സുജാതയും എയ്‍ലിഷും; മാതൃത്വത്തിൽനിന്ന് പൗരത്വത്തിലേക്കുള്ള സ്ത്രീസഞ്ചാരങ്ങൾ

കാല്പനികവൽക്കരിക്കപ്പെട്ട മാതൃസങ്കല്പങ്ങളിൽ നിന്ന് വേറിട്ടുനിൽക്കുന്ന രണ്ടു കഥാപാത്രങ്ങളെക്കുറിച്ചുള്ള ഒരു ചിന്ത. പോൾ ലിഞ്ചിന്റെ പ്രോഫറ്റ് സോങിലെ എയ്ലിഷും മഹാശ്വേതാദേവിയുടെ മദർ ഓഫ് 1084 ലെ സുജാതയുമാണ് ആ കഥാപാത്രങ്ങൾ. മെയ് 12 അന്താരാഷ്ട്ര മാതൃദിനം കൂടിയാണ്.

മാതൃത്വം പോലെ ഇത്രയേറെ കാല്പനികവൽക്കരിക്കപ്പെട്ട മറ്റൊരു ലിംഗവേഷമില്ല. മതപാഠങ്ങൾ, കലാ സാഹിത്യ ആവിഷ്കാരങ്ങൾ, നൈതിക ധാർമികപ്രബന്ധങ്ങൾ തുടങ്ങി അനേകം വ്യവഹാരങ്ങളിലൂടെ നൂറ്റാണ്ടുകളായി പാകപ്പെടുത്തിയെടുത്ത സങ്കൽപ്പമാണ് മാതൃത്വം എന്നത്. എന്നാൽ മാതാവാകാനുള്ള സ്ത്രീയുടെ ജീവശാസ്ത്രപരമായ കഴിവിനെ സാംസ്കാരികമായ വ്യവഹാരങ്ങളിലൂടെ കാല്പനികവൽക്കരിക്കുന്നതു വഴി ഉത്തരവാദിത്വത്തിന്റെ ഒരു അധികമൂല്യം സ്ത്രീകളിൽ ചുമത്തപ്പെടുന്നുണ്ട് എന്നതാണ് വാസ്തവം. പ്രസവം, പാലൂട്ടൽ എന്നീ ജീവശാസ്ത്രപരമായ ഉത്തരവാദിത്വങ്ങൾക്കു പുറമെ കുഞ്ഞുങ്ങളുടെ ശുശ്രൂഷ, ആരോഗ്യപരിപാലനം, ധാർമിക സദാചാര ഉൽബോധനം തുടങ്ങി ശിശുപരിപാലനത്തിന്റെ ഏതാണ്ട് മുഴുവൻ ഉത്തരവാദിത്വങ്ങളും ഇങ്ങനെ സ്ത്രീയിൽ അടിച്ചേൽപ്പിക്കപ്പെടുന്നുണ്ട്. സഹനമൂർത്തിയായി ക്ഷമയോടെയും കാരുണ്യത്തോടെയും പരാതികളേതുമില്ലാതെ തന്റെ മാതൃത്വപദവി നിർവഹിക്കുന്ന സ്ത്രീ ഒരു മാതൃകാമാതാവാകുകയും ചെയ്യുന്നു. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന ആദർശമാതാവ് വീടകങ്ങളിൽ മാത്രം ഒതുങ്ങുന്ന, സാമൂഹ്യബന്ധങ്ങളോ രാഷ്ട്രീയബോധ്യങ്ങളോ ഇല്ലാത്ത കേവലജന്മങ്ങൾ മാത്രമായി പരിമിതപ്പെടുന്നു. അത്തരം അമ്മമാരാണ് മത സാംസ്കാരിക സാഹിത്യപാഠങ്ങളിൽ ഏറെയും ആഘോഷിക്കപ്പെടുന്നത്.

എന്നാൽ പരമ്പരാഗതമായി പുരുഷയുക്തിയിൽ സൃഷ്ടിക്കപ്പെട്ട വീടകങ്ങളിലെ അമ്മമാരിൽ നിന്നും വേറിട്ടു നിൽക്കുന്നുണ്ട് പോൾ ലിഞ്ചിന്റെ എയ്‌ലിഷും (പ്രോഫറ്റ് സോങ്) മഹാശ്വേതാ ദേവിയുടെ സുജാതയു (മദർ ഓഫ് 1084). വർഷങ്ങളോളം കുടുംബത്തിനകത്ത് ഭർത്താവിന്റെ തണലിൽ സമൂഹം ഇച്ഛിക്കുന്ന വിധം തങ്ങളുടെ ലിംഗവേഷം കെട്ടിയാടിയ ഈ രണ്ട് അമ്മമാരും കുടുംബം അസാധാരണമായ പ്രതിസന്ധി നേരിട്ടപ്പോൾ സധൈര്യം അവയെ അഭിമുഖീകരിക്കുന്നതാണ് നമ്മൾ കാണുന്നത്.

മഹാശ്വേതാ ദേവി, പോൾ ലിഞ്ച്
മഹാശ്വേതാ ദേവി, പോൾ ലിഞ്ച്

തീവ്രവലതുപക്ഷ ആശയങ്ങൾ ബംഗാളിന്റെ ബൗദ്ധികസിരകളിൽ ആവേഗങ്ങൾ തീർത്ത 70- കളുടെ പശ്ചാത്തലത്തിലാണ് മഹാശ്വേതാ ദേവി യുടെ മദർ ഓഫ് 1084- ന്റെ കഥനടക്കുന്നത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ സമൂഹത്തിൽ പ്രകടമായിരുന്ന ഉണർവിന്റെ ഓളങ്ങൾ കെട്ടടങ്ങാൻ അധികകാലം വേണ്ടിവന്നില്ല. ഇന്ത്യൻ ഭരണകൂടം ഫ്യൂഡൽ ബൂർഷ്വാ താല്പര്യങ്ങൾക്കൊപ്പമാണെന്ന തോന്നൽ ചില കേന്ദ്രങ്ങളിലെങ്കിലും അങ്കുരിച്ചു. തുടർന്ന് നെഹ്രുവിയൻ സാമ്പത്തിക സങ്കൽപനത്തിന്റെ പരാജയത്തിൽ ആശാഭംഗം നേരിട്ടയുവാക്കൾ സാമൂഹ്യസമത്വത്തിനും സാമ്പത്തികനീതിക്കും വേണ്ടി ഹിംസാത്മക രാഷ്ട്രീയ പ്രവർത്തനത്തിലേക്കു ആകൃഷ്ടരാവുന്നു. ഫ്യൂഡൽ ഭൂബന്ധങ്ങൾ സൃഷ്ടിക്കുന്ന സാമ്പത്തിക അസന്തുലിതാവസ്ഥയിൽ കിരാതമായ ചൂഷണത്തിന് വിധേയരാവുന്നവർക്കുവേണ്ടി അവർ പോരാട്ടത്തിനിറങ്ങുന്നു. ഭൂവുടമാ സമ്പ്രദായം ഒരേസമയം സാമൂഹ്യജീവിതത്തിൽ അസമത്വങ്ങൾ സൃഷ്ടിക്കുമ്പോൾ തന്നെ ഗാർഹികസാഹചര്യത്തിൽ പിതൃഅധികാരക്രമത്തെയും സംരക്ഷിക്കുന്നു. ഭൂവുടമ വീട്ടുടമയും കുടുംബനാഥനുമാവുകയും സ്ത്രീകൾ പ്രത്യുൽപ്പാദനത്തിനുള്ള ഉപകരണങ്ങൾ മാത്രമായി കണക്കാക്കപ്പെടുകയും ചെയ്തുപോന്നു.

മദർ ഓഫ് 1084- ലെ മുഖ്യകഥാപാത്രമായ സുജാതയുടെ കുടുംബം പിതൃഅധികാര-ഭൂവുടമസാമൂഹ്യവ്യവസ്ഥയുടെ മലിനജലം തളം കെട്ടിനിൽക്കുന്ന ഇടമായിരുന്നു. വായിക്കാനും ചിന്തിക്കാനും തൊഴിലെടുക്കാനും താല്പര്യമുണ്ടായിരുന്നിട്ടും പാരമ്പര്യത്തിന്റെ ലക്ഷ്മണരേഖക്കകത്തു സമൂഹം കൽപ്പിക്കുന്ന ലിംഗവേഷത്തോട് സമരസപ്പെട്ടു ജീവിക്കാനായിരുന്നു സുജാതയുടെ വിധി. എന്നാൽ ഇളയമകനായ ബ്രതിയുടെ മരണം അവളെ ആത്മവിശകലനത്തിനു പ്രേരിപ്പിക്കുകയും അതുവഴി ജന്മിത്തവ്യവസ്ഥയുടെ ജീർണതകളിൽ നിന്ന് വിടുതൽ നേടാൻ അവൾ പ്രാപ്തയാവുകയും ചെയ്യുന്നു.

പ്രത്യുല്പാദനത്തിനുള്ള ഉപാധി എന്നതിൽ കവിഞ്ഞു മറ്റൊരു സ്ഥാനവും സുജാതക്ക് കുടുംബത്തിലുണ്ടായിരുന്നില്ല. ഓരോ പ്രസവശേഷവും സുഖസുഷുപ്തിക്കുവേണ്ടി ഭർത്താവ് ദിബ്യാനാഥ് രണ്ടാം നിലയിലേക്ക് പോവും. കുഞ്ഞുങ്ങളുടെ കരച്ചിൽ അത്രയ്ക്ക് അരോചകമായിരുന്നു അദ്ദേഹത്തിന്. അവർ അസുഖം വന്നു കരഞ്ഞാൽപ്പോലും അദ്ദേഹം താഴേക്ക് വന്നു നോക്കിയിരുന്നില്ല. ഭാര്യ വീണ്ടും ഗർഭം ധരിക്കാൻ അനോയോജ്യയായോ എന്നതിൽ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. തന്റെ വിവാഹേതരബന്ധം മറ്റുള്ളവരുടെ അറിവോടെതന്നെ മുന്നോട്ടുകൊണ്ടുപോവാനുള്ള ഒരു സ്പേസ് പുരുഷകേന്ദ്രീകൃതകുടുംബ വ്യവസ്ഥ അദ്ദേഹത്തിന് അനുവദിച്ചിരുന്നു. അദ്ദേഹത്തിന്റെ പരസ്ത്രീബന്ധവും ലഹരിഉപയോഗവും അദ്ദേഹത്തിന്റെ ലൈംഗികശേഷിയുടെ നിദർശനമായി കരുതിപ്പോന്നു. ദിബ്യാനാഥിന് പ്രതേകിച്ച് ഒരു അടുപ്പമോ അകൽച്ചയോ സുജാതയോടുണ്ടായിരുന്നില്ല. ഭാര്യ ഭർത്താവിനെ സ്നേഹിക്കേണ്ടവളും ബഹുമാനിക്കേണ്ടവളാണെന്ന് അയാൾ വിശ്വസിച്ചു. ഭാര്യയുടെ ബഹുമാനം ആർജിക്കാൻ ഭർത്താവെന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന അഭിപ്രായം അദ്ദേഹത്തിനുണ്ടായിരുന്നില്ല.

സുജാത പിതൃഅധികാര-ഭൂവുടമാ കുടുംബവ്യവസ്ഥക്കകത്തെ സ്ത്രീവാർപ്പുമാതൃകയോട് പൊരുത്തപ്പെട്ടു ജീവിക്കവെയാണ് ബ്രതിയുടെ മരണം. തീവ്ര ഇടതുപക്ഷപ്രസ്ഥാനത്തിലേക്കു ആകൃഷ്ടരായ ചെറുപ്പക്കാരിൽ ഒരാളായിരുന്നു ബ്രതി. ഒളിവിൽ രാഷ്ട്രീയപ്രവർത്തനം നടത്തുന്ന ബ്രതിയെയും സംഘത്തെയും പോലീസ് വെടിവച്ചുകൊല്ലുകയായിരുന്നു.
‘നമ്മുടെ ജനാധിപത്യത്തെ ബാധിച്ച അർബുദ വളർച്ച’ യായാണ് സമൂഹത്തിലെ ഉന്നതകുലജാതർ വിപ്ലവകാരികളുടെ പോരാട്ടത്തെ കണ്ടിരുന്നത്. അതുകൊണ്ടുതന്നെ ബൂർഷ്വാ ഫ്യൂഡൽ താല്പര്യങ്ങൾ മുറുക്കെപ്പിടിക്കുന്ന ദിബ്യാനാഥിന് ബ്രതിയുടെ മരണം തന്റെ അഭിമാനത്തിനേറ്റ ക്ഷതമായിരുന്നു. ബ്രതിയുടെ മരണവാർത്ത പത്രത്തിൽ പ്രസിദ്ധീകരിക്കാതിരിക്കാൻ വേണ്ട മുൻകരുതൽ അദ്ദേഹം എടുത്തു. മകന്റെ മൃതശരീരം തിരിച്ചറിയാനായി സുജാതയോടൊപ്പം ചെന്ന ദിബ്യാനാഥ് ദൂരെ കാറുനിർത്തി അവിടെ കാത്തിരിക്കുകയാണ് ചെയ്തത്. അതുകൊണ്ടു തന്നെ സുജാതയെ സംബന്ധിച്ച് മകന്റെ മരണത്തോടെ അവളുടെ ഭർത്താവിന്റെ മരണവും സംഭവിച്ചിരുന്നു. നോവലിസ്റ്റ് പറയുന്നു: “അദ്ദേഹം കിടക്കയിൽ സുജാതക്കരികിൽ കിടക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിനറിയില്ലായിരുന്നു സുജാതയ്ക്ക് അയാളെന്നോ മരിച്ചുപോയിരുന്നൂ എന്ന്’’.

കൗമാരകാലം വരെ താൻ വളർത്തിയ തന്റെ മകന്റെ മരണം ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ സുജാതയിൽ ഉണർത്തി. എന്തിനായിരുന്നു ബ്രതി മരിച്ചത്? ആരായിരുന്നു അവന്റെ സുഹൃത്തുക്കൾ? എന്ത് രഹസ്യമാണ് അവൻ എന്നിൽ നിന്ന് ഒളിപ്പിച്ചത്? തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അവർ വീട്ടിൽ നിന്നിറങ്ങുന്നു. ബ്രതിയോടൊപ്പം കൊല ചെയ്യപ്പെട്ട അവന്റെ സുഹൃത്തുക്കളുടെ അമ്മമാരോടും നന്ദിനിയെന്ന ബ്രതിയുടെ കാമുകിയോടും അവർ സംസാരിക്കുന്നു. താൻ തന്റെ ഏറ്റവും പ്രിയപ്പെട്ട മകനെക്കുറിച്ചു ഒന്നും മനസ്സിലാക്കിയിരുന്നില്ല എന്ന യാഥാർഥ്യം അങ്ങനെ അവർ തിരിച്ചറിയുന്നു.

ഭർത്താവാലും ഭർതൃമാതാവാലും മറ്റു കുട്ടികളാലും അവഗണിക്കപ്പെടുകയോ പരിഹസിക്കപ്പെടുകയോ ചെയ്ത തനിക്ക് ജീവിക്കണം എന്ന തോന്നലുണ്ടാക്കിയത് ബ്രതിയുടെ സ്നേഹമാണ്. എന്നാൽ അതിലപ്പുറം തനിക്ക് ബ്രതിയെയോ അവന്റെ പ്രവർത്തനങ്ങളെയോ ചിന്തകളെയോ അറിയില്ല. സ്വന്തമായ ചിന്തകളും ആശയങ്ങളും പ്രത്യയശാസ്ത്ര ബോധവുമുള്ള മറ്റൊരു ബ്രതിയുണ്ടായിരുന്നു എന്ന് സുജാത മനസ്സിലാക്കുന്നു. താൻ അവനെ സ്നേഹിച്ചിരുന്നു എങ്കിലും ഒരിക്കലും പൂർണമായി മനസ്സിലാക്കിയിരുന്നില്ല. ജീവിതത്തിലും മരണത്തിലും പരസ്പരം വേര്പിരിയാനാവാത്തവിധം യുവാക്കളെ ബന്ധിച്ചിരുന്നത് അവരുടെ രാഷ്ട്രീയ ബോധ്യത്തിന്റെ തെളിച്ചമായിരുന്നു എന്ന് അവർ മനസിലാക്കുന്നു. അതോടൊപ്പം, വീടിനു വെളിയിൽ അസംതൃപ്തിയും അസന്തുലിതാവസ്ഥയും പുകഞ്ഞുനിൽക്കുന്ന ഒരു സാമൂഹ്യയാഥാർഥ്യമുണ്ടെന്നും അത്തരമൊരു വ്യവസ്ഥക്കെതിരെയാണ് ബ്രതിയും കൂട്ടുകാരും കലാപം നടത്തിയതെന്നും അവർ തിരിച്ചറിയുന്നു.

താനതുവരെ അറിയാത്ത ഒരു ലോകത്തിന്റെ പൊള്ളുന്ന യാഥാർഥ്യത്തിലൂടെയുള്ള യാത്ര പുതിയ ഒരു രാഷ്ട്രീയബോധ്യത്തിലേക്ക് അവരെ ഉയർത്തുന്നു. കൊല ചെയ്യപ്പെട്ട യുവാക്കളിൽ ഒരാളായ സോമുവിന്റെ അമ്മയുമായുള്ള സൗഹൃദം അടിസ്ഥാനവർഗ്ഗത്തിൽപ്പെട്ട കുടുംബാംഗങ്ങൾക്കിടയിലെ ജൈവബന്ധത്തെയും ഫ്യൂഡൽ കുടുംബവ്യവസ്ഥയിലെ ജീർണ്ണതകളെയും സുജാതയ്ക്കു മുമ്പിൽ വെളിവാക്കുന്നു. കണ്മുന്നിൽ കാണുന്ന അനീതിക്കും അസമത്വത്തിനും എതിരെ ശബ്ദമുയർത്താത്ത സാംസ്കാരിക പ്രവർത്തകരോട് സുജാതയ്ക്ക് പുച്ഛം തോന്നുന്നു. ഉദാത്തമായ ലക്ഷ്യത്തിനായി ജീവൻ വെടിഞ്ഞ യുവാക്കളുടെ അമ്മമാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കും വിധം സുജാതയുടെ സാമൂഹ്യബോധം ഉജ്ജ്വലമാവുന്നു. കുടുംബിനിയാവുക, കുഞ്ഞുങ്ങളെ വളർത്തുക എന്നീ ഉത്തരവാദിത്വങ്ങൾക്കപ്പുറത്തു ആത്മപ്രകാശനത്തിന്റെയും രാഷ്ട്രീയബോധത്തിന്റെയും സ്വതന്ത്രമായ ഇടം കണ്ടെത്തുകയാണ് സുജാത. തന്റെ മകനും മറ്റു പോരാളികളും മരിച്ചത് ശവങ്ങളെക്കാൾ ജീവസ്സറ്റ ബൂർഷ്വകൾക്ക് ആനന്ദിക്കാൻ വേണ്ടിയല്ല എന്ന് മനസ്സിലാക്കുമ്പോഴാണ് തന്റെ മുറിയിൽ നിന്നിറങ്ങിപ്പോവാൻ ഉറച്ച ശബ്ദത്തിൽ അവൾ ദിബ്യാനാഥിനോട് പറയുന്നത്. ബ്രതി സാമൂഹ്യഘടനയിൽ അന്തർലീനമായ വ്യവസ്ഥാപിതമായ അടിച്ചമർത്തലിനെതിരെ പോരാടുമ്പോൾ ഹിംസയെ സ്വാഭാവികതയായി ശീലിച്ച കുടുംബവ്യവസ്ഥയിൽ നിന്നുമാണ് സുജാത മോചനം നേടുന്നത്. സ്ഥൂലരാഷ്ട്രീയത്തിന്റെയും സൂക്ഷ്മരാഷ്ട്രീയത്തിന്റെയും സർഗാത്മകമായ ഐക്യപ്പെടലായി മാതാവും പുത്രനും തമ്മിലുള്ള ദൃഢബന്ധം അങ്ങനെ മാറുന്നു.

photo: premjith attingal
photo: premjith attingal

എയ്‌ലിഷ്‌; അമ്മയിൽനിന്ന്
പൗരയിലേക്ക്

അയർലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനിൽ ഒരു ഡിസ്റ്റോപിയൻ പശ്ചാത്തലത്തിലാണ് പ്രോഫറ്റ് സോങ്ങിന്റെ കഥ നടക്കുന്നത്. തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ അലൈൻസ് പാർട്ടി റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിന്റെ ഭരണം പിടിച്ചെടുക്കുകയും ഗാർഡ നാഷണൽ സർവീസസ് ബ്യുറോ (ജി എൻ എസ് ബി) എന്ന രഹസ്യപൊലീസ് രൂപീകരിച്ച് അതിനു അമിതാധികാരം നൽകുകയും ചെയ്യുന്നു. രാജ്യത്ത് അടിയന്തരാവസ്ഥക്ക് സമാനമായ അവസ്ഥാനിലനിൽക്കുന്നതിനാൽ തന്നെ ഭരണകൂട വിമർശനങ്ങളെയും പ്രക്ഷോഭങ്ങളെയും ജി എൻ എസ് ബി യെ ഉപയോഗിച്ച് നേരിടുകയാണ് ഭരണകൂടം. ഡബ്ലിനിൽ മൈക്രോബിയളോജിസ്റ്റായ എയ്‌ലിഷിന്റെ ഭർത്താവ് ലാറി സ്റ്റാക്ക് അദ്ധ്യാപകനും തൊഴിലാളി സംഘടനാ നേതാവുമാണ്. ഭരണകൂടത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചതിന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുന്നു. ഭരണകൂട വിമർശകരായ മറ്റു പലരെയും പോലെ ലാറിയെക്കുറിച്ചും പിന്നീട് വിവരമില്ല. ലാറിയുടെ അസാന്നിധ്യത്തിൽ വീട്ടുകാര്യങ്ങളോടൊപ്പം നാലു കുട്ടികളുടെയും പൂർണ ഉത്തരവാദിത്വം എയ്‌ലിഷിൽ വന്നുചേരുന്നു. മൂത്തമകനായ മാർക്കിനെയും ഏകമകളായ മോളിയേയും പതിമൂന്നുകാരനായ ബെയ്‌ലിയെയും കൈക്കുഞ്ഞായ ബെന്നിനെയും അവരുടെ പിതാവിന്റെ തിരോധാനത്തിന്റെ ആഘാതം അറിയിക്കാതെ വളർത്താൻ എയ്‌ലിഷ് ഏറെ ശ്രമപ്പെടുന്നുണ്ട്. ഒപ്പം, മറവിരോഗത്തിലേക്ക് സാവകാശം നടന്നു നീങ്ങുന്ന പിതാവ് സൈമണെയും തന്റെ കരുതലിന്റെ തൂവലിൽ ചേർത്തുനിർത്തുന്നുണ്ട് അവൾ.

പുരുഷകേന്ദ്രീകൃതമായ കുടുംബവ്യവസ്ഥയിൽ പുരുഷൻ അപ്രത്യക്ഷനാവുക എന്നത് സ്വാഭാവികമായും കുടുംബത്തിൽ വലിയ ശൂന്യത സൃഷ്ടിക്കും. അത്തരം സന്ദർഭങ്ങളിൽ നിർവചിക്കപ്പെട്ട ലിംഗവേഷങ്ങളിൽ പരിമിതപ്പെട്ടുപോവുന്ന സ്ത്രീകൾ തങ്ങളുടെ പരമ്പരാഗത വേഷങ്ങളിൽ നിന്ന് വിടുതൽ നേടുകയും അവരുടെ വ്യക്തിത്വത്തിന്റെ പരിപൂർണമായ ആവിഷ്കാരത്തിലേക്കു വളരുകയും ചെയ്യും. അത്തരമൊരു പരിണാമമാണ് ലാറിയുടെ അസാന്നിധ്യത്തിൽ എയ്‌ലിഷിൽ സംഭവിക്കുന്നത്. തികച്ചും അതിസാധാരണമായ കുടുംബജീവിതം നയിക്കുകയായിരുന്ന ലാറികുടുംബത്തിലേക്ക് ആശങ്കയുടെ ദുസ്സൂചനകളുമായി ഒരു രാത്രി ജി എൻ എസ് ബി ഏജന്റുമാർ എത്തുകയാണ്. പിന്നീട് അവർ ലാറിയെ അറസ്റ്റ് ചെയ്യുന്നു. പ്രത്യക്ഷത്തിൽ സ്വാഭാവികമെന്നു തോന്നുന്ന ജീവിതസന്ദർഭങ്ങൾ തീർത്തും അസ്വാഭാവികമായ അനുഭവങ്ങളിലേക്ക് വ്യതിചലിക്കുന്നു. സർവാധിപത്യത്തിലേക്കുള്ള ഭരണകൂടത്തിന്റെ ഉൾപ്പരിവർത്തനം പൗരരുടെ വ്യക്തിജീവിതത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു. ആളുകൾ അറസ്റ്റ് ചെയ്യപ്പെടുന്നതും അപ്രത്യക്ഷമാവുന്നതും അവരുടെ സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുന്നതും അസ്വാഭാവികമാംവിധം സ്വാഭാവികമായി മാറുന്നു. പരിചിത വഴികൾ പൊടുന്നനെ അപരിചിതയിടങ്ങളായി മാറുന്നു. രൂപത്തിലും ഭാവത്തിലും അനുഭവത്തിലും നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഡബ്ലിൻ തെരുവുകളിൽ വൃദ്ധനായ പിതാവിനെയും നാലു മക്കളെയും ചേർത്തുപിടിച്ച് അതിജീവനത്തിനായി എയ്‌ലിഷ് പൊരുതുന്നു. കുടുംബത്തിന്റെ സംരക്ഷകനായി പുരുഷനെ സങ്കൽപ്പിക്കുന്ന വ്യവസ്ഥാപിത വ്യവഹാരങ്ങളെ പ്രതിസന്ധിയിലാക്കി ജീവിതത്തിന്റെ സൂക്ഷ്മസന്ദർഭങ്ങൾ വരെ നിരന്തര നിരീക്ഷണത്തിനു വിധേയമാക്കുന്ന തീവ്ര വലതുപക്ഷ ഭരണകൂടത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് തന്റെ കുടുംബത്തിന്റെ രക്ഷാമാർഗം ആരായുകയാണവൾ.

കേവലമായ ഗാർഹികക്രിയകളിൽ മാത്രം ഏർപ്പെടുന്ന ഒരു അമ്മയിൽ നിന്ന് ഗൗരവമുള്ള രാഷ്ട്രീയവിഷയങ്ങൾ സംസാരിക്കുന്ന ഒരു പൗരയിലേക്ക് എയ്‌ലിഷ് വളരുന്നു. വീടിനെ പുരുഷന്റെ സ്വകാര്യ എസ്റ്റേറ്റ് ആയും രാഷ്ട്രീയത്തെ പുരുഷന്റെ തനതിടമായും വിഭജിക്കുന്ന പുരുഷനിർമ്മിത സങ്കൽപ്പങ്ങളെ ഏയ്ലിഷിന്റെ കഥാപാത്രം അസ്വസ്ഥമാക്കുന്നു. വ്യക്തിപരമായതാണ് രാഷ്ട്രീയം എന്ന സോഷ്യലിസ്റ്റ് ഫെമിനിസ്റ്റുകളുടെ മുദ്രാവാക്യം ഏയ്ലിഷിൽ പ്രാവർത്തികമാവുന്നു. കൈക്കുഞ്ഞായ ബെന്നിന് മുലകൊടുത്തുകൊണ്ടിരിക്കെ തന്നെ വീട്ടുജോലികൾ ചെയ്യുകയും ഫോണിലൂടെ മറ്റുള്ളവരുമായി രാഷ്ട്രീയം ചർച്ച ചെയ്യുകയും സൂപ്പർമാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങുകയും പിതാവിനെ ശുശ്രൂഷിക്കുകയും മറ്റും ചെയ്യുന്ന എയ്‌ലീഷിന്റെ ചിത്രം പ്രോഫറ്റ് സോങ്ങിന്റെ താളുകളിൽ സുലഭമാണ്. അങ്ങനെ അവളുടെ വൈയക്തികമായ വേദനകളെ സാർവലൗകികമായ മാനത്തിലേക്കു വളർത്താനും അതുവഴി പ്രതിരോധത്തിന്റെ രാഷ്ട്രീയത്തിലേക്ക് പരിവർത്തിപ്പിക്കാനും ലിഞ്ചിനു കഴിയുന്നുണ്ട്.

പുതിയ സർക്കാരിനെതിരെ ചുവരെഴുത്തു നടത്തി പ്രതിഷേധിച്ച സ്കൂൾ വിദ്യാർഥികളുടെ കൊലപാതകത്തിനെതിരെ ഡബ്ലിൻ ജനത മുഴുവൻ മെഴുകുതിരി തെളിച്ചു തെരുവിലിറങ്ങുമ്പോൾ അവരോടൊപ്പം അവളും പ്രകടനത്തിനിറങ്ങുന്നുണ്ട്. “നമ്മുടെ നിശ്ശബ്ദതയാണ് അധികാരികളുടെ ശക്തി”എന്ന് എയ്‌ലീഷിനെപ്പോലെ, ഭർത്താവ് അന്യായമായി അറസ്റ്റു ചെയ്യപ്പെട്ട കരോൾ സെക്സ്റ്റനോടൊപ്പം അവളും മനസിലാക്കുന്നു.

എയ്‌ലീഷിന്റെ ഒറ്റയാൾ പോരാട്ടത്തിനിടയിൽ വലിയ നഷ്ടങ്ങൾ അവൾക്കു സംഭവിക്കുന്നു. മൂത്തമകൻ മാർക്ക് ഭരണകൂട തിന്മക്കെതിരെ പൊരുതുന്ന വിപ്ലവകാരികളോടൊപ്പം ചേരുന്നു. മാർക്കിനെക്കുറിച്ച് പിന്നീട് ഒന്നും കേൾക്കുന്നില്ല. പതിമൂന്നുകാരനായ ബെയ്‌ലിക്ക് ഷെൽ ആക്രമണത്തിൽ പരിക്കു പറ്റുകയും മിലിറ്ററി ഹോസ്പിറ്റലിൽ വച്ച് ക്രൂരമർദ്ദനത്തിന് വിധേയമാക്കപ്പെട്ട നിലയിൽ മരിക്കുകയും ചെയ്യുന്നു. എല്ലാ ആശങ്കകൾക്കിടയിലും നിരർത്ഥകമായ ഒരു ആത്മവിശ്വാസം എയ്‌ലിഷ് മുറുകെപ്പിടിക്കുന്നു: ‘ഇത്തവണത്തെ ഈസ്റ്ററിനു ആട്ടിറച്ചി ഉണ്ടാവുമോ’ എന്ന് ബെയ്‌ലി ചോദിക്കുമ്പോൾ, തൊഴിൽ പോലും നഷ്ടമായി പ്രതിസന്ധിയിലായെങ്കിലും ‘ഉണ്ടാവും’ എന്നാണ് അവൾ പറയുന്നത്. മാർക്കിനെക്കുറിച്ചു വിവരമൊന്നും കിട്ടുന്നില്ലെങ്കിലും സഹോദരങ്ങളുടെ ചോദ്യത്തിന് “അവൻ നന്നായിരിക്കും. എനിക്കറിയാം” എന്ന് അവൾ പറയുന്നു. കാനഡയിലേക്ക് രക്ഷപ്പെടാൻ സഹോദരി അയിൻ നടത്തുന്ന വാഗ്ദാനം പോലും ലാറിയും മാർക്കും ഒരിക്കൽ തിരിച്ചുവരും എന്ന ശുഭപ്രതീക്ഷയിൽ അവൾ തിരസ്ക്കരിക്കുന്നു.

‘കിടക്കയിൽ ഒരു കൊച്ചുമയക്കം കഴിഞ്ഞു എഴുന്നേൽക്കുമ്പോഴേക്കും നിങ്ങളുടെ വാതിൽക്കൽ ജി എൻ എസ് ബി നിൽക്കുന്നുണ്ടാവും’ എന്ന് ആശങ്കപ്പെടുന്നവിധം സമഗ്രാധിപത്യസ്വഭാവത്തിലേക്ക് ഭരണകൂട ഉപകരണങ്ങൾ മാറുകയാണ്. ഭരണകൂടവും അതിന്റെ നൈയാമിക ഉപകരണങ്ങളും പിതൃഅധികാരഘടനയെപ്പോലെയാണ് പ്രവർത്തിക്കുന്നത് അന്ന് റാഡിക്കൽ ഫെമിനിസ്റ്റുകളായ കാതറീൻ മക്കിനോണും ആൻഡ്രിയ ഡോർക്കിനും മറ്റും നിരീക്ഷിക്കുന്നു. കാഫ്ക തന്റെ എഴുത്തുകളിൽ പോലീസ് സംവിധാനത്തെയും നിയമസംവിധാനത്തെയും പിതാവിന്റെ കർക്കശ്യവുമായി സമീകരിക്കുന്നുണ്ട്. ഭരണകൂടത്തിനെതിരെ പൊരുതുക എന്നാൽ ആണധികാരക്രമത്തിനെതിരെ പൊരുതുക എന്നതു കൂടിയാണ്; അധികാരം പാലു കൊടുത്തു വളർത്തുന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ സ്ത്രീവിരുദ്ധ നിലപാടുകളോടു പോരാടുക എന്നതുകൂടിയാണ്. നിർബന്ധിത പട്ടാളസേവനത്തിനു തയ്യാറാകാതെ മകൻ മാർക്ക് ഒളിവിൽപ്പോയതിനെതിരെ ഒരു സംഘം വലതുപക്ഷ ഗുണ്ടകൾ എയ്‌ലീഷിന്റെ വീട്ടിൽ നടത്തിയ അക്രമം പുരുഷാഹങ്കാരത്തിന്റെ തുറന്നപ്രകടനം തന്നെയായിരുന്നു. കലുഷിതമായ നഗരത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴും സ്ത്രീ ആയതുകൊണ്ടുമാത്രം അധികാരികളിൽ നിന്നും അശ്ലീല പ്രതികരണങ്ങൾ അവൾക്കും 14 കാരിയായ മകൾ മോളിക്കും അനുഭവിക്കേണ്ടിവരുന്നുണ്ട്. പിന്നീട് മോളിയുടെ മുടി വെട്ടിക്കളഞ്ഞാണ് ഏയ്ലിഷ് അവളെ സംരക്ഷിക്കാൻ ശ്രമിക്കുന്നത്. പുരുഷഅഹന്ത താറുമാറാക്കിയ ഡബ്ലിൻ തെരുവുകളിലൂടെ വെടിമരുന്നിന്റെ ഗന്ധവും പൊടിയും വലിച്ചു മുനകൂർത്ത കെട്ടിടാവശിഷ്ടങ്ങൾക്കിടയിലൂടെ നഗ്നപാദയായി രക്തമൊലിപ്പിച്ച് മകൻ ബെയ്‌ലിയെ അന്വേഷിച്ചു നടക്കുന്ന എയ്‌ലിഷ് ആൺകോയ്മയുടെ യുക്തിയിൽ രൂപപ്പെടുത്തപ്പെട്ട ആദർശമാതാവല്ല, മറിച്ച്, വ്യക്തിപരമായതിൽ നിന്ന് രാഷ്ട്രീയത്തെ വേർപെടുത്താനാവില്ല എന്ന് നിരന്തരം നമ്മെ ബോധ്യപ്പെടുത്തുന്ന വ്യക്തിയാണ്. ലിഞ്ച് തന്നെ നോവലിൽ സൂചിപ്പിക്കുന്നതുപോലെ ഹിംസാത്മകമായ തീവ്ര വലതുപക്ഷാശയങ്ങൾ ആഗോളതലത്തിൽ സൃഷ്ടിക്കുന്ന നൈതിക ‘ശൂന്യതയിൽ നിന്നും എങ്ങിനെയാണ് ഭാവിയെ നിർമിക്കുക’ എന്നാണ് ആ രാഷ്ട്രീയം അന്വേഷിക്കുന്നത്.

എയ്‌ലിഷിനും സുജാതയ്ക്കും പൊതുവായി പങ്കിടാൻ ഏറെയൊന്നുമില്ല. ഫ്യൂച്ചറിസ്റ്റ് ഡബ്ലിനിൽ ഭാവിയിൽ സംഭവിച്ചേക്കാവുന്ന രാഷ്ട്രീയ സാഹചര്യത്തെയാണ് ഏയ്ലിഷ് അഭിമിഖീകരിക്കുന്നതെങ്കിൽ 60 കളിലും 70 കളിലും ബംഗാൾജനത സാക്ഷ്യം വഹിച്ച വിപ്ലവരാഷ്ട്രീയത്തിന്റെ കനൽക്കട്ടകളാണ് സുജാത നെഞ്ചിലേറ്റുന്നത്. ജന്മി- ഭൂവുടമ ബന്ധങ്ങൾ നിലനിൽക്കുന്ന, അനുദിനം ബൂർഷ്വാ സമ്പദ്‌വ്യവസ്ഥയിലേക്കു പരിവർത്തനവിധേയമാവുന്ന സാമൂഹ്യസാഹചര്യത്തിലെ പിതൃകേന്ദ്രീകൃത കുടുംബവ്യവസ്ഥയോടാണ് സുജാത പൊരുതുന്നത്. എന്നാൽ ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യക്തിജീവിതത്തിലെ സൂക്ഷ്മസന്ദർഭങ്ങൾ വരെ നിരീക്ഷണ വിധേയമാക്കുന്ന സമഗ്രാധിപത്യ ഭരണകൂടത്തിന്റെ നിയന്ത്രണങ്ങളെയാണ് എയ്‌ലിഷിനു അതിജീവിക്കേണ്ടിവരുന്നത്. എന്നാൽ ഇരുവരും അവരവരുടെ ജീവിതത്തിൽ അനുഭവിക്കേണ്ടിവരുന്ന ഒരു ദുരന്തമുണ്ട്: സ്വന്തം കുഞ്ഞിന്റെ മൃതശരീരം തിരിച്ചറിയാൻ മോർച്ചറിയിലെത്തേണ്ടിവരുന്ന ശപിക്കപ്പെട്ട മുഹൂർത്തമാണ് അത്. നിർഭാഗ്യവതിയായ എയ്‌ലീഷിന്റെ മനോസംഘർഷം സൂചിപ്പിക്കാൻ ‘ഇതെന്റെ മകനല്ല’ എന്ന് ഒരു വാക്യത്തിൽ എട്ടുതവണ നോവലിസ്റ്റ് ആവർത്തിക്കുന്നുണ്ട്. ഒടുവിൽ അവിശ്വനീയമായ ആ യാഥാർഥ്യത്തെ അവൾ ഉൾക്കൊള്ളുന്നത് ‘ജീവനോടെയുള്ള കുഞ്ഞിനെ മാത്രം കണ്ട് മരിച്ച കുഞ്ഞിന്റെ മുഖത്തേക്ക് തുറിച്ചു നോക്കി’കൊണ്ടാണ്.

ബ്രതിയുടെ മൃതദേഹം സുജാത തിരിച്ചറിഞ്ഞ മുഹൂർത്തം കൂടുതൽ വ്യക്തതയോടെയാണ് മഹാശ്വേതദേവി ചിത്രീകരിക്കുന്നത്. ബ്രതിയുടെ മൃതദേഹത്തിൽ തുളച്ചുകയറിയ മൂന്നു വെടിയുണ്ടകൾ തീർത്ത നീലനിറത്തിലുള്ള ദ്വാരങ്ങളും അവൾ കാണുന്നുണ്ട്. ചോക്ലേറ്റ് നിറത്തിൽ കട്ടപിടിച്ച രക്തക്കറയും മുറിവിനോട് ചേർന്ന് തൊലി ചുളുങ്ങിക്കിടക്കുന്നതും സുജാത കാണുന്നു. മുഖത്തെ തുണി മാറ്റിയപ്പോൾ കനമേറിയ മൂർച്ചയുള്ള ആയുധത്താൽ വികൃതമാക്കപ്പെട്ട അവന്റെ മുഖവും ആ മാതാവിന് കാണേണ്ടിവരുന്നു. ‘ബ്രതിയുടെ മുഖം’ എന്ന് നാല് തവണ എഴുത്തുകാരി ആവർത്തിക്കുന്നു. ആ മുഖം ചേർത്തുപിടിച്ചു വാത്സല്യത്തോടെ തലോടാൻ സുജാത ആഗ്രഹിക്കുന്നു. എന്നാൽ അവളുടെ തലോടൽ സ്വീകരിക്കാൻ പാകത്തിൽ ഒരു ഇഞ്ച് മാംസം പോലും ആ മുഖത്തുണ്ടായിരുന്നില്ല.

സ്വന്തം പുത്രന്മാരുടെ ദാരുണമായ അകാല വിയോഗത്തിന്റെ സന്ദർഭം ആ അമ്മമാരെ മുഖാമുഖം നിർത്തുന്നു. അവർക്കു വേണമെങ്കിൽ പരമ്പരാഗത ആഖ്യാനങ്ങളിലെ അമ്മമാരെപ്പോലെ അടുത്ത നിമിഷം അവരുടെ ജീവനൊടുക്കാം. അല്ലെങ്കിൽ മനോനില തെറ്റി ശിഷ്ടജീവിതത്തിൽ ഉന്മാദിനികളായി അലയാം. എന്നാൽ അതിജീവിക്കാനുള്ള ആത്മബലമാണ് പ്രതിസന്ധികളിൽ നിന്നും അവർ ആവാഹിച്ചെടുക്കുന്നത്. പ്രതുൽപ്പാദനത്തിനുള്ള ഉടലിടങ്ങൾ മാത്രമല്ല പ്രതിഷേധിക്കാനും പ്രതിരോധിക്കാനുമുള്ള രാഷ്ട്രീയകർതൃത്വം കൂടിയാണ് തങ്ങളെന്ന് ആ അമ്മമാർ ഉദ്‌ഘോഷിക്കുന്നു.


ഡോ. ഷിബു ബി.

കോഴിക്കോട് ബാലുശ്ശേരി ഗവ. കോളേജിൽ ഇംഗ്ലീഷ് വകുപ്പിൽ അസിസ്റ്റന്റ് ​​പ്രൊഫസർ. താരം, അധികാരം, ഉന്മാദം: ചലച്ചിത്ര നിരീക്ഷണങ്ങൾ, ദി പിയാനിസ്റ്റ്, മക്മൽ ബഫ് ഒരു മുഖവുര, സുബ്രഹ്മണ്യപുരം, ഡ്രാക്കുള (മൊഴിമാറ്റങ്ങൾ) തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments