മലയാള സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരായ ലൈംഗിക ചൂഷണവും പീഡനവും വിവേചനവും വെളിപ്പെടുത്തുന്ന റിപ്പോർട്ടാണ് ആഗസ്ത് 19-ന് പ്രസിദ്ധീകരിച്ച കെ. ഹേമ കമ്മിറ്റി റിപ്പോർട്ട് (Justice Hema Committee report). റിപ്പോർട്ടിന് ഇതിനകം പൊതു- സ്ത്രീ സമൂഹത്തിനിടയിൽ വ്യാപക സ്വീകാര്യത ലഭിച്ചിട്ടുണ്ട്. സിനിമാവ്യവസായത്തിൽ തങ്ങൾ നേരിട്ട ദുരുപയോഗവും ചൂഷണവും തുറന്നുപറയാൻ കമ്മിറ്റി അവസരം നൽകി. ‘പവർ ഗ്രൂപ്പു’കളെയും (‘power group’) വ്യവസായത്തിലെ അധികാരത്തിന്റെ ആധിപത്യത്തെയും കുറിച്ച് ചർച്ചകൾക്ക് തുടക്കമിടുകയും ചെയ്തിട്ടുണ്ട്. സമത്വം, സാതന്ത്ര്യം, ചൂഷണത്തിൽ നിന്നുള്ള പരിരക്ഷണം മുതലായ ആലോചനകൾ സിനിമാമേഖലയിൽ മാത്രം ഉയർന്നു വരേണ്ട ഒന്നല്ല. മറ്റു തൊഴിലിടങ്ങളിലും അവഗണനയും അരക്ഷിതാവസ്ഥയും നേരിടുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്.
സ്ത്രീകൾ ഇടപെട്ടു പ്രവർത്തിക്കുന്ന എല്ലാ മേഖലകളിലും അവരുടെ മനസ്സും ശരീരവും സർഗ്ഗാത്മകമായി സ്വതന്ത്രമാവേണ്ടതുണ്ട്. തൊഴിലിടങ്ങളിൽ സ്ത്രീകളുടെ ആത്മവിശ്വാസം സംരക്ഷിക്കപ്പെടാതെ, അവർ നേരിടുന്ന വിവേചനങ്ങൾക്ക് പരിഹാരമുണ്ടാവുകയില്ല. കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളേജിൽ (RG Kar Medical College and Hospital in Kolkata) ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്, വനിതാ ഗുസ്തി കായികതാരങ്ങൾ നേരിട്ട ലൈംഗികാതിക്രമം എന്നിവയെല്ലാം പൊതു സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന അസമത്വത്തിനും യാതനകൾക്കും തെളിവാണ്. വ്യാപാരസ്ഥാപനങ്ങളിൽ സെയിൽസ് ഗേൾസിന് ഇരിക്കാനുള്ള അവകാശം, ടോയ്ലറ്റ് ബ്രേക്ക് എന്നിവയ്ക്കു വേണ്ടിയുണ്ടായ പോരാട്ടങ്ങൾ തൊഴിലിടങ്ങളിലെ സ്ത്രീകൾ നേരിട്ടു പോന്ന ദുരിതങ്ങളെ തുറന്നുകാട്ടുകയായിരുന്നു.
ഇത്ര പ്രതിഷേധങ്ങൾക്കിടയിലും, ജോലിസ്ഥലത്ത് സ്ത്രീകൾ നേരിടുന്ന ലിംഗവിവേചനവും ലൈംഗികാതിക്രമവും പ്രത്യക്ഷമായോ പരോക്ഷമായോ തുടരുന്നുണ്ടെന്നതാണ് ദയനീയമായ അവസ്ഥ. ഇവിടെ കുറ്റവാളികൾക്കു കർശന ശിക്ഷ ഉറപ്പാക്കാൻ കഴിയണം. നിയമത്തിന്റെ പഴുതുകളിലൂടെ കുറ്റവാളികൾ രക്ഷപ്പെടാതിരിക്കാൻ ഭരണകൂടം ഇരകളുടെ കൂടെ നിൽക്കുകയും വേണം.
സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ആവിഷ്ക്കരിക്കുന്ന ‘അസംഘടിതർ’ എന്ന സിനിമയിലെ ‘സ്വാതന്ത്ര്യസമരം’ എന്ന രണ്ടാം സെഗ്മെൻ്റിൽ സെയിൽസ് ഗേൾസ് ടോയ്ലറ്റ് ഉപയോഗിക്കുന്നതിന് നടത്തുന്ന പ്രതിഷേധം കാണിക്കുന്നു. ജോലിസ്ഥലത്ത് സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങളെ അഭിസംബോധന ചെയ്യുന്ന ‘ലെറ്റ് ദി വോയിസ് ബി യൂർസ്’ (Let the Voice be yours) എന്ന ഹ്രസ്വചിത്രം തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷയും അവകാശങ്ങളും ചർച്ച ചെയ്യുന്നുണ്ട്. സ്ത്രീകളുടെ പ്രശ്നങ്ങൾ എങ്ങനെ വ്യത്യസ്തമായി പകർത്താമെന്നും, പുരുഷൻമാർ എങ്ങനെയാണ് അത്തരം സ്ത്രീകൾക്ക് പിന്തുണ നൽകുന്നതെന്നും കാണിക്കുന്ന ‘ലാപത ലേഡീസ്’ (Laapataa Ladies) പോലുള്ള സിനിമകൾ നമ്മുടെ ചലച്ചിത്ര മേഖലയിൽ അസാധാരണമായി നിലകൊള്ളുകയും ചെയ്യുന്നു.
കേരളത്തിൽ തൊഴിലിടത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി എന്ത് നയമാണുള്ളത്? സൗകര്യങ്ങൾ, വേതനം, മനോഭാവം എന്നിവയുടെ കാര്യത്തിൽ വനിതാ ജീവനക്കാർ വിവേചനം നേരിടുന്ന എല്ലാ മേഖലകളിലും സർക്കാർ നേരിട്ട് ഇടപെടേണ്ടതുണ്ട്.
സ്ത്രീ സംരക്ഷണ നിയമങ്ങളും
അവബോധവും
ജോലിസ്ഥലത്ത് സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമം (തടയൽ, നിരോധനം, പരിഹാരം) നിയമം- 2013, ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമം- 2005, സ്ത്രീധന നിരോധന നിയമം- 1961 എന്നിങ്ങനെ ഭരണഘടനാ അവകാശങ്ങൾ ഉറപ്പുനൽകുന്ന നിരവധി നിയമങ്ങളുണ്ട്. വേതന നിയമം- 1976, മിനിമം വേജസ് ആക്റ്റ്- 1948, മെറ്റേണിറ്റി ബെനഫിറ്റ് ആക്റ്റ്- 1961 തുടങ്ങിയവയും സ്ത്രീക്ക് പരിരക്ഷ നൽകുന്ന നിയമങ്ങളാണ്. ഈ നിയമങ്ങൾ നിലവിലുണ്ടെങ്കിലും, ജോലിസ്ഥലത്ത് സ്ത്രീകൾ ഇപ്പോഴും വിവേചനം നേരിടുന്നു.
സ്ത്രീകളെ രണ്ടാം തരക്കാരായി കണക്കാക്കുന്ന പുരുഷാധിപത്യ സമൂഹത്തിൻെറ ഘടനയെക്കുറിച്ച് സിമോൺ ഡി ബ്യൂവോയർ തന്റെ "ദി സെക്കൻഡ് സെക്സ്" (The Second Sex, Simone De Beauvoir) എന്ന പുസ്തകത്തിൽ വിശദമായി ചർച്ച ചെയ്യുന്നുണ്ട്. സ്ത്രീകൾ പുരുഷന്മാരേക്കാൾ താഴ്ന്നവരാണെന്ന തെറ്റായ ബോധം സംസ്കാരസമ്പന്നതയുടെ പേരിൽ അഭിമാനം കൊളളുന്ന നമ്മുടെ സമൂഹത്തിൽ എന്നേ പ്രബലമാണ്. അത് ഇന്നും തുടരുന്നു എന്നതാണ് പരിതാപകരമായ യാഥാർത്ഥ്യം. രാജ്യത്ത് വർധിച്ചുവരുന്ന ബലാത്സംഗങ്ങൾ ഇതിന്റെ കൂടി ബലത്തിലാണ് സ്ത്രീവിരുദ്ധയ്ക്ക് ഘോഷമാവുന്നത്. ബലാത്സംഗം ചെയ്ത പുരുഷൻമാരേക്കാൾ അതിനു വിധേയരാക്കപ്പെട്ട സ്ത്രീകളാണ് സമൂഹസമക്ഷം പലപ്പൊഴും തെറ്റുകാരാവുന്നതും പരിഹസിക്കപ്പെടുന്നതുമെന്ന ക്രൂരയാഥാർഥ്യം കൂടിയുണ്ട്.
സ്ത്രീകൾ പുരുഷന്മാരുടെ താഴെയാണെന്ന് പ്രഖ്യാപിച്ച് അവജ്ഞയോടെ കാണുന്നതും അവഗണിക്കുന്നതും നിന്ദ്യവും ക്രൂരമായ ബലാത്സംഗ പ്രവണതയിലേക്ക് പുരുഷസമൂഹത്തെ പരോക്ഷമായിട്ടെങ്കിലും പ്രചോദിപ്പിക്കുന്നുണ്ട്. ഈ സമീപനമാണ് മാറേണ്ടത്. തൊഴിലാളികളുടെ അവകാശങ്ങൾക്ക് പുരോഗമനപരമായ നയങ്ങൾ രൂപീകരിക്കുന്ന സംസ്ഥാനമെന്ന് അവകാശപ്പെടുന്ന കേരളത്തിൽ തൊഴിലിടത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി എന്ത് നയമാണുള്ളത്? സൗകര്യങ്ങൾ, വേതനം, മനോഭാവം എന്നിവയുടെ കാര്യത്തിൽ വനിതാ ജീവനക്കാർ വിവേചനം നേരിടുന്ന എല്ലാ മേഖലകളിലും സർക്കാർ നേരിട്ട് ഇടപെടേണ്ടതുണ്ട്.
തൊഴിലിടത്തിൽ നേരിടുന്ന വിവേചനത്തെക്കുറിച്ച് ഭൂരിപക്ഷം സ്ത്രീകളും പ്രതികരിക്കാറില്ല. സമൂഹം ഇങ്ങനെയാണ് മുന്നോട്ടുപോവുന്നതെന്നും മാറ്റം ഉണ്ടാവില്ലെന്നും അവർ ആത്മഗതം പറയുന്നു. പെൺകുട്ടികൾക്ക് രാത്രി പുറത്തിറങ്ങാൻ പാടില്ലെന്നും തൊഴിലിടത്തിൽ തുല്യജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും വ്യത്യസ്ത വേതനമാണ് ലഭിക്കേണ്ടതെന്നും പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന കാര്യമായി മാറിയിരിക്കുകയാണ്. നിലവിലുള്ള നിയമങ്ങളുടെ കാര്യക്ഷമതയില്ലായ്മയാണ് ഇത്തരത്തിലുള്ള പ്രവണതകൾക്ക് പ്രോത്സാഹനമാകുന്നത്. ജോലിസ്ഥലത്തെ ലിംഗവിവേചനവും പീഡനവും കൈകാര്യം ചെയ്യുന്നതിന് വ്യക്തവും വ്യതിരിക്തവും കാര്യക്ഷമവുമായ നയം ഉണ്ടായിരിക്കണം. സിനിമാ മേഖലയിൽ വന്ന ഹേമ കമ്മിറ്റി പോലെ എല്ലാ വ്യവസായ മേഖലയിലും കമ്മിറ്റികളുണ്ടാകണം.
തൊഴിൽമേഖലകളിൽ പലതിലും സ്ത്രീകൾ നേരിടുന്ന വിഷയങ്ങളെ പിന്തുണയ്ക്കാൻ ഔപചാരിക ഘടനയോ ട്രേഡ് യൂണിയനുകളോ ഇല്ല. അസംഘടിത മേഖലയായ സേവനമേഖലയിൽ തൊഴിലാളികൾക്ക് തുല്യതയും സുരക്ഷിതത്വവും ഉറപ്പാക്കാൻ പൊതുവെ ഔപചാരികമായ സംഘടനാ സംവിധാനങ്ങളില്ല.
ജോലിസ്ഥലത്ത് സ്ത്രീ സൗഹൃദ നയങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം?
എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും സുരക്ഷ ഉറപ്പാക്കാനും പരാതി സെല്ലോ പരിഹാര സംവിധാനമോ ഉണ്ടായിരിക്കണം. ഗാർഹിക ജോലി, ആശുപത്രികൾ, ഹോട്ടലുകൾ, വിദ്യാഭ്യാസം, ആരോഗ്യം, ഉപഭോക്തൃ മേഖല തുടങ്ങിയ സേവന മേഖലകളിലായി ധാരാളം സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. അത്തരം തൊഴിൽമേഖലകളിൽ പലതിലും സ്ത്രീകൾ നേരിടുന്ന വിഷയങ്ങളെ പിന്തുണയ്ക്കാൻ ഔപചാരിക ഘടനയോ ട്രേഡ് യൂണിയനുകളോ ഇല്ല. അസംഘടിത മേഖലയായ സേവനമേഖലയിൽ തൊഴിലാളികൾക്ക് തുല്യതയും സുരക്ഷിതത്വവും ഉറപ്പാക്കാൻ പൊതുവെ ഔപചാരികമായ സംഘടനാ സംവിധാനങ്ങളില്ല. അസംഘടിത മേഖലയിലെ സ്ത്രീകളുടെ ആശങ്കകൾ കാണേണ്ടതുണ്ട്.
ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (The International Labour Organization -ILO) പുറത്തുവിട്ട കണക്കുകൾ പ്രകാരം സ്ത്രീകൾ കൂടുതായി ജോലിചെയ്യുന്ന തൊഴിൽ മേഖലകളിൽ പ്രധാനപ്പെട്ടവ യഥാക്രമം, മിഡ്‌വൈഫറി അസോസിയേറ്റ് പ്രൊഫഷണലുകൾ (98%), ശിശുക്ഷേമ പ്രവർത്തകർ (97%), ഗാർഹിക ശുചീകരണത്തൊഴിലാളികളും സഹായികളും (94%), ബാല്യകാല വിദ്യാഭ്യാസം നൽകുന്നവർ (93%), ഗൃഹാധിഷ്ഠിത വ്യക്തിഗത പരിചരണ തൊഴിലാളികൾ (90%) പ്രത്യേക പരിശീലനം നൽകുന്ന അധ്യാപകർ (88%) എന്നിങ്ങനെയാണ്. ആഗോള തലത്തിൽ പരിചരണ തൊഴിലാളികളിൽ 67% സ്ത്രീകളുണ്ടെന്നാണ് കണക്ക്. എന്നാൽ എത്ര രാജ്യങ്ങൾ ജോലിസ്ഥലത്ത് സ്ത്രീ സൗഹൃദ നയങ്ങൾ സ്വീകരിച്ചു എന്നത് ഒരു പ്രധാനപ്പെട്ട ചോദ്യമായി അവശേഷിക്കുകയാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമാ മേഖലയിലെ വിവേചനങ്ങളുടെയും അതിക്രമങ്ങളുടെയും ചുരുളഴിച്ചുവെന്നത് ശരിയാണ്. വ്യവസായമേഖലയിലെ സമാന പ്രശ്നങ്ങളെ കേന്ദ്രീകരിച്ച് പുതിയ ചർച്ചകൾ ഇതിന്റെ പശ്ചാത്തലത്തിൽ നടക്കുന്നുണ്ട്.
സ്ത്രീജീവനക്കാർക്കുള്ള നയങ്ങൾ നിർവചിക്കുമ്പോൾ ഏതൊരു വ്യവസായവും /സ്ഥാപനവും സ്വീകരിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ശിശുസംരക്ഷണം, തുല്യ വേതനം, ഫ്ലെക്സിബിൾ ജോലി സമയം, പ്രസവാവധി, പരാതി സെൽ തുടങ്ങിയവ ഒരു സ്ത്രീ സൗഹൃദനയത്തിന് അനിവാര്യമാണ്. തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സംഘടനകളും സ്ത്രീകൾ നേരിടുന്ന ലൈംഗിക ചൂഷണത്തിന്റെ കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ജോലിസ്ഥലത്ത് വെച്ച് അതിക്രമം ഉണ്ടായാൽ ഗൗരവപൂർവ്വം ഇടപെടുകയും നിയമപരമായ നടപടിക്രമങ്ങൾ കാലതാമസമില്ലാതെ നടപ്പാവാൻ ഇടപെടുകയും വേണം.
സ്ത്രീകൾക്ക് സുരക്ഷിതമായ ജോലിസ്ഥലം എങ്ങനെ ഉറപ്പാക്കാം?
നമ്മുടെ തൊഴിലിടങ്ങൾ പക്ഷപാതിത്വം, ദുരുപയോഗം, പീഡനം, അക്രമം, ചൂഷണം എന്നിവയിൽ നിന്ന് മുക്തമായിരിക്കണം. ഏതൊരു തൊഴിലിടത്തിലും ഭൂരിഭാഗം ആശങ്കകളും സമാനമായിരിക്കും. അതിനാൽ സ്ത്രീകളുടെ പ്രശ്നങ്ങൾ സവിശേഷമായി തന്നെ പരിഗണിക്കണം. ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമാ മേഖലയിലെ വിവേചനങ്ങളുടെയും അതിക്രമങ്ങളുടെയും ചുരുളഴിച്ചുവെന്നത് ശരിയാണ്. വ്യവസായമേഖലയിലെ സമാന പ്രശ്നങ്ങളെ കേന്ദ്രീകരിച്ച് പുതിയ ചർച്ചകൾ ഇതിന്റെ പശ്ചാത്തലത്തിൽ നടക്കുന്നുണ്ട്. കമ്മിറ്റി ശുപാർശകൾ അടിസ്ഥാനമായിക്കണ്ട് അതിന്റെ ചുവടുപിടിച്ച് കൂടുതൽ കാര്യക്ഷമമായി എല്ലാ തൊഴിൽ സാഹചര്യങ്ങളിലും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നയങ്ങൾ രൂപപ്പെടുത്തുന്നതിന് മേലിൽ നടപടിയും സ്ത്രീകൾക്ക് അവരുടെ പരാതികൾ നിർഭയം അവതരിപ്പിക്കാനുള്ള അവസരമുണ്ടാകുകയും വേണം.
ഹേമാ കമ്മിറ്റി റിപ്പോർട്ട് മാധ്യമങ്ങളിലും പൊതുജനങ്ങളിലും സൃഷ്ടിച്ച സ്വാധീനം വളരെ വലുതാണ്. സിനിമാ വ്യവസായം സമൂഹത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന മേഖലയാണെന്നതാണ് ഇതിന് കാരണം. വിനോദ വ്യവസായത്തിൽ നിന്ന് മതിയായ വരുമാനം ഉണ്ടാവുകയും ചെയ്യുന്നുണ്ട്. സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നത് തടയാൻ ഭരണകൂടത്തിൽനിന്നും ജുഡീഷ്യറിയിൽ നിന്നും വ്യക്തമായ ഇടപെടലുകൾ ഉണ്ടാകണം. ചലച്ചിത്ര മേഖലയിലെ ലൈംഗിക പീഡനം, സ്ത്രീകൾക്കെതിരായ ചൂഷണം തുടങ്ങിയ വിഷയങ്ങളിൽ അവബോധം വർദ്ധിപ്പിക്കുന്നതിന് വലിയൊരളവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് കാരണമായിട്ടുണ്ട്. സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. സ്ത്രീ സമത്വം, സ്ത്രീ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ നിലവിലുള്ള അശ്രദ്ധയ്ക്ക് പരിഹാരമാവണം.
സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളും അക്രമങ്ങളും നിയമത്തിനുമുന്നിൽ കൊണ്ടുവരാനും അത്തരം നടപടികൾ നിയന്ത്രിക്കാനും സാധിക്കണം.
സ്ത്രീപ്രശ്നങ്ങൾ ഉൾക്കൊള്ളുന്നതും സ്ത്രീക്ക് പിന്തുണ നൽകുന്നതുമായ തൊഴിൽ അന്തരീക്ഷം ഉണ്ടായിരിക്കുന്നത് മെച്ചപ്പെട്ട തൊഴിൽ-ജീവിത സന്തുലിതാവസ്ഥയ്ക്ക് കാരണമാകും. മെച്ചപ്പെട്ട തൊഴിൽമേഖല ശാരീരിക സമ്മർദ്ദം കുറയ്ക്കുകയും വ്യക്തികളുടെ മാനസിക ക്ഷേമം വർദ്ധിപ്പിക്കുകയും ചെയ്യും. എന്നിരുന്നാലും, നീതിക്ക് വേണ്ടിയുള്ള പോരാട്ടം അവസാനിച്ചിട്ടില്ല, ലൈംഗിക അതിക്രമങ്ങൾക്ക് കാരണമാകുന്ന ആഴത്തിൽ വേരൂന്നിയ സാംസ്കാരികവും വ്യവസ്ഥാപിതവുമായ ജീർണ്ണതകൾ പരിഹരിക്കാൻ ഇനിയും ഏറെ കാര്യങ്ങൾ ചെയ്യാൻ പൊതുസമൂഹത്തിനും സർക്കാരിനും ഉത്തരവാദിത്വമുണ്ട്.