർണായകമാകുന്നു. ഉദാഹരണത്തിന്, ഫെമിനിസ്റ്റ് ആവുകയെന്നു പറഞ്ഞാൽ ഒരു പ്രത്യേക രീതിയിൽ ആയിരിക്കണമെന്നതാണ്. ഇത് തെറ്റായതും പ്രശ്നമുള്ളതുമായ അനുമാനമാണെങ്കിലും ഇത് വളരെയധികം പ്രചാരത്തിലുണ്ട്. ചില വസ്ത്രങ്ങൾ അടിച്ചമർത്തലും മറ്റുള്ളവ വിമോചനവുമായി കണക്കാക്കുന്നു.

നൈകിയുടെ പ്രൈഡ് മന്ത് പരസ്യത്തിൽ നിന്നും (2018). 'ഫാഷൻ വ്യവസായം രാഷ്ട്രീയവും പ്രതി സാംസ്‌കാരികവുമായ പ്രസ്ഥാനങ്ങൾ സൃഷ്ടിക്കുകയോ സഹകരിച്ച് പ്രവർത്തിക്കുകയോ ചെയ്തിട്ടുണ്ടെങ്കിലും അത് പലപ്പോഴും ചില കമ്മ്യൂണിറ്റികളുടെ ഫെറ്റിഷൈസേഷനിലോ അല്ലേങ്കിൽ കേവലം പ്രകടനപരമായ ആക്റ്റിവസത്തിലോ കലാശിക്കുകയും അത് നല്ല ലാഭമുണ്ടാക്കുകയും ചെയ്യുന്നു.'
നൈകിയുടെ പ്രൈഡ് മന്ത് പരസ്യത്തിൽ നിന്നും (2018). 'ഫാഷൻ വ്യവസായം രാഷ്ട്രീയവും പ്രതി സാംസ്‌കാരികവുമായ പ്രസ്ഥാനങ്ങൾ സൃഷ്ടിക്കുകയോ സഹകരിച്ച് പ്രവർത്തിക്കുകയോ ചെയ്തിട്ടുണ്ടെങ്കിലും അത് പലപ്പോഴും ചില കമ്മ്യൂണിറ്റികളുടെ ഫെറ്റിഷൈസേഷനിലോ അല്ലേങ്കിൽ കേവലം പ്രകടനപരമായ ആക്റ്റിവസത്തിലോ കലാശിക്കുകയും അത് നല്ല ലാഭമുണ്ടാക്കുകയും ചെയ്യുന്നു.'

വസ്ത്രം തെരഞ്ഞെടുക്കാനുള്ള അവകാശത്തെക്കുറിച്ച് സംസാരിക്കുന്നതുപോലെ തന്നെയാണ് നമ്മൾ ശിരോവസ്ത്രം ധരിക്കുന്ന സ്ത്രീകളെ ഇഷ്ടമില്ലാതെ അനുമോദിക്കുന്നതും. ഇത്തരം സംഭാഷണങ്ങൾ വ്യക്തിഗതമായ തെരഞ്ഞെടുപ്പുകൾ എന്ന നിർണായകമായ ഘടകം മറക്കുന്നു. ഒരു ഫെമിനിസ്റ്റാവുക എന്നാൽ നിശ്ചിത പെരുമാറ്റച്ചട്ടം പാലിക്കുക എന്നതല്ല, മറിച്ച് അനീതിയുടെ ലോകത്ത് ജീവിക്കുന്നതിനെക്കുറിച്ച് ധാർമികമായ ചോദ്യങ്ങൾ ചോദിക്കുക എന്നതാണ്. എല്ലാത്തിനുമുപരി ഫെമിനിസം വ്യക്തിപരമായ പ്രത്യക്ഷതയെക്കുറിച്ചല്ല, അത് വ്യക്തിഗത അവകാശങ്ങളെയും ലിംഗസമത്വത്തെയും കുറിച്ചാണ്.

പ്രാദേശിക വിപണികളിൽ നിന്നോ ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ നിന്നോ വാങ്ങുന്ന, ഉപയോഗിച്ചതും റീസൈക്കിൾ ചെയ്തതുമായ വസ്ത്രങ്ങൾ അമിത വിലയ്ക്ക് വിൽക്കുന്ന സ്ത്രീകളോ യുവതികളോ ആണ് പരിസ്ഥിതി, സാമൂഹിക ബോധമുള്ള ലോക്കൽ ത്രിഫ്റ്റ് സ്റ്റോറുകൾ പോലും പ്രധാനമായും നടത്തുന്നത്.

ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ കുറച്ചുമാത്രം ജനാധിപത്യവത്കരിക്കപ്പെട്ട സോഷ്യൽ മീഡിയയായ ഇൻസ്റ്റഗ്രാം, രുചികരവും ഗംഭീരവുമെന്ന് തോന്നിക്കുന്ന ഒരു അഭിലാഷ സൗന്ദര്യാത്മകത സൃഷ്ടിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. സൗന്ദര്യമുള്ള ഉള്ളടക്കം പങ്കിടുന്നതിനുള്ള ഒരു പ്ലാറ്റഫോമായി ഇൻസ്റ്റഗ്രാം കണക്കാക്കപ്പെടുന്നു. ആളുകൾ സാധാരണയായി അവരുടെ ദൈനംദിന ജീവിതത്തിൽ നിന്നുള്ള മനോഹരവും കലാപരവുമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നു. ഒരു ഇറ്റാലിയൻ കഫേയിൽ നിന്നുള്ളതോ ഒരു പിക്നിക്കിൽ നിന്നുള്ള വേനൽക്കാല ബൊഹീമിയൻ വസ്ത്രത്തിലുള്ളതോ ആയ മനോഹരമായ ചിത്രങ്ങൾ ആ പോസ്റ്റിന് ലഭിക്കുന്ന സ്വാധീനവും ദൃശ്യപരതയും വർധിപ്പിക്കുന്നു. അത്തരം ഉള്ളടക്കങ്ങളുടെ നിർമാണത്തിന് സാമൂഹികവും സാമ്പത്തികവുമായ മൂലധനം ആവശ്യമായതിനാൽ, ഇത്തരം ഇടങ്ങളിൽ സവർണ സൗന്ദര്യശാസ്ത്രം ആധിപത്യം സ്ഥാപിക്കുന്നു. പ്രാദേശിക വിപണികളിൽ നിന്നോ ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ നിന്നോ വാങ്ങുന്ന, ഉപയോഗിച്ചതും റീസൈക്കിൾ ചെയ്തതുമായ വസ്ത്രങ്ങൾ അമിത വിലയ്ക്ക് വിൽക്കുന്ന സ്ത്രീകളോ യുവതികളോ ആണ് പരിസ്ഥിതി, സാമൂഹിക ബോധമുള്ള ലോക്കൽ ത്രിഫ്റ്റ് സ്റ്റോറുകൾ പോലും പ്രധാനമായും നടത്തുന്നത്. അത്തരം ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ റീസൈക്കിൾ ചെയ്ത വസ്ത്രങ്ങളിൽ നിന്ന് പ്രയോജനം ലഭിക്കുന്ന ആളുകളിലേക്കെത്താതെ നഗരത്തിലെ ഉന്നതരുടെ ഇടയിൽ മാത്രമാണ് പ്രേക്ഷകരെ കണ്ടെത്തുന്നത്.

'ഫെമിനിസ്റ്റാവുക എന്നാൽ നിശ്ചിത പെരുമാറ്റച്ചട്ടം പാലിക്കുക എന്നതല്ല, മറിച്ച് അനീതിയുടെ ലോകത്ത് ജീവിക്കുന്നതിനെക്കുറിച്ച് ധാർമികമായ ചോദ്യങ്ങൾ ചോദിക്കുക എന്നതാണ്.' / Photo: huemn, Ig
'ഫെമിനിസ്റ്റാവുക എന്നാൽ നിശ്ചിത പെരുമാറ്റച്ചട്ടം പാലിക്കുക എന്നതല്ല, മറിച്ച് അനീതിയുടെ ലോകത്ത് ജീവിക്കുന്നതിനെക്കുറിച്ച് ധാർമികമായ ചോദ്യങ്ങൾ ചോദിക്കുക എന്നതാണ്.' / Photo: huemn, Ig

സോഷ്യൽ മീഡിയ Gen Z ന്റെ ഫാഷൻ സെൻസിബിലിറ്റികളെ മാറ്റിമറിച്ച രീതി അതിന്റെ നെഗറ്റീവുകളിൽ മാത്രം ഒതുങ്ങുന്നില്ല. സോഷ്യൽ മീഡിയ ഹാഷ് ടാഗുകളും ആക്റ്റിവിസവും സാമൂഹികബോധമുള്ള ഒരു ഉപഭോക്തൃ അടിത്തറ സാധ്യമാക്കിയിട്ടുണ്ട്. 2013-ലെ #whomademyclothes ക്യാമ്പെയിൻ ഫാഷൻ വിതരണ ശൃംഖലയിൽ സ്വാധീനമുണ്ടാക്കിയതാണ്. ഇത് തൊഴിലാളികൾ ജോലിചെയ്യുന്ന സാഹചര്യങ്ങൾക്ക് കമ്പനികളെ ഉത്തരവാദിയാക്കുകയും ചൂഷണ സമ്പ്രദായങ്ങളെ അംഗീകരിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നു. സാമൂഹിക മാറ്റങ്ങളെ ഉത്തേജിപ്പിക്കുന്നതിന് ഡിജിറ്റൽ ഇടങ്ങൾക്കുള്ള ശക്തിയെ ഇത് കാണിക്കുന്നു.

ഫാഷൻ തെരഞ്ഞെടുപ്പുകൾ നടത്തുമ്പോൾ നമ്മെ ആശങ്കപ്പെടുത്തുന്ന ഘടകങ്ങളെക്കുറിച്ചുള്ള ചെറിയ സൂചനകൾ നൽകുന്നതിലൂടെ, ഒരാൾ എന്ത് ധരിക്കുന്നു, എങ്ങനെ ധരിക്കുന്നു, എപ്പോൾ ധരിക്കുന്നു എന്നതൊക്കെ സാമൂഹിക സ്വാതന്ത്ര്യങ്ങളുടെയും സ്വാധീനങ്ങളുടെയും വിവിധ തലങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്ന നിഗമനത്തിലേക്കാണ് എത്തുന്നത്. നമ്മുടെ ഫാഷൻ തെരഞ്ഞെടുപ്പുകൾ ആചാരം മുതൽ കലാപം വരെയുള്ള രാഷ്ട്രീയ പ്രകടനങ്ങളുടെ സൂചകമാകുന്നു. നമ്മുടെ ഇടങ്ങളെയും നമ്മുടെ ഐഡന്റിറ്റിയെയും മാസ്റ്റർ ചെയ്യാനുള്ള ടൂൾ നമ്മൾ വീണ്ടെടുക്കുമ്പോൾ, കലാപത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും അധികാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഭാഷ സംസാരിക്കുന്ന വസ്ത്രങ്ങൾ ഉണ്ടാക്കാം. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ശിവകാമി പ്രസന്ന

അശോക യൂണിവേഴ്​സിറ്റിയിൽ യംഗ്​ ഇന്ത്യ ഫെല്ലോ. സാമൂഹിക- സാംസ്​കാരിക- സാമ്പത്തിക അസമത്വങ്ങളുമായി ബന്ധപ്പെട്ട ജൻഡർ വിനിമയങ്ങളെക്കുറിച്ച്​ പഠിക്കുന്നു.

Comments