ഇന്ദു മേനോൻറെ മകൻ ആദിത്യ

മുടിഭ്രഷ്ടം

(മുറിച്ച ആണ്മുടിയിൽ നമ്മുടെ ചോര)

കാപ്പിരിച്ചിയുടെ കരിങ്കമ്പി മുടിക്കഥ അഥവാ മുടി വെട്ടിയ പെൺകുട്ടി

ളരെ ചെറുപ്പത്തിൽ അക്രമകാരികളായ കരിങ്കമ്പികളെപ്പോലെ കുരു കുരാ ചുരുണ്ട കാപ്പിരി മുടിയുമായാണ് ഞാൻ ജീവിച്ചത്. യഥാർത്ഥ സ്​പ്രിങ്​. ആഫ്രിക്കൻ ജനിതകപാരമ്പര്യത്തിന്റെ തിരുശേഷിപ്പ്.

‘ഔ, ദെന്ത് മുട്യാ?' എന്ന് സദാ കൗതുകപ്പെടുകയും അമ്പരക്കുകയും ചെയ്തു.

എന്റെ കുട്ടിക്കാലംപോലെ ആർക്കും വഴങ്ങാത്ത തരം പ്രകൃതമായിരുന്നു എന്റെ മുടിയ്ക്കും. ചീർപ്പുകൾ പല്ലുപൊട്ടി നാശമായി. ജട കയറി പരുത്ത മുടി തൊട്ടാൽ ഞാൻ അലറിക്കരയുന്ന രീതിയുമായി. പോരാത്തതിന്​ സാമൂഹ്യവിരുദ്ധരായ പേനുകൾ അവരുടെ വളർത്തുകേന്ദ്രമെന്ന മട്ടിൽ എന്റെ തലയിൽ പോക്കുവരവ് വരെ നടത്തി. മുടിയുടെ നീളം വർധിക്കുംതോറും ഈ പ്രശ്‌നങ്ങൾ രൂക്ഷമായി. എന്തിന്​. രണ്ടാം വയസ്സിൽ നട്ടപ്രാന്തിനെപ്പോലെ നെറുംതലയിൽ ചിരങ്ങ് പൊന്തി. ഒട്ടും കാരുണ്യമില്ലാതെ എന്റെ മുടി അമ്മ മൊട്ടയടിച്ചുകളഞ്ഞു. ഓരോ ക്ഷൗരത്തിനപ്പുറവും എന്റെ മുടി വന്യവനവള്ളിപോലെ കരുത്താർന്നു മുളച്ചു പൊന്തി. എണ്ണയിട്ടും ചീകിയും അമ്മ അവരെ മെരുക്കാൻ സദാ പരിശ്രമിച്ചുകൊണ്ടിരുന്നു.

ഇന്ദു മേനോൻ

ഓരോ മൊട്ടയടിക്കൽ മഹാമഹത്തിലും എന്റെ കുഞ്ഞു ഹൃദയം ആതുരമായി.
‘‘അടുത്തകൊല്ലം വെട്ടല്ലേയമ്മാ.. പ്ലീസ്സമ്മാ'' എന്നു ഞാൻ തേങ്ങി. ഓരോ തവണയും ഇത്തവണക്കുശേഷം വെട്ടില്ലെന്ന നുണ അമ്മ ആവർത്തിച്ചു. നീണ്ടു പരന്ന മുടിയിഴകൾ കാറ്റിൽ ചുരുളിളകുന്നതും എന്റെ തലയിൽ ഞാൻ മുല്ലമൊട്ടുകൾ ചൂടുന്നതും സ്വപ്നം കണ്ടു.

എനിക്ക് മുടി വളർത്താൻ അമ്മ ഒരിയ്ക്കലും അനുമതി തന്നിരുന്നില്ല. ആറാം തരത്തിലെ മധ്യവേനലവധി വരെ ഞാനീ മുടിമുറിയ്ക്കലിന് ഇരയായി. രണ്ടാം ക്ലാസിനുശേഷം മൊട്ടയടിച്ചില്ലെങ്കിലും അതിനു തത്തുല്യമായ രീതിയിൽ ബാർബർ എന്റെ മുടി മുറിച്ചു.

ഒരു നാട്ടുമ്പുറത്ത്, ആ പ്രദേശത്തെ മാപ്പിളസ്‌കൂളിൽ, ബോബ് ചെയ്ത തലയുമായി ചെല്ലുവാൻ എനിയ്ക്കു കഴിഞ്ഞില്ല. അത്ര രൂക്ഷമായ പരിഹാസവും കളിയാക്കലുകളും ഞാൻ കേട്ടു. തല കുമ്പിട്ടു ലജ്ജയോടെ ഇരുന്നു.
‘‘മൊട്ടച്ചീ..മൊട്ടച്ചി മൊട്ടച്ചിത്തങ്കം'' എന്നും
‘‘എട ചെക്കാ'' എന്നും
‘‘ഇയ്യാങ്കുട്ട്യാണോ?'' എന്നും
‘‘ബോയിങ് ബോയിങിലെ സുകുമാരി ഡിക്കമ്മായി''യാണെന്നും
‘‘കാപ്പിരിച്ച്യേ'' എന്നും ഞാൻ കേട്ടു. എന്റെ മനസ്സ് തപിച്ചു.
വലിയ വായയിൽ ഞാൻ നിലവിളിച്ചു.

പൂച്ചക്കാട്ടം കൊണ്ട് എണ്ണകാച്ചിത്തേച്ചാൽ മതിയെന്ന് ഉപദേശിച്ച അവളുടെ അമ്മയുടെ ക്രൂരതയൊന്നും എനിയ്ക്ക് മനസ്സിലായിരുന്നില്ല. ഞാൻ കഷ്ടപ്പെട്ടു സമ്പാദിച്ച പൂച്ചക്കാട്ടം ഓക്കാനത്തോടെ പൊട്ണിയെലയടക്കം എടുത്ത്​ ദൂരേക്കുവലിച്ചെറിഞ്ഞ അമ്മയുടെ ക്രൂരത എന്നെ തകർത്തുകളഞ്ഞു.

പെൺകുട്ടിയാണെങ്കിൽ മുടി വളർത്തണമെന്നും ആൺകുട്ടിയാണെങ്കിൽ മുടി വെട്ടണം എന്നും സമൂഹം എന്നെ പഠിപ്പിച്ച ആദ്യപാഠങ്ങളിൽ ഒന്നായിരുന്നു അത്. ജെൻഡെർ സ്റ്റീരിയോടൈപ്പിങ്ങിന്റെ മാരകമായ വേർഷൻ പിഞ്ചുമനസ്സിലടക്കം കുത്തിച്ചെലുത്തുന്ന പ്രാകൃതസമൂഹത്തിന്റെ തന്ത്രങ്ങൾ.

സ്ത്രീയായാൽ മുടി വേണമെന്നും പുരുഷനായാൽ മുടി വേണ്ട എന്നും സമൂഹം പേർത്തും പേർത്തും നമ്മളോട് പറഞ്ഞു. ഞാനത് വിശ്വസിച്ചു.
‘ഞാൻ ബോബിയ്യാൻ പോവാണ്' എന്നൊരിയ്ക്കൽ അമ്മ പറഞ്ഞതുകേട്ട് ഞാൻ മരിച്ചുപോകുമെന്നു വരെ കരുതി അലറിക്കരഞ്ഞു.

1980കളുടെ തുടക്ക കാലമായിരുന്നു അത്. സ്‌കൂൾ അധികൃതർക്ക് ഈ വിഷയത്തിൽ അന്ന് കുഴപ്പമൊന്നും എന്നോടുണ്ടായിരുന്നില്ല. എനിക്ക് മുടിയില്ലാത്തതിനെപ്പറ്റി കളിയാക്കുന്നവർക്ക്, എന്റെ പരാതിയിൽ വഴിക്കൽ വെച്ചുതന്നെ വടി വീശി പേടിപ്പിക്കാൻ ചന്ദ്രൻ മാഷും മറന്നിരുന്നില്ല. അപമാനത്തിന്റെ പടുകുഴിയിൽ നിന്ന്​ എന്നെയന്ന് സംരക്ഷിച്ചത് എന്റെ അധ്യാപകരായിരുന്നു. മുടി വെട്ടിയാൽ ഒരു പെൺകുട്ടി ആൺകുട്ടിയാവില്ല എന്ന് വിനോദ് മാഷ് എന്നെ ധൈര്യപ്പെടുത്തി.
‘‘പച്ചത്തത്തയെന്താ കുറ്റിത്തലയുമായി?'' എന്നബദ്ധത്തിൽ ചോദിച്ച ഗോപിമാഷെ ഞാൻ കുത്താൻ നോക്കി. ഹസ്സന്മാഷും അയമുട്ട്യാഷും മൊമ്മദ് മാഷും ഉറുദാഷും എനിയ്ക്കുവേണ്ടി സംസാരിച്ചു.
‘ഓ, ഇതിനെന്നാ. എന്റെ കൊച്ചുങ്ങടേം ഞാൻ വെട്ടീരിയ്ക്കുവല്ല്യൊ? കൊള്ളാം' രമണി ടീച്ചർ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

സ്ത്രീയായാൽ മുടി വേണമെന്നും പുരുഷനായാൽ മുടി വേണ്ട എന്നും സമൂഹം പേർത്തും പേർത്തും നമ്മളോട് പറഞ്ഞു

ഞാൻ സമാധാനിച്ചു. അല്ലെങ്കിൽ അതിനായി ശ്രമിച്ചു. ജൻഡർ സ്റ്റീരിയോ ടൈപ്പിംഗ് ആണിതെന്നറിയാത്ത കാലം.
ആൺകുട്ടി ഇങ്ങനെ, പെൺകുട്ടി ഇങ്ങനെ.
പെൺ എങ്ങനെയാണ് നടക്കേണ്ടത്? എങ്ങനെയാണ് എടുക്കേണ്ടത്? എങ്ങനെയാണ് നടിക്കേണ്ടത്?
ആൺ എങ്ങനെയാണ് കിടക്കേണ്ടത് എന്നു വരെയുള്ള അലിഖിത നിയമങ്ങൾ. ജൻഡർ ഡിസ്പാരിറ്റിയുടെയും ജൻഡർ ഇൻ ഇക്വാലിറ്റിയുടെയും ജൻഡർ സ്റ്റീരിയോടൈപ്പിങ്ങിന്റെയും ആദ്യപാഠങ്ങൾ.

കുട്ടികൾ പക്ഷെ എന്നെ വെറുതെ വിട്ടില്ല. ചില അധ്യാപകരും വിട്ടില്ല. നാട്ടുകാരും വിട്ടില്ല. എങ്ങനെയെങ്കിലും മുടി വളരണേ എന്നെ ഒറ്റപ്രാർത്ഥന മാത്രമായിരുന്നു എനിക്കക്കാലത്ത്.

നീണ്ടമുടിയുള്ള ധന്യയ്ക്ക് രഹസ്യഎണ്ണ നൽകിയ സമൃദ്ധിയാണ് ഈ മുടിച്ചന്തമെന്നറിഞ്ഞ ഞാൻ ഒരു ഹീറോ പേനയ്ക്ക് ബദലായി എണ്ണയുടെ രഹസ്യം വാങ്ങിയത് അക്കാലത്തുതന്നെയായിരുന്നു. പൂച്ചക്കാട്ടം കൊണ്ട് എണ്ണകാച്ചിത്തേച്ചാൽ മതിയെന്ന് ഉപദേശിച്ച അവളുടെ അമ്മയുടെ ക്രൂരതയൊന്നും എനിയ്ക്ക് മനസ്സിലായിരുന്നില്ല. ഞാൻ കഷ്ടപ്പെട്ടു സമ്പാദിച്ച പൂച്ചക്കാട്ടം ഓക്കാനത്തോടെ പൊട്ണിയെലയടക്കം എടുത്ത്​ ദൂരേക്കുവലിച്ചെറിഞ്ഞ അമ്മയുടെ ക്രൂരത എന്നെ തകർത്തുകളഞ്ഞു.
‘എന്നാലും നീയെന്റെ കൊച്ചിന് പൂച്ചക്കാട്ടത്തിന്റെ ഇച്ചിരിയെണ്ണ അനത്തിക്കൊടുത്തില്ലല്ലോ' എന്നുചോദിച്ച ഹൃദയാലുവായ അച്ഛന്റെ നെഞ്ചിൽ വീണ് ഞാൻ പൊട്ടിക്കരഞ്ഞു.

സഹീറുദ്ദീന്റെ മൈലാഞ്ചി അഥവാ മുടി വെട്ടിയ ആൺകുട്ടി

യു.പി ക്ലാസിലാണ് സഹീറുദ്ദീനുമായി (പേര് യഥാർത്ഥമല്ല) ഞാൻ ചങ്ങാത്തത്തിലാകുന്നത്. അവൻ എന്റെ അയൽപക്ക സ്‌കൂളിലായിരുന്നു, വെണ്ണായൂർ യു.പി സ്‌കൂൾ. ആ വർഷം വന്നുചേർന്നതാണ്. ലോറിക്കാരനായ വാപ്പിച്ചിയുടെ മൂന്നാമത്തെ ആൺകുട്ടി. ഒരേയൊരു ആൺതരി. അവന്റെ കണ്ണുകളിൽ പെണ്മയുണ്ടായിരുന്നു. വലിയൊരു കൊറോണാ വൈറസിനെപ്പോലെ സമൃദ്ധമായ കൺപീലിയ്ക്കുള്ളിൽ നക്ഷത്രഭംഗിയിൽ അതു തുടിച്ചു. ആരും കാണാതെ ഉമ്മിയുടെ സുറുമ തേയ്‌ക്കേ ചാരപ്പൊടി തിളങ്ങുന്ന കൺവരയിൽ അവന്റെ കണ്ണുകൾ പെൺകുട്ടികളേക്കാൾ ചന്തമുള്ളതായി മാറി. അവൻ മാറി വരുന്ന ആറാമത്തെയോ ഏഴാമത്തെയോ സ്‌കൂളായിരുന്നു ഇത്.
‘‘ഇവുടേം എത്രാന്ന് ആർക്കാ നിച്ചം?'' അവൻ മൈലാഞ്ചിയിലകൾ നുള്ളിയെടുത്തു. വെളുത്തു സ്വർണ്ണമിനുക്കമാരന്ന അവന്റെ കൈപ്പത്തിയിലും കാലിലും മൈലാഞ്ചിമൊഞ്ച് ഓറഞ്ചണിഞ്ഞു നിന്നത് ഞാൻ കണ്ടു.
‘‘ആങ്കുട്ട്യാള് മൗലാഞ്ചി ഇട്വോ ബനെ?''
‘‘പിന്നില്ല്യാണ്ട്. ഞമ്മളിടും''

മുടി അല്പം വളർന്നാൽ ആൺകുട്ടികൾക്ക് ജലദോഷം വരും എന്ന്​ പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. ആൺകുട്ടികൾക്കുമാത്രം ജലദോഷം വരുത്തുന്ന ആ പ്രത്യേകതരം വൈറസ്​ എന്താനെന്ന് എനിയ്ക്കന്നൊന്നും മനസ്സിലായില്ല.

മൈലാഞ്ചിയ്ക്കപ്പുറത്ത് പട്ടുനൂൽ വിടർത്ത പോലെ അവന്റെ മുടിയിളകി.
ഷോൾഡർ ബ്ലെൻഡ് ചെയ്ത ആ മുടിയിൽ നിന്ന്​ ഷാമ്പൂവിന്റെ മണമുതിർന്നു.
‘‘എന്ത് ഹരാണ്ടോ അന്റെ മുടി കാണാൻ'' ഞാനെന്റെ കൗതുകം അറിയിച്ചു.
‘‘ഔ ന്റ ബളേ നോക്ക്യാണീ'' അവൻ തന്റെ കൈവെള്ള മലർത്തി. പിങ്ക് തിണർത്ത വടിയടയാളങ്ങൾ
‘‘പേരയ്‌ക്കേന്റ്യാ. പി.ടി മാസ്റ്റ് തല്ല്യേതാ''
‘‘എന്തിന്?''
‘‘എന്ത്ത്തിന്നാറയോ. മുടി ബളർത്ത്യേന്. ആങ്കുട്ട്യാള് മുടി ബെട്ടെണേലോ. ഞമ്മള് ബെട്ടൂല''

വെളുത്ത സ്വർണ്ണത്തുടയിൽ കുഞ്ഞിസ്താദ് നുള്ളിയതും തോളിൽ ആശാരി ഗംഗപ്പൻ കടിച്ചതും അവൻ കാട്ടിത്തന്നു.
‘‘ഓലിയ്ക്കും ഇയ്യ് മുടി വെട്ടണോ?''
‘‘പോയ്യാണി അവുട്ന്ന്.'' റൈസാദ് ഇടപെട്ടു
‘‘ചെക്കാ, ഓലെ അടുത്തേക്കൊന്നും പോകേര്ത് ട്ടോ, ഓലിക്ക് കുണ്ടമ്മാരെ വെല്ല്യ കിബറാക്ക്ന്ന് പരിപാടിണ്ട്''

സഹീറിനുള്ളിലെ പെണ്മ കണ്ടെത്തിയതിന്റെതായിരുന്നു ആ അടയാളങ്ങൾ. ചിലപ്പോൾ അവൻ പൊട്ടിക്കരഞ്ഞു.
‘‘ആരു പറഞ്ഞാലും എയ്യീ മുടി വെട്ടരുത്. നല്ല ഭംഗിയുണ്ട്'' ഞാനവന് ധൈര്യം കൊടുത്തു. പക്ഷെ സ്‌കൂളിൽ അവൻ നിരന്തര പരിഹാസം ഏറ്റു. അധ്യാപകർ തന്നെയായിരുന്നു അതിനു മുൻനിന്നത്.
‘‘ഓനിദാ ക്യൂട്ടെക്സ്സിട്ട്ണ്''
‘‘ആവൂ, ഈ കിബ്ബറൻ അത്തറ് പൂസ്സീണ്''
‘‘ദെന്തിത്താ സഹീറ്വോ? കണ്ണുമ്പല് സുറുമട്ടിണാ ജി?''
‘‘പെണ്ണുങ്ങളന്തി മുടി നീട്ട്വാ ബനെ?''
‘‘ബെല്ലാത്ത ബലാലെന്നെ. ഇത് പുയ്യൂട്ടിന്റെ കജ്ജ് മാതിരിണ്ടല്ലോ?'' അവന്റെ കയ്യിലെ മൈലാഞ്ചി ഓഡിറ്റ് ചെയ്യപ്പെട്ടു.
ഇടയ്ക്ക് സഹീർ എന്റെ വീട്ടിൽ വന്നു. വെള്ളയിൽ വയലറ്റു പുള്ളികളുള്ള എന്റെ ലൂസ്സായ തട്ടുടുപ്പ് കെഞ്ചി വാങ്ങിച്ചു. അമ്മയുടെ സിന്ദൂരത്തിന്റെ പേസ്റ്റ് ചുണ്ടിൽ തേച്ചു. അവന്റെ തോളിലേയ്ക്കിറങ്ങിയ പെൺ മുടി കാറ്റിൽ ഇളകി.

അതിനുശേഷം ഞാൻ സഹീറിനെ വർഷങ്ങളോളം കണ്ടിട്ടില്ല.
നിർബന്ധമായി അവന്റെ മുടി മുറിച്ചതിന്റെ പേരിൽ വഴക്കായെന്നും പി.ടി മാഷെ അവൻ കല്ലെറിഞ്ഞെന്നും കേട്ടു. സ്‌കൂളിൽ നിന്ന്​ ടി.സി വാങ്ങി എങ്ങോട്ടുപോയി എന്നുമാത്രം എനിയ്ക്കറിയാൻ കഴിഞ്ഞില്ല.
മുടി വെട്ടിയ പ്രതിസന്ധിയേക്കാൾ ഭീകരമായിരുന്നു മുടി വെട്ടാത്തവന്റെ പ്രതിസന്ധിയെന്നു ഞാൻ തിരിച്ചറിഞ്ഞു.

ഒരിഞ്ചു മുടി വളർന്നാൽ ജലദോഷം

മുടി അല്പം വളർന്നാൽ ആൺകുട്ടികൾക്ക് ജലദോഷം വരും എന്ന്​ പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. ആൺകുട്ടികൾക്കുമാത്രം ജലദോഷം വരുത്തുന്ന ആ പ്രത്യേകതരം വൈറസ്​ എന്താനെന്ന് എനിയ്ക്കന്നൊന്നും മനസ്സിലായില്ല. ആൺകോയ്മയാണോ അതെന്നും തിരിയുന്നില്ല.
കാലം മാറി, കഥയും മാറി. എനിയ്ക്കു നഷ്ടപ്പെട്ട എന്റെ കുട്ടിക്കാല മുടിക്കാലത്തെ, ഞാൻ കാണുന്ന മനുഷ്യരെയെല്ലാം മുടി വളർത്താൻ പ്രേരിപ്പിച്ചുകൊണ്ട്, സഹായങ്ങൾ നൽകിക്കൊണ്ട് വീണ്ടെടുക്കാൻ ശ്രമിച്ചു. അമ്മയുടെ പരീക്ഷണ വസ്തുക്കളായ എന്റെ കുഞ്ഞുങ്ങളുടെ കാര്യങ്ങൾ പിന്നെ പറയേണ്ടതില്ലല്ലോ. കുരുകുരാ കരിമ്പിരുമ്പുമുടി തുരുതുരാ വളർന്ന തല സ്വപ്നം​ കണ്ടെങ്കിലും മുള്ളൻ പന്നിയെപ്പോലെ നിൽക്കുന്ന കോലൻ മുടിയുമായി മകൾ പിറന്നു. അരക്കെട്ടോളം പരന്ന്​ മുടി വളർന്നെങ്കിലും അവളുടെ അച്ഛൻ നിസ്സാരമായത് വെട്ടിക്കളഞ്ഞു.

പക്ഷെ എന്റെ സ്വപ്നത്തിലെ നിറച്ചും ചുരുണ്ട മുടിയുമായിയാണ് എന്റെ മകൻ പിറന്നത്. സംശയിച്ചില്ല, എന്റെ കൊച്ചുനരഭോജിയെ അവന്റെ കാപ്പിരിമുത്തച്ഛന്മാരെപ്പോലെ സ്വതന്ത്രനാക്കി വളർത്തി. ചുരുളിഴകളിൽ കാറ്റ് വന്നുതിർക്കുന്ന മനോഹരസംഗീതം കേട്ടു. പാന്റീൻ ഷാമ്പുവിന്റെ പതുപതുത്ത പട്ടുസ്വഭാവം കാട്ടിയ മുടി മണത്ത് നെഞ്ചത്തുറങ്ങിയ അവന്റെ മുടിയെ തഴുകിയാനന്ദിച്ചു. കാണുന്നവരൊക്കെ പെൺകുട്ടിയാനെന്നുകരുതി അഭിനന്ദിക്കയും ആൺകുട്ടിയെന്നറികെ മുടി ചുളിക്കയും ചെയ്തു. ആദിത്യ എന്ന പേര് പെൺകുട്ടിയുടേതാണെന്ന് പലരും കരുതി. ലിംഗരഹിത നാമമെന്നു ധരിച്ചിട്ടും നാട്ടുകാരതിനു പെൺലിംഗം നൽകിയെന്നു സാരം.

മുരിങ്ങയിലകൾ പോലെ കുനുത്തചുരുണ്ട മുടിയിഴകൾ അവന്റെ നെറ്റിയിൽ വീണു കിടക്കുന്നത് കാണാൻ ഭയങ്കര ഭംഗിയായിരുന്നു. എന്റെ സ്വപ്നത്തിലെ എന്റെ കുഞ്ഞ്​ എന്ന്​ ഞാൻ ആഹ്‌ളാദിച്ചു. ചോലനായ്ക്കർക്കും കാട്ടുനായ്ക്കർക്കുമിടയിലായിരുന്നു ഗർഭകാലത്ത് ഞാൻ ജോലി ചെയ്തിരുന്നത്. എന്റെ മകന്റെ മുടി കണ്ടാൽ അവനൊരു ചോലക്കാരൻ കുഞ്ഞല്ലെന്ന് ആരും പറയില്ല. ഓഫീസിൽ വരുന്ന ഗോത്രാംഗങ്ങൾക്കെല്ലാം വലിയ ആഹ്‌ളാദം തോന്നിയിരുന്നു. കാട്ടിൽ വളരുന്ന വന്യമനുഷ്യനായ മൗഗ്ലിക്കുഞ്ഞിനെപ്പോലെ എന്റെ മകൻ അക്കാലത്ത് വളർന്നു വന്നു. അവന്റെ മുടിയിഴകളുടെ ഭംഗി, എന്റെ നരഭോജി കുഞ്ഞിന്റെ പ്രാകൃതമായ ഭംഗി ഞാൻ കൺകുളിർക്കെ ആസ്വദിച്ചു. മുടിയുടെ ഗംഭീരഭംഗിയിൽ വളർന്നുവരുന്ന കാലത്താണ് അവൻ സ്‌കൂളിൽ നഴ്‌സറി ക്ലാസിൽ ചേരുന്നത്.

എല്ലാ ദിവസവും ഡയറിയിൽ ടീച്ചർ എഴുതിക്കൊടുത്തു വിട്ടു; ‘‘അവന്റെ മുടി മുറിക്കുക''
‘‘വെട്ടിയ്ക്കാം ഉടനെത്തന്നെ’’ എന്ന്​ കള്ളമെഴുതിയും ചിലപ്പോൾ കണ്ടില്ലെന്നു ധരിച്ചും ഞാനത് അത് പാടേ അവഗണിച്ചു. ചുരുണ്ട മുടി മൊത്തം വെട്ടിക്കളഞ്ഞുകഴിഞ്ഞ അവന്റെ തലയെപ്പറ്റി സങ്കൽപ്പിക്കാൻ കൂടി എനിക്ക് പ്രയാസമായിരുന്നു. അവന്റെ ഓമനത്തം, ഭംഗി, എന്റെ വാത്സല്യം എല്ലാം ചേർന്നതായിരുന്നു അവന്റെ മുടിയിഴകൾ.
അവൻ പിച്ചാപിച്ചാ നടക്കുമ്പോൾ ഉരുണ്ടുവീണും കാറ്റിൽ പിടിച്ചെണീറ്റും പിച്ച നടന്ന മനോഹരയിഴകൾ.
വീണ്ടും വീണ്ടും വാശിയോടെ ടീച്ചർ എഴുതി വിട്ടു, ‘‘ഇവന്റെ മുടി വെട്ടുക''

ഡയറിയിൽ ഞാൻ മറുകുറിപ്പ് സത്യസന്ധമായി എഴുതി, ‘‘മുടിവെട്ടിക്കളഞ്ഞാൽ ഇവനെ കാണാൻ കുരങ്ങനെ പോലെ ഉണ്ടാവും. ഞാൻ മുടി വെട്ടിക്കില്ല. എനിക്ക് വേണ്ട. ഇവന്റെ ഭംഗി പോകും''

എൽ.കെ.ജിയിലെ മീര ടീച്ചർ തമാശക്കാരിയായിരുന്നു, ‘അമ്മയുടെ മുടി മോഹമാണ് മകന്റെ തലയിൽ ചുരുൾ ആയി കിടക്കുന്നത് കിടക്കുന്നത് അല്ലേ?'
ആ ടീച്ചർ വളരെ നല്ലതായിരുന്നു. സ്‌കൂളിലെ പേന്തലച്ചികളിൽ നിന്ന്​ അവൻ ശേഖരിച്ച പേനുകളെപ്പറ്റി അവർ വ്യാകുലയായി, ‘തലയിൽ പേൻ നല്ലോണം വരും.’
‘വരില്ല'
അവൻ വീട്ടിലെത്തിയ വൈകുന്നേരങ്ങളിൽ മുറ്റത്തുതന്നെ നിന്ന് അക്കുവോ ഞാനോ അവന്റെ മുടി പേൻചീർപ്പുകൊണ്ട് ചീകി വെടിപ്പാക്കി വെച്ചു. പാന്റീന്റെ പൂക്കൾ വാസനിക്കുന്ന ഷാംപൂ കൊണ്ട് മുടിച്ചുരുളുകൾ കഴുകിയിട്ടു തിളക്കി.

‘‘രാവിലെ ആദിത്യ വന്നാലുടനെ, ഒരു പേനിനെ തലയിൽ നിന്ന്​ കണ്ടുപിടിച്ചു തന്നാൽ, എന്നാൽ ഞാൻ മസാലദോശ വാങ്ങി തരും.''

ടീച്ചർ അവന്റെ മുടി പരിശോധിച്ചു. പൂക്കളുടെ സുഗന്ധമുള്ള, ജടയില്ലാത്ത മനോഹരമായ മുടി അവന്റെ നെറ്റിയിൽ വീണ്​ ചിതറിക്കിടന്നു.

എൽ.കെ.ജി, യു.കെ.ജിയുടെ നാലുവർഷങ്ങൾ ഞങ്ങൾ പരസ്പരം ഡയറി എഴുതി കളിച്ച് കടന്നുപോയി.

മുതിർന്ന കുട്ടികൾ എന്റെ മകനെ അസൂയയോടെ നോക്കി. ‘അയ്യോ, ഞാൻ മുടി വെട്ടില്ല, വെട്ടില്ല’ എന്ന എന്റെ ആകുലത കണ്ട് അവർ തങ്ങളുടെ മാതാപിതാക്കളെ പ്രതീക്ഷയോടെ നോക്കി. ‘മുടിവെട്ടാൻ ടീച്ചർ ആവശ്യപ്പെടരുത്. ആൺകുട്ടികൾ മുടി വെട്ടണം എന്ന് എവിടെയും പറയുന്നില്ല..'' ഞാൻ ചീറ്റപ്പുലിയെപ്പോലെ വാദിച്ചു.

ഞാനൊരിക്കലും മുടിവെട്ടിക്കില്ല എന്ന് അധ്യാപികയ്ക്ക് ഉറപ്പായിരുന്നു. എന്നിട്ടും ഡയറിയിൽ ‘മുടി വെട്ടുക, മുടി വെട്ടുക' എന്ന് അവർ എഴുതിക്കൊടുത്തുകൊണ്ടേയിരുന്നു, പറ്റില്ല, പറ്റില്ല എന്ന് ഞാനും.

ഒരുപക്ഷേ കിൻഡർ ഗാർഡനിൽ ഒരു ഡിഗ്രി കാലത്തിലധികം ചെലവഴിച്ച കുട്ടികൾ കുറവായിരിക്കും. പാവം എന്റെ മകൻ കുഞ്ഞൂട്ടൻ. അവൻ എൽ.കെ.ജിയിൽ രണ്ടുവർഷവും യു.കെ.ജിയിൽ രണ്ടുവർഷവും... അങ്ങനെ നാലുവർഷത്തെ കിൻഡർ ഗാർഡൻ ഡിഗ്രി പൂർത്തിയാക്കിയിരുന്നു. ആദ്യത്തെ മൂന്നു വർഷങ്ങൾ ശാന്തമായി കടന്നുപോയി. മീര ടീച്ചറായതിനാൽ പ്രശ്‌നങ്ങൾ രൂക്ഷമായില്ല എന്നു വേണം പറയാൻ. നാലാമത്തെ വർഷം കളി മാറി. പി.ടി ടീച്ചറും മറ്റു ടീച്ചർമാരും കുറ്റകൃത്യം ചെയ്ത പ്രതിയെപ്പോലെ മകനെ നോക്കി. അവനോട് മുടിവെട്ടാൻ പറഞ്ഞുവിട്ടു. ഞാനത് ശ്രദ്ധിച്ചതേയില്ല.

ഞാൻ സ്‌കൂളിലേക്ക് വിളിക്കപ്പെട്ടു. എന്നെപ്പോലെ പോലെ കുറേ രക്ഷിതാക്കൾ അവിടെ വന്നിരുന്നു. എസ്.എസ്​.എൽ.സി, ഹയർസെക്കൻററി പോലുള്ള വലിയ ക്ലാസുകളിൽ പഠിക്കുന്ന മുതിർന്ന കുട്ടികൾ അവരുടെ അച്ഛനമ്മമാരോടൊപ്പം മുടിയന്മാരായി നിന്നു. മുതിർന്ന കുട്ടികൾ എന്റെ മകനെ അസൂയയോടെ നോക്കി. ‘അയ്യോ, ഞാൻ മുടി വെട്ടില്ല, വെട്ടില്ല’ എന്ന എന്റെ ആകുലത കണ്ട് അവർ തങ്ങളുടെ മാതാപിതാക്കളെ പ്രതീക്ഷയോടെ നോക്കി.

‘‘മുടിവെട്ടാൻ ടീച്ചർ ആവശ്യപ്പെടരുത്. ആൺകുട്ടികൾ മുടി വെട്ടണം എന്ന് എവിടെയും പറയുന്നില്ല..'' ഞാൻ ചീറ്റപ്പുലിയെപ്പോലെ വാദിച്ചു.
മറ്റു രക്ഷിതാക്കൾ കളം മാറി മുടി വളർത്തിയ കുട്ടികളുടെ തലമണ്ടയ്ക്ക് ഞോണ്ടി, ‘‘അപ്പളേ പറഞ്ഞതെല്ലെ ദ് വെട്ടണന്ന്​''
‘‘ഇദിലിത്തിരി എണ്ണ തേക്കാൻ ഞാനോന്റെ കാല് പിടിച്ചില്ലേ ടീച്ചറെ'', ഒരമ്മ കണ്ണീരുതിർത്തു.
കുലംകുത്തികൾ, മുടി വളർത്താനുള്ള കുട്ടികളുടെ ദാഹത്തെ കൊല്ലുന്നവർ.

‘‘അത് സ്‌കൂളിലെ നിയമമാണ്. ആൺകുട്ടികൾ മുടി വളർത്താൻ പാടില്ല. വെട്ടിയെ പറ്റൂ'', സ്‌കൂൾ അധികൃതർ കട്ടായം പറഞ്ഞു.
‘‘ഓർഡറെവിടെ?''
‘‘അല്ല, വളർത്താമെന്ന് നിങ്ങൾ ഓർഡർ കാട്ട്യാ മതി'', ടീച്ചർമാർ എന്നെ വെല്ലുവിളിച്ചു.

വെട്ടും എന്നോ വെട്ടില്ല എന്നോ ഞാൻ പറഞ്ഞില്ല.
കുട്ടിയെ കൊണ്ട് പെ​ട്ടെന്ന് സ്ഥലം കാലിയാക്കി.
‘‘ആന്റീ, ആ ഓർഡർ ഞങ്ങക്കും തരണേ'', തലയിൽ പൂച്ചട്ടി പോലെ മുടി വെച്ചവൻ അപേക്ഷിച്ചു. സ്‌കൂളധികൃതർ കൊണ്ടുവന്ന ബാർബറെ ഞാൻ കൺതുറിച്ചു നോക്കി.
പാവം മറ്റു കുട്ടികൾ. അവരുടെ രക്ഷിതാക്കൾ കുട്ടികളുടെ മുടി വെട്ടാൻ അനുമതി നൽകിയിരുന്നു.
‘ഞാനിതില് പങ്കാളിയല്ല', ബാർബെർ തലകുമ്പിട്ടു.
ചുരുണ്ടതും വളഞ്ഞതും കോലുപോലുള്ളതുമായ മുടിയിഴകൾ നിലത്തുവീണു. കുട്ടികളുടെ കണ്ണീരിൽ അത് നനഞ്ഞു.
‘ഞാൻ വെട്ടുന്നില്ല കേട്ടോ', ഞാൻ വീണ്ടും ക്ലാസ് ടീച്ചർക്ക് മറുപടി കൊടുത്തുവിട്ടു.
‘‘പ്രിൻസിപ്പാൾ പറഞ്ഞാൽ പിന്നെ ഞാൻ ഉത്തരവാദിയല്ല'', ടീച്ചർ എന്നെ കൈയൊഴിഞ്ഞു.

മുടിത്തെയ്യമുറയുമ്പോൾ

ഒന്നാം ക്ലാസിലെത്തിയപ്പോഴേയ്ക്കും കാര്യങ്ങൾ വീണ്ടും മാറി.
ഇര എന്റെ മകൻ ആയിരുന്നു. അവന്റെ അമ്മയായ ഞാൻ ഒന്നാം ക്ലാസിൽ മുടിയില്ലാത്തതിനാൽ മറ്റു കുട്ടികളാൽ എങ്ങനെ അപമാനിക്കപ്പെട്ടുവോ, മുടിയുള്ളതിനാൽ സഹീർ എങ്ങനെ അപമാനിയ്ക്കപ്പെട്ടുവോ, അതുപോലെ അവനും അപമാനിക്കപ്പെട്ടു. മുടി വെട്ടാത്തതിന്റെ പേരിൽ അവനെ പല അധ്യാപകരും സ്‌കൂൾ അധികൃതരും നിരന്തരം കളിയാക്കി. അവൻ ഉറക്കെ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് വന്നു.
അവന്റെ മനോഹരമായ ഫ്രീക്കൻ മുടിയ്ക്ക് നാട്ടിലും കുട്ടികൾക്കിടയിലും സ്‌കൂളിലും പോലും ആരാധകരുണ്ടായിരുന്നു.
‘‘ഏട്ടന്മാര് വെട്ടാൻ സമ്മേയ്ക്കണ്ടാന്ന് പറഞ്ഞിട്ടുണ്ട്'', അവൻ കണ്ണാടിയിൽ നോക്കി. അവന്റെ മുടി ചന്തമായി വിലസുന്നതിൽ അവനും ചെറിയ അഭിമാനമൊക്കെ ഉണ്ടായിരുന്നിരിയ്ക്കണം.
എന്നാൽ അധ്യാപകരുടെയും സ്‌കൂൾ അധികൃതരുടെയും നിരുത്തരവാദിത്തപരമായ പെരുമാറ്റം അവനെ പ്രതിസന്ധിയിലാക്കി.

ഒരുത്തരവിനുവേണ്ടി ഡയറക്​ടർ ഓഫ് പബ്ലിക്ക് എജ്യൂക്കേഷനും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കും ഞാൻ കത്തയച്ചു. അതുപക്ഷെ മുടി വളർത്താനുള്ള ആൺകുട്ടികളുടെ സ്വാത​ന്ത്ര്യത്തെപ്രതി മാത്രമായിരുന്നില്ല. ട്രാൻസ്​ ജെൻഡർ കുട്ടികൾ ക്രോസ്​ ഡ്രസ്​ ചെയ്യുന്നതും കമ്മലിടുന്നതും തുടങ്ങി ജൻഡർ ഡിസ്പാരിറ്റിയെ പ്രത്യക്ഷത്തിലുൽപാദിപ്പിക്കുന്ന എല്ലാത്തരം അധ്യാപക ഭരണഭീകരതക്കും എതിരെയായിരുന്നു. സർക്കാർ എന്നെ സഹായിയ്ക്കുമെന്ന്​എനിയ്ക്കുറപ്പായിരുന്നു. സത്യത്തിൽ, മുടി വളർത്തിയതിന്റെ പേരിൽ എനിക്ക് നഷ്ടപ്പെട്ട സഹീറുദ്ദീനും മുടി മുറിഞ്ഞതിന്റെ പേരിൽ ഞാനനുഭവിച്ച ജൻഡർ കളിയാക്കലിനും പരസ്യമായി മൊട്ടുകമ്മലൂരി അധ്യാപികയ്ക്കു കൊടുക്കുമ്പോൾ വിങ്ങിക്കരഞ്ഞ സണ്ണിയ്ക്കും ഇടത്തേ തള്ളവിരലിൽ നീട്ടി നിറം കൊടുത്ത വലിയ നഖം മുറിച്ചിട്ടപ്പോൾ അപമാനിതനായ രാജുവിനും മാതാപിതാക്കളും സ്‌കൂളുകാരും കൂടി മുടി പരസ്യമായി വെട്ടിച്ച ആൺകുട്ടികൾക്കും മുടിയുടെ പേരിൽ കളിയാക്കലേറ്റ് സ്‌കൂളിലേയ്ക്ക് പോകാതിരുന്ന ഗോത്രകുട്ടികൾക്കും കൂടിയായിരുന്നു. പെൺകുട്ടികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അനുമതിയുള്ള പോലെ തന്നെയാണ് ആൺകുട്ടിയ്ക്കും ഫ്രീവില്ലെന്ന് നിയമം പറയാൻ വേണ്ടിയായിരുന്നു.

2019 ലും 2020 ലും ഞാൻ അപേക്ഷ കൊടുത്തതിന്​ ഒരു മറുപടി തന്നത് കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ ഉപ ഡയറക്​ടറാണ്​. എന്റെ മകന്റെ മാത്രം വിഷയമായാണ് അവരത് വായിച്ചത്. നവോത്ഥാനവും ജൻഡർ സെൻസിറ്റൈസേഷനും പത്രത്തിൽ വാർത്ത വരുത്തുന്നെങ്കിൽ മാത്രം നടപ്പിലാക്കാം എന്നോ മറ്റോ ആയിരിയ്ക്കണം ഇവരുടെ തോന്നൽ. കേരള സർക്കാർ മുന്നോട്ടുവെച്ച നവആശയങ്ങളെക്കുറിച്ചോ ട്രാൻസ്​ജെൻഡർ സൗഹൃദ പോളിസികളെക്കുറിച്ചോ ഈ വകുപ്പ് ചിന്തിച്ചതേയില്ല.
മകന്റെ സ്‌കൂളിനെക്കുറിച്ചും മറ്റുമുള്ള വിവരങ്ങൾ നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. എന്റെ അഭ്യർത്ഥനയെ നിസ്സാരവത്കരിച്ചു.

ചുരുൾമുടി ആകാശത്തേയ്ക്ക് സാക്ഷ്യം വെച്ച് എന്റെ ആദിപൂർവ്വികരിലൊരുത്തൻ നരിക്കുന്തമെറിഞ്ഞു. പിന്നെ, കാട്ടഴകാർന്നതും കറ്റാർവാഴക്കാട് വാസനിയ്ക്കുന്നതുമായ പട്ടുമുടി, ഇടതു വശത്തേയ്ക്ക് ചെരിച്ച് മനോഹരമായ മടക്കുകളിലൂടെ കുടുമി കെട്ടി...

ആദ്യമൽപം രൂക്ഷമായ ഭാഷയിൽ മറുപടി എഴുതിയെങ്കിലും എന്റെ മകനെ ഒരു പക്ഷെ സ്‌കൂൾ അധികൃതർ വഴക്കുപറഞ്ഞാലോ എന്ന ആകുലത എന്നെ മൂടി.
‘അമ്മ ലഹളയുണ്ടാക്കല്ലേ, മിസുമാര്​ പെണങ്ങും' എന്ന് മകനും പേടി പറഞ്ഞതോടെ ഞാൻ ഒരു സാധാരണ മറുപടി തയ്യാറാക്കി.

സർ
വിഷയം: ആൺകുട്ടികൾ / ട്രാൻസ്​കുട്ടികൾ മുടി വളർത്തുന്നത്, കമ്മലിടുന്നത് തുടങ്ങിയവ സ്‌കൂൾ അധികൃതർ നടത്തുന്നത് ജൻഡർ ഡിസ് പാരിറ്റിയാണെന്നും അത് നിയന്ത്രിക്കാൻ പാടില്ല എന്നുമുള്ള അഭ്യർത്ഥന- സംബന്ധിച്ച്

സൂചന: നമ്പർ ഡി 6/8440/ 2020 ജൂലൈ 14ലെ താങ്കളുടെ കത്ത്.
2. പൊതുവിദ്യാഭ്യാസ ഡയറക്​ടർക്കുള്ള എന്റെ കത്ത്.

സൂചന 1: കത്തിൽ എന്റെ മകന്റെ സ്‌കൂൾ ഏത് എന്നു ചോദിച്ചിരിക്കുന്നു. അത് ചിന്മയ വിദ്യാലയം കോഴിക്കോട് ആണ് എന്നറിയിക്കുന്നു.
എന്നാൽ ഇത് എന്റെ മകന്റെ മാത്രം വിഷയമല്ല. എന്റെ മകന്റെ സ്‌കൂൾഅധികൃതരുടെ വിഷയവുമല്ല. മറിച്ച് പല സ്‌കൂളുകളിലും ഈ നിയമം സാധാരണമാണ്. ആൺകുട്ടികളോ ട്രാൻസ്​ കുട്ടികളോ കമ്മലിടുകയോ തലമുടി വളർത്തുകയോ ചെയ്യാൻ പാടില്ല എന്ന നിയന്ത്രണം ജൻഡർഡിസ്​പാരിറ്റിയുടെ സൂചകങ്ങളാണ്. അത് സർക്കാർതലത്തിൽ തീരുമാനിച്ച് കേരളമൊട്ടാകെ നടപ്പിലാക്കേണ്ടതുമാണ്.
എന്റെ മകന്റെ വിഷയം മാത്രമായി ഇതിനെ ചുരുക്കരുത് എന്നഭ്യർത്ഥിക്കുന്നു. എന്റെ മകന്റെ സ്‌കൂൾഅധികൃതർ വലിയ കുഴപ്പമില്ലാതെ പെരുമാറുന്നവരാണ്. ഞാനൊരു പരാതി നൽകിയതിൽപ്രതി എന്റെ മകന്​ മറ്റു പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടാകാതെ നോക്കിക്കൊള്ളണമെന്നും അഭ്യർത്ഥിക്കുന്നു.
ഡോ. ഇന്ദു മേനോൻ

എവിടെ, ഒന്നും നടന്നില്ല.
സർക്കാർ നിർദ്ദേശമൊന്നും ഡി.ഡിയ്ക്ക് വിഷയമല്ല. ഡി.ഡി ദൈവമായ സ്‌കൂളുകാർക്കും വിഷയമല്ല.

ഞാൻ മുഖ്യമന്ത്രിയ്ക്ക് പരാതിയയച്ചു.
‘‘അങ്ങനെയയച്ചിട്ടെന്താ? പോർട്ടലിൽ രജിസ്റ്റെർ ചെയ്യണം''
ഇനി അതാണ് പ്രതീക്ഷ. പോരാളിയായ അമ്മയ്ക്കും മകനും മറ്റു കുട്ടികൾക്കും മുഖ്യമന്ത്രി കനിയണം.
‘‘നോക്കൂ, മോനെ, മാഷന്മാരും ടീച്ചർമാരും പറഞ്ഞാൽ അമ്മയോട് പറയാൻ പറഞ്ഞാൽ മതി'', അവൻ തലയിളക്കി.
ഉറങ്ങുമ്പോൾ ഞാനവന്റെ മുടിയിൽ പതിയെ ഉമ്മ വെച്ചു.
‘‘ഇക്കി പേട്യാമ്മെ. കന്യാസ്ത്രീകൾ എന്നെ ശരിയാക്കും'', അവൻ പറഞ്ഞു.
‘‘അയ്യയ്യേ. അതൊന്നൂല്യ. നമ്മള് മുഖ്യമന്ത്രിയ്ക്ക് കൊടുത്തല്ലോ, ശരിയാവും''
അവൻ മൂളി.

വെക്കേഷൻ കഴിയുന്നതിന്റെ തലേന്ന് ഞാൻ ജോലി കഴിഞ്ഞുവരുമ്പോൾ സൈക്കിളിൽ മകന്റെ ഛായയുള്ള ഒരു കുട്ടിയെ കണ്ടു. ഇതാരാപ്പാ പുതിയവൻ എന്ന് കരുതുകയും ചെയ്തു.

വീട്ടിലെത്തിയപ്പോഴാണ് രസം. മുടിത്തെയ്യം ഉറയുകയല്ല, ചമയമഴിയ്ക്കുകയാണ് ചെയ്തത്.
‘‘പിന്നെ അമ്മന്റെ മുടിയുദ്ധം. ഓനേ, നല്ല പേടീണ്ട്. സിസ്​റ്റർമാർ നല്ല അടി കൊടുക്കും. അച്ഛനതോണ്ട് മുടി വെട്ടിച്ചു.''

ഞാനവനെ ശത്രുവിനെപ്പോലെ തുറിച്ചുനോക്കി. യുദ്ധത്തിൽ നിന്ന്​ പിന്മടങ്ങിയ ഭീരുപ്പോരാളീ.

‘‘മുടി വളർത്ത്യാ ടീച്ചർമാര് അടിക്കും അമ്മേ'', അവന്റെ ശബ്ദം എനിയ്ക്ക് അപരിചിതമായി തോന്നി.

ഭ്രഷ്ട്

ചെണ്ടമുട്ട് കേട്ടു. തലവടിച്ച്, കർമ്പുള്ളി കുത്തി, കോവർക്കഴുതപ്പുറത്തേറ്റി പുറത്ത് പുസ്തകച്ചുമട് വെച്ചുകൊടുത്ത് അസംഖ്യം അധ്യാപകർ കൂടിനിന്ന്​ ആർപ്പിട്ടു.
ഞാൻ വലത്തേ കൈ കൊണ്ട് പ്രതിരോധിച്ചു.
സഹീറുദ്ദീൻ, മാഷിന്റെ നെറ്റിയിൽ കല്ലെറിഞ്ഞു.
ബോളനും ബീരനും അമ്പട്ടന്റെ കൈയ്യിൽ കടിച്ച്, എന്നെന്നേയ്ക്കുമായി സ്‌കൂളുപേക്ഷിച്ച് കാട്ടിനുള്ളിലേയ്ക്ക് പാഞ്ഞു...
വള്ളികളിൽ മരമുടിക്കെട്ടഴിച്ചു.
ചോലകളിൽ മേഘങ്ങൾ നീലമുടിനിറമ്പരത്തി.
ചുരുൾമുടി ആകാശത്തേയ്ക്ക് സാക്ഷ്യം വെച്ച് എന്റെ ആദിപൂർവ്വികരിലൊരുത്തൻ നരിക്കുന്തമെറിഞ്ഞു.
പിന്നെ, കാട്ടഴകാർന്നതും കറ്റാർവാഴക്കാട് വാസനിയ്ക്കുന്നതുമായ പട്ടുമുടി, ഇടതു വശത്തേയ്ക്ക് ചെരിച്ച് മനോഹരമായ മടക്കുകളിലൂടെ കുടുമി കെട്ടി...

മൂടില്ലാത്താളികൾ വന്ന് കാട് മൂടി... ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments