വി. അബ്ദുൽ ലത്തീഫ്

കാമ്പസുകളിലെ ലൈംഗികാതിക്രമം:

തൊഴിൽ സ്​ഥലത്ത്​ സ്​ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയുന്ന നിയമം നിലവിൽവന്ന്​ ഇത്ര വർഷം കഴിഞ്ഞിട്ടും, അതിലെ ചട്ടങ്ങൾ സംബന്ധിച്ച ശരിയായ അവബോധവും സംവിധാനങ്ങളും നമ്മുടെ കാമ്പസുകളിൽ രൂപപ്പെട്ടിട്ടില്ല എന്നത് വിചിത്രമായി തോന്നുന്നു. ഒരുഭാഗത്ത് കൃത്യമായ പിന്തുണാസംവിധാനങ്ങളുടെ അഭാവത്തിൽ പരാതികൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുമ്പോൾ മറുവശത്ത് ചട്ടങ്ങൾ യാഥാവിധി മനസ്സിലാക്കാതെ നടത്തുന്ന നീതിപാലനം ചട്ടങ്ങളുടെ അന്തസ്സത്തയെ ചോദ്യം ചെയ്യുംവിധം പ്രതികാര നടപടികൾക്കുള്ള ഉപകരണമായി മാറുന്നു.

പടിക്കുപുറത്താണ്​, ഇപ്പോഴും നീതി

2012ൽ ലോക്‌സഭയും 2013ൽ രാജ്യസഭയും പാസാക്കി നിയമമായതാണ്, തൊഴിൽ സ്​ഥലത്ത്​ സ്​ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയുന്ന നിയമം (The Sexual Harassment of Women at Workplace - Prevention, Prohibition and Redressal Act). 1997 ആഗസ്റ്റ് മൂന്നിന് പുറത്തിറങ്ങിയ സുപ്രീംകോടതി വിധിയാണ്​ ഈ നിയമത്തിനാധാരം. ന്യായാധിപന്മാരായ ബി.എൻ. ക്രിപാൽ, സുജാത വി. മനോഹർ എന്നിവർക്കു പുറമെ, അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ്. വർമ കൂടി അംഗമായ ബഞ്ചാണ് തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട നിർണായക ചട്ടങ്ങൾ രൂപപ്പെടുത്താൻ സഹായകരമായ വിധി പുറപ്പെടുവിച്ചത്. ആർട്ടിക്കിൾ 14, 19, 21 എന്നിവയുടെ അടിസ്ഥാനത്തിൽ പുറത്തുവന്ന ഈ നിർദ്ദേശങ്ങൾ വിശാഖ നിർദ്ദേശങ്ങൾ എന്ന പേരിൽ അറിയപ്പെട്ടു. 2013 ലെ നിയമത്തോടെ ഇത് ഭരണഘടനാപരമായി ക്രമീകരിക്കപ്പെട്ടു. നിയമമായി ഇത്രയും വർഷം കഴിഞ്ഞിട്ടും ചട്ടങ്ങൾ സംബന്ധിച്ച ശരിയായ അവബോധവും സംവിധാനങ്ങളും നമ്മുടെ കാമ്പസുകളിൽ രൂപപ്പെട്ടിട്ടില്ല എന്നത് വിചിത്രമായി തോന്നുന്നു. ഒരുഭാഗത്ത് കൃത്യമായ പിന്തുണാസംവിധാനങ്ങളുടെ അഭാവത്തിൽ പരാതികൾ റിപ്പോർട്ടു ചെയ്യപ്പെടാതെ പോകുമ്പോൾ മറുവശത്ത് ചട്ടങ്ങൾ യാഥാവിധി മനസ്സിലാക്കാതെ നടത്തുന്ന നീതിപാലനം ചട്ടങ്ങളുടെ അന്തസ്സത്തയെ ചോദ്യം ചെയ്യുംവിധം പ്രതികാര നടപടികൾക്കുള്ള ഉപകരണമായി മാറുന്നു.

ബി.എൻ. ക്രിപാൽ, സുജാത വി. മനോഹർ, ചീഫ് ജസ്റ്റിസ് ജെ.എസ്. വർമ
ബി.എൻ. ക്രിപാൽ, സുജാത വി. മനോഹർ, ചീഫ് ജസ്റ്റിസ് ജെ.എസ്. വർമ

ഭൻവാരി ദേവി കേസ്​

1992 സെപ്തംബർ 22-നാണ് ഭർത്താവിനൊപ്പം ജോലിക്കുപോയ ഭൻവാരി ദേവി എന്ന കുംഭാർ വിഭാഗത്തിൽ പെടുന്ന രാജസ്ഥാനി വനിത ഗ്രാമമുഖ്യനടക്കം അടങ്ങുന്ന മേൽജാതിക്കാരായ ഗുൻജാർ വിഭാഗത്തിൽപ്പെട്ട പുരുഷന്മാരാൽ കൂട്ട ലൈംഗികാക്രമണത്തിനിരയാകുന്നത്. തലസ്ഥാനമായ ജയ്​പൂരിൽനിന്ന് 55 കിലോമീറ്റർ അകലെയുള്ള ഭട്ടേരിയിലാണ് ഈ സംഭവം നടന്നത്. വനിതാ ശിശുക്ഷേമ വികസനപരിപാടികളുടെ ഭാഗമായ പ്രവർത്തനങ്ങളിലേർപ്പെട്ട ഭൻവാരി ദേവി ഗുൻജാർ സമുദായത്തിലെ ഒമ്പതുവയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയുടെ വിവാഹം തടഞ്ഞതാണ് മേൽജാതിക്കാരെ പ്രകോപിപ്പിച്ചത്. ​റേപ്പിനിരയായ ഭൻവാരി ദേവി അന്നുതന്നെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും ദീർഘമായ കോടതിവ്യവഹാരങ്ങൾക്കൊടുവിൽ ഹൈക്കോടതി പ്രതികളെ വിചിത്രന്യായം പറഞ്ഞ് വെറുതെ വിടുകയാണുണ്ടായത്. തുടർന്നാണ്, അവർ ‘വിശാഖ’ എന്ന സംഘടനയുടെ സഹായത്തോടെ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യുന്നത്. ആർട്ടിക്കിൾ 14,15,19 (1) (g) എന്നിവയുടെ ലംഘനമുണ്ടായിട്ടുണ്ട് എന്നായിരുന്നു ഹരജിക്കാരുടെ വാദം. തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമം തടയുന്നതിന്​ വിശദമായ ചട്ടങ്ങൾ നിർദ്ദേശിക്കുന്നതിലേക്കാണ് ഈ കേസിന്റെ നാൾവഴി എത്തിച്ചേർന്നത്.

1992 സെപ്തംബർ 22-നാണ് ഭർത്താവിനൊപ്പം ജോലിക്കുപോയ ഭൻവാരി ദേവി എന്ന കുംഭാർ വിഭാഗത്തിൽ പെടുന്ന രാജസ്ഥാനി വനിത ഗ്രാമമുഖ്യനടക്കം അടങ്ങുന്ന മേൽജാതിക്കാരായ ഗുൻജാർ വിഭാഗത്തിൽപ്പെട്ട പുരുഷന്മാരാൽ കൂട്ട ലൈംഗികാക്രമണത്തിനിരയാകുന്നത്.

യു.ജി.സി റഗുലേഷൻ വരുന്നു

സുപ്രീംകോടതിയുടെ വിശാഖാ നിർദ്ദേശങ്ങളുടെ ചുവടുപിടിച്ചുണ്ടായ നിയമമനുസരിച്ച് 10-ൽ കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ ആഭ്യന്തര പരാതി സെല്ലുണ്ടാവുക നിയമപരമായ ബാധ്യതയായ പശ്ചാത്തലത്തിലാണ്, യു.ജി.സി റഗുലേഷൻ- 2015 (University Grants Commission -Prevention, Prohibition and Redressal of Sexual Harassment of Women Employees and Students in Higher Educational Institutions- Regulations) രൂപപ്പെടുന്നത്. 2016 മെയ് 2 നാണ് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം ഇത് അസാധാരണ ഗസറ്റ് വിജ്ഞാപനമായി പുറത്തിറക്കുന്നത്. 2013-ലെ നിയമത്തിന്റെ തുടർച്ചയായുണ്ടായ ഈ റഗുലേഷൻ ഇന്ത്യയിലെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും മാറ്റങ്ങളില്ലാതെ പാലിക്കേണ്ട രേഖയാണ്. ഈ നിയമം അതിന്റെ അന്തസ്സത്തയുൾക്കൊണ്ട് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കപ്പെടുന്നുണ്ടോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്.

ഭൻവാരി ദേവി
ഭൻവാരി ദേവി

എല്ലാ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും സ്ത്രീകൾ, വിദ്യാർത്ഥികൾ എന്നിവർ വാക്ക്, അധികാരം, പ്രവൃത്തി എന്നിവയിലേതെങ്കിലും കൊണ്ട് ലൈംഗികമായി ഉപദ്രവിക്കപ്പെടുന്നത് തടയാനും അഥവാ അത്തരം സംഭവങ്ങളുണ്ടായാൽ അന്വേഷണം നടത്തി പരിഹാര നടപടികൾ/ശിക്ഷാവിധികൾ എന്നിവ നിർദ്ദേശിക്കാനും ഇന്റേണൽ കംപ്ലയിൻറ്​ സെല്ലുകൾ (ഐ. സി. സി.) പ്രവർത്തിക്കേണ്ടതുണ്ട്.

യു.ജി.സി. പുറത്തിറക്കിയ ഈ സ്റ്റാറ്റ്യൂട്ടിന്​ 12 അനുഛേദങ്ങളുണ്ട്. തൊഴിലിടം മുതൽ ലൈംഗികാതിക്രമത്തിന്റെ സ്വഭാവംവരെ സൂക്ഷ്മമായി അപഗ്രഥിക്കുന്ന ഈ രേഖ സവിശേഷരീതിയിലാണ് വദ്യാർത്ഥിയെ നിർവചിച്ചിരിക്കുന്നത്. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിയമപരമായി രജിസ്റ്റർ ചെയ്യപ്പെട്ട ആൺ/പെൺ/ലൈംഗിക ന്യൂനപക്ഷങ്ങൾ എന്നിവരെല്ലാം വിദ്യാർത്ഥികളാണ്. ഇവർക്കെതിരെയുള്ള അതിക്രമങ്ങളും വിവേചനങ്ങളും ചട്ടത്തിന്റെ പരിധിയിൽ വരും. പുരുഷന്മാർ മാത്രമല്ല വിവേചനബുദ്ധ്യാ ‘ലൈംഗികസ്വരത്തിൽ' വിദ്യാർത്ഥികളോട് ഇടപെടുന്ന സ്ത്രീകളും ഇതുവഴി നിയമത്തിന്റെ പരിധിയിൽ വരും.

തൊഴിലിടം മുതൽ ലൈംഗികാതിക്രമത്തിന്റെ സ്വഭാവംവരെ സൂക്ഷ്മമായി അപഗ്രഥിക്കുന്ന ഈ രേഖ സവിശേഷരീതിയിലാണ് വദ്യാർത്ഥിയെ നിർവചിച്ചിരിക്കുന്നത്. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിയമപരമായി രജിസ്റ്റർ ചെയ്യപ്പെട്ട ആൺ/പെൺ/ലൈംഗിക ന്യൂനപക്ഷങ്ങൾ എന്നിവരെല്ലാം വിദ്യാർത്ഥികളാണ്.

എന്താണ് സെക്ഷ്വൽ ഹരാസ്‌മെൻറ്​?

അവഹേളനപരമോ അന്തസ്സിടിക്കുന്നതോ ആയതും, ഭീഷണവും വിദ്വേഷകലുഷിതവുമായ സാഹചര്യമുണ്ടാക്കുന്നതുമായ, ലൈംഗികസ്വരങ്ങളോടുകൂടിയ അനാവശ്യമായ പെരുമാറ്റം:

(i) (a). ശാരീരികമോ വാച്യമോ അവാച്യമോ ആയ ലൈംഗികസ്വഭാവത്തിലുള്ള അസ്വീകാര്യമായ ഇടപെടലുകൾ.
(b). ലൈംഗികാവശ്യങ്ങൾക്ക് ആവശ്യപ്പെടുകയോ അഭ്യർത്ഥിക്കുകയോ ചെയ്യുക.
(c). ലൈംഗികസ്വരത്തിലുള്ള പരാമർശങ്ങൾ നടത്തുക.
(d). ശാരീരികസ്പർശമോ അതിനുള്ള ശ്രമമോ
(e). അശ്ലീലസാഹിത്യ/ചിത്രപ്രദർശനം

കൂടാതെ (ii):
(a). ലൈംഗികാവശ്യങ്ങൾക്കു പകരമായി വാഗ്ദാനങ്ങളോ പരിഗണനകളോ നൽകുക.
b). ഇക്കാര്യത്തിന്​ തൊഴിൽ സംബന്ധമായ ഭീഷണികൾ, സമ്മർദ്ദങ്ങൾ എന്നിവ.
c). നിലവിലുള്ളതോ ഭാവിയിൽ ലഭ്യമാകുന്നതോ ആയ ഔദ്യോഗിക പദവികൾ സംബന്ധിച്ച ഭീഷണികൾ.
d). ആരോഗ്യം, അന്തസ്സ്, ശാരീരികാവസ്ഥ എന്നിവയെ ബാധിക്കാൻ സാധ്യതയുള്ള അപമാനകരമായ പെരുമാറ്റം.

ഐ.സി.സി.യുടെ ഘടനയും പ്രവർത്തനവും

വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും മേൽ നടപടിയെടുക്കാൻ അധികാരമുള്ള സ്ഥാപനമേലധികാരി/കൾ ആണ് ഐ.സി.സി സ്​ഥാപിക്കേണ്ടതും അതിന് പ്രവർത്തിക്കാനാവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കേണ്ടതും. മൂന്നു വർഷമാണ് ഐ.സി.സിയുടെ കാലാവധി. ഇതിലെ മൂന്നിലൊന്ന് അംഗങ്ങളെ വർഷംതോറും മാറ്റാം.
ഐ.സി.സി.യുടെ ചെയർ വനിതയായിരിക്കണം. ഇവർ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ പോലെ ഉയർന്ന തസ്തികകളിലുള്ളവരായിരിക്കണം. (സ്ഥാപനത്തിൽ ഈ തസ്തികകളിൽപ്പെട്ട ആളില്ലെങ്കിൽ മറ്റു സ്ഥാപനങ്ങളിൽനിന്ന് സമാന തസ്തികയിലും സ്ഥാപനത്തിലുമുള്ളവരെ കൊണ്ടുവരാം.) രണ്ട് ഫാക്കൽറ്റി അംഗങ്ങൾ, രണ്ട് അനധ്യാപക അംഗങ്ങൾ (ഇവർ സോഷ്യൽ വർക്ക്, നിയമപരിചയം ഉള്ളവരാകുന്നത് അഭികാമ്യം) എന്നിവരും വിദ്യാർത്ഥികൾ ഉൾപ്പെട്ട പരാതികൾ കേൾക്കുമ്പോൾ മൂന്ന് വിദ്യാർത്ഥി പ്രതിനിനിധികളും വേണം. ഏതെങ്കിലും നോൺ ഗവൺമെന്റൽ ഓർഗനൈസേഷന്റെ പ്രതിനിധികൂടി ഐ.സി.സിയിൽ വേണ്ടതാണ്. ഇവർ ഇത്തരം കേസുകളുമായി ബന്ധപ്പെടുന്നവരാകുന്നത് അഭികാമ്യം. ഇവർക്ക് സ്ഥാപനം ഹോണറേറിയം (honorarium) നൽകണം.

വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും മേൽ നടപടിയെടുക്കാൻ അധികാരമുള്ള സ്ഥാപനമേലധികാരി/കൾ ആണ് ഐ.സി.സി സ്​ഥാപിക്കേണ്ടതും അതിന് പ്രവർത്തിക്കാനാവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കേണ്ടതും.

അനുഛേദം 5 ഐ.സി.സി. യുടെ ചുമതലകൾ വിശദീകരിക്കുന്നു.
a. പോലീസിൽ പരാതിപ്പെടാൻ ഇരയാക്കപ്പെട്ടവരെ സഹായിക്കണം.
b. പരാതിക്കാരുടെ അവകാശം ഹനിക്കാതെ ന്യായമായ അനുരഞ്ജനത്തിലൂടെ പ്രശ്‌നങ്ങൾ മുൻകൂട്ടി കാണുന്നതിനും പരിഹരിക്കുന്നതിനുമുള്ള തർക്കപരിഹാരത്തിന്റെയും സംഭാഷണത്തിന്റെയും സംവിധാനങ്ങൾ നൽകുക. കൂടുതൽ നീരസത്തിനും അന്യവൽക്കരണത്തിനും അക്രമത്തിനും കാരണമാകുന്ന ശിക്ഷാർഹമായ സമീപനങ്ങളുടെ ആവശ്യകത കുറയ്ക്കുക.
c. പരാതിക്കാർ, സാക്ഷികൾ, എന്നിവരുടെ വിവരങ്ങൾ രഹസ്യമാക്കി വെക്കുക, ആവശ്യമെങ്കിൽ പരാതിക്കാരെയോ എതിർകക്ഷികളെയോ പരാതിക്കാരുടെ സുരക്ഷ മാനിച്ച് അന്വേഷണകാലത്തു തന്നെ സ്ഥലം മാറ്റുക.
d. പരാതിക്കാരും സാക്ഷികളും വിവേചനങ്ങൾക്കോ കുറ്റപ്പെടുത്തലുകൾക്കോ ഇരയാവാതെ നോക്കുക.

അനുഛേദം 6, 7 എന്നിവ അന്വേഷണക്രമം വിശദീകരിക്കുന്നു:
പരാതിക്കാസ്പദമായ സംഭവമുണ്ടായി മൂന്നു മാസത്തിനുള്ളിൽ ഐ.സി.സിയ്ക്ക് പരാതി സമർപ്പിക്കാം. ലൈംഗികാതിക്രമത്തിനു വിധേയരായവരുടെ സുഹൃത്തുക്കൾക്കോ സൈക്കോളജിസ്റ്റിനോ പരാതിയുമായി മുന്നോട്ടു പോകാം. പരാതി എഴുതി വാങ്ങുന്നതിനുള്ള സംവിധാനം ഐ.സി.സി ഉണ്ടാക്കേണ്ടതാണ്.

  2016ൽ റിലീസ് ചെയ്ത 'പിങ്ക്' എന്ന ഹിന്ദി സിനിമയിൽ നിന്ന്.
2016ൽ റിലീസ് ചെയ്ത 'പിങ്ക്' എന്ന ഹിന്ദി സിനിമയിൽ നിന്ന്.

പരാതി കിട്ടിക്കഴിഞ്ഞാൽ:
1) ഏഴുദിവസത്തിനകം എതിർകക്ഷിക്ക് പരാതിയുടെ കോപ്പി സഹിതം നോട്ടീസ് കൊടുക്കണം.
2) നോട്ടീസ് കൈപ്പറ്റി 10 ദിവസത്തിനകം സാക്ഷികൾ, തെളിവുകൾ എന്നിവ സഹിതം എതിർകക്ഷിക്ക് മറുപടി സമർപ്പിക്കാം.
3) പരാതിക്കാരും എതിർകക്ഷിയും ഹാജരാക്കിയ തെളിവുകൾ, സാക്ഷികൾ എന്നിവ പരിശോധിച്ച് ആവശ്യമായ മറ്റ് അന്വേഷണങ്ങളും നടത്തി മൂന്നു മാസത്തിനകം ഐ.സി.സി അന്വേഷണനടപടികൾ അവസാനിപ്പിക്കണം.
4) അന്വേഷണം കഴിഞ്ഞ് പത്തു ദിവസത്തിനകം റിപ്പോർട്ടും നിർദ്ദേശങ്ങളുണ്ടെങ്കിൽ അതും ഐ.സി.സി. തയ്യാറാക്കണം.
5) റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാർ, എതിർകക്ഷി, ഹയർ അതോറിറ്റി എന്നിവർക്ക് കൊടുക്കേണ്ടതുണ്ട്.
6) ഈ റിപ്പോർട്ടിന്മേൽ ഇരുകക്ഷികൾക്കും അപ്പീലിന് അപേക്ഷിക്കാം. ഒരു മാസത്തിനുള്ളിൽ അപ്പീൽ സമർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ ഹയർ അതോറിറ്റിക്ക് നടപടികളിലേക്ക് കടക്കാം.
7) നടപടിയില്ലെങ്കിൽ കാരണം രേഖാമൂലം കക്ഷികളെ അറിയിക്കണം.
8) നടപടിയുണ്ടെങ്കിൽ പത്തു ദിവസത്തിനകം മറുപടിയാവശ്യപ്പെട്ട് കുറ്റാരോപിതന് കാരണം കാണിക്കൽ നോട്ടീസ് നൽകണം, മറുപടി തൃപ്തികരമല്ലെങ്കിൽ നടപടികളിലേക്ക് കടക്കാം.
8) ഐ.സി.സി റിപ്പോർട്ടിനുശേഷം ബന്ധപ്പെട്ടവർക്ക് അനുരഞ്ജനത്തിന് ശ്രമിക്കാം. അങ്ങനെയൊരപേക്ഷ കിട്ടിയാൽ ഐ.സി.സിയ്ക്കു കൈമാറണം. ഐ.സി.സി തന്നെ അതിൽ നടപടിയെടുത്ത് റിപ്പോർട്ട് നൽകണം. പണം കൊടുത്തുള്ള അനുരഞ്ജനം സ്വീകര്യമല്ല.

അനുഛേദം 10 കുറ്റക്കാരായി കണ്ടെത്തിയവർക്കുള്ള ശിക്ഷ നിർദ്ദേശിക്കുന്നു. ജീവനക്കാരോ അധ്യാപകരോ ആണ് പ്രതികളെങ്കിൽ അവരെ സർവ്വീസ് ചട്ടങ്ങളനുസരിച്ച് ശിക്ഷിക്കണം. വിദ്യാർത്ഥികൾക്കുള്ള നടപടികളും നിർദ്ദേശിക്കുന്നുണ്ട്. മാനസിക- ശാരീരിക ബുദ്ധിമുട്ടുകൾക്ക് സാമ്പത്തിക നഷ്ടപരിഹാരത്തിനും പരാതിക്കാർക്ക് അവകാശമുണ്ട്.

വിദ്യാർത്ഥികളെയും വനിതാജീവനക്കാരെയും ഐ.സി.സി ചട്ടപ്രകാരമുള്ള ലൈംഗികാക്രമണങ്ങളെക്കുറിച്ച് ബോധവൽക്കരിക്കേണ്ടതും അത്തരം സംഭവങ്ങളുണ്ടായാൽ പരാതിപ്പെടാൻ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കേണ്ടതും ഐ.സി.സിയുടെ ഉത്തരവാദിത്വമാണ്.

അനുഛേദം 11 ശ്രദ്ധേയമാണ്. ഇത് റഗുലേഷന്റെ ദുരുപയോഗം തടയുന്നതിനുള്ള വകുപ്പുകൾ നിർദ്ദേശിക്കുന്നു. തെറ്റായതോ വ്യക്തിവിദ്വേഷം തീർക്കാൻ കെട്ടിച്ചമച്ചതോ ആയ പരാതികളിലും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ സമർപ്പിക്കപ്പെടുന്ന സാഹചര്യത്തിലും പരാതിക്കാർക്ക് സർവീസ് ചട്ടപ്രകാരമുള്ള ശിക്ഷ ശുപാർശ ചെയ്യുന്ന വകുപ്പാണിത്.
അനുഛേദം 12 റഗുലേഷൻ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടികൾ വ്യവസ്ഥ ചെയ്യുന്നു.

വിദ്യാർത്ഥികൾ, അധ്യാപകർ, സ്ഥാപനമേലധികാരികൾ, അധ്യാപക- വിദ്യാർത്ഥി സംഘടനകൾ, അനധ്യാപക സംഘടനകൾ എന്നിവർ ഈ രേഖ വിശദമായി പഠിക്കേണ്ടതുണ്ട്. വിദ്യാർത്ഥികളെയും വനിതാജീവനക്കാരെയും ഐ.സി.സി ചട്ടപ്രകാരമുള്ള ലൈംഗികാക്രമണങ്ങളെക്കുറിച്ച് ബോധവൽക്കരിക്കേണ്ടതും അത്തരം സംഭവങ്ങളുണ്ടായാൽ പരാതിപ്പെടാൻ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കേണ്ടതും ഐ.സി.സിയുടെ ഉത്തരവാദിത്വമാണ്. ഇക്കാര്യത്തിലുള്ള നിയമപരമായ അറിവില്ലായ്മ, അധികാരികളോടുള്ള ഭയം, ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ, മാനസികമായി അനുഭവിക്കുന്ന ട്രോമ എന്നിവയെല്ലാം പരിഗണിച്ച് വേണ്ട സഹായം ചെയ്യേണ്ടത് ഐ.സി.സിയുടെ ഉത്തരവാദിത്വമാണ്.

/ Photo: ICCGSC Hansraj College FB Page
/ Photo: ICCGSC Hansraj College FB Page

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെയും വനിതാജീവനക്കാരെയും ലൈംഗികാതിക്രമങ്ങളിൽനിന്ന്​ തടയുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഈ ചട്ടങ്ങൾ അനവധാനതയോടെ കൈകാര്യം ചെയ്യുന്നതുകൊണ്ട് പലപ്പോഴും പ്രതികൾ കോടതിയിൽ പോയി രക്ഷപ്പെടാറുണ്ട്. ചട്ടപ്രകാരം നോട്ടീസ് കൊടുക്കാതിരിക്കുക, കക്ഷികൾ ആവശ്യപ്പെടും വിധം സാക്ഷികളെ വിസ്തരിക്കാതിരിക്കുക, ഹാജരാക്കുന്ന തെളിവുകൾ പരിഗണിക്കാതിരിക്കുക, വിവിധ ഘട്ടങ്ങളിൽ ഐ.സി.സി തയ്യാറാക്കുന്ന റിപ്പോർട്ടുകളുടെ പകർപ്പ് കക്ഷികളെ അറിയിക്കാതിരിക്കുക, അപ്പീലിനുള്ള സമയം, ഷോ കോസ് നോട്ടീസ്, അതിനു മറുപടി നൽകാനുള്ള സമയം, അനുരഞ്ജനശ്രമങ്ങൾക്കുള്ള അവസരം എന്നിവ നിഷേധിച്ചാൽ കോടതിയ്ക്കു മുന്നിൽ പ്രതികൾ രക്ഷപ്പെട്ടേക്കാം. ഇക്കാര്യത്തിൽ ഐ.സി.സികളും അധികാരികളും പലപ്പോഴും ജാഗ്രത പുലർത്താറില്ല.

ഈ ചട്ടങ്ങൾ സൂക്ഷിച്ചു പരിശോധിച്ചാൽ അത് വിദ്യാർത്ഥികളെയും വനിതാജീവനക്കാരെയും സംരക്ഷിക്കാനുള്ള നിയമമാണ്. അതോടൊപ്പം അത് പ്രതിയാക്കപ്പെടുന്നവർക്ക് ന്യായമായി ലഭിക്കേണ്ട വിചാരണ, അപ്പീൽ എന്നിവയ്ക്കും തുറന്ന അവസരം നൽകുന്നു. വിചാരണക്കാലയളവിലും റിപ്പോർട്ട് സമർപ്പിക്കപ്പെട്ട ശേഷവും അനുരഞ്ജനശ്രമങ്ങൾക്ക് അവസരം നൽകുക വഴി പ്രശ്‌നങ്ങൾ തീർത്ത് ആരോഗ്യകരമായ ഒരു കാമ്പസന്തരീക്ഷത്തിനുള്ള വഴികളും അത് തുറന്നിടുന്നുണ്ട്. കുറ്റക്കാരെ നിയമാനുസൃതം ശിക്ഷിക്കുന്നതോടൊപ്പം കൂടുതൽ പ്രശ്‌നങ്ങളിലേക്കു പോകാതെ, പരാതിക്കാരുടെ അന്തസ്സിനെയും അവകാശത്തെയും ഹനിക്കാതെയുള്ള രമ്യമായ തീർപ്പുകളും റഗുലേഷൻ മുന്നോട്ടുവെക്കുന്നുണ്ട്. സെക്ഷ്വൽ ഹരാസ്‌മെന്റിന്റെ നിർവചനം വളരെ സൂക്ഷ്മമായതിനാൽ ചിലപ്പോഴെങ്കിലും ദുർവ്യാഖ്യാനങ്ങൾക്കും തെറ്റിദ്ധാരണകൾക്കും പഴുതുള്ളതാണ്. അതുകൂടി മുന്നിൽ കണ്ടുകൊണ്ടാവണം പരാതിക്കാരുടെ അന്തസ്സും അവകാശങ്ങളും ഹനിക്കാത്ത അനുരഞ്ജനത്തെക്കുറിച്ച് റഗുലേഷൻ ഒന്നിലേറെ തവണ സൂചിപ്പിക്കുന്നത്.

നീതി വൈകിയ്ക്കുന്നതു പോലെ അനഭിലഷണീയമാണ് കുറ്റാരോപിതന്​ ​അർഹമായ വിചാരണ നിഷേധിക്കുന്നതും. ബാഹ്യപ്രേരണകൾക്കു വശംവദരായി ഐ.സി.സിയോ ഉന്നതാധികാരികളോ പൊടുന്നനെ തീർപ്പിലെത്തുന്നത് ഐ.സി.സിയുടെ ചട്ടങ്ങൾക്കും സർവ്വീസ് ചട്ടങ്ങൾക്കും എതിരാണ്.

നിരപരാധികൾ ശിക്ഷിക്കപ്പെടരുത് എന്ന തത്ത്വവും കൂടിയാണ് ഇവിടെ പ്രവർത്തിക്കുന്നത്. വിദ്യാർത്ഥി എന്ന ടേം ജെന്റർ ന്യൂട്രലായി നിർവ്വചിച്ചതും ഈ റഗുലേഷന്റെ സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
അപൂർവ്വമായെങ്കിലും ഈ നിയമം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത മുന്നിൽക്കണ്ട് അത്തരം സാഹചര്യങ്ങളിൽ ശക്തമായ നടപടികൾക്കും ചട്ടം ശുപാർശ ചെയ്യുന്നു. ഐ.സി.സിയ്ക്കു മുന്നിലെത്തുന്ന ഒരു പരാതി തീർപ്പാവാൻ ഒന്നര മാസം മുതൽ നാലര മാസം വരെ സമയമെടുക്കും, ചിലപ്പോൾ അതിലധികവും. റിപ്പോർട്ട് ലഭ്യമായാൽ അപ്പീലിനുവേണ്ടി ഒരു മാസം കാത്തിരിക്കണം. വിവിധ ഘട്ടങ്ങളിൽ മറുപടിയ്ക്കായി 20 ദിവസം മാറ്റിവെക്കുന്നുണ്ട്. നീതി വൈകിയ്ക്കുന്നതു പോലെ അനഭിലഷണീയമാണ് കുറ്റാരോപിതന്​ ​അർഹമായ വിചാരണ നിഷേധിക്കുന്നതും. ബാഹ്യപ്രേരണകൾക്കു വശംവദരായി ഐ.സി.സിയോ ഉന്നതാധികാരികളോ പൊടുന്നനെ തീർപ്പിലെത്തുന്നത് ഐ.സി.സിയുടെ ചട്ടങ്ങൾക്കും സർവ്വീസ് ചട്ടങ്ങൾക്കും എതിരാണ്.

/ Photo: Wikipedia
/ Photo: Wikipedia

യു.ജി.സി.യുടെ ഐ.സി.സി ചട്ടങ്ങൾ നിലവിൽ വന്ന് ഇത്രയും വർഷം കഴിയുമ്പോൾ എത്ര യൂണിവേഴ്‌സിറ്റികളും കോളേജുകളും റഗുലേഷന്റെ അന്തഃസ്സത്ത തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നുണ്ട് എന്നത് പരിശോധിക്കപ്പെടേണ്ട കാര്യമാണ്. യു.ജി.സി മുന്നോട്ടുവച്ച ചട്ടം ശരിയായി മനസ്സിലാക്കാതെയിരിക്കുക, വനിതകൾക്കും വിദ്യാർഥികൾക്കും ഫ്രീ & ഫെയർ കാമ്പസ് ഒരുക്കുന്നതിനുപകരം ഓവർ പാരന്റിംഗും പൊലീസിംഗും ഏർപ്പെടുത്തുക, ഹോസ്റ്റലുകൾ തടവറകളാക്കുക തുടങ്ങിയ പ്രവണതകൾ കൂടിവരുന്നുണ്ട്. ജെൻഡർ ന്യൂട്രൽ / സെക്ഷ്വൽ ഹരാസ്​മെൻറ്​ ഫ്രീ കാമ്പസുകളുടെ നിർവചനത്തിൽ മതിയായ ലൈറ്റുകളോടുകൂടിയ കാമ്പസ് അന്തരീക്ഷം, വനിതാ ഉദ്യോഗസ്ഥരടക്കം ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥർ, വൃത്തിയും സൗകര്യങ്ങളുമുള്ള ഹോസ്റ്റൽ, ലൈബ്രറി, ക്ലാസ് റൂം സംവിധാനങ്ങൾ എന്നിവ കൂടി ഉൾപ്പെടുന്നതാണ്.

ജാതി, മത, ഭാഷാപരിഗണനകൾ വെച്ചുകൊണ്ടുള്ള വിവേചനങ്ങളെക്കാൾ രൂക്ഷമാണ് പെൺകുട്ടികൾ കാമ്പസിൽ നേരിടുന്ന വിവേചനങ്ങൾ. കുടുംബത്തിൽനിന്നുതന്നെ ആരംഭിക്കുന്നതാണ് ഇത്.

ജാതി, മത, ഭാഷാപരിഗണനകൾ വെച്ചുകൊണ്ടുള്ള വിവേചനങ്ങളെക്കാൾ രൂക്ഷമാണ് പെൺകുട്ടികൾ കാമ്പസിൽ നേരിടുന്ന വിവേചനങ്ങൾ. കുടുംബത്തിൽനിന്നുതന്നെ ആരംഭിക്കുന്നതാണ് ഇത്. കാമ്പസിലും പൊതുസമൂഹത്തിലും എല്ലാം അത് കുട്ടികളെ പിന്തുടരുന്നു. അതിന്റെ തുടർച്ചയായ ഭീകരമായ ഹിംസയാണ് ലൈംഗികാക്രമണങ്ങൾ. ലൈംഗികാതിക്രമങ്ങൾ എന്തൊക്കെയാണെന്നും ലൈംഗികചൂഷണങ്ങളുമായി ബന്ധപ്പെട്ട വിവേചനങ്ങൾ എന്തെന്നും വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും അടങ്ങുന്ന സമൂഹം ഇനിയും വിശദാംശങ്ങളോടെ മനസ്സിലാക്കിയിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള സെക്ഷ്വൽ ഹരാസ് മെന്റിന് വിധേയരാകുന്ന പെൺകുട്ടികൾ / സ്ത്രീകൾ അനുഭവിക്കുന്ന മെന്റൽ ട്രോമയെ കുറിച്ചും പൊതുവേ ധാരണ കുറവാണ്. യു.ജി.സി. റഗുലേഷൻ- 2015 ഇക്കാര്യത്തിൽ വലിയ തോതിൽ അവബോധം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇനിയുമത് മുന്നോട്ടുപോകേണ്ടതുണ്ട്. കാര്യമായ ബോധവൽക്കരണംകൊണ്ടു മാത്രമേ ഇത് സാധ്യമാകൂ.

ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ ‘സീറോ ടോളറൻസ് റ്റു സെക്ഷ്വൽ ഹരാസ്‌മെൻറ്​ പോളിസി’ ഉയർത്തിപ്പിടിക്കുന്നതിന്റെ മറവിൽ ആശയപരമോ വ്യക്തിപരമോ ആയ വിദ്വേഷം തീർക്കാനുള്ള ഉപകരണമെന്ന തരത്തിൽ ഐ.സി.സിചട്ടങ്ങൾ ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കാനും അക്കാദമിക സമൂഹവും കാമ്പസ് ലോകമാകെയും ജാഗ്രത കാണിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ വിദ്യാർത്ഥികളുടെയും വനിതകളുടെയും സുരക്ഷയ്ക്കായി നിലകൊള്ളേണ്ട നിയമം അപകടകരമായ ഉപകരണമായേക്കാം. ഏറ്റവും പ്രധാനം ബന്ധപ്പെട്ട എല്ലാവരും ഈ ചട്ടങ്ങൾ ഒരു വട്ടമെങ്കിലും വായിക്കുക എന്നതാണ്. ശിക്ഷാനിമയങ്ങളെക്കുറിച്ചുള്ള കാലോചിതമായ ധാരണയും ബന്ധപ്പെട്ടവർക്കെല്ലാം ഉണ്ടാകേണ്ടതുണ്ട്.

ശിക്ഷാനിയമങ്ങളെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ നാലുതരം ശിക്ഷാവിധികളെക്കുറിച്ച് പറയുന്നുണ്ട്. പകരംവീട്ടൽപരമായത് (retributive), പ്രതിരോധാത്മകമായത് (deterrent), ദോഷപരിഹാരപരമായത് (reformative) എന്നിവയാണ് അത്. പകരംവീട്ടലാകുന്ന തരത്തിലാവുന്ന തരം ശിക്ഷാവിധികളെ ആധുനിക നിയമസംവിധാനം അംഗീകരിക്കുന്നില്ല. ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കുനേരെ പ്രതിരോധാത്മകമായ നടപടികൾ കൈക്കൊള്ളേണ്ടിവരും. കുറ്റം എന്നത് മിക്കപ്പോഴും സാമൂഹിക സമ്മർദ്ദങ്ങളുടെ ഫലമാണ് എന്നതുകൊണ്ടുതന്നെ കുറ്റത്തെ വെറുക്കുന്നതുപോലെ കുറ്റവാളിയെ വെറുക്കേണ്ടതില്ല എന്ന കാഴ്ചപ്പാട് പ്രധാനമാണ്. തിരുത്തി സാമൂഹിക ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചു ചെല്ലാൻ ഒരാളെ പ്രേരിപ്പിക്കുന്ന വിധത്തിലാവണം ആധുനിക സമൂഹം വിധിക്കുന്ന ശിക്ഷാവിധികൾ. ജയിലുകൾ എന്ന പേരു മാറ്റി കറക്ഷൻ സെന്റർ എന്നാക്കുന്നതിന്റെ പിന്നിലെ യുക്തി ഇതാണ്. തിരുത്താനുള്ള അവസരം ഇല്ലാത്ത ശിക്ഷയായതിനാലാണ് വധശിക്ഷ ഒരു ശിക്ഷയെന്ന തരത്തിൽ ചോദ്യം ചെയ്യപ്പെടുന്നത്. ഐ.സി.സി ചട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴും ഊർജ്ജസ്വലവും സൗഹാർദ്ദപരവുമായ ഒരു കാമ്പസ് ജീവിതത്തിനുള്ള സാധ്യത അത് തേടുന്നുണ്ട് എന്നു കാണാം. ഗൗരവമുള്ള കേസുകളിൽ കടുത്ത ശിക്ഷാനടപടികൾ ശുപാർശ ചെയ്യുമ്പോൾത്തന്നെ അങ്ങനെയല്ലാത്ത കേസുകളിൽ പരാതിപരിഹാരസെല്ലുകളുടെ നേതൃത്വത്തിൽ കാര്യങ്ങൾ ‘സംസാരിച്ചു തീർക്കാനുള്ള' സൂചനകൾകൂടി ഉൾക്കൊള്ളുന്നതാണ് ഈ ചട്ടങ്ങൾ.

പൊതുസമൂഹത്തിൽ സമീപകാലത്ത് രൂപപ്പെട്ട സൈബർ ലിഞ്ചിംഗ് പോലുള്ള പ്രതികാരയുക്തികൾ ആരോഗ്യകരമായ കാമ്പസ് എന്ന ഉന്നതമായ കാഴ്ചപ്പാടിന് വിരുദ്ധമാണ്. വിദ്യാർത്ഥികളും വനിതാജീവനക്കാരും എല്ലാ തരം ലൈംഗികചൂഷണങ്ങളിൽനിന്നും മുക്തരാവേണ്ടത് ആധുനിക ജനാധിപത്യസമൂഹത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത കാര്യമാണ്.

അനുച്ഛേദം 5 (b) ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. പരാതിക്കാരുടെ അവകാശം ഹനിക്കാതെ ന്യായമായ അനുരഞ്ജനത്തിലൂടെ പ്രശ്‌നങ്ങൾ മുൻകൂട്ടി കണ്ട്​പരിഹരിക്കാൻ തർക്കപരിഹാരത്തിന്റെയും സംഭാഷണത്തിന്റെയും സാഹചര്യമൊരുക്കുക, നീരസത്തിനും അന്യവൽക്കരണത്തിനും അക്രമത്തിനും കാരണമാകുന്ന ശിക്ഷാർഹമായ സമീപനങ്ങളുടെ ആവശ്യകത കുറയ്ക്കുക എന്ന് ചട്ടം വ്യക്തമായി പറയുന്നു.

പൊതുസമൂഹത്തിൽ സമീപകാലത്ത് രൂപപ്പെട്ട സൈബർ ലിഞ്ചിംഗ് പോലുള്ള പ്രതികാരയുക്തികൾ ആരോഗ്യകരമായ കാമ്പസ് എന്ന ഉന്നതമായ കാഴ്ചപ്പാടിന് വിരുദ്ധമാണ്. വിദ്യാർത്ഥികളും വനിതാജീവനക്കാരും എല്ലാ തരം ലൈംഗികചൂഷണങ്ങളിൽനിന്നും മുക്തരാവേണ്ടത് ആധുനിക ജനാധിപത്യസമൂഹത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത കാര്യമാണ്. അപ്പോൾത്തന്നെ കുറ്റം, ശിക്ഷ തുടങ്ങിയ കാര്യങ്ങളിൽ നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ടുവന്ന നൂതനാശയങ്ങൾ ബലികഴിക്കപ്പെടാനും പാടില്ല. തിരുത്താനുള്ള അവസരം മുന്നോട്ടുവെക്കാത്ത വിധിതീർപ്പുകളും ശിക്ഷാവിധികളും ഗുണത്തിനുപകരം ദോഷമാണുണ്ടാക്കുക എന്ന കാഴ്ചപ്പാടിൽനിന്നാണ് ആധുനികമായ വിചാരണയും ശിക്ഷാവിധികളുമൊക്കെ രൂപപ്പെട്ടത്.

കൃത്യമായ ബോധവൽക്കരണത്തിലൂടെ കാമ്പസ് സമൂഹത്തിനാകെ ഐ.സി.സി ചട്ടങ്ങളെക്കുറിച്ചുള്ള ധാരണയും അതിനനുസരിച്ചുള്ള ആശയപരവും ഭൗതികവുമായ സംവിധാനങ്ങളും ഒരുക്കണം. അതോടൊപ്പം, പരാതികളിൽ ഏകപക്ഷീയ പ്രതികാര നടപടികൾ ആശാസ്യമല്ല. പ്രാഥമിക കൂടിയാലോചനകൾകൊണ്ട് ശിക്ഷാനടപടികളിലേക്കു പോകാതെ കഴിയുമെങ്കിൽ അത് ഉപയോഗപ്പെടുത്തണം. നടപടി അനിവാര്യമെങ്കിൽ ഇരുപക്ഷത്തിനും സ്വീകാര്യമായ ന്യായമായ വിചാരണ ഉറപ്പുവരുത്തണം. കുറ്റാരോപിതന് വിവിധ ഘട്ടങ്ങളിൽ വിശദീകരണം നൽകാൻ അനുവദിക്കപ്പെട്ട സമയം നൽകണം. നടപടികളുടെ ഓരോ ഘട്ടത്തിലും ബന്ധപ്പെട്ട റിപ്പോർട്ടുകളും രേഖകളും കൈമാറണം. സമ്മർദ്ധങ്ങളിലൂടെ പരാതിക്കാർക്ക് നീതി കിട്ടാതാവുന്നതുപോലെ ആൾക്കൂട്ടയുക്തിയും പ്രതികാരബോധവും കുറ്റാരോപിതന് നീതി നിഷേധിക്കപ്പെടുന്നതിനും ഇടയാക്കിക്കൂടാ.

/ ഫോട്ടോ: മുഹമ്മദ് ഫാസിൽ
/ ഫോട്ടോ: മുഹമ്മദ് ഫാസിൽ

ഐ.സി.സി ചട്ടം 8(8) പരാതിക്കാരുടെയും സാക്ഷികളുടെയും സ്വകാര്യത സൂക്ഷിക്കണമെന്നു പറയുന്ന കൂട്ടത്തിൽ, കുറ്റാരോപിതനും വിചാരണക്കാലയളവിൽ ആ പരിരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ട്. ആൾക്കൂട്ട വിചാരണയും പ്രതികാര നടപടികളും കുറ്റം, ശിക്ഷ തുടങ്ങിയ കാര്യങ്ങളിലുള്ള ആധുനിക നീതിബോധത്തിന് എതിരാണ് എന്നതുകൊണ്ടുമാത്രമല്ല ഇത്. മറിച്ച്, ആരോഗ്യകരമായ ഒരു കാമ്പസിനെ കൂടുതൽ അക്രമങ്ങളിലേക്കും അസ്വാരസ്യങ്ങളിലേക്കും എത്തിക്കുന്ന നടപടികൾക്കു പകരം പ്രശ്‌നപരിഹാരമാണ് വേണ്ടത് എന്ന ഉന്നതബോധവും കൂടിയാണ്. നിർഭാഗ്യവശാൽ കേരളത്തിലെ കാമ്പസുകളിൽനിന്നു വരുന്ന വാർത്തകൾ ഇതിനു വിരുദ്ധമാണ്. ഇത്തരം കേസുകളുടെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതിനു പകരം അന്വേഷണകാലത്ത് ആളുകൾ ആൾക്കൂട്ട യുക്തിയിൽ സമൂഹമാധ്യമങ്ങളിലും ജേണലുകളിലും ബന്ധപ്പെട്ട വ്യക്തികളുടെ സ്വകാര്യത മാനിക്കാതെ ഇടപെടുന്നത് ചട്ടവിരുദ്ധമാണ്.

കാമ്പസിലെത്തുന്ന ഓരോ വിദ്യാർത്ഥിക്കും അധ്യാപകരടക്കമുള്ള ജീവനക്കാർക്കും ഐ.സി.സി ചട്ടങ്ങളനുസരിച്ചുള്ള കൃത്യമായ ഓറിയന്റേഷൻ നൽകണം. വിദ്യാർത്ഥികളും വനിതാ ജീവനക്കാരും ചെറിയ അതിക്രമങ്ങൾപോലും സഹിക്കേണ്ടവരല്ല. കൃത്യസമയത്ത് കൃത്യമായി പരാതിപ്പെടാനുള്ള സന്നദ്ധതയിലേക്ക് കാമ്പസ് സമൂഹത്തെ എത്തിക്കേണ്ടതുണ്ട്. അത് കേൾക്കാനുള്ള സംവിധാനവും എപ്പോഴും ഒരുക്കിവെക്കേണ്ടതുണ്ട്. അതേസമയം, ഈ സംവിധാനങ്ങൾ ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കുന്നതും ചട്ടമുൾക്കൊള്ളുന്ന ഉയർന്ന നീതിബോധത്തിനു വിരുദ്ധമായി ആൾക്കൂട്ടവിചാരണയുടെ പ്രേരണയാൽ പ്രതികാരനടപടിയായി തരംതാഴുന്നതും തടയേണ്ടതുണ്ട്. ▮


വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments