Photo : Kerala Queer Pride, fb page

ക്ലാസ്​ റൂമുകൾ എങ്ങനെ ജൻറർ ഇൻക്ലൂസീവ്​ ആകും?

പ്രത്യുൽപ്പാദനം പോലും പഠിപ്പിക്കാൻ മടിക്കുന്ന

വിദ്യാഭ്യാസ കരിക്കുലങ്ങളിൽ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ശരീരിക-മാനസിക കാര്യങ്ങളെക്കുറിച്ചും, ചികിത്സയെക്കുറിച്ചും, അവർ നേരിടുന്ന പ്രത്യേക അവസ്ഥകളെ കുറിച്ചുമുള്ള വിശദവിവരങ്ങളുണ്ടെങ്കിൽ തന്നെ ഞങ്ങൾ സമൂഹത്തിൽ അനുഭവിക്കുന്ന ഒരുപാട് വിവേചനങ്ങൾക്ക് അറുതി വരും. സ്‌കൂൾ പാഠ്യപദ്ധതി പരിഷ്​കരണവുമായി ബന്ധപ്പെട്ട സംവാദത്തിൽ, ജെൻററുമായി ബന്ധപ്പെട്ട വാദങ്ങൾ മുന്നോട്ടുവക്കുന്നു.

ന്റർ, സെക്‌സ്, സെക്ഷ്വാലിറ്റി തുടങ്ങിയ വാക്കുകൾ കേൾക്കുമ്പോൾ തന്നെ, മലയാളികളിൽ ചിലർക്ക് അസ്വസ്ഥതയുണ്ടാകാറുണ്ട്. ഇതെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി സൂചിപ്പിച്ചപ്പോൾ തന്നെ വലിയ വിവാദങ്ങളുണ്ടായിരുന്നു. ഇപ്പോൾ, സ്‌കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് പുതുക്കിപ്പണിയുന്നതിനുള്ള ശ്രമം നടക്കുകയാണല്ലോ. പാഠഭാഗങ്ങളിൽ ലിംഗനീതി അടക്കമുള്ള വിഷയങ്ങൾ ഉൾപ്പെടുത്തുമെന്ന്​ വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്​. 71 അംഗ കരിക്കുലം സ്​റ്റിയറിങ്​ കമ്മിറ്റിയിൽ ഇന്റർസെക്‌സും ട്രാൻസ്ജെന്റർ വ്യക്തിയുമായ കവയിത്രി വിജയരാജ മല്ലികയെ കൂടി ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ടുണ്ട്​. ഇത് വലിയൊരു മാറ്റത്തിന്റെ തുടക്കമാണ്.

സ്‌കൂളുകളിലും കോളേജുകളിലും, എന്തിന്​ മെഡിക്കൽ കരിക്കുലങ്ങളിൽ പോലും കൃത്യമായി ജന്റർറിനെ കുറിച്ചോ മറ്റു വൈവിധ്യങ്ങളെ പറ്റിയോ പഠിപ്പിക്കുന്നില്ല. സെക്‌സും ജന്ററും ബൈനറി ആണെന്നാണ് ഭൂരിഭാഗം ആളുകളുടെയും ധാരണ. ട്രാൻസ്ജെന്റർ വ്യക്തികളെ ഇന്റർസെക്‌സ് ആയി തെറ്റിദ്ധരിച്ച്​, ശാരീരിക വ്യത്യാസങ്ങൾ പ്രകടമായെങ്കിൽ മാത്രമേ ട്രാൻസ്ജന്റർ ആകുകയുള്ളൂ എന്നൊരു ധാരണ പൊതുവെയുണ്ട്​. അത്തരത്തിൽ വിസിബിളായ മാറ്റങ്ങളില്ലെങ്കിൽ കറക്ഷൻ തെറാപ്പിക്ക് വിധേയമാക്കിയ ഡോക്ടർമാർ വരെ കേരളത്തിലുണ്ട്. 2015 ൽ സാമൂഹ്യ നീതി വകുപ്പ് നടത്തിയ സർവേ പ്രകാരം കേരളത്തിൽ 25000 ഓളം ട്രാൻസ്‌ജെൻഡർ - ഇന്റർ സെക്‌സ് വ്യക്തികളുണ്ട്. 25 വയസ് കഴിഞ്ഞിട്ടും സ്വന്തം സെക്ഷ്വൽ ഓറിയന്റേഷൻ കുടുംബത്തോടോ സമൂഹത്തോടോ തുറന്നുപറയാൻ കഴിയാത്ത നിരവധി എൽ.ജി.ബി.റ്റി. ക്യു. ഐ.എ. പ്ലസ് വ്യക്തികളുള്ള നാടാണ് നമ്മുടേത്.

Photo : Kerala Queer Pride, fb page

സ്വന്തം സ്വത്വം മറച്ചുവെക്കാൻ നിർബന്ധിതരാകുന്ന ഇവർ ഗാർഹിക പീഡനങ്ങൾക്കും വൈകാരിക പീഡനങ്ങൾക്കും നിരന്തരം ഇരയാക്കപ്പെടുന്നു. വിവാഹപ്രായമെന്ന സാങ്കൽപ്പിക കടമ്പയെത്തുമ്പോൾ ജെൻഡർ ബൈനറിക്കുള്ളിൽ ഇവരെ തളച്ചിടാൻ സാധ്യത കൂടുന്നു. സ്വന്തം സ്വത്വം വെളിപ്പെടുത്തുന്ന പല ക്വിയർ വ്യക്തികളും കൗൺസലിങ്ങ്, റിട്രീറ്റ് എന്നീ ഓമനപ്പേരുകളിൽ അറിയപ്പെടുന്ന കൺവെർഷൻ തെറാപ്പികൾക്ക് വിധേയരാക്കപ്പെടുന്നു. ഇന്ത്യയിൽ പലയിടങ്ങളിലും ഇത്തരം നിയമവിരുദ്ധ തെറാപ്പികൾ നടക്കുന്നുണ്ട്. ഞാൻ ഒരു ട്രാൻസ്‌ജെൻഡറാണെന്ന് വെളിപ്പെടുത്തിയ സമയത്ത് എന്നെയും പല കൺവെർഷൻ തെറാപ്പികൾക്കും കൊണ്ടുപോകുകയും അവിടെ നിന്നൊക്കെ അസഹനീയമായ ശാരീരിക- മാനസിക പീഡനങ്ങൾ അനുഭവിക്കേണ്ടതായും വന്നിട്ടുണ്ട്.

അഞ്ജന ഹരീഷ്. (കൺവേർഷൻ തെറാപ്പിയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളെ പൊതുചർച്ചയിലേക്ക് കൊണ്ടുവന്നു.) / Photo: Navaneeth Jose, facebook

21 വയസ് മാത്രം പ്രായമുണ്ടായിരുന്ന അഞ്ജന എന്ന, ക്വിയർ ആയ, എന്റെ സുഹൃത്തിനെ അവളുടെ സ്വത്വത്തെ അംഗീകരിക്കാത്ത കുടുംബം ഒരു കൺവെർഷൻ തെറാപ്പി സ്ഥാപനത്തിൽ കൊണ്ടുപോയിരുന്നു. അവിടെ, സെക്ഷ്വൽ ഓറിയന്റേഷൻ ‘മാറ്റാനുള്ള' ഭീകരമായ ശാരീരിക- മാനസിക പീഡനങ്ങളും ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും താങ്ങാനാവാതെ അവൾക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നു. കഴിഞ്ഞ വർഷം മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ മെഡിക്കൽ രംഗത്തുള്ള ലിംഗവിവേചനങ്ങൾ തടയാൻ മെഡിക്കൽ കരിക്കുലത്തിൽ ജെൻഡർ വിദ്യാഭ്യാസം ഉൾപ്പെടുത്തണം എന്ന് കേന്ദ്രഗവൺമെന്റിനോട് ശുപാർശ ചെയ്തിരുന്നു. കൗതുകകരമെന്നു പറയട്ടെ, ഇന്ത്യ ഗവൺമെൻറ്​ വർഷങ്ങൾക്കു മുമ്പുതന്നെ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻറ്​ റിസർച്ചിന് ഇതേ കാര്യങ്ങൾ തന്നെ നടപ്പിലാക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ടായിരുന്നു. പക്ഷേ, നാളിതുവരെ മഹാരാഷ്ട്രയിലല്ലാതെ മറ്റൊരു ഇന്ത്യൻ മെഡിക്കൽ കരിക്കുലത്തിലും ജെൻഡർ സമത്വത്തെക്കുറിച്ച്​ ഒരദ്ധ്യായം പോലും കൂട്ടിച്ചേർത്തിട്ടില്ല.

വിവിധ വിദ്യാഭ്യാസ കരിക്കുലങ്ങളിൽ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ശരീരിക-മാനസിക കാര്യങ്ങളെക്കുറിച്ചും, ചികിത്സയെക്കുറിച്ചും, അവർ നേരിടുന്ന പ്രത്യേക അവസ്ഥകളെ കുറിച്ചുമുള്ള വിശദവിവരങ്ങളുണ്ടെങ്കിൽ തന്നെ ഞങ്ങൾ സമൂഹത്തിൽ അനുഭവിക്കുന്ന ഒരുപാട് വിവേചനങ്ങൾക്ക് അറുതി വരും. എൽ.ജി.ബി.റ്റി കമ്യൂണിറ്റിക്ക്‌ സമൂഹത്തിൽ തുല്യത ഉറപ്പാക്കാൻ ആൻറി ഡിസ്‌ക്രിമിനേഷൻ പോളിസി രൂപീകരിക്കേണ്ടത് അനിവാര്യമാണ്. ട്രാൻസ്ജന്റർ വിസിബിലിറ്റി കേരളത്തിൽ വന്നുതുടങ്ങിയിട്ട് അധികനാളായിട്ടില്ല, ഒരുപാട് പോരാടിയതിന്റെ ഫലമയാണ് ട്രാൻസ് വ്യക്തികൾക്ക് നിഷേധിച്ചിരുന്ന പല അവകാശങ്ങളും നേടിയെടുക്കാൻ കഴിഞ്ഞിട്ടുള്ളത്. എന്നാൽ വിദ്യാഭ്യാസ, തൊഴിൽ, ആരോഗ്യ മേഖലകളിൽ ഇന്നും ഒരുപാട് വിവേചനം നേരിടേണ്ടി വരുന്നുണ്ട്.

ട്രാൻസ്ജന്റർ വിസിബിലിറ്റി കേരളത്തിൽ വന്നുതുടങ്ങിയിട്ട് അധികനാളായിട്ടില്ല, ഒരുപാട് പോരാടിയതിന്റെ ഫലമയാണ് ട്രാൻസ് വ്യക്തികൾക്ക് നിഷേധിച്ചിരുന്ന പല അവകാശങ്ങളും നേടിയെടുക്കാൻ കഴിഞ്ഞിട്ടുള്ളത് / Photo : Kerala Queer Pride, fb page

കേരളത്തിൽ രണ്ടു ശതമാനം ട്രാൻസ്ജന്റർ വിദ്യാർത്ഥികൾക്ക് കോളേജുകളിൽ റിസർവേഷനും സ്‌കോളർഷിപ്പും ഉണ്ട്. എന്നാൽ വിദ്യാഭ്യാസ രംഗത്ത്​ കേവലം ട്രാൻസ്ജന്റർ കോളം ഉൾപ്പെടുത്തിയതുകൊണ്ടും പഠിക്കാൻ അവസരം നൽകിയതുകൊണ്ടും മാത്രം പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ല എന്നത് ട്രാൻസ്ജന്റർ ആക്റ്റിവിസ്റ്റുകൾ പലവട്ടം ഗവണ്മെന്റിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഭൂരിഭാഗം പേരും പഠനം പകുതിക്ക്​ ഉപേക്ഷിക്കുന്ന അവസ്ഥയാണ് നിലവിൽ മിക്ക കാമ്പസിലുമുള്ളത്. അതിന്റെ പ്രധാന കാരണം, അവർ നേരിടുന്ന വിവേചനവും പരിഹാസങ്ങളും തന്നെയാണ്. ടോയ്​ലെറ്റുകൾ പോലും സ്ത്രീ- പുരുഷൻ എന്ന ബൈനറിയിലാണ് തരംതിരിച്ചിട്ടുള്ളത്. ആഴത്തിലുള്ള ഹോമോ ഫോബിക്- ക്വിയർ ഫോബിക് രീതികൾ സഹപാഠികളുടെ ഇടയിൽനിന്നും പലർക്കും നേരിടേണ്ടി വരുന്നുമുണ്ട്. കൃത്യമായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവാണ് ക്വിയർ വ്യക്തികൾ വീട്ടിൽ നിന്നു തുടങ്ങി സമൂഹത്തിന്റെ വിവിധയിടങ്ങളിൽ നേരിടുന്ന പ്രശ്‌നങ്ങൾക്കും കാരണം.

ഗേ യോ ലെസ്ബിയനോ ആയ വ്യക്തികൾ പരസ്പരം വിവാഹം കഴിക്കുകയോ പ്രണയിക്കുകയോ ചെയ്താൽ അത് അസാധാരണമാണെന്നും പ്രകൃതിവിരുദ്ധമാണെന്നുമെല്ലാം വാദിക്കുന്നവർ ഇപ്പോഴും നമുക്കിടയിലുണ്ട്. ഇത്തരം തെറ്റായ ധാരണകൾ പൊളിച്ചെഴുതി, ഐ.സി.എസ്​.ഇ ടെക്​സ്​റ്റ്​ ബുക്കിൽ, കുടുംബത്തിന് മറ്റൊരു തലത്തിലുള്ള വ്യാഖ്യാനം നൽകിയത് സമൂഹമാധ്യമങ്ങളിലെല്ലാം ചർച്ചയായിരുന്നു. ഫാമിലി എന്നാൽ സ്ത്രീയും പുരുഷനും കുട്ടികളും ചേർന്ന വ്യവസ്ഥ മാത്രമല്ല, രണ്ടു സ്ത്രീകളോ പുരുഷന്മാരോ ഒരുമിച്ച് ജീവിക്കുന്നതും കുടുംബമാണ് എന്നായിരുന്നു രണ്ടാം ക്ലാസ്​ വിദ്യാർത്ഥികൾക്കുള്ള പാഠഭാഗത്തിൽ ചേർത്തത്​. പ്രൈമറി ക്ലാസുകളിൽ തുടങ്ങി മറ്റു ഉന്നത വിദ്യാഭ്യാസ കരിക്കുലങ്ങളിലും ഈ മാറ്റം കൊണ്ടുവരേണ്ടതുണ്ട്.

Photo : Kerala Queer Pride, fb page

കരികുലത്തിൽ മാറ്റം വരുത്തിയതുകൊണ്ടു മാത്രമായില്ല, ഇത് പഠിപ്പിക്കാൻ അധ്യാപകർ കൂടി തയ്യാറാവേണ്ടതുണ്ട്. കാരണം, കേരള സ്റ്റേറ്റ് സിലബസിലെ ഒമ്പതാം ക്ലാസിൽ വളരെ പരിമിതമായ വിവരങ്ങൾ ഉൾപ്പെടുത്തിയ പ്രത്യുൽപ്പാദനത്തെ കുറിച്ചുള്ള ചെറിയ അദ്ധ്യായം പോലും പലപ്പോഴും അദ്ധ്യാപകർ ഒഴിവാക്കാറുണ്ട്. കോളേജുകളിൽ ക്വിയർ പഠനത്തിന്റെ അധ്യായങ്ങളും ഇത്തരത്തിൽ ഒഴിവാക്കപ്പെടുന്നു. അതുകൊണ്ട്​, സ്‌കൂൾ കരിക്കുലത്തിൽ ഇത്തരം മാറ്റങ്ങൾ കൊണ്ടുവരുന്നതിന്​ മുന്നോടിയായി അധ്യാപകർക്ക് ബോധവൽക്കരണ ക്ലാസ്​ നൽകുകയും, ബി. എഡ്, എം. എഡ് സിലബസുകളിൽ കൂടി കൃത്യമായ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തുകയും വേണം. ജന്റർ ഇൻക്ലൂസീവ്​ കരിക്കുലം, ജന്റർ ന്യൂട്രൽ യൂണിഫോം, ടോയ്‌ലറ്റ് സംവിധാനങ്ങൾ, ലിംഗ വിവേചനം നേരിടാനുള്ള പ്രശ്‌നപരിഹാര സെല്ലുകൾ, ജന്റർ ക്ലബ്ബുകൾ തുടങ്ങിയവ കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉണ്ടാകേണ്ടത്​അനിവാര്യമാണ്.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ആദം ഹാരി

ഇന്ത്യക്കാരനായ ആദ്യത്തെ ട്രാൻസ്മാൻ പൈലറ്റ്​. ദക്ഷിണാഫ്രിക്കയിൽ നിന്നാണ് ഹാരി കോഴ്‌സ് പൂർത്തിയാക്കിയതും പ്രൈവറ്റ് പൈലറ്റ് ലൈസൻസ് നേടിയതും. ലൈംഗിക ന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങൾ കമ്യൂണിറ്റിയ്ക്കകത്തും പുറത്തും രാഷ്ട്രീയമായും അക്കാദമികമായും അവതരിപ്പിക്കുന്നു.

Comments