''മൂന്നു നിമിഷത്തിന്റെ പോലും ദൈർഘ്യമില്ലാത്ത രതിപുഷ്പമെന്ന അതിസുന്ദരഗാനം പല കാരണങ്ങൾ കൊണ്ടും സോമസുഖം പകരുന്ന ഹോമോ ഇറോട്ടിക് ഗാനമായി മാറുന്നു.''

ആൺശരീരങ്ങളുടെ സജലസ്വപ്​നരസങ്ങൾ

‘രതിപുഷ്പ’വും ഹോമോ ഇറോട്ടിസവും

പ്രണയവും കാമവും ആടിത്തിമർക്കുന്ന ആൺശരീരങ്ങളെ എങ്ങനെയാണ്​ പുതിയ സിനിമ ആവിഷ്​കരിക്കുന്നത്​ എന്ന്​, ഭീഷ്മപർവ്വം എന്ന സിനിമയിൽ റംസാൻ മുഹമ്മദ് അവതരിപ്പിച്ച "സ്റ്റാർ' എന്ന കഥാപാത്രത്തിന്റെ നൃത്തത്തിലൂടെ അന്വേഷിക്കുന്നു. സ്വവർഗഭീതി നിറഞ്ഞ ചില മലയാളി ഇടങ്ങൾ ഇത്തരം ആവിഷ്​കാരങ്ങളെ നേരിടുന്ന വിധവും പരിശോധിക്കുന്നു

സ്വവർഗ പ്രണയികളായ വ്യക്തികൾക്ക് ശ്രവണ/ദൃശ്യ/വികാരാനന്ദം ഉളവാക്കുന്ന കലാ- സാംസ്‌കാരികാശംങ്ങളെ പൊതുവിൽ ഹോമോ ഇറോട്ടിക്ക എന്ന് വിശേഷിപ്പിക്കുന്നു. പുരാതന ഇന്ത്യ ഉൾപ്പെടെ ചില ദേശങ്ങളുടെ പുരാണ-ഇതിവൃത്തങ്ങളിലും, കലാചരിത്രത്തിലും ഹോമോ ഇറോട്ടിക്കയുടെ സവിശേഷ സാന്നിധ്യം കണ്ടെത്തിയത് പുരാവൃത്താന്വേഷികൾക്ക് കൗതുകകരവും സ്വവർഗാനുരാഗികൾക്ക് പ്രചോദനപരവുമായിട്ടുണ്ട്. ഇതിൽ ഏറ്റവും പുരാതനമായ കണ്ടെത്തലുകൾ യവനപുരാണങ്ങളിലും ഈജിപ്ഷ്യൻ സംസ്‌കാരാവശേഷിപ്പുകളിലും ആയിരിക്കണം.

സ്വവർഗ പ്രണയത്തെ ഒരുകാലത്ത് വിശേഷിപ്പിച്ചിരുന്നത് "ഗ്രീക്ക് ലവ്' എന്നായിരുന്നു. ഒരേ സെക്‌സ്/ജൻഡറിൽപ്പെട്ട വ്യക്തികളിലുളവാകുന്ന ജൈവിക-ധിഷണാപരമായ പ്രണയമാണ് സ്വവർഗാനുരാഗം എന്നിരിക്കെ ആഗോളതലത്തിൽ അതിന്​ നിയമ- സാമൂഹിക- മാനസികാരോഗ്യ വിശദീകരണങ്ങൾ ലഭ്യമായിട്ട് ഒന്നേകാൽ നൂറ്റാണ്ടേ ആയിട്ടുള്ളൂ. എന്നാൽ സ്വവർഗ ലൈംഗികതയുടെ ഒളിഞ്ഞും തെളിഞ്ഞും പ്രച്ഛന്നപരവുമായ സാംസ്‌കാരിക സാന്നിധ്യങ്ങൾ (ഒരേ സെക്‌സ്/ ജൻഡറിൽപ്പെട്ട വ്യക്തികളിൽ തമ്മിലുള്ള ലൈംഗിക പ്രവർത്തികൾ, ഇടപെടലുകൾ, സൗഹൃദങ്ങൾ, അടയാളപ്പെടുത്തലുകൾ) കുറച്ചെങ്കിലും കണ്ടെത്താനായിട്ടുണ്ട്. ഇതിൽ തന്നെ ഏറ്റവുമധികം സ്വവർഗ പ്രണയ വർണനകൾ വന്നിട്ടുള്ളത് സാഹിത്യമേഖലയിലാണെന്നിരിക്കേ, സംഗീത- ദൃശ്യ രംഗത്ത് ഒരു നവ മഴവിൽ വരവെന്നോണം 1970കളിൽ അരങ്ങത്തു വന്ന ഡിസ്‌കോ സംസ്‌കാരം അന്നേവരെ ഇല്ലായിരുന്ന തരമൊരു ഹോമോ ഇറോട്ടിക് ദൃശ്യവിരുന്നായി മാറി.

'സാറ്റർഡേ നൈറ്റ് ഫീവറി'ൽ ജോൺ ട്രോവോൾട്ട

സ്വർഗാനുരാഗികളുടെ നിശാവേളകൾക്ക് നവോല്ലാസവും സൗഹൃദ ഒത്തുചേരലുകൾക്ക് പുതു ഊഷ്മളതയും ഡിസ്‌കോ ഇടങ്ങൾ പകർന്നു നൽകി. ഡിസ്‌കോ ഗീതികളും അവ അരങ്ങേറിയ വേദികളിലെ പ്രകാശ വിന്യാസങ്ങളും, രംഗപടങ്ങളും ഡിസ്‌കോ ആടിപ്പാടുന്ന കലാകാരരുടെ വസ്ത്രാലങ്കാരബോധവും സ്വർഗാനുരാഗികളെ സംബന്ധിച്ച് നൃത്ത- ഗാന ഇടങ്ങളിൽ നിറഞ്ഞു നിന്നിരുന്ന മുഖ്യാധാരാ ഹെറ്ററോ നോർമേറ്റിവ് പ്രണയപ്രകടനങ്ങൾക്കൊരു ബദൽ/പ്രതിസംസ്‌കാരമായി ഉരുത്തിരിഞ്ഞു.

സ്വവർഗാനുരാഗികൾ ഉൾപ്പെടുന്ന ക്വിയർ സമൂഹത്തിന്റെയും കറുത്ത വർഗക്കാരായ ആളുകളുടെയും ഒത്തുചേരൽ ഇടങ്ങളിൽ പ്രധാനമായി പരിണമിച്ച ഡിസ്‌കോ വേദികൾ പിന്നീട് ഹെറ്ററോ നോർമേറ്റിവ് -വൽക്കരിക്കപ്പെടുന്ന കാഴ്ചയാണുണ്ടായത്.
1977 ൽ പുറത്തു വന്ന "സാറ്റർഡേ നൈറ്റ് ഫീവർ' എന്ന നൃത്ത കേന്ദ്രീകൃത ചലച്ചിത്രത്തിൽ ജോൺ ട്രോവോൾട്ട അവതരിപ്പിച്ച "യൂ ഷുഡ് ബി ഡാൻസിങ്' എന്ന ഡിസ്‌കോ ഗാനം ഇതിനൊരു തുടക്കമായി. അടഞ്ഞ ഒരു ഒത്തുചേരൽ ഇടത്തിൽ നിറയെ പ്രകാശസ്രോതസ്സുകളും മധുആനന്ദത്താൽ ഇളകിയാടുന്ന യുവമേനികളും നിറഞ്ഞ ഇത്തരം നൃത്തരംഗങ്ങൾ നാല് ദശകങ്ങൾക്കിപ്പുറവും ഇന്ത്യൻ ചലച്ചിത്രഗാന രംഗത്ത് നിറസാന്നിധ്യമായി തുടരുന്നു. എന്നാൽ ഈ ഗാന ദൃശ്യങ്ങൾ പൂർണമായും സിസ് ഹെറ്ററോ നോർമേറ്റീവ് ചിന്തയിൽ നിന്ന്​ ഒട്ടും മുക്തമായിട്ടില്ല. മാത്രമല്ല, പ്രധാനമായും ഹെറ്ററോ സെക്ഷ്വൽ പുരുഷനാൽ ഹെറ്ററോ സെക്ഷ്വൽ പുരുഷന്റെ നയന വികാരാനന്ദത്തിനു വേണ്ടി ചമയിച്ചൊരുക്കുന്ന ഇത്തരം ഗാനങ്ങൾ സ്ത്രീശരീരങ്ങളെ വസ്തുവകകളായി അവതരിപ്പിക്കുന്ന പ്രവണത തുടർന്നും കൊണ്ടിരിക്കുന്നു. ഹംപ്റ്റി ശർമ്മ കി ദുൽഹനിയാ എന്ന സിനിമയിലെ "സാറ്റർഡേ സാറ്റർഡേ' എന്ന ഗാനരംഗത്ത് നായകൻ വരുൺ ധവാൻ പ്രത്യക്ഷപ്പെടുന്നത്, ആൺ ലിംഗത്തെ സൂചിപ്പിക്കുന്ന, തീ/വെടി തുപ്പുന്ന നീണ്ട കുഴലുള്ള ഒരു യുദ്ധവാഹനത്തിന്റെ പുറത്തുകയറിനിന്നാണ്.

‘സാറ്റർഡേ സാറ്റർഡേ' എന്ന ഗാന രംഗത്ത് നായകൻ വരുൺ ധവാൻ പ്രത്യക്ഷപ്പെടുന്നത് തീ/വെടി തുപ്പുന്ന (ആൺ-ലിംഗത്തെ സൂചിപ്പിക്കുന്ന) നീണ്ട കുഴലുള്ള ഒരു യുദ്ധ വാഹനത്തിന്റെ പുറത്തുകയറിനിന്നാണ്. സ്വവർഗാനുരാഗികൾ ഉൾപ്പെടുന്ന ക്വിയർ സമൂഹത്തിന്റെയും കറുത്ത വർഗക്കാരുടെയും ഒത്തുചേരൽ ഇടങ്ങളിൽ പ്രധാനമായി പരിണമിച്ച ഡിസ്‌കോ വേദികൾ പിന്നീട് ഹെറ്ററോ നോർമേറ്റീവ്​വൽക്കരിക്കപ്പെടുന്ന കാഴ്ചയാണുണ്ടായത്.

ഹിന്ദി സിനിമയുടെ റബ്ബർ ഗേൾ എന്നറിയപ്പെടുന്ന കുക്കൂ മോറെ തുടങ്ങി (1940 കളുടെ ഒടുക്കം മുതൽ) വെച്ച ഐറ്റം- നൃത്ത- ദൃശ്യ സംസ്‌കാരം പിന്നീട് ഹെലൻ ആൻ റിച്ചാർഡ്‌സൺ, പർവീൺ ബാബി വഴി സണ്ണി ലിയോണി, നോറാഹ് ഫത്തേഹി എന്നിവരിലെത്തിനിൽക്കുന്നു. തെന്നിന്ത്യയിൽ ജ്യോതിലക്ഷ്മി, സിൽക്ക് സ്മിത, മുമൈദ് ഖാൻ, അൽഫോൻസ എന്നിവരും മലയാളത്തിൽ സീമയും ഹെറ്ററോ നോർമേറ്റിവ് ഡിസ്‌കോഗാനങ്ങൾക്ക് കുറേ നൃത്തമാടിയപ്പോൾ സ്വവഗാർനുരാഗികളായ ആണുങ്ങളെ ത്രസിപ്പിച്ചത് ഡിസ്‌കോ നൃത്തങ്ങളിലെ ആൺശരീരങ്ങളായിരുന്നു.

സ്​റ്റാറിന്റെ അതിശയ നൃത്തം

എൺപതുകളിൽ ഹിന്ദിയിൽ മിഥുൻ ചക്രവർത്തി കൊളുത്തിയ ഡിസ്‌കോ ഡാൻസിങ് ആവേശയലകൾ തമിഴിൽ കമൽഹാസനും മലയാളത്തിൽ റഹ്‌മാനും രവീന്ദ്രനും ഏറ്റെടുത്തു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ അതിമനോഹര സാംസ്‌കാരിക അലയാണ് ‘രതിപുഷ്പം’ എന്ന ചലച്ചിത്രഗാനം. മഴ വരുമ്പോൾ ക്ലാരയെ ഓർക്കാത്ത സ്വവർഗാനുരാഗികളായ ആണുങ്ങൾ നേരിടുന്ന ദൃശ്യ സാംസ്‌കാരിക വരൾച്ചക്ക് ലഭിച്ച വേനൽചാറ്റലായി, ഭീഷ്മപർവ്വം എന്ന സിനിമയിൽ റംസാൻ മുഹമ്മദ് അവതരിപ്പിച്ച "സ്റ്റാർ' എന്ന കഥാപാത്രത്തിന്റെ അതിശയനൃത്തം. മൂന്നു നിമിഷത്തിന്റെ പോലും ദൈർഘ്യമില്ലാത്ത അതിസുന്ദരഗാനം പല കാരണങ്ങൾ കൊണ്ടും സോമസുഖം പകരുന്ന ഹോമോ ഇറോട്ടിക് ഗാനമായി മാറുന്നു.

ആണ്മയുടെ അധികാര-അഹന്താ ഭാവങ്ങൾ തിരസ്‌കരിക്കുന്ന കൂടുതൽ കഥാപാത്രങ്ങൾ മലയാളസിനിമകളിൽ അടുത്തിടെ കാണാൻ കഴിയുന്നുണ്ട്. ചില പ്രത്യേക തരത്തിൽ മാത്രമുള്ള ആണത്തങ്ങൾ കണ്ടുശീലിച്ച സിനിമാവതരണങ്ങൾക്കിടയിൽ നിറമുള്ള പ്രതീക്ഷകളാവുന്ന ഇത്തരം ആണ്മകൾ.

ഐറ്റം ഗാനങ്ങളിലെ പതിവുരീതികളെ തെറ്റിക്കുന്ന തരത്തിലുള്ള ഭാഷാ-സവിശേഷത, ശരീരത്തെ ഒട്ടുമേ ഒബ്ജക്റ്റിഫൈ ചെയ്യാതെയുള്ള മേനിവർണന ഇവയൊക്കെ കൊണ്ട്, സ്ത്രീ- ശരീര- വർണനകൾ കണ്ടും കേട്ടും ആസ്വദിച്ചും മാത്രം പോന്നിരുന്ന ഭാഷാ ഇടത്തിലേക്കാണ് പമ്പരം പോലെ ഉരുണ്ടെഴുന്നേറ്റ് "സ്റ്റാർ' കടന്നുവരുന്നത്. ചടുലചന്തീചലനങ്ങൾ കൊണ്ട് സമ്പുഷ്ടമായ നൃത്തച്ചുവടുകളാൽ ഒപ്പമുള്ള വ്യത്യസ്തങ്ങളായ കേശഭംഗിയുള്ള പത്തു ചെറുപ്പക്കാർക്കൊപ്പം പീറ്ററിന്റെ (ഷൈൻ ടോമിന്റെ സിനിമയിലെ കഥാപാത്രം) ആകർഷണ കേന്ദ്രമായി സ്റ്റാർ മാറുന്നു. മഴവിൽ വരകൾ രംഗഭംഗി നൽകുന്ന ഉയർന്ന സദസ്സിൽ നർത്തകർക്ക് നാടുവിലായാടുന്ന യുവനക്ഷത്രത്തെ മാത്രമായിരിക്കണം പീറ്റർ ഒരു പക്ഷെ കാണുന്നത്. ഗാനരംഗത്തിൽ സംഘനൃത്തവേളക്കിടയിലിടയിലായി സ്റ്റാറിനെ മാത്രം കാണിക്കുന്നത് അതുകൊണ്ടാവാം.

ഭാഷ തന്നെ ശ്രവ്യ- ഇറോട്ടിക് അടയാളമായി മാറുന്നത്തിന്റെ സുഖം പാട്ടിന്റെ വരികളിൽ കാണാം. മലയാള സിനിമാഗാനങ്ങളിൽ തീരെയില്ലാത്ത ഒരു വർണനാവിഷയമാണ് പുരുഷശരീര ചാരുത. ‘കുന്നത്തുദിച്ച സൂര്യനാ’യി വർണിക്കപ്പെട്ട ചന്തുവിന്റെയും, ‘ഉന്മത്തകോകിലത്തിന്നാലാപ ശ്രുതിയുടെ പൊരുളറിയാത്ത’ ഋഷ്യശൃംഗന്റെയും ശരീരങ്ങളൊഴിച്ചു നിർത്തിയാൽ മലയാള സിനിമാഗാനങ്ങളിൽ ലാവണ്യ വർണനാവിധേയമായ ആൺശരീരങ്ങൾ ഇല്ലെന്നു തന്നെ പറയാം. ഉപഭോഗ സംസ്‌കാരോൽപന്ന വിപണി വികസിച്ച തൊണ്ണൂറുകളിലും ശേഷവും പേശി- ശരീരബലം പ്രദർശിപ്പിച്ച സൽമാൻ- ഹൃതിക്-ജോൺ താരങ്ങളുടെ മേനി മലയാളി സ്വവർഗാനുരാഗികൾക്ക് പുളക- സ്വർഗങ്ങൾ അത്രകണ്ടു നൽകിയിരുന്നു എന്നുപറയാനും സാധിക്കില്ല.

കമൽഹാസൻ, റഹ്‌മാൻ, രവീന്ദ്രൻ, മിഥുൻ ചക്രവർത്തി

ആരാധനയുടെ ശരീര രാഷ്ട്രീയം

ഗേ-നർമങ്ങൾ പ്രമേയമായി വന്ന ദോസ്താന (2008) എന്ന ഹിന്ദി സിനിമയിൽ ഷഡ്ഢി മാത്രമിട്ട് മിയാമി കടൽത്തീരത്തുനിന്ന് ഷവറിൻ കീഴിലെ നനവുമായി നടന്നു കയറുന്ന ജോൺ എബ്രഹാമിന്റെ ശരീരം മെട്രോ സെക്ഷ്വൽ ആണുങ്ങൾക്ക് മിഴിവ് പകരുന്നതാണെങ്കിൽ കൂടി അതിൽ ഇറോട്ടിക് അംശങ്ങൾ കണ്ടെത്താൻ മലയാളി ആളുകൾക്ക് സാധിച്ചെന്നു വരില്ല.
ഐറ്റം സോങ്സ് പൊതുവെ വിഷയമാക്കുന്നത് നിശ- നിദ്ര- വിശ്രമ- വിനോദ വേളകളാണ്. പീറ്ററിന്റെ നോട്ടം ലക്ഷ്യം വക്കുന്നതാവട്ടെ രതിപുഷ്പം വിരിയുന്ന വേളയും. സ്റ്റാറിന്റെ നൃത്തം കണ്ടിട്ട് സജലസ്വപ്‌നരസം അനുഭവിക്കുന്നതായി എഴുതപ്പെട്ട വരികൾ ഒരു പക്ഷേ സ്വപ്നസ്‌ഖലനവുമായി ബന്ധപ്പെട്ട മലയാള ഗാനങ്ങളിലെ ആദ്യ വർണനയാവാം. ആണിനെ ആകർഷിക്കുന്ന, ആണിനാൽ ആകർഷിക്കപ്പെടേണ്ട ശരീരം, എന്നാൽ സ്ത്രീയുടേതുമാത്രമെന്ന ഹെറ്ററോ നോർമേറ്റിവ് ധാരണക്ക് ഇവിടെ സാംസ്‌കാരിക തിരിമറി സംഭവിച്ചു- ഭാഷാപരമായും, ദൃശ്യപരമായും.
മുല, പൊക്കിൾ, ഇടുപ്പ്, ചന്തി എന്നിവയുടെ വർണനകളാൽ രസകരമോ-സ്ത്രീവിരുദ്ധമോ ഒക്കെയായി വരുന്ന ഐറ്റം ഗാനവരികൾക്കനുസരിച്ച്​ ക്യാമറയും ചലിക്കുന്നത് ഹെറ്ററോ സെക്ഷ്വൽ ആൺ തൃഷ്ണാശമനത്തിനുവേണ്ടി മാത്രമാവുന്ന കാഴ്ച ഇപ്പോഴും തുടരുന്നു. എന്നിരുന്നാലും ഐറ്റം സോങ്സ് കളിക്കുന്ന സ്ത്രീതാരങ്ങളോട് സ്വവർഗാനുരാഗികളായ ആണുങ്ങൾക്കുള്ള ആരാധനയുടെ കാരണം ശരീരരാഷ്ട്രീയത്തിന്റെതുകൂടിയാണ്.

ജോൺ എബ്രഹാം. ദോസ്താനയിലെ രംഗം.

കുക്കൂ മോറെ നൃത്തം വെയ്ക്കുന്ന "പത്തലി കമർ' (ഇടുങ്ങിയ ഇടുപ്പ്) എന്ന് തുടങ്ങുന്ന ബർസാതിലെ (1949) ഗാനം മുതൽ "കമറിയാ ഹിലാദേ' (ഇടുപ്പിളക്കൂ, സ്ത്രീ -2018) എന്ന സിനിമയിലെ ഗാനം വരെ പെണ്ണഴകിന്റെ അനക്കകേന്ദ്രം ഇടുപ്പാണെന്ന് വർണിച്ചുകൊണ്ടേയിരിക്കുമ്പോൾ ആണഴകിന്റെ ഗുരുത്വകേന്ദ്രം നെഞ്ച് ആണെന്ന് പലവുരു വർണിക്കുന്നു ‘രതിപുഷ്പം’ എന്ന ഹ്രസ്വഗാനം.
"മാറിടം രാസകേളി തടാകം', "വിരിമാറിൽ നൽകാം.....സ്പർശം', "സജലസ്വപ്നങ്ങൾ നിൻ ദാനമായി, കാത്തുനിന്ന് നെഞ്ചം' തുടങ്ങിയ അഭിലാഷാവിഷ്‌ക്കാരങ്ങൾ ഉണ്ണിമേനോന്റെ വിന്റേജ് സ്വരത്തിൽ വീര്യം കൂടിയ വീഞ്ഞുപോലെ മനസ്സിൽ നുരഞ്ഞുകൊണ്ടേയിരിക്കുന്നു എന്ന സന്തോഷം, ഗാനം നെഞ്ചിലേറ്റിയ ആൺ സ്വവർഗാനുരാഗികളായ കുറേ സുഹൃത്തുക്കൾ ഈ ദിവസങ്ങളിൽ പങ്കുവെച്ചിരുന്നു. നിർവൃതി- രതിമൂർച്ഛ നേരത്തുളവാവുന്ന ആനന്ദമുഴക്കം (ആഹ് ആഹ് എന്ന ശബ്ദം) ഇറോട്ടിക് ശ്രവ്യാംശമായി ഏറ്റവും ഒടുവിൽ അവതരിപ്പിച്ച ആൺ നൃത്തം ആമിർ ഖാന്റെതായിരുന്നു. സീക്രട്ട് സൂപ്പർ സ്റ്റാർ (2017) എന്ന സിനിമയിലെ "സെക്‌സി ബലിയേ' എന്ന ഗാനത്തിന്റെ പല്ലവിക്ക് തൊട്ടു മുന്നേയുള്ള ശബ്ദം മേല്പറഞ്ഞതാണ്. ശബ്ദത്തിന്റെ ഇറോട്ടിക് ഭാവം ശ്രേയ ഘോഷാൽ "ഊ ലാ ലാ' എന്ന ഗാനത്തിന്റെ (ഡെർട്ടി പിക്ചർ- 2011) ആദ്യചരണത്തിനു ശേഷവും "മേലേ വാനത്താരാമത്തിൽ' (മൺസൂൺ മാംഗോസ്- 2016) എന്ന ഗാനത്തിന്റെ അനുപല്ലവിക്കുശേഷവും അതിമനോഹരമായി പാടിയവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ "ദാഹം, കാമഹർഷം, സ്പർശം' എന്നീ വാക്കുകളുടെ ഉച്ചാരണ മികവ് കൊണ്ടുമാത്രം ഇറോട്ടിക് ശ്രവണാനുഭവം അനുഗ്രഹീത ഗായകൻ കൊണ്ടുവന്നിട്ടുണ്ട് ‘രതിപുഷ്പ്പ’ത്തിൽ. മദന-തല്പത്തിലെ കാമഹർഷം പാടുന്ന ഗായകന്റെ സ്വരം ഇരുവട്ടം ‘എന്നാണ് നിൻ സംഗമം' എന്ന ശബ്ദോന്നതിയിലേക്കെത്തുമ്പോൾ സ്വവർഗാനുരാഗിയായ ഞാൻ ഇറോട്ടിക് ആസ്വാദന ശൃംഗത്തിലാവുന്നു.

മഴ വരുമ്പോൾ ക്ലാരയെ ഓർക്കാത്ത സ്വവർഗാനുരാഗികളായ ആണുങ്ങൾ നേരിടുന്ന ദൃശ്യ സാംസ്‌കാരിക വരൾച്ചക്ക് ലഭിച്ച വേനൽ ചാറ്റലായി റംസാൻ മുഹമ്മദ് അവതരിപ്പിച്ച ‘സ്റ്റാർ' എന്ന കഥാപാത്രത്തിന്റെ അതിശയനൃത്തം.

"രതിപുഷ്പം' ഒരു സ്വവർഗ സ്‌തോത്രഗീതം

നഗ്‌നമയമായതും നഗ്‌നേതരവുമായ ഇറോട്ടിക് ദൃശ്യാവതരണങ്ങൾ സ്വവർഗ പ്രണയ സംസ്‌കാരകാംക്ഷികൾ കാലങ്ങളായി അവതരിപ്പിച്ചു വരുന്നുണ്ട്. ഇവയിൽ സ്‌നാനവേള, സ്വവർഗ സംഭോഗ ഭാവനകൾ തുടങ്ങിയ നഗ്നമയമായ തലങ്ങൾ പ്രകടമാക്കുന്ന ചിത്ര- ശില്പകലാ സൃഷ്ടികൾ ഹോമോ- ഇറോട്ടിക് ആസ്വാദനമേഖലയിലെ നിത്യസംഭാവനകളായി നിലകൊള്ളുന്നു. മൈക്കലാഞ്ചലോയുടെ "ഡേവിഡ്' എന്ന മാർബിൾ ശിൽപം മുതൽ കബോഡി സ്‌കേപ്‌സ് (2016)എന്ന മലയാള സിനിമയിലെ വിഷ്ണു എന്ന കഥാപാത്രത്തിന്റെ സ്‌നാനരംഗം വരെ ഇത്തരത്തിൽ ഹോമോ ഇറോട്ടിക് ആയി വർത്തിക്കുന്നു. കുളിമുറി, വിശ്രമ ഇടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഹോമോ ഇറോട്ടിക് രംഗങ്ങൾ വിദേശ സിനിമകളിൽ അത്ര വിരളമല്ല. സ്റ്റാൻലി കുബ്രിക്കിന്റെ സ്പാർട്ടക്കസ് (1960) എന്ന സിനിയിലെ ക്രാസസ്, ആന്റോനിനസ് എന്നിവരുടെ സ്‌നാനരംഗം ഇതിനൊരു ഉദാഹരണമാവുന്നു.
1980-കൾ പശ്ചാത്തലമാക്കിയ ഇസ്രേയേലി സിനിമ സ്​നെയിൽസ് ഇൻ ദി റെയിനിലെ (2013) ഇറോട്ടിക് രംഗങ്ങളിൽ ചിലത് "കുളി', "വിശ്രമം' എന്നിവയുമായി ബന്ധപ്പെട്ടുള്ളതാണ്. വിയർത്ത് നിൽക്കുന്ന ആൺശരീരത്തിന്റെ ഊഷ്മളത ഹോമോ ഇറോട്ടിക് ഉള്ളടക്കമായി ഈ സിനിമയിൽ കാണാം. നഗ്നത എന്നാൽ അശ്ലീലം അല്ലെന്ന് ഗ്രഹിക്കാൻ സാധിക്കുന്ന ഇത്തരം ഇറോട്ടിക് അംശങ്ങൾക്ക് സമാന്തരമായി ജ്വലിക്കുന്നതാണ് ഇറോട്ടിക്കയുടെ ദൃശ്യാനുഭവത്തിന് നഗ്നേതര ഭാവവുമുണ്ടെന്ന് വെളിപ്പെടുത്തുന്ന ‘രതിപുഷ്പം’.

സ്പാർട്ടക്കസ് (1960), സ്നെയിൽസ് ഇൻ ദി റെയിൻ (2013)

കൈലി മിനോഗിന്റെ 2020 ൽ പുറത്തിറങ്ങിയ ഡിസ്‌കോ എന്ന സംഗീത-ആൽബത്തിലെ "മാജിക്' എന്ന പാട്ടിന്റെ ദൃശ്യമികവിനെ ഓർമിപ്പിക്കുന്ന "രതിപുഷ്പം' ഒരു സ്വവർഗ സ്‌തോത്രഗീതമായി മാറുന്നതിൽ അത്ഭുതപ്പെടാനില്ല. ഭീഷ്മപർവ്വം എന്ന ചലച്ചിത്രത്തിൽ ഷൈനിന്റെ കഥാപാത്രത്തിന്റെ ലൈംഗികചായ്‌വ്‌ (സെക്ഷ്വൽ ഓറിയന്റേഷൻ) സംബന്ധിച്ച വാദങ്ങളും ചർച്ചകളും സമാന്തരമായി നടക്കുമ്പോൾ, ആണിനേയും ആൺ ശരീരത്തെയും ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ ആസ്വദിക്കുന്ന, ആരുടേയും കാമനകളെ ത്രസിപ്പിക്കുന്ന, കാമദേവന്റെ ലീലകളെ സൂചിപ്പിക്കുന്ന അമ്പെയ്യൽ, കടിഞ്ഞാൻ വലി തുടങ്ങിയ മുദ്രകൾ നിറഞ്ഞ ചുവടുവപ്പുമായി നൃത്തം തുടരുന്നു. പീറ്റർ എന്ന കഥാപാത്രത്തെ ഒരു ബൈ സെക്ഷ്വൽ ആയിട്ടായിരിക്കാം കഥയിൽ കാണേണ്ടത് എന്ന് സംവിധായകൻ അമൽ നീരദ് ഒരു മാധ്യമപ്രതികരണം നടത്തിയിരുന്നു. എന്നിരുന്നാലും ഒരു ആണിന് മറ്റൊരു ആണിനോട് തോന്നുന്ന പ്രണയ- കാമാഭിലാഷത്തെ കണക്കിലെടുക്കുമ്പോൾ ഗാനരംഗം ഹെറ്ററോ- ഇതര-ഇറോട്ടിക് വിഷയം ആയി മാറുന്നു. ആണ്മയുടെ അധികാര അഹന്താ ഭാവങ്ങൾ തിരസ്‌കരിക്കുന്ന കൂടുതൽ കഥാപാത്രങ്ങൾ മലയാള സിനിമകളിൽ അടുത്തിടെ കാണാൻ കഴിയുന്നുണ്ട്. ചില പ്രത്യേക തരത്തിൽ മാത്രമുള്ള ആണത്തങ്ങൾ (മസ്‌ക്യൂലിനിറ്റീസ്) കണ്ടുശീലിച്ച സിനിമാവതരണങ്ങൾക്കിടയിൽ നിറമുള്ള പ്രതീക്ഷകളാവുന്ന ഇത്തരം ആണ്മകൾ.

വോങ് കാർ വായുടെ 'ഹാപ്പി ടുഗെദറി'ലെ നൃത്തരംഗം.

കുറ്റാന്വേഷകനായ ജെയിംസ് ബോണ്ട് ഔപചാരിക ഉദ്യോഗസ്ഥനായ പുരുഷനെ കാലങ്ങളായി അടയാളപ്പെടുത്തിവന്നിരുന്നു. ഡാനിയേൽ ക്രെയ്ഗിന്റെ ഏറ്റവുമൊടുവിൽ പുറത്തു വന്ന ബോണ്ട് സിനിമയായ നോ ടൈം റ്റു ഡൈയിൽ (2021) ബെൻ വിഷോവ് എന്ന നടൻ "ക്യൂ' എന്ന സ്വവർഗാനുരാഗിയായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബെൻ യഥാർത്ഥ ജീവിതത്തിൽ തന്റെ സ്വവർഗ ലൈംഗികതാതലം വെളിപ്പെടുത്തി സ്വവർഗ പങ്കാളിയോടൊപ്പം സഹജീവനം നടത്തുന്ന ആളാണെന്നതും സിനിമയിലെ കഥാപാത്രത്തിന്റെ പേര് "ക്യൂ' ആണെന്നതും സവിശേഷ കൗതുകമായി മാറുന്നു. സിനിമകളിലെ മസ്‌ക്യൂലിനിറ്റി അവതരണങ്ങൾ ഇൻക്ലൂസിവ് ആവുന്നതിന്റെ കാലാനുസൃതമായ പരിണാമം കൂടിയാണ്‌ ബോണ്ട് സിനിമയിലെ ക്യൂ എന്ന കഥാപാത്രത്തിൽ കൂടി വെളിവാകുന്നത്. ഇത്തരത്തിലുള്ള ഒരു ഇൻക്ലൂസീവ് അംശം കൂടിയാണ് പീറ്ററിന്റെ കഥാപാത്രത്തിന്റെ സുരസോമം തേടുന്ന ദാഹഗാനം. ഇറോട്ടിക് ആകർഷണീയതയുള്ള ശരീരങ്ങളായി വെളുത്ത- ഉപരിവർഗ ആൺശരീരങ്ങൾ മാത്രം ആഘോഷിക്കപ്പെടുന്നതിനെ കൃത്യമായി ചോദ്യം ചെയ്ത്​ ഹോമോ- ഇറോട്ടിക് അവതരണങ്ങൾ നടത്തിവരുന്ന ബ്ലാക്ക് അമേരിക്കൻ പോപ്പ് -റാപ്പ് താരം ലിൽ നാസ് എക്‌സ് (Lil Nas X) എന്ന കലാകാരന്റെ സമീപകാല ഗാനങ്ങൾ (മോന്ററോ, ഇൻഡസ്ട്രി ബേബി തുടങ്ങിയ ഗാനങ്ങൾ) കലാ ഇടങ്ങളും അവതരണങ്ങളും കൂടുതൽ ഇൻക്ലൂസിവ് ആവേണ്ടതിന്റെ രാഷ്ട്രീയം ഓർമിപ്പിക്കുന്നു.

കാമദേവനെയും രതിദേവിയെയും ആൺ-പെൺ കാമ-പ്രണയ ദ്വന്ദ്വമായി കാണുന്ന ഹെറ്ററോ നോർമേറ്റിവ് സംസ്‌കാരരീതിക്ക്​ ബദലായി, ഇവയെ രണ്ടു വ്യക്തികൾ തമ്മിലുള്ള ലൈംഗികചിന്ത (കാമം), ലൈംഗികാസ്വാദനം (രതി) എന്നിവയുടെയും ഇവയ്ക്കിടയിലുള്ള ഭാവങ്ങളുടെയും അനുസ്വനവുമായി കേൾക്കുമ്പോൾ കാമവും രതിയും ക്വിയർ സ്വഭാവം കൈവരിക്കുന്നു. മനുഷ്യ ഹോർമോൺ മായാജാലങ്ങളായ കാമം- രതി എന്നീ ജൈവിക കാര്യങ്ങളെ അതിമനോഹരമായി ആർദ്ര- ഇറോട്ടിക് പരുവത്തിൽ വരികളിൽ അവതരിപ്പിച്ച വിനായക് ശശികുമാറും രംഗത്തിന്റെ ഛായാഗ്രഹണം നിർവഹിച്ച ആനന്ദ് ചന്ദ്രനും നൃത്തസംവിധായകരായ ജിഷ്ണുവും സുമേഷും സംഗീതസംവിധായകൻ സുഷിനും പ്രത്യേക പരാമർശം അർഹിക്കുന്നു.

ലിൽ നാസ് എക്‌സിന്റെ മോന്റേറോ, ഇൻഡസ്ട്രി ബേബി എന്നീ ആൽബങ്ങളിലെ രംഗങ്ങൾ.

ഹോമോ ഇറോട്ടിക്​, ഹോമോ സോഷ്യൽ

മലയാള സിനിമകളിലേയും മറ്റും ഇറോട്ടിക് അവതരണങ്ങൾ കാലങ്ങളായി ഹെറ്ററോ സെക്ഷ്വൽ പുരുഷന്റെ നോട്ട- അവലോകന- അഭിവാഞ്ചകളുടെ പുറത്ത്​ ഉരുത്തിരിഞ്ഞുനിൽക്കുന്നവയാണ്. ക്യാമറ- കഥാപാത്രം -പ്രേക്ഷകർ എന്ന ത്രയത്തിന്റെ നിയന്ത്രണ നിർവ്വഹണങ്ങളും മറ്റൊന്നിലല്ല കേന്ദ്രീകൃതം. ‘മറ്റു രാജ്യങ്ങളിലെ സിനിമകൾ പൊതുജനത്തിനു വേണ്ടി നിർമിക്കപ്പെടുമ്പോൾ ഇന്ത്യൻ സിനിമകളുടെ ലക്ഷ്യം ഇന്നും ആണുങ്ങളുടെ മാത്രം കാഴ്ചയെ പ്രീണിപ്പിക്കലാണ്'- എന്ന് സിനിമയുടെ സാമൂഹ്യ വെളിപാടുകൾ എന്ന പുസ്തകത്തിൽ എതിരൻ കതിരവൻ സൂചിപ്പിച്ചിട്ടുണ്ട്. ഈ ആശയത്തിന്റെ ഒരു സ്ത്രീപക്ഷ നിരീക്ഷണം ബ്രിട്ടീഷ് ഫെമിനിസ്​റ്റ്​- സിനിമാ നിരൂപകയായ ലോറ മുൾവേയുടെ ‘വിഷ്വൽ പ്ലെഷർ ആൻഡ് നരേറ്റീവ് സിനിമ' (1975) എന്ന വിഖ്യാത ലേഖനത്തിൽ വായിക്കാം. ആൺ മുഖ്യകഥാപാത്ര കേന്ദ്രീകൃത സിനിമകളിൽ ആൺനോട്ടങ്ങൾ നിർവഹിക്കുന്ന ശരീരാവതരണങ്ങളെക്കുറിച്ച്​ നിരൂപക പരാമർശങ്ങളുണ്ട് . തന്റെ/തങ്ങളുടെ നോട്ടങ്ങൾക്കനുബന്ധിയായ ഫാന്റസികൾ സ്ത്രീശരീരങ്ങൾ വഴി ദൃശ്യ- നൃത്ത- ഇറോട്ടിക് സുഖത്തിനായി എങ്ങനെ ഹെറ്ററോ സെക്ഷ്വൽ ആൺ കഥാപാത്രങ്ങളാൽ അവതരിപ്പിക്കപ്പെടണമെന്ന്​സിനിമാപുരാവൃത്തങ്ങളും ചലച്ചിത്ര സന്ദർഭാഖ്യാനങ്ങളും കഥാപാത്രങ്ങളും നിശ്ചയിക്കുന്നു എന്നതിന്റെ സൈദ്ധാന്തിക വിശദീകരണം ലോറ ലേഖനത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ നോട്ടം (gaze) എന്നതിന്റെ മറ്റൊരു തലമാണ്​ ‘രതിപുഷ്പ’ത്തിൽ ആവിഷ്​കരിക്കുന്നത്. ആണിന്റെ നോട്ടം പേറുന്ന മറ്റൊരു ആണും, തന്നെ നോക്കുന്ന ആണിനെ നാണം നിറഞ്ഞ കണ്ണിനാൽ ശരമെയ്യുന്ന നർത്തകനും തമ്മിലുള്ള ആത്മ സംഭാഷണങ്ങൾ പാട്ടിന്റെ വരികളായി അലതല്ലുന്നു. ഒപ്പം നൃത്തവേദി പകരുന്ന ഹോമോ ഇറോട്ടിസം ക്വിയർ ദൃശ്യവിരുന്നായി മാറുകയും ചെയ്യുന്നു.

ഗാനസന്ദർഭം ഗേ-ഓറിയന്റഡ് ആണെന്ന പരാമർശങ്ങൾ യു ട്യൂബ്​ വീഡിയോക്ക് കീഴെ വന്നപ്പോൾ അതിലെ ചില പ്രതികരണങ്ങൾ തികച്ചും മനുഷ്യവിരുദ്ധമായിരുന്നു. കുണ്ടന്മാരുടെ പാട്ട്, കുണ്ടന്മാർക്ക് അണ്ടിയില്ല തുടങ്ങിയ വെറുപ്പ് വിതറുന്ന മറുപടികൾ

നൃത്ത ഇടം , നൃത്തം ചെയ്യുന്ന ആൾ/ആളുകൾ, നൃത്തം വീക്ഷിക്കുന്ന ആൾ/ആളുകൾ എന്നീ ത്രിമാനത്തിൽ നിരീക്ഷിച്ചാൽ പല തരം നൃത്തവിന്യാസം സിനിമകളിലെ ഐറ്റം - ദർബാർ നൃത്തരംഗങ്ങളിൽ കാണാം. കുറെ ആളുകൾക്കു മുന്നിൽ ഒറ്റയ്ക്ക് നൃത്തം ചെയ്യുന്ന നർത്തകി (ഉദാ: ഉംറാഓ ജാൻ എന്ന സിനിമയിലെ ‘ഇൻ ആംഖോൻ കി മസ്തി കെ'), കൊള്ള/ഗുണ്ടാ സങ്കേതങ്ങളിൽ പരിമിത ആളുകൾക്കുമുന്നിൽ ആടുന്ന പെണ്ണ് (ഷോലേയിലെ ‘മെഹ്ബൂബ മെഹ്ബൂബ', തടവറ എന്ന സിനിമയിലെ 'നീ മായല്ലേ എൻ മഴവില്ലേ' ) എന്നീ ഗാനങ്ങൾ ആൾപരിമിത ഇടങ്ങളിലെ ആനന്ദനൃത്തവേളകളായി കാണാം. കുറെയേറെ ആണുങ്ങൾ ഒത്തുചേരുന്ന ഇടങ്ങളിൾ (മദ്യശാല- ഉല്ലാസകേന്ദ്രങ്ങൾ മുതലായവ) ഹർഷോന്മാദയായ നർത്തകി/നർത്തകികൾ ഹർഷോന്മാദരായി ആടിപ്പാടുന്ന ‘ഇന്നീ തീരം തേടും' (പ്രഭു/1979), ‘ഇത്തിരി ചക്കര നുള്ളി ഒത്തിരി സ്‌നേഹം താ' (സീനിയേഴ്‌സ്/2011), ‘മനോഹരീ' (ബാഹുബലി ദി ബിഗിനിങ്/2015) മുതലായ ഗാനങ്ങളിലെയും ഐറ്റം അംശങ്ങളിൽ നിന്ന് ‘ഐറ്റം' എന്ന വിഭാവന റംസാന്റെ നൃത്തത്തിൽ എത്തിനിൽക്കുമ്പോൾ ആണാധിപത്യ ഇടങ്ങളിലെ ക്വിയർ പ്രതീകമായി ‘രതിപുഷ്പം’ നിർവൃതി പടർത്തുന്നു. സിനിമയിലെ അവിവാഹിതനായ മൈക്കിൾ, മൈക്കിളിന്റെ പുരോഹിതനായ സഹോദരൻ സൈമൺ, പിന്നെ പീറ്റർ എന്നിവർ വ്യത്യസ്ത ആണ്മകളെ പ്രതിനിധീകരിക്കുന്നവരാവുമ്പോൾ എല്ലാ ആണുങ്ങളും നിർബന്ധമായും ഹെറ്ററോ സെക്ഷ്വൽ ആവണമെന്നില്ല എന്ന് പീറ്ററിന്റെ കാമാഭിലാഷം ഗാനപശ്ചാത്തലമായി വരുന്ന ‘രതിപുഷ്പം’ നമ്മെ ഓർമിപ്പിക്കുന്നു.

ഹാപ്പി ടുഗെദർ, ഭീഷ്മപർവം, കോൾ മി ബൈ യുവർ നെയിം. ''ആൺ-സ്വവർഗ-പ്രണയികളുടെ ഉപസംസ്‌കാര സംഭാഷണങ്ങളിലും ചിത്രകലാരംഗത്തും വദനസുരതത്തേയും, ഉദ്ധാരണത്തേയും വ്യംഗ്യമായി സൂചിപ്പിക്കുന്ന പുകവലി ഒരു ഫെറ്റിഷ് പ്രത്യേകത ആയി ഇന്നും നിലനിൽക്കുന്നു.''

മദ്യശാലാ വേദിയിൽ ആൺ സംഘനൃത്തം ഇതിനു മുമ്പും മലയാള സിനിമാഗാനരംഗമായി വന്നിട്ടുണ്ട്, ‘പീലിയേഴും വീശി വാ' (പൂവിന് പുതിയ പൂന്തെന്നൽ​​​​​​​/1986) എന്ന ഗാനത്തിൽ. സ്വവർഗ സാമൂഹിക (ഹോമോ സോഷ്യൽ) ഇടങ്ങളിൽ ഒന്നായ മദ്യശാലയിലെ നൃത്തം എന്ന തരത്തിൽ നൃത്തം മനോഹരമെങ്കിലും ശാസ്ത്രീയേതര ആൺനൃത്തം വരുന്ന ഈ ഗാനം പക്ഷേ ഹോമോ ഇറോട്ടിക് അംശങ്ങൾ പേറുന്നവയല്ല. ഹോമോ സോഷ്യൽ അംശങ്ങൾ തന്നെയാണ് ഹോമോ ഇറോട്ടിക് കലാശാഖയ്ക്കും അനുബന്ധ ഉപസംസ്‌കാര ഇടപെടലുകൾക്കും തുടക്കം കുറിച്ചത്.
പുരാതന ഗ്രീക്ക്- ഈജിപ്ത്യൻ സംസ്‌കാരവശേഷിപ്പുകളിൽ ചിലതായ, കളിമൺ പാത്രങ്ങളിൽ കാണുന്ന സ്വവർഗകേളീ അടയാളങ്ങൾ, മധ്യകാല-നവോത്ഥാനകാലത്തെ സുകുമാരകലാശില്പങ്ങളിലും ചിത്രങ്ങളിലും പ്രമേയമായി വന്നിട്ടുള്ള സ്‌നാനരംഗങ്ങൾ എന്നിവ ചില ഉദാഹരണങ്ങൾ. ആണുങ്ങൾ കുളിക്കുന്ന ഹോമോ ഇറോട്ടിക് ദൃശ്യം ആവേശകരമായ പ്രമേയമാക്കിയ അനേകം ഗേ-ചിത്രകലാകാരൻമാരുണ്ട്. ഇവിടെയും നോട്ടം ആണ് ഹോമോ ഇറോട്ടിക് ഘടകമായി വർത്തിക്കുന്നത്.

‘രതിപുഷ്​പം’ എന്ന ഗാനരംഗത്തിലൊരിടത്ത് റംസാന്റെ യുവമേനി സഹനർത്തകർ പുറകിൽ നിന്നും​ഇരുവശങ്ങളിലും നിന്നും പുൽകുന്ന ഒരു നിമിഷനേര ദൃശ്യമുണ്ട്. തലക്കു ചുറ്റും പ്രകാശ കിരണങ്ങളും വിരിമാറിൽ വിളങ്ങുന്ന അർദ്ധസുതാര്യവസ്ത്രവും മേനിയഴകിൽ ആലിംഗനബദ്ധമാവുന്ന ആൺകരതലങ്ങളും മുഖത്ത് ആദ്യരോമാഞ്ചഭാവവും വിരിയിച്ചു നിൽക്കുന്ന സ്റ്റാറിന്റെ ഈ ദൃശ്യം രതിയുടെ ആത്മീയയോന്മേഷം സാക്ഷാൽക്കരിക്കുന്ന ഒരു ഹോമോ ഇറോട്ടിക് പെയിന്റിംഗിന് സദൃശ്യമാകുന്നു. പാട്ടിന്റെ അവസാനം നൃത്തോർജ്ജവും ഉന്മാദാനന്ദവും കൈക്കുള്ളിൽ നിന്ന്​ പ്രേക്ഷകരിലേക്ക് ചൊരിയുന്ന സ്റ്റാർ എന്ന നർത്തകൻ നൃത്തത്തിന്റെ ക്വിയർ എസ്‌തെറ്റിക്‌സ് അവതരിപ്പിച്ചുതന്നെ ഒരു ഗേ ഐക്കൺ ആയി മാറുന്നു.

ഒരു ആൺ സ്വവർഗാനുരാഗി ആണെങ്കിൽ ഹെറ്ററോ സെക്ഷ്വൽ ആണുങ്ങൾക്കുള്ള എന്തോ മികവ് സ്വവർഗാനുരാഗികൾക്ക് ഇല്ല എന്ന തരത്തിലുള്ള സ്വവർഗഭീതി നിറഞ്ഞ ചിന്ത തന്നെയാണ് സ്വവർഗാനുരാഗികളെ ആത്മപ്രകാശനത്തിൽ നിന്ന്​ സദാ പിന്നോട്ട് വലിക്കുന്നതും.

ആൺ- യുവ ശരീരവടിവിന്റെ വശ്യത അത്രയും പേറി ഫ്‌ളെമിംഗോ പക്ഷികളുടേതു പോലുള്ള ചലനങ്ങളുമായി വേദിയിലുള്ള സ്റ്റാറിനെ കണ്ണും നട്ടിരിക്കുന്ന പീറ്റർ, സിനിമയിലെ ഈ പശ്ചാത്തലത്തിൽ ഒരു നിർമാതാവിന്റെ കഥാപാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു നിർമാതാവ് ഗാനരംഗത്തിൽ നൃത്തം ചെയ്യുന്ന ആളുടെ ഭാവവ്യതിയാനങ്ങൾ നോക്കിയാസ്വദിക്കുന്നത് ഇതിനു മുന്നേ കണ്ടത് അഴകിയ രാവണനിലെ ‘പ്രണയമണിത്തൂവൽ പൊഴിയും പവിഴമഴ' എന്ന ഗാനചിത്രീകരണസ്വഭാവമുള്ള രംഗത്തിലാണ്. നായികയുടെ ആശാഭിലാഷങ്ങൾ വർണിച്ച് മഴയുടെ വിവിധ ഭാവങ്ങളുമായി താരുണ്യരാജ്ഞി ഭാനുപ്രിയ മാറോടു ചേരുമ്പോൾ ഉളവാകുന്ന ഇളനീർ മഴയെ ഓർത്താടുമ്പോൾ ‘രതിപുഷ്പ’ത്തിലെ നർത്തകന്റെ കവിൾ ചുംബനം കേഴുന്നു എന്ന് നിർമാതാവ് കാംക്ഷിക്കുന്നു; ഒപ്പം വിരിമാറിനെ വെണ്ണയാക്കുന്ന സ്പർശം നൽകാമെന്നും ആഗ്രഹിക്കുന്നു. ഗേ ആളുകൾക്കിടയിൽ മിനുസമുള്ള ശരീരം കാത്തുസൂക്ഷിക്കുന്നവർ, മൃദുലമേനിയുള്ള ആണുങ്ങളെ ഇഷ്ടപ്പെടുന്നവർ എന്നിവരൊക്കെ ഇഷ്ടപ്പെടുന്ന ഒരു ഭാഷാ പ്രയോഗമാണ് ‘സ്മൂത്ത് ആസ് ബട്ടർ ' എന്നത്. ആണ്മ എന്നാൽ ശരീരം സദാ പരുക്കൻ (rugged) പ്രകൃതം ആയിരിക്കണം എന്ന തെറ്റായ സാമൂഹിക പരുവപ്പെടുത്തലിനെയും അട്ടിമറിക്കുന്നു നർത്തകന്റെ നെഞ്ചം സ്പർശനത്താൽ വെണ്ണയാക്കാം എന്ന പീറ്ററിന്റെ അഭിവാഞ്ച.

ഗാനചിത്രീകരണ രംഗത്ത് ആസനസ്ഥനായ പീറ്റർ പരുക്കൻ മട്ടിൽ ചിത്രീകരണ രംഗത്തേയ്ക്ക് വരുന്നതുമുതൽ ഒടുക്കം വരെ സിഗരറ്റ് വലിക്കുന്നുണ്ട്. ആൺ-സ്വവർഗ- പ്രണയികളുടെ ഉപസംസ്‌കാര (subculture) സംഭാഷണങ്ങളിലും ചിത്രകലാരംഗത്തും സിഗരറ്റ് വലിക്കുന്നത് ഒരു ഫെറ്റിഷ് പ്രത്യേകതയായി ഇന്നും നിലനിൽക്കുന്നു. വദനസുരതത്തേയും, ഉദ്ധാരണത്തേയും വ്യംഗ്യമായി സൂചിപ്പിക്കുന്ന പുകവലിയുമായിരിക്കുന്ന പീറ്റർ ഇടയ്ക്ക് വേദിയിലേക്ക് കയറി ഒരു പ്രത്യേക നൃത്തചുവട്​ കാണിച്ചു കൊടുക്കുന്നത് സിനിമയുടെ തന്നെ മുഖ്യആകർഷണമായി മാറിയിരുന്നു. പൊതുവേ നൃത്തരംഗങ്ങളിൽ വരുന്ന ചലനങ്ങളുടെ സംവിധാനം, നായകന്റെ ശരീരഭാഷ എന്നിവ ആണാധികാരം പുലർത്തുന്ന ആൺ- ശരീരം നിർബന്ധമായും പുലർത്തേണ്ട മേൽക്കോയ്മാസ്വഭാവം (Dominant nature) പേറുന്നവയായി വർത്തിക്കാറുണ്ട്. ഈ അധികാര-മനോഗതത്തിനും ഒരു ക്വിയർവൽക്കരണം പീറ്റർ നിർദ്ദേശിക്കുന്നു ഗാനരംഗത്തിൽ. ചന്തി തഴുകി തുടലിലേക്ക് കൈ ഇറക്കി തിരിച്ച്​ ഇടുപ്പ് വരെ തലോടി വരുന്ന നൃത്തചുവട്​ പകരുന്ന ദൃശ്യ- ഇറോട്ടിസം സവിശേഷം തന്നെ.

ആണിന്റെ നോട്ടം പേറുന്ന മറ്റൊരു ആണും, തന്നെ നോക്കുന്ന ആണിനെ നാണം നിറഞ്ഞ കണ്ണിനാൽ ശരമെയ്യുന്ന നർത്തകനും തമ്മിലുള്ള ആത്മ സംഭാഷണങ്ങൾ പാട്ടിന്റെ വരികളായി അലതല്ലുന്നു. ഒപ്പം നൃത്തവേദി പകരുന്ന ഹോമോ ഇറോട്ടിസം ക്വിയർ ദൃശ്യവിരുന്നായി മാറുകയും ചെയ്യുന്നു.

ആൺശരീരത്തിനും വിധേയത്വ രീതിയാവാം എന്ന സൂചന നൽകുന്ന നൃത്തച്ചുവട് ഒരു വശീകരണമുദ്രയെന്നോണവും ഒരു പക്ഷേ നോക്കിക്കാണാനാവും സ്വവർഗാനുരാഗികളായ ആണുങ്ങൾക്ക്. എന്നാൽ ഇവിടെയും സമ്മതം-സാന്ത്വനം (Consent - Comfort) വളരെ പ്രധാനമാണ്. ഗാനത്തിൽ സൂചിപ്പിച്ചിരിക്കുന്ന ‘നിൻ ദാനമായി കാത്തു നിന്നു നെഞ്ചം' എന്ന വരി കൺസെൻറ്​ പ്രതീക്ഷിച്ചു പ്രണയ-കാമാഭിവാഞ്ഛ പുലർത്തുന്ന ആണിനെ വർണിക്കുന്നതാണ്.

മലയാളിയുടെ സ്വവർഗ ഭീതി

പീറ്റർ നിർദ്ദേശിച്ച ചന്തി ചലിപ്പിച്ചുള്ള നൃത്തച്ചുവട് തിയേറ്റലിരുന്ന്​ കണ്ട്​ചിരിച്ചതിന്റെ സ്മരണ കമന്റുകളായി യൂട്യൂബിലുള്ള ഗാനദൃശ്യത്തിന്റെ ചുവട്ടിൽ പലരും എഴുതിയിരിക്കുന്നത് കാണാം. കൂട്ടത്തിൽ തികച്ചും സ്വവർഗ വിദ്വേഷം (ഹോമോഫോബിയ) നിറഞ്ഞ ചില പരാമർശങ്ങളും കണ്ടു. ‘കുണ്ടന്മാർക്ക് അണ്ടിയില്ല’ മുതലായവ. ഒരു ആൺ സ്വവർഗാനുരാഗി ആണെങ്കിൽ ഹെറ്ററോ സെക്ഷ്വൽ ആണുങ്ങൾക്കുള്ള എന്തോ മികവ് സ്വവർഗാനുരാഗികൾക്ക് ഇല്ല എന്ന തരത്തിലുള്ള ഇത്തരം സ്വവർഗഭീതി നിറഞ്ഞ ചിന്ത തന്നെയാണ് സ്വവർഗാനുരാഗികളെ ആത്മപ്രകാശനത്തിൽ (കമിങ് ഔട്ട് ) നിന്ന്​ സദാ പിന്നോട്ട് വലിക്കുന്നതും. ഹെറ്ററോ സെക്ഷ്വൽപരമല്ലാത്ത ലൈംഗിക ചായ്​വുള്ള ആളുകൾക്ക് തങ്ങളുടെ ലൈംഗികതയുടെ പ്രകാശനമെന്നോണമോ പ്രണയപ്രോത്സാഹനമെന്നോണമോ അപൂർവമായി ലഭിക്കുന്ന ഇത്തരം ദൃശ്യസന്ദർഭങ്ങളെ പക്ഷേ സ്വവർഗഭീതി നിറഞ്ഞ ചില മലയാളി ഇടങ്ങൾ അരിശത്തോടെയാണ് സമീപിച്ചിട്ടുള്ളത്.

ഗാനസന്ദർഭം ഗേ-ഓറിയന്റഡ് ആണെന്ന പരാമർശങ്ങൾ യു ട്യൂബ്​ വീഡിയോക്ക് കീഴെ വന്നപ്പോൾ അതിലെ ചില പ്രതികരണങ്ങൾ തികച്ചും മനുഷ്യവിരുദ്ധമായിരുന്നു. കുണ്ടന്മാരുടെ പാട്ട്, കുണ്ടന്മാർക്ക് അണ്ടിയില്ല തുടങ്ങിയ വെറുപ്പ് വിതറുന്ന മറുപടികൾ. സിനിമയിലെ കഥാപാത്രങ്ങളുടെ ജീവിത-സ്വഭാവ-തൊഴിൽ പശ്ചാത്തലങ്ങൾ ചൂണ്ടിക്കാണിച്ച് സിനിമ ക്രിസ്തീയ-വിരുദ്ധമെന്ന പ്രസ്താവന കേരള കത്തോലിക്ക ബിഷപ്പ് കൗൺസിൽ ഇറക്കിയത് വാർത്തയായിരുന്നു. ആ പ്രസ്താവനയിൽ സിനിമയിൽ സ്വവർഗപ്രേമം പുലർത്തുന്ന കഥാപാത്രമുള്ളതും ക്രിസ്തീയ വിരുദ്ധമെന്ന തരത്തിൽ പരാമർശമുണ്ടായിരുന്നു. സ്വവർഗാനുരാഗികളോടുള്ള ക്രിസ്തീയ സഭകളുടെ മനോഭാവം പ്രകടമാവുന്ന ഇത്തരം സന്ദർഭങ്ങൾ കാണുമ്പോൾ സ്റ്റാറും, പത്തു സഹനർത്തകരും, പിന്നെ പീറ്ററും ഒത്തൊരുമിക്കുന്ന നൃത്തവേദിയിൽ നിന്ന് ഭാഷാ- ദൃശ്യ- ശ്രവണസുഖങ്ങളുടെ അന്ത്യത്താഴാനന്ദമാണ് എനിക്ക് ലഭിക്കുന്നത് എന്നുമാത്രം സ്വാഭിമാനത്തോടെ പ്രതികരിക്കാൻ ആഗ്രഹിക്കുന്നു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ജിജോ ലിയോ കുരിയാക്കോസ്

ചിത്രകാരൻ, ഫോട്ടോഗ്രാഫർ. ഒരു ദശകത്തിലേറെയായി സ്വവർഗ ലൈംഗികതയുമായി ബന്ധപ്പെട്ട് മാനസികാരോഗ്യം, ഭാഷ, സാഹിത്യ-സാംസ്‌കാരിക മേഖലകളിൽ ഇടപെടൽ നടത്തിവരുന്നു. സ്വവർഗാനുരാഗം, സിനിമ-കലാചരിത്രം- നിയമനിർമാണം എന്നീ വിഷയങ്ങളിൽ എഴുത്തുകളും ഡോക്യുമെന്ററികളും ചെയ്തിട്ടുണ്ട്‌.

Comments