സഹവിദ്യാഭ്യാസ സമസ്യകൾ,സമകാലിക സന്ദർഭങ്ങൾ

സഹവിദ്യാഭ്യാസം സംബന്ധിച്ച ചർച്ചകളിൽ ആദ്യം പരിഗണിക്കേണ്ടത് വിദ്യാർഥികളെയാണ്. കണക്കിൽ മണ്ടികളാക്കി മാറ്റി നിർത്തിയ ഞങ്ങൾ പെൺകുട്ടികളെ, എവിടെയിരിക്കണം എന്ന് ശങ്കിച്ച ട്രാൻസ് വിദ്യാർത്ഥികളെ, അടുത്തിരുന്നതിന് സ്റ്റഡി ക്ലാസ്​ കേൾക്കേണ്ടി വന്ന ഞങ്ങളുടെ സൗഹൃദങ്ങളെ.

ലിംഗാതീത വിദ്യാലയങ്ങളെക്കുറിച്ചുള്ള സാമൂഹികചർച്ചക്ക്​ തുടക്കം കുറിച്ചതു മുതൽ ‘വെള്ള ഷർട്ടും കാപ്പിപ്പൊടി പിനഫറു'മിട്ട ഒരു രണ്ടാം ക്ലാസുകാരി ഓർമയിലേക്ക് ഓടിക്കയറുന്നുണ്ട്. കുറുക്കനും കോഴിയും കളിക്കാൻ വട്ടത്തിൽ നിന്ന നേരം, അടുത്തുനിന്ന സഹപാഠി ‘ഈ പെണ്ണിന്റെ കൈപിടിക്കുന്നതിലും നല്ലത് ക്ലോസറ്റിൽ കയ്യിടുന്നതാണ്' എന്നുപറഞ്ഞ് കളിയിൽ നിന്നിറങ്ങിപ്പോയതിന്റെ നാണക്കേട് അവളെ ഇപ്പോഴും വേദനിപ്പിക്കുന്നു.

ആറാം ക്ലാസിൽ ഗ്രൂപ്പ് വർക്കിനിരിക്കുമ്പോൾ ‘ആണുങ്ങളോടെല്ലാം മിണ്ടുന്ന നീയാണ് ഈ ക്ലാസിലെ എറ്റവും വല്യ വൃത്തികെട്ടവൾ' എന്ന് തന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ പറഞ്ഞതുകേട്ട് പകപ്പോടെയാണെങ്കിലും ആ പെൺകുട്ടി അതിന്റെ ധ്വനി മനസ്സിലാക്കിയിരുന്നു. പിന്നീട് പ്ലസ് വൺ കാലത്ത്, എൽ. കെ. ജി തൊട്ടൊന്നിച്ച് പഠിച്ച അയൽക്കാരൻ കൂട്ടുകാരനൊപ്പം ബസ് കയറാൻ കാത്തു നിൽക്കെ, ‘സകല പയ്യൻമാരുടെയും കാമുകി' എന്ന് കുലുങ്ങിച്ചിരിച്ച ആ അധ്യാപകനും തെല്ലും മങ്ങാതെ അവളുടെ മനസിലുണ്ട്. ഡിഗ്രി കാലത്തിൽ; വുമൻസ് കോളേജിൽ നിന്നിറങ്ങുന്ന വൈകുന്നേരങ്ങളിൽ വഴിയരികിൽ നാക്ക് നീട്ടി നിന്നിരുന്ന നായമനുഷ്യരെയും അവളോർക്കുന്നു.

തീർച്ചയായും അവൾ ഞാൻ തന്നെയാണ്.
ഞാനും കൂടിയായ ഒരോ പെൺകുട്ടിയുമാണ്.

സത്യത്തിൽ, സഹവിദ്യാഭ്യാസം സംബന്ധിച്ച ചർച്ചകളിൽ ആദ്യം പരിഗണിക്കേണ്ടത് വിദ്യാർഥികളെയാണ്. കണക്കിൽ മണ്ടികളാക്കി മാറ്റി നിർത്തിയ ഞങ്ങൾ പെൺകുട്ടികളെ, എവിടെയിരിക്കണം എന്ന് ശങ്കിച്ച ട്രാൻസ് വിദ്യാർത്ഥികളെ, അടുത്തിരുന്നതിന് സ്റ്റഡി ക്ലാസ്​ കേൾക്കേണ്ടി വന്ന ഞങ്ങളുടെ സൗഹൃദങ്ങളെ.

അടുത്തടുത്ത സീറ്റുകളിൽ ഇരിക്കുക പോലും ചെയ്യരുതെന്ന് വിലക്കുന്ന ഗുണകാംശികൾ ഭാവി സമൂഹത്തിലെ തൊഴിലിടങ്ങളിൽ, പൊതുവിടങ്ങളിൽ സ്ത്രീകൾ ഉണ്ടാവില്ല എന്നാകുമോ കരുതുന്നുണ്ടാവുക? / Photo: Hanan

വൈകാരികമായ അനേകം മുറിവുകളും അപമാനിക്കപ്പെട്ടതിന്റെ ഓർമകളും കൊണ്ടാണ് പല വിദ്യാർത്ഥികളും സ്‌കൂൾ കാലത്തുനിന്ന് ഇറങ്ങിയോടുന്നത്. ഇടകലർന്നിരിക്കുന്ന ക്ലാസ്​ മുറികളിൽ അധ്യാപകരിൽ നിന്നുമാത്രം ഞങ്ങൾ നേരിട്ടിട്ടുള്ള അപഹാസങ്ങൾ ഒരു സംസ്‌കാരപഠന ഗവേഷകക്ക് പ്രബന്ധമെഴുതാനുള്ളതുണ്ട്. എന്നാൽ, നിലവിലെന്താണിവിടെ സംഭവിക്കുന്നത്? മേൽ വിഷയത്തിലുള്ള ചർച്ചയും തർക്കങ്ങളും മതാധികാരികളുടെ മേലധികാരത്തിലാണ്. ഓർക്കണം- മതപഠനശാലകളെക്കുറിച്ചല്ല, പൊതുവിദ്യാലയങ്ങളെക്കുറിച്ചാണ് വിദ്യാഭ്യാസ വകുപ്പ് സംസാരിച്ചത്. വിദ്യാലയങ്ങളാകട്ടെ പൊതുവിടങ്ങളാണ്. ‘പൊതു' എന്നാൽ, നിലനിൽക്കുന്ന ഭേദങ്ങളൊന്നും ബാധകമാകാൻ പാടില്ലാത്ത ഇടങ്ങൾ. മതം, ജാതി, വർഗ്ഗം , വർണം , ലിംഗം ഇതൊന്നും അതിനുള്ളിലെ പ്രവർത്തനങ്ങളെ സ്വാധീനിക്കാൻ പാടില്ല. അവിടെയാണ് മതസംഘടനകൾ തങ്ങളുടെ മൗലികാദർശങ്ങളുടെ പേരിൽ വിയോജിപ്പുയർത്തുന്നത്. അവയെ പരിഗണിക്കുകയും ഭയക്കുകയും ചെയ്യേണ്ടി വരുന്നു എന്ന യാഥാർത്ഥ്യം എത്ര ലജ്ജാവഹമാണ്.

പഠനങ്ങൾ സൂചിപ്പിക്കുന്നത് മിശ്രവിദ്യാലയങ്ങൾ കുട്ടികളുടെ വിദ്യാഭ്യാസ ഗുണനിലവാരത്തെയും പഠനഫലത്തെയും ഗുണപരമായി സ്വാധീനിക്കുന്നു എന്നാണ്. അതേസമയം ലിംഗവിഭജനം കൊണ്ട് കാര്യമായ എന്തെങ്കിലും നേട്ടമുള്ളതായി നിഷ്പക്ഷമായ പഠനങ്ങൾ ഒന്നും കണ്ടെത്തിയിട്ടുമില്ല.

ചരിത്രപരമായി; സമൂഹമാഗ്രഹിക്കുന്ന കർത്തവ്യങ്ങൾ പരിശീലിപ്പിക്കുന്ന കാലഹരണപ്പെട്ടൊരു സംവിധാനത്തിന്റെ തുടർച്ചയായിട്ടാണ് ഏകലിംഗ വിദ്യാലയങ്ങൾ ഉടലെടുക്കുന്നത്. ദൈവഭയത്തോടെ ജീവിക്കാനും ഗൃഹസ്ഥയായി വീട് ഭരിക്കാനും നല്ല ഭാര്യയായിരിക്കാനും മികച്ച അമ്മയാകാനും സ്ത്രീകൾക്ക് പരിശീലനം നൽകേണ്ടതുണ്ട് എന്ന് ഒരുകാലത്ത് (ഒരുപക്ഷേ ഇപ്പോഴും) വിശ്വസിക്കപ്പെട്ടു. അങ്ങനെയുള്ള പരിശീലനക്കളരികളായിരുന്നു ആദ്യഘട്ടത്തിലെ പെൺവിദ്യാഭ്യാസ ശാലകൾ. കേരളീയ വിദ്യാഭ്യാസമാതൃകയും മിഷനറിമാരിൽ നിന്ന്​ കടംകൊണ്ട ഇംഗ്ലീഷ് വിദ്യാഭ്യാസ സ​മ്പ്രദായവും സ്ത്രീകളുടെ സാമൂഹിക ഉത്തരവാദിത്തങ്ങളെ താഴ്ന്ന നിലയിൽ മാത്രമേ പരിഗണിച്ചിരുന്നുള്ളൂ. പ്രാർഥനായോഗങ്ങളും നൈപുണ്യവികസന പരിശീലനങ്ങളുമായി അവ സ്ത്രീകളുടെ രണ്ടാംപദവി ഉറപ്പിച്ചെടുത്തു. പിന്നീട് പല ഘട്ടങ്ങളിലായി നടന്ന വിദ്യാഭ്യാസ പരിഷ്‌കരണങ്ങളും ഫെമിനിസ്റ്റ് ചലനങ്ങളും സാകല്യ വിദ്യാഭ്യാസം (inclusive education) സംബന്ധിച്ച ആശയങ്ങളും സ്ത്രീവിദ്യാഭ്യാസത്തെക്കുറിച്ചുള്ള ധാരണകളെ പരിഷ്‌കരിച്ചു. എങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സഹ വിദ്യാഭ്യാസം നടപ്പിലാക്കേണ്ടതു സംബന്ധിച്ച ശക്തമായ നിഷ്‌കർഷകൾ ഉണ്ടായില്ല.

എല്ലാ മതസ്ഥാപനങ്ങളും വിദ്യാലയങ്ങൾ നടത്താൻ മുതിർന്നപ്പോൾ അതുവരെ സ്ത്രീകൾക്ക് സമൂഹത്തിലിറങ്ങിയുള്ള വിനിമയങ്ങളെല്ലാം നിഷിദ്ധമാക്കിയിരുന്ന ഇസ്​ലാമിക സംഘങ്ങൾക്കും പുരോഗമിച്ചേ കഴിയൂ എന്ന സാഹചര്യം ഉടലെടുത്തു. മിഷണറിമാരാൽ തുടങ്ങിവെച്ച പെൺവിദ്യാലയങ്ങളുടെ മാതൃക മൂന്നിലുണ്ടായിരുന്നതിനാൽ മതതാല്പര്യങ്ങൾ സംരക്ഷിച്ച്​ മുന്നോട്ടുപോകുന്നതിന് അവർക്കു തടസമുണ്ടായില്ല. പൊതുസമൂഹത്തിനുമുന്നിൽ നിന്ന് തങ്ങളുടെ യാഥാസ്​ഥിതിക നിലപാടുകൾ മറച്ചുവെക്കുന്നതിൽ ഈ സ്ഥാപനങ്ങൾ സെമറ്റിക് മതങ്ങൾക്കൊരു മറയായി. ഇന്ന്; അതിർവരമ്പുകളെ തൂത്തുമാറ്റി പുതിയ ആശയങ്ങൾ പ്രായോഗികമാകും എന്ന സ്ഥിതി വരുമ്പോൾ ഈ പൊയ്​മുഖം പുറത്താക്കപ്പെടും എന്ന സ്ഥിതി ആഗതമായിരിക്കുന്നു.

വൈകാരികമായ അനേകം മുറിവുകളും അപമാനിക്കപ്പെട്ടതിന്റെ ഓർമകളും കൊണ്ടാണ് പല വിദ്യാർത്ഥികളും സ്‌കൂൾ കാലത്തുനിന്ന് ഇറങ്ങിയോടുന്നത്.

സ്ത്രീ പുരുഷ സംസർഗ്ഗം എന്നാൽ ലൈംഗികാധിഷ്ടിതം മാത്രമാണെന്ന കേവലബുദ്ധികളാണ് സഹവിദ്യാഭ്യാസം സംബന്ധിച്ച ഇപ്പോഴത്തെ ചർച്ചയെ സംശയിക്കുന്നവർ. സ്‌കൂളുകളിലെ ലിംഗഭേദമില്ലാതായാൽ മിശ്രവിവാഹം നടന്ന് താന്താങ്ങളുടെ മതത്തിൽ ആളെണ്ണം കുറയും എന്നവർ ഭയപ്പെടുന്നു. പെൺകുട്ടികൾ അസാന്മാർഗ്ഗികളായിത്തീരുമെന്നും ലൈംഗിക അരാജകത്വം പുലരുമെന്നും അവർ ആശങ്ക ഉയർത്തുന്നു. സത്യത്തിൽ, പെൺശരീരത്തിന്റെ വിശുദ്ധിയെ പ്രതി ഇത്രയേറെ ആകുലപ്പെടുന്ന ഈ ആൺബോധത്തെയാണ് വിദ്യാഭ്യാസം കൊണ്ട് നാം നേരിടേണ്ടത്. അങ്ങനെ സ്വന്തം നിലനിൽപ്പിനെ സംബന്ധിച്ച് സ്വയം തീരുമാനമെടുക്കാൻ പ്രാപ്തരായ മനുഷ്യരെ നിർമിക്കുകയാണ് ഓരോ വിദ്യാലയങ്ങളും ചെയ്യേണ്ടത്. എതിർക്കുന്നവർ ഭയപ്പെടുന്നതും ഇതുതന്നെയാണ്. തങ്ങളുടെ കൂടു വിട്ട്​ ആകാശത്തിലേക്കു പറന്നു പോകുന്ന പെൺകുട്ടികളെ അവർ ഭയക്കുന്നു.

ആൺകുട്ടികളോട് ഇടപെടുകയും അടുത്തിരിക്കുകയും ചെയ്യുന്ന പെൺകുട്ടികളെ ‘ഇളക്കക്കാരി'കളും ‘അഴിഞ്ഞാട്ടക്കാരി'കളുമായി കണക്കാക്കാത്ത എത്ര അധ്യാപകരുണ്ട്​? കുട്ടികളെ നിർബന്ധപൂർവ്വം അകത്തിയിരുത്തുന്ന; അടുത്തിരിക്കുന്നവരിൽ അശ്ലീലം കാണുന്നവരാണ് ഭൂരിപക്ഷം അധ്യാപകരും.

പൊതുസമൂഹത്തിൽ നിന്നുയരുന്ന എതിർപ്പുകളെ മാറ്റിനിർത്താം. ആത്യന്തികമായി ഇതൊക്കെ നടപ്പിലാകേണ്ട ഇടങ്ങൾ വിദ്യാലയങ്ങളാണെന്നിരിക്കെ, കാര്യങ്ങൾ പ്രായോഗികമാക്കാൻ മുൻകൈ എടുക്കേണ്ടത് അദ്ധ്യാപകരാണ്. കേരളത്തിലെ ശരാശരി അദ്ധ്യാപകർ നിലവിലെ ചർച്ചകളെ എങ്ങനെയാകും മനസിലാക്കുന്നത്? ആൺകുട്ടികളോട് ഇടപെടുകയും അടുത്തിരിക്കുകയും ചെയ്യുന്ന പെൺകുട്ടികളെ ‘ഇളക്കക്കാരി'കളും ‘അഴിഞ്ഞാട്ടക്കാരി'കളുമായി കണക്കാക്കാത്ത എത്ര അധ്യാപകർ ഇപ്പോഴും നമ്മുടെ വിദ്യാലയങ്ങളിലുണ്ടാകും? കുട്ടികളെ നിർബന്ധപൂർവ്വം അകത്തിയിരുത്തുന്ന; അടുത്തിരിക്കുന്നവരിൽ അശ്ലീലം കാണുന്നവരാണ് ഭൂരിപക്ഷം അധ്യാപകരും. മുന്നിലിരിയ്ക്കുന്ന വിദ്യാർത്ഥിനിയുടെ നെഞ്ചിൽ നോക്കി ‘വത്തക്ക' എന്ന ആൺനോട്ടമായക്കുമ്പോൾ മാത്രമല്ല, ‘ഇനിയാവർത്തിച്ചാൽ പിടിച്ച് പെൺപിള്ളേരുടെ ഇടയിലിരുത്തും' എന്ന താക്കീതുകളും ഇതേ ബോധരഹിത്യത്തിന്റെ തെളിവാണ്. അധ്യാപകരായതു കൊണ്ടല്ല, ഈ സമൂഹത്തിന്റെ പരിശ്ചേദമെന്ന നിലയിലാണ് പലരും ക്ലാസ്​മുറികളിലെ സദാചാര സംരക്ഷകരാകുന്നത്. നിർഭാഗ്യവശാൽ, കടന്നുവന്ന പരിശീലനവ്യവസ്ഥയിൽ, ഈ അദ്ധ്യാപകരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട മൂല്യങ്ങളും ഇതുതന്നെയാണ്.

ആദി

ക്വിയർ ആക്റ്റിവിസ്റ്റ് ആദി, തന്റെ ബി.എഡ് ക്ലാസ് മുറിയെക്കുറിച്ചും അധ്യാപകരിൽ നിന്നും സഹപാഠികളിൽ നിന്നും താൻ നേരിട്ട തീവ്രമായ ആക്ഷേപങ്ങളെക്കുറിച്ചും തുറന്നെഴുത്ത് നടത്തിയത് ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. ഇതുകൊണ്ടൊക്കെ തന്നെ, നിയമവും നിർബന്ധിത നിർദ്ദേശങ്ങളും തുടർച്ചയായ പരിശീലനങ്ങളും നൽകി കൃത്യമായ ഉൾക്കാഴ്ചയിൽ മാത്രമേ അധ്യാപക സമൂഹത്തെ ലിംഗനീതിയുടെ ബാലപാഠങ്ങളിൽ എത്തിക്കാനാകൂ. മറ്റൊരു തരത്തിൽ പറഞ്ഞാൽ, തങ്ങൾ പഠിച്ചതും പരിശീലിച്ചതും മനപ്പൂർവ്വം മറന്നുകൊണ്ടേ അദ്ധ്യാപകർക്ക് ഈ ആശയം നടപ്പിലാക്കാനുള്ള ശേഷിയാർജ്ജിക്കാൻ കഴിയൂ.

ലോകത്തിന്റെ സകലവിനിമയങ്ങളിലേക്കും കുട്ടികളെ പ്രാപ്തരാക്കാൻ ബാധ്യതപ്പെട്ട സ്ഥാപനങ്ങളാണ് സ്‌കൂളുകൾ. അതിനനുവദിക്കാതെ അടഞ്ഞ ലോകങ്ങളിൽ അവരെ പരുവപ്പെടുത്തുന്നത് മുഴുവൻ സമൂഹത്തിന്റെയും മുന്നോട്ടു പോക്കിനെ തടസപ്പെടുത്തും. വികാരങ്ങളെ കൂടി പരിഗണിക്കുകയും പരുവപ്പെടുത്തുകയും ചെയ്യേണ്ട വിദ്യാലയങ്ങൾ, വിദ്യാഭ്യാസപ്രക്രിയയിലൂടെ കടന്നു പോകുന്ന കുട്ടിയുടെ ഓരോ നിമിഷത്തെയും ജീവിതപാഠമാക്കാനുള്ള ശേഷി കൂടി കൈമാറേണ്ടതുണ്ട്. അതുകൊണ്ട് തന്നെ, ലിംഗഭേദം പറഞ്ഞ് കുട്ടികളെ അകറ്റി ഇരുത്തുകയോ കൂടുതൽ ലിംഗാധിഷ്ഠിത സ്‌കൂളുകൾ ഉണ്ടാക്കുകയോ അല്ല വേണ്ടത്. ഒന്നിച്ച് പഠിക്കാനുള്ള അന്തരീക്ഷമൊരുക്കുകയും അതിനെ പരിപാലിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയുമാണ് കരണീയം. പൊതുമര്യാദകളും പെരുമാറ്റച്ചട്ടങ്ങളും നിലവിൽ കൊണ്ട് വരികയും ആരോഗ്യകരമായ സഹവർത്തിത്വം പുലർത്തേണ്ടത് എങ്ങനെയാണ് എന്ന പ്രായോഗിക പരിജ്ഞാനം പ്രവർത്തിയിലൂടെ കുട്ടി സ്വയത്തമാക്കുകയും ചെയ്യേണ്ടതുണ്ട്.

അടുത്തടുത്ത സീറ്റുകളിൽ ഇരിക്കുക പോലും ചെയ്യരുതെന്ന് വിലക്കുന്ന ഗുണകാംശികൾ ഭാവി സമൂഹത്തിലെ തൊഴിലിടങ്ങളിൽ, പൊതുവിടങ്ങളിൽ സ്ത്രീകൾ ഉണ്ടാവില്ല എന്നാകുമോ കരുതുന്നുണ്ടാവുക?

പാഠ്യവിഷയങ്ങൾ മനസിലാക്കുന്നതിനോടൊപ്പം കൗമാരത്തിന്റെ വൈകാരികവേലിയേറ്റങ്ങളെ സാധാരണീകരിക്കാനും ക്ലാസ് മുറികൾക്ക് സാധിക്കും. പ്രണയിക്കാനും, നിരസിക്കപ്പെടുന്ന പ്രണയത്തെ പക്വതയോടെ കൈകാര്യം ചെയ്യാനും, മറ്റൊരാളുടെ വ്യക്തിപരമായ അതിരുകൾ എന്താണ്-എവിടെ വരെയാണ് എന്ന് മനസിലാക്കാനും, അനുമതിയോടെ മാത്രം അപരന്റെ ശരീരത്തെ സമീപിക്കാനും കുട്ടികൾ പരിശീലനം അർഹിക്കുന്നു. ചുരുക്കത്തിൽ, വിദ്യാഭ്യാസം എന്ന വാക്കിൽ ഇതെല്ലാമുൾപ്പെടും. അങ്ങനെ മനസിലാക്കാത്തവർ സമൂഹത്തിൽ ഇന്നുമുണ്ടെങ്കിൽ അതവരുടെ പിഴയാണ്, പരിമിതിയാണ്. അതിനുള്ളിൽ നിന്നുകൊണ്ട് പുതുതലമുറയുടെ അവകാശങ്ങൾക്ക് പരിധി നിർണയിക്കുന്നത് തുറന്ന അവകാശനിഷേധവും ആദർശരാഹിത്യവുമാണ്. അടുത്തടുത്ത സീറ്റുകളിൽ ഇരിക്കുക പോലും ചെയ്യരുതെന്ന് വിലക്കുന്ന ഗുണകാംശികൾ ഭാവി സമൂഹത്തിലെ തൊഴിലിടങ്ങളിൽ, പൊതുവിടങ്ങളിൽ സ്ത്രീകൾ ഉണ്ടാവില്ല എന്നാകുമോ കരുതുന്നുണ്ടാവുക?

സഹവിദ്യാഭ്യാസം നടപ്പിലാക്കുന്ന വിദ്യാലയങ്ങൾ പോലും കുട്ടികളെ കൈകാര്യം ചെയ്യുന്നതിൽ വരുത്തുന്ന വീഴ്ചകൾ അനേകമാണ്. ആർത്തവ സംബന്ധിയായ ക്ലാസുകളും പ്രത്യുത്പാദന പാഠങ്ങളും വേർതിരിച്ചിരുത്തി പഠിപ്പിക്കുകയും പ്രേമലേഖനം പിടിച്ചാൽ കൊലപാതകികളോടെന്ന പോലെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന മിശ്രവിദ്യാലയങ്ങൾ എത്ര വൈകാരിക ആഘാതമാണ് കുട്ടികളിൽ തീർക്കുന്നത്. തന്നെയല്ല, ‘ആൺകൂട്ടികൾ കലാവിഷയങ്ങളിൽ പിന്നിലാണ്', ‘കണക്കിൽ പെൺകുട്ടികൾ മണ്ടികളാണ്', ‘കായികപ്പണികളിൽ ആൺകുട്ടികളാണ് മിടുക്കർ', ‘നന്നായി സംസാരിക്കാൻ പെൺകുട്ടികളാണ് മിടുക്കികൾ', ‘ഒരുങ്ങിവരുന്ന പെൺകുട്ടികൾ അത്ര ശരിയല്ല' തുടങ്ങി എന്തെല്ലാം മുൻധാരണകളാണ് സ്‌കൂളുകൾ ചേർന്ന് ഉണ്ടാക്കിത്തീർത്തിരിക്കുന്നത്. ഒന്നിച്ചുള്ള ക്ലാസ് മുറികൾ തന്നെ ഇങ്ങനെയാണെങ്കിൽ, ലിംഗാടിസ്ഥാനത്തിൽ മാത്രം പ്രവേശനം നൽകുന്ന വിദ്യാലയങ്ങളിലെ സ്ഥിതി പറയാനുണ്ടോ?

എതിർലിംഗത്തിലുള്ള സമപ്രായക്കാരെ സംബന്ധിച്ച് അവർ നിർമിക്കുന്ന കാഴ്ചപ്പാടുകൾ എത്രത്തോളം വാസ്തവവിരുദ്ധവും വക്രീകൃതവുമാണ്. ‘മുഖക്കുരുവുള്ള പെണ്ണുങ്ങൾ പെട്ടെന്ന് വളയും', ‘സ്ലീവ്‌ലെസ്ധാരികൾ പോക്ക് കേസുകളാണ്', ‘ആണുങ്ങളെയെല്ലാം പ്രേമിച്ചു പറ്റിക്കുന്ന തേപ്പുകാരികളാണ് പെണ്ണുങ്ങൾ', ‘ബസിൽ മേലൂരുമ്മുന്ന ചേട്ടന്മാരെ പെണ്ണുങ്ങൾക്ക് സത്യത്തിൽ ഇഷ്ടമാണ്' തുടങ്ങി ഉൾക്കിടിലമുണ്ടാക്കുന്ന ഭീകരമായ ചിന്തകൾ! ഒന്ന് ശ്രദ്ധിക്കൂ: ‘രാത്രി കണ്ടവന്റെ കൂടെ കയ്യില്ലാത്ത ഉടുപ്പുമയിട്ട് ഇറങ്ങി നടന്നവളല്ലേ, അവളൊക്കെ ബലാൽസംഗം ചെയ്യപ്പെട്ടില്ലെങ്കിലേ അതിശയമുള്ളൂ' എന്ന പരിചിതമായ ആ ആക്രോശത്തിൽനിന്ന് നിങ്ങളുടെ ക്ലാസുമുറിയിലെ ആൺകുട്ടികളുടെ ശബ്ദം വേറിട്ടു കേൾക്കാനാകുന്നില്ലേ?

രക്ഷകർത്താക്കളെയും പൊതുസമൂഹത്തെയും വിദ്യാഭ്യാസ ഗുണനിലവാരം മുൻനിർത്തി മേൽസാഹചര്യങ്ങൾ ബോധ്യപ്പെടുത്താനും കൂടുതൽ പ്രായോഗിക പഠനങ്ങൾ നടത്തി ശാസ്ത്രീയമായി നിയമവത്കരിക്കാനും സർക്കാരിന് സാധിക്കേണ്ടതുണ്ട്.

നിശ്ചയമായും മാറ്റം അനിവാര്യമാണ്. എന്നാൽ, കേവലമായ കൂടിയിരുപ്പ് ചർച്ചകളിൽ നിന്നുടലെടുക്കുന്ന തീരുമാനങ്ങളോ പിന്തിരിപ്പൻ മൂല്യങ്ങളിൽ നിന്നുയരുന്ന വൈകാരിക തടസവാദങ്ങളോ അല്ല അത് നിർണയിക്കേണ്ടത്. സഹവിദ്യാഭ്യാസം സംബന്ധിച്ച നിലവിലെ ചർച്ചകൾ ലിംഗനീതിയിൽ മാത്രമധിഷ്ഠിതമാണ്. നിലനില്ക്കുന്ന സംവിധാനത്തിന്റെ പോരായ്മകൾ പരിശോധിക്കുകയും മുന്നോട്ടു വെക്കുന്ന സംവിധാനത്തിന് ഉണ്ടാകാനിടയുള്ള മേന്മകൾ ചർച്ചയുടെ കേന്ദ്രത്തിൽ വരികയും വേണം. കുട്ടികളിൽ ഈ മാറ്റം എങ്ങനെ പ്രതിഫലിക്കും എന്നതുസംബന്ധിച്ച കൃത്യമായ പഠനങ്ങളും വിശകലനങ്ങളും ഉണ്ടാകണം. എങ്കിലേ യുക്തിസഹമായി അതിന്റെ ഗുണദോഷങ്ങൾ തിരിച്ചറിയാനും ആശയം ശാശ്വതമായി നടപ്പിലാക്കാനും കഴിയൂ.

ഇതിനോടകം മറ്റു രാജ്യങ്ങളിൽ നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത് മിശ്രവിദ്യാലയങ്ങൾ കുട്ടികളുടെ വിദ്യാഭ്യാസ ഗുണനിലവാരത്തെയും പഠനഫലത്തെയും ഗുണപരമായി സ്വാധീനിക്കുന്നു എന്നാണ്. അതേസമയം ലിംഗവിഭജനം കൊണ്ട് കാര്യമായ എന്തെങ്കിലും നേട്ടമുള്ളതായി നിഷ്പക്ഷമായ പഠനങ്ങൾ ഒന്നും കണ്ടെത്തിയിട്ടുമില്ല. ഈ സാഹചര്യത്തിൽ, രക്ഷകർത്താക്കളെയും പൊതുസമൂഹത്തെയും വിദ്യാഭ്യാസ ഗുണനിലവാരം മുൻനിർത്തി മേൽസാഹചര്യങ്ങൾ ബോധ്യപ്പെടുത്താനും കൂടുതൽ പ്രായോഗിക പഠനങ്ങൾ നടത്തി ശാസ്ത്രീയമായി നിയമവത്കരിക്കാനും സർക്കാരിന് സാധിക്കേണ്ടതുണ്ട്.

നിശ്ചയമായും മാറ്റം അനിവാര്യമാണ്. എന്നാൽ, കേവലമായ കൂടിയിരുപ്പ് ചർച്ചകളിൽ നിന്നുടലെടുക്കുന്ന തീരുമാനങ്ങളോ പിന്തിരിപ്പൻ മൂല്യങ്ങളിൽ നിന്നുയരുന്ന വൈകാരിക തടസവാദങ്ങളോ അല്ല അത് നിർണയിക്കേണ്ടത്. സഹവിദ്യാഭ്യാസം സംബന്ധിച്ച നിലവിലെ ചർച്ചകൾ ലിംഗനീതിയിൽ മാത്രമധിഷ്ഠിതമാണ്. നിലനില്ക്കുന്ന സംവിധാനത്തിന്റെ പോരായ്മകൾ പരിശോധിക്കുകയും മുന്നോട്ടു വെക്കുന്ന സംവിധാനത്തിന് ഉണ്ടാകാനിടയുള്ള മേന്മകൾ ചർച്ചയുടെ കേന്ദ്രത്തിൽ വരികയും വേണം.

അലിഖിത നിയമങ്ങൾക്കും സംസ്‌കാരസംരക്ഷണത്തിനുമായി നീക്കിവെക്കുന്ന താല്പര്യത്തിന്റെ ഒരംശമെങ്കിലും എഴുതപ്പെട്ട ഭരണഘടന പാലിക്കുന്നതിൽ നാം അനുവർത്തിക്കേണ്ടതുണ്ട്. സൗജന്യവും നിർബന്ധിതവുമായ നിലവാരമുള്ള വിദ്യാഭ്യാസം വേർതിരിവുകളില്ലാതെ നമ്മുടെ കുട്ടികൾക്ക് ലഭ്യമാകട്ടെ. അനാവശ്യ ചേരിതിരിവുകളുടെ അനന്തരഫലങ്ങൾ ഭാവി തലമുറയെ പ്രതികൂലമായി ബാധിക്കും എന്ന തിരിച്ചറിവ് ഭരണാധികാരികളിൽ പ്രവർത്തിക്കട്ടെ. തുടർന്നുപോന്നൊരു തെറ്റിനെ തിരുത്താനുള്ള സാമൂഹിക സന്ദർഭമായി ഈ ഘട്ടത്തെ തിരിച്ചറിഞ്ഞുകൊണ്ട് പുതിയ സ്‌കൂൾ മുറ്റങ്ങൾ വിഭാവനം ചെയ്യപ്പെടട്ടെ. അവിടെ; അടുത്തു നിന്നിട്ടും അയിത്തം കല്പിച്ച് കൈ പിടിക്കാതിരുന്ന ഞങ്ങളെ മറികടന്ന് പുതിയ കൂട്ടുകാർ കൈകോർത്ത് നടക്കട്ടെ. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ആദില കബീർ

കവി. തേവര സേക്രഡ്​ ഹാർട്ട്​ കോ​ളേജിൽ അസിസ്​റ്റൻറ്​ പ്രൊഫസർ. അവർണ, ശലഭമഴ, അമ്മാളു എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments