ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഒരു ശ്മശാനത്തിൽ നിന്ന്. കോവിഡ് മരണം കുത്തനെ ഉയർന്നതോടെ മരണപ്പെട്ടവരെ സംസ്‌കരിക്കാൻ ബന്ധുക്കൾ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണിവിടെ. മൃതദേഹങ്ങളടങ്ങിയ ആംബുലൻസുകൾ അവരുടെ ഊഴംകാത്ത് നിർത്തിയിട്ടിരിക്കുകയാണ്. / Photo: Barkha dutt, Twitter

കോവിഡ് രണ്ടാം തരംഗം :

അമിത ആത്മവിശ്വാസവും പാരമ്പര്യവാദവും വെടിഞ്ഞ് ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാവരെയും ഏകോപിപ്പിച്ച് ആസൂത്രണം മെച്ചപ്പെടുത്തുകയാണ് ഭരണകൂടം ചെയ്യേണ്ടത്.. ഇന്ത്യയിൽ കോവിഡ് രണ്ടാംതരംഗം ഇത്ര ഭീതിദമാകാനുള്ള കാരണങ്ങളും പ്രതിരോധ വഴികളും വിശകലനം ചെയ്യപ്പെടുന്നു.

ജീവിക്കാനും ജീവിപ്പിക്കാനും നാം തയാറാണോ?

കോവിഡ് മഹാമാരി പടർന്നതിനുശേഷം മരണത്തെയും രോഗത്തെയും ചികിത്സയെയും പറ്റിയുള്ള വ്യവഹാരങ്ങൾ ആരോഗ്യമേഖലക്കപ്പുറം എല്ലായിടങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. പൊതുജനാരോഗ്യം ഇതുതന്നെയാണ് ലക്ഷ്യംവെക്കുന്നതെങ്കിലും സാധാരണ അവസ്ഥകളിൽ ആരും അതത്ര ഗൗനിക്കാറില്ല. കോവിഡും കോവിഡ് മരണങ്ങളും നമ്മുടെ ദൈനംദിന വ്യവഹാരത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.

രണ്ടാമത്തെ തരംഗം ഇന്ത്യയിലെത്തിയശേഷം പൊതുമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഈ വിഷയം തന്നെയാണ് നിറഞ്ഞുനിൽക്കുന്നത്. ഭയാശങ്കകൾ എല്ലാവരിലും വർധിക്കാൻ പാകത്തിലുള്ള റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു. നാസിക്കിലെ ഒരു ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ കഴിഞ്ഞ 22 രോഗികൾ ഓക്‌സിജൻ പ്ലാന്റിലുണ്ടായ ചോർച്ച മൂലം മരിച്ചതാണ് കോവിഡ് ദുരന്തങ്ങളിൽ ഏറ്റവും അടുത്ത് മനുഷ്യരെ ഭയപ്പെടുത്തിയത്.

നാസിക്കിൽ സ്‌റ്റോറേജ് യൂണിറ്റിൽ നിന്നും ഓക്‌സിജൻ ലീക്കായപ്പോൾ. ഇതേത്തുടർന്ന് നാസിക്കിലെ സാക്കിർ ഹുസൈൻ മുനിസിപ്പൽ ഹോസ്പിറ്റലിലെ കോവിഡ് രോഗികൾക്കുള്ള ഓക്‌സിജൻ വിതരണം തടസപ്പെടുകയും 22 രോഗികൾ മരണപ്പെടുകയും ചെയ്തിരുന്നു. / Photo: Twitter

ഡൽഹിയിലും മറ്റു പല സംസ്ഥാനങ്ങളിലും കോവിഡ് തീവ്രരോഗ പരിചരണത്തിലുള്ളവർക്ക് ഓക്‌സിജൻ ലഭിക്കുന്നില്ല എന്ന വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. ഓക്‌സിജൻ കിട്ടാതെ ആളുകൾ മരിക്കുന്നതായും റിപ്പോർട്ടുണ്ട്. മരണം ഒരു യാഥാർഥ്യമായി മുന്നിൽ നിൽക്കുമ്പോൾ ജീവിതം നിലനിർത്തിക്കൊണ്ടുപോകേണ്ടതിനെ പറ്റിയുള്ള ചിന്തകൾക്കാണ് മുൻഗണന. മരണത്തെക്കുറിച്ച് ചിന്തിക്കണമെങ്കിലും ജീവിതം നിലനിർത്തേണ്ടതുണ്ടല്ലോ. രണ്ടാം തരംഗം ഉച്ചസ്ഥായിയിൽ നിൽക്കുന്നതുകൊണ്ട് രോഗവ്യാപനത്തിന്റെയും നിയന്ത്രണത്തിന്റെയും അവസ്ഥകൾ എല്ലാകോണുകളിൽ നിന്നും പരിശോധിക്കേണ്ടിയിരിക്കുന്നു.

സാംക്രമിക രോഗശാസ്ത്രം പഠിപ്പിച്ചതെന്ത്?

2019 ഡിസംബറിൽ വുഹാനിൽ നിന്ന് ഈ രോഗം പൊട്ടി പുറപ്പെടുമ്പോൾ ഇതിന്റെ വ്യാപനത്തെക്കുറിച്ചും പരിണാമഗതിയെക്കുറിച്ചും പൂർണമായ അറിവുണ്ടായിരുന്നില്ല. എന്നാൽ, ഇതുപോലെയുള്ള പല പകർച്ചവ്യാധികളുടെയും ചരിത്രത്തിൽ നിന്ന്​ ലഭ്യമായ വിവരങ്ങൾ വച്ചും നിതാന്തമായ നിരീക്ഷണം കൊണ്ടും പുതിയ വിവര സാങ്കേതികവിദ്യ ഉപയോഗിച്ചും പെട്ടെന്നുതന്നെ വ്യാപനത്തെക്കുറിച്ചും നിയന്ത്രണത്തെ കുറിച്ചും മാർഗരേഖകളുണ്ടാക്കാൻ സാധിച്ചു. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായ സ്പാനിഷ് ഫ്ളൂവിന്റെ അവസ്ഥയല്ല ഇപ്പോഴുള്ളത്. സഞ്ചാരവേഗം കൂടിയതിനാൽ, രോഗവ്യാപനത്തിന്റെ തോതും കൂടും എന്നതുപോലെ തന്നെ, അറിവ് വ്യാപിപ്പിക്കാനും ഇന്നത്തെ ടെക്നോളജി സഹായകമാവുന്നു. മാത്രവുമല്ല, എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വിദഗ്ധാഭിപ്രായങ്ങൾ ക്രോഡീകരിക്കുകയും, വ്യത്യസ്ത രാജ്യങ്ങളുടെയും വിഭാഗങ്ങളുടെയും അപകടസാധ്യതകൾ വിശകലനം ചെയ്ത് മാർഗനിർദ്ദേശങ്ങളുണ്ടാക്കാനും ലോകാരോഗ്യസംഘടന നിലനിൽക്കുന്നുണ്ട്. പലവിധ പരിമിതികളുണ്ടെങ്കിലും അറിവുകൾ ഏകോപിപ്പിക്കുന്നതിലും പൊതു മാനദണ്ഡങ്ങളുണ്ടാക്കുന്നതിലും അത് വഹിക്കുന്ന പങ്ക്, അസന്തുലിതാവസ്ഥ നിലനിൽക്കുന്ന ലോകത്തിൽ അവഗണിക്കാവുന്നതല്ല.

ഭാരമുള്ള കണികകൾ വഴിയുള്ളതിനേക്കാൾ വലിയ വ്യാപനം തീരെ ചെറിയ കണികകൾ വായുവിൽ തങ്ങി നിൽക്കുക വഴിയുണ്ടാകാം. അതിന്​സാധ്യത ഉണ്ടെന്നാണ് അടുത്തിടെ വന്ന പഠനം കാണിക്കുന്നത്. അങ്ങനെ വരുമ്പോൾ ഇതേ നിയന്ത്രണ മാർഗങ്ങൾ തന്നെ കുറേക്കൂടി കർശനമായി ചെയ്യേണ്ടി വരും.

സാംക്രമിക രോഗവ്യാപനം തടയുന്നതിന് അടിസ്ഥാനപരമായി ആവശ്യമുള്ളത് അത് എങ്ങനെയാണ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതെന്ന അറിവാണ്. അതുപോലെ തന്നെ അത് എത്ര വേഗത്തിൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു എന്നതും. ആർ നമ്പർ (R number)എന്നാണ് ഇത് പറയപ്പെടുന്നത്. രോഗാണുബാധ ഉണ്ടായ ഒരാളിൽ നിന്ന്​ എത്ര പേർക്ക് ഇത് പകരും എന്ന ഒരു കണക്കുകൂട്ടലാണിത്. ഇത് ഒരാളിൽ നിന്ന് രണ്ടുപേരിലേക്ക് പകരുകയാണെങ്കിൽ തന്നെ സംഖ്യ ഇരട്ടിച്ചു പോവുകയും വ്യാപനം കുത്തനെ ഉയരുകയും ചെയ്യും. തുടക്കത്തിൽ ഇത് മൂന്നു മുതൽ അഞ്ചുവരെയൊക്കെയാണ് കോവിഡിന് കണ്ടിരുന്നത്. ഇത് സ്വാഭാവികമായതാണെങ്കിലും മനുഷ്യരുടെ ഇടപെടൽ കൊണ്ട് കുറക്കാൻ സാധിക്കും.

രോഗാണുബാധ ഉള്ളയാളിന്റെ ശ്വാസകോശത്തിൽ നിന്നും നാസാരന്ധ്രത്തിൽ നിന്നും വരുന്ന സ്രവങ്ങൾ അടുത്ത് നിൽക്കുന്നയാളിന്റെ ഉള്ളിലേക്ക് കടന്നാണ് രോഗവ്യാപനം നടക്കുന്നതെന്ന് ആദ്യം തന്നെ തിരിച്ചറിഞ്ഞു. അകന്നു നിൽക്കുക, മാസ്‌ക് ധരിക്കുക എന്ന മാർഗങ്ങൾ സ്വീകരിച്ചാൽ വ്യാപനം തടയാൻ സാധിക്കുമെന്ന് കണ്ടെത്തുകയും ചെയ്തു. / Photo: Trinity Care Foundation, flickr

ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എങ്ങനെയാണ് പകരുന്നതെന്ന് മനസ്സിലാക്കി, അതിന് ഫലപ്രദമായ തടയിടുന്നതിലൂടെയാണ്​ ഇത് സാധിക്കുന്നത്. രോഗാണുബാധയുള്ളയാളിന്റെ ശ്വാസകോശത്തിൽ നിന്നും നാസാരന്ധ്രത്തിൽ നിന്നും വരുന്ന സ്രവങ്ങളിലാണ് രോഗാണുക്കളുള്ളതെന്നും തുമ്മുമ്പോഴും ചുമക്കുമ്പോഴും ഉറക്കെ സംസാരിക്കുമ്പോഴും അത് അടുത്ത് നിൽക്കുന്നയാളിന്റെ ഉള്ളിലേക്ക് മൂക്കിലൂടെ അകത്തേക്ക് കടന്നാണ് രോഗവ്യാപനം നടക്കുന്നതെന്നും ആദ്യം തന്നെ തിരിച്ചറിഞ്ഞു. അപ്പോൾ അത് തടയുന്നതിന്റെ ഭാഗമായി, അകന്നു നിൽക്കുക, മാസ്‌ക് ധരിക്കുക എന്നീ മാർഗങ്ങൾ സ്വീകരിച്ചാൽ വ്യാപനം തടയാൻ സാധിക്കും.

കാര്യം വളരെ ലളിതമാണ്. ഇങ്ങനെ നമ്മൾ ഇടപെടുന്നതിനനുസരിച്ച് വ്യാപനത്തോത് അഥവാ R number കുറക്കാനും സാധിക്കും. ഇന്ത്യയിൽ അത് 1.1 വരെയായി കുറഞ്ഞിരുന്നു. ഇപ്പോൾ വീണ്ടും 1.5 മുതൽ 3 വരെയായി വർധിച്ചിരിക്കയാണ്. അപ്പോൾ രോഗം പകരുന്നവരുടെ എണ്ണം കുത്തനെ ഉയർന്നു കൊണ്ടിരിക്കും. പകരുന്ന വിധത്തെക്കുറിച്ചുള്ള അവ്യക്തതകൾ മാറ്റാനുള്ള പഠനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു.

സ്രവകണികകളുടെ വലുപ്പത്തെക്കുറിച്ചാണ് അവ്യക്തതകളുണ്ടായിരുന്നത്. ഭാരമുള്ള കണികകൾ വഴിയുള്ളതിനേക്കാൾ വലിയ വ്യാപനം തീരെ ചെറിയ കണികകൾ വായുവിൽ തങ്ങി നിൽക്കുക വഴിയുണ്ടാകാം. അതിനുള്ള സാധ്യത ഉണ്ടെന്നാണ് അടുത്തിടെ വന്ന പഠനം കാണിക്കുന്നത്. അങ്ങനെ വരുമ്പോൾ ഇതേ നിയന്ത്രണ മാർഗങ്ങൾ തന്നെ കുറേക്കൂടി കർശനമായി ചെയ്യേണ്ടി വരും. അടച്ചിട്ട മുറികൾ ഒഴിവാക്കി ജനാലകൾ തുറന്നിടുക, കഴിയുന്നതും വിശാലമായ മുറികളിൽ ഒരുമിച്ച് ചേരുക, ലിഫ്റ്റും മറ്റും ഒഴിവാക്കാൻ പറ്റുമെങ്കിൽ അത് ചെയ്യുക, കാറിൽ ജനാല തുറന്നിട്ട് പോവുക, പല ആളുകൾ ഉപയോഗിക്കുന്ന മുറികളിൽ എയർ കണ്ടീഷനിംഗ് ഒഴിവാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ കൂടി മാസ്‌കിന് പുറമേ ചെയ്യേണ്ടി വരും.

ഈ ലളിതമായ നടപടികൾ മനുഷ്യർക്ക് സ്വമേധയാ ചെയ്യാൻ സാധിക്കാത്തതിന്റെ കാരണങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടാണ് ആദ്യ കാലം മുതൽ നിയന്ത്രണ പരിപാടികൾ ആരംഭിച്ചത്. രാജ്യാന്തര യാത്രകൾ വർധിച്ച ഈ കാലത്ത് ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തിലേക്ക് രോഗം കടക്കാതിരിക്കാനുള്ള തരം നിയന്ത്രണങ്ങളാണ് ആദ്യം തുടങ്ങിയത്. ഇതിന്റെ ലക്ഷണങ്ങളായ പനി, ചുമ, തൊണ്ട വേദന, തുടങ്ങിയ ലക്ഷണങ്ങളുള്ളവരെ എയർപോർട്ടിൽ വച്ച് തന്നെ കണ്ടെത്തി മാറ്റി താമസിപ്പിക്കുക, അവരുമായി ബന്ധപ്പട്ടവരെയും അവരെയും പരിശോധന നടത്തി നേരത്തെ കണ്ടെത്തി ചികിത്സിക്കുകയും മാറ്റി കിടത്തുകയും ചെയ്യുക എന്നതൊക്കെ ചെയ്തു വന്നു.

മാസ്‌കിന്റെ ശരിയായ രീതിയിലുള്ള ഉപയോഗം, സാമൂഹ്യ അകലം പാലിക്കുക, ആൾക്കൂട്ടം ഒഴിവാക്കുക തുടങ്ങിയ കോവിഡ് നിയന്ത്രണങ്ങളെല്ലാം കൈവിട്ടുപോയ വേളയായിരുന്നു തെരഞ്ഞെടുപ്പുകാലം.

കുറെ കാലം കർശന നിയന്ത്രണം ഏറെക്കുറെ പാലിച്ചുവെങ്കിലും കഴിഞ്ഞ ഏതാനും ആഴ്ചകളായി കൂടുതൽ അനാസ്ഥ കണ്ടിട്ടുണ്ട്. സംസാരിക്കുമ്പോൾ മാസ്‌ക് മാറ്റുക, ഒരുമിച്ച് ഭക്ഷണം കഴിക്കുക, കൂട്ടം കൂടുക എന്ന സ്വഭാവങ്ങൾ മാറ്റാൻ കഴിയാതെ വന്നു. തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ നിയന്ത്രണങ്ങളും കൈവിട്ടു പോയി. ലളിതമായ കാര്യമായിട്ടും അറിവുണ്ടായിട്ടും നമുക്ക് എന്തുകൊണ്ട് പ്രവർത്തിക്കാൻ കഴിയുന്നില്ല എന്ന് എല്ലാവരും സ്വയം പരിശോധിക്കണം.

ഒന്നാം തരംഗത്തിൽ സംഭവിച്ചത്

ആദ്യഘട്ടത്തിൽ കേരളം നടത്തിയ തയാറെടുപ്പുകളാണ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതിൽ നിന്ന്​ കുറച്ചൊക്കെ പിടിച്ചുനിർത്തിയത്. പുറംരാജ്യങ്ങളിൽ നിന്ന് വരുന്നവരുടെ പരിശോധനയും മാറ്റി പാർപ്പിക്കലും ഫലപ്രദമായി ചെയ്യാൻ സാധിച്ചു. പക്ഷെ, മറ്റു സംസ്ഥാനങ്ങളിൽ നിന്നുകൂടി രോഗവുമായി ആളുകളെത്തിയതോടെ സമൂഹവ്യാപനം ആരംഭിച്ചു. 2020 ജൂൺ മുതൽ രോഗികളുടെ എണ്ണം ക്രമേണ വർധിച്ചു തുടങ്ങി. ഒക്ടോബർ ആകുമ്പോഴേക്ക് ഏറ്റവും ഉയർന്ന നിരക്കിലെത്തുകയും അവിടെ നിന്ന് താഴുകയും ചെയ്യാൻ തുടങ്ങി. ഡിസംബർ അവസാനത്തിൽ നിന്നും ജനുവരിയിലേക്കെത്തുമ്പോൾ വീണ്ടും ചെറിയ വർധനവുണ്ടാവുകയും വീണ്ടും താഴുകയും ചെയ്തു.

ഇതര ദേശത്തൊഴിലാളികളെയും ദിവസക്കൂലിക്കാരെയും അവരുടെ ജീവിതത്തെയും പറ്റി ചിന്തിക്കാതെ, അവർക്ക് വേണ്ട സൗകര്യങ്ങളൊരുക്കാതെയാണ് ഇന്ത്യ ഗവണ്മെൻറ്​ ലോക്ഡൗൺ പ്രഖ്യാപിച്ചത്. ആ പ്രവൃത്തി തന്നെ അനേകം പേരുടെ ജീവനും ജീവിതവും നശിപ്പിച്ചു.

കേരളത്തെ ആദ്യഘട്ടത്തിൽ സഹായിച്ച ഘടകങ്ങളിൽ പ്രധാനമായത് പൊലീസിന്റെയും പ്രാദേശിക ഗവൺമെന്റുകളുടെയും പങ്കാളിത്തവും നിരീക്ഷണത്തിനായുള്ള പ്രാഥമികാരോഗ്യ കേന്ദ്ര (Primary health center) ങ്ങളിലെ ആരോഗ്യ പ്രവർത്തകരും സംവിധാനങ്ങളുമായിരുന്നു. ബ്രേക് ദ ചെയ്ൻ (Break the chain) ക്യാമ്പയിൻ വഴി ജനങ്ങളിലേക്ക് അറിവ് എത്തിക്കുകയും ചെയ്തു. പരിമിതമായ നമ്മുടെ ദ്വിതീയവും (Secondary health care institutions) തൃതീയവുമായ(Tertiary health care center), ഉയർന്ന തലത്തിലുള്ള സേവനം കൊടുക്കാനുള്ള ആശുപത്രികളെ സജ്ജമാക്കാൻ സമയം കിട്ടുകയും ചെയ്തു. സ്വകാര്യ ആശുപത്രികളെയും പ്രാഥമിക ചികിത്സക്കായി (First line treatment center) സൗകര്യങ്ങളുള്ള ആയുർവ്വേദ ആശുപത്രികൾ പോലെയുള്ള സ്ഥലങ്ങളെയും കണ്ടെത്താനായി.

അന്തർസംസ്ഥാന തൊഴിലാളികൾക്കും ദിവസക്കൂലിക്കാർക്കും അതിജീവിക്കാനുള്ള യാതൊരു സഹായവുമൊരുക്കാതെയാണ് കേന്ദ്രസർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇത് കുടിയേറ്റത്തൊഴിലാളികളുടെ കൂട്ടപലായനത്തിനു വഴിവെച്ചു. / Photo: pixabay

ആദ്യഘട്ടത്തിൽ കേരളവും ഇന്ത്യ ഒട്ടാകെയും ലോക്ഡൗണിലേക്ക് പോവുകയും അത് രണ്ടു മാസത്തോളം തുടരുകയും ഘട്ടംഘട്ടമായി അത് പിൻവലിക്കുകയുമാണുണ്ടായത്. ആ സമയത്ത്, ജനങ്ങളെ പ്രത്യേകിച്ച് സ്ഥിര വരുമാനക്കാരല്ലാത്ത സാധാരണക്കാരെയും ഇതര ദേശത്തൊഴിലാളികളെയും കേരള ഗവൺമെൻറ്​ പരിഗണിച്ചു എന്നത് എടുത്തുപറയേണ്ടതാണ്. ലോക്ക്​ഡൗൺ, ഇന്ത്യ പോലെയുള്ള രാജ്യത്ത് പ്രയോഗിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളെ മുൻ നിർത്തി വിമർശനങ്ങളും ഉയർന്നിരുന്നു. ഇതര ദേശത്തൊഴിലാളികളെയും ദിവസക്കൂലിക്കാരെയും അവരുടെ ജീവിതത്തെയും പറ്റി ചിന്തിക്കാതെ, അവർക്ക് വേണ്ട സൗകര്യങ്ങളൊരുക്കാതെയാണ് ഇന്ത്യ ഗവണ്മെന്റ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ആ പ്രവൃത്തി തന്നെ അനേകം പേരുടെ ജീവനും ജീവിതവും നശിപ്പിച്ചു.

ആരോഗ്യപ്രവർത്തകർക്ക് ആളുകൾ ശരിയായ വിവരങ്ങൾ തരാതിരിക്കുകയും, എന്നാൽ, പൊലീസ് ചോദിക്കുമ്പോൾ പെട്ടെന്ന് തന്നെ വിവരങ്ങൾ നൽകുകയും ചെയ്യുക എന്നത് അതിലൊന്നാണ്. അധികാരത്തിന് കീഴടങ്ങുകയും കൂടെ ജീവിക്കുന്നവരോട് കാരുണ്യമില്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്.

കേരളത്തിൽ ഭക്ഷണപ്പൊതികളും ആനുകൂല്യങ്ങളും മരുന്നും വീടുകളിലെത്തിക്കാൻ ശ്രമങ്ങളുണ്ടായി. അതിന് സഹായകമായത് പഞ്ചായത്തുകളുടെയും കുടുംബശ്രീയുടെയും ഒക്കെ പിന്തുണയായിരുന്നു.
ഇതെല്ലാമുള്ളപ്പോഴും നമ്മുടെ പോരായ്മകളെ കുറിച്ച് ചിന്തിക്കുകയും വേണം. ഇതിലൊന്ന് പുതിയ കാര്യങ്ങൾ ഗൗരവത്തോടെ പഠിക്കാനുള്ള താല്പര്യമില്ലായ്മയും അതിനുള്ള അവസരങ്ങളില്ലാത്തതും ആയിരിക്കും. ദൈനംദിന ജീവിതത്തിനു വേണ്ടി കഷ്ടപ്പെടുന്ന ആളുകൾക്ക് അതിന് കഴിയില്ലായിരിക്കും. ഇതിന് കഴിയുന്ന പലരും അമിതമായ ആത്മവിശ്വാസത്തോടെ, ഏതു രോഗത്തെയും നേരിടാൻ ആവി പിടിക്കുക, യോഗയും പ്രാണായാമവും ചെയ്യുക തുടങ്ങിയ ചില മാർഗങ്ങളുണ്ടെന്ന് വിശ്വസിക്കുന്നു.

വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്നതും എന്നാൽ വളരെ ലളിതമായ പ്രവർത്തനത്തിലൂടെ ഒഴിവാക്കാൻ കഴിയുന്നതുമായ രോഗ നിയന്ത്രണ പരിപാടിയിൽ പൊലീസ് ഫോഴ്‌സ് ഇല്ലാതെ എന്തുകൊണ്ടാണ് നമുക്ക് പങ്കാളികളാകാൻ കഴിയാത്തതെന്ന് ചിന്തിക്കണം. നിർബ്ബന്ധമായി പുറത്തുനിന്ന് ഏല്പിക്കേണ്ടി വരുമ്പോഴാണ് പൊലീസ് വേണ്ടിവരുന്നത്. ആദ്യ സമയത്ത് സമ്പർക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്ന സമയത്തുള്ള ചില അനുഭവങ്ങൾ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകർക്ക് ആളുകൾ ശരിയായ വിവരങ്ങൾ തരാതിരിക്കുകയും, എന്നാൽ, പൊലീസ് ചോദിക്കുമ്പോൾ പെട്ടെന്ന് തന്നെ വിവരങ്ങൾ നൽകുകയും ചെയ്യുക എന്നത് അതിലൊന്നാണ്. അധികാരത്തിന് കീഴടങ്ങുകയും കൂടെ ജീവിക്കുന്നവരോട് കാരുണ്യമില്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്.

വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്നതും എന്നാൽ വളരെ ലളിതമായ പ്രവർത്തനത്തിലൂടെ ഒഴിവാക്കാൻ കഴിയുന്നതുമായ രോഗ നിയന്ത്രണ പരിപാടിയിൽ പൊലീസ് ഫോഴ്‌സ് ഇല്ലാതെ എന്തുകൊണ്ടാണ് നമുക്ക് പങ്കാളികളാകാൻ കഴിയാത്തതെന്ന് ചിന്തിക്കണം. / Photo: Thrissur Rural Police, Twitter

ആദ്യഘട്ടത്തിലും പിന്നീടും കണ്ട ഒരു കാര്യം, മാസ്‌കില്ലാതെ കൂട്ടം കൂടുന്നതിൽ അധികാരികൾ എപ്പോഴാണോ വിട്ടുവീഴ്ച ചെയ്യുന്നത് അപ്പോൾ ജനങ്ങൾ അതുവരെ പഠിച്ചതും ചെയ്തു കൊണ്ടിരുന്നതുമായ കാര്യങ്ങൾ ഉപേക്ഷിക്കുന്നു എന്നതാണ്. കേരളത്തിൽ ഓണം, തെരഞ്ഞെടുപ്പ്, ഉത്സവങ്ങൾ പോലെയുള്ള ആഘോഷങ്ങൾ ഉണ്ടാകുമ്പോൾ അധികാരികളും ചിലപ്പോൾ വിട്ടുവീഴ്ച ചെയ്യുകയും ആളുകൾ നിയന്ത്രണമില്ലാതെ പെരുമാറുകയും ചെയ്യുന്നു.

സയൻസ് ലോകം പഠിച്ചതെന്ത്?

കോവിഡ് വ്യാപനം ശാസ്ത്രലോകത്തെ കൂടുതൽ പ്രവർത്തനനിരതവും കാര്യക്ഷമവും ആക്കുകയാണ് ചെയ്തത്. വൈറസുകൾക്കുള്ളിലെ ന്യൂക്ലിക് ആസിഡുകൾ അടിസ്ഥാനമാക്കിയുള്ള ടെസ്റ്റുകളാണ് (RT-PCR) ആദ്യം മുതൽ രോഗം ഉറപ്പാക്കാൻ ഉപയോഗിച്ചത്. ടെസ്റ്റ് ആദ്യം പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്‌ മാത്രമാണ് ചെയ്തു തുടങ്ങിയതെങ്കിലും പിന്നീട് മറ്റു ലാബുകളിലും ചെയ്തു തുടങ്ങി.

രോഗാണുക്കൾ നിശ്ചിത അളവിൽ ശരീരത്തിലുള്ളപ്പോൾ മാത്രമേ ടെസ്റ്റ് പോസിറ്റീവ് ആയി കിട്ടുകയുള്ളൂ. അതുകൊണ്ട് ഇന്ന് അണുബാധ തുടങ്ങിയ നെഗറ്റീവ് ആയ ഒരാൾക്ക് നാളെ പോസിറ്റീവ് ആകാം. അതേപോലെ ടെസ്റ്റ് നെഗറ്റീവ് ആയതുകൊണ്ട് ഇനി ഈ രോഗം വരില്ല എന്നർത്ഥമില്ല.

കേരളത്തിൽ ഗവണ്മെന്റും പ്രൈവറ്റുമായി അൻപതോളം ലാബുകളിൽ ഇപ്പോൾ ഈ ടെസ്റ്റ് നടക്കുന്നുണ്ട്. ഇതോടൊപ്പം ട്രൂ നാറ്റ് (True NAAT), ജീൻ എക്‌സ്‌പെർട് (Gene expert) എന്നീ ടെസ്റ്റുകളും മിക്ക ലാബുകളിലും ലഭ്യമാണ്. തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നും എളുപ്പം സ്രവം എടുക്കാം. ഇത് വേണ്ട രീതിയിൽ കവർ ചെയ്യുകയും ആവശ്യമായ വിവരങ്ങൾ കൂടി വെച്ച് ലാബിൽ എത്തിക്കുകയും ചെയ്യുന്നതിനൊക്കെയുള്ള കൃത്യമായ ഗൈഡ്‌ലൈനുകളുണ്ട്. ലാബറട്ടറികളിലെ സുരക്ഷിതത്വവും ശ്രദ്ധിക്കേണ്ടതുണ്ട്.

ആന്റിജൻ ഉപയോഗിച്ചുള്ള ടെസ്റ്റുകൾ കൂടുതൽ വ്യാപകമായി ചെയ്യുന്നു. തത്സമയം തന്നെ റിസൾട്ട് അറിയാൻ കഴിയുന്നതുകൊണ്ട് അത്തരം ആവശ്യങ്ങൾക്ക് ഇത് ഉപകാരപ്രദമാണ്. വൈറസിനെതിരെ ശരീരം ഉത്പാദിപ്പിക്കുന്ന ആൻറിബോഡികളും രക്തം ടെസ്റ്റ് ചെയ്ത് രോഗാണുബാധ ഉണ്ടായിട്ടുണ്ടോ എന്നറിയാൻ സാധിക്കും. എന്നാൽ, രോഗം ബാധിച്ച ഉടനെ തന്നെ അറിയാൻ കഴിയുന്ന ടെസ്റ്റുകളാണ് രോഗികളെയും ബന്ധപ്പെട്ടവരെയും മാറ്റി പാർപ്പിക്കുന്നതിന് ആവശ്യം എന്നതിനാൽ ആദ്യം പറഞ്ഞ ടെസ്റ്റുകളാണ് നമുക്ക് കൂടുതലായി ആവശ്യം. സമൂഹത്തിൽ എത്ര പേരെ ബാധിച്ചിട്ടുണ്ട് എന്നറിയാൻ ആൻറിബോഡി ടെസ്റ്റുകൾ ഉപയോഗിക്കാം.

വൈറസുകൾക്കുള്ളിലെ ന്യൂക്ലിക് ആസിഡുകൾ അടിസ്ഥാനമാക്കിയുള്ള ടെസ്റ്റുകളാണ് ആദ്യം മുതൽ രോഗം ഉറപ്പാക്കാൻ ഉപയോഗിച്ചത്. തൊണ്ടയിൽ നിന്നോ മൂക്കിൽ നിന്നോ എടുത്ത സ്രവങ്ങൾ വേണ്ടരീതിയിൽ കവർ ചെയ്യുകയും ആവശ്യമായ വിവരങ്ങൾ കൂടിവെച്ച് ലാബിൽ എത്തിക്കുകയും ചെയ്യുന്നതിന് കൃത്യമായ ഗൈഡ് ലൈനുകളുണ്ട്. / Photo: Governor Tom Wolf, flickr

സയൻസിന്റെ മേഖലയിൽ നടക്കുന്ന ഒട്ടേറെ ഗവേഷണങ്ങളിൽ, രോഗനിയന്ത്രണങ്ങൾക്ക് ഉപകരിക്കുന്നവയാണ് ജനങ്ങളിലേക്കെത്തുന്നത്. അവ ഉപയോഗപ്പെടുത്തുന്നതോടൊപ്പം ചില തത്വങ്ങൾ ഉൾക്കൊള്ളുകയും വേണം. അതിലൊന്ന്, ഏതു സമയത്താണ് ടെസ്റ്റ് ചെയ്യേണ്ടത്​ എന്നുള്ളതാണ്. രോഗാണുക്കൾ നിശ്ചിത അളവിൽ ശരീരത്തിലുള്ളപ്പോൾ മാത്രമേ ടെസ്റ്റ് പോസിറ്റീവ് ആയി കിട്ടൂ. അതുകൊണ്ട് ഇന്ന് അണുബാധ തുടങ്ങിയ നെഗറ്റീവ് ആയ ഒരാൾക്ക് നാളെ പോസിറ്റീവ് ആകാം. അതേപോലെ ടെസ്റ്റ് നെഗറ്റീവ് ആയതുകൊണ്ട് ഇനി രോഗം വരില്ല എന്നർത്ഥമില്ല. തൽക്കാലം രോഗാണു നമ്മുടെ ശരീരത്തിൽ പ്രവേശിച്ചിട്ടില്ല എന്നുമാത്രമേ അർത്ഥമുള്ളൂ.

ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആണെന്ന് കാണുന്ന ആളുകൾ, ഉദാസീനതയോടെ, ഇനി മാസ്‌ക് വേണ്ട എന്ന തരത്തിൽ പെരുമാറുന്നത് കാണാം. സയൻസിന്റെയും ടെക്‌നോളജിയുടെയും ഫലങ്ങൾ ഉപയോഗപ്പെടുത്തുമ്പോൾ അത് നമുക്കും മറ്റുള്ളവർക്കും കൂടി പ്രയോജനം ചെയ്യേണ്ടതാണെന്ന ബോധ്യവും വേണം. ചിലപ്പോൾ ഇത് ചെയ്യേണ്ടി വരുന്നത് മറ്റുള്ളവരെ സംരക്ഷിക്കാൻ കൂടി വേണ്ടിയാകും. അപ്പോൾ സ്വന്തം താൽപര്യം മാത്രം നോക്കിയാൽ പോരാ. ചെറിയ അനാസ്ഥകൾ പോലും രോഗവ്യാപനത്തിന് ഇടയാക്കുന്നുണ്ട്.

വാക്‌സിൻ എടുത്താലും അതിന്റെ ഫലം ഉണ്ടാകാൻ രണ്ട് മാസത്തിൽ കൂടുതൽ എടുക്കും. മറ്റുള്ളവർക്ക് രോഗം പകർത്താതിരിക്കുമെന്ന ഉറപ്പുമില്ല. 60 ശതമാനത്തോളം പേർ എങ്കിലും ഇമ്മ്യൂണിറ്റി നേടിയാൽ മാത്രമേ സമൂഹവ്യാപനം തടയാൻ കഴിയൂ.

ശാസ്ത്രലോകം ഒരുമിച്ച് അധ്വാനിച്ച് മുമ്പൊരിക്കലും സാധ്യമാകാതിരുന്ന തരത്തിൽ വളരെ വേഗം വാക്‌സിനുകൾ കണ്ടെത്തുകയും അത് ജനങ്ങളിൽ എത്തിക്കുകയും ചെയ്തു. അരഡസൻ വാക്‌സിനുകളെങ്കിലും ഇപ്പോൾ ഉപയോഗിച്ച് വരുന്നുണ്ട്. ന്യൂക്ലിക് ആസിഡ് (Nucleic acid- RNA, DNA), വെക്ടർ (Vector) , ഹോൾ വൈറസ് (Whole virus), പ്രോട്ടീൻ സബ് യൂണിറ്റ് (Protein subunit) വാക്‌സിനുകൾ എന്നിങ്ങനെ വ്യത്യസ്ത പ്ലാറ്റുഫോമുകളിൽ കോവിഡ് -19 വാക്‌സിനുകൾ വികസിപ്പിക്കാൻ കഴിഞ്ഞു എന്നത് വലിയ നേട്ടമാണ്. ഓരോന്നിന്റെയും ഫലപ്രാപ്തിയും സുരക്ഷിതത്വവും നമുക്ക് അറിയാൻ കഴിയുന്നു.

ഇന്ത്യയിൽ തന്നെ കോവിഷീൽഡ് (Covishield- vector type), കോവാക്‌സിൻ (Covaxin-whole virus type) എന്ന രണ്ട് തരം വാക്​സിനുകൾ വികസിപ്പിച്ചിട്ടുണ്ട്. ഇവ രണ്ടും ഫലപ്രദവും സുരക്ഷിതവുമാണ്. എല്ലാവർക്കും ഉടനെ നൽകാൻ കഴിയുന്നത്ര തോതിൽ നമുക്ക് ഉത്പാദിപ്പിക്കാൻ കഴിയുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. ഈ ഒരു സാഹചര്യത്തിലും നമ്മൾ ആലോചിക്കേണ്ടത്, നമ്മുടെയും എല്ലാവരുടെയും സുരക്ഷിതത്വമാണ്.

വാക്‌സിൻ എടുത്താലും അതിന്റെ ഫലം ഉണ്ടാകാൻ രണ്ട് മാസത്തിൽ കൂടുതൽ എടുക്കും. മറ്റുള്ളവർക്ക് രോഗം പകർത്താതിരിക്കുമെന്ന ഉറപ്പുമില്ല. 60 ശതമാനത്തോളം പേർ എങ്കിലും ഇമ്യൂണിറ്റി നേടിയാൽ മാത്രമേ സമൂഹവ്യാപനം തടയാൻ കഴിയൂ. പ്രധാനമായും രോഗത്തിന്റെ തീവ്രത കുറക്കുകയാണ് വാക്‌സിൻ ലക്ഷ്യം വക്കുന്നത്. എന്നാൽ, ഈ വസ്തുതകൾ വേണ്ട രീതിയിൽ മനസ്സിലാക്കാതെ വാക്‌സിൻ എടുത്തു എന്ന ഉറപ്പിൽ മറ്റു സുരക്ഷിതത്വ മാർഗങ്ങൾ ഉപേക്ഷിക്കുകയോ അതിൽ അയവു വരുത്തുകയോ ചെയ്യുന്നത് വീണ്ടും രോഗ വ്യാപനത്തിന് ഇടയാക്കുകയും ചെയ്യുന്നു. രോഗം വരാതിരിക്കാനാണ് വാക്‌സിൻ എടുക്കുന്നതെന്നിരിക്കെ, അതിനു വേണ്ടി കൂട്ടംകൂടുകയും തല്ലു കൂടുകയും ചെയ്യുന്നതും നമ്മൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു. എത്ര മാത്രം അർത്ഥശൂന്യമായ പ്രവൃത്തിയാണത്.

കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി സ്‌കൂളിലെ വാക്‌സിനേഷൻ കേന്ദ്രത്തിലെ തിരക്ക്

എല്ലാവർക്കും പെട്ടെന്ന് വാക്‌സിൻ എടുക്കുക വഴി സമൂഹത്തെ മൊത്തത്തിൽ രോഗവിമുക്തമാക്കാനാണ് നമ്മൾ ആഗ്രഹിക്കുന്നത്. എന്നാൽ, ലഭ്യമല്ലാത്തപ്പോൾ സമാധാനത്തോടെ ലഭ്യമായ നിവാരണ മാർഗങ്ങൾ ഉപയോഗിക്കുകയല്ലേ വേണ്ടത്? ഇല്ലാത്ത വാക്‌സിനായി, അല്ലെങ്കിൽ വാക്‌സിൻ എടുക്കാൻ കൂട്ടം കൂടി രോഗം വരുത്തിവെക്കുന്നത് ചിന്താശൂന്യയതയല്ലേ? സയൻസിന്റെ ഗുണഫലങ്ങൾ ഉപയോഗിക്കുന്നതോടൊപ്പം അതിന്റെ തത്വങ്ങൾ ജനങ്ങൾ മനസ്സിലാക്കുകകൂടി ചെയ്യേണ്ടത് വളരെ ആവശ്യമാണെന്നതാണ് ഇതും കാണിക്കുന്നത്.

ചികിത്സക്കായുള്ള ഗവേഷണങ്ങളും ആദ്യം മുതൽ നടന്നു വരുന്നു. പല മരുന്നുകളും പരീക്ഷിച്ച് വലിയ ഫലമില്ലെന്നുകണ്ട് ഉപേക്ഷിച്ചിട്ടുണ്ട്. പ്ലാസ്മാ തെറാപ്പി (Plasma therapy), ഹൈഡ്രോക്‌സി ക്വിനോലിൻ (Hydroxy-quinoline) തുടങ്ങിയവകൊണ്ട് വലിയ ഫലം കണ്ടിട്ടില്ല. എയ്ഡ്സ് ചികിത്സക്കുപയോഗിക്കുന്ന മരുന്നുകളും ഫലം കണ്ടിട്ടില്ല. ശരീരത്തിലെ പ്രതിരോധ ക്ഷോഭം (Immune storm) അടക്കാനുള്ള സ്റ്റീറോയ്ഡുകളും രക്തം കട്ടപിടിക്കുന്നത് തടയാനുള്ള മരുന്നുകളുമാണ് ഇപ്പോൾ നൽകുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വൈറസിനെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്ന അടിസ്ഥാനത്തിൽ വിറ്റിരുന്ന ആൻറി വൈറൽ ഷർട്ടിനെതിരെ കൺസ്യൂമർ കംപ്ലൈൻറ്​‌സ് കൗൺസിൽ നടപടി എടുത്തത്. ഇത് പോലെയുള്ള വ്യാജ വില്പനകളെയും ചൂഷണങ്ങളെയും തുറന്നു കാട്ടാൻ തന്നെ ഒരു വലിയ വർക്ക് ഫോഴ്‌സ് വേണ്ടിവരും.

ഗുരുതര ശ്വാസകോശ പ്രശ്‌നമുള്ളവർക്ക് ഓക്‌സിജനും ചിലപ്പോൾ വെൻറിലേറ്ററുകളും വേണ്ടിവരും. മരുന്നുദൗർലഭ്യം വലിയ പ്രശ്‌നമായി കേൾക്കുന്നില്ല. മരുന്നിന്റെ ഫലത്തെക്കുറിച്ചും പാർശ്വഫലങ്ങളെ കുറിച്ചുമുള്ള ശാസ്ത്രീയപഠനങ്ങളും അവയുടെ മെറ്റാ അനാലിസിസു (meta-analysis)മൊക്കെ വിലയിരുത്തിയാണ് ലോകാരോഗ്യസംഘടനയും വിദഗ്ധസമിതികളും ചികിത്സാ പ്രോട്ടോകോൾ നിർണയിക്കുന്നത്. സയൻസ് വളരെ മുന്നിലും ചികിത്സകരും പൊതുജനങ്ങളും അടങ്ങുന്ന പ്രയോക്താക്കളുടെ മനഃസ്ഥിതി പിറകിലുമായാണ് പൊതുവെ കാണുന്നത്. സയൻസിനെ ഉൾക്കൊണ്ടുള്ള ജീവിതസമീപനം ഒരു ശീലമായി നമ്മൾ വളർത്തിയെടുത്തിട്ടില്ല. അതിനാൽ, പല അശാസ്ത്രീയ രീതികളും മോഡേൺ മെഡിസിൻ ചികിത്സകർ തന്നെ സയന്റിഫിക് എന്ന രീതിയിൽ പ്രചരിപ്പിക്കുന്നതും കാണുന്നു. ഇത് കപടമായ ഒരു ആത്മവിശ്വാസം ജനങ്ങൾക്ക് നൽകുകയും, വേണ്ട കാര്യങ്ങൾ അവർ പിന്തുടരാതിരിക്കുകയും ചെയ്യുമെന്നതാണ് ഇതിലെ അപകടം. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വൈറസിനെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്ന അടിസ്ഥാനത്തിൽ വിറ്റിരുന്ന ആന്റി വൈറൽ ഷർട്ടിനെതിരെ കൺസ്യൂമർ കംപ്ലൈൻറ്​‌സ് കൗൺസിൽ നടപടി എടുത്തത്. ഇത് പോലെയുള്ള വ്യാജ വില്പനകളെയും ചൂഷണങ്ങളെയും തുറന്നു കാട്ടാൻ തന്നെ ഒരു വലിയ വർക്ക് ഫോഴ്‌സ് വേണ്ടിവരും.

ജനിതക പഠനങ്ങളിലും വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ജീൻ സീക്വൻസിങ് (Gene sequencing) പഠനങ്ങൾ നടക്കുന്നു. ഇടക്കിടെ വൈറസിനുണ്ടാകുന്ന ജനിതകവ്യതിയാനങ്ങൾ ഇതിലൂടെയാണ് പഠിക്കുന്നത്. ഈ പഠനങ്ങളും രോഗവ്യാപനത്തെ മനസ്സിലാക്കാൻ ഉപയുക്തമായ തരത്തിൽ ജനറ്റിക് എപ്പിഡെമിയോളജിയും (Genetic epidemiology) ട്രാൻസ്ലേഷണൽ മെഡിസിനും (Translational medicine) വികസിച്ചുകൊണ്ടിരിക്കുന്നു. ഇതെല്ലാം ജനങ്ങളുടെ അറിവിലേക്ക് പരിഭാഷപ്പെടുത്തുകയും മുതൽകൂട്ടാക്കുകയും വേണം.

കോവിഡും മരണവും

കോവിഡിനെ നമ്മൾ ഭയക്കാൻ കാരണം അതിൽ നിന്നുണ്ടാകുന്ന മരണങ്ങൾ തന്നെയാണ്. ഹോസ്പിറ്റലിൽ നിന്ന്​ ഓരോ മരണവും രേഖപ്പെടുത്താൻ എന്നെ വിളിച്ച് പറയാറുണ്ട്. ഓരോ കോൾ വരുമ്പോഴും മനസ്സൊന്നു പിടയും. ആ ഓരോ മരണവും കോവിഡ് വന്നില്ലായിരുന്നെങ്കിൽ അല്ലെങ്കിൽ അത് തടയാൻ കഴിഞ്ഞിരുന്നെങ്കിൽ ഉണ്ടാകുമായിരുന്നില്ലല്ലോ എന്ന ചിന്തവരും. കോവിഡ് കുറഞ്ഞിരുന്ന കഴിഞ്ഞ മാസങ്ങളിൽ അത് മൂലമുള്ള മരണങ്ങളും കുറവായിരുന്നു. ഇപ്പോൾ കോവിഡിന്റെ എണ്ണം വർധിക്കുന്നതിനനുസരിച്ച് മരണങ്ങളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നു.

കോവിഡ് ബാധിച്ച്​ മരിച്ചവരുടെ മൃതദേഹങ്ങൾ ഗാസിയാബാദിലെ ശ്മശാനത്തിനു മുമ്പിൽ നിരനിരയായിവെച്ച നിലയിൽ

വളരെ കുറഞ്ഞ മരണനിരക്കുള്ള, അതായത് ഒരു ശതമാനമോ അതിലും താഴെയോ മാത്രം മരണനിരക്കുള്ള രോഗമാണിത്. എന്നിട്ടും നമ്മൾ മരണത്തെ ഭയക്കുന്നതെന്താണ്? ശ്വാസത്തിലൂടെ പകരുന്നതിനാൽ ഇതിന്റെ പെട്ടെന്നുള്ള വ്യാപനമാണ് കാരണം. പെട്ടെന്ന് പടർന്നു പിടിക്കുമ്പോൾ വലിയ ഒരു ജനസംഖ്യയുടെ ചെറിയ ശതമാനം പോലും വലിയ ഒരു എണ്ണമാകുന്നു. മറ്റൊന്ന്, കൂടുതൽ പേരെ ബാധിക്കുമ്പോൾ പ്രായമായവരെയും മറ്റു രോഗങ്ങളുള്ളവരെയും ബാധിക്കുന്ന തോതും വർധിക്കുന്നു. അതും മരണങ്ങൾ കൂടുന്നതിന് കാരണമാകും.

കോവിഡിന്റെ എണ്ണം വർധിക്കുന്നതിനനുസരിച്ച് മരണങ്ങളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നു. വളരെ കുറഞ്ഞ മരണനിരക്കുള്ള, അതായത് ഒരു ശതമാനമോ അതിലും താഴെയോ മാത്രം മരണനിരക്കുള്ള രോഗമാണിത്. എന്നിട്ടും നമ്മൾ മരണത്തെ ഭയക്കുന്നതെന്താണ്?

ഇനി, അതിനേക്കാൾ അപകടം പിടിച്ച കാര്യം രോഗികൾ വർധിക്കുമ്പോൾ ആരോഗ്യ സംവിധാനങ്ങൾ തകരാറിലാവുമെന്നതാണ്. കൂടുതൽ സംവിധാനങ്ങളും കോവിഡിനായി മാറ്റി വെക്കുമ്പോൾ, മറ്റു രോഗം ബാധിച്ചവർക്കും ഗർഭിണികൾക്കുമൊക്കെ കിട്ടേണ്ട സേവനം കുറയുന്നു. ആരോഗ്യ പ്രവർത്തകരെ കൂടുതലായി ബാധിച്ചാലും അത് രോഗികൾക്കുള്ള സേവനം കുറയുന്നതിനും മരണങ്ങൾക്കും കാരണമാകും. ഇന്ത്യയുടെ പല ഭാഗത്തും ശ്മശാനങ്ങൾ നിറയുന്ന കാഴ്ച കാണുന്നു. കേരളത്തിൽ ഇത് വരെ നമുക്ക് മരണങ്ങൾ കുറച്ച് നിർത്താൻ സാധിച്ചിട്ടുണ്ട്.

കോവിഡും ജീവിതവും

മരണം പോലെ തന്നെ കോവിഡ് കാലത്തെ ജീവിതവും ദുരിതമായി തന്നെ നമ്മൾ അനുഭവിച്ചതാണ്. ലോക്ക്​ഡൗണും മറ്റു നിയന്ത്രണങ്ങളും മൂലം മിക്കവാറും എല്ലാ സ്ഥലങ്ങളിലെയും സമ്പദ്‌വ്യവസ്ഥ തകർന്നു. പ്രത്യേകിച്ച് സാമ്പത്തിക നില താഴ്ന്ന രാജ്യങ്ങളിൽ. ഇന്ത്യയിലൊക്കെ തൊഴിലില്ലായ്മ വർധിക്കുകയും ഉത്പാദനം കുറയുകയും ചെയ്തു എന്നാണ് കണക്കുകൾ കാണിക്കുന്നത്. തൊഴിൽ നഷ്ടപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും പിന്നോക്ക വിഭാഗങ്ങളുമാണ്. മറ്റു സംസ്ഥാനങ്ങളിൽ പോയി ജോലി ചെയ്യുന്നവരുടെ ജീവിതം അപ്പാടെ തകർന്നു. വേറെ വല്ല നാട്ടിലെയും ആശുപത്രികളിൽ കിടന്നു മരിക്കുന്നവരുടെ ശവശരീരങ്ങൾ പോലും ബന്ധുക്കൾക്ക് കിട്ടാറില്ല. മരിക്കുന്ന സമയത്തും അതിനുശേഷവും വേണ്ട ഉപചാരങ്ങൾ ലഭിക്കുന്നില്ല. വിദ്യാർത്ഥികളായ യുവാക്കളിൽ പലർക്കും നിരാശയും വിഷാദരോഗവും ബാധിച്ചു. യുവാക്കൾക്ക് പ്രണയ ജീവിതവും സാമൂഹ്യ ജീവിതവും നഷ്ടപ്പെടുന്നു. വിനോദ സഞ്ചാരങ്ങൾ കുറഞ്ഞു. ഇതെല്ലാം മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പൊതുവെ, വയലൻസ് വളരെയധികം വർധിച്ചിട്ടുണ്ട്.

ഡൽഹിയിലെ കോവിഡ് ഹോസ്പിറ്റലിനു മുമ്പിൽ നിന്ന് / Photo: barkha dutt, Twitter

ജീവിതം മാറ്റിമറിച്ചത് വഴിയുണ്ടായ ചില ഗുണങ്ങളും കാണേണ്ടതുണ്ട്. ആളുകൾ കമ്മ്യൂണിക്കേഷന് കൂടുതൽ ടെക്നോളജി ഉപയോഗിക്കുകയും അതിൽ വൈദഗ്ധ്യമുണ്ടാവുകയും ചെയ്തു. വ്യാപകമായ ഓൺലൈൻ ക്ലാസ്സുകളും മീറ്റിങ്ങുകളും ഇതിനുദാഹരണമാണ്. യുവാക്കളിൽ ധാരാളം പേര് അവരുടെ സർഗ്ഗാത്മകതക്കും ആവിഷ്‌കാരങ്ങൾക്കുമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു. സിനിമകളും വീഡിയോകളും ഉണ്ടാക്കാൻ പുതിയ ടെക്നോളജി കണ്ടെത്തുന്നു. തിയേറ്ററുകൾക്ക് പുറത്തും വിനോദ വ്യവസായവും വിതരണവും നടക്കുന്നു.

എന്താണ് രണ്ടാം തരംഗം?

കോവിഡ് തരംഗം സുനാമി പോലെ പല രാജ്യങ്ങളിലും ഫെബ്രുവരി പകുതി മുതൽ ഉയർന്നു വരികയാണ്. അപകടസാധ്യത കൂടിക്കൊണ്ടിരിക്കുന്നതായാണ് ലോകാരോഗ്യസംഘടന വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലാണ് ഏറ്റവും വലിയ കുതിപ്പുണ്ടായത്. അതിൽ വലിയ പങ്കുവഹിക്കുന്നത് ഇന്ത്യയാണ്. ലോകത്തിൽ ഏറ്റവും കോവിഡ് രോഗികളുള്ള രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. കേരളത്തിൽ മാർച്ച് മുതൽ രോഗികളുടെ എണ്ണം കുത്തനെ ഉയരാൻ തുടങ്ങി.

അമിതമായ പാരമ്പര്യവാദം കുംഭമേള പോലെയുള്ള ആൾക്കൂട്ടങ്ങൾ തടയാതിരിക്കുന്നതിനും അശാസ്ത്രീയമായ പ്രതിവിധികൾ ജനങ്ങൾക്കിടയിൽ പ്രചരിക്കുന്നതിനും വഴിയൊരുക്കി.

സ്വാഭാവികമായും രണ്ടോ അതിലധികമോ തരംഗങ്ങൾ പാൻഡെമിക്കുകളുടെ കാര്യത്തിൽ ഉണ്ടാകാം. ജനങ്ങളുടെ, വ്യത്യസ്ത വിഭാഗങ്ങളിൽ പെടുന്നവരുടെ, സഞ്ചാരങ്ങളും സാമൂഹ്യഘടനയിൽ വരുന്ന ഒഴിവാക്കാനാകാത്ത മാറ്റങ്ങളുമൊക്കെ രോഗം കുറഞ്ഞിരിക്കുന്ന സ്ഥലത്ത് പെട്ടെന്ന് വ്യാപനമുണ്ടാകാനും അത് മറ്റിടങ്ങളിലേക്ക് വ്യാപിക്കാനും ഇടയാകും. എന്നാൽ, ഇത് മുൻകൂട്ടി കണ്ട് ജാഗ്രതയോടെ നിയന്ത്രിക്കാനുള്ള അറിവ് ഇപ്പോഴുണ്ട്. അതിന് കഴിയാതിരുന്നതിന് പ്രധാനമായും രണ്ട് ഘടകങ്ങളാണ് കാരണം. ഒന്ന്, നിവാരണ മാർഗങ്ങളിൽ വന്ന അയവുകളും ശുഷ്‌കാന്തിക്കുറവും. രണ്ട്, ജനിതകവ്യതിയാനം വന്ന വൈറസുകൾ. പ്രധാനമായും മൂന്നുതരം വ്യതിയാനം സംഭവിച്ച വൈറസുകളാണ് പഠന വിധേയമാക്കിയിരിക്കുന്നത്. SARS COV 2 (VOC- Variants of Concern) എന്ന് ഇവ അറിയപ്പെടുന്നു. ഇവ അതിവ്യാപന ശേഷിയുള്ളതും ചിലത് കൂടുതൽ അപകടകാരികളും മനുഷ്യരുടെ പ്രതിരോധത്തെ അതിജീവിക്കുന്നതുമാണ്. ഇന്ത്യയിൽ ഈ മൂന്നു വ്യതിയാനങ്ങളും കണ്ടെത്തിയിട്ടുണ്ട്. മറ്റു ചില വ്യതിയാനങ്ങൾ കൂടി പഠന വിഷയമാക്കി വരുന്നുണ്ട്.

ഇന്ത്യയിൽ വ്യാപനത്തിന്റെ ഗതി അറിഞ്ഞ് വേണ്ട നടപടികൾ എടുക്കുന്നതിൽ വലിയ പാളിച്ച ഉണ്ടായിട്ടുണ്ട്. വ്യതിയാനം വന്ന വൈറസിനോടൊപ്പം അത് കൂടിയാണ് വലിയ കയറ്റത്തിന് കാരണമായത്. അമിതമായ പാരമ്പര്യവാദം, കുംഭമേള പോലെയുള്ള ആൾക്കൂട്ടങ്ങൾ തടയാതിരിക്കുന്നതിനും അശാസ്ത്രീയമായ പ്രതിവിധികൾ ജനങ്ങൾക്കിടയിൽ പ്രചരിക്കുന്നതിനും വഴിയൊരുക്കി. അതോടൊപ്പം ഇലക്ഷൻ കാലത്തെ, കോവിഡ് മറന്നുകൊണ്ടുള്ള പ്രകടനങ്ങളും പ്രചാരണങ്ങളും. അതേസമയം 30 ശതമാനം ആളുകൾക്കും വാക്‌സിൻ നൽകാനുള്ള തീരുമാനത്തിനനുസരിച്ച് ആവശ്യമായ നടപടികൾ കൈക്കൊണ്ടതുമില്ല.

കോവിഡ് പ്രതിസന്ധിയ്ക്കിടെ നടന്ന കുംഭമേളയിലെ ആൾക്കൂട്ടം

കേരളത്തിലും രണ്ടാം തരംഗം ഉണ്ടായതിനു കാരണം തെരഞ്ഞെടുപ്പ്, ഉത്സവങ്ങൾ, പൊതുവെ വാക്‌സിൻ വന്നതിനു ശേഷമുണ്ടായ അനാസ്ഥ എന്നിവയാണ്. പാരമ്പര്യവാദവും രാഷ്ട്രീയവും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്നതും കാണാം. മതാചാരങ്ങൾക്കപ്പുറത്തേക്ക് ശാസ്ത്രബോധം വളർത്താൻ നമുക്ക് സാധിച്ചിട്ടില്ല. ഭീതിദമായ തരത്തിൽ അജ്ഞത കൊണ്ട് നടക്കാൻ ചില വിഭാഗങ്ങൾക്ക് കഴിയുന്നു. തൃശൂർ പൂരം നടത്താൻ ബന്ധപ്പെട്ടവർ വാശിയോടെ കാണിച്ച ആവേശം അതിനുദാഹരണമാണ്. അജ്ഞതയിൽ അഭിമാനം കണ്ടെത്തുന്നത് ആത്മഹത്യാപരമാണ്. സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാനും മറ്റ് വിഭാഗങ്ങളുമായി സംവദിക്കാനും എല്ലാവരും തയാറായില്ലെങ്കിൽ സുനാമിക്ക് എല്ലാവരും കീഴ്പ്പെടേണ്ടി വരും. ഭരണാധികാരികൾ ഇവിടെ വളരെ വലിയ ഉത്തരവാദിത്വം എടുക്കേണ്ടതുണ്ട്. പലവിധ ഇടപെടലുകളിലൂടെ ഇപ്പോഴത്തെ അപകടം ഒഴിവാക്കാൻ പൗരസമൂഹത്തിന് കഴിഞ്ഞു എന്നത് നേട്ടമാണ്. എങ്കിലും എപ്പോഴും തലപൊക്കാവുന്ന വിലക്ഷണമായ ഒരു മൗഢ്യം സംസ്‌കാരത്തിന്റെ മറവിൽ പതിയിരുപ്പുണ്ട്.

ഭരണ സംവിധാനങ്ങൾ എന്ത് ചെയ്യണം?

കോവിഡ് പോലെയുള്ള മഹാമാരികൾ ആരോഗ്യസംവിധാനങ്ങൾക്ക് മാത്രം കൈകാര്യം ചെയ്യാവുന്നതല്ല. അതിന്റെ പ്രത്യാഘാതങ്ങളും സമസ്ത ജീവിതത്തെയും ബാധിക്കും. നിരന്തരം രോഗവ്യാപനത്തെ കുറിച്ചുള്ള അറിവ് പുതുക്കുകയും അതിനനുസരിച്ച് പദ്ധതികൾ തയാറാക്കുകയുമാണ് പ്രധാനം. ഇതിനായി വിദഗ്ധരുടെ ഗ്രൂപ്പ് ഉണ്ടാക്കുകയും വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനവും ആശയവിനിമയവും വേണം. ഏറെക്കുറെ ഈ രീതിയിൽ പോയതാണ് കേരളത്തിൽ ഒന്നാം ഘട്ടത്തിൽ വ്യാപനം നീട്ടിവെക്കാനും ഗ്രാഫിക് കർവ് (graphic curve) നിരപ്പാക്കുന്നതിനും (flattening curve) മരണങ്ങൾ കുറക്കുന്നതിനും ആരോഗ്യ സംവിധാനം തകരാതിരിക്കുന്നതിനും സഹായകമായത്.

കേരളത്തിന്റെ അവസ്ഥ അപകടത്തിൽ നിന്ന് മുക്തമാണെന്ന് കരുതാനുമാവില്ല. ദിവസം തോറും വർധിച്ചു വരുന്ന രോഗികളുടെ തോത് ആശങ്കയുണ്ടാക്കുന്നതാണ്. അതോടൊപ്പം ചെറിയ തോതിൽ മരണ നിരക്കും കൂടുന്നുണ്ട്. നമ്മുടെ പ്രാഥമിക സംവിധാനങ്ങൾ ശക്തമാണെങ്കിലും ആശുപത്രികളിൽ മറ്റുള്ള രോഗികൾക്ക് കൂടി നൽകേണ്ട സേവനം കണക്കിലെടുക്കുമ്പോൾ സൗകര്യങ്ങൾ കുറവാണ്.

പ്രാഥമികാരോഗ്യ സേവന മേഖല കേരളത്തിൽ വളരെ ശക്തമാണ്. ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന ആരോഗ്യപ്രവർത്തകർ, ആശാ വർക്കർമാർ, അംഗൻവാടി പ്രവർത്തകർ എന്നിവരുടെ സേവനവും അതിൽ പ്രാദേശിക ഗവൺമെന്റുകൾ നൽകുന്ന പിന്തുണയും ആളുകളെ യഥാസമയത്ത് ടെസ്റ്റ് ചെയ്യിക്കുന്നതിനും മാറ്റി താമസിപ്പിക്കുന്നതിനും അവർക്കാവശ്യമായ കാര്യങ്ങൾ ചെയ്തുകൊടുക്കുന്നതിനും സഹായകമായി. ദ്വിതീയ മേഖലയിലും തൃതീയ മേഖലയിലും ആവശ്യമായ സംവിധാനങ്ങൾ കണക്കു കൂട്ടി തിട്ടപ്പെടുത്തുന്നതിനും ഉറപ്പാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും സാധിച്ചു.
ഇതുപോലെയുള്ള സംവിധാനങ്ങൾ മറ്റു സംസ്ഥാനങ്ങളിലുണ്ടോ എന്ന് സംശയമാണ്. ഏകദേശം എത്ര പേർക്ക് ആശുപത്രി അഡ്മിഷൻ വേണ്ടി വരുമെന്നും അതിൽ എത്ര പേർക്ക് ഓക്‌സിജൻ വേണ്ടി വരുമെന്നും എത്ര പേർക്ക് വെന്റിലേറ്റർ വേണ്ടി വരുമെന്നും ലഭ്യമായ ഡാറ്റ വച്ച് മുൻ കൂട്ടി നിശ്ചയിക്കാൻ കഴിയും. ഇതിന് വേണ്ട നിർദ്ദേശങ്ങൾ നൽകാൻ എല്ലാ തലങ്ങളിലും ഉള്ള ഭരണസംവിധാനങ്ങൾക്ക് കഴിയണം.

കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ തയ്യാറാക്കിയ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ

നമുക്ക് ഇവിടെ തന്നെ വാക്‌സിൻ ഉത്പാദിപ്പിക്കാൻ കഴിഞ്ഞു എങ്കിലും കൃത്യമായ പ്ലാനിംഗ് ഇല്ലാത്തതിനാൽ സമയോചിതമായി അത് നൽകാൻ കഴിഞ്ഞില്ല. യാതൊരു ഔചിത്യവുമില്ലാതെ അശാസ്ത്രീയമായ ചികിത്സകൾ പ്രോത്സാഹിപ്പിക്കുകയും അനാവശ്യമായ ആൾക്കൂട്ടങ്ങൾ തടയാതിരിക്കുകയും ചെയ്തു. അമിതമായ ആത്മവിശ്വാസവും പാരമ്പര്യവാദവും വെടിഞ്ഞ് ശാസ്ത്രീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാവരെയും ഏകോപിപ്പിച്ച് ആസൂത്രണം മെച്ചപ്പെടുത്തുകയാണ് കേന്ദ്ര ഗവണ്മെന്റ് ചെയ്യേണ്ടത്. സംസ്ഥാനങ്ങൾക്കാവശ്യമായ വിഭവങ്ങളും നിർദ്ദേശവും നൽകുകയും വേണം.

കേരളത്തിന്റെ അവസ്ഥ അപകടത്തിൽ നിന്ന് മുക്തമാണെന്ന് കരുതാനുമാവില്ല. ദിവസം തോറും വർധിച്ചു വരുന്ന രോഗികളുടെ തോത് ആശങ്കയുണ്ടാക്കുന്നതാണ്. അതോടൊപ്പം ചെറിയ തോതിൽ മരണ നിരക്കും കൂടുന്നുണ്ട്. നമ്മുടെ പ്രാഥമിക സംവിധാനങ്ങൾ ശക്തമാണെങ്കിലും ആശുപത്രികളിൽ മറ്റുള്ള രോഗികൾക്ക് കൂടി നൽകേണ്ട സേവനം കണക്കിലെടുക്കുമ്പോൾ സൗകര്യങ്ങൾ കുറവാണ്. സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങൾ കൂടി ചിലപ്പോൾ ഉപയോഗിക്കേണ്ടി വന്നേക്കും. ഓക്‌സിജന് ഇവിടെ ക്ഷാമം ഉണ്ടാകുന്നില്ലെന്നത് വലിയ ആശ്വാസമാണ്.

ജനങ്ങൾ എന്ത് ചെയ്യണം?

ഏറ്റവും പ്രധാനമായ വിഷയം ഇതാണ്. ഏതു പൊതുജനാരോഗ്യവും വിജയിക്കുന്നതിൽ പ്രധാനം ജനപങ്കാളിത്തമാണ്. ഇത് ശരിക്കും ഒരു രാഷ്ട്രീയ വിഷയമാണ്. ജനപങ്കാളിത്തം എന്നത് ജനാധിപത്യം എന്നതിന്റെ രാഷ്ട്രീയ മുന ഒടിച്ചു കളഞ്ഞ വികസനവ്യവഹാരത്തിന്റെ ഭാഷയാണ്. രോഗ നിർമാർജ്ജനത്തിലും ആസൂത്രണത്തിലും ജനങ്ങൾ പങ്കാളികളാകുന്നില്ലെങ്കിൽ അവിടെ ജനാധിപത്യം വികസിച്ചിട്ടില്ല എന്നുവേണം കരുതാൻ. രാഷ്ട്രീയമായും സാമ്പത്തികമായും പിന്തള്ളപ്പെട്ട പ്രാന്തവൽക്കരിക്കപ്പെട്ടവർ വികസന വ്യവഹാരത്തിൽ വ്രണിതർ (Vulnerable population) എന്ന് വ്യവഹരിക്കപ്പെടുന്നു. വ്രണിതർ ശക്തിയില്ലാത്തവരാണ്. അവർ ശക്തയാർജ്ജിക്കേണ്ടത് ജനാധിപത്യപ്രക്രിയയിൽ ആവശ്യമാണ്. വികസനവ്യവഹാരത്തെ രാഷ്ട്രീയ വ്യവഹാരമായി പരിവർത്തിപ്പിക്കേണ്ടതുണ്ട്. പൊതുജനാരോഗ്യം വികസനവ്യവഹാരത്തിന്റെ ഭാഗമായാണ് ഇന്ന് നിലകൊള്ളുന്നത്.▮


ഡോ. എ. കെ. ജയശ്രീ

കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി.

Comments