മരുഭൂമിയിൽ ഒരു കൊറോണകാലത്ത്

ല വികാരങ്ങളും ഊഞ്ഞാലിട്ട് ഭയങ്കരമായി ആടേണ്ടിവന്ന ഒരു ട്രപ്പീസ് കളിയായിരുന്നു എനിക്ക് കൊറോണക്കാലം. കരുതലിന്റെ വലകളിൽ തങ്ങിയും മുന്നറിയിപ്പുകളുടെ ദുർബലമായ പിടിയിൽ തൂങ്ങിയാടിയും ചിലപ്പോൾ ഭയപ്പെട്ട് നിർമ്മമമായി, അശ്രദ്ധമായി, അലസമായി മടുത്തു പോയ മഹാമാരിനാളുകൾ. പല രൂപത്തിൽ ജനിതക മാറ്റമുണ്ടായി പല വിധത്തിൽ മനുഷ്യകുലത്തെ മുച്ചൂടും മുടിക്കാൻ വന്ന കൊറോണരോഗാണു ഈ ട്രപ്പീസിന്റെ താഴെ മൂർച്ചയുള്ള ആയുധം പോലെ പതുങ്ങുകയും അദൃശ്യ കാഴ്ചക്കാരനായി ഭയപ്പെടുത്തുകയും ചെയ്തു.

കൊറോണ ഓരോ രൂപത്തിൽ മനുഷ്യരെ അപകടങ്ങൾക്കുള്ളിൽ തിളപ്പിച്ചു നിർത്തി. ശാരീരികമായി മാത്രമായിരുന്നില്ല മാറ്റങ്ങൾ. സാമൂഹികമായി, സാമ്പത്തികമായി, ആന്തരികമായി, വികാരവിക്ഷോഭങ്ങളുടെ ജനിതക മാറ്റത്തിന് വിധേയരായിക്കൊണ്ടേയിരുന്നു.

ഭയന്നും വെറുത്തും പിന്നെ സമരസപ്പെട്ടും കൊറോണയുമായി ചേർന്നു പോയ ദിവസങ്ങൾ. തുടക്കത്തിൽ ചൈനയിലെ വുഹാൻ മാർക്കറ്റിന്റെ, അവിടുത്തെ ആളുകളുടെ ഭക്ഷണത്തിന്റെ അസംഖ്യം വീഡിയോകൾ പ്രചരിച്ചിരുന്നു. അട്ടിക്ക് വച്ച കൂടുകളിൽ മുകളിൽ നിന്നും താഴേക്ക് തിക്കിയും തിരക്കിയും നിന്ന ജന്തുക്കളുടെ തലയിലേക്ക് രക്തവും മാംസവും വിസർജ്യവും ഒഴുകി വീഴുന്നു. എങ്ങും മുറിച്ചുവെച്ച ഇഴജന്തുക്കൾ, അടുക്കിവച്ച എലി, പാമ്പ്, നീരാളികൾ, പച്ചവെള്ളത്തിൽ ചെറുങ്ങനെ ചൂടുപിടിപ്പിച്ച് പാതിവേവിച്ച പോലെ വവ്വാലുകളെ രുചിയോടെ തിന്നുകൊണ്ടിരുന്ന ഏതൊക്കെയോ അജ്ഞാതരായ മനുഷ്യർ.

വാട്ട്‌സാപ്പ് യൂണിവേഴ്സിറ്റികളിലും യൂറ്റ്യൂബുകളിലും പരിഹാസമായും ജുഗുപ്‌സയായും കൗതുകമായും ഭയമായും കണ്ടു നിന്ന കാഴ്ചകൾ.

കേവല വലതുയുക്തിയുടെ ആശ്വാസത്തിൽ മഹാവ്യാധി അവരുടെ കർമ്മ ഫലമോ എന്ന് ശങ്കിച്ച് ദൂരെ കാണാമറയത്തുള്ള ആളുകളെ ഓർത്ത് പരിതപിച്ചു. അപ്പോഴേക്കും കൊറോണ ഇന്ത്യയിലും ഒമാനിലും വ്യാപനം ആരംഭിച്ചു തുടങ്ങിയിരുന്നു. കാപ്പിറ്റലിസത്തിന്റെ നരകയുക്തി വിമാനമേറ്റി എല്ലാ മനുഷ്യരിലേയ്ക്കും കൊറോണയെ വീതം വെച്ചു കൊണ്ടേയിരുന്നു. മനുഷ്യന്റെ എല്ലാത്തരം അഹന്തയും ഗർവ്വും അത്യാവശ്യങ്ങളും കൊറോണ തട്ടിയെറിഞ്ഞു കളഞ്ഞു. നരഭോജികൾ ഡൽഹി കത്തിക്കുന്നതും 101 ദിവസം എരിഞ്ഞ്, ഇനി അണയില്ല എന്ന് നാം കരുതിയ ഷഹീൻബാഗിലെ തീക്കനൽ പോലും അതിനിസ്സഹായമായി ലോക് ഡൗണിൽ കൊറോണക്ക് മുന്നിൽ കെട്ടടങ്ങിയത് നാം കണ്ടു.

വെന്ത് വെണ്ണീറായ അസംഖ്യം മനുഷ്യരെ ഓർത്ത് വേദന തോന്നി. അനന്തം നടന്ന അന്യസംസ്ഥാന തൊഴിലാളികൾ വിദൂരതയിലെങ്കിലും ഉള്ളു പൊളിച്ചു. അവരുടെ വരണ്ട കാലുകളിലെ വിണ്ടു പൊട്ടിയ ചിരികൾ രോഗത്തോടുള്ള നിസ്സഹായതയുടെ പൊട്ടിച്ചിരിയായി. തീവണ്ടി തട്ടിയും കുഴഞ്ഞുവീണുമെല്ലാം അവരിൽ പലരും വിടവാങ്ങിയത് യാദൃശ്ചികത അല്ലെന്നും എന്റെയുൾപ്പെടെയുള്ള ഉള്ള ക്യാപ്റ്റൻ സമൂഹത്തിന്റെ ചെയ്തികളുടെ ബാക്കി ആണെന്നും ഉള്ള പൂർണബോധ്യം വന്ന നാളുകളായിരുന്നു. അവരുടെ ടാറിൽ പൊള്ളി പൊകിളപൊന്തിയ കാലടികൾ ചോരചാറിച്ചാലിട്ട പലായനത്തിന്റെ നിസ്സഹായനദികൾ, എന്നെ മനുഷ്യൻ എന്ന നിലയിൽ അപമാനത്തിന്റെ പടുകുഴിയിൽ തള്ളിയിട്ടു. അടക്കാനാവാത്ത കണ്ണീർ പലപ്പോഴും വരികളായി കവിതയിലേക്കൊഴുകി.

ടവർ ഓഫ് ഹനോയിലെ മൂന്നു കുറ്റികളിലേയ്ക്കു ജീവിതം, ആശുപത്രി, മരണം എന്നിവയിലേക്ക് മനുഷ്യരെ വലിച്ചെറിഞ്ഞ് രസിക്കുന്ന കൊറോണ ആദ്യമാദ്യം എടുത്തെറിഞ്ഞത് ഏറ്റവും ദുർബലരായ മനുഷ്യരെയായിരുന്നു. നീതി, തലയിൽ മുഴുവൻ നിഷേധം പതിയിരിക്കുന്ന ഇഴജന്തുവാണ്. കാടുകളിൽ സർപ്പദംശനം ഏറ്റ് മരണമടയുന്ന ആളുകളുടെ കഥ കേട്ട് പുതപ്പിനുള്ളിൽ സ്‌നേഹിക്കുന്നവരെയും ചേർത്ത് കിടന്നുറങ്ങുന്ന നേരം, ഒരിക്കലും ഓർക്കില്ല തന്നെയും തേടി ഒളിച്ച് കാൽചുവട്ടിൽ കിടപ്പുണ്ടെന്ന്.

പൊതുവെ തൊഴിലാളി സൗഹൃദരാജ്യമായിരുന്നു ഒമാൻ. ഇന്ത്യ പോലെയുള്ള ജനാധിപത്യരാജ്യം മനുഷ്യരുടെ പലായന സമയത്ത് പോലും കാട്ടിയ ക്രൂരതകൾ നാം കണ്ടു. അടിസ്ഥാന ആവശ്യങ്ങൾ നിവർത്തിക്കാൻ പോലുമാവാതെ പരാജയപ്പെട്ട അവസ്ഥ. ജനാധിപത്യം അതിന്റെ പൗരന് ഉറപ്പു നൽകുന്ന ജീവിക്കാനുള്ള അവകാശം പോലുമില്ലാതെയായി. അത് ഉറപ്പു വരുത്താനാകാതെ ഭരണകൂടം പരാജിതമായി. ഏഷ്യയിലെ ഏറ്റവും വലുതും ഒരേ ഒരു ജനാധിപത്യരാജ്യവുമായ ഇന്ത്യയിൽ ഇപ്രകാരമെങ്കിൽ ജനാധിപത്യ വ്യവസ്ഥയിലധിഷ്ഠിതമല്ലാത്ത രാജ്യങ്ങളുടെ അവസ്ഥ എന്തായിരിക്കും? ലോകമെന്തായിരുന്നോ അതുതന്നെയായി ഒമാനിലും. ഇവിടെ ആദ്യമാദ്യം കൊറോണ ബാധിച്ചത് ലേബർ ക്യാമ്പുകളിൽ കൂട്ടമായി കാലികളോ ജീവികളോ എന്നറിയാതെ കഴിയുന്ന ആയിരക്കണക്കിന് മനുഷ്യരെ ആയിരുന്നു. വിദേശികളെ മാത്രം ബാധിക്കുന്ന രോഗം എന്ന് സ്വദേശികളും, ലേബർ ക്യാമ്പുകളിൽ മാത്രം താമസിക്കുന്ന ചില പാവപ്പെട്ടവരെ ബാധിക്കുന്ന രോഗം എന്ന് വിദേശികളും കരുതി. ലേബർ ക്യാമ്പുകളിൽ നിന്നും തൊഴിലാളികളെ കൂട്ടമായി കൊറോണ ടെസ്റ്റിന് വേണ്ടി ഹോസ്പിറ്റലിൽ വലിയ ബസ്സുകളിൽ വന്നിറക്കി. സാമൂഹിക അകലം പാലിക്കുവാൻ വേണ്ടിയുള്ള വലിയ നിര പുറത്തു റോഡിലേക്ക്, മാർച്ച് മാസത്തിലെ അമ്പതു ഡിഗ്രി സെൽഷ്യസ് ഉഗ്രതാപത്തിൽ നീണ്ടുനിന്നു. പനി ബാധിച്ചവർ വിറച്ച് കുഴഞ്ഞുവീണു. മറ്റുള്ളവർ ദാഹിച്ചു വലഞ്ഞു. മണിക്കൂറുകളോളം ടെസ്റ്റിനു വേണ്ടി കാത്തു നിന്നു. സൂര്യതാപമേറ്റ് മനുഷ്യർ ജീവനോടെ വെന്തു.

ബാർബർ ഷോപ്പുകൾ, ചെറുകിടസ്ഥാപനങ്ങൾ, സിനിമ തിയേറ്ററുകൾ, മാളുകൾ എന്നുവേണ്ട എല്ലാ സ്ഥാപനങ്ങളും ലോക്ഡൗണിൽ അടഞ്ഞു തന്നെ കിടന്നു. പതിനായിരക്കണക്കിന് പ്രവാസികൾക്ക് ജോലി നഷ്ടമായി. പലർക്കും ശമ്പളം പാതിയും നാലിലൊന്നും മാത്രം ലഭിച്ചു. പല ചെറുകിട കച്ചവടങ്ങളും പൂട്ടിയതോടെ വാടകയ്ക്ക് കൂടി കാശില്ലാതെ ബുദ്ധിമുട്ടിയ തൊഴിലുടമകൾ പകുതിയിൽ കുടുതൽ ജോലിക്കാരെ പിരിച്ചുവിട്ടു.

സ്വദേശി തൊഴിലാളികളെ പിരിച്ചു വിടരുത് എന്ന് ഒമാനിലെ കോവിഡ് സുപ്രീം കമ്മിറ്റി ഉത്തരവിറക്കി. സ്വദേശികൾക്ക് ലോണുകളിൽ മൂന്ന് മാസത്തിലധികം ഇളവുകൾ നൽകുവാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് മിനിസ്ട്രിയുടെ നിർദേശം ഉണ്ടായിരുന്നു. പക്ഷെ വിദേശികൾക്ക് ഈ ഇളവുകൾ ബാധകമായിരുന്നില്ല. ഇന്ത്യയിലേക്കുള്ള വിമാനം, അതിന്റെ വരവും തിരിച്ചു പോക്കും മാത്രമായി അന്ത്യപ്രതീക്ഷ. എത്രയും പെട്ടന്ന്, എത്രയും പെട്ടന്ന് എന്റെ വീട്ടിലേയ്ക്കുള്ള വാതിൽ തുറന്നു നൽകുകയെന്ന ആവശ്യം ശക്തമായി. ജോലിയില്ലാതെ അന്യ നാട്ടിൽ പിടിച്ചു നില്ക്കുക എന്നത് എളുപ്പമല്ല. റിയാലും ഇന്ത്യൻ പൈസയും തമ്മിലുള്ള വിനിമയ വ്യത്യാസം അറിയാമല്ലോ. വളരെ ചിലവേറിയ ജീവിതമായിരുന്നു ഏറ്റവും വലിയ പ്രതിസന്ധി. പബ്ലിക് ട്രാൻസ്‌പോർട്ടേഷൻ പോലുമില്ലാത്ത രാജ്യത്ത് സഞ്ചാരം കൂടി ചുരുക്കമായിത്തീർന്നു. ലേബർ കമ്പനി വണ്ടികളില്ലെങ്കിൽ കാൽനടശരണമേ പണമില്ലാത്തൊരാൾക്ക് സാധ്യമാവൂ. ജീവിക്കുക എന്നതാണു പ്രധാനലക്ഷ്യം ബാക്കിയൊക്കെ പിന്നീട് എന്നു തീരുമാനിയ്ക്കുവാൻ എളുപ്പമായിരുന്നില്ല. മറ്റൊരു മാർഗവും അവശേഷിച്ചില്ല.

തിരിച്ച് നാട്ടിൽ എത്തിയാലും ഈ സമയത്ത് ഒരു ജോലി തരപ്പെടുത്തുക എന്നത് എളുപ്പമല്ല. പ്രവാസികൾക്ക് മുമ്പിൽ ഒമാനിലെ ഇന്നു മാത്രമല്ല ഇന്ത്യയിലെ നാളെയും പ്രയാസകരമായിരുന്നു. ഭൂതകാലത്തെ പ്രാരാബ്ധവും വർത്തമാനകാലത്തെ കടങ്ങളും ലക്ഷ്യമില്ലാത്ത ഭാവിയും ഓരോ മനുഷ്യനേയും അങ്ങേയറ്റം സമർദ്ദത്തിലാക്കി. പ്രവാസികളുടെ ഭാവി ഏതാണ്ട് പൂർണമായും അനിശ്ചിതത്വത്തിലായിരുന്നു. നാട്ടിലും ഇവിടെയുമായി എടുത്ത ലോണുകൾ അടവ് തെറ്റിയത് ഏവരെയും ഭ്രാന്ത് പിടിപ്പിച്ചു. പലരും സമ്മർദം സഹിക്കവയ്യാതെ വിഷാദത്തിലേക്ക് കൂപ്പുകുത്തി. ഗൾഫിൽ ഇടുങ്ങിയ ഫ്‌ളാറ്റുകളിൽ താമസിക്കുന്നവരാണ് ഏറേയും. കുട്ടികൾ ചില്ലു കൂട്ടിലെ തിളങ്ങുന്ന പരൽ മീനുകളെ പോലെ, ഇത്തിരി ശ്വാസത്തിനായി വാതിൽക്കൽ നിന്നു പുളഞ്ഞു. സ്ത്രീകൾ, മാസങ്ങളോളം ഭൂമിയും ആകാശവും കാണാത്ത കുട്ടികളെ സമാധാനിച്ചുനിർത്തുവാൻ കഴിയാതെ പാടുപെട്ടു. ഇടുങ്ങിയ മുറിക്കുള്ളിലെ നാല് ചുമരുകൾക്കുള്ളിൽ ശ്വാസംമുട്ടിയവർ കഴിഞ്ഞുകൂടി.

പലരും മാസങ്ങൾ പണിയെടുത്ത് കിട്ടാൻ ഉണ്ടായിരുന്ന ശമ്പള കുടിശ്ശിക ദുഃഖത്തോടെ ഒഴിവാക്കി ജീവനും പിടിച്ചു നാട്ടിലേക്ക് തിരിച്ചു പോകാൻ ഒരുങ്ങി. ചിലർ ഭക്ഷണത്തിനും, താമസത്തിനുമുള്ള വഴികൾ അന്വേഷിച്ചു നടക്കുന്നുണ്ടായിരുന്നു. മറ്റു ചിലർ നാട്ടിലേക്കുള്ള ടിക്കറ്റിനായി ബാക്കിയുളള മിച്ച സമ്പാദ്യം കൂട്ടി വച്ചു. അതില്ലാത്തവർ ടിക്കറ്റ് പണം കണ്ടെത്താനായി പലരോടും കൈ നീട്ടി. സന്നദ്ധ സംഘടനകൾ, പല വ്യക്തികൾ മരുന്നും ഭക്ഷണവും പാർപ്പിടവും നൽകി, ജോലി നഷ്ടപ്പെട്ടവരെ നാട്ടിലേക്ക് കയറ്റി അയയ്ക്കുംവരെ കാത്തു രക്ഷിച്ചു. സഹജീവികളുടെ കണ്ണീരിനു വിലകൊടുത്ത അത്തരം മനുഷ്യർ ഈ ലോകത്തിന്റെ പ്രത്യാശയും പ്രതീക്ഷയുമായി.

ഓരോ രാജ്യങ്ങളും അവരുടെ പൗരന്മാരെക്കുറിച്ചു ആകുലത പൂണ്ടു. അവർ ഓരോരുത്തരെയായി പല വിമാനങ്ങളിൽ അവരുടെ നാട്ടിലേക്ക് കൊണ്ടുപോയി. ഇന്ത്യക്കാർ ഇവിടെയും പരിതാപകരമായ അവസ്ഥ തന്നെ നേരിട്ടു. വന്ദേഭാരത് മിഷൻ പ്രവർത്തനം ഏകദേശം രണ്ടു മാസത്തോളം അനിശ്ചിതത്വത്തിലായിരുന്നു.നാട്ടിലേക്കു പോകാനുള്ള വിമാനം മെയ് അവസാനം തയ്യാറാവുന്നത് വരെ രണ്ടാംകിട പൗരന്മാരായി ജീവനും അഭിമാനത്തിനും ക്ഷതമേറ്റ് പ്രവാസികൾ പിടിച്ചു നിന്നു.

നാട്ടിലെ പോലെതന്നെ പഴയ ബന്ധങ്ങൾ തേടിപ്പിടിച്ച് ഓരോ ഓൺലൈൻ ഗ്രൂപ്പുകൾ പൊങ്ങി വന്നത് ഈ കാലത്താണ്. ആളുകൾ വെർച്വൽ ആണെങ്കിൽ കൂടിയും മറ്റുള്ളവർക്ക് വേണ്ടി സമയം കണ്ടെത്തി തുടങ്ങി. സിനിമ, കഥ, കവിത തുടങ്ങിയ ഗ്രൂപ്പുകളിൽ പലരും സജീവമായി. ചർച്ചകൾ, ഒത്തു ചേരൽ എല്ലാം ഓൺലൈൻ ആയതിനാൽ നാട്ടിലുള്ളവരെ പോലെ തന്നെ പ്രവാസികൾക്കും പരിപാടികളിൽ പങ്കെടുക്കുവാൻ സാധിച്ചു. എല്ലായിടത്തും പ്രവാസി പങ്കാളിത്തം എന്ന വിശാലമായ ആശയത്തിനു വഴിയൊരുക്കി. ആത്മാവിന്റെ പ്രതിസന്ധികൾക്ക് എഴുത്തും സിനിമയും സംഗീതവും ആശ്വാസം പകർന്നു.

ഇവിടെയുള്ള ചികിത്സയുടെ അപര്യാപ്തത കൃത്യമായി അറിയാവുന്ന, വിശേഷിച്ച് വിദേശികളായ ആരോഗ്യപ്രവർത്തകർ ആശങ്കയിലായി. സ്വന്തം ജീവനും, തൊഴിലും, കർത്തവ്യവും ഒരുപോലെ മുന്നോട്ടു കൊണ്ട് പോയവർ കൊറോണയുമായി വിശ്രമമില്ലാതെ പൊരുതി കൊണ്ടേയിരുന്നു. റൂവിയിൽ നാൽപ്പതു വർഷങ്ങളായി ക്ലിനിക് നടത്തി പോന്ന "കോമൺ മാൻസ് ഡോക്ടർ ' എന്നറിയപ്പെട്ടിരുന്ന ഡോക്ടർ രാജേന്ദ്രൻ നായർ. അദ്ദേഹം അനേകം ആളുകളെ കുറഞ്ഞ ചിലവിൽ ചികിത്സിച്ചിരുന്നു. കൊറോണയുടെ തുടക്കമായിരുന്നു അപ്പോൾ. ഈ സമയത്തും നിരവധി ഇന്ത്യക്കാർക്കും, പാകിസ്താനികൾക്കും, ബംഗ്ലാദേശികൾക്കും ആശ്രയമായിരുന്ന അദ്ദേഹം, തന്റെ എഴുപത്തിയാറാം വയസ്സിലും നിസ്വാർത്ഥസേവനം അനുഷ്ടിച്ചു. നിർഭാഗ്യവശാൽ കൊറോണ ബാധിച്ചു തന്നെ അദ്ദേഹം മരണമടഞ്ഞു. പലരുടെയും പ്രതീക്ഷകളും അവസാനിച്ചു

കുട്ടികളുടെ വിദ്യാഭ്യാസം അനിശ്ചിതത്വത്തിലായി. കൂട്ടമായി പ്രവാസികൾ നാടണയാൻ തുടങ്ങിയതോടെ അവിടുത്തെ ഇന്ത്യൻ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണം പകുതിയോളം കുറഞ്ഞു. തകർന്ന സാമ്പത്തിക സ്ഥിതിയും ജോലി പ്രശ്‌നങ്ങളും മുന്നിൽകണ്ട് പല ആളുകളും കുടുംബത്തെയും കുട്ടികളെയും നാട്ടിലേക്ക് തിരിച്ചയച്ചു. ചിലർ എങ്ങനെയും ഇവിടെ ഒറ്റയ്ക്ക് പിടിച്ചുനിൽക്കാൻ ശ്രമിക്കുകയായിരുന്നു. പ്രവാസം ഇനിയങ്ങോട്ട് നേരിടുവാൻ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി അടഞ്ഞു പോയേക്കാവുന്ന സ്‌കൂളുകൾ ആയിരിക്കുമെന്ന് ഇവിടുത്തെ സാമൂഹികപ്രവർത്തകർ ഉറക്കെ പറഞ്ഞു. സ്‌കൂളുകളുടെ നടത്തിപ്പിന് മതിയായ ഫണ്ട് കണ്ടെത്താനാവാതെ പല ഇന്ത്യൻ സ്‌കൂൾ മാനേജ്‌മെന്റുകളും വിഷമിക്കുന്ന സ്ഥിതിയായി. അങ്ങനെയിരിക്കെ ഓൺലൈൻ വിദ്യാഭ്യാസം ഓരോ ഇന്ത്യൻ സ്‌കൂളുകളും ആരംഭിച്ചു. ശമ്പളമില്ലാത്ത മാതാപിതാക്കളുടെ കുട്ടികൾക്ക് തുടർ വിദ്യാഭ്യാസത്തിനുള്ള വഴികൾ ആരാഞ്ഞ് കൂട്ട ഹർജികൾ അയച്ചു. പലരും ഫീസ് അടയ്ക്കാതെ ഓൺലൈൻ വിദ്യാഭ്യാസം തുടർന്നു. ശമ്പളമില്ലാത്ത സർട്ടിഫിക്കറ്റുകൾ കാണിച്ച മാതാപിതാക്കൾക്ക് സ്‌കൂളുകൾ ഫീസിളവ് കൊടുത്തു. പരസ്പരം കൈകോർത്ത് മുങ്ങിത്താഴാതിരിക്കാനായി മനുഷ്യരുടെ ശ്രമം.

അഹമ്മദ് എന്റെ കൂടെ ജോലിചെയ്തിരുന്ന സ്വദേശിയായ ചെറുപ്പക്കാരൻ. ജീവിതം ഏറെ ആസ്വദിച്ചിരുന്ന സദാ പ്രസന്നനായിരുന്ന ഒരു യുവാവ്. മൂന്ന് പെൺകുട്ടികളുടെ പിതാവ്. പലപ്പോഴും അയാളുടെ ഭാര്യ പെൺകുട്ടികളെ ഓഫീസിൽ ആക്കിയിരുന്നു. കുട്ടികളെ ജോലിക്കിടയിൽ കൊണ്ടുവന്നിരുന്നത് അസാധാരണമായിരുന്നു എങ്കിലും കുട്ടികളെ കൂടെ നിർത്തി ചിലപ്പോളൊക്കെ അയാൾ ജോലി ചെയ്തു. എന്നും എന്റെയടുക്കൽ വന്നു മലയാളികളുടെ ഉച്ചാരണം എന്ന് കളിയാക്കി വാക്കുകൾ ഉറക്കെ പറഞ്ഞ് ഉറക്കെ ചിരിക്കും "അപ്പ്, ബ്ലഡ്, സീറ്റ്'.

സദാസമയം സാനിറ്റൈസർ ഉപയോഗിച്ചു കൈകൾ വൃത്തിയാക്കിയിരുന്നു ഒരു സഹപ്രവർത്തകനോട് "നീയൊരു പുരുഷൻ ആണോടാ, നിനക്കു കോറോണയെ പേടിയോ?' എന്ന് ചോദിച്ച് നെഞ്ചും വിരിച്ചു നടന്നു പോകും.

അയാൾക്ക് കൊറോണ ബാധിച്ചത് പൊടുന്നനെയായിരുന്നു. പനി കൂടിയപ്പോൾ ഉമ്മ കരഞ്ഞ് ബഹളമുണ്ടാക്കി ഹോസ്പിറ്റലിൽ ഒരു ഒരു ബെഡ് തരപ്പെടുത്തി. വളരെ പെട്ടെന്ന് അയാളുടെ നില വഷളായി. "കേട്ടോ അഹമ്മദിന് കൊറോണ വന്നു' എന്ന് പറഞ്ഞു ഓഫീസിലുള്ളവർ അയാളുടെ വീമ്പ് ആലോചിച്ച് പൊട്ടിച്ചിരിച്ചു. രോഗത്തോടും കൂസാതെ അയാൾ തിരിച്ചു വരും എന്ന് എല്ലാവർക്കും ഉറപ്പായിരുന്നു. പക്ഷേ അയാൾ പെട്ടന്നു തന്നെ തോറ്റു പോയി. വളരെ പെട്ടെന്ന് ശ്വാസംമുട്ടൽ ഏറുകയും നില വഷളാവുകയും ചെയ്തു. ഞാൻ അദ്ദേഹത്തിന്റെ ഭാര്യയെ വിളിച്ചു കൊണ്ടേയിരുന്നു. ഒബിസായ ഒരാൾ തിയേറ്ററിൽ ശ്വാസംമുട്ടി അബോധാവസ്ഥയിൽ പോയി എന്ന് അറിഞ്ഞത് മുതൽ എനിക്ക് വല്ലാത്ത ഭയം തോന്നിയിരുന്നു.

"എന്റെ ഭർത്താവ് ഉറങ്ങുകയാണ്. എനിക്കും കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കണം എന്നും, നീ വിളിച്ചതിൽ ഏറെ നന്ദിയുണ്ട്' എന്നു പറഞ്ഞ് അവർ ഫോൺ കട്ട് ചെയ്തു. എനിക്ക് ഭയം കൂടി. മറ്റുള്ളവർക്ക് ഭയം തോന്നാത്തത് എന്നെ അത്ഭുതപ്പെടുത്തി. കൂട്ടുകാരിയായ ഒമാനി പെൺകുട്ടി അവൾ ചിരിച്ചത് തെറ്റായിപ്പോയി എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു കരഞ്ഞു. വളരെ സാധാരണമായി അടുത്ത മണിക്കൂറിൽ അയാൾ മരിച്ചു എന്ന ഒരു മെസ്സേജ് കണ്ടു. അഹമ്മദ് ഇനിയില്ല. മോർച്ചറിയിലേയ്ക്ക് വിറച്ചു തുള്ളുന്ന പനിയുമായി നടന്നു പോയി. തീർത്തും നിർവികാരമായി അയാളുടെ മൂന്ന് കുട്ടികളുടെയും, ഭാര്യയുടെയും ഇനിയുള്ള അനാഥ ജീവിതം ഓർത്തു."പ്രിയ സുഹൃത്തേ നിന്റെ ഭർത്താവ് എന്നെനിക്കുമായി ഉറങ്ങുകയാണല്ലോ!'. ഏറെ വൈകിട്ട് മറ്റൊരു സുഹൃത്തിനെ ഫോൺ വിളിച്ചു സംസാരിച്ചു. അയാൾ "അഹമ്മദ് അഹമ്മദ്' എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു. പിന്നെ എന്തൊക്കെയോ അറബിയിൽ പറഞ്ഞു. ഞാനും അന്നേരം പിടിവിട്ടു കരഞ്ഞുപോയി.

ലോക്ക്ഡൗണിലെ വിരസതയിൽ, വീട്ടിലെ ശീതീകരണിത്തണുപ്പിൽ കഴിഞ്ഞ നാളുകളിൽ, ഞങ്ങൾക്ക് ഉറക്കം വന്നതേയില്ല. എല്ലാം അവസാനിക്കാറായി എന്ന തോന്നൽ പോലുമുണ്ടായി. മലയാളികൾ, ഇന്ത്യക്കാർ, പലരും അസുഖബാധിതരായി മരിച്ചു പോയി. കൊറോണ നിയന്ത്രണാതീതമായി കൂടിയപ്പോൾ ഒമാൻ കർക്കശനിലപാട് എടുത്തു. സ്വദേശികൾക്ക് ഗവൺമെന്റ് ആശുപത്രിയിലും, വിദേശികൾക്ക് പ്രൈവറ്റ് ആശുപത്രിയിലും ചികിത്സ എന്ന നിലയിലായി കാര്യങ്ങൾ. പല പ്രൈവറ്റ് ഹോസ്പിറ്റലുകളും രോഗികളെ ചികിത്സിക്കാൻ കൂട്ടാക്കിയിരുന്നില്ല. ഗവൺമെന്റ് ആശുപത്രിയിലാകട്ടെ സ്വദേശികൾക്കു പോലും കിടക്ക ഇല്ലാത്ത സ്ഥിതിയായി. അപ്പോഴും വന്ദേഭാരത് വണക്കങ്ങൾ മെല്ലെ കൈ കൂപ്പുന്നതേ ഉണ്ടായിരുന്നുള്ളൂ. പലരും സംഘം ചേർന്ന് ചാർട്ടേഡ് പ്രൈവറ്റ് വിമാനങ്ങൾ പിടിച്ച് കേരളത്തിലേക്ക് പുറപ്പെടുവാൻ ആരംഭിച്ചു. കേരളം മികച്ച സംസ്ഥാനം എന്ന് പല ഇന്ത്യക്കാർക്കും ബോധ്യപ്പെട്ടു. നോർക്ക ചെയ്തിരുന്ന പല സേവനങ്ങൾ നന്ദിപൂർവ്വം അവർ ഉപയോഗപ്പെടുത്തി. കേരളീയൻ ആയിരുന്നെങ്കിൽ ഇപ്പോൾ തന്നെ നാട്ടിൽ പോകാമായിരുന്നു, എങ്ങനെയെങ്കിലും രക്ഷപ്പെടാമായിരുന്നു എന്നൊക്കെ ആളുകൾ നെടുവീർപ്പെട്ടു. പാവപ്പെട്ട തൊഴിലാളികൾക്ക് മൂന്നുവർഷം മുഴുവൻ പണിയെടുത്താൽ പോലും വീട്ടാൻ പറ്റാത്ത അത്രയ്ക്ക് ഭീമമായിരുന്നു ഇവിടുത്തെ ചികിത്സാചെലവ്. വിശേഷിച്ചും വെന്റിലേറ്റർ ആവശ്യമായി വന്നാൽ. വൈകിയുള്ള ചികിത്സയാണ് വിദേശികൾക്ക് ഇടയിൽ മരണസംഖ്യ ഉയരാൻ കാരണമെന്ന് ഡോക്ടർമാർ വിലയിരുത്തി.

വിലയില്ലാത്ത തന്റെ ജീവിതത്തെ എന്ത് കൊടുത്ത്? എങ്ങനെ? രക്ഷിക്കണം എന്നോർത്ത് പലരും മരണം കാത്ത് റൂമുകളിൽ ഒളിച്ചിരുന്നു. സ്വബോധത്തോടെ തന്റെ ജീവന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ അവർക്ക് ആവുമായിരുന്നില്ല. അതുകൊണ്ട് ശ്വാസം നിലക്കും വരെ അല്ലെങ്കിൽ ബോധം വെടിയും വരെ ഒളിച്ചിരുന്നു. ബോധം മറയുമ്പോൾ ഒടുവിൽ തന്നെത്തന്നെ പൂർണമായി മറ്റുള്ളവർക്ക് വിട്ടുകൊടുത്തു. ശരീരത്തിന്റെ അവകാശികൾ ബോധം ഉള്ളിടത്തോളം വരെയും ഞാൻ ആയിരുന്നു ഇനി നിങ്ങളാണ് എന്ന് പറഞ്ഞു പലരും. ആശുപത്രി വാതിൽക്കൽ വരെ എങ്ങനെയോ എത്തി. എന്റെ കൈയിൽ നയാ പൈസയില്ല. എന്നെ എന്ത് വേണമെങ്കിലും നിങ്ങൾക്ക് ചെയ്യാം എന്ന് പറഞ്ഞ് കുഴഞ്ഞു വീണയാൾ ജീവിതത്തിലേക്ക് മടങ്ങി വന്നത് പലരുടെയും കാരുണ്യത്തിൽ. ഇവിടെ കൊറോണ ബാധിച്ചു മരിച്ചവർക്ക് വിമാനത്തിലയക്കുന്ന ചരക്കിനോടു കിടപിടിച്ച്, ശരീരഭാരവും വലിപ്പവും കണക്ക് കൂട്ടി നോക്കി വലിയ കൂലി കൊടുത്ത്, നാട്ടിലേക്കുള്ള അന്ത്യയാത്രയില്ല. ഉഷ്ണവേനലേകാന്തതയോട് കെഞ്ചിക്കിട്ടിയ പണവും വേണ്ട. ഒമാൻ മലയിടുക്കുകളിലെ ഏതെന്തിലുമൊരു സെമിത്തേരിയിൽ ഉപ്പുരസകല്ലുകൾ നുകർന്ന് കാലം കടലോളങ്ങൾ പുതയ്ക്കും വരെ ശാന്തമായി ഉറങ്ങാം. ഗൾഫിലുള്ള പ്രവാസത്തെക്കുറിച്ച് ആരെങ്കിലും ചോദിക്കുമ്പോൾ തമാശയായി പറയാറുണ്ട്, ചാവാൻ നാട്ടിൽ തന്നെ പോകണമെന്ന്. കാലം അത് തിരുത്തി. ചാവാൻ അവിടെയോ ഇവിടെയോ പോകേണ്ടത് എന്നറിയില്ല.
ഇറ്റലിയിലെ വൃദ്ധരെപ്പോലെ വൺവേ ടിക്കറ്റ് എടുത്ത് ആശുപത്രിയിലേക്ക് എന്നാണ് പോകേണ്ടി വരുക എന്നുമറിയില്ല. ജീവൻ മാത്രമാണ് ഈ കൊല്ലം ഞങ്ങളുടെ ആവശ്യം. നേരത്ത് ആഹാരം കഴിച്ചു വിശപ്പടക്കി, കിടന്നുറങ്ങാൻ കഴിയുന്ന ഇടം. മക്കളുമൊത്ത് ഭർത്താവുമൊത്ത് ഒരുമിച്ചു ജീവിക്കാൻ സാധിക്കുന്നത്, എന്നിങ്ങനെ ജീവിതത്തിലെ നിസ്സാരമെന്ന് കരുതിയ പലതും ഭാഗ്യം എന്ന് തോന്നിത്തുടങ്ങി. കൊറോണ തുടങ്ങുന്നതിനു തൊട്ടു മുൻപ് എന്റെ അച്ഛൻ നാട്ടിലേക്ക് തിരിച്ചു പോയിരുന്നു. ഒരേസമയം എനിക്ക് ആശ്വാസവും വിഷമവും തോന്നി.

ഓരോ ദിവസവും വാക്‌സിനും സ്വപ്നം കണ്ട് കഴിയുകയാണ് ഇവിടെ. നാട്ടിൽ പോകണം. അച്ഛനെയും, സഹോദരങ്ങളെയും ഒന്നുകൂടി കാണണം. വീടിന്റെ തണുപ്പിൽ വെറുതെ കിടന്ന് നല്ല ചോറും ഇത്തിരി മീങ്കറിയും കൂട്ടണം. തേങ്ങാപ്പാലു പിഴിയുന്ന വാസനയറിയണം. നാട്ടുമണ്ണിന്റെ പുതുമയും മഴയുടെ കുളിരും തൊടണം. കടലു കാണണം. പ്രിയപ്പെട്ടവരെ തൊടണം. കൈകോർത്തു പിടിച്ചു കൂട്ടമായി നടക്കണം. ഒന്നിച്ച് ഹോട്ടലിൽ പോയി ഭക്ഷണം പങ്കിട്ട് കഴിക്കണം. മനുഷ്യനായി ജീവിക്കണം. അതാണ് ഇനിയുള്ള എന്റെ ആഗ്രഹം. എന്റെ പ്രണയം. മനുഷ്യകുലം അനന്തകാലം നിലനിൽക്കണമെന്ന്, കണ്ണിയായ് അതിൽ പറ്റിയ ഒരുവളുടെ എന്നെത്തെയും ആഗ്രഹം.

കവിത

ബ്രയ്ക്ക് ദ ചെയ്ൻ
അമ്മു വള്ളിക്കാട്ട്

വലതു ഭാഗത്ത്:

മറച്ച
ചെഞ്ചുണ്ടിലൊളിച്ച
പുഞ്ചിരി.

ഇടതായിരങ്ങൾ
പനിച്ചുറച്ച്,
തണുത്തു തനിച്ച്.
വലതായിരങ്ങൾ
വിശന്നകന്ന്,
നിരങ്ങി നടന്ന്.

കൃപയോർത്തൊരു
പരിഹാസ ചിരി.
വിശ്വാസാശ്വാസ ചിരി.

സാനിറൈറസർ
വഴുവഴുപ്പിലുഴലുന്ന
കൈയുടെ നറുമണം.

ഇടതുഭാഗത്ത്:

ചെമ്മണ്ണു
പാദത്തിൽ
വിണ്ടു വിരിഞ്ഞ്,
പൊള്ളുന്ന കാലിന്റെ
വേവുന്ന മാംസച്ചെച്ചുണ്ടിൽ
വിരിഞ്ഞൊരായിരം
പൊട്ടുചിരി

കാളുന്ന വയറിൽ
കരിഞ്ഞു
മെലിഞ്ഞുടഞ്ഞൊരുടൽ
തടയുന്നൊരഗ്‌നിയുണ്ട്!
വിശപ്പ്
ആളി പടർന്ന്
സൂര്യനെ കാണും.
മെയ്യുരുകിയവൻ
ഭൂവ് ചേരും.
പൊടി ചോരയില്ല,
ഇഴുകി മണ്ണോടലിയാൻ.

പൊള്ളുന്ന പാദത്തിലടരുന്ന തൊലിയുടെ
ഓർമ്മയിൽ
തുടുത്തൊരപ്പക്കഷ്ണം.

പഴകിയ റൊട്ടിയുടെ
അഴുകിയ
കറിയുടെയുണക്ക
കൈ മണം.

മനുഷ്യർ
ചങ്ങല പോൽ
വരിയായ്
ഇഴ ചേർന്ന്
ഭാണ്ഢങ്ങളും.

റോഡിൽ,
ചിതറി
റയിൽ പാളത്തിൽ,
ഊടുവഴികളിൽ,
കാട്ടിൽ,
മേട്ടിൽ
അനന്തമായി
നടന്ന് നീങ്ങി.
നഗരങ്ങളിൽ നിന്ന്
ഗ്രാമങ്ങളിലേക്ക്!

ബ്രെയ്ക്ക് ദ ചെയ്‌നിൻ
കണ്ണിയായി
ദ്രവിച്ചു വീണവർ
പേറിയത്
ലോകം ലോകം കണ്ടതിൻ ഭാരം

Comments