നൗഫൽ എൻ.

ഒട്ടും ഹാപ്പിയല്ലാത്ത മനുഷ്യരുടെ
ഓണക്കാലം

കോവിഡ് സൃഷ്‌ടിച്ച തൊഴിൽ നഷ്ടത്തെയോ വരുമാന നഷ്ടത്തെയോ എങ്ങനെ അതിജീവിക്കണം എന്ന് തിരിയാതെ നിൽക്കുന്ന ആയിരങ്ങളാണ് നമുക്കുചുറ്റും.

സൗഹൃദ വലയത്തിലെ മനുഷ്യരുടെ ഓണക്കാലത്തെ പറ്റി ആലോചിക്കുകയായിരുന്നു.
"ഹാപ്പി ഓണം' എന്നവരോട് വെറും വാക്ക് പറയാൻ പോലും ആത്മവിശ്വാസം തോന്നാത്തത് എന്തുകൊണ്ടാവും?

കൊല്ലത്ത് സ്വന്തമായി നാടക ട്രൂപ്പ് നടത്തിയിരുന്ന കൂട്ടുകാരൻ കുറച്ചധികം കാലമായി ആരോടും മിണ്ടാറില്ല. വിളിച്ചാൽ ഫോൺ എടുക്കാറില്ല. കോവിഡും പ്രളയവുമായി നാടകം തട്ടയിൽ കയറിയിട്ട് രണ്ടു വർഷത്തോളമാകുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കൂടിയപ്പോൾ അവൻ പലതരം ചെറുകിട കച്ചവടങ്ങൾക്ക് പോയി. പെടാപ്പാട് പെട്ടാലും രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ വയ്യ. പക്ഷെ അവന്റെ പ്രശ്നം സാമ്പത്തികമല്ല എന്നെനിക്കറിയാം. വേദിയും ആരവങ്ങളും റിഹേഴ്‌സൽ ക്യാമ്പും അടക്കം എത്രയോ കാലമായി ജീവിച്ച ആവാസവ്യവസ്‌ഥ അവന് നഷ്ടപ്പെട്ടിട്ട് കാലങ്ങളാകുന്നു. സ്വയം ആവിഷ്കരിക്കാൻ ഒരുപാധിയും മുന്നിലില്ലാതെ, നാടകവണ്ടിയും കലാ സാമഗ്രികളും കണ്മുന്നിൽ ഉപയോഗമില്ലാതെ നശിച്ചു പോകുന്നത് കാണുമ്പോൾ അവനുണ്ടാകുന്ന പിടച്ചിൽ, പ്രാണജലം നഷ്‌ടമായ മത്സ്യത്തിന്റെ പിടച്ചിൽ പോലെയാണ് എന്നറിയുന്ന ഒരാൾ എന്ന നിലയിൽ സത്യമായും അവന്റെ ഓണക്കാലത്തെപ്പറ്റി ഓർക്കാനോ ഭാവന ചെയ്യാനോ എനിക്ക് ധൈര്യം പോരാതെ വരുന്നു.

പി.എസ്.സി. പഠനച്ചെലവും വീട്ടുചെലവും നാട്ടിലെ ട്യൂട്ടോറിയലുകളിൽ ഓടി നടന്നു ക്ലാസെടുത്ത് കിട്ടുന്ന കാശ് കൊണ്ട് നടത്തിയിരുന്ന കൂട്ടുകാരി എത്രയോ കാലമായി ജോലി ഇല്ലാതെ വീട്ടിലിരിക്കുന്നു

കഴിഞ്ഞ ആറുമാസമായി വാടക കൊടുക്കാൻ ഇല്ലാത്ത അവസ്‌ഥയിൽ തിരുവനന്തപുരം നഗര ഹൃദയത്തിലെ ഓഫീസ് തൽക്കാലത്തേക്ക് പൂട്ടിയിട്ടാലോ എന്നാലോചിക്കുന്നതായി കഴിഞ്ഞ ദിവസം ഫോണിൽ പറഞ്ഞത് എണ്ണം പറഞ്ഞ നല്ല പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച പ്രസാധക സ്‌ഥാപത്തിന്റെ ഉടമ കൂടിയായ സുഹൃത്താണ്. പി.എസ്.സി. പഠനച്ചെലവും വീട്ടുചെലവും നാട്ടിലെ ട്യൂട്ടോറിയലുകളിൽ ഓടി നടന്നു ക്ലാസെടുത്ത് കിട്ടുന്ന കാശുകൊണ്ട് നടത്തിയിരുന്ന കൂട്ടുകാരി എത്രയോ കാലമായി ജോലി ഇല്ലാതെ വീട്ടിലിരിക്കുന്നു. ഒരു വർഷത്തിലേറെയായി വരുമാനം നിലച്ചിട്ട് എന്നവൾ നിസ്സംഗതയോടെ പറഞ്ഞത് എനിക്ക് ഓർമയുണ്ട്.
അവരുടെയൊക്കെ വീട്ടിൽ ഈ കൊല്ലം ഓണമുണ്ടാകുമോ ?

ശരിക്കും ഇക്കൊല്ലം - കൊറോണാ കാലത്തിൻറെ നടുക്ക് ജീവിക്കുന്ന അസംഖ്യം മനുഷ്യരുടെ ഓണം എങ്ങനെ ആയിരിക്കും?

നഗരത്തിലെ പ്രധാന കോളേജിന്റെ മുന്നിൽ ഡി.ടി.പി. & ഫോട്ടോസ്റ്റാറ്റ് കട നടത്തിയിരുന്ന സുഹൃത്ത് ഇപ്പോൾ അതേ നഗരത്തിലെ റോഡ് വശത്ത് മേശ വാടകയ്ക്ക് എടുത്തിട്ട് മാസ്​ക്​ വിൽക്കുന്നു. നന്നായി പാട്ട് പാടുന്ന കൂട്ടുകാരി, പോസ്റ്റ് കോവിഡ് ഡിപ്രഷന്റെ ഭീകരമായ വേദനകളിൽ പിടഞ്ഞു പാടാതെയായിട്ട് മാസങ്ങളാകുന്നു. അവരൊക്കെ ഓണക്കാലമായി എന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ? കൊറോണ കാലത്തെ ഓണം ഒരു അടയാളവും വെക്കാതെയാണ് കടന്നുവന്നത് എന്നത് കൊണ്ട് പ്രത്യേകിച്ചും.

വീടിനടുത്തുള്ള, അണ്ടിയാപ്പീസിൽ പോകുന്ന പല പ്രായത്തിലുള്ള സ്ത്രീകൾ പണ്ടായിരുന്നെങ്കിൽ ശമ്പളവും ബോണസും ഒന്നിച്ചു കിട്ടിയ സന്തോഷത്തിൽ പലഹാര പൊതികളും മക്കൾക്കുള്ള തുണികളും വാങ്ങി ഒരു മൂളിപ്പാട്ടിന്റെ സന്തോഷത്തോടെ വീടിനു മുന്നിലൂടെ നടന്നു പോകുന്നത് ഞാൻ സിറ്റൗട്ടിൽ നോക്കി ഇരിക്കുണ്ടാവണം ഇന്നേരം. ഒരു കൊല്ലമായി ജോലി ഇല്ലാത്ത, ശമ്പളമില്ലാത്ത, തൊഴിൽ ചെയ്യാൻ അവസരമില്ലാത്ത അവരുടെ വീടുകളിൽ ഇക്കൊല്ലം ഓണം ഉണ്ടാകുമോ ?

തങ്ങളുടെ ജീവിതത്തിന്റെ നീറുകയും പുകയുകയും പൊള്ളിക്കുകയും ചെയ്യുന്ന യാഥാർഥ്യങ്ങളുടെ മുഖാമുഖമുള്ള നോട്ടത്തിൽ നിന്ന് കുറച്ചു നേരത്തേക്കെങ്കിലും രക്ഷപ്പെടാൻ കൂട്ടായ്മകളിലും ആഘോഷങ്ങളിലും പങ്കെടുക്കുമ്പോൾ മനുഷ്യർക്ക് കഴിയുന്നു

ശരിക്കും ഇക്കൊല്ലം - കൊറോണാ കാലത്തിന്റെ നടുക്ക് ജീവിക്കുന്ന അസംഖ്യം മനുഷ്യരുടെ ഓണം എങ്ങനെ ആയിരിക്കും? അവർക്ക് എന്താവും ഈ ഓണക്കാലം കരുതി വച്ചിട്ടുള്ളത് ?

ആഘോഷങ്ങളും അവധികളും മനുഷ്യൻറെ അഭയകേന്ദ്രങ്ങൾ ആകുന്നതെങ്ങനെ ?

ഇസോ അഹോളയുടെ (Iso Ahola) മോമോട്ടിവേഷൻ തിയറി (Motivation Theory) ദൈന്യംദിന ജീവിതത്തിന്റെ ആവർത്തന വിരസതയിൽ നിന്ന് രക്ഷപ്പെടാനുള്ള ചോദന മനുഷ്യരിൽ ജനിതകമാണ് എന്ന് അടിവരയിടുന്നുണ്ട്. പുതിയ മനുഷ്യരെ പരിചയപ്പെടുന്നതുപോലെ, പുതിയ വസ്തുക്കൾ - വസ്ത്രങ്ങൾ ഒക്കെ വാങ്ങുന്നത് പോലെ പുതിയ അനുഭവങ്ങളും കൂട്ടായ്മകളും മനുഷ്യരിൽ ആനന്ദം നിറയ്ക്കുന്നുണ്ട്. സിനിമ കാണാൻ തിയറ്ററിൽ ഇരിക്കുമ്പോൾ സംഭവിക്കുന്നതുപോലെ തങ്ങളുടെ ജീവിതത്തിന്റെ നീറുകയും പുകയുകയും പൊള്ളിക്കുകയും ചെയ്യുന്ന യാഥാർഥ്യങ്ങളുടെ മുഖാമുഖമുള്ള നോട്ടത്തിൽ നിന്ന് കുറച്ചു നേരത്തേക്കെങ്കിലും രക്ഷപ്പെടാൻ കൂട്ടായ്മകളിലും ആഘോഷങ്ങളിലും പങ്കെടുക്കുമ്പോൾ മനുഷ്യർക്ക് കഴിയുന്നു. അവധിക്കാലം എന്നത് കുട്ടികൾക്ക് മാത്രമല്ല, മുതിർന്ന മനുഷ്യർക്കും ആനന്ദദായകമായ ഒന്നിനെ കാത്തിരിക്കാനുള്ള പ്രതീക്ഷയും ദിവസങ്ങൾ എണ്ണി ജീവിതത്തെ മുന്നോട്ട് നയിക്കാനുള്ള ഇന്ധനവും നൽകുന്നു എന്ന് ഇസോ അഹോള പറയുന്നു.

ഇസോ അഹോള

ബന്ധുക്കളെയോ കൂട്ടുകാരെയോ കണ്ടുമുട്ടുന്നത്, ഒന്നിച്ചു സമയം ചെലവഴിക്കുന്നത്, നാട്ടിലെ വീട്ടിലേക്ക് മടങ്ങി പോകുന്നത്, പുതിയ ഒരിടത്തേക്ക് ഉല്ലാസ യാത്ര ഒറ്റയ്ക്കോ - കൂട്ടമായോ പോകുന്നത് ഒക്കെയും മനുഷ്യരിൽ അന്തർലീനമായ ജീവിതത്തോടുള്ള വിരസതയെ കുറയ്ക്കുന്നുണ്ട്. തൊഴിൽ ഭാരം - അതിന്റെ സമ്മർദ്ദങ്ങൾ, ഭൂതകാലത്തെപ്പറ്റിയുള്ള കുറ്റബോധങ്ങൾ - നിരാശകൾ, ഭാവിയെപ്പറ്റി മനസ്സിൽ തെറുത്തു കയറുന്ന ആശങ്കകളുടെ ഭാരം ഒക്കെയും ഉപേക്ഷിക്കാനോ- താൽക്കാലിമായി മറക്കാനോ ആഘോഷങ്ങളും കൂട്ടായ്മകളും സഹായിക്കുന്നു.

ആധുനിക തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർ സംഗീത നിശകളിലും ഡി.ജെ. പാർട്ടികളിലും കൂടുതലായി പങ്കെടുക്കുന്നതിനെ പറ്റി നോഹ് ലിറ്റിൽ (Noh Little ) എഴുതിയ പ്രബന്ധത്തിൽ, ഇത്തരം കൂട്ടായ്മകൾ - അതിന്റെ സന്തോഷങ്ങൾ ഒക്കെയും മനുഷ്യർക്ക് സ്വന്തം ജീവിതത്തിൻെറ ഭാരങ്ങളിൽ നിന്ന് അല്പനേരത്തേക്കെങ്കിലും കുതറിയോടാനുള്ള വാതിലുകൾ തുറന്നു നൽകുന്നു എന്ന് ചൂണ്ടിക്കാണിക്കുന്നു. ഇത്തരം രക്ഷപ്പെടൽ മനോഭാവം (Escapism) പാർട്ടികളിലും സംഗീത നിശകളിലും പങ്കെടുക്കുന്ന ഐ.ടി. മേഖലയിൽ പ്രവർത്തിക്കുന്ന ചെറുപ്പക്കാരിൽ മാത്രമല്ല, ജീവിതത്തിന്റെ എല്ലാ ശ്രേണികളിലുമുള്ള മനുഷ്യരിലും പല ആവൃത്തിയിൽ പ്രവർത്തിക്കുന്നുണ്ട് എന്നത് സുവ്യക്തമാണല്ലോ.

കോവിഡ് സൃഷ്‌ടിച്ച പ്രവചനാതീതമായ സാമൂഹിക - സാമ്പത്തിക ആഘാതം കൂട്ടായ്മകളിലോ ആഘോഷങ്ങളിലോ അഭയം തേടിയെങ്കിലും നിത്യജീവിതത്തിന്റെ വിരസതയിൽ നിന്ന് കുതറിയോടാം എന്ന പ്രതീക്ഷയുടെ പച്ചത്തുരുത്ത് പോലും നമ്മളിൽ നിന്ന് പൂർണമായി എടുത്തു കളഞ്ഞു.

ഒരു പാരമ്പര്യ ബദ്ധ (Pro - traditional) സമൂഹം എന്ന നിലയിൽ മലയാളിക്ക് ഇത്തരം രക്ഷപ്പെടലുകളുടെ വഴികൾ ഓണം അടക്കമുള്ള ചുരുങ്ങിയ ആഘോഷങ്ങൾ - കൂട്ടായ്മകൾ മാത്രമാണ്. വളർന്നു വരുന്ന നഗരങ്ങളിൽ - കൊച്ചിയിലോ , തിരുവന്തപുരത്തോ ജീവിക്കുന്ന പുതുതലമുറയ്ക്ക് കുറെ കൂടി വൈവിധ്യമോ ആധുനികമോ ആയ ആനന്ദത്തിൻെറയും രക്ഷശപ്പടലിന്റെയും ഇടങ്ങൾ - അവസരങ്ങൾ ഉണ്ടാകാം. പക്ഷെ ഭൂരിഭാഗം മലയാളികൾക്കും അത് ഓണം അടക്കമുള്ള ആഘോഷങ്ങൾ വാഗ്ദാനം ചെയ്യുന്ന കൂട്ടായ്മകളോ- ഒന്നിച്ചുള്ള ഓണസദ്യ കഴിക്കലോ, കുടുംബം ഒന്നിച്ചുള്ള ഓണച്ചിത്രത്തിന്റെ തിയറ്റർ കാഴ്ചയോ ഒക്കെയാണ്. മനുഷ്യർ ഒന്നിച്ചു ചേരുകയും അയഞ്ഞു പോയ്‌ക്കൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങളുടെയോ പരസ്പര്യത്തിന്റെയോ വേരുകളിലേക്ക് മടങ്ങി പോവുകയും ചെയ്യുന്നതിന്റെ അപൂർവാനുഭവമാണ് ഓണാഘോഷവും ഓണാവധിയുമെല്ലാം. ക്രിസ്തുമസിനോ ബക്രീദിനോ ലഭ്യമല്ലാത്ത കലണ്ടറിലെ നീണ്ട അവധിച്ചുവപ്പുകൾ- അത് വാഗ്ദാനം ചെയ്യുന്ന അസംഖ്യം അവധിക്കാല സാധ്യതകൾ -ഗൃഹാതുരതയെ മനസിലേറ്റാനുള്ള മനുഷ്യന്റെ ജൈവിക ചോദന എന്നിവയെല്ലാം ഓണത്തിന് കൂടുതൽ ജനകീയത നൽകുന്നുണ്ട്.

ഭൂരിഭാഗം മലയാളികൾക്കും ആനന്ദത്തിൻെറയും രക്ഷപ്പെടലിന്റെയും ഇടങ്ങൾ, ഓണം അടക്കമുള്ള ആഘോഷങ്ങൾ വാഗ്ദാനം ചെയ്യുന്ന കൂട്ടായ്മകളോ ഒന്നിച്ചുള്ള ഓണ സദ്യ കഴിക്കലോ, കുടുംബം ഒന്നിച്ചുള്ള ഓണച്ചിത്രത്തിൻെറ തിയറ്റർ കാഴ്ചയോ ഒക്കെയാണ്.

"ഓണത്തിന് വീട്ടിൽ പോകുന്നില്ലേ എന്നതോ വീട്ടിലേക്ക് വരുന്നില്ലേ' എന്നതോ അങ്ങനെ നമ്മുടെ നഗരജീവിതങ്ങളിൽ സ്‌ഥിരം ചോദ്യമാണ്. ഓണക്കോടി - ഓണാവധി - ഓണസദ്യ ഒക്കെയും അങ്ങനെ ശരാശരി മലയാളികളിൽ പ്രതീക്ഷ നിറയ്ക്കുന്നുണ്ട്. എന്നാൽ ഈ കൊല്ലം അങ്ങനയാണോ? ഈ ഓണം മലയാളിക്ക് തീവ്രമായ ഗൃഹാതുരതയുടെയോ രക്ഷപ്പെടലിന്റെയോ പ്രതീക്ഷയുടെയോ അനുഭവമാണോ?

കഴിഞ്ഞ രണ്ടു കൊല്ലവും പ്രളയപ്പെരുമഴയിൽ വിറച്ചു വിറങ്ങലിച്ചു വീണ നമ്മുടെ ഓണക്കൂട്ടായ്മകൾ ഈ കൊല്ലവും ഇല്ല. ഈ കൊല്ലം ഓണത്തിന്റെ മുഴക്കം മനുഷ്യരിൽ കഴിഞ്ഞ രണ്ടു കൊല്ലക്കാലത്തെക്കാളും നിശബ്ദമാണ് എന്നുവേണം കരുതാൻ. കോവിഡ് സൃഷ്‌ടിച്ച പ്രവചനാതീതമായ സാമൂഹിക - സാമ്പത്തിക ആഘാതം കൂട്ടായ്മകളിലോ ആഘോഷങ്ങളിലോ അഭയം തേടിയെങ്കിലും നിത്യജീവിതത്തിന്റെ വിരസതയിൽ നിന്ന് കുതറിയോടാം എന്ന പ്രതീക്ഷയുടെ പച്ചത്തുരുത്ത് പോലും നമ്മളിൽ നിന്ന് പൂർണമായി എടുത്തുകളഞ്ഞു. ആഘോഷിച്ചോ കൂട്ടം കൂടിയോ ഓണത്തെ "ഹാപ്പിയാക്കാൻ' സാധാരണ മനുഷ്യർക്ക് ഉണ്ടായിരുന്ന പാങ്ങിനെ (Capacity) പോലും കോവിഡും അനുബന്ധ പ്രശ്നങ്ങളും പൂർണമായി റദ്ദ് ചെയ്തു.

വിദ്യാർഥികൾക്ക്​ ഇനി അവധികളല്ല വേണ്ടത്. സ്‌കൂളുകളും കോളേജുകളും തുറന്ന്, വീണ്ടും മനുഷ്യരോട് ഇടപെടുകയും കൂട്ട് കൂടുകയും പിണങ്ങുകയും പ്രണയിക്കുകയും മത്സരിക്കുകയും ചെയ്യുന്ന കാലമാണ് അവർക്ക്​പ്രതീക്ഷിക്കാനുള്ള ആഘോഷകാലം

മനുഷ്യർ നിസ്സഹായതയോടെ ആഘോഷങ്ങളെ കടന്നു പോകുന്ന കാലം

അവധികൾ - അവധി ആഘോഷങ്ങൾ- അതിന്റെ ബഹുമുഖമായ രസനീയതകൾ ഒക്കെയും തകിടം മറിച്ചാണ് കോവിഡും അതിന്റെ സവിശേഷ ഉപോല്പന്നമായ ലോക്ക്ഡൗണും നമ്മുടെ ജീവിതത്തെ കടന്നു പോകുന്നത്. വിദ്യാർത്ഥികൾക്ക് അവധി എന്നത് ഒരു മുഷിപ്പൻ വാക്കായി ഓൺലൈൻ വിദ്യാഭ്യാസ കാലത്തു മാറി. സ്‌കൂൾ എന്ന പൊതു ഇടവും അതിന്റെ വിനിമയ സാധ്യകളും പ്രൈമറി ക്ലാസുകൾ മുതൽ സർവകലാശാല തലം വരെയുള്ള വിദ്യാർഥികൾക്ക് നിഷേധിക്കപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തിലേറെയായി തുടരുന്ന ഓൺലൈൻ അധ്യായനത്തിന്റെ വിരസതയെ മറികടക്കാൻ അവർക്ക് ഇനി അവധികളല്ല വേണ്ടത്. സ്‌കൂളുകളും കോളേജുകളും തുറന്ന്, വീണ്ടും മനുഷ്യരോട് ഇടപെടുകയും കൂട്ടുകൂടുകയും പിണങ്ങുകയും പ്രണയിക്കുകയും മത്സരിക്കുകയും ചെയ്യുന്ന കാലമാണ് പ്രതീക്ഷിക്കാനുള്ള ആഘോഷ കാലം. അല്ലാതെ, ഒന്നര വർഷമായി തുടർന്ന് പോരുന്ന നിരന്തര അവധികളുടെ കണ്ണിയിലേക്ക് എണ്ണം ചേർക്കുന്ന ഓണക്കാല അവധിയല്ല.

സ്‌കൂൾ എന്ന പൊതു ഇടവും അതിൻെറ വിനിമയ സാധ്യകളും പ്രൈമറി ക്ലാസുകൾ മുതൽ സർവകലാശാല തലം വരെയുള്ള വിദ്യാർഥികൾക്ക് നിഷേധിക്കപ്പെട്ടു.

ഓണാവധി എന്ന - നമ്മുടെ വിദ്യാർത്ഥികളെ ഇക്കാലമത്രയും പ്രലോഭിപ്പിച്ചു കൊണ്ടേയിരുന്ന- അനുഭവത്തിന്റെ പ്രസക്തി അമ്പേ പൊയ്‌പ്പോകുമ്പോൾ കുട്ടികൾക്ക് ഓണം പോലും; ഓൺലൈൻ ക്ലാസുകൾ പോലെ, ജഡബാധിതമായ അനുഭവമാകാനാണ് ഇട. ഓണത്തെ സംബന്ധിച്ചും അതിന്റെ വിസ്മയങ്ങൾ സംബന്ധിച്ചും പ്രതീക്ഷയോടെ കാത്തിരിക്കാൻ ഒരു കൗതുകവും നൽകാതെ കോവിഡ്കാല ഓണം നമ്മുടെ ബാല്യങ്ങളെ കയ്യൊഴിഞ്ഞു കളഞ്ഞു. സ്‌കൂളുകളിലെയും കോളേജുകളിലെയും ഓണാഘോഷം, അത് വിദ്യാർത്ഥികൾക്ക് തുറന്ന് നൽകിയ ഹൃദ്യമായ അനുഭവങ്ങളുടെ ഗന്ധം ഒക്കെയും ഈ ഓണത്തിന് അപ്രത്യക്ഷമായി.

സെറ്റ് സാരി ഉടുത്തും മുണ്ടുടുത്തും മുതിർന്ന മനുഷ്യരായി സ്വയം കരുതി സന്തോഷിക്കുകയും ആത്മവിശ്വാസം കൊള്ളുകയും ചെയ്തിരുന്ന കുട്ടികളുടെ വിസ്തൃത ലോകം- ഒന്നിച്ചു പായസം വയ്ക്കുന്നതും പിരിവിട്ട് പൂവ് വാങ്ങുന്നതും പൂക്കള മത്സരം നടത്തുന്നതും പല ക്ലാസുകളായോ പല ഡിപ്പാർട്ട്മെന്റുകളായോ തിരിഞ്ഞു ആവേശപൂർവം വടം വലി അടക്കമുള്ള വാശിതുള്ളുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നതും അടക്കമുള്ള ഒരു വിസ്‌മയ- വിസ്തൃത ലോകം- നമ്മുടെ കുഞ്ഞുങ്ങൾക്ക് മുന്നിൽ ഈ കൊല്ലം താഴിട്ട് കിടക്കുന്നുണ്ട്. സ്‌കൂളോ കോളേജോ കഴിഞ്ഞിറങ്ങിയാലും കാലങ്ങൾ കഴിഞ്ഞ്​ പിന്തിരിഞ്ഞു നോക്കുമ്പോൾ തങ്ങൾ ഒന്നിച്ചു പങ്കിട്ട കാലത്തിന്റെ ജീവനുള്ള ഫ്രെയിമുകളായി വിരിയേണ്ട ഒട്ടനവധി അനുഭവങ്ങളാണ് നമ്മുടെ കുട്ടികൾക്ക് മുന്നിൽ ഈ ഓണക്കാലത്ത് ഷട്ടറുകൾ കൊളുത്തിയിട്ട് മടങ്ങിപ്പോകുന്നത്.

ദിവസവും കോവിഡ് സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്യുന്ന ഒരു മലയാളിയുടെയെങ്കിലും മരണവാർത്ത നമ്മൾ വായിക്കുന്നു.

തൊഴിലെടുക്കുന്ന മനുഷ്യരുടെ - സർക്കാർ ജോലിക്കാർ ഒഴിച്ച് സിംഹഭാഗം വരുന്ന തൊഴിലാളികളുടെയും ചെറുകിട വ്യാപാരികളുടെയും- ജീവിതത്തെ കോവിഡ് സാമ്പത്തികമായ നിസ്സഹായാവസ്ഥയിലേക്ക് വലിച്ചെറിഞ്ഞു കളഞ്ഞു. ദിവസവും കോവിഡ് സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്യുന്ന ഒരു മലയാളിയുടെയെങ്കിലും മരണവാർത്ത നമ്മൾ വായിക്കുന്നു. അതിശയോക്തിയല്ല - സാമ്പത്തികമായ നിലനിൽപ്പാണ്‌ മനുഷ്യന്റെ എല്ലാത്തരം നിലനില്പിന്റെയും മൂലക്കല്ല് എന്ന് വന്നു ചേർന്നിരിക്കുന്ന ഒരു കാലത്ത് കോവിഡ് സൃഷ്‌ടിച്ച തൊഴിൽ നഷ്ടത്തെയോ വരുമാന നഷ്ടത്തെയോ എങ്ങനെ അതിജീവിക്കണം എന്ന് തിരിയാതെ നിൽക്കുന്ന ആയിരങ്ങളാണ് നമുക്ക് ചുറ്റും.

സിംഹഭാഗം വരുന്ന തൊഴിലാളികളുടെയും ചെറുകിട വ്യാപാരികളുടെയും ജീവിതത്തെ കോവിഡ് സാമ്പത്തികമായ നിസ്സഹായാവസ്ഥയിലേക്ക് വലിച്ചെറിഞ്ഞു കളഞ്ഞു. / Photo: Muhammad Hanan

ഗൾഫിൽ നിന്ന്​ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് സമ്പാദ്യങ്ങളുടെ തണലില്ലാതെ മടങ്ങി വന്ന അനേകരുണ്ട്. നാട്ടിലെ ചെറുകിട വ്യാപാര സ്‌ഥാപനത്തിൽ ദിവസക്കൂലിക്ക് കോവിഡിന് മുമ്പുവരെ പണി എടുത്തിരുന്ന - ഇപ്പോൾ തൊഴിലോ വരുമാനമോ ഇല്ലാത്ത നിരവധിയാളുകളുണ്ട്. അവർ ജീവിത സന്ധാരണത്തിന്​ വർഷങ്ങളായി ആശ്രയിച്ചിരുന്ന ചെറുകിട വ്യാപാര സ്‌ഥാപനം - അത് ഹോട്ടലോ തുണികടയോ, പുസ്തകശാലയോ, ചെരുപ്പുകടയോ, തുണിക്കടയോ ആകാം, അത് ഒന്നുകിൽ പൂട്ടിപ്പോകുകയോ അല്ലെങ്കിൽ ജോലിക്കാരുടെ എണ്ണം കുറയ്ക്കുകയോ ചെയ്തിട്ടുണ്ടാവും. അങ്ങനെ വരുമാനവും തൊഴിലും നഷ്ടമായി എന്നും വീട്ടിലിരിക്കാൻ നിർബന്ധിതരായ നിസ്വ മനുഷ്യർക്ക് ഓണത്തിന്റെ ആഘോഷസാധ്യതകളോ- ഓണാവധിക്ക് ഇതുവരെയുണ്ടായിരുന്ന കൂട്ടായ്മകളോ, കുടുംബത്തിന് ഒപ്പമുള്ള യാത്രകളോ സങ്കൽപ്പിക്കാൻ പോലുമാവില്ല.

ഓണക്കോടി - വീട്ടിലേക്ക് ഗൃഹോപകരണ സാധനങ്ങൾ വാങ്ങിക്കൽ തുടങ്ങി എത്രയോ വർഷങ്ങളായി മലയാളി പിന്തുടരുന്ന ഓണാഘോഷത്തിന്റെ പ്രോട്ടോക്കോൾ ഇക്കൊല്ലം അസാധുവാക്കപ്പെട്ടു കഴിഞ്ഞു. തൊഴിൽ നഷ്ടമാകാത്ത - വരുമാന ശോഷണം സംഭവിച്ചിട്ടില്ലാത്ത ഐ.ടി. മേഖലയിലെ ചെറുപ്പക്കാരാവട്ടെ, ഒരു വർഷത്തിലേറെയായി വർക്ക് ഫ്രം ഹോമാണ്. തൊഴിൽ ഇടമായി വീടും അതിന്റെ മൂല്യ പരിസരങ്ങളും മാറിക്കഴിഞ്ഞ - അതുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെടുന്ന മനുഷ്യർക്ക് ഓണവുമായി ബദ്ധപ്പെട്ടു കിടക്കുന്ന ആനന്ദങ്ങളുടെ അനുഭവങ്ങളിലേക്ക് നടന്നെത്താൻ പഴയ വഴികൾ മതിയാവാതെ വരുന്നു.

നൈറ്റി ധരിച്ച, തോർത്ത് ഒക്കെ തലയിൽ കെട്ടിയ ഇരുന്നൂറിലേറെ പല പ്രായത്തിലുള്ള പെണ്ണുങ്ങൾ - അമ്മൂമ്മമാർ മുതൽ - അമ്മയുടെ പ്രായമുള്ള പെണ്ണുങ്ങൾ മുതൽ കൊച്ചു പെൺകുട്ടികൾ വരെ സ്റ്റേജ് കെട്ടിയിരിക്കുന്ന ചെറു മൈതാനത്ത് വെറും നിലത്തോ - പേപ്പർ ഇട്ടോ ഒക്കെയാണ് ഇരിക്കുന്നത്

നാട്ടിൻപുറത്തെ ക്ലബുകൾ - അവയുടെ ഓണപെരുക്കങ്ങൾ

നമ്മുടെ നാട്ടിലെ ഓണാഘോഷങ്ങളുടെ പകർപ്പവകാശം ഗ്രാമഗ്രാമങ്ങളായി ചിതറി കിടക്കുന്ന ചെറുതോ - ഇടത്തരമോ ആയ ക്ലബുകൾക്കായിരുന്നു. മനുഷ്യരുടെ നാട്ടിൻ പുറത്തെ കൂട്ടായ്മകൾ മുഴുക്കെ ഇത്തരം ക്ലബുകളിലൂടെയാണ് ഓണക്കാലത്ത് സാധ്യമായിരുന്നത്. രാഷ്ട്രീയമോ - ജാതി മത ലിംഗ വ്യത്യാസമോ കൂടാതെ മനുഷ്യർ - എല്ലാ പ്രായത്തിലും പെട്ടവർ ഈ ക്ലബ്ബുകളുടെ ഓണാഘോഷ പരിപാടികളിലെ സ്‌ഥിരം പങ്കാളികളായിരുന്നു. അവർ തന്നെയായിരിന്നു, നാട്ടിൻപുറത്തെ സാധാരണ മനുഷ്യർ തന്നെയായിരുന്നു അത്തരം ആഘോഷങ്ങളുടെ സംഘാടകരും.

കുട്ടികൾക്കുള്ള മത്സരങ്ങൾ മുതൽ സ്ത്രീകൾക്കും വയസ്സായവർക്കുമുള്ള മത്സരങ്ങൾ വരെ- അതും അങ്ങേയറ്റം വൈവിധ്യമാർന്നവ, ഈ ക്ലബുകളുടെ ഭാഗമായി എല്ലാ ഓണക്കാലത്തും ഉണ്ടാകും. ഓണം എന്നാൽ നാട്ടിലെ ക്ലബ്ബുകൾ സ്പോൺസർ ചെയുന്ന ഒരു ഉത്സവം തന്നെയായിരുന്നു ഇതുവരെയും നമുക്ക്. കല്യാണം കഴിച്ചവരും കഴിക്കാത്തവരും തമ്മിലുള്ള വടം വലിയും അതുമായി ബന്ധപ്പെട്ട തർക്കവും തല്ലും ഇതിൽ ഒരു സുപ്രധാന ഇനമായിരിക്കും. ജയിക്കുന്നവർക്ക് സമ്മാനമായി നൽകുന്നത് നാട്ടിലെ തന്നെ പച്ചക്കറി കടയിലെ ചേട്ടൻ സ്പോൺസർ ചെയ്യുന്ന ഒരു കുല പഴമായിരിക്കും. ആരു ജയിച്ചാലും സ്റ്റേജിൽ നിന്ന് പഞ്ചായത്ത് അംഗത്തിൻെറ കൈയിൽ നിന്ന് പഴക്കുലയും എവർ ലാസ്റ്റിംഗ് ട്രോഫിയും ജയിച്ച ടീം ഏറ്റു വാങ്ങുന്നതോടെ വാശിയും മത്സരവും അവസാനിക്കും. പഴക്കുലയിലെ അവസാന പഴവും വിജയികൾ അഭിമാനത്തോടെ എതിർ ടീമിലെ കൂട്ടുകാർക്കും മത്സരം കാണാൻ വന്നവർക്കും വിതരണം ചെയ്യും. തോളിൽ കൈയിട്ട് നിന്ന് മനുഷ്യർ മത്സരത്തെ പറ്റി - വീറു കേറ്റിയ തർക്കങ്ങളെ പറ്റിയൊക്കെ കളി പറയും. "അപ്പഴത്തെ വാശിക്കാ നിന്നെ പിടിച്ചു തള്ളിയെ, പോട്ടെടാ കെറുവിക്കല്ലേ’ എന്ന് മനുഷ്യർക്ക് മാത്രം വിനിമയം ചെയ്യാൻ പറ്റുന്ന ഊഷ്മളതയോടെ സ്നേഹത്തെ തമ്മിൽ ഇറ്റിച്ഛ് കുഞ്ഞു പരിഭവങ്ങൾ ഉണക്കും.

കുട്ടികൾക്കുള്ള മത്സരങ്ങൾ മുതൽ സ്ത്രീകൾക്കും വയസായവർക്കുമുള്ള മത്സരങ്ങൾ വരെ- അതും അങ്ങേയറ്റം വൈവിധ്യമാർന്നവ, ക്ലബുകളുടെ ഭാഗമായി എല്ലാ ഓണക്കാലത്തും ഉണ്ടാകും. / Photo: Wikimedia Commons

കൊല്ലം പവിത്രേശ്വരത്ത് തൂലിക എന്ന ക്ലബ്ബിന്റെ ഓണാഘോഷം ഉദ്ഘാടനം ചെയ്യാൻ പോയത് ഓർമയുണ്ട്. 2018 ലാണ്. തിരുവോണത്തിന്റെ അന്നാണ് ക്ലബിന്റെ ഓണാഘോഷ ഉദ്ഘാടനം. ടാർപ്പ വലിച്ചു കെട്ടിയ വേദിയിലിരുന്ന് സദസ്സിലേക്ക് ഞാൻ നോക്കുമ്പോൾ കാണുന്നത് നൈറ്റി ധരിച്ച തോർത്ത് ഒക്കെ തലയിൽ കെട്ടിയ ഇരുന്നൂറിലേറെ സ്ത്രീകളെയാണ്. പല പ്രായത്തിലുള്ള പെണ്ണുങ്ങൾ - അമ്മൂമ്മമാർ മുതൽ - അമ്മയുടെ പ്രായമുള്ള പെണ്ണുങ്ങൾ മുതൽ കൊച്ചു പെൺകുട്ടികൾ വരെ. എല്ലാവരും സ്റ്റേജ് കെട്ടിയിരിക്കുന്ന ചെറു മൈതാനത്ത് വെറും നിലത്തോ - പേപ്പർ ഇട്ടോ ഒക്കെയാണ് ഇരിക്കുന്നത്. ആണുങ്ങൾ പല ഇടത്തായി ചിതറി നില്കുന്നുണ്ട്. ഇത്രയും സ്ത്രീകൾ ഉദ്ഘാടന പരിപാടി കാണാൻ വന്നതാണോ എന്ന് സംഘടകനോട് ചോദിച്ചപ്പോൾ ചിരിച്ചു കൊണ്ട് ഉത്തരം വന്നു- "ഉദ്ഘാടന പ്രസംഗം കഴിയാൻ കാത്തിരിക്കുവാണ് ഇവർ - ഇന്നത്തെ മെയിൻ പരിപാടി നമ്മുടെ വാർഡിലെ സ്ത്രീകളുടെ സിനിമാറ്റിക്ക് ഡാൻസ് മത്സരം ആണ്'. ഏറ്റവും താഴെ തട്ടിലുള്ള സ്ത്രീകളുടെ സന്തോഷത്തിന്റെയും പൊട്ടിച്ചിരിയുടെയും കൂക്കി വിളിയുടെയും മത്സരം കണ്ടു തീർത്തിട്ടാണ് അന്ന് മടങ്ങിയത്.

'ഹാപ്പി ഓണം' എന്ന് പ്രിയപ്പെട്ടവരോട് ഒന്നുറപ്പിച്ചു പറയാനുള്ള ആത്മവിശ്വാസം പോലും നഷ്‌ടമായ മനുഷ്യർക്ക് - തമ്മിൽ തമ്മിൽ കടം വാങ്ങാൻ പോലും അവസരമില്ലാതായ മനുഷ്യർക്ക് -അവരുടെ വേവലാവതിപ്പെരുമഴയ്ക്ക് ഓണം എന്നല്ല, ഒരാഘോഷവും സമൃദ്ധിയുടെ നിലം ഒരുക്കുന്നില്ല.

അവരുടെ ഓണം - ആ സാധാരണ സ്ത്രീകളുടെ ഓണമെന്താണ് ? മടങ്ങും വഴി വണ്ടിയിലിരുന്ന് ആലോചിച്ചു. അടുക്കളയിൽ അധികപ്പണിയെടുത്ത് വീട്ടിലെ ആണുങ്ങൾക്ക് ഓണ സദ്യയുണ്ടാക്കി വിളമ്പി കൊടുക്കുന്നതല്ല എന്നുറപ്പ്. അണ്ടിയാപ്പീസിൽ പോയോ, തൊഴിലുറപ്പിനു പോയോ നാട്ടിലെ ചെറു കടകളിൽ സെയിൽസ് ഗേളായി നിന്നോ ഒക്കെ ജീവിതം നയിക്കുന്നവരാവും അതിൽ ഭൂരിഭാഗം പേരും. അവർക്ക് കിട്ടുന്ന ഓണ ബോണസ് മിച്ചം പിടിച്ച് കുഞ്ഞുങ്ങൾക്ക് ഓണക്കോടി വാങ്ങി കൊടുക്കുന്നതാകുമോ അവരുടെ ഓണം? അതൊന്നുമല്ല , അവരുടെ ഓണം - അതിന്റെ ആനന്ദം അന്ന് ഓണാഘോഷത്തിന്റെ ഉദ്ഘാടന ഇനമായി തങ്ങളോ തങ്ങളുടെ കൂട്ടുകാരികളോ നൃത്തം, ചെയ്തതിന്റെ - കൈയടിച്ചതിന്റെ - കളിയാക്കിയതിന്റെ ഒക്കെ ഓർമ്മയാകും എന്നെനിക്ക് തോന്നുന്നു.

കോവിഡ് കാലത്ത് നാട്ടിൻപുറത്തെ ക്ലബുകൾ ഒക്കെയും അടഞ്ഞു കിടക്കുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് പരിപാടി നടത്തുക എളുപ്പമല്ല എന്നത് മാത്രമല്ല, പിരിവെടുത്തോ സ്വന്തം വരുമാനം പങ്കിട്ടോ ഒരു ഓണാഘോഷം നടത്താനുള്ള ത്രാണിയില്ല എന്നവർ തിരിച്ചറിയുന്നുണ്ട്. "ഹാപ്പി ഓണം' എന്ന് പ്രിയപെട്ടവരോട് ഒന്നുറപ്പിച്ചു പറയാനുള്ള ആത്മവിശ്വാസം പോലും നഷ്‌ടമായ മനുഷ്യർക്ക് - തമ്മിൽ തമ്മിൽ കടം വാങ്ങാൻ പോലും അവസരമില്ലാതായ മനുഷ്യർക്ക് -അവരുടെ വേവലാവതിപ്പെരുമഴയ്ക്ക് ഓണം എന്നല്ല, ഒരാഘോഷവും സമൃദ്ധിയുടെ നിലം ഒരുക്കുന്നില്ല. അവർക്ക് നിത്യജീവിതത്തിന്റെ ദൈന്യതകളിൽ നിന്ന് ഓടി കയറി ചെല്ലാൻ ഒരു ഓണ കൂട്ടായ്മയും അഭയം ഒരുക്കുന്നുമില്ല. കോവിഡ് ഏല്പിച്ച മുറിവുകൾക്കുള്ളിൽ മരവിച്ചിരിക്കുന്ന മനുഷ്യരെ "ഹാപ്പി ഓണം' എന്ന ആശംസ പോലും കരയിപ്പിക്കും എന്നെനിക്ക് പേടി തോന്നുന്നുമുണ്ട്. ▮


നൗഫൽ എൻ.

കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം ഗവേഷകൻ. കേരള സർവകലാശാല സെനറ്റ് അംഗം. ഇനി പറയുമോ ജീവിതത്തിൽ അൽപവും ജീവിതം ബാക്കിയില്ലെന്ന് എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments