വിജി പെൺകൂട്ട് / Photo : Kamlram Sajeev

ഇഷ്​ടത്തിനനുസരിച്ച്​ വസ്​ത്രം ധരിക്കുന്നുണ്ട്​,
​ഞങ്ങൾ, അസംഘടിത തൊഴിലാളികൾ

പത്തു വർഷത്തിലധികമായി തൊഴിലുറപ്പു പണിയെടുക്കുന്ന സ്ത്രീകൾ ഷർട്ട് ധരിക്കാൻ തുടങ്ങിയിട്ട്. മിക്ക ഇടങ്ങളിലും ക്ലീനിംഗ് ജീവനക്കാർ കോട്ടും പാന്റും ഷൂവുമൊക്കെ ഉപയോഗിക്കുന്നു. ഇതിന്റെ പിന്നിൽ മതനിരാസമോ പുരുഷനെ അനുകരിക്കലോ ഒന്നും അല്ല. സൗകര്യത്തിനനുസരിച്ച് മാറിയതാണ്. ആരും അടിച്ചേല്പിച്ചതല്ല.

നാളെ ഒരുപക്ഷേ, വിദ്യാഭ്യാസമന്ത്രി പോലും ആകാൻ സാധ്യതയുള്ള ഡോ. എം.കെ. മുനീറിന്റെ പ്രസ്താവന സദസ്യരുടെ കൈയടി കിട്ടാൻ വേണ്ടി മാത്രമായിരിക്കും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അല്ലാതെ മുനീറിനെ പോലെ വിദ്യാസമ്പന്നനായ ഒരാൾ ഇങ്ങനെ സംസാരിക്കില്ലല്ലോ. ജെൻഡർ ന്യൂട്രൽ യൂണിഫോം മതനിരാസമാകുന്നതെങ്ങനെയാണ്? പുരോഗമനം എന്നുപറഞ്ഞ് അടിച്ചേല്പിക്കുന്നതത്രയും പുരുഷക്കോയ്മ തന്നെയാണെന്നാണ് മുനീറിന്റെ വാദം. അല്ലെങ്കിൽ ജെൻഡർ ന്യൂട്രലാക്കാൻ ആൺകുട്ടികളെ ചുരിദാറിടുവിച്ചാൽ പോരേ? ഇന്ന് നടക്കുന്ന സാമുഹികചലനങ്ങളത്രയും കണ്ടില്ലെന്ന് നടിച്ച് കണ്ണടച്ച് ഇരുട്ടാക്കാൻ പാടുപെടുകയാണ് മുനീർ.

ഇന്ന് ഓരോ വ്യക്തിയും വസ്ത്രം തെരഞ്ഞെടുക്കുന്നത് ഓരോരുത്തരുടെയും സൗകര്യം കൂടി കണക്കിലെടുത്താണ്. പഴയ വസ്ത്രസങ്കല്പം പാടേ മാറി. ഒരു പത്തു വർഷത്തിലധികമായി തൊഴിലുറപ്പ് പണിയെടുക്കുന്ന സ്ത്രീകൾ ഷർട്ട് ധരിക്കാൻ തുടങ്ങിയിട്ട്. മിക്കയിടങ്ങളിലും ക്ലീനിങ് ജീവനക്കാർ കോട്ടും പാന്റും ഷൂവുമൊക്കെ ഉപയോഗിക്കുന്നു. ഇതിന്റെ പിന്നിൽ മതനിരാസമോ പുരുഷനെ അനുകരിക്കലോ ഒന്നും അല്ല. സൗകര്യത്തിനനുസരിച്ച് മാറിയതാണ്. ആരും അടിച്ചേല്പിച്ചതല്ല.

നമ്മുടെ സൗന്ദര്യസങ്കല്പമോ വസ്ത്രസങ്കല്പമോ ഒന്നും തൊഴിലാളി സ്ത്രീകളെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടില്ല. അവർ ധരിക്കുന്നത് സെറ്റ് സാരിയാണോ, സാരിയാണോ, ചുരിദാറാണോ, പാന്റാണോ എന്നൊന്നും അധികമാരുടെയും ആലോചനയ്ക്കകത്ത് വരുന്ന കാര്യമല്ല.

നമ്മുടെ സൗന്ദര്യസങ്കല്പമോ വസ്ത്രസങ്കല്പമോ ഒന്നും തൊഴിലാളിസ്ത്രീകളെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടില്ല. അവർ ധരിക്കുന്നത് സെറ്റ് സാരിയാണോ, സാരിയാണോ, ചുരിദാറാണോ, പാന്റാണോ എന്നൊന്നും അധികമാരുടെയും ആലോചനയ്ക്കകത്ത് വരുന്ന കാര്യമല്ല. കാരണം അവരെന്തോ ധരിക്കുന്നു, ഇനി ധരിച്ചില്ലെങ്കിൽതന്നെ എന്ത്? അതാണല്ലോ മുനീർ ഈ തൊഴിലാളിസ്ത്രീകളിൽ വന്ന മാറ്റമൊന്നും കാണാതെപോയത്. ഒരിക്കലും താഴെത്തട്ടിലുള്ളവരെയൊന്നും സമൂഹത്തിന്റെ പ്രതിനിധിയായി മുനീർ കണക്കാക്കിയിട്ടില്ലെന്ന് ഇതിൽനിന്ന് മനസ്സിലാക്കാം.

കുട്ടികൾക്കും രക്ഷിതാക്കൾക്കുക്കൊന്നുമില്ലാത്ത ഈ അസ്വസ്ഥതയും പിടിവാശിയും എന്തിനാണ് മതനേതാക്കളേ നിങ്ങൾക്ക്?

അസംഘടിത തൊഴിലാളികൾ തന്റെ ഇഷ്ടത്തിനും സൗകര്യത്തിനും അനുസരിച്ച്​ വസ്ത്രം ധരിക്കുമ്പോൾ മറ്റു തൊഴിലാളികൾക്കതിന്​ കഴിയുന്നില്ല. മുതലാളിമാരുടെ തീരുമാനമനുസരിച്ചാണ് ഇതെല്ലാം നടപ്പിലാവുന്നത്. എന്നാലും ഇവിടെയും പുരുഷ തൊഴിലാളികളെ സാരിയുടുപ്പിക്കുന്നത് കണ്ടിട്ടില്ല. ഒരു ഹോസ്പിറ്റലും ജോലിക്കാർക്ക് പർദയോ സാരിയോ സെറ്റുസാരിയോ ഒന്നും പ്രോത്സാഹിപ്പിക്കുന്നില്ല. ഇവിടെ മതതാത്പര്യങ്ങൾക്കുമീതെയാണ് കച്ചവടതാത്പര്യം എന്ന് നമുക്ക് മനസ്സിലാക്കാം. കോർപറേറ്റ് മുതലാളിക്ക് മതമില്ല. അവിടെ ലാഭമാണ് മുഖ്യവിഷയം.

യൂണിഫോം വിഷയത്തിൽ കേരളത്തിലാദ്യം ഉയർന്നുകേട്ട ശബ്ദമാണ് വിനയയുടേത്. ആണിന്റെ വസ്ത്രം ധരിക്കാനല്ല, സൗകര്യമുള്ള വസ്ത്രം ധരിക്കുന്നതിനുവേണ്ടിയാണ് വിനയ കോടതിയിൽ പോയത്. നിരത്തുകളിൽ നിരന്നുനിന്ന സാരിയുടുത്ത വനിതാ പൊലീസുകാരെ ഇന്ന് നമുക്കേതായാലും കാണാൻ കഴിയില്ല.

വിനയ

മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇത്തരം ആശയങ്ങൾ പ്രചരിപ്പിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യേണ്ടുന്ന ഇടമാണ് വിദ്യാലയങ്ങൾ. അവിടെ പെൺകുട്ടികൾക്ക് സമൂഹം കാലങ്ങളായി നിർമിച്ചുനൽകിയ ശരീരപരിമിതികളെ മറികടക്കുന്ന സൗകര്യമുള്ള വസ്ത്രം അവർ ധരിക്കട്ടെ. അവർ ആത്മധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും സമൂഹത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി പറന്നുയരട്ടെ. അതിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമൊന്നുമില്ലാത്ത ഈ അസ്വസ്ഥതയും പിടിവാശിയും എന്തിനാണ് മതനേതാക്കളേ നിങ്ങൾക്ക്? പുരോഗമനപരമായ ഇത്തരം ആശയങ്ങളിലേക്കും സാമൂഹികാന്തരീക്ഷത്തിലേക്കും വിഷം പടർത്താതിരിക്കുക. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


വിജി പെൺകൂട്ട്​

സ്​ത്രീതൊഴിലാളി പ്രവർത്തക, ആക്​റ്റിവിസ്​റ്റ്​. 2009ൽ തുടങ്ങിയ പെൺകൂട്ട് എന്ന സംഘടനയിലൂടെ, അസംഘടിതമേഖലയിലെ സ്ത്രീതൊഴിലാളികളെ സംഘടിപ്പിക്കുകയും അവരുടെ അവകാശസമരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. കോഴിക്കോട് മിഠായിത്തെരുവിൽ തയ്യൽ ജോലി ചെയ്യുന്ന വിജിയെ പ്രചോദനാത്മകമായ സ്വാധീനം ചെലുത്തുന്ന ലോകത്തെ നൂറു സ്ത്രീകളിൽ ഒരാളായി 2018ൽ ബി.ബി.സി തെരഞ്ഞെടുത്തു.

Comments