Photo: ciccioneviaggiatore / flickr

മഞ്ഞപിത്തം, ഭയപ്പെടുത്തുന്ന രോഗപ്രവണത; എങ്ങനെ പടരും ആർക്കൊക്കെ?

‘‘ദരിദ്ര ജനവിഭാഗങ്ങൾക്കിടയിലും, ശുദ്ധജല ലഭ്യതയിലും സാനിറ്റേഷനിലും പിന്നോക്കാവസ്ഥയിലുള്ള പ്രദേശത്തുള്ളവരുടെ ഇടയിലും ഈ രോഗാണു ചെറുപ്രായത്തിലുള്ളവരിൽ കൂടുതൽ ബാധിക്കാനാണ് സാധ്യത കൂടുതൽ. ശുചിത്വത്തിൽ മറ്റ് സംസ്ഥാനങ്ങളേക്കാൾ, ഇരുപത് വർഷത്തിന് മുന്നേ നമ്മൾ പുരോഗമിച്ചിട്ടുണ്ടെങ്കിലും രോഗാണുബാധ എണ്ണത്തിൽ മുമ്പത്തെയത്ര വ്യാപകമല്ലെങ്കിലും ഇപ്പോഴുണ്ടാകുന്ന രോഗാണുബാധകളിൽ രോഗലക്ഷണങ്ങളുടെ ഗുരുതരാവസ്ഥകളും, ആശുപത്രി അഡ്മിഷനുകളും കൂടി വരാനാണ് സാധ്യത. ഇതാണിപ്പോൾ കണ്ട് വരുന്ന ഭയപ്പെടുത്തുന്ന രോഗപ്രവണതയുടെ സ്വഭാവം’’ - എപിഡിമിയോളജിസ്റ്റും പൊതുജനാരോഗ്യ ഗവേഷകനുമായ ഡോ. ജയകൃഷ്ണൻ ടി എഴുതുന്നു

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് കഴിഞ്ഞ കുറേ നാളുകളായി അടിക്കടി മഞ്ഞപ്പിത്തം ഔട്ട് ബ്രേയ്ക്കുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഭൂരിഭാഗം കേസുകളിലും (90%) കാര്യമായ രോഗലക്ഷണങ്ങൾ പുറത്ത് കാണിക്കാത്ത, തനിയെ ഭേദമാകുന്ന ഈ രോഗബാധ പതിവിലും വിപരീതമായി ഗുരുതരമാകുകയും മരണങ്ങള്‍ വരെ സംഭവിക്കുകയും ചെയ്യുന്നുമുണ്ട്. ഇത് രോഗാണുവായ വൈറസുകളുടെ ജനിതക വ്യതിയാനം മൂലമാണെന്ന് ചിലർ സംശയിച്ച് തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഹെപ്പറൈററ്റിസ് എ എന്ന, കരളിനെ ബാധിക്കുന്ന വൈറസ് അണുബാധ മൂലമാണ് ഈ രോഗം പകരുന്നത്. രോഗാണുബാധയുള്ള ആളുടെ മലത്തിലൂടെയാണ് ഈ വൈറസ് വിസർജ്ജിക്കപ്പെടുന്നത്: ഇങ്ങനെ പുറത്തെത്തുന്ന വൈറസുകൾ ജല സ്രോതസ്സുകളിൽ ആഴ്ചകളോളം അതിജീവിച്ചേക്കാം. ശുചിത്വക്കുറവ് മൂലം കഴിക്കുന്ന ഭക്ഷണത്തിലൂടേയോ, കുടിക്കുന്ന വെള്ളത്തിലൂടെയോ, രോഗിയുമായോ രോഗാണുബാധയുള്ള ഒരാളുമായോ ഉള്ള നേരിട്ടുള്ള സമ്പർക്കം വഴിയോ ആണ് ഇത് മറ്റൊരാളിൽ എത്തുന്നത്. ഇങ്ങനെ എത്തിയാൽ തന്നെ 15-45 ദിവസം കഴിഞ്ഞ് മാത്രമേ ഇത് എന്തെങ്കിലും രോഗലക്ഷണം പ്രകടമാക്കുകയുമുള്ളൂ. രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത് തന്നെ രോഗാണുബധ ഉണ്ടായ വ്യക്തിയുടെ പ്രായത്തിനനുസരിച്ചായിരിക്കും. അതായത് ചെറിയ പ്രായത്തിലുള്ള കുട്ടികളിൽ മിക്കവാറും പ്രത്യക്ഷത്തിൽ ഇത് യാതൊരു രോഗലക്ഷണങ്ങളും കാണിക്കില്ല. മറിച്ച്, കൗമാരക്കാരിലും മുതിർന്നവരിലും പ്രായത്തിനനുസരിച്ച് രോഗലക്ഷണങ്ങളുടെ തീവ്രത കൂടുതലുമായിരിക്കും.

ദരിദ്ര ജനവിഭാഗങ്ങൾക്കിടയിലും, ശുദ്ധജല ലഭ്യതയിലും സാനിറ്റേഷനിലും പിന്നോക്കാവസ്ഥയിലുള്ള പ്രദേശത്തുള്ളവരുടെ ഇടയിലും ഈ രോഗാണു ചെറുപ്രായത്തിലുള്ളവരിൽ കൂടുതൽ ബാധിക്കാനാണ് സാധ്യത കൂടുതൽ. എന്നാൽ സാനിറ്റേഷനിലും ശുദ്ധജല ലഭ്യതയിലും മുന്നോക്കം നിൽക്കുന്ന വികസിത പ്രദേശങ്ങളിൽ രോഗബാധ കൂടുതലും പ്രായപൂർത്തിയായവരിൽ സംഭവിക്കാനാണ് സാധ്യതയുള്ളത്. കൂടാതെ, രോഗലക്ഷണങ്ങളോട് കൂടെയോ രോഗലക്ഷണങ്ങളില്ലാതെയോ ഒരു തവണ വൈറസ് ബാധ ഉണ്ടായവരിൽ ഇതിനെതിരെ ദീർഘകാലം നീണ്ടു നിൽക്കുന്ന ആർജിത പ്രതിരോധം (ആൻറിബോഡികൾ) ഉണ്ടാകുന്നതിനാൽ ഇതേ വൈറസ് ബാധയ്ക്ക് രണ്ടാമതൊരു സാധ്യതയുമില്ല. അതിനാൽ തന്നെ, മുമ്പ് സാനിറേറഷൻ്റേയും, ശുദ്ധജല വിതരണത്തിൻ്റേയും കാര്യത്തിൽ പിറകിലുണ്ടായിരുന്ന കേരളത്തിലും ഇന്ത്യയിലും ജനിച്ച് വളരുന്നവരിൽ ഭൂരിപക്ഷത്തിനും വളരെ ചെറുപ്പത്തിൽ തന്നെ ഹെപ്പറൈറ്റിസ് വൈറസ് അണുബാധ ഉണ്ടാവുകയും കൗമാരം കടക്കുമ്പോൾ തന്നെ അവരിൽ ഭൂരിഭാഗം പേരും (8o%) രോഗത്തിനെതിരെ പ്രകൃത്യാ തന്നെ ആർജിത ഇമ്മ്യൂണിറ്റി നേടുകയും ചെയ്തിരുന്ന ഹൈപ്പർ എൻഡമിക്ക് അവസ്ഥയിലായിരുന്നു. അതുകൊണ്ട് തന്നെ വൈറസ് ബാധ വ്യാപകമായി നിലനിന്നപ്പോഴും അവയൊക്കെയും ചെറിയ കുട്ടികളിൽ ആയിരുന്നതിനാൽ അധികം പേർക്കും പുറമേ രോഗലക്ഷണങ്ങൾ ഉണ്ടാവുകയോ, വലിയ തോതിൽ മറ്റു പ്രായത്തിലുള്ളവരിലേക്ക് പകർന്ന് എപ്പിഡെമിക്കുകൾ ഉണ്ടാകാനോ ഉള്ള സാധ്യതകൾ കുറവായിരുന്നു. പക്ഷെ രോഗപ്പകർച്ചകൾ അവിടവിടെയായി സ്ഥിരമായി സംഭവിച്ച് കൊണ്ടിരിക്കുകയും ചെയ്തിരുന്നു. (ഹൈപ്പർ എൻഡമിക്ക്)

സാനിട്ടറി ടോയ്ലെറ്റ് സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതും കോവിഡ് കാലത്തേത് പോലെ കൈകൾ സോപ്പുപയോഗിച്ച് കഴുകുന്നതിനുള്ള സൗകര്യങ്ങൾ ഉണ്ടാക്കുന്നതും ശീലിക്കുന്നതും രോഗവ്യാപനം തടുക്കാൻ ഇനി ആവശ്യമാണ്. Photo : Unsplash
സാനിട്ടറി ടോയ്ലെറ്റ് സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതും കോവിഡ് കാലത്തേത് പോലെ കൈകൾ സോപ്പുപയോഗിച്ച് കഴുകുന്നതിനുള്ള സൗകര്യങ്ങൾ ഉണ്ടാക്കുന്നതും ശീലിക്കുന്നതും രോഗവ്യാപനം തടുക്കാൻ ഇനി ആവശ്യമാണ്. Photo : Unsplash

എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ജീവിത നിലവാരത്തിലും, സാനിട്ടേഷൻ സൗകര്യങ്ങളിലും ജനങ്ങളുടെ ശുചിത്വ ശീലങ്ങളിലും പുരോഗതി ഉണ്ടായത് രോഗാണു വ്യാപനത്തിൻ്റെ സാധ്യതകൾ കുറഞ്ഞ് ഹെപ്പാറ്റെറ്റിസ് വൈറസ് ബാധയുണ്ടാകുന്ന ശരാശരി പ്രായം കുട്ടികളിൽ നിന്ന് യുവാക്കളിലേക്ക് എത്തുകയും ചെയ്തു. കൂടാതെ ഈ രോഗത്തിനെതിരെ പ്രതിരോധ ശേഷി ഇല്ലാതെ വളർന്നവരുടെ എണ്ണം വർദ്ധിക്കുക കൂടി ചെയ്തപ്പോൾ, കിട്ടിയ അവസരങ്ങളിലൊക്കെ രോഗാണു അത്തരം ആളുകളെ ബാധിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

ഇപ്പോൾ ഉണ്ടാകുന്ന രോഗാണുബാധകൾ ചെറുപ്പക്കാരെയും മുതിർന്നവരേയും ബാധിക്കുന്നതിനാൽ അവരിൽ ഗുരുതരാവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യതകളും കൂടുതലാണ്. അതിനാൽ ശുചിത്വത്തിൽ മറ്റ് സംസ്ഥാനങ്ങളേക്കാൾ, ഇരുപത് വർഷത്തിന് മുന്നേ നമ്മൾ പുരോഗമിച്ചിട്ടുണ്ടെങ്കിലും രോഗാണുബാധ എണ്ണത്തിൽ മുമ്പത്തെയത്ര വ്യാപകമല്ലെങ്കിലും ഇപ്പോഴുണ്ടാകുന്ന രോഗാണുബാധകളിൽ രോഗലക്ഷണങ്ങളുടെ ഗുരുതരാവസ്ഥകളും, ആശുപത്രി അഡ്മിഷനുകളും കൂടി വരാനാണ് സാധ്യത. ഇതാണിപ്പോൾ കണ്ട് വരുന്ന ഭയപ്പെടുത്തുന്ന രോഗപ്രവണതയുടെ സ്വഭാവം.

എപിഡിമിയോളജി ശാസ്ത്രരീതി പ്രകാരം ഹെപറ്റൈറ്റിസ് പോലെയുള്ള പകർച്ചവ്യാധികളുടെ ഒരു പ്രദേശത്തുള്ള വ്യാപനത്തേയും പ്രത്യാഘാതങ്ങളേയും പ്രവചിക്കാനുള്ള മാനകം / ഇൻഡക്സ് അവിടെയുള്ള ആളുകളിൽ പകുതി ആളുകളിലും (50%) എത്ര വയസ്സാകുമ്പോഴാണ് (Age at Mid point of Population Immunity - AMPI) രോഗത്തിനെതിരെ ആർജിത ഇമ്മ്യൂണിറ്റി ഉണ്ടാകുന്നത് എന്നത് കണക്കാക്കുയാണ്. ഇത് വർദ്ധിക്കുന്നതിനനുസരിച്ച് രോഗവ്യാപന തോത് അത്ര വ്യാപകമായിട്ടില്ലെങ്കിലും രോഗ പകർച്ചയുള്ള ഇടങ്ങളിൽ രോഗലക്ഷണങ്ങൾ ഉള്ളവരുടെ എണ്ണവും, രോഗബാധിതരാകുന്നവരുടെ ശരാശരി പ്രായവും വർദ്ധിക്കും (Age shift). ഈ പ്രവണത എപിഡിമിയോളജിക്കൽ ട്രാൻസിഷൻ എന്ന് അറിയപ്പെടുന്നു.

2001ൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ പഠനത്തിൽ അഞ്ചു വയസ്സിൽ താഴെയുള്ളവരിൽ 52.2 ശതമാനം പേരിലും, 16 വയസ്സിന് മുകളിലുള്ളവരിൽ 80 ശതമാനത്തിലധികം പേരിലും ഹെപ്പറ്റൈറ്റിസ് എ രോഗത്തിനെതിരെ ആൻറിബോഡി പ്രതിരോധം ഉണ്ടായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. അതായത് അന്ന് ഇന്ത്യയിൽ AMPI അഞ്ചു വയസ്സിന് താഴെയായിരുന്നു. അതിനാൽ മുൻകാലങ്ങളിൽ ഈ രോഗം വലിയ പൊതുജനാരോഗ്യ പ്രശ്നമായിരുന്നില്ല. ഇപ്പോൾ ഈ ആൻ്റിബോഡി പ്രതിരോധം ചെറിയ പ്രായത്തിലുള്ളവരിൽ വളരെയധികം കുറഞ്ഞിരിക്കാനാണ് സാധ്യത. ഐ.സി.എം.ആറിൻ്റെ നേതൃത്വത്തിൽ പൂനെയിൽ നടത്തിയ തുടർപഠനത്തിൻ 1998ൽ നിന്ന് 2017ൽ എത്തിയപ്പോൾ (ഇരുപത് വർഷത്തെ ഇടവേളയിൽ) പത്ത് വയസ്സുള്ളവരിലെ ആൻ്റി ബോഡി പ്രതിരോധ നില 92 ശതമാനത്തിൽ നിന്ന് 44 ശതമാനത്തിലേക്ക് കുറഞ്ഞതായും 25 വയസ്സുള്ള യുവാക്കളിൽ 98 ശതമാനത്തിൽ നിന്നും 91.4 എന്ന ചെറിയ കുറവ് മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് വെളിവാക്കുന്നത് ചെറിയ കുട്ടികളിലെ രോഗ പകർച്ച കാര്യമായി കുറയുകയും രോഗസാധ്യത ഉണ്ടാകാനുള്ളവരുടെ അനുപാതം വളരെ കൂടിയതുമാണ്. ഒപ്പം പ്രായം കൂടുന്നതിനനുസരിച്ച് മിക്കവരിലും വൈകിയായി അണുബാധ മാറ്റമില്ലാതെ ഉണ്ടാകുന്നുവെന്നതുമാണ്.

വില അൽപം കൂടുമെങ്കിലും ഹെപ്പറൈറ്റിസ് രോഗത്തിനെതിരെയുള്ള വാക്സിനുകൾ ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്‌.
വില അൽപം കൂടുമെങ്കിലും ഹെപ്പറൈറ്റിസ് രോഗത്തിനെതിരെയുള്ള വാക്സിനുകൾ ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്‌.

2017ൽ മഞ്ചേരി മെഡിക്കൽ കോളേജിലെ 300ൽ അധികം മെഡിക്കൽ വിദ്യാത്ഥികളിൽ നടത്തിയ പഠനത്തിൽ വെറും 14 ശതമാനം പേർക്ക് മാത്രമേ പ്രതിരോധ ആൻ്റി ബോഡി കണ്ടെത്തിയിരുന്നുള്ളൂ. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഇതിൽ 86 ശതമാനം പേർക്കും ഭാവിയിൽ രോഗാണുബാധ ഉണ്ടാവാനുള്ള സാധ്യത ഉണ്ടെന്ന് ചുരുക്കം. മിക്കയിടങ്ങളിലും ശുദ്ധജല ലഭ്യതയും, കക്കൂസ് സൗകര്യങ്ങളും ഉണ്ടായിരുന്നാലും സാനിട്ടേഷൻ സംവിധാനത്തിൽ തകരാറുകൾ സംഭവിക്കുന്ന അവസരത്തിൽ ചെറിയ വിടവിലൂടെ വലിയ ഔട്ട് ബ്രേയ്ക്കുകൾ സംഭവിക്കാം.

രോഗബാധിതരായിട്ടുള്ളവരിൽ തന്നെ ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന പ്രായമായ രോഗികളോ (പാചകം, വിളമ്പൽ, വിൽക്കൽ), തീരെ രോഗലക്ഷണങ്ങൾ പുറത്ത് കാണിക്കാത്ത, ടോയ്ലെറ്റ് ട്രെയ്നിംഗ്‌ പാലിക്കാത്ത ചെറുപ്രായത്തിലുള്ള കുട്ടികളോ ആവാം രോഗാണു പടർത്തുന്നവർ. ഗ്രാമ- നഗര വ്യത്യാസമില്ലാതെ ആളുകളുടേയും ആഹാരവസ്തുക്കളുടേയും പഴം- പച്ചക്കറികളുടെയും വിപണനവും യാത്രകളും വ്യാപാരങ്ങളും വഴിയും ഇതിൻ്റെ വ്യാപനം സംഭവിച്ചേക്കാം. ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ കാറ്റിൽ പറത്തി ശുചിത്വ സൗകര്യങ്ങൾ കുറഞ്ഞ വഴിയോര ഭക്ഷ്യ വിപണനവും ഇതിൻ്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു.

ഇവിടങ്ങളിലെല്ലാം സാനിട്ടറി ടോയ്ലെറ്റ് സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതും കോവിഡ് കാലത്തേത് പോലെ കൈകൾ സോപ്പുപയോഗിച്ച് കഴുകുന്നതിനുള്ള സൗകര്യങ്ങൾ ഉണ്ടാക്കുന്നതും ശീലിക്കുന്നതും രോഗവ്യാപനം തടുക്കാൻ ഇനി ആവശ്യമാണ്. കിണറുകളുടെയും സെപ്റ്റിക് ടാങ്കകളുടെയും സാമീപ്യവും, ഡെൻസിറ്റി കൂടിയ കുടിക്കുന്നതിനോ കൃഷി നനക്കുന്നതിനോ ഉപയോഗിക്കുന്ന നമ്മുടെ ജല സ്രോതസ്സകൾ മുഴുവൻ മലീനീകരിക്കപ്പെട്ടുവെന്ന കാര്യവും മറക്കരുത്.

വില അൽപം കൂടുമെങ്കിലും ഹെപ്പറൈറ്റിസ് രോഗത്തിനെതിരെയുള്ള വാക്സിനുകൾ ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്‌. നമ്മുടെ നാട്ടിലെ വിവിധ പ്രായത്തിലുള്ളവരുടെ ഇടയിൽ ഹെപ്പറ്റെെറ്റിസിന് എതിരെയുള്ള സ്വാഭാവിക പ്രതിരോധ ആൻ്റിബോഡികളുടെ നിലയെക്കുറിച്ചുള്ള റിപ്പോർട്ടുകളോ ശാസ്ത്രീയപഠനമോ നടന്നിട്ടില്ല.

രോഗവ്യാപനത്തിൽ റിസ്ക് ഗ്രൂപ്പിൽപ്പെട്ട, ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന ഹോട്ടൽ തൊഴിലാളികളുടെ ഇടയിൽ പോലും രോഗപ്രതിരോധ സ്ഥിതി അറിയാൻ ഒരു സാമ്പിൾ പഠനം പോലും സർക്കാർ തലത്തിൽ ഇതുവരെയും നടത്തപ്പെട്ടിട്ടില്ല. ഇങ്ങനെയുള്ള ‘പ്രതിരോധ സ്ഥിതി’യുടെ സീറോളജിക്കൽ പഠനം നടത്തി അതിൻ്റെ ഫലത്തിനനുസരിച്ച് വേണ്ട റിസ്ക് ഗ്രൂപ്പുകളിൽ (പ്രായം / തൊഴിൽ അനുസരിച്ച്) ഇതിനെതിരെ വാക്സിൻ നൽകേണ്ടത് സംബന്ധിച്ച ഒരു നയരൂപികരണം സംസ്ഥാനത്തിന് ഇനിയെങ്കിലും അത്യാവശ്യമാണ് എന്ന് തോന്നുന്നു.

ആളുകളുടേയും ആഹാരവസ്തുക്കളുടേയും പഴം- പച്ചക്കറികളുടെയും വിപണനവും യാത്രകളും വ്യാപാരങ്ങളും വഴിയും ഇതിൻ്റെ രോഗ സംഭവിച്ചേക്കാം Photo : Unsplash
ആളുകളുടേയും ആഹാരവസ്തുക്കളുടേയും പഴം- പച്ചക്കറികളുടെയും വിപണനവും യാത്രകളും വ്യാപാരങ്ങളും വഴിയും ഇതിൻ്റെ രോഗ സംഭവിച്ചേക്കാം Photo : Unsplash

ലോകത്തെല്ലായിടത്തും ഹെപ്പറ്റൈറ്റിസ് രോഗവ്യാപനം കുറഞ്ഞ് വന്നിരുന്ന പ്രദേശങ്ങളിലൊക്കെ ഔട്ട് ബ്രേയ്ക്കകളുടെ ഉറവിടങ്ങൾ പ്രധാനമായും ഭക്ഷ്യജന്യമോ/ ഭക്ഷണം കൈകാര്യം ചെയ്യുന്നവരോ ആയിരുന്നു. രണ്ടാമതായി ശുദ്ധീകരിക്കാത്ത ജലവിതരണ സംവിധാനങ്ങളും. അതിനാൽ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ എല്ലായിടത്തും കർശനമായി നടപ്പിലാക്കേണ്ടതുണ്ട്. പൊതുജലവിതരണ ശൃംഖലാ സംവിധാനങ്ങൾ ശക്തിപ്പെടുത്തന്നതിനൊപ്പം ശുദ്ധജല ലഭ്യത എല്ലായിടത്തും ഉറപ്പുവരുത്തകയും വേണം.

മേൽ പറഞ്ഞ രണ്ട് ഘടകങ്ങളും മെച്ചമല്ലാത്ത കേരളത്തിൽ മഞ്ഞപിത്തത്തിൻ്റെ ഔട്ട് ബ്രേയ്ക്കകൾ ഒരു ‘ഡവലപ്പ്മെൻ്റ് പാരഡോക്സ്’ പ്രതിഭാസമായി തുടരാനാണ് സാധ്യത. ഭക്ഷണ, ശുചിത്വ ശീലങ്ങളിൽ ജാഗ്രത പാലിക്കലാണ് പ്രതിരോധത്തിനുള്ള മാർഗം.

Comments