ആർത്തവാവധി ഒരു തരത്തിൽ എല്ലാ ജെൻഡറുകളിൽ പെടുന്നവർക്കും ചർച്ചാ വിഷയമാകേണ്ടതാണെങ്കിലും ഇത് സ്ത്രീകളാണ് പ്രധാനമായും സംസാരിച്ചുകാണുന്നത്. പുരുഷന്മാരുള്ള ഗ്രൂപ്പുകളിൽ ഇതുമായി ബന്ധപ്പെട്ട ചർച്ച നടക്കുന്നത് ഗവൺമെന്റുകളിൽ നിന്നുണ്ടാകുന്ന ആനുകൂല്യം എന്ന നിലക്കാണ്. കഴിഞ്ഞ ഇടതു ജനാധിപത്യമുന്നണി ഗവണ്മെന്റും ഇപ്പോഴത്തെ ഐക്യജനാധിപത്യമുന്നണി ഗവണ്മെന്റും ഈ ആനുകൂല്യങ്ങൾ നൽകിക്കണ്ടു. മുൻ ഗവണ്മെന്റ് ഇത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രണ്ടു ദിവസത്തെ അവധി എന്ന നിലയിലും ഇപ്പോഴത്തെ ഗവണ്മെന്റ്, സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് മൂന്നു ദിവസങ്ങളിലെ അവധി എന്ന നിലയിലുമാണ് നൽകുന്നത്.
വ്യത്യസ്ത പ്രതികരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ളത്. പല ആശങ്കകളും അസ്ഥാനത്തല്ല. എങ്കിലും സ്ത്രീകൾക്ക് അവരുടെ പൊളിറ്റിക്സിനെ അടിസ്ഥാനപ്പെടുത്തി അഭിപ്രായങ്ങൾ ഉരുത്തിരിച്ചെടുക്കുന്നതിന് തടസ്സമായി മറ്റെല്ലാ വിഷയങ്ങളിലുമെന്നപോലെ, നിലനിൽക്കുന്ന പാർട്ടിപൊളിറ്റിക്സ് സൂക്ഷ്മമായെങ്കിലും പ്രവർത്തിക്കുന്നുണ്ട്. സ്ത്രീകളിൽ, അവർ ഐക്യപ്പെടുന്ന പാർട്ടികളോടുള്ള ചായ്‌വുകൾ കാണാം. പാർട്ടികൾക്കതീതമായി നിലപാടെടുക്കാൻ വേണ്ടത്ര കരുത്ത് ഇപ്പോഴും ജെൻഡർ രാഷ്ട്രീയം ആർജ്ജിച്ചിട്ടില്ല.
READ: ആർത്തവ
അവധിക്കൊപ്പം വേണം,
അടിസ്ഥാന സൗകര്യങ്ങളും
ജെൻഡർ പൊളിറ്റിക്സ് എന്നാൽ സ്ത്രീകളുടെ മാത്രം കാര്യം എന്നതിന് അർത്ഥമില്ല. സാമ്പത്തികം, രാഷ്ട്രീയ ബലാബലങ്ങൾ, പരിസ്ഥിതി തുടങ്ങി എല്ലാ വിഷയങ്ങളിലും ജെൻഡർ പൊളിറ്റിക്സിന് കാഴ്ചപ്പാടുണ്ടാകും. എന്നാൽ, തെരഞ്ഞെടുപ്പുകളിൽ നിർണ്ണായക ശക്തിയാകാൻ ഇപ്പോഴും സ്ത്രീകൾക്ക് കഴിയുന്നില്ല എന്ന് നമ്മൾ തിരിച്ചറിയുന്നുണ്ട്. സ്ത്രീകളുടെ കാഴ്ചപ്പാടുകളിലും അവ്യക്തമായെങ്കിലും പാർട്ടിപൊളിറ്റിക്സിന്റെ സ്വാധീനമാണ് ഇതിന് നിദാനമാകുന്നത്. ആ പരിസരത്തിലാണ് ആർത്തവാവധിയെ ചുറ്റി പറ്റിയുള്ള വ്യവഹാരങ്ങളും നടക്കുന്നത്.

അശുദ്ധി, ആചാരങ്ങൾ, എന്നിവയോടൊപ്പം ആധുനിക ശാസ്ത്രബോധത്തിലൂടെ ഹൈജീൻ, മെൻസ്ട്രുവൽ കപ്പ്, പാഡുകൾ എന്നിവയിലേക്ക് കൂടി ആർത്തവവ്യവഹാരങ്ങൾ വ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ ആർത്തവപ്രശ്നങ്ങളിൽ മാത്രം ഇടപെട്ട് പ്രവർത്തിക്കുന്ന ഗവൺമെന്റിതര സംഘടനകളും അതിന്റെ പൊളിറ്റിക്സുമുണ്ട്. യുവാക്കളുടെ ചിന്തയിലും പ്രവൃത്തികളിലും ഇവ വലിയ സ്വാധീനം ചെലുത്തിയിട്ടുമുണ്ട്. ഈ പരിസരത്തിലാണ് ആർത്തവാവധിക്കായുള്ള ആവശ്യങ്ങൾ യുവാക്കളുടെ ഭാഗത്തുനിന്ന് ഉയർന്നുവന്നത്. ഗവൺമെന്റുകൾ അതിനോട് പ്രതികരിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇത് ഫെമിനിസ്റ്റ് കാഴ്ചപ്പാടിൽ, അംഗീകരിക്കേണ്ടതു തന്നെയാണ്.
മനുഷ്യസമൂഹത്തിന്റെ പ്രത്യുത്പാദനത്തിനുവേണ്ടി സ്ത്രീകൾ ഏറ്റെടുക്കുന്ന അദ്ധ്വാനത്തിനും ശരീരത്തിന്റെ സുസ്ഥിരമായ വീണ്ടെടുപ്പിനുമുള്ള പ്രതിഫലം സമൂഹത്തിൽ നിന്നുതന്നെ ലഭ്യമാക്കേണ്ടതുണ്ടെന്ന സ്ത്രീപക്ഷനിലപാടാണിത്. ശമ്പളത്തോടു കൂടിയ പ്രസവാവധി, അബോർഷന് വേണ്ടി നൽകുന്ന അവധി എന്നിവയോടൊക്കെ ചേർത്തുവെക്കാവുന്നതാണിത്. പല രാജ്യങ്ങളിലും ഇത് നടപ്പാക്കിവരുന്നു.
ഫെമിനിസ്റ്റ് രാഷ്ട്രീയം അക്കാദമിക് തലങ്ങളിൽ സൈദ്ധാന്തികമായി ശക്തമാണെങ്കിലും പ്രായോഗിക രാഷ്ട്രീയത്തിലേക്ക് കടന്നുകയറാൻ ഇനിയും കേരളത്തിൽ സാധിച്ചിട്ടില്ലല്ലോ. അതിനാൽ ബഹുസ്വരമായ വ്യവഹാരങ്ങളാണ് ആർത്തവവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടക്കുന്നത്. ഫെമിനിസ്റ്റുകൾ ഉയർത്തുന്ന രാഷ്ട്രീയമായ ആവശ്യങ്ങൾ പലപ്പോഴും രാഷ്ട്രീയ പാർട്ടികൾ ആഗിരണം ചെയ്യുകയോ, എതിർക്കുകയോ, പ്രഖ്യാപനങ്ങളാക്കുകയോ ഒക്കെ ചെയ്തു കാണാറുണ്ട്. എന്നാൽ, സമഗ്രമായ കാഴ്ചപ്പാടിൽ ഇത് ഉൾക്കൊള്ളാത്തതു കാരണം പലപ്പോഴും വൈരുദ്ധ്യങ്ങളും വിവാദങ്ങളുമൊക്കെയായി ഇത് ചുരുങ്ങി പോകുന്നു. ഈ വൈരുദ്ധ്യങ്ങൾ നമ്മുടെ ഭരണഘടനയും ഭരണസ്ഥാപനങ്ങളും തമ്മിൽ എല്ലായിടത്തും കാണാം. മൗലികാവകാശങ്ങളും പാട്രിയാർക്കൽ കുടുംബങ്ങളിലൂടെ നിലനിർത്തുന്ന സ്ത്രീധർമ്മങ്ങളും തമ്മിലുള്ള വൈരുദ്ധ്യം തന്നെയാണ് സ്ത്രീകളുടെ തൊഴിലിടങ്ങളിലെ അടിച്ചമർത്തലും അസമത്വവുമായി വിവർത്തനം ചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ സ്ത്രീകളെ സംബന്ധിച്ച് എല്ലാത്തിലും ബഹുമുഖമായ വ്യവഹാരങ്ങൾ കാണാം. ഇത് അവസരം പോലെ ഉപയോഗിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ ചെയ്യുന്നത്.
സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനത്തോട് ബി.ജെ.പി വക്താവായ ശ്രീലേഖ പ്രതികരിക്കുന്നത് നോക്കൂ. ആർത്തവകാലം പുറത്തറിയുന്നത് നാണക്കേടാണെന്നാണ് അവർ പറയുന്നത്. സ്വന്തം ശരീരത്തെ, സ്വാഭിമാനത്തോടെ തിരിച്ചറിയാനും അതിന്റെ അദ്ധ്വാനവും സേവനവും മൂല്യമുള്ളതായി കാണാനും സ്ത്രീപക്ഷരാഷ്ട്രീയം പറയുമ്പോൾ ഈ പറയുന്നതിന്റെ രാഷ്ട്രീയം എന്താണ്? ഏത് മൂല്യങ്ങളെയാണ് അവർ പിന്തുടരുന്നത്? ഇങ്ങനെയുള്ള വിവാദങ്ങൾ ഉണ്ടായി കൊണ്ടിരിക്കെ, വേണമെങ്കിൽ ഇത് പിൻ വലിക്കാമെന്ന് ഉത്തരവാദപ്പെട്ട മന്ത്രിയും പറയുന്നു. വ്യക്തമായ സ്ത്രീപക്ഷരാഷ്ട്രീയ കാഴ്ചപ്പാടോടെ അല്ലാതെ കൊണ്ടുവരുന്ന പ്രഖ്യാപനങ്ങളാണ് ഈ അവസ്ഥയിൽ എത്തിക്കുന്നത്.

ഫെമിനിസ്റ്റ് രാഷ്ട്രീയം പിന്തുടരുന്ന സ്ത്രീകൾ അവധിയെ പിന്തുണക്കുന്നതായാണ് കാണുന്നത്. സ്ത്രീകളുടെ അനുഭവങ്ങളെ മുഖവിലക്കെടുക്കുകയും അവരുടെ പ്രത്യുത്പാദനപരമായ ധർമ്മങ്ങൾ സാമൂഹ്യമായി വിലയിരുത്തുകയും ചെയ്യുന്നതു കൊണ്ടാണിത്. പല മുതിർന്ന സ്ത്രീകളും അവർക്ക് വിദ്യാഭാസ കാലത്തുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവക്കുകയും അവധി സ്വാഗതം ചെയ്യുകയുമാണ്. അവധി നൽകുന്നതുകൊണ്ട് അത് നിർബ്ബന്ധമായും എടുക്കണമെന്നില്ല. അതിനാൽ അവർക്ക് ക്ലാസുകൾ നഷ്ടപ്പെടുമെന്നോ അശുദ്ധി കല്പിക്കപ്പെടുമെന്നോ ആശങ്കപ്പെടേണ്ടതില്ല. പല രാജ്യങ്ങളിലേയും അനുഭവങ്ങൾ കാണിക്കുന്നത് വളരെ കുറച്ചുപേർ മാത്രമാണ് ഈ അവധി ഉപയോഗപ്പെടുത്തുന്നത് എന്നാണ്. ഇത് സ്ത്രീകളുടെ അവസ്ഥ പൊതുവേ മെച്ചപ്പെട്ടിട്ടുള്ളതു കൊണ്ടുമാകാം. ആർത്തവത്തോടനുബന്ധിച്ച വേദനക്കും ബുദ്ധിമുട്ടിനും, ദീർഘകാലത്തെ അയിത്തം കൽപ്പിക്കലും വിവേചനവും കൊണ്ട് ആഴത്തിൽ പതിഞ്ഞ സാംസ്കാരിക സ്വാധീനം ഉണ്ടോ എന്നതൊക്കെ അന്വേഷിക്കേണ്ടതാണ്.
ഏതായാലും ഇപ്പോൾ നമ്മുടെ നാട്ടിലെ സ്‌കൂളുകളിൽ പെൺകുട്ടികൾ ആർത്തവസമയത്ത് അവധി എടുക്കുന്നത് സാധാരണമാണ്. ഞാൻ കൂടി ഉൾപ്പെട്ടുകൊണ്ട് ഈ കഴിഞ്ഞ വർഷം നടത്തിയ ഒരു പഠനത്തിൽ, അറുപത് ശതമാനത്തോളം കുട്ടികളാണ് ഈ സമയത്ത് അവധി എടുക്കുന്നതായി കണ്ടത്. കടുത്ത വേദനയും അസ്വസ്ഥതയുമാണ് അവധി എടുക്കാൻ കാരണമായി അവർ പറയുന്നത്. വീട്ടുകാർ ആ സമയത്ത് കായികപ്രവർത്തനങ്ങളും യാത്രയും പരിമിതപ്പെടുത്തുന്നതും ഇതിന് പ്രേരണയാകുന്നു. ചട്ടമോ വ്യവസ്ഥയോ ഇല്ലാതെ ഈ സമയത്ത് അവധി എടുക്കുമ്പോൾ അത് അദ്ധ്യാപകരുടെ കനിവിനെ ആശ്രയിച്ചിരിക്കും. സാധാരണ ഇത് പരീക്ഷക്കാവശ്യമായ അറ്റൻഡൻസിനെ ബാധിച്ചു കാണാറില്ല. മിക്ക അദ്ധ്യാപകരും നല്ല പിന്തുണ നൽകുന്നതായാണ് വിദ്യാർത്ഥിനികൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചിലപ്പോൾ അപമാനവും വഴക്കും മറ്റു പ്രശ്‌നങ്ങളും നേരിട്ടിട്ടുള്ളവരുമുണ്ട്.
അദ്ധ്യാപകരുടെ കനിവിനെ ആശ്രയിക്കുന്നതിനേക്കാൾ അവകാശമെന്ന നിലക്ക് വിദ്യാർത്ഥിനികൾക്ക് അവധി എടുക്കാൻ സാധിക്കുമെങ്കിൽ അത് നല്ലതല്ലേ? എന്നാൽ, ഇതോടൊപ്പം, ആർത്തവത്തെ കുറിച്ചുള്ള ശാസ്ത്രീയ അറിവ് വർദ്ധിപ്പിക്കേണ്ടതും ആവശ്യമായ സൗകര്യങ്ങൾ സ്‌കൂളുകളിൽ നൽകേണ്ടതുമുണ്ട്. എപ്പോഴും വെള്ളം ലഭ്യമായ ടോയ്‌ലറ്റുകൾ, പാഡുകൾ ഉപേക്ഷിക്കാനുള്ള സംവിധാനങ്ങൾ, വിശ്രമിക്കാനുള്ള മുറി, ചൂട് വെള്ളം എന്നിവയൊക്കെ സ്ഥാപനങ്ങളിൽ ഉണ്ടാവണം. മിക്ക സ്‌കൂളുകളിലും ഇപ്പോൾ ഈ സൗകര്യങ്ങൾ ഉണ്ടെന്നതും കണ്ടിട്ടുണ്ട്. എല്ലായിടങ്ങളിലും ഉണ്ടാവുകയും വേണം. അവധി ഇതിന് പകരമാവില്ല.
അവധി എടുക്കാൻ താല്പര്യമില്ലാതെ, ക്ളാസുകളിൽ വരണമെന്നുള്ളവരോട്, “അവധിയുണ്ടല്ലോ, വീട്ടിലിരുന്നോളൂ” എന്ന് പറയാൻ പാടില്ല. ഇതോടനുബന്ധിച്ച വിലക്കുകളും ആചാരങ്ങളും ഒഴിഞ്ഞുപോവുകയും ഇത് ഗുണപരമായി കാണുകയും ചെയ്യുന്നതോടെ വേദനയും അസ്വസ്ഥതയും കുറയുകയും ചെയ്തേക്കാം.
ഞങ്ങൾ നടത്തിയ പഠനത്തിൽ ആചാരങ്ങൾ മൂലം ഭൂരിപക്ഷം കുട്ടികളേയും ആ സമയം പല പ്രവർത്തനങ്ങളിൽ നിന്നും പുറത്തുപോകുന്നതിൽ നിന്ന് വിലക്കുന്നതായി കണ്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ ആചാരങ്ങളും അവധിയെടുക്കലിനും തമ്മിൽ സാരമായ ബന്ധമുണ്ടെന്നും കണ്ടു. ജെൻഡർ പൊളിറ്റിക്സ് കൂടി അടങ്ങുന്ന ലൈംഗിക വിദ്യാഭ്യാസവും ഈ അവധി പ്രഖ്യാപനത്തിനോടൊപ്പം വേണ്ടതാണ്. ജെൻഡറിനെ പറ്റിയുള്ള സമഗ്രമായ കാഴ്ചപ്പാട് ഇതിന് കൂടിയേ കഴിയൂ.

നിലവിലുള്ള രാഷ്ട്രീയ- സാമ്പത്തിക സാഹചര്യങ്ങളിൽ, ഇത് കൊണ്ടുവരുന്നതിൽ സ്ത്രീപക്ഷത്തുനിന്ന് ചില ഉത്കണ്ഠകളും ഉണ്ടാകുന്നുണ്ട്. ഈ അവധി കൊടുക്കൽ സ്ത്രീകളുടെ സർഗ്ഗാത്മകവും ക്രിയാത്മകവുമായ പങ്കാളിത്തത്തിൽനിന്ന് പിന്നോട്ട് കൊണ്ടു പോകുമോ എന്നതാണത്. ക്ലാസ് നഷ്ടപ്പെട്ടാൽ അത് പഠനമികവിനെ ബാധിക്കില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇപ്പോഴും കുട്ടികൾ അവധിയെടുക്കുന്നുണ്ട്. അതേസമയം അവർ പഠനത്തിൽ മികവ് പുലർത്തുന്നുമുണ്ട്.
കഴിഞ്ഞ ഗവണ്മെന്റ് ഹയർ എഡ്യുക്കേഷൻ സ്ഥാപനങ്ങളിൽ ഈ അവധി കൊണ്ടുവന്നപ്പോൾ ഈ ഉത്കണ്ഠ ഞാനും പങ്ക് വച്ചിരുന്നു. കാരണം, ഇത് ജോലിസ്ഥലത്തേക്ക് വ്യാപിപ്പിക്കുമ്പോഴുണ്ടാകാവുന്ന ചില പ്രത്യാഘാതങ്ങളെ ഓർത്തതു കൊണ്ടാണ്. നമ്മുടെ സാഹചര്യത്തിൽ സ്ത്രീകളെ തൊഴിലിടങ്ങളിൽ നിന്ന് മാറ്റിനിറുത്തുന്നതിന് ഒരു കാരണം അവർക്ക് നൽകേണ്ടിവരുന്ന ആനുകൂല്യങ്ങളാണ്. ടോയ്‌ലറ്റുകൾ, പ്രസവാവധി, മുലയൂട്ടൽ സൗകര്യങ്ങൾ എന്നിവയെല്ലാം നഷ്ടങ്ങളായാണ് തൊഴിൽദായകർ കാണുന്നത്. ഇത് പ്രത്യേകിച്ചും സ്വകാര്യ മേഖലയിലും അസംഘടിത മേഖലയിലും കാണാം. സ്ത്രീകളുടെ തൊഴിൽപ്രവേശത്തെ പരമാവധി നിരുത്സാഹപ്പെടുത്തുകയും പൊതുരംഗത്തു നിന്നും അകറ്റിനിർത്തുകയും ചെയ്യുന്ന വിശാല രാഷ്ട്രീയ പരിസരത്തിൽ ഈ ആനുകൂല്യം, സ്ത്രീപക്ഷം എന്ന് തോന്നിപ്പിച്ചുകൊണ്ട് ഫലത്തിൽ ദോഷം ചെയ്യുമോ എന്ന ആശങ്കയാണ് ഉയർന്നുവന്നത്.
പല ഫെമിനിസ്റ്റ് സുഹൃത്തുക്കൾക്കിടയിലും ഈ വ്യത്യസ്ത കാഴ്ചകൾ സംവാദങ്ങളുണ്ടാക്കി. ഇപ്പോഴും അത് തുടരുന്നുണ്ട്. സ്ത്രീകളുടെ അനുഭവങ്ങൾ കേൾക്കുകയും അതിനനുസരിച്ച് തീരുമാനങ്ങളെടുക്കാൻ ഭരണകർത്താക്കൾ തയാറാവുകയും വേണമെന്നാണ് ഇപ്പോൾ പറയാനുള്ളത്. ഏത് സ്ത്രീകളുടെ എന്ന ചോദ്യവുമുണ്ടാവാം. സ്ത്രീകളുടെ അവസ്ഥയെ പറ്റിയുള്ള സമഗ്രമായ കാഴ്ചപ്പാടിൽ ആവശ്യങ്ങൾ ഉയരട്ടെ. അവ കാലാനുസരണം പുനഃ:പരിശോധിക്കുകയുമാവാം.
ഇതെന്തുകൊണ്ടാണ് പുരുഷന്മാർ വേണ്ട വിധം ഗൗനിക്കാത്തത് എന്നതാണ് ഉയർന്നുവരുന്ന മറ്റൊരു ചോദ്യം. ആണാധിപത്യം പുലർത്തുന്ന രാഷ്ട്രീയ പാർട്ടികളും ഭരണസംവിധാനങ്ങളും ഇടക്കിടെ സ്ത്രീകൾക്ക് നൽകുന്ന ചില ഔദാര്യങ്ങൾ മാത്രമാണിവയെന്ന് അവർക്ക് ബോദ്ധ്യമുണ്ടാകും. തൊഴിൽമേഖലയിൽ സ്ത്രീകളെ പരിമിതപ്പെടുത്തുകയും അധികാരമുള്ള ഇടങ്ങളിൽ നിന്ന് സ്ത്രീകളെ അകറ്റിനിർത്തുകയും ചെയ്യുന്നിടത്തോളം സ്ത്രീകൾക്ക് നൽകുന്ന ഈ 'സൗജന്യം' പുരുഷന്മാർക്ക് വെല്ലുവിളിയാകുന്നില്ല. തൊഴിലിടങ്ങളിൽ ഈ അവധി നൽകിയാലും സ്ത്രീകൾ തങ്ങളുടെ കുടുംബകാര്യങ്ങളിൽ വീഴ്ച വരുത്താതെ മുന്നോട്ടു പോകുമെന്നതിനാൽ സ്ത്രീകളെ കടത്തിവെട്ടി കരിയറിൽ മുന്നേറുന്നതിന് ഇതൊന്നും പുരുഷന്മാർക്ക് തടസ്സമാവുകയില്ല.

കുടുംബം നന്നായി കൊണ്ടു പോകാനായി കരിയറിൽ ഇടവേള എടുക്കാൻ സ്ത്രീകൾ തയാറായിരിക്കുകയും അതിന് കൊമ്പൻസേഷൻ ആവശ്യപ്പെടാതിരിക്കുകയും ചെയ്യുന്നിടത്തോളം ഈ ചെറിയ ഔദാര്യങ്ങളൊന്നും അവരെ ബാധിക്കില്ല. ഇതിനോട് അനുകൂലമായോ പ്രതികൂലമായോ അവർ പ്രതികരിക്കാതിരിക്കുന്നത് അതുകൊണ്ടാണ്. കൗമാര പ്രായക്കാരും ചെറുപ്പക്കാരും ഇതിന്റെ പ്രയോഗികത്വം പരിഗണിച്ച് ജീവിതം ചിട്ടപ്പെടുത്തുന്നതാണ് പൊതുവേ കാണുന്നത്. എന്നാൽ, അതിനപ്പുറം ജെൻഡർ രാഷ്ട്രീയത്തെ ഗൗരവത്തോടെ കാണുന്ന ജെൻഡർ ഭേദമില്ലാത്ത ചെറുപ്പക്കാരുടെ ഗ്രൂപ്പുകളും ഇപ്പോൾ കാണുന്നുണ്ട്.
ആചാരങ്ങളനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുന്നു എന്ന് വരികിലും, പ്രായോഗികമായ സൗകര്യത്തിനായി അതനുസരിച്ച് പോകുന്നതിനപ്പുറം ആർത്തവാശുദ്ധി എന്നതൊന്നും ചെറുപ്പക്കാർ, ഗൗരവമായി എടുക്കാൻ വഴിയില്ല. അതേസമയം, ആർത്തവത്തിന്റെ ഗുണപരതയെ വേണ്ടവിധം വിദ്യാഭ്യാസ പദ്ധതികളിൽ ഉൾക്കൊള്ളിക്കുന്നില്ല എന്നത് പോരായ്മയാണ് . എൻ.ജി. ഒ കൾ മാത്രമാണ് കുറെയൊക്കെ ഇത് ചെയ്യുന്നത്. ജീവശാസ്ത്രപരമായും പരിണാമപരമായും, സവിശേഷപ്പെട്ട മനുഷ്യസ്വഭാവമായ ആർത്തവത്തെ അത്തരത്തിൽ മനസ്സിലാക്കേണ്ടതുണ്ട്. ഹോർമോൺ വ്യതിയാനങ്ങളുണ്ടാക്കുന്ന വേദനകളേയും അതോടൊപ്പം ആനന്ദത്തേയും അവയുടെ സാംസ്കാരിക മാനങ്ങളേയും കൂടുതൽ പഠിക്കേണ്ടതാണ്. ആർത്തവസമയത്ത് ഗർഭാശയത്തിന്റെ ആന്തരിക ഭിത്തിയിലുണ്ടാകുന്ന സ്റ്റെം സെല്ലുകൾ (Stem cells) പല ചികിത്സകൾക്കുമായി റീജെനെറേറ്റിവ് മെഡിസിനിൽ (Regenerative medicine) ഉപയോഗിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. അയിത്തത്തിനും അശുദ്ധിക്കും എന്തർത്ഥമാണിപ്പോൾ ഉള്ളത്?
സ്ത്രീകളുടേയും ചെറുപ്പക്കാരുടേയും ഇടയിൽ ആർത്തവാവധിയുടെ രാഷ്ട്രീയ മാനങ്ങളെ പറ്റി സൂക്ഷ്മമായ സംവാദങ്ങൾ നടക്കുന്നത് ആശാവഹമാണ്. ജെൻഡർ പൊളിറ്റിക്സിന്റെ സൂക്ഷ്മതയും വ്യത്യസ്ത മാനങ്ങളും അതിൽ പ്രകടമാകുന്നുമുണ്ട്. എന്നാൽ, ഒറ്റപ്പെട്ട പ്രഖ്യാപനങ്ങൾക്കപ്പുറം, ജെൻഡർ പൊളിറ്റിക്സിനെ ഉൾക്കൊള്ളാൻ തയാറാകുന്നതും അതിനോട് കടപ്പെടുന്നതുമായ ഒരു രാഷ്ട്രീയത്തിലേക്ക് വഴി തുറക്കുന്നുണ്ടോ എന്നാണ് കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനം ശ്രദ്ധിക്കേണ്ടത്.
