നിയമത്തിന് കാത്തിരിക്കാതെ
33 ശതമാനം സ്ത്രീസംവരണം നടപ്പാക്കുകയാണ് പാർട്ടികൾ ചെയ്യേണ്ടത്

സ്ത്രീസംവരണ നിയമം പ്രാബല്യത്തിൽ വരാൻ കാത്തുനിൽക്കാതെ വരുന്ന പാർലമെന്റ്- നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 33% സീറ്റുകളിലെങ്കിലും സ്ത്രീസ്ഥാനാർത്ഥികളെ മത്സരിപ്പിച്ച് മാതൃക കാണിക്കാനുള്ള രാഷ്ട്രീയപരവും ധാർമ്മികവുമായ ഉത്തരവാദിത്തം നമ്മുടെ രാഷ്ട്രീയപാർട്ടികൾ പ്രകടിപ്പിക്കുമോ?.

27 കൊല്ലത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് 2023 സെപ്തംബർ 29-ന് വനിതാ സംവരണ ബിൽ രാജ്യത്ത് നിയമമായത്. എന്നാൽ ഈ നിയമം അടുത്ത കാലത്തൊന്നും നടപ്പിലാവരുത് എന്ന ഗൂഢലക്ഷ്യത്തോടെ അതിവിചിത്രമായ വ്യവസ്ഥകൾക്ക് വിധേയമായാണ് നിലവിൽ വന്നിട്ടുള്ളത്. ജനസംഖ്യാ കണക്കെടുപ്പിനും തുടർന്നു നടക്കുന്ന മണ്ഡല പുനർനിർണയത്തിനും ശേഷമേ നിയമം നടപ്പിലാവുകയുള്ളൂ എന്നതാണ് വ്യവസ്ഥ. 10 വർഷം കൂടുമ്പോൾ കൃത്യമായി നടന്നുകൊണ്ടിരുന്ന ജനസംഖ്യാ കണക്കെടുപ്പ് 2021-ൽ നടക്കേണ്ടതായിരുന്നു. അത് എപ്പോഴാണ് നടക്കുക എന്നൊരു നിശ്ചയവും ഇന്നില്ല. കോവിഡിന്റെ പേരിൽ മാറ്റിവെക്കപ്പെട്ട സെൻസസിന്റെ പ്രാഥമിക നടപടികൾ പോലും കോവിഡ് ഭീഷണിഅവസാനിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും കേന്ദ്ര ഗവൺമെന്റ് ആരംഭിച്ചിട്ടില്ല.

ജനസംഖ്യാ വർദ്ധനവുമായി ബന്ധപ്പെട്ട മണ്ഡല പുനർനിർണയം ഇന്ത്യയിൽ ഒരു വിവാദ വിഷയമാണ്. 1976 മുതൽ നിരന്തരം മാറ്റിവെക്കപ്പെട്ടുകൊണ്ടിരിക്കുന്ന, എപ്പോഴെങ്കിലും നടക്കുമോ എന്നുപോലും പറയാനാവാത്ത ഒന്നാണ് വനിതാ സംവരണത്തിന്റെ ഉപാധിയായ മണ്ഡല പുനർനിർണയം. ജനസംഖ്യാനുപാതികമായി മണ്ഡലം പുനർനിർണയിക്കുമ്പോൾ, സർക്കാർ നയങ്ങൾക്കനുസരിച്ച് ജനസംഖ്യാനിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് വൻതോതിൽ സീറ്റുവർദ്ധന ഉണ്ടാവുകയും ജനസംഖ്യാനിയന്ത്രണം ഫലപ്രദമായി നിർവഹിച്ച സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാവുകയും ചെയ്യും എന്നതാണ് മണ്ഡല പുനർനിർണയത്തിലെ തർക്കവിഷയം.

 കേന്ദ്ര നിയമവകുപ്പ് മന്ത്രി അർജുൻ റാം മേഘ്‌വാൾ ലോക്‌സഭയിൽ സ്ത്രീസംവരണ ബിൽ അവതരിപ്പിക്കുന്നു
കേന്ദ്ര നിയമവകുപ്പ് മന്ത്രി അർജുൻ റാം മേഘ്‌വാൾ ലോക്‌സഭയിൽ സ്ത്രീസംവരണ ബിൽ അവതരിപ്പിക്കുന്നു

എന്നാൽ ജനസംഖ്യാ കണക്കെടുപ്പോ മണ്ഡല പുനർനിർണയമോ മൂന്നുപാധിയാക്കേണ്ട ഒരു സാഹചര്യം വനിതാ സംവരണ നിയമത്തെ സംബന്ധിച്ച് ഇല്ല. എസ്.സി/എസ്.ടി സംവരണത്തിന് മണ്ഡലത്തിലുള്ള അവരുടെ ജനസംഖ്യാനുപാതം ഒരു ഘടകമായി ഭരണഘടന വിഭാവനം ചെയ്യുന്നുണ്ടെങ്കിലും സ്ത്രീ സംവരണത്തിന് അതാവശ്യമില്ല. ജനസംഖ്യയിലും വോട്ടർമാരിലും ഇന്ന് പകുതിയിലധികം സ്ത്രീകളാണ്. മാത്രമല്ല സ്ത്രീമണ്ഡലങ്ങൾ റൊട്ടേഷൻ അടിസ്ഥാനത്തിലാണ് നിയമത്തിൽ വിഭാവന ചെയ്തിട്ടുള്ളത്. 73 ,74 ഭരണഘടനാ ഭേദഗതിയിലൂടെ 1993- ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 33% സ്ത്രീസംവരണം നടപ്പാക്കുന്ന ഘട്ടത്തിൽ ഇത്തരം ഉപാധികളൊന്നും ഇല്ലായിരുന്നു എന്നതും പ്രസ്താവ്യമാണ്. വിപ്ലവകരമായ ഒരു രാഷ്ട്രീയതീരുമാനത്തിന്റെ ക്രെഡിറ്റ് കൈക്കലാക്കുകയും അതേസമയം സ്ത്രീകൾ രാഷ്ട്രീയാധികാരത്തിൽ എത്തുന്നത് സൂത്രത്തിൽ ഒഴിവാക്കുകയും ചെയ്യുക എന്ന തന്ത്രമാണ് ബി.ജെ.പി.ക്ക് മുൻതൂക്കമുള്ള കേന്ദ്ര ഗവൺമെന്റിനുള്ളത്.

സ്ത്രീകൾ രാഷ്ട്രീയാധികാരത്തിൽ വരുന്നത് ആൺകോയ്മാ വ്യവസ്ഥയ്ക്ക് എക്കാലത്തും ഭയമാണ്. ലിംഗസമത്വവും തുല്യനീതിയും അംഗീകരിച്ച് അധികാരസ്ഥാനങ്ങൾ പങ്കുവെക്കപ്പെടുകയാണെങ്കിൽ തങ്ങൾ കൈയടക്കിവെച്ചിരിക്കുന്ന അധികാരസ്ഥാനങ്ങൾ നഷ്ടപ്പെടുമെന്ന ഭയം രാഷ്ട്രീയനേതൃത്വങ്ങൾക്കുണ്ട്. സ്ത്രീകൾ അധികാരസ്ഥാനങ്ങളിൽ വരുമ്പോൾ പുരുഷാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഗാർഹിക സാമൂഹ്യഘടനയിലും പൊളിച്ചെഴുത്ത് വേണ്ടിവരുമെന്നും, രാഷ്ട്രീയവൽക്കരിക്കപ്പെടുന്ന സ്ത്രീ ഗാർഹികാടിമത്വത്തിൽ നിന്ന് മോചനം നേടുമെന്നും ആൺകോയ്മാ സംവിധാനങ്ങൾക്കറിയാം. അക്കാരണങ്ങൾകൊണ്ടാണ് അധികാരത്തിൽനിന്ന് സ്ത്രീകളെ ബോധപൂർവം മാറ്റിനിർത്തുന്ന രാഷ്ട്രീയ കുറ്റകൃത്യം മറച്ചുവെച്ച് മൗനം പാലിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾക്കും അധികാരസ്ഥാപനങ്ങൾക്കും കഴിയുന്നത്.

അത് തിരിച്ചറിഞ്ഞാലും നിശ്ശബ്ദരാകാൻ കഴിയുന്നിടത്തോളം ആൺകോയ്മാ സംവിധാനങ്ങളോട് വിധേയപ്പെടാൻ ശീലിക്കപ്പെട്ടു കഴിഞ്ഞവരാണ് സ്ത്രീകൾ. അങ്ങനെയല്ലായിരുന്നെങ്കിൽ ഈ ഇരുപത്തേഴ് കൊല്ലത്തിനിടയിൽ എപ്പോഴെങ്കിലും ഇന്ത്യയിലെ സ്ത്രീസംഘടനകളുടെ കർതൃത്വത്തിൽ വനിതാ സംവരണ ബില്ല് പാസാകാത്തതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നുവരുമായിരുന്നു.

സ്ത്രീസംവരണ ബിൽ ലോക്‌സഭയിൽ പാസായതിന്റെ ആഘോഷം
സ്ത്രീസംവരണ ബിൽ ലോക്‌സഭയിൽ പാസായതിന്റെ ആഘോഷം

“ലോകം ഇന്നേവരെ അറിഞ്ഞിട്ടുള്ളതോ ഇനി അറിയാൻ പോകുന്നതോ ആയ ഏറ്റവും വലിയ വിപ്ലവം വോട്ടവകാശത്തിനു വേണ്ടി സ്ത്രീകൾ നടത്തുന്ന വിപ്ലവമായിരിക്കും” പതിനെട്ടാം നൂറ്റാണ്ടിൽ പ്രശസ്ത എഴുത്തുകാരിയായ എലിസബത്ത് കാഡി സ്റ്റാൻഡൽ (Elizabeth Cady Stanton) സ്ത്രീ വോട്ടവകാശ സമരത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.

ലോകത്താകമാനം സ്ത്രീകൾ വോട്ടവകാശം നേടുന്നതും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം നേടുന്നതും ശക്തമായ സമരങ്ങളിലൂടെയാണ്. ബ്രിട്ടീഷ് ഇന്ത്യയിലും വോട്ടവകാശത്തിന് സ്ത്രീകൾ സമരരംഗത്തിറങ്ങിയിട്ടുണ്ട്. വിമൻസ് ഇന്ത്യൻ അസോസിയേഷൻ, നാഷണൽ കൗൺസിൽ ഓഫ് വിമൻ ഇന്ത്യ, ഓൾ ഇന്ത്യാ വിമൻസ് കോൺഫറൻസ് എന്നിവയൊക്കെ അതിന് നേതൃത്വം കൊടുത്ത സംഘടനകളാണ്. വോട്ടവകാശം മാത്രമല്ല തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശവും അന്നവർ ആവശ്യപ്പെട്ടു.

1917 ലാണ് ഇന്ത്യയിൽ സ്ത്രീ വോട്ടവകാശത്തിന് വേണ്ടി വിമൻസ് ഇന്ത്യൻ അസോസിയേഷൻ രൂപീകരിക്കുന്നത്. ചർച്ചകളും പൊതുയോഗങ്ങളും പ്രതിഷേധങ്ങളും ഒക്കെ സംഘടനയുടെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്. അംബുജ അമ്മാൾ, കമലാദേവി ചതോപാധ്യായ, മേരി പുന്നൻ ലൂക്കോസ്, ബീഗം ഹസ്രത്ത് മൊഹാനി, ഹീരാഭായ് ടാറ്റ തുടങ്ങി വലിയൊരു നേതൃത്വ നിര തന്നെ സ്ത്രീ വോട്ടവകാശത്തിനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ ഉണ്ടായിരുന്നു. രണ്ടാം വട്ടമേശ സമ്മേളനത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശത്തിനു വേണ്ടി സംസാരിച്ചത് സരോജിനി നായിഡു ആയിരുന്നു. അഞ്ച് ശതമാനം സ്ത്രീകളെ മത്സരിക്കാൻ അനുവദിച്ചുകൊണ്ട് സ്ത്രീ സംവരണം അവിടെ പ്രഖ്യാപിച്ചപ്പോൾ ശക്തമായ എതിർപ്പുകളാണ് ഉണ്ടായത്. എതിർപ്പിനെ തുടർന്ന് 2.5% സംവരണം പ്രവിശ്യാ തെരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്ക് അനുവദിച്ചു. നിരാശ പ്രകടിപ്പിച്ച് വൈസ്രോയിക്ക് കത്തയച്ച് പ്രതിഷേധിക്കുകയാണ് അന്ന് സ്ത്രീ പ്രവർത്തകർ ചെയ്തത്.

1931-ലെ രണ്ടാം വട്ടമേശ സമ്മേളനത്തിൽ സരോജിനി നായിഡു അവതരിപ്പിച്ച, സ്ത്രീസംഘടനകളുടെ സംയുക്ത മെമ്മോറാണ്ടം വോട്ട് ചെയ്യാൻ മാത്രമല്ല തെരഞ്ഞെടുപ്പിൽ മത്സരിക്കാനും സ്ത്രീകൾക്ക് അവകാശം വേണമെന്ന് ആവശ്യപ്പെട്ടു. വലിയ എതിർപ്പുകൾക്കും ചർച്ചകൾക്കും ഒടുവിൽ പ്രവിശ്യാ തെരഞ്ഞെടുപ്പുകളിൽ 5% സംവരണം അനുവദിച്ചപ്പോൾ അതിനെതിരെ ശക്തമായ എതിർപ്പാണുണ്ടായത്. ഇതേതുടർന്ന് 2.5% സംവരണത്തിന് ശുപാർശ ചെയ്തപ്പോൾ നിരാശ പ്രകടിപ്പിച്ച് വൈസ്രോയിക്ക് ടെലഗ്രാം അയച്ച് സ്ത്രീകൾ പ്രതിഷേധം അറിയിച്ചു.

ഇന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സ്ത്രീകൾക്ക് നിയമപരമായ ഒരു തടസ്സവും ഇല്ലെങ്കിലും നിയമനിർമ്മാണ സഭകളിൽ 15 ശതമാനത്തിൽ താഴെയാണ് ഇപ്പോഴും സ്ത്രീ പ്രാതിനിധ്യം. 1951- ലെ ആദ്യ പൊതുതെരഞ്ഞെടുപ്പിനെ തുടർന്ന് ലോക് സഭയിലെ സ്ത്രീപങ്കാളിത്തം 5 % ആയിരുന്നെങ്കിൽ ഇപ്പോൾ അത് വെറും 14.9 % മാത്രമേ എത്തിയിട്ടുള്ളൂ. രാജ്യസഭയിൽ ഇപ്പോഴത്തെ പങ്കാളിത്തം 12.2% മാത്രം. സ്ത്രീ പുരോഗതി അവകാശപ്പെടുന്ന കേരളത്തിലെ നിയമസഭയിൽ സ്ത്രീപങ്കാളിത്തം 7.8% മാത്രം. 33% സംവരണം നിലവിൽ വന്നാൽ കേരള നിയമസഭയിൽ ഇപ്പോൾ ഉണ്ടാവുമായിരുന്നത് 140-ൽ 47 സ്ത്രീകളായിരുന്നു. നിലവിലത് 12 ആണ്.

പാർലമെന്റിന്റെ ഇരുസഭകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകളുടെ ശതമാനം നോക്കുക:
ലോക്‌സഭ: 14.94, രാജ്യസഭ: 14.05 ശതമാനം വീതമാണ് സ്ത്രീ എം.പിമാർ.

നിയമസഭകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകളുടെ കണക്ക് (അവസാനമായി നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന വർഷം ബ്രാക്കറ്റിൽ):

ആന്ധ്രപ്രദേശ് (2019)- 8%.
അരുണാചൽപ്രദേശ് (2019)- 5%.
അസാം- (2021)- 4.76%.
ബീഹാർ (2020)- 10.70%.
ചത്തീസ്ഗഢ് (2018)- 14.44%.
ഗോവ (2022)- 7.50%.
ഗുജറാത്ത് (2017)- 7.14%.
ഹരിയാന (2019)- 10%.
ഹിമാചൽപ്രദേശ് (2017)- 5.88%.
ജമ്മു കാശ്മീർ (2014)- 2.30%,.
ജാർഖണ്ഡ് (2019)- 12.35.
കർണാടക (2018)- 3.14%.
കേരളം (2021)- 7.86%.
മധ്യപ്രദേശ് (2018)- 9.13.
മഹാരാഷ്ട്ര (2019)- 8.33%.
മണിപ്പൂർ (2022)- 8.33%.
മേഘാലയ (2018)- 5.08%.
മിസോറാം (2018)- 0%.
നാഗാലാൻഡ് (2018)- 0%.
ഒഡീഷ (2019)- 8.90.
പഞ്ചാബ് (2022)- 11.11.
രാജസ്ഥാൻ (2018)- 12%.
സിക്കിം (2019)- 9.38%.
തമിഴ്‌നാട് (2021)- 5.13%.
തെലങ്കാന (2018)- 5.04%.
ത്രിപുര (2018)- 5%.
ഉത്തരാഖണ്ഡ് (2022)- 11.43.
ഉത്തർപ്രദേശ് (2022)- 11.66.
പശ്ചിമ ബംഗാൾ (2021)- 13.70.
ദൽഹി (2020)- 11.43.
പോണ്ടിച്ചേരി (2021)- 3.33.

എത്രമാത്രം സ്ത്രീകളാണ് ഓരോ തെരഞ്ഞെടുപ്പുകളിലും അധികാരസ്ഥാനങ്ങളിൽ എത്തിപ്പെടുന്നതിൽ നിന്ന് മാറ്റിനിർത്തപ്പെടുന്നത്. സ്ത്രീകളുടെ പലതരത്തിലുമുള്ള പിന്നാക്കാവസ്ഥയ്ക്കും അവർ ചൂഷണങ്ങളും അതിക്രമങ്ങളും നേരിടുന്നതിനും കാരണം അധികാരസ്ഥാനങ്ങളിലും നിയമനിർമ്മാണ സഭകളിലുമുള്ള പങ്കാളിത്തക്കുറവാണ്. കാര്യശേഷിയുള്ള സ്ത്രീകൾ ഇല്ലാത്തതുകൊണ്ടല്ല സ്ത്രീകൾ മാറ്റിനിർത്തപ്പെടുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.

1931-ലെ രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാൻ ലണ്ടനിലെത്തിയ സരോജിനി നായിഡു
1931-ലെ രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാൻ ലണ്ടനിലെത്തിയ സരോജിനി നായിഡു

സാമൂഹ്യമോ രാഷ്ട്രീയമോ ആയ കാരണങ്ങളാൽ അവസരം നിഷേധിക്കപ്പെടുന്ന വിഭാഗങ്ങൾക്ക് തുല്യാവസരത്തിലേക്ക് എത്താനുള്ള നീതിയുക്തമായ മാർഗ്ഗമാണ് സംവരണം. അത് ഔദാര്യമല്ല, അവകാശമാണ്. ആ അവകാശം സ്ത്രീകൾക്ക് നിഷേധിക്കാനുള്ള തന്ത്രപരമായ നീക്കമാണ് ഇപ്പോഴുണ്ടായത്. പ്രതിപക്ഷ കക്ഷികളെല്ലാം മേൽപറഞ്ഞ വ്യവസ്ഥകളെ എതിർത്തുകൊണ്ടാണ് ബില്ലിന് അനുമതി നൽകിയത്. സ്ത്രീകൾക്ക് അവകാശപ്പെട്ട 33% സംവരണം ഉടൻ പ്രാബല്യത്തിൽ വരണമെന്ന് അവർ ആവശ്യപ്പെടുകയുണ്ടായി. രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടായിരുന്നെങ്കിൽ വളരെ മുമ്പേ രാഷ്ട്രീയ പാർട്ടികൾക്ക് 33% സ്ത്രീകളെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് വിജയിപ്പിക്കാമായിരുന്നു. ഇന്നിപ്പോൾ 33% അല്ല, തുല്യ പ്രാതിനിധ്യമാണ് സാമൂഹ്യനീതി എങ്കിലും വരുന്ന തെരഞ്ഞെടുപ്പുകളിൽ 33% സീറ്റുകളിലെങ്കിലും സ്ത്രീകളെ മത്സരിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാവണം. അതിനവർ തയ്യാറാക്കുന്നില്ലെങ്കിൽ അതിനെ ചോദ്യം ചെയ്യാനും നേരിടാനും സ്ത്രീകൾ തയ്യാറാവണം. അതിനുള്ള ഇച്ഛാശക്തി സ്ത്രീകൾക്കുണ്ടാവണം.

എല്ലാ ലിംഗവിഭാഗങ്ങൾക്കും തുല്യാവകാശം ഉപ്പു തരുന്ന ഒരു ഭരണഘടനയ്ക്ക് വിധേയപ്പെട്ടാണ് ഇന്ത്യയിലെ പൗരർ ജീവിക്കുന്നത്. ഇപ്പോൾ കേന്ദ്ര സർക്കാർ 'നാരി ശക്തിവന്ദൻ അധീനിയം' എന്ന് പേരിട്ട് കൊണ്ടുവന്ന നിയമം അനാവശ്യ വ്യവസ്ഥകൾ കൊണ്ട് ഭരണഘടനയെത്തന്നെ നോക്കുകുത്തിയാക്കുന്നതാണ്. അധികാരത്തിലും നിയമനിർമ്മാണത്തിലുമുള്ള പങ്കാളിത്തം കൊണ്ടു മാത്രമേ സ്ത്രീകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കപ്പെടുകയുള്ളൂ എന്നും എല്ലാ ലിംഗവിഭാഗങ്ങൾക്കും ആനുപാതികമായ തുല്യ പ്രാതിനിധ്യം ഭരണഘടനാ അവകാശമാണെന്നും വിശ്വസിക്കുന്ന സ്ത്രീകളുടെ മുൻകയ്യിൽ കേരളത്തിൽ രൂപപ്പെട്ട സംഘടനയാണ് 'തുല്യ പ്രാതിനിധ്യ പ്രസ്ഥാനം'.

രാജ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് സംഘടന ആവശ്യപ്പെടുന്നത്, കേന്ദ്ര സർക്കാർ കൊണ്ടുവന്ന വനിതാ സംവരണ നിയമം പിൻവലിച്ച് ഉടൻ പ്രാബല്യത്തിൽ വരുംവിധം പാർലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും 50% സ്ത്രീ സംവരണം നടപ്പിലാക്കാൻ കേന്ദ്ര ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തണമെന്നും നിയമം പ്രാബല്യത്തിൽ വരാൻ കാത്തുനിൽക്കാതെ ഇനി വരുന്ന പാർലമെന്റ്- നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 33% സീറ്റുകളിലെങ്കിലും സ്ത്രീസ്ഥാനാർത്ഥികളെ മത്സരിപ്പിച്ച് മാതൃക കാണിക്കാനുള്ള രാഷ്ട്രീയപരവും ധാർമ്മികവുമായ ഉത്തരവാദിത്തം പ്രകടിപ്പിക്കണമെന്നുമാണ്. രാജ്യത്തിന്റെ പ്രഥമ പൗര എന്ന നിലയിൽ ഇപ്പോഴത്തെ നിയമം 2024-ൽ തന്നെ പ്രാവർത്തികമാക്കാൻ ഇടപെടലുകൾ നടത്താൻ രാഷ്ട്രപതി ശ്രമിക്കേണ്ടതാണ്. ഒരു സ്ത്രീയാണ് ആ പദവിയിലുള്ളത് എന്ന പ്രതീക്ഷയും രാജ്യത്തെ സ്ത്രീകൾക്കുണ്ട്. അതോടൊപ്പം, സ്ത്രീകൾ ഭരണഘടനാപരമായ പൗരാവകാശങ്ങൾ നേടിയെടുക്കാൻ തങ്ങൾ അംഗങ്ങളായിട്ടുള്ളതും വിശ്വസിക്കുന്നതുമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ സമ്മർദ്ദം ചെലുത്തണം.

രാഷ്ട്രപതി ദ്രൗപതി മുർമു
രാഷ്ട്രപതി ദ്രൗപതി മുർമു

സംവരണം നിയമമാവട്ടെ എന്നുപറഞ്ഞ് ഒഴിഞ്ഞു മാറുന്ന കേരളത്തിലെ എൽ.ഡി.എഫ്- യു.ഡി.എഫ് മുന്നണികൾക്കു മുന്നിൽ തൃണമൂൽ കോൺഗ്രസിൻ്റെയും ബി.ജെ.ഡിയുടെയുമൊക്കെ മാതൃകകൾ ഓർമ്മിപ്പിക്കുകയാണ്. നിലവിലെ ലോക്സഭയിൽ തൃണമൂൽ കോൺഗ്രസിൽ നിന്ന് 9 സ്ത്രീകളുണ്ട്. 41% സീറ്റുകളിലാണ് (42 ൽ 17 ) അവർ സ്ത്രീകളെ മത്സരിപ്പിച്ചത്. അവരുടെ ജയിച്ച 23 പേരിൽ 9 സ്ത്രീകളാണ്. അതായത് ജയിച്ചവരിൽ 40% സ്ത്രീകൾ. ബിജു ജനതാദൾ ആകട്ടെ 33% സീറ്റുകൾ സ്ത്രീകൾക്കാണ് നൽകിയത്. അതായത് 21 പേരെ മത്സരിപ്പിച്ചതിൽ 7 സ്ത്രീകൾ. അവരിൽ 5 പേരും ജയിച്ചു. തൃണമൂലിൻ്റെ എം.പിമാരിൽ 40%- ഉം ബി.ജെ.ഡി എം.പിമാരിൽ 42% ഉം സ്ത്രീകളാണ്. കേരളത്തിൽ നിന്നാകട്ടെ യു.ഡി.എഫിൽ നിന്നുള്ള ഒരേയൊരു രമ്യ ഹരിദാസ് മാത്രമാണ് വനിതാ പാർലമെൻ്റംഗം. ഒന്ന് തല കുനിഞ്ഞെങ്കിൽ…

സ്ത്രീകളുടെ തുല്യ പ്രാതിനിധ്യത്തോടൊപ്പം ചർച്ച ചെയ്യപ്പെടേണ്ടതാണ് മറ്റ് ലിംഗവിഭാഗങ്ങളുടെ പ്രാതിനിധ്യവും ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യവും. നിലവിലെ നിയമത്തിൽ എസ്.സി/ എസ്.ടി സംവരണത്തിൽ 33% സ്ത്രീസംവരണം ഉൾപ്പെടുത്തിയിട്ടുണ്ട്. തുല്യ പ്രാതിനിധ്യത്തിൽ ആൺ- പെൺ ഭേദമില്ലാതെ തന്നെ ന്യൂനപക്ഷ- ഒ.ബി.സി സംവരണം നേടിയെടുക്കേണ്ടതുണ്ട്. എസ്.സി/ എസ്.ടി സംവരണത്തിലും 50 % സ്ത്രീകൾക്കാണ് സീറ്റുകൾ ലഭിക്കേണ്ടത്. 15 വർഷം എന്നൊരു കാലപരിധിയും പുതിയ നിയമത്തിലുണ്ട്. 15 വർഷം കൊണ്ട് രാജ്യം ഭരണഘടനാപരമായ തുല്യനീതിയിലെത്തുമെന്ന ശുഭാപ്തി വിശ്വാസം ഒരു പ്രതീക്ഷയാണ്. പക്ഷേ ആ പ്രതീക്ഷക്കു വിരുദ്ധമായി 15 വർഷം കഴിഞ്ഞാലും പ്രാബല്യത്തിൽ വരാത്ത നിയമമാണ്, അക്കാര്യത്തിന് മാത്രമായി അടിയന്തരമായി വിളിച്ചു ചേർത്ത ഒരു പാർലമെൻ്റ് സമ്മേളനത്തിൽ പാസാക്കിയത് എന്നത് വിരോധാഭാസമാണ്.

വളരെ ദീർഘിച്ച സമരങ്ങളിലൂടെ രൂപപ്പെട്ട 33 ശതമാനം സംവരണം നിയമമായിട്ടും അത് നടപ്പിലാക്കാൻ ഇനിയും വർഷങ്ങളോളം കാത്തിരിക്കേണ്ടിവരുന്ന സ്ഥിതിയാണ് സെപ്തംബർ 29-ന് നിയമമായ വനിതാ സംവരണ ബില്ലിനുളളത്. ലോകത്താകമാനം സ്ത്രീകൾ അക്രമസമരം നടത്തിയും കഠിനമർദ്ദനങ്ങൾ ഏറ്റുവാങ്ങിയും നേടിയ വോട്ടവകാശം പുരുഷപ്രതിനിധികളെ തെരഞ്ഞെടുക്കാൻ വിനിയോഗിക്കേണ്ടി വരുന്ന ഗതിേകടിലാണ് ഇന്ത്യയിലെ സ്ത്രീകൾ ഇപ്പോഴും ഉള്ളത്. മനുഷ്യരാശിയുടെ പകുതിയോളം വരുന്ന സ്ത്രീകളുടെ പൊതു നിശബ്ദത അർഹതപ്പെട്ട തുല്യ പ്രാതിനിധ്യം നൽകുന്ന കാര്യത്തിൽ നിശബ്ദത പാലിക്കാൻ ആണധികാരത്തിന് പ്രചോദനമാവുന്നു. നിയമം അടിയന്തരമായി നടപ്പിലാക്കി ആ പ്രതീക്ഷയോട് നീതി പുലർത്താൻ ഭരണാധികാരികൾക്കും രാഷ്ട്രീയ നേതൃത്വത്തിനും കഴിയണം.


Summary: why are we waiting to implement Women’s reservation Bill m sulfath writes


എം. സുൽഫത്ത്​

എഴുത്തുകാരി, അധ്യാപിക. ഫോറം ഫോർ മുസ്​ലിം വിമൻസ് ജൻഡർ ജസ്റ്റിസിൻ്റെ പ്രവർത്തക.

Comments