ചുംബിക്കാതെയും ആലിംഗനം ചെയ്യാതെയും പ്രണയിക്കാൻ നമ്മൾ ശീലിക്കുമോ?

ലോക്ക്ഡൗൺ കാലം കഴിയുമ്പോൾ ഭൂമിയിലെ മുഷ്യർക്ക് എന്ത് സംഭവിക്കും? രോഗഭീതിയാൽ അടച്ചിരിക്കാൻ നിർബന്ധിതരായ മനുഷ്യർ എന്ത് ഉൾക്കാഴ്ചയോടെയും ദീർഘവീക്ഷണത്തോടെയുമായിരിക്കും പുറത്തിറങ്ങുക? പൊതുജനാരോഗ്യം രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ മാത്രമല്ല ഭരണകൂടത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടിനെയും ആശ്രയിച്ചാണിരിക്കുന്നത് എന്ന് വ്യക്തമാക്കുകയാണ് കണ്ണൂർ,കാസർഗോഡ് ജില്ലയുടെ നോഡൽ ഓഫീസറും ജില്ലകളിലെ സാംക്രമികരോഗ നിവാരണ സെല്ലിന്റെ കോ ഓർഡിനേറ്ററുമായ ഡോ: എ.കെ. ജയശ്രീ

ലോകം മുഴുവൻ പടർന്നു പിടിച്ച ഒരു പകർച്ചവാധി ഒരുപക്ഷേ ലോക ചരിത്രത്തിൽത്തന്നെ ആദ്യമായിരിക്കാം. കൊറോണ വൈറസ് മനുഷ്യരുടെ ആവാസവ്യവസ്ഥ തന്നെ മാറ്റി മറിക്കുകയാണോ?

മനുഷ്യന്റെ സംസ്കാരത്തോടും സഞ്ചാരത്തോടുമൊപ്പം തന്നെ മഹാമാരികളും പടർന്ന് പിടിച്ചിട്ടുണ്ട്. കറുത്ത മരണം എന്നറിയപ്പെട്ട പ്ളേഗ്, വസൂരി, ക്ഷയം, സിഫിലിസ്, കോളറ എന്നിവയെല്ലാം കഴിഞ്ഞ സഹസ്രാബ്ദത്തിൽ പടർന്നതാണ്. ചിലവ ഇന്നും തുടരുന്നു.

ഇടക്കിടെ ലോകവ്യാപകമായി ഫ്‌ളൂ പടർന്നു പിടിക്കാറുണ്ട്. 2009 ലെ എച്ച് 1 എൻ 1 ഒരു തരം ഫ്‌ളൂ ആയിരുന്നു. അത് ഇപ്പോൾ പകർച്ച വ്യാധിയായി നിലനിൽക്കുന്നു. അതാത് കാലത്തെ അറിവിന്റെ അടിസ്ഥാനത്തിൽ ഇവയെല്ലാം നിയന്ത്രിച്ച് പോന്നിട്ടുമുണ്ട്.

ഇത്തരം മഹാമാരികൾ ശാസ്ത്രത്തിന്റെ വളർച്ചക്ക് സഹായിച്ചിട്ടുണ്ട്. സാഹിത്യത്തിലും സിനിമയിലും പ്രഭാവം ചെലുത്തി അവ സംസ്കാരത്തിലും അടയാളങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. . അതേസമയം തന്നെ ചികിത്സക്കായി നടത്തിയിട്ടുള്ള പരീക്ഷണങ്ങളും മനുഷ്യവിഭാഗങ്ങളുടെ മേൽ അധികാരശക്തികൾ നടത്തിയിട്ടുള്ള നിർബ്ബന്ധിത പരിശോധനകളും മനുഷ്യാവകാശലംഘനമായി ഉന്നയിക്കപ്പെട്ടിട്ടുമുണ്ട്.

കഴിഞ്ഞ സഹസ്രാബ്ദത്തിൽ ഇവ സാമ്രാജ്യത്വത്തിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തപ്പെട്ടു എങ്കിൽ, ഇപ്പോൾ ആഗോളീകരണത്തിന്റെ പ്രകരണത്തിൽ വച്ചാണ് ഇത് നമുക്ക് വിശകലനം ചെയ്യേണ്ടത്.
ഇപ്പോൾ ലോകം കൂടുതൽ സങ്കീർണമായി കഴിഞ്ഞു. സയൻസും മെഡിക്കൽ സയൻസും കൂടുതൽ പ്രാപ്തി നേടിയിട്ടുണ്ട്. രോഗവ്യാപനത്തെപ്പറ്റി പെട്ടെന്ന് മനസ്സിലാക്കാനും പ്രവചനം നടത്താനും നൊടിയിടയിൽ അത് എല്ലാവരിലും എത്തിക്കാനും ഇന്ന് കഴിയും. എന്നാൽ അതോടൊപ്പം തന്നെ മനുഷ്യരുടെ ആവാസ വ്യവസ്ഥയും അധികാരവിന്യാസവും അതീവ സങ്കീർണ്ണമായിരിക്കുന്നു.

സഞ്ചാരവും വ്യാപാരവും ആശയ വിനിമയവും ദ്രുതഗതിയിലാണ്. വിവിധ വിനിമയമേഖലകൾ ഒന്നിനെ തൊട്ടാൽ മറ്റൊന്നിനെ ബാധിക്കുന്ന തരത്തിൽ പരസ്പരബന്ധിതമാണ്. ലോകത്തിന്റെ ഈ നില കോവിഡ് 19 എന്ന പുതിയ മഹാമാരിയുടെ പ്രഭാവത്തെ മുമ്പില്ലാത്ത വിധം സങ്കീർണമാക്കി എന്നതാണ്.

വസൂരി എന്ന മഹാമാരി നമ്മൾ നിയന്ത്രിച്ചത് വാക്സിനേഷൻ കൊണ്ടാണ്. എന്നാൽ, കൊറോണ വിഭാഗത്തിൽ പെട്ട വൈറസുകളെ പ്രതിരോധിക്കാൻ വാക്സിനുകൾ ഫലപ്രദമായിട്ടില്ല.

ലക്ഷണങ്ങൾ കാണുന്നതിന് മുമ്പ് രോഗം പരക്കുന്നതും സമ്പർക്കവും അണുക്കളുള്ള വസ്തുക്കളും രോഗം പരത്തുന്നതും ഇതിന്റെ വ്യാപനം തടയാൻ പ്രയാസമുണ്ടാക്കുന്നു. വാഹനങ്ങളിലൂടെയുള്ള അതിവേഗ സഞ്ചാരമാണ് ഇത്ര പെട്ടെന്ന് രോഗം വ്യാപിക്കാനിടയാക്കുന്നത്. വിമാനങ്ങൾ വഴിയുള്ള സഞ്ചാരത്തിലൂടെയാണ് ലോകവ്യാപകമായതെന്ന് കാണാം.

ഓരോ രാജ്യത്ത് എത്തിക്കഴിഞ്ഞാൽ പ്രാദേശികമായ സഞ്ചാരവും രോഗം പരത്തും.

രോഗി വീട്ടിലെത്തിയാൽ വീട്ടിലുള്ളവരിലേക്കും പകരും. തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നും വരുന്ന സ്രവകണികകളിലൂടെയാണ് രോഗം മറ്റൊരാളിലേക്ക് പകരുന്നത് . അതുകൊണ്ട് മുഖാവരണത്തിലൂടെയും കയ്യുറകൾ ധരിച്ചും ഭൗതികമായ അകലം പാലിച്ചും രോഗം തടയാം. രോഗമുള്ളവരെ മാറ്റി പാർപ്പിക്കാം.

ലക്ഷണങ്ങൾ ഇല്ലാത്തവരും രോഗം പരത്തുന്നതിനാൽ, മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവരെയും ഇപ്പോൾ രോഗം അധികം ബാധിച്ചിട്ടുള്ള ഇന്ത്യയിലെ തന്നെ മറ്റ് സ്ഥലങ്ങളിൽ നിന്ന് വരുന്നവരെയും നിശ്ചിത കാലം മാറ്റി പാർപ്പിക്കാം. അത് പൂർണ്ണമായും സാധിക്കാൻ പ്രായോഗികമായി കഴിയാത്ത സാഹചര്യത്തിൽ അടച്ചു പൂട്ടലിലേക്കാണ് മിക്ക രാജ്യങ്ങളും എത്തിയിട്ടുള്ളത്.

പൊതുവെ മാരകസ്വഭാവം കുറവാണെങ്കിലും, പ്രായമുള്ളവരിലും മറ്റ് രോഗങ്ങളുള്ളവരിലും മരണ നിരക്ക് കൂടുതലായതു കൊണ്ട് ആരോഗ്യസംവിധാനങ്ങൾക്ക് താങ്ങാനാകാത്ത ഭാരമുണ്ടാകുമെന്നതിനാൽ പ്രതിരോധം ശക്തമാക്കേണ്ടി വരും. അതേസമയം അടച്ചു പൂട്ടൽ ഉണ്ടാക്കുന്ന പ്രത്യാഘാതം ഏറ്റു വാങ്ങേണ്ടിയും വരും. ആഗോളതലത്തിലുള്ള സംഭവമായതു കൊണ്ട് ഇത് മനുഷ്യരാശിയെ ആകെ തന്നെ സ്പർശിക്കുന്നതാണ്.

ആഗോളമായി പടർന്ന് പിടിക്കുന്നത് കൊണ്ടും അത് തടയാൻ എല്ലായിടത്തും അടച്ച് പൂട്ടൽ തുടരുന്നത് കൊണ്ടും സമ്പദ് വ്യവസ്ഥയെ ആകെ തകിടം മറിക്കുന്നു എന്ന് പൊതുവെ കാണാവുന്നതാണ്.. ഇതുണ്ടാക്കുന്ന പ്രത്യാഘാതം മനസ്സിനെയും ശരീരത്തെയും കൂടി ബാധിക്കുന്നതാണ്.

മനുഷ്യർ സാധാരണ സമ്മർദ്ദം കുറക്കാൻ കണ്ടെത്തുന്ന പല മാർഗ്ഗങ്ങളും അടഞ്ഞു പോയിരിക്കുന്നു. കുടുംബത്തിനുള്ളിലെ ശ്വാസം മുട്ടലിൽ നിന്ന് പുറത്ത് കടക്കാൻ കണ്ടിരുന്ന മാർഗ്ഗങ്ങൾ തന്നെ അടഞ്ഞു പോകുന്നു.

മതപരമായ ചടങ്ങുകളും വിവാഹ ആഘോഷങ്ങളും ഉത്സവങ്ങളുമില്ല. വീടിനുള്ളിൽ ലഭിച്ചിരുന്ന സൗകര്യങ്ങളും സേവനങ്ങളുമില്ല. മദ്യവും കിട്ടുന്നില്ല. മനുഷ്യർ അക്രമകാരികളായി മാറാം. ബന്ധുക്കൾ തള്ളിപ്പറയുകയും അതിനാൽ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നവരും ഉണ്ടായി തുടങ്ങി.

മതപരമായ ചടങ്ങുകളും വിവാഹ ആഘോഷങ്ങളും ഉത്സവങ്ങളുമില്ല. വീടിനുള്ളിൽ ലഭിച്ചിരുന്ന സൗകര്യങ്ങളും സേവനങ്ങളുമില്ല. മദ്യവും കിട്ടുന്നില്ല. മനുഷ്യർ അക്രമകാരികളായി മാറാം. ബന്ധുക്കൾ തള്ളിപ്പറയുകയും അതിനാൽ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നവരും ഉണ്ടായി തുടങ്ങി. ഒന്നു രണ്ട് പേരെങ്കിലും ആത്മഹത്യ ചെയ്തു. മറ്റ് ദേശത്ത് നിന്ന് വന്നവർ കൂട്ടത്തോടെ പലായനം ചെയ്യുകയും മറ്റുള്ളവർ അത് ഭയപ്പെടുകയും ചെയ്യുന്നു.

ഭക്ഷണ വസ്തുക്കളും മറ്റു അവശ്യസാധനങ്ങളും ലഭിക്കാതെ വലയുന്നവരും ധാരാളമാണ്. ഇതെല്ലാം കഴിയുമ്പോൾ യുദ്ധം കഴിഞ്ഞ പോലെയോ അതിനേക്കാള് മോശമായതോ ആയ ലോകത്തിലേക്ക് നമ്മൾ ചെന്ന് വീഴുമോ എന്ന് ആശങ്കപ്പെടാനാവും. കേരളത്തിൽ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് സാമൂഹ്യസുരക്ഷാ പദ്ധതികൾ നടപ്പാക്കുന്നത് കൊണ്ടും പ്രാദേശിക ഭരണകൂടത്തിന്റെയും മറ്റും ശക്തമായ ശൃംഖല ഉള്ളതുകൊണ്ടും അവസ്ഥ മെച്ചപ്പെട്ടതാണ്.

എന്നാലും, ലോകത്താകെ ഉണ്ടാകുന്നതിന്റെ പ്രത്യാഘാതം ഏറെക്കുറെ നമ്മളും ഏറ്റുവാങ്ങേണ്ടി വരും.

കൊറോണക്ക് ശേഷം ലോകം പഴയതു പോലെയാവില്ല എന്ന് ചിന്തകർ പറയുന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ലോക് ഡൗൺ മൂലം എല്ലാവരുടെയും ജീവിതം ആകെ മാറി മറിയുന്നു. ഘടനയുടേതും. രാജ്യങ്ങൾ തമ്മിൽ വ്യാപാര സംഘർഷങ്ങൾ നിലനിൽക്കുമ്പോഴും സഹകരണവും ആവശ്യമായി വരുന്നു.

മനുഷ്യക്കുരുതിക്കായുള്ള യുദ്ധത്തിന് വേണ്ടിയാണ് രാജ്യങ്ങൾ ഏറ്റവും അധികം നിക്ഷേപങ്ങൾ നടത്തിയിരുന്നതെങ്കിൽ, ആ ജോലി വൈറസ് ഏറ്റെടുക്കുമ്പോൾ മനുഷ്യർ ഒന്നിക്കേണ്ടതിന് മുൻഗണന കിട്ടിയേക്കാം.

മനുഷ്യക്കുരുതിക്കായുള്ള യുദ്ധത്തിന് വേണ്ടിയാണ് രാജ്യങ്ങൾ ഏറ്റവും അധികം നിക്ഷേപങ്ങൾ നടത്തിയിരുന്നതെങ്കിൽ, ആ ജോലി വൈറസ് ഏറ്റെടുക്കുമ്പോൾ മനുഷ്യർ ഒന്നിക്കേണ്ടതിന് മുൻഗണന കിട്ടിയേക്കാം.

ആരോഗ്യ മേഖലയിൽ സാർവത്രികാരോഗ്യത്തെ പറ്റി വാ തോരാതെ പറയുമ്പോഴും അതിൽ നിക്ഷേപമില്ലാത്തത് വലിയൊരു തടസ്സമായി ഉയർന്ന് നിന്നിരുന്നു. ഇപ്പോൾ അത് ചെയ്യേണ്ടത് അനിവാര്യമായി വന്നിരിക്കുന്നു. മനുഷ്യർ അവരുടെ ഭാവനയും സർഗ്ഗശേഷിയും പുറത്ത് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.

കവിതകളും സർഗ്ഗാത്മകമായ എഴുത്തുകളും കൊറോണയെ പറ്റി ഉണ്ടായിക്കൊണ്ടിരിക്കുന്നു. സിനിമകളും വരും. ഇമ്മ്യുണോളജി, എപിഡെമിയോളജി, മൈക്രോബയോളജി തുടങ്ങിയുള്ള ശാസ്ത്രശാഖകളൊക്കെ കൂടുതൽ വികസിക്കും. ചരിത്രത്തിൽ എപ്പോഴും വെല്ലുവിളികൾ ഉണ്ടാകുമ്പോഴാണ് മുന്നേറ്റങ്ങളും ഉണ്ടായിട്ടുള്ളത്.

ഇതിന്റെ മറുപുറവുമുണ്ട്. ദാരിദ്ര്യമനുഭവിക്കുന്നവർ കൂടുതൽ ദാരിദ്ര്യത്തിലേക്ക് വീഴാം. ഇത് സമ്പന്നർക്ക് ഉത്കണ്ഠ ഉണ്ടാക്കിയ രോഗമാണെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. വിമാനത്തിൽ സഞ്ചരിച്ചവർക്കാണ് ആദ്യ ഘട്ട വ്യാപനത്തിൽ രോഗം പകർന്നത്. ദരിദ്രരെ ഇപ്പോഴും കൂടുതലായി കൊന്നു കൊണ്ടിരിക്കുന്ന ക്ഷയത്തിനും എലിപ്പനിക്കും മറ്റും ഇത്തരം ലോക വ്യാപകമായ ശ്രദ്ധ കിട്ടാറില്ല.

രണ്ടാമത്തെ ഘട്ടത്തിൽ ഇത് ദരിദ്രരെ വല്ലാതെ ബാധിക്കുമെന്നതിൽ സംശയമില്ല. ജീവിത ശൈലി മാറ്റണമെന്ന് പറയുമ്പോൾ ഘടനാപരമായി തന്നെ അതിന് കഴിയാതിരുന്ന ലക്ഷങ്ങളായ ജനത ലോകമാകെ ഉണ്ട്.

അന്താരാഷ്ട്രമായി ബാധിക്കുകയും സമ്പന്നരെ കൂടി ബാധിക്കുകയും ചെയ്ത എയ്ഡ്സിന് കിട്ടിയ ശ്രദ്ധ പോലെ കൊറോണക്കും അത് ലഭിച്ചു. എന്നാൽ, രണ്ടാമത്തെ ഘട്ടത്തിൽ ഇത് ദരിദ്രരെ വല്ലാതെ ബാധിക്കുമെന്നതിൽ സംശയമില്ല. ജീവിത ശൈലി മാറ്റണമെന്ന് പറയുമ്പോൾ ഘടനാപരമായി തന്നെ അതിന് കഴിയാതിരുന്ന ലക്ഷങ്ങളായ ജനത ലോകമാകെ ഉണ്ട്.

സമ്പന്ന രാജ്യമെന്ന് പറയുന്ന അമേരിക്കയിൽ തന്നെ ദരിദ്രരും ഇൻഷ്വറൻസ് ഇല്ലാത്തവരും എത്രയോ അധികമുണ്ട്. ഇന്ത്യയിലെ ചേരികളിൽ ജീവിക്കുന്നവരും മറ്റ് ദേശത്ത് പോയി പണിയെടുക്കുന്നവരും അവരുടെ ജീവിതശൈലി പെട്ടെന്ന് മാറ്റണമെന്ന് പറയുമ്പോൾ അത് വെള്ളത്തിൽ വരച്ച വരയാവുകയേ ഉള്ളൂ.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ ബസ് കാത്തിരിക്കുന്ന തൊഴിലാളികൾ.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ ബസ് കാത്തിരിക്കുന്ന തൊഴിലാളികൾ.

യാതൊരു വിധ സംരക്ഷണവുമില്ലാതെ നൂറു കണക്കിനുള്ള, അരക്ഷിതാവസ്ഥയിൽ പണിയെടുക്കുന്ന ആളുകളോട് അടച്ച്‌ പൂട്ടിയിരിക്കാൻ പറയുമ്പോഴുള്ള പരിഭ്രാന്തിയാണ് കൂട്ടത്തോടെയുള്ള പലായനമായി ഇന്ത്യയിൽ പലയിടത്തും നമ്മൾ കണ്ടത്. രോഗനിയന്ത്രണത്തിന്റെ സാമൂഹ്യവും സാംസ്കാരികവുമായ പരിസരം കൂടി പരിഗണിക്കണമെന്ന പൊതുജനാരോഗ്യ സങ്കൽപ്പനത്തിന് അടിവരയിടുന്ന കാഴ്ചയാണിത്. അടച്ചു പൂട്ടൽ കൊണ്ടുള്ള സാമ്പത്തിക പ്രത്യാഘാതങ്ങൾ വീണ്ടും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം.

ആശുപത്രി സൗകര്യങ്ങൾ മെച്ചപ്പെട്ടാലും പോഷകാഹാരക്കുറവും, ജലദൗർലഭ്യവും ഗതാഗത പ്രശ്നവും ആരോഗ്യത്തെ തന്നെയാണ് ബാധിക്കുന്നത്. ഈ മഹാമാരി കഴിയുമ്പോഴേക്കും ലോകം ഒരു മഹായുദ്ധം കഴിഞ്ഞ പോലെയായിരിക്കുമോ എന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു.

ആശുപത്രി സൗകര്യങ്ങൾ മെച്ചപ്പെട്ടാലും പോഷകാഹാരക്കുറവും, ജലദൗർലഭ്യവും ഗതാഗത പ്രശ്നവും ആരോഗ്യത്തെ തന്നെയാണ് ബാധിക്കുന്നത്. ഈ മഹാമാരി കഴിയുമ്പോഴേക്കും ലോകം ഒരു മഹായുദ്ധം കഴിഞ്ഞ പോലെയായിരിക്കുമോ എന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു.

ജീവിതചര്യകളിൽ വന്ന മാറ്റം എത്രത്തോളം ഓരോരുത്തരെയും ബാധിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ട വിഷയമാണ്. ശരീരവും മനസ്സും സംസ്കാരവും കെട്ടു പിണഞ്ഞു കിടക്കുന്നതിനാൽ, അവിടെയെല്ലാം കൊറോണ ഏൽപ്പിക്കുന്നതെന്തെന്ന് നോക്കണം. നമ്മൾ എങ്ങനെയായിരുന്നു എന്ന് തിരിഞ്ഞു നോക്കാൻ ഒരവസരം കൂടിയാണത്. മറ്റുള്ളവരുടെ സാമീപ്യവും തലോടലും ആഡംബരമായി തന്നെ അനുഭവിച്ചു പോന്നവരാണ് നമ്മൾ. ഒറ്റക്കിരിക്കാൻ, ഈ ഫോൺ സൗകര്യങ്ങളെല്ലാം ഉള്ളപ്പോഴും എത്ര ബുദ്ധിമുട്ടാണെന്ന് തിരിച്ചറിയുകയാണ്. പലരും പല രീതിയിൽ പൊരുത്തപ്പെടുന്നു. ചിലർ ക്വാറന്റൈൻ തെറ്റിച്ച് പുറത്ത് വരുന്നു. ചിലർക്ക് അതിനുള്ള ഭൗതിക സാഹചര്യങ്ങളില്ല.
ഉത്കണ്ഠയും മനോസംഘർഷവും അനുഭവിക്കുന്നവരുണ്ട്. വിഷാദത്തിലേക്ക് വഴുതി വീഴുന്നവരുണ്ട്. കേരളത്തിൽ മനോരോഗവിദഗ്ധരും സന്നദ്ധസംഘടനകളും ഇത് നേരിടാൻ ശ്രമിക്കുന്നുണ്ട്. അതോടൊപ്പം ജീവിത ശൈലി നമ്മുടെ ശരീരമനസ്സുകളെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നും നോക്കാനാവും.

അഡിക്ട് ആയവർക്ക് മദ്യം ലഭിക്കാതെ വരുമ്പോൾ ശരീരത്തിന് വരുന്ന ആഘാതങ്ങൾ പോലെ അല്ലെങ്കിലും, ദിവസവും സീരിയൽ കണ്ട് കൊണ്ടിരുന്നവർക്കും ചായക്കടയിൽ കൂടിയിരിക്കുന്നവർക്കും മാർക്കറ്റിൽ ഒത്തു കൂടുന്നവർക്കും, ഇങ്ങനെ നിരവധിയായ ദൈനം ദിന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് അത് ശീലവും ശരീരത്തിലെ തഴമ്പുകളുമായി മാറിയതിനാൽ അതില്ലാതെ ജീവിക്കാൻ പ്രയാസം അനുഭവപ്പെടും.

അടക്കിവച്ച അക്രമവാസന അണപൊട്ടി പുറത്ത് വരാൻ സാദ്ധ്യതയും ഉണ്ട്.

ഉള്ളിലെ സംഘർഷങ്ങൾ പരിഹരിക്കാൻ നമ്മൾ അറിയാതെ തേടിയിരുന്ന വഴികൾ അടയുമ്പോഴുള്ള യാഥാർത്ഥ്യങ്ങൾ പരിശോധിക്കപ്പെടേണ്ടതുണ്ട്. കുടുംബങ്ങൾക്കകത്ത് ലോകവ്യാപകമായി അക്രമം കൂടിയിരിക്കുന്നു. ആണുങ്ങൾ പുറത്തും സ്ത്രീകൾ അകത്തുമായി കൂടുതൽ സമയം ചെലവഴിച്ചിരുന്നത് അടഞ്ഞ വ്യവസ്ഥയായ കുടുംബത്തിലെ ശ്വാസം മുട്ടൽ ഒരു പരിധി വരെ പരിഹരിച്ചിരിക്കണം. ഇപ്പോൾ അതിന്റെ തനി സ്വഭാവം പുറത്ത് വരുന്നു.

ഈ തല തിരിഞ്ഞ സമയത്തും ജീവിതം സന്തോഷകരമാക്കാൻ നമ്മൾ ശ്രമിക്കുമല്ലോ.

രോഗമുള്ളപ്പോൾ മാസ്ക് ധരിക്കുകയും വഴിയിൽ തുപ്പാതിരിക്കുകയും ചെയ്യുന്ന ഒരു സംസ്കാരത്തിലേക്ക് നമ്മൾ മാറുമോ? ചുംബിക്കാതെയും ആലിംഗനം ചെയ്യാതെയും , ബഷീറിന്റെ "മതിലുകളി"ലെ പോലെ തീവ്രമായി പ്രണയിക്കാനും നമ്മൾ പരിശീലിക്കുമോ?

ആ അനുഭവങ്ങളും പുതൊയൊരു സാംസ്കാരിക ജീവിതത്തിലേക്ക് വഴിതുറക്കും. ജപ്പാനിലെ പോലെ രോഗമുള്ളപ്പോൾ മാസ്ക് ധരിക്കുകയും വഴിയിൽ തുപ്പാതിരിക്കുകയും ചെയ്യുന്ന ഒരു സംസ്കാരത്തിലേക്ക് നമ്മൾ മാറുമോ? ചുംബിക്കാതെയും ആലിംഗനം ചെയ്യാതെയും , ബഷീറിന്റെ "മതിലുകളി"ലെ പോലെ തീവ്രമായി പ്രണയിക്കാനും നമ്മൾ പരിശീലിക്കുമോ? അമ്പലങ്ങളിലും പള്ളിയിലും കൂട്ടം കൂടലല്ലാതെ നമ്മുടെ ആത്മീയജീവിതം ഭക്തയും ദൈവവും തമ്മിലുള്ള ഭാവനാത്മകവും മനോഹരവുമായ രസാനുഭവമാകുമോ ? ഹർത്താൽ ഒക്കെ കുറെ കൂടി സഹിക്കാൻ കഴിയുമോ? ഇത്തരം ചിന്തകളിലേക്കും ഇപ്പോഴത്തെ അവസ്ഥ കൊണ്ട് പോകുന്നു. മനുഷ്യർ ഏതൊക്കെ തരത്തിൽ മാറുമെന്ന് പ്രവചിക്കാൻ കഴിയുന്നില്ല.

വികസിത രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗാവസ്ഥ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വൃത്തി, ജീവിത ശൈലി, ആരോഗ്യരംഗത്തെ സൗകര്യങ്ങൾ, ഭക്ഷണ ശീലങ്ങൾ തുടങ്ങി ഒരു സമൂഹമെന്ന നിലയിൽ 'മികച്ച ' തായി ജീവിച്ചു കൊണ്ടിരുന്ന രാജ്യങ്ങളിലാണ് ഒരു സാംക്രമിക രോഗം പടർന്നു പിടിക്കുന്നത്. അതിനു പിന്നിലെ ആരോഗ്യ / രാഷ്ട്രീയ കാരണങ്ങൾ എന്തൊക്കെയാണ്?

വികസിതരാജ്യങ്ങൾ ആണെങ്കിലും പുതിയ ഒരു രോഗാണു സമൂഹത്തിലേക്ക് കടക്കുമ്പോൾ ജനങ്ങൾക്ക് പ്രതിരോധ ശേഷി ഉണ്ടായിരിക്കുകയില്ല..
അതേസമയം തന്നെ കൃത്യമായ നിരീക്ഷണ സംവിധാനങ്ങളും പ്രതിരോധ പരിപാടികളും ഇല്ലാതിരിക്കുകയും ചെയ്യാം. രോഗം പകരുന്ന രീതിയും മറ്റും മനസ്സിലാക്കിയെടുക്കാനും പ്രതിരോധ തന്ത്രങ്ങളും ചികിത്സയും രൂപപ്പെടുത്താനും സമയമെടുക്കും. ഈ സമയത്തിനിടയിൽ തന്നെ ഇത് പടർന്നു കഴിയുന്നു.

രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങൾ രാഷ്ട്രീയ കാഴ്ച്ചപ്പാടിനെയും ആശ്രയിച്ചിരിക്കുന്നു. ജനക്ഷേമത്തിന് പ്രാധാന്യം കൊടുക്കുന്ന രാജ്യങ്ങളിൽ കൂടുതൽ ശ്രദ്ധയോടെ ഇത് കൈ കാര്യം ചെയ്തിട്ടുണ്ടെന്ന് കാണാം.

ചില വികസിത രാജ്യങ്ങളിൽ സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ എല്ലാവരിലും എത്തുന്നുമില്ല. അങ്ങനെ അല്ലാത്തിടത്ത് വേണ്ടത്ര തയാറെടുപ്പുകൾ ഇല്ലാത്തതിനാലാണ് രോഗം പടർന്ന് പിടിച്ചത്. അപ്രതീക്ഷിതമായാണല്ലോ കോവിഡ് 19 എത്തിയത്. രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങൾ രാഷ്ട്രീയ കാഴ്ചപ്പാടിനെയും ആശ്രയിച്ചിരിക്കുന്നു. ജനക്ഷേമത്തിന് പ്രാധാന്യം കൊടുക്കുന്ന രാജ്യങ്ങളിൽ കൂടുതൽ ശ്രദ്ധയോടെ ഇത് കൈകാര്യം ചെയ്തിട്ടുണ്ടെന്ന് കാണാം.

കോവിഡ്- 19 ന്റെ ലോക ഭൂപടം വിശകലനം ചെയ്ത് കൊണ്ട് രോഗവ്യാപനത്തിന്റെ പല കാരണങ്ങളിലൊന്നായി രാജ്യങ്ങളുടെ കാലാവസ്ഥയും ഭൂമി ശാസ്ത്ര പരമായ കിടപ്പും ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിൽ ശാസ്ത്രീയമായ വിശദീകരണങ്ങൾ ഉണ്ടോ?

ഇത്തരമൊരു സാദ്ധ്യത പല പഠനങ്ങളും കാണിക്കുന്നു. ഇപ്പോഴും വ്യക്തമായി പറയാൻ കഴിയുന്നില്ല. അന്തരീക്ഷത്തിൽ ചൂടുണ്ടാകുമ്പോൾ അണുക്കൾ നില നിൽക്കുന്ന കണികകൾ എളുപ്പത്തിൽ ഉണങ്ങി പോവുകയും അതിന് ജീവിക്കാൻ കഴിയാതെ വരുകയും ചെയ്യുമെന്നത് ശാസ്ത്രീയമായ കാഴ്ചയാണ് . അങ്ങനെയായാൽ, ഉഷ്ണമേഖലയിൽ ഇതിന്റെ വ്യാപനം കുറവാകാൻ സാദ്ധ്യതയുണ്ട്.

ഒരു പകർച്ചാവ്യാധിയെ ചെറുക്കാൻ ജനങ്ങൾ ലോക്ക്ഡൗണിൽ, ക്വാറൻറ്റൈനിൽ ഇരിക്കുകയാണ്. ദിവസങ്ങളോളം, ഒരു പക്ഷേ മാസങ്ങൾ നീണ്ടേക്കാവുന്നത്. പുറത്തിറങ്ങാത്ത ഒരു ജനതയുടെ ശാരീരികവും മാനസികവുമായ ആരോഗ്യാവസ്ഥ വലിയ വെല്ലുവിളിയല്ലേ? എന്തൊക്കെത്തരം ശാരീരിക രോഗങ്ങൾക്കും മാനസിക പ്രശ്നങ്ങൾക്കും ഇത് കാരണമായേക്കാം?

ഇത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. വേറിട്ട അല്ലെങ്കിൽ ഒറ്റപ്പെട്ട ഈ ജീവിതത്തോട് ആളുകൾ എങ്ങനെയാണ് പൊരുത്തപ്പെടുന്നതെന്ന് പഠിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ശരീരവും മനസ്സും എങ്ങനെ സമൂഹവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് കൂടി പരിശോധിക്കാനുള്ള അവസരമാണിത്. എല്ലാവർക്കും ഫോൺ ഉപയോഗിച്ച് പരസ്പരമുള്ള ബന്ധം നിലനിർത്താൻ കഴിയുന്നു എന്നത് വലിയ കാര്യമാണ്. വീട്ടിൽ തന്നെ കഴിയുന്നവർക്ക് പല തരത്തിലും അവരുടെ ജീവിതം ഉല്ലാസ പൂർവ്വമാക്കാം. പക്ഷെ, എല്ലാവിഭാഗങ്ങളിലും പെടുന്നവർ ഒരു പോലെയാണെന്ന് കരുതാൻ കഴിയില്ല. വീട്ടിലും കോമ്പൗണ്ടിലും നല്ല സ്ഥലമുള്ളവരുടെ അവസ്ഥ ആയിരിക്കില്ല അതില്ലാത്തവർക്കുള്ളത്.

എല്ലാവിഭാഗങ്ങളിലും പെടുന്നവർ ഒരു പോലെയാണെന്ന് കരുതാൻ കഴിയില്ല. വീട്ടിലും കോമ്പൗണ്ടിലും നല്ല സ്ഥലമുള്ളവരുടെ അവസ്ഥ ആയിരിക്കില്ല അതില്ലാത്തവർക്കുള്ളത്.

പൊതുവെ ലോക് ഡൗണിന്റെ ഭാഗമായി വീട്ടിലിരിക്കുന്നവരെ പറ്റി ഇപ്പോൾ പറയാറായിട്ടില്ല. ഭാവി എന്താകുമെന്ന ആശങ്ക പലർക്കുമുണ്ട്. എന്നാൽ, മറ്റു സ്ഥലങ്ങളിൽ നിന്ന് വരുകയും അതുകൊണ്ട് വീട്ടിൽ തന്നെ ഒറ്റക്ക് കഴിയേണ്ടി വരുകയും ചെയ്യുമ്പോൾ അത് പല തരത്തിലാണ് ആളുകൾ അനുഭവിക്കുന്നതെന്ന് കാണാം.

ചിലർ അത് പാലിക്കുന്നേയില്ല. യുവാക്കൾക്ക് അതുമായി പൊരുത്തപ്പെടാൻ കൂടുതൽ പ്രയാസമുണ്ടായിട്ടുണ്ടെന്ന് കാണാം. അവരെ സഹായിക്കാനായി ധാരാളം നിർദ്ദേശങ്ങൾ പലരും നൽകിയിട്ടുണ്ട്. കുറച്ച് പേരെങ്കിലും അതൊക്കെ ഉപയോഗിച്ച് പൊരുത്തപ്പെടുന്നതായി കാണുന്നു. എന്നാൽ, അസ്വസ്ഥരായിട്ടുള്ള, മനോസംഘർഷം അനുഭവിക്കുന്ന ധാരാളം പേരുണ്ട്. അവരിൽ പലർക്കും സമൂഹത്തിൽ നിന്നുള്ള ഒറ്റപ്പെടലിന്റെ അനുഭവമാണുണ്ടായത്.

സമൂഹത്തിൽ പടർന്ന ഭീതി സ്വന്തം കുടുംബാംഗങ്ങളിലേക്ക് പകരുകയും അവർ ഒറ്റപ്പെടുത്തുന്നതായി അനുഭവിച്ചവരുമുണ്ട്. പ്രതീക്ഷിച്ചിരിക്കാതെ ഇത്തരം പ്രശ്നങ്ങളുണ്ടാകുമ്പോൾ സമൂഹമെന്ന നിലയിൽ അത് നേരിടാൻ തയാറല്ല എന്നാണിത് കാണിക്കുന്നത്. വ്യക്തിബന്ധങ്ങളും അതിൽ വരുന്ന വിള്ളലുകളും സാമൂഹ്യമായ ഐക്യദാർഢ്യത്തെ കൂടി ആശ്രയിച്ചാണുള്ളതെന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്.

കേരളത്തിൽ സാമൂഹ്യശൃംഖലകൾ പല തലങ്ങളിൽ നിലനിൽക്കുന്നത് സഹായകമാണ്. ഒറ്റക്കു നൽകുന്ന പരിഹാര മാർഗ്ഗങ്ങളേക്കാൾ കൂട്ടായ ഉത്തരവാദിത്വവും ഐക്യദാർഢ്യവും വളർത്തിയെടുക്കുന്നതിലൂടെയാണ് മാനസികാരോഗ്യം മെച്ചപ്പെടുന്നത്.

ശാരീരികമായ അകലം പാലിക്കുക എന്നത് രോഗം തടയാനുള്ള നമ്മുടെ ഉത്തരവാദിത്വമായി മനസ്സിലാക്കാനുള്ള പക്വത നമ്മുടെ സമൂഹം ആർജ്ജിച്ചിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പകരം ഭയത്തോടെയും സംശയത്തോടെയുമാണ് പലരും അകലം പാലിക്കുന്നത്. കുടുംബത്തിനകത്ത് അകലം പാലിക്കാൻ മിക്ക പേരും തുനിയുന്നില്ല എന്നതും ഇതിനോട് ചേർത്ത് കാണണം. മറ്റു സ്ഥലങ്ങളിൽ പോയി വന്നവർ സ്വന്തം വീട്ടിലെ മുതിർന്നവരിൽ നിന്നും മറ്റും അകലം പാലിക്കാൻ ഈ പക്വത ആവശ്യമാണ്.

അടിസ്ഥാനപരമായ ഒരു ആരോഗ്യ വിദ്യാഭ്യാസം കേരളീയർക്ക് നൽകേണ്ടത് ആവശ്യമായി വന്നിരിക്കുകയല്ലേ? ഭൂകമ്പത്തെ നേരിടാൻ ജപ്പാൻ ജനത എപ്പോഴും തയ്യാറായിരിക്കുന്നതു പോലെ ഒരു സാംക്രമിക രോഗത്തിന്റെ സാധ്യതയെ മുന്നിൽക്കണ്ട് ഏത് അടിയന്തിര ആരോഗ്യ സാഹചര്യത്തേയും നേരിടാൻ കേരളീയരെ പ്രാപ്തരാക്കേണ്ടതില്ലേ? എന്തൊക്കെയാണ് അതിന്റെ സാധ്യതകൾ?

നമ്മുടെ വിദ്യാഭ്യാസം കൂടുതൽ പ്രയോഗ കേന്ദ്രിതമാകേണ്ടതുണ്ട്. പ്രായോഗികമായി ജീവിതത്തിൽ നേരിടേണ്ടി വരുന്ന പല നൈപുണ്യവും ഇപ്പോഴത്തെ വിദ്യാഭ്യാസത്തിൽ നിന്ന് നമുക്ക് ലഭിക്കുന്നില്ല. റോഡ് ട്രാഫിക് മുതൽ ലൈംഗികവിദ്യാഭ്യാസം വരെ ഇതിൽ പെടും. രോഗനിവാരണവും ഇതിൽ പെടുത്താവുന്നതാണ്. വഴിയിൽ തുപ്പാതിരിക്കുക, മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ നിരന്തരം പറയുന്നുണ്ടെങ്കിലും മൂല്യനിർണയത്തിൽ ഇതൊന്നും പെടുത്താത്തതിനാൽ വിദ്യാർത്ഥികൾ ഇതൊന്നും ഗൗരവമായി എടുക്കാറില്ല.

നമ്മുടെ വിദ്യാഭ്യാസം കൂടുതൽ പ്രയോഗ കേന്ദ്രിതമാകേണ്ടതുണ്ട്. പ്രായോഗികമായി ജീവിതത്തിൽ നേരിടേണ്ടി വരുന്ന പല നൈപുണ്യവും ഇപ്പോഴത്തെ വിദ്യാഭ്യാസത്തിൽ നിന്ന് നമുക്ക് ലഭിക്കുന്നില്ല. റോഡ് ട്രാഫിക് മുതൽ ലൈംഗികവിദ്യാഭ്യാസം വരെ ഇതിൽ പെടും.

കൊറോണ നിയന്ത്രിക്കാൻ ഇപ്പോൾ നമ്മൾ എടുക്കുന്ന മുൻ കരുതലുകൾ, മാസ്ക് ധരിക്കുക, കൈകൾ ഇടക്കിടെ കഴുകി വൃത്തിയാക്കുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും മറ്റുള്ളവരിലേക്ക് വീഴ്ത്താതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ഇത്തരത്തിൽ പകരുന്ന ക്ഷയം പോലെയുള്ള പല രോഗങ്ങളെയും തടയാൻ പ്രാപ്തമാണ്. ഇതൊരു അവസരമായി എടുത്ത് വിദ്യാഭ്യാസത്തിലും മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കാവുന്നതാണ്.

രോഗം ബാധിച്ച ഒരാളെ സംബന്ധിച്ചിടത്തോളം ആദ്യത്തെ ആശ്രയ കേന്ദ്രം ആശുപത്രിയാണ്. ആശുപത്രി ജീവനക്കാരുടെ ആരോഗ്യം പക്ഷേ പൊതുജനങ്ങളുടേയോ ഭരണ നേതൃത്വത്തിന്റെയോ ആദ്യ പരിഗണനയിൽ വരാറുമില്ല. ഡോക്ടർമാരും നേഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരുമൊക്കെ ഉൾപ്പെട്ട ആരോഗ്യ പ്രവർത്തകരുടെ വിശ്രമമില്ലാത്ത ജീവിതത്തിന്റെ പല തരം ഫോട്ടോകൾ ലോകത്തിന്റെ പല ഭാഗത്തു നിന്നും പുറത്തു വരികയാണ്. പൊതു സമൂഹത്തിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനുമില്ല. ആരോഗ്യ പ്രവർത്തകരുടെ ഇക്കാലത്തെ ജീവിതത്തെ എങ്ങനെയാണ് കാണുന്നത്? അനുഭവിക്കുന്നത്?

ഇത്തരം സന്ദർഭങ്ങളിൽ എല്ലായിടത്തും ആരോഗ്യപ്രവർത്തകർ വിശ്രമമില്ലാതെ പണിയെടുക്കുന്നത് കാണാം. അതവരുടെ ഡ്യൂട്ടിയുടെ ഭാഗമാണ്. അതിൽ നിന്ന് മാറി നിൽക്കുന്നവർ വളരെ കുറച്ചെ ഉണ്ടാകൂ. കൂടുതൽ പേരും ധാർമ്മികമായി ഉയർന്ന് പ്രവർത്തിക്കുന്നതാണ് കാണുന്നത്. പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ഒരുമിച്ച് നിന്ന് മറ്റുള്ളവർക്കായി പണിയെടുക്കുക എന്ന മനുഷ്യസ്വഭാവത്തിന്റെ തന്നെ പ്രതിഫലനമാണിത്. ആരോഗ്യപ്രവർത്തകർക്ക് അത് കൂടുതലായി ചെയ്യാൻ അവസരം ലഭിക്കുകയാണ്. മറ്റുള്ളവരും തങ്ങൾക്ക് ആവുന്ന വിധത്തിൽ കഴിയുന്നതെല്ലാം ചെയ്യാൻ സന്നദ്ധരാവുന്നുണ്ട്. ആവശ്യമായ വിഭവങ്ങൾ സമാഹരിക്കുകയും അതെത്തിക്കുകയും കൗൺസിലിംഗ് പോലെയുള്ള സേവനങ്ങൾ നൽകുകയും ഒക്കെ ചെയ്യുന്നുണ്ട്. നമുക്ക് പരിചയമില്ലാത്ത രോഗമാകുമ്പോൾ അതിനെ നേരിടാനുള്ള സംവിധാനങ്ങൾ കൊണ്ട് വരികയും അത് നിരന്തരം വിലയിരുത്തി പുതുക്കുകയും ചെയ്യേണ്ടതുണ്ട്.

ആദ്യം ഞാൻ ജോലി ചെയ്യുന്നിടത്ത് ഒരു സംശയമുള്ള ആളെത്തുമ്പോൾ പ്രത്യേകിച്ച് ഒരു സംവിധാനവും ഞങ്ങൾക്കില്ലായിരുന്നു. പരിമിതമായ അറിവിൽ, ഉള്ള സൗകര്യങ്ങൾ വച്ച് സംവിധാനം ഒരുക്കുകയായിരുന്നു. ആദ്യം ഒരു വാർഡിലെ ഏതാനും മുറികളും അവരെ നോക്കാൻ തയാറായ രണ്ടോ മൂന്നോ ഡോക്ടർമാരും മാത്രമാണുണ്ടായിരുന്നത്. സമ്പൂർണ്ണമായ അണുനിയന്ത്രണസംവിധാനം എങ്ങനെ പ്രാവർത്തികമാക്കാം എന്നത് വലിയ ഒരു വെല്ലുവിളിയായിരുന്നു.

രോഗികളെത്തുമ്പോൾ ആദ്യം കാണുന്ന സെക്യൂരിറ്റി ജീവനക്കാർ, വൃത്തിയാക്കുന്നവർ, നഴ്‌സുമാർ, നഴ്‌സിംഗ് അസിസ്റ്റന്റുമാർ, ടെക്നിഷ്യന്മാർ, ലാബറട്ടറി ജീവനക്കാർ, ഡോക്ടർമാർ എന്നിവരടങ്ങുന്ന ഒരു ടീമിനെ ഒരുക്കിയെടുക്കുകയും, ഏകോപിപ്പിക്കുകയും മറ്റു രോഗ ചികിത്സാ പ്രവർത്തനങ്ങളോടൊപ്പം ഇതുകൊണ്ട് പോവുകയും ചെയ്യുക എന്നത് ശ്രമകരമായ ജോലിയാണ്.

പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ഒരുമിച്ച് നിന്ന് മറ്റുള്ളവർക്കായി പണിയെടുക്കുക എന്ന മനുഷ്യസ്വഭാവത്തിന്റെ തന്നെ പ്രതിഫലനമാണിത്. ആരോഗ്യപ്രവർത്തകർക്ക് അത് കൂടുതലായി ചെയ്യാൻ അവസരം ലഭിക്കുകയാണ്.

ഓരോ ദിവസവും മണിക്കൂറുകൾ നീളുന്ന കൂടിയാലോചനകൾ, പഠനങ്ങൾ, പരിശീലനങ്ങൾ, മോക് ഡ്രില്ലുകൾ, വിവര ശേഖരണം. റിപ്പോർട്ടുകൾ തയാറാക്കൽ, പരിശോധനക്കും ചികിത്സക്കും ആവശ്യമായ പ്രോട്ടോകോളുകൾ തയാറാക്കൽ, അവ നിരന്തരം വിലയിരുത്തി പുതുക്കൽ, തുടങ്ങിയുള്ള പ്രവർത്തനങ്ങൾ രാവും പകലും നീളുന്നതാണ്. പുതിയ രോഗമായതിനാൽ ഒരു രോഗിയെങ്കിലും എത്തുന്നതിന് മുമ്പ് തന്നെ ഇതെല്ലാം ചെയ്യേണ്ടതാണ്.

സാമ്പിളുകൾ ശേഖരിക്കൽ, അത് വേണ്ട വിധത്തിൽ പാക്ക് ചെയ്ത് അയക്കൽ, മറ്റു സ്‌ഥാപനങ്ങളും ആളുകളുമായുള്ള നിരന്തരമായ ഫോൺ വിളികളും സംസാരങ്ങളും . ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രവർത്തനങ്ങളിലാണ് ഞങ്ങൾ ഏർപ്പെടുന്നത് . പുറത്ത് നിന്ന് നോക്കുന്നവർ ഇത്രയധികം രോഗികളുണ്ടോ ഇങ്ങനെ പണിയെടുക്കാൻ എന്നാണ് അതിശയിക്കുന്നത്. ഒരു രോഗിയാണെങ്കിൽ പോലും പുതിയ ഒരു സംവിധാനം വളർത്തിയെടുക്കാൻ വേണ്ട അദ്ധ്വാനം കാണാപ്പണിയാണ്. ഇതിൽ ഒരു ഹെൽത്ത് സെന്റർ മുതൽ സംസ്ഥാന ആരോഗ്യ ഡയറക്ടറേറ്റ് വരെ ഏകോപിപ്പിച്ച് കൊണ്ടുള്ള പ്രവർത്തനവുമുണ്ട് . എല്ലാവരും ഒരേമനസ്സോടെ പ്രവർത്തിക്കേണ്ടതുമുണ്ട്. വളരെ ചെറുതായി തുടങ്ങിയ ഞങ്ങളുടെ സംരംഭം ഇപ്പോൾ ഒരു കോവിഡ് ആശുപത്രിയായി മാറുന്നത് വരെ എത്തി.

കൂടുതൽ ആളുകൾ വിദേശത്ത് നിന്നെത്തുകയും രോഗികൾ ഒന്നൊന്നായി കൂടുകയും ചെയ്യുന്നതിനനുസൃതമായും ഒരു വലിയ വേലിയേറ്റമുണ്ടായാൽ അതിനുള്ള തയാറെടുപ്പെന്ന നിലയിലും ഞങ്ങൾ ഈ സംരംഭം വലുതാക്കുകയാണ്. രോഗികളെ പരിചരിക്കാൻ തയാറായി വന്ന ഡോക്ടർമാരെയും നഴ്സുമാരെയും മറ്റു പ്രവർത്തകരെയും ചേർത്ത് നിർത്തേണ്ടതുണ്ട്. അവർ നടത്തുന്നത് വലിയ സേവനമാണ്. അവർക്ക് രോഗം വരാതെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

ഇന്ത്യയെ സംബന്ധിച്ച് അടിസ്ഥാന വർഗ്ഗത്തിന്റെ ആരോഗ്യം എന്നത് ഒരു കാലത്തും അവകാശത്തിന്റെ തലത്തിലേക്ക് ഉയർന്നിട്ടില്ല. സംസ്ഥാനങ്ങൾക്കിടയിൽ പലായനം ചെയ്യുന്ന തൊഴിലാളി വർഗ്ഗത്തിന്റെ ദയനീയ കാഴ്ചയുടെ രാഷ്ട്രീയം അത് തന്നെയാണ്. റോഡിൽ ചുമച്ച് വീഴുന്ന മനുഷ്യരുടെ ദൃശ്യങ്ങളും വരാൻ തുടങ്ങിയിട്ടുണ്ട്. കേരളം അതിന് അപവാദമായി നില നിൽക്കുകയും ചെയ്യുന്നു. ഇത്തരം പലായനങ്ങൾ, സാമൂഹികാകലം പാലിക്കാൻ സാധിക്കാത്തത്രയും ദരിദ്രമായ താമസ സൗകര്യങ്ങൾ. കോവിഡ് 19 പോലൊരു സാംക്രമിക കാലത്തെ അതിജീവിക്കാനുള്ള ശേഷി ഇന്ത്യയ്ക്ക് ഉണ്ടോ?

ആരോഗ്യരംഗത്തെ അസന്തുലിതയും, അതിനായുള്ള നിക്ഷേപത്തിൽ നിന്നുള്ള ഗവണ്മെന്റുകളുടെ പിന്മാറ്റവും കുറെ കാലമായി നമ്മൾ ചർച്ച ചെയ്തു വരുന്നതാണ്. നൂറുകണക്കിനാളുകൾ ക്ഷയരോഗവും മറ്റും വന്ന് നമ്മുടെ നാട്ടിൽ മരിക്കുന്നുണ്ട്. പോഷകാഹാരക്കുറവും നിലവാരമില്ലാത്ത ജീവിതവും കൂലിത്തൊഴിലാളികളിൽ സാധാരണമാണ്. പൊതുജനാരോഗ്യരംഗത്തെ തകർച്ച സാധാരണക്കാർക്ക് ചികിത്സ അപ്രാപ്യമാക്കി കൊണ്ടിരിക്കുകയാണ്. ചികിത്സാ ചെലവ് മൂലം ദരിദ്രർ വീണ്ടും ദരിദ്രരായി കൊണ്ടിരിക്കുന്ന രാജ്യമാണ് നമ്മുടേത്. ഈ ആളുകളെ ഒന്നും കണക്കിലെടുക്കാതെയാണ് അല്ലെങ്കിൽ അവരെ തയാറാക്കാതെയാണ് ലോക് ഡൗൺ പ്രഖ്യാപിച്ചത്. അതുകൊണ്ടാണ് ആളുകൾ ഓടി പോവുകയും മറ്റും ചെയ്യേണ്ടി വന്നത്. കേരളത്തിൽ ഇതിൽ നിന്ന് വ്യത്യസ്തമായി സാധാരണക്കാർക്ക് അധികം ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ ഭക്ഷണ വിതരണവും മറ്റും പ്ലാൻ ചെയ്തു.

ചികിത്സാ ചെലവ് മൂലം ദരിദ്രർ വീണ്ടും ദരിദ്രരായി കൊണ്ടിരിക്കുന്ന രാജ്യമാണ് നമ്മുടേത്. ഈ ആളുകളെ ഒന്നും കണക്കിലെടുക്കാതെയാണ് അല്ലെങ്കിൽ അവരെ തയാറാക്കാതെയാണ് ലോക് ഡൗൺ പ്രഖ്യാപിച്ചത്. അത് കൊണ്ടാണ് ആളുകൾ ഓടി പോവുകയും മറ്റും ചെയ്യേണ്ടി വന്നത്.

അന്തർദേശ തൊഴിലാളികളെ ഒക്കെ നമുക്കൊപ്പം തന്നെ കണ്ട് അവരെ സംരക്ഷിക്കാൻ കേരളീയർ ശ്രമിക്കുന്നതിൽ നമുക്ക് അഭിമാനിക്കാം. എന്നാൽ, ഇവിടെ എല്ലാം കുറ്റമറ്റതാണെന്ന അവകാശമൊന്നും വെക്കേണ്ടതില്ല. നമ്മുടെ കുറവുകൾ നിരന്തരം നോക്കി പരിശോധിക്കേണ്ടത് തന്നെയാണ്.

പനി വരുമ്പോൾ പാരസെറ്റാമോൾ കഴിക്കുമെങ്കിലും അസുഖങ്ങൾ വരുമ്പോൾ ആശുപത്രിയിലെത്തുമെങ്കിലും മോഡേൺ മെഡിസിനും ചികിത്സയും ഒഴിവാക്കാനാവില്ലെങ്കിലും ഭൂരിഭാഗം മലയാളിയുടെയും പൊതുബോധം ശാസ്ത്രാധിഷ്ഠിതമല്ല. മതബോധവും ശാസ്ത്ര നിരാകരണവുമൊക്കെത്തന്നെയാണ് പൊതുബോധത്തിൽ ശക്തമായി പ്രവർത്തിക്കുന്നത്. സയന്റിഫിക് ടെംപറിന്റെ അഭാവം രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവമാണ് എന്ന് വ്യാഖ്യാനിക്കാൻ പറ്റില്ലേ?

ഒരു പക്ഷെ, ശാസ്ത്രചിന്ത വളർത്തിയെടുക്കാൻ പറ്റിയ അവസരമായി ഇത് മാറും. പ്രകൃതിയിൽ നിന്നും അത്ര വലിയ ആഘാതങ്ങളൊന്നും മുമ്പ് നമുക്ക് ഏൽക്കേണ്ടി വന്നിട്ടില്ല. ഇന്നിപ്പോൾ ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയ ജീവിതചര്യ പാലിക്കേണ്ടത് നിർബ്ബന്ധമായി വന്നിരിക്കുന്നു. കൂട്ട പ്രാർത്ഥന കൊണ്ടൊന്നും കൊറോണ തടയാനാവില്ലല്ലോ. അതിജീവനം ഒരു വെല്ലുവിളിയാകുമ്പോൾ ശാസ്ത്രം പഠിക്കുകയും പ്രയോഗിക്കുകയും ചെയ്യേണ്ടി വരും.

നമ്മൾ സാധാരണ ഗുളിക കഴിക്കുമ്പോഴും അത് ആചാരമായാണ് ചെയ്യുന്നത്. അതിന്റെ ശാസ്ത്രീയമായ പ്രവർത്തനമല്ല, മറിച്ച് ഡോക്ടറിലുള്ള വിശ്വാസമാണ് ആളുകളിൽ പ്രവർത്തിക്കുന്നത്. അതുകൊണ്ട് ഏത് ചികിത്സ സ്വീകരിക്കുന്നതിനും ആളുകൾക്ക് മടിയില്ല.

പൊതുജനങ്ങളുടെ ഇടയിലുള്ള മിഥ്യാ ധാരണകൾ, വ്യാജ ചികിത്സകരുടെയും യുക്തിഭദ്രമല്ലാത്ത വിശ്വാസങ്ങളുടേയും വ്യാപനം തുടങ്ങിയവയെല്ലാം രോഗവ്യാപനത്തിന് കാരണമാവുന്നത് എങ്ങനെയാണ്?

ഇതൊക്കെ മനുഷ്യർ തമ്മിലുള്ള അധികാരബന്ധങ്ങളുമായി കൂടി ബന്ധപ്പെട്ടു കിടക്കുന്നു എന്നാണ് ഞാൻ കരുതുന്നത്. ശാസ്ത്രം ആളുകൾ ഉൾക്കൊള്ളണമെങ്കിൽ അതവരുടെ ജീവിതത്തിലും നിലയിലും മാറ്റമുണ്ടാക്കണം. മനുഷ്യർ തമ്മിൽ പദവിയിൽ വ്യത്യാസങ്ങൾ നില നിൽക്കുമ്പോൾ ഓരോരുത്തരും തങ്ങൾക്ക് ഏത് തരത്തിൽ ആധിപത്യമുണ്ടാക്കാനാവുമെന്ന് അന്വേഷിച്ച് കൊണ്ടിരിക്കും. യുക്തിഭദ്രത ഓരോരുത്തരും ഉണ്ടാക്കുന്നത് അവരുടെ ആവശ്യങ്ങൾക്കനുസരിച്ചാണ്. ഒരു മതത്തിൽ വിശ്വസിക്കുന്നവർ മറ്റൊരു മതത്തിലെ വിശ്വാസം യുക്തി ഭദ്രമല്ലെന്ന് പെട്ടെന്ന് കണ്ടെത്തും. അത് പോലെ തിരിച്ചും. എല്ലാവർക്കും യുക്തിയുണ്ട്. അത് അവരവരുടെ നിലയിൽ നിന്ന് കൊണ്ട് ആധിപത്യം ഉണ്ടാക്കാൻ ശ്രമിക്കുന്നിടത്ത് നഷ്ടപ്പെട്ടു പോവുകയാണ്. അത് സ്വയം തിരിച്ചറിയാനുള്ള അവസരങ്ങളുണ്ടായാൽ ഒരു പക്ഷെ മാറും. അത്തരമൊരവസരം കൊറോണ ഉണ്ടാക്കിയാൽ കൊള്ളാം.

നോക്കൂ, ഇത്രയധികം മിഥ്യാ ധാരണകളും വ്യാജ ചികിത്സയുമൊക്കെ നിൽക്കുന്ന നമ്മുടെ വീടുകളിൽ നിന്ന് തന്നെയാണ് അവരുടെ ആഗ്രഹത്തോടെ തന്നെ മോഡേൺ മെഡിസിൻ ഡോക്ടർമാരും നഴ്സുമാരുമൊക്കെ ഉണ്ടാകുന്നത്. അവരിൽ മിക്ക പേരും സയൻസിന്റെ യുക്തിയിൽ ചിന്തിക്കുന്നു.

ഇതേ ആളുകൾ തന്നെ മറ്റു രാജ്യങ്ങളിലെത്തിയാലോ? അവർ തന്നെ ഇന്ത്യയുടെ സംസ്കാരമെന്നൊക്കെ പറഞ്ഞ് അന്ധവിശ്വാസമൊക്കെ അഭിമാനമായി കൊണ്ട് നടക്കും. അവിടെ അവർ രണ്ടാമത്തെ തരമായി സ്വയം അനുഭവിക്കുന്നതിന്റെ ഫലമാണത്. അതാണ് ഞാൻ പറഞ്ഞത് യുക്തിയുടെ കുറവൊന്നുമല്ല, മറിച്ച് വിധേയരാക്കപ്പെടുന്നവർ, അതിനെതിരെ ഉയർത്തുന്ന ദുർബ്ബലമായ, അവർ തന്നെ അറിയാതെ ഉയർത്തുന്ന പ്രതിരോധങ്ങളാണ് വിശ്വാസമെന്ന പേരിലൊക്കെ പുറത്ത് വരുന്നത്.

മനുഷ്യർ തമ്മിൽ പദവിയിൽ വ്യത്യാസങ്ങൾ നില നിൽക്കുമ്പോൾ ഓരോരുത്തരും തങ്ങൾക്ക് ഏത് തരത്തിൽ ആധിപത്യമുണ്ടാക്കാനാവുമെന്ന് അന്വേഷിച്ച് കൊണ്ടിരിക്കും. യുക്തിഭദ്രത ഓരോരുത്തരും ഉണ്ടാക്കുന്നത് അവരുടെ ആവശ്യങ്ങൾക്കനുസരിച്ചാണ്.

അത് മറികടക്കണമെങ്കിൽ മനുഷ്യരുടെ പദവിയിലുള്ള അന്തരം കുറയണം. കൊറോണയെ പോലെ ഒരു പൊതുവായ പ്രതിയോഗി അതിനുള്ള അവസരം ഉണ്ടാക്കിയേക്കാം. വളരെ ശക്തമായും, ആളുകൾക്ക് അവരുടെ കർതൃത്വം പ്രകാശിപ്പിക്കാൻ കഴിയാത്ത തരത്തിലുമാണ് മെഡിക്കൽ സംവിധാനം രൂപപ്പെട്ടത്. അതിനോടുള്ള ദുർബ്ബലമായ പ്രതിഷേധമാണ് മറ്റു ചികിത്സാ വിധികളോടുള്ള ആഭിമുഖ്യമായി പുറത്ത് വരുന്നത്. പലപ്പോഴും അത് തത്വത്തിൽ മാത്രമാണെന്നും കാണാം. മിക്കവരും ആധുനിക ചികിത്സ സ്വീകരിക്കുന്നവരും ആയിരിക്കും. എന്നാൽ, വ്യാജമായ ഒരു ആത്മവിശ്വാസം ആളുകളിൽ ഉണ്ടാക്കുകയാണ് സ്വയം ചികിത്സയും തെളിവുകളില്ലാത്ത ചികിത്സയും ചെയ്യുന്നത്.

വീട്ടിൽ ഒരു തുളസിച്ചെടി നടാനും യോഗാഭ്യാസം ചെയ്യാനുമൊക്കെ കഴിയുമ്പോൾ ആരോഗ്യപരിപാലനം സ്വയം സാധിക്കുമെന്ന ഒരു വിശ്വാസമാണത്. ആളുകൾക്ക് അധികാരമില്ലാത്തിടത്തോളമാണ് ഇത് നില നിൽക്കുന്നത്. കൊറോണ മനുഷ്യർ തമ്മിലുള്ള അന്തരം കുറക്കാൻ കാരണമായാൽ, അന്ധവിശ്വാസങ്ങൾ കുറഞ്ഞേക്കും. അതില്ലെങ്കിൽ വലിയ പ്രതീക്ഷ വേണ്ട.

ഡോ. എ.കെ ജയശ്രീ
ഡോ. എ.കെ ജയശ്രീ

രണ്ട് മനുഷ്യർ പരസ്പരം അവിശ്വാസത്തോടെ സമീപിക്കുന്ന കാലം കൂടിയാണ് ഇത്. സോഷ്യൽ ഡിസ്റ്റൻസിംഗ് മനുഷ്യബന്ധങ്ങളെ എങ്ങനെ ബാധിക്കുമെന്നാണ് കരുതുന്നത്? ബേബിബൂം പ്രതിഭാസവും വിവാഹമോചന നിരക്കിന്റെ വർദ്ധനയുമൊക്കെ കേരളത്തിലും ഉണ്ടാവാനുള്ള സാധ്യതയുണ്ടോ?

വാസ്തവത്തിൽ ഫിസിക്കൽ ഡിസ്റ്റൻസിങ് ആണ് ഇതിന് വേണ്ടത്. സോഷ്യൽ ഡിസ്റ്റൻസിംഗ് ഒരു മിസ്‌നോമർ ആയി പോയി. ഭൗതികമായി അകലം പാലിക്കുമ്പോൾ, തങ്ങൾക്ക് നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള ഒരനുഭവം ഉണ്ടാകുന്നു. നേരത്തെ ഉണ്ടായിരുന്നത് ലക്ഷ്വറി ആയിരുന്നു എന്ന തരത്തിൽ ഒരു തിരിഞ്ഞു നോട്ടത്തിന് അവസരമായി ഇതെടുത്ത് കൂടെ? സോഷ്യൽ ഡിസ്റ്റൻസിംഗ് ആവശ്യമില്ല. മറിച്ച് സാമൂഹ്യമായ അടുപ്പം കൂട്ടാനുള്ള സാഹചര്യമാണിത്. കൂടുതൽ വായിക്കാം. സിനിമ കാണാം. ഫോണിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും ബന്ധപ്പെടുകയും ചെയ്യാം. ഇതുവരെ ശീലിച്ചതിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് മാത്രം. അത് പക്ഷെ, എളുപ്പമല്ല. ബോധപൂർവ്വം അതിനായി പണിയെടുക്കേണ്ടി വരും. മറ്റുള്ളവർ അവരുമായി കഴിയുന്നത്ര ഫോണിലൂടെ ബന്ധപ്പെടണം. പുതിയൊരു സാമൂഹ്യ അടുപ്പം വളർന്നു വരട്ടെ. ഇതൊക്കെ മനുഷ്യർ തമ്മിലുള്ള വിശ്വാസം കൂട്ടുകയല്ലേ?

യുദ്ധത്തിൽ നിന്ന് ഇതിനുള്ള വ്യത്യാസം മനുഷ്യർ തമ്മിലുള്ള പ്രശ്നമല്ല ഇതെന്നതാണ്. പക്ഷെ, അതേ സമയം തന്നെ അന്ത:സംഘർഷം താങ്ങാനാവാതെ വയലൻസ് കൂടാനുള്ള സാദ്ധ്യതയുമുണ്ട്. അത് ഗൗരവത്തോടെ തന്നെ നമ്മൾ കാണണം.

യുദ്ധത്തിൽ നിന്ന് ഇതിനുള്ള വ്യത്യാസം മനുഷ്യർ തമ്മിലുള്ള പ്രശ്നമല്ല ഇതെന്നതാണ്. പക്ഷെ, അതേസമയം തന്നെ അന്ത:സംഘർഷം താങ്ങാനാവാതെ വയലൻസ് കൂടാനുള്ള സാദ്ധ്യതയുമുണ്ട്. അത് ഗൗരവത്തോടെ തന്നെ നമ്മൾ കാണണം. വിവാഹ മോചനം അല്ലെങ്കിൽ തന്നെ കൂടി കൊണ്ടിരിക്കുകയാണല്ലോ. അത് വലിയ പ്രശ്നമല്ല. പുതിയ ബന്ധങ്ങൾ ഉണ്ടായി കൊള്ളും. ബേബി ബൂമിനെ പറ്റി ഇപ്പോൾ പറയാൻ കഴിയില്ല.

കേരളത്തിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് കാസർഗോഡാണ് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടത്. ഏറ്റവും കൂടുതൽ പ്രവാസികളുള്ള ജില്ലകൂടിയാണ് അത്. പ്രാരംഭ ഘട്ടത്തിൽ വേണ്ടത്ര ബോധവത്കരണം നടക്കാതിരുന്നതും തിരിച്ചു വന്ന പ്രവാസികളിൽ നിരീക്ഷണം ശക്തമാക്കാതിരുന്നതുമെല്ലാം ജില്ലാതല വീഴ്ചയായി വിമർശനമുയർന്നിരുന്നു. അതിന്റെ കാരണങ്ങൾ എന്തൊക്കെയാണ്? എങ്ങനെയാണ് അത് നിയന്ത്രണത്തിൽ കൊണ്ടുവന്നത്?

ആദ്യ ഘട്ടത്തിൽ പുറത്ത് നിന്ന് വന്നവരെ നമുക്ക് പരിശോധിക്കാൻ കഴിഞ്ഞില്ല എന്നത് വാസ്തവമാണ്. ആ സമയത്ത് അതിനുള്ള സാമൂഹ്യഅംഗീകാരം ഉണ്ടാക്കിയെടുക്കാനും അത്രയും പരിശോധനാ സാമഗ്രികൾ ഉണ്ടാക്കി എടുക്കാനും കഴിയുമായിരുന്നോ എന്നും അറിയില്ല. ധാരാളം പേര് പുറത്ത് നിന്ന് വന്ന ഒരു ജില്ലയാണ് കാസർഗോഡ്. ബോധവൽക്കരണം കൊണ്ട് മാത്രം ആളുകളുടെ ശീലങ്ങൾ മാറ്റാൻ കഴിയില്ല.

എല്ലാ ജില്ലകളിലും നിർദ്ദേശങ്ങൾ പാലിക്കാതെ മറ്റു കുടുംബാംഗങ്ങൾക്ക് രോഗം പരത്തിയവരുണ്ട് .. നാടാകെ സഞ്ചരിച്ചവരുണ്ട്. കാസർഗോഡ് ജില്ലയിൽ എണ്ണത്തിൽ കൂടുതലായി എന്ന് മാത്രം. ഇപ്പോൾ കൂടുതൽ നിയന്ത്രണം അവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. അത് അതിർത്തി ജില്ലയാണെന്നതും വിവിധ സംസ്കാരങ്ങൾ നില നിൽക്കുന്നു എന്നതും ചലഞ്ച് ആണ്. എല്ലാ ജില്ലകളിലെയും നിരീക്ഷണസംവിധാനം വളരെ ശക്തമാണ്. ആരോഗ്യ മേഖലയും പോലീസും അങ്കണവാടികളും എല്ലാം ചേർന്നാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. പുറം രാജ്യങ്ങളുമായി പോലും അവിടുത്തെ ആരോഗ്യ പ്രവർത്തകർ ബന്ധം വക്കുകയും രോഗസാദ്ധ്യതയുള്ളവരെ കണ്ടെത്തുകയും ചെയ്യുന്നുണ്ട്.

ആരോഗ്യരംഗത്ത് കാസർഗോഡ് ജില്ലയുടെ പിന്നാക്കാവസ്ഥ എപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുൾപ്പെടെ നല്ല ഹോസ്പിറ്റലുകൾ ഇല്ലാത്തത് കാസർഗോഡ് ജനതയ്ക്ക് ചികിത്സയ്ക്കായി മറ്റ് ജില്ലകളേയോ കർണാടകയെയോ ആശ്രയിക്കേണ്ട അവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. കർണാടക അതിർത്തി അടച്ചതു മൂലം പത്ത് രോഗികൾ മരിച്ച സംഭവം പോലും ഉണ്ടായി. പണി പൂർത്തിയായ മെഡിക്കൽ കോളേജ് ഇപ്പോൾ കൊറോണ ബ്ലോക്കാക്കി മാറ്റിയിരിക്കുകയാണ്. കണ്ണൂർ, കാസർഗോഡ് ജില്ലയുടെ നോഡൽ ഓഫീസർ ജില്ലകളിലെ സാംക്രമികരോഗ നിവാരണ സെല്ലിന്റെ കോ ഓർഡിനേറ്റർ എന്ന നിലയ്ക്ക് ജില്ലയിലെ ആരോഗ്യരംഗം നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾ എന്താണ് എന്ന് വിവരിക്കാമോ? ഒപ്പം ആരോഗ്യം അവകാശമാണെന്നിരിക്കേ കാസർഗോഡ് ജനതയ്ക്ക് വേണ്ടി എന്ത് ചെയ്യാനാവും?
കാസർഗോഡ്, മെഡിക്കൽ കോളേജ് പോലെ ഒരു തൃതീയ തല സംവിധാനം ആവശ്യമാണ്. അവിടത്തുകാർ വർഷങ്ങളായി അത് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടക്കാതിരുന്ന കാര്യമാണ്. അവർ കൂടുതലായും മംഗലാപുരത്തുള്ള ആശുപത്രികളെയാണ് ചികിത്സക്കായി ആശ്രയിച്ചിരുന്നത്. ഇപ്പോൾ അതിർത്തി അടച്ചത് മൂലം ബുദ്ധിമുട്ടിലായിരിക്കുന്നു. ഒന്നിലധികം ആളുകൾ ചികിത്സ കിട്ടാതെ മരിച്ചു കഴിഞ്ഞു. കാലങ്ങളായി അവഗണിക്കപ്പെട്ട ജില്ലയാണ് കാസർഗോഡ്. ആ അവസ്ഥയെ ചൂഷണം ചെയ്യാൻ സ്വകാര്യ സ്ഥാപനങ്ങൾക്ക് കഴിഞ്ഞിട്ടുമുണ്ട് . എൻഡോസൾഫാൻ കാലത്ത് അവിടെ കൂടുതൽ ഇടപെട്ടിട്ടുണ്ട്. കാരണം എന്ത് തന്നെ ആയാലും വളരെ അധികം ആളുകൾ രോഗപീഡ അനുഭവിക്കുന്നത് കാണാം.

ആദിവാസി ആളുകൾ കൂടുതലുള്ള ജില്ല കൂടിയാണ് കാസർഗോഡ്. എലിപ്പനിയും മഞ്ഞപ്പിത്തവുമൊക്കെ അധികമായി കോളനികളിൽ കണ്ട് വരാറുണ്ട്. അവരുടെ ചുറ്റുപാടുകളും ജീവിതവും മാറിയാൽ മാത്രമേ അവ നിയന്ത്രിക്കാൻ കഴിയൂ.

അവർ ഇപ്പോഴും എല്ലാത്തിനും മംഗലാപുരത്തേക്ക് ഓടി പോകേണ്ട അവസ്ഥ ഉണ്ട്. പ്രത്യേകിച്ച് സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ വേണ്ട ധാരാളം ആളുകളുണ്ട്. ഇന്നിപ്പോൾ അതിൽ നിന്നൊരു മോചനം കാസർഗോഡിനും ലഭിക്കുമെന്ന് കരുതാം.
ആദിവാസി ആളുകൾ കൂടുതലുള്ള ജില്ല കൂടിയാണ് കാസർഗോഡ് . എലിപ്പനിയും മഞ്ഞപ്പിത്തവുമൊക്കെ അധികമായി കോളനികളിൽ കണ്ട് വരാറുണ്ട്. അവരുടെ ചുറ്റുപാടുകളും ജീവിതവും മാറിയാൽ മാത്രമേ അവ നിയന്ത്രിക്കാൻ കഴിയൂ. മനോഹരമായ ഭൂപ്രദേശമാണെങ്കിലും ദീർഘ വീക്ഷണത്തോട് കൂടിയ വികസന പ്രവർത്തനങ്ങൾ ഉണ്ടാകേണ്ടതുണ്ട്. വളരെ സജീവമായി പ്രവർത്തിക്കുന്ന പഞ്ചായത്തുകളും മറ്റും അവിടെയുണ്ട്. കേന്ദ്ര സർവ്വകലാശാലയുടെ മേൽ നോട്ടത്തിലും ആരോഗ്യ പ്രവർത്തനങ്ങളും ഗവേഷണങ്ങളും ഊർജ്ജിതപ്പെടുത്താവുന്നതാണ്.

കൊറോണക്കാലത്ത് കാസർഗോട്ടെ ഐസലേഷൻ വാർഡുകളിൽ നിന്ന് പോലും വൃത്തിഹീനമായ അന്തരീക്ഷത്തിന്റെ വാർത്തകളും ദൃശ്യങ്ങളും വരുന്നുണ്ട്. വേണ്ടത്ര ആരോഗ്യ പ്രവർത്തകരും സജ്ജീകരണങ്ങളും ഇല്ലാത്ത അവസ്ഥ കാസർഗോട്ടുണ്ടാ?

കാഴ്ചയിൽ വൃത്തിഹീനമായി തോന്നാമെങ്കിലും അങ്ങനെയാകണമെന്നില്ല. സൗകര്യക്കുറവ് മൂലമുള്ള പ്രശ്നങ്ങളായിരിക്കാം ചിലപ്പോൾ. നല്ല പെയിന്റൊക്കെ അടിച്ചാൽ ചിലപ്പോൾ വൃത്തിയുള്ളതായി തോന്നും. രോഗാണുക്കളുടെ വ്യാപനം ഇത് മാത്രം ആശ്രയിച്ചല്ല. നല്ല വൃത്തിയുള്ള വിമാനങ്ങളിൽ നിന്നുമാണ് ധാരാളം പേർക്ക് കോവിഡ് കിട്ടിയത്. രണ്ട് അമേരിക്കൻ പൗരന്മാർ ഞങ്ങളുടെ ആശുപത്രിയിൽ വന്നിട്ട് വൃത്തി പോരാ എന്ന് പറഞ്ഞു. ഭിത്തിയുടെ നിറം മങ്ങിയും പാടുകൾ ഉണ്ടായത് കൊണ്ടുമാണത്.

കാസർഗോഡ് മെഡിക്കൽ കോളജ്
കാസർഗോഡ് മെഡിക്കൽ കോളജ്

എന്നാൽ, അവിടം നൂറു ശതമാനം രോഗാണു വിമുക്തമാക്കിയാണ് സൂക്ഷിച്ചിട്ടുള്ളത്. കാഴ്ചയിൽ സുന്ദരമായിരിക്കുന്നത് നല്ലതാണ്. പക്ഷെ, അത് കൊണ്ട് രോഗവ്യാപനം തടയപ്പെടുമെന്ന് ഉറപ്പിക്കാനാവില്ല. ഓരോ തരം അണുക്കളെയും നശിപ്പിക്കാനുള്ള ശാസ്ത്രീയ രീതികൾ, മുറികൾക്കായും ഫർണിച്ചറിനായും മെഡിക്കൽ ഉപകാരണങ്ങൾക്കായും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. അത് കൃത്യമായി പാലിക്കണം. അത് നിരീക്ഷിക്കാനുള്ള സംവിധാനവും ആശുപത്രികളിൽ ഉണ്ടാവണം. സ്വകാര്യ ആശുപത്രികളും ഈ പ്രോട്ടോകോളുകൾ പാലിക്കണം.

ലോക്ക് ഡൗൺ ഇപ്പോൾ 21 ദിവസത്തേയ്ക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത് എങ്കിലും അത് മാസങ്ങൾ തുടർന്നാൽ മാത്രമേ രക്ഷയുള്ളൂ എന്ന സ്ഥിതിയില്ലേ? എന്താണ് അഭിപ്രായം?

ലോക്ക് ഡൗൺ നന്നായി പ്ലാൻ ആവശ്യമുള്ളതാണ്. അതോടൊപ്പം ഈ സമയത്ത് നടത്തേണ്ട തയാറെടുപ്പുകളും. വൈറസ് വ്യാപനം തടയാനായി ഒന്നുകിൽ തുടർച്ചയായി 49 ദിവസത്തെ ലോക് ഡൗൺ അല്ലെങ്കിൽ 21 ദിവസം കഴിഞ്ഞ് ബ്രെക് കൊടുത്ത് വീണ്ടും അടുത്ത 21 ദിവസം എന്നൊക്കെയാണ് വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുള്ളത്.

എന്നാൽ, അതോടൊപ്പം തന്നെ ഇത് ജനങ്ങളുടെ, പ്രത്യേകിച്ച് പിന്തള്ളപ്പെട്ടിട്ടുള്ളവരുടെ നിത്യ ജീവിതത്തെ ബാധിക്കാതെ നോക്കുകയും വേണം. കേരളത്തിൽ ഇതിനായുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. ലോക്ക് ഡൗൺ സമയത്തും അതിന് ശേഷവും രോഗ വ്യാപനം തടയാനായി ആളുകൾ ചെയ്യേണ്ട കാര്യങ്ങൾ ശാസ്ത്രീയമായി അവർ മനസ്സിലാക്കണം.

ആളുകൾ പാലിക്കുന്ന നിയന്ത്രണവും അധികാരികൾക്ക് ജനവിഭാഗങ്ങളോടുള്ള ആഭിമുഖ്യവുമായിരിക്കും ലോക് ഡൗണിന് ശേഷം നമ്മൾ എന്താകുമെന്ന് നിർണ്ണയിക്കുന്നത്.

കട തുറക്കുമ്പോഴും വാഹനങ്ങൾ ഓടുമ്പോഴും തിക്കും തിരക്കും ഉണ്ടാക്കാതിരിക്കാൻ ജനങ്ങളെ സജ്ജരാക്കണം. ഇപ്പോൾ തന്നെ ദീപം തെളിയിച്ച് ആഘോഷമായി ആളുകൾ കൂട്ടം കൂട്ടമായി പോകുന്നത് ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്ന് കാണുന്നു. ഇതിന്റെ ഉദ്ദേശം എന്താണെന്ന് ആളുകൾക്ക് മനസ്സിലാകാത്തത് കൊണ്ടാണത്. ഭൗതികമായ അകലം രോഗാണുവിന്റെ വ്യാപന സ്വഭാവത്തെ അടിസ്ഥാനപ്പെടുത്തി മനസ്സിലാക്കിയതാണ്. അത് വളരെ ലളിതവുമാണ്. അത് സ്വയം ചെയ്യാൻ കഴിയുന്ന സമൂഹങ്ങളിൽ കാര്യങ്ങൾ എളുപ്പമാകും .

ക്യൂ നിൽക്കുന്നതിന്റെ മൂല്യം മനസിലായിട്ടില്ലാത്ത, അത് തിരിച്ചറിയാതെ മുന്നിൽ ഇടിച്ച് കയറാൻ നിൽക്കുന്ന സംസ്കാരം താഴെ തട്ട് മുതൽ മുകൾത്തട്ട് വരെ വ്യാപിച്ചു കിടക്കുന്നതാണ്. ആളുകൾ പാലിക്കുന്ന നിയന്ത്രണവും അധികാരികൾക്ക് ജനവിഭാഗങ്ങളോടുള്ള ആഭിമുഖ്യവുമായിരിക്കും ലോക്ക് ഡൗണിന് ശേഷം നമ്മൾ എന്താകുമെന്ന് നിർണ്ണയിക്കുന്നത്.


Summary: AK Jayasree clear that public health depends not only on the economic condition of the country but also on the political vision of the government. Manila C mohan interviews.


ഡോ. എ. കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു. ‘എഴുകോൺ’ എന്ന ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

Comments