മുടിയുടെ കാര്യത്തിലും വേണ്ടേ ലിംഗനീതി?.: വിദ്യാലയങ്ങൾ വെട്ടുന്ന തല (മുടി) കൾ

മകന്റെ ഇടതൂർന്ന്​ നീണ്ട, അതിമനോഹരമായ മുടി, തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിന്റെ പോളിസി പ്രകാരം മുറിച്ചുമാറ്റേണ്ടിവന്ന സങ്കടം എഴുതുകയാണ്​ അവന്റെ അമ്മ. വൈകാരികമായി അവന്റെ മുടിയുമായി അത്രയേറെ ഇണങ്ങിക്കഴിഞ്ഞിരുന്നു ആ കുടുംബവും അവന്റെ സുഹൃത്തുക്കളുമെല്ലാം. മുടി വെട്ടിയ മകനെ നോക്കി ഈ അമ്മ പറയുന്നു, തലമുടിയെ ലിംഗവത്കരിക്കുന്ന ഈ പരിപാടിയെ ഞാൻ ശക്തമായിത്തന്നെ എതിർക്കുന്നു. പൊതു-സ്വകാര്യ ഇടങ്ങളിൽ തീർച്ചയായും നവീകരണം ഉണ്ടാവേണ്ടതുണ്ട്, എല്ലാവരിലേക്കും തുല്യമായി ലിംഗനീതി ലഭിക്കേണ്ടതാണ്.

ഞാനും മക്കളും രണ്ടു മുറികളിലാണ് ഉറങ്ങുന്നത്.
എട്ടും പതിമൂന്നും വയസ്സായ ആൺകുട്ടികളാണവർ. വളരുന്തോറും ആത്മബന്ധം കൂടിവരികയാണെങ്കിലും എല്ലാവരുടെയും സ്വകാര്യത ബഹുമാനിക്കപ്പെടാനും മുതിർന്ന ലോകവും കുട്ടിലോകവും വളർന്നു വരാനുമൊക്കെയായിരുന്നു അത്.

ജൂൺ ഒന്നിന് സ്‌കൂൾ തുറക്കും മുൻപെയുള്ള തയ്യാറെടുപ്പുകൾ തകൃതിയായി മൂന്നാളും നടത്തുന്നുണ്ടെങ്കിലും ഞങ്ങളെ അലട്ടിയിരുന്ന പ്രധാന സങ്കടം മൂത്ത മകന്റെ നീണ്ട തലമുടി വെട്ടിക്കണമെന്നതായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിന്റെ പോളിസിയിൽ ആൺകുട്ടികൾക്ക് പ്രോപ്പർ ഹെയർ കട്ട് വേണമെന്ന് നിർദ്ദേശിച്ചിരിക്കുന്നു.

ഇടതൂർന്ന നീണ്ട മുടിയാണ് അവന്റേത്. ആർക്കുമൊന്ന് കൈയോടിക്കാൻ തോന്നുന്ന മൃദുലത. സ്വന്തം മുടിയിൽ വളരെയധികം അഭിമാനിക്കുന്നുണ്ടായിരുന്നു അവൻ. ഇഷ്ടം പോലെ മുടി നീട്ടാനായതാണ് അവന്റെ ഏറ്റവും വലിയ കോവിഡോർമ്മ. തുടക്കത്തിൽ വീട്ടിലെ പ്രായമായവരുടെയും തൽപരകക്ഷികളായ പലരുടെയും അഭിപ്രായത്തിനു വഴങ്ങി രണ്ടു തവണ കത്രിക വെക്കേണ്ടി വന്നെങ്കിലും അവന്റെ ആഗ്രഹത്തെ പിന്നീട് എല്ലാവരും ശരിവച്ചു. വൈകാരികമായി ഞങ്ങളെല്ലാവരും അവന്റെ മുടിയുമായി അത്രയേറെ ഇണങ്ങിക്കഴിഞ്ഞിരുന്നു. ഹെയർ ബാൻഡ്, റിബൺ, ഹെയർ ക്ലിപ്പ്, സ്ലൈഡ് എന്നിവയൊക്കെ അവന്റെ പഠനമേശപ്പുറത്ത് സജീവമായി. എല്ലാവരെയും അവൻ തലമുടിയിൽ തൊടാൻ സമ്മതിക്കില്ലായിരുന്നു. കണ്ണാടിയിൽ തിരിഞ്ഞും മറിഞ്ഞും ആസ്വദിക്കുമ്പോൾ മാറിനിന്നു നോക്കാനേ എനിക്കു പോലും കഴിഞ്ഞുള്ളൂ. അടക്കമില്ലാത്ത, വരണ്ട കുറ്റി മുടിയുള്ള ഞാൻ പലപ്പോഴും റിവേഴ്‌സ് ജെനറ്റിക്‌സ് എന്ന ഒരു പ്രതിഭാസമുണ്ടായിരുന്നെങ്കിൽ എന്നുപോലും ആഗ്രഹിച്ചിരുന്നു.

വീടിനുപുറത്തും പൊതുസ്ഥലങ്ങളിലും അവന്റെ ആരാധകർ കൂടി വന്നു. കളിസ്ഥലത്തും കളരി ക്ലാസിലും മുടി കെട്ടിവച്ചും അഴിച്ചിട്ടും അവൻ ശ്രദ്ധാകേന്ദ്രമായി. ഷോപ്പിംഗിനു പുറത്തുപോകുമ്പോഴൊക്കെ കാണുന്നവർ അവനെ "അവൾ' ആക്കി മാറ്റി. ആദ്യമൊക്കെ ഞങ്ങൾക്ക് അതിശയം തോന്നിയിരുന്നെങ്കിലും പിന്നീട് ഞങ്ങൾ അതിന് ശ്രദ്ധ കൊടുക്കാതായി.

"മോളുടെ കാലിന്റെ സൈസെന്താ'- ചെരുപ്പുകടയിൽ.
"മോളേ ഇങ്ങു വാ, മോളുടെ പേരെന്താ'- അപരിചിതരായ ബന്ധുവീടുകളിൽ.
"ഒരു മോനും ഒരു മോളുമാണല്ലേ'- എന്നോട്.
"അയ്യോ ഇത് മോനായിരുന്നോ'- ചുമ്മാ ഒരു ചൊറിച്ചിൽ സുഖത്തിന് ചിലർ.
"ആമ്പിള്ളാരാണെങ്കിൽ ഇങ്ങനല്ല, ഇതു പെണ്ണാ'- മൈക്രോ അഗ്രഷന്റെ ഉത്തമ ഉദാഹരണങ്ങൾ.
നീയെന്താ മോനെ കോലം കെട്ടിച്ചു നടത്തുന്നേ' - നിരുത്തരവാദിയായ അമ്മയ്ക്ക് നേരെ.

ഇങ്ങനെ നീളുന്നു പ്രതികരണപ്പട്ടിക. ഇവന്റെ അനിയൻ ഇതിനോടൊക്കെ മറുപടി പറയുന്നുണ്ടായിരുന്നു. "ഇവൻ ആൺകുട്ടിയാ, പെണ്ണല്ല' . കുഞ്ഞനിയൻ വ്യക്തമാക്കിക്കൊണ്ടേയിരുന്നു.
"നീയെന്താടാ മിണ്ടാത്തേ'- അവൻ ചേട്ടനോട് ചോദിച്ചു.
"പോടാ ഇവർക്കൊന്നും കണ്ടാലറിഞ്ഞൂടേ? അറിയാമ്മേലേങ്കിൽ പറഞ്ഞറിയിക്കണ്ട'. -അവന് തലമുടിയുടെ പേരിൽ ഏത് അവഹേളനങ്ങളും പ്രശ്‌നമല്ലായിരുന്നു. അതിനു ശേഷം റോഡിൽ നീളൻമുടിയുമായി യാത്ര ചെയ്യുന്ന ആളുകളെ കണ്ട് ഇത് ആണാണോ പെണ്ണാണോ എന്നൊരു കളി ഞങ്ങൾ കളിക്കുമായിരുന്നു. ആണെന്നോ പെണ്ണെന്നോ പറഞ്ഞാൽ എന്തു കൊണ്ടാണെന്നു കൂടെ അയാൾ പറയേണ്ടിയിരുന്നു. തലമുടിക്കും മേലെ ഒരാളുടെ നിരീക്ഷണപാടവം ഉയരേണ്ടതുണ്ടെന്നു അങ്ങനെ ഞങ്ങൾ സ്വയം തിരിച്ചറിഞ്ഞു. പിന്നെ ആണാണോ പെണ്ണാണോ എന്നുള്ള നോട്ടം പോലും ഞങ്ങൾ നിർത്തി. അതൊരു ഡെവലപ്‌മെന്റ് ആയിരുന്നു!

മുടി വെട്ടുന്ന കാര്യത്തെക്കുറിച്ചു വെറുതെ ഓർത്ത് അവൻ ദേഷ്യപ്പെടുമായിരുന്നു. "മുടി വളർത്തേണ്ടവർ മുടി വളർത്തണം. അതിന് ബോയും ഗേളും എന്നൊന്നുമില്ല. ഇതെന്തൊരു കഷ്ടമാണ്. അമ്മയെപ്പഴും ഗേൾസിനെ സപ്പോർട്ട് ചെയ്തതല്ലേ എഴുതുന്നെ. ബോയ്സിന്റെ കാര്യം കൂടെ എഴുതണം. എന്റെ ക്ലാസ്സിലെ മിക്ക ബോയ്‌സിനും മുടിയുണ്ട്. സ്‌കൂൾ തുറക്കുന്ന ഒറ്റ കാരണം കൊണ്ട് എല്ലാരും അത് വെട്ടാൻ പോവ്വാ. മുടിയുടെ കാര്യത്തിലെന്തിനാ ബോയ്സിനേം ഗേൾസിനേം കമ്പയർ ചെയ്യുന്നേ. അതിന്റെയൊന്നും ഒരാവശ്യവുമില്ല'. അവന്റെ പ്രതികരണം പല ദിവസങ്ങളിലും പല ശബ്ദ വ്യതിയാനങ്ങളിലും വീട്ടിൽ കേട്ട് കൊണ്ടിരുന്നു. "സ്‌കൂൾ മാറണമെന്നൊന്നും ഞാൻ പറയുന്നില്ല. സ്‌കൂൾ എനിക്ക് ഓക്കേ ആണ്. മുടി എന്നൊക്കെ യാതൊരു ആവശ്യവുമില്ലാത്ത കാര്യം പറഞ്ഞു ഇവർ എന്തിനാ പ്രശ്‌നമുണ്ടാക്കുന്നെ എന്ന് മനസ്സിലാവുന്നില്ല'.

ഇതാണ് പശ്ചാത്തലം. പറഞ്ഞു തുടങ്ങിയത് ഞങ്ങളുടെ ഉറക്കത്തിന്റെ രീതിയെക്കുറിച്ചായിരുന്നു. തൊടാൻ സമ്മതിക്കാത്ത ആ തലമുടിയോടുള്ള ഇഷ്ടം തലമുടിയുടെ വളർച്ചയോടൊപ്പം ജൂൺ ഒന്നാകുന്തോറും എനിക്ക് കൂടിക്കൂടി വന്നു. സ്‌കൂൾ തുറക്കും മുൻപുള്ള ഒരാഴ്ച അങ്ങനെ ഞങ്ങൾ മൂന്നാളും ഒന്നിച്ച്​ ഒരേമുറിയിൽ കിടന്നു. പൂക്കളുള്ള തലയിണയിൽ പരന്നും കുരുങ്ങിയും ചുളുങ്ങിയും കറുത്തും നീണ്ടും കിടന്നുറങ്ങി അവന്റെ കേശഭാരം.

ഈ പ്രായത്തിൽ അവന്റെ മുടിയോടുള്ള സ്‌നേഹത്തെയും ആഗ്രഹത്തെയും അടയാളപ്പെടുത്തണമെന്ന് ആ രാത്രികളിലാണ് മോഹിച്ചത്. പ്രിയ സുഹൃത്തായ രാമനോട് എന്റെ ആശങ്കകൾ പങ്കു വെച്ചപ്പോൾ അവൻ ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ അരവിന്ദിനെ (അരവിന്ദ് ലെനിൻ) കണ്ടെത്തി. മകന്റെ ജീവിതത്തിലെ ഈ പ്രത്യേക കാലഘട്ടം പകർത്തി വെക്കാൻ അരവിന്ദും തയ്യാറായി. ശനിയാഴ്ച പുലർച്ചെ ശംഖുമുഖം ബീച്ചിന്റെ പരിസരത്താണ് അരവിന്ദ് വരാൻ പറഞ്ഞത്. ഫോട്ടോ ഷൂട്ടെന്നു പറഞ്ഞപ്പോൾ അമ്മയുടെ പതിവു വട്ടുകളിലൊന്നായേ മക്കൾ രണ്ടാളും കരുതിയുള്ളൂ. പലവസ്ത്രങ്ങളിൽ, ഭാവങ്ങളിൽ, രൂപങ്ങളിൽ അരവിന്ദ് ആ മുടിയെ ആവാഹിച്ചെടുത്തു. ഒരു ബിഗ് ഷോപ്പർ ബാഗ് നിറയെ അവന്റെ വസ്ത്രങ്ങളും ഫുട്‌ബോളും സ്റ്റഡ് ഷൂസുമായി ഞാൻ അമ്മ മനസ്സിനെ സന്തോഷിപ്പിച്ചു. അവന്റെ കളരി പോസുകൾ മനോഹരമായി ഒപ്പിയെടുത്തു. അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങി അവൻ മുടിക്കെട്ടിന്റെ രസം മുഴുമിപ്പിച്ചു. രാവിലെ പല്ലു തേക്കാൻ പോലും മടിച്ച് ചിണുങ്ങി നിന്ന ഇളയ മകന് പതിയെപ്പതിയെ ഫോട്ടോ ഷൂട്ടിന്റെ ഹരം പിടിച്ചു. അരവിന്ദ് ചേട്ടനുമായി കൂട്ടുകൂടി അവനും കച്ചകെട്ടി കളരിവടിവുകൾ പോസ് ചെയ്തു.

ഇവരുടെ ഫോട്ടോഷൂട്ടിനു കുട പിടിച്ചും പിന്തുണച്ചും കൂടെ നിന്ന ഞാൻ ഇവന്റെ മുടി വളർത്തിക്കൊണ്ടു തന്നെ പഠിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കേണ്ടതല്ലേ എന്നാലോചിച്ചു. "നമുക്കവന്റെ സ്‌കൂളങ്ങു മാറ്റിയാലോടീ? അല്ലേൽ നമ്മൾ എടുത്ത ഫോട്ടോസ് എല്ലാം കൂടെ വെച്ചു ഒരു പോർട്ട്‌ഫോളിയോ ഉണ്ടാക്കി സ്‌കൂളിൽ കാണിച്ചിട്ട് ഇവനെ മോഡലിങ്ങിനോ സിനിമ ഷൂട്ടിങ്ങിനോ വിടുന്നെന്നും അത് കൊണ്ട് മുടി വെട്ടാൻ പറ്റില്ലെന്നും പറഞ്ഞാലോ? ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന അവന്റെ അച്ഛൻ ബൈജി (ബൈജു ഗോപാൽ) മുടി വെട്ടാതിരിക്കാൻ കാരണങ്ങൾ പലതും ആലോചിക്കുന്ന തിരക്കിലായി. സഹപ്രവർത്തകരെ ആ ഫോട്ടോസ് എല്ലാം കാണിച്ചതോടെ അവർക്കും വിഷമമായി. വർഷങ്ങളായി താലോലിച്ചു വളർത്തുന്ന ബൈജുവിന്റെ താടിയോളം സ്‌നേഹമുണ്ടായിരുന്നു മകന്റെ മുടിയോട്. അവന്റെ മുടി വെട്ടുന്നത് എന്റെ താടി വടിക്കുന്നതിന് തുല്യമാണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ടായിരുന്നു. ഏതു സ്‌കൂളാണ് ആൺ കുട്ടികളെ മുടി വളർത്താനനുവദിക്കുന്നതെന്ന് അന്വേഷിക്കണോ? ഒരു പക്ഷേ ഗവൺമെൻറ്​ സ്‌കൂളുകൾ സമ്മതിക്കുമോ? ജൻഡർ ന്യൂട്രൽ യൂണിഫോമൊക്കെ വന്ന കാലമല്ലേ. ഓരോ സ്‌കുളിലും കയറിയിറങ്ങി ഈ സമ്മതത്തിന്റെ സാദ്ധ്യത അന്വേഷിക്കണോ? മകന്റെ സ്‌കൂളിൽ പോയി ഈ കാര്യം അനുവദിപ്പിക്കണമെന്ന് ആവശ്യപ്പെടണോ? എല്ലാ മാതാപിതാക്കൾക്കും ഇതേ ആഗ്രഹം ഉണ്ടാവുമോ? എത്ര പേർ എന്റെയൊപ്പമുണ്ടാവും? എത്ര അദ്ധ്യാപകർ പക്ഷം പിടിക്കും? ഇതൊരു വാർത്തയായാൽ അത് മക്കളേയും ബാധിക്കില്ലേ?
പുതിയ സ്‌കൂൾ യൂണിഫോമും ബാഗും പഴയ ഐഡന്റിറ്റി കാർഡുമിട്ട് നീണ്ട മുടിയിൽ അവന്റെ ഫോട്ടോകളെടുപ്പിച്ചു ആരെയൊക്കെയോ ഞാൻ വെല്ലുവിളിച്ചു.

മെയ് മുപ്പത്തിയൊന്ന് അന്നു വരെ അവനെ നേരിട്ടു കണ്ടിട്ടില്ലാത്ത സുഹൃത്ത് രമേഷ് കൃഷ്ണനും വീട്ടിലെത്തി. വൈകുന്നേരത്തെ ഹെയർ കട്ടിനു മുന്നേ വീണ്ടും അവന്റെ ചിത്രങ്ങളെടുക്കാനായിരുന്നു രമേഷിന്റെ ആഗ്രഹം. കുനിഞ്ഞിരുന്നു വീഡിയോ ഗെയിംസ് കളിക്കുന്ന അവനെ പോസ് ചെയ്യാൻ നിർബന്ധിക്കാതെ രമേഷിന്റെ ക്യാമറയും തലമുടിക്കാഴ്ചകൾ കണ്ടു.

പിന്നീട് സലൂൺ അടയ്ക്കുന്നതിന് ഒരു മണിക്കൂർ മുന്നേ അവിടെയെത്തി ആവശ്യം പറഞ്ഞു. ഹെയർ സ്‌റ്റൈലിസ്‌റ് ആസിഫ് അവന്റെ നീണ്ട മുടിയിൽ സ്‌നേഹത്തോടെ കൈയോടിച്ചു. ഇത്രയും നീണ്ട മുടി പറ്റെ വെട്ടിയാൽ ശരിയാവില്ല - അയാൾ പറഞ്ഞു. അതെ ഞങ്ങൾക്കും വിഷമമാണ്, സ്‌കൂളിന് വേണ്ടി മാത്രമൊന്നു മുറിച്ചു തന്നാൽ മതി- ഞാൻ. അവനെ ഒരു കറുത്ത തുണി വെച്ച് പുതപ്പിച്ചു അയാൾ മുടി വെട്ടി മാറ്റി. പിന്നീട് തല കഴുകി, വീണ്ടും ഉദ്ദേശിച്ചത് പോലെ വെട്ടി, ഉണക്കി, റെഡി ആക്കി. ഒരു പുതിയ രീതിയിലായിരുന്നു അയാൾ അവനു കൊടുത്ത സ്‌റ്റൈൽ. നിറയെ മുടിയുണ്ടായിരുന്നു എന്ന് തോന്നിപ്പിക്കുന്ന ഒരാളുടെ ഹെയർ സ്‌റ്റൈൽ!
ഇളയവന്റെ മുടിയും ഒരുപാടു വെട്ടി നിരത്താതെ വെട്ടി. തിരിഞ്ഞും മറിഞ്ഞും വിഡിയോയും ഫോട്ടോയും എടുക്കലായിരുന്നു ഞാൻ. ഇനിയൊരു മഹാമാരിക്കാലം വരാതിരിക്കാനാണല്ലോ നമ്മൾ ആഗ്രഹിക്കുന്നത്! പിന്നീട് ബൈജുവിന്റെ വീഡിയോകാൾ, ഫോട്ടോസിനു അഭിപ്രായങ്ങൾ അങ്ങനെ ആ വൈകുന്നേരം കടന്നു പോയി.

വെട്ടിമാറ്റി തറയിൽ കിടക്കുന്ന തലമുടി അവന്റെ അച്ഛന് ഏറെ സങ്കടമുണ്ടാക്കി. അതുകൊണ്ടുതന്നെ ഒന്നിച്ചു കൂട്ടിയിട്ടു അത് ഫോട്ടോ എടുക്കേണ്ടെന്നും കരുതി. "വെട്ടിയ മുടി കവറിലാക്കി വീട്ടിൽ കൊണ്ടു വരണം' എന്ന ചിലരുടെ അഭിപ്രായത്തെയും കണക്കിലെടുക്കാത്തതു അതിനാലാണ്. നമുക്ക് മനോഹരമായ ഫോട്ടോഷൂട്ടിന്റെ ഓർമ്മ മതി. രാത്രിയിൽ കിടക്കാൻ നേരം എനിക്ക് നല്ല വിഷമമുണ്ടെന്നു അവൻ പറഞ്ഞു. എന്റെ വിരലുകൾക്ക് മുടി കോതൽ ഇല്ലാത്തതു കൊണ്ട് ഒരു പണിയുമില്ല, എന്ത് ചെയ്യണമെന്നറിയില്ല എന്നൊക്കെ സങ്കടപ്പെട്ടു. മുടിയല്ലേ വളർന്നോളും എന്നൊരു അടിപൊളി മറുപടി ഞാൻ റെഡിയാക്കി വെച്ചിട്ടുണ്ടായിരുന്നു.

ജൂൺ ഒന്ന്

പുതിയ സ്‌കൂൾ വർഷാരംഭ ദിവസം സന്തോഷത്തോടെ പോയ മക്കൾ രണ്ടു പേരും വൈകുന്നേരം വന്നത് വലിയ ദുഖത്തിലായിരുന്നു. വീണ്ടും മുടി വെട്ടണമെന്ന്! സ്‌കൂൾ കട്ട് ക്ലാസ്സിന്റെ കോറിഡോറിൽ കൂട്ടുകാരുമായി സംസാരിച്ചു നിന്ന അവനെ പ്രിൻസിപ്പൽ പരസ്യമായി ശാസിച്ചുവത്രെ. പിന്നീട് ക്ലാസിൽ വന്ന പല ടീച്ചേഴ്‌സ്, മുടി വെട്ടിയില്ലെങ്കിൽ കളിയ്ക്കാൻ ഗ്രൗണ്ടിൽ കൊണ്ടുപോകില്ലെന്ന് പി ടി ടീച്ചർ, അങ്ങനെയങ്ങനെ.
"എല്ലാം കൊണ്ടങ്ങു വെട്ട്, എല്ലാവർക്കും സന്തോഷമാവട്ടെ '- നിവൃത്തി കെട്ട് മകൻ പറഞ്ഞു. ഇളയവനോടും ഇനിയും മുടി വെട്ടണമെന്നു പറഞ്ഞത്രേ. വീണ്ടും മറ്റൊരു സലൂണിലേക്ക്. പട്ടാള ക്യാമ്പിലേക്കോ പോലീസ് ട്രെയിനിങ്ങിനോ പോകുന്ന മട്ടിലുള്ള രണ്ടു കുഞ്ഞിത്തലകളും കറുത്ത തുണികൾക്കിടയിൽ നിന്നും പുറത്തു വന്നു. ഇന്നലത്തെ അത്രയും വിഷമമില്ലെന്നു രണ്ടാളും! സ്വതന്ത്രമായി വിഹരിച്ച തലമുടിയെയും അതിന്റെ ഉടമസ്ഥരെയും വെട്ടിയൊതുക്കിയ എന്റെ നിസ്സഹായാവസ്ഥയെ, സ്വയം ഊതിപ്പെരുപ്പിക്കാതെ അടുത്ത സുഹൃത്തുക്കളെ ഫോൺ ചെയ്തു ഞങ്ങൾ കൂട്ടമായി ഈ സമ്പ്രദായത്തെ ചീത്ത വിളിച്ചു.

തലമുടിയെ ലിംഗവത്കരിക്കുന്ന ഈ പരിപാടി ഞാൻ ശക്തമായിത്തന്നെ എതിർക്കുന്നു. എത്രയധികം സ്‌കൂളുകൾ മാറ്റിയും മകന്റെ തലമുടി വളർത്തണമെന്നു ആഗ്രഹിക്കുന്ന അമ്മയല്ല ഞാൻ. നമ്മൾ ഇടപെടുന്ന എല്ലാ മേഖലയിലും മാറ്റം അനിവാര്യമാണ്. പൊതു-സ്വകാര്യ ഇടങ്ങളിൽ തീർച്ചയായും നവീകരണം ഉണ്ടാവേണ്ടതുണ്ട്, എല്ലാവരിലേക്കും തുല്യമായി ലിംഗനീതി ലഭിക്കേണ്ടതാണ്.

ജൂൺ രണ്ട്

അന്ന് വൈകുന്നേരം ജോലി കഴിഞ്ഞു മടങ്ങിയെത്തിയ എന്നോട് ഇളയ മകൻ ""അമ്മാ, ഇന്നും പറഞ്ഞു. ഇനിയും മുടി വെട്ടണമെന്ന്''. കേട്ടത് വിശ്വസിക്കാൻ ഞാനല്പസമയം എടുത്തു. ""ഇനി എവിടുത്തെ മുടി കൂടെ വെട്ടണമെന്നാ അവർ പറയുന്നേ?'' ഞാൻ രോഷം കൊണ്ടു. എന്റെ ദേഷ്യം കണ്ട് ചിരി പൊത്തിപ്പിടിച്ചു അവൻ പറഞ്ഞു - "എന്റെ പൊന്നമ്മേ, ചുമ്മാ പറഞ്ഞതാ'!
തലമുടിയുടെ സ്‌നേഹിത അങ്ങനെ ഞാൻ മാത്രമായി!

അടിക്കുറിപ്പ്: യൂണിഫോമിൽ എടുത്ത ഫോട്ടോ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ കണ്ട അവന്റെ സുഹൃത്തുക്കൾ "ഇപ്പൊ നീ പെണ്ണായി, പെമ്പിള്ളേരുടെ കൂടെ പോയി ഇരുന്നോ' എന്ന് ചാറ്റ് ചെയ്തു. ആൺകുട്ടിയുടെ തലമുടി വളർത്തൽ വിരുദ്ധചർച്ചകൾ നടത്തിയ നമ്മുടെ വീട്ടിലും പുറത്തും ഉള്ളവരൊക്കെ പഴഞ്ചനെന്നു കളിയാക്കിയിരുന്ന മകന് ഇവിടെ ഉത്തരം മുട്ടിപ്പോയി. ഏറ്റവും ട്രെൻഡിയാണെന്ന് കരുതിയിരുന്ന കൂട്ടുകാർക്ക് പോലും ഉള്ളിന്റെയുള്ളിൽ ഓൾഡ് ഫാഷൻ ചിന്തകളാണെന്നു തിരിച്ചറിയാൻ അവനു എളുപ്പമായിരുന്നില്ല.


Summary: മകന്റെ ഇടതൂർന്ന്​ നീണ്ട, അതിമനോഹരമായ മുടി, തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിന്റെ പോളിസി പ്രകാരം മുറിച്ചുമാറ്റേണ്ടിവന്ന സങ്കടം എഴുതുകയാണ്​ അവന്റെ അമ്മ. വൈകാരികമായി അവന്റെ മുടിയുമായി അത്രയേറെ ഇണങ്ങിക്കഴിഞ്ഞിരുന്നു ആ കുടുംബവും അവന്റെ സുഹൃത്തുക്കളുമെല്ലാം. മുടി വെട്ടിയ മകനെ നോക്കി ഈ അമ്മ പറയുന്നു, തലമുടിയെ ലിംഗവത്കരിക്കുന്ന ഈ പരിപാടിയെ ഞാൻ ശക്തമായിത്തന്നെ എതിർക്കുന്നു. പൊതു-സ്വകാര്യ ഇടങ്ങളിൽ തീർച്ചയായും നവീകരണം ഉണ്ടാവേണ്ടതുണ്ട്, എല്ലാവരിലേക്കും തുല്യമായി ലിംഗനീതി ലഭിക്കേണ്ടതാണ്.


Comments