വജ്ര സയറ

മലയാളിയുടെ ഫാഷനബ്​ളായ
​ചില സ്വാതന്ത്ര്യപ്രഖ്യാപനങ്ങൾ

ഇന്നത്തെ യുവാക്കളുടെ ഫാഷൻ ഐക്കണുകൾ പാശ്ചാത്യരാജ്യങ്ങളിൽ നിന്ന് കയറ്റുമതി ചെയ്യപ്പെട്ടവയാണ്. അവ കേരളത്തിലേക്ക് കൊണ്ടുവരുന്ന ലൈംഗികത, ധാർമികത, സംസ്‌കാരം എന്നിവയുടെ പ്രത്യയശാസ്ത്രങ്ങളും ഇവിടെ ഇതിനകം സ്ഥാപിതമായ സങ്കൽപ്പങ്ങളും തമ്മിൽ തീർച്ചയായും സംഘർഷമുണ്ട്.

തെരുവിലൂടെ നടന്നുപോകുമ്പോൾ നമ്മളറിയാതെ തന്നെ തുറിച്ചുനോട്ടങ്ങൾ നമ്മളെ പിന്തുടരുന്നുണ്ടെന്ന തോന്നലാണ് കേരളത്തിൽ വളർന്നതുമായി ബന്ധപ്പെട്ട പ്രധാന ഓർമ. ഈയൊരു ഓർമ ഒരുപക്ഷേ, കുറേയധികം സ്ത്രീകൾ പങ്കുവെക്കുന്ന ഒന്നായിരിക്കും. ഞാൻ ധരിച്ചിരുന്ന വസ്ത്രങ്ങൾക്ക് ഇതിൽ പങ്കുണ്ടെന്ന് പലപ്പോഴും സ്വയം സംശയിച്ചിരുന്നു. എനിക്ക് അങ്ങനെ തോന്നാതിരുന്ന സന്ദർഭങ്ങളിൽ, മറ്റുള്ളവർ എന്നോട് അങ്ങനെ പറഞ്ഞിരുന്നു. മറ്റ് സ്ഥലങ്ങളിലെ ജീവിതാനുഭവങ്ങൾ കേരളത്തിലേതുമായി താരതമ്യം ചെയ്യുമ്പോൾ, ആ പട്ടികയിൽ ഏറ്റവും പ്രധാനമായി ഇടംപിടിക്കുന്ന ഒരു ഘടകമാണ് ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം. കഴിഞ്ഞ വർഷങ്ങളിലായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിലെ ഫാഷൻ രംഗം എന്റെ ശ്രദ്ധയിൽപ്പെടുകയും, അതെന്റെ മനസ്സിൽ കുറേയധികം ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തിട്ടുണ്ട്​.

ചരിത്രപരമായി, കേരളത്തിന്റെ പ്രത്യേക ഭൗമസവിശേഷതകൾ ഇവിടെയുള്ളവരെ ലളിതമായ വസ്ത്രങ്ങൾ ധരിക്കാൻ അനുവദിച്ചു; പരമ്പരാഗതമായി മുണ്ടും നേരിയതും, സാരി, സൽവാർ ഷാൾ സെറ്റുകൾ, പാവാട എന്നിങ്ങനെയായിരുന്നു രീതി. എന്നാൽ കാലത്തിനനുസരിച്ച്, ഈ വസ്ത്രങ്ങൾക്കുപകരം കാഷ്വലായ പാശ്ചാത്യവസ്ത്രങ്ങളായ ജീൻസ്, ഷോർട്ട് സ്‌കർട്ട്സ്, ട്രൗസേഴ്സ്, ടീഷർട്ടുകൾ എന്നിവ കടന്നുവന്നു. കൂടുതൽ ഫാഷനബ്ൾ ആയ വസ്ത്രധാരണത്തിലേക്ക് അതിവേഗം മാറുന്നതിനാണ്​ കഴിഞ്ഞ ദശാബ്ദം സാക്ഷ്യം വഹിച്ചത്; ഇത് പലയിടങ്ങളിലും പ്രകടമായിരുന്നു.

പൂർണ്ണിമ ഇന്ദ്രജിത്ത്

കേരളം കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന നിരവധി ഡിസൈനർ ബ്രാൻഡുകൾ സംസ്ഥാനത്ത് തുടങ്ങി. ശ്രീജിത് ജീവൻ, ശാലിനി ജെയിംസ്, ജെബിൻ ജോണി, അലക്സാണ്ടർ അലീക്കൽ എന്നിവർ കൂടാതെ, പൂർണിമ ഇന്ദ്രജിത്, കാവ്യാ മാധവൻ എന്നീ സെലിബ്രിറ്റി ലേബലുകളിലും സരിത ജയസൂര്യ, ഹരി ആനന്ദ്, ലേബൽ എം. തുടങ്ങി ഇവിടെതന്നെ വളർന്നുവന്ന ലേബലുകളിലും വരെ ഇത്​ എത്തിനിൽക്കുന്നു. സ്ത്രീസംരംഭകരുടെ എണ്ണത്തിലുള്ള ഈ വർധന, ഇത്, ഏറെ ആദായകരമായ ഒരു ബിസിനസാണെന്ന്​ വ്യക്തമാക്കുന്നു. കേരളത്തിന്റെ ഫാഷൻ ഹബ് എന്നറിയപ്പെടുന്ന കൊച്ചിയിൽ വർഷങ്ങളിലായി ഏറെ ശ്രദ്ധ നേടിയ ഫാഷൻ ഷോകളും ഫാഷൻ വീക്ക് ഇവന്റുകളും സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. കുറഞ്ഞപക്ഷം, ഫാഷനബ്ൾ ആയതും അല്ലാത്തതും എന്താണ്​ എന്നതിനെക്കുറിച്ച് ഒരു ബോധമെങ്കിലും വളർന്നുവന്നിട്ടുണ്ട്.

പരമ്പരാഗതരീതികൾ ആവശ്യപ്പെടുന്ന പ്രത്യേക സന്ദർഭങ്ങളിലോ അനുഷ്ഠാനങ്ങൾ പാലിക്കപ്പെടുന്ന സ്ഥലങ്ങളിലോ മാത്രമേ, പരമ്പരാഗത കേരളീയ വസ്ത്രം ഇപ്പോൾ ഉപയോഗിക്കപ്പെടുന്നുള്ളൂ. കൂടുതലും ലിബറലായ വേഷങ്ങൾ എവിടെയുമുള്ള മലയാളികൾ ഏറ്റെടുത്തുകഴിഞ്ഞു.

വിലയേറിയ ഫാഷൻ രീതികൾ മുന്നോട്ടുവെക്കുന്ന ഹൈ- ഫാഷൻ ഏജന്റുകളിൽ നിന്ന് പുതിയ കാലത്തെ മാളുകളിലേക്കും ഫാഷൻ സ്റ്റോറുകളിലേക്കും ബുട്ടീക്കുകളിലേക്കുമാണ് ഫാഷൻ ഉത്പന്നങ്ങൾ അരിച്ചിറങ്ങുന്നത്. അതുപോലെതന്നെയാണ് ഫാഷൻ സ്‌കൂളുകളുടെയും ഫാഷൻ റീടെയ്ൽ ഇടങ്ങളുടെയും കടന്നുവരവ്. വിവാഹത്തിന്​ സ്​ത്രീകൾ താങ്ങാനാവാത്തത്രയും കിലോ സ്വർണം അണിയുന്ന രീതിയിൽ മാറ്റമുണ്ടായി. ആഭരണങ്ങൾ ഇപ്പോൾ കൂടുതലും ഏറ്റവും ലളിതമായ രീതിയിലുള്ളവയാണ്. ചോക്കർ, തമ്മിൽ ചേർച്ചയില്ലാത്ത കമ്മലുകൾ, ചെറിയ നെക്​ലേസുകൾ, നേർത്ത ബ്രേസ്ലറ്റുകൾ, കെട്ടുപിണഞ്ഞുകിടക്കുന്ന ചെയ്നുകൾ, സുതാര്യമായ ആഭരണങ്ങൾ തുടങ്ങിയവ ഇവയിൽ ചിലത് മാത്രമാണ്.

ഏറ്റവും പുതിയ ട്രെൻഡുകളെക്കുറിച്ച് പരസ്പരം അറിയിക്കുകയെന്ന സംസ്‌കാരം മുതിർന്നവരിലും ചെറുപ്പക്കാരിലും ഒരുപോലെയുണ്ട്. ചെറുപ്പക്കാരികൾ ഇടാറുള്ള വസ്ത്രങ്ങൾ എന്തൊക്കെയാണെന്ന് എന്റെ അമ്മൂമ്മ പലപ്പോഴും എനിക്ക്​ പറഞ്ഞുതരാറുണ്ട്​, അത് പിന്തുടരണമെന്ന് പറയാറുമുണ്ട്. ജർമൻ സോഷ്യോളജിസ്റ്റും തത്വചിന്തകനുമായ ജോർജ് സിമ്മലിന്റെ കാഴ്ചപ്പാടിലേക്കാണ് എന്നെ ഇത് ചെന്നെത്തിക്കുന്നത്. അനുകരിക്കാനും സാമൂഹികമായി തുല്യത കൈവരിക്കാനുമുള്ള ഒരു പ്രവണതയാണ് ഫാഷൻ എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. അതേസമയം, ഫാഷൻ എന്നത് എല്ലാ കാലത്തും മാറിക്കൊണ്ടിരിക്കുന്ന ഒന്നാണെന്നും അതിനാൽതന്നെ അതിന് ഒരു കാലഘട്ടത്തെ തന്നെ വേർതിരിച്ചുനിർത്താൻ കഴിയുമെന്നും, ഒരു സാമൂഹികവിഭാഗത്തെ മറ്റൊന്നിൽ നിന്ന് വേർതിരിച്ച് നിർത്താൻ സാധിക്കുന്ന ഒന്നാണെന്നും അദ്ദേഹം തിരിച്ചറിയുന്നുണ്ട്. ഈ കാഴ്ചപ്പാടനുസരിച്ച് ഫാഷൻ എന്നത് ഒരു സാമൂഹികവർഗവുമായി നിങ്ങളെ ചേർത്തുനിർത്താനും അതുപോലെ തന്നെ അകറ്റാനും സാധിക്കുന്ന ഒന്നാണ്.

വജ്ര സയറ

ഒരാൾ, തങ്ങളുടെ വ്യക്തിത്വത്തെ ഏറ്റവും നന്നായി പ്രതിനിധീകരിക്കുന്ന, ആത്മവിശ്വാസം നൽകുന്ന രീതിയിലുള്ള ഭാവപ്രകടനങ്ങൾ മാത്രമേ പ്രകടിപ്പിക്കുകയുള്ളൂ. സ്വന്തം വേഷം സംബന്ധിച്ച് നിങ്ങൾ വലിയ ആലോചനയില്ലാതെ, ലളിതമായി എടുക്കുന്ന തീരുമാനങ്ങൾ പോലും ഈ നിയമങ്ങൾക്കനുസരിച്ചുള്ളതായിരിക്കും. അതിനാൽ, നിങ്ങളുടെ സ്‌റ്റൈൽ അല്ലെങ്കിൽ രീതി എന്ന് നിങ്ങൾ കരുതുന്ന കാര്യങ്ങൾ പോലും സമൂഹത്തിലെ സ്വകാര്യതക്ക്​ അനുസരിച്ചുള്ളതായിരിക്കും. അതുകൊണ്ട്, ഫാഷൻ സംബന്ധിച്ച തെരഞ്ഞെടുപ്പുകളും ട്രെൻഡുകളും സമൂഹത്തിനുനേരെ പിടിച്ച കണ്ണാടിയാണ്. കേരളീയ സമൂഹത്തിനുനേരെ അങ്ങനെയൊരു കണ്ണാടി പിടിച്ച്​ കഴിഞ്ഞ ദശാബ്ദത്തെയും അതിന്റെ മാറുന്ന ഫാഷൻ കാഴ്ചപ്പാടുകളെയും വിശകലനം ചെയ്യാൻ ഒരാൾ നിർബന്ധിക്കപ്പെടുകയാണെങ്കിൽ, എന്താണ് അത് നമുക്ക്​മനസ്സിലാക്കിത്തരിക?

ഫാഷനുകളിലെ മാറ്റം ഒരു വലിയ മാറ്റത്തെയാണ് പ്രതിനിധീകരിക്കുന്നതെങ്കിൽ, അത് എവിടെ നിന്നാണ് വരുന്നത്? ആ മാറ്റങ്ങൾ എന്താണ് സൂചിപ്പിക്കുന്നത്? ഫാഷനെ നമുക്ക് എങ്ങനെയാണ് കാണാൻ കഴിയുക?

പരമ്പരാഗതരീതികൾ ആവശ്യപ്പെടുന്ന പ്രത്യേക സന്ദർഭങ്ങളിലോ അനുഷ്ഠാനങ്ങൾ പാലിക്കപ്പെടുന്ന സ്ഥലങ്ങളിലോ മാത്രമേ, പരമ്പരാഗത കേരളീയ വസ്ത്രം ഇപ്പോൾ ഉപയോഗിക്കപ്പെടുന്നുള്ളൂ. കൂടുതലും ലിബറലായ വേഷങ്ങൾ എവിടെയുമുള്ള മലയാളികൾ ഏറ്റെടുത്തുകഴിഞ്ഞു. ആഗോളവിപണിയിൽ ജനപ്രിയമായതും അംഗീകരിക്കപ്പെട്ടതുമായ പല കാര്യങ്ങളും മലയാളി യുവാക്കൾക്കിടയിൽ പ്രതിധ്വനിക്കുന്നതുപോലെ, കാലത്തിനനുസരിച്ച മാറ്റം ഫാഷനിലും കാണാം.

കുറച്ച് ചോദ്യങ്ങൾ ഇവിടെ പ്രസക്തമാണ്. ഫാഷനുകളിലെ മാറ്റം ഒരു വലിയ മാറ്റത്തെയാണ് പ്രതിനിധീകരിക്കുന്നതെങ്കിൽ, അത് എവിടെനിന്നാണ് വരുന്നത്? ആ മാറ്റങ്ങൾ എന്താണ് സൂചിപ്പിക്കുന്നത്? ഫാഷനെ നമുക്ക് എങ്ങനെയാണ് കാണാൻ കഴിയുക?

ഫാഷൻ ധാരണകളിലെ വിരോധാഭാസങ്ങൾ

കൊച്ചിയിലെ സർവകലാശാല വിദ്യാർഥികളായ 80 പേരിൽ നടത്തിയ സർവേ പ്രകാരം മൂന്ന് വ്യത്യസ്ത കാര്യങ്ങൾക്കായാണ് അവർ ഫാഷൻ പിന്തുടരുന്നത്: വ്യക്തിപരമായ കാര്യമെന്ന രീതിയിൽ. അപരിഷ്‌കൃതരെന്ന് കരുതപ്പെടുന്നതിലെ പേടി മൂലം. വ്യത്യസ്തരാണെന്ന് കാണിക്കാനും ആൾക്കൂട്ടത്തിൽ വേറിട്ട് നിൽക്കാനും. നിങ്ങളൊരു വസ്ത്രം ധരിക്കുക എന്നത് വളരെ ആശയക്കുഴപ്പത്തിൽ നിൽക്കുന്ന ഒന്നാണ്, നിങ്ങൾ അത് നിങ്ങൾക്ക് വേണ്ടിയാണോ അതോ മറ്റുള്ളവർക്ക് വേണ്ടിയാണോ ചെയ്യുന്നത്?

ഫാഷൻ സ്വയം പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമാണെന്ന് യുവാക്കൾ ഉറപ്പിച്ചുപറയുന്നു. അത് സൗന്ദര്യത്തിനും ഭാവനാത്മകതയ്ക്കും വേണ്ടിയുള്ള തീവ്രാഭിലാഷമാണ് / Photo : IFFK, fb page

മാധ്യമപ്രവർത്തകരും സെലിബ്രിറ്റികളും പിന്തുടരുന്ന സംസ്‌കാരമാണ് തങ്ങളുടെ ഫാഷൻ രീതികളിലെ മാറ്റങ്ങളെ നയിക്കുന്നത് എന്നാണ് യുവാക്കളായ മലയാളികൾ പറയുന്നത്. ഇൻസ്റ്റഗ്രാം, ട്വിറ്റർ പോലുള്ള സാമൂഹിക മാധ്യമങ്ങളിൽ ഫാഷനുമായി ബന്ധപ്പെട്ട്​ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന പ്രവണതകളുടെ ഒരു പ്രവാഹം തന്നെയാണ് അവർക്ക് കാണാൻ കഴിയുന്നത്. അവർക്കുചുറ്റും കാണുന്ന ഫാഷനെ അനുകരിച്ചാണ് സുഹൃത്തുക്കൾക്കിടയിലും അവർ പോകുന്ന ഇടങ്ങളിലും അവർ സ്​പെയ്​സ്​ കണ്ടെത്തുന്നത്. സിമ്മൽ മുന്നോട്ടുവെക്കുന്ന, സാമൂഹികമായ തുല്യത കൈവരിക്കൽ എന്നതിന്റെ കൂടെ, ഓരോരുത്തരും തന്നെക്കുറിച്ചുള്ള ധാരണകളെ ഊതിവീർപ്പിക്കുക കൂടിയാണ് ചെയ്യുന്നത്. നിങ്ങൾക്ക് ആകൃഷ്ടരായി തോന്നുന്ന വ്യക്തികളെ അനുകരിക്കുന്നതുവഴി, നിങ്ങൾ നിങ്ങൾക്കുതന്നെ ആകൃഷ്ടരായി തോന്നുന്നു.

അതേസമയം, ഫാഷൻ സ്വയം പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമാണെന്ന് യുവാക്കൾ ഉറപ്പിച്ചുപറയുന്നു. അത് സൗന്ദര്യത്തിനും ഭാവനാത്മകതയ്ക്കും വേണ്ടിയുള്ള തീവ്രാഭിലാഷമാണ്. സിനിമകളിലെ കളർടോണുകൾ ഓരോ സീനിലും എന്താണ് തോന്നേണ്ടതെന്ന് നിങ്ങളോട് പറയുന്നതുപോലെ, ഓരോ വസ്ത്രവും നിങ്ങളുടെ ചുറ്റുമുള്ളവരോട് സംസാരിക്കാനുള്ള ഒരു മാധ്യമമാണ്. കൂടുതൽ വിഷാദഭാവത്തിൽ പ്രത്യക്ഷപ്പെടുന്നതിനായി ഞാൻ പലപ്പോഴും കറുപ്പും ഇരുണ്ട നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ തെരഞ്ഞെടുക്കാറുണ്ട്. ഒരു വാക്കുപോലും പറയാതെ, എന്നെ വെറുതെയൊന്ന് നോക്കുന്നവരോടുപോലും എന്നെക്കുറിച്ച് വളരെ സൂക്ഷ്മമായ കാര്യങ്ങൾ പറയാൻ എനിക്ക് കഴിഞ്ഞിരുന്നു. വ്യക്തമായും, ഫാഷൻ ഒരു ആശയവിനിമയ രീതിയാണെന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ട്. നിങ്ങളുടെ വസ്ത്രധാരണരീതി, നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള എന്തെങ്കിലും ഒരു കാര്യം നിങ്ങൾക്ക് ചുറ്റുമുള്ളവരെ അറിയിക്കുന്നുണ്ട്. ഈ ബാഹ്യതയുടെ അടിസ്ഥാനത്തിൽ, വേഗത്തിൽ തന്നെ നിങ്ങളുടെ കേന്ദ്രവിശ്വാസങ്ങൾ, മനോഭാവങ്ങൾ, മൂല്യങ്ങൾ എന്നിവയെല്ലാം വിലയിരുത്തപ്പെടുന്നു.

സ്ത്രീസമൂഹം, ഫാഷനുമായി ബന്ധപ്പെട്ട ധാരണകൾ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഫാഷൻ എന്നത്​ സ്വയം പ്രദർശനമാണെന്ന് അവർ വിശ്വസിക്കുന്നില്ല, അതിനെ എളിമയുമായോ സദാചാരവുമായോ ബന്ധപ്പെടുത്താനും അവർ തയ്യാറല്ല.

പൊതുവിടങ്ങളിൽ ഒരു വ്യക്തി സ്വയം പ്രകാശിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ സമൂഹം ആ വ്യക്തിയെ നിരന്തരം വിലയിരുത്തുന്നുണ്ട്. ഈ വിലയിരുത്തലുകൾ എവിടെ നിന്നാണ് വരുന്നതെന്ന് കണ്ടെത്തുന്നത് സങ്കീർണമായ കാര്യമാണ്. മാറിക്കൊണ്ടിരിക്കുന്ന ഫാഷൻ സങ്കൽപ്പങ്ങൾക്കൊപ്പം അവ മാറിയിട്ടുണ്ടോ അതോ, അതേപടി നിലനിൽക്കുകയാണോ?

സ്ത്രൈണതയും ഫാഷനബ്ൾ ആവുക എന്നതും

അണിഞ്ഞൊരുങ്ങാൻ എനിക്ക്​ വലിയ താത്പര്യമാണ്​, അതിന്​ ഞാൻ വലിയ ശ്രമങ്ങളും നടത്താറുണ്ട്​. അതുകൊണ്ടുതന്നെ, എന്റെ പഠനമേഖല ഏതായിരിക്കണമെന്ന് സ്വയം തീരുമാനിക്കുന്നതിനുമുമ്പ്​, ഫാഷൻ മേഖലയാണ് ഞാൻ പിന്തുടരേണ്ടതെന്ന് പലരും എന്നോട് സൂചിപ്പിച്ചിരുന്നു. മാറ്റിനിർത്തപ്പെടുമോ എന്ന ഭയത്താൽ, അന്നുമുതൽ ഞാൻ വളരെ ലളിതമായി വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങി. പ്രകടമായി ഫാഷനബ്ളാവുക അല്ലെങ്കിൽ ട്രെൻഡിനനുസരിച്ച് ഒരുങ്ങുക എന്നതൊക്കെ പൊതുവിൽ മര്യാദയില്ലാത്തതോ സദാചാരവിരുദ്ധമോ ആയ രീതികളാണെന്ന് ആരോപിക്കപ്പെട്ടിരുന്നു. ഫാഷനും സ്ത്രീത്വവുമായി ബന്ധപ്പെട്ട മൂല്യങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. അതേസമയം, നന്നായി ഒരുങ്ങുകയെന്നതും ‘ഫാഷനബ്ൾ' ആവുകയെന്നതും സ്ത്രൈണതയുമായി വളരെ ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുണ്ട്.

സ്ത്രീസമൂഹം, ഫാഷനുമായി ബന്ധപ്പെട്ട ഇത്തരം ധാരണകൾ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഫാഷൻ എന്നത്​ സ്വയം പ്രദർശനമാണെന്ന് അവർ വിശ്വസിക്കുന്നില്ല, അതിനെ എളിമയുമായോ സദാചാരവുമായോ ബന്ധപ്പെടുത്താനും അവർ തയ്യാറല്ല. ഫാഷനെ ആധുനികതയുമായി ബന്ധപ്പെടുത്തുന്ന, സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും നാശമായി കണക്കാക്കുന്ന വിമർശനങ്ങളെ അവർ തള്ളിക്കളയുന്നു. യുവാക്കളായ തലമുറ, ഇവ രണ്ടും തമ്മിൽ എന്തെങ്കിലും ബന്ധമുള്ളതായി കരുതുന്നുണ്ടെന്ന്​തോന്നുന്നില്ല. അവരെ സംബന്ധിച്ച്​, ഫാഷനെന്നത് മറ്റൊരു വ്യക്തിയേക്കാൾ തന്നെത്താനുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്​. നിങ്ങൾക്ക് ആസ്വദിക്കാനും പങ്കുചേരാനും കഴിയുന്ന ഒരു സ്വയംധാരണ വളർത്തിയെടുക്കാൻ ഇത് സഹായിക്കുന്നു, പക്ഷേ സമൂഹവുമായും അതിന്റെ മൂല്യങ്ങളുമായും ഇതിന് യാതൊരു ബന്ധവുമില്ല.

വ്യക്തിപരമായി, എനിക്ക് ഇതിനോട് ഒരു പരിധി വരെ മാത്രമേ യോജിക്കാൻ കഴിയൂ, കാരണം സ്വയമെന്നതും അപരനും (അല്ലെങ്കിൽ സമൂഹം) ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ഫാഷനെ സംബന്ധിച്ച് മാറിക്കൊണ്ടിരിക്കുന്ന വീക്ഷണം, സ്ത്രീകളും സമൂഹവും പരസ്പരം ഇടപഴകുന്ന രീതിയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ദക്ഷിണേന്ത്യയിലെ ‘അടക്കവും ഒതുക്കവും’ എന്നതുപോലുള്ള സങ്കൽപങ്ങളെ ഇന്നത്തെ സ്ത്രീകൾ വ്യത്യസ്തമായ അർഥങ്ങളിലാണ് മനസ്സിലാക്കുന്നത്; അത് പ്രതിനിധീകരിക്കുന്നത്, അവർ സ്വീകരിക്കാൻ വിസമ്മതിക്കുന്ന സംയമനത്തിന്റെയും സദാചാര നിയന്ത്രണത്തിന്റെയും ബോധത്തെയാണ്.

ഫാഷൻ ട്രെൻഡുകൾ വരികയും പോവുകയും ചെയ്യുമ്പോൾ, മാറ്റം തുടർന്നുകൊണ്ടിരിക്കുമ്പോൾ, സമൂഹം അതിന്റെ മൂല്യങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മുൻകാലങ്ങളിൽ ഫാഷൻ എന്നത് നിറയെ എംബ്രോയ്ഡറി ചെയ്ത, ആഢംബരപൂർണമായ വസ്ത്രങ്ങളായിരുന്നു. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി, ഈ കാലത്തെ ഫാഷൻ കൂടുതൽ നിശ്ശബ്ദവും സൂക്ഷ്മവുമായ സൗന്ദര്യശാസ്ത്രത്തിലാണ് ഉറച്ചുനിൽക്കുന്നത്. അന്നും ഇന്നും, ശരിയായ സ്ത്രൈണതയുടെ ഗുണങ്ങളുമായി ഒത്തുപോകുന്നതിനായി സ്ത്രീകൾ അമിതമായി അണിഞ്ഞൊരുങ്ങുകയോ വളരെ ലളിതമായി വസ്ത്രങ്ങൾ ധരിക്കുകയോ ചെയ്യുക എന്നതിനിടയിൽ, അങ്ങോട്ടുമിങ്ങോട്ടും മാറിക്കൊണ്ടിരിക്കുന്നു.

ഫാഷൻ ശൈലിയിലും പ്രകടനങ്ങളിലുമുണ്ടായ മാറ്റങ്ങൾ ജീവിതത്തിന്റെ മറ്റു മേഖലകളിലെ മാറ്റങ്ങൾക്കും കാരണമായെന്ന് നമുക്ക് പറയാൻ കഴിയും.

ഒരു സ്ത്രീയുടെ വസ്ത്രധാരണരീതി അവരെ ഒന്നുകിൽ ലൈംഗികവത്കരിക്കുന്നു (സെക്ഷ്വലൈസ്), അല്ലെങ്കിൽ ഡീസെക്ഷ്വലൈസ് ചെയ്യുന്നു; ഇതിന് രണ്ടിനുമിടയിൽ ഒന്നുമില്ല. പരമ്പരാഗതമായ സാരി എന്ന വേഷം സംബന്ധിച്ച വ്യാഖ്യാനങ്ങൾ ഇതിന്​ മികച്ച ഉദാഹരണമാണ്. മുമ്പ് മലയാളികൾ സാരി ധരിച്ചിരുന്നത് ഒരു രീതിയിൽ മാത്രമായിരുന്നു. ഇപ്പോൾ പ്രീ ഡ്രാപ്പ്ഡ് സാരികൾ, ഷോർട്ട് സാരികൾ, ധോത്തി രീതിയിലുള്ള സാരികൾ, ബിക്കിനി സാരികൾ, ക്രോപ്പ് ടോപ്പുകളുള്ള സാരികൾ, കോക്​ടെയിൽ സാരികൾ, സാരി ഗൗണുകൾ എന്നിങ്ങനെ പലതരത്തിലുള്ളവയുണ്ട്. ഓരോന്നും വരുന്നത് അതിന്റേതായ മുൻവിധികളോടെയാണ്. ഒരുതരത്തിലുള്ള വസ്ത്രം നിങ്ങളെ ലൈംഗികാഭിലാഷമുള്ള സ്ത്രീയായോ അല്ലെങ്കിൽ ദുർബലയായ സ്ത്രീയായോ മാറ്റുന്നു.

Photo : Unsplash.com

ഈ ചർച്ചകളിൽ, സ്ത്രീകളുടെ താത്പര്യങ്ങളെക്കുറിച്ചുള്ള പരസ്പരവിരുദ്ധമായ ചില കാര്യങ്ങൾ പകൽപോലെ വ്യക്തമാകും. നന്നായി ഒരുങ്ങുന്നതും ‘ഫാഷനബ്ൾ' ആകുന്നതും സ്ത്രീകളുടെ തീ​ർത്തും അപ്രധാനമായ താത്പര്യങ്ങളായാണ് കണക്കാക്കപ്പെടുന്നത്; അധികാരമില്ലാത്തവർക്കോ അല്ലെങ്കിൽ മറ്റെന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ഇല്ലാത്തവർക്കോ പേരിന്​ ചെയ്യാവുന്നൊരു പണി. എന്നാൽ, ആത്മാവബോധം, ആത്മവിശ്വാസം തുടങ്ങിയ കാലാതീതമായ തത്ത്വങ്ങളെ പ്രതിനിധീകരിക്കുന്ന ആകർഷകമായ സ്വഭാവങ്ങളാണിവ. ഒരാൾ മുഷിഞ്ഞ രീതിയിൽ വസ്​ത്രം ധരിച്ചോ ഏറെ അണിഞ്ഞൊരുങ്ങിയോ കാണപ്പെടരുത്. ഇതിനിടയിലുള്ള വരയിലാണ് കേരളത്തിലെ സ്ത്രീകൾ സ്ഥിരമായി നിൽക്കുന്നത്.

ഒരുവശത്ത്​, നിർബന്ധിത പാശ്ചാത്യവത്കരണം ഒരു പ്രശ്നമായി പരിഗണിക്കപ്പെടുന്നില്ല. വാസ്തവത്തിൽ, അത് അവരുടെ സ്വാതന്ത്ര്യത്തെ കയറൂരിവിടാനുള്ള അവസരമാണ്. മറുവശത്ത്​, അത്തരം ‘നുഴഞ്ഞുകയറ്റ’ങ്ങൾക്ക് രാഷ്ട്രീയമാനങ്ങളുണ്ട്.

കപട പാശ്ചാത്യവത്കരണം?

കേരളത്തിലെ ഫാഷൻ രംഗത്ത് ഏറെ മാറ്റം സംഭവിക്കുകയാണ്​. എന്നാൽ ഈ മാറ്റങ്ങളുടെ കാരണത്തെ നമ്മൾ എന്തുമായാണ് ബന്ധപ്പെടുത്തുന്നത്? ഇന്റർനെറ്റിന്റെ വൻതോതിലുള്ള പ്രഭാവം ഒരു കാരണമായി എനിക്ക്​ തോന്നിയിട്ടുണ്ട്​. ഏറ്റവും പ്രചാരത്തിലുള്ളവ എളുപ്പം ലഭ്യമാകുന്നു എന്നതും, സാധാരണക്കാരെ സംബന്ധിച്ച്​ ‘ആകർഷണീയം' എന്ന് കരുതുന്നതിന്റെ പരിധികൾ വിപുലമാക്കിയിട്ടുണ്ട്​ എന്നെനിക്ക്​ വളരെക്കാലമായി ബോധ്യമുണ്ട്​. മുമ്പ്, പരിമിത കലക്ഷനുള്ള ഒരുപിടി റെഡിമെയ്ഡ് സ്റ്റോറുകളിലും, തയ്യൽക്കടയിലെ പാറ്റേണുകളടങ്ങിയ പുസ്തകങ്ങളിലും നമ്മുടെ തെരഞ്ഞെടുപ്പുകൾ തീർന്നുപോകുമായിരുന്നു. എന്നാൽ ഇന്ന്, നമുക്ക് തീരുമാനമെടുക്കാൻ കഴിയുന്ന പരിധി ഏറെ വികസിച്ചിരിക്കുന്നു.

സ്ഥാപനങ്ങൾ, സാങ്കേതികവിദ്യ, പ്രത്യയശാസ്ത്രം, മൂല്യം എന്നിങ്ങനെ വിവിധ തലങ്ങളിലേക്ക് പാശ്ചാത്യവത്കരണം നുഴഞ്ഞുകയറുമെന്ന് സാമൂഹികശാസ്​ത്രജ്ഞനായ എം.എൻ. ശ്രീനിവാസ് അഭിപ്രായപ്പെട്ടിട്ടുണ്ട്​. മുമ്പ് ചർച്ചചെയ്ത എല്ലാ കാര്യങ്ങളുടെയും വെളിച്ചത്തിൽ, ഫാഷൻ ശൈലിയിലും പ്രകടനങ്ങളിലുമുണ്ടായ മാറ്റങ്ങൾ ജീവിതത്തിന്റെ മറ്റു മേഖലകളിലെ മാറ്റങ്ങൾക്കും കാരണമായെന്ന് നമുക്ക് പറയാൻ കഴിയും.

മതമൗലികവാദത്തിന് വിരുദ്ധമായി, ശക്തമായ ലിബറൽ ബോധ്യങ്ങൾ ഇന്ത്യയിലെയും കേരളത്തിലെയും അതിന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. ഒരുപക്ഷേ ഈ തരംഗമാണ് മലയാളികൾക്കിടയിൽ ധീരവും എന്നാൽ പാശ്ചാത്യവുമായ സാക്ഷാത്കാരങ്ങൾ അനുവദിക്കുന്നത്. പലരും ഇതിനെ ഒരു സാംസ്‌കാരിക സംഘർഷമായിട്ടാണ് കാണുന്നത്, രണ്ട് വ്യത്യസ്ത മൂല്യവ്യവസ്ഥകൾ തമ്മിലുള്ള ഏറ്റുമുട്ടൽ. നിങ്ങൾ ഏത് മൂല്യവ്യവസ്ഥയ്ക്കുവേണ്ടി നിലകൊണ്ടാലും, ഇന്നത്തെ യുവാക്കളുടെ ഫാഷൻ ഐക്കണുകൾ പാശ്ചാത്യരാജ്യങ്ങളിൽ നിന്ന് കയറ്റുമതി ചെയ്യപ്പെട്ടവയാണ്. അവ കേരളത്തിലേക്ക് കൊണ്ടുവരുന്ന ലൈംഗികത, ധാർമികത, സംസ്‌കാരം എന്നിവയുടെ പ്രത്യയശാസ്ത്രങ്ങളും ഇവിടെ ഇതിനകം സ്ഥാപിതമായ സങ്കൽപങ്ങളും തമ്മിൽ തീർച്ചയായും സംഘർഷമുണ്ട്.

മുൻകാലങ്ങളിൽ ഫാഷൻ എന്നത് നിറയെ എംബ്രോയ്ഡറി ചെയ്ത, ആഢംബരപൂർണമായ വസ്ത്രങ്ങളായിരുന്നു. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി, ഈ കാലത്തെ ഫാഷൻ കൂടുതൽ നിശ്ശബ്ദവും സൂക്ഷ്മവുമായ സൗന്ദര്യശാസ്ത്രത്തിലാണ് ഉറച്ചുനിൽക്കുന്നത് / Photo : IFFK, fb page

ഒരുവശത്ത്​, നിർബന്ധിത പാശ്ചാത്യവത്കരണം ഒരു പ്രശ്നമായി പരിഗണിക്കപ്പെടുന്നില്ല. വാസ്തവത്തിൽ, അത് അവരുടെ സ്വാതന്ത്ര്യത്തെ കയറൂരിവിടാനുള്ള അവസരമാണ്. മറുവശത്ത്​, അത്തരം ‘നുഴഞ്ഞുകയറ്റ’ങ്ങൾക്ക് രാഷ്ട്രീയമാനമുണ്ട്. ഇത്തരം സംഘർഷങ്ങൾ സമൂഹത്തെ വരിഞ്ഞുമുറുക്കുമ്പോൾ, ഫാഷൻ ലോകവും അതിലെ പങ്കാളികളും ഈ സംഘർഷത്തിന്റെ ഭാഗമാകുന്നു.

ഫാഷൻ എന്ന ഊർജം

ഫാഷനും സമൂഹവും പരസ്പരബന്ധിതമാണ്​. വാസ്തവത്തിൽ, ഫാഷൻ ട്രെൻഡുകൾ സൃഷ്ടിക്കപ്പെടുന്നത് എത്​നോഗ്രാഫിക് പഠനങ്ങളിലൂടെയാണ്. ശൈലിയിലെ ഏറ്റവും പുതിയ പ്രവണതകൾ അക്കാലത്തെ അടിസ്ഥാന സാമൂഹിക സമ്മർദങ്ങളോടുള്ള പ്രതികരണമാണ്. മലയാളികൾ അവരുടെ പ്രായോഗികബോധ്യങ്ങളിൽ ഫാഷനെ ഉൾപ്പെടുത്തുന്നവിധത്തെ പലരീതിയിൽ വ്യാഖ്യാനിക്കാം; ആത്മാവിഷ്‌കാരത്തിന്റെ ഒരു രൂപമെന്ന നിലയിൽ, ഒന്നിനെ സ്വന്തമാക്കുന്ന ഒരു താത്പര്യത്തോടെ, ഒരു വിമതത്വമായി, അല്ലെങ്കിൽ സ്വന്തം തെരഞ്ഞെടുപ്പിന്റെയും സഞ്ചാരത്തിന്റെയും സ്വാതന്ത്ര്യം പ്രകടിപ്പിക്കുന്നതിനുള്ള മാർഗമായി. ഇതിൽ, നിങ്ങൾ ഏത്​ ചിന്താധാരയെ പ്രതിനിധീകരിക്കുന്ന ആളായാലും ശരി, ഇപ്പോൾ കേരളത്തിലെ ജനങ്ങൾ അവരുടെ ‘സ്വന്ത’ത്തിലേക്ക്​ കടന്നുവന്ന്​ ഫാഷനബ്ളായ ഊർജത്തോടെ പുറത്തുകടക്കുന്നത്​ കാണാം, അത്​ പ്രചോദനം നൽകുന്ന ഒരു കാര്യമാണ്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


വജ്ര സയറ

ഇൻറർനാഷനൽ റിലേഷൻസിൽ​ ബിരുദാനന്തരബിരുദ വിദ്യാർഥി. ജിയോ പൊളിറ്റിക്​സ്​, ട്രൂ ​ക്രൈം, സോഷ്യോളജി എന്നീ മേഖലകളിൽ താൽപര്യം.

Comments