പ്രവീൺ നാഥ്​

പ്രവീൺ നാഥ്​ എഴുതി; ‘പൊതുസമൂഹത്തിന് തിരിച്ചറിവുണ്ടാകുന്നതുവരെ ഞങ്ങളുടെ സ്ട്രഗിളും തുടരും’

‘‘സാമൂഹികനീതി വകുപ്പിനുകീഴിൽ ട്രാൻസ്‌ജെന്റേഴ്​സിനായി നിരവധി പദ്ധതികളുണ്ട്. നല്ല രീതിയിൽ അവ നടപ്പാക്കുന്നുമുണ്ട്. ഇതൊന്നും ഒരു വാർത്തയായി കാണാറില്ല. ഇതെല്ലാം സമൂഹം അറിയണം, കുടുംബത്തിലെ അച്ഛനമ്മമാരും കുട്ടികളും അറിയണം. എന്നാലേ, ഇങ്ങനെയൊരു കമ്യൂണിറ്റിയുണ്ടെന്നും അവർക്ക് പ്രശ്‌നങ്ങളുണ്ടെന്നും അവർക്കും ബോധ്യമാകൂ.’’- ട്രാൻസ്​ മാൻ പ്രവീൺ നാഥ്​ എഴുതിയ ലേഖനം. വിഷം കഴിച്ച്​ ചികിത്സയിലിരിക്കേ, മെയ്​ നാലിന്​​ പ്രവീൺ നാഥ്​ മരിച്ചു​.

രു ഫീമെയിൽ ഐഡന്റിറ്റിയിൽ, മാനസികവും ശാരീരികവുമായി വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന സമയത്താണ്, അതിൽനിന്ന് പുറത്തുവരണമെന്ന് എനിക്കുതോന്നിയത്.

ഞാനന്ന്​ പത്താം ക്ലാസിൽ പഠിക്കുകയാണ്, പതിനഞ്ച് വയസ്.
ഒട്ടും പിടിച്ചുനിൽക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു അത്. അധ്യാപകരോടാണ് സംഘർഷം തുറന്നുപറഞ്ഞത്. ഒരു പുരുഷനായി ജീവിക്കാനാണ് ആഗ്രഹം, ഈ ഫീമെയിൽ ശരീരത്തിൽനിന്നുകൊണ്ട് എന്റെ യഥാർഥ ഫീലിംഗ്‌സുമായി ഒത്തുപോകാൻ കഴിയുന്നില്ല എന്നു പറഞ്ഞു. 2010 സമയമാണ്. സ്വവർഗരതി ക്രിമിനൽ കുറ്റമാക്കുന്ന ഐ.പി.സി 377ാം വകുപ്പ് നിലനിൽക്കുന്ന കാലം. ട്രാൻസ്‌ജെന്റേഴ്സി​നെക്കുറിച്ച് ആർക്കും അത്രയധികം വിവരങ്ങളില്ല. ഫീമെയിൽ ഐഡന്റിറ്റിയിൽനിന്നുകൊണ്ട് ഒരു ഫീമെയിലിനോട് ആകർഷണം തോന്നുന്നു എന്നു പറയുമ്പോൾ അവർ അതിനെ ലെസ്ബിയൻ ഐഡന്റിറ്റിയായിട്ടാണ് കാണുക.

‘എന്താണ് ഞാൻ' എന്ന ആശയക്കുഴപ്പത്തിൽനിന്ന് ‘ശരിക്കും എന്താണ് ഞാൻ' എന്നൊരു തിരിച്ചറിവിലേക്ക് എത്തുകയാണ്. അതുവരെ ഞാൻ വിചാരിച്ചിരുന്നത്, എന്റെ തോന്നലുകൾ ചികിത്സിക്കേണ്ട വല്ല അസുഖമാണോ എന്നായിരുന്നു. അതിനുപകരം, യഥാർഥ ഐഡന്റിറ്റിയിൽ നിന്ന്​ നമുക്ക് ജീവിക്കാൻ എല്ലാ അവകാശങ്ങളുമുണ്ട് എന്ന ബോധ്യത്തിലേക്ക് കൗൺസലിംഗിലൂടെ ഞാനെത്തി.

തുറന്നുപറച്ചിലിനെതുടർന്ന്​, എന്നെ ബംഗളൂരുവിലെ നിംഹാൻസ് ഹോസ്പിറ്റലിൽ കൗൺസലിംഗിന് കൊണ്ടുപോയി. അത് എന്നെ സംബന്ധിച്ച് വളരെ നല്ല അനുഭവമായിരുന്നു. ജൻഡർ ഐഡന്റിറ്റികളെക്കുറിച്ചും സെക്ഷ്വാലിറ്റിയെക്കുറിച്ചുമൊക്കെ ഞാൻ ഏറെ മനസ്സിലാക്കുന്നത് ആ കൗൺസലിംഗിൽ നിന്നാണ്. LGBTQ+ എന്ന അംബ്രല്ലാ ടേം പോലും അവിടെനിന്നാണ് ആദ്യമായി കേൾക്കുന്നത്. വളരെ ഇൻഫോർമേറ്റീവായിരുന്നു കൗൺസലിംഗ്. ‘എന്താണ് ഞാൻ' എന്ന ആശയക്കുഴപ്പത്തിൽനിന്ന് ‘ശരിക്കും എന്താണ് ഞാൻ' എന്നൊരു തിരിച്ചറിവിലേക്ക് എത്തുകയാണ്. അതുവരെ ഞാൻ വിചാരിച്ചിരുന്നത്, എന്റെ തോന്നലുകൾ ചികിത്സിക്കേണ്ട വല്ല അസുഖമാണോ എന്നായിരുന്നു. അതിനുപകരം, യഥാർഥ ഐഡന്റിറ്റിയിൽ നിന്ന്​ നമുക്ക് ജീവിക്കാൻ എല്ലാ അവകാശങ്ങളുമുണ്ട് എന്ന ബോധ്യത്തിലേക്ക് കൗൺസലിംഗിലൂടെ ഞാനെത്തി. പ്രായപൂർത്തിയിലെത്തുകയും വിദ്യാഭ്യാസം തുടരുകയും സാമ്പത്തിക ഭദ്രത കൈവരിക്കുകയും ചെയ്​ത്​, നമ്മുടെ ഐഡന്റിറ്റിയിൽ ജീവിക്കാം എന്ന അറിവ് ആ കൗൺസലിംഗിലൂടെയുണ്ടാകുകയാണ്​.

ബോഡിബിൽഡിങ്ങ് മത്സരത്തിനിടെ പ്രവീൺനാഥ്‌

കൗൺസലിംഗിനുശേഷം, അധ്യാപകരും ഏറെ സഹായിച്ചു. എസ്.എസ്.എൽ.സി പരീക്ഷ എഴുതാനൊക്കെ അവരുടെ പിന്തുണയുണ്ടായിരുന്നു. വീട്ടുകാരുടെ ഭാഗത്തുനിന്ന് തുടക്കത്തിൽ സപ്പോർട്ടുണ്ടായിരുന്നില്ല. ചേട്ടന്മാർ വലിയ പിന്തുണ നൽകിയില്ല. അമ്മക്ക് ആദ്യം ഈ അവസ്ഥ ഉൾക്കൊള്ളാനായില്ല, അവർ വളരെ സെന്റിമെന്റലായിരുന്നു. രണ്ടുവർഷം പ്ലസ് ടു വീട്ടിൽനിന്നുതന്നെയാണ് പഠിച്ചത്. ഡിഗ്രിക്ക് പാലക്കാട് നെന്മാറ എൻ.എസ്.എസ് കോളേജിലാണ് ചേർന്നത്. എന്റെ പഴയ ഫീമെയിൽ ഐഡന്റിറ്റിയിലാണ് കോളേജിൽ ചേരുന്നത്. എന്നാൽ, അത് തുടരാൻ കഴിയാത്ത സാഹചര്യത്തിൽ ഞാൻ, ട്രാൻസ്​മെൻ എന്ന സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തി. അപ്പോൾ പ്രശ്‌നങ്ങൾ തുടങ്ങി. ട്രാൻസ്‌മെൻ ഐഡന്റിറ്റിയിൽനിന്ന് പഠിക്കാനുള്ള സാധ്യത അവിടെയുണ്ടായിരുന്നില്ല.
ഞാൻ അനുഭവിക്കുന്ന ഐഡന്റിറ്റി ക്രൈസിസ് പ്രിൻസിപ്പലിനോട് തുറന്നുപറഞ്ഞിരുന്നു. പഠനം തുടരാൻ സഹായം നൽകണമെന്ന്, ലിംഗ- ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ‘സഹയാത്രിക' എന്ന സംഘടനയുടെ അംഗങ്ങൾ പ്രിൻസിപ്പലിനെ കണ്ട് ആവശ്യപ്പെട്ടു. ഇങ്ങനെയൊരു ഐഡന്റിറ്റിയിൽനിന്ന്​ പഠിക്കാൻ പറ്റില്ല എന്നൊന്നും അവർ പറഞ്ഞില്ല. പക്ഷെ, പലതരം ബുദ്ധിമുട്ടുകളുണ്ടായിരുന്നു. യൂണിഫോമായിരുന്നു ഒരു പ്രശ്‌നം. ഷർട്ടും പാന്റും യൂണിഫോമായി ധരിക്കാൻ സൗകര്യമുണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടു. കുറെ കഴിഞ്ഞശേഷമാണ് ഈ ആവശ്യം അംഗീകരിച്ചത്. ഐഡന്റിറ്റി വെളിപ്പെടുത്തിയശേഷം പ്രിൻസിപ്പൽ അമ്മയെ വിളിച്ച് സംസാരിച്ചു. ഹോർമോൺ എടുക്കുന്നതിനെക്കുറിച്ചൊക്കെ വളരെ മോശമായ രീതിയിലാണ് അമ്മയോട് കമ്യൂണിക്കേറ്റ് ചെയ്തത്. ഞാൻ ഒട്ടും കംഫർട്ടബിളായിരുന്നില്ല. അങ്ങനെ, 18ാം വയസ്സിൽ വീട്ടിൽനിന്ന് പുറത്തുപോരാൻ തീരുമാനിച്ചു. ‘സഹയാത്രിക'യാണ് അന്ന് സഹായിച്ചത്. സ്വന്തം ഐഡന്റിറ്റിയിലും സ്വന്തം കാലിലും നിന്ന് ജീവിക്കാനുള്ള തീരുമാനം അന്നെടുത്തു.

വീടുവിട്ടിറങ്ങിയശേഷമാണ് അമ്മ എന്റെ അവസ്ഥ മനസ്സിലാക്കാൻ തുടങ്ങിയത്.
നെന്മാറ കോളേജിൽനിന്ന് മൂന്നാംവർഷമാണ് ടി.സി വാങ്ങി പോന്നത്. അതുവരെ പ്രവീണ ആയിരുന്ന ഞാൻ പ്രവീൺ നാഥ് ആയി എറണാകുളം മഹാരാജാസ് കോളേജിൽ ബി.എ ഇംഗ്ലീഷിന് ചേർന്നു. പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഞങ്ങൾ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകിയിരുന്നു. അങ്ങനെയാണ്, കോളേജുകളിൽ ട്രാൻസ്‌ജെന്ററുകൾക്ക് രണ്ടു സീറ്റ് നീക്കിവക്കാൻ 2019ൽ സർക്കാർ ഉത്തരവിട്ടത്. അങ്ങനെയാണ് ഞാനും ദയ ഗായത്രിയും തീർഥ സാവികയും മഹാരാജാസിലെത്തിയത്.

തൃശ്ശൂരിലെ പ്രൈഡ് മാസാഘോഷങ്ങളിക്കിടെ പ്രവീൺനാഥും അമ്മയും

വളരെ നല്ല അന്തരീക്ഷമായിരുന്നു മഹാരാജാസിലേത്. ഞങ്ങളുടെ ആദ്യ ദിവസം ഒരു ചരിത്രനിമിഷമായിരുന്നു, വളരെ അഭിമാനകരമായ നിമിഷം. യഥാർഥ ഐഡന്റിറ്റിയിൽനിന്നുകൊണ്ട്, വളരെ കംഫർട്ടബിളായ സ്‌പെയ്‌സിൽ പഠിക്കാനാകുക, അംഗീകാരം കിട്ടുക എന്നത് വലിയ കാര്യമായിരുന്നു. ഒരുതരത്തിലുമുള്ള വേർതിരിവുമില്ലാതെയാണ് ഞങ്ങളെ സഹപാഠികൾ സ്വീകരിച്ചത്. അധ്യാപകരും വളരെ പിന്തുണച്ചു. ട്രാൻസ്‌ജെൻഡർ ഐഡന്റിറ്റിയിൽനിന്ന് പഠിക്കുന്നവർ എന്ന രീതിയിലായിരുന്നില്ല ഞങ്ങളെ കണ്ടത്, മറിച്ച്​, എല്ലാവരെയും പോലെ മനുഷ്യരായി. മഹാരാജാസിന്റെ പൊളിറ്റിക്‌സിൽ ആണും പെണ്ണും മാറിയിരിക്കുക എന്നോ ക്ലാസിൽ വേർതിരിഞ്ഞിരിക്കുക എന്നോ ഉള്ള അവസ്ഥയില്ല. അതുകൊണ്ടുതന്നെ, ഞങ്ങളെല്ലാവരും ഒന്നിച്ചാണ് ഭക്ഷണം കഴിച്ചിരുന്നത്, മിക്‌സഡായിട്ടാണ് ക്ലാസിലിരുന്നത്. എന്റെ ബഞ്ചിൽ തൊട്ടടുത്ത് ആൺ- പെൺ സുഹൃത്തുക്കളെല്ലാമുണ്ടായിരുന്നു. യൂണിഫോം ഇല്ലാത്തതിനാൽ, ഇഷ്ടമുള്ളത് ധരിക്കാനും സ്വാതന്ത്ര്യമുണ്ടായിരുന്നു. ജൻഡർ ന്യൂട്രലായ ടോയ്‌ലറ്റ് ഉണ്ടായിരുന്നില്ല എന്നത് തുടക്കത്തിൽ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അല്ലാതെ മറ്റൊരുതരത്തിലും മഹാരാജാസ് ഞങ്ങളെ വിഷമിപ്പിച്ചില്ല.
പഠിക്കാൻ ബുദ്ധിമുട്ടിയപ്പോഴും ഫീസ്, ഹോസ്റ്റൽ ഫീസ്, ജോലി അന്വേഷണം എന്നീ കാര്യങ്ങളിലും അധ്യാപകർ ഏറെ സഹായിച്ചു.

മഹാരാജാസിലെ വിദ്യാർഥി സംഘടനകൾക്ക് ഞങ്ങളുടെ വിഷയത്തിൽ തുടക്കത്തിൽ അൽപം ആശയക്കുഴപ്പമുണ്ടായിരുന്നു. നമ്മുടെ വിഷയം അവർ കേൾക്കുന്നുണ്ട്, സഹകരിക്കുന്നുണ്ട്, എന്നാൽ വേണ്ടത്ര ഇടപെടലുകളുണ്ടാകാറില്ല. കാരണം, സർക്കാർ ഉത്തരവിറങ്ങിയശേഷം, 2019ലാണ് ഇങ്ങനെയൊരു വിഷയം പൊതുശ്രദ്ധയിൽ വരുന്നത്. അതിനുമുമ്പ് ഐഡന്റിറ്റി ഒളിപ്പിച്ചുവച്ചാണ് പലരും പഠിച്ചുകൊണ്ടിരുന്നത്. ഇങ്ങനെയൊരു സാഹചര്യമുണ്ടായപ്പോൾ ഏതു രീതിയിൽ ഞങ്ങളെ സപ്പോർട്ട് ചെയ്യണം എന്ന ആശയക്കുഴപ്പം വിദ്യാർഥി സംഘടനകൾക്കുണ്ടായിരുന്നു. പിന്നീട് എല്ലാ സംഘടനകളും ഈ വിഷയവുമായി ബന്ധപ്പെട്ട തിരിച്ചറിവിലേക്കുവന്നിട്ടുണ്ട്. കേരളത്തിൽ ആദ്യമായിട്ടാണ് എസ്.എഫ്.ഐ അടക്കമുള്ള വിദ്യാർഥി സംഘടനകൾ എല്ലാ കോളേജുകളിലും കഴിഞ്ഞ പ്രൈഡ് മാസവുമായി ബന്ധപ്പെട്ട് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. അതിലേക്ക് ട്രാൻസ്‌ജെന്റർ കമ്യൂണിറ്റിയുള്ളവരെ അതിഥികളായി വിളിച്ച് അവരുടെ അനുഭവം പങ്കിടാൻ വേദിയൊരുക്കുകയും അതൊരു ആഘോഷമാക്കി മാറ്റുകയും ചെയ്തു. എങ്ങനെയാണ് ഇത്തരമൊരു സാഹചര്യം കൈകാര്യം ചെയ്യുക എന്ന കാര്യത്തിൽ ഇപ്പോൾ എല്ലാ സംഘടനകളും ഞങ്ങളോടൊപ്പം നിൽക്കുന്നുണ്ട്.

മഹാരാജാസ്

മഹാരാജാസിലായതുകൊണ്ടാണ് ഞങ്ങൾക്ക് അനുകൂലമായ അന്തരീക്ഷമുണ്ടായത് എന്ന് ഞാൻ കരുതുന്നില്ല. കേരളത്തിൽ ഒരുപാട് കോളേജുകളിലും സ്‌കൂളുകളിലും ട്രാൻസ്‌ജെന്റഡർ ഐഡന്റിറ്റി വെളിപ്പെടുത്തി നിരവധി പേർ പഠിക്കുന്നുണ്ട്. ഭൂരിഭാഗം പേരും വളരെ കംഫർട്ടബിളായ സാഹചര്യത്തിലാണ്, അവരുടെ ഐഡന്റിറ്റിയിൽ നിന്ന്​ പഠിക്കുന്നത് എന്നുതോന്നുന്നു. മുമ്പ്, ചിലയിടങ്ങളിൽ ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെങ്കിലും സർക്കാർ ഉത്തരവ് വന്നശേഷം സ്ഥിതി ഏറെ മാറിയിട്ടുണ്ട്. ഇങ്ങനെയൊരു മാറ്റം സാധ്യമായതിൽ, സർക്കാർ ഉത്തരവിനും പങ്കുണ്ട്. സർക്കാർ ഉത്തരവ് വരുന്നതിനുമുമ്പ്, നിരവധി പേർ അവരുടെ ഐഡന്റിറ്റിയിൽ നിന്ന്​ പഠിക്കാൻ ഫൈറ്റ് ചെയ്യേണ്ടിവന്നിട്ടുണ്ട്. ട്രാൻസ്‌ജെൻഡർ വിദ്യാർഥികളെ എങ്ങനെ ട്രീറ്റ് ചെയ്യണം എന്ന ഒരു സർക്കാർ ഉത്തരവുണ്ടെങ്കിലേ എന്തെങ്കിലും ചെയ്യാൻ കഴിയൂ എന്നാണ് ഈ സ്ഥാപനങ്ങളെല്ലാം പറഞ്ഞിരുന്നത്. അതുകൊണ്ടുമാത്രമാണ്, ഇത്തരമൊരു ഉത്തരവിനുവേണ്ടി ഞങ്ങൾ അപേക്ഷ കൊടുത്തത്. അതുകൊണ്ടുതന്നെ, ഇങ്ങനെയൊരു അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടതിന്റെ 70 ശതമാനവും ക്രെഡിറ്റും സർക്കാർ ഉത്തരവിന് അവകാശപ്പെട്ടതാണ്.

മഹാരാജാസിന്റെ പൊളിറ്റിക്‌സിൽ ആണും പെണ്ണും മാറിയിരിക്കുക എന്നോ ക്ലാസിൽ വേർതിരിഞ്ഞിരിക്കുക എന്നോ ഉള്ള അവസ്ഥയില്ല. അതുകൊണ്ടുതന്നെ, ഞങ്ങളെല്ലാവരും ഒന്നിച്ചാണ് ഭക്ഷണം കഴിച്ചിരുന്നത്, മിക്‌സഡായിട്ടാണ് ക്ലാസിലിരുന്നത്. എന്റെ ബഞ്ചിൽ തൊട്ടടുത്ത് ആൺ- പെൺ സുഹൃത്തുക്കളെല്ലാമുണ്ടായിരുന്നു. യൂണിഫോം ഇല്ലാത്തതിനാൽ, ഇഷ്ടമുള്ളത് ധരിക്കാനും സ്വാതന്ത്ര്യമുണ്ടായിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികളെ ഇടകലർത്തിയിരുത്തണം എന്ന വിഷയം പോലും ഇപ്പോഴും, ഒരു വിവാദത്തിന്റെ രൂപത്തിൽ ചർച്ച ചെയ്യപ്പെടുന്നത് ഞങ്ങളെ വിഷമിപ്പിക്കുന്നുണ്ട്. ഒരുപാട് ക്വിയർ ആക്റ്റിവിസ്റ്റ് സംഘടനകളും മൂവ്‌മെൻറ്​സും കേരളത്തിലുണ്ട്. ജൻഡർ, സെക്ഷ്വാലിറ്റി, സെക്‌സ് എഡ്യുക്കേഷൻ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് എറ്റവുമധികം നിയമനടപടികൾ നടത്തിയിട്ടുള്ളത് ക്വിയർ കമ്യൂണിറ്റിയുമായി ബന്ധപ്പെട്ട സംഘടനകളാണ്. ഹെറ്ററോ സെക്ഷ്വൽ അല്ലെങ്കിൽ ഹെറ്ററോ നോർമേറ്റീവായി നിൽക്കുന്ന സംഘടനകളേക്കാൾ കൂടുതൽ ഇത്തരം വിഷയങ്ങൾ പാഠ്യപദ്ധതിയിലേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ടത് ക്വിയർ സംഘടനകളാണ്. എന്നിട്ടും സ്ത്രീയും പുരുഷനും എന്ന ബൈനറിയിൽനിന്നുതന്നെയാണ് നമ്മുടെ സമൂഹം ചിന്തിക്കുന്നത്.

photo/shahid_manakkappady

ജെൻഡറിനെയും സെക്ഷ്വാലിറ്റിയെയും കുറിച്ച് നമ്മൾ പല സ്‌കൂളുകളിലും പോയി സംസാരിക്കുന്നുണ്ട്, ബോധവൽക്കരണ ക്ലാസുകളെടുക്കുന്നുണ്ട്. എന്നിട്ടും ആൺ- പെൺ ബൈനറി മാറ്റമില്ലാതെ തുടരുന്നു. ഒരു ഇൻക്ലൂഷൻ കൊണ്ടുവരാൻ പല സ്ഥാപനങ്ങളും തയാറാകുന്നില്ല. ആണും പെണ്ണും എന്ന ഐഡന്റിറ്റിയിൽ നിന്നുകൊണ്ടു തന്നെയാണ്, വ്യക്തികൾ അവരുടെ യഥാർഥ ഐഡന്റിറ്റി തുറന്നുപറഞ്ഞ് പുറത്തേക്കുവരുന്നത്. അതായത്, ട്രാൻസ്‌ജെൻഡറോ ബൈ സെക്ഷ്വലോ ലെസ്ബിയനോ ഒക്കെ ആകുന്നത്, സ്‌കൂൾതലത്തിലെ ടീനേജ് പ്രായത്തിലാണ്. ആ കാലത്തുതന്നെ, വീണ്ടും ആ ബൈനറി ക്രിയേറ്റ് ചെയ്യുന്നത് പരിതാപകരമായ കാര്യം തന്നെയാണ്.

വിദ്യാഭ്യാസ സമ്പ്രദായം അടിമുടി തെറ്റാണ്, അത് മാറ്റണം എന്നൊന്നുമല്ല ഞങ്ങളുടെ ആവശ്യം. ജൻഡറും സെക്ഷ്വാലിറ്റിയുമായി ബന്ധപ്പെട്ട അടിസ്ഥാനവിഷയങ്ങൾ അഭിസംബോധന ചെയ്യപ്പെടണം. ഉദാഹരണത്തിന്, ‘കില’ ഇത്തരം വിഷയങ്ങളെക്കുറിച്ച് ഞങ്ങളുമായി ആശയവിനിമയം നടത്തി ഒരു പുസ്തകമായി തന്നെ പുറത്തിറക്കുന്നുണ്ട്. പഞ്ചായത്ത് തലത്തിൽ തന്നെ ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് പരിശീലനം കൊടുക്കുന്നുണ്ട്. ബൈനറിയെ പൊളിച്ചടുക്കുന്ന രീതിയിൽ വിഷയങ്ങൾ കൊണ്ടുവരികയാണ് ലക്ഷ്യം. കുടുംബം എന്നു പറയുമ്പോൾ ഇന്നും ആണും പെണ്ണും മാത്രമാണുള്ളത്. എന്നാൽ, അത് പുരുഷനും പുരുഷനുമാകാം, സ്ത്രീയും സ്ത്രീയുമാകാം, അവർക്കും അച്ഛനും അമ്മയുമാകും എന്ന തരത്തിലുള്ള തിരിച്ചറിവിലേക്ക് സമൂഹത്തെ നയിക്കാൻ, വിവിധ മേഖലകളിൽ ട്രാൻസ് പ്രാതിനിധ്യം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഉദാഹരണത്തിന് പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള കരിക്കുലം കമ്മിറ്റിയിൽ വിജയരാജമല്ലികയെ ഉൾപ്പെടുത്തിയിട്ടുണ്ട്. വിജയരാജമല്ലികയെപ്പോലുള്ള ആക്റ്റിവിസ്റ്റുകൾ വളരെ മികച്ച ഇൻഫ്‌ളൂവൻസറാണ്. ഈ വിഷയം ഇന്ന് ഇത്രയേറെ ശ്രദ്ധയിൽ വന്നിട്ടുണ്ടെങ്കിൽ, അതിനുപുറകിൽ വിജയരാജമല്ലികയെയും ശീതൾ ശ്യാമിനെയും പോലുള്ളവരുടെ ഇടപെടലുകളുണ്ട്.

ശീതൾശ്യാം, വിജയരാജമല്ലിക

എങ്കിലും, സർക്കാറിന്റെ ഭാഗത്തുനിന്ന് കുറെക്കൂടി ഇനീഷ്യേറ്റീവ് ആവശ്യമാണ്. കാരണം, പൊതുസമൂഹത്തിന് തിരിച്ചറിവുണ്ടാകാത്തിടത്തോളം കാലം ഞങ്ങളുടെ സ്ട്രഗിളും തുടരും. ഏതെങ്കിലും വിഭാഗങ്ങളുടെ ശമ്പളമോ പെൻഷനോ വർധിപ്പിച്ചാൽ, മാധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെ അവ റിപ്പോർട്ടുചെയ്യും. അതേസമയം, സർക്കാറിന്റെ സാമൂഹികനീതി വകുപ്പിനുകീഴിൽ ട്രാൻസ്‌ജെന്റേഴ്​സിനായി നിരവധി പദ്ധതികളുണ്ട്. നല്ല രീതിയിൽ അവ നടപ്പാക്കുന്നുമുണ്ട്. ഇതൊന്നും ഒരു വാർത്തയായി കാണാറില്ല. ഇതെല്ലാം സമൂഹം അറിയണം, കുടുംബത്തിലെ അച്ഛനമ്മമാരും കുട്ടികളും അറിയണം. എന്നാലേ, ഇങ്ങനെയൊരു കമ്യൂണിറ്റിയുണ്ടെന്നും അവർക്ക് പ്രശ്‌നങ്ങളുണ്ടെന്നും അവർക്കും ബോധ്യമാകൂ. നമ്മളെപ്പോലുള്ളവർ നാളെ പുറത്തുവരാൻ തീരുമാനിക്കുമ്പോൾ, കുടുംബത്തിനകത്ത് വിയോജിപ്പില്ലാതെ കാര്യങ്ങൾ സംസാരിക്കാൻ കഴിയുന്ന സാഹചര്യം ഇത്തരത്തിലുള്ള ബോധ്യങ്ങളിലൂടെ മാത്രമേ സൃഷ്ടിക്കപ്പെടുകയുള്ളൂ.

ജൻഡറും സെക്ഷ്വാലിറ്റിയുമായി ബന്ധപ്പെട്ട അടിസ്ഥാനവിഷയങ്ങൾ അഭിസംബോധന ചെയ്യപ്പെടണം. ഉദാഹരണത്തിന്, ‘കില’ ഇത്തരം വിഷയങ്ങളെക്കുറിച്ച് ഞങ്ങളുമായി ആശയവിനിമയം നടത്തി ഒരു പുസ്തകമായി തന്നെ പുറത്തിറക്കുന്നുണ്ട്. പഞ്ചായത്ത് തലത്തിൽ തന്നെ ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് പരിശീലനം കൊടുക്കുന്നുണ്ട്. ബൈനറിയെ പൊളിച്ചടുക്കുന്ന രീതിയിൽ വിഷയങ്ങൾ കൊണ്ടുവരികയാണ് ലക്ഷ്യം.

ഞാനിപ്പോൾ സഹയാത്രിക എന്ന സംഘടനയിൽ അഡ്വക്കസി കോ ഓർഡിനേറ്ററാണ്. കമ്യൂണിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടാറുണ്ട്. പല രീതിയിലുള്ള അനുഭവങ്ങളാണുണ്ടാകാറ്. പൊലീസ് സ്‌റ്റേഷനുകളിൽ നമ്മുടെ ഐഡന്റിറ്റി പറയുന്ന സമയത്ത് ചിലപ്പോൾ, സ്വീകരിക്കപ്പെടണമെന്നില്ല. ചില പൊതുവേദികളിൽ അർഹമായ അംഗീകാരം കിട്ടാറുണ്ട്. ഒരു മനുഷ്യനായി പരിഗണിക്കാറുണ്ട്. എന്നാൽ, മാറ്റിനിർത്തുന്ന സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്. എങ്കിലും, ഇപ്പോൾ ആത്മാഭിമാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ കഴിയുന്നു. ആരെയും ആശ്രയിക്കാതെ സ്വയം സ്വന്തം കാര്യങ്ങൾ ചെയ്യാൻ കഴിയുന്നു. കേരളത്തിലെ ആദ്യത്തെ ട്രാൻസ് ബോഡിബിൽഡർ കൂടിയാണ് ഞാൻ എന്ന് ആഹ്ലാദത്തോടെ പറയട്ടെ. മഹാരാജാസിൽ പഠിച്ചിരുന്ന സമയത്ത് ജിമ്മിൽ ചേർന്നിരുന്നു. ശരീരം ഫിറ്റാക്കുക എന്ന ലക്ഷ്യമായിരുന്നു അന്നുണ്ടായിരുന്നത്. പിന്നീട് അത് ബോഡി ബിൽഡിങ്ങിലേക്ക് മാറി. വർക്കൗട്ടുകളും ഡയറ്റുകളുമായി കഠിന പരിശീലനം നടത്തി. നിരവധി മത്സരങ്ങളിൽ, ട്രാൻസ് ഐഡന്റിറ്റിയോടെ തന്നെ പങ്കെടുത്തു. മിസ്​റ്റർ കേരള ആയ ആദ്യ ട്രാൻസ്​ ജെൻററായി. ​കേരള ബോഡി ബിംൽഡിംഗ്​ അസോസിയേഷനിൽ ട്രാൻസ്​ജെന്റേഴ്​സിനുള്ള പ്രത്യേക കാറ്റഗറി രൂപീകരിച്ചതോടെയാണ്​ എനിക്ക്​ ട്രാൻസ്​മെൻ എന്ന നിലയിൽ ​തന്നെ മത്സരിക്കാൻ അവസരം ലഭിച്ചത്​. ഇങ്ങനെ, ഇടപെടുന്ന മേഖലകളിലെല്ലാം സ്വന്തം സ്വത്വം അഭിമാനപൂർവം കാത്തുസൂക്ഷിക്കാനുള്ള ശ്രമം നടത്തി ഞാൻ മുന്നോട്ടുപോകുന്നു. ▮

(2022 സപ്​തംബർ രണ്ടിന്​ ട്രൂകോപ്പി തിങ്ക്​ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ എഡിറ്റഡ്​ വേർഷൻ)പ്രവീൺ നാഥ്​

ട്രാൻസ്‌ജെന്റേഴ്​സിന്​ പഠിക്കാൻ കോളേജുകളിൽ സീറ്റ് സംവരണം ചെയ്തുകൊണ്ടുള്ള 2019ലെ സർക്കാർ ഉത്തരവനുസരിച്ച്, ആദ്യമായി മഹാരാജാസ് കോളേജിൽ ബിരുദത്തിനു​​ചേർന്ന വിദ്യാർഥി. ഇപ്പോൾ ‘സഹയാത്രിക’ എന്ന സംഘടനയുടെ അഡ്വക്കസി കോ ഓർഡിനേറ്റർ.

Comments