മഹിളാ മന്ദിരങ്ങളിലെ വിവാഹങ്ങൾ,
സ്​ത്രീകൾക്ക്​ നിഷേധിക്കപ്പെടുന്ന അവകാശങ്ങൾ

മഹിളാ മന്ദിരങ്ങളിൽ എത്തിപ്പെടുന്ന സ്​ത്രീകളുടെ ജീവിതത്തെക്കുറിച്ചുള്ള പഠനം. സ്​ത്രീകളുടെ വ്യക്തിപരമായ അവകാശങ്ങൾ പോലും നിഷേധിച്ച്​, അവരെ കുറ്റവാളികളെ പോലെ കാണുന്ന സമീപനമാണ്​ മഹിളാ മന്ദിരങ്ങളിലുള്ളതെന്ന്​​ ചില സ്​ത്രീകളുടെ അനുഭവങ്ങളിലൂടെ വ്യക്തമാക്കുന്നു.

നിത- ശിശു വികസനവകുപ്പില്‍ ജോലി ചെയ്തപ്പോഴാണ് സംസ്ഥാനത്തെ മഹിളാ മന്ദിരങ്ങളില്‍ നടക്കുന്ന വിവാഹങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെ കുറിച്ച് പഠനം നടത്തിയത്.

താമസക്കാരായ സ്ത്രീകളുടെ വിവാഹം എന്നത് മഹിളാമന്ദിരത്തില്‍ നടക്കുന്ന പ്രധാനപ്പെട്ട സംഭവങ്ങളില്‍ ഒന്നാണ്. അല്ലെങ്കില്‍ അതാണ് അവിടത്തെ പ്രധാന സംഭവം എന്നും പറയാം. ധാരാളം വിവാഹാലോചനകള്‍ മഹിളാമന്ദിരങ്ങളിലേക്ക് വരാറുണ്ട്. സാധാരണയായി വിവാഹം ചെയ്യാനാഗ്രഹിച്ച്​ പുരുഷന്‍മാര്‍ മഹിളാ മന്ദിരം പോലുള്ള ക്ഷേമസ്ഥാപനങ്ങളില്‍ എത്തുന്നത് നാല് സാഹചര്യങ്ങളിലാണ്.

ഒന്ന്​, നല്ല വിദ്യഭ്യാസമോ നല്ല ജോലിയോ സാമ്പത്തിക സ്ഥിതിയോ വീടോ ഇല്ലാത്തതിനാൽ വിവാഹം 'ശരിയാവാതെ' വയസ്​ അധികരിച്ചു പോവുമ്പോഴാണ്.
രണ്ട്​, അംഗവൈകല്യമോ മറ്റു മാനസികാരോഗ്യ പ്രശ്‌നമോ കാരണം വിവാഹം ശരിയാവാതിരിക്കുക.
മൂന്ന്​, എന്തെങ്കിലും പ്രശ്ന​ങ്ങളിലോ കേസുകളിലോ പെട്ടതിന്റെ പേരില്‍.നാല്​, 'സന്മനസു' കൊണ്ട് ഒരു പെണ്ണിന് 'ജീവിതം കൊടുക്കാം' എന്ന തീരുമാനപ്രകാരം.

തിരുവനന്തപുരം മഹിളാമന്ദിരത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ എട്ടോളം വിവാഹങ്ങള്‍ നടന്നിട്ടുണ്ട്. ഇതിലെല്ലാം കൃത്യമായും ഈ നാലു വിഭാഗങ്ങളില്‍ പെടുത്താവുന്നതാണ്. മറിച്ച്, ഇവിടുത്തെ സ്ത്രീകളാണെങ്കില്‍ മന്ദിരത്തില്‍ നിന്ന് രക്ഷപ്പെടാനാണ് പലപ്പോഴും വിവാഹത്തിനു മുതിരുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. അവര്‍ ഇവിടെ പുറംലോകവുമായി ബന്ധമില്ലാതെ, ബന്ധപ്പെടാൻ ഉപാധികളില്ലാതെ ഒരുതരം ബന്ധനത്തില്‍ എന്നതുപോലെയാണ് കഴിയേണ്ടി വരുന്നത് എന്നതാണ് ഇതിനു കാരണം. ഒരു സാധാരണ കേരളീയ ഭര്‍ത്തൃവീടും സ്ത്രീകള്‍ക്ക് ഇങ്ങനെത്തന്നെയാണെന്ന് കാണാം.

സ്ത്രീകളുടെ മാനസികാരോഗ്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ഗുരുതരമായ പിന്നാക്കാവസ്ഥയുടെ ഒരു പ്രധാന കാരണം, വിവാഹ സമ്പ്രദായങ്ങളാണ്.

വിവാഹം, പ്രസവം എന്നിവയുമായി ബന്ധപ്പെട്ട മാമൂലുകള്‍ പല നാട്ടില്‍ പലതാണ്. അതിലെല്ലാം മിക്കവാറും അടയാളങ്ങളെല്ലാം പേറേണ്ടതും മിക്ക ചടങ്ങുകളുടെയും ചെലവ് വഹിക്കേണ്ടതും വിവാഹം മൂലം വന്നുപെട്ട ജോലികള്‍ മുഴുവന്‍ ചെയ്യേണ്ടതും കുടുംബത്തിന്റെ വൈകാരിക സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതും സ്ത്രീകളും സ്ത്രീവീട്ടുകാരുമാണ്. ഇതിന് വ്യത്യസ്തമാണ് ഗെ വിവാഹവും ലെസ്ബിയന്‍ വിവാഹവും ട്രാന്‍സ് ജന്റഡര്‍ വിവാഹവും. ഇതൊന്നും വിവാഹങ്ങളായി നിയമമോ പൊതുസമൂഹമോ പലപ്പോഴും അംഗീകരിക്കുന്നുമില്ല.

സ്ത്രീകളുടെ വ്യക്തിനിയമലംഘനം, സ്ത്രീ​കള്‍ക്കെതിരായ അനീതി, അക്രമം, വിവേചനം, അന്ധവിശ്വാസം എന്നിവ പൊതുസമ്മതത്തോടെയും ബന്ധപ്പെട്ട നിയമ സംഹിതകളുടെ പിന്‍ബലത്തോടയും ഉള്‍ച്ചേര്‍ത്തതാണ് ഇന്ത്യയില്‍ ഏതൊരു വിഭാഗത്തിലേയും വിവാഹം. അതുകൊണ്ടുതന്നെയാണല്ലോ ഏക സിവില്‍ കോഡിനേക്കാള്‍ വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കുക എന്നതാണ് പ്രധാനം എന്നു വരുന്നത്. സ്ത്രീകളുടെ മാനസികാരോഗ്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ഗുരുതരമായ പിന്നാക്കാവസ്ഥയുടെ ഒരു പ്രധാന കാരണം, വിവാഹ സമ്പ്രദായങ്ങളാണ്.

2020-ല്‍ മഹിളാ മന്ദിരത്തില്‍ നിന്ന് 'വിവാഹം കഴിച്ചുവിട്ട' സ്മിത (പേരുകള്‍ സാങ്കല്‍പികം) മാനസികാസ്വസ്ഥതയോടെ തിരിച്ച് മന്ദിരത്തിലേക്കു തന്നെ വന്നു. സ്മിത ഉത്തര്‍പ്രദേശുകാരിയാണ്. മന്ദിരത്തിലെ താമസം കൊണ്ട് മലയാളം ചെറുതായി അറിയാം. സ്മിത മാത്രമല്ല, ഇതിനു മുമ്പും വിവാഹം കഴിഞ്ഞ്​ മന്ദിരത്തില്‍നിന്ന് പോയവര്‍ ഇത്തരത്തില്‍ മാനസികാസ്വാസ്ഥ്യം ആരോപിക്കപ്പെട്ടു തിരിച്ചുവരികയും 'ഉപദേശ'ങ്ങളെ തുടര്‍ന്ന് വീണ്ടും തിരിച്ചു പോവുകയും ഉണ്ടായിട്ടുണ്ട് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

നിലവില്‍ ഇവിടെ താമസിക്കുന്നവരില്‍ മിക്കവാറും സ്ത്രീകള്‍ മാനസികനില തകരാറിലായവരാണ് എന്ന കാര്യം സ്ത്രീകളുടെ വിവാഹജീവിതം, റദ്ദാക്കപ്പെടുന്ന വ്യക്തിഅവകാശങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വളരെ ഗൗരവകരമായി കാണേണ്ടതുണ്ട്. വിവാഹം, മാതൃത്വം, കുടുംബം എന്നിവയുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്ന പല തരം പ്രശ്‌നങ്ങളില്‍ പെട്ടുപോയവരാണ് ഇവിടെയെത്തുന്നത്.

കേരളത്തില്‍ നിലനില്‍ക്കുന്ന വിവാഹത്തിലൂന്നിയ നാട്ടിന്‍പുറത്തെ സാധാരണ കുടുംബവ്യവസ്ഥ്തി​യില്‍ മുറ്റമടിക്കുക, പാത്രം കഴുകുക, 'പറഞ്ഞത് കേള്‍ക്കുക' തുടങ്ങിയ കാര്യങ്ങള്‍ ചെയ്തില്ല എന്നത് സ്ത്രീകള്‍ക്കെതിരെ കേള്‍ക്കുന്ന വലിയ ആരോപണങ്ങളാണ്.

സ്മിത ഇതരസംസ്ഥാനത്തു നിന്ന്​ ഒരു കുഞ്ഞുമായി രക്ഷപ്പെട്ടുപോന്നതാണ്​. അവിടെവച്ച്​ വിവാഹം കഴിഞ്ഞു. അവൾ പ്രസവിച്ച കുഞ്ഞിന് കാഴ്ചശക്തിയില്ലായിരുന്നു. ഈ കാരണത്താല്‍ ഭര്‍ത്താവും അയാളുടെ വീട്ടുകാരും അവരെ ഉപദ്രവിക്കുകയും നിരന്തരം കുഞ്ഞിനെ അപായപ്പെടുത്തുവാന്‍ നോക്കുകയും ചെയ്തു എന്നാണ് സ്​മിത​ പറഞ്ഞത്. കുഞ്ഞിന് കാഴ്ചശക്തിയില്ലാത്തത് സ്മിതയുടെ ജന്മദോഷം കൊണ്ടാണ് എന്നാണത്രെ അവര്‍ വിശ്വസിക്കുന്നത്. കാഴ്ചശക്തിയില്ലാത്ത കുഞ്ഞാണെങ്കില്‍ കുടുംബത്തിന് അപശകുനമാണുപോലും. അപ്പോഴേ തന്നെ അവരുടെ മാനസികാവസ്ഥ പ്രശ്‌നത്തിലായിട്ടുണ്ടായിരുന്നു. മന്ദിരത്തില്‍ വന്നശേഷവും കുഞ്ഞിനെ അമ്മത്തൊട്ടിലിലേക്കു മാറ്റിയപ്പോള്‍ മാനസിക വിഭ്രാന്തി കാണിച്ചതായി അന്നത്തെ സൂപ്രണ്ട് പറഞ്ഞിട്ടുണ്ട്. സ്മിത മതിൽ ചാടിപ്പോയി കുഞ്ഞിനെ കാണാന്‍ ശ്രമിക്കാറുണ്ടായിരുന്നു. ഇത് മാനസികാരോഗ്യ പ്രശ്‌നമാണോ എന്ന് സ്ഥിരീകരിക്കാനാവില്ല. എന്തായാലും പിന്നീട് കുറെ ദിവസം കഴിഞ്ഞപ്പോൾ കുഞ്ഞിനെ ആരും ഉപദ്രവിക്കില്ല എന്നുറപ്പായപ്പോള്‍ ഇവര്‍ 'നോര്‍മല്‍' ആയി എന്നും പറയുന്നു. പിന്നീട് താമസക്കാര്‍ക്ക് ഭക്ഷണമുണ്ടാക്കുന്നതിലൊക്കെ പ​ങ്കെടുക്കാൻ തുടങ്ങി എന്നാണറിഞ്ഞത്. അവരുടെ കുഞ്ഞിന്റെ സുരക്ഷിതത്വവും സാമീപ്യവും സ്വയം അതിക്രമങ്ങളില്‍ നിന്നുള്ള രക്ഷയുമായിരുന്നു അവരുടെ എന്നത്തേയും ആവശ്യം. ഈയൊരവസ്​ഥയിലാണ്​ മന്ദിരം ഇവരെ കേരളത്തിലെ ഒരാള്‍ക്ക് വിവാഹം ചെയ്ത് കൊടുക്കുന്നത്. അവര്‍ക്ക് ഇവിടുത്തെ ഭര്‍ത്തൃവീട്ടില്‍ നിര്‍വഹിക്കേണ്ട മാമൂലുകള്‍ വ്യത്യസ്തങ്ങളും അടിസ്ഥാനപരമായി സ്ത്രീവിരുദ്ധവുമായിരുന്നു. ഇവയോട്​ പൊരുത്തപ്പെടാനാവാതെയാണ്​ അവരുടെ മാനസികാവസ്ഥ വീണ്ടും തകരാറിലായത്​.

2020-ല്‍ വിവാഹം കഴിഞ്ഞ ശ്രീദേവിയും മന്ദിരത്തില്‍ തിരിച്ചു വന്നിരുന്നതായി അന്നത്തെ സൂപ്രണ്ട് പറയുന്നുണ്ട്. ശ്രീദേവിയാണെങ്കില്‍ സ്വന്തം പിതാവില്‍ നിന്ന് ലൈംഗികപീഡനം നേരിട്ടതിനെ തുടര്‍ന്ന് വീട്ടില്‍ നിൽക്കാനാകാതെ വന്നപ്പോള്‍ അമ്മ മന്ദിരത്തില്‍ കൊണ്ടുചെന്നാക്കിയതായിരുന്നു. ശ്രീദേവിയുടെ അച്ഛന്‍ തമിഴ്​നാട്ടുകാരനും അമ്മ മലയാളിയുമാണ്​. ശ്രീദേവിയെ മന്ദിരത്തില്‍നിന്ന് വിവാഹം ചെയ്​തത്​ ഭിന്നശേഷിക്കാരനായ ഓട്ടോഡ്രൈവറാണ്. വിവാഹം കഴിഞ്ഞ ആദ്യ മാസങ്ങളില്‍ ശ്രീകല വളരെ 'പരുക്കൻ’ സ്വഭാവത്തിൽ പെരുമാറി, മുറ്റം അടിക്കുകയോ പാത്രം കഴുകുകയോ ചെയ്​തില്ല, കുഞ്ഞുണ്ടായപ്പോള്‍ കുഞ്ഞിനെ 'വേണ്ടതുപോലെ' നോക്കിയില്ല, ‘പറഞ്ഞത് അനുസരിക്കുന്നില്ല' തുടങ്ങിയ കാരണങ്ങൾ മൂലം ഭര്‍ത്താവിന്റെ വീട്ടില്‍ പ്രശ്‌നങ്ങളാവാന്‍ തുടങ്ങി എന്നാണ് അയാള്‍ പറഞ്ഞത്.

എല്ലാത്തരം പ്രശ്ന​ങ്ങള്‍ക്കും പരിഹാരം വിവാഹമാണ് എന്ന പൊതുബോധം മഹിളാ മന്ദിരത്തിലെയും വിവാഹനടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.

കേരളത്തില്‍ നിലനില്‍ക്കുന്ന വിവാഹത്തിലൂന്നിയ നാട്ടിന്‍പുറത്തെ സാധാരണ കുടുംബവ്യവസ്ഥ്തി​യില്‍ മുറ്റമടിക്കുക, പാത്രം കഴുകുക, 'പറഞ്ഞത് കേള്‍ക്കുക' തുടങ്ങിയ കാര്യങ്ങള്‍ ചെയ്തില്ല എന്നത് സ്ത്രീകള്‍ക്കെതിരെ കേള്‍ക്കുന്ന വലിയ ആരോപണങ്ങളാണ്. കേരളത്തില്‍ നിലനില്‍ക്കുന്ന സാമ്പ്രദായികവും മതപരവുമായ വിവാഹചടങ്ങുകളും മാമൂലുകളും തന്നെയാണ് മഹിളാമന്ദിരങ്ങളും പിന്തുടരുന്നത്. വിവാഹിതരാവുന്നവര്‍ക്ക് അണിയുന്നതിന്​ സ്വര്‍ണാഭരണങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതിന്​ മന്ദിരത്തിലെ ഉദ്യോഗസ്ഥര്‍ തന്നെ ജ്വല്ലറികള്‍ തോറും കയറിയിറങ്ങുന്നു എന്നത്​ വളരെ വിരോധാഭാസമാണ്.

‘ജീവിതം കൊടുക്കുക' എന്നതുകൊണ്ട്, വിവാഹത്തിലധിഷ്ഠിതമായ കുടുംബ ജീവിതമാണ് ഒരു വ്യക്തിയുടെ, വിശേഷിച്ച്​ സ്ത്രീകളുടെ, ജീവിതം ‘സെറ്റില്‍’ ആക്കുന്ന അവസാന വാക്ക് എന്ന പൊതുബോധം തന്നെയാണ് പ്രകടമാവുന്നത്. ഇത്തരത്തില്‍ എല്ലാത്തരം പ്രശ്ന​ങ്ങള്‍ക്കും പരിഹാരം വിവാഹമാണ് എന്ന പൊതുബോധം മഹിളാ മന്ദിരത്തിലെയും വിവാഹനടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.

കുടുംബം, വിവാഹം എന്നീ സാമൂഹിക സ്ഥാപനങ്ങളും വാര്‍പ്പുമാതൃകകളും സ്ത്രീകളുടെ മേല്‍ അടിച്ചേല്പിക്കപ്പെട്ട പല തലങ്ങളിലുള്ള വിട്ടു വീഴ്ചകളിലാണ് നിലനില്‍ക്കുന്നത്. ഇത്തരം വിട്ടു വീഴ്ചകളും അതിന്റെ നടത്തിപ്പുരീതിയും പല സംസ്ഥാനങ്ങളില്‍ പല പ്രദേശങ്ങളില്‍ വ്യത്യസ്തമാണ് എന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. അങ്ങനെയുള്ള സാഹചര്യത്തിലാണ് യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കപ്പെടുകയോ തിരിച്ചറിയുകയോ ചെയ്യാതെ താമസക്കാരെ വിവാഹം ചെയ്യിക്കുന്നത്.

തത്വത്തില്‍ മഹിളാ മന്ദിരങ്ങള്‍ അനാഥരോ കുറ്റവാളികളോ ആയ സ്ത്രീകളെ പാര്‍പ്പിക്കുന്ന ഇടമല്ല. മറിച്ച്​, വിവിധ പ്രശ്‌നങ്ങളില്‍ പെട്ടുപോവുന്ന സ്ത്രീകള്‍ക്ക് സ്വസ്ഥമായി താമസിച്ച്​ അവരുടെ പ്രശ്‌നങ്ങളില്‍ നിന്ന് മോചിതരാവാനുള്ള സേവനങ്ങളും ഉപജീവനമാര്‍ഗ്ഗങ്ങളും കണ്ടെത്താനുള്ള ഇടം കൂടിയാണ്.

വിനോദത്തിനും തൊഴിലിനും മറ്റു വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും സ്വതന്ത്രമായി പുറത്തുപോകാനും പുറംലോകവുമായി ബന്ധപ്പെടാനും അവസരമുണ്ടാകണം. ഇതൊന്നും സാധിക്കാത്തതിന്റെ നിരാശയും ഡിപ്രെഷനും പലരിലും വ്യക്തമാണ്.

വിവാഹശേഷം, സ്​ത്രീകൾ തിരിച്ചുവരുന്നു എന്നതിന് കുറെ കാരണങ്ങള്‍ മന്ദിരത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്.
ഒരാള്‍ വിവാഹം ചെയ്തുപോയാലും അവള്‍ക്ക്​ 'നല്ല’ കുടുംബജീവിതമുണ്ടായതില്‍ ഇഷ്ടക്കേട് തോന്നി ചിലര്‍ അവരെ പ്രശ്‌നങ്ങളുണ്ടാക്കി തിരിച്ചുപോരാന്‍ പ്രേരിപ്പിക്കുന്നുണ്ട് എന്നാണ് ഒരു വിശദീകരണം.
മന്ദിരത്തിലെ താമസക്കാരുമായുള്ള സഹവാസം, അവര്‍ അഭിമുഖീകരിച്ച പ്രശ്‌നങ്ങൾ, അവയോട്​ സ്വീകരിച്ച നടപടികൾ തുടങ്ങിയവ ചിലര്‍ക്ക് കൂടിയ സെല്‍ഫ് റെസ്‌പെക്റ്റും അത്യാവശ്യം നിയമബോധ്യവും നല്‍കുന്നുണ്ട്. ഇത് സാമ്പ്രദായിക രീതിയിലുള്ള, വിട്ടുവീഴ്ച്ചകള്‍ കൂടുതലുള്ള കുടുംബവ്യവസ്ഥിതിയുമായി സഹകരിച്ചുപോകാൻ ഇവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് കൗണ്‍സിലര്‍മാർ പറയുന്നു.
‘ഇവര്‍ക്കുവേണ്ടത് പൂട്ടിയിടുന്ന ഒരു ഷെല്‍ട്ടര്‍ അല്ല. മറിച്ച് പുറംലോകവുമായി വിനിമയം നടത്താവുന്ന ഷെല്‍ട്ടര്‍ ആണ്’ എന്നാണ്​ കൗണ്‍സിലര്‍ പറയുന്നത്. വിനോദത്തിനും തൊഴിലിനും മറ്റു വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും സ്വതന്ത്രമായി പുറത്തുപോകാനും പുറംലോകവുമായി ബന്ധപ്പെടാനും അവസരമുണ്ടാകണം. ഇതൊന്നും സാധിക്കാത്തതിന്റെ നിരാശയും ഡിപ്രെഷനും പലരിലും വ്യക്തമാണ്.

മന്ദിരത്തിലെത്തുന്നവര്‍ക്ക് അവരുടെ പ്രശ്ങ്ങള്‍ തീര്‍പ്പാക്കുവാനും ശാരീരിക- മാനസിക ആരോഗ്യം വീണ്ടെടുക്കാനും ഉള്ള സേവനങ്ങള്‍ ലഭ്യമാക്കുകയും അത്രയുംകാലം സുരക്ഷിതമായ താമസം ഉറപ്പാക്കുകയും ചെയ്യുക എന്നതായിരിക്കണം മഹിളാമന്ദിരങ്ങളുടെ അടിസ്ഥാന പ്രവര്‍ത്തന മാനദണ്ഡം. അതുകൊണ്ടു തന്നെ മന്ദിരത്തിലെത്തുന്നവർക്ക് അവരുടെ നിലവിലുള്ള പ്രശ്ങ്ങള്‍ പരിഹരിക്കാനും സര്‍ക്കാര്‍- സര്‍ക്കാരിതര സേവനങ്ങൾ ലഭ്യമാക്കാനുമുള്ള കൈത്താങ്ങാണ് വേണ്ടത്. അതില്‍ സ്ത്രീകളുടെ താൽപര്യങ്ങൾ പരിഗണിക്കുകയും അവ പ്രായോഗികമായി വിലയിരുത്തുകയും വേണം. എന്നാല്‍ ഇവയൊന്നുമല്ല മഹിളാ മന്ദിരങ്ങളില്‍ നടക്കുന്നത് എന്ന് നിരീക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നേരെമറിച്ച്, താമസക്കാര്‍ മന്ദിരത്തിലെത്തുന്നയുടൻ, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ നിര്‍ബന്ധമായി കൈപ്പറ്റി തടവുകാരെ പോലെയാണ് ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്. ഉദാഹരണത്തിന് തിരുവനന്തപുരം മഹിളാമന്ദിരത്തില്‍ അഡ്മിഷന്‍ എടുത്ത മനീഷ (പേര് യഥാര്‍ത്ഥമല്ല) ഭര്‍ത്താവില്‍ നിന്നും അയാളുടെ വീട്ടുകാരില്‍ നിന്നും കടുത്ത ഗാര്‍ഹിക പീഡനത്തിനിരയായ ആളാണ്​. ഇതിനിടയില്‍ ആറ് വയസ്സുള്ള തന്റെ കുഞ്ഞിനെ ഭര്‍ത്താവിന്റെ സഹോദരിയുടെ മകന്‍ ലൈംഗികമായി പീഡിപ്പിച്ചതിനെതിരെ പോലീസില്‍ പരാതി കൊടുക്കുകയും പൊലീസ്​ അനാസ്ഥ കൊണ്ട് ആ കേസ് മനീഷയുടെ പേര്‍ക്കുള്ള പോക്‌സോ കേസായി ചുമത്തപ്പെടുകയും ചെയ്തു. നിലവില്‍ അവരുടെ പേരില്‍ ചുമത്തപ്പെട്ട പലതരം കേസുകളുടെയും ആരോപണങ്ങളുടെയും പേരില്‍ അവര്‍ ബുദ്ധിമുട്ടുകയാണ്. അവര്‍ ഓണ്‍ലൈന്‍ തുണി ബിസിനസ്​ നടത്തിയാണ് ജീവിക്കുന്നത്. താമസിക്കാന്‍ തത്കാലം മറ്റു ഷെല്‍ട്ടറില്ലാത്തതിനാല്‍ മഹിളാ മന്ദിരത്തില്‍ താമസിച്ച്​ കേസുകള്‍ നടത്താനും ഓണ്‍ലൈന്‍ ബിസിനസ്​ നടത്താനും ഉദ്ദേശിച്ചാണ് അവര്‍ എത്തിയത്. സംസാരത്തില്‍നിന്ന് അവര്‍ക്ക്​ സ്വന്തം അവസ്ഥയെപ്പറ്റിയും നിയമനടപടികളെ പറ്റിയും മോശമല്ലാത്ത ധാരണയുള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട്. പക്ഷെ, പിറ്റേന്ന്​ ഇവരെ സന്ദര്‍ശിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്, ഫോണ്‍ മന്ദിരത്തിലെ ഉദ്യോഗസ്ഥര്‍ വാങ്ങിവച്ചതുകൊണ്ട് നിയമനടപടിയുമായി ബന്ധപ്പെട്ട്​ അത്യാവശ്യമായി അറ്റന്റ് ചെയ്യേണ്ടിയിരുന്ന പല കോളുകളും ബിസിനസുമായി ബന്ധപ്പെട്ട കോളുകളും നഷ്​ടമായി എന്നാണ്​.

പൂട്ടിയിടുക, പുറംലോകവുമായുള്ള ബന്ധം നിഷേധിക്കുക തുടങ്ങിയതിനുപകരം പുറം ലോകവുമായി ആവശ്യത്തിന് ബന്ധപ്പെടാനുള്ള സൗകര്യമൊരുക്കാനും പുറത്തുള്ള വിനോദവും ജോലിയും ലഭ്യമാക്കാനും പരമാവധി ശ്രദ്ധിക്കണം. കാരണം ഇവ വ്യക്തി അവകാശങ്ങളാണ്. ഇവ നിഷേധിക്കപ്പെട്ടുകൂടാ.

ഇവർക്ക്​ ഫോണ്‍ തിരിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് ലഭിച്ച വിശദീകരങ്ങളില്‍നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്, പ്രശ്ങ്ങളുമായി വരുന്നവർ സ്ഥിരമായി മന്ദിരത്തില്‍ താമസിക്കേവണ്ടരാണ് എന്ന മനോഭാവമാണ് മന്ദിരത്തില്‍ സ്വീകരിക്കുന്നത് എന്നാണ്. കാരണം ഒരാള്‍ക്ക് ഫോണ്‍ കൊടുത്താല്‍ എല്ലാവർക്കും ഇത് അനുവദിക്കേണ്ടിവരുമെന്നും അങ്ങനെ വന്നാല്‍ സ്ത്രീകള്‍ അത് 'ദുരുപയോഗം' ചെയ്യുമെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. 'ദുരുപയോഗം' എന്നതുകൊണ്ട് പുറത്തെ ആളുകളുമായി 'ആശാസ്യമല്ലാത്ത' ബന്ധങ്ങള്‍ സ്ഥാപിക്കുകയും അതുകൊണ്ടുള്ള 'പ്രശ്‌നങ്ങള്‍' ഉണ്ടാവുകയും ചെയ്യുമെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. പ്രായപൂര്‍ത്തിയായ സ്ത്രീകളെ സ്വന്തം കാര്യങ്ങള്‍ തീരുമാനിക്കാനും വ്യക്തിപരമായ കാര്യങ്ങള്‍ നിവര്‍ത്തിക്കാനും അവകാശമുള്ളവരായി പരിഗണിക്കപ്പെടുന്നില്ല എന്നാണ്​ ഇത്​ വ്യക്തമാക്കുന്നത്​. കൂടാതെ പ്രേതം, ഭൂതം എന്നൊക്കെയുള്ള അന്ധവിശ്വാസങ്ങള്‍ താമസക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്നു എന്നും അതുമൂലം മുറികളുടെ ജനലുകള്‍ പോലും തുറക്കാതെ കാറ്റും വെളിച്ചവും പോലും നിഷേധിക്കപ്പെടുകയും ചെയ്യുന്നു എന്ന സ്ഥിതിയുമുണ്ട്​. ഇത്തരം അന്ധവിശ്വാസങ്ങള്‍ മാറ്റാനുള്ള ഇടപെടലുകള്‍ നടത്തേണ്ടത് ഗൗരവകരമായി കാണേണ്ടതാണ്.

സ്ഥിരം താമസക്കാര്‍ എന്ന നിലയില്‍ എല്ലാവരെയും കണക്കാക്കാതെ, ഓരോ താമസക്കാരെയും അവരുടെ വ്യക്തിപരമായ പ്രശ്‌നങ്ങളും അഭിരുചികളും അഭിപ്രായങ്ങളും കണക്കിലെടുത്ത്​, അതിനനുസരിച്ചുള്ള കെയര്‍ പ്ലാന്‍ തയ്യാറാക്കി സപ്പോർട്ട്​ ചെയ്യുകയാണ് വേണ്ടത്. പൂട്ടിയിടുക, പുറംലോകവുമായുള്ള ബന്ധം നിഷേധിക്കുക തുടങ്ങിയതിനുപകരം പുറം ലോകവുമായി ആവശ്യത്തിന് ബന്ധപ്പെടാനുള്ള സൗകര്യമൊരുക്കാനും പുറത്തുള്ള വിനോദവും ജോലിയും ലഭ്യമാക്കാനും പരമാവധി ശ്രദ്ധിക്കണം. കാരണം ഇവ വ്യക്തി അവകാശങ്ങളാണ്. ഇവ നിഷേധിക്കപ്പെട്ടുകൂടാ.

ഇത്തരം സാഹചര്യങ്ങൾ മൂലമാണ്​ വിവാഹത്തിലൂടെയെങ്കിലും മന്ദിരത്തില്‍നിന്ന് രക്ഷപ്പെടാൻ ചിലര്‍ ശ്രമിക്കുന്നത്. നിലവില്‍ ഒന്നോ രണ്ടോ വിവാഹം കഴിച്ചതിന്റെ ദുരന്തങ്ങളാണ് അവരെ മന്ദിരത്തില്‍ എത്തിച്ചത്​. അതേ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുബോഴാണ് വീണ്ടും അവര്‍ വിവാഹത്തിന് തയ്യാറാകുന്നത് എന്നതും ഈ വസ്തുതക്ക് പിൻബലമേകുന്നു.

പ്രീ- മരിറ്റല്‍ കൗണ്‍സിലിങ് എന്ന പേരില്‍ തിരുവനന്തപുരം മഹിളാമന്ദിരത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ നടന്ന വിവാഹങ്ങളുമായി ബന്ധപ്പെട്ട്, വിവാഹം ചെയ്യാന്‍ പോകുന്ന സ്ത്രീക്കും പുരുഷനും ‘നല്ല കുടുംബ ജീവിതം എങ്ങനെ നയിക്കാം' എന്ന പേരില്‍ കൗണ്‍സിലിങ് ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ, സ്ത്രീ- പുരുഷ തുല്യതയിലൂന്നിയവയായിരുന്നില്ല ഇവ എന്നാണ് അറിയാന്‍ കഴിഞ്ഞത്​. കേരളീയ സാഹചര്യത്തിൽ കുടുംബ ജീവിതത്തില്‍ സ്ത്രീ ചെയ്യേണ്ട വിട്ടുവീഴ്ചകളെയും ഒത്തുതീര്‍പ്പുകളെയും കുറിച്ചാണ് ഇത്തരം കൗൺസിലിങ്ങുകള്‍ എടുത്തു പറഞ്ഞത്. അതുമൂലം ഇതര സംസ്ഥാനങ്ങളിൽനിന്നെത്തുന്ന സ്ത്രീകള്‍ക്ക് കേരളത്തിലെ കുടുംബവ്യവസ്ഥയും അതിന്റെ അഡ്​ജസ്​റ്റുമെൻറുകളും പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്​.

'സ്‌നേഹസംഗമം' എന്ന പേരില്‍, വർഷം തോറും, മന്ദിരത്തില്‍നിന്ന് വിവാഹം കഴിഞ്ഞുപോയവരുടെ ഒത്തുചേരല്‍ നടത്തുന്നുണ്ട്. ഈ പരിപാടിയുടെ വിശദാംശങ്ങളെക്കുറിച്ച്​ കൃത്യമായ ഡോക്യുമെന്റഷന്‍ മന്ദിരത്തില്‍ ലഭ്യമല്ല. ഇത്തരം പരിപാടികള്‍ ഇവരുടെ ജീവിതനിലവാരം ഫോളോ അപ്പ് ചെയ്യാനായി ഉപയോഗപ്പെടുത്താവുന്നതാണ്. പക്ഷെ, ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ മന്ദിരങ്ങളില്‍ സ്​ഥിരമായി നിയമിക്കപ്പെടുന്നില്ല. മറിച്ച്​, മറ്റു ഉദ്യോഗസ്ഥര്‍ക്ക് അധിക ചുമതല കൊടുക്കുകയാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് പ്രത്യേക ശ്രദ്ധയോ ഫോളോ അപോ നടത്താന്‍ സാധിക്കുന്നില്ല എന്നതും ശ്രദ്ധ അര്‍ഹിക്കുന്നു.

Comments