മരണഭയം നാം ജീവിച്ചിരിക്കുന്നു എന്ന തിരിച്ചറിവാണ്​

മരണഭയം, നാം ജീവിച്ചിരിക്കുന്നു എന്ന തിരിച്ചറിവ് നമുക്ക് നൽകുന്നു. മരിച്ചിട്ടില്ല എന്നുറപ്പിക്കുക മരണഭയത്തിന്റെ അടിസ്ഥാനജോലിയാണ്. അതേ തിരക്കുള്ള, കഷ്ടപ്പാടുകൾ നിറഞ്ഞ, ഇഷ്ടമുള്ളതെന്നും ആസ്വദിച്ചു ചെയ്യാൻ സമയവും അവസരവും ലഭിക്കാത്ത ഈ തിരക്കുപിടിച്ച ലോകത്ത് ജീവിച്ചിരിക്കുന്നു എന്നുറപ്പുവരുത്തുവാൻ മരണഭയത്തിന് സാധിക്കുന്നുവെങ്കിൽ അതിനെയോർത്തുവിഷമിക്കുകയല്ല, മറിച്ച് ആസ്വദിക്കുകയല്ലേ വേണ്ടത്.

നിങ്ങൾക്ക് മരണഭയം ഉണ്ടാവാറുണ്ടോ?
കെട്ടിടത്തിന്റെ ഉയരങ്ങളിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ, ജയന്റ്‌​ വീലിൽ നിങ്ങളിരിക്കുന്ന തൊട്ടി ആകാശം മുട്ടെയെത്തിനിന്ന് ചെറുതായൊന്നാടുമ്പോൾ, രാത്രിയുടെ വിജനതയിൽ ഒറ്റക്കിരിക്കുമ്പോൾ, കരിയിലകൾ വീണ ഇരുവശവും മണ്ണിട്ടു കെട്ടിയ ഇടുങ്ങിയതും വിജനവുമായ വഴികളിലൂടെ നടക്കുമ്പോൾ!
ഈസമയത്തൊക്കെ അതിശക്തമായ ഹൃദയമിടിപ്പ്, അനുഭവിച്ചിട്ടില്ലാത്ത എന്തിന്റെയോ വരവ് നിങ്ങളുടെ ചെവിയിൽ മന്ത്രിച്ചിട്ടുണ്ടോ?

ഒരുപക്ഷെ മരണത്തിന്റെ വൈയക്തികമായ അനുഭവം മാത്രമല്ല, തങ്ങൾക്ക് വേണ്ടപ്പെട്ടവരുടെ മരണത്തെ കുറിച്ചുള്ള ആശങ്കയും നമ്മെ വേട്ടയാടാറുണ്ടാവും. അച്ഛൻ വീട്ടിലെത്താൻ വൈകുമ്പോഴുള്ള ആശങ്ക, അമ്മ ഉണരാൻ വൈകുമ്പോൾ വയർ ഉയർന്നുതാഴുന്നുണ്ടോയെന്ന് അറിയാതെ നോക്കിപ്പോകുന്നത്, മക്കൾ ഒറ്റക്കെവിടെക്കെങ്കിലും പോകുമ്പോൾ റോഡ് കുറുകെകടക്കുന്നതിനെക്കുറിച്ച് അവരെ ബോറടിപ്പിക്കുന്ന രീതിയിലുള്ള ഉപദേശങ്ങൾ, മഴക്കാലത്ത് തങ്ങൾക്കനുഭവപ്പെടുന്ന തണുപ്പും കുളിരും മറ്റുള്ളവർക്കും അനുഭവപ്പെടുന്നുണ്ടോ എന്നു ചോദിക്കുന്ന വീട്ടിലെ പ്രായമായവർ. ഇവയെല്ലാം തന്നെ വേണ്ടപ്പെട്ടവരുടെയും ചിലപ്പോൾ തങ്ങളുടെ തന്നെയും മരണഭയത്തിന്റെ മിന്നാലാട്ടങ്ങളാണ്.

മരണഭയത്തിന്റെ കാരണങ്ങളെക്കുറിച്ച് ശരീരശാസ്ത്രം നൽകുന്ന വിശദീകരണങ്ങൾ വൈയക്തിക തലത്തിൽ നമ്മെ എത്രത്തോളം സംതൃപ്തരാക്കും എന്ന കാര്യത്തിൽ സംശയമുണ്ട്. ഈ അനുഭങ്ങളോട് നാം നേരിട്ട് സംവദിക്കുന്നതിലൂടെ ഉണ്ടാകുന്ന തിരിച്ചറിവുകൾ ഒരുപക്ഷെ പേടിയുടെ ശാസ്ത്രാധിഷ്ഠിതമായ കാരണങ്ങളെക്കൾ കൂടുതൽ അനുഭവവേദ്യവും വിശ്വസനിയവുമാകാം. വ്യക്തിയുടെ അനുഭവത്തിന്റെ കാമ്പ് തിരിച്ചറിയുന്നതിനുള്ള ഇത്തരം പ്രക്രിയയാണ് എഡ്മണ്ട് ഹസ്രൽ മുന്നോട്ടുവയ്ക്കുന്ന ഫിനോമിനോളോജിക്കൽ വിശകലനം. പ്രസ്തുത രീതിയിൽ മരണഭയത്തെ അനാവരണം ചെയ്യാൻ ശ്രമിക്കുന്ന വൈവിധ്യമാർന്ന ദാർശനിക കാഴ്ചപ്പാടുകൾ നമ്മുടെ മുമ്പിലുണ്ട്.

എന്തുകൊണ്ട് മരണഭയം?

അപരിചിതത്വം ആണത്രേ എല്ലാത്തരം പേടിയുടെയും ഉറവിടം. വേണമെങ്കിൽ അറിവില്ലായ്മ എന്നും പറയാം. അറിഞ്ഞാൽ പിന്നെ പേടി മാറും. ബിഹേവിയറൽ തെറാപ്പിയിൽ സ്‌കിന്നറിനെ പോലെയുള്ളവർ ഇത് പരീക്ഷിച്ചുറപ്പിക്കുന്നുണ്ട്. ഒരു പാമ്പിന് എത്രദൂരം ആഞ്ഞുകൊത്താൻ സാധിക്കും എന്നും അതിന്റെ സ്വഭാവത്തെക്കുറിച്ച് ഏതാണ്ടെരറിവുണ്ടായാൽതന്നെ പാമ്പിനെക്കാണുമ്പോഴുള്ള വല്ലാത്ത ഭയം അങ്ങുമാറിക്കിട്ടും.

എന്നാൽ മരണത്തെ നേരിട്ടറിഞ്ഞു പേടി മാറ്റുക സാധ്യമല്ലല്ലോ. അതുകൊണ്ടുതന്നെ അനുകരണങ്ങൾക്കുവേണ്ടി ആൾക്കാർ ശ്രമിക്കാറുണ്ട്. എല്ലാവരിൽ നിന്നും ഓടിയകന്ന് ഏകാകിയാകുക, ആളുകൾ വിളിക്കുമ്പോൾ അറിഞ്ഞുകൊണ്ട് ഉറക്കം നടിക്കുക, ചിലപ്പോൾ സ്വയം ചില മുറിവുകൾ ഉണ്ടാക്കുക ( മാസോക്കിസം പോലെ ), ചിലപ്പോൾ മരണം അനുകരിച്ച് ഉറങ്ങുക എന്നിങ്ങനെ. എന്നാൽ ഇതൊന്നും മരണത്തെ അറിയാൻ പര്യാപ്തമല്ല. മറിച്ച് മരിച്ചവരുടെ പരിസരങ്ങളെ മത്രമാണ് അവ പരിചയപ്പെടുത്തുന്നത്.
ഭാവിയെ കുറിച്ചുള്ള അറിവില്ലായ്മയും അപരിചിതത്വവും വരാൻ പോകുന്ന ഒന്നിനെ കുറിച്ച് ഭയം ഉളവാക്കും. എന്നാൽ അറിയാൻ പറ്റാത്ത എല്ലാത്തിനെയും കുറിച്ച് എല്ലാവർക്കും ഭയം ഉണ്ടാകാറില്ല എന്നതും ശ്രദ്ധിക്കണം.

Photo: Ian Panelo, Pexels
Photo: Ian Panelo, Pexels

കാലാവസ്ഥാവ്യതിയാനം, ആണവ പരീക്ഷണങ്ങൾ എന്നിവയെക്കുറിച്ചും അതിന്റ പരിണിത ഫലങ്ങളെക്കുറിച്ചും നമുക്ക് കാര്യമായി അറിഞ്ഞുകൂടെങ്കിലും അത് നമ്മെ ഭയപ്പെടുത്താറില്ല. അതിനുള്ള കാരണം അവ നമ്മുടെ ജീവിതപരിസരങ്ങളിൽനിന്ന് വളരെ അകലെയാണെന്നതുകെണ്ടായിരിക്കാം. മാത്രവുമല്ല അത്തരത്തിലുള്ള ആഘാതമുണ്ടാവുന്നത് വ്യക്തികളെ തിരഞ്ഞുപിടിച്ചല്ല, മറിച്ച് സമൂഹത്തെയെന്നാകെയാണ്. എന്നാൽ മരണഭയം ഇതിൽ നിന്ന് വ്യത്യാസപ്പെടുന്നത് മരണം സമൂലമാറ്റം വ്യക്തിയിൽ ഉണ്ടാക്കും എന്നതുകൊണ്ടാണ്. നമുക്കുമാത്രം യാത്ര ചെയ്യേണ്ട ഒരു വഴിയാണത്.

കൺമുന്നിൽ ഉരുകിത്തീരുന്ന ഇഷ്ടങ്ങൾ

എന്തുകൊണ്ടാണ് സമൂലമായ വൈയ്യക്തികാനുഭവങ്ങൾ നമ്മെ ഭയപ്പെടുത്തുന്നത്? നമ്മുടെ ആസക്തികളിലേക്കാണ് ഈ ചോദ്യം നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്. നാം ഇഷ്ടപ്പെടുന്ന നമ്മുടെ ജീവിതം, മറ്റു വസ്തുക്കൾ ആൾക്കാർ എന്നിവയെല്ലാം മാറ്റങ്ങൾക്ക് വിധേയമാണ്. ബുദ്ധൻ പറഞ്ഞതുതന്നെയാണിത്. എന്നാൽ നാം ഇഷ്ടപെടുന്ന അവസ്ഥയിൽ നിന്ന് ഈ പറഞ്ഞവയെല്ലാം മാറുന്നു എന്നത് നമ്മെ നിരാശപ്പെടുത്താം. ഒരു പെൺകുട്ടിയോട് ഒരാൺകുട്ടി വിവാഹഭ്യർത്ഥന നടത്തുന്നത് പെൺകുട്ടിയുടെ ഭൗതിക സവിശേഷതകളെയും സ്വഭാവ സവിശേഷതകളെയും ഒക്കെ അടയാളപ്പെടുത്തുന്ന ഒരു പ്രത്യേക പശ്ചാത്തലത്തിലാണ്.

എന്നാൽ അവർക്ക് രണ്ടുപേർക്കും അനുകൂലമായ ആ നല്ല സമയം മാറും എന്ന കാര്യത്തിൽ സംശയമില്ലല്ലോ. സുന്ദരിയായ പെൺകുട്ടി വിവാഹശേഷം പുതിയ ഉത്തരവാദിത്തങ്ങളിലേക്ക് കടക്കുമ്പോൾ അവൾക്ക് പഴയ ശരീരത്തെ നിലനിർത്താൻ സാധിച്ചോളണം എന്നില്ല. കുട്ടികളും മറ്റും ആകുമ്പോൾ പഴയപോലെ ഭർത്താവിനെ എപ്പോഴും ശ്രദ്ധിക്കുന്ന "ആ നല്ല സ്വഭാവത്തിനും' മാറ്റം വന്നേക്കാം. ഇത്തരത്തിൽ നമുക്ക് ഇഷ്ടമുള്ളതെല്ലാം നമ്മുടെ കൺമുന്നിൽ തന്നെ ഉരുകി വാർക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന തോന്നൽ പൊള്ളിക്കുന്നതാണ്. അവ നമ്മുടെ കൂടെ തുടരുന്നുവെങ്കിലും നാം അവയെ ഇഷ്ടപ്പെട്ട അവസ്ഥയിൽനിന്ന് അവ സമൂലമായി മാറ്റപ്പെടുന്നു എന്നത് സങ്കടവും ഭയവും ഉളവാക്കുന്നതാണ്. ജീവിതവും ഇതുപോലെതന്നെ നാം ഇഷ്ടപ്പെടുന്ന അവസ്ഥയിൽ നിന്ന് നമുക്ക് ഒരിക്കലും താത്പര്യമില്ലാത്ത പല മാറ്റങ്ങളിലൂടെയും കടന്നുപോകുന്നു. സൂര്യൻ അസ്തമിക്കുന്നതുപോലെ ഒരവസരത്തിൽ ചക്രവാളങ്ങളിലെവിടയോ മറയുകയും ചെയ്യും.

കളിപ്പാട്ടങ്ങൾ തൊട്ട് ഇഷ്ടപ്പെട്ടവർ വരെ നമുക്ക് ഇഷ്ടവും ആസക്തിയും ഉള്ളവയെല്ലാം ഈ പട്ടികയിലുണ്ടാവും. ഇങ്ങനെ ‘കടന്നുപോകും' എന്ന തിരിച്ചറിവ് ഭാവിയെക്കുറിച്ചുള്ള ഭയമാണ് പ്രധാനമായി സൃഷ്ടിക്കുന്നത്. ഇതേ തിരിച്ചറിവാണ് മരണഭയത്തിന്റെ ഒരു പ്രധാന കാരണം. നമ്മുടെ ശരീരവും നാമിഷ്ടപ്പെടുന്ന ജീവിതവും എല്ലാം സമൂലമായിത്തന്നെ മാറ്റപ്പെടും എന്ന തിരിച്ചറിവ് നമ്മുടെ ചെവിയിൽ ആരോ മൂളുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ നാം ഭയപ്പെടുന്നത് മരണത്തെയല്ല മറിച്ച് ഇഷ്ടപ്പെട്ടത് കൈവിട്ടു പോകുന്നതിനെയാണ്. തീർച്ചയായും ബുദ്ധിസത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്നതാണ് ഈ മരണഭയത്തെക്കുറിച്ചുള്ള സിദ്ധാന്തം.

നാം മരിച്ചുകൊണ്ടേയിരിക്കുകയാണ്

ജീവിതവും മരണവും വിരുദ്ധ ദ്വന്ദങ്ങൾ ആണെന്നതാണ് നാം പൊതുവെ കരുതുന്നത്. എന്നാൽ മരണം ജീവിതത്തിന്റെ ഭാഗമാണെന്ന് കരുതിയാലോ? അത് മരണഭയത്തെകുറിച്ചുള്ള പുതിയൊരു കാഴ്ചപ്പാടാണ് നൽകുന്നത്. ജീവിതത്തിന്റെ അന്തിമലക്ഷ്യം തന്നെ മരണമാണെന്ന് പറഞ്ഞത് സിഗ്മണ്ട് ഫ്രോയിഡാണ്. ഈ ലേഖനം വായിക്കാൻ ഒരാൾ 10 മിനിറ്റ് എടുക്കുന്നെങ്കിൽ അയാൾ മരണത്തോട് പത്തുമിനിറ്റ് അടുത്തുകഴിഞ്ഞു എന്നർത്ഥം! നാം ഒരുനാൾ മരിക്കും എന്നതിനേക്കാൾ ഭയാനകമാണ് നാം മരിച്ചുകൊണ്ടേയിരിക്കുന്നുവെന്ന തിരിച്ചറിവ്! ഈ തിരിച്ചറിവ് എല്ലാവർക്കുമുണ്ടായിക്കൊള്ളണമെന്നില്ല. എന്നാൽ അങ്ങനെയുള്ളവർക്ക് മരണഭയം ഒരു തീരാവ്യാധിയായി കൂടെയുണ്ടാവും. ഇത്തരത്തിൽ ഒരു തിരിച്ചറിവുള്ളവർക്കുതന്നെ ഇത് പ്രത്യക്ഷത്തിൽ ഉണ്ടായിക്കൊള്ളണമെന്നില്ല.

തങ്ങളുടെ അബോധതലത്തിൽ ഇത്തരത്തിൽ ഒരു തിരിച്ചറിവുണ്ടാകുന്നതുതന്നെ മരണഭയത്തെ ചുവപ്പ് പരവതാനി നിവർത്തി ആനയിക്കുന്നതിന് തുല്യമാണ്.
സോറൻ കിർക്കഗാർഡിന്റെ ചിന്തകളെ പിൻപറ്റി എക്സിസ്റ്റൻഷ്യൽ മനഃശാസ്ത്രജ്ഞർ മുന്നോട്ടു വയ്ക്കുന്നത് വേണ്ടതിനെ നിരകരിക്കുകയും വേണ്ടാത്തതിനെ ആകർഷിക്കുകയും ചെയ്യുന്ന മാനസികാവസ്ഥ മനുഷ്യർക്കുണ്ടെന്നാണ്. നമുക്ക് ആഗ്രഹവും ആസക്തിയുമുള്ളതിനെ നാം ഭയപ്പെടുകയും, നമുക്ക് ഭയപ്പാടുളവാക്കുന്നതിനെ നാം ആഗ്രഹിക്കുകയും ചെയ്യമത്രേ!

Photo: Pexels
Photo: Pexels

മരണം നമ്മെ ഭയപ്പെടുത്തുന്നതാണെങ്കിൽ കൂടിയും അനായാസേന മരണം ഒരു ആഗ്രഹവും കൂടിയാണ്. "അനായാസേന മരണം വിനാദൈന്യേന ജീവനം' എന്നാണല്ലോ. മൃത്യുജ്ഞയമന്ത്രമാണെങ്കിലും അതിൽ വിവക്ഷിക്കുന്ന "ഉർവ്വാരുകമിഹ ബന്ധനാത്' ഒരുകുമ്പളങ്ങ പഴുത്തു പാകമായി ഒരു ചെറിയ കാറ്റടിക്കുമ്പോൾ അതിന്റെ ഞെട്ടിൽ നിന്നറ്റുവീഴുന്നു എന്നപ്രയോഗത്തിൽ നൈസർഗ്ഗികമായ ഒരു വിടുതൽ കടന്നുവരുന്നില്ലേ? നൈസർഗ്ഗികമായ മരണത്തിന്റെ വന്യമായ ആകർഷണീയത മരണത്തെ ഭയക്കുന്നവരിൽ ഉണ്ടാകുന്നുവെന്നാണ് ഇതിൽ നിന്ന് നാം മനസ്സിലാക്കേണ്ടത്. ഒരുപക്ഷെ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും മാനവചരിത്രം തന്നെ ഇത്തരത്തിൽ നാം ഭയക്കുന്നതിനെ ആസക്തിപൂർവ്വം ആശ്‌ളേഷിക്കുന്നതിന്റെ ലിഖിത രേഖകളാണ്. രണ്ടു രാജ്യങ്ങൾ തമ്മിൽ സഹകരിക്കുന്നതാണ് ഇരുവർക്കും പ്രയോജനമെന്നിരിക്കെ രാജാവിന്റെ പോലും മരണത്തിന് കാരണമാകുന്ന യുദ്ധത്തിന് കോപ്പുകൂട്ടുന്നത് ഭയക്കുന്നതിനോടുള്ള ആകർഷണത്തിന്റെ ഉദാഹരണമാണ്. വ്യക്തിത്തലത്തിൽ പോലും നശികരണത്തിനുവേണ്ടി നാം ചിലപ്പോൾ മുന്നിട്ടിറങ്ങുന്നത് വിരുദ്ധങ്ങളെന്നു തോന്നുന്നവയോടുള്ള ആകർഷണത്തിന് ഉദാഹരണമാണ്.

സംഹാരത്തിന്റെ ആവാഹനം

ഫ്രോയിഡിന്റെ സിദ്ധാന്തവും ഇതിനെ പിന്താങ്ങുന്നു. നെഗറ്റീവ് ആയതും വിനാശകരമായതുമായ വാസന എല്ലാ മനുഷ്യരും പേറുന്നുണ്ടത്രേ. അറിഞ്ഞും അറിയാതെയും ഇത്തരത്തിൽ നമ്മുടെ ആന്തരിക ചോദനയായ സംഹാരത്മകതയെ നാം ആവാഹിക്കും. ചിലപ്പോൾ ശരീരികമായി അക്രമങ്ങളിലൂടെ, ചിലപ്പോൾ വാക്കുകളിലൂടെ ഒക്കെ നാം സംഹാരത്മകതയെ ആവേശിപ്പിക്കും. എല്ലായ്‌പോഴും ഇതുണ്ടാവുന്നത് മറ്റുള്ളവരുടെ മേൽ കലാപങ്ങൾ അഴിച്ചുവിട്ടുകൊണ്ടായിരിക്കണമെന്നില്ല, മറിച്ച് നമ്മുടെ തന്നെ മേൽ പ്രയോഗിച്ചുകൊണ്ടാവും. ചില അപകടങ്ങളും അസുഖങ്ങളും നമ്മൾ ആഗ്രഹിച്ചു വിളിച്ചുവരുത്തുന്നതാണെന്ന് സിഗമണ്ട് ഫ്രോയിഡ് പറയുന്നുണ്ട്. വ്യക്തി ഒരിക്കലും തന്റെ അബോധതലത്തിലുള്ള സംഹാരാത്മകതയുടെ ആവാഹനത്തെ ബോധത്തലത്തിൽ തിരിച്ചറിയുന്നുമില്ല.

അതുകൊണ്ടുതന്നെ ഇത്തരം അപകടങ്ങളും അസുഖങ്ങളും അവരെ സംബന്ധിച്ചടത്തോളം സ്വഭാവികമായി സംഭവിക്കുന്നതാണ്. എന്തായാലും മരണത്തെ ഭയപ്പെടുമ്പോൾ തന്നെ നാം അതിലേക്ക് ആകർഷിക്കപ്പെടുന്നുമുണ്ട്. ഉത്തരവാദിത്വങ്ങൾ ഇല്ലാത്ത ആ നിശ്ചലവസ്ഥ പലപ്പോഴും തിരക്കാർന്ന ജീവിതത്തിൽ, ഉത്തരവാദിത്തങ്ങളുടെ നടുവിൽ ആരും സ്വപ്നം കാണുന്നതാണ്. പരീക്ഷക്കുവേണ്ടി പഠിക്കുന്ന വിദ്യാർത്ഥി മുതിർന്നവരെ കാണുമ്പോൾ പരീക്ഷയുടെ സംഘർഷങ്ങളിൽ നിന്ന് വിടുതൽ നേടി ഒന്ന് മുതിർന്നിരുന്നെങ്കിൽ എന്നാശിച്ചുപോകാം. ജോലിയുടെ വലിയ സംഘർഷങ്ങളിൽ ഉഴലുമ്പോൾ റിട്ടയർമെന്റ് കൊതിച്ചുപോകുന്നതും ഇതുപോലെ ഒരൊളിച്ചോട്ടമാണ്. ഉത്തരവാദിത്വങ്ങളിൽ നിന്ന് പൂർണമായും ഒളിച്ചോടി ആശ്രയത്വത്തിന്റെ പ്രതീകമായ ഗർഭസ്ഥാവസ്ഥയിലേക്ക്, അമ്മയുടെ വയറ്റിലുള്ള നിരുത്തരവാദപരമായ ശൈശവവസ്ഥയിലേക്ക് ചുരുങ്ങുന്നതിനുള്ള ത്വര എന്നാണ് എറിക് ഫ്രോം ഇതിനെ വിശേഷിപ്പിക്കുന്നത്.

മരണഭയം നൽകുന്നത് ജീവിച്ചിരിക്കുന്നു എന്ന തിരിച്ചറിവ്

എന്തുകൊണ്ട് മരണഭയം, എന്നതിൽ നിന്ന് മരണഭയത്തെ നാം ആഗ്രഹിക്കുന്നതിന് കാരണങ്ങൾ എന്തെല്ലാമാണ് എന്ന ചോദ്യത്തിനുകൂടി പ്രസക്തിയുണ്ട്. അതെ മരണഭയം നമ്മുടെ ചില ആവശ്യങ്ങൾ നിറവേറ്റുന്നതിന്റെ ഭാഗമായി കൂടിയാണ് നമുക്കുണ്ടാകുന്നത്. മരണഭയം നമ്മുടെ ചെവിയിൽ മൂളുമ്പോൾ, അത് അടിസ്ഥാനപരമായി ചെയ്യുന്ന ഒരു ജോലിയുണ്ട്: നാം ജീവിച്ചിരിക്കുന്നു എന്ന തിരിച്ചറിവ് അത് നമുക്ക് തന്നെ നൽകുന്നു. എല്ലാത്തരം ഭയങ്ങളും നാം ജീവിച്ചിരിക്കുന്നു എന്ന തിരിച്ചറിവാണ് നമുക്ക് നൽകുന്നത്. മരിച്ചിട്ടില്ല എന്നുറപ്പിക്കുക മരണഭയത്തിന്റെ അടിസ്ഥാനജോലിയാണ്. അതേ തിരക്കുള്ള, കഷ്ടപ്പാടുകൾ നിറഞ്ഞ, ഇഷ്ടമുള്ളതെന്നും ആസ്വദിച്ചു ചെയ്യാൻ സമയവും അവസരവും ലഭിക്കാത്ത ഈ തിരക്കുപിടിച്ച ലോകത്ത് ജീവിച്ചിരിക്കുന്നു എന്നുറപ്പുവരുത്തുവാൻ മരണഭയത്തിന് സാധിക്കുന്നുവെങ്കിൽ അതിനെയോർത്തുവിഷമിക്കുകയല്ല മറിച്ച് ആസ്വദിക്കുകയല്ലേ നാം വേണ്ടത്.



Summary: മരണഭയം, നാം ജീവിച്ചിരിക്കുന്നു എന്ന തിരിച്ചറിവ് നമുക്ക് നൽകുന്നു. മരിച്ചിട്ടില്ല എന്നുറപ്പിക്കുക മരണഭയത്തിന്റെ അടിസ്ഥാനജോലിയാണ്. അതേ തിരക്കുള്ള, കഷ്ടപ്പാടുകൾ നിറഞ്ഞ, ഇഷ്ടമുള്ളതെന്നും ആസ്വദിച്ചു ചെയ്യാൻ സമയവും അവസരവും ലഭിക്കാത്ത ഈ തിരക്കുപിടിച്ച ലോകത്ത് ജീവിച്ചിരിക്കുന്നു എന്നുറപ്പുവരുത്തുവാൻ മരണഭയത്തിന് സാധിക്കുന്നുവെങ്കിൽ അതിനെയോർത്തുവിഷമിക്കുകയല്ല, മറിച്ച് ആസ്വദിക്കുകയല്ലേ വേണ്ടത്.


അമൃത് ജി. കുമാർ

സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് കേരളയിലെ സ്‌കൂൾ ഓഫ് എഡ്യുക്കേഷനിൽ പ്രഫസർ. വിദ്യാഭ്യാസമെന്ന ആസൂത്രിത കലാപം, Factors Relating to Information Skills എന്നിവയാണ് കൃതികൾ

Comments